Saturday, October 25, 2008

ഒരു ക്യാമ്പും ക്യാപ്റ്റന്‍ എല്‍‌ദോയും

എല്ലാവര്‍ക്കും കോളേജ് ജീവിതകാലത്തെ ഓര്‍മ്മകളില്‍ നിന്ന് ഒട്ടേറെ ഇരട്ടപ്പേരുകളുടെ കഥകള്‍ പറയാനുണ്ടാകും. ഒന്നുകില്‍ അതു നമുക്കാകാം, അല്ലെങ്കില്‍ നമ്മള്‍ ഇടുന്നതാകാം, അതുമല്ലെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കാകാം. ചെറിയ അബദ്ധങ്ങളില്‍ നിന്നോ കൊച്ചു കൊച്ചു സംഭവങ്ങളില്‍ നിന്നോ രൂപപ്പെടുന്നവയാണ് അവയില്‍ പലതും. എന്തായാലും കലാലയ ജീവിതത്തിനിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏതു നിമിഷവും ആര്‍ക്കും വീണു കിട്ടിയേക്കാവുന്ന ഒന്നായിരുന്നു ഇരട്ടപ്പേരുകള്‍ അഥവാ വട്ടപ്പേരുകള്‍.


ഞങ്ങള്‍ ബിപിസിയില്‍ പഠിയ്ക്കുന്ന കാലത്തും അവിടെ ഇരട്ടപ്പേരുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. മത്തന്‍, ബിട്ടു, നീലന്‍, മുള്ളന്‍, സില്‍‌‍‌വര്‍‌‍, ഭീകരന്‍, വിശുദ്ധന്‍‌‍, അശുദ്ധന്‍‌‍, കുട്ടപ്പന്‍, സ്കൂട്ടര്‍, ബ്രദര്‍, പവിത്രന്‍, കേഡി, പക്രു, അപ്പച്ചന്‍‌‍, അമ്മായി, പോലീസ്, പന്തം, ആമ, മുയല്‍, താത്ത, ജാജി (ജാഢ ജിഷ എന്നതിന്റെ ചുരുക്കം), ജാസ്മി (ജാഢ സ്മിത), ആക്ടീവ് സ്മിത, കൊട്ടടയ്ക്ക, പത്തക്കോ‍ല്‍, കാലിബര്‍‌‍ മാത്തു എന്നിങ്ങനെ കളിപ്പേരുകള്‍‌‍ അനവധിയാണ്. ഇവര്‍‌‍ക്കൊക്കെ പേരുകള്‍‍ വന്ന വഴികളും രസകരമാണ്‍. എന്നാലും ഞാന്‍‌‍ മൂലം അവിടെ പ്രശസ്തമായ നിര്‍‌‍ദ്ദോഷമായ ഒരു ഇരട്ടപ്പേരായിരുന്നു എല്‍‌‍‌ദോയ്ക്ക് കിട്ടിയ ക്യാപ്റ്റന്‍‌‍ എന്ന പേര്.

ഞങ്ങളുടെ ക്ലാസ്സിലെ സഹൃദയനായ, സരസനായ ഒരു കഥാപാത്രമായിരുന്നു, എല്‍ദൊ. എപ്പോഴും എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രം ഇടപെടുന്ന ഒരു വ്യക്തി. മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ “എല്‍ദോയെ സിനിമയിലെടുത്തു”… “ഡാ എല്‍ദോ… അടിച്ചൊടിയ്ക്കെടാ അവന്റെ കാല്…” തുടങ്ങിയ ഡയലോഗുകള്‍ ക്ലാസ്സില്‍ ആദ്യമേ ഹിറ്റ് ആയിരുന്നു. അതിന്റെ പുറകേയായിരുന്നു ഇന്നും നില നില്‍ക്കുന്ന “ക്യാപ്റ്റന്‍” എന്ന പേര് അവനു കിട്ടുന്നത്.

അങ്ങനെ ഒരു പേരു വരാനുള്ള കാരണവും രസകരമായിരുന്നു. രണ്ടാം വര്‍‍ഷത്തിലൊരു ദിവസം‍ പഠിപ്പിയ്ക്കാന്‍ സാര്‍ വരാന്‍ വൈകിയ ഒരു പിരിയഡില്‍ വെറുതേയിരുന്ന് എന്തോ സംസാരിയ്ക്കുകയായിരുന്നു ഞാനും ജോബിയും. അപ്പൊഴാണ് എല്‍‍ദോ അങ്ങോട്ടു വരുന്നത്. അവന്‍‍ ആയിടയ്ക്ക് തലമുടി വെട്ടി, ഒരു തൊപ്പിയും വച്ചു കൊണ്ടാണ്‍ അന്നു വന്നിരുന്നത്. എന്തു കൊണ്ടോ അവനെ കുറച്ചകലെ നിന്നു കണ്ടപ്പോള്‍‍ ഞങ്ങള്‍‍ ആയിടെ കണ്ട ഏതോ ചിത്രത്തിലെ, ക്യാപ്റ്റനായി അഭിനയിച്ച ആരൊ ഒരാളെ എനിയ്ക്ക് ഓര്‍‍മ്മ വന്നു. (ചിത്രമോ അഭിനേതാവിനെയോ ഇപ്പോള്‍‍ ഓര്‍‍മ്മയില്ല). ഞാനത് ജോബിയോട് പറയുകയും ചെയ്തു. അതു കേട്ട് എല്‍‌ദോയെ ശ്രദ്ധിച്ചു നോക്കിയ ജോബിയും ചിരിച്ചു കൊണ്ട് അതു ശരി വച്ചു.

ആ സമയത്താണ് എല്‍‍ദോ അടുത്തേയ്ക്കു വരുന്നത്. സംസാരിയ്ക്കാന്‍‍ ഞങ്ങളോടൊപ്പം കൂടുമ്പോള്‍‍ ഞങ്ങള്‍‍ ചിരിച്ചു കൊണ്ടിരിയ്ക്കുന്നതു കണ്ട് എന്താണു കാര്യമെന്ന് അവന്‍ അന്വേഷിച്ചു. അപ്പോള്‍‍ ഞാന്‍ പറഞ്ഞു, “ഒന്നുമില്ല, നിന്നെ ഇനി മുതല്‍ ക്യാപ്റ്റന്‍‍ എന്നേ ഞങ്ങള്‍‍ വിളിയ്ക്കുകയുള്ളൂ എന്ന് പറയുകയായിരുന്നു” എന്ന്.

‘ക്യാപ്റ്റനോ അതെന്താ അങ്ങനെ ഒരു പേര്? ’ കുറച്ച് അമ്പരപ്പോടെ അവന്‍ ചോദിച്ചു.

പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും അപ്പോള്‍ അവനോട് ഞാന്‍‌‍ സിനിമയിലെ ക്യാപ്റ്റന്റെ കാര്യമൊന്നും പറയാന്‍ തോന്നിയില്ല. പകരം അപ്പോള്‍‍ തോന്നിയ കുസൃതിയില്‍‌‍ കുറച്ചു നാടകീയമായി ഇങ്ങനെ പറഞ്ഞു. “അതിപ്പോ നിന്നോടെങ്ങനെയാ പറയുക? ”

എന്നിട്ട് ഞാന്‍‌‍ ജോബിയെ നോക്കി പറഞ്ഞു “ജോബീ, നീ പറഞ്ഞു കൊടുക്ക്”

എന്നാല്‍ ജോബി പ്രതികരിച്ചതും ഇങ്ങനെ ആയിരുന്നു. “ഞാന്‍ പറയണോ? നീ തന്നെ പറയ്”

ഞാന്‍ വീണ്ടും “ശ്ശെ! ഞാനതെങ്ങനെയാ ഇവന്റെ മുഖത്തു നോക്കി പറയുന്നത്? നീ തന്നെ പറയ്” എന്നും കൂടി പറയുന്നതു കേട്ടപ്പോള്‍‍ എല്‍‌‍ദോയുടെ കണ്ട്രോള്‍ പോയി.

“എന്തോന്നാടാ??? എന്താ ഈ ക്യാപ്റ്റന്‍‍ എന്നതിന്റെ അര്‍‍ത്ഥം? വല്ല ഗുലുമാലുമാണോ?”

അവന്‍‍ ഞങ്ങളുദ്ദേശ്ശിച്ച ട്രാക്കില്‍‍ തന്നെ ചിന്തിയ്ക്കുന്നു എന്നു മനസ്സിലാക്കിയ ജോബി ചാടിക്കയറി അവനോടു പറഞ്ഞു. “എടാ… അയ്യേ! ക്യാപ്ടന്റെ അര്‍ത്ഥം ഒന്നും ഉറക്കെ ചോദിയ്ക്കല്ലേ… ആരെങ്കിലും കേട്ടാന്‍ എന്തു കരുതും?”

ഇതു കേട്ടതും അവന്‍ ദയനീയ മുഖഭാവത്തോടെ പതിയെ ചോദിച്ചു “അത്രയ്ക്കു മോശം അര്‍‍ത്ഥമാണോടേയ്?”

അവന്റെ ഭാവവും ചോദ്യവും കേട്ട ഞങ്ങള്‍‍ ചിരിച്ചു പോയി. ഞങ്ങളുടെ ഭാവം കണ്ടിട്ടോ അപ്പോഴേയ്ക്കും ക്ലാസ്സിലേയ്ക്ക് സാര്‍ കടന്നു വന്നിട്ടോ എന്തോ എന്താണ് സംഭവമെന്ന് വിശദമായി ചോദിച്ചറിയാന്‍ അവന് അപ്പോള്‍ സാധിച്ചില്ല.

എന്തായാലും തീരെ പ്രതീക്ഷിയ്ക്കാതെ തന്നെ രസകരമായ ഒരു സംഭവം ഒത്തു വന്നത് ഞങ്ങള്‍ ശരിയ്ക്കും ആഘോഷിച്ചു. ക്ലാസ്സിലെ എല്ലാവരോടും മറ്റു ക്ലാസ്സുകളിലെ സുഹൃത്തുക്കളോടും എല്ലാം എല്‍‍ദോയെ കാണുമ്പോള്‍ “ക്യാപ്റ്റാ…” എന്നു നീട്ടി വിളിയ്ക്കണം എന്ന് പറഞ്ഞു വച്ചു. സംഭവങ്ങളൊന്നും വിശദമായി അറിയില്ലെങ്കിലും എല്ലാവരും അത് അക്ഷരം പ്രതി പാലിച്ചു.

