Wednesday, June 16, 2010

ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം

തൃശ്ശൂര്‍ - കോട്ടയം സൂപ്പര്‍‌ ഫാസ്റ്റില്‍ മൂവാറ്റുപുഴയില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന് മൊബൈല്‍ റിങ്ങ് ചെയ്യുന്നത് അറിയുന്നത്. എടുക്കും മുന്‍പേ കോള്‍ കട്ടായി. മിസ്സ് കോളാണ്. എന്നാല്‍ പിന്നെ ഇറങ്ങിയിട്ട് നോക്കാമെന്ന് കരുതി. ഇറങ്ങാന്‍ തുടങ്ങുമ്പോഴേയ്ക്കും പിന്നെയും ഒരു മിസ്സ് കോള്‍ കൂടി വന്നു. അപ്പോഴേ മനസ്സില്‍ ഊഹിച്ചു … ഇത് പിള്ളേച്ചന്‍ തന്നെ. വേറെ ആരാ മിസ്സ് കോള്‍ മാത്രമടിയ്ക്കാന്‍?

പൈസ ചിലവാക്കുന്നതില്‍ പിള്ളേച്ചന്റെ അത്ര പിശുക്കനെ വേറെങ്ങും കണ്ടിട്ടില്ല. മിസ്സ്ഡ് കോളില്‍ തന്നെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് പിള്ളേച്ചന്‍. ഒരിയ്ക്കല്‍ ബഹ്‌റൈനില്‍ പോകുന്ന നേരത്ത് ‘എടാ... അവിടെ എത്തിക്കഴിഞ്ഞാല്‍ വിളിച്ചറിയിയ്ക്കണം കേട്ടോ‘ എന്ന് പറഞ്ഞതിന് പിള്ളേച്ചന്‍ പറഞ്ഞ മറുപടി ഞങ്ങള്‍‌ക്കിടയില്‍ പ്രശസ്തമാണ്. അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു. “എടാ... നാളെ ഞാന്‍ അവിടെ എത്തി, മൊബൈലെടുത്ത ശേഷം നിങ്ങളെ വിളിയ്ക്കും. 00973 ല്‍ തുടങ്ങുന്ന നമ്പര്‍ കണ്ടാല്‍ അറിയാമല്ലോ ബഹറിന്‍ നമ്പര്‍ ആണെന്ന്. പക്ഷേ കോള്‍ എടുക്കരുത്. കൃത്യം ഒരു മിനുട്ട് കഴിയുമ്പോള്‍ അതേ നമ്പറീല്‍ നിന്ന് പിന്നെയും കോള്‍ വരും, അപ്പോഴും എടുക്കരുത്. പിന്നെയും ഒരു മിനുട്ട് കൂടി കഴിയുമ്പോള്‍ വീണ്ടും അതേ നമ്പറില്‍ നിന്നും നിന്നും മൂന്നാമതൊരു മിസ്സ് കോള്‍ കൂടെ വരും. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം, അത് ഞാനാണെന്നും ഞാനവിടെ ലാന്‍‌ഡ് ചെയ്തെന്നും. എന്തിന് വെറുതേ പൈസ കളയണം, കാര്യമറിഞ്ഞാല്‍ പോരേ?”

അതാണ് പിള്ളേച്ചന്‍. ആ പിള്ളേച്ചന്റെ ഭാഗത്തു നിന്നും മിസ്സ്ഡ് കോളല്ലേ പ്രതീക്ഷിയ്ക്കാനാകൂ... അപ്പോഴേയ്ക്കും ബസ്സ് മൂവാറ്റുപുഴ എത്തി. ബസ്സിറങ്ങിയശേഷം മൊബൈലെടുത്ത് നോക്കി. ഊഹം തെറ്റിയില്ല... മൂന്ന് മിസ്സ്ഡ് കോള്‍സ് കിടക്കുന്നുണ്ട്, പിള്ളേച്ചന്‍ തന്നെ. തിരിച്ചു വിളിച്ചു... എടുക്കുന്നില്ല. രണ്ടു മൂന്നു തവണ വിളിച്ചിട്ടും എടുത്തില്ല. ഇവനിതെന്തു പറ്റി എന്നാലോചിച്ചു നിന്നപ്പോഴേയ്ക്കും ഒരു മെസ്സേജ് വന്നു. അവന്‍ തന്നെയാണ്. “ഞാന്‍ 10.30 ന് പിറവം പള്ളിയില്‍ കാണും. നിങ്ങള്‍ എത്തുമ്പോള്‍ വിളിയ്ക്കൂ” എന്ന്.

