Monday, September 22, 2014

ഓർമ്മകളിൽ ഒരു അന്താക്ഷരി

അന്താക്ഷരി എന്ന കളി കളിയ്ക്കാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമാ ഗാനങ്ങളുടെ ആദ്യ രണ്ടു വരികൾ/നാലുവരികള്‍ ഒരു ആൾ/ടീം പാടി, ആ  ഗാനത്തിന്റെ പല്ലവിയുടെ /അവസാന വരിയിലെ അവസാന വാക്കിന്റെ ആദ്യാക്ഷരം വച്ചു തുടങ്ങുന്ന ഗാനം മറ്റേയാൾ/ എതിർ ടീം പാടണം.  അങ്ങനെ പാടിയ ഗാനങ്ങൾ ആവർത്തിയ്ക്കാതെ, ഒരു മാല കോർത്തെടുക്കും പോലെ കോർത്തു കോർത്ത് അങ്ങനെ തുടരണം. എവിടെ വച്ച് പുതിയ ഗാനം പാടാൻ കഴിയാതാകുന്നോ ആ ആൾ/ടീം തോൽക്കും. അതാണ് മത്സരം.

വർ‌ഷം 1998. ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രീയ്ക്ക് പഠിയ്ക്കുന്നു (അന്ന് പ്ലസ് ടു അധികമില്ല). കൊരട്ടിയിൽ ഷഫീഖ് സാറിന്റെ അടുത്താണ് ട്യൂഷൻ. ശനിയാഴ്ച ഉൾ‌പ്പെടെ ആഴ്ചയിൽ‌ മൂന്ന് ദിവസം ഉണ്ട് ട്യൂഷൻ. കോളേജിലെ പ്രീഡിഗ്രി പഠനം വിരസമായിരുന്നെങ്കിലും ട്യൂഷൻ രസകരമാ‍യിരുന്നു. പല കോളേജിൽ‌ നിന്നുള്ളവരായിരുന്നു സഹപാഠികൾ‌. ഷഫീഖ് സാറാണെങ്കിൽ‌ ഒരു ജാഡയുമില്ലാതെ, എല്ലാവരേയും സ്നേഹത്തോടെ മാത്രം പഠിപ്പിയ്ക്കാനറിയാവുന്ന ഒരു അദ്ധ്യാപകനും. ഇടയ്ക്ക് വിരസത മാറ്റാൻ എന്തെങ്കിലുമൊക്കെ കഥകളും നുറുങുകളുമൊക്കെയായി സാർ നിറഞ്ഞു നിൽ‌ക്കും.

വെറുതേ ഒരു ട്യൂഷൻ‌ സെന്റർ‌ മാത്രമായിരുന്നില്ല അത്. കുട്ടികളുടെ അഭിപ്രായ പ്രകാരം വർഷത്തിൽ‌ ഒരു ടൂർ, വിശേഷ ദിവസങ്ങളിൽ‌ ആഘോഷങ്ങൾ‌, കലാപരിപാടികൾ‌ എന്നിവയൊക്കെ അവിടെ പതിവായിരുന്നു, പ്രത്യേകിച്ച് ക്രിസ്തുമസ്സിന്.  എല്ലാ വർ‌ഷവും ക്രിസ്തുമസ് അവധിയ്ക്ക് മുൻ‌പ് കാര്യമായ പരിപാടികൾ‌ പതിവായിരുന്നു.

1998 ലെ ഡിസംബറിൽ ഞങ്ങളുടെ ബാച്ചിന്റെ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം. മറ്റെന്തൊക്കെയോ കലാപരിപാടികൾ‌ക്ക് ശേഷം അവസാന ഇനമായ അന്താക്ഷരി തുടങ്ങുകയായി. ക്ലാസ്സിലെ ആൺകുട്ടികളും പെൺ‌കുട്ടികളും രണ്ടു ടീമായി തിരിഞ്ഞ് മത്സരം നടത്താൻ തീരുമാനമായി. ജഡ്ജ് ആയി ഷഫീഖ് സാറും.

അങ്ങനെ മത്സരം ആരംഭിച്ചു. “മലയാളം ഗാനങ്ങൾ‌ മാത്രം, ഒരു പാട്ടിന്റെ ആദ്യ രണ്ടു വരി മുഴുമിപ്പിയ്ക്കണം, രണ്ടാമത്തെ വരിയിലെ അവസാന വാക്കിന്റെ ആദ്യ അക്ഷരം വച്ച് എതിർ ടീം പാട്ട് തുടങ്ങണം“ ഇതായിരുന്നു ഞങ്ങളുടെ നിയമം.  രണ്ടു ടീമുകളും വാശിയോടെ മത്സരിച്ച് പാട്ടുകൾ പാടാൻ തുടങ്ങി. ഇടയ്ക്കൊക്കെ ചില്ലറ തർ‌ക്കങ്ങളും ബഹളങ്ങളുമൊക്കെയുണ്ടെങ്കിലും രണ്ടു ടീമുകളും വിട്ടു കൊടുക്കാൻ തയ്യാറാകാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ചിലപ്പോഴൊക്കെ ചില പാട്ടുകൾ രണ്ടു വരി പോലും മുഴുമിപ്പിയ്ക്കാതെ വരുമ്പോഴും മറ്റും സാർ ഇടപെട്ട് അതെല്ലാം പരിഹരിച്ചു കൊണ്ടിരുന്നു.