എല്ലാവരും വിളിച്ചു തുടങ്ങിയപ്പോള്‍ അവന്‍ പല തവണ ഞങ്ങള്‍ക്കടുത്തെത്തിയെങ്കിലും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞ് കാര്യം അറിയിയ്ക്കാതെ ഞങ്ങള്‍ പിടിച്ചു നിന്നു. ഇനി മറ്റാരെങ്കിലും ഞങ്ങളോട് ‘അതെന്താ, അവനെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് ’എന്നോ മറ്റോ ചോദിച്ചാല്‍ അവനോട് തന്നെ ചോദിയ്ക്കൂ എന്നും പറഞ്ഞ് ഞങ്ങള്‍ അവരെ മടക്കി അയയ്ക്കും. അവരതു പോയി അവനോട് ചോദിച്ചാല്‍ അവന്‍ വല്ലാതാകുകയും മോശമായ എന്തോ ഒന്ന് കേട്ട പോലെ എത്രയും വേഗം അവിടെ നിന്ന് തടി തപ്പുകയും പതിവായി.

ഈ സംഭവത്തെ തുടര്‍‍ന്നായിരുന്നു ആ വര്‍‍ഷത്തെ NSS ദശദിന ക്യാമ്പ് നടന്നത്. ക്യാമ്പില്‍ വച്ചാണ് കോളേജിലെ ജൂനിയേഴ്സും സീനിയേഴ്സും മറ്റു ബാച്ചുകാരും എല്ലാം പരസ്പരം ശരിയ്ക്കു പരിചയപ്പെടുന്നത്. മാത്രമല്ല പലര്‍ക്കും ഇരട്ടപ്പേരുകള്‍ വീഴുന്നത് ഇങ്ങനെ ക്യാമ്പുകള്‍ക്കിടയിലും ആയിരുന്നു. ഞങ്ങള്‍ എല്‍‌ദോയെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് കേട്ട് അവര്‍ക്കിടയിലും ഈ പേര്‍ പെട്ടെന്ന് വ്യാപിച്ചു.
അങ്ങനെയിരിയ്ക്കെ ക്യാമ്പില്‍ ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണസമയം ആയി. ക്യാമ്പില്‍ മൊത്തം 60 പേരോളം ഉണ്ടാകുന്നതിനാലും അന്നത്തെ കാന്റീനില്‍ ഒരു സമയം 20 പേരിലധികം പേര്‍ക്ക് ഇരിയ്ക്കാന്‍ കഴിയാത്തതിനാലും രണ്ടു മൂന്നു പന്തികളിലായിട്ടാണ് എല്ലാവരും കഴിച്ചിരുന്നത്.

അങ്ങനെ ഒരു അവസരത്തില്‍ ഞങ്ങള്‍ കുറേപ്പേര്‍ കാന്റീനിനടുത്ത് കുറച്ചു മാറിയിരുന്ന് സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. ജൂനിയേഴ്സും സീനിയേഴ്സും എല്ലാവരുമുണ്ട്. അതിനിടയില്‍ പലരും എല്‍ദോയെ ക്യാപ്റ്റന്‍ എന്നാണ് സംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ അവനു വീണ്ടും തോന്നി, എന്താണ് അങ്ങനെ വിളിയ്ക്കാന്‍ കാരണം എന്ന് അറിയാന്‍ ഇനിയും വൈകിക്കൂടാ… ജൂനിയെഴ്സിന്റെ ഇടയില്‍ പോലും ആ പേര് വ്യാപിച്ചു തുടങ്ങി. അവന്‍ പതുക്കെ എന്നെയും ജോബിയേയും ആ കൂട്ടത്തില്‍ നിന്നും വിളിച്ചു മാറ്റി നിര്‍ത്തി ചോദിച്ചു.

‘എടാ… ഇനിയെങ്കിലും പറയ്, എന്താ ഈ ക്യാപ്റ്റന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? കണ്ട പിള്ളേരെല്ലാം വന്ന് ക്യാപ്റ്റാ ക്യാപ്റ്റാ എന്ന് വിളിച്ചു തുടങ്ങി. എന്താ ആ പേരു കോണ്ടുദ്ദേശ്ശിയ്ക്കുന്നത്? അതിന്റെ അര്‍ത്ഥം ആര്‍ക്കൊക്കെ അറിയാം?”

ഞാനും ജോബിയും അപ്പോഴും എന്തൊക്കെയോ പറഞ്ഞ് ഒഴിയാന്‍ നോക്കി. പക്ഷേ, അവന്‍ വിടുന്നില്ല. ഞങ്ങള്‍ക്ക് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അതറിയുന്ന വേറെ ആരുടെയെങ്കിലും പേരു പറഞ്ഞാല്‍ മതിയെന്നായി, അവന്‍. അവന്‍ മറ്റാരുമറിയാതെ ചോദിച്ചു മനസ്സിലാക്കിക്കൊള്ളാം എന്ന്.
വേറെ ആരുടെ പേരു പറയും എന്നോര്‍ത്ത് ഞങ്ങള്‍ക്കും കണ്‍‌ഫ്യൂഷന്‍. (വേറെ ആര്‍ക്കും അതിന്റെ കാരണം അറിയില്ലല്ലോ). എന്നാലും അവിടെ പലര്‍ക്കും അതിന്റെ (മോശമായ) അര്‍ത്ഥം അറിയാമെന്നും എന്തിന് പ്രോഗ്രാം കോ‌ ഓഡിനേറ്ററായ ബിജു സാറിനു പോലും അറിയാമെന്നും ഞങ്ങള്‍‍ വച്ചു കാച്ചി.

അതു കേട്ടപ്പോള്‍ അവനു പകുതി സമാധാനമായി. “ഓ, ബിജു സാറിനറിയാമല്ലേ? എന്നാല്‍ ഞാന്‍ ബിജു സാറിനോട് ചോദിച്ചു നോക്കട്ടെ. ഇനി അങ്ങനെ ഒരു പ്രശ്നം ആ പേരിനുണ്ടെങ്കില്‍ സാറ് എന്താ പറയുന്നതെന്നാറിയാമല്ലോ. പിന്നെ, നിങ്ങള്‍ ആരും വരണ്ട, ഞാനൊറ്റയ്ക്കു പോയി സാറിനോട് ചോദിച്ചോളാം ”

ഇതും പറഞ്ഞു കൊണ്ട് അവന്‍ കാന്റീനിനടുത്തേയ്ക്ക് നടന്നു. ബിജു സാര്‍ അപ്പോള്‍ കാന്റീന്നകത്ത് വെറുതേ ഇരിയ്ക്കുകയാണ്. കടക്കാന്‍ ഒരു വാതില്‍ മാത്രമുള്ള ആ കാന്റീനിന്റെ വാതില്‍ക്കല്‍ അപ്പോള്‍ ഭക്ഷണം കഴിയ്ക്കാന്‍ നില്‍ക്കുന്നവരുടെ തിരക്കു കണ്ടിട്ടാവണം എല്‍‌ദോ കുറച്ചു നേരം അവിടെ നിന്നു.
അതേ സമയം, അവന്‍ ഇക്കാര്യം സാറിനോട് ചോദിച്ചാല്‍ സാറിന് അതെപ്പറ്റി ഒന്നും അറിയാത്തതു കാരണം സാര്‍ അങ്ങനെ ഒന്നുമില്ലെന്ന് അവനോട് പറയുമെന്നും അതോടെ ആ സംഭവം പൊളിയുമെന്നും ഞങ്ങള്‍ക്കുറപ്പായതിനാല്‍ ഇതെങ്ങനെ സാറിനെ അറിയിയ്ക്കും എന്ന ആലോചനയിലായിരുന്നു ഞങ്ങള്‍. കൂടെ നില്‍‌ക്കണമെന്നു പറഞ്ഞാല്‍ സാറും ഞങ്ങളുടെ കൂടെ കൂടുമെങ്കിലും അതെങ്ങനെ സാറിനെ അറിയിയ്ക്കും?

കാന്റീനിനു മുന്നില്‍ തിരക്കു കുറയുന്നതും കാത്തു നില്‍ക്കുന്ന എല്‍‌ദോ കാണാതെ ഞാന്‍ പതുക്കെ കാന്റീനിനകത്തു കടന്ന് ബിജു സാറിനടുത്തെത്തി. എന്നിട്ടു പറഞ്ഞു. “സാര്‍, ഒരു സഹായം ചെയ്യണം. കാര്യമൊക്കെ പിന്നീട് പറയാം. നമ്മുടെ എല്‍ദോ വന്ന് ക്യാപ്റ്റന്‍ എന്നതിന്റെ അര്‍ത്ഥം എന്താണെന്നോ മറ്റോ ചോദിച്ചാല്‍ അതിന് അല്പം “തരികിട” അര്‍ത്ഥമാണ് എന്ന രീതിയില്‍ ഒന്നു പറയണം. ബാക്കി എല്ലാം വിശദമായി പിന്നെ പറയാം”

ഞങ്ങളെ ശരിയ്ക്കറിയാവുന്നതു കൊണ്ടു തന്നെ, അക്കാര്യം സാര്‍ വേണ്ടപോലെ കൈകാര്യം ചെയ്യാമെന്നേറ്റു. ഞാന്‍ പതുക്കെ അവന്‍ കാണാതെ കാന്റീനു പുറത്തിറങ്ങി, പതുക്കെ മാറി നിന്നു.
അപ്പോഴേയ്ക്കും ബിജു സാറും കാന്റീനു പുറത്തേയ്ക്കു വന്നു. ഇതു കണ്ട എല്‍‌ദോ പതുക്കെ സാറിനടുത്തു കൂടി. ആരും ശ്രദ്ധിയ്ക്കുന്നില്ല എന്നു മനസ്സിലാക്കി പതുക്കെ സാറിനോട് ചോദിച്ചു.

“സാറേ.. ഇവന്മാരൊക്കെ എന്നെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് സാറും കേട്ടു കാണുമല്ലോ. എന്താ സാറേ അതിന്റെ അര്‍ത്ഥം? വല്ല പ്രശ്നവുമുണ്ടോ?”

ഇതു കേട്ട് ബിജു സാര്‍ അരുതാത്തതെന്തോ കേട്ടതു പോലെ നടത്തം നിത്തി, അവനെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടു കുറച്ചു ഗൌരവത്തില്‍ ഉപദേശരൂപേണ പറഞ്ഞു.

“ച്ഛേ! നീ എന്തു ചോദ്യമാണ് ഈ ചോദിയ്ക്കുന്നത്? ഒരു അദ്ധ്യാപകനോട് ഒരു വിദ്യാര്‍ത്ഥി ചോദിയ്ക്കാന്‍ പാടുള്ള ചോദ്യമാണോടാ ഇത്? ഛെ! മോശം. എന്തായാലും എന്നോട് ചോദിച്ചതിരിയ്ക്കട്ടെ. ഇനി വേറെ ആരോടും ഇതൊന്നും പോയി ചോദിച്ചേക്കരുത്”

ഇതു കൂടി കേട്ടതോടെ എല്‍‌ദോ പരിപൂര്‍ണ്ണമായും തക്ര്ന്നു. “അയ്യോ! അത്രയ്ക്കും വൃത്തികെട്ട അര്‍ത്ഥമായിരുന്നോ സാറേ… സോറി ട്ടാ”അവന്‍ ചമ്മിയ മുഖത്തോടെ അവിടുന്നും വലിഞ്ഞു.

