Friday, September 6, 2013

സ്മൃതി തന്‍ ചിറകിലേറി ഒരു ഓണം

ഓര്‍‌മ്മകളില്‍‌ ഓണക്കാലത്തിന്റെ പൂവിളികള്‍‌ ഉയരുകയാണ്... ഇവിടെ എന്റെ ബാല്യം വീണ്ടും പുനര്‍‌ജ്ജനിക്കുകയാണ്...

പണ്ട് കുഞ്ഞുനാളില്‍‌ തൊടികള്‍‌ തോറും കയറിയിറങ്ങി, തുമ്പപ്പൂ, മുക്കുറ്റി, കോളാമ്പി, ചെത്തി,ചെമ്പരത്തി എന്നിങ്ങനെ കളമൊരുക്കാന്‍‌ പൂക്കളിറുത്തു നടന്നതും ‘പൂവേ പൂപ്പൊലി പൂവേ’ പാടി നടന്നതും കൊച്ചു വെളുപ്പാന്‍‌ കാലത്ത് മുറ്റത്ത് പൂക്കളമിട്ടതും ഓണക്കളികള്‍‌ കളിച്ചു തിമര്‍‌ത്തിരുന്നതും ഓര്‍മ്മ വരുന്നു. 


 ഇടയ്ക്ക് ഒരു വേള അടുക്കളയില്‍‌ ഓടിക്കയറി കൈ നിറയെ ഉപ്പേരി വാരിയെടുത്ത് കൊറിച്ചു നടന്നതും കൊതിയോടെ വേവുന്ന പായസം നോക്കി നിന്നതും വയറു നിറയെ മതിയാവോളം സദ്യയുണ്ടതും, പിന്നെ വര്‍‌ഷത്തിലൊരിക്കല്‍‌ മാത്രം കിട്ടുന്ന കോടിയുടുപ്പിനായ് പ്രതീക്ഷയോടെ കാത്തിരുന്നതും എല്ലാം എന്റെ ഓണസ്മൃതികളില്‍ കൂടി എന്നിലേയ്ക്ക് തിരിച്ചെത്തുന്നു... 
ഇന്ന് വര്‍‌ഷങ്ങള്‍‌ക്കു ശേഷം... ജീവിത പ്രതിസന്ധികളുമായി മല്ലടിച്ച് മറുനാട്ടില്‍‌ ഉപജീവനം തേടിയെത്തിയ എന്റെ മനസ്സിന്റെ തരിശു ഭൂമിയില്‍‌ ഒരു പുതുമഴയായ് ഉണര്‍‌വ്വേകുവാന്‍‌ പൊന്‍‌ചിങ്ങമാസത്തിന്റെ നിറവും കുളിരുമായി വിരുന്നിനെത്തിയ ഈ പൊന്നോണത്തെ ഞാന്‍‌  നിറഞ്ഞ മനസ്സോടെവരവേല്‍‌ക്കുന്നു... 




പൊന്നിന്‍ ചിങ്ങമായി തിരുവോണക്കാലമായി
ഓര്‍മ്മകളില്‍ പൂ വിടര്‍ന്നുവോ
കാത്തിരിയ്ക്കുമെന്റെ പൊന്നമ്മക്കിളി തന്‍ ചാരെ
തിരുവോണമുണ്ണാന്‍ നീ വരില്ലയോ... [പൊന്നിന്‍ ചിങ്ങമായീ...]

കുഞ്ഞുന്നാളിലെന്നോ ഒരു തുമ്പക്കുടവുമായീ
നിന്‍ കാലടികള്‍ പിന്തുടര്‍ന്നതും...
കൂട്ടുകാരുമായോരോ വഞ്ചിപ്പാട്ടു മൂളി
കളിയൂഞ്ഞാലാട്ടി തന്നതും...
താഴെ വീണു പോയപ്പോള്‍ ഓടിയെത്തിയെന്നെ
വാരിയെടുത്തുമ്മ വച്ചതും...
ഓര്‍മ്മകളില്‍ തെളിയുന്നോരോണക്കാലം വരവായീ... [പൊന്നിന്‍ ചിങ്ങമായി...]