അങ്ങനെ സമയം കടന്നു പോയ്ക്കോണ്ടിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ ആണ് മത്സര സമയമായി കണക്കാക്കിയതെങ്കിലും, പ്രതീക്ഷിച്ചിരുന്നതിലും അധികം സമയമായിട്ടും രണ്ടു ടീമുകളും തോൽ‌ക്കാനോ വിട്ടു കൊടുക്കാനോ തയ്യാറാകാതെ വീറോടെ മത്സരം തുടരുകയാണ്. നിശ്ചിത സമയം കഴിഞ്ഞിട്ടും ആരും തോൽ‌ക്കാതിരുന്നതിനാൽ സമനില എന്ന ആശയവുമായി സാർ മുന്നോട്ടു വന്നെങ്കിലും രണ്ടു ടീമുകളുടേയും അഭ്യർ‌ത്ഥന പ്രകാരം കുറച്ചു നേരം കൂടി തുടരാൻ സാറിന് സമ്മതിയ്ക്കേണ്ടി വന്നു. മാ‍ത്രമല്ല, സാറും മത്സരം ആസ്വദിയ്ക്കുകയായിരുന്നു.

പിന്നെയും കുറേ സമയം കഴിഞ്ഞു, രണ്ടു ടീമുകളുടേയും സ്റ്റോക്കൊക്കെ ഏതാണ്ട് തീർ‌ന്ന മട്ടായി. ചില ഗാനങ്ങൾ‌ ആവർ‌ത്തിച്ച് പാടാൻ‌ രണ്ടു ടീമുകളും ശ്രമിയ്ക്കുന്നതിന്റെ പേരിൽ തർ‌ക്കങ്ങളും കൂടുതലായി. ഒരുപാട് ആലോചിച്ചു മാത്രം കഷ്ടിച്ച് ഒരു പാട്ട് ഒപ്പിച്ച് പാടി രക്ഷപ്പെടുന്ന സ്ഥിതി വരെ എത്തി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ‌  ചില വാക്കുകൾ‌ വന്നാൽ‌ ഇനി രക്ഷയില്ല എന്ന അവസ്ഥയായി.

അങ്ങനെയിരിയ്ക്കേ പെൺ‌കുട്ടികളുടെ ടീം ഒരു പാട്ടിന്റെ രണ്ടു വരി പാടി അവസാനിപ്പിച്ച് “ക” എന്ന അക്ഷരം ഞങ്ങൾ‌ക്കിട്ടു തന്നു. അതിനു തൊട്ടു മുൻ‌പും രണ്ടു മൂന്നു റൗണ്ടു മുൻ‌പും “ക” എന്ന അക്ഷരം ഞങ്ങളെ കുറേ വെള്ളം കുടിപ്പിച്ചിരുന്നു. അതു വച്ച് പാടാൻ കഴിയാവുന്ന, ഞങ്ങൾ‌ക്കറിയാവുന്ന പാട്ടുകളൊക്കെ തീർ‌ന്നിരുന്നു. അതു കൊണ്ടു തന്നെ വീണ്ടുമൊരു “ക” വന്നു വീണപ്പോഴേ ‘പണി പാളിയെടാ’ എന്നും പറഞ്ഞ് വസീമും മറ്റും കരച്ചിൽ തുടങ്ങി. ഒപ്പം തന്നെ പെൺ‌ കുട്ടികളുടെ ഭാഗത്തു നിന്ന് വിജയാഹ്ലാദവും തുടങ്ങി.

എങ്ങനെ രക്ഷപ്പെടും എന്ന് ഞങ്ങൾ‌ തല ആലോചിച്ചു കൊണ്ടിരിയ്ക്കേ സമയം കഴിയാൻ‌ പോകുന്നു എന്ന് ഷഫീഖ് സാർ മുന്നറിയിപ്പ് തന്നു. ‘ശ്രീയേ, ഒന്നോർ‌ത്തു നൊക്കെടാ... വേഗം‘ എന്നും പറഞ്ഞ് എന്റെ തൊട്ടപ്പുറത്തിരുന്ന അൿബർ‌ എന്നെ തോണ്ടി വിളിച്ചു കൊണ്ടിരിയ്ക്കുകയാണ്. [അതിനു മുൻ‌പ് പല തവണ പാട്ടുകൾ‌ കണ്ടെത്തി, എനിയ്ക്ക് ഞങ്ങളുടെ ടീമിനു വേണ്ടി രക്ഷകനാകാൻ‌ കഴിഞ്ഞിരുന്നു. പക്ഷേ അത്തവണ, എത്ര ആലോചിച്ചിട്ടും എനിയ്ക്ക് “ക” യിൽ‌ ആരംഭിയ്ക്കുന്ന, ആവർ‌ത്തിയ്ക്കാത്ത ഒരു ഗാനവും കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നില്ല]. ഞാൻ എന്റെ തല പുകച്ചു കൊണ്ടിരുന്നു.

