Monday, February 10, 2014

ഓര്‍മ്മയില്‍ ഒരു അത്താഴം

​​​ഞങ്ങള്‍ ബിരുദപഠനത്തിന് പിറവം ബി പി സി കോളേജില്‍ പഠിയ്ക്കുന്ന കാലം. കോളേജിന് അടുത്തു തന്നെ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന, 'ഫ്രണ്ട്സ്' എന്ന് ഞങ്ങള്‍ പേരിട്ടിരുന്ന ഞങ്ങളുടെ റൂം.​

​​ഞാനും സഞ്ജുവും കുല്ലുവും മാത്രമായിരുന്നു അവിടത്തെ യഥാര്‍ത്ഥ താമസക്കാരെങ്കിലും മത്തന്‍, സുധി, ജോബി, ബിബിന്‍ എന്നിവരും അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നതിനാല്‍ എപ്പോഴും റൂമില്‍ ചുരുങ്ങിയത് നാലഞ്ചു പേരെങ്കിലും കാണും. ​
 സ്ഥിര താമസക്കാരനായിരുന്ന കുല്ലുവിനേക്കാള്‍ കൂടുതല്‍ അവിടെ താമസിച്ചിട്ടുണ്ടാകുക മത്തനും സുധിയപ്പനും ആയിരിയ്ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല​.

​​
അന്നെല്ലാം വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സ്വയം പാചകം ചെയ്താണ് കഴിച്ചിരുന്നത്. പാചകമെന്നു വച്ചാല്‍ അത് സംഭവ ബഹുലമായ കാര്യമൊന്നുമല്ല. അടുത്തുള്ള മണി ചേട്ടന്റെ കടയില്‍ നിന്ന് കുത്തരി വാങ്ങും (അന്ന് കിലോയ്ക്ക് 8-9 രൂപ ആയിരുന്നു വില). ​

​അതു കൊണ്ട് കഞ്ഞി ഉണ്ടാക്കും, ഒപ്പം ഓരോ മുട്ടയും വറുക്കും. എല്ലാവരും എന്തെങ്കിലുമൊക്കെ അച്ചാര്‍ കൊണ്ടു വന്നിട്ടുണ്ടാകും.​

​ ഓരോ ദിവസവും അതിലേതെങ്കിലും അച്ചാറും കൂടെ കാണും. ​

​തീര്‍ന്നു, അത്രേയുള്ളൂ ഞങ്ങളുടെ അത്താഴം!​


​ ഇടയ്ക്കൊക്കെ ബിബിനോ ജോബിയോ അവരുടെ വീട്ടില്‍ നിന്ന്  ചമ്മന്തിപ്പൊടി കൊണ്ടു തരും. സുധിയപ്പനും മത്തനും ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് കറികള്‍ എന്തെങ്കിലും കൊണ്ടു വരും. അതെല്ലാം ഉള്ളത്രയും നാളുകള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര്‍ഭാടമാണ്. അവസാന വര്‍ഷമായപ്പോഴേയ്ക്കും ഞങ്ങളുടെ അയല്‍പക്കത്ത് ഒരു വീടു കൂടി വന്നു - രാമന്‍ ചേട്ടനും കുടുംബവും. വളരെ പെട്ടെന്നു തന്നെ അവര്‍ ഞങ്ങളുമായി നല്ല ലോഹ്യത്തിലായി. ഒരു വൈകുന്നേരം ആ ഒറ്റമുറിയില്‍ ഞങ്ങളുടെ ഒപ്പം സംസാരിച്ചിരിയ്ക്കുന്ന വേളയില്‍ കക്ഷി ഞങ്ങളുടെ 'അത്താഴത്തിന്റെ മെനു' കാണാനിടയായി.അതിനു ശേഷം മിക്കവാറും രാത്രികളില്‍ "കഞ്ഞി ഇട്ടോടാ" എന്ന ചോദ്യവുമായി, ഒരു പാത്രം കറിയുമായി കയറി വരുന്ന രാമന്‍ ചേട്ടന്‍ ഒരു സ്ഥിരം കാഴ്ചയായിരുന്നു.

