Thursday, January 16, 2014

ദൃശ്യാനുഭവം

ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ ഒരു സൂപ്പര്‍ താര ചിത്രം തീയറ്ററില്‍ കാണുന്നത്. കുറച്ചു വര്‍ഷങ്ങളായി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാറില്ലാത്തതിനാല്‍ നല്ല പോലെ കേട്ടറിഞ്ഞ ശേഷമേ (കഥയല്ല) അങ്ങനെ ഒരു ചിത്രം കാണാന്‍ പോകൂ എന്നുറപ്പിച്ചിരുന്നു.

ഇത്തവണത്തെ ക്രിസ്തുമസ്സ് - ന്യൂ ഇയര്‍ അവധിയ്ക്ക് നാട്ടിലെത്തുമ്പോഴും ഒരു സിനിമ മനസ്സില്‍ ഇല്ലായിരുന്നു. കുറച്ചു ദിവസം അവധി ഉള്ളതിനാല്‍ ഒത്തു വന്നാല്‍കുടുംബാംഗങ്ങളോടെല്ലാം ചേര്‍ന്ന് ചെറിയ ഒരു യാത്ര പോയാല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നു. പക്ഷേ, നാട്ടിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ടോ എന്തോ മോള്‍ക്ക് നല്ല സുഖമില്ലാതായതോടെ ആ പ്ലാന്‍ പൊളിഞ്ഞു. അപ്പഴേയ്ക്കും എല്ലാരുടേയും അവധിയും തീര്‍ന്നു.

അപ്പോഴാണ് എല്ലാവര്‍ക്കും കൂടി ഒരു സിനിമയ്ക്ക് പോയാലോ എന്ന ഐഡിയ ചേട്ടന്‍ മുമ്പോട്ടു വച്ചത്. ഏതു സിനിമ എന്ന് ചോദിയ്ക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം റിലീസ് ചെയ്ത ദിവസം മുതല്‍ ഏതാണ്ട് ഒരു മാസമായിട്ടും നല്ല അഭിപ്രായങ്ങള്‍ മാത്രം കേള്‍ക്കുന്നത് ഒരേ ഒരു സിനിമയ്ക്ക് മാത്രമായിരുന്നു. എന്തായാലും അച്ഛനെയും അമ്മയെയും അവരുടെ പൂര്‍ണ്ണ സമ്മതമില്ലാതെ തന്നെ കൂടെ കൂട്ടി. (അവര്‍ 17 വര്‍ഷം മുന്‍പാണ് ഒരു ചിത്രം തീയറ്ററില്‍ കണ്ടത്).

അങ്ങനെ എല്ലാവരും കൂടി തീയറ്ററില്‍ എത്തി. 9 മാസം പ്രായമായ മോളും രണ്ടര വയസ്സുകാരനായ ചേട്ടന്റെ മോനും ഞങ്ങള്‍ക്ക് പാരയായേക്കുമോ എന്ന പേടി ഉണ്ടായിരുന്നു. ഒപ്പം അങ്ങനെയിങ്ങനെ ഒന്നും സിനിമ ഇഷ്ടപ്പെടാത്ത അച്ഛനെ നിര്‍ബന്ധിച്ചു കൊണ്ടു വന്നിട്ട് അച്ചന് കഥ ഇഷ്ടപ്പെടാതിരിയ്ക്കുമോ എന്ന സംശയവും.

എന്തായാലും എല്ലാ സംശയങ്ങളും അസ്ഥാനത്താക്കി, നല്ലൊരു ദൃശ്യാനുഭവം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഞങ്ങളെല്ലാവരും തീയറ്ററില്‍ നിന്നിറങ്ങിയത്. ഒരുമാതിരി സമീപകാല ചിത്രങ്ങളോടൊന്നും ഇഷ്ടം കാണിക്കാത്ത അച്ഛന്‍ പോലും സംതൃപ്തിയോടെയാണ് ചിത്രം കണ്ടിറങ്ങിയത്. ഏതാണ്ട് ഒരു മാസത്തിനു ശേഷവും നിറഞ്ഞ തീയറ്ററും, അതില്‍ തന്നെ 90% കുടുംബ പ്രേക്ഷകരും എന്നിവയെല്ലാം തന്നെ ആ ചിത്രത്തിന്റെ വിജയത്തിന്റെ തെളിവായിരുന്നു.

സിനിമ തുടങ്ങി ആദ്യ പത്തു പതിനഞ്ചു മിനിട്ടുകള്‍ക്കിടയില്‍ മുന്‍ നിരകളിലെങ്ങോ സിനിമാ ഡയലോഗിനൊപ്പം ആരോ എന്തോ തമാശ പറഞ്ഞ് ചിരിച്ചു എന്നതു മാറ്റി നിര്‍ത്തിയാല്‍ ചിത്രം അവസാനിയ്ക്കുന്നതു വരെ ഇടയ്ക്കിടെ കേട്ട കയ്യടികള്‍ മാത്രമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കാനായത്. അവസാനം പുറത്തിറങ്ങുമ്പോള്‍ സ്ത്രീ പ്രേക്ഷകരില്‍ ചിലര്‍ കണ്ണു തുടയ്ക്കുന്നത് ശ്രദ്ധിച്ചതായി വര്‍ഷയും ചേച്ചിയും പറയുന്നുമുണ്ടായിരുന്നു.

വ്യത്യസ്തമായ കഥ എന്നോ വ്യത്യസ്തമായ അവതരണം എന്നോ അതുമല്ലെങ്കില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത അഭിനയത്തികവ് എന്നോ ഒന്നും അവകാശവാദങ്ങള്‍ ഉന്നയിയ്ക്കാതെ (പക്ഷേ ഒരാള്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നു - ഷാജോണിന്റെ പോലീസ് കഥാപാത്രം) തികച്ചും സാധാരണമായ ഒരു കഥ, മലയാളികള്‍ക്ക് സുപരിചിതമായ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ചിത്രീകരിച്ച്, അസാധാരണമായ കയ്യടക്കത്തോടെ സംവിധാന മികവിലൂടെ അമിതാഭിനയങ്ങളില്ലാതെ കൃത്യമായ, കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന നടീനടന്മാരിലൂടെ നമുക്കു മുന്നില്‍ അവതരിപ്പിച്ചു ഫലിപ്പിയ്ക്കാന്‍ സാധിച്ചു എന്നതിലാണ് ചിത്രത്തിന്റെ വിജയം.

അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ സമീപ കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി, എല്ലാമറിയുന്ന അതി മാനുഷനായ സൂപ്പര്‍ സ്റ്റാറിനെ അല്ല, സൂക്ഷ്മാഭിനയം കൊണ്ട് പണ്ട് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു മികച്ച നടനെയാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാനാകുന്നത്. ഒപ്പം നായികാ വേഷങ്ങളില്‍ നിന്നും മാറി, പ്ലസ്സ് ടു ക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയായി മികച്ച അഭിനയം കാഴ്ച വച്ച മീന, സ്ഥിരം വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങളില്‍ തിളങ്ങിയ കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ് തുടങ്ങിയവരും... അതില്‍ തന്നെ ഷാജോണിന്റെ കരിയറിലെ തന്നെ ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച വേഷമാണ് ഇതിലെ സഹദേവന്‍ എന്ന് നിസ്സംശയം പറയാം.

രാജാക്കാട് നിവാസിയായ, വെറുമൊരു നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ഒരു അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു ദുരന്തം/ക്രൈം. അതില്‍ നിന്നും രക്ഷപ്പെടുവാനായി ജീവിതാനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത അറിവുകളുമായി ജോര്‍ജ്ജുകുട്ടിയുടെ നേതൃത്വത്തില്‍ ആ കുടുംബം ശക്തരായ നിയമപാലകരോടു നടത്തുന്ന ചെറുത്തു നില്‍പ്പ്... അതാണ് ഈ ചിത്രം.

അസാമാന്യമായ വൈദഗ്ദ്യത്തോടെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത് എന്നത് വിമര്‍ശന ബുദ്ധിയോടെ മാത്രം സിനിമയെ സമീപിയ്ക്കുന്നവര്‍ പോലും സമ്മതിച്ചു തരുമെന്നാണ് തോന്നുന്നത്. കഥാരംഭം മുതല്‍ കാണിയ്ക്കുന്ന/പറയുന്ന അപ്രധാനമെന്ന് തോന്നിയേക്കാവുന്ന പല സീനുകളും കഥ പുരോഗമിയ്ക്കുന്തോറും പ്രാധാന്യം നേടുന്നതും അവസാന സീന്‍ വരെ (മുന്‍പ് കഥ കേട്ടിട്ടില്ലാത്ത) പ്രേക്ഷകന് ഊഹിയ്ക്കാന്‍ കഴിയാത്ത സസ്പെന്‍സ് നിലനിര്‍ത്താനായി എന്നതുമെല്ലാം ജിത്തുവിന്റെ തിരക്കഥയുടെ ആഴമാണ് സൂചിപ്പിയ്ക്കുന്നത്.

ചിത്രത്തില്‍ കുറച്ചെങ്കിലും കുറ്റം പറയാനായി എന്തെങ്കിലും കണ്ടെത്തണമെങ്കില്‍ എനിയ്ക്ക് പറയാനാകുന്നത് - റാണി എന്ന വീട്ടമ്മയായി അഭിനയിച്ച മീനയുടെ മേക്കപ്പും 'ആന്റണി' എന്ന പോലീസുകാരനായി വരുന്ന ആന്റണി പെരുമ്പാവൂരിന്റെ ഡയലോഗ് ഡെലിവറിയില്‍ തോന്നിയേക്കാവുന്ന നേരിയ കൃത്രിമത്വവും വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന ചില പൈങ്കിളി രംഗങ്ങളും മാത്രമാണ്.

തീര്‍ച്ചയായും മലയാളികള്‍ക്ക് ഒരു പുതിയ 'ദൃശ്യാനുഭവം' സമ്മാനിച്ചു കൊണ്ടു തന്നെയാണ് "മലയാള സിനിമ 2013" അവസാനിയ്ക്കുന്നത് എന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മുഴുവനും അഭിമാനിയ്ക്കാം...

26 comments:

 1. കുമാരന്‍ | kumaaran said...

  Gud revie

 2. കുമാരന്‍ | kumaaran said...

  Gud revie

 3. ഉണ്ടാപ്രി said...

  നല്ല റിവ്യൂ ശ്രീ...സകുടുംബം തന്നെയാണു പടം കണ്ടത്. ആര്‍ക്കും വേറിട്ടൊരു അഭിപ്രായമില്ല.

 4. SREEJITH NP said...

  നുമ്മ രണ്ടു പ്രാവശ്യം കണ്ടു.. ഇഷ്ടപ്പെട്ടു.

 5. habbysudhan said...

  ഞാനും കണ്ടു ഈ പടം. "there is no perfect crime" എന്ന മെസ്സേജിന് പുറമേ...ഇന്നത്തെ ലോകത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ പാവം കുട്ടികള്‍ പോലും എത്ര കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്ന് പോകേണ്ടി വരുന്നു..എന്ന് കൂടെ മനസ്സിലാവുന്നു.
  റിവ്യു നന്നായിരിക്കുന്നു ശ്രീ...

 6. Dileep Mohan said...

  കൊള്ളാം ശ്രീ ...നന്നായിട്ടുണ്ട് എഴുത്ത്..

 7. Anonymous said...

  :)

 8. Pradeep Kumar said...

  കുടുംബ സമേതം കണ്ട സിനിമ - ഏറെ ഇഷ്ടമായി. സിനിമയും, സിനിമയെക്കുറിച്ചുള്ള ഈ നിരീക്ഷണവും

 9. ajith said...

  ഞാനും കാണും!

 10. വീകെ said...

  ഈ റിവ്യൂ വയിച്ചിട്ട് പടം കാണണമെന്നുണ്ടായിരുന്നു. പക്ഷെ,ഏതു പടമാണെന്നു കരുതിയാ കേറുകാ..?
  ഒരു ക്ലൂ തരാമോ..?

 11. kaalidaasan said...

  ഇവിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കാന്‍ ആകുന്നില്ല.

