Wednesday, March 13, 2013

പ്രണയലേഖനം


നാട്ടില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തുണ്ട്. അദ്ധ്യാപകനാണെങ്കിലും പലപ്പോഴും മുന്നും പിന്നും നോക്കാതെ, സന്ദര്‍ഭം ആലോചിയ്ക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്നതിനാല്‍ ആശാന് പറ്റിയിട്ടുള്ള അമളികള്‍ക്ക് കണക്കില്ല. സുഹൃത്തുക്കള്‍ക്കിടയിലെല്ലാം 'മാഷ്' എന്ന ചുരുക്കപ്പേരില്‍ തന്നെ ആള്‍ പ്രശസ്തനാണ്. (തടി കേടായേക്കും എന്നുള്ളതിനാല്‍ പേര് ഇവിടെ സൂചിപ്പിയ്ക്കുന്നില്ല). ട്യൂഷനും പാരലല്‍ കോളേജിലെ അദ്ധ്യാപക ജോലിയുമായി മാഷ് കരിയര്‍ ആരംഭിച്ചത് പത്തു പതിനഞ്ച് വര്‍ഷം മുന്‍പാണ്. ഇന്ന് കക്ഷി മികച്ച ഒരദ്ധ്യാപകനുമാണ്.

ഇത് ഏതാണ്ട് എട്ടു പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ്. അക്കാലത്ത് മാഷ് ചാലക്കുടിയില്‍  പാരലല്‍ കോളേജുകളിലും ട്യൂഷന്‍ സെന്ററുകളിലും സ്ഥിരമായി പഠിപ്പിയ്ക്കാന്‍ പോകുന്ന കാലമാണ്. ഒരു ശരാശരി മലയാളിയെ പോലെ സുഖകരമായ ഭാവി ജീവിതം സ്വപ്നം കണ്ട് കഴിയുന്ന കാലം. അദ്ധ്യാപനം ജീവിതമാര്‍ഗ്ഗമാക്കാനൊന്നും അന്ന് പ്ലാനില്ല, പകരം ഏതെങ്കിലും ഒരു സര്‍ക്കാര്‍ ജോലിയില്‍ കയറി ജീവിതം സുരക്ഷിതമാക്കി, കൊള്ളാവുന്ന കുടുംബത്തില്‍ നിന്ന് (ന്ന്വച്ചാല്‍ സാമ്പത്തികമായി നല്ല നിലയിലുള്ള എന്നര്‍ത്ഥം) ഒരു പെണ്ണും കെട്ടി ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യം മാത്രം.

എങ്കിലും പ്രധാന വരുമാനമാര്‍ഗ്ഗമായി അദ്ധ്യാപനം തുടരുന്ന കാലം. നമ്മുടെ മാഷിന് പ്ലസ്സ് വണ്‍ - പ്ലസ്സ് ടു ക്ലാസ്സുകാര്‍ക്കാണ് അന്ന് കൂടുതലും ക്ലാസ്സെടുക്കേണ്ടിയിരുന്നത്. കൂടുതലും സാധാരണക്കാരായ കുട്ടികള്‍ ആയിരുന്നെങ്കിലും അക്കൂട്ടത്തില്‍ അപൂര്‍വ്വമായി പണക്കാരുടെ മക്കളായ, കാണാന്‍ കൊള്ളാവുന്ന ചില പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ആ പ്രായത്തിന്റെയും സാഹചര്യങ്ങളുടെയും അവസ്ഥ മൂലമാകാം, അവരിലാര്‍ക്കെങ്കിലും തന്നോട് പ്രണയം തോന്നിയാല്‍ ലൈഫ് തന്നെ രക്ഷപ്പെട്ടു എന്ന് കക്ഷിയ്ക്ക് മനസ്സിന്റെ ഉള്ളില്‍ രഹസ്യമായി ആഗ്രഹം തോന്നിയിരുന്നു എന്നതും ഒരു സത്യമാണ്. അതു മാത്രമല്ല, അക്കാലത്ത് അവിടുത്തെ അദ്ധ്യാപകരില്‍ ഏറ്റവും ചെറുപ്പവും ചുറുചുറുക്കും ഉള്ളത് മറ്റാര്‍ക്കുമായിരുന്നില്ല.