അപ്പോഴേയ്ക്കും ഞങ്ങള്‍ ബിജു സാറിനോടും കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു. അതു കേട്ട സാറിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം ബിജു സാറും അവനെ ക്യാപ്റ്റന്‍ എന്നു വിളിയ്ക്കാന്‍ തുടങ്ങി. ബിജു സാറിന്റെ പ്രതികരണവും കൂടി കണ്ടതു കൊണ്ടാകണം, ഇനിയും നാറേണ്ട എന്നു കരുതി അവന്‍ പിന്നീട് അരോടും ക്യാപ്റ്റന്‍ എന്നതിന്റെ അര്‍ത്ഥം വേറെ ആരോടും ചോദിച്ചിട്ടില്ല എന്നാണറിവ്.
എന്തായാലും അതോടെ ക്യാപ്റ്റന്‍ എന്ന പേര്‍ കോളേജ് മുഴുവന്‍ പരന്നു. അങ്ങനെ എല്‍‌ദോ, ‘ക്യാപ്റ്റന്‍ എല്‍‌ദോ’ ആയിത്തീര്‍ന്നു. എന്തിന്, ക്യാപ്റ്റന്‍ എന്നു വിളിയ്ക്കുന്നത് എല്‍‌ദോയെ ആണെന്ന് അദ്ധ്യാപകര്‍ക്കു വരെ മനസ്സിലായിരുന്നു എന്നതാണ് രസകരം. ബിജു സാറും ടിജി സാറും മാത്രമല്ല, ബേബി സാറു പോലും ഇടയ്ക്ക് ക്യാപ്റ്റന്‍ എവിടെ എന്നും മറ്റും അന്വേഷിച്ചിരുന്നു. അതു പോലെ ജൂനിയേഴ്സും “ക്യാപ്റ്റന്‍‌ ചേട്ടാ…” എന്ന് നീട്ടി വിളിയ്ക്കുമ്പോള്‍ അതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയാതെ എല്‍ദോ ചൂളി നില്‍ക്കുന്നത് കാണുന്നതു തന്നെ രസകരമായിരുന്നു.
---------------------------------------------------------------------------------
8 വര്‍‍ഷങ്ങള്‍‍ക്കിപ്പുറം ഈ പോസ്റ്റെഴുതുന്ന സമയം വരെയും എല്‍‌‍ദോ ഈ പേരിന്റെ ഉത്ഭവം എങ്ങനെ എന്നറിഞ്ഞിട്ടില്ല. മാത്രമല്ല; ബിരുദ പഠനത്തിനു ശേഷം ഞങ്ങള്‍ ബിപിസി വിട്ട് ബിരുദാനന്തര ബിരുദത്തിനു തഞ്ചാവൂര്‍ക്ക് പോയി. എന്തോ കമ്പ്യൂട്ടര്‍ കോഴ്സിനു വേണ്ടി ചിലവഴിച്ച ഒരു വര്‍ഷത്തിനു ശേഷം അവന്‍ ഉപരി പഠനത്തിനു ചേര്‍ന്ന മറ്റൊരു കോളേജിലും ഞങ്ങളുടെ ബിപിസിയിലെ ജൂനിയേഴ്സും ഉണ്ടായിരുന്നു എന്നും അവരില്‍ നിന്നും കേട്ടറിഞ്ഞ് ആ കോളേജിലും എല്ലാവരും അവനെ ക്യാപ്റ്റന്‍ എന്നാണ് വിളിച്ചിരുന്നത് എന്നും പിന്നീടറിഞ്ഞു.

91 comments:

  1. ശ്രീ said...

    ഇത് എന്റെ കലാലയ ജീവിതത്തിലെ എന്നെന്നും ഓര്‍മ്മിക്കുന്ന ഒരു രസകരമായ അനുഭവം. ഒരു ഇരട്ടപ്പേരിന്റെ അഥവാ വട്ടപ്പേരിന്റെ കഥ.

    ഈ പോസ്റ്റ് എന്റെ സുഹൃത്തായ “ക്യാപ്റ്റന്‍ എല്‍‌ദോ”യ്ക്ക് സമര്‍പ്പിയ്ക്കുന്നു.

  2. mayilppeeli said...

    ശ്രീ, ഓര്‍മ്മക്കുറിപ്പ്‌ വളരെ രസകരമായിരുന്നു....ഒരു കാര്യവുമില്ലാതെ പാവം എല്‍ദോയെ നിങ്ങളെല്ലാം ചേര്‍ന്നു പറ്റിച്ചു.......ഇതു വായിച്ചപ്പോള്‍ എനിയ്ക്കും സ്കൂള്‍-കോളേജ്‌ കാലഘട്ടത്തിലെ ഇരട്ടപ്പേരു വിളികളും അതിന്റെ പേരിലുള്ള പിണക്കങ്ങളുമൊക്കെ ഓര്‍മ്മ വന്നു....ആശംസകള്‍...

  3. ബഷീർ said...

    ഇന്ന് ആദ്യം ചെയ്ത പണി ശ്രീയുടെ ബ്ലോഗ്‌ വായനയാണേ. :)
    സംഭവം കലക്കി.. എന്നാലും മേല്‍ വിവരിച്ച പേരുകളില്‍ സ്വന്തമായുള്ളത്‌ കൂടി ഉള്‍പ്പെട്ടിട്ടില്ലേ.. ഒരെണ്ണം ന്യായമായും എനിക്ക്‌ സംശയമുണ്ട്‌. ഇല്ല ..ഞാന്‍ പറയില്ല.

    ആ പഴയ ക്യാപ്റ്റന്‍ ശരിക്കുമൊരും ക്യാപ്റ്റനായിട്ടുണ്ടെങ്കില്‍ വെടി കൊണ്ട്‌ കാറ്റു പോവാനുള്ള ഒരു ചാന്‍സുണ്ട്‌.. ഹി. ഹി.

  4. ബഷീർ said...

    ഒന്നാമതെത്തിയില്ലെങ്കിലും രണ്ടാമതെത്തി..ഹാവു..
    :)

  5. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..

    കോഴി ലംബു അണ്ണാച്ചി ഇത്തരം ഇരട്ട പേരുകള്‍ പൊതുവെ കാണപ്പെടുന്ന പേരുകളാണ്, വിട്ടുപോയതാണൊ?

    പിന്നെ ഈ പോസ്റ്റ് ശ്രീയുടെ അത്ര രസകരമായിതോന്നുന്നില്ല പ്രമേയം തന്നെ കാരണം, കോളേജില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ക്യാപ്റ്റന്‍ എന്ന പേരിന്റെ അര്‍ത്ഥം അറിയില്ലെന്നും അത് അറിയാന്‍ അദ്ദേഹത്തിന് സാറിന്റെയടുത്ത് പോകേണ്ടി വന്നു എന്നു പറയുമ്പോള്‍, എല്‍ദോ എന്ന വ്യക്തി എങ്ങിനെ കോളേജ് വരെയെത്തിയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

    ശ്രീക്കുട്ടാ വിഷമം തോന്നല്ലെ..എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞന്നേയുള്ളൂ..ഈ പോസ്റ്റ് ചുമ്മാ പോസ്റ്റിനു വേണ്ടി ഉണ്ടാക്കിയതുപോലെ തോന്നി, സംഭവം സത്യമാണെങ്കിലും പറയുന്നത് ശ്രീയായതിനാല്‍ അതിന്റെ ഭംഗി ഈ പോസ്റ്റിന് വന്നിട്ടില്ല.

  6. തോന്ന്യാസി said...

    എന്തായാലും ക്യാപ്റ്റനെ അങ്ങ്‌ട്ടിഷ്ടായി..

    ഇനി പറ ശ്രീടെ പേര് എന്തായിരുന്നൂ‍ൂന്ന്

  7. smitha adharsh said...

    സ്മിതമാര്‍ക്ക് വട്ട പേരിട്ടത്തിലും,ആ വട്ട പേര്‌ വീണ്ടും ചുരുക്കി,"ജാസ്മി.." എന്ന് പരസ്യമായി പോസ്റ്റില്‍ ഇട്ടതിനാലും പ്രതിഷേധിച്ചു ഞാന്‍ ഈ പോസ്റ്റ് ബഹിഷ്കരിക്കുന്നു.
    കമന്റ് ഇടാതെ തിരിച്ചു പോകുന്നു.

  8. പ്രയാസി said...

    അല്ല കുട്ടാ..
    ആക്ച്വലി ഈ ക്യാപ്റ്റന്റെ അര്‍ത്ഥമെന്താ..!?

    ഒരര്‍ത്ഥം അറിയാമായിരുന്നു.. ഇതു വായിച്ചപ്പൊ വേറൊന്തൊ മോശമായ അര്‍ത്ഥമുണ്ടെന്ന് മനസ്സിലായി..വിവരണം കൊള്ളാം..:)

    ഓടോ: കുഞ്ഞേട്ടാ.. ഈ കഥയും കഥാപാത്രങ്ങളുമൊക്കെ ഉഗാണ്ടക്കാരാ..
    ഉഗാണ്ടയില്‍ ക്യാപ്റ്റനെന്നു പറഞ്ഞാല്‍ #$@$%ട്$#% ഇതാ..;)

  9. [ nardnahc hsemus ] said...

    പാവം ക്യാപ്റ്റന്‍ രാജു!!!

    (അതായിരുന്നിരിയ്ക്കണം എല്‍ദോയുടെ ആകെയുള്ളൊരാശ്വാസം ല്ലെ?)

