നാട്ടില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തുണ്ട്. അദ്ധ്യാപകനാണെങ്കിലും പലപ്പോഴും മുന്നും പിന്നും നോക്കാതെ, സന്ദര്‍ഭം ആലോചിയ്ക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്നതിനാല്‍ ആശാന് പറ്റിയിട്ടുള്ള അമളികള്‍ക്ക് കണക്കില്ല. സുഹൃത്തുക്കള്‍ക്കിടയിലെല്ലാം 'മാഷ്' എന്ന ചുരുക്കപ്പേരില്‍ തന്നെ ആള്‍ പ്രശസ്തനാണ്. (തടി കേടായേക്കും എന്നുള്ളതിനാല്‍ പേര് ഇവിടെ സൂചിപ്പിയ്ക്കുന്നില്ല). ട്യൂഷനും പാരലല്‍ കോളേജിലെ അദ്ധ്യാപക ജോലിയുമായി മാഷ് കരിയര്‍ ആരംഭിച്ചത് പത്തു പതിനഞ്ച് വര്‍ഷം മുന്‍പാണ്. ഇന്ന് കക്ഷി മികച്ച ഒരദ്ധ്യാപകനുമാണ്.
ഇത് ഏതാണ്ട് എട്ടു പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ്. അക്കാലത്ത് മാഷ് ചാലക്കുടിയില്‍ പാരലല്‍ കോളേജുകളിലും ട്യൂഷന്‍ സെന്ററുകളിലും സ്ഥിരമായി പഠിപ്പിയ്ക്കാന്‍ പോകുന്ന കാലമാണ്. ഒരു ശരാശരി മലയാളിയെ പോലെ സുഖകരമായ ഭാവി ജീവിതം സ്വപ്നം കണ്ട് കഴിയുന്ന കാലം. അദ്ധ്യാപനം ജീവിതമാര്‍ഗ്ഗമാക്കാനൊന്നും അന്ന് പ്ലാനില്ല, പകരം ഏതെങ്കിലും ഒരു സര്‍ക്കാര്‍ ജോലിയില്‍ കയറി ജീവിതം സുരക്ഷിതമാക്കി, കൊള്ളാവുന്ന കുടുംബത്തില്‍ നിന്ന് (ന്ന്വച്ചാല്‍ സാമ്പത്തികമായി നല്ല നിലയിലുള്ള എന്നര്‍ത്ഥം) ഒരു പെണ്ണും കെട്ടി ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യം മാത്രം.
എങ്കിലും പ്രധാന വരുമാനമാര്‍ഗ്ഗമായി അദ്ധ്യാപനം തുടരുന്ന കാലം. നമ്മുടെ മാഷിന് പ്ലസ്സ് വണ്‍ - പ്ലസ്സ് ടു ക്ലാസ്സുകാര്‍ക്കാണ് അന്ന് കൂടുതലും ക്ലാസ്സെടുക്കേണ്ടിയിരുന്നത്. കൂടുതലും സാധാരണക്കാരായ കുട്ടികള്‍ ആയിരുന്നെങ്കിലും അക്കൂട്ടത്തില്‍ അപൂര്‍വ്വമായി പണക്കാരുടെ മക്കളായ, കാണാന്‍ കൊള്ളാവുന്ന ചില പെണ്‍കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ആ പ്രായത്തിന്റെയും സാഹചര്യങ്ങളുടെയും അവസ്ഥ മൂലമാകാം, അവരിലാര്‍ക്കെങ്കിലും തന്നോട് പ്രണയം തോന്നിയാല്‍ ലൈഫ് തന്നെ രക്ഷപ്പെട്ടു എന്ന് കക്ഷിയ്ക്ക് മനസ്സിന്റെ ഉള്ളില്‍ രഹസ്യമായി ആഗ്രഹം തോന്നിയിരുന്നു എന്നതും ഒരു സത്യമാണ്. അതു മാത്രമല്ല, അക്കാലത്ത് അവിടുത്തെ അദ്ധ്യാപകരില്‍ ഏറ്റവും ചെറുപ്പവും ചുറുചുറുക്കും ഉള്ളത് മറ്റാര്‍ക്കുമായിരുന്നില്ല.
അങ്ങനെ വിരസമായി ക്ലാസ്സുകളും കാലവും നീങ്ങവെ ഒരു ദിവസം പ്ലസ്സ് ടു ക്ലാസ്സില്‍ വച്ച് മാഷിന് ഒരു സംശയം. മുന്‍ ബെഞ്ചിലിരിയ്ക്കുന്ന പ്രിയ എന്ന കുട്ടിയുടെ മുഖഭാവത്തില്‍ എല്ലാം ഒരു മാറ്റം. [പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയാണ് ഈ പ്രിയ, മാത്രമല്ല, കൊരട്ടിയിലെ ഒരു വലിയ പണക്കാരന്റെ ഏക മകള്‍]. രണ്ടു മൂന്നു ദിവസമായി നമ്മുടെ മാഷ് ക്ലാസ്സെടുക്കാന്‍ വരുമ്പോള്‍ ആ കുട്ടിയ്ക്ക് ഒരു ചെറിയ നാണവും ചമ്മലുമെല്ലാം ഉള്ള പോലെ. ക്ലാസ്സിനിടയ്ക്ക് ചിലപ്പോ തന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ കുറേ നേരം ഇരിയ്ക്കുന്നതും ചിലപ്പോ എന്തൊക്കെയോ ആലോചിച്ചു ഇരിയ്ക്കുന്നതും കക്ഷി ശ്രദ്ധിച്ചു. ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും രണ്ടു മൂന്നു ദിവസം ഇതേ പരിപാടികള്‍ തുടര്‍ന്നപ്പോള്‍ എന്തോ ഒരു ചെറിയ വശപ്പിശകു പോലെ.
