Monday, December 2, 2013

ഓര്‍മ്മകളുടെ മാമ്പഴക്കാലം


​ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ് വര്‍ഷ (കൃഷി ഭവനില്‍ ജോലി ചെയ്യുന്ന എന്റെ സഹധര്‍മ്മിണി) പറഞ്ഞത് വൈകാതെ  അവരുടെ ഓഫീസില്‍ നിന്ന് എന്തോ ആവശ്യത്തിനായി ഞങ്ങളുടെ സ്കൂളിലേയ്ക്ക് പോകേണ്ടി വരും എന്ന്. സേവനവാരം വരികയല്ലേ, സ്കൂളിന്റെ പരിസരങ്ങളില്‍ എന്തെങ്കിലും ചെടിയോ വിത്തോ പച്ചക്കറികളോ ഒക്കെ നടാന്‍ സ്കൂള്‍ അധികൃതര്‍ക്ക് പ്ലാനുണ്ടാകും എന്ന് ഞാനും പറഞ്ഞു.

പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു, അവിടെ നിന്ന് പഠിച്ച് ഇറങ്ങിയിട്ട്... അന്നത്തെ അദ്ധ്യാപകരില്‍ എത്ര പേര്‍ ഇന്നും അവിടെ പഠിപ്പിയ്ക്കുന്നുണ്ട് എന്നറിയില്ല. അപ്പോഴാണ് ദീപു മാഷ് ആണല്ലോ ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ എന്നോര്‍ത്തത്. ഒരിയ്ക്കല്‍ പോലും ഞങ്ങളെ പഠിപ്പിച്ചിട്ടില്ലെങ്കിലും (ഞങ്ങള്‍ സംസ്കൃതം ബാച്ച് ആയിരുന്നതിനാല്‍ ) മലയാളം അദ്ധ്യാപകനായ ദീപു മാഷുമായി ഹൈ സ്കൂള്‍ കാലഘട്ടത്തില്‍ നല്ല അടുപ്പമായിരുന്നു. അന്നെല്ലാം യുവജനോത്സവത്തിനും ആനിവേഴ്സറി ആഘോഷങ്ങള്‍ക്കുമെല്ലാമുള്ള പരിപാടികളുടെ മേല്‍നോട്ടം ദീപു മാഷിനായിരുന്നു. അങ്ങനെ മാഷുമായി നല്ല അടുപ്പം ഉണ്ടായിരുന്നു.എങ്കിലും ഇത്രയധികം വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ, ഇതിനകം എത്രയോ ശിഷ്യര്‍ അവിടെ നിന്നും പഠിച്ചിറങ്ങിക്കാണും... അതിനിടയില്‍ എന്നെ ഒരാളെ മാഷ് ഓര്‍ത്തിരിയ്ക്കണമെന്നില്ലല്ലോ. അങ്ങനെ ഒരു സന്ദേഹം മനസ്സില്‍ വച്ചു കൊണ്ട് വൈഫിനോട് പറഞ്ഞു... "ഇനി പോകുമ്പോള്‍ ദീപു മാഷെ കണ്ടു സംസാരിയ്ക്കാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ എന്റെ പേര് ഒന്ന് സൂചിപ്പിച്ചു നോക്കൂ. ഒരു പക്ഷേ മാഷിന് ഓര്‍മ്മയുണ്ടെങ്കിലോ..."

​നഴ്സറി മുതല്‍ ബിരുദാനന്തര ബിരുദം വരെ ഉള്ള  എന്റെ 18 വര്‍ഷത്തെ വിദ്യഭ്യാസ ജീവിതം അഞ്ചാറു സ്ഥലങ്ങളിലായിട്ടാണ് പൂര്‍ത്തിയാക്കിയതെങ്കിലും പഠന കാലയളവിലെ ഏറ്റവും മനോഹരമായ നാളുകള്‍ 4 മുതല്‍ 10 വരെ പഠിച്ച നാട്ടിലെ വാളൂര്‍‌ സ്കൂളിലേയും പിന്നെ  ബിരുദപഠനം നടത്തിയ ബിപിസിയിലേതും ആയിരുന്നു.
പഠനം എന്ന പരിപാടി ആദ്യമൊക്കെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്ന പോലെ പഠിച്ചു തീര്‍ത്ത പ്രൈമറി ക്ലാസ്സുകള്‍ക്ക് ശേഷം സ്വയം തോന്നി പഠിയ്ക്കാന്‍ തുടങ്ങിയത് എന്റെ ഈ സ്കൂളില്‍ വച്ചായിരുന്നു.

ഞങ്ങളുടെ NSHS വാളൂര്‍‌ സ്കൂളിലേക്ക് ഞാന്‍‌ വന്നു ചേരുന്നത് നാലാം ക്ലാസ്സു മുതലാണ്. മൂന്നാം ക്ലാസ്സു വരെ കൊരട്ടി ലിറ്റില്‍‌ ഫ്ലവര്‍‌ L P സ്കൂളിലായിരുന്നു പഠനം. സ്കൂള്‍‌ ജീവിതത്തിലെ ഓര്‍‌മ്മകള്‍‌ തുടങ്ങുന്നത് അവിടെ നിന്നുമാണെങ്കിലും ആസ്വദിച്ച പഠന കാലം വാളൂര്‍ സ്കൂളിലെ ഹൈസ്കൂള്‍ കാലമായിരുന്നു.

നാലാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറായിരുന്ന സുമതി ടീച്ചറില്‍ നിന്നും തുടങ്ങുന്നു, വാളൂര്‍ സ്കൂളിലെ ഓര്‍മ്മകള്‍. സ്നേഹിയ്ക്കാന്‍ മാത്രം അറിയുമായിരുന്ന സുമതി ടീച്ചര്‍ ആരെയെങ്കിലും തല്ലിയിരുന്നത് വളരെ അപൂര്‍വ്വമായിരുന്നു. ഒപ്പം മക്കളെ പോലെ ഞങ്ങളെ സ്നേഹിച്ചിരുന്ന മാലതി ടീച്ചറും രൂപം കൊണ്ടും ശബ്ദം കൊണ്ടും ചിലപ്പോഴൊക്കെ വടി കൊണ്ടും കുട്ടികളെ ഭയപ്പെടുത്തിയിരുന്ന, എന്നാല്‍ വാത്സല്യമയിയായ റസിയ ടീച്ചറും (ചുരുങ്ങിയ പക്ഷം എന്നോടെങ്കിലും - കാരണം ഒരിയ്ക്കല്‍ പോലും ടീച്ചര്‍ എന്നോട് ദേഷ്യപ്പെടുകയോ തല്ലുകയോ ചെയ്തിട്ടില്ല) അന്നത്തെ പ്രൈമറി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സരസ്വതി ടീച്ചറും എല്ലാ ദിവസവും വടിയും കൊണ്ട് ക്ലാസ്സില്‍ വരാറുള്ള നാണികുട്ടി ടീച്ചറും സ്വല്‍പ്പം മുന്‍കോപിയെന്ന് തോന്നിപ്പിയ്ക്കാറുള്ള തുന്നല്‍ ടീച്ചറുമൊക്കെ ആയിരുന്നു ആദ്യ കാലങ്ങളിലെ അദ്ധ്യാപകര്‍.

അപ്പര്‍ പ്രൈമറി ക്ലാസ്സുകളിലേയ്ക്ക് കടന്നപ്പോള്‍ വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് കാത്തിരുന്നത്. നാലാം ക്ലാസ്സില്‍ രണ്ടു ക്ലാസ്സുകളിലായിരുന്ന കുട്ടികളെ സംസ്കൃതം, മലയാളം, അറബി എന്നിങ്ങനെ മൂന്ന് ഭാഷകളുടെ അടിസ്ഥാനത്തില്‍ തിരിച്ച് മലയാളം കുട്ടികള്‍  A ഡിവിഷനിലും  എണ്ണത്തില്‍ കുറവായ സംസ്കൃതവും അറബിയും B ഡിവിഷനിലുമായി വേര്‍തിരിയ്ക്കപ്പെട്ടു. പഠിയ്ക്കാന്‍ കൂടുതല്‍ വിഷയങ്ങളും വെവ്വേറെ അദ്ധ്യാപകരുമൊക്കെ വന്നു. അഞ്ചിലെ ക്ലാസ്സ് ടീച്ചറും അന്നത്തെ കണക്ക് അദ്ധ്യാപികയുമായിരുന്ന മാലതി ടീച്ചര്‍ (ആ വര്‍ഷാവസാനം ടീച്ചര്‍ റിട്ടയര്‍ ചെയ്തു), ദേഷ്യം വന്നാല്‍ കുട്ടികളെ തല്ലുകയും എന്നാല്‍ അതേ സമയം കുട്ടികളോടൊത്ത് കണ്ണു തുടയ്ക്കുകയും ചെയ്യുമായിരുന്ന ഹിന്ദി അദ്ധ്യാപികയും ആറാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറുമായിരുന്ന കല ടീച്ചര്‍, കുസൃതി കാണിയ്ക്കുന്നവരുടെ ചെവിയ്ക്കു പിടിയ്ക്കുകയും അതേ സമയം ഒരമ്മയുടെ വാത്സല്യത്തോടെ പെരുമാറുകയും ചെയ്തിരുന്ന ഏഴാം ക്ലാസ്സിലെ കണക്ക് അദ്ധ്യാപിക + ക്ലാസ്സ് ടീച്ചര്‍  നാരായണി ടീച്ചര്‍ (ആ വര്‍ഷാവസാനം നാരായണി ടീച്ചറും റിട്ടയര്‍ ചെയ്തു)  എന്നിവരെയൊക്കെ എങ്ങനെ മറക്കാനാണ്.