ചിങ്ങമാസ നാളില്‍ പൊന്നോണപ്പൂക്കള്‍ നുള്ളി
എന്നങ്കണത്തില്‍ കളമൊരുക്കവേ
ഓണപ്പാട്ടു മൂളി തിരുവോണത്തുമ്പിയ്ക്കൊപ്പം
എൻ പോയകാലമോർത്തെടുക്കവേ
കുളിരു നൽകിടുന്നോരെൻ ബാല്യകാലമിന്നും
ഓർമ്മകളിൽ നഷ്ടസ്വപ്നമായ്
ഓര്‍മ്മകളില്‍ തെളിയുന്നോരോണക്കാലം വരവായീ... [പൊന്നിന്‍ ചിങ്ങമായി...]

ഇനിയും ബാക്കിയായ ഓണ സ്മൃതികളുമായ് ഹൃദയപൂര്‍‌വ്വം നേരുന്നു ഒരായിരം ഓണാശംസകള്‍‌...

18 comments:

  1. ശ്രീ said...

    ഓണക്കാലം എപ്പോഴും നല്ല നല്ല ഓര്‍മ്മകളാല്‍ സമ്പന്നമാണ്. കുട്ടിക്കാലത്തു തന്നെയാണ് ഓണക്കാലം വന്നെത്തുവാന്‍ കാത്തിരുന്നിട്ടുള്ളതും ഏറ്റവും ആഘോഷപൂര്‍വ്വം ഓണം ആഘോഷിച്ചിട്ടുള്ളതും...

    ഓണ സ്മൃതികളുമായ് എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍‌വ്വം നേരുന്നു ഒരായിരം ഓണാശംസകള്‍‌...

  2. Cv Thankappan said...

    ഹൃദയംഗമമായ ഓണാശംസകള്‍....

  3. വിനുവേട്ടന്‍ said...

    അത്തത്തിന് മുന്നോടിയായി ശ്രീയുടെ പോസ്റ്റ്... നാട്ടിൻപുറം നന്മകളാൽ സമൃദ്ധമായിരുന്ന ആ കാലത്തിലേക്ക് ഒരു എത്തിനോട്ടം... ഇങ്ങിനിയെത്താതെ പോയൊരാ ബാല്യത്തിലേക്ക് ഒരിക്കൽക്കൂടി തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ...

  4. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഓണം പൊന്നോണം. ഞങ്ങൾക്കൊക്കെ വള്ളംകളി ആയിരുന്നു പ്രധാനം - പായിപ്പാട്ടാറ്റിലെ വള്ളംകളി അത് ഞങ്ങളുടെ ജലോൽസവം ആയിരുന്നു.

    അതൊക്കെ ഒരു കാലം ദാ ഇപ്പൊ ഇവിടെ  ഇങ്ങനെ 

    എന്നാലും ഓർക്കാൻ ഉണ്ട് ഒത്തിരി ഒത്തിർ
    അതോർമ്മിപിച്ചതിനൊരു താങ്ക്സ് 

  5. Pradeep Kumar said...

    പൂർവ്വാധികം സുന്ദരമാവട്ടെ ഇത്തവണത്തെ ഓണം..... ഓണാശംസകൾ

  6. കാസിം തങ്ങള്‍ said...

    അത്തമായാല്‍ പൂപറിക്കാന്‍ തൊടികളില്‍ ഓടിനടക്കുന്ന കുട്ടികളുടെ കൂട്ടങ്ങള്‍ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മായാതെ കിടപ്പുണ്ട്. ഈ ഓണവും സമൃദ്ധമാകട്ടെ എന്നാശംസിക്കുന്നു.

  7. ജിമ്മി ജോൺ said...

    പ്രവാസം, സ്വദേശമെന്നോ വിദേശമെന്നോ ഇല്ലാതെ, മനസ്സിൽ നിറയ്ക്കുന്നത് ഗൃഹാതുരമായ ഓർമ്മകളുടെ സമൃദ്ധിയാണ്..

    നന്ദി - ഓർമ്മകളിലെ ഓണക്കാലവും കുട്ടിക്കാലവും തിരികെ കൊണ്ടുവന്നതിന്..

    ഒപ്പം, ഹൃദയം നിറഞ്ഞ ഓണാശംസകളും.

  8. ആര്‍ഷ said...

    ഓര്‍മ്മയില്‍ ഒരോണം കൂടി!

  9. ശ്രീ said...

    Cv Thankappan ...
    ആദ്യ കമന്റിനു നന്ദി മാഷേ.

    വിനുവേട്ടാ...
    അതെ, പഴയ ഓര്‍മ്മകളിലൂടെ തന്നെയാണ് ഇന്നും ഓണം സമ്പൂര്‍ണ്ണമാകുന്നത്.
    നന്ദി

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
    സന്തോഷം മാഷേ.