അപ്പോഴേയ്ക്കും ‘സമയം തിരാൻ‌ പോകുന്നു’ എന്ന രണ്ടാമത്തെ വാണിങും ഷഫീഖ് സാറിൽ‌ നിന്നു വന്നു. പെട്ടെന്നാണ് എന്റെ തലയിൽ ഒരു ബൾ‌ബ് കത്തിയത്. ഈ സംഭവം നടക്കുന്നതിനും കുറച്ചു നാൾ‌ മാത്രം മുൻ‌പാണ് തൃശ്ശൂരു നിന്നും വരും വഴി ചാലക്കുടി ‘അക്കര‘യിൽ‌ ഞാനും വസീമും അൿബറും വിമലും ‘സമ്മർ‌ ഇൻ‌ ബത്‌ലെഹേം’ എന്ന ചിത്രം കണ്ടത്. അതിൽ‌ ജയറാമും അഞ്ച് നായികമാരും ചേർന്ന് പാടുന്ന ആ ഗാനം പെട്ടെന്ന് എന്റെ മനസ്സിലേയ്ക്ക് ഓടി വന്നു. [അക്കാലത്ത് ചാനലുകൾ‌ ഒന്നും അധികമില്ലാതിരുന്നതിനാലും എല്ലാവരും ദൂരദർ‌ശനെ മാത്രം ആശ്രയിച്ചിരുന്നതിനാലും പാട്ടുകൾ എല്ലാം ദിവസവും കാണാനും പെട്ടെന്ന് ഹിറ്റാകാനും സാധ്യത കുറവായിരുന്നു. അതു കൊണ്ടു തന്നെ ആ ഗാനം പോപ്പുലറായി വരുന്നതേയുണ്ടായിരുന്നുള്ളൂ. അന്ന് മത്സരത്തിനിടെ ആരുമത് പാടിയിട്ടുമുണ്ടായിരുന്നില്ല]. ആ ഗാനത്തിലെ ‘കൺ‌ഫ്യൂഷൻ തീർ‌ക്കണമേ’ എന്ന വരി ഓർ‌മ്മിച്ചെടുത്ത ഞാൻ‌ വേഗം വസീമിനോടും അൿബറിനോടും അത് ധൃതിയിൽ‌ പങ്കിട്ടു.

അത് കേട്ടതും എല്ലാവരും ആവേശത്തിലായി. വസീം ആകാവുന്നത്ര ഉച്ചത്തിൽ‌

" കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ "

എന്ന് ആവർ‌ത്തിച്ച് പാടാൻ തുടങ്ങി (ബാക്കി വരിയൊന്നും ആർ‌ക്കും വല്യ പിടിയില്ലായിരുന്നു). ഒപ്പം ആൺ‌കുട്ടികൾ‌ മുഴുവൻ അത് ഏറ്റു പിടിച്ചു. എന്നിട്ട് “ത” എന്നും “ശ” എന്നുമുള്ള വാക്കുകളിൽ‌ കുറച്ച് സംശയിച്ച് അവസാനം “ശ” എന്ന വാക്ക് പെൺ‌കുട്ടികൾ‌ക്ക് പാടാനായി ഇട്ടു കൊടുക്കുകയും ചെയ്തു.

അതോടെ പെൺ‌കുട്ടികളുടെ ഭാഗത്ത് നിശ്ശ്ബ്ദതയും നിരാശയും പടർ‌ന്നു. അവരും ഞങ്ങളെപ്പോലെ കയ്യിലെ സ്റ്റോക്കെല്ലാം തീർ‌ന്ന അവസ്ഥയിൽ തന്നെ ആയിരുന്നു. “ത” ആയാലും “ശ” ആയാലും ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലായിരുന്നു അവരും. അവർ‌ തോൽ‌വി സമ്മതിയ്ക്കേണ്ടി വരും എന്ന് ഏതാണ്ട് ഉറച്ചിരിയ്ക്കേ പെട്ടെന്ന് അവരുടെ ഇടയിൽ‌ നിന്ന് ആരോ ഷഫീഖ് സാറിനോട് വിളിച്ചു പറഞ്ഞു. 

“സാറേ, അതു ശരിയല്ല. അവർ‌ക്ക് ആ പാട്ട് ശരിയ്ക്കറിയില്ല. “ശ” അല്ല ഞങ്ങൾ‌ക്കുള്ള വാക്ക്.

അതെന്താണെന്നായി സാർ. സാറും ആ പാട്ട് കേട്ടിട്ടുണ്ടെന്നല്ലാതെ അത്ര പരിചയമുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും ആൺ‌കുട്ടികളും പെൺ‌കുട്ടികളും തർ‌ക്കം തുടങ്ങിയിരുന്നു.

“എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...“ കഴിഞ്ഞ്  “ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ“ എന്ന വരികൾ‌ക്കിടയിലും ചില വരികളുണ്ടെന്നും അതു കൊണ്ട് “ശ” ശരിയാകില്ല എന്നായി അവർ‌.
അതു ശരിയാണെന്ന് ഞങ്ങൾ‌ക്കും സമ്മതിയ്ക്കേണ്ടി വന്നു. “എന്നാൽ‌ ശരി, ‘തീര്‍ക്കണമേ‘ എന്നതിലെ ‘ത‘ വച്ചു പാടട്ടെ“ എന്നായി ഞങ്ങൾ‌. അതും അവർ‌ക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ഞങ്ങൾ‌ വീണ്ടും അഹ്ലാദ പ്രകടനം തുടങ്ങി.

അപ്പോഴതാ, പെൺ‌കുട്ടികളുടെ ഇടയിൽ‌ നിന്നും വീണ്ടുമൊരു പ്രതിഷേധ സ്വരം! ആ ഗാനം അങ്ങനെയല്ല ആരംഭിയ്ക്കുന്നതെന്നും അതിനു മുൻ‌പ് മൂന്നാലു വരികൾ കൂടിയുണ്ടെന്നും അതു കൂടി ഞങ്ങൾ പാടിയാലേ അവർ സമ്മതിയ്ക്കൂ എന്നും അതല്ലെങ്കിൽ ഞങ്ങൾ‌ തോറ്റതായി പരിഗണിയ്ക്കണമെന്നുമായി അവരുടെ പുതിയ ആവശ്യം.

അതും നേരാണല്ലോ എന്ന് അപ്പോഴാണ് ഞങ്ങളും ഓർ‌ത്തത്. പാട്ടു പോലെ അല്ലാതെ, ജയറാം പ്രാർ‌ത്ഥിയ്ക്കുന്നതു പോലെ ഇരുന്ന് പറഞ്ഞു തുടങ്ങുന്ന ഇപ്പറഞ്ഞ നാലു വരികളിൽ നിന്നാണ് ആ ഗാനം ആരംഭിയ്ക്കുന്നത്. ആ അഭിപ്രായം സാറും ശരി വച്ചു.

ഞങ്ങൾ‌ പെട്ടതു പോലെയായി. ആ വരികൾ ആർ‌ക്കുമത്ര പിടിയില്ല. എല്ലാവരും വീണ്ടുമെന്റെ നേർക്ക് തിരിഞ്ഞു. ഞാനും ആ വരികൾ‌ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെങ്കിലും എനിയ്ക്കും അത് അത്ര പിടുത്തമില്ലായിരുന്നു. എങ്കിലും ഒന്ന് ആഞ്ഞു ശ്രമിച്ചപ്പോൾ‌ [അഞ്ചു നായികലമാരെയും സൂചിപ്പിയ്ക്കുന്ന വരിയിലാണ് ആ ഗാനം തുടങുന്നതെന്ന് ചിത്രം കാണുമ്പോൾ, ആദ്യമായി ആ ഗാനം കാണിയ്ക്കുമ്പോൾ ഞാൻ‌ ശ്രദ്ധിച്ചിരുന്നു] എനിയ്ക്ക് ആ വരികളുടെ തുടക്കം ഒരു വിധം ഓർത്തെടുക്കാനായി. ഞാൻ തട്ടിമുട്ടി “പച്ചക്കിളി... പവിഴ...പാല്‍‌വര്‍ണ്ണമൊത്ത...പല കൊച്ചുങ്ങളഞ്ചെണ്ണം“ എന്ന വരി വിക്കി വിക്കി ഓർ‌ത്തെടുത്ത് അങ്ങനെ എന്തോ ആണെന്ന് പറഞ്ഞു.

അപ്പോഴേയ്ക്കും വസീമും അൿബറുമെല്ലാം അതേറ്റെടുത്തു. എന്നിട്ട് “എന്നാൽ‌ ഇനി പാട്, കേൾ‌ക്കട്ടെ... ഇന്നാ പിടിച്ചോ അക്ഷരം പിന്നേം ‘ക’ “ എന്ന് വിളിച്ചു കൂവി.
അതോടെ പെൺ‌കുട്ടികൾ‌ തീർ‌ത്തും പെട്ടു. ഞങ്ങൾ‌ക്ക് ആ വരികൾ‌ ഓർ‌ത്തെടുക്കാനായേക്കുമെന്ന് അവർ കരുതിയതല്ല. അതുമല്ല, ‘ക’ യിൽ‌ തുടങ്ങുന്ന ഇനിയുമൊരു പാട്ട് അവർ‌ക്കും അറിയില്ലായിരുന്നു. അങ്ങനെ നിരാശയോടെ അവർ‌ തോൽ‌വി സമ്മതിച്ചു.

ആൺ‌കുട്ടികളുടെ ആർ‌പ്പു വിളികൾ‌ക്കിടെ സാർ ഞങ്ങളെ വിജയികളായി പ്രഖ്യാപിച്ച്, ഒപ്പത്തിനൊപ്പം അത്ര നേരം നിന്ന്, നല്ല മത്സരം കാഴ്ച വച്ചതിന് പെൺകുട്ടികളെയും അഭിനന്ദിച്ച് തിരിയുമ്പോൾ‌ ഞാൻ‌ ബഹളത്തിലൊന്നും കൂടാതെ ഒരാശയക്കുഴപ്പത്തിൽ‌ ഇരിയ്ക്കുകയായിരുന്നു.

