Thursday, April 3, 2014

ഏപ്രില്‍ സന്ധ്യയിലെ ഒരു വെളുപ്പാന്‍ കാലം

1988 ഏപ്രില്‍‌.ഞാന്‍‌ ഒന്നാം ക്ലാസ്സിലെ വലിയ പരീക്ഷ(ണം) കഴിഞ്ഞിരിക്കുന്ന കാലം… അന്നൊക്കെ അവധി കിട്ടിയാല്‍‌ നേരെ അമ്മ വീട്ടിലേയ്ക്കൊരു പോക്കുണ്ട്. അത്തവണയും അതു തെറ്റിച്ചില്ല. ഞാനും ചേട്ടനും അമ്മയും കുറച്ചു ദിവസം അവിടെ തങ്ങാന്‍‌ തന്നെ തീരുമാനിച്ചു. അച്ഛന്‌ ഞങ്ങളെ അവിടെ കൊണ്ടു ചെന്നാക്കിയ ശേഷം തിരിച്ചു പോയി.പിന്നെ തിരിച്ചു വിളിച്ചു കൊണ്ടു പോകാനേ വരികയുള്ളൂ. സര്‍‌ക്കാര്‍‌ ജോലിക്കാരനെങ്കിലും ആത്മാര്‍‌ത്ഥത ഇത്തിരി കൂടുതലായിരുന്നെന്നു കൂട്ടിക്കോ.

അമ്മയുടെ വീടെന്നു പറഞ്ഞാല്‍‌ എനിക്കത് അന്നൊരു മഹാ സംഭവം തന്നെയായിരുന്നു. ഒരുപാടു മുറികളും തട്ടു തട്ടായി കിടക്കുന്ന വലിയ പറമ്പും തോടും വയലുമൊക്കെയുള്ള ഒരു വലിയ സാമ്രാജ്യം തന്നെ. അന്ന് അച്ഛന്റെ ജോലിയുടെ സൌകര്യാര്‍‌ത്ഥം ഞങ്ങളെല്ലാം ഗവ: ക്വാര്‍‌ട്ടേഴ്സിലായിരുന്നു താമസം. അടുക്കളയും കിടപ്പുമുറിയും സ്വീകരണമുറിയും ഊണു മുറിയും എല്ലാമായി രണ്ടേ രണ്ടു മുറികള്‍‌. പിന്നെ, ഒരു കക്കൂസും കുളിമുറിയും…. മൂന്നു വര്‍‌ഷം ഇതായിരുന്നു ഞങ്ങളുടെ സങ്കേതം.

അങ്ങനെ അവധിക്കാലമായാല്‍‌ ഞങ്ങളെ കൂടാതെ വലിയൊരു പട കൂടി അവിടെ വന്നു ചേരും. പണ്ടത്തെ ഒരു നാട്ടാചാരം പോലെ ആ കുടുംബവും ഒരു ചെറിയ നാട്ടു രാജ്യം പോലെ ആയിരുന്നു. അച്ഛീച്ചനും അമ്മൂമ്മയ്ക്കും(മുത്തച്ഛനും മുത്തശ്ശിയ്ക്കും) ആകെ 12 മക്കള്‍‌. എന്റെ അമ്മ ഏഴാമത്തെ അംഗം... പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍‌ ഈ 12 പേരില്‍‌ വിദേശത്തായിരുന്ന 2ഓ 3ഓ പേരൊഴികെ മറ്റെല്ലാ പരിവാരങ്ങളും അവധിക്ക് അവിടെ ഒത്തു ചേരും. അങ്ങനെ അവധിക്കാലമായാല്‍‌ അച്ഛീച്ചനും അമ്മൂമ്മയും മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയായി ആകെയൊരു ബഹളം തന്നെയായിരിക്കും അവിടെ. കൂട്ടത്തില്‍‌ വികൃതികളായ ഞങ്ങളെ മേയ്ക്കുക എന്നതായിരുന്നു ഇവരുടെയെല്ലാം പ്രധാന അധ്വാനം.

വീട്ടിലുള്ള പെണ്‍‌പട പണികളെല്ലാം ഒരുവിധം തീര്‍‌ത്ത് ഉച്ച ഭക്ഷണം കഴിഞ്ഞാല്‍‌ കുറച്ചു നേരം മയങ്ങാന്‍‌ തുടങ്ങുമ്പോഴാകും ഞങ്ങളാരെങ്കിലും എന്തെങ്കിലും കുസൃതി ഒപ്പിച്ചു കൊണ്ടു വരുന്നത്. ആണുങ്ങളാരെങ്കിലും വീട്ടിലെത്തുന്നത് സന്ധ്യ കഴിഞ്ഞിട്ടായിരുന്നു, വൈദ്യരായിരുന്ന അച്ഛീച്ചനുള്‍‌പ്പെടെ. അവസാനം, വീട്ടിലെ പെണ്‍‌പടകളെല്ലാം കൂടി ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം പരമോന്നത കോടതിയില്‍‌ (അച്ഛീച്ചനും ആ വീട്ടില്‍‌ സ്ഥിരതാമസമുള്ള ഡോക്ടര്‍‌ കൂടിയായ മാമനും ഉള്‍‌പ്പെടുന്ന ആണ്‍‌ പട. മറ്റു മാമന്‍‌മാരും വലിയച്ഛന്‍‌മാരുമൊന്നും സ്ഥിരാംഗങ്ങളല്ലാത്തതിനാല്‍‌ അവര്‍‌ തീരുമാനങ്ങള്‍‌ മേല്‍‌പ്പറഞ്ഞ രണ്ടംഗ സംഘ്ത്തിനു വിടുകയായിരുന്നു പതിവ്.അതില്‍‌ തന്നെ, അച്ഛീച്ചനല്ല, മാമനായിരുന്നു അന്തിമമായ വിധി നടപ്പാക്കിയിരുന്നത്.) ഞങ്ങള്‍‌ക്കെതിരേ ഹര്‍‌ജി സമര്‍‌പ്പിച്ചു.

അങ്ങനെ വിധി വന്നു. ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞാല്‍‌ വൈകുന്നേരം ചായ സമയം വരെ കുട്ടിപ്പട്ടാളം മുഴുവനും നിര്‍‌ബന്ധമായും ഉറങ്ങിയിരിക്കണം. എന്തെങ്കിലും ഗുലുമാലുകള്‍‌ ഒപ്പിക്കേണ്ടത് ഞങ്ങളുടെ ബാദ്ധ്യതയായി കണ്ടിരുന്ന ഞങ്ങള്‍‌ക്ക് ഒരു കനത്ത അടിയായിരുന്നു ഈ ഉത്തരവ്. ഞങ്ങള്‍‌ ഇതിനെതിരേ അപ്പീലുമായി പലരെയും എന്തിന്, വീട്ടിലെ പണിക്കാരെ വരെ സമീപിച്ചെങ്കിലും പരമോന്നത കോടതിയെ ചോദ്യം ചെയ്യാന്‍‌ ആരും മുതിര്‍‌ന്നില്ല. (മാത്രമല്ല, ഞങ്ങള്‍‌ക്കൊഴികെ മറ്റെല്ലാ അംഗങ്ങള്‍‌ക്കും ഈ വിധി 100 വട്ടം സ്വീകാര്യമായിരുന്നു.) ഈ ഉറക്കം പരിശോധിക്കേണ്ട ചുമതല കുട്ടിപ്പട്ടാളത്തിലെ തന്നെ തലമൂത്ത അനിഷേധ്യ നേതാവ് പപ്പ ചേട്ടനെയും ഏല്‍‌പ്പിച്ചു. ഞങ്ങള്‍‌ ഉറങ്ങുന്നുണ്ടോ എന്നു നോക്കാനെന്നും പറഞ്ഞ് പപ്പ ചേട്ടന്‍ ഉറങ്ങാതിരിക്കാം… ഭാഗ്യവാന്‍‌! കൂടെ പപ്പ ചേട്ടന്റെ വിശ്വസ്ഥനായ ശീങ്കിടിയായി എന്റെ ചേട്ടനും(ഹരിശ്രീ) കാണും.