​ഇവിടെ പറയാന്‍ പോകുന്ന സംഭവം രാമന്‍ ചേട്ടനും കുടുംബവും വരുന്നതിനു മുന്‍പ് നടന്നതാണ്.​
​​
​ അന്ന് വൈകുന്നേരം ജോബിയും സുധിയപ്പനും ക്ലാസ്സ് കഴിഞ്ഞ് അവിടെ കൂടാന്‍ തീരുമാനിച്ച ദിവസമായിരുന്നു.​
​ പതിവു പോലെ കോളേജ് ജങ്ക്ഷനില്‍ നിന്ന് അവസാനത്തെ കുട്ടിയും ബസ് കയറി പോയ ശേഷം കുറച്ചു നേരം കൂടി അവിടെയിരുന്ന് സമയം കളഞ്ഞ ശേഷം ഇരുട്ടാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ റൂമിലെത്തി. കുളിയെല്ലാം കഴിഞ്ഞ് വീണ്ടും ​
കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞും
​ മറ്റും ഇരുന്ന് സമയം പോയതറിഞ്ഞില്ല. അങ്ങനെ രാത്രി എട്ടര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍  അത്താഴത്തിന്റെ ഒരുക്കങ്ങളിലേയ്ക്ക് കടക്കാന്‍ തുടങ്ങുകയായിരുന്നു. ​
​അപ്പോഴാണ് ജോബിയുടെ ചോദ്യം: "കഞ്ഞിയ്ക്ക് എന്തോന്നെടേയ് കറി?"

അവന്റെ ചോദ്യും കേട്ട് ഞങ്ങള്‍ ഒന്നമ്പരന്നു. ആ ചോദ്യം അപ്രസക്തമാണ്. ഞങ്ങളുടെ ഔദ്യോഗിക ഭക്ഷണമാണ് 'കഞ്ഞിയും മുട്ട വറുത്തതും അച്ചാറും'. അത് അവര്‍ക്കും അറിവുള്ളതുമാണ്. [ഇത്രയും കാലങ്ങള്‍ക്ക് ശേഷവും അക്കാലത്തെ "കഞ്ഞി - മുട്ട വറുത്തത് - അച്ചാര്‍" കോമ്പിനേഷന്റെ രുചി മനസ്സിലുണ്ട്].

ഞങ്ങള്‍ ചോദ്യ ഭാവത്തില്‍ നോക്കുന്നത് കണ്ട് അവന്‍ തുടര്‍ന്നു. "എടാ, സ്ഥിരം മുട്ട വറുത്തതും അച്ചാറുമല്ലേ, ഇന്നൊരു വെറൈറ്റിയ്ക്ക് വേണ്ടി മറ്റെന്തെങ്കിലും കിട്ടുമോ എന്ന് നമുക്ക് നോക്കാം. സുധിയപ്പാ, വാടാ. നമുക്ക് ശശി ചേട്ടന്റെ കടയിലൊരു സന്ദര്‍ശനം നടത്താം. സമയം ഇത്രയായില്ലേ? കട അടയ്ക്കാറായി കാണും. എന്തെങ്കിലും കറി ബാക്കി ഉണ്ടെങ്കില്‍ ചുളു വിലയ്ക്ക് വല്ലതും വാങ്ങി കൊണ്ടു വരാം"

അങ്ങനെ അവന്മാര്‍ അങ്ങോട്ട് പുറപ്പെട്ടു. [അന്ന് ജംഗ്‌ഷനിലുള്ള ഒരേയൊരു ഹോട്ടലാണ് ശശി ചേട്ടന്റെ കട. സ്ഥിരം കോളേജ് വിദ്യാര്‍ത്ഥികളും ചില്ലറ നാട്ടുകാരും മാത്രമേ രാത്രി സമയത്ത് ഭക്ഷണത്തിന് അവിടെ കാണാറുള്ളൂ.]