  കഥയുടെ കാര്യത്തിലാണെങ്കില്‍ ജിത്തു ജോസഫിന്റെ മെമ്മറീസില്‍ ഉള്ള അതേ ലോജിക്കില്ലായ്മ ഈ സിനിമയിലും ഉണ്ട്.

  ഇപ്പോഴിറങ്ങുന്ന ചവറു സിനിമകളുടെ ഇടയില്‍  വലിയ ആശ്വാസം തന്നെയാണ്, ഈ സിനിമ. പക്ഷെ അതൊരു ദൃശ്യാനുഭവം ആയി എനിക്കു തോന്നിയില്ല. കൂടാതെ ഇതിന്റെ പ്രമേയം അല്‍പ്പം  ഭീതി ജനകമായും തോന്നി. ഈ സിനിമയിലെ നായകന്‍ ഒരു കുറ്റത്തിന്റെ തെളിവു നശിപ്പിക്കുന്നതാണു പ്രമേയം. ഓരോ നശിപ്പിക്കല്‍ നടത്തുമ്പോഴും തിയേറ്ററില്‍ നിറുത്താത്ത കയ്യടി ആണുയരുന്നത്. പണ്ടൊക്കെ സിനിമകളില്‍ കുറ്റവാളികളെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെയും പോലീസും നിയമവ്യവസ്ഥയും പിടികൂടുമ്പോള്‍ കണ്ടിരുന്ന അതേ കയ്യടി. അതിന്റെ അര്‍ത്ഥം മലയാളി എന്തിനും കയ്യടിക്കും  എന്നതാണ്.

  അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ ലാല്‍ അത്ര പോര എന്നാണെന്റെ അഭിപ്രായം. ഈ റോളില്‍ മമ്മൂട്ടി ആയിരുന്നെങ്കില്‍ കുറച്ചു കൂടെ മിഴിവീ കഥാപാത്രത്തിനുണ്ടാകുമായിരുന്നു. പലപ്പോഴും മോഹന്‍ ലാല്‍ കരയുകയാണോ ചിരിക്കുകയാണോ എന്ന് ആ മുഖത്തു നിന്നും വായിച്ചെടുക്കാന്‍ ആകില്ല. ഷാജോണിന്റെ അഭിനയം മികച്ചതാണ്. അതോടൊപ്പം  ആശാ ശരത്തിന്റെ പോലീസ് ഓഫീസര്‍ അതിലും നന്നായി എന്നാണെന്റെ അഭിപ്രായം. ഷാജോണ്‍ എപ്പോഴും ഏക ഭാവം ആണു പ്രകടിപ്പിക്കുന്നത്, ക്രൂരതയും ദേഷ്യവും പകരം വീട്ടലും. പക്ഷെ ആശ ശരത് ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ചു.

  ഇവിടെ പറയുമ്പോലെ ,"ജീവിതാനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത അറിവുകളുമായി ജോര്‍ജ്ജുകുട്ടിയുടെ നേതൃത്വത്തില്‍ ആ കുടുംബം ശക്തരായ നിയമപാലകരോടു ചെറുത്തു നില്‍പ്പ് നടത്തുന്നു" എന്നത് ശരിയ്ല്ല. ജീവിതാനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത അറിവുകളല്ല ജോര്‍ജു കുട്ടി യെ ചെറുത്തു നില്‍പ്പിനു സഹായിക്കുന്നതും പ്രചോദിപ്പിക്കുന്നതും. കുറ്റം ചെയ്യുന്ന ആരും രക്ഷപ്പെടാന്‍, ലഭിക്കുന്ന എല്ലാ പഴുതുകളും ഉപയോഗിക്കുന്നപോലെ, താന്‍ കണ്ട സിനിമാ കഥകളിലെ ദൃങ്ങളെ അനുകരിച്ച് തെളിവുകള്‍ നശിപ്പിക്കുകയാണ്.

  "പ്രേക്ഷകന് ഊഹിയ്ക്കാന്‍ കഴിയാത്ത സസ്പെന്‍സ് നിലനിര്‍ത്താനായി", എന്ന പരാമര്‍ശം അതി വിചിത്രമായി തോന്നി. വരുണ്‍ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും, ആരാണയാളെ കൊല്ലുന്നതും എന്നൊക്കെ അപ്പോള്‍ തന്നെ കാണിച്ചിട്ടുണ്ട്. ജോര്‍ജ് കുട്ടി കാറെടുത്തു കൊക്കയില്‍ ഇടുന്നതും, ശവശരീരം മറവു ചെയ്യുന്നതും ഒക്കെ തല്‍സമയം ​കാണിച്ചിട്ടുണ്ട്. പിന്നെ എന്താണു സസ്പെന്‍സ്? കാറിതുപോലെ നശിപ്പിക്കാന്‍ പ്രചോദനമാകുന്ന സിനിമ സീന്‍ പോലും അതിനു തൊട്ടുമുമ്പു കാണിക്കുന്നു. മാത്രമല്ല, സിനിമയുടെ മദ്ധ്യത്തോടടുപ്പിച്ച് ജോര്‍ജ് കുട്ടി ചെയ്തതൊക്കെ അക്കമിട്ട് ഗീത എന്ന പോലീസ് ഓഫീസര്‍ പറയുന്നുമുണ്ട്. പക്ഷെ അത് സ്ഥാപിക്കാന്‍ തെളിവില്ല എന്നതുമാത്രമായിരുന്നു പ്രശ്നം. ജോര്‍ജ് കുട്ടി അജ്ഞാതമായ ഒരു കാറെടുത്തു പോകുന്നത് കണ്ടിട്ടും,  ജോര്‍ജ്ജ് കുട്ടിയുടെ ബദ്ധ ശത്രുവായ സഹദേവന്‍, അതേക്കുറിച്ച് അന്വേഷിക്കുന്നില്ല എന്നത് യാതൊരു ലോജിക്കുമില്ലാത്ത സംഗതിയാണ്. എത്ര വിഡ്ഡിയായ പോലിസുകാരനാണെങ്കിലും അതേക്കുറിച്ച് സംശയത്തോടെ അന്വേഷണം നടത്തുക ചെയ്യാറുണ്ട്.