അങ്ങനെ ഉച്ച സമയത്തെങ്കിലും അവര്‍‌ക്കു ഞങ്ങളുടെ ശല്യം ഒഴിവായി കിട്ടി. എന്നാല്‍‌ ഞങ്ങള്‍‌ക്കുണ്ടോ ഉച്ച നേരത്ത് ഉറക്കം വരുന്നു… തിരിഞ്ഞും മറിഞ്ഞും വര്‍‌ത്തമാനം പറഞ്ഞും അങ്ങിനെ കിടക്കും. അപ്പോള്‍‌ അവര്‍‌ വേറൊരു സൂത്രം കൂടി കണ്ടു പിടിച്ചു. ആദ്യം ഉറങ്ങുന്ന ആള്‍‌ക്കും ഏറ്റവും കൂടുതല്‍‌ നേരം ഉറങ്ങുന്ന ആള്‍‌ക്കും എല്ലാം അവര്‍‌ സമ്മാനമായി മിഠായികള്‍‌ പ്രഖ്യാപിച്ചു. ഞങ്ങളുടെ വീക്ക്നെസ്സ് അവര്‍‌ മനസ്സിലാക്കിയിരുന്നു. പിന്നെ, ഉറങ്ങിയോ എന്നറിയാനുള്ള പരിശോധനകളും…( എന്നു വച്ചാല്‍‌ ഉറങ്ങുന്നവരെല്ലാം ഇപ്പോള്‍‌ കൈ പൊക്കും… കാലിട്ടാട്ടും തുടങ്ങിയവ) പാവം ഞങ്ങള്‍‌ അതെല്ലാം ചെയ്യും. എങ്ങനെയൊക്കെ ആയാലും കുറെ നേരം കഴിഞ്ഞാല്‍‌ ഞങ്ങളൊക്കെ അറിയാതെ ഉറങ്ങിപ്പോകും . പിന്നെ, ഉണര്‍‌ന്നു വരുമ്പോഴേയ്ക്കും ചായയും പുട്ടോ ദോശയോ അടയോ അങ്ങനെ എന്തെങ്കിലും ഒക്കെ റഡിയായിട്ടുണ്ടാകും. അംഗ സംഖ്യ കൂടുതലായിരുന്നതിനാല്‍‌ അവിടെ രണ്ടു നേരവും പലഹാരം പതിവായിരുന്നു.

അങ്ങനെ ഒരു ദിവസമാണ് അതു സംഭവിച്ചത്. (ഇനിയാണ് സംഭവം നടക്കുന്നത് വായനക്കാരുടെ ക്ഷമ പരീക്ഷിച്ചതിനു മാപ്പ്). പതിവു കലാപരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍‌ കുട്ടിപ്പട്ടാളം മുഴുവന്‍‌ ചാള അടുക്കിയതു പോലെ ഉറങ്ങാന്‍‌‌ കിടന്നു. മേല്‍‌ നോട്ടക്കാരനായി പപ്പ ചേട്ടനും. കൂടെ പപ്പ ചേട്ടനെ സോപ്പിട്ട് എന്റെ ചേട്ടനും. അവര്‍‌ അന്ന് ഉറങ്ങാതിരുന്ന് എന്നെ പറ്റിക്കാനുള്ള വഴികളാലോചിക്കുകയായിരുന്നു(ദുഷ്ടന്‍‌മാര്‍‌!).അവസാനം അവര്‍‌ ഒരു വഴി കണ്ടെത്തി.സമയം ഏതാണ്ട് 4 കഴിഞ്ഞു കാണണം.ഞാനന്ന് കുറച്ചു കൂടുതല്‍‌ നേരം ഉറങ്ങിയെന്നു തോന്നുന്നു(തോന്നലല്ല, ഉറങ്ങി) . ഇവര്‍‌ രണ്ടു പേരും കൂടി എന്നെ കുലുക്കി വിളിച്ച് ഉണര്‍‌ത്തുമ്പോഴേയ്ക്കും മറ്റുള്ളവരെല്ലാം ഉണര്‍‌ന്നു കഴിഞ്ഞിരുന്നു. അതോ ആ പഹയന്‍‌മാര്‍‌ മന:പൂര്‍‌വ്വം മറ്റുള്ളവരെ ആദ്യമേ എഴുന്നേല്‍‌പ്പിച്ചതാണോ.

എന്തായാലും രണ്ടാളും കൂടി എന്നെ വിളിച്ചെഴുന്നേല്‍‌പ്പിച്ചു. എന്നിട്ടു പറഞ്ഞു ‘എടാ… എന്തൊരു ഉറക്കമാ ഇത്… ദേ നേരം വെളുത്തു. എല്ലാവരും എഴുന്നേറ്റു പല്ലു തേപ്പു വരെ കഴിഞ്ഞു.’

ആ സമയത്ത് വെയിലും മങ്ങി തുടങ്ങിയിരുന്നതിനാല്‍‌ നേരം പുലരുമ്പോഴത്തേതു പോലുള്ള ഒരു അന്തരീക്ഷമായിരുന്നു. അവര്‍‌ എന്നെ അടുക്കളയില്‍‌ വിളിച്ചു കൊണ്ടു പോയി, നേരം വെളുത്തിട്ട് അമ്മൂമ്മ പുട്ടു ചുടുന്നതാണെന്നും പറഞ്ഞ് അതും കാട്ടി തന്നു. യഥാര്‍‌ത്ഥത്തില്‍‌ അതിന്റെ യൊന്നും ആവശ്യമുണ്ടായിരുന്നില്ല. അവര്‍‌ ആദ്യം പറഞ്ഞപ്പോള്‍‌ തന്നെ നേരം വെളുത്തു കാണുമെന്നു ഞാന്‍‌ വിശ്വസിച്ചിരുന്നു. ഉറക്കം മുഴുവനാകാതെ കുലുക്കി വിളിച്ചതു കാരണം എന്റെ ‘റിലേ' ശരിക്കു വീണിരുന്നില്ല.

തുടര്‍‌ന്ന് അവര്‍‌ എന്നോട് പല്ലു തേയ്ക്കെടാ.. പല്ലു തേയ്ക്കെടാ‘ എന്നു തന്നെ പറഞ്ഞു കൊണ്ടിരുന്നു. പിന്നെ, അവര്‍‌ തന്നെ മുന്‍‌കൈയെടുത്ത് എനിക്ക് അടുക്കളയില്‍‌ കടന്ന് ഉമിക്കരിയെല്ലാം എടുത്തു തന്നു. അന്നു മാത്രം ഇവര്‍‌ക്കെന്താ ഇത്ര സ്നേഹം എന്നു ഞാന്‍‌ ആലോചിക്കാതെ ഇരുന്നില്ല. സംശയം കൂടാതെ ഞാന്‍‌ ഉമിക്കരി വാങ്ങി പല്ലു തേയ്ക്കാന്‍‌ തുടങ്ങിയതും രണ്ടു പേരും കൂടി ഉറക്കെ ചിരിച്ചു കൊണ്ട് എല്ലാവരെയും ഇതു വിളിച്ചു കാണിച്ചു. എല്ലാവരും കൂട്ടച്ചിരിയായി. എന്നിട്ടും ഞാന്‍‌ പല്ലു തേപ്പ് തുടരുന്നതു കണ്ട് രണ്ടു പേരും നിര്‍‌ബന്ധമായി എന്റെ കയ്യില്‍‌ നിന്നും ഉമിക്കരി തട്ടി കളഞ്ഞ് എന്നെ കൊണ്ട് മുഖം കഴുകിച്ചു. പിന്നെ, അവര്‍‌ക്കൊപ്പം ഭക്ഷണ മേശയില്‍‌ പിടിച്ചിരുത്തി. ഞങ്ങള്‍‌ ഒരുമിച്ചു ഭക്ഷണവും കഴിച്ചു.

