ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്ത് 'ബാലരമ'യിൽ എന്റെ ആദ്യ കഥ അച്ചടിച്ചു വന്നപ്പോൾ തോന്നിയ ആവേശം ഇന്നും മായാതെ നിൽക്കുന്നു. അവിടെ തുടങ്ങിയതാണ് എഴുത്തിനോടുള്ള എന്റെ അനുരാഗം. പിന്നീട് കോളേജ് മാഗസിനുകളിലും, മാതൃഭൂമി ആഴ്ചപ്പതിപ്പിലും, ഓൺലൈൻ മാസികകളിലും, ബ്ലോഗുകളിലും പ്രതിലിപിയിലുമൊക്കെയായി ആ യാത്ര തുടർന്നു.
ചില പുസ്തകങ്ങളിൽ... കഥാസമാഹാരങ്ങളിൽ മറ്റ് എഴുത്തുകാർക്കൊപ്പം എന്റെ കഥകളും ഇടംപിടിച്ചിരുന്നു. എങ്കിലും, എന്റെ പേരിൽ മാത്രമായി ഒരു പുസ്തകം എന്ന വലിയ സ്വപ്നത്തിലേക്ക് എത്താൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ആ സ്വപ്നം ഇതാ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. ഈ വരുന്ന ഫെബ്രുവരിയിൽ 'മാൻകൈൻഡ് ലിറ്ററേച്ചർ' (Mankind Literature) എന്റെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ 'മാംഗോലീഫിലെ കൊലപാതകം' പ്രസിദ്ധീകരിക്കുന്നു. എഴുത്തിനെ സ്നേഹിക്കാൻ പഠിപ്പിച്ച അദ്ധ്യാപകർക്കും, മാതാപിതാക്കൾക്കും, എന്നും തണലായി നിൽക്കുന്ന എന്റെ കുടുംബത്തിനും, കഥകൾ വായിച്ച് പ്രോത്സാഹിപ്പിച്ചവർക്കും, എന്റെ പുസ്തകം പ്രസിദ്ധീകരിച്ചു കാണാൻ എന്നെക്കാൾ ആഗ്രഹിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും... അങ്ങനെ ഈ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. 🙏 നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയാണ് ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ സഹായിച്ചത്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻ അറിയിക്കാം! ❤️📚 എന്റെ ആദ്യ നോവൽ 'മാംഗോലീഫിലെ കൊലപാതകം' ! ✍️✨Thursday, January 15, 2026
Friday, August 2, 2024
ബി പി സി
പ്രിയ കവി അനിൽ പനച്ചൂരാൻറെ സ്മരണകളിൽ * അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ...' എന്ന ഗാനത്തിന്റെ ഈണത്തില്‍ ഞങ്ങളുടെ ബിപിസി 99 ബാച്ചിനു വേണ്ടി എഴുതിയത് പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ... ബി പി സീ... ബി പി സീ... പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം... സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?' റാങ്കുകാർക്കു