Wednesday, March 31, 2021

ഡാർക്ക് നെറ്റ് ദി ഡിജിറ്റൽ അണ്ടർവേൾഡ്

 പുസ്തകം : ഡാർക്ക് നെറ്റ് (ദി ഡിജിറ്റൽ അണ്ടർവേൾഡ്)

കഥാകൃത്ത് : ആദർശ് എസ്

ഡിസി ബുക്ക്‌സ് സംഘടിപ്പിച്ച, അഗതാ കൃസ്റ്റി ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ ആദ്യ നാലു സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നോവലുകളിൽ ഒന്നാണ് ആദർശ് എസ് ന്റെ ഡാർക്ക് നെറ്റ് (ദി ഡിജിറ്റൽ അണ്ടർവേൾഡ്).

കേരളത്തിലെ മലയാളി വായനക്കാർക്ക് അധികം പേർക്കും പരിചിതമാകാൻ ഇടയില്ലാത്ത ഒന്നാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഡാർക്ക് വെബ് നെ കുറിച്ചാണെന്നു മാത്രം ആണ് സൂചന കിട്ടിയിരുന്നത് എന്നതിനാൽ ലളിതമായി ഇതെങ്ങനെ അവതരിപ്പിച്ചിട്ടുണ്ടാകും എന്ന സങ്കോചത്തോടെ ആണ് വായന തുടങ്ങിയത്. എന്നാൽ ആ സംശയങ്ങൾ എല്ലാം കാറ്റിൽ പറത്തി, വളരെ സുഗമമായ ഒരു വായന സമ്മാനിച്ചു, ഈ നോവൽ.

ലോകം മുഴുവനും ഉപയോഗിയ്ക്കുന്ന വേൾഡ് വൈഡ് വെബ് എന്ന ഇന്റർനെറ്റ് മേഖല യഥാർത്ഥത്തിൽ വെറും 4% മാത്രമാകുമ്പോൾ  ബാക്കി  96% വരുന്ന, സാധാരണക്കാർക്ക്  അധികം പരിചിതമല്ലാത്ത ഡീപ് വെബ്‌/ഡാർക്ക് വെബ്‌ എന്ന മേഖലയിലെ ഭയാനകവും ഇരുണ്ടതുമായ ലോകത്തെ അടിസ്ഥാനമാക്കി, സാങ്കേതിക വിദ്യകൾ കോർത്തിണക്കി, എന്നാൽ അനായാസമായി, ലളിതമായി നമ്മളോട് കഥ പറയുകയാണ് കഥാകൃത്ത്.

 സാധാരണക്കാരായ, ഐടി വിദഗ്ധരല്ലാത്ത വായനക്കാർക്ക് പോലും എളുപ്പം മനസ്സിലാകുന്ന വിധത്തിൽ ലളിതമായും  വിശദമായും അതേ സമയം ചടുലമായും കഥ  അവതരിപ്പിയ്ക്കാൻ ആദർശ് ശ്രദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ  350 ഓളം പേജ് വരുന്ന ഈ പുസ്തകം ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ ഇത് നമ്മെ പ്രേരിപ്പിയ്ക്കും.

ഈജിപ്തിലെ തുത്തൻഗാമന്റെ പിരമിഡിനെ കുറിച്ചു ഗവേഷണം നടത്തുന്ന ടീമിലെ സീനിയർ ശാസ്ത്രജ്ഞനും ഈജിപ്ഷ്യൻ സ്വദേശിയും ആയ പ്രൊഫസർ യഹിയ അൽ ഇബ്രാഹിമിന്റെ കൊലപാതകവും അത് കാണേണ്ടി വരുന്ന അദ്ദേഹത്തിന്റെ അനുയായി കൂടിയായ ഹേബ മറിയമിന്റെ തിരോധാനവും അതോടൊപ്പം നഷ്ടമാകുന്ന KV62 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 'എന്തോ ഒന്നി'നെ കുറിച്ചുള്ള സൂചനകളും  വായനക്കാർക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ടാണ് കഥ ആരംഭിയ്ക്കുന്നത്.