  ഒരു കുറ്റം ആരു ചെയ്തു, എങ്ങനെ ചെയ്തു, എന്തിനു വേണ്ടി ചെയ്തു എന്നതൊക്കെ ആണു സാധാരണ കുറ്റാന്വേഷണ സിനിമകളിലെ കേന്ദ്ര ബിന്ദു. ഈ സിനിമയില്‍ അതൊക്കെ ഏത് കണ്ണുപൊട്ടനും ആദ്യമേ തന്നെ മനസിലാകും. ഇവിടെ പക്ഷെ തെളിവെങ്ങനെ നശിപ്പിക്കുന്നു എന്നതാണു കേന്ദ്ര ബിന്ദു. അതു കൊണ്ട് ഇത് വേറിട്ട ഒരു സിനിമയാണ്. ഇക്കിളി ഉണ്ടാക്കാനും നര്‍മ്മത്തിനു വേണ്ടിയും  ഉള്ള ചില ഏച്ചു കെട്ടുകളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും  സിനിമയുടെ ഗൌരവം കുറയ്ക്കുന്നു. അടുത്തകാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വേറിട്ട സിനിമയാണിത്. അല്ലാതെ ഒരു ദൃശ്യാനുഭവം ആയി എനിക്കു തോന്നിയില്ല.

 12. ശ്രീ said...

  കുമാരേട്ടാ...
  ആദ്യ കമന്റിനു നന്ദി.

  ഉണ്ടാപ്രിച്ചായാ ...
  ശരിയാൺ. കണ്ടവരാരും എതിരഭിപ്രായം പറഞ്ഞു കേട്ടില്ല.

  SREEJITH NP ...
  അതെ, കണ്ടവർ‌ പലരും വീണ്ടും കാണണമെന്ന് പറയുന്നത് സിനിമയുറ്റെ മികവു കൊണ്ടു തന്നെയാൺ.

  habbysudhan ...
  അതെ, ഒരു കുറ്റത്തെ ന്യായീകരിയ്ക്കുന്ന പ്രമേയമാണെങ്കിലും അതിലുമുപരിയായി ആ ക്രൈമിലേയ്ക്ക് അവരെത്തിച്ചേരുവാനുണ്ടാകുന്ന സാഹചര്യം, ഇക്കാലത്ത് ഒരുപാടു സാധ്യതകളുള്ള അത്തരം സാഹചര്യങ്ങൾ‌... അത് തീർ‌ച്ചയായും പ്രേക്ഷകരെ ചിന്തിപ്പിയ്ക്കുകയും ഭയപ്പെറ്റുത്തുകയും ചെയ്യുന്നുണ്ട്.

  Dileep Mohan ...
  സ്വാഗതം, നന്ദി ദിലീപ്
  Anonymous ...
  നന്ദി
  :)

  Pradeep Kumar ...
  കുടുംബ സമേതം ധൈര്യമായി കാണാൻ കഴിയുന്ന സിനിമ തന്നെ ആണിതെന്ന് നിസ്സംശയം പറയാം, നന്ദി.

  അജിത്തേട്ടാ...

  ചേച്ചിയെയും കൂട്ടി പോയി കണ്ടോളൂ... തീർ‌ച്ചയായും നഷ്ടം വരില്ല.

  വീകെ മാഷേ...
  ഹഹ, അതു കലക്കി :)

 13. ശ്രീ said...

  kaalidaasan ...

  വിശദമായ കമന്റിനും അതിനു മാറ്റി വച്ച സമയത്തിനും നന്ദി.

  കീറി മുറിച്ച് പരിശോധിച്ചാൽ കണ്ടുപിടിയ്ക്കാവുന്ന കുറവുകളില്ലാത്ത ചിത്രങ്ങളുണ്ടാകുമെന്ന് തോന്നുന്നില്ല. ആ ഉദ്ദേശ്ശത്തിൽ എഴുതിയ ഒരു പോസ്റ്റ് അല്ല ഇതെന്ന് ആദ്യമേ പറയട്ടെ. കുറേക്കാലം കൂടി സകുടുംബം, സംതൃപ്തിയോടെ കണ്ട ഒരു സിനിമയെ കുറിച്ച് ഒരു ചെറിയ അവലോകനം നടത്തി എന്ന് മാത്രം.

  ശരിയാണ്, യഥാര്‍ത്ഥ ജീവിതവുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ചിത്രത്തിലെ കഥയില്‍ ലോജിക്കില്ലായ്മ തോന്നാം. ലാലിനു പകരം മമ്മൂട്ടിയായാലും ആ റോള്‍ നന്നാകുമായിരുന്നു എന്നതും ശരിയാണ്.

  തെളിവു നശിപ്പിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിയ്ക്കുന്നതും അത് അംഗീകരിയ്ക്കുന്നതും ഒരു പുതുമയായി എനിയ്ക്കും തോന്നി. പ്രമേയത്തിലെ അത്തരത്തിലുള്ള പരീക്ഷണത്തിലെ വ്യത്യസ്തത പ്രേക്ഷകര്‍ അംഗീകരിച്ചതോ അതല്ലെങ്കില്‍ ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ചെയ്തികളിലെ (ക്രൈമാണെങ്കിലും)നേരിന്റെ തിരിച്ചറിവ് ഉള്‍ക്കൊണ്ടതു കൊണ്ടുമാകാം.

  ജോര്‍ജ്ജ് കുട്ടിയുടെ കഥാപാത്രം സിനിമകള്‍ കണ്ടു കണ്ട് അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നു എന്നതില്‍ തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. ആ ശൈലിയാണ് അയാളുടെ ജീവിതത്തില്‍ അയാള്‍ പലപ്പോഴും ഉപയോഗിച്ച് നടപ്പില്‍ വരുത്തുന്നത് എന്ന് കാണിയ്ക്കുന്നുണ്ടല്ലോ. (അനുഭവങ്ങളില്‍ നിന്ന് എന്ന് ഞാനെഴുതിയതിനെ കുറിച്ചാണ് ഈ പരാമര്‍ശമെങ്കില്‍ ... ശരിയാണ്, അത് അംഗീകരിയ്ക്കുന്നു)

  പിന്നെ അവസാന സീനിനെ കുറിച്ച് ഇനിയും ചിത്രം കാണാനിരിയ്ക്കുന്നവരെ കണക്കിലെടുത്ത് അധികം പരാമര്‍ശിയ്ക്കാനുദ്ദേശിയ്ക്കുന്നില്ല.