അതേ പോലെ നാലാം ക്ലാസ്സ് വരെ അദ്ധ്യാപികമാര്‍ മാത്രമായിരുന്നു പഠിപ്പിച്ചതെങ്കില്‍ ആദ്യമായി എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ എന്ന ബഹുമതി അഞ്ചു മുതല്‍ ഏഴു വരെ സയന്‍സ് മാഷ് ആയിരുന്ന ഗോവിന്ദന്‍ കുട്ടി മാഷിന് ആയിരുന്നു [പഠന കാല ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവമായിരുന്നു ഗോവിന്ദന്‍ കുട്ടി മാഷുടെ ക്ലാസ്സുകള്‍. സയന്‍സിലെ ഏറ്റവും പുതിയ ടെക്നോളജികള്‍ എല്ലാം ലളിതമായി കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന രീതിയില്‍ കഥ പോലെ പറഞ്ഞു തരാനുള്ള മാഷിന്റെ കഴിവുകള്‍ അധികം പേര്‍ക്കും കാണുമെന്ന് തോന്നുന്നില്ല. Blue Eye/Blue Tooth Technology കളുടെ സാധ്യതകള്‍ ഞങ്ങള്‍ ആറാം ക്ലാസ്സിലായിരിയ്ക്കുമ്പോള്‍ മാഷ് പറഞ്ഞു തന്നത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്]. ഒപ്പം കുറച്ചു ചൂടനായ, ഞങ്ങളുടെ ഡ്രില്‍ മാഷ് കൂടി ആയ സന്തോഷ് മാഷ് (ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് അദ്ധ്യാപകനും മാഷ് തന്നെ ആയിരുന്നു) ഡ്രോയിങ്ങ് മാഷ് ആയിരുന്ന കാര്‍ത്തികേയന്‍ മാഷ് (മാഷിന് കമലദളത്തിലെ മോഹന്‍ലാലിന്റെ ഒരു ച്ഛായ തോന്നിയിരുന്നു അക്കാലത്ത് ) എന്നിവരും.

ഇവരെ രണ്ടു പേരെയും കുറച്ച് ഭയത്തോടെയാണ് അന്ന് ഭൂരിഭാഗം കുട്ടികളും കണ്ടിരുന്നത്. കാരണം, ബൈക്കിന്റെ കീ കുട്ടികളുടെ ചെവിയില്‍ അഥവാ കൈത്തണ്ടയില്‍ ചേര്‍ത്ത് സന്തോഷ് മാഷുടെ ഒരു പ്രത്യേക തരം ശിക്ഷാമുറ ഉണ്ട്. ആ പിച്ച് അനുഭവിച്ചവര്‍ മാത്രമല്ല, കാണുന്നവര്ക്ക് പോലും ആ വേദന മറക്കാന്‍ കഴിയില്ല എന്നതിന് ഞാന്‍ തന്നെ ഗ്യാരണ്ടി. (കാരണം ഒരിയ്ക്കല്‍ പോലും മാഷിന്റെ കൈയില്‍ നിന്ന് പിച്ച് കിട്ടിയിട്ടില്ലെങ്കിലും ആ പിച്ച് കൊണ്ട് പുളയുന്ന സുഹൃത്തുക്കളുടെ ദൈന്യ ഭാവം ഇന്നും മനസ്സിലുണ്ട്).  അതേ പോലെ ഡ്രോയിങ്ങ് മാഷുടെ വടി പ്രയോഗവും. ആരോഗ്യം മുഴുവനുമെടുത്ത് വടി ആഞ്ഞു വീശിയ ശേഷം അണച്ചു കൊണ്ട് 'ഇത്തവണ ഞാന്‍ പതുക്കെയേ അടിയ്ക്കുന്നുള്ളൂ, അടുത്ത തവണ ഇങ്ങനെയാകില്ല' എന്ന് പറയുന്ന ഞങ്ങളുടെ കാര്‍ത്തികേയന്‍ മാഷ്... [സന്തോഷ് മാഷ് ഏഴാം ക്ലാസ്സിലെ അവസാന നാളുകള്‍ ആകുമ്പോഴേയ്ക്ക് ഞങ്ങളുമായി കുറേക്കൂടി സൌഹൃദത്തിലായിക്കഴിഞ്ഞിരുന്നു].

ഇതിനേക്കാളൊക്കെ എടുത്തു പറയേണ്ട ഒരു കാര്യും 5 മുതല്‍ 10 വരെയുള്ള സംസ്കൃതം ക്ലാസ്സുകള്‍ ആയിരുന്നു. അന്നത്തെ ഏറ്റവും രസകരമായ, റിലാക്സ്‌ഡ് ആയ ക്ലാസ്സുകള്‍ പാര്‍വ്വതി ടീച്ചറുടെ സംസ്കൃതം ക്ലാസ്സുകള്‍ ആയിരുന്നു. വളരെ കുറച്ചു മാത്രം കുട്ടികള്‍... വളരെ കുറച്ചു മാത്രം പഠിയ്ക്കാന്‍... ചീത്ത പറച്ചിലും അടിയും തീര്‍ത്തും വിരളം. ഇതായിരുന്നു സംസ്കൃതം ക്ലാസ്സ് [ഞങ്ങള്‍ എട്ടാം ക്ലാസ്സിലായിരിയ്ക്കുമ്പോള്‍ പാര്‍വ്വതി ടീച്ചര്‍ ഹെഡ് മിസ്ട്രസ്സ് ആയതിനെ തുടര്‍ന്ന് തുടര്‍ന്നുള്ള 2 വര്‍ഷങ്ങള്‍ മനോജ് മാഷ് ആയിരുന്നു സംസ്കൃതം പഠിപ്പിച്ചത്].