    Pradeep Kumar ...
    വളരെ നന്ദി മാഷേ

    കാസിം തങ്ങള്‍ ...
    ഇപ്പോ അങ്ങനെ പൂ പറിയ്ക്കാന്‍ കൊച്ചു വെളുപ്പാന്‍ കാലത്തേ ഓടി നടക്കുന്ന കുട്ടികളെ കണ്ടു കിട്ടാനില്ല മാഷേ.

    ജിമ്മിച്ചാ...
    വളരെ നന്ദി

    ആര്‍ഷ ...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ

  10. ചന്തു നായർ said...

    മനസ്സിൽ പൂക്കുന്ന ഓണം.........

  11. Sureshkumar Punjhayil said...

    Ormmakalkku, Onathinu...!

    Onashamsakalode, Snehapoorvvam...!

  12. Echmukutty said...

    അതെ.. മനോഹരമായ ഓണസ്മൃതികള്‍ ബാല്യകാലത്തു തന്നെയായിരിക്കും...

    ശ്രീക്കും വര്‍ഷയ്ക്കും വാവയ്ക്കും ഓണാശംസകള്‍...

  13. Muralee Mukundan , ബിലാത്തിപട്ടണം said...

    മനസ്സിൽ പൂത്തുലഞ്ഞ
    ആ ബാല്യകാല ഓണ സ്മരണകളിൽ
    കൂടി അമ്മ മനസ്സിനേയും കൂട്ടി , ഈ പൊന്നോണത്തിനെ വരവേറ്റിരിക്കുന്നത് അസ്സലായി കേട്ടൊ ശ്രീ.

  14. Unknown said...

    അന്നത്തെ ഓരോ ഓണക്കാലവും ഓര്‍ത്തു വെക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ ബാകിയാക്കി കടന്നു പോകും...ഇന്നോ...

  15. OAB/ഒഎബി said...

    Nalloonam ashamsakal....

  16. ലംബൻ said...

    വായിക്കാന്‍ വന്നപോഴേക്കും ഓണം കഴിഞ്ഞു പോയി. ഓര്‍മയില്‍ അത്തപൂ, ഉപ്പേരി, ഊഞ്ഞാല്‍ ഒക്കെ കടന്നുപോയി.

  17. ശ്രീ said...

    ചന്തു നായർ ...
    നന്ദി മാഷേ

    Sureshkumar Punjhayil ...
    സന്തോഷം, മാഷേ

    ഹരിശ്രീ...

    :)

    Echmukutty ...
    അതെ ചേച്ചീ, നന്ദി

    ബിലാത്തിപട്ടണം Muralee Mukundan...
    വളരെ സന്തോഷം, മാഷേ

    Mohammed nisar Kv...
    വളരെ ശരി

    OAB/ഒഎബി ...
    കുറേ നാളുകള്‍ക്ക് ശേഷം ഈ ഓണക്കാലത്തെ സന്ദര്‍ശനത്തിനു നന്ദി, മാഷേ

    SREEJITH NP ...
    വൈകിയാലും വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. :)

  18. നളിനകുമാരി said...

    നഷ്ടസ്മൃതികളാണ് നമുക്ക് ഓണം നല്‍കുന്നത്..അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചു പൂക്കൊട്ട കഴുത്തിലിട്ട് പൂവേപൊലി പാടി കാടുംമേടും താണ്ടി പൂക്കള്‍ പറിച്ചു നടന്ന ആ നല്ല കാലം. അന്ന് നമ്മുടെ മനസ്സില്‍ എപ്പോഴും സന്തോഷം മാത്രമായിരുന്നില്ലേ?
    ഇന്നോ കടകളില്‍ കിട്ടുന്ന ഉപ്പേരി പാക്കെറ്റും പായസ കിറ്റു പാത്രത്തിലെ പാലിലെക്കൊഴിച്ചു അടുപ്പില്‍ വച്ചു 5 മിനിട്ട് കൊണ്ട് തയാറാക്കുന്ന പായസവും വാഴയിലക്ക്‌ പകരം പ്ലാസ്റ്റിക്‌ ഇലകളില്‍ വിളമ്പുന്ന സദ്യയും ..
    ആകാശത്തില്‍ നില്‍ക്കുന്ന വീടുകളിലെ ജാലകക്കീറുകള്‍ നല്‍കുന്ന ഓണനിലാവിന്റെ ദൃശ്യവും
    ഇതാണോ ഓണം... പാവം ഇന്നത്തെ നമ്മുടെ കൊച്ചു കുട്ടികള്‍...