അങ്ങനെ വിരസമായി ക്ലാസ്സുകളും കാലവും നീങ്ങവെ ഒരു ദിവസം പ്ലസ്സ് ടു ക്ലാസ്സില്‍ വച്ച് മാഷിന് ഒരു സംശയം. മുന്‍ ബെഞ്ചിലിരിയ്ക്കുന്ന പ്രിയ എന്ന കുട്ടിയുടെ മുഖഭാവത്തില്‍ എല്ലാം ഒരു മാറ്റം. [പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയാണ് ഈ പ്രിയ, മാത്രമല്ല, കൊരട്ടിയിലെ ഒരു വലിയ പണക്കാരന്റെ ഏക മകള്‍].  രണ്ടു മൂന്നു ദിവസമായി നമ്മുടെ മാഷ് ക്ലാസ്സെടുക്കാന്‍ വരുമ്പോള്‍ ആ കുട്ടിയ്ക്ക് ഒരു ചെറിയ നാണവും ചമ്മലുമെല്ലാം ഉള്ള പോലെ. ക്ലാസ്സിനിടയ്ക്ക് ചിലപ്പോ തന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ കുറേ നേരം ഇരിയ്ക്കുന്നതും ചിലപ്പോ എന്തൊക്കെയോ ആലോചിച്ചു ഇരിയ്ക്കുന്നതും കക്ഷി ശ്രദ്ധിച്ചു. ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും രണ്ടു മൂന്നു ദിവസം ഇതേ പരിപാടികള്‍ തുടര്‍ന്നപ്പോള്‍ എന്തോ ഒരു ചെറിയ വശപ്പിശകു പോലെ.

പക്ഷേ അടുത്ത ദിവസം നടന്ന സംഭവം ആ സംശയം വെറും സംശയമല്ല എന്ന് തെളിയിച്ചു. അന്ന് മാഷ് ക്ലാസ്സിലെത്തുമ്പോള്‍ ക്ലാസ്സില്‍ പ്രിയ മാത്രമേ എത്തിയിരുന്നുള്ളൂ. തന്നെ കണ്ടപ്പോള്‍ തന്നെ അവള്‍ ആദ്യം ഒന്നു പരുങ്ങുന്നതും പിന്നെ എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടില്‍ എന്തോ സംസാരിയ്ക്കാനൊരുങ്ങുന്നതും മാഷിന്റെ ശ്രദ്ധയില്‍ പെട്ടു. അതിനു മുന്‍പൊരിയ്ക്കലും ഈ കുട്ടി തന്റെ ക്ലാസ്സില്‍ മറ്റുള്ളവര്‍ക്കു മുന്‍പേ വന്നെത്തിയ സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് ഓര്‍ത്തെടുത്തപ്പോള്‍ അതിലെന്തോ അസ്വഭാവികതയുണ്ടാകണമെന്ന് മനസ്സിലായെങ്കിലും കക്ഷി ഇത്തിരി വെയ്റ്റ് ഇട്ട് മിണ്ടാതിരുന്നു. അവസാനം പ്രതീക്ഷിച്ചതു പോലെ തന്നെ അവളെന്തോ പറയാന്‍ തുടങ്ങിയതായിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും ക്ലാസ്സില്‍ വേറെ കുട്ടികള്‍ വന്നു തുടങ്ങിയതിനാല്‍ പെട്ടെന്ന് അവള്‍ സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ നമ്മുടെ മാഷ് നിരാശനായി.

പിന്നെ എങ്ങനെയൊക്കെയോ ഒരു വിധത്തില്‍ കക്ഷി ക്ലാസ്സ് എടുത്തവസാനിപ്പിച്ചു. അവള്‍ക്കെന്തായിരിയ്ക്കും തന്നോട് പറയാനുണ്ടാകുക എന്നാലോചിച്ചിട്ട് ഒരു സമാധാനവും ഇല്ലാതെ അവസാനം ക്ലാസ്സ് അവസാനിപ്പിച്ച മാഷ് അവളുമായി സംസാരിയ്ക്കാന്‍  ഒരവസരം കിട്ടിയാലോ എന്ന് കരുതി അവിടെ തന്നെ കുറച്ചു നേരം കൂടെ ഇരുന്നു. പ്രതീക്ഷിച്ചതു പോലെ കുട്ടികള്‍ ഓരോരുത്തരായി ക്ലാസ്സ് വിട്ടു പോയി. അവള്‍ മാത്രം എന്തോ കുത്തിക്കുറിയ്ക്കുന്നു എന്ന ഭാവേന അവിടെ തന്നെ ഇരുന്നു. ഒപ്പം ഇടയ്ക്കിടെ തന്നെ ഒളികണ്ണിട്ട് നോക്കുന്നതു കണ്ടതോടെ സംശയം ഏതാണ്ട് ബലപ്പെട്ടു. വൈകാതെ ക്ലാസ്സില്‍ അവര്‍ രണ്ടു പേരും മാത്രമായപ്പോള്‍ കാര്യം നേരിട്ട് ചോദിയ്ക്കാന്‍ തന്നെ മാഷ് തീരുമാനിച്ചു.

