Thursday, October 10, 2013

പ്രേംജി ഭായ് റോക്കിങ്ങ്...


​ ബിപിസി കോളേജിലെ ലാസ്റ്റ് സെമസ്റ്ററിലെ ഞങ്ങളുടെ ഇലക്ട്രോണിക്സ് ക്ലാസ്സ് റൂം. ക്ലാസ്സ് മൊത്തത്തില്‍ ശബ്ദമുഖരിതമാണ്. ഒരു വശത്ത് എന്തോ ഒരു സര്‍ക്യൂട്ട് ബോര്‍ഡും കയ്യില്‍ പിടിച്ച് സഞ്ജുവിന് എന്തോ പറഞ്ഞു കൊടുക്കുന്ന ജോബി. പതിവു നിസ്സംഗതയോടെ സഞ്ജു അതും കേട്ടു തല കുലുക്കി കൊണ്ട് നില്‍ക്കുന്നു. അപ്പുറത്ത് സുധിയപ്പന്റെ തോളിലൂടെ കയ്യിട്ട് ക്ലാസ്സിലെ പെണ്‍ പ്രജകളോട് എന്തൊക്കെയോ വിവരിയ്ക്കുന്ന ബിബിന്‍. ഒപ്പം സുമേഷുമുണ്ട്. അവര്‍ പറയുന്നത് വ്യക്തമല്ലെങ്കിലും ഇടയ്ക്കിടെ സുധിയപ്പന്റെ ട്രേഡ് മാര്‍ക്ക് അട്ടഹാസം മുഴങ്ങിക്കേള്‍ക്കാം.

BCA ക്ലാസ്സില്‍ നിന്നും ഞങ്ങളെ കാണാനെത്തിയ കുല്ലുവിനെ പിടിച്ചിരുത്തി പാട്ടു പാടിയ്ക്കുന്ന മൂവര്‍ സംഘം 'സുമ - അമ്പിളി - അഞ്ജു'. തൊട്ടപ്പുറത്തെ ബഞ്ചിലിരുന്ന് പുസ്തകത്തില്‍ നോക്കി ജയശ്രീയ്ക്കും ജോക്കിന്‍സിനും എന്തോ പറഞ്ഞു കൊടുക്കുന്ന സ്വീറ്റി. ഇതിനിടെ തന്നെ എന്തോ പറഞ്ഞ് കളിയാക്കിയതു കൊണ്ടാകണം തോമയെ തല്ലാനോടിയ്ക്കുന്ന രൂപ.

"അളിയാ, ഒരു ചെറിയ പ്രശ്നമുണ്ട്... നീയിങ്ങു വന്നേ" പെട്ടെന്ന് എവിടെ നിന്നെന്നില്ലാതെ മത്തന്‍ പ്രത്യക്ഷപ്പെട്ടു.

"എന്താടാ, എന്തു പ്രശ്നം?" ആ ഡയലോഗ് മിക്കപ്പോഴും മത്തന്റെ പതിവു പല്ലവി ആണെന്നറിയാവുന്ന ഞാന്‍ നിര്‍വ്വികാരതയോടെ ചോദിച്ചു.

"നീയിങ്ങു വന്നേ. ആ പരട്ട പ്രേംജി നമുക്കിട്ട് ഒരു പണി തന്നെന്നാ തോന്നുന്നേ. നീയൊന്നു വേഗം വന്നേ" മത്തന്റെ സ്വരം മാറി.

"ആര്? പിള്ളേച്ചനോ? എന്താ എന്തു പറ്റി? പുതിയതായി ഇപ്പോ അവനെന്താ ചെയ്തത്?" എനിയ്ക്ക് കാര്യം പിടി കിട്ടിയില്ല.

"പിന്നല്ലാതാര്? ഇന്നാ, നീ അവനെയൊന്ന് വിളിയ്ക്ക്. അപ്പോ മനസ്സിലാകും കാര്യം. ഞാന്‍ വിളിച്ചാല്‍ വല്ലോം പറഞ്ഞു പോകും" മത്തന്‍ അവന്റെ ഫോണ്‍ എനിയ്ക്കു നീട്ടി.

ആപ്പിള്‍ ഐ ഫോണ്‍! ഇവന്‍ ഈ ഫോണ്‍ എപ്പോ വാങ്ങി എന്ന അത്ഭുതത്തോടെ ഞാന്‍ അതും നോക്കി നില്‍ക്കവേയാണ് പെട്ടെന്ന് ഡിസ്പ്ലേയില്‍ "Pillechan Calling" എന്ന് തെളിഞ്ഞുവന്നതും ഒപ്പം അരോചകമായ ശബ്ദത്തില്‍ അത് റിങ്ങ് ചെയ്തതും.


+++++


ഞാന്‍ ഞെട്ടിയുണര്‍ന്നു. ക്ലാസ്സുമില്ല, മത്തനുമില്ല, ആപ്പിളുമില്ല. എന്റെ പാവം സാംസങ്ങ് അവിടെക്കിടന്ന് അലമുറയിടുന്നുണ്ട്... അത്ര തന്നെ. ഞാന്‍ കയ്യെത്തിച്ച് അലാറം ഓഫാക്കി. മണി ആറായിരിയ്ക്കുന്നു.  വെളുപ്പിനേ കണ്ട ആ സുഖമുള്ള സ്വപ്നത്തിന്റെ ആലസ്യത്തില്‍ അല്പ നേരം കൂടെ അങ്ങനെ കിടന്നു. ആ പഴയ കാലം വീണ്ടും ഒരല്പ നേരത്തേയ്ക്കെങ്കിലും സ്വപ്നത്തിലൂടെയെങ്കിലും തിരികേ ലഭിച്ച സന്തോഷവും ഒപ്പം അക്കാലത്ത് മത്തന്റെ കയ്യില്‍ ഐ ഫോണ്‍ കണ്ടതിലെ വൈരുദ്ധ്യവും ഓര്‍ത്തപ്പോള്‍ ചുണ്ടിലൊരു നേര്‍ത്ത ചിരി വിടര്‍ന്നു.

അപ്പോഴാണ് പിള്ളേച്ചന്റെ മിസ്സ്ഡ് കോളോ മെസ്സേജോ വന്നിട്ടുണ്ടോ എന്ന് നോക്കിയത്. ഇല്ല, ഒന്നുമില്ല. തലേന്ന് രാത്രി ട്രെയിന്‍ കയറും മുന്‍പ് വിളിച്ചതാണ്. രണ്ടു ദിവസത്തെ ബാംഗ്ലൂര്‍ വിസിറ്റിനായി വരുന്നതാണ് കക്ഷി. ഇവിടെ എത്തി, KR പുരത്ത് ഇറങ്ങിയ ശേഷം വരേണ്ട റൂട്ടും ബസ്സ് നമ്പറും ഇറങ്ങേണ്ട സ്ഥലവുമെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. എങ്കിലും ആവശ്യമെങ്കില്‍ വിളിയ്ക്കാമെന്ന് പറഞ്ഞിരുന്നു. ഇനിയും അധികം സമയം കളയേണ്ട എന്ന് കരുതി എഴുന്നേറ്റു. പ്രാഥമിക കൃത്യങ്ങളെല്ലാം തീര്‍ത്ത് കുളിയും കഴിഞ്ഞ് ടി വി ഓണാക്കി വാര്‍ത്തകളും കണ്ടു കൊണ്ട് കുറച്ചു നേരം അവിടെ തന്നെ ഇരുന്നു.