എന്നെ ശ്രദ്ധിച്ച ഷഫീഖ് സാർ എന്നോട് എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നു കൂടെ ആലോചിച്ചു കൊണ്ട് ഞാൻ സാറിനോട് ചോദിച്ചു. - “അല്ല സാറേ ഇവിടിപ്പോ സത്യത്തിൽ ആരാ ജയിച്ചത്?”

അതു കേട്ട് അതിശയത്തോടെ സാർ പറഞ്ഞു “നിങ്ങളു തന്നെ. നിങ്ങൾ‌ക്ക് ആ പാട്ട് പാടിയൊപ്പിയ്ക്കാൻ‌ കഴിഞ്ഞല്ലോ. അപ്പോൾ‌ വിജയികൾ‌ നിങ്ങൾ‌ തന്നെ അല്ലേ?”

അടക്കിപ്പിടിച്ച ചിരിയോടെ ഞാൻ എന്റെ സംശയം സാറുമായി പങ്കു വച്ചു. “അതല്ല സാറേ, ഞങ്ങൾ ആ പാട്ടു പാടി എന്നതു നേരു തന്നെ. പെൺ‌കുട്ടികൾ ഞങ്ങളുടെ ജയം അംഗീകരിയ്ക്കുകയും ചെയ്തു. പക്ഷേ യഥാർ‌ത്ഥത്തിൽ “ക” യിൽ തുടങ്ങുന്ന പാട്ടു പാടുക എന്നതായിരുന്നില്ലേ ഞങ്ങൾ‌ നേടേണ്ടിയിരുന്ന ലക്ഷ്യം. പക്ഷേ, ഇതിപ്പോ ഞങ്ങൾ‌ പാടിയത്  “ക” യിൽ ആരംഭിയ്ക്കുന്ന “കൺ‌ഫ്യൂഷൻ‌ തീർ‌ക്കണമേ...” എന്ന പാട്ടാണോ അതോ “പ” യിൽ ആരംഭിയ്ക്കുന്ന “പച്ചക്കിളിപ്പവിഴ” എന്ന പാട്ടാണോ?”

ഇതു കേട്ടതും സാറും പൊട്ടിച്ചിരിച്ചു പോയി. അങ്ങനെ ഒരു കാര്യം അത്രയും നേരം സാറുൾ‌പ്പെടെ ആരും കാര്യമാക്കിയിരുന്നില്ല എന്നതാണ് സത്യം. എന്തായാലും ഇക്കാര്യം സാർ ചിരിയോടെ എല്ലാവരുടേയും ശ്രദ്ധയിൽ‌ പെടുത്തിയതോടെ രണ്ടു ടീമുകളേയും സംയുക്ത വിജയികളായി പ്രഖ്യാപിയ്ക്കാം എന്ന ഷഫീഖ് സാറിന്റെ അഭിപ്രായം ഞങ്ങളെല്ലാവരും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു.

എന്തായാലും ആ സംഭവം അന്നത്തെ മത്സരത്തിന്റെ പിരിമുറുക്കം ബാധിച്ചിരുന്ന ട്യൂഷൻ ക്ലാസ്സിലെ അന്തരീക്ഷത്തെ മയപ്പെടുത്തുവാൻ ശരിയ്ക്കും സഹായിച്ചു. എല്ലാവരും ചിരിയും വർ‌ത്തമാനങ്ങളുമായി അന്നത്തെ പരിപാടികളുടെ അവസാനം ഗംഭീരമാക്കി, സന്തോഷത്തോടെ പിരിഞ്ഞു.

***
ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗർ‌ ഈണമിട്ട്, എം ജി ശ്രീകുമാർ‌ പാടിയ ആ ഗാനത്തിന്റെ ആദ്യ ഭാഗങ്ങൾ‌ ശരിയ്ക്കും ഇങ്ങനെ:

പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം 
നില്‍പാണു ശംഭോ...
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ... ശംഭോ ശംഭോ 

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ... എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ (2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ (2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

28 comments:

  1. ശ്രീ said...

    അന്താക്ഷരി എന്ന കളി കളിയ്ക്കാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമാ ഗാനങ്ങളുടെ ആദ്യ രണ്ടു വരികൾ‌/നാലുവരികള്‍ ഒരു ആൾ‌/ടീം പാടി, ആ ഗാനത്തിന്റെ പല്ലവിയുടെ /അവസാന വരിയിലെ അവസാന വാക്കിന്റെ ആദ്യാക്ഷരം വച്ചു തുടങ്ങുന്ന ഗാനം മറ്റേയാൾ‌/ എതിർ ടീം പാടണം. അങ്ങനെ പാടിയ ഗാനങ്ങൾ‌ ആവർ‌ത്തിയ്ക്കാതെ, ഒരു മാല കോർ‌ത്തെടുക്കും പോലെ കോർ‌ത്തു കോർ‌ത്ത് അങ്ങനെ തുടരണം. എവിടെ വച്ച് പുതിയ ഗാനം പാടാൻ‌ കഴിയാതാകുന്നോ ആ ആൾ‌/ടീം തോൽ‌ക്കും. അതാണ് മത്സരം.

    16 വർഷങ്ങൾക്ക് മുൻ‌പ് കൊരട്ടിയിൽ ഞങ്ങളുടെ ഷഫീഖ് സാറിന്റെ ട്യൂഷൻ ക്ലാസ്സിലെ രസകരമായ ഒരു അന്താക്ഷരി മത്സരത്തിന്റെ ഓർ‌മ്മകൾ പങ്കു വയ്ക്കുകയാണ് ഇവിടെ.

  2. Pradeep Kumar said...

    വിദ്യാർത്ഥിജീവിതകാലത്തെ രസകരമായ ഓർമ്മകളെ അയവിറക്കാൻ എന്തു രസമാണ്.... ലളിതമായ ഭാഷയിൽ അത് പങ്കുവെച്ചു....

  3. ajith said...

    അവസാനം പെണ്‍കുട്ടികള്‍ കണ്‍ഫ്യൂഷനിലായതുകൊണ്ട്.......ജയിച്ചൂന്ന് പറയാം!

  4. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    പണ്ട് ആയുർവേദ കോളേജിൽ പഠിച്ചു കൊണ്ടിരുന്ന കാലത്ത് അക്ഷരശ്ലോകമൽസരം നടന്ന ഒരു ഓർമ്മയുണ്ട്. അതിൽ അവസാനം ഒരു വിദ്വാൻ സ എന്ന അക്ഷരം വന്നപ്പോൾ "സരസിജമുഖിയാകും-----" എന്നു തുറ്റങ്ങുന്ന ഒരു ശ്ലോകം ചൊല്ലിയതോടു കൂടി എണീക്കെടാ ഓടടാ എന്നും പറഞ്ഞ് ജഡ്ജായിരുന്ന സാർ ഓടിച്ചതോടു കൂടി അതവസാനിച്ചു.  ആശ്ലോകം വിടെ എഴുതാൻ കൊള്ളാത്തതായതു കൊണ്ട് ഇത്രയും മതി

  5. Arun Kumar Pillai said...

    Nostalgic... <3 <3 <3

  6. വിനുവേട്ടന്‍ said...

    ജംഗോ... നീയറിഞ്ഞാ... ? ഞാൻ പെട്ടൂ...! എന്ന നിലയിൽ നിന്ന ടീമിനെ ശ്രീ അങ്ങനെ വിജയിപ്പിച്ചെടുത്തു... പക്ഷേ, അവസാനത്തെ ആ ട്വിസ്റ്റ്... ശ്രീയുടെ ആ സംശയം... അതാണ് എന്നെ ശരിക്കും ചിരിപ്പിച്ചത്...

    പോരട്ടെ ഇനിയും പണ്ടത്തെ ഓർമ്മകൾ...

  7. ശ്രീ said...

    പ്രദീപ് ജി
    ആദ്യ കമന്റിനു നന്ദി. വളരെ ശരിയാണ്. അന്നത്തെ സംഭവങ്ങള്‍ ഇന്നും ഒരു പുഞ്ചിരിയോടെയാണ് ഓര്‍മ്മയില്‍ വരാറുള്ളത്.

    അജിത്തേട്ടാ...
    അതെ, അങ്ങനേം പറയാം

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage:
    അത്ര പ്രശ്നമുള്ള ശ്ലോകമായിരുന്നല്ലേ :)

    കണ്ണന്‍...
    വളരെ നന്ദി

    ശ്രീച്ചേട്ടാ...
    :)

    വിനുവേട്ടാ...
    അതേന്ന്. സാറുള്‍പ്പെടെ പത്തമ്പതു പേരുണ്ടായിട്ടും ആര്‍ക്കും അതൊരു പ്രശ്നമായി തോന്നിയില്ല എന്നതാണത്ഭുതം :)

  8. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ  ഹ ശ്രീ, നമ്മൾ തമ്മിൽ ഒരുപാട് പ്രായവ്യത്യാസം ഉണ്ടായിപ്പോയി. അല്ലെങ്കിൽ വയസുകാലത്ത് ഞാൻ അത് ചൊല്ലിക്കേൾപ്പിക്കാമായിരുന്നു
    തനി തെറിയാ. ഇതാ പറയുന്നത് കാർന്നവന്മാരെ ചെറുതായിക്കാണരുത് എന്ന്. അവരും ഇതിനപ്പുറം കണ്ടിട്ടല്ലെ വരുന്നത് :)

  9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
    This comment has been removed by the author.
  10. Muralee Mukundan , ബിലാത്തിപട്ടണം said...

    ഏത് പാടണമെന്ന കൺഫ്യൂഷൻ ..
    കൺഫ്യൂഷ്യൻ കൊണ്ട് തീർത്തു..അല്ലേ ഭായ്

    അന്നത്തെ കാലത്തൊക്കെ അന്താക്ഷരി പാടാത്ത ഒരു കൂട്ടായമയും ഇല്ലായിരുന്നു...!

  11. കൊല്ലേരി തറവാടി said...

    “പച്ചക്കിളിപ്പവിഴപാൽവർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചുപത്തെണ്ണം....”...
    സാക്ഷാൽ സാറുവരെ എങ്ങിനെ കൺഫൂഷൻ ആകാതിരിയ്ക്കും അല്ലെ ശ്രീ...

    അന്തമില്ലാത്ത അക്ഷരങ്ങൾ ഓർമ്മത്തുള്ളികളായി പെയ്തിറങ്ങുന്നു..
    ഇടവേളകളില്ലാതെ, ഒരിയ്ക്കലും നിലയ്ക്കാതെ തുടരട്ടെ ആ ഭൂതക്കാലപ്രവാഹം

  12. Areekkodan | അരീക്കോടന്‍ said...

    തുടരട്ടെ വിദ്യാർത്ഥി ജീവിതകാലത്തെ രസകരമായഓർ‌മ്മകൾ

  13. ജിമ്മി ജോൺ said...

    അന്താക്ഷരിയൊക്കെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തേണ്ട ഇനമാണ്.. അത്രയ്ക്കല്ലേ അതിന്റെ ജനപ്രീതി.. :)

    കഴിഞ്ഞ അവധിക്കാലത്ത് എറണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്രയിൽ, കോഴിക്കോട് നിന്നും കയറിയ ഒരുകൂട്ടം തമിഴ് കോളേജ് കുമാരികൾ അന്താക്ഷരി കളിച്ച് ആ കമ്പാർട്ട്മെന്റിനെ ഇളക്കി മറിച്ചതോർക്കുന്നു..

    (ഉള്ളത് പറഞ്ഞാൽ, അന്ന് ഞാനും മനസ്സിൽ പാടി, കൺഫ്യൂഷൻ തീർക്കണമേ എന്ന്.. ;) )

  14. കിരണ്‍ said...

    കളിച്ച് കളിച്ച് കളി മറന്നു അല്ലേ! നല്ല കളിയായിപ്പോയി!

  15. അക്ഷരപകര്‍ച്ചകള്‍. said...

    പെണ്‍കുട്ടികൾ ജയിപ്പിച്ചു ല്ലേ ... നല്ല അനുഭവം ശ്രീ

  16. Sathees Makkoth said...

    ആകെ മൊത്തം കൺഫ്യൂഷൻ ആക്കി അല്ലേ?

  17. ദാസ്‌ said...

    ഇതെല്ലാം കുറിച്ചു വെച്ചോളൂ. അടുത്ത തലമുറക്ക്‌ അറിയാന്‍ സാധ്യതയില്ലാത്ത അനുഭവങ്ങള്‍... നന്നായി

  18. രജനീഷ്‌ കൊട്ടുക്കല്‍ said...

    എന്റെ പഴയ റ്റ്യൂഷൻ ക്ലാസ്സിലെ ബഞ്ചിലിരുന്ന് അന്താക്ഷരിയിൽ പങ്കു ചേർന്നു...
    ഓർമ്മകൾ ..മായാത്ത ഓർമ്മകൾ..

  19. smitha adharsh said...

    Njanum poyi..
    Aa pazhaya anthaksharikkaalatheykku..
    Valarekkaalathinu shesham aanu ee ooru chuttal...
    Sukhamalle Shree...??
    Fmly okke sukhamayi irikkunno..??

  20. ലംബൻ said...

    ഇത് ഞാന്‍ ഇപ്പോഴാ കണ്ടേ..
    ഞാനൊക്കെ ഇപ്പോഴും അന്താക്ഷരി കളിക്കാറുണ്ട്.. ഇവിടെ ഒറ്റയ്ക്ക് ബോര്‍ അടിച്ചിരിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ അന്താക്ഷരി കളിക്കും.. അല്ല പിന്നെ നമ്മളോടാ കളി.

  21. ശ്രീ said...

    പണിയ്ക്കർ സാർ...
    ഹഹ, അത്ര പ്രശ്നമുള്ളതാണേൽ‌ വേണ്ട :)

    മുരളി മാഷേ...
    അതേയതെ.

    കൊല്ലേരി തറവാടി...
    സന്തോഷം മാഷേ. വായനയ്ക്ക്ം കമന്റിനും നന്ദി. :)

    അരീക്കോടന്‍ മാഷേ...
    കുറേക്കാലത്തിനു ശേഷം വീണ്ടും ഇവിടെ വന്നതിൽ‌ സന്തോഷം

    ജിമ്മിച്ചാ...
    അതേന്ന്... ശരി തന്നെ.
    [അവരു ചിലപ്പോ കൈത്തരിപ്പ് തീർത്തേനെ]

    കിരണ്‍ ...
    കളിയുടെ ആവേശത്തിൽ‌ ആരും അത് ശ്രദ്ധിച്ചില്ല, അതാണ്... :)

    അമ്പിളി...
    അതെ, അങ്ങനേം പറയാം :)

    sathees makkoth ...

