Friday, October 24, 2014

​ഒരു അപൂര്‍വ്വ പ്രണയ ലേഖനം

ഞങ്ങള്‍ പിറവം ബി പി സി കോളേജില്‍ പഠനം ആരംഭിച്ച കാലം... തുടക്കത്തില്‍ ക്ലാസ്സില്‍ 60 പേരായിരുന്നു ഉണ്ടായിരുന്നത്. ക്ലാസ്സിലെ കുട്ടികളെല്ലാവരും പരസ്പരം പരിചയപ്പെട്ടും മനസ്സിലാക്കിയും വരുന്നതേയുള്ളൂ. തൊട്ടടുത്തിരിയ്ക്കുന്നവര്‍ മാത്രം സുഹൃത്തുക്കള്‍, ബാക്കി ആരേയും ഭൂരിഭാഗം പേര്‍ക്കും കാര്യമായി അറിയില്ല എന്ന ഒരു അവസ്ഥ. ഞാനും വ്യത്യസ്തനായിരുന്നില്ലെങ്കിലും ഒരേ ബെഞ്ചിലായിരുന്ന മറ്റു മൂന്നു പേരുമായും ആദ്യ ദിവസം തന്നെ നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു.

എങ്കിലും എവിടേയും ആരുടേയും ശ്രദ്ധയാകര്‍ഷിയ്ക്കുന്ന, എല്ലാവരോടും ഇടിച്ചു കയറി സംസരിയ്ക്കുന്ന രണ്ടു മൂന്നു പേര്‍ എല്ലായിടങ്ങളിലും എന്ന പോലെ ആ ക്ലാസ്സിലും ഉണ്ടായിരുന്നു. അങ്ങനെ ഉള്ളവരെ പറ്റി ക്ലാസ്സില്‍ എല്ലാവര്‍ക്കും പെട്ടെന്ന് നല്ലതോ, ചീത്തയോ ആയ ഒരഭിപ്രായം പെട്ടെന്ന് രൂപപ്പെട്ടു വരുക എന്നതും സ്വാഭാവികമാണല്ലോ. ഞങ്ങളുടെ ക്ലാസ്സില്‍ അങ്ങനെയുള്ളവരായിരുന്നു മത്തനും ജോബിയും അമ്പിളിയും അശ്വതിയും പിള്ളേച്ചനും എല്ലാം.

കോളേജ് ജംക്ഷനില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീടുണ്ടായിരുന്ന മത്തന്‍ ഇടക്കാലത്ത് ജോലി സംബന്ധമായി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പഠിയ്ക്കാനായി കോളേജില്‍ ചേര്‍ന്ന വ്യക്തിയായിരുന്നു. വീട് തൊട്ടടുത്തായതു കൊണ്ട് സീനിയേഴ്സിന്റെ ചെറിയ രീതിയിലുള്ള റാഗിങ്ങ് പോലത്തെ കലാപരിപാടികളില്‍ നിന്നൊക്കെ നിഷ്പ്രയാസം രക്ഷപ്പെടാന്‍ അവനു കഴിയാറുള്ളതും മറ്റു കുട്ടികള്‍ക്കിടയില്‍ അവനെ ശ്രദ്ധാകേന്ദ്രമാക്കാന്‍ സഹായിച്ചിരുന്നു. അതും പോരെങ്കില്‍ എല്ലാവരേയും അങ്ങോട്ടു ഇടിച്ചു കയറി പരിചയപ്പെടുക എന്ന ഒരു സ്വഭാവവും അവനുണ്ടായിരുന്നു. ക്ലാസ്സില്‍ വന്ന ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അവന്‍ ഞങ്ങളുടെ ക്ലാസ്സിലെ (എന്തിന്, അടുത്ത ക്ലാസ്സുകളിലെ പോലും)  ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒന്നൊഴിയാതെ വിശദമായി പരിചയപ്പെട്ട് കഴിഞ്ഞിരുന്നു.

അതേ സമയം ഒച്ചപ്പാടും ബഹളവുമൊക്കെയായി ഓളം വച്ചു നടക്കുന്ന അക്കാലത്തെ ഒരു ടിപ്പിയ്ക്കല്‍ കോളേജ് വിദ്യാര്‍ത്ഥി എന്ന രീതിയിലായിരുന്നു ജോബി ക്ലാസ്സില്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. ആദ്യ നാളുകളില്‍ ക്ലാസ്സിലെ ഏറ്റവും ആക്റ്റീവ് ആയ വിദ്യാര്‍ത്ഥി അവനായിരുന്നു എന്ന് നിസ്സംശയം പറയാം. സല്‍മാന്‍ ഖാന്‍ ആരാധകനും ഒരു കൊച്ചു "ജിമ്മനും" ആയ ജോബിയുടെ പ്രധാന ഹോബി ആദ്യ ദിവസം മുതല്‍ ക്ലാസ്സിലെ കുട്ടികളെ പഞ്ചഗുസ്തിയ്ക്ക് വിളിച്ച്  അവരെ പരാജയപ്പെടുത്തുക എന്നതായിരുന്നു.