ടിവിയിലേയ്ക്കാണ് നോക്കിക്കൊണ്ടിരുന്നതെങ്കിലും മനസ്സ് കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ കണ്ട ആസ്വപ്നത്തിനെ ചുറ്റിപ്പറക്കുകയായിരുന്നു.  മത്തന്‍ പറഞ്ഞതിലെ "പിള്ളേച്ചന്‍ എന്തോ പണി തന്നു എന്ന് തോന്നുന്നു" എന്ന അവസാന വാചകം വീണ്ടും ഓര്‍മ്മയിലെത്തി. അവന്‍ അക്കാലത്ത് (അതിനു ശേഷവും) പതിവായി എല്ലാവര്‍ക്കും മനപ്പൂര്‍വ്വമോ അല്ലാതെയോ ഓരോ പണി തരാറുണ്ടായിരുന്നെങ്കിലും ഇപ്പഴെന്തേ അങ്ങനെ സ്വപ്നം കാണാന്‍ എന്നാലോചിയ്ക്കുകയായിരുന്നു. മനസ്സ് ഒരു പത്തു വര്‍ഷം പുറകിലേയ്ക്ക് പായുന്നത് ഞാനറിഞ്ഞു... അവിടെ ഒരു ക്ലാസ്സ് റൂം തെളിഞ്ഞു വന്നു, സ്വപ്നത്തില്‍ ഞാന്‍ കണ്ട അതേ ക്ലാസ്സ് റൂം.


+++++


പത്തു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസാവസാനമാണ് കാലം. ഞങ്ങളുടെ  അവസാന സെമസ്റ്ററിലെ അവസാന നാളുകളാണ് കഴിഞ്ഞു പോയ്ക്കൊണ്ടിരിയ്ക്കുന്നത്. എല്ലാവരും കളിയും ചിരിയും തമാശകളുമെല്ലാം മാറ്റി വച്ച് Main Project നെ പറ്റിയും വരാനിരിയ്ക്കുന്ന Course Viva യെ പറ്റിയും തുടര്‍ന്ന് വരുന്ന Last Semester Exam നെ പറ്റിയുമെല്ലാമുള്ള ചര്‍ച്ചകളിലാണ്. Main Project ആണ് പ്രധാന വിഷയം. കാരണം ഭൂരിഭാഗം പേരും പ്രൊജക്റ്റ് വര്‍ക്കിന്റെ പാതി വഴി പോലുമായിട്ടില്ല. സര്‍ക്യൂട്ട് ഡയഗ്രം വരച്ചുണ്ടാക്കുക, അതിനനുസരിച്ച് സര്‍ക്യൂട്ട് ബോര്‍ഡ് ചെയ്തെടുക്കുക, ആവശ്യമായ components എല്ലാം വാങ്ങി ബോര്‍ഡ് റെഡിയാക്കി കൃത്യമായ output കണ്ടെത്തുക തുടങ്ങിയ പണികള്‍ കഴിഞ്ഞിട്ടു വേണം Project Record എഴുതിയുണ്ടാക്കി, അത് ടൈപ്പ് ചെയ്ത പ്രിന്റെടുത്ത് Record Book തയ്യാറാക്കാന്‍. അങ്ങനെ തീര്‍ത്താല്‍ തീരാത്തത്ര പണികളുണ്ട് മിക്കവാറും എല്ലാവര്‍ക്കും.

വളരെ ചുരുക്കം വരുന്ന ചില വിദ്വാന്‍മാര്‍ മാത്രം ഇതിനൊന്നും മിനക്കെടാന്‍ തുനിയാതെ കാശു കൊടുത്ത് project ശരിയാക്കി വച്ചിട്ടുണ്ട്. അന്നെല്ലാം എറണാകുളത്ത് ചില institute കളില്‍ പണം വാങ്ങി project work ചെയ്തു കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു (ഇന്ന് അങ്ങനെ ഉണ്ടോ എന്നറിയില്ല). അങ്ങനെ ഉള്ളവര്‍ പോലും Record Work തീര്‍ത്തിട്ടുണ്ടായിരിയ്ക്കില്ല. ചുരുക്കി പറഞ്ഞാല്‍ എല്ലാവരും ഒരു വിധം തിരക്കിലാണെന്ന് സാരം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.  ക്ലാസ്സില്‍ അദ്ധ്യാപകരാരും എത്തിയിട്ടില്ല. അല്ലെങ്കിലും അവസാന ദിവസങ്ങളായതിനാല്‍ ആയിടയ്ക്ക് പലപ്പോഴും ക്ലാസ്സുണ്ടാകാറില്ല. അപ്പോഴാണ് ജോബിന്‍ സാര്‍ ക്ലാസ്സിലേയ്ക്ക് കയറി വന്നത്.  അന്ന് ഞങ്ങളുടെ അവസാന അദ്ധ്യയന ദിവസമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ കോളേജിലേയ്ക്ക് വരേണ്ടതില്ലെന്നും സാര്‍ പറഞ്ഞു. ജൂണില്‍ നടക്കാനിരിയ്ക്കുന്ന അവസാന സെമസ്റ്റര്‍ എക്സാമിന് തയ്യാറാകുക. അതിനു മുന്‍പ് മെയ് മാസത്തിലെപ്പോഴെങ്കിലും കോഴ്സ് വൈവ ഉണ്ടായിരിയ്ക്കും. അന്ന് Main Project ഉം Project Record ഉം സബ്‌മിറ്റു ചെയ്യണം. അത് എന്ന് വേണമെന്ന് ഞങ്ങള്‍ക്ക് തീരുമാനിയ്ക്കാം (മെയ് മാസത്തില്‍ തന്നെ - അതും എത്രയും വേഗം പറ്റുമോ അത്രയും വേഗം - വേണമെന്ന് മാത്രം). വേഗം എല്ലാവരുമായി ആലോചിച്ച് തീരുമാനിച്ച് തീയ്യതി തന്നെ വന്ന് അറിയിയ്ക്കാന്‍ ക്ലാസ്സ് ലീഡറായിരുന്ന തോമയെ ചുമതലപ്പെടുത്തി സാര്‍ പോയി.

എല്ലാവര്‍ക്കും ആധിയായി. എന്നത്തേയ്ക്ക് പണികളെല്ലാം തീര്‍ക്കാന്‍ പറ്റും? തോമ എല്ലാവരോടുമായി ചോദിച്ചു.എന്തായാലും ഒരു മാസം കഴിഞ്ഞ് മെയ് അവസാന ആഴ്ചയോടെ മതി എന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ആദ്യം പറഞ്ഞ ചുരുക്കം ചിലര്‍ക്ക് മാത്രം എപ്പോഴായാലും കുഴപ്പമില്ല എന്ന ഭാവമാണ്.

തോമയ്ക്കും മെയ് അവസാനം മതി എന്നാണ് ആഗ്രഹം. ഞങ്ങള്‍ തോമയുമായി അതെപ്പറ്റി പറഞ്ഞു കൊണ്ടിരിയ്ക്കുമ്പോള്‍ പിള്ളേച്ചന്‍ അങ്ങോട്ട് വന്നു. "എന്തിന് അത്രയും വൈകിയ്ക്കണം? എത്രയും വേഗം അതങ്ങ് നടത്തുന്നതല്ലേ നല്ലത്" എന്നാണ് പിള്ളേച്ചന്റെ ചോദ്യം. ഭൂരിപക്ഷാഭിപ്രായത്തിനെതിരായതിനാല്‍ ആ അഭിപ്രായം ഞങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല.

അവസാനം മെയ് അവസാനം നടത്താനായി സാറിനോട് പറയാം എന്ന് തീരുമാനമായി. പക്ഷേ അത്രയും നീട്ടാന്‍ സാര്‍ സമ്മതിച്ചില്ലെങ്കിലോ എന്ന് തോമയ്ക്ക് സംശയം. സാറിനെ പറഞ്ഞു സമ്മതിപ്പിയ്ക്കേണ്ടതിന് ഒരു കൂട്ടിനായി അവന്‍ ഞങ്ങളെക്കൂടെ വിളിച്ചു. അങ്ങനെ തോമയും ഗിരീഷും ഞാനും മത്തനും ബിബിനും കൂടി സ്റ്റാഫ് റൂമിലേയ്ക്ക് തിരിച്ചു. സാറിനെ കാണാന്‍ ക്ലാസ്സ് റൂം വിട്ട് പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് "മെയ് ആദ്യ വാരം തന്നെ അതങ്ങ് വച്ചോളാന്‍ പറയെടാ" എന്നും പറഞ്ഞ് വീണ്ടും അങ്ങോട്ട് വന്ന പിള്ളേച്ചനെ പിന്നാലെ ഓടിയെത്തിയ ക്യാപ്റ്റന്‍ എല്‍ദോയും ജേക്കബും ആട്ടിപ്പായിച്ചു.

