Monday, February 4, 2013

ഫിയൂസ്ക്യൂ


ബാംഗ്ലൂരില്‍ വന്ന് ജോലി കിട്ടിയ ശേഷം പരിചയപ്പെട്ട മലയാളികള്‍ കുറച്ചു പേരുണ്ടെങ്കിലും വളരെ അടുപ്പമുള്ള, എന്തും തുറന്നു പറയാവുന്നത്ര അടുപ്പമുള്ളവര്‍ ചുരുക്കമേയുള്ളൂ. അങ്ങനെയുള്ള ഒരാളാണ് എന്റെ സഹപ്രവര്‍ത്തകനായിരുന്ന പയസ് അഥവാ ഫിയൂസ് അഥവാ ഫിയൂസ് ക്യൂ. പയസ്സിന് ആ പേരു വന്ന കഥയാണിത്.  എന്തു കൊണ്ടോ ഞങ്ങളുടെ ടീമില്‍ ഒന്നിനു പുറകേ ഒന്നായി മലയാളികള്‍ വന്നു ചേര്‍ന്ന സമയമായിരുന്നു 2007-2009 കാലഘട്ടം.  ആദ്യം സോബു. പുറകേ ഞാന്‍. അതിനു പിന്നാലെ വന്ന ഏഴ് മലയാളികളില്‍ ആദ്യത്തെ ബാച്ചിലാണ് ബില്‍ബിയ്ക്കൊപ്പം പയസ്സും വന്നു ചേര്‍ന്നത്. (സരിത്, സുജിത്ത്, വിനീത്, അഭിലാഷ്, എന്‍ലിസ് എന്നിവരായിരുന്നു മറ്റുള്ളവര്‍).

ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ വരുമ്പോള്‍ അവിടെ ആകെയുള്ള ഒരു മലയാളി സോബു മാത്രമായിരുന്നു. ഞങ്ങള്‍ അവിടെ ഒരുമിച്ച് ഏകദേശം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തവെങ്കിലും അവിടെ വച്ച് എടുത്തു പറയാവുന്ന, അതല്ലെങ്കില്‍ ഓര്‍ത്ത് ചിരിയ്ക്കാവുന്ന തമാശകളൊന്നും ഉണ്ടായിരുന്നില്ല. (ഞാനും സോബുവും സഞ്ജുവും എല്‍ദോയും ലിനക്സ് പഠിച്ചത് ഒരുമിച്ചാണ്. അന്നത്തെ ചില സംഭവങ്ങള്‍ പിന്നീട് എഴുതാം). എന്നാല്‍ അതിനു ശേഷം മലയാളികളുടെ ഒരു കൂട്ടം തന്നെ വന്നു ചേര്‍ന്നതു കൊണ്ടാകണം പിന്നീടുള്ള ഒന്നു രണ്ടു വര്‍ഷം രസകരമായിരുന്നു. ഓരോ ദിവസവും എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകും അല്ലെങ്കില്‍ ഉണ്ടാക്കും. ബ്രേയ്ക്ക് ഫാസ്റ്റ്, ലഞ്ച് ഇടയ്ക്ക് ചായ കുടിയ്ക്കാന്‍ പോകുമ്പോള്‍... അങ്ങനെ എപ്പോഴായാലും ഞങ്ങള്‍ മലയാളിക്കൂട്ടം ഒരുമിച്ചു തന്നെ ആയിരിയ്ക്കും.

ഓരോ ദിവസവും കഫെയില്‍ എല്ലാവരും ഒത്തു കൂടുമ്പോള്‍ എല്ലാവര്‍ക്കും കൂടി പറഞ്ഞു ചിരിയ്ക്കാന്‍ എന്തെങ്കിലും ഒക്കെ കാണും. നേര്‍ച്ചക്കോഴി എന്നൊക്കെ പറയും പോലെ മിക്കവാറും നറുക്ക് വീഴുക പയസ്സിനു തന്നെ ആയിരിയ്ക്കും. ഇനി ഒന്നുമില്ലെങ്കിലും അവന്‍ മന:പൂര്‍വ്വമോ അല്ലാതെയും എന്തേലും ഒപ്പിച്ച് എടുക്കുകയും ചെയ്യും... കാര്യം എന്ത് ജോലി അവനെ ഏല്‍പ്പിച്ചാലും അവന്‍ അത് ചെയ്ത് തീര്‍ക്കുമെങ്കിലും ആ ഒരു കാര്യം നടന്നു കിട്ടാന്‍ മാനേജരായാലും ശരി, മറ്റാരായാലും ശരി ഒരു മൂന്നു നാലു തവണ എങ്കിലും അവന് Reminder Mail അയച്ചേ തീരൂ. മാത്രമല്ല, അത് എന്നത്തേയ്ക്കാണോ തീര്‍ക്കേണ്ടത് ആ ദിവസമേ അവന്‍ ആ വര്‍ക്ക് ചെയ്യുകയുമുള്ളൂ... എന്നാല്‍ മറ്റേതെങ്കിലും ടീമില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിലോ... ഒരു വാക്കു പറഞ്ഞാല്‍ മതി, സ്വന്തം വര്‍ക്ക് പെന്റിങ്ങ് ആക്കിയിട്ടാണെങ്കിലും അവന്‍ അവരെ സഹായിയ്ക്കുകയും ചെയ്യും. അങ്ങനെ തുടങ്ങി ചില പ്രത്യേകതകളൊക്കെ ഉണ്ട് ആശാന്റെ രീതികളില്‍.  ചിലപ്പോഴൊക്കെ ഡാറ്റാ സെന്ററില്‍ ഞങ്ങളുടെ ടീമില്‍ ആളില്ലാത്ത സമയത്തോ മറ്റോ എനിയ്ക്കെന്തെങ്കിലും സഹായം വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവനോട് ഫ്രീയാണോ എന്ന് ചോദിച്ചാല്‍ അപ്പോ തന്നെ അവന്‍ എന്റെ കൂടെ വരികയും എന്റെ വര്‍ക്കില്‍ എന്നെ സഹായിയ്ക്കുകയുമൊക്കെ ചെയ്യും. എന്നിട്ട് എല്ലാം കഴിയുമ്പോഴായിരിയ്ക്കും അവന്‍ പറയുക ' എന്റെ ആവശ്യം കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്ക്കോട്ടെ, ശ്രീ? എന്നെ ഒരു പണി ഏല്‍പ്പിച്ചിട്ടാണ് ബില്‍ബി ഇങ്ങോട്ട് വിട്ടത്. ഇനി അതു ചെയ്യട്ടെ' എന്നൊക്കെ... അതാണ് അവന്‍!

അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ട്. പക്ഷേ, ഇവിടെ ഇപ്പോള്‍ പറഞ്ഞു വന്നത് പയസ്സിന്റെ പേരിന് പരിവര്‍ത്തനം വന്ന കഥ ആണ്.  പയസ്സും ബില്‍ബിയും ടീമില്‍ ചേരുമ്പോള്‍ അന്നത്തെ ടീമിലുള്ള മലയാളികളല്ലാത്ത സഹപ്രവര്‍ത്തകര്‍ക്ക് ഒരു കൌതുകമായിരുന്നു.  രണ്ടു മലയാളികള്‍... രണ്ടു പേരും ഒരേ സെക്ഷനില്‍ (അന്ന് അവര്‍ Asset Management Team ലായിരുന്നു). പോരാത്തതിന് രണ്ടാളും എപ്പോഴും ഒരുമിച്ചേ നടക്കൂ... അങ്ങനെയങ്ങനെ. അക്കാലത്ത് വിന്‍ഡോസ് ഡാറ്റാ സെന്റര്‍ ടീമിലെ സതീഷാണ് ആദ്യമേ തന്നെ പയസ്സിന്റെ പേര് പയസ്സ് എന്നത് പിയൂസ് എന്ന് വിളിച്ചു തുടങ്ങിയത്. കര്‍ണ്ണാടകക്കാരനായ സതീഷിനോട് ഞങ്ങളെല്ലാം എത്ര തവണ ആ പേര് തിരുത്തി പറയിച്ചിട്ടും അവന്‍ പിന്നെയും 'പിയൂസ്' എന്ന വിളി തന്നെ തുടര്‍ന്നു. പതുക്കെ പതുക്കെ മറ്റുള്ളവരും അവനെ തമാശയ്ക്ക് പിയൂസ്സേ എന്ന് വിളിയ്ക്കാന്‍ തുടങ്ങി. അതേ പോലെ കോട്ടയം ജില്ലക്കാരനായ പയസ്സ് ആ നാട്ടുകാരായ പലരെയും എന്ന പോലെ പോലെ മിക്കപ്പോഴും "ഭ" എന്ന വാക്ക്  തെറ്റായി (തെറ്റാണെന്ന് അവന്‍ സമ്മതിയ്ക്കില്ല) "ഫ" എന്നാണ് ഉച്ചരിച്ചിരുന്നത്. (ഉദാ: ഭൂമി എന്നതിന് "ഫൂമി", ഭയങ്കരം, ഭീഭത്സം എന്നതിനൊക്കെ "ഫയങ്കരം", "ഫീഫത്സം" അങ്ങനെയങ്ങനെ. [മിക്കവാറും ഈ പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിയുമ്പോ എനിയ്ക്കൊരു അടി ഉറപ്പാ].  അങ്ങനെ പയസ്സിന് "ഫ" യോടുള്ള അമിത സ്നേഹം എന്ന ആ ഒറ്റക്കാരണം കൊണ്ടു തന്നെ പതുക്കെ പതുക്കെ ഞങ്ങളൊക്കെ അവന്റെ പേര് പിന്നെയും മാറ്റി "ഫിയൂസ്" എന്നാക്കി.

അങ്ങനെ നാളുകള്‍ കടന്നു പോയി. ഇതിനിടയില്‍ എപ്പോഴോ അന്നത്തെ മാനേജര്‍ ആയ സുധീര്‍ പയസ്സിനോടും ബില്‍ബിയോടും അവരുടെ വര്‍ക്കുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചാര്‍ട്ട് ആക്കുന്നതിനും അതു വച്ച്  ഡയഗ്രങ്ങള്‍ വരച്ച് അദ്ദേഹത്തിന് സബ്‌മിറ്റ് ചെയ്യുവാനും ആവശ്യപ്പെട്ടു. ഡയഗ്രങ്ങള്‍ വരയ്ക്കാനുള്ള സൌകര്യത്തിന്  "മൈക്രോസോഫ്റ്റ് വിഷ്യോ (Microsoft Visio)" എന്ന  സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്നത് നന്നായിരിയ്ക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

അതിന്റെ അടുത്ത ദിവസം തന്നെ രാവിലെ ഞാനും ബില്‍ബിയും ഒരുമിച്ച് ഇരുന്ന് വര്‍ക്ക് ചെയ്യുകയായിരുന്നു. ബില്‍ബി തലേന്ന് സുധീര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷ്യോ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ആവശ്യമായ ഡയഗ്രങ്ങള്‍ വരയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.

അപ്പോഴാണ് ഒരു ചായയും കൊണ്ട് പയസ്സ് ആ മുറിയിലേയ്ക്ക് കടന്നു വന്നത്. ഞങ്ങളെ രണ്ടാളെയും വിഷ് ചെയ്ത് അവന്‍ അപ്പുറത്തെ ഒരു കസേരയില്‍ പോയിരുന്നു. എന്നിട്ട് ലാപ്‌ടോപ്പും ഓന്‍ ചെയ്ത് നേരെ യൂ ട്യൂബും ലോഡ് ചെയ്യുന്നതും നോക്കി ഇരിപ്പായി. (അത് അന്ന് അവന്റെ രു വീക്ക് നെസ്സ് ആയിരുന്നു. എത്ര പെന്റിങ്ങ് വര്‍ക്ക് ഉണ്ടെങ്കിലും എത്ര നേരം വൈകി ഓഫീസിലെത്തിയാലും ശരി... ആദ്യം തന്നെ അവന്‍ ചെയ്യുന്ന കാര്യം ലാപ് ടോപ്പ് തുറന്ന് യൂ ട്യൂബ് തുറക്കുക എന്നതായിരുന്നു, അതില്‍ എന്തെങ്കിലുമൊക്കെ കുറച്ചു നേരം നോക്കിയ ശേഷം സ്വന്തം ജീമെയിലും മറ്റും നോക്കിയ ശേഷം മാത്രമേ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ നോക്കാനായി ഔട്ട്ലുക്ക് പോലും തുറക്കൂ.)

അപ്പോഴാണ് ബില്‍ബി എന്തോ വരയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അവന്‍ അവിടെ തന്നെ ഇരുന്നു കൊണ്ട് ബില്‍ബിയോട് വിളിച്ചു ചോദിച്ചു "അതെന്നാടാ ബില്‍ബീ, നീ ഈ ചെയ്യുന്നേ?"