അതേ സമയം സോഡാക്കുപ്പി കണ്ണടയും വച്ച്, മറ്റു കുട്ടികളോടൊന്നും അധികം കമ്പനിയടിയ്ക്കാതെ, അദ്ധ്യാപകര്‍ പറയുന്നത് മാത്രം ശ്രദ്ധിച്ച് എപ്പോഴും പുസ്തകം നിവര്‍ത്തി വച്ച് അതില്‍ നോക്കിയിരിയ്ക്കുകയോ, അല്ലെങ്കില്‍ പഠന കാര്യങ്ങളെ പറ്റി മാത്രം സംസാരിച്ചു കൊണ്ട് നടക്കുകയോ ചെയ്യുന്ന "ബു.ജി." എന്ന നിലയിലായിരുന്നു പിള്ളേച്ചന്‍ ആദ്യമേ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്.

എന്നാല്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ അശ്വതിയെ എല്ലാവരും ശ്രദ്ധിയ്ക്കാന്‍ കാരണം  അന്നത്തെ പ്രിന്‍സിപ്പളിന്റെ അടുത്ത ബന്ധുവായിരുന്നതു കൊണ്ടായിരുന്നെങ്കില്‍ 'പെണ്‍കുട്ടികള്‍ക്കിടയില്‍ ഏറ്റവും ധൈര്യശാലി' എന്ന രീതിയിലാണ് അമ്പിളി ശ്രദ്ധ നേടിയത്. 'എടീ' എന്നാരെങ്കിലും വിളിച്ചു തീരും മുന്‍പേ അതേ ടോണില്‍ 'എന്നാടാ' എന്ന് തിരിച്ചു ചോദിയ്ക്കാന്‍ അമ്പിളി മടിച്ചിരുന്നില്ല.

പെട്ടെന്ന് ശുണ്ഠി പിടിയ്ക്കുന്ന അമ്പിളിയുടെ ദേഷ്യപ്രകടനങ്ങള്‍ കാണാന്‍ പിന്നീടുള്ള മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അനവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അമ്പിളിയെ ദേഷ്യം പിടിപ്പിയ്ക്കാന്‍ വേണ്ടി മാത്രം ഞങ്ങളില്‍ പലരും പലതും കാണിച്ചു കൂട്ടിയിട്ടുമുണ്ട്. എങ്കിലും അത് ആദ്യം മനസ്സിലാക്കിയ ആള്‍ മത്തന്‍ ആയിരിയ്ക്കും എന്ന് തോന്നുന്നു. ക്ലാസിലെത്തി ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ മത്തന്‍ അമ്പിളിയെ പല തവണ ചൊറിയാന്‍ ശ്രമിയ്ക്കുകയും എല്ലായ്പ്പോഴും അമ്പിളിയുടെ കയ്യില്‍ നിന്ന് ചീത്ത കേള്‍ക്കുകയും ചെയ്തു.

അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ക്ലാസ്സില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒരു പിരിയഡ് ഫ്രീ ആയിരുന്നു. എല്ലാവരും ക്ലാസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്ന് വര്‍ത്തമാനം പറച്ചിലും മറ്റുമായി സമയം കളഞ്ഞു കൊണ്ടിരിയ്ക്കുന്നതിനിടയിലും മത്തന്‍ അമ്പിളിയെ എന്തോ പറഞ്ഞ് ശുണ്ഠി പിടിപ്പിച്ച്, ചീത്ത കേട്ട് തിരിച്ച് ഞങ്ങളുടെ ബഞ്ചിലെത്തി.

അവന്‍ ഞങ്ങളോട് പറഞ്ഞു. "എടാ, ഞാന്‍ ഒരു ചെറിയ പണി ഒപ്പിയ്ക്കാന്‍ പോവുകയാണ്. നിങ്ങള്‍ കൂടെ നിന്നോണം"

എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചെങ്കിലും അവന്‍ ഒന്നും പറയാതെ ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ചതേയുള്ളൂ...

എന്നിട്ട് അവന്‍ ചെറുതായി ഒന്ന് പരുങ്ങി, അമ്പിളിയുടെ അടുത്തു പോയി ശബ്ദം താഴ്ത്തി പറഞ്ഞു. "അമ്പിളീ, നീ ക്ലാസ് കഴിഞ്ഞ് പെട്ടെന്ന് ഓടിപ്പോകരുത്. ഒരു കാര്യം പറയാനുണ്ട്."