അതു വേണ്ടി വന്നില്ല, അപ്പൊഴേയ്ക്കും അവള്‍ എഴുന്നേറ്റ് നേരെ പ്ലാറ്റ്ഫോമിനടുത്തേയ്ക്ക് ചെന്നു. "മാഷേ, ഒരു കാര്യം പറയാനുണ്ട്..." എന്ന മുഖവുരയോടെ മടിച്ചു മടിച്ച് ആരെങ്കിലും കാണുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. മാഷിന്റെ മനസ്സില്‍ പെരുമ്പറ മുഴങ്ങി. പ്രതീക്ഷിച്ച സമയം സമാഗതമായതു പോലെ.

"എന്താ പ്രിയേ? എന്താ കാര്യം?  എന്താണെങ്കിലും ധൈര്യമായി പറഞ്ഞോളൂ" ധൈര്യം സംഭരിച്ച് മാഷ് ചോദിച്ചു.

പ്രിയയ്ക്ക് ആകെ ഒരു ചമ്മല്‍...  മാഷിന്റെ മുഖത്തു നോക്കാന്‍ തന്നെ മടി. "അത് പിന്നെ... മാഷേ, ഒരു കാര്യം... അല്ലെങ്കില്‍ വേണ്ട, ഞാന്‍ നാളെ പറയാം" ഇതും പറഞ്ഞ് അവള്‍ ഒറ്റ ഓട്ടം.

 സ്വല്‍പ്പം നിരാശയോടെ അവള്‍ പോയതും നോക്കി മാഷ് അവിടെ തന്നെ നിന്നു. 'എന്തായിരിയ്ക്കും അവള്‍ക്ക് പറയാനുണ്ടാകുക? എന്തായാലും ഇത് താനൂഹിയ്ക്കുന്നത് പോലെ തന്നെ ആകാനേ സാധ്യതയുള്ളൂ എന്ന് ഉറപ്പാണ്. അറിയപ്പെടുന്ന ഒരു പണക്കാരന്റെ സുന്ദരിയായ മകള്‍... അവള്‍ക്ക് തന്നോട് ഇഷ്ടം തോന്നുന്നുണ്ടെങ്കില്‍ തന്റെ ഭാഗ്യം തെളിഞ്ഞു എന്നു തന്നെ അല്ലേ അര്‍ത്ഥം...അടുത്ത ദിവസം എല്ലാ കാര്യത്തിനും ഒരു തീരുമാനമാക്കണം'. മാഷ് സന്തോഷത്തോടെയാണ് അന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോയത്.

അടുത്ത ദിവസമായി. പതിവിലും നേരത്തേ കക്ഷി ഉണര്‍ന്നു, കുളിച്ച് റെഡിയായി. രാവിലെ തന്നെ അമ്പലത്തില്‍ പോയി ഒരു വഴിപാടും നടത്തി. ഒരു നല്ല കാര്യം നടക്കാന്‍ പോകുകയല്ലേ. തുടര്‍ന്ന് ഉള്ളതില്‍ ഏറ്റവും നല്ല ഡ്രെസ്സ് എല്ലാം ധരിച്ച് സുന്ദരനായി ചാലക്കുടിയ്ക്ക് വിട്ടു.

വലിയ ഉത്സാഹത്തോടെയാണ് ആശാന്‍ അന്ന് ക്ലാസ്സിലെത്തിയത്. പ്രതീക്ഷ തെറ്റിയില്ല,  പ്രിയ അന്നും നേരത്തെ ക്ലാസ്സിലെത്തിയിരുന്നു. 'ഇന്ന് എന്തായാലും അവള്‍ക്ക് പറയാനുള്ളത് എന്താണെന്ന് ചോദിയ്ക്കണം' എന്ന് മാഷ് മനസ്സിലുറച്ചിരുന്നു. ടെന്‍ഷന്‍ അധികം നീട്ടാന്‍ വയ്യ.