നേരെ ചെന്നു കയറി കറി ചോദിയ്ക്കുകയല്ല അവന്മാര്‍ ചെയ്തത്. വെറുതേ നടക്കാനിറങ്ങിയ കൂട്ടത്തില്‍ ചെന്നു കയറിയതെന്ന പോലെ വെറുതേ അങ്ങോട്ട് കടന്നു ചെന്നു. [ പലപ്പോഴും അത് പതിവുള്ളതായതിനാല്‍ ശശി ചേട്ടന് അതില്‍ അസ്വഭാവികമായി ഒന്നും തോന്നിയില്ല].

കുറച്ചു നേരം ലോഹ്യം പറയാനെന്ന മട്ടില്‍ അവന്മാര്‍ അവിടെ ചുറ്റിപ്പറ്റി നില്‍പ്പായി. കടയില്‍ ആരുമുണ്ടായിരുന്നില്ല. സ്ഥിരം ആളുകളെല്ലാം ഭക്ഷണം കഴിഞ്ഞ് പോയിക്കാണണം. അടുക്കളയില്‍ എല്ലാം ഒതുക്കി വച്ചു കൊണ്ടു തന്നെ ശശി ചേട്ടനും അവരുടെ കൂടെ സംസാരിയ്ക്കാന്‍ കൂടി. ഒപ്പം സുധിയപ്പനെ കണ്ടപ്പോള്‍ തന്റെ സ്ഥിരം ചോദ്യം ചോദിയ്ക്കാനും കക്ഷി മറന്നില്ല.

"സുധീ, നീ എന്നാ നിന്റെ കണക്ക് സെറ്റില്‍ ചെയ്യുന്നേ? ഇപ്പോ പറ്റു ബുക്കില്‍ നിന്റെ രണ്ടു പേജ് നിറഞ്ഞു കേട്ടോ"

സുധിയപ്പനും മോശമാക്കിയില്ല. തന്റെ പതിവു മറുപടി തന്നെ അവനും പറഞ്ഞു "ശശി ചേട്ടാ. ഞാനെത്ര തവണ പറഞ്ഞു -  ഞാനെന്തായാലും ആ പറ്റ് തീര്‍ക്കാനൊന്നും പോകുന്നില്ല. പിന്നെന്തിനാ വെറുതേ അതെഴുതി പുസ്തകവും മഷിയും വേസ്റ്റ് ആക്കുന്നേ? അതെങ്കിലും ലാഭിച്ചു കൂടേ?"

ശശി ചേട്ടന് തുടര്‍ന്നെന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അടുക്കള വാതിലില്‍ നില്‍ക്കുകയായിരുന്ന ജോബി ഇടപെട്ടു " അല്ല, ശശി ചേട്ടാ, ഇന്നത്തെ കച്ചവടമെല്ലാം കഴിഞ്ഞോ? കട അടയ്ക്കാറായോ?"

"ഉവ്വെടാ, ഇനി ആരും വരുമെന്നു തോന്നുന്നില്ല"

"പക്ഷേ, ഇനിയും കുറേ അപ്പവും കടലകറിയും തോരനും മറ്റും ബാക്കി ഉണ്ടല്ലോ ശശി ചേട്ടാ?"

 "ഇതാകും ഇനി നാളെ ഞങ്ങള്‍ക്ക് വീണ്ടും ചൂടാക്കി തരാന്‍ പോകുന്നതല്ലേ?" സുധിയപ്പനും ഏറ്റുപിടിച്ചു.

ആ ചോദ്യം ഏറ്റു. അത് ശശി ചേട്ടന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതു പോലെയായി. ഒട്ടും ആലോചിയ്ക്കാതെ ശശി ചേട്ടന്‍ മറുപടി പറഞ്ഞു " ഹേയ്, അതെന്താടാ നിങ്ങള്‍ അങ്ങനെ പറഞ്ഞത്? ഞാന്‍ അങ്ങനെ ചെയ്യുമോ? ഒരു ദിവസം ബാക്കി വരുന്ന ഭക്ഷണം ഞാന്‍ അടുത്ത ദിവസത്തേയ്ക്ക് ഒരിയ്ക്കലും ഉപയോഗിയ്ക്കാറില്ല"

"കഷ്ടം! അപ്പൊ ഈ ഭക്ഷണം മുഴുവന്‍ വേസ്റ്റ് ആകുമല്ലോ ശശി ചേട്ടാ" സഹതാപ ഭാവത്തില്‍ ജോബി വീണ്ടും.