തുടര്‍ന്ന് ഹൈസ്കൂള്‍ പഠനകാലമായി. എട്ടാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചര്‍ ഇംഗ്ലീഷ്/കണക്ക് അദ്ധ്യാപിക കൂടിയായിരുന്ന ഗീത ടീച്ചറായിരുന്നു. ഒന്‍പതില്‍ കുറച്ചു കാലം ചരിത്രം- ഭൂമിശാസ്ത്രം  അദ്ധ്യാപികയായിരുന്ന ഷൈലജ ടീച്ചറായിരുന്നെങ്കില്‍ കുറച്ചു കാലം സയന്‍സ് ടീച്ചറായിരുന്ന സുജാത ടീച്ചറായിരുന്നു ഞങ്ങള്‍ക്കൊപ്പം. പത്താം ക്ലാസ്സില്‍ കണക്ക്/ഇംഗ്ലീഷ് ടീച്ചര്‍ കൂടിയായ ഇന്ദിര ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍.

ഏറ്റവും കൂടുതല്‍ പഠിയ്ക്കാനുണ്ടായിരുന്ന സമയമാണ് ഹൈസ്കൂള്‍ കാലഘട്ടം എങ്കിലും ബുദ്ധിമുട്ട് തോന്നിയത് എട്ടാം ക്ലാസ്സില്‍ മാത്രമായിരുന്നു. 12 വിഷയങ്ങളെ ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയമെടുത്തു. ഇഷ്ട വിഷയമായിരുന്ന കണക്കിലെ തന്നെ ത്രികോണമിതിയും മറ്റും ആദ്യം കുറച്ച് പ്രശ്നം സൃഷ്ടിച്ചിരുന്നെങ്കിലും പതിയെ അവരും വഴിയ്ക്കു വന്നു. 

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ഹിന്ദി അദ്ധ്യാപിക ലീലാവതി ടീച്ചര്‍ ആണ് ഹിന്ദിയെ ഇഷ്ടപ്പെടാന്‍ പഠിപ്പിച്ചത്. അതേ പോലെ ഊര്‍ജ്ജ തന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ ഞങ്ങളുടെ സുജാത ടീച്ചറെ പോലെ കൈകാര്യം ചെയ്തിരുന്ന വേറൊരാളെ കണ്ടിട്ടില്ല(പിന്നീട് പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ കെമിസ്ട്രി എന്ന വിഷയത്തോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞ് വന്നു). ബയോളജി ടീച്ചറായ ശ്രീലത ടീച്ചര്‍ ഇടയ്ക്ക് കുറച്ചു നാള്‍ ഇംഗ്ലീഷ് ടീച്ചറായും വന്നിരുന്നു.  ഏഴാം ക്ലാസ്സ് അല്ലെങ്കില്‍ എട്ടാം ക്ലാസ്സ് വരെ ഇംഗ്ലീഷ് പരീക്ഷയ്ക്ക് കാണാതെ പഠിച്ച് ഉത്തരമെഴുതുന്ന ശീലം പതുക്കെ മാറ്റിത്തുടങ്ങിയത് അക്കാലത്താണ്. [മലയാളം മീഡിയം ആയിരുന്ന സ്കൂളിലെ ഇംഗ്ലീഷ് പഠനം ഭൂരിഭാഗവും കാണാതെ പഠിച്ച് എഴുതുക എന്നതായിരുന്നു]  പാഠപുസ്തകം വായിച്ച് സ്വന്തം രീതിയില്‍ ഉത്തരങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ വ്യാകരണ തെറ്റുകള്‍ ഉണ്ടെങ്കിലും അത് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞ് ആ ശ്രമത്തെ പ്രോത്സാഹിപ്പിച്ചത് ശ്രീലത ടീച്ചറായിരുന്നു. അതേ പോലെ കണക്ക് എന്ന വിഷയം ലളിതമാക്കി തീര്‍ക്കാന്‍ സഹായകമായത് ഇന്ദിര ടീച്ചറുടെ ക്ലാസ്സുകള്‍ ആയിരുന്നു. [SSLC പരീക്ഷയ്ക്ക് കണക്കിന് അമ്പതില്‍ അമ്പത് എന്ന മാര്‍ക്ക് കിട്ടിയത് ടീച്ചറുടെ ശിക്ഷണം ഒന്നു കൊണ്ടു മാത്രമായിരിയ്ക്കും എന്ന് എനിയ്ക്കുറപ്പുണ്ട്].