    :)

  10. ശ്രീ said...

    mayilppeeli ചേച്ചീ...
    ആദ്യ കമന്റിനു നന്ദി. അവന്‍ അദ്യം മുതലേ അങ്ങനെ ചിന്തിച്ചത് ഞങ്ങള്‍ മുതലെടുത്തെന്നേയുള്ളൂ... പഴയ കലാലയസ്മരണകള്‍ ഉണര്‍ത്താന്‍ ഈ പോസ്റ്റ് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
    :)
    ബഷിര്‍ക്കാ...
    ഹ ഹ. എന്റെ ഉയരത്തിന്റെ പേരില്‍ കൂട്ടുകാര്‍ എന്നെ ഇടയ്ക്ക് കളിയാക്കാറുണ്ടെന്നല്ലാതെ വേറെ ഒന്നുമില്ലാട്ടോ. :)
    കുഞ്ഞന്‍ ചേട്ടാ...
    സത്യസന്ധമായ അഭിപ്രായപ്രകടനത്തിനു നന്ദി. നടന്ന സംഭവം അതുപോലെ എഴുതാന്‍ ശ്രമിച്ചെന്നേയുള്ളൂ... വലുപ്പം കൂടാതിരിയ്ക്കാനായി ഇനിയും ചില വിശദികരണങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. എങ്കിലും ഇനി കൂടുതല്‍ ശ്രദ്ധിയ്ക്കാം. :)
    തോന്ന്യാസീ...
    എനിയ്ക്കു ഞാന്‍ തന്നെ പാര വയ്ക്കണമല്ലേ... ;) [ചുമ്മാ]
    സ്മിതേച്ചീ...
    രണ്ടു സ്മിതമാര്‍ ഒക്കെ ഉണ്ടാകുമ്പോള്‍ വിളിയ്ക്കാന്‍ എളുപ്പത്തിന് അങ്ങനെയൊക്കെ പേരുകള്‍ വീഴുക സ്വാഭാവികമല്ലേ? ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ 3 അനീഷുമാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ക്ക് പോലും സ്വന്തം പെരില്‍ അറിയപ്പെടാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ;)
    പ്രയാസീ...
    ഹ ഹ. ആ ചിന്ത പോയ അതേ വഴിയ്ക്കായിരിയ്ക്കും ഞങ്ങളുടെ ഭാവമൊക്കെ കണ്ട് പാവം എല്‍‌ദോയും ചിന്തിച്ചത്. അതാണ് അതിനു മറ്റെന്തോ അര്‍ത്ഥം കാണുമെന്ന് അവന്‍ കരുതിയത്. :)
    [ആ ഉഗാണ്ട പ്രയോഗം കലക്കീട്ടോ]
    സുമേഷേട്ടാ...
    ഹ ഹ. അതെ, അവന്‍ അങ്ങനെയൊക്കെ ആകും ആശ്വസിച്ചിരിയ്ക്കുക. :)

  11. Mahi said...

    ഫുള്‍ അറ്റെന്‍ഷനില്‍ ഒരു സല്യൂട്ട്‌ പിടിച്ചൊ ക്യാപ്റ്റന്‍ എല്‍ദോയ്ക്കാല്ല.ആ പേരിട്ട ഇയാള്‍ക്ക്‌ തന്നെ

  12. അശ്വതി/Aswathy said...

    ആഹഹാ..ഇന്ങനെ ഒരു പണി കുടി ഉണ്ട് അല്ലെ കൈയില്‍.
    ഇതു വരെ ഏറ്റു പാടിയിട്ട് ഉള്ളതല്ലാതെ ഒരു പേരു ശരികിട്ടിട്ടില്ല ഞാന്‍.നമിച്ചു. പാവം ക്യാപ്റ്റന്‍

  13. BS Madai said...

    ശ്രീ നന്നായി - അപ്പോ ഇതൊക്കെയാ കൈയ്യിലിരുപ്പ്!? ഇടക്ക് നിറം സിനിമയിലെ “ശുക്രിയാ” ഓര്‍മ്മ വന്നു. അപ്പോല്‍ ക്യപ്റ്റന്‍ ഈ പോസ്റ്റിലൂടെ പേരിന്റെ അര്‍ത്ഥമറിയാന്‍ പോകുന്നു - ഒന്നുകില്‍ പുള്ളിക്ക് ആശ്വാസം അല്ലെങ്കില്‍ തന്റെ ശ്വാസം പോക്ക്..!

  14. ചാണക്യന്‍ said...

    ശ്രീ,
    വട്ടപ്പേരിനു പുറകിലെ കഥ ഇഷ്ടായി...
    ഇനി പറ തന്റെ വട്ടപ്പേര് എന്തായിരുന്നു..?
    ആ കഥയും പറഞ്ഞു താ...

  15. രസികന്‍ said...

    ശ്രീക്കുട്ടാ : നന്നായി അവതരിപ്പിച്ചു . ചെറിയ ഒരു സംഭവം വായനക്കാരനെ മടുപ്പിക്കാതെ പറഞ്ഞ ശൈലി ഏറെ ഇഷ്ടമായി.
    ആശംസകള്‍

  16. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    ശ്രീ, എന്റെ കൂടെ ഒരു എല്‍ദോ ഇപ്പോള്‍ കസാഖിലുണ്ട്. ആ എല്‍ദോയാണൊ ഈ ക്യാപ്റ്റം എല്‍ദോ? എന്തായാലും ഇന്ന് കസാഖിലെ ലാസ്റ്റ് വീക്കെന്റായത് കൊണ്ട് കാര്യമായൊന്നു വീശുന്നുണ്ട്. രണ്ടെണ്ണം പിടിപ്പിച്ചിട്ട് എല്‍ദോയെക്കൊണ്ട് സത്യം പറയിപ്പിക്കാം.

  17. Raji Chandrasekhar said...

    ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന....

  18. ജിജ സുബ്രഹ്മണ്യൻ said...

    ക്യാപ്റ്റന്റെ കഥ കലക്കീ..പക്ഷേ കുറെ കുരങ്ങു കളിപ്പിച്ചെങ്കിലും അതിന്റെ യഥാര്‍ഥ അര്‍ഥം കണ്ടെത്താന്‍ എല്‍ദോക്ക് കഴിയാതെ പോയത് എനിക്കങ്ങോട്ട് ദഹിച്ചില്ല..ബൈ ദി ബൈ എന്താരുന്നു ശ്രീയുടെ വട്ടപ്പേര്..അല്ല കൂട്ടുകാര്‍ക്ക് വട്ടപ്പേരിടുന്ന ഒരാള്‍ക്ക് അവരും ചാര്‍ത്തി തന്നിട്ടുണ്ടാവുമല്ലോ മനോഹരമായ ഒരു പേര് !!

  19. എതിരന്‍ കതിരവന്‍ said...

    ഇത്തരം പേരിടീല്‍ വളരെ നിര്‍ദ്ദോഷകരമാണെങ്കിലും പേരു കിട്ടുന്നവരുടെ വിഷമങ്ങ‍ എത്ര തീവ്രമാണെന്നു ആരും ഓര്‍ക്കാറില്ല.

    കോളേജില്‍ നല്ല പേഴ്സണാലിറ്റി ഉള്ള പെങ്കുട്ടിയുടെ കവിള്‍ വല്ലാതെ ഒട്ടിയതായിരുന്നു, സോഡാക്കുപ്പിയുടെ കഴുത്തു പോലെ. “സോഡാ’ എന്ന പേരു വീണു. വല്യ ഒരു ഫങ്ക്ഷനു ഒരു പ്രശസ്ത സാഹിത്യകാരന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞ വിറ്റില്‍ “സോഡാ” എന്ന വാക്ക് ആവര്‍ത്തിച്ചു വന്നു. ഓഡിറ്റോറിയം മുഴുവന്‍ ചിരിയില്‍ കലങ്ങി മറിഞ്ഞു. (സാഹിത്യകാരന്‍ വിചാരിച്ചു അദ്ദേഹത്തിന്റെ വിറ്റ് നന്നായെന്ന്).
    പിറ്റേ ആഴ്ച കേള്‍ക്കുന്നു, ആ പെണ്‍കുട്ടി കോളേജ് വിട്ടു! പഠിത്തം തന്നെ നിറുത്തിയോ? ആ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ആരും അന്ന് ഗൌനിച്ചില്ല.

    ക്യാപ്റ്റനു വല്യ പ്രശ്നമൊന്നുമുണ്ടായില്ലെന്നു കരുതുന്നു. സ്വല്‍പ്പം നേര്‍ത്ത ശബ്ദമുണ്ടായിരുന്നതുകൊണ്ട് “രമണി” എന്ന പേരു വീണ പാവം പയ്യന്‍ സ്നേഹിതരൊന്നുമില്ലാതെ, കോളേജടയ്ക്കാന്‍ കാത്തിരിയ്ക്കുന്ന കാര്യം കരച്ചിലോടെ എന്നോട് പറഞ്ഞിട്ടുണ്ട്.

  20. മൈക്രോജീവി said...

    എതിരന്‍സാര്‍ പറഞ്ഞതു സത്യം...

  21. siva // ശിവ said...

    ഈ പോസ്റ്റ് വായിക്കാന്‍ നല്ല രസമായിരുന്നു...എല്ലാവര്‍ക്കും ഇതുപോലെ ഇരട്ടപേരുകള്‍ ഉണ്ടാകുമല്ലോ? അപ്പോള്‍ ശ്രീയുടെ പേര് എന്തായിരുന്നു...

  22. ഗോപക്‌ യു ആര്‍ said...

    ക്യാപ്റ്റന്‍ -അര്‍ഥമറിഞുകൂടാത്ത ആളാണൊ അയാള്‍?
    രസകരം...ശ്രീ...

  23. മെലോഡിയസ് said...

    ആദ്യം ശ്രീയുടെ വട്ടപ്പേര് പറയ് ;)

    പഠിക്കുന്ന സമയത്തുമല്ല, പണി സ്ഥലത്തും വട്ടപ്പേര് ഒരു രസമാ ;)

  24. Unknown said...

    എന്ത് പറയാനാ ശ്രീ .............
    നല്ല ഒഴുക്ക് ...........
    ഇതു വാഴിച്ചപോള്‍ എന്റെ ഓര്‍മ്മകള്‍ തല പൊക്കി

  25. B Shihab said...

    deepavali ashamsakal

  26. പാമരന്‍ said...

    ഇഷ്ടമായി മാഷെ. അഭിമാനത്തോടെ ഏറ്റുവാങ്ങുമായിരുന്ന 'ക്യാപ്റ്റന്‍' എന്ന ചെല്ലപ്പേരു ചമ്മലാക്കി മാറ്റിയ പുത്തിക്ക്‌ നമോവാകം! കുഞ്ഞേട്ടാ, അതല്ലേ ഹൈലൈറ്റ്‌..

    നല്ല 916 ഗോള്‍ഡ്‌ നിറമായതുകൊണ്ട്‌ കോളേജില്‍ 'ഇരുട്ടിന്‍റെ ആത്മാവ്‌' എന്നായിരുന്നു എനിക്ക്‌ അസൂയക്കാരിട്ട വിളിപ്പേരു്‌. ചുരുക്കി 'ഇരുട്ടേ..' ന്നു വിളിക്കും. ആരോടും പറഞ്ഞേക്കല്ലേ :)

    എതിരന്‍ജി പറഞ്ഞതു പോയിന്‍റ്.