ഇവനിന്ന് ഇതെന്തിന് പിറവം പള്ളിയില്‍ പോയി നില്‍ക്കണം എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കാര്യം ബിബിന്റെ കല്യാണം കൂടാനാണ് ഞങ്ങള്‍ എല്ലാവരും ഒത്തു ചേരുന്നത്. കെട്ട് പിറവം പള്ളിയിലുമാണ്. മുഹൂര്‍ത്തം 10.30 നും. പക്ഷേ അത് ഇന്നല്ലല്ലോ... നാളെയല്ലേ? പിന്നെ ഇവനെന്തിന് ഇന്നു തന്നെ അവിടെ പോയി നില്‍‌ക്കണം???

എന്തെങ്കിലുമാകട്ടെ. പിള്ളേച്ചനല്ലേ ആള്‍? അങ്ങനെ ഒക്കെ ചെയ്തെന്നു വരും’ എന്ന് സമാധാനിച്ച് അടുത്ത പിറവം ബസ്സില്‍ ചാടിക്കയറി. ഇടയ്ക്ക് ഒന്നു രണ്ടു വട്ടം കൂടി അവനെ വിളിച്ച്, അവിടെ കിടന്ന് കറങ്ങാതെ നേരെ ജോബിയുടെ വീട്ടിലേയ്ക്ക് വരാന്‍ പറയാന്‍ നോക്കിയെങ്കിലും കക്ഷി അപ്പോഴും ഫോണെടുത്തില്ല..

ബസ്സ് പിറവത്തേയ്ക്കുള്ള പ്രയാണം തുടരുകയാണ്. എത്രയോ വട്ടം യാത്ര ചെയ്ത വഴിയായിരുന്നു... ഏതാണ്ട് പത്തു കൊല്ലം മുന്‍പ്. ഇന്നിപ്പോള്‍ റോഡിന്റെ മുഖച്ഛായ മൊത്തം മാറിയിരിയ്ക്കുന്നു. അങ്ങനെ എന്തൊക്കെയോ ചിന്തിച്ചിരുന്നപ്പോഴേയ്ക്കും ബസ്സ് പിറവം ഓണക്കൂര്‍ പള്ളിപ്പടി എത്തി. സമയം 11 മണി. ബസ്സിറങ്ങി, ഞാന്‍ ജോബിയെ വിളിച്ചു.

അളിയാ, നീ എത്തിയോ? എന്നാല്‍ നേരെ പള്ളിയുടെ മുന്നിലേയ്ക്ക് പോര്. ഞാനിവിടെ ഉണ്ട്. കുറച്ച് കഞ്ഞി കുടിയ്ക്കാന്‍ നില്‍‌ക്കുവാ... നീയിങ്ങു കേറി വാ”

നീ ഇതു വരെ പള്ളിയില്‍ നിന്നിറങ്ങിയില്ലേ? അല്ല... കഞ്ഞി കുടിയ്ക്കാന്‍ പള്ളിയിലോ? ഇതെന്തെടേയ്? അവളു നിനക്ക് രാവിലെ വീട്ടില്‍ നിന്ന് ഒന്നും തന്നില്ലേ?” ഞാന്‍ ചോദിച്ചു.

ആക്കാതെടേയ്... ഇന്ന് പെന്തക്കോസ്ത് ഞായറാഴ്ചയല്ലേ? പള്ളിയില്‍ നിന്ന് പഞ്ഞീം കയറും ഫ്രീയാ...”