ഞങ്ങള്‍ പത്താം ക്ലാസ്സിലായപ്പോഴേയ്ക്കും അന്നത്തെ അദ്ധ്യാപകരെല്ലാം ഞങ്ങളോട് വളരെ അടുപ്പത്തിലായി കഴിഞ്ഞിരുന്നു. ആ വര്‍ഷം സ്കൂളില്‍ ഒരു സമരം പോലും ഉണ്ടായിരുന്നില്ല. അതിനു മുന്‍പുള്ള വര്‍ഷങ്ങളിലെല്ലാം വര്‍ഷത്തില്‍ മിനിമം രണ്ട് സമരമെങ്കിലും പതിവായിരുന്നു. [എന്തിന്, ആ വര്‍ഷം തിരഞ്ഞെടുപ്പ് പോലും ഉണ്ടായിരുന്നില്ല. പത്താം ക്ലാസ്സുകാരായ ഞങ്ങള്‍ക്കിടയില്‍ നിന്ന് മത്സരിയ്ക്കാന്‍ വേണ്ടി രണ്ടു പേരെ എങ്കിലും കിട്ടിയിട്ടു വേണ്ടേ സ്കൂള്‍ ലീഡറെ എങ്കിലും തിരഞ്ഞെടുക്കാന്‍? അവസാനം പത്താം ക്ലാസ്സുകാരെല്ലാവരും കൂടി ഏകകണ്ഠേന എന്റെ സുഹൃത്ത് അജീഷിനെ തിരഞ്ഞെടുക്കുകയായിരുന്നു]. അവസാനം ആ സ്കൂളിന്റെ അന്നു വരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍‌ജ്ജിനിലുള്ള വിജയവുമായി ഞങ്ങളുടെ ബാച്ച് പടിയിറങ്ങി. അതു കൊണ്ടെല്ലാം തന്നെ അദ്ധ്യാപകര്‍‌ക്കും ഞങ്ങളുടെ ബാച്ചിനെ ഇഷ്ടമായിരുന്നു.സ്കൂള്‍ പഠനകാലത്തിനു ശേഷം വളരെ വിരളമായേ ഞങ്ങളുടെ സ്കൂളിലേയ്ക്ക് പോകേണ്ടി വന്നിട്ടുള്ളൂ... അന്നത്തെ സഹപാഠികളില്‍ പലരെയും കണ്ടിട്ട് വര്‍ഷങ്ങള്‍ പലതായി. സ്ഥിരമായി സമ്പര്‍ക്കമുള്ള ഉപാസനയെ പോലുള്ളവര്‍ വളരെ കുറവ്. അന്നത്തെ സ്നേഹസമ്പന്നരായ അദ്ധ്യാപകര്‍ പലരും പിരിഞ്ഞു പോയിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ ഓര്‍മ്മകളില്‍ ഞങ്ങളോ ഞങ്ങളുടെ ബാച്ചോ കാണുമോ എന്നുമറിയില്ല. എങ്കിലും സുന്ദരമായ കലാലയ സ്മരണകള്‍ സമ്മാനിച്ച ഞങ്ങളുടെ ആ വിദ്യാലയം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു... ഓര്‍മ്മകളിലെ സുന്ദരമായ ഒരു മാമ്പഴക്കാലം പോലെ...

********************


​ കഴിഞ്ഞ ദിവസം വീട്ടിലേയ്ക്ക് വിളിച്ച് സംസാരിയ്ക്കുന്ന കൂട്ടത്തില്‍ വര്‍ഷ പറഞ്ഞു, വീണ്ടും ഒരിയ്ക്കല്‍ ഞങ്ങളുടെ സ്കൂളില്‍ പോയിരുന്നു എന്നും ദീപു മാഷിനെയും ചില അദ്ധ്യാപികമാരെയും കണ്ട് സംസാരിയ്ക്കാനുള്ള അവസരം കിട്ടി എന്നും. ദീപു മാഷ് മാത്രമല്ല, അവിടെയുള്ള പഴയ അദ്ധ്യാപകര്‍ പലരും എന്നെ ഇന്നുമോര്‍ക്കുന്നുണ്ട് എന്നും എന്റെ വിശേഷങ്ങള്‍ തിരക്കി എന്നുമൊക്കെ പറഞ്ഞപ്പോള്‍ പറഞ്ഞറിയിയ്ക്കാനാകാത്ത സന്തോഷം തോന്നി.​


മനസ്സിലെ പൊട്ടിപ്പോയ സ്ളേറ്റു കഷ്ണങ്ങളില്‍ കല്ലു പെന്‍സില്‍ കൊണ്ട് വരഞ്ഞിട്ട മായാത്ത ഓര്‍മ്മകളില്‍ ചിലത് ഇവിടെ കോറിയിടുന്നു...​ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന എല്ലാ ഗുരുക്കന്മാരുടെയും ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമ്ര്‍പ്പിയ്ക്കുന്നു, ഈ ഓര്‍മ്മക്കുറിപ്പ്...​

Download 2014 Malayalam PDF Calendar

32 comments:

 1. ശ്രീ said...

  മനസ്സിലെ പൊട്ടിപ്പോയ സ്ളേറ്റു കഷ്ണങ്ങളില്‍ കല്ലു പെന്‍സില്‍ കൊണ്ട് വരഞ്ഞിട്ട എന്റെ വിദ്യാലയ ജീവിതത്തിലെ മായാത്ത ഓര്‍മ്മകളില്‍ ചിലത് ഇവിടെ കോറിയിടുന്നു...​

  അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന എല്ലാ ഗുരുക്കന്മാരുടെയും ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമ്ര്‍പ്പിയ്ക്കുന്നു, ഈ ഓര്‍മ്മക്കുറിപ്പ്...​

 2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  മധുരസ്മരണകളുടെ 'വർഷ'കാലം ഹ ഹ ഹ :)  ഞാൻ തേങ്ങയടിച്ചു

 3. ഹരിശ്രീ said...

  വാളൂര്‍ നായര്‍ സമാജം ഹൈസ്കൂളിലെ എല്ലാ ഗുരുജനങ്ങള്‍ ക്കും പ്രണാമം....