പക്ഷേ അടുത്ത ദിവസം നടന്ന സംഭവം ആ സംശയം വെറും സംശയമല്ല എന്ന് തെളിയിച്ചു. അന്ന് മാഷ് ക്ലാസ്സിലെത്തുമ്പോള്‍ ക്ലാസ്സില്‍ പ്രിയ മാത്രമേ എത്തിയിരുന്നുള്ളൂ. തന്നെ കണ്ടപ്പോള്‍ തന്നെ അവള്‍ ആദ്യം ഒന്നു പരുങ്ങുന്നതും പിന്നെ എന്തൊക്കെയോ പറയാനുണ്ടെന്ന മട്ടില്‍ എന്തോ സംസാരിയ്ക്കാനൊരുങ്ങുന്നതും മാഷിന്റെ ശ്രദ്ധയില്‍ പെട്ടു. അതിനു മുന്‍പൊരിയ്ക്കലും ഈ കുട്ടി തന്റെ ക്ലാസ്സില്‍ മറ്റുള്ളവര്‍ക്കു മുന്‍പേ വന്നെത്തിയ സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് ഓര്‍ത്തെടുത്തപ്പോള്‍ അതിലെന്തോ അസ്വഭാവികതയുണ്ടാകണമെന്ന് മനസ്സിലായെങ്കിലും കക്ഷി ഇത്തിരി വെയ്റ്റ് ഇട്ട് മിണ്ടാതിരുന്നു. അവസാനം പ്രതീക്ഷിച്ചതു പോലെ തന്നെ അവളെന്തോ പറയാന്‍ തുടങ്ങിയതായിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും ക്ലാസ്സില്‍ വേറെ കുട്ടികള്‍ വന്നു തുടങ്ങിയതിനാല്‍ പെട്ടെന്ന് അവള്‍ സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ നമ്മുടെ മാഷ് നിരാശനായി.
പിന്നെ എങ്ങനെയൊക്കെയോ ഒരു വിധത്തില്‍ കക്ഷി ക്ലാസ്സ് എടുത്തവസാനിപ്പിച്ചു. അവള്‍ക്കെന്തായിരിയ്ക്കും തന്നോട് പറയാനുണ്ടാകുക എന്നാലോചിച്ചിട്ട് ഒരു സമാധാനവും ഇല്ലാതെ അവസാനം ക്ലാസ്സ് അവസാനിപ്പിച്ച മാഷ് അവളുമായി സംസാരിയ്ക്കാന്‍ ഒരവസരം കിട്ടിയാലോ എന്ന് കരുതി അവിടെ തന്നെ കുറച്ചു നേരം കൂടെ ഇരുന്നു. പ്രതീക്ഷിച്ചതു പോലെ കുട്ടികള്‍ ഓരോരുത്തരായി ക്ലാസ്സ് വിട്ടു പോയി. അവള്‍ മാത്രം എന്തോ കുത്തിക്കുറിയ്ക്കുന്നു എന്ന ഭാവേന അവിടെ തന്നെ ഇരുന്നു. ഒപ്പം ഇടയ്ക്കിടെ തന്നെ ഒളികണ്ണിട്ട് നോക്കുന്നതു കണ്ടതോടെ സംശയം ഏതാണ്ട് ബലപ്പെട്ടു. വൈകാതെ ക്ലാസ്സില്‍ അവര്‍ രണ്ടു പേരും മാത്രമായപ്പോള്‍ കാര്യം നേരിട്ട് ചോദിയ്ക്കാന്‍ തന്നെ മാഷ് തീരുമാനിച്ചു.
അതു വേണ്ടി വന്നില്ല, അപ്പൊഴേയ്ക്കും അവള്‍ എഴുന്നേറ്റ് നേരെ പ്ലാറ്റ്ഫോമിനടുത്തേയ്ക്ക് ചെന്നു. "മാഷേ, ഒരു കാര്യം പറയാനുണ്ട്..." എന്ന മുഖവുരയോടെ മടിച്ചു മടിച്ച് ആരെങ്കിലും കാണുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. മാഷിന്റെ മനസ്സില്‍ പെരുമ്പറ മുഴങ്ങി. പ്രതീക്ഷിച്ച സമയം സമാഗതമായതു പോലെ.