ഹെന്ത്?”

സോറി! കഞ്ഞീം പയറും...”

നന്ദുവിന് (അവന്റെ മകള്‍) ഒരു മഞ്ച് കൊടുത്ത് സോപ്പിട്ട ശേഷം ഒരു വിധത്തില്‍ അവനെയും വിളിച്ചിറക്കി അവന്റെ വീട്ടില്‍ പോയി എല്ലാവരെയും ഒന്നു കണ്ട് ഞാനും അവനും കൂടി പിള്ളേച്ചനെ തപ്പിയിറങ്ങി. പിള്ളേച്ചന്റെ മെസ്സേജ് ജോബിയ്ക്കും കിട്ടിയിരുന്നത്രെ. പക്ഷേ അവനെന്തിന് അപ്പഴേ പിറവത്ത് പള്ളിയില്‍ പോയി നില്‍ക്കുന്നു എന്ന് ജോബിയ്ക്കും മനസ്സിലായില്ല.

വൈകാതെ ഞങ്ങള്‍ പിറവം പള്ളിയിലെത്തി, പിള്ളേച്ചനെ കണ്ടുപിടിച്ചു. എന്തിനാണ് അവിടെ വന്നു നില്‍ക്കുന്നതെന്ന് ചോദിച്ച ഞങ്ങളോട് പിള്ളേച്ചന്‍ പറഞ്ഞ വിശദീകരണം മുഴുവനും ഞങ്ങള്‍ക്ക് മനസ്സിലായില്ല. ആകെ മനസ്സിലായത് ഇത്രമാത്രം. ‘ തിങ്കളാഴ്ച നടക്കേണ്ട ബിബിന്റെ കല്യാണം ഞായറാഴ്ച ആണ് എന്ന് അവന്‍ ധരിച്ചുവത്രെ. കാരണം, സാധാരണ കല്യാണങ്ങളൊക്കെ ഞായറാഴ്ചയാണല്ലോ എന്ന്.’

എന്തായാലും അവനെയും കൂട്ടി സുധിയപ്പന്റെ അമ്മയെയും കണ്ട ശേഷം മത്തനെയും വിളിച്ചു വരുത്തി ഞങ്ങള്‍ ജോബിയുടെ മാരുതി റിറ്റ്സില്‍ ബിബിന്റെ വീട്ടിലേയ്ക്ക് തിരിച്ചു. സഞ്ജുവിനെ വിളിച്ചപ്പോള്‍ അവനും വൈഫും നേരെ ബിബിന്റെ വീട്ടിലെത്തിയേക്കാമെന്ന് പറഞ്ഞു.

അങ്ങനെ തലേന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെ ഞങ്ങള്‍ തലയോലപ്പറമ്പിലെ ബിബിന്റെ വീട്ടിലെത്തി.

(തലേ ദിവസം തന്നെ എല്ലാവരും വീട്ടിലെത്തണമെന്ന് ബിബിന്‍ എല്ലാവരേയും പ്രത്യേകം വിളിച്ച് പറയുകയും ചെയ്തിരുന്നു.) വര്‍ഷങ്ങള്‍‌ക്ക് ശേഷമാണ് ഞങ്ങളെല്ലാവരും ബിബിന്റെ വീട്ടിലെത്തുന്നത്. ആ സന്തോഷം അവന്റെ വീട്ടുകാരും ഞങ്ങളോരോരുത്തരും പങ്കു വച്ചു. സുധിയപ്പനും കുല്ലുവിനും മാത്രം വരാനൊത്തിട്ടില്ല. (എങ്കിലും കുല്ലു, ബിബിന്‍ നാട്ടിലേയ്ക്ക് വരുന്ന ദിവസം എയര്‍‌പോര്‍‌ട്ടില്‍ വച്ച് അവനെ കണ്ടിരുന്നു) ബാക്കി എല്ലാവരുമുണ്ട്.. ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം നടക്കുകയായിരുന്നു. പക്ഷേ ഒരു കല്യാണ വീടിന്റേതായ ഓളമോ ബഹളങ്ങളോ ഒന്നുമില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി കുറച്ചു പേര്‍‌ വന്നു ചേര്‍‌ന്നിട്ടുണ്ട് എന്ന് മാത്രം.