എന്താണ് പറയാനുള്ളത് എന്ന് അമ്പിളി കുറച്ച് കടുപ്പത്തില്‍ തിരിച്ചു ചോദിച്ചെങ്കിലും ക്ലാസ് വിട്ടതിനു ശേഷം പറയാം എന്ന് മാത്രം പറഞ്ഞ് അവന്‍ തിരിച്ച് ഞങ്ങളുടെ അടുത്ത് തിരിച്ചു വന്നു. എന്നിട്ട് രഹസ്യമായി ഒരു പുസ്തകത്തില്‍ നിന്ന് ഒരു കഷ്ണം കടലാസ് വലിച്ചു കീറിയെടുത്ത് എന്തൊക്കെയോ ആലോചിച്ച് എഴുതാന്‍ തുടങ്ങി.

അവന്റെ എഴുത്തും മുഖ ഭാവവും എല്ലാം കണ്ട് ഞാന്‍ ഞെട്ടി. ഞാനവനെ തോണ്ടി വിളിച്ചു. "എടാ, നീ ഇതെന്തിനുള്ള പുറപ്പാടാ? ഇതെന്താ നീ എഴുതുന്നേ?"

ചെറിയൊരു പുഞ്ചിരിയോടെ അവന്‍ മറുപടി പറഞ്ഞു " ഇതോ... ഇത് അമ്പിളിയ്ക്ക് കൊടുക്കാനുള്ളതാ"

"എടാ, നീ..."

തുടര്‍ന്ന് പറയാന്‍ എന്നെ സമ്മതിയ്ക്കാതെ, എന്നെ തടഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു "നീ പേടിയ്ക്കേണ്ട. ഞാന്‍ പ്രശ്നമൊന്നും ഉണ്ടാക്കില്ല. നിങ്ങള്‍ കണ്ടോ..."

ഞങ്ങളുടെ ബെഞ്ചിലെ മറ്റു രണ്ടു പേരായിരുന്ന സഞ്ജുവും ബിബിനും ആ സമയമത്രയും മറ്റെന്തോ സംഭാഷണത്തിലായിരുന്നു. അവരും അപ്പോഴാണ് മത്തന്റെ എഴുത്തും എന്റെ ചോദ്യവുമെല്ലാം ശ്രദ്ധിയ്ക്കുന്നത്. അവരും അവനോട് കാര്യമന്വേഷിച്ചെങ്കിലും മത്തന്‍ അതേ മറുപടി തന്നെ പറഞ്ഞു.

ആതേ സമയം മത്തന്റെ പെരുമാറ്റത്തിലും അവസാനം പറഞ്ഞിട്ടു പോയ കാര്യത്തിലും എന്തോ അപാകത മണത്തറിഞ്ഞ അമ്പിളി ഇടയ്ക്കിടെ മത്തനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മത്തന്റെ ഇരിപ്പും എഴുത്തും എല്ലാം ശ്രദ്ധിച്ച അമ്പിളിയുടെ മുഖം കറുക്കുന്നതും അവള്‍ തന്റെ അപ്പുറത്തിരിയ്ക്കുന്ന അഞ്ജുവിനോട് എന്തോ രഹസ്യം പറയുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനത് മത്തനോട് പറഞ്ഞെങ്കിലും അവനു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.

മത്തന്‍ അത് എഴുതി കഴിഞ്ഞപ്പോഴേയ്ക്കും ആ പിരിയഡ് കഴിഞ്ഞെന്നറിയിയ്ക്കുന്ന മണിയടിച്ചു. അവസാന പിരിയഡ് ആയി. ആ പിരിയഡ് കണക്ക് അദ്ധ്യാപിക ഗീത ടീച്ചര്‍ ക്ലാസ്സില്‍ വന്നതോ എന്തൊക്കെയോ ക്ലാസ്സെടുത്തതോ ഒന്നും മത്തനോ അമ്പിളിയോ അത്ര ശ്രദ്ധിച്ചതായി തോന്നിയില്ല. മത്തന്‍ ഇടയ്ക്കിടെ നിഗൂഢമായ പുഞ്ചിരിയോടെ താന്‍ എഴുതി മടക്കി വച്ച കടലാസ് പുസ്തകത്തിനുള്ളില്‍ നിന്ന് എടുത്തു വായിച്ചു നോക്കി, തിരിച്ചെടുത്തു വയ്ക്കുന്നതും അമ്പിളി ദേഷ്യ ഭാവത്തിലും ആശയക്കുഴപ്പത്തിലും മത്തനെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നതും അഞ്ജുവിനോട് എന്തൊക്കെയോ അടക്കം പറയുന്നതും എല്ലാം പല തവണ ആവര്‍ത്തിച്ചു.