സ്റ്റാഫ് റൂമിലെത്തി, സാറിനോട് ഞങ്ങള്‍ തീരുമാനിച്ച തീയ്യതിയെ പറ്റി പറഞ്ഞു. മെയ് അവസാനം എന്ന് പറഞ്ഞപ്പോള്‍ അത്രയും നീണ്ടു പോകുന്നതില്‍ സാര്‍ എതിര്‍പ്പ് പറഞ്ഞെങ്കിലും അവസാനം ഞങ്ങളെല്ലാവരും ചേര്‍ന്ന് സാറിനെക്കൊണ്ട് ഒരു വിധത്തില്‍ മെയ് 24 എന്ന തീയ്യതി സമ്മതിപ്പിച്ചു. അങ്ങനെ സമാധാനത്തോടെ ഞങ്ങള്‍ തിരികേ ക്ലാസ്സിലേയ്ക്ക് തിരിച്ചു. പോകും മുന്‍പ് സാര്‍ ഒരു കാര്യം കൂടെ ഞങ്ങളെ പറഞ്ഞേല്‍പ്പിച്ചു - അന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ്സുണ്ടായിരിയ്ക്കുന്നതല്ല എന്ന് ക്ലാസ്സില്‍ എല്ലാവരോടും പറയണം. സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു.

ഞങ്ങള്‍ നേരെ ക്ലാസ്സിലെത്തി തീയ്യതി എല്ലാവരോടുമായി അനൌണ്‍സ് ചെയ്തു. എല്ലാവര്‍ക്കും സമാധാനമായി. ഒപ്പം ഇനി ആരും ശ്രദ്ധിയ്ക്കാതെ പോകണ്ട എന്നു കരുതി തോമ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ "Project Submission Date: May 24" എന്ന് എഴുതി വയ്ക്കുകയും ചെയ്തു. (മാത്രമല്ല, അന്നത്തെ ദിവസം ക്ലാസ്സില്‍ വരാത്തവര്‍ ആരെങ്കിലും ഇതിനിടയ്ക്ക് എന്നെങ്കിലും വീണ്ടും ക്ലാസ്സില്‍ വന്നാല്‍ അവര്‍ക്ക് അറിയുകയും ചെയ്യാം).

​ഒരു മാസം കൂടി സമയം കിട്ടിയ ആശ്വാസത്തില്‍ എല്ലാവരും അന്ന് ബാക്കിയുള്ള സമയം ചിരിയും കൊച്ചുവര്‍ത്തമാനങ്ങളുമായി സമയം കളയുന്നതില്‍ മുഴുകിയിരിയ്ക്കേ ബെല്ലടിച്ചു, സമയം ഉച്ചയായി. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവരെല്ലാം അപ്പോള്‍ തന്നെ ബാഗുമെടുത്ത് യാത്രയായി, എത്രയും വേഗം അവര്‍ക്ക് വീട്ടിലെത്താമല്ലോ. ഞങ്ങള്‍ കുറച്ചു പേര്‍ താമസിയ്ക്കുന്നത് കോളേജിന് അടുത്തു തന്നെ ആയിരുന്നതിനാല്‍ സാധാരണയായി എല്ലാവരും പോയ ശേഷമേ ഞങ്ങള്‍  ക്ലാസ്സില്‍ നിന്നും (കോളേജ് പരിസരത്തു നിന്നു തന്നെയും) പോകാറുമുള്ളൂ. മനസ്സമാധാനത്തോടെ എല്ലാവരും കാന്റീനില്‍ ഭക്ഷണം കഴിയ്ക്കാനായി ഇറങ്ങി. ​


​ ഭക്ഷണമെല്ലാം കഴിഞ്ഞ് തിരികേ ക്ലാസ്സിലെത്തുമ്പോള്‍ ക്ലാസ്സ് മുറി ഒരു വിധം ശൂന്യമായിക്കഴിഞ്ഞു. അമ്പതു പേരുണ്ടായിരുന്ന ക്ലാസ്സില്‍ ബാക്കിയുള്ളത് മൂന്നു നാലു പെണ്‍കുട്ടികളുള്‍പ്പെടെ ആകെ പത്തു പന്ത്രണ്ടു പേര്‍. ​

അവരും പോകാനൊരുങ്ങുകയാണ്. എന്തായാലും ഒരു മാസത്തോളം ഗ്യാപ്പ് കിട്ടിയ സ്ഥിതിയ്ക്ക് മൂന്നു നാലു ദിവസം വീട്ടില്‍ പോയി നിന്നിട്ട് തിരിച്ചെത്തി, ബാക്കി Project works തീര്‍ത്താല്‍ മതിയല്ലോ എന്നായിരുന്നു അപ്പോള്‍ ഞാനാലോചിച്ചു കൊണ്ടിരുന്നത്. അക്കാര്യം ഞാന്‍ എന്റെ ടീമിലുള്ളവരോട് സംസാരിയ്ക്കുകയായിരുന്നു. (മെയിന്‍ പ്രൊജക്റ്റ് നാലു പേരടങ്ങുന്ന ഓരോ ടീമുകളായിട്ടാണ് ചെയ്യേണ്ടിയിരുന്നത്).​


​ അവര്‍ക്കും അങ്ങനെ ഒരു ആലോചന ഇല്ലാതിരുന്നില്ല. അങ്ങനെയാണെങ്കില്‍ അന്ന് വൈകീട്ട് നാട്ടില്‍ പോയി മൂന്നാലു ദിവസത്തിനു ശേഷം എല്ലാവരും തിരിച്ചെത്തി, വീണ്ടും ഒരുമിച്ചു കൂടാം എന്ന് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിയ്ക്കെ പെട്ടെന്ന് പിള്ളേച്ചന്‍ ക്ലാസ്സിലേയ്ക്ക് കയറി വന്നു. ​കഴുകിയ  ചോറ്റു പാത്രം കയ്യില്‍ കണ്ടതിനാല്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയതാണെന്ന് വ്യക്തം.

​ വന്ന പാടേ പിള്ളേച്ചന്‍ ആരെയും ശ്രദ്ധിയ്ക്കാതെ നേരെ പ്ലാറ്റ് ഫോമിലേയ്ക്ക് കയറി മേശപ്പുറത്തു നിന്ന് ചോക്കെടുത്ത് ബോര്‍ഡിലെ "മെയ് 24" എന്ന തീയ്യതി മായ്ച്ച് "മെയ് 2" എന്നാക്കി. എന്നിട്ട് തിരിച്ചിറങ്ങി, അവന്റെ ബാഗിനടുത്തേയ്ക്ക് നടന്നു.


​​"ഡാ ലൂണേ... എന്തുവാടാ ഈ കാണിയ്ക്കുന്നത്? നീയെന്തിനാ ആ ഡേറ്റ് മാറ്റി എഴുതി വച്ചത്?" ജോബി അവനോട് ചോദിച്ചു [ഈ "ലൂണ" എന്ന വിളി അക്കാലത്ത് ഞങ്ങളുടെ കോളേജിലെ ചിരപരിചിതമായ ഒരു വാക്കായിരുന്നു. മണ്ടന്‍ എന്നര്‍ത്ഥം].

ആ ചോദ്യം അത്ര ഇഷ്ടപ്പെടാതിരുന്നിട്ടോ എന്തോ പിള്ളേച്ചന്‍ പ്രതികരിച്ചില്ല.​ അവന്‍  പുസ്തകവും ചോറ്റുപാത്രവുമെല്ലാം ബാഗില്‍ വയ്ക്കുന്ന തിരക്കിലാണ്.​

 "എടാ നിന്നോടല്ലേ ചോദിച്ചത്? നിനക്ക് മറുപടി പറഞ്ഞു കൂടേ? എന്തിനാടാ ബോര്‍ഡിലെ ഡേറ്റ് മായ്ച്ച് എഴുതിയത്? ബാക്കിയുള്ളവരെ കണ്‍ഫ്യൂഷനാക്കാനോ?"​ മത്തന്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.​


​"അതേടാ, അതിനു തന്നെയാ... എന്തേയ്?" പിള്ളേച്ചന്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു.​


​ 'ഇവനെ എന്താ ചെയ്യണ്ടേ' എന്നും പറഞ്ഞ് എഴുന്നേല്‍ക്കാനൊരുങ്ങിയ മത്തനെ സുമയും സ്വീറ്റിയുമെല്ലാം ചേര്‍ന്ന് തടഞ്ഞു. അവരിലാരോ ബോര്‍ഡിനടുത്തു തന്നെ നിന്നിരുന്ന തോമയോട് പറഞ്ഞു "എടാ തോമാ, അത് വീണ്ടും തിരുത്തി 24 എന്നു തന്നെ ആക്കിയേക്ക്. ഇല്ലെങ്കില്‍ അടുത്ത ദിവസം എങ്ങാനും ഇവിടെ വരുന്നവര്‍ക്ക് ചിലപ്പോള്‍ കണ്‍ഫ്യൂഷനാകും"

​"ശരിയാ" ഞാനും അവരെ പിന്തുണച്ചു.