  അവസാന സീനിനെ പറ്റി പറഞ്ഞ ആ പരാമര്‍ശം 'അതി വിചിത്രമായി' എന്ന് തോന്നി എന്നു പറഞ്ഞത് മാത്രം താങ്കളുടെ കമന്റില്‍ ഒട്ടും ഉള്‍ക്കൊള്ളാനാകുന്നില്ല. കൊലപാതകവും മറ്റും കാണിയ്ക്കുന്നുണ്ടെന്നതും അത് പ്രേക്ഷകര്‍ ചിത്രത്തിന്റെ പകുതി-മുക്കാല്‍ ഭാഗത്തോടെ മനസ്സിലാക്കുന്നുണ്ടെന്നതും ശരി തന്നെ ആണെങ്കിലും ജോര്‍ജ്ജ് കുട്ടി പറയുന്ന ഒരു ഡയലോഗ് "ആ സത്യം ഞാനല്ലാതെ മറ്റൊരാള്‍ അറിയാനിടയാകില്ല. അത് എന്നോടു കൂടി മണ്ണടിയും" എന്ന് പറയുന്നതിലെ സസ്പെന്‍സ് അവസാന സീന്‍ വരെ നിലനില്‍ക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

  [ചിത്രം കണ്ടവര്‍ കഥ മുഴുവന്‍ തുറന്നെഴുതി ഇനി കാണാനിരിയ്ക്കുന്നവരുടെ അവസരം നശിപ്പിയ്ക്കരുതെന്ന് വിശ്വസിയ്ക്കുന്നതിനാല്‍ കൂടുതല്‍ വിശദമാക്കാന്‍ നിര്‍വ്വഹമില്ല]

  വിശദമായ കമന്റിന് ഒരിയ്ക്കല്‍ കൂടി നന്ദി :)

 14. ശ്രീ said...

  kaalidaasan ...

  ഒരു കാര്യം കൂടെ... ഇന്നു വരെ മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ചേറ്റവും മികച്ച കലാ സൃഷ്ടി ആണ് ഈ ചിത്രം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അങ്ങനെ കരുതുന്നുമില്ല.

  താങ്കള്‍ തന്നെ പറഞ്ഞതു പോലെ 'സമീപകാലത്ത് ഇറങ്ങിയിട്ടുള്ള അനേകം ചവറു സിനിമകളുടെ ഇടയില്‍ വലിയ ഒരു ആശ്വാസം...' അതു തന്നെയാണ് സത്യം.

 15. പട്ടേപ്പാടം റാംജി said...

  ധാരാളം അഭിപ്രായങ്ങള്‍ ഈ ചിത്രത്തെക്കുറിച്ച് വായിച്ചിരുന്നു. കാണാന്‍ കഴിയുമ്പോള്‍ എന്തായാലും ചിത്രം കാണണം.
  ചിത്രത്തെക്കുറിച്ച് നല്ലൊരു വിലയിരുത്തലാണ് ശ്രീ നടത്തിയിരിക്കുന്നത്

 16. kaalidaasan said...

  >>>ജോര്‍ജ്ജ് കുട്ടി പറയുന്ന ഒരു ഡയലോഗ് "ആ സത്യം ഞാനല്ലാതെ മറ്റൊരാള്‍ അറിയാനിടയാകില്ല. അത് എന്നോടു കൂടി മണ്ണടിയും" എന്ന് പറയുന്നതിലെ സസ്പെന്‍സ് അവസാന സീന്‍ വരെ നിലനില്‍ക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.<<<

  വരുണിന്റെ ശവശരീരം എവിടേക്ക് മാറ്റി എന്നതായിരുനോ ഇത്ര വലിയ സസ്പെന്‍സ്? സത്യം പറഞ്ഞാല്‍ ഈ സിനിമ കണ്ടപ്പോള്‍ ഒരു സസ്പെന്‍സും എനിക്കനുഭവപ്പെട്ടില്ല.

  ശവശരീരം എവിടേക്ക് മാറ്റി എന്ന റാണിയുടെ ചോദ്യത്തിനാണു ജോര്‍ജു കുട്ടി ഈ മറുപടി പറയുന്നത്. ശവശരീരം  വേറൊരിടത്തേക്ക് മാറ്റി എന്ന സത്യം എല്ലാവര്‍ക്കും മനസിലായി. അന്നു രാത്രി തന്നെ അത് മാറ്റിയിട്ടുണ്ട് എന്ന് ഞാനും  കരുതി. കാരണം ജോര്‍ജുകുട്ടിയുടെ പറമ്പ് ഏത് പോലീസും അരിച്ചു പെറുക്കുമെന്നത് കുറ്റാന്വേഷണ ശാസ്ത്രത്തിലെ അടിസ്ഥാന സത്യമാണ്. അതിപ്പോള്‍ എവിടേക്ക് മാറ്റിയാലും വ്യത്യാസമൊന്നും ഇല്ല.

  പോലീസ് ഓഫിസറായ വരുണിന്റെ അമ്മ ക്ഷമിച്ചാലും നീതി ന്യായ വ്യവസ്ഥ ജോര്‍ജുകുട്ടിയോട് ക്ഷമിക്കില്ല എന്ന ശാശ്വത സത്യം ​അവശേഷിക്കുന്നു. ലോകത്തൊരിടത്തും ഒരു നീതി ന്യായ വ്യവസ്ഥയും ഇത്രയേറെ കരുണാവാരിധിയല്ല.

  കൊല നടത്തി എന്നത് കാണികള്‍ക്കും  പോലീസിനും  മനസിലായി. ജോര്‍ജു കുട്ടിയുടെ ഇളയ മകള്‍ അതു പോലീസിനോട് പറയുന്നുന്നുമുണ്ട്. അപ്പോള്‍ പിന്നെ ശവം എവിടേക്ക് മാറ്റി എന്നത് അത്ര വലിയ ഒരു പ്രഹേളിക ആണോ?