"ഇന്നലെ സുധീര്‍ പറഞ്ഞത് നീ മറന്നു പോയോ? വിഷ്യോ ഉപയോഗിച്ച് നമ്മളോട് ചില ചാര്‍ട്ടും ഡയഗ്രവും ഒക്കെ വരച്ച് പുള്ളിയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞില്ലേ? പുള്ളിയ്ക്ക് ആത് ഏതോ മീറ്റിങ്ങിന് കാണിയ്ക്കേണ്ടതാണെന്ന്"  ബില്‍ബി മറുപടി പറഞ്ഞു. അപ്പോഴാണ് പയസ്സ് യൂ ട്യൂബും നോക്കി കൊണ്ടിരിയ്ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അതു കണ്ട് സ്വല്‍പം ദേഷ്യത്തില്‍ ബില്‍ബി തുടര്‍ന്നു " നീ ആ യൂ ട്യൂബ് ക്ലോസ് ചെയ്യുന്നുണ്ടോ? രാവിലെ വന്നാല്‍ അപ്പോ തുടങ്ങും... എന്നിട്ട് ആ വിഷ്യോ ഇന്‍സ്റ്റാള്‍ ചെയ്ത് മറ്റേ ഡയഗ്രം ശരിയാക്കാന്‍ നോക്ക്"

സത്യത്തില്‍ പയസ്സ് അന്നു വരെ വിഷ്യോ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല (കേട്ടിട്ടുണ്ടെന്നല്ലാതെ അന്ന് ഞാനും അത് ഉപയോഗിച്ചിട്ടില്ലായിരുന്നു കേട്ടോ). അതു കൊണ്ട് അവന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സെര്‍ച്ച് ചെയ്യുന്ന URL ഓപ്പണ്‍ ചെയ്ത് ബില്‍ബിയോട് വീണ്ടും ചോദിച്ചു. "എന്നാടാ, ആ സോഫ്റ്റ്‌വെയറിന്റെ പേരെന്നാന്നാ പറഞ്ഞേ?"

തന്റെ പണികള്‍ തുടരുന്നതിനിടയില്‍ തിരിഞ്ഞു നോക്കാതെ തന്നെ ബില്‍ബി മറുപടി പറഞ്ഞു "വിഷ്യോ... മൈക്രോസോഫ്റ്റ് വിഷ്യോ"

പയസ്സിന് കാര്യം ശരിയ്ക്ക് പിടി കിട്ടിയില്ല. ആശയക്കുഴപ്പത്തോടെ അവന്‍ വീണ്ടും ചോദിച്ചു. "എന്നതാണെന്ന്? M i c r o f t ... പിന്നെന്താ??? നീ ആ വിഷ്യോ ന്റെ സ്പെല്ലിങ്ങ് ഒന്ന് പറഞ്ഞേ..."

അപ്പോഴേയ്ക്കും ബില്‍ബി ചിരിച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു. "ഇവന്റെ ഒരു കാര്യം നോക്കിയേ ശ്രീ... ഇപ്പോഴാണ് അത് തപ്പുന്നത് തന്നെ" തുടര്‍ന്ന് വീണ്ടും അവനോട് പറഞ്ഞു. എടാ... വിഷ്യോ... "അതായത്  "V"... "

അപ്പോഴേയ്ക്കും ഞാനും  ഇടയില്‍ കയറി പറഞ്ഞു "... I..."

അതേ... "V... I....S...I..." ബില്‍ബി തുടര്‍ന്നു.

"ആ പിന്നെ...? "പയസ്സിന് സ്പെല്ലിങ്ങ് മുഴുവനും അറിയണം.

ചിരിച്ചു കൊണ്ട് തമാശ പോലെ ഞാന്‍ ഇടയില്‍ പറഞ്ഞു..."Q" [ സമ്മര്‍ ഇന്‍ ബത്ലെഹേം എന്ന ചിത്രത്തില്‍ 'ജലന്തര്‍' എന്ന സ്ഥലത്തിന്റെ സ്പെല്ലിങ്ങ് ജയറാം കലാഭവന്‍ മണിയെ കൊണ്ട് പറയിപ്പിയ്ക്കുമ്പോള്‍ ജലന്തറിന്റെ സ്പെല്ലിങ്ങ് "Q.. U...E..." എന്നും പറഞ്ഞ് മണി പറയുന്ന സീനിനെ പറ്റി ഞങ്ങളെല്ലാവരും തന്നെ ഇടയ്ക്കിടെ പറഞ്ഞു ചിരിയ്ക്കാറുള്ളതോര്‍ത്ത്  പെട്ടെന്ന് പറഞ്ഞതാണ്]

"...O... അപ്പോഴേയ്ക്കും ബില്‍ബി സ്പെല്ലിങ്ങ് പറഞ്ഞു തീര്‍ത്തതായിരുന്നു. എന്നാലും ഞാന്‍ പറഞ്ഞതിലെ തമാശ പെട്ടെന്ന് ഉള്‍ക്കൊണ്ട് ബില്‍ബിയും അതില്‍ പങ്കു ചേര്‍ന്നു കൊണ്ട് ചിരിച്ചു കൊണ്ട് ആവര്‍ത്തിച്ചു... "തന്നെ തന്നെ... V... I...S...I...Q...O..."

തുടര്‍ന്ന് ഞാനും ബില്‍ബിയും സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ ആ സീനിനെ പറ്റി വീണ്ടും എന്തൊക്കെയോ പറഞ്ഞ് അതോര്‍ത്ത് ചിരിച്ചു വര്‍ത്തമാനം പറഞ്ഞ് ഞങ്ങളുടെ വര്‍ക്ക് തുടരുമ്പോള്‍ പുറകിലിരുന്ന് പയസ്സ്  "ശ്ശേ! "No Matching Word Found" എന്ന് പിറുപിറുക്കുന്നത് കേട്ടു.

തുടര്‍ന്ന് ബില്‍ബിയോടായി പറഞ്ഞു. "എടാ ബില്‍ബീ, നീ എവിടുന്നാ ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്തെടുത്തത്? ഈ ഓഫീസ് സൈറ്റില്‍ നിന്ന് തന്നെ ആണോ അതോ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതാണോ? എനിയ്ക്ക് ഇത് തപ്പിയിട്ട് കിട്ടുന്നില്ലല്ലോ"

"നീ ഇതെവിടെയാ തപ്പി നോക്കിയത്. ഞാന്‍ അവിടുന്ന് തന്നെ ഇന്ന് രാവിലെ അത് ഇന്‍സ്റ്റാള്‍ ചെയ്തതാണല്ലോ. ഞാന്‍ നോക്കട്ടെ" എന്നും പറഞ്ഞ് ബില്‍ബി എഴുന്നേറ്റ് പയസ്സിന്റെ അടുത്തേയ്ക്ക് ചെന്നു.