"എന്താ പ്രിയേ? എന്താ കാര്യം? എന്താണെങ്കിലും ധൈര്യമായി പറഞ്ഞോളൂ" ധൈര്യം സംഭരിച്ച് മാഷ് ചോദിച്ചു.
പ്രിയയ്ക്ക് ആകെ ഒരു ചമ്മല്‍... മാഷിന്റെ മുഖത്തു നോക്കാന്‍ തന്നെ മടി. "അത് പിന്നെ... മാഷേ, ഒരു കാര്യം... അല്ലെങ്കില്‍ വേണ്ട, ഞാന്‍ നാളെ പറയാം" ഇതും പറഞ്ഞ് അവള്‍ ഒറ്റ ഓട്ടം.
സ്വല്‍പ്പം നിരാശയോടെ അവള്‍ പോയതും നോക്കി മാഷ് അവിടെ തന്നെ നിന്നു. 'എന്തായിരിയ്ക്കും അവള്‍ക്ക് പറയാനുണ്ടാകുക? എന്തായാലും ഇത് താനൂഹിയ്ക്കുന്നത് പോലെ തന്നെ ആകാനേ സാധ്യതയുള്ളൂ എന്ന് ഉറപ്പാണ്. അറിയപ്പെടുന്ന ഒരു പണക്കാരന്റെ സുന്ദരിയായ മകള്‍... അവള്‍ക്ക് തന്നോട് ഇഷ്ടം തോന്നുന്നുണ്ടെങ്കില്‍ തന്റെ ഭാഗ്യം തെളിഞ്ഞു എന്നു തന്നെ അല്ലേ അര്‍ത്ഥം...അടുത്ത ദിവസം എല്ലാ കാര്യത്തിനും ഒരു തീരുമാനമാക്കണം'. മാഷ് സന്തോഷത്തോടെയാണ് അന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോയത്.
അടുത്ത ദിവസമായി. പതിവിലും നേരത്തേ കക്ഷി ഉണര്‍ന്നു, കുളിച്ച് റെഡിയായി. രാവിലെ തന്നെ അമ്പലത്തില്‍ പോയി ഒരു വഴിപാടും നടത്തി. ഒരു നല്ല കാര്യം നടക്കാന്‍ പോകുകയല്ലേ. തുടര്‍ന്ന് ഉള്ളതില്‍ ഏറ്റവും നല്ല ഡ്രെസ്സ് എല്ലാം ധരിച്ച് സുന്ദരനായി ചാലക്കുടിയ്ക്ക് വിട്ടു.
വലിയ ഉത്സാഹത്തോടെയാണ് ആശാന്‍ അന്ന് ക്ലാസ്സിലെത്തിയത്. പ്രതീക്ഷ തെറ്റിയില്ല, പ്രിയ അന്നും നേരത്തെ ക്ലാസ്സിലെത്തിയിരുന്നു. 'ഇന്ന് എന്തായാലും അവള്‍ക്ക് പറയാനുള്ളത് എന്താണെന്ന് ചോദിയ്ക്കണം' എന്ന് മാഷ് മനസ്സിലുറച്ചിരുന്നു. ടെന്‍ഷന്‍ അധികം നീട്ടാന്‍ വയ്യ.
ക്ലാസ്സിലേക്കു വന്നു കയറിയ മാഷിനെ കണ്ടതും തലേന്നത്തെ പോലെ തന്നെ പ്രിയയുടെ മുഖം പെട്ടെന്ന് മാറി. എങ്കിലും തലേന്നത്തേക്കാള്‍ ധൈര്യം അവള്‍ക്കുള്ളതു പോലെ തോന്നി. ചെറിയ ടെന്‍ഷനോടെ ആണെങ്കിലും ആരെങ്കിലും വരും മുന്‍പേ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമുണ്ടാക്കിയേ തീരൂ എന്നുറപ്പിച്ചിരുന്ന മാഷ് അവളിരിയ്ക്കുന്നതിനടുത്തേയ്ക്ക് ചെന്നു. എന്തെങ്കിലും പറയും മുന്‍പേ അവള്‍ എഴുന്നേറ്റു നിന്നു. എന്നിട്ട് മുഖത്തു നോക്കാതെ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് കക്ഷിയുടെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു "ആരെങ്കിലും കാണും മുന്‍പേ വേഗം ഇത് വാങ്ങൂ മാഷേ".
ഒരു നിമിഷം അന്ധാളിച്ചു നിന്ന മാഷ് പെട്ടെന്ന് ആ കവര്‍ വാങ്ങി. അതു തുറക്കണോ വേണ്ടയോ എന്ന സംശയത്തില്‍ നിന്നു.