എന്നാല്‍‌ അപ്പോഴും അവരെന്തിനാണ് എന്റെ കയ്യില്‍‌ നിന്നും ഉമിക്കരി തട്ടിക്കളഞ്ഞതെന്ന് എനിക്ക് മനസ്സിലായതേയില്ല. ഒരു പക്ഷേ അന്നു പല്ലു തേയ്ക്കാതെ ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടാവില്ലെന്നു കരുതി ഞാന്‍‌ ആശ്വസിച്ചു. പിന്നീട് ഞാന്‍‌ ആ സംഭവം തന്നെ മറന്നു പോയി. അന്ന് (ഇന്ന് അങ്ങനെയല്ലാട്ടോ)എന്നെ സംബന്ധിച്ചിടത്തോളം അതൊരു സംഭവമേ ആയിരുന്നില്ല.

പിന്നെയും കുറേ നാളുകള്‍‌ക്കു ശേഷം (ഒരു പക്ഷേ ഏതാനും വര്‍‌ഷങ്ങള്‍‌ക്കു ശേഷം) ആലോചിച്ചപ്പോഴാണ് എനിക്ക് ആ സംഭവത്തിലെ നര്‍‌മ്മം പിടി കിട്ടിയത്. ഇന്ന്‌ അതെല്ലാം ആലോചിയ്ക്കുമ്പോള്‍‌ വല്ലാത്ത നഷ്ടബോധം മാത്രം.

83 comments:

  1. ശ്രീ said...

    ഇത് 20 വര്‍ഷം മുന്‍‌പുള്ള ഒരു സംഭവമാണ്. അന്നൊരു ഏപ്രില്‍ മാസത്തില്‍ സംഭവിച്ച ഒരു (ദുരന്ത) കഥ.
    :)

  2. Unknown said...

    ശ്രി നമ്സ്ക്കാരം അമ്മവിടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍
    മന്‍സില്‍ എനിക്കും മായാത്ത ഓര്‍മ്മയാണ്
    (ഞാന്‍ വായിച്ചില്ല.ഉടന്‍ തിരിച്ചെത്താം)അദ്യമായി ഈ നല്ല ജൈത്രയാത്രക്ക് ഒരു നല്ല ആശംസ

  3. Sujith Bhakthan said...

    പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടായി. അന്നു ഞാന്‍ ബ്രഷും പേസ്റ്റുമൊക്കെ എടുത്ത് പല്ലു തേച്ചു കഴിഞ്ഞിട്ടാണ്‌ അബദ്ധാണെന്ന് മനസ്സിലാക്കിയത്.

  4. Sujith Bhakthan said...

    ശ്രീയുടെ പൊസ്റ്റുകള്‍ കാണുമ്പോള്‍ ഒരു വലിയ എസ്സേ പോലെ തോന്നുമെങ്കിലും വായിക്കുമ്പോള്‍ സമയം പോകുന്നതറിയുകയേയില്ല.

  5. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഇതൊരു ഒന്നൊന്നര സംഭവം ആണല്ലോ.

    നട്ടുച്ച്യ്ക്ക് എണീറ്റ് പല്ലുതേച്ച്, കുളിച്ച്, അമ്പലത്തില്‍ പൊയ അനുഭവം ഈയുള്ളവള്‍ക്കുണ്ട്. അതോണ്ട് ഇതിന്റെ എല്ലാ എഫെക്റ്റും എനിക്കു കിട്ടി ട്ടാ

  6. അപ്പു ആദ്യാക്ഷരി said...

    ശ്രീയേ, ഇതെനിക്കും പലപ്രാവശ്യം സ്വയം പറ്റിയിട്ടുള്ളതാ. ഉച്ചയുറക്കം മൂവന്തിവരെ തുടര്‍ന്നാല്‍ ഇങ്ങനെതോന്നും. ആകെയൊരു കറക്കം, അല്ലേ.

    ഭക്തന്‍സിന്റെ കമന്റ് കൊള്ളാം!!

  7. ഗീത said...

    അയ്യേ ! പറ്റിച്ചേ !
    എന്തു രസമായിരുന്നിരിക്കും അല്ലേ ആ ഒത്തുകൂടല്‍. ഇന്നിപ്പോള്‍ അതു വല്ലതും പറ്റുമോ...

  8. nandakumar said...

    ഒരിക്കല്‍ ഈയുള്ളവനും അങ്ങിനെ തോന്നിയിട്ടുണ്ട്. കുടുംബ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് പുലര്‍ച്ചെ വന്നു കിടന്നുറങ്ങിയതാണ്. പിന്നെ എഴുന്നേറ്റത് സന്ധ്യ നേരത്ത്. ശ്രീ പറഞ്ഞ പോലെ അന്നേരത്തെ വെയിലിന് പുലരിവെയിലിന്റെ ഒരു ഛായയാണ്. നേരെ എഴുന്നേറ്റ് വടക്കെപുറത്തു പോയി. ഒരു സംശയം. നേരം വെളുത്തതാണൊ അല്ലയൊ എന്ന്. കുറെനേരം അങ്ങിനെ തൂങ്ങിപ്പിടിച്ചിരുന്നു. ആരും പല്ലുതേക്കുന്ന ലക്ഷണമൊന്നുമില്ല. ഏതാണ്ട് ഒരു മണിക്കൂറോളം കിറുങ്ങിയിരുന്ന് ആലോചിച്ചപ്പോഴാണ്, അത് നേരം വെളുത്തതല്ല എന്ന് മനസ്സിലായത്.

    കുട്ടിക്കാ‍ലത്തെ ഓര്‍മ്മയിലേക്ക്, അമ്മവീടിന്റെ പുലരി സന്ധ്യകളിലേക്ക് എന്നെ കൊണ്ടുപോയതിന്, ശ്രീ നന്ദി.

  9. ശ്രീനാഥ്‌ | അഹം said...

    ഹ ഹ...

    പണ്ട്‌ 8ആം തരത്തില്‍ പഠിക്കുന്ന ഒരീസം, രാവിലത്തെ ഇന്റര്‍വെല്‍ സമയത്ത്‌, ഉച്ചക്കുള്ള ഇന്റര്‍വെല്‍ ആണെന്ന് കരുതി ചോറുമ്പാത്രം തുരന്ന് ഊണ്‌ കഴിച്ചിട്ടുണ്ട്‌ ഞാന്‍. നല്ല വെശപ്പായിരുന്നേയ്‌... മനസ്സ്‌ ഉച്ചയായെടാ എന്ന് എന്നോട്‌ പറയുകയായിരുന്നു. നാറി നാണം കെട്ടെന്ന് പറഞ്ഞാ മതീലോ...

  10. കുഞ്ഞന്‍ said...

    ഹഹ..

    ശ്രീക്കുട്ടാ..ഇതൊപോലെ ഞാന്‍ പറ്റിച്ചിട്ടുണ്ട് പറ്റിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസം ഉച്ചമയക്കം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ രാവിലെയാണെന്നു വിചാരിച്ച് പാലു വാങ്ങാനായി അടുത്ത വീട്ടില്‍പ്പോയി ചമ്മിതിരിച്ചുവന്നിട്ടുണ്ട്..!

    ഇത്ര ചെറിയ സംഭവങ്ങള്‍ ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രീക്കൊരു പ്രത്യേക കഴിവുതന്നെയുണ്ട്.

  11. തോന്ന്യാസി said...