പയസ്സിന്റെ അടുത്തെത്തി, അവന്റെ ലാപ്‌ടോപ്പിലേയ്ക്ക് കുനിഞ്ഞ് നോക്കിയതും ബില്‍ബി പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ വിളിച്ചു "എന്റെ ശ്രീയേയ്... ഒന്നിങ്ങ് വന്നേ... ഇത് നോക്കിയേ, ഇവനെന്താ ഈ കാണിച്ചു വച്ചിരിയ്ക്കുന്നത് എന്ന്"

അവിടെ എന്താണ് സംഭവിച്ചിരിയ്ക്കുക എന്നറിയാനുള്ള ആകാംക്ഷയോടെ ഞാനും വേഗം അങ്ങോട്ട് എഴുന്നേറ്റ് ചെന്ന് അവനെന്താണ് ചെയ്തത് എന്ന് നോക്കി. എന്താണ് സംഭവം എന്ന് മനസ്സിലായതും എനിയ്ക്കും ചിരിയടക്കാന്‍ പറ്റാതായി.  ഞാനും ബില്‍ബിയും ചിരിച്ചു മറിയുന്നതും കണ്ടു കൊണ്ടാണ് സുജിത്ത് അങ്ങോട്ട് കയറി വന്നത്. ഞങ്ങള്‍ രണ്ടാളും ചിരിച്ചു കൊണ്ടു നില്‍ക്കുന്നതും കാര്യം മനസ്സിലാകാതെ പയസ്സ് അന്തം വിട്ടിരിയ്ക്കുന്നതും കണ്ട് അവനും കാര്യമന്വേഷിച്ചു. ബില്‍ബി സംഭവം ചുരുക്കി പറഞ്ഞിട്ട് സുജിത്തിനെയും പയസ്സിന്റെ ലാപ്‌ടോപ്പ് കാണിച്ചു കൊടുത്തു. സുജിത്തും തന്റെ സ്വതസിദ്ധമായ അട്ടഹാസം പോലുള്ള ചിരിയോടെ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു.

അപ്പോഴും കാര്യം മനസ്സിലാകാതെ പയസ്സ് ചോദിച്ചു "നിങ്ങളെന്നാത്തിനാടാ ഈ ചിരിയ്ക്കുന്നേ? ഇതിലെങ്ങനെയാ അത് സെര്‍ച്ച് ചെയ്ത് എടുക്കുന്നേ എന്ന് പറയ്"

സുജിത്ത് പയസ്സിന്റെ പുറത്ത് തമാശയ്ക്ക് അടിച്ചു കൊണ്ട് ചോദിച്ചു. "ഇതെന്താടാ പയസ്സേ... വിഷ്യോ ന്റെ സ്പെല്ലിങ്ങിലെന്തിനാ ഒരു Q?"

"ങ് ഹേ? അതെന്താ, Q വേണ്ടേ?" പയസ്സിന് സംശയം മാറിയില്ല.

"എടാ, അത് ഞാന്‍ ഇടയ്ക്ക് കയറി ചുമ്മാ പറഞ്ഞതല്ലേ? സമ്മര്‍ ഇന്‍ ബത്‌ലെഹേം എന്ന ചിത്രത്തില്‍ മണി സ്പെല്ലിങ്ങ് പറഞ്ഞതു പോലെ വെറുതേ ബില്‍ബി പറഞ്ഞതിനിടയില്‍ പറഞ്ഞതല്ലേ? നമ്മള്‍ എത്ര തവണ ആ സിനിമയിലെ ആ തമാശയെ പറ്റി പറഞ്ഞ് ചിരിച്ചിരിയ്ക്കുന്നു. നിനക്ക് എന്നിട്ടും അത് മനസ്സിലായില്ലായിരുന്നോ?"   ഞാന്‍ ചിരി നിറുത്താതെ തന്നെ കുറച്ചു കൂടെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.

"അതു ശരി. ശ്രീ അത് തമാശയ്ക്ക് പറഞ്ഞതായിരുന്നല്ലേ.. ഞാനോര്‍ത്ത് V...I...S...I...Q...O... എന്ന് തന്നെ ആണ് വിഷ്യോ യുടെ സ്പെല്ലിങ്ങ് എന്ന്. ശ്ശേ!"

ചെറിയ ജാള്യത കലര്‍ന്ന ചിരിയോടെ പയസ്സ് ഉരുവിട്ടു. എന്നിട്ട് visio എന്ന് സെര്‍ച്ച് ചെയ്തു. "ആഹ്... ഇപ്പോ സംഗതി കിട്ടി ട്ടോ"  അവനും ഞങ്ങളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.

"എന്നാലും എന്റെ പിയൂസ്സേ... വിഷ്യോ എന്ന വാക്കിന് Q എന്ന് ആരെങ്കിലും സ്പെല്ലിങ്ങ് പറഞ്ഞാലും നിനക്ക് അതും കൂടി ചേര്‍ത്ത് തപ്പി നോക്കാന്‍ എങ്ങനെ തോന്നിയെടാ?" സുജിത്തിന് പിന്നെയും വിസ്മയം.

"എടാ... അതേയ്... ചില വാക്കുകളില്‍ ചില ആല്‍ഫബെറ്റ്സ് സൈലന്റായി വരാറില്ലേ? ഉദാഹരണമായി OFTEN എന്ന വാക്കില്‍ T പോലെ, ഞാനോര്‍ത്തു വിഷ്യോ യില്‍ അതേ പോലെ ഈ Q യും സൈലന്റായിരിയ്ക്കും എന്ന്..." പയസ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി.

തുടര്‍ന്നങ്ങോട്ട് ഈ കഥ അവിടെയുള്ള മലയാളികള്‍ക്കിടയില്‍ പടരാന്‍ അധിക സമയം വേണ്ടി വന്നില്ല. ആ സംഭവത്തോടെ പയസ്സിന്റെ പേരിന് പിന്നെയും പരിണാമം സംഭവിച്ചു എന്നതാണ് മറ്റൊരു കാര്യം.

അവിടുന്നങ്ങോട്ട് ഞങ്ങള്‍ക്കിടയില്‍ പയസ്സ് "ഫിയൂസ്ക്യൂ" എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.  അതു പിന്നെയും ചുര്ങ്ങിചുരുങ്ങി വെറും "ക്യൂ" എന്ന് മാത്രമായി പലപ്പോഴും. "ക്യൂ എവിടെ" , "ഇന്ന്  ക്യൂ വിനെ കണ്ടില്ലല്ലോ", "എടാ  നമ്മുടെ ക്യൂ അവിടുണ്ടോ" എന്നൊക്കെയുള്ള രീതിയിലുള്ള സംഭാഷണങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പതിവായി.