"അത് വേറെ ആരെയും കാണിയ്ക്കാതെ വേഗം ബാഗില്‍ വയ്ക്കൂ മാഷേ. ഇപ്പോ തുറക്കരുതേ... വീട്ടില്‍ ചെന്ന ശേഷം മാത്രമേ അത് തുറന്നു നോക്കാവൂ. പിന്നേയ്, ഇക്കാര്യം ആരോടും പറയരുത് കേട്ടോ. ഇതാരെങ്കിലും അറിഞ്ഞാല്‍..." അവള്‍ തിടുക്കപ്പെട്ട് ശബ്ദം താഴ്ത്തി വീണ്ടും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
എന്തെങ്കിലും തിരിച്ച് പറയാനാകും മുന്‍പ് കുട്ടികളുടെ സംസാരം ക്ലാസ്സിനു പുറത്ത് കേട്ടതിനാല്‍ മാഷ് ഒന്നും മിണ്ടാതെ നേരെ ആ കവര്‍ അങ്ങനെ തന്നെ തന്റെ ബാഗിനകത്തു വച്ചു. അതിനിടയില്‍ ആ കവറില്‍ ഒരു എഴുത്തും പിന്നെ എന്തോ ഒരു പായ്ക്കറ്റും ഉണ്ടെന്ന് ആശാനു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്തായിരിയ്ക്കും അത്? ഒരു പ്രണയ ലേഖനം? ആ കത്തില്‍ എന്തായിരിയ്ക്കും എഴുതിയിരിയ്ക്കുക എന്നറിയുവാനുള്ള ആകാംക്ഷ പിടിച്ചു നിര്‍ത്തി, അന്നത്തെ ക്ലാസ്സ് എടുത്തു തീര്‍ത്ത്, ഒരു വിധത്തില്‍ ക്ലാസ്സ് കഴിഞ്ഞ് എല്ലാവരെയും പറഞ്ഞു വിട്ട് കക്ഷി തന്റെ ബാഗുമെടുത്ത് സ്റ്റാഫ് റൂമിലേയ്ക്ക് ഓടി. പ്രതീക്ഷിച്ചതു പോലെ സ്റ്റാഫ് റൂം കാലിയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒന്നു കൂടെ നോക്കിയ ശേഷം ബാഗ് തുറന്ന് ആ പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു.
എന്നിട് മിടിയ്ക്കുന്ന ഹൃദയത്തോടെ ആ കവര്‍ തുറന്നു നോക്കി. പ്രതീക്ഷ തെറ്റിയില്ല, ഒരു എഴുത്തും ഒരു പായ്ക്കറ്റും. രണ്ടും പുറത്തെടുത്തു. ഒരു വലിയ കട്ടിയുള്ള എഴുത്ത് തന്നെ. അതിനു പുറത്ത് "മാഷിന് സ്നേഹപൂര്‍വ്വം" എന്നെഴുതിയിട്ടുണ്ട്. ഒപ്പമുള്ള പായ്ക്കറ്റ് പെര്‍ഫ്യൂം ആണെന്ന് കവറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രണയ സമ്മാനമായിരിയ്ക്കണം.
പെര്‍ഫ്യൂം തിരികെ ആ വലിയ കവറില്‍ തന്നെ വച്ച് നേരെ ബാഗിലേയ്ക്ക് തന്നെ തള്ളി, മാഷ് ആ കത്ത് കയ്യിലെടുത്തു. എന്നിട്ട് ശ്രദ്ധയോടെ, പ്രണയപൂര്‍വ്വം ആ കത്തിന്റെ ഒരു വശം തുറന്നു. അതിനുള്ളില്‍ വീണ്ടും ഒരു കത്തും ഒരു കുറിപ്പും. ആ ചെറിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.
"മാഷിന്...
രണ്ടു ദിവസമായി മാഷിനോട് ഒരു കാര്യം പറയണമെന്നു കരുതുന്നു. നേരില്‍ പറയാന്‍ എന്തോ ഒരു മടി. എന്റെ വിവാഹമാണ് മാഷേ... ക്ഷണക്കത്ത് കൂടെ വയ്ക്കുന്നുണ്ട്. വരുന്ന മാസം ആണ് വിവാഹം. തല്‍ക്കാലം മാഷുമാരോട് മാത്രമേ പറയുന്നുള്ളൂ... നേരിട്ട് പറയാമെന്ന് ഇന്നലെ കരുതിയതാണ്. പക്ഷേ, സ്വന്തം കല്യാണക്കാര്യം തുറന്നു പറയാന്‍ ഒരു ചമ്മല്‍. അതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്. ഇവിടെ ആരോടും പറഞ്ഞിട്ടില്ല. വിവാഹദിവസം അടുക്കുമ്പോഴേയ്ക്കും എല്ലാവരോടും പറയാമെന്ന് കരുതുന്നു. അല്ലെങ്കില്‍ കൂട്ടുകാരുടെ എല്ലാം കളിയാക്കല്‍ സഹിയ്ക്കേണ്ടി വരും. വരന്‍ ഗള്‍ഫുകാരനാണ്. നിശ്ചയം കഴിഞ്ഞയാഴ്ച ആയിരുന്നു. വിവാഹ വിവരങ്ങള്‍ ക്ഷണക്കത്തില്‍ ഉണ്ട്മാഷ് തീര്‍ച്ചയായും വരണം. മാഷിന് ഒരു ചെറിയ സമ്മാനമായി ഒരു പെര്‍ഫ്യൂം ഇതിന്റെ കൂടെ വയ്ക്കുന്നു.