ജന്മമേറെയേകിയ കലാലയം കണ്ണു നീരിൽ മങ്ങിടുന്ന കാഴ്ചയായ് മാറിയോ... ബി പി സീ... ബി പി സീ... തിരിച്ചു പോകുവാൻ നമുക്കെളുപ്പമല്ലതോർക്കണം മിഴി തുടച്ചു വഴി തെളിച്ചു യാത്ര നമ്മൾ തുടരണം യാത്ര ചെയ്യുവാൻ കരുത്തു നേടണം, ഹതാശരായ് വഴി പിഴച്ചു പോയിടാതെ പൊരുതി നമ്മൾ നേടണം നാളെ യെന്ന നാളുകൾ പ്രചോദനമായ് മാറണം നാൾവഴിയിലെന്നും വീര ഗാഥകൾ രചിയ്ക്കണം നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ
എഴുതിയത്
ശ്രീ
at
6:00 AM
3
comments
Labels: ലളിതഗാനം
Sunday, July 14, 2024
ഹാക്കർ എക്സ് രണ്ടാമൻ
പുസ്തകം : ഹാക്കർ എക്സ് രണ്ടാമൻ രചന : ആദർശ് എസ് പ്രസാധകർ : ഡി സി ബുക്ക്സ് വില : 399 പുസ്തകപരിചയം : ഡാർക്ക്നെറ്റ് എന്ന ആദ്യ പുസ്തകം കൊണ്ടു തന്നെ ഒട്ടനേകം മലയാളി വായനക്കാരുടെ മനസ്സിൽ ഇടം നേടിയ എഴുത്തുകാരൻ ആണ് ആദർശ് എസ്. മലയാളി വായനക്കാർക്ക് അതു വരെ അത്ര പരിചിതമല്ലാത്ത സൈബർ ലോകത്തിന്റെ, നാം പലപ്പോഴും അറിയാതെ പോകുന്ന ഒരു വശം തുറന്നു കാണിച്ച ഗംഭീരമായ ഒരു ക്രൈം ത്രില്ലർ ആയിരുന്നു ഡാർക്ക് നെറ്റ്. അതേ പുസ്തകത്തിന്റെ എഴുത്തുകാരനിൽ നിന്നും മറ്റൊരു രചന പ്രതീക്ഷിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അവസാനം, ആ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ആ വാർത്തയും വന്നു. ആദർശിന്റെ രണ്ടാമത്തെ പുസ്തകം വരുന്നു... ഹാക്കർ എക്സ് രണ്ടാമൻ. സത്യം പറഞ്ഞാൽ... വളരെയധികം പ്രതീക്ഷയോടെയും ഒപ്പം ഉള്ളിൽ അല്പം പേടിയോടെയും കൂടിയാണു ഹാക്കർ എക്സ് ഓർഡർ ചെയ്തത്. ആദ്യത്തെ പുസ്തകം നൽകിയ സംതൃപ്തി തന്നെ ആണ് പ്രതീക്ഷയ്ക്ക് കാരണം. എന്നാൽ, ആ പുസ്തകം വായനക്കാരൻ എന്ന നിലയിൽ എന്നിൽ ആദ്യമേ രൂപപ്പെടുത്തിയ ഒരു പ്രതീക്ഷ ഉണ്ട്. അടുത്ത രചനയെ ആ ഒരു തലത്തിനും മുകളിൽ നാമറിയാതെ തന്നെ പ്രതീക്ഷിച്ചു പോകുന്നത് കൊണ്ടു തന്നെ ആ നിലവാരത്തിൽ തന്നെ ആദർശിനു പുതിയ പുസ്തകം നമുക്ക് നൽകാൻ കഴിയുമോ എന്ന ചിന്ത ആയിരുന്നു മേൽ പറഞ്ഞ പേടിയ്ക്ക് കാരണം. പക്ഷെ, പുസ്തകം കയ്യിൽ കിട്ടി, വായിയ്ക്കാൻ തുടങ്ങിയതോടെ ഇപ്പറഞ്ഞ പേടിയ്ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് ഉറപ്പായി. ആദ്യ പുസ്തകത്തെ പോലെ തന്നെ, സൈബർ ലോകവും ശാസ്ത്രവും