  ക്ഷണിക്കപ്പെടാത്ത അഥിതി ആയി ഒരാള്‍ ജോര്‍ജു കുട്ടിയുടെ വീട്ടിലേക്ക് വരുന്നു. ഒരു കൈയബദ്ധം കൊണ്ട് അയാള്‍ മരിക്കുന്നു. സിനിമ കാണുന്ന എല്ലാവരും ഇത് ആദ്യമേ നേരില്‍ കാണുന്നു. അവസാന സീനില്‍ ജോര്‍ജു കുട്ടി ഗീതയോട് പറയുന്നതും അതു തന്നെ. പിന്നെ ഇതില്‍ എവിടെയാണു സസ്പെന്സ്? എനിക്ക് മനസിലാവാത്തതുകൊണ്ട് ചോദിക്കുകയാണ്. രാജിവച്ച പോലീസുകാരി ആണെങ്കിലും ഈ സത്യമറിയുന്ന ഏത് പോലീസിനും നീതി ന്യായ വ്യവസ്ഥയോട് ഒരു ഉത്തരവാദിത്തമുണ്ട്. അതാണു ഞാന്‍ ലോജിക്കില്ലായ്മ എന്നു പറഞ്ഞതും.

 17. ശ്രീ said...

  kaalidaasan ...

  അത്രയും കീറി മുറിച്ചു നോക്കണോ?

  ഇളയ മകള്‍ മുഴുവനായും സംഭവം കാണുന്നില്ല എന്ന കാര്യം മനസ്സില്‍ വച്ചിട്ടാണ് ഞാന്‍ തൃപ്തികരമായ ഒരുത്തരത്തിലേയ്ക്ക് എത്തിയത്.

  വരുണിന്റെ അമ്മ ക്ഷമിയ്ക്കുന്നതും മറ്റും യഥാര്‍ത്ഥ ജീവിതത്തിലാണെങ്കില്‍ നടന്നില്ലെന്നു വരാമെന്നതും ശരി തന്നെ. പക്ഷേ, ഒരു സിനിമാ കഥ എന്ന നിലയില്‍ അതും നല്ല രീതിയില്‍ ഒരിടത്ത് കൊണ്ടെത്തിച്ചു എന്ന് ആശ്വസിയ്ക്കാനാണ് തോന്നിയത്.

 18. kaalidaasan said...

  ഒരു ശരാശരി സിനിമയെ ദൃശ്യാനുഭവം എന്നൊക്കെ വിശേഷിപ്പിച്ചതു കണ്ടപ്പോഴാണ്, ഞാന്‍ ചിലതൊക്കെ പറഞ്ഞത്.

  ഒരു ശവശരീരം കുഴിച്ചിടുന്നത് ഇളയ മകള്‍ കാണുന്നുണ്ട്. കൂടാതെ പോലീസുകാര്‍  ചോദിക്കുമ്പോള്‍ എന്തൊക്കെ പറയണമെന്ന് ഇളയമകള്‍ക്ക് ആവര്‍ത്തിച്ച് പരിശീലനവും നല്‍കുന്നുണ്ട്. ഇതൊക്കെ കാണുന്ന കാണികള്‍ വിഡ്ഢികളാണെന്ന് കരുതരുത്.

  സിനിമാ കഥ എന്ന നിലയില്‍ നല്ല രീതിയില്‍ ഒരിടത്ത് കൊണ്ടെത്തിച്ചു എന്ന് കുറച്ചു കാണികള്‍ക്ക് തോന്നാം. Complete actor എന്ന് സ്വയം വിശേഷിപ്പിക്കുന്ന, മോഹന്‍ ലാലെന്ന നടന്റെ ഇമേജിനു കോട്ടം തട്ടതിരിക്കാന്‍ വേണ്ടിയുള്ള ഒരു ഒത്തുതീര്‍പ്പെന്നേ ഞാന്‍ ഇതിനെ കാണുന്നുള്ളു. കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കുന്നത് കൊലപാതകത്തോളം തന്നെ ഗൌരവമുള്ള കുറ്റമാണ്. ആ കുറ്റം ചെയ്യുന്ന കഥാപാത്രം ശിക്ഷ അനുഭവിക്കുന്നത് ആരാധകര്‍ക്ക് രുചിക്കില്ല എന്ന് ഏത് മലയാള സംവിധായകനും അറിയാം. പ്രത്യേകിച്ചും സ്വന്തമായി നിര്‍മ്മിച്ച സിനിമയില്‍ ലാലിനു വേണ്ടി ഈ ഒത്തു തീര്‍പ്പ് ഉണ്ടായി എന്നാണെന്റെ പക്ഷം. അവസാനം സഹദേവനെ നാട്ടുകാരേക്കൊണ്ട് തല്ലിക്കുന്ന രംഗവും തന്നെയും കുടുംബത്തെയും പോലീസ് പീഢിപ്പിക്കുന്നെ എന്ന് ചാനലുകാരേക്കൊണ്ട് പ്രചരിപ്പിക്കുന്നതുമൊക്കെ ഈ ചിന്ത്രത്തിലെ കല്ലുകടി ആയിട്ടേ എനിക്ക് അനുഭവപ്പെട്ടുള്ളു.

  ഒരു തെറ്റു ചെയ്തിട്ട് അതൊളിപ്പിക്കാന്‍ വേണ്ടി കഥകള്‍ കെട്ടിച്ചമക്കുന്നതും, കള്ള സാക്ഷികളെ ഉണ്ടാക്കുന്നതും, ചാനലുകളെ വരെ ദുരുപയോഗം ചെയ്യുന്നതും സമൂഹത്തിനു നല്‍കുന്ന സന്ദേശം ഗൌരവത്തോടെ കാണേണ്ടതാണ്.