അതേ ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്ന, പ്രൊഫസർ യഹിയയുടെ സുഹൃത്ത് ആയ,  മലയാളി കൂടിയായ പ്രൊഫസർ അനന്തമൂർത്തി കേരളത്തിലേയ്ക്ക് എത്തിപ്പെടുന്നതോടെ തുടർന്നുള്ള സംഭവ പരമ്പരകൾ കേരളത്തെ കേന്ദ്രീകരിച്ചാകുകയാണ്.

  പ്രൊഫസർ അനന്തമൂർത്തിയ്ക്ക് പുരാതന ഈജിപ്ഷ്യൻ വിശ്വാസി സമൂഹത്തിന്റെ ചില സംഘടനകളിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന്  ഇന്റലിജൻസ് കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് കിട്ടുന്ന കേരളാ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിയ്ക്കുന്നു. അതിന്റെ നേതൃസ്ഥാനം എസ് പി ശിവന്തികാ നടരാജൻ ഐ പി എസ് എന്ന വനിതാ ഓഫീസറിൽ നിക്ഷിപ്‌തമാകുന്നു. ഒപ്പം സഹായത്തിനായി കേരളാ പൊലീസിലെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 12 പേരും.

 അനന്തമൂർത്തിയുടെ വധ ഭീഷണിയ്ക്ക് പുറമെ ഡാർക്ക് നെറ്റ് കേന്ദ്രീകരിച്ചു ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ക്രൈം മാഫിയ സിൻഡിക്കേറ്റുകളിൽ ചിലർ കേരളം അവരുടെ കുറ്റകൃത്യങ്ങൾക്ക് വിളനിലം ആക്കാൻ പ്ലാനിടുന്നതായും ഇന്റലിജൻസ് വഴി അറിയുന്ന പോലീസ് സേന, അതിനെതിരെ സുസജ്ജമാകാനും ശിവന്തികയോടും ടീമിനോടും ആവശ്യപ്പെടുന്നു.

അപ്രതീക്ഷിതമായി അനന്തമൂർത്തിയും കൊല്ലപ്പെടുന്നതോടെ സമ്മർദ്ദത്തിലാകുന്ന  പോലീസ്, ഡാർക്ക് വെബ്ബിലെ മാഫിയാ തലവൻ എന്ന പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച, "മേജർ" എന്ന അപര നാമത്തിൽ അറിയപ്പെടുന്ന അജ്ഞാതനായ, അതിശക്തനായ ശത്രുവിനെതിരെ പ്രതിരോധിയ്ക്കാൻ ഇറങ്ങുകയാണ്. ഒപ്പം ശിഖ, അലൻ എന്നീ ഓൺലൈൻ മാധ്യമ പ്രവർത്തകരും അവരുടെ ചാനലും... 

അതേ സമയം ഡീപ് വെബ്ബിലെ വൈറ്റ് ഹാക്കേഴ്‌സ് നെ പ്രതിനിധീകരിച്ചു "മാസ്റ്റർ" എന്ന പേരിൽ അറിയപ്പെടുന്ന ഒരു അജ്ഞാതനും അദ്ദേഹത്തിന്റെ കൂട്ടാളികളും മേജറിനെ പോലുള്ളവർക്കെതിരെ രംഗത്തു വരുന്നു.

തുടർന്നുള്ള ഉദ്യോഗജനകമായ കഥാസന്ദര്ഭങ്ങൾ കൊണ്ട് സമ്പന്നമാണ് ഡാർക്ക് നെറ്റ് എന്ന ഈ നോവൽ.

 350 ഓളം പേജുകൾ വരുന്ന ഈ നോവൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ ഇത് വായിച്ചു തുടങ്ങുന്ന ഏതൊരു വായനക്കാരനും തോന്നിപ്പോകും.

