വയനാട്ടിലെ ഒരു ദരിദ്ര കുടുംബത്തിലെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പട പൊരുതി ആദ്യം അദ്ധ്യാപകനായും 1989 മുതൽ പോലീസുകാരൻ ആയും ജീവിത വിജയം കരസ്ഥമാക്കിയ, ഒരു കലാകാരന്റെ ആത്മ കഥാംശം കലർന്ന കുറിപ്പുകൾ ആണ് ഒറ്റയിരുപ്പിൽ ഓർമ്മക്കുറിപ്പുകൾ പോലെ വായിച്ചു തീർക്കാവുന്ന ഈ ചെറിയ പുസ്തകം.
മരണം... അത് കൊലപാതകമായും ആത്മഹത്യ ആയും അപ്രതീക്ഷിതമായ അപകട മരണമായും ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. പേരറിയാത്ത നാടുകളിലും കാടുകളിലും പുഴയോരത്തുമൊക്കെ ചിലപ്പോൾ ദിവസങ്ങൾ പഴക്കം വന്ന ശവങ്ങൾക്ക് ഒറ്റയ്ക്ക് കൂട്ടിരിയ്ക്കേണ്ടി വരുന്ന കാക്കിക്കുപ്പായക്കാരുടെ ഉള്ളറിയുവാൻ പൊതുവെ ആരും ശ്രമിയ്ക്കാറില്ല.
അനുഭവത്തിലെ ശവങ്ങളുടെ കഥകൾക്കൊപ്പം സംഭവ ബഹുലമായ തന്റെ കുട്ടിക്കാലത്തെ ചില ചിത്രങ്ങളും വായനക്കാരുടെ മനസ്സിൽ കോറിയിടുന്നുണ്ട്, രഘു സർ... മെഡിക്കൽ കോളേജ്, ഉപ്പുമാവ്, വിരുന്നുകരൻ, വാറ്റു പുര, സായി ബാബയും ഞാനും തുടങ്ങിയ ചില കഥകളിലൂടെ...
ട്രെയിനിന് മുന്നിൽ ചാടി മരിയ്ക്കുന്ന സ്ത്രീയും രക്ഷപ്പെട്ട അവരുടെ കുട്ടികളും, ഉളിയത്തടുക്കയിലെ അരുന്ധതി അഡിഗയുടെ നൊമ്പരങ്ങളും, വാറ്റുപുരയുടമയുടെ മകൾ അലീനയുടെ ഞെട്ടിപ്പിയ്ക്കുന്ന ദുരന്തവും, ഇഞ്ചക്കാട്ടിലെ നൂഞ്ചന്റെ വിചിത്ര പ്രതികാരവും, വിധിയുടെ വിചിത്ര തീരുമാനങ്ങളിൽ കോമാളി കഥാപാത്രം ആകേണ്ടി വന്ന ശ്രീകുമാറും, ഇടച്ചേരി ദേവസ്യയുടെ വെട്ടു കൊണ്ടോടുന്ന വട്ടക്കാട്ട് വർഗീസും, ആരുടെയോ കൈത്തെറ്റു കൊണ്ട് ജീവൻ നഷ്ടപ്പെട്ട മണിയേട്ടനും, ഒരിയ്ക്കലും കാണാതെ പോലും നഷ്ടങ്ങളുടെ കണക്കിൽ മുൻ നിരയിൽ വന്ന തങ്കരാജണ്ണന്റെ മകൾ പൂങ്കുഴലിയും ആ മൊട്ടത്തല വരച്ച കലങ്ങളും ഒക്കെ വായനയ്ക്ക് ശേഷവും കുറെ കാലമെങ്കിലും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കും. അത്രയും ദുരിതങ്ങളും പേറി ഷീനപ്പ പൂജാരിയുടെ കുടുംബം അയാൾക്ക് ശേഷം എത്ര കാലം അതിജീവിച്ചിരിയ്ക്കും എന്നത് ഒരു നെടുവീർപ്പോടെയാണ് ചിന്തിച്ചത്...
ഉപ്പുമാവിലെ നൊമ്പരങ്ങളും, രുഗ്മിണി അമ്മാളിന്റെ ബുദ്ധിയും സായി ബാബയുമായുണ്ടായ കൂടിക്കാഴ്ചയിലെ ആശ്ചര്യകരമായ അനുഭവവും 14 വർഷത്തെ ഒളി ജീവിതത്തിൽ നിന്ന് പിടി കൂടി സുഹൃത്താക്കിയ ഗോപിയുടെ കേസും...എല്ലാം ഒരു മുപ്പത് - നാല്പത് വർഷം മുൻപത്തെ കാലഘട്ടത്തിലൂടെ കണ്മുന്നിൽ കാണും പോലെ വായിച്ചു തീർന്നത് അറിഞ്ഞതു പോലുമില്ല.
23 കൊച്ചു കൊച്ചു ജീവിത അനുഭവങ്ങൾ കോർത്തെടുത്ത് ലളിതമായാ, എന്നാൽ മികച്ച രചനാ വൈഭവത്തോടെ എഴുതിയ ഈ പുസ്തകം ആർക്കും നല്ലൊരു വായന സമ്മാനിയ്ക്കും എന്നതിൽ തർക്കമില്ല.
2 comments:
നല്ലരീ തിയിൽ അവതരിപ്പിക്കപ്പെട്ട ഒരു പുസ്തക പരിചയമാണിത് ...
പുസ്തകപരിചയം നന്നായി...ഓരോ തൊഴിലും ഓരോ അനുഭവങ്ങൾ ജീവിതത്തിൽ മനുഷ്യന് നൽകുന്നു..ഭാവുകങ്ങൾ നേരുന്നു...
Post a Comment