ക്ലാസ്സിലേക്കു വന്നു കയറിയ മാഷിനെ കണ്ടതും തലേന്നത്തെ പോലെ തന്നെ പ്രിയയുടെ മുഖം പെട്ടെന്ന് മാറി. എങ്കിലും തലേന്നത്തേക്കാള്‍ ധൈര്യം അവള്‍ക്കുള്ളതു പോലെ തോന്നി. ചെറിയ ടെന്‍ഷനോടെ ആണെങ്കിലും ആരെങ്കിലും വരും മുന്‍പേ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമുണ്ടാക്കിയേ തീരൂ എന്നുറപ്പിച്ചിരുന്ന മാഷ് അവളിരിയ്ക്കുന്നതിനടുത്തേയ്ക്ക് ചെന്നു. എന്തെങ്കിലും പറയും മുന്‍പേ അവള്‍ എഴുന്നേറ്റു നിന്നു. എന്നിട്ട് മുഖത്തു നോക്കാതെ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് കക്ഷിയുടെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു "ആരെങ്കിലും കാണും മുന്‍പേ വേഗം ഇത് വാങ്ങൂ മാഷേ".

ഒരു നിമിഷം അന്ധാളിച്ചു നിന്ന മാഷ് പെട്ടെന്ന് ആ കവര്‍ വാങ്ങി. അതു തുറക്കണോ വേണ്ടയോ എന്ന സംശയത്തില്‍ നിന്നു.

"അത് വേറെ ആരെയും കാണിയ്ക്കാതെ വേഗം ബാഗില്‍ വയ്ക്കൂ മാഷേ. ഇപ്പോ തുറക്കരുതേ...  വീട്ടില്‍ ചെന്ന ശേഷം മാത്രമേ അത് തുറന്നു നോക്കാവൂ. പിന്നേയ്,  ഇക്കാര്യം ആരോടും പറയരുത് കേട്ടോ. ഇതാരെങ്കിലും അറിഞ്ഞാല്‍..." അവള്‍ തിടുക്കപ്പെട്ട് ശബ്ദം താഴ്ത്തി വീണ്ടും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

എന്തെങ്കിലും തിരിച്ച് പറയാനാകും മുന്‍പ് കുട്ടികളുടെ സംസാരം ക്ലാസ്സിനു പുറത്ത് കേട്ടതിനാല്‍ മാഷ് ഒന്നും മിണ്ടാതെ നേരെ ആ കവര്‍ അങ്ങനെ തന്നെ തന്റെ ബാഗിനകത്തു വച്ചു. അതിനിടയില്‍ ആ കവറില്‍ ഒരു എഴുത്തും പിന്നെ എന്തോ ഒരു പായ്ക്കറ്റും ഉണ്ടെന്ന് ആശാനു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്തായിരിയ്ക്കും അത്? ഒരു പ്രണയ ലേഖനം? ആ കത്തില്‍ എന്തായിരിയ്ക്കും എഴുതിയിരിയ്ക്കുക എന്നറിയുവാനുള്ള ആകാംക്ഷ പിടിച്ചു നിര്‍ത്തി, അന്നത്തെ ക്ലാസ്സ് എടുത്തു തീര്‍ത്ത്, ഒരു വിധത്തില്‍ ക്ലാസ്സ് കഴിഞ്ഞ് എല്ലാവരെയും പറഞ്ഞു വിട്ട് കക്ഷി തന്റെ ബാഗുമെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് ഓടി. പ്രതീക്ഷിച്ചതു പോലെ സ്റ്റാഫ് റൂം കാലിയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒന്നു കൂടെ നോക്കിയ ശേഷം ബാഗ് തുറന്ന് ആ പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു.

എന്നിട് മിടിയ്ക്കുന്ന ഹൃദയത്തോടെ ആ കവര്‍ തുറന്നു നോക്കി. പ്രതീക്ഷ തെറ്റിയില്ല, ഒരു എഴുത്തും ഒരു പായ്ക്കറ്റും. രണ്ടും പുറത്തെടുത്തു. ഒരു വലിയ കട്ടിയുള്ള എഴുത്ത് തന്നെ. അതിനു പുറത്ത് "മാഷിന് സ്നേഹപൂര്‍വ്വം" എന്നെഴുതിയിട്ടുണ്ട്. ഒപ്പമുള്ള പായ്ക്കറ്റ് പെര്‍ഫ്യൂം ആണെന്ന് കവറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രണയ സമ്മാനമായിരിയ്ക്കണം.