    പല്ല് തേയ്ക്കാതെ ഭക്ഷണം കഴിച്ചതോണ്ട് വെഷമം വേണ്ടിഷ്ടാ;കരേലെ ഏറ്റോ വല്യ ജീവിയാ ആന...

    ആന പല്ല് തേച്ചിട്ടാണോ ഫുഡ്ഡടിയ്ക്കുന്നത്; പിന്ന്യാ ഞാനും ശ്രീയുമൊക്കെ.....

  12. nandakumar said...

    തോന്ന്യാസി, ആന പല്ലു തേച്ചിട്ടല്ല ഫുഡ്ഡടിക്കുന്നത്. അതുപോലെ തന്നെയാണ് ആന പിണ്ഠം ഇട്ടുകഴിഞ്ഞാലും. തോന്ന്യാസിം അതുപോലെയാണോ :-)

  13. നാടന്‍ said...

    രാവിലെ എഴുന്നേറ്റ്‌, വൈകുന്നേരമാണോ, ആരെങ്കിലും പറ്റിക്കുമോ എന്ന് കരുതി പല്ല് തേക്കാതിരിക്കരുത്‌ കേട്ടോ ...

  14. [ nardnahc hsemus ] said...

    പിന്നെയും കുറേ നാളുകള്‍‌ക്കു ശേഷം (ഒരു പക്ഷേ ഏതാനും വര്‍‌ഷങ്ങള്‍‌ക്കു ശേഷം) ആലോചിച്ചപ്പോഴാണ് എനിക്ക് ആ സംഭവത്തിലെ നര്‍‌മ്മം പിടി കിട്ടിയത്.

    5 മിനുറ്റ് സ്ലോ 10 മിനുറ്റ് സ്ലോ എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാലും “ഏതാനും വര്‍‌ഷങ്ങള്‍‌ സ്ലോ “ എന്നു കേള്‍ക്ക്കുന്നത് ആദ്യമായിട്ടാ... :)

    ശ്രീ, വിവരണം കൊള്ളാം ട്ടോ!

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഏപ്രില്‍ ഒന്നാം തീയ്യതി തന്നെയായിരുന്നോ?

  16. ശ്രീ said...

    അനൂപ് മാഷേ...
    ആദ്യ കമന്റിനു നന്ദി കേട്ടോ.
    ഭക്തന്‍‌സേ...
    ഇത് അപ്പോള്‍ എനിയ്ക്കു മാത്രം പറ്റിയ അബദ്ധമല്ല അല്ലേ? :) നന്ദി കേട്ടോ.
    പ്രിയാ...
    ഹഹ. ദാ അടുത്ത ആള്‍... കൊള്ളാം. :)
    അപ്പുവേട്ടാ...
    അതു തന്നെ സംഭവം. കമന്റിനു നന്ദി.:)
    ഗീതേച്ചീ...
    വളരെ ശരിയാണ്. അന്നത്തെ ആ ഒത്തുചേരലൊക്കെ എത്ര രസകരമായിരുന്നു. എന്തെല്ലാം കുസൃതികളാണ് ഒപ്പിയ്ക്കാറുള്ളത്. ഇന്ന് എത്ര ശ്രമിച്ചാലും നടക്കില്ല... കമന്റിനു നന്ദി.
    നന്ദേട്ടാ...
    വീണ്ടും ഇതേ പറ്റു പറ്റിയ ഒരാളു കൂടി... അല്ലേ? :) ഈ വിശദമായ കമന്റിനു നന്ദി.
    ശ്രീനാഥ്...
    അതു സാരമില്ലെന്നേ... വയറു പറയുന്ന സമയം കൂടി നമ്മള്‍ കണക്കിലെടുക്കണമല്ലോ... ഹ ഹ. ആ സംഭവം ആലോചിക്കുമ്പോഴേ ചിരി വരുന്നു. :)
    കുഞ്ഞന്‍ ചേട്ടാ...
    ദാ പിന്നേം ആളു കൂടുന്നല്ലോ... ഇങ്ങനെ അബദ്ധം പറ്റിയവരുടെ കൂട്ടത്തിലേയ്ക്ക്. :)
    കമന്റിനു നന്ദി കേട്ടോ.
    തോന്ന്യാസീ...
    നല്ല കമന്റു തന്നെ. പക്ഷേ അതിനു വേറെ ഒരു ചോദ്യം ദാ നന്ദേട്ടന്‍ ചോദിച്ചിട്ടുണ്ട്. ഹ ഹ.;)
    നാടന്‍ മാഷേ...
    ഇനി ആ അബദ്ധം പറ്റില്ലാട്ടോ. കമന്റിനു നന്ദി. :)

  17. നിരക്ഷരൻ said...

    ശ്രീ.... എഴുന്നേല്‍ക്ക്. ആപ്പീസടയ്ക്കാന്‍ സമയമായി. വീട്ടില് പോകണ്ടേ ?

    (ഒരു നമ്പറ് ഇറക്കി നോക്കിയതാണ്.) :):)

  18. Rare Rose said...

    ഹി....ഹി..പറ്റിക്കല്‍ വായിച്ചൊത്തിരി ചിരിച്ചൂ ട്ടാ...ചിലപ്പോള്‍ എപ്പോഴെങ്കിലും ഉച്ചയുറക്കം പാസാക്കി എഴുന്നേറ്റുകഴിയുമ്പോള്‍ ഇതു പോലൊരു വിഭ്രാന്തി എനിക്കും തോന്നാറുണ്ടു...പക്ഷെ..വേഗം തന്നെ മനസ്സിലാകും ട്ടാ...തറ‍വാട്ടിലെ ഒത്തുചേരലിന്റെ സുഖമുള്ള ഒരുപാട് ഓര്‍മ്മകള്‍ ഈ പോസ്റ്റ് മനസ്സിലേക്കെത്തിച്ചു...:)

  19. ശ്രീ said...

    സുമേഷേട്ടാ...
    “വര്‍ഷങ്ങള്‍ സ്ലോ” നല്ല പ്രയോഗം. നന്ദി. :)
    ചാത്താ...
    അല്ലാട്ടോ. വിഷുവിനു ശേഷമാകണം. (അതിനിടയിലും ഗോളടിയ്ക്കാന്‍ നോക്കിയതാണല്ലേ?). നന്ദി.
    നിരക്ഷരന്‍ ചേട്ടാ...
    ഞാന്‍ ഓഫീസില്‍ പണിയൊന്നും ഇല്ലാതെ കിടന്നുറങ്ങുകയാണെന്നാണല്ലേ പരഞ്ഞു വരുന്നത്... ;)
    റോസ്... വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
    :)

  20. Rafeeq said...

    :)

    :D

    അടിപൊളി.. :)

  21. കുറ്റ്യാടിക്കാരന്‍|Suhair said...
    This comment has been removed by the author.
  22. കുറ്റ്യാടിക്കാരന്‍|Suhair said...

    എന്താ ഈ “ഏപ്രില്‍ സന്ധ്യയിലെ വെളുപ്പാന്‍ കാലം?” എന്ന ഡൌട്ടും കൊണ്ടാണ് വായിച്ചുതുടങ്ങിയത്. പിന്നെയല്ലേ കാര്യം പിടികിട്ടിയത്.

    ശ്രീ, ഭക്തന്‍സ്, പ്രിയ, അപ്പു, നന്ദകുമാര്‍, ശ്രീനാഥ്, കുഞ്ഞന്‍... നമ്മളെയെല്ലാരെയും ഇരട്ടപെറ്റതാണോ? എനിക്കുമുണ്ടായിട്ടുണ്ട് ഇങ്ങനെയൊരനുഭവം.

  23. സ്നേഹതീരം said...

