Monday, August 26, 2013

ഒരു കുറ്റി പുട്ട് ഉണ്ടാക്കിയ കഥ

ബാച്ചി ലൈഫില്‍ നിന്നും പെട്ടെന്ന് വിവാഹിതരായി കുടുംബസ്ഥനാകേണ്ടി വരുന്നവര്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ അനവധിയാണ്. ​പ്രത്യേകിച്ചും ജോലി സംബന്ധമായി വീട്ടില്‍ നിന്നും മാറി അന്യ നാട്ടില്‍ താമസിയ്ക്കേണ്ടി വരുന്നവരുടെ കാര്യമാകുമ്പോള്‍... ​തോന്നുന്ന നേരത്ത് പോകുകയും വരുകയും കണ്ടിടത്തെല്ലാം കറങ്ങി നടക്കുകയും എപ്പോഴും സുഹൃത്തുക്കളുമായി കറങ്ങാന്‍ പോകുകയും എന്നു തുടങ്ങി പാചകം ഒന്നും ചെയ്യാതെ വിശക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണവും സ്വന്തം തുണി അലക്കാന്‍ മിനക്കെടാതെ കടകളില്‍ കൊടുത്ത് അലക്കി തേച്ച് ഡ്രസ്സ് ഉപയോഗിയ്ക്കുകയും തുടങ്ങി ഒരു മാതിരി എല്ലാ എളുപ്പപ്പണികളുമായി കറങ്ങി നടന്ന് സുഖലോലുപരായി ജീവിയ്ക്കുന്നവരായിരിയ്ക്കും ഭൂരിഭാഗം വരുന്ന ബാച്ചികളും.

ഇങ്ങനെയുള്ളവര്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വിവാഹിതനായി കഴിയുമ്പോള്‍ പുതിയ ജീവിത രീതികളുമായി പൊരുത്തപ്പെടേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുന്നത് സ്വാഭാവികം. (സാഹചര്യവശാല്‍ ഇങ്ങനെയല്ലാതെ സ്വന്തം കാര്യം നോക്കി അടങ്ങിയൊതുങ്ങി, അധികം അടിച്ചു പൊളിയ്ക്കാതെ ജീവിയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സംഭവമാകാനിടയില്ല എന്നാണ് എന്റെ സ്വന്തം അനുഭവം). ​

ഇങ്ങനെയുള്ള ബാച്ചികള്‍ മിക്കവര്‍ക്കും വിവാഹ ശേഷം കാര്യമായ മാറ്റം വരാറുണ്ട്.  കടിഞ്ഞാണില്ലാതെയിരുന്ന ജീവിതത്തില്‍  ഒരു നിയന്ത്രണവും ഒരു അടക്കവും ഒതുക്കവും എല്ലാം...​ മറ്റെല്ലാ കാര്യങ്ങളിലും തീരുമാനമായാലും ഭാര്യയ്ക്കോ ഭര്‍ത്താവിനോ ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും സാമാന്യം പാചകം അറിഞ്ഞിരിയ്ക്കണം എന്നതാണ് അവര്‍ നേരിടാനിടയുള്ള ഏറ്റവും വലിയ കടമ്പ എന്ന് തോന്നുന്നു.​

​ചുരുങ്ങിയ പക്ഷം എന്റെ ഒരു സുഹൃത്തിന്റെ (തല്‍ക്കാലം നമുക്ക് അവനെ അജിത് എന്നു വിളിയ്ക്കാം) അനുഭവത്തില്‍ നിന്നും എനിയ്ക്കും തോന്നിയത് അങ്ങനെയാണ്. ​
​[​അജിത് കുറേ നാള്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. പിന്നീട് വിവാഹ ശേഷം അവന്‍ വേറെ ജോലി കിട്ടി നാട്ടിലേയ്ക്ക് പോകുകയായിരുന്നു.]

പണ്ടു തൊട്ടേ കക്ഷിയ്ക്ക് പാചകം ഒരു ബാലികേറാമല ആയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ പോലും പാചകം ചെയ്യാനുള്ള ബുദ്ധിമുട്ടും മടിയും കാരണം അജിത് എല്ലായ്പ്പോഴും പുറമേ നിന്നാണ് ഭക്ഷണം കഴിയ്ക്കാറുള്ളത്. അവന്റെ റൂമില്‍ സുഹൃത്തുക്കളെല്ലാം പാചകം ചെയ്യുന്ന അവസരത്തിലും സ്വന്തം ടേണ്‍ വരുമ്പോള്‍ പാചകം ചെയ്യണമല്ല്പോ എന്നോര്‍ത്ത് അവന്‍ അതില്‍ നിന്നും ഒഴിവായി, അവരുണ്ടാക്കുന്നത് കഴിയ്ക്കാതെ ഹോട്ടല്‍ ഭക്ഷണം സ്ഥിരമായി കഴിച്ചാണ് ബാംഗ്ലൂര്‍ ജീവിച്ചിരുന്നത്. ​