- പ്രിയ "
ആ കുറിപ്പു വായിച്ച മാഷ് ഇടിവെട്ടേറ്റവനെ പോലെ ഇരുന്നു പോയി. പിന്നീട് സഹപ്രവര്‍ത്തകരോട് സംസാരിയ്ക്കുന്ന അവസരത്തില്‍ അവരോടെല്ലാം പ്രിയ വിവാഹക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് കക്ഷിയ്ക്ക് മനസ്സിലാക്കാനും പറ്റി. കൂട്ടത്തിലുള്ള ഒരേയൊരു ചെറുപ്പക്കാരനായ അദ്ധ്യാപകന്‍ ആയതിനാലോ എന്തോ നമ്മുടെ മാഷിനോട് മാത്രം നേരിട്ടു പറയാന്‍ ആ കുട്ടിയ്ക്ക് മടി തോന്നിയതാകണം. എന്തായാലും അങ്ങനെ നേരിട്ടു പറയാതെ കവറില്‍ പൊതിഞ്ഞ് വിവാഹ ക്ഷണക്കത്ത് കിട്ടിയതു കൊണ്ട് കക്ഷിയ്ക്കു മാത്രം ഒരു സ്പെഷ്യല്‍ ഗിഫ്റ്റ് കിട്ടി - ആ പെര്‍ഫ്യൂം.
കുറേക്കാലം ഒരു നഷ്ട പ്രണയത്തിന്റെ സ്മാരകമായി കക്ഷി ആ പെര്‍ഫ്യൂം സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണവേളകളില്‍ ആ സംഭവമെല്ലാം 'പഴയ കാലത്തിന്റെ ചാപല്യങ്ങള്‍' എന്നു പറഞ്ഞ് ചിരിച്ചു തള്ളുമ്പോഴും ആ നഷ്ട പ്രണയത്തിനും 'പ്രണയ ലേഖന'ത്തിനും നമ്മുടെ മാഷിന്റെ ഓര്‍മ്മകളില്‍ ആ പെര്‍ഫ്യൂമിന്റെ സുഗന്ധം ഇതു വരെയും നഷ്ടമായിട്ടില്ല എന്ന് എനിയ്ക്കു തോന്നാറുണ്ട്.
42 comments:
നാട്ടിലുള്ള ഒരു സുഹൃത്തിനെ പറ്റിയാണ് ഇത്തവണത്തെ പോസ്റ്റ്. ഞങ്ങളുടെ എല്ലാം അടുത്ത സുഹൃത്തും നാട്ടുകാരനുമായ ഞങ്ങളുടെ സ്വന്തം മാഷ്.
ഇത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവ കഥ. [സ്ഥലവും കഥാപാത്രങ്ങളുടെ പേരും മാറ്റിയിട്ടുണ്ട്]
ഹെഹെ കൊള്ളാം ... ഞാന്‍ ആദ്യം കരുതി 'മാഷിന് ഭയങ്കര വിയര്‍പ്പ് നാറ്റമാ അതിനാ ഈ പെര്‍ഫ്യും' എന്നാവും കത്തിലെന്നു......
പാവം മാഷ്
കൊള്ളാം, ഇഷ്ടപ്പെട്ടു. മനസ്സ് ഏതു മൂഡില്‍ ഇരുന്നാലും ശ്രീയുടെ പോസ്റ്റു വായിച്ചു കഴിയുമ്പോള്‍ ഹൃദ്യമായ ഒരു തണുപ്പ് മനസ്സിനെ പൊതിയാറുണ്ട്! ഭംഗി വാക്കല്ല, ഞാന്‍ അനുഭവിക്കാറുള്ളതാണ്.
ആദ്യ പ്രണയം, അതെത്ര പരാജയമായിരുന്നാലും ജീവിതകാലം മുഴുവൻ ഓർമ്മയിൽ നിൽക്കുമെന്ന് അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്. മറക്കാൻ കഴിയില്ലെന്നത് ഒരു സത്യമാണ്...!
മാഷിന്റെ അത്യാഗ്രഹത്തിന് എന്നൊന്നും പറയാനാവില്ല. ഇതൊക്കെ ഏതൊരു കമിതാക്കൾക്കും പറ്റുന്നതു തന്നെ..
ആശംസകൾ...
ആ കൂട്ടുകാരൻ മാഷ്ക്ക്
നഷ്ട്ടപ്രണയത്തിന് പകരം
ഒരു പെർഫ്യൂമെങ്കിലും കിട്ടിയല്ലൊ..
അതുപോലും കിട്ടാത്തവർ എത്രയെത്ര..!
എന്തായാലും ശ്രീ നന്നായി പറഞ്ഞു..കേട്ടൊ
kollaam ketto.
bilathippattanam paranjath sariya.nashtapranayathinu oru perfuminte sugandhamenkilum undallo...athupolum kittaathavar ethra....
paavam "mashinte" wife ariyanda.....
അമൃതംഗമയ...