"അതേടാ, എന്തു ചെയ്യാനാ? നിങ്ങളൊക്കെ കൃത്യമായി വന്ന് തിന്നു തീര്‍ക്കുമെന്ന് കരുതിയല്ലേ ഞാന്‍ ഇത്രയൊക്കെ ഉണ്ടാക്കുന്നത്. ചില ദിവസങ്ങളില്‍ ഇങ്ങനെ ആളുകള്‍ കുറവ് വരുമ്പോള്‍ ഇങ്ങനെ ഭക്ഷണം വേസ്റ്റ് ആയി പോകും. ഇപ്പോ മനസ്സിലായോ?" ശശി ചേട്ടന്‍ അവിടെ ഒന്നു സ്കോര്‍ ചെയ്യാന്‍ ശ്രമിച്ചു. (കാരണം ഞങ്ങള്‍ അവിടുത്തെ സ്ഥിരം പറ്റുകാര്‍ ആയിരുന്നില്ലല്ലോ)

എന്നാല്‍ ജോബിയുടെ അടുത്ത മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു." എന്നാല്‍ പിന്നെ, എന്തായാലും ഈ ഭക്ഷണം മുഴുവന്‍ വേസ്റ്റ് ആയില്ലേ ശശി ചേട്ടാ? ചേട്ടനാണെങ്കില്‍ കട അടയ്ക്കാനും തുടങ്ങുന്നു. അപ്പോള്‍ പിന്നെ ഈ അപ്പം നാലഞ്ചെണ്ണം ഞങ്ങള്‍ക്ക് തന്നു കൂടേ? വെറുതേ കളയുന്നതിലും ഭേദമല്ലേ?"

അങ്ങനെ ഒരു പാര ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാതിരുന്ന ശശി ചേട്ടന്‍ കണ്ണു മിഴിച്ചു കുറച്ചു നേരം നിന്നു. അടുത്ത ദിവസം ആ ഭക്ഷണമൊന്നും ഉപയോഗിയ്ക്കില്ലെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ആ അഭ്യര്‍ത്ഥന നിരസിയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു പാവം.

നിവൃത്തിയില്ലാതെ, മുഖഭാവത്തില്‍ മാറ്റം വരാതിരിയ്ക്കാന്‍ ശ്രമപ്പെട്ട് കക്ഷി സമ്മതിച്ചു." അതിനെന്താടാ, അത് എന്തായാലും കളയാന്‍ വച്ചതല്ലേ? ആവശ്യമുള്ളത് നിങ്ങള്‍ എടുത്തോ"

ആ മറുപടി കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയായിരുന്ന സുധിയപ്പന്‍ ചാടി വീണ് ആറ് അപ്പം അതില്‍ നിന്ന് പൊതിഞ്ഞെടുത്തു. നോക്കുമ്പോള്‍ ബാക്കി നാലഞ്ചെണ്ണമേ ഉള്ളൂ. "ഇതിവിടെ ബാക്കി വയ്ക്കണോ ശശി ചേട്ടാ?" അവന്റെ ചോദ്യം!

എന്തായാലും സംഗതി കൈ വിട്ടു പോയെന്നു മനസ്സിലാക്കിയ ശശി ചേട്ടന്‍ തടസ്സം പറഞ്ഞില്ല. "വേണ്ടെടാ, അതും എടുത്തോ. കൂടെ ആ കടലക്കറിയും എടുത്തോ. നിങ്ങള്‍ക്കെല്ലാവര്‍ക്കും കഴിയ്ക്കാമല്ലോ"

വെറുതേ ചോദിച്ചതാണെങ്കിലും അവര്‍ അത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. സന്തോഷത്തോടെ അവര്‍ അതും പൊതിഞ്ഞെടുത്തു. പിന്നൊന്നും പറയാന്‍ നില്‍ക്കാതെ അവര്‍ ആ പൊതിയും കൊണ്ട് പോരാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ അവരെ ഒരിയ്ക്കല്‍ കൂടി ശശി ചേട്ടന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ശശി ചേട്ടന്‍ പറഞ്ഞു "നില്ലെടാ. ഇന്നാ, കുറച്ച് തോരനും കൂടെ കൊണ്ടു പൊയ്ക്കോ. ഇതും ഇവിടിരുന്ന് കേടാക്കിയിട്ട് എന്തു കാര്യം!"