 4. ബിലാത്തിപട്ടണം Muralee Mukundan said...

  പല ഗുരുക്കന്മാരും ജീവിതത്തിൽ
  ഉടനീളം നമ്മുടെ ഓർമ്മകളിലൊക്കെ
  വന്ന് തൊട്ട് തലോടി പോകുന്നവരാണ് ...
  ആ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന
  എല്ലാ ഗുരുക്കന്മാരുടെയും ഓര്‍മ്മകള്‍ക്ക് മുമ്പില്‍
  സമ്ര്‍പ്പിച്ച, ഈ ഓര്‍മ്മക്കുറിപ്പ്...​അത്തരത്തിലുള്ള ഒന്നാണ് ...

  നല്ലോരു ഗുരുദക്ഷിണ..!

 5. Pradeep Kumar said...

  സുനിൽ സഹപാഠിയായിരുന്നുവെന്ന് ഇപ്പോഴാണ് അറിഞ്ഞത്. സുനിലിനെ സ്ഥിരമായി വായിക്കാറുണ്ട്. ഒരു നല്ല വ്യക്തിയെയും, അതിലൂടെ നല്ല സമൂഹത്തേയും സൃഷ്ടിക്കുന്ന അദ്ധ്യാപകർക്ക് പ്രണാമം, ചുരുക്കം ചിലരെങ്കിലും തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥിയുടെ ഉള്ളിലെ അഗ്നി ഊതിക്കെടുത്താറുമുണ്ട്.സാമൂഹ്യ വിരുദ്ധരെ സൃഷ്ടിക്കുന്നതിലും അദ്ധ്യാപകർക്ക് പങ്കുണ്ട്.പലതരം ബ്യൂറോക്രസികളുടെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ഇന്നത്തെ അദ്ധ്യാപകർക്ക് ഒരുപാട് പരിമിതികളുമുണ്ട്....

  നല്ലൊരു ഗുരുദക്ഷിണ....

 6. അഭി said...

  നല്ല ഓർമ്മകൾ ശ്രീ ...

  പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ റോള് നമ്പർ കിട്ടിയപോൾ സ്കൂളിൽ ആദ്യത്തെ എന്റേത് ആയിരുന്നു !!!!
  ഹാൾ ടിക്കറ്റ്‌ വാങ്ങിക്കാൻ ചെന്നപോൾ ഹെഡ് മാഷ് വിളിച്ചു , ആദ്യത്തെ ആളു മിനിമം ഫസ്റ്റ് ക്ലാസ്സ്‌ എങ്കിലും വാങ്ങണം എന്ന് പറഞ്ഞത് ഇന്നും ഓര്ക്കുന്നു ......

 7. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

  എല്ലാ അദ്ധ്യാപകരെയും ഇങ്ങിനെ വിശദമായി വ്യക്തമായി ഓർത്തിരിക്കുന്നത് തന്നെ വലിയ കാര്യം. അത് അവർക്ക് കൂടിയുള്ള ഒരു സമ്മാനമാണ്. വളരെ നന്നായി ശ്രീ. ഈ ഓർമ്മകുറിപ്പി. പിന്നെ റസിയടീച്ചർ തല്ലാതിരുന്നത് എന്തിനാ തല്ലുന്നത് (ഇന്നസെന്റ് സ്റ്റൈൽ) എന്ന് കരുതിയിട്ടായിരിക്കുമോന്ന് എനിക്ക് സംശയമില്ല :)

 8. nalina kumari said...

  നല്ല ഒരു ഓര്‍മ്മക്കുറിപ്പ്‌ .
  ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ആദ്യം എഴുത്തിനു ഇരുത്തിയ ഗുരിക്കള്‍ മുതല്‍ കോളേജില്‍ പഠിപ്പിച്ച അധ്യാപകര്‍ വരെ മനസ്സില്‍ കൂടി കയറി ഇറങ്ങിപ്പോയി..

 9. ajith said...

  മധുരിയ്ക്കും ഓര്‍മ്മകളേ!

 10. ശ്രീ said...

  ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
  കുറേക്കാലം കൂടി കിട്ടിയ തേങ്ങയാ... നന്ദി മാഷേ :)

  ഹരിശ്രീ ...
  :)

  ബിലാത്തിപട്ടണം Muralee Mukundan ...
  സന്തോഷം മാഷേ

  Pradeep Kumar ...
  വളരെ ശരിയാണ്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി മാഷേ

  അഭി ...
  ഇത്തരം ഓര്‍മ്മകള്‍ ഒരു സുഖം തന്നെയാണ് അല്ലേ?

  കമന്റിനു നന്ദി

  ബഷീര്‍ക്കാ ...
  ഹഹ. ഇനി അങ്ങനെയും ആയിക്കൂടെന്നില്ല ;)
  നന്ദി.

  nalina kumari ...
  ഇതു വായിയ്ക്കുന്നവരുടെ മനസ്സിലും അങ്ങനെ ഒരു ഓര്‍മ്മ ഉണ്ടാകുന്നുണ്ടെങ്കില്‍ ഈ പോസ്റ്റ് എഴുതിയത് വെറുതേയായില്ല എന്ന് തോന്നുന്നു. വളരെ സന്തോഷം, ചേച്ചീ...