അതു മാത്രമല്ല... രാവിലെ ഓഫീസ് ചാറ്റില്‍ വിഷ് ചെയ്യുമ്പോള്‍ പോലും "GoodQ Morning" എന്നോ "QMorning" എന്നോ അതുമല്ലെങ്കില്‍ "GMQ" എന്നോ ഒക്കെ പരസ്പരം വിഷ് ചെയ്യലും പതിവായി. പക്ഷേ ഓരോ വാചകത്തിന്റെയും കൂടെ ബ്രായ്ക്കറ്റില്‍ മറ്റൊന്നു കൂടി ഉണ്ടാകും (Q is silent)

മുന്‍കൂര്‍ ജാമ്യം: ഈ പോസ്റ്റ് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കോ പയസ്സിനെയും അവന്റെ രീതികളെയും അറിയുന്നവര്‍ക്കോ അല്ലാതെ മറ്റുള്ളവര്‍ക്ക് അത്രയ്ക്ക് രസകരമായി തോന്നുമോ എന്നറിയില്ല. 

47 comments:

  1. ശ്രീ said...

    സ്വന്തം പേരുകള്‍ അതേ പോലെ തന്നെ എല്ലായ്പ്പോഴും വിളിച്ചു കേള്‍ക്കണം എന്ന് നമുക്കാര്‍ക്കും നിര്‍ബന്ധം പിടിയ്ക്കാനാവില്ല. വിളിയ്ക്കുന്നത് അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

    ഇവിടെ ബാംഗ്ലൂരില്‍ എത്തിയ ശേഷം പരിചയപ്പെട്ട മലയാളി സുഹൃത്തുക്കളില്‍ ഒരാളാണ് പയസ്. പയസ്സിന്റെ പേരിന് വന്ന രൂപമാറ്റങ്ങളെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും ആണ് ഈ പോസ്റ്റ്.

  2. niDheEsH kRisHnaN @ ~അമൃതംഗമയ~ said...

    എല്ലായിടവും ഉണ്ടാവും പയസ്സിനെ പോലെയുള്ള ശുദ്ധഗതിക്കാര്‍ .......

    ഒരു പക്ഷെ ഈ പോസ്റ്റ്‌ നിങ്ങളുടെ ആ സുഹൃത്ത് വലയം ആവും ഏറ്റവും അധികം ആസ്വദിക്കുക .
    ആശംസകള്‍

  3. അഭി said...



    Pious Rockingg

    ഇന്നലെ കന്നഡകാരന്റെ അടുത്ത് "കോഴി ഫാം" എന്ന് പറയുന്നുണ്ടായിരുന്നു

  4. Mubarak Merchant said...

    exquellent :)

  5. എതിരന്‍ കതിരവന്‍ said...

    അയ്പ് (Iype) എന്ന സത്യക്രിസ്ത്യാനിയെ ഞങ്ങടെ കൂടെയുണ്ടായിരുന്ന വടക്കേ ഇൻഡ്യക്കാർ മൊത്തം ‘അയ്യപ്പൻ’ എന്നാണു വിളിച്ചിരുന്നത്. അവൻ പേരു പറയുമ്പോഴെ അവർ പറയും “I know that name. That is one of the South Indian gods" എന്ന്.

    ഫിയൂസ്ക്യൂ വിനെ ഫിയസ്കോ(Fiasco) ആക്കി മാറ്റാതിരുന്നാൽ മതി.

  6. ജന്മസുകൃതം said...

    paavam payas.....ellarum koodi oduvil payasine q vil aakkiyalle?!
    sree,ee post ellaarkkum rasapradam thanne ....aasamsakalode....,

  7. Pheonix said...

    ഇതെഴുതിയതിനു ലവന്റെ വക "ചെലവ്" കിട്ടിയോ?

  8. ശ്രീ said...

    അമൃതംഗമയ ...
    അതെയതെ. പയസ്സിനെ അടുത്തറിയുന്നവര്‍ തന്നെ ആവും ഈ സംഭവം ഏറ്റവും അധികം ആസ്വദിക്കുക.
    ആദ്യ കമന്റിനു നന്ദി.

    അഭി ...
    അതെ, ഞാനും കേട്ടു :) അതൊക്കെ അവന്റെ സ്ഥിരം ഐറ്റങ്ങളിലൊന്നല്ലേ? :)
    കമന്റിനു നന്ദി

    ഇക്കാസ് മെർച്ചന്റ് ...
    കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ ഈ വഴി.
    നന്ദി :)

    എതിരന്‍ജീ..
    അയ്പിന്റെ കഥയും രസമാണല്ലോ മാഷേ.
    വളരെ നന്ദി :)

    ജന്മസുകൃതം...
    പയസ്സിനെ അറിയാത്തവര്‍ക്കും ഈ പോസ്റ്റ് ആസ്വദ്യകരമാണെന്ന് അറിയുന്നത് സന്തോഷകരം തന്നെ.
    വളരെ നന്ദി.
    :)

    ഫിയൊനിക്സ് ...
    ഹഹ. അത് അവന്‍ ഈ പോസ്റ്റ് വായിച്ച ശേഷം അറിയാം :)
    നന്ദി

  9. മൈലാഞ്ചി said...

    രസകരമായിരിക്കുന്നു ശ്രീ.. പേരുമാറിവന്ന കഥ ഓര്‍മയുള്ളത് നന്നായി..

    ഞങ്ങളുടെ ഒരു ബാല്യകാലസൂഹൃത്തുണ്ട്..(അതിത്തിരി അതിശയോക്തിയാണ്, ബാല്യകാലത്ത് ഞങ്ങള്‍ വെറും അയല്‍ക്കാരായിരുന്നു, പത്താംക്ലാസില്‍ പുള്ളീടെ അച്ഛന്റെ അടുത്ത് ട്യൂഷനുപോയപ്പോ മുതലാ അടുക്കുന്നുള്ളു..)..പേരുപറയുന്നില്ല.. ആ ചങ്ങാതിയെ എല്ലാവരും കുറേക്കാലമായി ചപ്പാത്തി എന്നാണ് വിളിക്കുന്നത്..അത് ഞങ്ങളുടെ പത്താംക്ലാസൊക്കെ കഴിഞ്ഞിട്ട് ട്ടോ.. എന്തുകൊണ്ടാണ് ഇയാളെ ചപ്പാത്തി എന്നു വിളിക്കുന്നതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല, പത്താംക്ലാസ് സമയത്ത് വീണ പേരാണ്, അന്ന് മെലിഞ്ഞുണങ്ങിയ പരുവമായിരുന്നു, അതിനാല്‍ രൂപംകൊണ്ടാവില്ല എന്നൂഹിച്ചു.. വെല്യേട്ടനോട് ചോദിക്കാമെന്ന് തീരുമാനിച്ചു.. ചോദിച്ചപ്പോള്‍ ചുറ്റും നിന്നവരടക്കം ഉറക്കെ ചിരി...
    എന്താ സംഭവം എന്നുചോദിച്ചപ്പോ പറയുകയാ, കഴിഞ്ഞ ആഴ്ച വെല്യേട്ടന്‍ ഇതേ ചോദ്യം ഈ കക്ഷിയോട് ചോദിച്ചത്രെ, എന്താടാ എല്ലാരും നിന്നെ ചപ്പാത്തീന്ന് വിളിക്കണേ ന്ന്...
    അയാള്‍ടെ മറുപടി..."വീട്ടിലൊരുത്തിയില്ലേ നിന്റെ പെങ്ങള്..അവളോട് പോയി ചോദിക്ക്..അവളിട്ട പേരാ" ന്ന്..!!