അതും കൂടി കേട്ട്  അന്തം വിട്ടു നില്‍ക്കുകയായിരുന്ന ജോബിയെയും സുധിയെയും അതിശയിപ്പിച്ചു കൊണ്ട് ശശി ചേട്ടന്‍ തന്നെ അതെല്ലാം പൊതിഞ്ഞു കൊടുത്തു. ശശിച്ചേട്ടനോട് നന്ദി പറഞ്ഞ്, ശുഭരാത്രി ആശംസിച്ച് അവര്‍ അവിടെ നിന്നിറങ്ങി.

അന്ന്  കൈ നിറയെ ഭക്ഷണ സാധനങ്ങളുമായി അവര്‍ വിജയാശ്രീലാളിതരായിട്ടാണ് ഞങ്ങളുടെ റൂമില്‍ വന്നു കയറിയത്. അന്ന് രാത്രി, ശശി ചേട്ടന്റെ കാരുണ്യം കൊണ്ട് ചില്ലിക്കാശ് മുടക്കാതെ തന്നെ ഞങ്ങള്‍ വിഭവ സമൃദ്ധമായ അത്താഴം വയറു നിറയെ കഴിച്ചു.
​​

അന്നത്തെ കാലം ഓര്‍മ്മയില്‍ വരുമ്പോഴൊക്കെ ശശി ചേട്ടനും അന്നത്തെ ആ രാത്രിയും മനസ്സില്‍ ഓടിയെത്താറുണ്ട്. സ്വതവേ അല്‍പസ്വല്‍പം പിശുക്കനായ ശശി ചേട്ടനില്‍ നിന്ന് അങ്ങനെ ഒരു നീക്കം അന്ന്ഞങ്ങളാരും ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു പക്ഷേ, മക്കളില്ലാത്ത ശശി ചേട്ടന്‍ ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ ഇങ്ങനെയുള്ള പ്രവൃത്തികളില്‍ സംതൃപ്തി കണ്ടെത്തുന്നുണ്ടായിരുന്നിരിയ്ക്കണം.

28 comments:

  1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഞാൻ തേങ്ങ അടിച്ചു

  2. ശ്രീ said...

    ബിരുദ പഠന കാലത്തെ മറക്കാനാകാത്ത ഒരുപാട് സംഭവങ്ങള്‍ ഉണ്ട്. അന്നത്തെ ലളിതമായ രാത്രി ഭക്ഷണം ഞങ്ങളാരും ഒരിയ്ക്കലും മറക്കുമെന്ന് തോന്നുന്നില്ല. അത്രയും രുചികരമായ അത്താഴം അതിനു മുന്‍പും പിന്‍പും കഴിയ്ക്കാനുമായിട്ടില്ല.

    അന്നത്തെ ഓര്‍മ്മകളില്‍ മറക്കാനാകാത്ത ഒരു ഓര്‍മ്മ!

  3. ജോബി|| Joby said...

    ഞാന്‍ എല്ലാം ഓര്‍ക്കുന്നു...

  4. ഉണ്ടാപ്രി said...

    ഉച്ചനേരത്ത് വെറുതേ കൊതിപ്പിച്ചല്ലോ ശ്രീ...(കടലക്കറി ചോറിന്റെ കൂടെ കൂട്ടാന്‍ എന്തിഷ്ടമാണെന്നോ..?)

  5. ലംബൻ said...