ഹാക്കിങ്ങും എല്ലാം ഏതൊരു സാധാരണക്കാരനായ വായനക്കാരനും മനസ്സിലാക്കാൻ കഴിയുന്നത്ര ലളിതമായും സമഗ്രമായും എന്നാൽ ഒട്ടും തന്നെ വലിച്ചു നീട്ടൽ ഇല്ലാതെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ചു കൊണ്ട് എഴുതുവാൻ ആദർശിനു ഇത്തവണയും കഴിഞ്ഞിട്ടുണ്ട്. പേജുകൾ മറിയുന്നതും അദ്ധ്യായങ്ങൾ മാറി മാറി വരുന്നതും നാം അറിയുകയേയില്ല. വായന തുടങ്ങിയാൽ വായിച്ചവസാനിപ്പിയ്ക്കാതെ എഴുന്നേൽക്കാൻ തോന്നാത്ത തരത്തിൽ വായനക്കാരെ കഥയിൽ കുരുക്കിയിടാൻ ഹാക്കർ എക്സ് രണ്ടാമനു സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. വർഷങ്ങളായി ജർമ്മനിയിലെ ഒരു സ്ഥാപനത്തിൽ പ്രവർത്തിയ്ക്കുന്ന വിശാലിന് ഇങ്ങു കേരളത്തിൽ നിന്ന് ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ ഉള്ള ക്ഷണം ലഭിയ്ക്കുന്നു. ആ കത്ത് യഥാർത്ഥത്തിലുള്ള ഒരു ക്ഷണക്കത്ത് അല്ലെന്ന് പെട്ടെന്ന് തിരിച്ചറിയുന്ന വിശാലിന് അതെന്തു കൊണ്ട് തനിയ്ക്ക് അയച്ചു കിട്ടി എന്നും ആരയച്ചു എന്നും അറിയാൻ കൗതുകം തോന്നുന്നു. ഒപ്പം നാട്ടിലുള്ള തന്റെ പഴയ സഹപാഠികളെ വർഷങ്ങൾക്ക് ശേഷം കാണുവാനും അതൊരു അവസരമായി കണ്ട് വിശാൽ ലീവെടുത്ത് നാട്ടിലേയ്ക്ക് തിരിയ്ക്കുന്നു. പ്രശസ്തമായ ഒരു ഗവേഷണ സ്ഥാപനമായ സയൻസ് സോസൈറ്റിയുടെ കോർ കമ്മറ്റിയംഗവും ജനകീയ സോഷ്യൽ ആക്റ്റീവിസ്റ്റും അതിലുപരി ഇവരുടെ അദ്ധ്യാപിക കൂടി ആയിരുന്ന പ്രതിഭ ടീച്ചറെ ഒന്ന് കാണുക എന്നതും വിശാലിന്റെ വരവിന്റെ പുറകിലെ ഉദ്ദേശങ്ങളിൽ ഒന്നായിരുന്നു. എന്നാൽ നാട്ടിലെത്തുന്ന വിശാലിനെ കാത്തിരുന്നത് പ്രതിഭ ടീച്ചർ ദുരൂഹമായ സാഹചര്യത്തിൽ സയൻസ് സോസൈറ്റിയിൽ നിന്നും അപ്രത്യക്ഷയായെന്ന വാർത്തയാണ്. പ്രതിഭ ടീച്ചറുമായി വളരെ ആത്മബന്ധം വച്ചു പുലർത്തുന്ന, അമ്മ നഷ്ടപ്പെട്ട, അച്ഛനുമായി അകന്നു കഴിയുന്ന ശ്രീബാലയ്ക്ക് ടീച്ചറെ തിരിച്ചു നൽകണം എന്ന് വിശാൽ ആഗ്രഹിയ്ക്കുന്നു. അവർക്കൊപ്പം അവരുടെ മറ്റൊരു ആത്മ സുഹൃത്തും സ്ഥലം ഇൻസ്‌പെക്ടറും കൂടി ആയ കെവിൻ മോസസും ചേരുന്നു. വിശാലിന് താമസിയ്ക്കാൻ വാസ സ്ഥലം ശരിയാക്കുന്നത് ഇവരുടെ മറ്റൊരു സഹപാഠിയായ അന്നയുടെ ഗസ്റ്റ് ഹൗസിലാണ്. സയൻസ് സൊസൈറ്റിയിൽ നിന്ന് അവരുടെ കോർ കമ്മറ്റിയംഗമായ പ്രതിഭ ദേവി അപ്രത്യക്ഷമായതോടൊപ്പം