  27. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    rasakaramaaya ormmakkuripp. iniyenkil eldo yod parayoo sariykkum enthaa arthamenthennu

    :)

  28. joice samuel said...

    നന്നായിട്ടുണ്ട്....
    നന്‍മകള്‍ നേരുന്നു.
    സസ്നേഹം,
    ജോയിസ്..!!

  29. ശ്രീ said...

    മഹീ...
    ആ സല്യൂട്ട് സ്വീകരിച്ചിരിയ്ക്കുന്നൂട്ടോ... :)
    അശ്വതി ചേച്ചീ...
    കൂട്ടുകാരെ വിഷമിപ്പിയ്ക്കാത്തതാണെങ്കില്‍ രസകരമായ ഇത്തരം പരിപാടികള്‍ക്ക് കൂട്ടുനില്‍ക്കാറുണ്ട്. :)
    BS Madai മാഷേ...
    അതെ, ഏതാണ്ട് ‘ശുക്രിയാ’ യുടെ കാര്യം പോലെ തന്നെ ആയി. അവന്‍ ഇത് അറിയുമ്പോള്‍ എന്താകുമോ എന്തോ... :)
    ചാണക്യന്‍ മാഷേ...
    എനിയ്ക്കു പേരിട്ടേ അടങ്ങൂ... ല്ലേ? ;)
    രസികന്‍ മാഷേ...
    ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)
    amantowalkwith...
    വായനയ്ക്കു നന്ദി മാഷേ. :)
    സണ്ണിച്ചേട്ടാ...
    അവിടെ വച്ച് ആ പാവം എല്‍‌ദോയുടെ കയ്യില്‍ നിന്നും വല്ലതും മേടിച്ചു കെട്ടിയാല്‍ ഞാന്‍ ഉത്തരവാദി ആയിരിയ്ക്കില്ല കേട്ടോ. ;)
    Raji Chandrasekhar...
    സ്വാഗതം മാഷേ. ഇവിടെ വന്നതിനും വായനയ്ക്കും കമന്റിനും നന്ദി. :)
    കാന്താരി ചേച്ചീ...
    അവന്‍ കരുതിയത് ആ പേരിനു പിന്നില്‍ എന്തോ Double Meaning ഉണ്ടെന്നായിരുന്നു. എങ്കിലും പേരിട്ടത് ഞങ്ങളായതിനാല്‍ കുഴപ്പമുള്ള ഒന്നും ആവില്ലെന്നും അവനുറപ്പുണ്ടായിരുന്നു താനും. :)

  30. ശ്രീ said...

    എതിരന്‍ മാഷേ...
    മാഷ് പറഞ്ഞ കാര്യം പൂര്‍ണ്ണമായും അംഗീകരിയ്ക്കുന്നു. അതു പോലെ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കുന്ന ഇരട്ടപ്പേരുകള്‍ ഉണ്ടായിരുന്നത് ഞാന്‍ ഇവിടെ സൂചിപ്പിച്ചിട്ടേയില്ല. അതു പോലെ ഒരിയ്ക്കലും അവരെ ആ പേരു വിളിച്ച് കളിയാക്കാറുമില്ല. എപ്പോഴും ആ പേര് അവര്‍ കൂടി ആസ്വദിയ്ക്കുന്നുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അവരെ അങ്ങനെ വിളിച്ചിട്ടുള്ളൂ...
    ഇവിടെ എല്‍‌ദോയുടെ കാര്യത്തില്‍ തന്നെ അവനു ഞങ്ങളെ നല്ലവണ്ണം അറിയാമായിരുന്നതിനാല്‍ ആ പേര് അവനെ ഒരിയ്ക്കലും വിഷമിപ്പിച്ചിട്ടില്ല.

    എന്തായാലും ഇങ്ങനെ വിശദമായി ഒരു കമന്റിട്ടതിനു നന്ദി മാഷേ. :)
    നിഷ്കളങ്കന്‍ ചേട്ടാ...
    ഇവിടെ വന്നതിനും വായനയ്ക്കും നന്ദി. :)
    മൈക്രോജീവി...
    സ്വാഗതം. വായനയ്ക്കു നന്ദി. എതിരന്‍ മാഷ് പറഞ്ഞതിനെ ഞാനും അംഗീകരിയ്ക്കുന്നു മാഷേ. :)
    ശിവ...
    അതെ. ഒരുപാട് പേര്‍ക്ക് ഇത്തരം ഇരട്ടപ്പേരുകള്‍ ഉണ്ടാകുമല്ലോ കോളേജ് പഠനകാലത്ത്... :)
    ഗോപക് മാഷേ...
    ക്യാപ്റ്റന്‍ എന്നതിന് മറ്റെന്തോ അര്‍‌ത്ഥമുണ്ടെന്ന് തെറ്റിദ്ധരിച്ചതായിരുന്നു, അവന്‍. :)
    മെലോഡിയസ്...
    കുറേ നാളുകള്‍ക്കു ശേഷമാണല്ലോ ഇങ്ങോട്ട്? വട്ടപ്പേരുകള്‍ അവരെ വേദനിപ്പിയ്ക്കുന്നില്ലെങ്കില്‍ രസകരം തന്നെയാണ്. :)
    MyDreams...
    സ്വാഗതം മാഷേ. പഴയ കാലം ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
    B Shihab...
    സ്വാഗതം മാഷേ. തിരിച്ചും ആശംസകള്‍! :)
    പാമരന്‍ മാഷേ...
    “ഇരുട്ട്” കൊള്ളാമല്ലോ... :)
    പ്രിയ...
    അതെ, ഇപ്പോഴായിരിയ്ക്കും അവന്‍ അതു മനസ്സിലാക്കുന്നത്. :)
    മുല്ലപ്പൂവ്...
    വായനയ്ക്കും കമന്റിനും നന്ദി. :)

  31. Sherlock said...

    ചാണക്യന്റെ ചോദ്യം തന്നെ എനിക്കും...:)

  32. ആദര്‍ശ്║Adarsh said...

    ശ്രീ ...ഇരട്ടപ്പേരിന്റെ കഥ ഇഷ്ടപ്പെട്ടു ...എന്റെ പോളി പഠനകാലം ഓര്‍ത്തു പോയി ..'സാങ്കേതിക കാരണങ്ങളാല്‍' തട്ടുമ്പുറത്ത് കിടക്കുന്ന 'അടിപൊളി ഡെയ്സ് 'എന്ന എന്റെ ആദ്യ ബ്ലോഗ് ഉടന്‍ തന്നെ പൊടിതട്ടി എടുക്കുന്നുണ്ട്....

  33. വാല്‍നക്ഷത്രം said...

    “ച്ഛേ! നീ എന്തു ചോദ്യമാണ് ഈ ചോദിയ്ക്കുന്നത്? ഒരു അദ്ധ്യാപകനോട് ഒരു വിദ്യാര്‍ത്ഥി ചോദിയ്ക്കാന്‍ പാടുള്ള ചോദ്യമാണോടാ ഇത്? ഛെ! മോശം. എന്തായാലും എന്നോട് ചോദിച്ചതിരിയ്ക്കട്ടെ. ഇനി വേറെ ആരോടും ഇതൊന്നും പോയി ചോദിച്ചേക്കരുത്”
    കൊള്ളാം ..കലക്കി പോസ്റ്റ്....പാവം ക്യാപ്ടന്‍ ...

  34. കഥാകാരന്‍ said...

    ഇഷ്ടായി...ഇഷ്ടായി... ക്യാപ്ടനിട്ടു കൊടുത്ത പണി ഇഷ്ടായി...... പിന്നെ കഥയും ഇഷ്ടായി... ഒരാളെ വട്ടപ്പേരു വിളിച്ചു എന്നു വെച്ചു അത്ര വല്യ പ്രശന്മൊന്നുമില്ല കെട്ടോ, വിളി കേള്‍ക്കുന്നവ്ന്‍ നമ്മുടെ അടുത്ത സുഹ്രുത്താണെങ്കില്‍ .... പിന്നെ നമ്മളെയും ആരെങ്കിലുമൊക്കെ എന്തൊങ്കിലുമൊക്കെ വിളിക്കുമ്പോള്‍ പരിഭവിക്കരുത്‌...അതും ആ സെന്‍സില്‍ തന്നെയെടുക്കണം... അങ്ങനെ ഒക്കെയാണ്‌ ഈ വട്ടപ്പേരു വിളിയുടെ ഒരു തത്ത്വ ശാസ്ത്രം...

  35. Sharu (Ansha Muneer) said...

    എല്‍ദോയ്ക് ഇരട്ടപ്പേരിട്ട ശ്രീയുടെ ഇരട്ടപ്പേരെന്താ??? പോസ്റ്റ് കൊള്ളാം കെട്ടോ

  36. വിജയലക്ഷ്മി said...

    ശ്രീ കുട്ടാ ...പോസ്റ്റ് നന്നായിരിക്കുന്നു.വായ്ച്ചു തീര്‍ത്തതറിഞ്ഞില്ല,എപ്പോഴും ശ്രിയുടെ പോസ്റ്റ് വായ്ക്കാന്‍ ഇഷ്ടമാണ് .കാരണം ശ്രീ യുടെ അവതരണ ശൈലി തന്നെ വീണ്ടും വരാം....

  37. നരിക്കുന്നൻ said...

    ശ്രീ.. രക്ത ദാനം നടത്തി പോയതിന് ശേഷം നൽകിയ ഈ പോസ്റ്റ് നല്ല രസകരമായി. പാവം എൽദോ.. അയാളോട് ഇപ്പോഴെങ്കിലും ഒന്ന് വിളിച്ച് പറയൂ..ലതിന്റെ അർത്ഥം ലിതാണന്ന്. അല്ലങ്കിൽ ലവനെ എനിക്ക് വിടൂ.. ഞാൻ പറഞ്ഞ് കൊടുത്തോളാം.

    പിന്നെ ആ ക്യാപ്റ്റന്റെ തൊപ്പിയിട്ട് വന്ന ചിത്രം മോഹൻലാലിന്റെ പിൻഗാമിയല്ലേ? വായിച്ചപ്പോൾ എനിക്കങ്ങനെ തോന്നി...

    പോസ്റ്റ് സൂപ്പർ ആയികെട്ടോ..

  38. krish | കൃഷ് said...

    ക്യാപ്റ്റൻ എന്നാൽ ‘ക്യാപ്പ് ഇട്ട ഒരുത്തൻ‘ എന്നങ്ങ്ട് തട്ടി വിടാരുന്നില്ലേ. എന്തേ, മോശായില്ലേ.

    കൊള്ളാം.

  39. മാഹിഷ്മതി said...