  അജിത്തേട്ടാ...
  ശരിയാണ്, ഓര്‍മ്മകളുടെ മധുരം...

 11. Echmukutty said...

  ഓര്‍മ്മക്കുറിപ്പൊക്കെ കേമമായിട്ടുണ്ട്.. എല്ലാ ടീച്ചര്‍മാരേയും സാറുമാരെയും ഒക്കെ ഭംഗിയായി ഓര്‍മ്മിച്ചു.. പിന്നെ അവരും വര്‍ഷയോട് പറഞ്ഞല്ലോ ശ്രീയേ ഓര്‍ക്കുന്നുവെന്ന്.. ആഹാ!

  എന്നാലും ചില കാര്യങ്ങള്‍ ഒട്ടും സഹിക്കാന്‍ പറ്റുന്നില്ല. ഇഷ്ടവിഷയമായ കണക്ക് ... കണക്കിലു അമ്പതിലമ്പത്... ഉം..

 12. Typist | എഴുത്തുകാരി said...

  മനസ്സിൽ നിന്നു പോവാത്ത ഓർമ്മകൾ. എന്റെ മനസ്സിലും വന്നു പഴയ സ്കൂൾ കാലം.

 13. ബൈജു മണിയങ്കാല said...

  നന്നായി ശ്രീ ഈ ഗുരുശ്രീ

 14. ശ്രീ പതാരം said...

  സ്കൂൾ ഓർമ്മകൾ ശെരിക്കും കൊണ്ട് നടക്കുന്നതാണ്. സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ഒരു മനോഹര കാലഘട്ടം. ആരും അത് ഒരിക്കലും മറക്കില്ല.

 15. Aarsha Sophy Abhilash said...

  പലപ്പോഴും ഓര്‍ക്കാറുണ്ട് സ്കൂള്‍ ടീചേര്സിനെ ..നല്ലൊരു ഓര്‍മ്മയാണ് ഇത് വായിച്ചപ്പോള് ഉണ്ടായത്. നന്ദി ശ്രീ

 16. പട്ടേപ്പാടം റാംജി said...

  ഓര്‍മ്മകളില്‍ നിന്ന് ഒരിക്കലും മായാത്തവരാണ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍. ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു. അപ്പോള്‍ കണക്കില്‍ അമ്പതില്‍ അമ്പത് ആണല്ലേ.

 17. ജിമ്മി ജോണ്‍ said...

  ഓർമ്മകൾക്കില്ല, ചാവും ചിതകളും..!

  മനോഹരമായ ഓർമ്മക്കുറിപ്പ്.. നഴ്സറി മുതൽ കോളേജ് വരെ ഞാനും എന്റെ പ്രിയ അധ്യാപകരെ തേടി നടന്നു.. :)

  എന്നാലും കണക്കിന് അമ്പതിൽ അമ്പത്!! ഇതൊന്നും ഇവിടെ പറയേണ്ട കാര്യമില്ല കേട്ടോ.. വെറുതെ മറ്റുള്ളവരെ വിഷമിപ്പിക്കാൻ.. (ഹോ, എങ്ങനെ സാധിച്ചു മച്ചാനേ?? ഈയുള്ളവൻ ആ കടമ്പ കടക്കാൻ പെട്ട പാട് ഈ ജന്മത്ത് മറക്കൂല്ലാ..)

 18. Sukanya said...

  ഗുരുക്കന്മാര്‍ക്ക് ശ്രീ സമര്‍പ്പിച്ച ഈ പോസ്റ്റ്‌, വായിക്കുന്നവരുടെ മനസ്സിലും അവരവരുടെ ഗുരുക്കന്മാരെ ഓര്‍ത്തെടുക്കാന്‍ അവസരമൊരുക്കി.
  പഠിക്കുമ്പോള്‍ അധ്യാപകരുടെ നല്ലകുട്ടി ആയിരുന്നു ശ്രീ എന്ന് മനസ്സിലാക്കിയ വര്‍ഷയ്ക്കും അഭിമാനമായിട്ടുണ്ടാകും അല്ലെ?

 19. വീകെ said...

  ഈ വൈകിയ വേളയിലും ഒരു ‘ഗുരുപൂജ’ ആയിക്കോട്ടെ അല്ലെ...
  നല്ലത് തന്നെ...

  (എന്നാലും കണക്കിന് 50/50 എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പീടിപ്പിച്ചത് മാത്രം ദഹിച്ചില്ലാട്ടൊ..!)

 20. ഡോ. പി. മാലങ്കോട് said...

  അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന എല്ലാ ഗുരുക്കന്മാരുടെയും ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമ്ര്‍പ്പിയ്ക്കുന്നു, ഈ ഓര്‍മ്മക്കുറിപ്പ്...​
  Hrudyamaai.
  Aashamsakal.

 21. അമ്പിളി. said...

  ആർക്കാണ് വിദ്യാലയ ഓർമ്മകൾ മറക്കാൻ സാധിക്കുക.
  ഓർമ്മകൾക്കെന്തു സുഗന്ധം! നല്ല പോസ്റ്റ്‌ ശ്രീ.

 22. aswathi said...