വളരെ പ്രധാനപ്പെട്ട ചില റിപ്പോർട്ടുകളും കാണാതായത് സയൻസ് സോസൈറ്റിയിലെ ഉന്നതർക്കിടയിൽ ആശങ്ക പകരുന്നു. സുരക്ഷാ വിഭാഗം തലവൻ ഗാവിൻ ഐസക് ന്റെ മേൽനോട്ടത്തിൽ ടെക്കിയായ സൂരജ് ന്റെയും തന്റെ വലംകൈ ആയ അമീറിന്റെയും സഹായത്തോടെ പൂർണ്ണമായ തോതിൽ ഒരു സൈബർ അന്വേഷണം ആരംഭിയ്ക്കുന്നു. അവരുടെ വെബ്സൈറ്റിൽ ഹാക്കർ എക്സ് എന്ന അജ്ഞാതൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളും ഭീഷണിപ്പെടുത്തിക്കൊണ്ടും മുന്നറിയിപ്പ് നൽകിക്കൊണ്ടും അയയ്ക്കുന്ന ഈമെയിലുകളും ക്യാമ്പസിൽ നിന്ന് കിട്ടുന്ന ഒരു മുഖം മൂടിയും ഈ അവസരത്തിൽ പരസ്പരം ബന്ധപ്പെട്ടതാണോ എന്ന സംശയം അവരിൽ ബലപ്പെടുത്തുന്നു. ഇതിനിടെ സയൻസ് സോസൈറ്റിയിൽ ഒരു ശവശരീരം കണ്ടെത്തുന്നു. ഇതോടെ എസ് പി ത്രിലോകപതിയുടെ നേതൃത്വത്തിൽ കെവിൻ ഉൾപ്പെടുന്ന പോലീസ് സംഘവും അന്വേഷണം ഊർജ്ജിതമാക്കുന്നു. ഇതിനിടെ വിശാലിനെ സംശയിയ്ക്കത്തതായ തരത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ കെവിനെ ആശയക്കുഴപ്പത്തിൽ ആക്കുന്നു. ശരിയ്ക്കും ഡാൻ ബ്രൗൺ കഥകളെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിൽ ഒരേ സമയം ഉദ്വേഗജനകവും അറിവ് പകരുന്നതുമായ തരത്തിൽ ആണ് ആദർശ് ഈ പുസ്തകം എഴുതിയിരിയ്ക്കുന്നത്. ആരാലും അതുവരെ കണ്ടു പിടിയ്ക്കാൻ കഴിയാത്ത, വാടകക്കൊലയാളിയായ സ്നൈപ്പറെ അവതരിപ്പിയ്ക്കുന്നതെല്ലാം മലയാള നോവലുകളെക്കാൾ ഡാൻ ബ്രൗൺ കഥകളുടെ നിലവാരത്തിൽ തന്നെ ആണ്. അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനക്കാർ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത സംഭവ വികാസങ്ങളും കഥയെ കൂടുതൽ മികച്ചതാക്കുന്നു. സൈബർ ലോകത്തെ കുറിച്ച് സാധാരണക്കാർക്ക് അറിയാത്ത ഒരുപാട് പുതിയ അറിവുകൾ ഈ കഥയിലൂടെ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിയ്ക്കുന്നുണ്ട്. ചില ചോദ്യങ്ങൾ ബാക്കി വച്ചു കൊണ്ട് ആണെങ്കിലും, നല്ലൊരു ത്രില്ലർ സിനിമ പോലെ ഗംഭീരമായ ഒരു ക്ലൈമാക്സിൽ കഥ പര്യവസാനിക്കുന്നു. ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഡാർക്ക് നെറ്റ് പോലെ, ഹാക്കർ എക്സ് രണ്ടാമനും മികച്ച ഒരു വായനാനുഭവം സമ്മാനിക്കും എന്നുറപ്പാണ്. - ശ്രീ
എഴുതിയത്
ശ്രീ
at
11:50 AM
0
comments