പെര്‍ഫ്യൂം തിരികെ ആ വലിയ കവറില്‍ തന്നെ വച്ച് നേരെ ബാഗിലേയ്ക്ക് തന്നെ തള്ളി, മാഷ് ആ കത്ത് കയ്യിലെടുത്തു. എന്നിട്ട് ശ്രദ്ധയോടെ, പ്രണയപൂര്‍വ്വം ആ കത്തിന്റെ ഒരു വശം തുറന്നു. അതിനുള്ളില്‍ വീണ്ടും ഒരു കത്തും ഒരു കുറിപ്പും. ആ ചെറിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

"മാഷിന്...
രണ്ടു ദിവസമായി മാഷിനോട് ഒരു കാര്യം പറയണമെന്നു കരുതുന്നു. നേരില്‍ പറയാന്‍ എന്തോ ഒരു മടി. എന്റെ വിവാഹമാണ് മാഷേ... ക്ഷണക്കത്ത് കൂടെ വയ്ക്കുന്നുണ്ട്. വരുന്ന മാസം ആണ് വിവാഹം. തല്‍ക്കാലം മാഷുമാരോട് മാത്രമേ പറയുന്നുള്ളൂ... നേരിട്ട് പറയാമെന്ന് ഇന്നലെ കരുതിയതാണ്. പക്ഷേ, സ്വന്തം കല്യാണക്കാര്യം തുറന്നു പറയാന്‍ ഒരു ചമ്മല്‍. അതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്. ഇവിടെ ആരോടും പറഞ്ഞിട്ടില്ല. വിവാഹദിവസം അടുക്കുമ്പോഴേയ്ക്കും എല്ലാവരോടും പറയാമെന്ന് കരുതുന്നു. അല്ലെങ്കില്‍ കൂട്ടുകാരുടെ എല്ലാം കളിയാക്കല്‍ സഹിയ്ക്കേണ്ടി വരും. വരന്‍ ഗള്‍ഫുകാരനാണ്. നിശ്ചയം  കഴിഞ്ഞയാഴ്ച ആയിരുന്നു. വിവാഹ വിവരങ്ങള്‍ ക്ഷണക്കത്തില്‍ ഉണ്ട്മാഷ് തീര്‍ച്ചയായും വരണം. മാഷിന് ഒരു ചെറിയ സമ്മാനമായി ഒരു പെര്‍ഫ്യൂം ഇതിന്റെ കൂടെ വയ്ക്കുന്നു.

- പ്രിയ "

ആ കുറിപ്പു വായിച്ച മാഷ്  ഇടിവെട്ടേറ്റവനെ പോലെ ഇരുന്നു പോയി. പിന്നീട് സഹപ്രവര്‍ത്തകരോട് സംസാരിയ്ക്കുന്ന അവസരത്തില്‍ അവരോടെല്ലാം പ്രിയ വിവാഹക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് കക്ഷിയ്ക്ക് മനസ്സിലാക്കാനും പറ്റി. കൂട്ടത്തിലുള്ള ഒരേയൊരു ചെറുപ്പക്കാരനായ അദ്ധ്യാപകന്‍ ആയതിനാലോ എന്തോ നമ്മുടെ മാഷിനോട് മാത്രം നേരിട്ടു പറയാന്‍ ആ കുട്ടിയ്ക്ക് മടി തോന്നിയതാകണം. എന്തായാലും അങ്ങനെ നേരിട്ടു പറയാതെ കവറില്‍ പൊതിഞ്ഞ് വിവാഹ ക്ഷണക്കത്ത് കിട്ടിയതു കൊണ്ട് കക്ഷിയ്ക്കു മാത്രം ഒരു സ്പെഷ്യല്‍ ഗിഫ്റ്റ് കിട്ടി - ആ പെര്‍ഫ്യൂം.

കുറേക്കാലം ഒരു നഷ്ട പ്രണയത്തിന്റെ സ്മാരകമായി കക്ഷി ആ പെര്‍ഫ്യൂം സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണവേളകളില്‍ ആ സംഭവമെല്ലാം 'പഴയ കാലത്തിന്റെ ചാപല്യങ്ങള്‍' എന്നു പറഞ്ഞ് ചിരിച്ചു തള്ളുമ്പോഴും ആ നഷ്ട പ്രണയത്തിനും 'പ്രണയ ലേഖന'ത്തിനും നമ്മുടെ മാഷിന്റെ ഓര്‍മ്മകളില്‍ ആ പെര്‍ഫ്യൂമിന്റെ സുഗന്ധം ഇതു വരെയും നഷ്ടമായിട്ടില്ല എന്ന് എനിയ്ക്കു തോന്നാറുണ്ട്.