    ശ്രീ നല്ല പോസ്റ്റ് ഇരട്ടപേരുകള്‍ ഒരു തിരിച്ചറിയലും ........ഒരു സുഖവും കൂടിയല്ലെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടു മുട്ടുമ്പോള്‍ ആ ഇരട്ട പേരാണ് ആദ്യം വിളി വരുന്നതെന്നാല്‍ ?.... ബന്ധത്തിന്റെ ഊഷമളത ആ വിളികളില്‍ അടങ്ങുന്നില്ലെ ? . പഠിക്കുമ്പോള്‍ ഒരു ശല്യം തന്നെ ഈ ഇരട്ട പേര്‍

  40. മുസാഫിര്‍ said...

    ഭടന്‍ സാര്‍= പാര്‍ഡന്‍ മി എന്ന് പറഞ്ഞിരുന്നത് ഞങ്ങള്‍ക്ക് അങ്ങിനെയെ മനസ്സിലാ‍യിരുന്നുള്ളു.
    ഒതളങ്ങ : ടീച്ചറുടെ ശരീരപ്രകൃതി കാരണം.
    കുന്തി :ചാണകകുന്തി പോലെ മുടി കെട്ടിയ റ്റീച്ചര്‍.

    ഇങ്ങിനെ പല വിളിപ്പേരുകളും ഞങ്ങളുടെ സ്കൂള്‍ ടീ‍ച്ചര്‍മാര്‍ക്ക് കൊടുത്തിരുന്നത് ഓര്‍ക്കാന്‍ ശ്രീയുടെ ഈ പോസ്റ്റ് കാരണമായി.

  41. സു | Su said...

    എൽദോയുടെ ഫോട്ടോ ബ്ലോഗിലിട്ടിരുന്നെങ്കിൽ എവിടെയെങ്കിലും കാണുമ്പോൾ ഞാനുമൊന്ന് നീട്ടിവിളിച്ചേനേ “ക്യാപ്റ്റാ” ന്ന്.

  42. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: എന്താണാ‍വോ കോളേജിലു മാത്രം എനിക്ക് ഇരട്ടപ്പേരു കിട്ടീല അല്ലായിരുന്നെങ്കിൽ ഓരോ വർഷോം മാറി മാറി കിട്ടിക്കോണ്ടിരുന്നതാ..

    ഓടോ: ശ്രീയുടെ ഇരട്ടപ്പേര് ചോദിക്കുന്നതിനു പകരം മൂന്നെണ്ണം സജസ്റ്റ് ചെയ്യുന്നു ഇഷ്ടം പോലെ തിരഞ്ഞെടുത്തോ, ഏണി, കൊടക്കമ്പി, ജിറാഫ്‌ :)

  43. Jayasree Lakshmy Kumar said...

    അപ്പൊ എൽദോയെ അങ്ങിനെ ഒരു വഴിക്കാക്കി അല്ലെ? പക്ഷെ ഇപ്പോഴും ആ പേരിന്റെ, നിങ്ങൾ ഉദ്ദേശിച്ച അർത്ഥമെന്തെനെനറിയാതെ കക്ഷി ചുറ്റിത്തിരിയുന്നതോർക്കുമ്പോൾ...

    കൊള്ളാം ശ്രീ. നല്ല പോസ്റ്റ്

  44. ശ്രീ said...

    ജിഹേഷ് ഭായ്...
    ചാണക്യന്‍ മാഷിനോട് പറഞ്ഞ മറുപടി തന്നെ ഇവിടേയും പറയുന്നു. ;)
    ആദര്‍ശ് മാഷേ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ‘അടിപൊളി ഡേയ്സ്’ വേഗം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കളത്തിലിറക്കൂ... :)
    വാല്‍‌നക്ഷത്രം...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    കഥാകാരന്‍...
    അതെ. അടുത്ത കൂട്ടുകാരാണെങ്കില്‍, അവര്‍ക്കും പരിഭവമില്ലെങ്കില്‍ വട്ടപ്പേരു വിളിയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നു തന്നെയാണ് എന്റെയും പോളിസി. :)
    ഷാരു...
    അതു വേണോ ;)
    കല്യാണി ചേച്ചീ...
    ഈ കമന്റിനു വളരെ നന്ദി. :)
    നരിക്കുന്നന്‍ മാഷേ...
    മോഹന്‍‌ലാലിനെ ഓര്‍ത്തിട്ടാണ് ആ പേരിട്ടത് എന്നു പറഞ്ഞിരുന്നെങ്കില്‍ എല്‍‌ദോ ഒരുപക്ഷേ ക്ഷമിച്ചേക്കും. പക്ഷേ, അന്നു കണ്ടത് ഏതോ ഇംഗ്ലീഷ് ചിത്രമായിരുന്നു എന്നാണോര്‍മ്മ. :)
    കൃഷ് ചേട്ടാ...
    പക്ഷേ അങ്ങനെ പറഞ്ഞ് വിട്ടിരുന്നെങ്കില്‍ ഇത്രയും സംഭവങ്ങള്‍ നടക്കില്ലായിരുന്നല്ലോ. :)
    മാഹിഷ്‌മതി...
    ശരിയാണ് മാഷേ. ഒരുപാട് നാളുകള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോള്‍ ആ അകലം ഫീല്‍ ചെയ്യാതിരിയ്ക്കാന്‍ ഇത്തരം പേരുകള്‍ സഹായിയ്ക്കും. :)
    മുസാഫിര്‍ മാഷെ...
    ഭടനും കുന്തിയും എല്ലാം ചിരിപ്പിച്ചൂട്ടോ. :)
    സൂവ്വേച്ചീ...
    എന്നിട്ടു വേണം ഇനി ബ്ലോഗു വഴിയും എനിയ്ക്കു ചീത്ത കേള്‍പ്പിയ്ക്കാന്‍ അല്ലേ? ;) എന്തായാലും ആ പേരു കേള്‍ക്കുമ്പോള്‍ അവന്‍ ഞങ്ങളുടെ ആ പഴയ കാലം ഓര്‍മ്മിയ്ക്കുമല്ലോ.
    ചാത്താ...
    ഹ ഹ. നല്ല സജഷന്‍‌സ്... ;)
    ലക്ഷീ...
    ഒരു പക്ഷേ ഇപ്പോഴായിരിയ്ക്കും അവനത് മനസ്സിലാക്കാന്‍ പോകുന്നത്. നന്ദി. :)

  45. മേരിക്കുട്ടി(Marykutty) said...

    പാവം എല്‍ദോ..എന്നാലും ഇത്രയ്ക്കും വേണ്ടാരുന്നു..ആട്ടെ, ശ്രീ യുടെ പേരു പറഞ്ഞില്ല..

    പിന്ന, ഞങ്ങളുടെ എഞ്ചിനീയറിംഗ് ക്ലാസ്സില്‍ രണ്ടു പ്രവീണ്‍ ഉണ്ടായിരുന്നു..ഒന്നു പാവം പ്രവീണ്‍. മറ്റേതു, APV. ച്ചാല്‍, അലവലാതി പ്രവീണ്‍ വായിനോക്കി..

  46. ബിന്ദു കെ പി said...

    അതു ശരി. ഈ ശ്രീ ഒരു പാവമാണെന്നല്ലേ ഞാൻ വിചാരിച്ചിരുന്നത്..! ഇത്തരം കയ്യിലിരിപ്പുകളുമുണ്ടല്ലേ? പാവം എൽദോയോട് ഇനിയങ്കിലും സത്യം പറഞ്ഞുകൂടെ?. പറയാൻ മടിയാണെങ്കിൽ ശ്രീയുടെ ഈ പോസ്റ്റിന്റെ ലിങ്കെങ്കിലും കൊടുക്കൂ.. :) :)

  47. nandakumar said...

    മറ്റുപോസ്റ്റുകളെപ്പോലെ അത്രക്കങ്ങ് ട് രസകരമായി തോന്നീല്ലെടാ :( എന്തോ സംഭവത്തിനകത്ത് ഒരു കഥയില്ലാത്തതോ (കഥ മീന്‍സ് : സംഭവബഹുലമായി ഒരു സംഗതി.)മറ്റോ ഒരു ഗുമ്മായില്ല. ബിജുസാറിന്റെ പ്രതികരണവും മറ്റു കുറച്ചു രസകരമായി തോന്നി.

  48. Anil cheleri kumaran said...

    ശ്രീക്കുട്ടാ കലക്കി. എപ്പോഴും ശ്രീയുടെ പോസ്റ്റ് വായിക്കുമ്പോള്‍ കോളേജ് കാലത്തേക്കൊരു മനസ്സുകൊണ്ടൊരു യാത്രയാണു.

    എന്നെ കുമാരേട്ടനാക്കിയ ആളാണു ശ്രീ.
    പേരിടല്‍ പണ്ടേ ഒണ്ടാരുന്നല്ലേ.

  49. ഷിജു said...

    :):)

  50. അനില്‍@ബ്ലോഗ് // anil said...

    ഓ, ഇപ്പോള്‍ പിടികിട്ടി, ആ സിനിമയിലെ ക്യാപ്റ്റന്‍. .....

    എല്ലാവര്‍ക്കും ഇരട്ടപ്പേരുകള്‍ കാണും, എന്റെ ശരിക്കുള്ള പെരു കോളേജില്‍ ആര്‍ക്കും അറിയുകതന്നെ ഇല്ല.

  51. Lathika subhash said...

    ആശ്രീ(ആക്റ്റീവ് ശ്രീ),
    ഞാന്‍ വൈകി.
    കൊള്ളാം.
    എന്‍.എസ്.എസ്.ക്യാമ്പുകളിലൊക്കെ സജീവമായിരുന്നല്ലേ.
    നല്ല കാര്യം.

  52. പെണ്‍കൊടി said...

    ഇങ്ങനെ വളരെ നിര്‍ദോഷമായ പല തമാശകളും നമ്മുടെ കോളേജിലും നടന്നിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ കുറേ ചിരിച്ചിട്ടുമുണ്ട്. എന്നിട്ട് "ഇപ്പൊ എന്തിനാ ചിരിച്ചത്" എന്നോര്‍ത്ത് വീണ്ടും വീണ്ടും ചിരിച്ചിട്ടുമുണ്ട്..
    :-)
    -പെണ്‍കൊടി

  53. ശ്രീ said...