ഇടയ്ക്ക് സഞ്ജു ശബ്ദം താഴ്ത്തി, "അളിയാ ഇവന്‍ അവള്‍ക്ക് വല്ല ലവ് ലെറ്ററും എഴുതി കൊടുക്കാന്‍ പോകുകയാണോ... സംഗതി നാറ്റക്കേസാകും കേട്ടോ" എന്ന് മുന്നറിയിപ്പു പോലെ സൂചിപ്പിച്ചു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പണി പാളുമെന്ന് ഉറപ്പാണെന്ന് ഞാനും ബിബിനും സമ്മതിയ്ക്കുകയും ചെയ്തു.

അങ്ങനെയിരിയ്ക്കേ ബെല്ലടിച്ചു. എല്ലാവരും തിരക്കിട്ട് പുസ്തകങ്ങളും മറ്റും എടുത്ത് ബാഗിലാക്കി ഇറങ്ങി പോകാന്‍ തുടങ്ങി. അമ്പിളിയും കാത്തു നില്‍ക്കാനുള്ള ഭാവമൊന്നുമില്ലാതെ വേഗം പോകാനൊരുങ്ങിയെങ്കിലും മത്തന്‍ പെട്ടെന്ന് ഓടിച്ചെന്ന് അവളോട് ഒരു മിനിട്ടു കൂടി കാത്തു നില്‍ക്കാന്‍ പിന്നെയും പറഞ്ഞു.  അമ്പിളി എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തോടെ ഏതാനും നിമിഷം നിന്നിട്ട്, അവസാനം എന്തെന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടില്‍ തന്നെ വിട്ട് പോകാനൊരുങ്ങിയ അഞ്ജുവിനെയും പിടിച്ചു നിര്‍ത്തി, അവിടെ തന്നെ നിന്നു.

അപ്പോഴേയ്ക്കും മത്തനും ബിബിനും സഞ്ജുവും ഞാനും അമ്പിളിയും അഞ്ജുവുമൊഴികെ ബാക്കിയെല്ലാവരും ക്ലാസ്സില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. മത്തനാകട്ടെ, ചെറിയൊരു പരുങ്ങലോടെ ആ കത്തു മടക്കി കയ്യില്‍ പിടിച്ച് അമ്പിളിയുടെ അടുത്തെത്തിയിട്ട്  പറഞ്ഞു. "അമ്പിളീ... എനിയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യും നിന്നോട് പറയാനുണ്ട്. പറയാനുള്ളതൊക്കെ ഞാനീ കത്തില്‍ എഴുതിയിട്ടുണ്ട്. നീ ഇത് മുഴുവനും വായിച്ചു നോക്കിയിട്ട് ഉടനേ ഒരു മറുപടി തരണം".  ഇത്രയും പറഞ്ഞതും അമ്പിളിയ്ക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അവന്‍ നിര്‍ബന്ധ പൂര്‍വ്വം ആ കത്ത് അവളുടെ കയ്യില്‍ പെട്ടെന്ന് പിടിച്ചേല്‍പ്പിച്ചിട്ട് ബാഗുമെടുത്ത് പുറത്തേയ്ക്കോടി. ഞങ്ങളും പിന്നാലെ ഓടി. എന്നിട്ട് ആ ഇടനാഴിയില്‍ കാത്തു നില്‍പ്പാരംഭിച്ചു. അടുത്ത ക്ലാസ്സില്‍ നിന്ന് ക്ലാസ്സ് വിട്ടെത്തിയ കുല്ലുവും ആ സമയം ഞങ്ങളുടെ കൂടെ ചേര്‍ന്നു.

അപ്പോഴേയ്ക്കും വാതിലിനടുത്തു നിന്ന് അമ്പിളിയും അഞ്ജുവും കൂടി ആ കത്ത് തുറന്ന് വായിയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. വായിയ്ക്കാന്‍ ആരംഭിച്ചതും അമ്പിളിയുടെ മുഖം ദേഷ്യം കൊണ്ടു ചുമന്നു വരുന്നതും കത്തു പിടിച്ചിരുന്ന കൈ വിറയ്ക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. ഒപ്പം അത് വായിച്ചു കൊണ്ടിരുന്ന അഞ്ജുവും അയ്യോ... എന്നും പറഞ്ഞ് വാ പൊത്തിക്കൊണ്ട് പരിഭ്രമത്തോടെ നില്‍ക്കുന്നതും കൂടി കണ്ടതോടെ കാര്യങ്ങളുടെ പോക്ക് ഏതു വഴിയ്ക്കാണെന്ന് ഏതാണ്ട് തീരുമാനമായതു പോലെ ഞങ്ങള്‍ക്ക് തോന്നി.