    അങ്ങിനെ അന്നത്തെ കാര്യം കുശാലായി അല്ലെ? പൊളിയില്‍ പഠിക്കുന്ന സമയത്ത് ഇതുപോലെ വാടക കൊടുക്കാത്ത അന്തേവാസിയായി ഞാനും ഉണ്ടായിരുന്നു. ഓര്‍മ്മകള്‍ ഉണരുന്നു. അന്ന് കഞ്ഞിയും ഉരുളക്കിഴങ്ങ് തോരനും മാത്രം വെയ്ക്കാന്‍ അറിയാവുന്ന ദിനേശന്‍ ഇന്ന് ഏതോ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ചെഫ്‌ ആണത്രേ.

  6. Echmukutty said...

    ഉം അപ്പം കടലക്കറി, കഞ്ഞി, തോരന്‍ , അച്ചാറ്.. വെറുതേ ഓരോന്നൊക്കെ എഴുതിപ്പിടിപ്പിച്ചിട്ട്..

    രസമായിട്ടു വായിച്ചു ശ്രീ..

  7. ajith said...

    കാഞ്ഞ ബുദ്ധി!!!

  8. Muralee Mukundan , ബിലാത്തിപട്ടണം said...

    നാടൻ രുചികളുടെ
    കൊട്ടി കലാശങ്ങൾ...
    ശ്രീയുടെ ഇത്തരം കുറിപ്പുകൾ
    വായിച്ചാൽ ഞങ്ങളെപ്പോലെയുള്ള അക്കരെയക്കരെയുള്ള പ്രവാസികൾക്കൊക്കെ
    നൊസ്റ്റാൾജിയ എവിടെനിന്നാണ് ഓടിയെത്തുക എന്നറിയില്ല ...കേട്ടോ

  9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ ഹ ശ്രീയേ ഇന്നലെ വായിക്കാൻ സമയം കിട്ടിയില്ല. പലതവണ നോക്കി നാല് വരി തികച്ച് വായിക്കാൻ ഒത്തില്ല. ഇത്ര രസകരമായിരുന്നു എങ്കിൽ ഞാൻ ജോലി നിർത്തിയിട്ട് വായിച്ചേനെ 

    എന്നാലും ശശിയേട്ടന്റെ ഒരു കാര്യം 

  10. ശ്രീ said...

    പണിയ്ക്കര്‍ സാര്‍...
    തേങ്ങയ്ക്ക് നന്ദി ; ഒപ്പം സമയമുണ്ടാക്കി രണ്ടാമതു വന്നു വായിച്ചതിനും :)

    ജോബി...
    നമ്മളിലാരെങ്കിലും ഈ സംഭവം മറക്കുമെന്ന് തോന്നുന്നില്ലെടാ :)

    ഉണ്ടാപ്രിച്ചായാ...
    :) ചോറൂം കടലക്കറിയും ഒപ്പം ഇത്തിരി തൈരും കൂടിയായാല്‍ ലാവിഷായി

    SREEJITH NP...
    അതെ ശ്രീജിത്ത്.
    പിന്നെ, അങ്ങനെ ഒരു സുഹൃത്തുണ്ടല്ലേ കൊള്ളാം :)

    Echmu ചേച്ചീ...
    സന്തോഷം :)

    അജിത്തേട്ടാ...
    അവന്മാര്‍ രണ്ടുമുണ്ടെങ്കില്‍ ചെയ്യാന്‍ പറ്റാത്തതൊന്നുമില്ല. കൂട്ടത്തിലെ ദാസനും വിജയനുമായിരുന്നു കക്ഷികള്‍!

    മുരളി മാഷേ...
    നാടന്‍ രുചികള്‍ ഓര്‍ത്തു നൊസ്റ്റിയടിയ്ക്കാന്‍ എപ്പോഴും പ്രവാസികളല്ലേ മുന്‍പില്‍...
    നന്ദി മാഷേ

  11. ഹരിശ്രീ said...

    ha ha...ha

  12. ഭായി said...

    ക്ലാസ്സ് കഴിഞ്ഞ് അവസാന കുട്ടിയേയും ബസ്സ് കയറ്റിവിടൽ, അതുവരെയുള്ള വായ്നോട്ടം, കഞ്ഞിവെയ്പ്പ്, മുട്ട പൊരിപ്പ്, അച്ചാർ സംഘടിപ്പിക്കൽ, അയൽ വീട്ടിൽ എത്തിനോട്ടം, പാതിരായ്ക്ക് ഹോട്ടലിൽ വിസിറ്റ്..............