    പോസ്റ്റ്‌ അസ്സലായിരിക്കുന്നു :) ശ്രീയുടെ മനസ്സിന്റെ ലാളിത്യം വരികളിലുമുണ്ട്‌. അതുകൊണ്ടാവും നര്‍മ്മം കൂടുതല്‍ ഹൃദ്യമായത്‌. അഭിനന്ദനങ്ങള്‍.

  24. siva // ശിവ said...

    ഇഷ്ടമായി....അഭിനന്ദനങ്ങള്‍.......

  25. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ശ്രീയേയ്...
    ഓര്‍ക്കുവാനും ഓമനിയ്ക്കുവാനു ഇനി നമുക്ക് കൂട്ടായി നമ്മുടെ ഇന്നലെകള്‍ മാത്രം..
    എന്തായാലും ഒരു ഒന്നൊന്നര അമ്പലത്തില്‍ പോക്കായിപ്പോയി കെട്ടാ.
    ആ ഒത്തുചേരലും ഇണക്കങ്ങളും പിണക്കങ്ങളും ചേര്‍ന്ന ആ കാലം എന്റേ ശ്രീയേയ് ഞാന്‍ ഒരുപോസ്റ്റിടൂം മിക്കവാറും..

  26. Minnu said...

    nalla ormakal...enikkum inganathe ormakalaanu ammaveedinekkurich...all the best

  27. Sathees Makkoth | Asha Revamma said...

    ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കുന്ന ഇത്തരം നുറുങ്ങുകള്‍ സമ്മാനിക്കുന്ന ഓര്‍ത്തോര്‍ത്ത് ചിരിക്കാനുതകുന്ന കൊച്ച്കൊച്ച് സം‌ഭവങ്ങള്‍!!!
    വിവരിക്കുന്നതില്‍ ശ്രീ വിജയിച്ചിരിക്കുന്നു.

  28. ഹരീഷ് തൊടുപുഴ said...

    ശ്രീക്കുട്ടാ, മിക്കവാറും അഞ്ചുപത്തു മിനിട്ട് സ്ലോ ആണല്ലോ? എന്നിരുന്നാലും ലളിതമായി, സുന്ദരമായി പറഞ്ഞ ഈ ഓര്‍മക്കുറിപ്പുകള്‍ എന്നെയും എന്റെ ബാല്യകാലത്തേക്കു കൊണ്ടുപോകുന്നു....അഭിനന്ദനങ്ങള്‍

  29. smitha adharsh said...

    നന്നായി മാഷേ...പറ്റിയ അബദ്ധം വിശദമായി പോസ്റ്റ് ചെയ്യാനുള്ള ഈ മനസ്സ്....സമ്മതിച്ചു തന്നു... അമ്മ വീട്ടിലെ വകാറേന്‍ കാലം മനസ്സിലെക്കെതിച്ചത്തിനു നന്ദി... അടുത്തത് പോരട്ടെ..

  30. Unknown said...

    ശ്രി ഞാന്‍ വീണ്ടും എത്തി..കുട്ടിക്കാലത്തെ മധുരമുള്ള ഓര്‍മ്മകള്‍ ഒരു നിമിഷം മന്‍സിലൂടെ കടന്നു പോയ്യി.ഉമ്മക്കരി ഉപയോഗിച്ചുള്ള പല്ലുതേപ്പും,എല്ലാവരും പഴയ ആ തറവാട്ടില്‍ ഒത്തു ചേരുമ്പോഴുള്ള ആ സന്തോഷവുമൊക്കെ അതൊക്കെ നമ്മുക്കൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ല

  31. ഹരിത് said...

    :) നന്നായിട്ടുണ്ട് ശ്രീ. എന്‍റെ കുട്ടിക്കാലം ഓര്‍ത്തുപോയി. ഇന്നു ആ തറവാടു കാണുമ്പോള്‍ സങ്കടം തോന്നും.

  32. മാണിക്യം said...

    ശ്രീ വളരെ നന്നായി എഴുതിയിരിക്കുന്നു...
    ശരിയാ അമ്മ വീട്ടിലെ വലിയ അവധിക്കാലം
    ചത്താലും മറക്കില്ലാ .. .

    ഉച്ച സമയത്ത് എല്ലാവരും ഉറങ്ങുമ്പോളാണ്‍
    തീപെട്ടി ഉരച്ചു കത്തിക്കുക...

    എന്റെ അമ്മവീട്ടില്‍ ആറ് ആയിരുന്നു മുന്നില്‍
    ഉച്ചക്ക് ആറ്റില്‍ ഇറങ്ങും അതിനു അമ്മാവന്‍ നല്ല അടി തന്നിട്ടുണ്ട് ....

    ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന്‍ നന്ദി...:)

  33. ജിജ സുബ്രഹ്മണ്യൻ said...

    സത്യം ശ്രീ എനികും ഉണ്ടായിട്ടുണ്ട് ഈ അനുഭവം .പഴയ ഓര്‍മകളിലെക്കു ഒരു നിമിഷം മടക്കയാത്ര നടത്താന്‍ സഹായിച്ചതിനു നന്ദി

  34. ശ്രീ said...

    റഫീക്... നന്ദി.
    കുറ്റ്യാടിക്കാരന്‍...
    സ്വാഗതം. ഒരാളു കൂടി ആയല്ലോ. :) വായനയ്ക്കും കമന്റിനും നന്ദി.
    സ്നേഹതീരം ചേച്ചീ...
    ഈ പ്രോത്സാഹനത്തിനു വളരെ നന്ദീട്ടോ. :)
    ശിവകുമാര്‍...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
    സജീ...
    അതു കൊള്ളാം. ഈ പോസ്റ്റ് സജിയെയും പോസ്റ്റെഴുതാന്‍ പ്രേരിപ്പിയ്ക്കുന്നു എന്നറിഞ്ഞതിലും സന്തോഷം. :)
    മീനു...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    സതീശേട്ടാ...
    വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി. :)
    ഹരീഷേട്ടാ...
    ബാല്യത്തെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ എനിയ്ക്കും സന്തോഷം. :)
    സ്മിതേച്ചീ...
    നന്ദി, വായനയ്ക്കും കമന്റിനും. അമ്മവീടിന്റെ ഓര്‍മ്മകള്‍ എല്ലാവര്‍ക്കും ഇന്ന് ഒരു നഷ്ടസ്വപ്നം തന്നെ അല്ലേ?
    അനൂപ് മാഷേ...
    ശരിയാണ്. ആ കാലം ഇനിയൊരിയ്ക്കലും തിരിച്ചു കിട്ടില്ലല്ലോ. :(
    ഹരിത് മാഷേ...
    ഇന്ന് ആരും ഉപയോഗിയ്ക്കാതെ മറ്റൊരു അവസ്ഥയിലായ ആ വലിയ തറവാടിന്റെ ഓര്‍മ്മകള്‍ എന്നെയും വിഷമിപ്പിയ്ക്കാറുണ്ട്. വായനയ്ക്കും കമന്റിനും നന്ദി.
    മാണിക്യം...
    പഴയ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)
    കാന്താരി ചേച്ചീ...
    ഇതിനു സമാനമായ അനുഭവങ്ങള്‍ കുറേ പേര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നറിഞ്ഞത് ഈ പോസ്റ്റിട്ടപ്പോഴാണ്. :)

  35. jyothi said...

    ശ്രീ..നന്നായിട്ടുണ്ടു കഥനം.വായിയ്ക്കുന്തോറും ആകാംക്ഷ വളര്‍ന്നു വന്നു,കാ‍ര്യം വളരെ സംഭാവ്യമായ ഒന്നായിട്ടുകൂടി.ഇനിയുമെഴുതുമല്ലൊ!

  36. Jith Raj said...

    ഹ ഹ വളരെ രസകരമായ വിവരണം. ആശംസകള്‍.

  37. നവരുചിയന്‍ said...