എന്തായാലും ഞങ്ങള്‍ എത്തിയതും കല്യാണവീടിന്റെ കോലമാകെ മാറി. മത്തന്‍ പതിവു പോലെ എന്തെങ്കിലും പണി ബാക്കിയുണ്ടോ എന്നും അന്വേഷിച്ച് നടന്നു. വൈകാതെ പന്തല്‍ ഡെക്കറേഷന്റെയും ലൈറ്റ് അറേഞ്ച്മെന്റ്‌സിന്റെയും ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്തു. ജോബി ശരീരമനങ്ങാതെ നാവു കൊണ്ട് പണിയെടുക്കുന്നവരെ സഹായിച്ചു. ഇതിനിടെ പരസ്പരം പാര വയ്ക്കാനും കളിയാക്കാനുമെല്ലാം ബിബിന്റെ അനുജനും പെങ്ങളും ഞങ്ങളുടെ കൂടെ കൂടി.

അതിനിടയില്‍ ബിബിന്റെ അനുജന്‍ അവന്റെ സുഹൃത്തുക്കള്‍ക്ക് എന്നെ ബ്ലോഗെഴുത്തിന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ അവരില്‍ പലരും എന്റെ ഈ ബ്ലോഗ് വായിയ്ക്കാറുണ്ടെന്ന് പറഞ്ഞതു കേട്ട് എന്തു കൊണ്ടോ സന്തോഷവും ജാള്യതയും ഒരുമിച്ച് തോന്നി.

അപ്പോഴേയ്ക്കും പഴയ ബിപിസി സുഹൃത്തുക്കളായ ജേക്കബും സുനിലും ക്യാപ്റ്റനും എത്തിച്ചേര്‍ന്നു. ക്യാപ്റ്റനെ കണ്ട് മത്തന്‍ ‘ക്യാപ്റ്റോ...’ എന്ന് വിളിച്ചത് കേട്ട് അവിടെ നിന്ന ഒരു പയ്യന്‍ ഓടിച്ചെന്ന് ഒരിത്തിരി ബഹുമാനത്തോടെ ക്യാപ്ടന്റെ കൈ പിടിച്ച് “ചേട്ടനാണല്ലേ ക്യാപ്ടന്‍ എല്‍‌ദോ? എനിയ്ക്ക് ബ്ലോഗ് വായിച്ച് അറിയാം” എന്ന് പറഞ്ഞതു കേട്ട് ക്യാപ്റ്റന്‍ പകച്ചു നില്‍ക്കുന്നതു കണ്ടു. അല്പ നേരം കഴിഞ്ഞ് അവന്‍ എന്റടുത്ത് വന്ന് ചോദിച്ചു. “ഇതെന്തോന്നെടേയ്? നീ അത് എവിടെയൊക്കെയാ എഴുതി വിട്ടിരിയ്ക്കുന്നത്? എന്തുവാ ഈ ബ്ലോഗ്? എന്റെ കളിപ്പേരും ഡീറ്റയിത്സും കൊച്ചു പിള്ളേര്‍‌ക്ക് പോലും അറിയാമെന്ന് അതുങ്ങളു വന്ന് പറയുന്നത് നീ കേട്ടോടേയ്? ഇനിയെങ്കിലും എന്നോട് ഒന്നു പറയ് എന്താ ഈ ക്യാപ്റ്റന്റെ അര്‍‌ത്ഥമെന്ന്...”