​ തോമ വീണ്ടും ബോര്‍ഡ് മായ്ച്ച് എഴുതാന്‍ തുനിയുന്നത് കണ്ട്​​ പിള്ളേച്ചന്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു "എടാ, അത് മായ്ക്കരുത്. ഞാനെഴുതിയത് നേരാണ്. Project Submission Date മെയ് 2 ന് തന്നെയാണ്".

"എന്ത്? മെയ് 2 എന്ന് ആരു പറഞ്ഞു?" പെണ്‍കുട്ടികളുള്‍പ്പെടെ എല്ലാവരും കോറസ്സായി ചോദിച്ചു.

"ഞാന്‍ പറഞ്ഞു... എന്താ പോരേ? വേണമെങ്കില്‍ എല്ലാവരും മര്യാദയ്ക്ക് അന്ന് വന്ന് Project സബ്‌മിറ്റ് ചെയ്ത് വൈവയും അറ്റന്റ് ചെയ്ത് പൊയ്ക്കോ. അവസാനം ഞാന്‍ പറഞ്ഞില്ല എന്നു വേണ്ട" പിള്ളേച്ചന്റെ സ്വരത്തില്‍ പുച്ഛ രസം.

"പിന്നെ... അത് നീയാണോ തീരുമാനിയ്ക്കുന്നത്? നീയെന്താ ഞങ്ങളെ കളിയാക്കുകയാണോ?" സുധിയപ്പന്‍ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.

"ഞാനല്ല, ജോബിന്‍ സാര്‍ തന്നെയാണ് പറഞ്ഞത്. എന്നോട് എല്ലാവരോടും പറയാന്‍ പറഞ്ഞു. ഇനി ഞാന്‍ പറഞ്ഞില്ല എന്ന് പറയരുത്"

പിള്ളേച്ചന്റെ മറുപടി കേട്ട് എല്ലാവരും അമ്പരന്നു. 'ഇവനെന്താണ് ഈ പറയുന്നത്. കുറച്ചു മുന്‍പല്ലേ ഞങ്ങള്‍ സാറിനെ കണ്ട് മെയ് 24 എന്ന തീയതി ഉറപ്പിച്ചത്.' ഞങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായി.

മറ്റുള്ളവര്‍ പിള്ളേച്ചനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ സുമ വന്ന് ഞങ്ങളുടെ അടുത്തെത്തി പറഞ്ഞു - 'എടാ, നിങ്ങള്‍ വേഗം സാറിനെ കണ്ട് ഒന്നു ചോദിയ്ക്ക്... ഇവനെന്തൊക്കെയാണ് ഈ പറയുന്നത് എന്ന്" 

​"ശരിയാ... വാടാ" ഞാന്‍ തോമയെയും മത്തനെയും പിടിച്ചു വലിച്ച് താഴേയ്ക്ക് ഓടി.​
​ നേരെ സ്റ്റാഫ് റൂമിലെത്തി സാറിനെ കണ്ടു. ഞങ്ങളുടെ മുഖത്തെ പരിഭ്രമമെല്ലാം കണ്ട് സാര്‍ കാര്യമന്വേഷിച്ചു. ​


ഞാന്‍ സാറിനോട് ചോദിച്ചു "സാര്‍ മെയ് 24 ന് തന്നെയല്ലേ Project Submission Date?"

​ സാറിനും ആശയക്കുഴപ്പം പോലെ. ഞങ്ങളെ മാറി മാറി നോക്കി സാര്‍ പറഞ്ഞു - "അല്ലടോ നിങ്ങളുടെ ക്ലാസ്സിലെ ആ കണ്ണട വച്ച കുട്ടിയില്ലേ, അയാള്‍ വന്നു പറഞ്ഞു, മെയ് 24 മിക്കവര്‍ക്കും സമ്മതമല്ല എന്ന്, മാത്രമല്ല എല്ലാവരും പ്രൊജക്റ്റ് വര്‍ക്കെല്ലാം കഴിഞ്ഞ് ഇരിയ്ക്കുകയാണ്, എത്രയും വേഗം അത് സബ്‌മിറ്റ് ചെയ്ത് വൈവയും കഴിഞ്ഞാല്‍ പിന്നെ ബാക്കി സമയം ഫൈനല്‍ എക്സാമിനു വേണ്ടി തയ്യാറെടുക്കാം എന്നൊക്കെ. ​​ക്ലാസ്സിലെ എല്ലാവരും സമ്മതിച്ച പുതിയ തീയതി എന്നും പറഞ്ഞ് 'മെയ് 2' എന്ന ദിവസം അയാള്‍ തന്നെയാണ് എന്നോട് പറഞ്ഞത്"​


​ ഇതു കേട്ട് ഞങ്ങള്‍ ഞെട്ടി. "അയ്യോ സാര്‍, അത് ക്ലാസ്സിലെ എല്ലാവരും എടുത്ത തീരുമാനമല്ല, അവന്റെ മാത്രം തീരുമാനം ആയിരിയ്ക്കും. അവിടെ ഭൂരിഭാഗം പേരുടേയും പകുതി പണിയേ കഴിഞ്ഞിട്ടുള്ളൂ. ​​ഞങ്ങള്‍ക്ക് മെയ് 24 നു തന്നെ മതി.​​" ഞങ്ങള്‍ ഒരുമിച്ച് പറഞ്ഞു.

​​ ഒരു നിമിഷം മിണ്ടാതെ ഇരുന്ന ശേഷം സാര്‍ പറഞ്ഞു "എന്ത്? ശരിയാണോ? എന്നാല്‍ അബദ്ധം പറ്റിയല്ലോ. മെയ് 2 എന്ന തീയ്യതി ഓകെയാണ് എന്നെഴുതി ഞാന്‍ റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റിയിലേയ്ക്ക് കൊടുത്തു വിട്ടു കഴിഞ്ഞു.ഇനി അത് മാറ്റാന്‍ പറ്റില്ല. നിങ്ങളെന്താ ഇത്രയും ലേറ്റായത്? ഉച്ചയ്ക്ക് മുന്‍പ് തന്നെ പറയാമായിരുന്നില്ലേ?​​"

ഞങ്ങള്‍ സ്തബ്ദരായി. " അതിന് അവന്‍ ഇപ്പോഴാണ് ക്ലാസ്സില്‍ വന്ന് കാര്യം പറഞ്ഞത്. മാത്രമല്ല, ഒരു വിധം എല്ലാവരും പോയിക്കഴിഞ്ഞു."

​​ "ങ് ഹേ! അതെന്താ അയാള്‍ അങ്ങനെ ചെയ്തത്? അയാള്‍ കുറേ മുന്‍പാണല്ലോ ഇവിടെ വന്ന് അതെല്ലാം പറഞ്ഞിട്ട് പോയത്. എല്ലാവരേയും അപ്പോള്‍ തന്നെ അറിയിയ്ക്കാം എന്ന് ഏറ്റിട്ടാണ് അയാള്‍ പോയതും. ഇനി ഇപ്പോള്‍ ഒന്നും ചെയ്യാനില്ല. മാസാവസാനമായതിനാല്‍ റിപ്പോര്‍ട്ട് വേഗം കൊടുത്തയച്ചതാണ്. ഇനി തിരുത്താന്‍ നിവൃത്തിയില്ല. നിങ്ങള്‍ എങ്ങനെയെങ്കിലും എല്ലാവരെയും മെയ് 2 എന്ന പുതിയ ദിവസം അറിയിയ്ക്ക്. എന്നിട്ട് അന്നേ ദിവസം Project ഉം Record ഉം എല്ലാം തയ്യാറാക്കി വരാന്‍ പറയൂ".