  അതെ ശ്രീ ...ഓർമ്മ കളുടെ മാമ്പഴക്കാലം തന്നെ സ്കൂൾ ജീവിതം ..
  നന്നായി എഴുതി ..

 23. ajith said...

  നല്ലോര്‍മ്മകള്‍, സന്തോഷം തരുന്ന ഓര്‍മ്മകള്‍

 24. ഫൈസല്‍ ബാബു said...

  പതിവ് പോലെ നല്ല ഓര്‍മ്മകള്‍ നിറഞ്ഞ ഒരു കുറിപ്പ് ശ്രീ

 25. സാജന്‍ വി എസ്സ് said...

  ഏറ്റവും സുന്ദരം സ്കൂള്‍ ഓര്‍മ്മകള്‍..ഇത് വായിച്ചപ്പോള്‍ ഞാനും അറിയാതെ എന്‍റെ ഓരോ ക്ലാസ്സിലെയും ടീചെര്സ്‌നെ ഓര്‍ത്തു പോയി........ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുട്ടെത് എത്തുവാന്‍ മോഹം

 26. ശ്രീ said...

  Echmu ചേച്ചീ...
  ഹഹ. നന്ദി, ചേച്ചീ :)

  എഴുത്തുകാരി ചേച്ചീ...
  വളരെ സന്തോഷം.

  ബൈജു മണിയങ്കാല...
  സന്തോഷം മാഷേ.

  ശ്രീ പതാരം ...
  വളരെ ശരി.

  Aarsha Sophy Abhilash ...
  നന്ദി, വായനയ്ക്കും കമന്റിനും :)

  പട്ടേപ്പാടം റാംജി ...
  വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.

  ജിമ്മിച്ചാ...
  സത്യം തന്നെ.

  കണക്ക് എന്റെ പ്രിയ വിഷയമായിരുന്നു :)

  Sukanya ചേച്ചീ...
  ഇതു വായിയ്ക്കുന്നവരും അവരുടെ അദ്ധ്യാപകരെ ഓര്‍മ്മിച്ചാല്‍ അതു തന്നെയാണ് ഏറ്റവും സന്തോഷം തരുന്ന കാര്യം, ചേച്ചീ.

  ശരിയാണ്, വര്‍ഷയ്ക്കും അത് സന്തോഷകരമായ ഒരു അനുഭവമായിരുന്നു.

  വീകെ മാഷേ...
  സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി.

  ഡോ. പി. മാലങ്കോട് ...
  നന്ദി മാഷേ.

  അമ്പിളി...

  സത്യം... ഓർമ്മകൾക്കെന്തു സുഗന്ധം! നന്ദി :)

  aswathi ...
  സന്തോഷം, നന്ദി

  അജിത്തേട്ടാ...
  നന്ദി

  ഫൈസല്‍ ബാബു ...
  വളരെ നന്ദി മാഷേ

  സാജന്‍ വി എസ്സ് ...
  വളരെ ശരിയാണ്, ആ കാലം തിരിച്ചു കിട്ടാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകുമോ

 27. പവിത്രായനം said...

  ശ്രീ, നല്ല ഗുരുസ്മരണ. നേര്‍വഴിക്ക് നയിച്ച അദ്ധ്യാപകര്‍ക്ക് നല്‍കാന്‍ ഇത് നല്ലൊരു ഗുരുദക്ഷിണ. ആശംസകള്‍.

 28. Shaheem Ayikar said...

  ഓർമകളുടെ പഴയ മാമ്പഴ കാലം , ഒരു നിമിഷം മനസ്സിലേക്ക് എത്തിച്ചതിനു നന്ദി...

 29. Anoop Technologist (അനൂപ് തിരുവല്ല) said...

  പണ്ടുമുതൽക്കേ സ്ഥിരമായി വായിക്കുന്ന ബ്ലോഗാണ് ശ്രീയുടേത്. സമകാലീനരായ മിക്കബ്ലോഗറന്മാരും ഇപ്പോൾ എഴുത്തിൽനിന്ന് പിൻമാറിനിൽക്കുമ്പോഴും ശ്രീ ഇവിടെ നിറഞ്ഞുനിൽക്കുന്നുവെന്നത് സന്തോഷകരമാണ്. ജീവിതസ്പർശിയായ അനുഭവങ്ങൾ ശ്രീയുടേതുമാത്രമായ ശൈലിയിൽ എഴുതിരസിപ്പിക്കുന്ന സുഹൃത്തിന് നന്ദി.

 30. Priyan Alex Rebello said...

  ഇപ്പോൾ കൃഷിയൊക്കെ സ്ക്കൂളിൽ ഉണ്ട്, അതിനാൽ വീണ്ടൂം പഴയ സ്ക്കൂളിലൊക്കെപോവാം

 31. Sangeeth said...

  എല്ലാവരേയും പോലെ ഞാനും എന്റെ സ്കൂളിലോട്ടൊരു മടക്കയാത്ര നടത്തി....നന്നായി എഴുതി...

 32. Basheer Vellarakad said...

  ഓടോ : 2014 ലെ ആദ്യ പോസ്റ്റ് എന്നാണാവോ ?വൈകിക്കേണ്ട ശ്രീ. :)