 "അളിയാ, പണി കിട്ടുമെന്നാ തോന്നുന്നേ കേട്ടോ. അവള്‍ ആ ലെറ്റര്‍ ഓഫീസ് റൂമില്‍ കൊണ്ടു കൊടുത്താല്‍ നിന്റെ കാര്യം..." മുഴുമിപ്പിയ്ക്കാതെ അത്രയും പറഞ്ഞ് സഞ്ജു ഞങ്ങളെ നോക്കി. മത്തന്‍ അപ്പൊഴും ഒരു കുലുക്കവുമില്ലാതെ നില്‍പ്പാണ്. ബിബിനാണെങ്കില്‍ കാര്യം പിടി കിട്ടാതെ നില്‍ക്കുകയായിരുന്ന കുല്ലുവിന് സംഭവം എന്തെന്ന് വിശദീകരിച്ചു കൊടുക്കുകയായിരുന്നു.

അമ്പിളിയില്‍ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്ന ഞങ്ങളെ പെട്ടെന്ന് ഉണര്‍ത്തിയത് ഒരു പൊട്ടിച്ചിരിയായിരുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കുന്ന ഞങ്ങള്‍ കണ്ടത് ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വരുന്ന അമ്പിളിയെയും അഞ്ജുവിനെയുമാണ്. കയ്യിലിരുന്ന കടലാസ് ചുരുട്ടിക്കൂട്ടി ഒന്നും പറയാതെ മത്തന്റെ നേര്‍ക്ക് പതുക്കെ എറിഞ്ഞിട്ട് ഞങ്ങളെ എല്ലാവരെയും നോക്കി തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരി അടക്കാന്‍ പാടു പെട്ടു കൊണ്ട് അമ്പിളി ഇറങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന അഞ്ജുവും വിടര്‍ന്നു ചിരിയ്ക്കുന്നതു കണ്ടതോടെ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

എങ്കിലും അവന്‍ എന്തായിരിയ്ക്കും ആ കത്തില്‍ എഴുതിയിരിയ്ക്കുക എന്ന ആശയക്കുഴപ്പത്തോടെ നിന്ന ഞങ്ങള്‍ക്കു നേരെ ചിരിച്ചു കൊണ്ട് മത്തന്‍ തന്നെ ആ കടലാസ് നിവര്‍ത്തി നീട്ടി.

ഞങ്ങള്‍ അതു വാങ്ങി ഇങ്ങനെ വായിച്ചു.

പ്രിയപ്പെട്ട അമ്പിളിയ്ക്ക്...

ഇതെങ്ങനെ പറയണം എന്നെനിയ്ക്ക് അറിയില്ല. ഞാന്‍ കുറേ ആലോചിച്ചു, ഇത് ഞാനെങ്ങനെ ആണ്, എപ്പോഴാണ് നിന്നോട് പറയുക എന്ന്. പക്ഷേ ഇനിയും ഇത് പറയാതിരിയ്ക്കാന്‍ എനിയ്ക്കാവില്ല. നേരിട്ടു പറയാനുള്ള മടി കൊണ്ടാണ് എഴുത്ത് എഴുതുന്നത്.

ആദ്യം വന്ന ദിവസം മുതല്‍ തന്നെ ഞാന്‍ നിന്നെ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും  നമ്മുടെ ക്ലാസ്സിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത നിനക്കുണ്ട്. അതായിരിയ്ക്കാം  നിന്നോടു മാത്രം എനിയ്ക്ക് ഇങ്ങനെ ഒരു പ്രത്യേക അടുപ്പം  തോന്നിയത്. അതു കൊണ്ടാണ് നിനക്കു മാത്രം ഞാന്‍ ഈ കത്തെഴുതുന്നതും.