    മേരിക്കുട്ടീ...
    രണ്ടു പ്രവീണ്‍ വന്നാലെന്താ ചെയ്യുക അല്ലേ? സംഗതി രസിച്ചു. :)
    ബിന്ദു ചേച്ചീ...
    സുഹൃത്തുക്കള്‍ക്കിടയില്‍ ഇതു പോലെ ചില ചെറിയ തരികിടകള്‍ ഒപ്പിയ്ക്കുന്നതിലും ഒരു രസമില്ലേ? ഞങ്ങളെല്ലാവരും ഇതൊക്കെ വളരെ ആസ്വദിച്ചിരുന്നു, ഇപ്പോഴും ഇത്തരം തമാശകള്‍ ആസ്വദിയ്ക്കുന്നു. :)
    നന്ദേട്ടാ...
    ഈ തുറന്ന അഭിപ്രായപ്രകടനത്തിനു നന്ദീട്ടോ. :) പിന്നെ, ബിജുസാറുമൊത്തു നടത്തിയ തമാശകള്‍ ഒരുപാടുണ്ട്.
    കുമാരേട്ടാ...
    അമ്പതാം കമന്റിനു നന്ദി. കോളേജ് ലൈഫ് ഓര്‍മ്മിയ്ക്കാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. സുഹൃത്തുക്കള്‍ക്കിടയില്‍ ഇരട്ടപ്പേരുകളൊക്കെ ഒരു രസമല്ലേ? :)
    ഷിജുച്ചായാ...
    വായനയ്ക്കു നന്ദീട്ടോ. :)
    അനില്‍‌ മാഷേ...
    അതെയതെ. അതൊരു രസം തന്നെ ആണ്. അപ്പോ ആ പേരുകളെ പറ്റി ഒരു പോസ്റ്റ് പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ? ;)
    ലതിച്ചേച്ചീ...
    ആ ‘ആശ്രീ’വിളി ചിരിപ്പിച്ചൂട്ടോ. :) [തുമ്മിയതാണെന്നു കരുതാതിരുന്നാ‍ല്‍ മതി “ആ...ച്...ഛീ” എന്ന പോലെ] പിന്നെ, എന്‍.എസ്സ്. എസ്സ്. ഞങ്ങളുടെ എല്ലാമായിരുന്നു, അന്ന്. :)
    പെണ്‍‌കൊടി...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

  54. കുറുമാന്‍ said...

    ഇരട്ടപേരുകള്‍......സ്കൂള്‍ കാലം ഓടിയെത്തി.

    എനിക്കുള്ളയത്ര ഇരട്ടപേര് ആര്‍ക്കെങ്കിലും ഉണ്ടാവുമോന്ന് കഷ്ട്റ്റമാ.

  55. ശ്രീനാഥ്‌ | അഹം said...

    ഇതു കേട്ടതും അവന്‍ ദയനീയ മുഖഭാവത്തോടെ പതിയെ ചോദിച്ചു “അത്രയ്ക്കു മോശം അര്‍‍ത്ഥമാണോടേയ്?”

    :)

  56. സാജന്‍| SAJAN said...

    ശ്രീ, ഇപ്പോഴാണ് പോസ്റ്റ് വായിച്ചത്?
    കഥ നന്നായി, അകത്തൊന്നുമില്ലേലും അത് ചിരിക്ക് വക നല്‍കുന്ന രീതിയില്‍ തന്നെ എഴുതിപിടിപ്പിച്ചല്ലൊ അശംസകള്‍!

  57. |santhosh|സന്തോഷ്| said...

    വായിക്കാന്‍ വൈകി. നല്ല പോസ്റ്റ്. എങ്ങിനെ ഇത്രക്കും ട്രന്‍സ്പര്‍ന്റായി എഴുതുന്നു?? അഭിനന്ദനങ്ങള്‍

  58. ഉപാസന || Upasana said...

    സംഭവം വളരെ രസായി. സംഭവം എല്‍ദോയോട് പറയാതെ രഹസ്യമാക്കി വെച്ചത് കൂടുതലിഷ്ടപ്പെട്ടു.
    :-)
    ഉപാസന

    ഓ. ടോ: നിന്റെ ഇരട്ടപ്പേര് ഞാനിവിടെ പറയണോ എല്ലാവരോടും..?

  59. ഹരിത് said...

    രസകരമായ നല്ല പോസ്റ്റ്. സിമ്പിളായി എഴുതിയിരിയ്ക്കുന്നു. വളരെ ഇഷ്ടമായി. ശ്രീ ശ്രീ.....

  60. Magician RC Bose said...

    വളരെ കുറച്ചുപേര്‍ക്കേ ഇരട്ടപ്പേരെന്ന മഹാ ഭാഗ്യം ലഭിക്കാതെ പോകുകയുള്ളു..പഠന കാലം ജീവിതത്തിലെ മനോഹരനിമിഷങ്ങളാണ്‌...ആശംസകള്‍

  61. Magician RC Bose said...

    നീര്‍മിഴിപ്പൂക്കള്‍ എന്ന ഹെഡറിലെ font ഉണ്ടെങ്കില്‍ ദയവായി എനിക്കൊന്ന്‌ തരുമൊ?

  62. മേഘമല്‍ഹാര്‍(സുധീര്‍) said...

    ദിവസം ഒരു തവണയെങ്കിലും കലാലയസ്മരണകളിൽ മുഴുകാറുണ്ട്‌.പക്ഷേ എനിക്കിരട്ടപ്പേരില്ല. കഷ്ടം...

  63. ശ്രീ said...

    കുറുമാന്‍‌ജീ...
    സ്കൂള്‍ - കോളേജ് കാലങ്ങളില്‍ ഇരട്ടപ്പേരുകള്‍ കിട്ടാത്തവര്‍ ചുരുക്കമാണ് അല്ലേ? :)
    ശ്രീനാഥ്...
    വായനയ്ക്കും കമന്റിനും നന്ദി ട്ടോ. :)
    സാജന്‍ ചേട്ടാ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)
    സന്തോഷ്...
    വെറുതേ ഇങ്ങനെ എഴുതുന്നു എന്നേയുള്ളൂ. ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. :)
    സുനിലേ...
    എല്‍‌ദോയെ കാര്യമറിയിയ്ക്കാതെ കളിപ്പിയ്ക്കുകയായിരുന്നു ഞങ്ങളെല്ലാവരും. :)
    ഹരിത് മാഷേ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    Magic Bose...
    വളരെ ശരിയാണ്.
    പിന്നെ, ഫോണ്ടിന്റെ കാര്യം നന്ദേട്ടനെ അറിയിച്ചിട്ടുണ്ട്. എനിയ്ക്ക് ഈ ഹെഡര്‍ ശരിയാക്കി തന്നത് നന്ദേട്ടനാണ്. ഒന്നു മെയിലയയ്ക്കൂ... :)
    മേഘമല്‍‌ഹാര്‍...
    സ്വാഗതം. ഇവിടെ വന്നതിനും വായിച്ച് കമന്റിയതിനും നന്ദി. :)

  64. Unknown said...

    എനിക്കും കുറെ ഇരട്ട പെരുകൾ ഉണ്ടായിരുന്നു.
    അതില് കോളെജിൽ അണ്ണൻ നാട്ടിൽ തങ്കൻ ഇതൊന്നും മറക്കാൻ കഴിയില്ല. ശ്രിയുടെ ഈ ഓർമ്മകുറിപ്പ് എന്നെയും എന്റെ കലാലയ്ത്തിലേക്ക് കൂട്ടി കൊണ്ട് പോയി

  65. Sands | കരിങ്കല്ല് said...

    വരാന്‍ വൈകീട്ടോ ശ്രീ.. സോറി..

    ഇത്തിരി കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു...

    വന്നപ്പോ വായിക്കാന്‍ ഹരിശ്രീ കുറിച്ചതിവിടെ തന്നെ... :)

    ഞാനും പണ്ടൊരു ഇരട്ടപ്പേരു... ഒരാള്‍ക്കിട്ടിട്ടുണ്ട്... അതു ഫേയ്മസ് ആവേം ചെയ്തു.. ഡീറ്റെയിത്സ് പറയണില്ല ;)

  66. ചിരിപ്പൂക്കള്‍ said...

    ടേയ് ശ്രീക്കുട്ടാ,

    ഇജ്ജ് ആള് ഇത്തിരി വില്ലനാണല്ലേ????
    ഹി.ഹീ.ഹി.....പാവം എല്‍ദൊ.

    കൊള്ളാം.

  67. ഭൂമിപുത്രി said...

    എൽദോ എവിടെയെങ്കിലുമിരുന്ന് ഇതു വായിയ്ക്കണേ എന്നൊരാഗ്രഹം തോന്നുന്നു.
    പാവം,വർഷങ്ങളായി മനസ്സിൽക്കൊണ്ടുനടക്കുന്ന ഭാരം ഒന്നിറക്കണ്ടേ ശ്രീ?

  68. മച്ചുനന്‍/കണ്ണന്‍ said...

    ശ്രീ..
    എനിക്ക് കുറ്റബോധമുണ്ട്..
    ഇവിടെ ബ്ലോഗില്‍ വരുന്ന നല്ല പോസ്റ്റുകള്‍ വായിക്കാന്‍ കഴിയാത്തതില്‍.
    ശ്രീയുടെ ഈ പോസ്റ്റ് വായിച്ചപ്പൊ എന്റെ പഠനകാലത്തെ പല വട്ടപ്പേരുകള്‍ ഓര്‍മ്മ വരുന്നു..
    കൂരി,കാറ്റ് ഗോപാലന്‍,അന്ധകാരം,തണ്ണിമത്തന്‍,ഞാണ്ടി,പ്രഷര്‍.

    വൈകിയെത്തിയതില്‍ ക്ഷമിക്കണം..

  69. ഗീത said...

    കഷ്ടമുണ്ട് ശ്രീ പാവം എല്‍ദോയെ ഇങ്ങനെ പറ്റിച്ചതിന്. ദൈവം പകരം ചോയിക്കും നോക്കിക്കോ...

    ഇപ്പം ആ ക്യാപ്റ്റന്‍ എവിടെയാ? പാവം ഇതു വായിച്ച് സത്യം അറിഞ്ഞ് ഇനിയെങ്കിലും സമാധാനിക്കാനിട വരട്ടെ.

    ശ്രീ ചിരിച്ചു നന്നായി.

  70. ശ്രീ ഇടശ്ശേരി. said...

    എത്താന്‍ ഇത്തിരി വയ്കി..ക്ഷമിക്കുക..
    വിദ്യാഭ്യാസ കാലത്തു ഒരു ഇരട്ടപ്പേരെങ്കിലും കിട്ടാത്ത ആരും ഉണ്ടാവില്ല...
    എന്തായാലും ഇതു എല്ലാവരെയും ആ ഓര്‍മ്മകളിലേക്ക് എത്തിക്കാന്‍ സഹായിച്ചു..
    അഭിനന്ദനങ്ങള്‍..
    :)

  71. ശ്രീ said...