മയക്കുമരുന്നുകളും ആയുദ്ധക്കടത്തും സെക്‌സ് റാക്കറ്റും ഉൾപ്പെടെ ഗുരുതരവും ഭീകരവുമായ, അനുനിമിഷം വളരുന്ന കുറ്റകൃത്യങ്ങളുടെ കറുത്ത ലോകത്തെയും (അവിടുത്തെ റെഡ് റൂമെന്ന വികൃത മേഖലയെയും) അത് സാധാരണക്കാർക്ക് എത്രത്തോളം ഭീഷണമാകാമെന്നും വ്യക്തമായ സൂചനകൾ നമുക്ക് തരാൻ ഈ നോവലിന് കഴിയുന്നുണ്ട്...

വേണമെങ്കിൽ ഇനിയും എത്ര sequels വേണമെങ്കിലും ഇറക്കാൻ കഴിയാവുന്നത്ര സാധ്യതകൾ അടങ്ങുന്നതാണ്  ഡാർക്ക് നെറ്റ് എന്ന ഈ  നോവലിന്റെ കഥാ ഘടന എന്നത് വായനക്കാർക്ക് ഇനിയും ഒരുപാട് പ്രതീക്ഷകൾ തരുന്നുണ്ട്...

കാത്തിരിയ്ക്കുന്നു, ആദർശിന്റെ പുതിയ കഥകൾക്കായി.


- ശ്രീ

Sunday, March 14, 2021

ന്യൂറോ ഏരിയ

 പുസ്തകം : ന്യൂറോ ഏരിയ

കഥാകൃത്ത് : ശിവൻ എടമന


മലയാളത്തിൽ ക്രൈം ത്രില്ലറുകളുടെ സുവർണ്ണകാലമാണ് ഇപ്പോൾ എന്ന് നിസ്സംശയം പറയാം. മലയാളികളിലേയ്ക്ക് വായനാശീലം തിരിച്ചു കൊണ്ട് വരുവാൻ കോവിഡ് കാലം അകമഴിഞ്ഞു സഹായിയ്ക്കുന്നുമുണ്ട്.

അഗതാ ക്രിസ്റ്റിയുടെ ആദ്യ പുസ്തകം റിലീസ് ആയതിന്റെ നൂറാം വർഷികാഘോഷത്തിന്റെ ഭാഗമായി DC ബുക്ക്‌സ് നടത്തിയ ക്രൈം ത്രില്ലർ നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പുസ്തകമാണ് ശിവൻ എടമനയുടെ "ന്യൂറോ ഏരിയ".

ആദ്യാവസാനം ഉദ്വേഗത്തോടെ ഒറ്റയിരുപ്പിൽ വായിയ്ക്കാനാകുന്ന, അനായാസമായ കൈവഴക്കത്തോടെ എഴുതിയ, പുതിയ കാലത്തിന്റെ ത്രില്ലർ നോവലുകൾ എടുത്താൽ അതിൽ മുൻപന്തിയിൽ കാണും ഈ നോവൽ എന്നുറപ്പ്. 

ഇപ്പോഴും നിരവധി പഠനങ്ങൾ നടന്നു കൊണ്ടിരിയ്ക്കുന്ന റോബോട്ടിക്സിന്റെ, ബ്രെയ്‌ൻ മാപ്പിംഗിന്റെ ഒക്കെ സാധ്യതകളെ മനോഹരമായി  ഉപയോഗപ്പെടുത്തി, അതി നൂതനമായ സാങ്കേതിക വിദ്യകളാൽ സമ്പന്നമായ,  സതേൺ ഹെൽത്ത് കെയർ എന്ന റോബോട്ടിക് ഹോസ്പിറ്റൽ കേന്ദ്രമാക്കി അവിടെ നടന്ന ഒരു കൊലപാതക ശ്രമവും പുറകെ ഒന്നിന് പുറകെ ഒന്നായി മറ്റു രണ്ട് കൊലപാതകങ്ങളും അധികമാർക്കും പ്രവേശനം പോലുമില്ലാത്ത നിഗൂഢമായ "ന്യൂറോ ഏരിയ" യും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികസങ്ങളുമാണ് ചുരുക്കത്തിൽ കഥാ തന്തു.