സത്യത്തില്‍ ക്യാപ്ടന്‍ വന്ന് പറഞ്ഞതു കേട്ട് ഞാന്‍ ചിരിച്ചു പോയി. 10 കൊല്ലങ്ങള്‍ക്ക് ശേഷവും അവനറീയില്ല, എങ്ങനെ ആ പേരു വന്നു എന്ന്. എന്തായാലും ഞാനാ രഹസ്യം അപ്പോഴും വെളിപ്പെടുത്തിയില്ല. കുറച്ചു നാള്‍ കൂടി ആ തമാശ അങ്ങനെ തന്നെ നില്‍ക്കട്ടെ എന്ന് കരുതി.

അപ്പോഴേയ്ക്കും സമയം സന്ധ്യ കഴിഞ്ഞു, ബിബിന്റെ ‘എതിരേല്‍‌പ്പിന്റെ’ സമയമായി. അവരുടെ ഇടവക പള്ളിയിലെ അച്ചന്‍ വന്ന് അതിന്റെ ചടങ്ങുകളും പ്രാര്‍ത്ഥനകളും നടത്തി. അതു കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും കൂടി കല്യാണ വീടിനു മുന്‍പില്‍ ഒത്തു കൂടി. ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ഞങ്ങളെല്ലാം നേരില്‍ കാണുന്നത്. അതിന്റെ ഒരു സന്തോഷം എല്ലാവരിലുമുണ്ടായിരുന്നു.. കുറേ നേരത്തേയ്ക്ക് ഞങ്ങളെല്ലാവരും വീണ്ടും കുട്ടികളായി. വര്‍‌ത്തമാനം പറഞ്ഞും വിശേഷങ്ങള്‍ പങ്കു വച്ചും ബഹളമുണ്ടാക്കിയും പരസ്പരം പാര വച്ചും അങ്ങനെ കുറേ നേരം ഇരുന്നു. അപ്പോഴേയ്ക്കും ബിബിന്റെ അനുജന്‍ വന്ന് എല്ലാവരെയും ഭക്ഷണം കഴിയ്ക്കാന്‍ വിളിച്ചു.

ഭക്ഷണശേഷം ഞാന്‍ കുറച്ചു നേരം വെറുതേ ഇരിയ്ക്കുകയായിരുന്നു. സമയം ഒമ്പതര ... നേരം നല്ലവണ്ണം ഇരുട്ടിക്കഴിഞ്ഞു.. വിവാഹ വീട്ടിലെ വെളിച്ചവും ബഹളവുമെല്ലാം ഒഴിച്ചു നിര്‍ത്തിയാല്‍ ചുറ്റുപാടും നിശബ്ദതയും ഇരുട്ടും മാത്രം. ഞാന്‍ ആകാശത്തേയ്ക്ക് കണ്ണും നട്ട് ഇരിയ്ക്കുന്നത് കണ്ട് ബിബിന്‍ എന്റെ അടുത്തേയ്ക്ക് വന്നു.. പുറകിലൂടെ വന്ന് തോളില്‍ കയ്യിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു... “എന്നാ അളിയാ ഒറ്റയ്ക്ക്? എന്നതാ നീ ആലോചിയ്ക്കുന്നേ?”

ഞാന്‍ ചെറുതായി ചിരിച്ചു കൊണ്ടു പറഞ്ഞു... “ഒന്നുമില്ലെടാ... ഞാന്‍ ആലോചിയ്ക്കുകയായിരുന്നു... ഒരു പത്തു വര്‍‌ഷങ്ങള്‍ക്ക് പുറകിലുള്ള നമ്മുടെ ചില നാളുകള്‍... നമ്മളെല്ലാവരും ഒരുമിച്ചുണ്ടായിരുന്ന അന്നത്തെ രാത്രികള്‍. ബിപിസിയില്‍ ഇങ്ങനെ മാനം നോക്കി കിടക്കാറുണ്ടായിരുന്ന ആ നല്ല നാളുകള്‍”

ഞാനും ഇടയ്ക്ക് അതൊക്കെ ആലോചിയ്ക്കാറുണ്ടെടാ... ഞാനും സുധിയപ്പനും ജോബിയും എല്ലാം നമ്മുടെ റൂമില്‍ ഒത്തു കൂടാറുണ്ടായിരുന്ന ആ കാലം...”