    `ശ്രീ ചേട്ടാ നന്നായി ..... എന്നാലും പല്ലുതെക്കതെ ഫുഡ് അടികാം എന്ന് കരുതിയത് ശെരി ആയില്ല ... ഞാന്‍ പണ്ടു അമ്മ ചോദിക്കുമ്പോള്‍ പറയും പട്നു മനുഷ്യര്‍ കട്ടില്‍ താമസിച്ചപോള്‍ അവര്‍ പല്ലു തെക്കാര്‍ ഉണ്ടാരുന്നോ എന്ന് ... എങ്ങില്‍ നീ കാട്ടില്‍ പൊയ്കോ എന്ന് പറയുമ്പോള്‍ നോം പോയി പല്ലു തേകും

  38. ചന്ദ്രകാന്തം said...

    ശ്രീ,
    ഇതുപോലെ കൂട്ടരോടൊത്ത്‌ രസിച്ചു ചെലവഴിച്ച ഒരു ബാല്യം എനിയ്ക്ക്‌ ഇല്ലായിരുന്നുവെങ്കിലും, വിവരണത്തിന്റെ കൃത്യത എല്ലാ രംഗങ്ങളും മുന്നില്‍ കൊണ്ടുവന്നപോലെ. ആസ്വദിച്ചു വായിച്ചു.

  39. ഹരിശ്രീ said...

    ഹ..ഹ...

    ശോഭി,

    ആ സംഭവം ഇന്നും ഓര്‍ക്കുന്നുണ്ട്... കുട്ടിക്കാലത്തെ കുസൃതിത്തരങ്ങള്‍... വീണ്ടും ആ പഴയകാലത്തേക്ക് ഞാന്‍ മടങ്ങിപ്പോയി....

    ഇനിയൊരിയ്കലും വരില്ലെന്നോര്‍ത്ത് ദു:ഖിച്ചുപോയി.... .........

    ശ്രീചേട്ടന്‍

  40. Sharu (Ansha Muneer) said...

    ഇതു വായിച്ചപ്പോള്‍ ഉച്ചയുറക്കം കഴിഞ്ഞ് പല്ലു തേയ്ക്കുന്ന കുഞ്ഞു ശ്രീയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കി. എല്ലാരും ചിരിക്കുമ്പോഴും ഒന്നും മനസ്സിലാകാതെ നില്‍ക്കുന്ന ശ്രീ... :)
    ഇതുപോലെ എന്നെയും പണ്ട് പറ്റിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍, ഉണരുമ്പോള്‍ ഉറക്കം വിട്ടുമാറാത്തതിന്റെ ആണോ എന്നറിയില്ല; ഉറങ്ങി എഴുന്നേല്‍ക്കുമ്പോ‍ള്‍ സമയത്തെ കുറിച്ചുള്ള ധാരണ കുറവായിരിക്കും.പക്ഷെ ഈ ചെറിയ സംഭവം വളരെ നല്ല ഒരു പോസ്റ്റാക്കിയതിന് അഭിനന്ദങ്ങള്‍

  41. Areekkodan | അരീക്കോടന്‍ said...

    അടിപൊളി വിവരണം. ...

  42. Allath said...

    ഉറക്കമുണര്‍ന്നാല്‍ പല്ലുതേയ്ക്കാറില്ല അല്ലെ :-)

  43. ബൈജു (Baiju) said...

    ശ്രീ , നന്നായിരിക്കുന്നു. പകലുറക്കം കഴിഞ്ഞെഴുന്നേറ്റ അനന്തരവളെ ഇവ്വിധം ഞാന്‍ പറ്റിച്ചകാര്യം ഓര്‍ത്തു പോയി.

    -ബൈജു

  44. കാശിത്തുമ്പ said...

    ശ്രീ സെയിം പിന്‍ച്. ഈ അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്. പക്ഷേ ‘വര്‍ഷങ്ങള്‍’ എടുത്തില്ല ‘കത്താന്‍’. എന്തൊരു സ്ലോ ആണു മാഷേ... പാവം :(


    പുതിയ പോസ്റ്റിട്ടത് ഞാനറിഞ്ഞില്ല.അതാ വൈകിയത്. ( അതറിയാന്‍ വല്ല വഴിയുമുണ്ടോ? മറ്റു ബ്ലോഗ് സൈറ്റുകളിലെപ്പോലെ)

  45. ശ്രീ said...

    ജ്യോതിര്‍മയി ചേച്ചീ...
    നന്ദി, വായനയ്ക്കും പ്രോത്സാഹനത്തിനും. :)
    ജിത്ത്‌രാജ്...
    നന്ദി മാഷേ... :)
    നവരുചിയന്‍...
    അമ്മ പറഞ്ഞതിലും കാര്യമുണ്ട്, അല്ലേ? ഹഹ. കമന്റിനു നന്ദി കേട്ടോ. :)
    ചന്ദ്രകാന്തം ചേച്ചീ...
    നന്ദി, വായനയ്ക്കും ഈ കമന്റിനും. :)
    ശ്രീച്ചേട്ടാ...
    മറക്കാനാകാത്ത ഒരു കുട്ടിക്കാലം അല്ലേ? :)
    ഷാരൂ...
    ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എല്ലാവരും കുറച്ചു നേരം സ്ലോ ആയിരിയ്ക്കുമല്ലോ. അതു തന്നെ കാരണം. :) കമന്റിനു നന്ദി.
    അരീക്കോടന്‍ മാഷേ...
    നന്ദി. :)
    വള്ളുവനാടന്‍ മാഷേ...
    ഹഹ. ആരോടും പറയല്ലേ... ;) നന്ദി. :)
    ബൈജു മാഷേ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    Sunshine...
    അതു തന്നെ ചേച്ചീ... പാവം ഞാന്‍ ;)
    (ഞാന്‍ എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റിടുന്നത് അറിയിയ്ക്കാനുള്ള പരിപാടികളൊന്നും ഫിറ്റു ചെയ്തിട്ടില്ല. എഴുതുന്നത് പോരാതെ ഇനി അതും കൂടി വച്ച് മറ്റുള്ളവരെ ബോറടിപ്പിയ്ക്കണ്ടല്ലോ എന്നു കരുതിയിട്ടാ.)
    എന്തായാലും വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)

  46. G.MANU said...

    ഹാവൂ... കാലത്തിതു വായിച്ചപ്പോള്‍ മനസു കുളിര്‍ന്നു..

    ശ്രീ പോസ്റ്റുകളുടെ സുഖം ഒന്നു വേറെ തന്നെ. ആലിചുവട്ടിലെ കാറ്റിന്റെ ഒരു കുളിര്‍മ്മ

    പണ്ട് അനിയന്‍ നാലുമണിക്കെഴുന്നേറ്റ് ചറപറ പുസ്തകം വായിച്ചതും (അല്ലാത്തപ്പോ വായിക്കാത്ത കക്ഷിയാ) ‘കാപ്പി താ’ കാപ്പി താ എന്ന് അമ്മയോട് ബെഡ് കോഫിക്കുവേണ്ടി പലതവണ ആജ്ഞാപിച്ചതും ഓര്‍ത്തുപോയി.... :)

  47. Rasheed Chalil said...

    ശ്രീ ഓര്‍മ്മകളിലേക്ക് കൊണ്ട് പോവുന്ന പോസ്റ്റ്...

  48. ബഷീർ said...

    കാര്യ നിസ്സരമെങ്കിലും പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ നല്ലരസം തന്നെ അല്ലേ...

    പിന്നെ ആഴ്ചയിലൊരിക്കല്‍ പല്ലു തേച്ചിരുന്ന ശ്രീയെക്കൊണ്ട്തന്നെ ഇത്‌ ചെയ്യിച്ചല്ലോ..

    പിന്നെ . ഉറങ്ങി എഴുന്നേറ്റല്‍ ഒന്ന് പല്ലൊക്കെ തേക്കുന്നത്‌ നന്ന്..