ദയവു ചെയ്ത് ഇക്കാര്യം മറ്റാരും അറിയരുത്. ഞാനിതു പറഞ്ഞതായി നീ വേറെ ആരോടും പറയരുത്. അദ്ധ്യാപകരേയും ഈ കത്ത് കാണിയ്ക്കരുത്. ഞാനിത് എഴുതിയത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നീ എന്നോട് മാത്രം പറയണം. വേറെ ആരോടും ഇതെക്കുറിച്ച് പറയുകയോ എന്നെ നാണം കെടുത്തുകയോ ചെയ്യരുത്. ശരിയ്ക്ക്‌ സമയമെടുത്ത്‌ ആലോചിച്ച്‌ ഒരു തീരുമാനം എടുക്കുക. അത്‌ പോസിറ്റീവ്‌ ആയാലും (അങ്ങനെ തന്നെ ആയിരിയ്ക്കണേ എന്ന് ഞാൻ പ്രാർത്ഥിയ്ക്കുന്നു) നെഗറ്റീവ്‌ ആയാലും മറുപടി എന്നോടു മാത്രം പറയുക. ഇനി നിനക്കു സമ്മതമല്ലെങ്കിൽ പോലും എന്നോടുള്ള നിന്റെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും കാണിയ്ക്കരുത്‌. മറ്റുള്ള കുട്ടികളോടെന്ന പോലെ തന്നെ എന്നോടും പെരുമാറണം. നാളെ മുതല്‍ എന്നെ കാണുമ്പോള്‍ മിണ്ടാതിരിയ്ക്കുകയോ അകല്‍ച്ച കാണിയ്ക്കുകയോ ചെയ്യരുത്. 

ഒരുപാടൊരുപാട്‌ ആലോചിച്ച ശേഷമാണ്‌ ഞാനിതെഴുതുന്നത്‌. ചെറിയ ചമ്മലോടെയാണെങ്കിലും ഞാനിത്‌ ചോദിയ്ക്കുകയാണ്‌… നിനക്ക്‌ മറ്റൊന്നും തോന്നരുത്‌. "കയ്യില്‍ ഒരു അമ്പതു പൈസ എടുക്കാനുണ്ടാകുമോ? ബസ്സില്‍ കൊടുക്കാനാണ്. കടമായിട്ടു മതി, നാളെ തന്നെ തിരിച്ചു തരാം."

റുപടി ഇപ്പോള്‍ തന്നെ പറയുമല്ലോ... 

സ്നേഹപൂര്‍വ്വം

ഒരു സഹപാഠി

കത്തു വായിച്ചു കഴിഞ്ഞതും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു പോയി. എന്തായാലും മത്തന്റെ കത്തു കൊണ്ട് ഒരു ഗുണം കൂടി ഉണ്ടായി. പിറ്റേന്നു മുതല്‍ മത്തനെ കാണുമ്പോഴേ അമ്പിളി ദേഷ്യപ്പെടുന്നതിനു പകരം ചിരിയ്ക്കാന്‍ തുടങ്ങി. വളരെ പെട്ടെന്നു തന്നെ അവര്‍ നല്ല സുഹൃത്തുക്കളുമായി.

23 comments:

  1. ശ്രീ said...

    കലാലയ സ്മരണകള്‍ എത്രയായാലും മടുക്കില്ലല്ലോ... കോളേജ് പഠന കാലത്തെ ഒരു രസകരമായ ഓര്‍മ്മക്കുറിപ്പ്...

    ♫...
    മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം
    ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം
    ...♫

  2. ഹരിശ്രീ said...

    ശരിയ്ക്ക്‌ സമയമെടുത്ത്‌ ആലോചിച്ച്‌ ഒരു തീരുമാനം അടുക്കുക. അത്‌ പോസിറ്റീവ്‌ ആയാലും (അങ്ങനെ തന്നെ ആയിരിയ്ക്കണേ എന്ന് ഞാൻ പ്രാർത്ഥിയ്ക്കുന്നു) നെഗറ്റീവ്‌ ആയാലും മറുപടി എന്നോടു മാത്രം പറയുക. ഇനി നിനക്കു സമ്മതമല്ലെങ്കിൽ പോലും എന്നോടുള്ള നിന്റെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും കാണിയ്ക്കരുത്‌.

  3. ലംബൻ said...

    ശ്രീ, മറ്റൊന്നും വിചാരിക്കരുത്..
    ഒരു അഞ്ഞൂറ് രൂപ എടുക്കാന്‍ ഉണ്ടാവുമോ.. കടമായിട്ട് മതി കിട്ടുമോ തിരികെ തരാം..
    :p

  4. വിനുവേട്ടന്‍ said...

    എന്റെ ശ്രീ... നിങ്ങളുടെയൊക്കെ കലാലയ ജീവിതം ഒരു സംഭവം തന്നെയായിരുന്നു അല്ലേ?

    അവസാനം വരെ ശ്വാസം പിടിച്ചിരുന്ന് വായിച്ചു... ലവ് ലെറ്റർ ആയിരിക്കില്ല എന്ന് ഊഹിച്ചെങ്കിലും ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല... മത്തൻ ഒരു പുലി തന്നെ... ഈ കൂട്ടുകാരൊക്കെ ഇപ്പോൾ എന്ത് ചെയ്യുന്നു...? കുല്ലുവിന്റെ കാര്യം ശ്രീ പറഞ്ഞ് അറിയാം...