    പേരിട്ടത് ഞാനാണെന്ന്!!! സത്യമായും എനിക്കൊരോര്‍മയുമില്ല....

    എന്തായാലും ആ പേര് ഇപ്പോ ഉറച്ചുകിട്ടിയിട്ടുണ്ട്..

  10. Unknown said...

    ശ്രീയുടെ ഈ കഴിവ് ,വളരെ ചെറിയ കാര്യം ഇത്രമാത്രം പൊലി പ്പിച്ചു പറയാനുള്ള കഴിവ് അപാരം ,പക്ഷെ പതിവ് പോലെ അത്രകണ്ട് ....

  11. Villagemaan/വില്ലേജ്മാന്‍ said...

    അതിനിടക്ക് ഞങ്ങള്‍ കോട്ടയം കാര്‍ക്ക് കൂടി ഒരു താങ്ങ് !

    ഫയങ്കരാ !

  12. Muralee Mukundan , ബിലാത്തിപട്ടണം said...

    ഒരുവനൊരു കുറ്റപ്പേര് വരുവാൻ അത്രയധികം സമയമൊന്നും വേണ്ടാ അല്ലേ ശ്രീ..

    പിന്നെ ശ്രീയാണെങ്കിൽ ഈ ' Q 'പുരാണം നന്നായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നൂ...!

  13. മൈലാഞ്ചി said...

    ഇടുക്കി കോട്ടയം ഭാഗത്ത്‌ ഉള്ള കൂട്ടുകാര്‍ ഫാഷ, ഫാര്യ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തോ വല്ലായ്‌മ തോന്നും.. തിരുത്താന്‍ പോയാല്‍ വാദി പ്രതിയാകും... അതും ശരിയാണെന്നേ അവര്‍ പറയൂ. ഫൂരിഫാഗംആള്‍ക്കാരും പറയുന്നു എന്നത് കൊണ്ടു മാത്രം അത് മാത്രം ശരിയാവണമെന്നില്ല എന്ന്....

  14. എം.എസ്. രാജ്‌ | M S Raj said...

    ഒരു ചങ്ങാതിക്കൂട്ടത്തിൽ ഒതുങ്ങുന്ന യഥാർഥ സംഭവം ആയതിനാലാവാം ഇതിന് ഒരു ‘മാർക്കറ്റ് വാല്യൂ’ ഇല്ലാത്തത്. പക്ഷേ, ആ ഒരു അന്തരീക്ഷം സങ്കൽ‌പ്പിച്ചു വായിക്കുമ്പോൾ, ശരിക്കും ആസ്വാദ്യമാകുന്നുണ്ട്.

  15. drpmalankot said...

    പേര് വന്ന വഴി കൊള്ളാം. എല്ലാം രസകരം.
    ഞങ്ങളുടെ നാട്ടിലെ ഒരു റാവുത്തര്‍ പയ്യന്‍ ഉണ്ട്. അവനെ മറ്റുള്ളവര്‍ തമിഴ് സ്റ്റയിലില്‍ എടാ പയലേ (ചിന്ന പയല്) എന്ന് വിളിച്ചു. കേള്‍ക്കുന്നവര്‍ പയല്‍ എന്നത് കേട്ട് അത് പതുക്കെ പകല്‍ ആയി മാറി! ചുരുക്കത്തില്‍ അവന്‍ ''പകല്‍'' എന്നറിയപ്പെടാന്‍ തുടങ്ങി. പകലിന്ടടുത്തു, പകലിനോട്, പകലിന്റെ കയ്യില്‍.... എപ്പടി? ‍
    http://drpmalankot0.blogspot.com

  16. mahi said...

    പത്താം ക്ലാസ്സ്‌

  17. ശ്രീ said...

    മൈലാഞ്ചി ചേച്ചീ...
    കുറെക്കാലം കൂടി ഈ വഴി വന്നതില്‍ വളരെ സന്തോഷം ചേച്ചീ.
    ശരിയാണ്. പേരുകള്‍ മാത്രമല്ല, അത് എങ്ങനെ വന്നു എന്ന കഥ കൂടി ഓര്‍മ്മയുണ്ടെങ്കിലേ അതിലൊരു രസമുള്ളൂ.

    എന്തായാലും 'ചപ്പാത്തി' സംഭവം വായിച്ച് ചിരിച്ചു പോയി :)

    പിന്നെ ചേച്ചി പറഞ്ഞതു പോലെ "ഭ" എന്നതിനെ "ഫ" എന്ന് ഉച്ചരിയ്ക്കുമ്പോള്‍ യഥാര്‍ത്ഥ "ഫ" യെ എന്ത് വിളിയ്ക്കണം എന്നതിന് അങ്ങനെ സംസാരിയ്ക്കുന്നവരാരും വ്യക്തമായ ഒരുത്തരം തരാറില്ല.

    MyDreams ...
    സന്തോഷം മാഷേ

    Villagemaan/വില്ലേജ്മാന്‍ ...
    ഹയ്യോ! ഇനി കോട്ടയം കാരെല്ലാരും കൂടെ എന്നെ തല്ലാന്‍ വരല്ലേ :)

    Muralee Mukundan മാഷേ...
    വളരെ ശരിയാണ് മാഷേ.

    എം.എസ്. രാജ്‌ | M S Raj ...
    സന്തോഷം രാജ്. ഇത് ഞങ്ങളുടെ സുഹൃദ് വലയത്തിനു പുറത്തുള്ളവര്‍ എങ്ങനെ ഉള്‍ക്കൊള്ളും എന്ന സംശയമുണ്ടായിരുന്നു.