    എന്നെപ്പോലെ നന്നാവാന്‍ നോക്ക്‌ ശ്രീ..

  49. ചീര I Cheera said...

    ഹി,ഹി,ഹി..
    ദാ ഇപ്പോഴും ഇവിടെ അമ്മൂനേം അനീത്തിക്കുട്ട്യേം പറ്റിയ്ക്കാറുണ്ട് ഞാന്‍, ഉച്ചയുറക്കം കഴിഞ്ഞെണീയ്ക്കുമ്പോള്‍. :)

  50. ബിന്ദു കെ പി said...

    ശ്രീ,
    ലാളിത്യം നിറഞ്ഞ വരികള്‍. ഇങ്ങനെയൊരു അബദ്ധം പറ്റിയിട്ടില്ലെങ്കിലും കുട്ടിക്കാലത്തെ പല ഓര്‍മ്മകളിലേക്കും മനസ്സിനെ കൊണ്ടുപോയ പോസ്റ്റ്..
    അഭിനന്ദനങ്ങള്‍..

  51. Unknown said...

    കുട്ടിക്കാ‍ലത്തെ ഓര്‍മ്മയിലേക്ക് കൊണ്ടുപോയതിന്
    നന്ദി.......

  52. ശ്രീ said...

    മനുവേട്ടാ...
    ഈ കമന്റു കാണുമ്പോള്‍ എനിയ്ക്കും ഒരു കുളിര്‍മ്മ തോന്നുന്നു. നന്ദി. :)
    ഇത്തിരി മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    ബഷീര്‍ക്കാ...
    ഹ ഹ. അതെയതെ. കമന്റിനു നന്ദി. :)
    പി. ആര്‍. ചേച്ചീ...
    അതു ശരി, അപ്പോ ഞാന്‍ അവരുടെ കൂടെയാണ് ട്ടോ. :)
    ബിന്ദു ചേച്ചീ...
    സ്വാഗതം. അമ്പതാം കമന്റിനു നന്ദി. :)
    മുരളീ...
    വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

  53. San said...

    Mashe thangal ithu oru vattam post cheythathano?

    Nice one :-)

  54. അശ്വതി/Aswathy said...

    ശ്രീ...
    ഇതു എനിക്കും പറ്റിയിട്ടുണ്ട് .ഇത്രയും പേര്‍ കു‌ട്ടുണ്ടല്ലോ എന്നറിഞ്ഞതില്‍ സന്തോഷം.
    ഞാന്‍ ഇതേ വിദ്യ അഞ്ചു വയസുകാരന്‍ ഉണ്ണികുട്ടനോടും മു‌ന്നു വയസ്സുക്കാരി ഗൌരിയോടും ഒക്കെ പ്രയോഗിച്ചു നോക്കാറുണ്ട് .

  55. ഭൂമിപുത്രി said...

    ഇനിയും വരട്ടെ ഇതുപോലത്തെ കുട്ടിക്കാലകഥകള്‍,
    വായിയ്ക്കാന്‍ രസമുണ്ട് ശ്രീ.

  56. സ്‌പന്ദനം said...

    ആദ്യമേ പറയട്ടെ ഇഷ്ടമായി ഒരുപാട്‌.
    ഓര്‍മകള്‍, കുട്ടിക്കാലത്തേതാവുമ്പോള്‍
    ഒരു ഹരമാണ്‌...

  57. Kichu $ Chinnu | കിച്ചു $ ചിന്നു said...

    ആക്ച്വലി അവരെന്തിനാ ഉമിക്കരി തട്ടിക്കളഞ്ഞേ എന്നെനിക്കും മനസ്സിലായില്ല, കുറേ നേരം കിടന്നുറങ്ങിക്കഴിഞ്ഞ് ഒന്ന് പല്ല് തേയ്ക്കുന്നതില്‍ എന്താ തെറ്റ് ??? :)

  58. Sunith Somasekharan said...

    oru avadhikkalathiloode enne nayichathinu nandi...

  59. സ്‌പന്ദനം said...

    പിന്നെ, ഉറങ്ങിയോ എന്നറിയാനുള്ള പരിശോധനകളും…( എന്നു വച്ചാല്‍‌ ഉറങ്ങുന്നവരെല്ലാം ഇപ്പോള്‍‌ കൈ പൊക്കും… കാലിട്ടാട്ടും തുടങ്ങിയവ) പാവം ഞങ്ങള്‍‌ അതെല്ലാം ചെയ്യും. എങ്ങനെയൊക്കെ ആയാലും കുറെ നേരം കഴിഞ്ഞാല്‍‌ ഞങ്ങളൊക്കെ അറിയാതെ ഉറങ്ങിപ്പോകും . കൈമോശം വന്നുപോയ ബാല്യത്തിന്റെ മങ്ങിയ ഓര്‍മകള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. എങ്കിലും രസകരമായ ഈ ഓര്‍മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ഞാനലിഞ്ഞില്ലാതാവുകയാണ്‌ അല്‍പ്പനേരത്തേക്ക്‌. ഓര്‍മ തെളിയുകയാണ്‌ പഴയ കളിസ്ഥലങ്ങള്‍, കൂട്ടുകാര്‍...അങ്ങിനെ....നന്ദി..എല്ലാറ്റിനും..

  60. ശ്രീ said...

    San ...
    കമന്റിനു നന്ദി.
    അശ്വതി...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    ഭൂമിപുത്രി...
    നന്ദി, വായനയ്ക്കും കമന്റിനും.
    സ്പന്ദനം...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. വിശദമായ കമന്റിനു നന്ദി. :)
    കിച്ചു & ചിന്നു...
    അതുമൊരു ശരിയാണ് കേട്ടോ. കമന്റിനു നന്ദി.
    My......C..R..A..C..K........Words...
    സ്വാഗതം. കമന്റിനു നന്ദി.

  61. colourful canvas said...

    AYOOO....VALAREY NANNAYITTUNDE....

  62. പ്രണയകാലം said...

    കുട്ടിക്കാലത്തെ ഓര്‍മകകള്‍ ഇപ്പൊഴും മന്‍സ്സിലുണ്ടല്ലൊ ശ്രീ..ഇത്ത്രത്തില്‍ അനുഭവം ഇല്ലാത്ത കുട്ടിക്കാലം ആര്‍ക്കുമുണ്ടവില്ലന്നെ..ഇഷ്ടായി..

  63. Mr. X said...

    ഈ "ഉറക്കം-ടെസ്റ്റ്" ഞാനും പണ്ട് ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിട്ടുള്ളതാ ശ്രീയേ...
    നല്ല പോസ്റ്റ്!
    ബാല്യകാലം വീണ്ടും ഓര്‍മ്മിപ്പിച്ചു...

  64. yousufpa said...

    ഓര്‍മ്മകള്‍ മരിക്കുമോ..??

  65. K M F said...

    nannayirikkunnu

  66. Divy said...

    ഹഹഹ...അവരു ഉമിക്കരി തട്ടി കളഞ്ഞപ്പോഴെങ്കിലും മനസ്സിലാക്കണ്ടേ ശ്രീ???

  67. Shades said...

    Dear Sree,
    you know, It happens to me very often...
    when i sleep very deep in the afternoons and get up by 5pm or so... i just lie down and thinks about the 'new' day... make list of 'things to do'... and suddenly realise that the 'previous' day is still running...!
    Nice post, sree...! I enjoyed it a lot..!

  68. N Suresh said...

    enikku malayalathil ezhuthuvaan enthu software upayogikkanam ennu dhayavay paranju tharenam. ningalude mobile number ariyukkuga
    nsuresh
    email : nsureshchennai@gmail.com

  69. പിരിക്കുട്ടി said...

    hai sree

    nice.............

  70. എം.എസ്. രാജ്‌ | M S Raj said...