അവന്‍ ശബ്ദം താഴ്ത്തിക്കൊണ്ട് തുടര്‍ന്നു... “ ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടബോധം. സുധിയപ്പന്‍ മാത്രം നമ്മളില്‍ നിന്നും ഏറെ അകലെ... അതിന് മന:പൂര്‍വ്വമല്ലെങ്കിലും ഞാനും കൂടി കാരണമല്ലേ എന്നൊരു തോന്നല്‍. ഇന്ന് അവനും കൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനിപ്പഴും കൂടി ആലോചിച്ചതേയുള്ളൂ.... അവനെ തിരിച്ചു കൊണ്ടു വരാന്‍ നമുക്ക് കഴിയുമോടാ... നിനക്ക് ഒന്നു കൂടി ശ്രമിച്ചു നോക്കിക്കൂടേ?”

ഞാന്‍ എന്തെങ്കിലും മറുപടി പറയും മുന്‍‌പേ ബിബിനെ അവന്റെ പെങ്ങള്‍ വന്നു വിളിച്ചു. അകത്ത് ആരോ അവനെ അത്യാവശ്യമായി അന്വേഷിയ്ക്കുന്നുവത്രേ... ഉടനെ വരാമെന്ന് പറഞ്ഞ് അവന്‍ അകത്തേയ്ക്ക് പോയി. ഞാന്‍ വീണ്ടും ആ പഴയ ഓര്‍മ്മകളിലേയ്ക്കം ...

****************

ബി പി സി കോളേജിന്റെ മുറ്റത്തെത്തി നില്‍ക്കുന്ന ടാറിട്ട ആ റോട്ടില്‍ ആകാശവും നോക്കി അങ്ങനെ മലര്‍ന്ന് കിടക്കുക എന്നത് അക്കാലത്ത് ഞങ്ങളുടെ ഒരു വിനോദമായിരുന്നു. വല്ലപ്പോഴുമൊക്കെ ഇത് പതിവുള്ളതാണ്. ഞങ്ങളുടെ കൊച്ചു റൂമില്‍ എല്ലാവരും ഒത്തു ചേരാറുള്ള ചില ദിവസങ്ങളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വെടി പറഞ്ഞിരിയ്ക്കുന്ന അവസരങ്ങളില്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ സംസാരം അപ്പോളോ ജംഗ്ഷനിലുള്ള ശശി ചേട്ടന്റെ പീടികയ്ക്കു മുമ്പിലെ ബെഞ്ചുകളിലേയ്ക്കോ അടുത്തുള്ള കലുങ്കിലേയ്ക്കോ അതുമല്ലെങ്കില്‍ കുന്നിന്‍ മുകളിലുള്ള ബിപിസി കോളേജിന്റെ മുറ്റത്തേയ്ക്കോ മാറ്റും. മറ്റെവിടുത്തേക്കാളും നിശബ്ദമായിരിയ്ക്കും രാത്രി സമയങ്ങളില്‍ ബിപിസിയും പരിസരങ്ങളും. അതു കൊണ്ടു തന്നെ കന്നീറ്റു മലയുടെ ഒത്ത മുകളിലായി ചുറ്റുപാടും റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട, നിലാവില്‍ കുളിച്ചു കിടക്കുന്ന ബിപിസിയുടെ മുറ്റത്ത് ചെന്നിരിയ്ക്കുന്നതായിരുന്നു ഞങ്ങള്‍ക്ക് ഏറെ ഇഷ്ടം. അത്തരം അവസരങ്ങളില്‍ കുല്ലുവിന്റെ ശ്രുതിമധുരമായ ഗാനാലാപനവും ബിമ്പുവിന്റെ നവോദയാ കഥകളും സുധിയപ്പന്റെ അട്ടഹാസം പോലുള്ള തൊണ്ട കീറിയുള്ള പാട്ടും (അതല്ലെങ്കില്‍ പാട്ടു പോലുള്ള എന്തോ ഒന്നും) എന്റെ ചില വളിപ്പുകളും കത്തികളും ജോബിയുടെ രസകരമായ മണ്ടത്തരങ്ങളും മത്തന്റെ കൊച്ചു കൊച്ചു പൊങ്ങച്ചങ്ങളും എല്ലാമായി രംഗം കൊഴുക്കും. എല്ലാത്തിനും ഒരു കേള്‍വിക്കാരനായി എന്നും സഞ്ജു ഉണ്ടാകും.