ആദ്യ കമന്റിനു നന്ദി, നിതേഷ് :)
Baiju Elikkattoor ...
സന്തോഷം. പ്രോത്സാഹനത്തിനു വളരെ നന്ദി മാഷേ.
വീ കെ...
ഒരു പ്രണയം എന്ന ലെവലിലേവൈക്ക് ആ ആഗ്രഹം വളര്‍ന്നിരുന്നു എന്ന് പറയാനാകില്ല. എന്നാലും നമ്മുടെ മാഷ് കുറച്ചൊന്നു പ്രതീക്ഷിച്ചിരുന്നു :)
നന്ദി.
ബിലാത്തിപട്ടണം Muralee Mukundan...
അതും ശരിയാ. അങ്ങനെ സമാധാനിയ്ക്കാം :)
ജന്മസുകൃതം...
അതേയതെ.
വായനയ്ക്കും കമന്റിനും നന്ദി.
ജോബി|| Joby ...
ഉം, ശരി തന്നെ :)
അപ്പോള്‍ ശ്രീയുടെ കയ്യില്‍ സ്റോക്ക് ഉണ്ട് അല്ലെ ? അപ്പോള്‍ ഇനിയും പ്രതീക്ഷട്ടെ
പണ്ട് ഇതുപോലൊരു പറ്റ് എനിക്കും പറ്റിയിട്ടുണ്ട്..ജൂനിയര്‍ ഒരു പയ്യന് എന്തോ ഒരിതുണ്ടെന്ന് അവന്റെ കൂട്ടുകാര്‍ പറഞ്ഞു ഫലിപ്പിച്ചു, ഞാനാണെങ്കി എന്റേം ഏട്ടന്റേം പ്രണയം കോളേജിലറിയാതെ കൊണ്ടുനടക്കുന്ന സമയവും.. ഇവനോടു മാത്രം സത്യം പറയേണ്ടി വരുമെന്ന് കരുതി പറയാനുള്ള വാക്കുകളൊക്കെ റിഹേഴ്സലെടുത്ത് ചെന്നു.അപ്പോ അവന്‍ ഒരു പൊതി നീട്ടിയിട്ട് ഇത് ആരും കാണാതെ തുറന്നുനോക്കണം, എന്നിട്ടേ എന്തെങ്കിലും പറയാവൂ, എന്ന്.. ഞാനതുംകൊണ്ട് പെണ്‍കുട്ടികളുടെ വിശ്രമമുറിയിലേക്ക് ഓടി...എനിക്കേറ്റവും ഇഷ്ടപ്പെട്ട ഡയറിമില്‍ക്ക് ആണെന്നോ മറ്റോ ആരോ പിന്നില്‍നിന്ന് വിളിച്ചുകൂവി... ഞാന്‍ ചെന്ന് മെല്ലെ മെല്ലെ ഓരോ പൊതിയായി അഴിച്ചു..പാഞ്ചാലീവസ്ത്രാക്ഷേപം പോലെ അതങ്ങനെ നീണ്ടുനീണ്ടുപോയി....ഒടുക്കം....എന്തായിരുന്നു....?
.
.
.
.
.
501ബാര്‍സോപ്പിന്റെ ഒരു കട്ട....!!!!
(അന്നുമുതല്‍ എനിക്ക് 501 എന്നുംകൂടി പേരുവീണു..)
Long time since I came here last. Nice one, Sree.
പഴയ സംഭവങ്ങള്‍ ഓര്‍ത്താല്‍ രസമാണ്. മാഷിന് ഇത്രയല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്കാം
ഇത്രയല്ലേ പറ്റിയുള്ളൂ, ഞങളുടെ കൂട്ടുകാരന്‍ മാഷ് (ശെരിക്കും അവന്‍റെ പേര് അങ്ങിനെയാണ്) പറ്റിയ പറ്റൊക്കെ എഴുതാന്‍ തുടങ്ങിയാല്‍ ഒരു വലിയ നോവല്‍ തന്നെ എഴുതേണ്ടി വരും.
ഈ മാഷിനെയാ ഞങ്ങള്‍ 'മന്മദന്‍' എന്ന് വിളിക്കുന്നത്. ഇവന്‍റെ ലീലവിലാസം ആണ് എന്‍റെ ആദ്യത്തെ പോസ്റ്റ്.
കുറിപ്പ് നന്നായിരുന്നു, ആശംസകള്‍
ശ്രീയുടെ ഗ്രാമീണലാളിത്യം നിറഞ്ഞ പോസ്റ്റുകൾ വായിക്കുന്നത് ഒരനുഭൂതിയാണ്... രസകരങ്ങളായ എൺപതുകളിലെ അനുഭവങ്ങളുടെ ഓർമ്മകളിലേക്ക് പോകുന്നത് പോലെ...
പാവം മാഷ്...
good....
ഹഹ......പാവം മാഷ്.
നിങ്ങള്‍ക്കൊക്കെ ചിരിയ്ക്കാം.
ആ പാവം മാഷിന്റെ അവസ്ഥ ആര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും.
