1940 കളിലെ ബാഴ്സിലോണ. ഒരിയ്ക്കൽ ഒരു ഗ്രന്ഥശാല ഉടമ കൂടിയായ തന്റെ അച്ഛന്റെ കൂടെ ഡാനിയേൽ എന്ന കുട്ടി ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് ചെന്നെത്തുന്നു... ആ സ്ഥലത്തിന്റെ പേര് "വിസ്മരിയ്ക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരി". അപൂർവ്വമായ, ആർക്കും വേണ്ടാതായ, അരുടേതുമല്ലാത്ത പഴയ പുസ്തകങ്ങളുടെ നിഗൂഢമായ കലവറ ആണ് ഈ പുസ്തകങ്ങളുടെ സെമിത്തേരി എന്നറിയപ്പെടുന്ന ഇടം. ആദ്യമായി അവിടം സന്ദർശിയ്ക്കുന്ന ആൾക്ക് തനിക്കിഷ്ടമുള്ള ഒരു പുസ്തകം അവിടെ നിന്നും തിരഞ്ഞെടുക്കാം. അപ്പോൾ മുതൽ അയാളാണ് ആ പുസ്തകത്തിന്റെ ഉടമസ്ഥൻ. അത് കൈമോശം വരാതെ, നശിപ്പിയ്ക്കപ്പെടാതെ ആയുഷ്കാലം സംരക്ഷിയ്ക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കേണ്ടത് അയാളാണ്. അങ്ങനെ അവിടെ നിന്നും ഏറെ നേരം തിരഞ്ഞു ഡാനിയേൽ കണ്ടെടുക്കുന്ന പുസ്തകമാണ് ജൂലിയൻ കാരക്‌സ് എന്ന, അധികം ആരാലും അറിയപ്പെടാത്ത ഒരു എഴുത്തുകാരന്റെ "കാറ്റിന്റെ നിഴൽ".
ആ പുസ്തകം ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർക്കുന്ന ഡാനിയേൽ ആ കൃതിയിൽ ആകൃഷ്ടനായി ജൂലിയൻ കാരക്സിന്റെ മറ്റു സൃഷ്ടികൾ അന്വേഷിച്ചിറങ്ങുന്നു.
ആശ്ചര്യപ്പെടുത്തുന്ന വിവരം എന്തെന്നാൽ ജൂലിയൻ കാരക്‌സ് എന്ന എഴുത്തുകാരന്റെ ഒരൊറ്റ കൃതികൾ പോലും ഒരിടത്തും ലഭ്യമല്ല എന്നാണ്. മികച്ച കലാ സൃഷ്ടികൾ ആയിരുന്നിട്ടു പോലും എഴുതിയ കാലത്തു ഒട്ടും വിറ്റു പോകാതെ, വായിയ്ക്കപ്പെടാതെ ഇരുന്ന ആ പുസ്തകങ്ങൾ ആയിരുന്നത്രെ അവ. എന്നാൽ വർഷങ്ങൾക്ക് ശേഷം ആരോ ഒരാൾ കാരക്സ് കൃതികൾ തിരഞ്ഞു പിടിച്ചു കണ്ടെത്തി, അവയുടെ ഓരോ കോപ്പികളും കൈവശപ്പെടുത്തി നശിപ്പിച്ചു കളയുകയായിരുന്നു. വൈകാതെ ഒരാൾ ഡാനിയേലിനെയും സമീപിയ്ക്കുന്നു... നിലവിൽ കാരക്‌സിന്റെതായി ബാക്കിയായ ഒരേയൊരു പുസ്തകമായ ആയ കാറ്റിന്റെ നിഴലിന്റെ അവസാനത്തെ കോപ്പി കൈവസപ്പെടുത്തുകയാണ് അയാളുടെ ലക്ഷ്യം... അയാൾ ആരാണെന്നോ എന്താണെന്നോ എങ്ങനെയിരിയ്ക്കുമെന്നോ ഒന്നും ആർക്കും വ്യക്തതയില്ല... അറിയാവുന്നത് ഒന്നു മാത്രം! അയാളുടെ പേര് ... ലെയിൻ കൊബർട്ട്. അതാകട്ടെ, അവൻ വായിച്ച കാറ്റിന്റെ നോവലിലെ ദുഷ്ട കഥാപാത്രത്തിന്റെ പേരും.
ഇതിന് പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് മനസ്സിലാക്കുന്ന ഡാനിയേൽ, തന്റെ സുഹൃത്തായ ഫെർമിന്റെ പിന്തുണയോടെ ജൂലിയൻ കാരക്സിന്റെ പുറകിലുള്ള നിഗൂഢതകൾ അനാവരണം ചെയ്യാൻ ഇറങ്ങുകയാണ്...
അവിടെ ദാനിയേലിനെ കാത്തിരിയ്ക്കുന്നത് നിരവധി വെല്ലുവിളികൾ ആയിരുന്നു... ഒപ്പം ആരോരുമറിയാതെ പോയ ഒട്ടേറെ പേരുടെ ജീവിത കഥകളും. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ നോവൽ ആവേശ്വോജ്വലമായ ഒരു ത്രില്ലറിന് സമമാണ്.
ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഇഴയടുപ്പങ്ങൾ പകരുന്ന കുളിർമയും സമ്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ അക്കാലത്തെ ജനങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചകൾ പകരുന്ന നെടുവീർപ്പുകളും ഉൾപ്പെടെ ശ്വാസമടക്കിപിടിച്ചു വായിയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങളും കണ്ണു നനയിയ്ക്കുന്ന മുഹൂർത്തങ്ങളും അതിശയിപ്പിയ്ക്കുന്ന കഥാഗതികളും കൊണ്ട് സമ്പന്നമാണ് കാർലോസ് റൂയിസ് സാഫോണിന്റെ ഈ നോവൽ.
ഒരിയ്ക്കൽ എങ്കിലും വായിച്ചിരിയ്ക്കേണ്ട, 2001 ൽ പുറത്തിറങ്ങിയ 560 പേജുകളുള്ള ഈ നോവൽ (2020 ലെ വില 575 രൂപ) വിവിധ ഭാഷകളിലായി ലോകമെമ്പാടും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മില്യണുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.
1 comments:
ലോകോത്തര പെരുമ നേടിയ ഒരു ബെസ്ററ് സെല്ലർ നോവലാണിത് ..
Post a Comment