​​ഞങ്ങള്‍ ഒന്നും മിണ്ടാനാകാതെ കുറച്ചു നിമിഷങ്ങള്‍ അവിടെ നിന്നു. പിന്നീട് പതുക്കെ തിരിച്ചു നടന്നു.​​ ക്ലാസ്സിലെത്തുമ്പോള്‍ വീട്ടില്‍ പോകാനൊരുങ്ങി നിന്ന പിള്ളേച്ചനെ തടഞ്ഞു നിര്‍ത്തി,  വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടിരിയ്ക്കുകയായിരുന്ന ജോബിയും സുധിയുമെല്ലാം കാര്യമറിയാന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ​


​ഞങ്ങള്‍ ആരെങ്കിലും എന്തെങ്കിലും പറയും മുന്‍പ് മത്തന്‍ മുന്നോട്ടാഞ്ഞ് പിള്ളേച്ചന്റെ മുഖത്ത് ഒന്നു പൊട്ടിയ്ക്കുകയാണ് ചെയ്തത്. ​​ഞാനവനെ പിടിച്ചു മാറ്റിയെങ്കിലും ആ അടി ചെറുതായി പിള്ളേച്ചന് ഏറ്റു. മത്തന്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.

"​​ ഇവനാടാ... ഇവനാണ് ഈ പണി മുഴുവന്‍ ഒപ്പിച്ചത്. മെയ് 24 എന്ന് സാര്‍ സമ്മതിച്ച ദിവസം മാറ്റി, നമ്മളെല്ലാം മെയ് 2 എന്ന ദിവസത്തേയ്ക്ക് റെഡിയാണ് എന്ന് ഇവനാണ് സാറിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഈ &$@;%$#@... ഇവനെ ഇന്ന് ഞാന്‍..."​​ മത്തന്റെ കലിയടങ്ങുന്നില്ല.

​​ വീണ്ടും പിള്ളേച്ചനെ അടിയ്ക്കാനോങ്ങിയ മത്തനെ ഒരു വിധട്ത്തില്‍ അവിടെ നിന്ന് പിടിച്ചു മാറ്റി തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഭീകര്‍ജി എന്ന് ഞങ്ങള്‍ (സ്നേഹത്തോടെ) വിളിയ്ക്കുന്ന അനൂപും തോമയും സുധിയും ജോബിയും എല്ലാം പിള്ളേച്ചനോട് തട്ടിക്കയറുന്നതാണ്. ​
​ രംഗം പന്തിയല്ല എന്ന് കണ്ട ഞാന്‍ അപ്പോള്‍ തന്നെ സുമേഷിന്റെയും ക്യാപ്റ്റന്റെയും  സഹായത്തോടെ അവരെ പിടിച്ച് മാറ്റി. പിള്ളേച്ചനോട് തല്‍ക്കാലം എങ്ങും തങ്ങാതെ വേഗം വീട്ടില്‍ പൊയ്ക്കോളാന്‍ പറഞ്ഞയച്ചു.​


​ ഏറെ നേരം വേണ്ടി വന്നു എല്ലാവര്‍ക്കും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍... അവസാനം ഇനിയെന്തു വേണം എന്നാലോചിയ്ക്കാന്‍ തുടങ്ങി. അന്നത്തെ കാലത്ത് മൊബൈലുകള്‍ ചിത്രത്തിലേയില്ല, ലാന്റ് ഫോണില്‍ ഓരോരുത്തരെയായി വിളിച്ച് കാര്യം പറയാതെ മറ്റു മാര്‍ഗ്ഗമില്ല.​​ ഭാഗ്യത്തിന് എല്ലാവരുടെയും അഡ്രസ്സും ഫോണ്‍ നമ്പറും എന്റെ കയ്യിലുണ്ടായിരുന്നു [കോളേജില്‍ നിന്ന് വിട പറയും മുന്‍പ് ഒരു അഡ്രസ്സ് ഡയറക്റ്ററി തയ്യാറാക്കാനായി എല്ലാവരുടെയും അഡ്രസ്സും കോണ്ടാക്റ്റ് നമ്പറും ശേഖരിച്ചത് ഉപകാരമായി]. ​


അങ്ങനെ താഴെ കോളേജ് ജംക്ഷനില്‍ പോയി രണ്ടു സെറ്റായി തിരിഞ്ഞ് മണി ചേട്ടന്റെയും ഷാലി ചേട്ടന്റെയും കടകളിലെ ബൂത്തില്‍ നിന്നായി എല്ലാവരെയും പുതുക്കിയ തീയതി വിളിച്ചു പറയാനായി ഞങ്ങള്‍ പുറപ്പെട്ടു. ലേഡീസ് ഹോസ്റ്റലില്‍ അറിയിയ്ക്കുന്ന കാര്യം ക്ലാസ്സിലുണ്ടായിരുന്ന സ്വീറ്റിയെ ഏല്‍പ്പിച്ചു. അങ്ങനെ സംഭവം എല്ലാവരെയും ഒരു വിധം അറിയിച്ചു. ​​ഇതില്‍ പലരും ആദ്യം തട്ടിക്കയറിയത് വിളിച്ചു വിവരം പറഞ്ഞ ഞങ്ങളോടായിരുന്നു എന്നതാണ് ഞങ്ങള്‍ നേരിട്ട മറ്റൊരു വിഷമം [ഇന്ന് ആലോചിയ്ക്കുമ്പോള്‍ രസകരമായി തോന്നുന്നുവെങ്കിലും].

​എന്തായാലും പിന്നീടങ്ങോട്ടുള്ള ഒരാഴ്ച വിശ്രമമില്ലാതെ കഷ്ടപ്പെട്ട്, ഒരുമിച്ച് പരിശ്രമിച്ച് എല്ലാവരും യുദ്ധകാലാടിസ്ഥാനത്തില്‍ Project Work മുഴുമിപ്പിച്ചു. ​ഞങ്ങളെല്ലാം നാട്ടില്‍ പോകുന്ന പ്ലാനെല്ലാം ഉപേക്ഷിച്ചു എന്ന് മാത്രമല്ല, ശനിയും ഞായറും പോലും വിടാതെ തുടര്‍ന്നുള്ള ഒരാഴ്ച മുഴുവനും കോളേജിലെത്തി ഒരുമിച്ച് ശ്രമിച്ചിട്ടാണ് സമയത്ത് project ഉം record ഉം submit ചെയ്യാന്‍ സാധിച്ചത്.​​ അങ്ങനെ മെയ് 2 ന് Project Submission നും വൈവയും കഴിഞ്ഞ ശേഷമാണ് ഞങ്ങളെല്ലാം ഒന്നു നേരെ ശ്വാസം വിട്ടത്.​



അന്ന് ഒരാഴ്ചയ്ക്ക് ശേഷം പിള്ളേച്ചനുമായി സംസാരിയ്ക്കാന്‍ കിട്ടിയ ഒരു അവസരത്തിലാണ് ഞാന്‍ ഒരു കാര്യം മനസ്സിലാക്കുന്നത്.​​ പിള്ളേച്ചന്‍ അതിനടുത്ത ദിവസം പൂനെ യ്ക്ക് പോകുകയാണത്രെ. അവിടെ അവന് എന്തോ exam ഉണ്ടു പോലും. അവന്റെ ചേട്ടന്‍ പറഞ്ഞിട്ട് പോകുന്നതാണ്. പോകേണ്ട തീയതിയും കാര്യങ്ങളുമെല്ലാം മുന്‍പേ അറിഞ്ഞിരുന്നു. മെയ് 3 ന് പോകാനായി ടിക്കറ്റു പോലും എടുത്തു കഴിഞ്ഞു. അപ്പോള്‍ മെയ് 2 ന് കോളേജിലെ ഇടപാടുകളെല്ലാം തീര്‍ത്തു പോയാല്‍ സമാധാനമായി അവന് പൂനെയ്ക്ക് പരീക്ഷ എഴുതാന്‍ പുറപ്പെടാമല്ലോ.​ ചുരുക്കി പറഞ്ഞാല്‍ അവന്റെ ഒരൊറ്റയാളുടെ സ്വാര്‍ത്ഥ താല്പര്യം മാത്രം നോക്കിയായിരുന്നു ക്ലാസ്സിലെ ബാക്കി 49 പേര്‍ക്കും പിള്ളേച്ചന്‍ അങ്ങനെ ഒരു പാര വച്ചത്.​