    എങ്ങിനെയണ്ണാ ഡിഗ്രി പാസ്സായത്..? ;)

    എനി ഹൗ, എഴുത്ത് പതിവുപോലെ ലളിതം, മനോഹരം !

  13. Anonymous said...

    കുറെക്കാലമായി ഇങ്ങോട്ടൊക്കെ വന്നിട്ട്..:)മറക്കാനാവാത്ത രുചിക്കൂട്ടിന്റെ ഈ ഓര്‍മ്മക്കുറിപ്പ്‌ ഇഷ്ടായി..ശ്രീ..:)

  14. വിനുവേട്ടന്‍ said...

    ശ്രീയുടെ ഓർമ്മകൾ പകരുന്ന ഗൃഹാതുരത്വം ഒന്ന് വേറെ തന്നെ... ഈ ലാളിത്യം ഒരിക്കലും കൈമോശം വരാതിരിക്കട്ടെ...

    ചാണക്യന്റെ ബുദ്ധി തന്നെയായിരുന്നു നിങ്ങളുടെ ടീമിന്റേത്... സംശയമില്ല... :)

  15. സുബൈര്‍കുരുവമ്പലം said...

    Kollaam....

  16. സുബൈര്‍കുരുവമ്പലം said...

    Kollaam....

  17. ബഷീർ said...

    സമയം 01.22 ഭക്ഷണം കഴിച്ചിട്ടില്ല. കമ്പനി മെസ്സിൽ നിന്ന് വരുന്ന ഭക്ഷണമാണ് ഉച്ചക്ക് ശരണം. അതെന്തായിരിക്കുമെന്ന് പറയേണ്ടല്ലോ.. ഈ സമയത്ത് തന്നെ ഈ പോസ്റ്റ് വായിച്ച് കടലക്കറിയുടെയും തോരന്റെയും ഓർമ്മയിൽ ഞാൻ പോയി ഭക്ഷണം കഴിക്കട്ടെ..:)

  18. ശ്രീനാഥ്‌ | അഹം said...

    Hi Sree, how are you doing. Hope you remember me/my blogs. I cant believe that you are still active on blogger. Most of them from that time is not active anymore rt?

    great anyways. will make sure to drop by sometimes. Keep writing!
    -Srinath

  19. ശ്രീ said...

    ഹരിശ്രീ ...
    :)

    ഭായി ...
    അതെയതെ, വല്യ കഷ്ടപ്പാടായിരുന്നു :)

    Bijli ചേച്ചീ...
    അതെ, കുറേക്കാലമായല്ലോ ഈ വഴിയൊക്കെ വന്നിട്ട്!
    വീണ്ടും കണ്ടതില്‍ സന്തോഷം

    വിനുവേട്ടാ...
    അവന്മാരെല്ലാവരും കൂടെ ഉണ്ടെങ്കിലത്തെ അവസ്ഥ പറയാതിരിയ്ക്കുക തന്നെയാണ് ഭേദം ള്)

    സുബൈര്‍കുരുവമ്പലം ...
    കുറേക്കാലം കൂടിയാണല്ലോ മാഷേ... സന്തോഷം :)

    ബഷീര്‍ക്കാ...
    ഹഹ. അങ്ങനെ ഒരു ഗുണമെങ്കിലുമുണ്ടായല്ലോ ഈ എഴുത്തു കൊണ്ട് :)

    ശ്രീനാഥ്‌ | അഹം ...
    അതെ, ശരിയ്ക്കും സര്‍പ്രൈസ് തന്നെ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീനാഥിനെ ഈ വഴി കാണുന്നത്. എഴുത്തും കുറഞ്ഞെന്നു തോന്നുന്നല്ലോ.