നന്നായി പറഞ്ഞു കേട്ടോ
MyDreams...
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)
മൈലാഞ്ചി ചേച്ചീ...
501! നല്ല പേര്! ഓരോരോ പേരു വരുന്ന വഴിയേയ്...
അനുഭവം രസമായി പങ്കു വച്ചു, ചേച്ചീ... നന്ദി.
ആര്യന്‍ ...
ശരിയാണ്, ഒരുപാടു കാലമായല്ലോ ഈ വഴി വന്നിട്ട്? സന്തോഷം :)
പട്ടേപ്പാടം റാംജി ...
അതു തന്നെ, മാഷേ :)
SREEJITH NP ...
നന്ദി. മന്മദവിലാസം വായിച്ചിരുന്നു. :)
വിനുവേട്ടാ...
വളരെ സന്തോഷം. അപ്പോ എണ്‍പതുകളിലും സമാനമായ എന്തോ അനുഭവങ്ങളുണ്ടായിരുന്നു എന്നു വേണ്ടേ ഞങ്ങള്‍ മനസ്സിലാക്കാന്‍? ;)
പാറുക്കുട്ടി ...
നന്ദി.
പ്രയാണ്‍ ചേച്ചീ...
അതെയതെ. വായനയ്ക്കും കമന്റിനും നന്ദി.
:)
ajith മാഷേ...
സത്യം തന്നെ. പിന്നെ, മാഷിന് ഇതു പോലുള്ള അനുഭവങ്ങള്‍ പുത്തരിയല്ല :)
ശ്രീയുടെ എഴുത്ത് വായിക്കാൻ ഒരു പ്രത്യേക സുഖം ആണ് ആ കഥയിലെ കഥാപാത്രങ്ങൾ ഓരോന്നും നമ്മൾ ആണെന്നു തോന്നിപ്പോകുന്ന വിധം ലളിതമായ വിവരണം.
പിന്നെ വിഷയം പ്രണയം ആകുമ്പോൾ പ്രത്യേകിച്ചും.
മാഷിനു ഉടലെടുത്ത പ്രണയം ഒന്നും അല്ലാതിരുന്നതു കൊണ്ട് വിഷമം ഒന്നും ഉണ്ടായിരിക്കില്ല അല്ലെ?
അവൾക്കു പ്രണയം ആയിരിക്കും എന്നു തോന്നി - ഒന്നുചമ്മി അത്രെ ഉള്ളൂ ഹ ഹ ഹ
Beautifully presented with full of suspense
thanks sree
ആളെ എനിക്ക് മനസ്സില്ലായി. പക്ഷെ പേരു പറയുന്നില്ല. പുള്ളി ഇപ്പൊൾ കല്ല്യാണ്ണം കഴിച്ചു.
ഭാര്യയോടു ഈ കഥ പറഞൊ?
ഹൗ! ആ പെർഫ്യൂം കിട്ടുന്നവരെ ഞാൻ ഒന്നും പ്രതീക്ഷിക്കാതെ വായിച്ചു. പക്ഷെ പിന്നെ ഞാനും ചെറുതായി ആശിക്കാൻ തുടങ്ങി.
തകർത്തുകളഞ്ഞല്ലോ ശ്രീ! (ദ്വയാർത്ഥങ്ങളും ശരിയാണു്)
ന്നാലും കഷ്ടായിപ്പോയി ശ്രീ ..:)
പാവം മാഷ് ..
മാഷിന്റെ ഒരു കാര്യേ.. ഇവിടം കൊണ്ടറിഞ്ഞത് നന്നായി. അല്ലെങ്കില്‍ മാഷ് ഒരുപാട് പ്രതീക്ഷിച്ച് ഒരു വക ആയിപ്പോയേനെ.
PS ശ്രീയുടെ പോസ്റ്റുകള്‍ക്ക് ഉള്ള ഒരു സ്റ്റാമ്പ് ഇതിലും കണ്ടു.
പണിയ്ക്കര്‍ സാര്‍...
വളരെ ശരിയാണ്. കുറച്ചൊന്ന് ആശിച്ചു പോയതിനാല്‍ ഒന്നു ചമ്മി! അത്രയേ ഉണ്ടായുള്ളൂ...
പ്രോത്സാഹനത്തിനു വളരെ നന്ദി :)
Krishna...
വളരെ നന്ദി ട്ടോ :)
പിള്ളേച്ചാ...
നിനക്ക് ആളെ മനസ്സിലാക്കാന്‍ പറ്റുമെന്നറിയാമായിരുന്നു :)
മാഷിന്റെ ഭാര്യയോട് വഴിയേ പറയാം, പോരേ? ;)
ചിതല്‍/chithal ...
സന്തോഷം മാഷേ. ആ സന്ദര്‍ഭം വായനക്കാരിലേയ്ക്കെത്തിയ്ക്കാനായോ എന്ന് സംശയിച്ചിരുന്നു.
ദ്വയാര്‍ത്ഥങ്ങള്‍ തോന്നുന്നുണ്ടോ? അങ്ങനെ ഒന്നും ഉദ്ദേശ്ശിച്ചിട്ടില്ല :)
kochumol(കുങ്കുമം) ...
