പുസ്തകം : ന്യൂറോ ഏരിയ
കഥാകൃത്ത് : ശിവൻ എടമന
മലയാളത്തിൽ ക്രൈം ത്രില്ലറുകളുടെ സുവർണ്ണകാലമാണ് ഇപ്പോൾ എന്ന് നിസ്സംശയം പറയാം. മലയാളികളിലേയ്ക്ക് വായനാശീലം തിരിച്ചു കൊണ്ട് വരുവാൻ കോവിഡ് കാലം അകമഴിഞ്ഞു സഹായിയ്ക്കുന്നുമുണ്ട്.
അഗതാ ക്രിസ്റ്റിയുടെ ആദ്യ പുസ്തകം റിലീസ് ആയതിന്റെ നൂറാം വർഷികാഘോഷത്തിന്റെ ഭാഗമായി DC ബുക്ക്‌സ് നടത്തിയ ക്രൈം ത്രില്ലർ നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പുസ്തകമാണ് ശിവൻ എടമനയുടെ "ന്യൂറോ ഏരിയ".
ആദ്യാവസാനം ഉദ്വേഗത്തോടെ ഒറ്റയിരുപ്പിൽ വായിയ്ക്കാനാകുന്ന, അനായാസമായ കൈവഴക്കത്തോടെ എഴുതിയ, പുതിയ കാലത്തിന്റെ ത്രില്ലർ നോവലുകൾ എടുത്താൽ അതിൽ മുൻപന്തിയിൽ കാണും ഈ നോവൽ എന്നുറപ്പ്.
ഇപ്പോഴും നിരവധി പഠനങ്ങൾ നടന്നു കൊണ്ടിരിയ്ക്കുന്ന റോബോട്ടിക്സിന്റെ, ബ്രെയ്‌ൻ മാപ്പിംഗിന്റെ ഒക്കെ സാധ്യതകളെ മനോഹരമായി ഉപയോഗപ്പെടുത്തി, അതി നൂതനമായ സാങ്കേതിക വിദ്യകളാൽ സമ്പന്നമായ, സതേൺ ഹെൽത്ത് കെയർ എന്ന റോബോട്ടിക് ഹോസ്പിറ്റൽ കേന്ദ്രമാക്കി അവിടെ നടന്ന ഒരു കൊലപാതക ശ്രമവും പുറകെ ഒന്നിന് പുറകെ ഒന്നായി മറ്റു രണ്ട് കൊലപാതകങ്ങളും അധികമാർക്കും പ്രവേശനം പോലുമില്ലാത്ത നിഗൂഢമായ "ന്യൂറോ ഏരിയ" യും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികസങ്ങളുമാണ് ചുരുക്കത്തിൽ കഥാ തന്തു.
ഭൂരിഭാഗവും റോബോട്ടുകൾ നിയന്ത്രിയ്ക്കുന്ന, മൃത്യുഞ്ജയ എന്ന വിവിധ ഭാഷകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന റിസപ്‌ഷനിലെ റോബോട്ട് മുതൽ രാഹുൽ ശിവശങ്കർ എന്ന വിദഗ്ധനായ യുവ ന്യൂറോ സർജൻ ഉടമസ്ഥനായ സതേൺ ഹെൽത്ത് കെയറിലെ വിസ്മയങ്ങൾ വായനക്കാരെ ത്രില്ലടിപ്പിയ്ക്കും. പണത്തോടുള്ള അമിതാസക്തിയും ആർത്തിയുമുള്ളവരേയും സമൂഹ നന്മയും മനുഷ്യ സ്നേഹവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്നവരേയും ജീവിതത്തേക്കാൾ ശാസ്ത്രത്തെ സ്നേഹിയ്ക്കുന്നവരേയും എല്ലാം നമുക്കിവിടെ കാണാം...
ആദ്യ പേജിൽ നിന്നു തന്നെ വായനക്കാരൻ മറ്റൊരു ലോകത്തേയ്ക്ക് താനറിയതെ പ്രവേശിയ്ക്കുകയാണ്... അവിടെ നമുക്ക് ചുറ്റും വിസ്മയങ്ങളുടെ, സാങ്കേതികതയുടെ സമ്പത്തിന്റെ മറ്റൊരു ലോകമാണ്. രാഹുലും ഡോക്ടർ ലളിതയും ലൂക്കാ ഡോക്ടറും മർട്ടിനും പിംഗളയും മീനാക്ഷിയും... അവർക്കൊപ്പം വായനയിലുടനീളം ഒരു നിശ്ശബ്ദനായ കാഴ്ചക്കാരനായി അവിടെയെവിടെയെല്ലാമോ നമ്മളുമുണ്ട്. നമ്മുടെ തൊട്ടടുത്തെങ്ങോ അദൃശ്യനായ ആ ആറടിക്കാരൻ കൊലയാളിയും... അത്ര മനോഹരമായി വായനക്കാരെ കഥയിലേയ്ക്ക് ചേർത്തു നിർത്താൻ ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കഥാഗതിയിൽ ഒരിടത്തു പോലും ഇഴച്ചിലോ കല്ലുകടിയോ തോന്നിപ്പിയ്ക്കാതെ 274 പേജുകൾ മുഴുവനും വായിച്ചു തീർത്ത ശേഷവും കുറെ നേരം കൂടെ നമ്മുടെ മനസ്സ് ന്യൂറോണുകളുടെ ലോകത്തു തന്നെ വിഹരിയ്ക്കുമെന്നു തീർച്ച.
ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് പോലെ, ആദ്യ പേജ് മുതൽ ആകർഷിച്ച, വിസ്മയിപ്പിച്ച ഒരു മികച്ച സസ്പെൻസ് ത്രില്ലർ തന്നെ ആണ് ന്യൂറോ ഏരിയ. അതിന്റെ പുറകിൽ കഥാകൃത്ത് നടത്തിയിരിയ്ക്കുന്ന പഠനങ്ങളെയും എടുത്തു പറയേണ്ടിയിരിയ്ക്കുന്നു...
ഇനിയും നമുക്ക് പ്രതീക്ഷിയ്‌ക്കാം മനോഹരമായ ഒട്ടനവധി സൃഷ്ടികൾ, ഭാവിയുടെ വാഗ്ദാനമായ ഈ കഥാകൃത്തിൽ നിന്നും...
- ശ്രീ
3 comments:
'ന്യൂറോ ഏരിയ' എന്ന ക്രൈം നോവലിനേയും
എഴുത്തുകാരനെയും നന്നായി പരിചയപ്പെടുത്തി .
ഇങ്ങനെ ഒരു നോവൽ പരിചയപ്പെടുത്തിയതിന് നന്ദി.
പോസ്റ്റ്-ടുമ്പോൾ ഒരു വാട്സപ് മെസ്സേജയക്കുക .
Post a Comment