ഭൂരിഭാഗവും റോബോട്ടുകൾ നിയന്ത്രിയ്ക്കുന്ന, മൃത്യുഞ്ജയ എന്ന വിവിധ ഭാഷകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന റിസപ്‌ഷനിലെ റോബോട്ട് മുതൽ രാഹുൽ ശിവശങ്കർ എന്ന വിദഗ്ധനായ യുവ ന്യൂറോ സർജൻ ഉടമസ്ഥനായ സതേൺ ഹെൽത്ത് കെയറിലെ വിസ്മയങ്ങൾ വായനക്കാരെ ത്രില്ലടിപ്പിയ്ക്കും. പണത്തോടുള്ള അമിതാസക്തിയും ആർത്തിയുമുള്ളവരേയും സമൂഹ നന്മയും മനുഷ്യ സ്നേഹവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്നവരേയും ജീവിതത്തേക്കാൾ ശാസ്ത്രത്തെ  സ്നേഹിയ്ക്കുന്നവരേയും എല്ലാം നമുക്കിവിടെ കാണാം...

 ആദ്യ പേജിൽ നിന്നു തന്നെ വായനക്കാരൻ മറ്റൊരു ലോകത്തേയ്ക്ക് താനറിയതെ പ്രവേശിയ്ക്കുകയാണ്... അവിടെ നമുക്ക് ചുറ്റും വിസ്മയങ്ങളുടെ, സാങ്കേതികതയുടെ സമ്പത്തിന്റെ മറ്റൊരു ലോകമാണ്. രാഹുലും ഡോക്ടർ ലളിതയും ലൂക്കാ ഡോക്ടറും മർട്ടിനും പിംഗളയും മീനാക്ഷിയും... അവർക്കൊപ്പം വായനയിലുടനീളം ഒരു നിശ്ശബ്ദനായ കാഴ്ചക്കാരനായി അവിടെയെവിടെയെല്ലാമോ നമ്മളുമുണ്ട്. നമ്മുടെ തൊട്ടടുത്തെങ്ങോ അദൃശ്യനായ ആ ആറടിക്കാരൻ കൊലയാളിയും... അത്ര മനോഹരമായി  വായനക്കാരെ കഥയിലേയ്ക്ക് ചേർത്തു നിർത്താൻ ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കഥാഗതിയിൽ ഒരിടത്തു പോലും ഇഴച്ചിലോ കല്ലുകടിയോ തോന്നിപ്പിയ്ക്കാതെ 274 പേജുകൾ മുഴുവനും വായിച്ചു തീർത്ത ശേഷവും കുറെ നേരം കൂടെ നമ്മുടെ മനസ്സ് ന്യൂറോണുകളുടെ ലോകത്തു തന്നെ വിഹരിയ്ക്കുമെന്നു തീർച്ച.

 ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് പോലെ, ആദ്യ പേജ് മുതൽ ആകർഷിച്ച, വിസ്മയിപ്പിച്ച ഒരു മികച്ച സസ്പെൻസ് ത്രില്ലർ തന്നെ ആണ് ന്യൂറോ ഏരിയ. അതിന്റെ പുറകിൽ കഥാകൃത്ത് നടത്തിയിരിയ്ക്കുന്ന പഠനങ്ങളെയും എടുത്തു പറയേണ്ടിയിരിയ്ക്കുന്നു... 

ഇനിയും നമുക്ക് പ്രതീക്ഷിയ്‌ക്കാം മനോഹരമായ ഒട്ടനവധി സൃഷ്ടികൾ,  ഭാവിയുടെ വാഗ്ദാനമായ ഈ കഥാകൃത്തിൽ നിന്നും...

- ശ്രീ