അതെയതെ, പാവം മാഷ്! :)
Sukanya ചേച്ചീ...
അതു തന്നെ, അതല്ലേല്‍ ആ കുട്ടിയോട് അങ്ങോട്ട് എന്തേളും ചോദിച്ച് കൂടുതല്‍ നാണക്കേടായേനെ :)
നന്ദി ചേച്ചീ...
ഇത്രയല്ലേ പറ്റിയുള്ളൂന്ന് സമാധാനിക്കാം. തന്റെ ശിഷ്യക്ക് പ്രേമലേഖനം കൊടുത്ത് വെട്ടിലായ ഒരു മാഷെക്കുറിച്ച് മുൻപ് കേട്ടിരുന്നു. പിള്ളേരുടെ കൈയ്യീന്ന് എന്തേലും കിട്ടിയിരുന്നോന്ന് അറിയില്ല :)
പാവം മാഷ്, എല്ലാ പ്രതീക്ഷകളും ഒറ്റയടിക്കല്ലേ തകര്‍ന്നു പോയത്.
ഭാവുകങ്ങള്‍.
പതിവ് പോലെ ശ്രീയുടെ നല്ല അവതരണം .. നഷ്ട പ്രണയം അതൊരു നഷ്ടം തന്നെയാണു മാഷെ
അയ്യോ! പാവം മാഷ്....
അങ്ങനെ ഓരോന്നൊക്കെ വിചാരിച്ച് വിചാരിച്ച് ....കഷ്ടം! അല്ലേ?
എന്‍റെ അമളികളെ പറ്റി ഞാനും ഒരു പോസ്റ്റ് ഇട്ടാലോ എന്നൊരു ആലോചന ഇതു വായിച്ചപ്പോള്‍.....
ഇന്നത്തെ ദിവസം നന്നാവും, ആദ്യം വായിച്ചത് ശ്രീയുടെ പോസ്റ്റാണ്....
ഇവിടെ ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു.
ഇത്തരം ചില പാരലല്‍ കോളേജ് വാദ്യാന്മാര്‍ പണ്ടുണ്ടായിരുന്നു.
ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം നേരെ പറയാന്‍ ചങ്കൂറ്റമില്ലാത്ത പെണ്‍കുട്ടികള്‍ ഇല്ല തന്നെ.
അനുഭവം ലളിതമായി പറഞ്ഞു
കൊള്ളാം, ഇഷ്ടപ്പെട്ടു
നാട്ടിൻപുറത്തിൻറെ ഫീൽ .. നല്ല രസണ്ട്
മാഷിന്റെ വിയർപ്പുനാറ്റം സഹിക്കാൻ പറ്റാഞ്ഞതുകൊണ്ടാവാം പർഫ്യും കൊടുത്തത് എന്നാണ് എനിക്ക് തോന്നിയത്. കഥ ഒടുക്കംവരെ സസ്പൻസ് നിലനിർത്തിക്കൊണ്ടുതന്നെ എഴുതി. ആശംസകൾ
ജീവി കരിവെള്ളൂർ ...
ഇവിടെ ആ ശിഷ്യ അതൊന്നും അറിയാതിരുന്നതു കാരണം മാഷിനോടുള്ള ബഹുമാനത്തിന് ഒരു കുറവും ഉണ്ടായില്ല, ഭാഗ്യം :)
കാസിം തങ്ങള്‍ ...
കുറേക്കാലത്തിനു ശേഷമുള്ള ഈ വരവിനും വായനയ്ക്കും നന്ദി, മാഷേ :)
ജുജുസ് ...
നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.
Echmu ചേച്ചീ...
എന്നാല്‍ പിന്നെ വൈകാതെ അതും അങ്ങ് പോസ്റ്റ് ചെയ്യൂ ചേച്ചീ :)
വേണുഗോപാല്‍ ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
kerala muslim matrimonial ...
സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി.
lishana ...
സ്വാഗതം.
വായനയ്ക്കും കമന്റിനും നന്ദി.
Madhusudanan Pv ...
ഹഹ. സന്തോഷം മാഷേ. ഇവിടെ വരെ വന്നതിലും വായിയ്ക്കാന്‍ സമയം കണ്ടെത്തിയതിനും നന്ദി.
എന്നാലും ആ കുട്ടി ഇങ്ങനെ ഒരു ചതി ചെയ്യേണ്ടിയിരുന്നില്ല, മാഷോട്. പാവം എന്തൊക്കെ പ്രതീക്ഷിച്ചു.
Sree,
interesting
ലളിതം. സുന്ദരം. അഭിനന്ദനങ്ങൾ ശ്രീ.
കൊള്ളാം. നന്നായിട്ടുണ്ട്. നല്ല അവതരണം
NICE BLOG.
http://www.intimatematrimony.com/
I liked reading the post, This post is really nice and pretty well maintained, thanks for it and keep updating. https://www.bismatrimony.com
Post a Comment