    ശരിയാണ്. പഴയ ടീമുകള്‍ ഭൂരിഭാഗവും എഴുത്തൊക്കെ നിറുത്തിയ മട്ടാണ്.
    എന്തായാലും വീണ്ടും കണ്ടതില്‍ സന്തോഷം :)
    വീണ്ടും കണ്ടതില്‍ സന്തോഷം

  20. മിനി പി സി said...

    കൊള്ളാം ശ്രീ , നന്നായിരിക്കുന്നു .

  21. Pradeep Kumar said...


    ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടങ്ങളിലൊന്നിൽ ഇടപഴകിയ വ്യക്തിത്വങ്ങൾ ... ലളിതമായ അനുഭവവിവരണം...

  22. Bipin said...

    മൃഷ്ടാഹ്ന ഭോജനം. ആ ചായ ക്കട പൂട്ടാഞ്ഞതു അങ്ങേരുടെ ആയുസ്സിന്റെ ബലം ഒന്ന് കൊണ്ട് മാത്രം.

  23. ചിതല്‍/chithal said...

    ഒന്നാന്തരം കഥ!

  24. ഗൗരിനാഥന്‍ said...

    കുരുത്തക്കേട്‌ തന്നെ അല്ലേ..എന്തായാലും ശശി ച്ചേട്ടന്‍ നല്ലവനായതു ഭാഗ്യായി , ഇല്ലെങ്കില്‍ പറഞ്ഞേനെ, നിനക്കൊക്കെ തരുന്നതിലും നല്ലതു അപ്പുറത്തെ വീട്ടിലെ പശൂന് കൊടുക്കുന്നതാണെന്നു

  25. സാജന്‍ വി എസ്സ് said...

    nostalgic

    ചെറിയ വികൃതികള്‍ഓര്‍ക്കാന്‍ എപ്പോഴും ഒരു സുഖമാണ്

    നല്ല എഴുത്ത് ശ്രീ..

  26. വീകെ said...

    അന്നത്തെ പ്രായവും അതാണല്ലൊ. അല്ലാ ശ്രീ.. ഇവരൊക്കെ ഇന്ന് ഇങ്ങനെയൊക്കെത്തന്നെയാണോ..?!

    പണ്ട് സെക്കന്റ്ഷോ കഴിഞ്ഞ് കയ്യിൽ വണ്ടിക്കാശില്ലാതെ നടന്നു വരുമ്പോൾ, ആളില്ലാതെ പോകുന്ന ആനവണ്ടിയെ നോക്കി പറയുന്ന ഒരു വാചമുണ്ട്. ‘ഏതായാലും നിങ്ങളവിടെവരെ പോകുന്നതാ...എന്നാൽ‌പ്പിന്നെ ഞങ്ങളേക്കൂടി അങ്ങ് കയറ്റിയിറക്കരുതോ...!!
    ആശംസകൾ...

  27. ശ്രീ said...

    മിനി പി സി ...
    നന്ദി :)

    Pradeep Kumar ...

    സത്യം തന്നെ മാഷേ, നന്ദി

    Bipin മാഷേ...
    ഹഹ. അതെയതെ

    ചിതല്‍/chithal ...
    വളരെ നന്ദി മാഷേ

    ഗൗരിനാഥന്‍ ...
    ശ്ശൊ! അതിന്റെ അര്‍ത്ഥം ഞങ്ങളും പശുക്കളും ഒരു പോലാണെന്നല്ലോ ല്ലേ ;)


    സാജന്‍ വി എസ്സ് ...
    സത്യം! വായനയ്ക്കും കമന്റിനും നന്ദി

    വീകെ മാഷേ...

    കാലി വണ്ടി പോകുന്നതു കാണുമ്പോള്‍ ഞങ്ങളും ഇതേ ചോദ്യം ചോദിയ്ക്കാറുണ്ട്.

    പിന്നെ, കൂട്ടുകാരുടെ കാര്യം! അവരാരും ഇപ്പോ അങ്ങനല്ല, അവരെല്ലാവരും തന്നെ ഇപ്പോള്‍ നല്ല നല്ല പൊസിഷനുകളിലെത്തി കേട്ടോ.

  28. ചന്ദ്രകാന്തം said...

    നന്മ വറ്റാത്തവര്‍ !