"ഇന്നിതാ എത്രയോ കാലം കഴിഞ്ഞു
അന്നത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിയ്ക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ..."

കുല്ലു പാടി നിര്‍ത്തിയ ശേഷവും ഏതാനും നിമിഷങ്ങള്‍ ആരും ഒന്നും മിണ്ടിയില്ല. തുടര്‍ന്ന് ബിമ്പുവാണ് ആ നിശ്ശബ്ദത ഭേദിച്ചത്. "അളിയാ... നീ ഇതിങ്ങനെ പാടി കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക ഫീല്‍ . എന്തോ ഒരു വിഷമവും. പക്ഷേ എത്ര കാലം കഴിഞ്ഞാലും നമ്മുടെ സൌഹൃദം തകരരുത്. അത് എന്നും ഇങ്ങനെ നിലനില്‍ക്കണം" അല്ലേ സുധിയപ്പാ...

"അതേയതെ. പാമ്പന്‍ പാലം പോലെ... ഈ കന്നീറ്റുമലയുടെ പച്ചപ്പു പോലെ" സുധിയപ്പന്റെ മറുപടിയ്ക്ക് താമസമുണ്ടായില്ല. എല്ലാവരും ചിരിച്ചു.

... തുടങ്ങി അവന്റെ അവിഞ്ഞ സാഹിത്യം. ഒന്നു നിര്‍ത്തെടാ...” ജോബി അലറി.

അപ്പോഴാണ് മാനത്തു നോക്കി ഇതെല്ലാം കേട്ട് രസിച്ചു കിടന്നിരുന്ന ഞാന്‍‌ ഒരു കൊള്ളിയാന്‍ മിന്നി മറയുന്നത് കണ്ടത്. “ദേ നോക്കെടാ... ഒരു വാല്‍‌നക്ഷത്രം!” അതു കണ്ട ഭാഗത്തെ ആകാശത്തേയ്ക്ക് വിരല്‍‌ ചൂണ്ടി ഞാന്‍ വിളിച്ചു കൂവി. എല്ലാവരുടേയും ശ്രദ്ധ അതിലേയ്ക്കായി.

എടാ... വാല്‍‌ നക്ഷത്രത്തെ കാണുമ്പോള്‍‌ എന്തെങ്കിലും മനസ്സിലാഗ്രഹിച്ചാല്‍ ഉറപ്പായും അതു നടക്കുമെന്നാ വിശ്വാസം” ബിബിന്‍ തന്റെ അറിവ് വിളമ്പി.

ഏതാനും നിമിഷം അവിടമാകെ നിശ്ശബ്ദത പരന്നു. കാരണം എല്ലാവരും കണ്ണടച്ച് പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.. വെടി പോട്ടുന്നതു പോലെയുള്ള സുധിയപ്പന്റെ അട്ടഹാസമാണ് ആ നിശ്ശബ്ദത ഭഞ്ജിച്ചത്. “ ഹാ ഹാ ഹാ... വാല്‍നക്ഷത്രത്തെ കണ്ട് പ്രാര്‍‌ത്ഥിച്ചാല്‍‌ അത് ഫലിയ്ക്കുമെന്നോ? വിഡ്ഢികള്‍. അളിയാ... നീ ഇത് വിശ്വസിയ്ക്കുന്നുണ്ടോ?”