  5. ചച്ചു said...

    നല്ല പോസ്റ്റ്‌...

  6. Pradeep Kumar said...

    പലതരം വികൃതികൾ കൊണ്ട് നിറം പിടിപ്പിച്ച കലാലയ സ്മരണകൾ ഇങ്ങിനെ ഓരോന്നായി ഇറങ്ങിപ്പോരട്ടെ......

  7. Muralee Mukundan , ബിലാത്തിപട്ടണം said...

    പല പ്രേമലേഖനങ്ങളും
    എഴുതിയിട്ടും,എഴുതി കൊടുത്തിട്ടും
    ,കണ്ടിട്ടുമൊക്കെയുണ്ടെങ്കിലും ഇത്തരം
    എട്ടണയുടെ ഒരു ലോണപ്ലിക്കേഷൻ ഉൾക്കൊള്ളീച്ച
    കത്ത് ആദ്യായിട്ടാ വായിക്കുന്നുത്...
    സൂപ്പർ...!

  8. പട്ടേപ്പാടം റാംജി said...

    എല്ലാര്‍ക്കും പഴയ ഓര്‍മ്മകള്‍ ആയിരിക്കും മധുരമുള്ളത് അല്ലെ?
    കലാലയത്തെക്കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും.
    രസായി.

  9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹൊ പേടിപ്പിച്ചു കളഞ്ഞല്ലൊ ശ്രീ 
    എന്നാലും മത്തൻ  ആൾ പുലി. എന്റെ വക ഒരു അഭിനന്ദനം അറിയിക്കണെ. 

  10. ശ്രീ said...

    ശ്രീച്ചേട്ടാ...
    ആദ്യ കമന്റിനു നന്ദി.

    SREEJITH NP ...
    ഹഹ... പിന്നെന്താ... എവിടെ ലെറ്റര്‍?

    വിനുവേട്ടാ...
    മത്തന്‍, പിള്ളേച്ചന്‍ തുടങ്ങിയവരെ കുറിച്ച് ഓരോ പുസ്തകമെഴുതാവുന്നത്ര സംഭവങ്ങള്‍ ഉണ്ട്.

    ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞ ശേഷം മത്തന്‍ എന്നെ വിളിച്ചിരുന്നു. (അവന്‍ ഇപ്പോള്‍ ഖത്തറില്‍ സകുടുംബം സുഖമായി കഴിയുന്നു). പഴയ കുറേ സംഭവങ്ങള്‍ ഞങ്ങള്‍ വീണ്ടും പറഞ്ഞ് ചിരിച്ചു :)

    Chachu ...

    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    Pradeep Kumar ...
    ശരിയാണ് മാഷേ. അതെല്ലാം ശരിയ്ക്കും നിറം മങ്ങാത്ത ഓര്‍മ്മകള്‍ തന്നെയാണ്.

    ബിലാത്തിപട്ടണം Muralee Mukundan ...
    ഹഹ. അത് മത്തന്റെ ഒരു പൊടിക്കൈ ആയിരുന്നു മാഷേ. ഞങ്ങള്‍ അതിനു ശേഷം പലപ്പോഴും പറയുമായിരുന്നു ' അമ്പിളി ആ കത്തെങ്ങാനും മുഴുവനും വായിയ്ക്കാതെ കീറിക്കളയുകയോ മറ്റോ ചെയ്തിട്ട് പ്രശ്നമുണ്ടാക്കിയിരുന്നെങ്കിലോ' എന്ന്
    :)

    പട്ടേപ്പാടം റാംജി ...
    വളരെ നന്ദി, മാഷേ

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...

    തീര്‍ച്ചയായും അറിയിയ്ക്കാം മാഷേ :)

  11. അക്ഷരപകര്‍ച്ചകള്‍. said...

    അപ്പൊ എന്റെ പേരുള്ളൊരു സഹപാഠി ശ്രീയ്ക്കുണ്ടായിരുന്നു അല്ലെ? നല്ല രസകരമായ ഓർമ്മ. അമ്പത് പൈസയ്ക്ക് വേണ്ടി ഒരു കത്തേയ്!!! എന്നത്തേയും പോലെ ആസ്വദിച്ചു വായിച്ചു. ഒപ്പം പുറകിലേയ്ക്ക് ഓടി മറഞ്ഞ ആ നല്ല കാലത്തെ വളവിൽ ചെന്ന് എത്തിനോക്കുകയും ചെയ്തു. ഇനിയും ഓർമ്മകളിൽ നിന്നും നല്ല കുറിപ്പുകൾ പ്രതീക്ഷിയ്ക്കുന്നു.