    ഡോ. പി. മാലങ്കോട്...
    ശരി തന്നെയാണ് മാഷേ. പലരിലൂടെ കൈമാറി വരുമ്പോള്‍ വിളിപ്പേരുകള്‍ എത്രയോ തവണ മാറിപ്പോകുന്നുണ്ട്. അവസാനം യഥാര്‍ത്ഥ കഥയുമായി ഒരു ബന്ധവുമില്ലാത്ത പേരാകും ചിലപ്പോ ഉറച്ചു പോകുക :)

    mahi ...
    സ്വാഗതം. ആ പോസ്റ്റ് വായിച്ചിരുന്നു.
    സന്ദരര്‍ശനത്തിനു നന്ദി.

  18. പട്ടേപ്പാടം റാംജി said...

    പഴയ ഓര്‍മ്മകളില്‍ നിന്നും അല്പം മുന്നോട്ടാണല്ലോ ഇത്തവണത്തെ പോസ്റ്റ്‌. .
    ഓരോ പേരുകള്‍ വരുന്ന വഴി ചിന്തിച്ചാല്‍ ചിലപ്പോള്‍ അത്ഭുതവും തോന്നും.

  19. ചിതല്‍/chithal said...

    ഫയസ്ക്യു ഇപ്പോഴും ടീമിലുണ്ടോ? അങ്ങോട്ടു വന്നാൽ പരിചയപ്പെടാൻ പറ്റുമോ? :)

  20. പിള്ളേച്ചന്‍‌ said...

    anganne Pious famous aayi , enne pole..
    Kada"padu": Sobhin

    Avan padu medikkum.

  21. കിരണ്‍ said...

    :)

  22. വിനുവേട്ടന്‍ said...

    ഫിയുസ്ക്യൂ ... ടൈറ്റിൽ കണ്ടപ്പോൾ ഇതെന്താ സംഭവം എന്നൊരു ജിജ്ഞാസ... വായിച്ച് അവസാനം എത്തിയപ്പോഴല്ലേ കാര്യം പിടി കിട്ടിയത്... കലക്കി... ഫിയുസ്ക്യുവിനോട് അന്വേഷണം പറയാൻ മറക്കരുതേ...

    പിന്നെ കോട്ടയംകാരുടെ ‘ഫാഷ’, ‘ഫാര്യ,, ‘ഫർത്താവ്’, ‘ഫീരു’, ‘ഫൂതം, ‘അഫ്യർത്ഥന’ ഇവയൊക്കെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്...

    (ശ്രീയ്ക്ക് കിട്ടാൻ പോകുന്ന അടി കുറച്ച് ഞാനും കൂടി ഷെയർ ചെയ്യാമെന്ന് വിചാരിച്ചു...) :)

  23. Unknown said...

    ഫിയൂസ്‌ക്യൂ കലക്കി (kalakkQi)

  24. ശ്രീ said...

    പ്രയാണ്‍ ചേച്ചീ...
    സന്ദര്‍ശനത്തിനു നന്ദി.

    പട്ടേപ്പാടം റാംജി ...
    അതെ, മാഷേ. ഇത്തവണ ഈയടുത്ത കാലത്തെ സംഭവമാണ്. :)

    ചിതല്‍/chithal ...
    അവനിപ്പോഴും പഴയ കമ്പനിയില്‍ തുടരുന്നു. ഞാന്‍ വേറെ പ്രോജക്റ്റിലേയ്ക്കു മാറി.

    പിള്ളേച്ചന്‍‌ ...
    അതെ, മിക്കവാറൂം :)

    കിരണ്‍ ...

    :)

    വിനുവേട്ടാ...
    അവന്‍ ഈ പോസ്റ്റ് വായിയ്ക്കും, എന്തായാലും അന്വേഷണം അറിയിയ്ക്കാം.
    എന്തായാലും കോട്ടയം കാരുടെ അടി ഷെയര്‍ ചെയ്യാനൊരു കമ്പനി ആയി :)

    NANDU TIRUR ...
    ഹഹ, ആ കമന്റ് കലക്കി കേട്ടോ :)

  25. വീകെ said...

    ഇരട്ടപ്പേരുകൾ വീഴാൻ അധിക സമയമൊന്നും വേണ്ട.പ്രത്യേകിച്ച് നമ്മളായിട്ട് ഒന്നും ചെയ്യണമെന്നുമില്ല. ഒരു ഹിറ്റായ സിനിമ ഇറങ്ങിയാൽ പോലും ഇരട്ടപ്പേരു വീഴാം..! ആശംസകൾ ശ്രീ...

  26. Krishna/കൃഷ്ണ said...

    paavam payas( i don't know exact spelling)

  27. Echmukutty said...

    അയ്യോ! പാവം പയസ്സ്..... എന്‍റെ സ്നേഹാന്വേഷണം പറയുമല്ലോ. കാരണം ഞാനും ഇങ്ങനെയാ..... എന്നേം ഈ സ്പെല്ലിംഗ് പിശകുകള്‍ ഇമ്മാതിരി പിടികൂടാറുണ്ട്. എന്നിട്ട് എല്ലാരും കൂടി എന്‍റെ ചുറ്റും നിന്ന് ഇതുമാതിരി അട്ടഹസിച്ച് ചിരിക്കേം ചെയ്യും......

  28. ഫൈസല്‍ ബാബു said...

    ശ്രീ നന്നായി പറഞ്ഞു ,,ഇത്തരം അനുഭങ്ങള്‍ വായിക്കാനും പകര്‍ത്താനും തന്നെ എന്ത് രസമായിരിക്കും അല്ലെ ...

  29. Adarsh said...

    Sree... nallayyittund.... super keep writing

  30. Anonymous said...

    ശ്രീ...നല്ല അവതരണം. സുഹൃത്തുക്കള്‍ക്കിടയില്‍ ഇത്തരം 'പണി കൊടുക്കല്‍' സാധാരണമാണല്ലോ :) സംഭവം സങ്കല്‍പ്പിച്ച് ശരിക്കും ചിരിച്ചു ('സമ്മര്‍ ഇന്‍ ബത്ലെഹേം' സിനിമയിലെ കോമഡി രംഗം ഓര്‍മയുള്ളത് കൊണ്ട് ബന്ധപെടുത്താന്‍ പറ്റി.)

  31. മിനി പി സി said...

    എപ്പോഴാ എങ്ങിനെയാ ഏത് വഴിയ്ക്കാ കളിപ്പേരു കിട്ടുന്നതെന്നറിയില്ല കൊള്ളാം ശ്രീ നന്നായി അവതരിപ്പിച്ചിരിക്കുന്നു .

  32. ശ്രീ said...

    വീ കെ മാഷേ...
    ശരിയാണ് മാഷേ.
    നന്ദി.