    അനൂപ് മാഷേ...
    ഇരട്ടപ്പേരുകളുടെ കലാലയ ജീവിതം ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
    സന്ദീപ്...
    എന്തു പറ്റി? കുറച്ചു നാളായി ഇവിടെങ്ങും കാണാനില്ലല്ലോ എന്നോര്‍ക്കുകയായിരുന്നു. വൈകിയാണെങ്കിലും എത്തിയതില്‍ സന്തോഷം :)
    ചിരിപ്പൂക്കള്‍ (നിരഞ്ജന്‍ മാഷേ)...
    ഇത്തരം കുറച്ചു തരികിടകളൊക്കെ ഉണ്ടായിരുന്നു... സുഹൃത്തുക്കള്‍ക്കിടയില്‍ ഞാനെപ്പോഴും ഇങ്ങനെ തന്നെയാണ് ട്ടോ... :)
    ഭൂമിപുത്രി ചേച്ചീ...
    എല്‍‌ദോ ഇതു വായിയ്ക്കുമോ എന്നുറപ്പില്ല ചേച്ചീ... എന്നാലും അവനെ അറിയിയ്ക്കണം. (പിന്നെ, അവന് ഇതിന്റെ പേരില്‍ വിഷമമൊന്നുമില്ലാട്ടോ) :)
    മച്ചുനന്‍ മാഷേ...
    വൈകിയാണെങ്കിലും വായിയ്ക്കാന്‍ വന്നതിനും ഓര്‍മ്മയില്‍ നിന്നും ചില ഇരട്ടപ്പേരുകള്‍ പങ്കു വച്ചതിനും നന്ദി. :)
    ഗീതേച്ചീ...
    അവനെ ഒരിയ്ക്കലും ഈ പേരു വിഷമിപ്പിച്ചിട്ടില്ല എന്നറിയാവുന്നതു കൊണ്ടു മാത്രമാണ് ഞങ്ങള്‍ ആ ക്യാപ്റ്റന്‍ എന്ന പേരു പരത്തിയത് കേട്ടോ. :)
    ശ്രീ ഇടശ്ശേരി...
    അങ്ങനെ വൈകിയിട്ടൊന്നുമില്ലെന്നേ... വായിയ്ക്കാന്‍ എത്തിയതില്‍ വളരെ സന്തോഷം. :)

  72. ശ്രീഅളോക് said...

    പാവം പാവം എല്‍ദോ ക്യാപ്ടന്‍
    വീഴും കുഴിയത് കണ്ടില്ല .
    കണ്ടോ കണ്ടോ ശ്രീയിതു കണ്ടോ
    കേട്ടവരെല്ലാം ഹ ഹ ഹ


    അല്ല , പറഞ്ഞിട്ടെന്താ കാര്യം,
    എന്റെ ഇപ്പോഴത്തെ പേരിനു പിന്നിലും ശ്രീയുടെ കൈ ഉണ്ടല്ലോ,
    നന്നായിരിക്കുന്നു, എല്‍ദോയുടെ ചമ്മല്‍ ആലോചിച്ചിട്ടു ചിരി വരുന്നു

  73. കനക said...

    അപ്പോൾ ആർക്കും ഇരട്ടപ്പേരിടുമല്ലേ..?

    പവം എൽദോ...

    നന്നായിരിക്കുന്നു ശ്രീ..

  74. ചീര I Cheera said...

    എത്ര കാലായി ഇവിടെ ഒന്നു കമന്റീട്ട്!
    അപ്പോ നീര്മിഴി‍പ്പൂക്കളിലേയ്ക്ക് ഓര്‍മ്മയിലെ ഒരു ഇതള്‍ കൂടി അല്ലേ?
    ശ്രീ ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലൂം ഓര്‍മ്മിച്ച് കുത്തിക്കുറിച്ചിടുന്നത് കാണാന്‍ തന്നെ ഒരു ചന്തമുണ്ട്.
    ആശംസകള്‍.
    എന്നാലും, ഇനിയും എല്‍ദോ ഇതറിയുന്നില്ലാന്ന് അറിയുമ്പോള്‍... ഒരിത്.. :)

  75. Sands | കരിങ്കല്ല് said...

    എന്താ വരാത്തതു എന്നു.... എന്റെ പുതിയ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാവും.

  76. ശ്രീ said...

    ശ്രീ അളോക്...
    സ്വാഗതം. പിന്നേയ്, ആ പേരു മാറ്റണമെന്ന് എനിയ്ക്കൊട്ടും നിര്‍ബന്ധമുണ്ടായിരുന്നില്ലാട്ടോ. :)
    കനക ചേച്ചീ...
    സ്വാഗതം. സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രമേ ഉള്ളൂട്ടോ ഈ വികൃതികള്‍... :)
    പി. ആര്‍. ചേച്ചീ...
    ഒരുപാടു നാളുകള്‍ക്കു ശേഷമാണല്ലോ വരവ്. സന്തോഷം ട്ടോ. :)
    [ഒരു കാര്യം കൂടി. ഇപ്പോഴത്തെ പുതിയ സെറ്റിങ്ങ്സ് വച്ച് നിറങ്ങളില്‍ കമന്റ് ഇടാന്‍ പറ്റുന്നില്ലാട്ടോ. എന്താ ചെയ്യുക? എങ്ങനെ അറിയിക്കും എന്നോര്‍ത്തിരിയ്ക്കുകയായിരുന്നു]
    സന്ദീപേ...
    ഞാനിപ്പോ വായിച്ചു. വേഗം സുഖമാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

  77. കാശിത്തുമ്പ said...

    പേരിടാന്‍ മിടുക്കനാണല്ലേ? ഭാവിയില്‍ ശ്രീ മക്കള്‍ക്കിടുന്ന പേര് എന്തായിരിക്കും എന്നാണ് ഞാന്‍ ആലോചിച്ചത്. സുഖമല്ലേ?

  78. സുബൈര്‍കുരുവമ്പലം said...
    This comment has been removed by the author.
  79. സുബൈര്‍കുരുവമ്പലം said...

    ഒരൊന്നൊന്നര ഓര്‍മ്മ.. വളരെ നന്നായിട്ടുണ്ട് ശ്രീ..

  80. മാണിക്യം said...

    ഈ ചന്ദനകുറിയും
    പാവം പോലത്തെ ഇരുപ്പും
    അതിവിനയവും ഒക്കെ കണ്ടപ്പോഴെ
    ഞാന്‍ കരുതിയതാ .
    ഇത്തരം മിടുക്കന്മാരാ മനുഷ്യരെ പറ്റിക്കാന്‍ ഒന്നാം സ്ഥാനത്ത് ആര്‍ക്കും തോന്നും
    “ഹേയ് ശ്രീ പറഞ്ഞതല്ലേ?”
    എന്തായാലും ഉഗ്രന്‍ സംഭവം!
    തമാശതല്ല വര്‍ഷം എത്ര കഴിഞ്ഞാലും
    പേര് മറന്നാലും വട്ടപ്പേര് മറക്കില്ല.
    മനസ്സ് തുറന്ന് ഒത്തിരി ചിരിച്ചു.
    നന്ദി!!!

  81. ധൂമകേതു said...

    ശ്രീയേ.. കുറിയും തൊട്ടു പാവത്തെപ്പോലെയിരുന്നോണ്ടിതാ പണി അല്ലേ? കൊള്ളാല്ലോ... ഈ പേരിടീല്‍ മിടുക്കന്‌ നമ്മളെന്താ ഒരു പേരിടുക? ദാ എന്‍റെ വക... സ്മൈലര്‍... സ്മൈലിയുടെ സ്വന്തം ആളല്ലേ.. ഇരിക്കട്ടെന്നേ..

  82. Arun Jose Francis said...

    sree, athu kalakki! Paavam Eldo!

    ithokke engane ithra krithyamaayittu orthirikkunnu?

  83. പിരിക്കുട്ടി said...

    KOLLAM ORMA

  84. അരുണ്‍ കരിമുട്ടം said...

    ശ്രീയേ,ആദ്യത്തെ വരി വായിച്ചാല്‍,ഉറപ്പാ അവസാനം വരെ വായിക്കും.പിന്നെ കോളേജിലേ ആ കുസൃതിത്തരങ്ങള്‍ ശരിക്കും ഫീലു ചെയ്യുന്നുണ്ട്.നന്നായി ആസ്വദിച്ചു

  85. keerthi said...

    ശ്രീയേട്ടന്റെ പേരു പറഞ്ഞില്ലല്ലോ.....

    ----

  86. monsoon dreams said...

    ambada veeraaa!

  87. Bindhu Unny said...

    ശ്രീ ആളു കൊള്ളാമല്ലോ. :-)

  88. Sathees Makkoth | Asha Revamma said...

    എൽദോ ഈ പോസ്റ്റ് വായിച്ചോ?

  89. എബിന്‍ ജോസ് said...

    നന്നായിരിക്കുന്നു ... :)

  90. വിചാരം said...

    ശ്രീ ഞാനിതൊന്ന് വായിക്കട്ടെ ... തുടക്കം വായിച്ചു മുഴുവന്‍ പിന്നീട് വായിക്കാം

  91. ശ്രീ said...

    കാശിത്തുമ്പ ചേച്ചീ...
    നല്ല ചോദ്യം തന്നെ. :)
    സുബൈര്‍‌ക്കാ...
    ഒരുപാടു നാളുകള്‍ക്കു ശേഷമാണല്ലോ വരവ്... വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    മാണിക്യം ചേച്ചീ...
    നമുക്ക് സ്വാതന്ത്ര്യത്തോടെ ഇങ്ങനെ ചില കുസൃതികള്‍ കാണിയ്ക്കാന്‍ സാധിയ്ക്കുന്നത് ഇങ്ങനെയുള്ള സുഹൃത്തുക്കളോടല്ലേയുള്ളൂ... :)
    ധൂമകേതു...
    സ്മൈലര്‍ അല്ലേ... ഹ ഹ, ശരി ശരി. :)
    Arun Jose Francis...
    ഇത്തരം ചില ഓര്‍മ്മകളല്ലേ കലാലയജീവിതത്തിനു രസം നല്‍കുന്നത്... :)
    പിരിക്കുട്ടീ...
    വായനയ്ക്കും കമന്റിനും നന്ദീറ്റ്ടോ. :)
    അരുണ്‍ കായംകുളം...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
    കീര്‍ത്തി...
    ;)
    monsoon-dreams...
    ഹ ഹ. നന്ദി മാഷേ. :)
    ബിന്ദു ചേച്ചീ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ.
    സതീശേട്ടാ...
    അവനിതു വരെ ഇതു വായിച്ചിട്ടില്ല. വായിച്ചു കഴിയുമ്പോള്‍ അറിയാം... ;)
    എബിന്‍ ജോസ്...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
    വിചാരം മാഷേ...
    ഇങ്ങോട്ട് വന്നതിനു നന്ദീട്ടൊ. :)