 ഞാന്‍  തല്‍ക്കാലം അത് ആരോടും പറഞ്ഞുമില്ല. അന്നത്തെ അവസ്ഥയില്‍ ഈ വിവരം കൂടെ അറിഞ്ഞാല്‍ ക്ലാസ്സിലെ മറ്റുള്ളവര്‍ എങ്ങനെയാകും അവനോട് പ്രതികരിയ്ക്കുക എന്ന് ഏതാണ്ട് ഒരു ഊഹമുണ്ടായിരുന്നു. അതു കേട്ടപ്പോള്‍ എനിയ്ക്കും അവനോടുള്ള ദേഷ്യം ഇരട്ടിച്ചുവെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.


+++++​


​ ഇന്ന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവം ഓര്‍മ്മ വന്നപ്പോള്‍ അന്ന് ആലോചിച്ച് ടെന്‍ഷന്റിച്ചതും ശ്വാസം പോലും വിടാന്‍ സമയമ്ല്ലാതെ ഓടി നടക്കേണ്ടി വന്ന ആ ഒരാഴ്ചക്കാലം ഓര്‍മ്മ വരുന്നത് ചുണ്ടിലൊരു പുഞ്ചിരിയോടെയാണ്. ഒന്നുമില്ലെങ്കിലും ഒരാഴ്ച ക്ലാസ്സിനെ മുഴുവനും കഷ്ടപ്പെടുത്താന്‍ കാരണക്കാരനായെങ്കിലും ആ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും പ്രൊജക്റ്റ് മുഴുമിപ്പിയ്ക്കാന്‍ സാധിച്ചത് അവന്റെ ആ ഇടപെടലുകള്‍ കൊണ്ടായിരുന്നല്ലോ.​

അങ്ങനെ ഓരോന്ന് ഓര്‍ത്തിരിയ്ക്കുമ്പോഴേയ്ക്കും മൊബൈല്‍ റിങ്ങ് ചെയ്തു. പിള്ളേച്ചനാണ്. ഇവിടെ ബസ്സിറങ്ങി കാത്തു നില്‍പ്പുണ്ടത്രെ. അവനെ കൂട്ടിക്കൊണ്ടു വരാനായി ബൈക്കുമെടുത്ത് ഇറങ്ങുമ്പോഴും ഞാനാലോചിയ്ക്കുകയായിരുന്നു... പിന്നെയും എത്രയോ തവണ പിള്ളേച്ചന്‍ ഞങ്ങള്‍ക്ക് ഒന്നിനു പിറകെ ഒന്നായി ഓരോ പണികള്‍ തന്നിരിയ്ക്കുന്നു... [അന്നത്തെ ആ സംഭവങ്ങള്‍ക്ക് ശേഷം തുടര്‍ന്നങ്ങോട്ട് നാലഞ്ചു വര്‍ഷങ്ങള്‍ കൂടി പിള്ളേച്ചന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. തഞ്ചാവൂരില്‍ പഠിയ്ക്കാനായി 2 വര്‍ഷവും പിന്നീട് ബാംഗ്ലൂരില്‍ വന്ന ശേഷം എനിയ്ക്കൊപ്പം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കൂടിയും]

ഇത്രയും നാളുകള്‍ കൊണ്ട്  എല്ലാവര്‍ക്കും എന്തെല്ലാം മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. പലരും പല മേഖലകളില്‍ പലയിടങ്ങളിലായി കഴിഞ്ഞു. എങ്കിലും സ്വന്തം വ്യക്തിത്വത്തില്‍ നല്ല രീതിയില്‍ ഏറ്റവും മാറ്റം വന്ന വ്യക്തി പിള്ളേച്ചന്‍ തന്നെയായിരിയ്ക്കും എന്നുറപ്പാണ്.​ അത് പത്തു വര്‍ഷം മുന്‍പത്തെ പിള്ളേച്ചനെയും ഇന്നത്തെ പിള്ളേച്ചനെയും അറിയുന്നവര്‍ സമ്മതിച്ചു തരാതിരിയ്ക്കില്ല [പത്തു വര്‍ഷം മുന്‍പത്തെ സുഹൃത്തുക്കള്‍ക്ക് പിള്ളേച്ചന്‍ എന്ന പേരിനേക്കാള്‍ പരിചയം പ്രേംജി എന്ന പേരായിരിയ്ക്കും.] ആ മാറ്റത്തിനു പുറകിലെ പ്രധാന കാരണം തഞ്ചാവൂരിലെ 2 വര്‍ഷക്കാലത്തെ ഞങ്ങളോടൊന്നിച്ചുള്ള സഹവാസം ആയിരുന്നു എന്ന് പിള്ളേച്ചന്‍ തന്നെ  പലരോടായി പറയുന്നത് കേള്‍ക്കുമ്പോള്‍... പലരും നിരുത്സാഹപ്പെടുത്തിയിട്ടും അവനെ ഞങ്ങളുടെ സുഹൃദ് വലയത്തിലേയ്ക്ക് ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് അന്ന് തോന്നിയത് വെറുതേയായില്ലല്ലോ എന്ന് ഞങ്ങള്‍ സന്തോഷിയ്ക്കുന്നു.

33 comments:

  1. ശ്രീ said...

    2009 വരെ ബാംഗ്ലൂര്‍ ഉണ്ടായിരുന്ന പിള്ളേച്ചന്‍ 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു short visit നായി കഴിഞ്ഞ ആഴ്ച വീണ്ടുമെത്തിയിരുന്നു. ആ വരവിനോടനുബന്ധിച്ച് പിള്ളേച്ചന്‍ നായകനായ അല്ല, വില്ലനായ ഒരു പഴയ അനുഭവം ഓര്‍ത്തെടുത്തതാണ് ഇത്.

    പ്രേംജി ഭായ് റോക്കിങ്ങ്...

  2. ഉണ്ടാപ്രി said...

    "ഇവിടെ എത്തി, KR പുരത്ത് ഇറങ്ങിയ ശേഷം വരേണ്ട റൂട്ടും ബസ്സ് നമ്പറും ഇറങ്ങേണ്ട സ്ഥലവുമെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. എങ്കിലും ആവശ്യമെങ്കില്‍ വിളിയ്ക്കാമെന്ന് പറഞ്ഞിരുന്"

    പിള്ളേച്ചന്റെ നമ്പറെങ്കിലും താ...
    KR പുരത്തെത്തുന്ന കാര്യം നുമ്മളേറ്റു.

  3. ജോബി|| Joby said...

    Good post.. sharikkum aa kaalam ormma vannu.. Thanks da

  4. അഭി said...

    പിള്ളേച്ചൻ റോക്ക്സ്

  5. Unknown said...

    Sree.. i remember most of the characters in this story.. Mathan - is saiju right? but who is pillecham - i dont remember.

  6. ജിമ്മി ജോണ്‍ said...

    പിള്ളെച്ചൻ അന്ന് പണി തന്നെങ്കിലും പ്രൊജക്റ്റ് കൃത്യസമയത്ത് തന്നെ തീർന്നില്ലേ.. :)

    അന്ന് വില്ലനായിരുന്ന പിള്ളേച്ചൻ നായകനായിത്തീർന്ന കഥകൾക്കായി കാത്തിരിക്കുന്നു.. അതുംകൂടെ പോന്നോട്ടെ..

    കൂടെ പഠിച്ചവരുടെ അഡ്രസ് ഡയറി സൂക്ഷിക്കാൻ തോന്നിയ ആ ബുദ്ധി ഇഷ്ടപ്പെട്ടു..