    Hi,

    pandaaramadakkan ee uchayurakkam kazhinjaal enikkumullatha ee sthalakalabodhamillath confusion. "RELAY" serikku veezhaathe nilkunna samayathu aakasham idinju veenaalum onnarinju varanamenkil ichire neram kazhiyum.!

    Nice to read. very nostalgic!

  71. ശ്രീ said...

    colourful canvas...
    സ്വാഗതം. കമന്റിനു നന്ദി.
    സമീറാ...
    സ്വാഗതം. കമന്റിനു നന്ദി.
    തസ്കരവീരന്‍...
    ഈ ഗ്രൂപ്പിലേയ്ക്ക് അപ്പോ ഒരാള്‍ കൂടി ആയി, അല്ലേ? :)
    അത്ക്കന്‍ മാഷേ...
    കമന്റിനു നന്ദീട്ടോ.
    KMF...
    നന്ദി.
    Div...
    അന്ന് അത് മനസ്സിലാക്കാനുള്ള കഴിവൊന്നുമില്ലായിരുന്നു. കമന്റിനു നന്ദി.
    Shades...
    ഈ അബദ്ധം മിക്കവര്‍ക്കും പറ്റുന്നുണ്ടെന്ന് എനിയ്ക്കും ഈ പോസ്റ്റിട്ടപ്പോള്‍ മാത്രമാണ് മനസ്സിലായത്. എന്തായാലും ഇത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി. :)
    N Suresh...
    സ്വാഗതം മാഷേ. മെയിലയച്ചിട്ടുണ്ട്. സംശയങ്ങളുണ്ടെങ്കില്‍ ചോദിയ്ക്കുക. :)
    കൊച്ചുമുതലാളീ...
    നന്ദി. :)
    പിരിക്കുട്ടീ...
    സ്വാഗതം. കമന്റിനു നന്ദി.
    രാജ് മാഷേ...
    കമന്റിനു നന്ദി. :)

  72. Anonymous said...

    കൊള്ളാം ശ്രീ

  73. Chullanz said...

    അപ്പൊ എന്നു തുടങ്ങിയാ നീ പല്ലു തേക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങിയത്‌??? :-)

  74. മാനസ said...

    ശ്രീ... ഞാന്‍ എന്റെ അപ്പുവിനെ വല്ലപ്പോഴും ഇങ്ങനെ പറ്റിക്കാറുണ്ട്.
    നന്നായി...പോസ്റ്റ്

  75. സൂത്രന്‍..!! said...

    അങ്ങനെ എങ്കിലും പല്ല് തെച്ചല്ലോ അത് മതി :)

  76. Echmukutty said...

    വരാൻ വൈകിപ്പോയി, അതു പിന്നെ പതിവാണല്ലോ.
    പിന്നെ വായിയ്ക്കാൻ നല്ല രസമുണ്ടായിരുന്നു. വായിച്ച പോസ്റ്റ് തന്നെ ഞാൻ പിന്നേം വായിയ്ക്കും, വല്ല വിഷമവും തോന്നുമ്പോൾ. അത്രയ്ക്ക് സമാധാനം തരുന്ന എഴുത്താ ശ്രീയുടെ.

    രണ്ടാൾക്കാർ സിനിമയ്ക്ക് പോയി, ഒരാൾ സിനിമ തുടങ്ങിയ പാടെ ഉറങ്ങീം പോയി. ഇന്റെവെല്ലിന് ബാത് റൂമിൽ പോയി വന്നപ്പോ മറ്റെയാൾ മാത്രമേയുള്ളൂ. സിനിമ തീർന്നപ്പഴാണേ ഇന്റർ വെല്ലാന്ന് വിചാരിച്ചത്.

    അഭിനന്ദനങ്ങൾ ശ്രീ, വളരെ നന്നായിട്ടെഴുതി.

  77. the man to walk with said...

    ആരും പറ്റിക്കാതെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ ഈ പറഞ്ഞ സമയതുണര്‍ന്നു പല്ലുതേച്ചു ചമ്മിയിട്ടുണ്ട് ,..
    അങ്ങിനെ വീണ്ടും ഒരു അവധിക്കാലം ഓര്‍മ വന്നു

    ആശംസകള്‍

  78. ഷിജു said...

    എല്ലാർക്കും ഇതുപോലെ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. പക്ഷേ ശ്രീയുടെ വിവരണത്തിൽ കൂടി ഇതു പോലെ ഒന്ന് വായിക്കാൻ ഒരു സുഖമുള്ള ഏർപ്പാടാണ്.

  79. അക്ഷരപകര്‍ച്ചകള്‍. said...

    ഓർമ്മകൾ ...ഓർമ്മകൾ .... ഓർമ്മകൾക്കെന്തു സുഗന്ധം!!! ശ്രീയുടെ അമ്മയുടെ വീട് എന്ത് രസമാണ് ! ഈ പറഞ്ഞ അബദ്ധം എനിക്കും ഒരിയ്ക്കൽ പറ്റിയിട്ടുണ്ട്. ശ്രീയെ എഴുന്നെല്പ്പിച്ചത് അവരായിരുന്നു എങ്കിൽ ... ഞാൻ ഉച്ചയുറക്കത്തിൽ നിന്നെണീറ്റ് തനിയെ പോയി പല്ല് തേയ്ക്കുകയാണ് ചെയ്തത്. അന്ന് കളിയാക്കി ചിരിയ്ക്കാൻ അമ്മയും അമ്മൂമയുമേ അടുത്തുണ്ടയിരുന്നുള്ളൂ എന്നതാണ് എന്റെ ഭാഗ്യം.

  80. വീകെ said...

    ഞാനൊത്തിരി വൈകിപ്പോയല്ലോ ശ്രീ..
    ഇത്തരം ഒത്തുകൂടലും കളികളും എന്റേയും ചെറുപ്പ കാലത്ത് അനുഭവിച്ചിട്ടുണ്ട്. അടുത്ത വെക്കേഷൻ പെട്ടെന്ന് ഓടിയെത്താൻ ആഗ്രഹിച്ചു പോകുന്നത്ര ത്രിൽ ആയിരുന്നു അന്ന്. ആ അനുഭവം ഒരിക്കലും മറക്കാനും ആകുന്നില്ല.

    പക്ഷേ, ഇതൊക്കെ അറിയാമായിരുന്നിട്ടും എന്റെ മക്കൾക്ക് അതൊക്കെ നിഷേധിക്കാനായിരുന്നു എനിക്ക് യോഗം. കാലവും സാഹചര്യങ്ങളും മനുഷ്യരും ഒരുപാടൊരുപാട് മാറിപ്പോയിരിക്കുന്നു ശ്രീ..
    ആശംസകൾ...

  81. Muralee Mukundan , ബിലാത്തിപട്ടണം said...

    ശ്രീ ഇതെഴിതിയിട്ടപ്പോൾ ഞാൻ ബ്ലോഗ് തുടൺഗിയിട്ടില്ല...!

  82. Sathees Makkoth said...

    "അന്ന് (ഇന്ന് അങ്ങനെയല്ലാട്ടോ)എന്നെ സംബന്ധിച്ചിടത്തോളം അതൊരു സംഭവമേ ആയിരുന്നില്ല."
    അതിലെല്ലാമുണ്ട്:)

  83. Anonymous said...

    എല്ലാവ്ർക്കും ഇത് പറ്റുന്നതാ ഒരിക്കൽ ഞാൻ ഉച്ചക്ക് കിട്ന്നിട്ട് സന്ധ്യക്ക്പ്പൊ നേരം വെളുത്ത്ന്നു വിചാരിച്ചിട്ടുണ്ട്.. പിന്നെ സമയം നോക്കുന്ന ശീലം ഉണ്ടാരുന്നോണ്ട് അബദ്ധം പറ്റിയില്ല