    Krishna ...
    Pious എന്നാണ്. നന്ദി കേട്ടോ :)

    Echmu ചേച്ചീ...
    ആഹാ, അപ്പോള്‍ പയസ്സിനു കമ്പനി ആയല്ലോ :)

    ഫൈസല്‍ ബാബു ...
    സത്യ്ം തന്നെ ആണ്. പക്ഷേ, ഇത് മറ്റുള്ളവര്‍ക്ക് (അവനെ അറിയാത്തവര്‍ക്ക് പ്രത്യേകിച്ചും) എത്രത്തോളം ആസ്വാദ്യകരമാകും എന്ന് സംശയമുണ്ടായിരുന്നു.

    ഹരിശ്രീ ...

    :)

    Adarsh...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.

    hellomrnijinp ...
    സ്വാഗതം.
    സമ്മര്‍ ഇന്‍ ബത്‌ലേഹേം ലെ ആ രംഗം ഓര്‍മ്മയില്ലാത്തവര്‍ക്ക് ഇതിലെ നര്‍മ്മം അത്രകണ്ട് ആസ്വദിക്കാനും പറ്റണമെന്നില്ല, ശരിയല്ലേ?

    വായനയ്ക്കും കമന്റിനും നന്ദി.

    മിനി പി സി ...
    സ്വാഗതം. വളരെ ശരിയാണ്. ഏതു വഴിയാണ് പേരു വരിക എന്ന് പറയാനേ പറ്റില്ല

  33. ഭാനു കളരിക്കല്‍ said...

    എന്തെഴുതുമ്പൊഴും ശ്രീയുടെ എഴുത്തിനു ശ്രീയുണ്ട്.

  34. തുമ്പി said...

    അനുഭവം യഥതഥാ അവതരിപ്പിച്ചതില്‍ അല്‍പ്പം രസക്കുറവുണ്ട്. നര്‍മ്മരസം ആവോളം സൃഷ്ട്ടിക്കാനുള്ള വകുപ്പുണ്ടായിരുന്നു. അത് ഉപയോഗിച്ചുകണ്ടില്ല.

  35. Typist | എഴുത്തുകാരി said...

    നന്നായിരിക്കുന്നു ശ്രീ, നര്‍മ്മം അത്ര അനുഭവപ്പെട്ടില്ലെങ്കിലും.

  36. ajith said...

    മുമ്പ് വായിച്ച് അഭ്ഇപ്രായവുമെഴുതിയതായിരുന്നു. പക്ഷെ അഭിപ്രായം പോസ്റ്റ് ആയില്ലെന്ന് തോന്നുന്നു

  37. jayanEvoor said...

    രസകരമായ ഓർമ്മക്കുറിപ്പ്!

    ഫിയൂസ്ക്യൂ ഇനി ഞാനും കാച്ചും!!

  38. അക്ഷരപകര്‍ച്ചകള്‍. said...

    ഓരോ പേരുകളേ!!! നല്ല അനുഭവക്കുറിപ്പ് ശ്രീ. ആസ്വദിച്ചു ട്ടോ.

  39. അമ്മാച്ചു said...

    നന്നായിരിക്കുന്നു
    ആശംസകള്‍ .QQQQQQQQQQ:-)

  40. drpmalankot said...

    Pls check this:
    http://drpmalankot0.blogspot.com/2013/02/blog-post_27.html

  41. ശ്രീ said...

    ഭാനു കളരിക്കല്‍ ...
    കുറേക്കാലം കൂടി ഈ വഴി വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം മാഷേ.

    തുമ്പി ...
    നന്ദി. സംഭവിച്ചത് അതേ പോലെ പകര്‍ത്തി എന്നേയുള്ളൂ. :)

    എഴുത്തുകാരി ചേച്ചീ...
    ശരിയായിരിയ്ക്കും ചേച്ചീ. അവനെ അറിയുന്നവര്‍ക്കും സമ്മര്‍ ഇന്‍ ബത്‌ലെഹേമിലെ ആ സീന്‍ കൃത്യമായും ഓര്‍ക്കുന്നവര്‍ക്കും മാത്രമേ ഇത് രസിയ്ക്കാന്‍ സാധ്യതയുള്ളൂ എന്ന് ആദ്യമേ തോന്നിയിരുന്നു :)

    ajith മാഷേ...
    എന്തായാലും വീണ്ടും വന്നതില്‍ സന്തോഷം :)

    jayanEvoor ...
    ഹഹ, നന്ദി മാഷേ

    അമ്പിളി...
    വളരെ സന്തോഷം :)

    അമ്മാച്ചു ...
    നന്ദി Q :)

    ഡോ. പി. മാലങ്കോട് ...
    ആ പോസ്റ്റ് കണ്ടു, സന്തോഷം മാഷേ.

  42. പെണ്‍കൊടി said...

    ശ്രീ പറഞ്ഞപ്പോഴാ "സമ്മര്‍ ഇന്‍ ബത്ലഹേമി"ലെ രംഗം ഓര്‍മ വന്നത്.

    എന്നിട്ട "Q" ടെ അടുത്തുന്നു അടികിട്ടിയോ ശ്രീക്ക്?
    എവിടെയാ അഡ്മിറ്റായെന്നു പറയൂ.. ഓറഞ്ചുമായി വരാന്‍ നോക്കാം.

  43. Cv Thankappan said...

    നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
    ആശംസകള്‍

  44. kaviyoormathusudan.g said...

    Ella vidha nanmakalum nerunnu.eniyum ezhuthuvan saraswathi kadaksham undavatte.

  45. kaviyoormathusudan.g said...

    May divine bless you.eniyum ezhuthuka

  46. Abey Philip said...

    സംഭവം കലക്കി ശ്രീ ... :)

  47. ശ്രീ said...

    വര്‍ഷ | Varsha ...
    അടി കിട്ടാതെ കഷ്ടിച്ചു രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ :)
    നന്ദി

    Cv Thankappan ...
    വര്‍ഷ | Varsha said...

    ശ്രീ പറഞ്ഞപ്പോഴാ "സമ്മര്‍ ഇന്‍ ബത്ലഹേമി"ലെ രംഗം ഓര്‍മ വന്നത്.

    എന്നിട്ട "Q" ടെ അടുത്തുന്നു അടികിട്ടിയോ ശ്രീക്ക്?
    എവിടെയാ അഡ്മിറ്റായെന്നു പറയൂ.. ഓറഞ്ചുമായി വരാന്‍ നോക്കാം.

    Cv Thankappan ...
    നന്ദി, മാഷേ

    kaviyoormathusudan.g ...
    വളരെ നന്ദി മാഷേ

    Abey Philip ...
    ഹഹ, വായനയ്ക്കും കമന്റിനും നന്ദി, എബി :)