  ഇത് തലനാരിഴ കീറി പരിശോധിച്ചതല്ല. ഈ സിനിമയിലെ പ്രമേയം  കാലിക പ്രസക്തിയുള്ള ഒന്നാണ്. നിയന്ത്രണമില്ലാത്ത പുതു തലമുറ ചെന്നെത്തുന്ന ചെളിക്കുഴികളേക്കുറിച്ച് സമൂഹത്തിന്, ഉള്‍ക്കാഴ്ച്ച നല്‍കുന്ന ചിത്രമാണിത്. ഇന്‍ഡ്യയില്‍ സിനിമ ഒരു കലാരൂപമായിട്ടല്ല കൊണ്ടാടപ്പെടുന്നത്. അതിലപ്പുറം ഇത് അനേകം ഇന്‍ഡ്യക്കാരുടെ ജീവിതത്തിന്റെ ഭാഗവുമാണ്. അടുത്ത നാളിലായിരുന്നു കോഴിക്കോട്ട് കുറച്ച് സ്കൂള്‍ കുട്ടികള്‍ മറ്റാരും അറിയാതെ ഒരു കാറെടുത്തുപോയി അപകടത്തില്‍ പെട്ടതും അതിലൊരു കുട്ടി മരിച്ചു പോയതും. സിനിമകളില്‍ നിന്നും പ്രചോധനം  ഉള്‍കൊള്ളുന്ന ഒരു നായകനാണിതിലുള്ളതെന്നോര്‍ക്കുക.

 19. ശ്രീ said...

  kaalidaasan ...

  ശരിയാണ്, ചിത്രം പോസിറ്റീവ് ആയ മെസ്സേജുകൾ‌ അധികമൊന്നും പ്രേക്ഷകർക്ക് നൽ‌കുന്നില്ല. [ചിലത് നേരിട്ടും അല്ലാതെയും നൽ‌കുന്നുമുണ്ട്].

  പക്ഷേ, പ്രേക്ഷകർ‌ക്ക് പ്രചോദനം നൽ‌കുന്ന, നല്ല സന്ദേശങ്ങൾ മാത്രം നൽ‌കുന്നവ തന്നെയാകണം നല്ല സിനിമകൾ‌ എന്നെനിയ്ക്ക് തോന്നുന്നില്ല.

  എന്റെ അഭിപ്രായത്തിൽ‌ ഇതൊരു നല്ല ചിത്രം തന്നെയാണ്. ലാലിന്റെ ഏറ്റവും മികച്ച ചിത്രമെന്നോ മലയാളത്തിലെ ക്ലാസ്സിക്കൽ സൃഷ്ടി എന്നോ ഇന്നു വരെ ഇറങ്ങിയതിൽ‌ ഏറ്റവും മികച്ച കഥ എന്നോ ഒന്നും അവകാശപ്പെടുന്നുമില്ല, മാത്രമല്ല... എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആദ്യ അഞ്ചു മലയാള സിനിമകളിൽ ഈ ചിത്രം ഉണ്ടാകുകയുമില്ല.

  എങ്കിലും,
  മറ്റേതെങ്കിലും ചിത്രവുമായി താരതമ്യം ചെയ്യാതെ തന്നെ കുടുംബ സമേതം ഏതൊരു മലയാളിയ്ക്കും കണ്ട് ആസ്വദിയ്ക്കാവുന്ന നല്ലൊരു ചിത്രം എന്നു തന്നെ ഞാൻ പറയും. നല്ല ചിത്രം കാണണമെന്ന് ആഗ്രഹിയ്ക്കുന്നവരോട് സകുടുംബം ധൈര്യമായി കണ്ടു കൊള്ളാനും പറയുമെന്ന് തീർ‌ച്ച.

  :- ഇവിടെ ഇത്രയും സമയം ചിലവഴിയ്ക്കാൻ സന്മനസ്സ് കാണിച്ചതിൽ‌ വീണ്ടും നന്ദി പറയുന്നു.
  :)

 20. Sree Kumar said...

  The girl was minor, the boy was intruder, even if they told police they would have been set free by court.

  If police did real questioning not only Mohan lal everyone will say truth, they know how to extract.

  So better watch it as a suspense movie, lucky Mohanlal two big huge hits in the year end Jilla and Drushyam, which will help him survive 10 more years, as Saroj kumar said.

  Anyway this film Mohanlal did not irritate us which he was doing in past 5 years.

 21. kaalidaasan said...

  >>>>പക്ഷേ, പ്രേക്ഷകർ‌ക്ക് പ്രചോദനം നൽ‌കുന്ന, നല്ല സന്ദേശങ്ങൾ മാത്രം നൽ‌കുന്നവ തന്നെയാകണം നല്ല സിനിമകൾ‌ എന്നെനിയ്ക്ക് തോന്നുന്നില്ല.<<<<

  കലാ രൂപം എന്ന നിലയില്‍ സിനിമ ഒരു സന്ദേശവും നല്‍കേണ്ടതില്ല. കല ആയി അതിനെ അസ്വദിച്ചാല്‍ മതി. പക്ഷെ മലയാളത്തിലെയോ ഇന്‍ഡ്യയിലെയോ 90% കാണികളും സിനിമകളെ കലാരൂപമായി കാണാറില്ല. വെറും വിനോദ ഉപാധി എന്ന നിലയിലേ കാണുന്നുള്ളു. അതുകൊണ്ടാണ്, അടൂരിന്റെയും ഷാജി എന്‍ കരുണിന്ടെയും,
  അരവിന്ദന്റെയും, സത്യജിത് റെയുടെയും സിനിമകള്‍ കാണാന്‍ ഇവരൊന്നും പോകാത്തതും. സിനിമയെ കലയായി കാണുന്നവരൊക്കെ ഈ സിനിമള്‍ മികച്ചെതെന്നാണു വിലയിരുത്തിയിട്ടുള്ളത്. മുഖ്യധാര ഇന്‍ഡ്യന്‍ സിനിമകളും മലയാള സിനിമകളുമൊക്കെ സംവദിക്കുന്നത് മികച്ച സിനിമകളെ ഇഷ്ടപ്പെടാത്ത ഇവരോടാണ്. അതുകൊണ്ടാണ്, അസ്വാഭാവികത കുത്തി നിറച്ച പല സിനിമയേയും മികച്ചതെന്ന് പലരും വിലയിരുത്തുന്നതിനെ ഞാന്‍ അനുകൂലിക്കാത്തതും. നല്ല സിനിമ ചീത്ത സിനിമ എന്നൊക്കെ വേര്‍തിരിക്കുന്നത് അതിലെ കഥയെ മാത്രം വിലയിരുത്തിയിട്ടല്ലേ? അല്ലാതെ അതിലെ സൌന്ദര്യശാസ്ത്രപരമായ വിശദാംശങ്ങളെ വിലയിരിത്തിയല്ലല്ലോ.