അവന്റെ ചോദ്യം എന്നോടായിരുന്നു.. കണ്ണടച്ച് പ്രാര്‍‌ത്ഥനയിലായിരുന്ന ഞാനാണെങ്കില്‍‌ മറുപടി പറയാന്‍ ഒന്നു രണ്ടു നിമിഷങ്ങളെടുത്തു. അത് മനസ്സിലാക്കിയ അവന്റെ ചിരി കുറേക്കൂടി ഉച്ചത്തിലായി.

അതല്ലെടാ... അന്ധവിശ്വാസമെന്നു പറയാമോ എന്നറിയില്ല, പക്ഷേ ഇനി എങ്ങാനും അത് സത്യമാണെങ്കിലോ? ഒരു ചേതവുമില്ലാത്ത കാര്യമല്ലേ? ഒന്നു ട്രൈ ചെയ്ത് നോക്കുന്നതിലെന്താണ് തെറ്റ്?”

സുധിയപ്പന്റെ പൊട്ടിച്ചിരി പിന്നെയും മുഴങ്ങി. “ യൂ സെഡ് ഇറ്റ്! ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ? ഞാനും അതേ ലൈനിലാ ചിന്തിച്ചത്. അതു കൊണ്ട് ആ വാല്‍ നക്ഷത്രം കണ്ട ഉടനേ എല്ലാവരെക്കാളും മുന്‍‌പേ ഞാന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞിരുന്നു.”

എന്നിട്ടാണോടാ &%$#@... ഇത്രയും നേരം താളമടിച്ചത്? അവന്റെയൊരു...”

മത്തന് സുധിയപ്പന്റെ ഡയലോഗ് കേട്ട് ചൊറിഞ്ഞു വന്നു.

പോട്ടെഡേയ് മത്താ... വിട്ടു കള. നമുക്ക് റൂമിലേയ്ക്ക് പോകാം, എനിയ്ക്ക് ഉറക്കം വന്നു തുടങ്ങി. സമയം എത്രയായെന്നാ വിചാരം? മൂന്നാകാറായി. വാ... ”

****************

അളിയാ... വാ, പോകണ്ടേ? നീ എന്താലോചിച്ചിരിയ്ക്കുകയാ” സഞ്ജുവിന്റെ ചോദ്യമാണ് വീണ്ടും എന്നെ ഓര്‍‌മ്മകളില്‍ നിന്നും തിരികെ കൊണ്ടു വന്നത്. അപ്പോഴേയ്ക്കും മത്തന്‍ ഫാമിലിയുമൊത്ത് അങ്ങോട്ടു വന്നു. ഒപ്പം സഞ്ജുവിന്റെ നല്ല പാതിയും.

ഒന്നുമില്ലെടാ... ഒരു വാല്‍ നക്ഷത്രം കാണാനൊക്കുമോ എന്ന് നോക്കുവായിരുന്നു” ഞാന്‍ ചിരിച്ചു.. എല്ലാവരും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.

സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. എല്ലാവരേയും കണ്ട് യാത്ര പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. അന്ന് വീണു കിട്ടിയ കുറച്ചു സമയത്തിനുള്ളില്‍ അച്ചൂസും (മത്തന്റെ മകള്‍) എന്നോട് നല്ല കമ്പനി ആയിക്കഴിഞ്ഞിരുന്നു. സന്ധ്യയ്ക്കെപ്പോഴോ ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന മഞ്ച് അവള്‍ കാറില്‍ കയറിയപ്പോഴേ വാങ്ങിയെടുത്തു.

അന്ന് രാത്രി ഞാന്‍ സഞ്ജുവിന്റെ വീട്ടില്‍ അവന്റെ കൂടെ തങ്ങി. പിറ്റേന്ന് പത്തു മണിയോടെ എല്ലാവരും വീണ്ടും പിറവം പള്ളിയില്‍ എത്തിച്ചേര്‍ന്നു. ബിബിന്റെ വിവാഹവും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം, എല്ലാവരേയും കാണാന്‍ സാധിച്ച സന്തോഷത്തോടെ, വീണ്ടും കുറേ നല്ല ഓര്‍മ്മകളുമായി ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു.