Tuesday, July 1, 2014

പുലി പിടുത്തം

ഇതെന്റെ അനുഭവ കഥ ഒന്നും അല്ല. പണ്ടെങ്ങോ പറഞ്ഞു കേട്ടിട്ടുള്ള ഒരു തമാശ ഇവിടെ പങ്കു വയ്ക്കുകയാണ്. [ഇതൊരു തമാശ ആയി എല്ലാവരും കണക്കാക്കിയാല്‍ മതി എന്നൊരു മുന്‍കൂര്‍ അറിയിപ്പുണ്ടേ... ]

ലോകത്തെ ഏറ്റവും മികച്ച പോലീസിനെ കണ്ടെത്താന്‍ ഒരു മത്സരം നടക്കുകയാണ്. ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിയ്ക്കയുടെ പോലീസ് ഫോഴ്സ്, ബ്രിട്ടീഷ് പോലീസ്, റഷ്യന്‍ പോലീസ്, ആസ്ട്രേലിയന്‍ പോലീസ്, ആഫ്രിയ്ക്കന്‍ പോലീസ് അങ്ങനെ തുടങ്ങി പാക്കിസ്ഥാനി പോലീസും ശ്രീലങ്കന്‍ പോലീസും ഇന്ത്യന്‍ പോലീസും വരെ മത്സരാര്‍ത്ഥികളുടെ കൂട്ടത്തിലുണ്ട്. [ഇന്ത്യന്‍ പോലീസ് ഒരു മലയാളിയായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ അല്ലേ?]

മത്സരം നടക്കുന്ന സ്ഥലത്തിനടുത്തുള്ള ഘോര വനത്തിനുള്ളില്‍ ഒറ്റയ്ക്ക് കടന്ന് ഒരു പുലിയെ ജീവനോടെ പിടിച്ചു കൊണ്ടു വരണം. അതാണ് ഏറ്റവും മികച്ച പോലീസിനെ കണ്ടെത്താനുള്ള മാനദണ്ഡമായി കണക്കാക്കിയിട്ടുള്ളത്.

അങ്ങനെ മത്സര ദിവസം വന്നെത്തി. വിധികര്‍ത്താക്കളും കാണികളും മാധ്യമ പ്രതിനിധികളും ഉള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം വന്നെത്തിക്കഴിഞ്ഞു. എല്ലാവരും അക്ഷമരായി മത്സരം കാണാന്‍ കാത്തിരിയ്ക്കുകയാണ്.

മത്സര സമയമായി. ആദ്യമായി അമേരിയ്ക്കന്‍ പോലീസ് തന്നെ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്നു.​
​ ​
കാണികളെല്ലാം ആകാംക്ഷയോടെ കാത്തിരിയ്ക്കേ, അമേരിയ്ക്കന്‍ പോലീസ് കുറേയേറെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കയ്യിലെടുത്ത് കാട്ടിലേക്ക് യാത്രയാ
യി. കുറച്ചു സമയത്തിനുള്ളില്‍ അമേരിയ്ക്കന്‍ പോലീസ് കാട്ടിനുള്ളിലേയ്ക്ക് നടന്ന് അപ്രത്യക്ഷനായി. വൈകാതെ കാട്ടിനുള്ളില്‍ നിന്ന് കുറേ ബീപ് ബീപ് ശബ്ദങ്ങളും അലാറങ്ങളും ഒപ്പം പുലിയുടെ ഭീകര ഗര്‍ജ്ജനവും കേള്‍ക്കുമാറായി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിജയശ്രീലാളിതനായി ചത്തുമലച്ചു കിടക്കുന്ന പുലിയുടെ വാലീല്‍ പിടിച്ച് വലിച്ചു കൊണ്ട് അമേരിയ്ക്കന്‍ പോലീസ് രംഗ പ്രവേശം ചെയ്തു. കാണികള്‍ വമ്പിച്ച കരഘോഷത്തോടെ അദ്ദേഹത്തെ വരവേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ അയാള്‍ക്ക് ചുറ്റും വട്ടമിട്ടു.

എങ്ങനെ പുലിയെ കീഴടക്കി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അമേരിയ്ക്കന്‍ പോലീസ് ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു - "ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെക്‍നോളജീസ് കൈവശമുള്ളവരാണ് ഞങ്ങള്‍ അമേരിയ്ക്കക്കാര്‍. ഞങ്ങളുടെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഒരു പുലിയെ പിടിയ്ക്കുക എന്നത് വളരെ നിസ്സാരമാണ്."

അടുത്തതായി ബ്രിട്ടീഷ് പോലീസ് പോകാനായി തയ്യാറെടുത്തു. കയ്യില്‍ അത്യന്താധുനിക വിദ്യകളുള്ള ഒരു തോക്കു മാത്രം കയ്യിലെടുത്ത് ബ്രിട്ടീഷ് പോലീസ് കാട്ടിലേയ്ക്ക് നടന്നു മറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞു കാണും. കാടിനെയും നാടിനെയും നടുക്കിയ ഒരു പുലിയുടെ അലര്‍ച്ച മാത്രം കാണികള്‍ കേട്ടു. വൈകിയില്ല, അമേരിയ്ക്കക്കാരനെ പോലെ ചത്ത പുലിയുടെ വാലില്‍ പിടിച്ചു വലിച്ചു കൊണ്ട് ബ്രിട്ടീഷ് പോലീസും തിരികെ വന്നു. അയാളെയും കാണികള്‍ കയ്യടിച്ചു സ്വീകരിച്ചു.

പുലിയെ എങ്ങനെ കീഴ്പെടുത്തി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അയാള്‍ മറുപടി പറ്ഞ്ഞു - "ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ കൈമുതലായിട്ടുള്ളവരാണ് ഞങ്ങള്‍ ബ്രിട്ടീഷുകാര്‍. ഇതു കണ്ടോ, ഈ തോക്കു കൊണ്ടുള്ള വെടി കൊണ്ടത് ആ ചത്തു പോയ പുലി പോലും മനസ്സിലാക്കും മുന്‍പ് അതിന്റെ കഥ കഴിയും. അത്ര നിസ്സാരമാണ് ഇത് ഞങ്ങള്‍ക്ക്."

അടുത്തതായി ആഫ്രിയ്ക്കന്‍ പോലീസ് രംഗത്തു വന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കായിക ശേഷിയില്‍ മുന്നിലുള്ള അയാള്‍ ആയുധങ്ങളൊന്നും കൂടാതെ വെറും കയ്യോടെയാണ് കാട്ടിലേയ്ക്ക് പോയത്. അധികം വൈകാതെ കാടു കിടുങ്ങുമാറുള്ള പുലിയുടെ അലര്‍ച്ചയുടെ ഒപ്പം കാടു മുഴുവന്‍ കുലുങ്ങി വിറയ്ക്കുന്നതും കാണുമാറായി. വൈകിയില്ല, മൃതപ്രായനായ ഒരു പുലിയെ കഴുത്തിലിട്ട് വിജയ കാഹളം മുഴക്കി ആഫ്രിയ്ക്കന്‍ പോലീസ് തിരിച്ചു വന്നു.

കാണികള്‍ ആവേശത്തോടെ കയ്യടിച്ചു. സ്ഥിരം ചോദ്യവുമായി വന്ന മാധ്യമങ്ങളോട് അയാള്‍ പറഞ്ഞു - " ലോകത്തെ ഏറ്റവും ശക്തന്മാരാണ് ഞങ്ങള്‍ ആഫ്രിയ്ക്കന്‍ വംശജര്‍. ഞങ്ങള്‍ക്ക് ഒരു പുലിയെ കീഴടക്കാന്‍ ഒരായുധവും ആവശ്യമില്ല. ഈ വെറും കൈ കൊണ്ട് ഞങ്ങള്‍ ആരെയും എന്തിനേയും കീഴടക്കും". അയാള്‍ വീണ്ടും വിജയ കാഹളം മുഴക്കി.

തുടര്‍ന്ന് ആസ്ട്രേലിയ, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ അവസാനം ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും പാക്കിസ്ഥാനും ശ്രീലങ്കയും ചൈനയുമൊക്കെ മത്സരത്തില്‍ പങ്കെടുത്തു. എല്ലാവരും ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ ഒരു വിധത്തില്‍ ഓരോ പുലിയെയും കീഴടക്കി വിജയകരമായി തിരിച്ചു വന്നു. എന്നിട്ടും ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ പോലീസ് മാത്രം മത്സരത്തിന് ഇറങ്ങാതെ മിണ്ടാതിരിയ്ക്കുകയാണ്. ചെറിയ രാജ്യങ്ങള്‍ പോലും മത്സരത്തിനിറങ്ങിയിട്ടും ഏഷ്യന്‍ ശക്തിയും ലോക രാജ്യങ്ങളില്‍ എണ്ണപ്പെട്ട രാജ്യങ്ങളില്‍ ഒന്നുമായ ഇന്ത്യ മത്സരത്തിനിറങ്ങാത്തതെന്ത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പരസ്പരം ചോദിയ്ക്കാന്‍ തുടങ്ങി.​


വൈകാതെ മാധ്യമ പ്രതിനിധികള്‍ അത് നേരിട്ട് ഇന്ത്യന്‍ പോലീസിനോട് തന്നെ ചോദിയ്ക്കുവാന്‍ ആരംഭിച്ചു. വൈകാതെ കാണികളും അതേ ചോദ്യം ഏറ്റു പിടിച്ചു.
പേടിച്ചിട്ടായിരിയ്ക്കും എന്നും മറ്റും പറഞ്ഞ് മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ പോലീസിനെ കളിയ്ക്കാന്‍ കൂടി തുടങ്ങിയതോടെ ഇന്ത്യന്‍ പോലീസിന് ഇരിയ്ക്കപ്പൊറുതി ഇല്ലാതായി. ​
അവസാനം സഹികെട്ട് അയാള്‍ എഴുന്നേറ്റു. എന്നിട്ട് അയാള്‍ എല്ലാവരോടുമായി പറഞ്ഞു - "നിങ്ങള്‍ക്കിപ്പോ എന്താ വേണ്ടേ? ഞാനും പോയി ഒരു പുലിയെ പിടിച്ചോണ്ടു വരണം, അത്രയല്ലേ ഉള്ളൂ? ഇപ്പോ തന്നെ പോകാം, പോരേ?"  ഇത്രയും പറഞ്ഞിട്ട്‌ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി, മനസ്സില്ലാ മനസ്സോടെ എന്ന വണ്ണം അയാൾ കാട്ടിലേയ്ക്ക് നടന്നു.​


സമയം കടന്നു പോയ്ക്കോണ്ടിരുന്നു. ഒരു മണിക്കൂര്‍... രണ്ടു മണിക്കൂര്‍... അങ്ങനെ മൂന്നു മണിക്കൂറും കഴിഞ്ഞു. സന്ധ്യ ആകാറായി, കാട്ടില്‍ കുറേശ്ശെ ഇരുള്‍ പരക്കാന്‍ തുടങ്ങി.
സംഘാടകരും മറ്റു മത്സരാർത്ഥികളും ഉത്കണ്ഠാകുലരാകാനും കാണികള്‍ അന്യോന്യം പിറുപിറുക്കാനും  തുടങ്ങി. എല്ലാവരും കൂടി അയാളെ നിര്‍ബന്ധിച്ച് പറഞ്ഞു വിട്ടതാണെന്ന മട്ടില്‍ സംസാരം പരന്നു. മറ്റു രാജ്യങ്ങളിലെ പോലീസ് പ്രതിനിധികള്‍ക്കും കുറ്റബോധം തോന്നിത്തുടങ്ങി. അവര്‍ കൂടി കളിയാക്കിയതു കൊണ്ടാണല്ലോ ഇന്ത്യക്കാരന്‍ താല്പര്യമില്ലാഞ്ഞിട്ടും മത്സരിയ്ക്കാനിറങ്ങിയത്?​


അവസാനം കാണികളില്‍ ചിലര്‍ മുന്നിട്ടിറങ്ങി, സംഘാടകരോട് പൊട്ടിത്തെറിച്ചു. "ഒരാളുടെ ജീവന്‍ വച്ച് കളിയ്ക്കേണ്ടിയിരുന്നില്ല, അയാളെ എല്ലാരും നിര്‍ബന്ധിച്ച്  തള്ളിവിട്ടതല്ലേ, നേരം ഇത്ര കഴിഞ്ഞിട്ടും അയാളുടെ ജീവന് അപകടം വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ എന്തു ചെയ്യും?" എന്നിങ്ങനെ പല തരം ചോദ്യങ്ങള്‍ കേട്ട് സംഘാടകരും പരിഭ്രാന്തരായി.

അവസാനം മറ്റു രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ തന്നെ ഇന്ത്യന്‍ മത്സരാര്‍ത്ഥിയെ അന്വേഷിച്ചിറങ്ങാന്‍ മുന്നിട്ടിറങ്ങി. കാര്യത്തിന്റെ അടിയന്തിരാവസ്ഥ മനസ്സിലാക്കി മുഴുവന്‍ സംഘാടകരും, കാണികള്‍ പോലും തിരച്ചിലില്‍ സഹായിയ്ക്കാനായി ഒപ്പമിറങ്ങി. ഒട്ടും സമയം കളയാതെ എല്ലാവരും കൂടി കാട്ടിലേയ്ക്ക് വച്ചു പിടിച്ചു. കാടു മുഴുവന്‍ അരിച്ചു പെറുക്കാന്‍ തുടങ്ങി. ​


സമയം പിന്നെയും കടന്നു പോയ്ക്കോണ്ടിരുന്നു. എല്ലാവരും ഇന്ത്യന്‍ പോലീസിനെ തിരഞ്ഞു തിരഞ്ഞ് കാട്ടിനകത്തേയ്ക്ക്‌ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്‌. സമയം കടന്നു പോകും തോറും എല്ലാവരുടെ മുഖത്തും നിരാശ പടരാന്‍ തുടങ്ങി. അയാള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകുമെന്ന് തന്നെ ഭൂരിഭാഗം പേരും ഭയന്നു. താല്‍പര്യമില്ലാതിരുന്ന അയാളെ മത്സരിപ്പിയ്ക്കാന്‍ വിടേണ്ടിയിരുന്നില്ലെന്ന് എല്ലാവരും സ്വയം പഴിയ്ക്കാന്‍ തുടങ്ങി.

അപ്പോഴാണ് കുറച്ചപ്പുറത്ത് ചില ആക്രോശങ്ങളും അടിപിടി ശബ്ദങ്ങളും അവര്‍ ശ്രദ്ധിച്ചത്. എല്ലാവരുടെ മുഖത്തും പ്രതീക്ഷകള്‍ തളിരിട്ടു. എല്ലാവരും വേഗം ആവേശത്തോടെ ശബ്ദം കേട്ട ദിക്കു ലക്ഷ്യമാക്കി ഓടി.

അവിടെ ചെന്നപ്പോള്‍ അവര്‍ കണ്ടതെന്താണെന്നോ...

അവിടെ ഒരു ചെറു യുദ്ധം കഴിഞ്ഞ പ്രതീതി, കുറേ ചെടികളും മരങ്ങളുമെല്ലാം ഒടിഞ്ഞും ചതഞ്ഞും കിടപ്പുണ്ട്. മൂലയിലായി ഒരു വലിയ മരത്തില്‍ ഒരു ഭീമന്‍ കരടിയെ ചേര്‍ത്ത് കെട്ടിയിട്ടിരിയ്ക്കുന്നു.​ അവശനായ ആ കരടിയെ തലങ്ങും വിലങ്ങും പ്രഹരിയ്ക്കുകയാണ് നമ്മുടെ ഇന്ത്യന്‍ പോലീസ്.​ അയാളുടെ ഡ്രസ്സും മറ്റും കീറിപ്പറിഞ്ഞിട്ടുണ്ട്. അവിടവിടെയായി രക്തവും. അയാളും ക്ഷീണിച്ചവശനാണ്.​
​ 'ഇയാളെന്താ ഈ കാണിയ്ക്കുന്നത് ' എന്ന അത്ഭുതത്തോടെ, അയാള്‍ ജീവനോടെ ഉണ്ടല്ലോ എന്ന സമാധാനത്തോടെ എല്ലാവരും അയാളുടെ അടുത്തേയ്ക്ക് അടുത്തു.

അപ്പോഴാണ് കരടിയെ പ്രഹരിയ്ക്കുന്നതിനിടയില്‍ അയാള്‍ ആക്രോശിയ്ക്കുന്നത് അവര്‍ വ്യക്തമായി കേട്ടത്..." സത്യം പറഞ്ഞോ... നീ അല്ലേടാ പുലി? നീ തന്നെ അല്ലേടാ പുലി? സമ്മതിച്ചില്ലെങ്കില്‍ നീ ഇവിടുന്ന് ജീവനോടെ പോകില്ല. പറയെടാ, നീ അല്ലേടാ പുലി???"​


എല്ലാവരും ഇതു കേട്ട് സ്തബ്ദരായി. സംഘാടകരില്‍ ചിലര്‍ ബലമായി അടുത്തു ചെന്ന് അയാളെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് ചോദിച്ചു. " താനെന്താ ഈ കാണിയ്ക്കുന്നത്? എന്തിനാ ഈ കരടിയെ ഇങ്ങനെ പിടിച്ച് കൊല്ലാക്കൊല ചെയ്യുന്നത്? തന്നോട് പുലിയെ പിടിയ്ക്കാനല്ലേ പറഞ്ഞത്? അതിനു താന്‍ ഈ കരടിയെ ഇങ്ങനെ ഉപദ്രവിയ്ക്കുന്നതെന്തിനാ?"

ക്ഷീണിത സ്വരത്തില്‍ അയാള്‍ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു. " ഓ... ഞാന്‍ ഈ കാടു മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ഒരൊറ്റ പുലിയെ പോലും കണ്ടില്ല. മുന്‍പേ വന്നവര്‍ എല്ലാത്തിനേം പിടിച്ചെന്നു തോന്നുന്നു. അവസാനമാ ഇവനെയെങ്കിലും കയ്യില്‍ കിട്ടിയത്.  അതു പോട്ടെ, അപ്പഴേയ്ക്കും നിങ്ങളൊക്കെ എന്തിനാ ഇങ്ങു വന്നേ? ഇവന്‍ ഒരു വിധം സമ്മതിച്ചു വന്നതായിരുന്നു, ഇവനാണ് പുലി എന്ന്"

ഇതു കേട്ട് എല്ലാവരും വായും പൊളിച്ച് നില്‍ക്കുമ്പോള്‍ ആ കരടിയെ ഇടിച്ചു സമ്മതിപ്പിയ്ക്കാന്‍ കഴിയാത്ത നിരാശയോടെ അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു.

29 comments:

  1. ശ്രീ said...

    ഇതെന്റെ അനുഭവ കഥ ഒന്നും അല്ല. പണ്ടെങ്ങോ പറഞ്ഞു കേട്ടിട്ടുള്ള ഒരു തമാശ ഇവിടെ പങ്കു വയ്ക്കുകയാണ്.

    കേട്ടിട്ടുള്ളവര്‍ ക്ഷമിയ്ക്കുക, കേള്‍ക്കാത്തവര്‍ ആസ്വദിയ്ക്കുക

  2. kattoor said...

    Good one Sree :)

  3. Pradeep Kumar said...

    അതുതാൻ കേരളാ പോലീസ് ....
    പണ്ടെവിടെയോ കേട്ടിട്ടുണ്ട്
    കഥ രസകരം

  4. ajith said...

    ഇത് താന്‍ടാ പോലീസ്!!

  5. പട്ടേപ്പാടം റാംജി said...
    This comment has been removed by the author.
  6. പട്ടേപ്പാടം റാംജി said...

    കരടിയെ പുലിയാക്കാന്‍ കഴിയുന്നത് നിസ്സാര കാര്യമല്ലല്ലോ.

  7. ശ്രീ said...

    Aneesh KB...
    ആദ്യ കമന്റിനു വളരെ നന്ദി. :)

    Pradeep Kumar...
    അതെയതെ :)

    അജിത്തേട്ടാ...
    ഹഹ, അതു തന്നെ :)

    റാംജി മാഷേ...
    അതു നമുക്കേ പറ്റൂ... അല്ലേ? :)

  8. Muralee Mukundan , ബിലാത്തിപട്ടണം said...

    അതു താൻ കേരളാ പോലീസ് ...!

  9. ജിമ്മി ജോൺ said...

    ശോ, ആ കരടി സമ്മതിച്ചതായിരുന്നു.. എല്ലാരും കൂടെ വന്ന് അത് ഇല്ലാതാക്കി.. :)

    കേരളാ പോലീസിനോടാ കളി.. വേണമെങ്കിൽ ആ കാട്ടിലെ ബാക്കി എല്ലാ മൃഗങ്ങളെയും നമ്മള് പുലിയാക്കി മാറ്റും.. ;)

  10. വിനുവേട്ടന്‍ said...

    ഉന്നതങ്ങളിൽ പിടിപാടുള്ള കരടിയായിരുന്നു... പറഞ്ഞിട്ടെന്ത് കാര്യം... മൊബൈൽ ഫോൺ എടുക്കാൻ മറന്നു പോയി... അതാ ഈ ഗതി വന്നത്.... അല്ലെങ്കിൽ കാണാമായിരുന്നു...

  11. വീകെ said...

    അയാൾ ഒറിജിനൽ മലയാളി ആയിരിക്കില്ല. നാട്ടിന്റെ സ്പന്ദനങ്ങളറിയാത്ത വല്ല പ്രവാസിയെങ്ങാനുമായിരിക്കും...!?
    ആയിരുന്നെങ്കിൽ ആദ്യം കാണുന്ന ഒരു ഓന്തിനേപ്പോലും പുലിയാക്കി മാറ്റി വിജയശ്രീലാളിതനായി വെളിയിൽ വന്ന് ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയേനേ...!!

  12. Sathees Makkoth said...

    ഹ ഹ കൊള്ളാം ശ്രീ. നമ്മുടെ പോലീസ് ആ കരടിയെ എങ്ങനെ പൊക്കി?

  13. പിള്ളേച്ചന്‍‌ said...

    vishaya daridram aayo atho veruthe oru rasathinnu ?

  14. Echmukutty said...

    ശ്രീ ബാംഗ്ലൂരായതുകൊണ്ട് സാരമില്ല..ഇതൊന്നും കേരളാപോലീസ് കേള്‍ക്കണ്ട.. അവരു ശ്രീയെ വരെ പിടിച്ച് പുലിയാക്കും..

  15. ശ്രീ said...

    ബിലാത്തിപട്ടണം...

    അതു താൻ കേരളാ പോലീസ് :)

    ജിമ്മിച്ചാ...
    അതേന്ന്...

    വിനുവേട്ടാ...
    അതു ശരി, അപ്പൊ വിനുവേട്ടന്‍ ആ കരടീടെ ടീമിലാണല്ലേ???
    ;)

    വീകെ മാഷേ...
    ഹഹ, അതും ശരിയാ

    സതീശേട്ടാ...
    ഹഹ, അത്രയെങ്കിലും ഇരിയ്ക്കട്ടേന്നെ
    :)

    പിള്ളേച്ചാ...
    രണ്ടും പപ്പാതി :)

    Echmu ചേച്ചീ...
    അയ്യോ.... മാണ്ട!!!

  16. Unknown said...

    sreeyude madhuramulla mattoru post valare nalukalkku Sesham oru vayana

  17. Er. Rajan C Mathew FIE said...

    ബ്ലോഗെഴുത്ത് രസകരം. അഭിനന്ദനങ്ങള്‍!

  18. ചന്തു നായർ said...

    കഥ തമാശയായിരിക്കാം.........പക്ഷേ ഇതല്ലാ കേരളാ പോലീസ്..... ആശംസകൾ

  19. ചന്തു നായർ said...

    കഥ തമാശയായിരിക്കാം.........പക്ഷേ ഇതല്ലാ കേരളാ പോലീസ്..... ആശംസകൾ

  20. മൈലാഞ്ചി said...

    കേട്ട കഥയാണെങ്കിലും വിശദാംശങ്ങള്‍ ചേര്‍ത്ത് പൊലിപ്പിച്ച് ഭംഗിയാക്കീട്ടുണ്ട്..

    പതിവുപോലെ ശ്രീ റോക്സ്!!!

  21. അക്ഷരപകര്‍ച്ചകള്‍. said...

    കേരളപോലീസിനോടാണോ കളി? പക്ഷെ, ശ്രീ, കേരളാപോലീസ് കേള്‍ക്കണ്ട ഇത് കേട്ടോ. രസകരമായ പോസ്റ്റ്‌. എന്നത്തേയും പോലെ ആസ്വദിച്ചു വായിച്ചു.

  22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ ഹ ഇത് വായിക്കാൻ ഇപ്പൊഴാ ഒത്തത് സോറി

    കാരണം ആപ്പീസിലെ എല്ല പണിയും അവന്മാർ പൂട്ടിച്ചു. വീട്ടിലാണെങ്കിൽ പലപ്പോഴും നെറ്റും ഇല്ല - ഒരു മഴ പത്ത് കിലൊമിറ്റർ ദൂരെ പെയ്യാൻ ആലോചിച്ചാൽ നാലു ദിവസം ഞങ്ങളുടെ നെറ്റ് ലീവാ.

    നമ്മടെ പോലീസിനോടാ കളി അല്ലെ :)

  23. Unknown said...

    കൊള്ളാമല്ലോ ശ്രീ ഈ പുലികഥ..
    രസകരമായി..

  24. Anish Panicker said...

    Vallare yere asvadichu...., good one

  25. ശ്രീ said...

    Anoop S kothanalloor ...
    ഒരുപാടു നാളുകള്‍ക്ക് ശേഷമാണല്ലോ മാഷേ, വീണ്ടും കണ്ടതില്‍ വളരെ സന്തോഷം

    Rajan C Mathew ...
    സ്വാഗതം, നന്ദി മാഷേ

    ചന്തു നായർ ...
    ശരിയാണ്, കഥകളില്‍ മാത്രമേ ഇങ്ങനെയുള്ളൂ.

    മൈലാഞ്ചി ...
    വളരെ നന്ദി ചേച്ചീ

    അമ്പിളി...
    അതെ, അവരറിയണ്ട :)

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    വന്നതില്‍ സന്തോഷം മാഷേ

    Gireesh KS ...
    വായനയ്ക്കും കമന്റിനും നന്ദി

    Anish Panicker ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി

  26. Harinath said...

    ഈ കഥ മുൻപ് കേട്ടിട്ടുള്ളതാണ്‌. എങ്കിലും ഇത്രയും വിശദമായി കേൾക്കുന്നത് ആദ്യമായാണ്‌.
    നല്ല കഥ :)

  27. ലംബൻ said...

    ശ്രീ, ഈ പുലി തന്നെ ആ കരടി :)

  28. Babu said...

    Valare rasakaramaya kadha

  29. സുധി അറയ്ക്കൽ said...

    വേറൊരു തരത്തിൽ കേട്ടിട്ടുണ്ടെങ്കിലും നല്ല രീതിയിലുള്ള എഴുത്ത്‌ കാരണം ആസ്വദിച്ചു.