  7. Unknown said...

    Adipoli shobhichaa, aanu avan rakshapettathu bhagyam. Annathe mathante swabhavam vechu namukku pitte divasam public holiday aayene

  8. Unknown said...

    Adipoli shobhichaa, aanu avan rakshapettathu bhagyam. Annathe mathante swabhavam vechu namukku pitte divasam public holiday aayene

  9. പിള്ളേച്ചന്‍‌ said...

    Premji ye pillechan akki mattiya katha.. It took two years. During my stay with them, I was so upset sometimes, felt happy some other time. But at the end of the day, I am proud to part of FRIENDS room at Whitehouse Tanjore after these years.

    If I were Premji, I would have failed miserably in my life after my college. With their stay, I was able to mingle, face and handle situations to some extent which I dont had if I were Premji.

    Frankly speaking, I dont know whether I am hero or villain. However, I become a good human being after my stay with FRIENDS in Tanjore and Bangalore.

  10. പിള്ളേച്ചന്‍‌ said...

    Ennikku eppollum manasillakkathathu, enne ningallude roomil ( in Tangore) thamasippikkan samathicha dairyam aparam thanne.

    Ennikku eppollum utharam kittatha chodyam annu. If I were at ur position, I will not let Premji to stay with them.

  11. വിനുവേട്ടന്‍ said...

    പോസ്റ്റ് കണ്ടപ്പോൾ ഇത് എന്ന് വായിച്ച് തീരും എന്നൊരു സന്ദേഹമുണ്ടായിരുന്നു... പക്ഷേ, ഒട്ടും വിരസതയില്ലാതെ ആകാംക്ഷയോടെ രസിച്ച് വായിച്ചു... ക്യാമ്പസ് ജീവിതത്തിലെ ഇത്തരം രംഗങ്ങൾ ഒരു മുതൽക്കൂട്ട് തന്നെയാണ്... ഒരിക്കലും തിരികെയെത്താത്ത ആ ഓർമ്മകൾ അയവിറക്കാൻ എന്ത് രസമാണല്ലേ ശ്രീ...?

    വളരെ ഇഷ്ടമായി ഈ പോസ്റ്റ്...

  12. വീകെ said...

    പാരകളിലെ ഓർമ്മകൾ അയവിറക്കിയത് നന്നായിരിക്കുന്നു..

    എന്നാലും തനിക്കു വേണ്ടിമാത്രം 49 പേരേയും വഞ്ചിക്കാൻ മനസ്സുണ്ടായ ആ ചിന്താഗതിക്ക് മാപ്പില്ല. അവസാനം നിങ്ങൾ കുറച്ചു പേരൊഴികെയുള്ളവരെല്ലാം കോളേജ് വിട്ടു പോയിരിക്കുമെന്ന് അറിയാമായിരുന്നിട്ടും, അവരെ കണക്കിലെടുക്കാതെ തന്നത്താനെടുത്ത തീരുമാനം വളരെ വൈകി അറിയിച്ചതും ക്രൂരമായ ചതിയായിപ്പോയി...

  13. ശ്രീ said...

    ഉണ്ടാപ്രി ...
    ആദ്യത്തെ കമന്റിന് നന്ദി :) ഒപ്പം പോസ്റ്റിന്റെ വലിപ്പക്കൂടുതലിന് എല്ലാവരോടും ക്ഷമ ചോദിയ്ക്കുന്നു

    വഴി എല്ലാം പറഞ്ഞു തരാം, പിള്ളേച്ചനെ ഒന്നും വിളിയ്ക്കണ്ട.

    ജോബി|| Joby ...
    അത്രയേ ഉദ്ദേശ്ശിച്ചുമുള്ളൂ...
    താങ്ക്സ് ഡാ

    അഭി ...
    അതെയതെ

    Nisha P H ...
    നിഷചേച്ചീ... നിങ്ങള്‍ക്കിടയില്‍ പിള്ളേച്ചന്‍ അത്ര പരിചിതനല്ലായിരുന്നു.
    പക്ഷേ കക്ഷിയെ കണ്ടാലറിയേണ്ടതാണ്

    ജിമ്മിച്ചാ...
    പിള്ളേച്ചന്‍ കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്.

    ആ അഡ്രസ്സ് ഡയറക്ടറി ഇപ്പഴും കയ്യിലുണ്ട് :)

    bibin paul ...
    ഹഹ, വളരെ ശരി

    താങ്ക്സ് ഡാ

    പിള്ളേച്ചാ...
    നീ തന്നെ നേരിട്ട് വന്നോ... ഇനി ഞാനെന്ത് പറയാന്‍!

    ആ അവസാന വാചകം ചിരിപ്പിച്ചു :)

    വിനുവേട്ടാ...
    എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്തപ്പോള്‍ ഇത്ര നീളം കാണുമെന്ന് കരുതിയില്ല.
    ബോറടിപ്പിച്ചില്ല എന്നറിഞ്ഞതില്‍ ആശ്വാസം.

    ഞങ്ങളുടെ കോളേജില്‍ പഠിച്ചവര്‍ക്കോ ഞങ്ങളെ അറിയുന്നവര്‍ക്കോ മാത്രമേ ഇത് ഇഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളൂ എന്നറിയാമായിരുന്നു. എന്നിട്ടും വിനുവേട്ടന് ഇഷ്ടമായതില്‍ വളരെ സന്തോഷം

    വീകെ മാഷേ...
    ശരിയാണ്, അതു കൊണ്ടു തന്നെയാണ് ഈ പറയുന്ന എനിയ്ക്കു പോലും അന്ന് അവനോട് ദേഷ്യം തോന്നിയത്. പിന്നീടും പലപ്പോഴും ഇതേ പോലെ എന്തെങ്കിലുമൊക്കെയായി അവന്‍ ഞങ്ങളെയെല്ലാം പരീക്ഷിച്ചിട്ടുണ്ട്.

    പക്ഷേ, അവന്റെ സ്വഭാവം ശരിയ്ക്കു മനസ്സിലാക്കിയതിനാല്‍ ആ ദേഷ്യം അധികം നീണ്ടു നില്‍ക്കാറില്ല എന്നു മാത്രം.

    വളരെ നന്ദി.

  14. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ ഹ ഇപ്പോൾ ഒരു ഫ്ലാഷ് ബാക് കഥാരൂപം.

    ആ പിള്ളേച്ചനിട്ട് അന്ന് ഒന്നു കൂടി പൊട്ടിക്കാമായിരുന്നു :) 

  15. Muralee Mukundan , ബിലാത്തിപട്ടണം said...

    പിള്ളേച്ചൻ റോക്കിങ്ങ് എഗിയ്ൻ...!

    ക്യാമ്പസ് ജീവിത
    ലീലാവിലാസങ്ങളെല്ലാം
    ഇത്രമാത്രം മധുരസ്മരണയോടെ അയവിറക്കിക്കൊണ്ട് ,പുത്തൻ ലയവിന്യാസ്സങ്ങളുമൊക്കെയായി
    പങ്കുവെക്കാനുള്ള ശ്രീശോഭിന്റെ കഴിവുകളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല...

  16. ആര്‍ഷ said...

    പിള്ളേച്ചന്റെ കമന്റും കൂടി ചേര്‍ത്ത് വായിച്ചപ്പോളാണ് സന്തോഷം തോന്നിയത് :).

  17. ajith said...

    ങാഹാ...അത്രയ്ക്കായോ പിള്ളേച്ചന്‍.
    (ഇനി ഞാന്‍ ആ പ്രൊഫൈല്‍ ഒന്ന് നോക്കട്ടെ)

  18. ശ്രീ പതാരം said...

    കോളേജ് ജീവിതവും പഴയ തമാശകളും ഇങ്ങനെ ഉള്ള ഉടായിപ്പുകളും ഒക്കെ ഓർക്കാൻ തന്നെ രസം ആണ്. ആ കാലത്തും ഇങ്ങനെ പണി വയ്ക്കുന്ന ആൾക്കാർ ഒക്കെ ഉണ്ടാരുന്നോ ??

  19. ബഷീർ said...