  12. Anonymous said...

    രസകരം.... ഞാനും എന്‍റെ പ്ലസ്ടു കാലത്തിലേക്ക് ഒന്നുപോയി വന്നു.

  13. Sukanya said...

    വായിക്കാന്‍ കൊതിച്ചുപോവുന്നതരം ആണ് ശ്രീയുടെ കലാലയ സ്മരണകള്‍. നിങ്ങളൊക്കെ 50 പൈസയുടെ ആള്‍ക്കാരല്ലേ? ഞങ്ങള്‍ പഠിക്കുമ്പോള്‍ പത്തു പൈസ ആയിരുന്നു ബസ്‌ ചാര്‍ജ്. അതും ഓര്‍ക്കാനിടയായി.

  14. ജിമ്മി ജോൺ said...

    ദേ പിന്നേം വന്നു, കൊതിപ്പിക്കുന്ന ഓർമ്മകളുമായിട്ട്.. :)

    മാത്തൻ & പാർട്ടിയുടെ കലാപരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു... (മാത്താ... നമിച്ചു ഗുരോ!)

  15. കുഞ്ഞൂസ് (Kunjuss) said...

    എന്ത് രസായിട്ടാ ശ്രീ കലാലയ ഓർമ്മകൾ എഴുതുന്നെ...

    ഇത്തരം ഒരു കത്ത് ആദ്യായിട്ടാ വായിക്കുന്നേ... :) മാത്തനിപ്പോ എവിടാ? കണ്ടു കിട്ടിയാൽ ന്റെ വക ഒരു ഷേക്ക്‌ഹാൻഡ്‌ കൊടുത്തേക്കണേ...

  16. Bipin said...

    മത്തൻ ( or മാത്തൻ) കലക്കി. പ്രേമലേഖനം അവസാനം വരെ വായിച്ചു,

  17. Bipin said...

    മത്തൻ ( or മാത്തൻ) കലക്കി. പ്രേമലേഖനം അവസാനം വരെ വായിച്ചു,

  18. ചെറുത്* said...

    ഹ്ഹ്ഹ്ഹ്ഹ്
    പണ്ടൊരിക്കൽ ഇതേപോലൊരു ലെറ്റർ ചെറുതും എഴുതിയിട്ടുണ്ടായിരുന്നു. അത് പക്ഷേ കോളേജിൽ വച്ചൊന്നും ആയിരുന്നില്യ. പത്തിലെ പഠനക്കാലത്ത്, സ്കൂളിനു മുന്നിൽ വീടുള്ള ജീന എന്ന പെൺകുട്ടിയായിരുന്നു ഇര. ഇതിനേക്കാൾ അല്പം കൂടി കാവ്യാത്മകം ആയിരുന്നെന്നാണ് ഓർമ്മ. പക്ഷെ സ്വയം ചെയ്ത കാര്യം ആയതോണ്ട് ബ്ലോഗ് ആക്കാനുള്ള ഐഡിയ വന്നില്യ. വല്ലോർടേം കാര്യം ഓർത്തെടുത്ത് എഴുതാനാ എപ്പഴും ഇഷ്ടം ;) പൊതുവെ കാം & ക്വയറ്റ് ആയ ചെറുതിനു മിണ്ടാപ്പൂച്ച എന്ന പേര് വന്നത് ഈ സംഭവം ക്ലാസ്സിൽ പാട്ടായതോടെ ആയിരുന്നു ;)

    ന്തായാലും ബ്ലോഗ് പഴേ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടോയി!

  19. WRITER said...

    കൊള്ളാം..,
    അവതരണം നന്നായിരിക്കുന്നു ആശംസകൾ.

  20. ബൈജു മണിയങ്കാല said...

    50 പൈസ മതി ചിലർക്ക് ജീവിതം മുഴുവൻ ഓർക്കാനുള്ള
    രസകരമായ ഒരു അനുഭവം സമ്മാനിക്കുവാൻ
    മനോഹരമായി അത് ഓർത്തെടുത്തു അവതരിപ്പിച്ചു ശ്രീ

  21. ajith said...

    അവധിക്കാലത്ത് വന്ന പോസ്റ്റായതുകൊണ്ടല്ലേ ഇത് കാണാതിരുന്നത്.

    കലാലയസ്മരണകള്‍ മടുക്കുകയേയില്ല, സത്യം

  22. Echmukutty said...

    ആഹാ.. ഇങ്ങനേം എഴുതാം പ്രേമലേഖനം അല്ലേ

  23. Unknown said...

    വളര നർമ്മ ഭവനയിൽ ഉതിർന്ന കലാലയ സമർപ്പണം