    അതെ, സതീശേട്ടാ :)

    ദാസേട്ടാ...
    കുറേക്കാലത്തിനു ശേഷമാണല്ലോ, സന്തോഷം. ശരിയാണ്, ഈ കളികളൊക്കെ എത്ര കാലത്തേയ്ക്ക് കാണുമോ ആവോ...

    രജനീഷ്‌ കൊട്ടുക്കല്‍ ...
    അങനെ പഴയ കാലത്തേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാൻ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നത് വലരെ സന്തോഷകരം തന്നെ.

    smitha adharsh ...

    ഒരുപാടു നാളായല്ലോ ബൂലോകത്തൊക്കെ കണ്ടിട്ട്. വന്നതിൽ സന്തോഷം.

    എല്ലാരും സുഖമായിരിയ്ക്കുന്നു :)

    SREEJITH NP ...

    അതേന്ന്, നമ്മളോടാണോ കളി! :)

  22. കൊച്ചു ഗോവിന്ദൻ said...

    ശ്രീയേട്ടാ, ഒരിക്കൽ കോളേജിലെ അന്താക്ഷരി മത്സരത്തിനു 'ന' കിട്ടാതെ വന്നപ്പോൾ 'ജപാകുസുമം' എന്ന സിനിമയിലെ 'നായാട്ടിനവൻ യാത്രയായ നേരം, നാഗദൈവങ്ങൾ തുണയായി...' എന്ന പാട്ട് പാടിയാണ് ഒരു ടീം ജയിച്ചത്. മത്സരം കഴിഞ്ഞപ്പോൾ അങ്ങനെയൊരു സിനിമയുമില്ല, പാട്ടുമില്ല. പക്ഷേ, ആ സംഗീതബോധം കേട്ടാൽ കൃത്രിമമാണെന്ന് തോന്നുകയേയില്ല! ഇത് വായിച്ചപ്പോൾ ആ സംഭവം ഓർത്തു.
    പുതുമുഖമാണ്. വല്ലപ്പോഴും വരണേ.

  23. ബഷീർ said...

    സത്യത്തിൽ ഞാനും കൺഫ്യൂഷനായി.. പിന്നെ ശ്രീ തന്നെ അത് തീർത്തപ്പോൾ അതങ്ങട് തീർന്നു. വിവരണം നന്നായി.

  24. Unknown said...
    This comment has been removed by the author.
  25. Unknown said...
    This comment has been removed by the author.
  26. Subin said...

    ഇത്രയ്ക്കു ഒക്കെ സത്യസന്ദത പാടുണ്ടോ ശോബിൻ ചേട്ടാ!! അതും അന്താക്ഷരിക്കു!! :)

    ബംഗ്ലോർ പണ്ട് ഞങ്ങൾ പാട്ടു പാടി മടുത്തു സിനിമാപേരിന്റെ അന്താക്ഷരി നടത്തീ, ഹിന്ദി സിനിമ മാത്രം - അതിലും ഇംഗ്ലീഷ് പേരു പാടില്ല. (Race, Murder..ഒന്നും പാടില്ല എന്ന് അർഥം)

    അവസാനം "ആ" കൂട്ടി പറയാൻ ഒന്നും ബാക്കി ഇല്ല, "ആഷിക്കി " ഒരു പ്രാവശ്യം പറയുകയും ചെയ്തു.
    എങ്കിൽ ആഷിക്കി -2 എന്നായി ഞങ്ങളുടെ ടീം - അപ്പോൾ "2" ഇംഗ്ലീഷ് ആണ്, പറ്റില്ല ന്ന്!
    എങ്കിൽ "ആഷിക്കി ദ്വിദീയ" ... ഇനി "ദ്വ" കൂട്ടി പറഞ്ഞോ എന്നായി.
    പിന്നെ അങ്ങോട്ട്‌ ദ്വിദീയ, ത്രിദ്ധീയ ആണ് പരിപാടിയെ മുന്നോട്ടു കൊണ്ടുപോയത്!
    ഇപ്പോളും ഇടക്ക് "ദ്വിദീയ, ത്രിദ്ധീയ" ആരെങ്കിലും ഒക്കെ ഓർക്കും.. ചിരിക്കും!

  27. Pumpukuttan said...

    നന്നായിട്ടുണ്ട്...

  28. ശ്രീ said...

    കൊച്ചു ഗോവിന്ദൻ ...

    സ്വാഗതം.

    രസകരമായ അനുഭവം :)

    ബഷീര്‍ക്കാ...
    ഹഹ
    വളരെ സന്തോഷം :)

    Subin ...

    അതത്ര അന്താരാഷ്ട്ര മത്സരമൊന്നും അല്ലായിരുന്നല്ലോ... ഒരു കണക്കിനു ഒരു സൌഹൃദ മത്സരം... അത്ര തന്നെ :)
    പാര്‍ട്ട് വണ്‍, ടു... ഒക്കെ പിന്നെന്താ ചെയ്യുക അല്ലേ? കൊള്ളാം :)

    Pumpukuttan ...

    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.