  പലരും തങ്ങള്‍ക്കിഷ്ടപ്പെടാത്ത പലതും ഇല്ലാത്ത സിനിമയെ നല്ല സിനിമ എന്നു വിലയിരുത്തുന്നു. താങ്കള്‍ തന്നെ ഈ സിനിമയെ നല്ലതെന്നു പറഞ്ഞതും മറ്റ് സിനിമകളുമായി താരത്യം ചെയ്തുകൊണ്ടാണ്. സകുടുംബം വളരെ കാലം കൂടി ഒരു സിനിമക്ക് പോയി എന്നാണെഴുതിയത്. ഇത്ര കാലവും കുടുംബത്തോടു കൂടി പോയി കാണാന്‍ പറ്റിയ ഒന്ന് മലയാളത്തില്‍ ഇറങ്ങിയില്ലെന്നു തന്നെയല്ലേ അതിന്റെ അര്‍ത്ഥം.

  ഞാന്‍ അധികം നീട്ടുന്നില്ല. ഭൂരിഭാഗം പേരും സിനിമയിലെ കഥ തന്നെയാണിഷ്ടപ്പെടുനത്. അതിനെ അടിസ്ഥാനമാക്കിയാണ്, നല്ലതെന്നു പറയുന്നതും. കഥമാത്രം  സിനിമയില്‍ നിന്നും പ്രതീഷിക്കുന്നവര്‍ക്ക് നല്ല സിനിമ, ഇഷ്ടപ്പെടുന്ന കഥയുള്ള സിനിമയാണ്. അല്ലെങ്കില്‍ വെറുപ്പു തോന്നാത്ത കഥയുള്ള സിനിമ.

  എനിക്കീ സിനിമയോട് വെറുപ്പൊന്നുമില്ല. ഞാന്‍ അതിനെ വിലയിരുത്തുന്നത് മറ്റൊരു തലത്തിലാണെന്നു മാത്രം.

 22. ബിലാത്തിപട്ടണം Muralee Mukundan said...

  അനേക കൊല്ലങ്ങൾക്ക്
  ശേഷം ലോകം മുഴുവനായും
  മലയാളികൾ വീക്ഷിച്ച് നല്ലതെന്ന്
  വാഴ്ത്തിയ സിനിമ തന്നെയാണിത്..!

 23. വിനുവേട്ടന്‍ said...

  തൽക്കാലം ഈ സിനിമ കാണാൻ ഒരു വകുപ്പുമില്ല ഇവിടെ ശ്രീ... കണ്ടിട്ട് അഭിപ്രായം പറയാം...

 24. ശ്രീ said...

  പട്ടേപ്പാടം റാംജി...
  നന്ദി മാഷേ, ഈ ചിത്രം കാണാന്‍ വേണ്ടി ചിലവാക്കുന്ന സമയവും പണവും നഷ്ടമായി തോന്നാനിടയില്ല :)

  Sree Kumar...
  Exactly! Thanks for the comment.

  kaalidaasan...

  നല്ലൊരു എന്റര്‍ടെയ്‌നര്‍ ആണ് ഈ ചിത്രം എന്ന നിലയിലാണ് ഞാനും ഇതിനെ വിലയിരുത്തിയത്. ഒട്ടും മുഷിവു തോന്നാതെ കണ്ടു മുഴുമിപ്പിയ്ക്കാനായി. ചിത്രം കണ്ട, എനിയ്ക്കു നേരിട്ട് പരിചയമുള്ളവരാരും (ലാന്‍ ഫാന്‍സിനെ അല്ല) കാര്യമായ ഒരു കുറ്റവും ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടില്ല. 90% പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുവാനുള്ള സാധ്യത കണക്കിലെടുത്തും ചിത്രത്തിന്റെ തന്നെ പേരു കണക്കിലെടുത്തുമാണ് 'ദൃശ്യാനുഭവം' എന്ന തലക്കെട്ടില്‍ ഈ പോസ്റ്റ് എഴുതിയത്. [എല്ലാം തികഞ്ഞ ഒരു റിവ്യൂ എന്ന നിലയിലൊന്നുമല്ല, ചിത്രം കണ്ട് സംതൃപ്തനായ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ മാത്രം എഴുതി എന്നേ ഉള്ളൂ]

  മുരളി മാഷേ...
  ശരിയാണ്. വര്‍ഷങ്ങള്‍ക്കിടയില്‍ വന്നു ചേര്‍ന്ന നല്ലൊരു ചിത്രമാണ് ഇത്

  വിനുവേട്ടാ...
  അവസരം കിട്ടുമ്പോള്‍ (സസ്പെന്‍സ് നഷ്ടപ്പെടും മുന്‍പ്)കണ്ടു കൊള്ളൂ... ഇഷ്ടപ്പെടും, തീര്‍ച്ച.

 25. ഫൈസല്‍ ബാബു said...

  ഈ ചിത്രം കണ്ടിട്ടില്ല , ഇതേ കുറിച്ചുള്ള വിവാദങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ശ്രീയുടെ റിവ്യൂ വും കാളിദാസന്റെ വിലയിരുത്തലും ഈ സിനിമ കാണാന്‍ കൊതിപ്പിക്കുന്നു, പരിചയപ്പെടുത്തലിനു നന്ദി, ശ്രീ.

 26. Echmukutty said...

  പോസ്റ്റും അഭിപ്രായങ്ങളും വായിച്ചു..ഇപ്പോ ഒരു ഭേദപ്പെട്ട ധാരണയായി.. സിനിമ കാണാന്‍ ഒരു വഴിയുമില്ലാത്ത സ്ഥിതിക്ക് ശ്രീ എഴുതിയത് വായിച്ച് സന്തോഷിക്കുന്നു.