    മുന്നെ ലിങ്ക് പ്ലസിൽ കണ്ടിരുന്നെങ്കിലും ഇന്നാണ് വായിക്കാനായത്.. ശ്രീയുടെ കലാലയ പോസ്റ്റുകളിൽ അല്പം വിത്യസ്തമായ ഒരു അനുഭവമായി തോന്നി ഇത്.. നീളൻ പോസ്റ്റാണെങ്കിലും അവതരണവും വിത്യസ്തമായി

  20. ആഷിക്ക് തിരൂര്‍ said...

    വളരെ ഇഷ്ടമായി ഈ പോസ്റ്റ്...
    പിള്ളേച്ചൻ റോക്ക്സ്...

  21. Unknown said...

    pillecchan kalakki kaduku varutthu.....itthava "അളിയാ, ഒരു ചെറിയ ആ പരട്ട പ്രേംജി നമുക്കിട്ട് ഒരു പണി തന്നെന്നാ തോന്നുന്നേ. നീയൊന്നു വേഗം വന്നേ".....ee visitil ittharam prasnangal onnum undaayillallo alle....

  22. Pradeep Kumar said...

    പഠനകാലത്തെ അനുഭവങ്ങൾ, അതുമായി ബന്ധപ്പെട്ട ഒരു പ്രധാന വ്യക്തി, ആ വ്യക്തിത്വം, പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ അച്ചടക്കം, എല്ലാം കോർത്തിണക്കി ആത്മാർത്ഥതയുടെ ലാളിത്യംകൊണ്ട് ഒരുക്കിയ രചനക്ക് നല്ല വായനാസുഖം....

  23. ശ്രീ said...

    പണിയ്ക്കര്‍ സാര്‍...
    അന്നത്തെ അവസ്ഥയില്‍ ഒന്നിലൊന്നും നില്‍ക്കുമായിരുന്നില്ല എന്നതാണ് സത്യം.

    മുരളി മാഷേ...

    അതെ, പിള്ളേച്ചൻ റോക്കിങ്ങ് എഗിയ്ൻ...!
    വളരെ സന്തോഷം...

    ആര്‍ഷ...
    അതെ, അവന്‍ തന്നെ അങ്ങനെ പറയുമ്പോള്‍ ഞങ്ങള്‍ക്കും സന്തോഷം.

    അജിത്തേട്ടാ...
    പിള്ളേച്ചന്റെ പ്രൊഫൈലില്‍ നിന്ന് ഒന്നും കിട്ടാനിടയില്ല. കക്ഷിയെ പരിചയപ്പെട്ട് അടുത്തറിയുക തന്നെ വേണം :)

    ശ്രീ പതാരം ...
    സ്വാഗതം.
    അക്കാലത്ത് എന്നല്ല, എക്കാലവും ഇങ്ങനെ ഒരാളെങ്കിലും കാണും :)

    ബഷീര്‍ക്കാ...
    ശരിയാണ്, കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ അവതരണം.
    ബോറടിപ്പിച്ചോ എന്നറിയില്ല. ഇതിലെ കഥാപാത്രങ്ങളെ അടുത്തറീയുന്നവര്‍ക്കാകും ഇത് കൂടുതലും ആസ്വാദ്യകരമാകുക
    :)

    ആഷിക്ക് തിരൂര്‍ ...
    വളരെ നന്ദി

    abu acchu abuachhu ...
    സ്വാഗതം.
    ഇല്ലില്ല, ഇത്തവണ അവന് അതിനുള്ള സമയം കിട്ടിയില്ലല്ലോ. എങ്കിലും ചിരിയ്ക്കാനുള്ള വക ഒപ്പിച്ചിട്ടാണ് പോയതെന്ന് മാത്രം :)

    Pradeep Kumar...
    വളരെ നന്ദി മാഷേ, വായനയ്ക്കും വിശദമായ അഭിപ്രായപ്രകടനത്തിനും :)

  24. M.K Pandikasala said...

    രസകരമായി,ലളിതവും,മനോഹരവുമായി തന്നെ പറയാനുള്ളത് പറഞ്ഞു....നല്ലൊരു രചനാ ശൈലിയുടെ ഉടമയാണ് ശ്രീ. വീണ്ടും വരാം ..

  25. മിനി പി സി said...

    ഇത് സംഭവ കഥയാണോ ശ്രീ ? രണ്ടു ദിവസം കൊണ്ടാനുട്ടോ വായിച്ചു തീര്‍ത്തത് ....എങ്കിലും ബോറടിച്ചില്ല .

  26. drpmalankot said...

    Nalla ormmakkurippu.
    Enneyum palarum Premji ennu vilikkunnu. Pakshe, ee പ്രേംജി ഭായ്.. റോക്കിങ്ങ്..

  27. drpmalankot said...

    Nalla ormmakkurippu.
    Enneyum palarum Premji ennu vilikkunnu. Pakshe, ee പ്രേംജി ഭായ്.. റോക്കിങ്ങ്..

  28. Echmukutty said...

    ഞാന്‍ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു... എനിക്ക് വളരെ ഇഷ്ടമായി.. ശ്രീയുടെ കൂട്ടുകാരെയൊക്കെ വായിക്കുന്നവര്‍ക്കും നല്ല പരിചയമാവുന്ന വിധത്തില്‍ ..ഇങ്ങനെ എഴുതാന്‍ കഴിയുന്നത് വലിയ കാര്യം തന്നെ ...

  29. നളിനകുമാരി said...

    കോളേജ് ജീവിതത്തിലെ രസകരമായ ഓര്‍മ്മകള്‍.(ഏതു കോളേജിലായിരുന്നു?)ഫ്ലാഷ് ബാക്കും വര്‍ത്തമാനകാലവും കൂട്ടിക്കുഴച്ചുള്ള എഴുത്ത് ഇഷ്ടമായി ശ്രീ.

  30. ആറങ്ങോട്ടുകര മുഹമ്മദ്‌ said...

    ഹൃദ്യമായി അവതരിപ്പിച്ചു.
    ആകാംക്ഷയോടെ വായിക്കാനും ആസ്വദിക്കാനും കഴിയുന്നവിധത്തിലുള്ള ആവിഷ്കാരം.
    ആശംസകളോടെ..

  31. ഫൈസല്‍ ബാബു said...

    നീളം കൂടുതല്‍ ആണെങ്കിലും വായന മുഷിപ്പിക്കുന്നില്ല. വരട്ടെ ഇനിയും ആ നല്ല ഓര്‍മ്മ കുറിപ്പുകള്‍.

  32. ശ്രീ said...

    pmkoya clt...
    സ്വാഗതം. പ്രോത്സാഹനത്തിനു നന്ദി, മാഷേ

    മിനി പി സി ...
    100% സത്യമാണ് :)
    ശാരിയാണ്, വലുപ്പം കൂടുതലുണ്ട്... ബോറടിച്ചില്ല എന്നറിഞ്ഞതില്‍ ആശ്വാസം.

    ഡോ. പി. മാലങ്കോട് ...
    ഇതു വേറെ പ്രേംജി :) നന്ദി മാഷേ

    Echmu ചേച്ചീ...
    ഈ കക്ഷിയെ മുന്‍പും പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളതാണ് ചേച്ചീ :)
    വായനയ്ക്കും കമന്റിനും നന്ദി

    nalina kumari ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി, ചേച്ചീ

    മുഹമ്മദ്‌ ആറങ്ങോട്ടുകര ...
    സന്തോഷം മാഷേ

    ഫൈസല്‍ ബാബു ...
    ബോറടിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം മാഷേ :)

  33. തുമ്പി said...

    ആദ്യത്തെ സ്വപ്നം വായിച്ചപ്പോള്‍ ഒരു കലപില കേട്ട അലോസരം തോന്നി. വിവരണം കുറച്ച് ,കുറച്ച്ല്ല അധികം നീണ്ട്പോയി.ചുരുക്കി പറഞ്ഞിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ഞാന്‍ വായിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ വായിച്ചിരിക്കും. അത്കൊണ്ടാണ് വായിച്ചത്. ഇത്രയും ചെറിയ ഫോണ്ട് വായിക്കാന്‍ പ്രയാസപ്പെട്ടു. അഭിപ്രായം തുറന്ന് പറയുന്ന ആളായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.