അങ്ങനെയിരിയ്ക്കേ ആണ് അവന്റെ വിവാഹം കഴിഞ്ഞതും അവന്‍ നാട്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്തതും.​​ വൈകാതെ, ​അവനും വൈഫും തിരുവനന്തപുരത്ത് ഒറ്റയ്ക്ക് ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ട് താമസം മാറി​.​ അവിടെ അവര്‍ നേരിടേണ്ടി വന്നഏറ്റവും വലിയ പ്രശ്നം 'പാചകം' ആയിരുന്നു. അവന്‍ പണ്ടേ പാചക വിരോധി ആണെന്ന് പറഞ്ഞല്ലോ. അവന്റെ ഭാര്യയ്ക്കാണെങ്കില്‍ പാചകം ചെയ്യാന്‍ അത്ര മിടുക്കും ഇല്ല. വിവാഹം കഴിഞ്ഞ് പാചകം ചെയ്യേണ്ടി വരുമല്ലോ എന്നതു കൊണ്ടു മാത്രം എന്തൊക്കെയോ തട്ടിക്കൂട്ടി ഉണ്ടാക്കാന്‍ പഠിച്ചിരുന്നു എന്ന് മാത്രം. എന്നാല്‍ നേരാം വണ്ണം കുക്കിങ്ങ് അറിയാത്തതു കൊണ്ടും ഇനി എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കിയാല്‍ തന്നെ അത് ഭക്ഷ്യയോഗ്യമെന്ന് പറയാനാകാത്തതു കൊണ്ടും രാവിലേ തന്നെ രണ്ടു പേര്‍ക്കും ജോലിയ്ക്കു പോകണം എന്നതു കൊണ്ടും അവള്‍ക്കും പാചകം ചെയ്യാന്‍ വല്ലാത്ത മടി.

ആദ്യത്തെ കുറച്ചു ദിവസം രണ്ടാളും ഹോട്ടല്‍ ഭക്ഷണവും ഓഫീസിലെ കാന്റീനിലെ ഭക്ഷണവുമൊക്കെ ആയി അഡ്‌ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു എങ്കിലും അത് സ്ഥിരമാക്കുന്നത് എളുപ്പമല്ല എന്ന് രണ്ടാളും വേഗം മനസ്സിലാക്കി. അതിനാല്‍ എങ്ങനെയെങ്കിലും കുക്കിങ്ങ് ആരംഭിച്ചേ മതിയാകൂ എന്ന് അജിത് ഭാര്യയോട് തീര്‍ത്തു പറഞ്ഞു. അങ്ങനെ രണ്ടും കല്‍പ്പിച്ച് അവള്‍ സ്വന്തം പാചക പരീക്ഷണങ്ങള്‍ തുടങ്ങി. അത്ര 'ടേസ്റ്റി' എന്ന് പറയാനാകില്ലെങ്കിലും അവന്‍ പരാതി ഒന്നും പറയാതെ അത് കഴിയ്ക്കുകയും ചെയ്യുമായിരുന്നു.

രാവിലെ തന്നെ ഉണര്‍ന്നെഴുന്നേറ്റ് പാചകം ചെയ്യണമെന്നതും അതേ സമയം കുളിച്ചൊരുങ്ങി ഓഫീസില്‍ പോകാന്‍ തയ്യാറാകണം എന്നതുമായിരുന്നു അവന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. എങ്കിലും ഒരു വിധത്തില്‍ അവള്‍ അത് അഡ്ജസ്റ്റ് ചെയ്തു പോന്നു. സ്വതവേ മടിയനായതിനാല്‍ അജിത്താണെങ്കില്‍ അടുക്കളക്കാര്യങ്ങളില്‍ അവളെ സഹായിയ്ക്കാനും ശ്രമിച്ചിരുന്നില്ല.

അങ്ങനെയിരിയ്ക്കേ ഒരു ദിവസം രാവിലെ അജിത് ഉണര്‍ന്നപ്പോള്‍ അവള്‍ അരികില്‍ തന്നെ കിടപ്പുണ്ട്. സാധാരണ അത് പതിവില്ലാത്തതാണ്. അവന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേയ്ക്കും അവള്‍ ഉണര്‍ന്നെണീറ്റ് കുളിയും കഴിഞ്ഞ് അടുക്കളയില്‍ പാചക യുദ്ധത്തിലായിരിയ്ക്കും. ഇന്നെന്തു പറ്റി? അവന്‍ അതിശയത്തോടെ അവളെ കുലുക്കി വിളിച്ചു.

"എനിയ്ക്ക് തീരെ വയ്യ, അജിത്തേട്ടാ. തല കറങ്ങുന്നത് പോലെ. ഇന്ന് ഞാന്‍ ഓഫീസില്‍ പോകുന്നില്ല. ലീവെടുക്കുകയാണ്. ചേട്ടന്‍ കുളിയെല്ലാം കഴിഞ്ഞ് വരുമ്പോഴേയ്ക്കും ഞാന്‍ എഴുന്നേറ്റ് വല്ലതും ഉണ്ടാക്കി തരാം. അതു പോരേ?"

"ഓ... അതു ശരി. എന്നാല്‍ ഇന്ന് നീ റെസ്റ്റ് എടുക്ക്. ഇന്നത്തെ പാചകം ഞാന്‍ ആകാം." അജിത് പറഞ്ഞു. അതു കേട്ട് അവള്‍ക്കും ആശ്വാസമായി.

എന്നാല്‍ എന്ത് ഉണ്ടാക്കും എന്നതിനെ പറ്റി അജിത്തിന് അധികം ചിന്തിയ്ക്കേണ്ടി വന്നില്ല. കാരണം അവന് ആകെ ഉണ്ടാക്കാനറിയാവുന്ന ഒരേയൊരു പലഹാരം പുട്ട്  ആയിരുന്നു.

എന്തായാലും വേഗം കുളിയെല്ലാം കഴിഞ്ഞ് അജിത് അടുക്കളയില്‍ കയറി. പുട്ടിനുള്ള പൊടിയെല്ലാം എടുത്ത് പാചകം തുടരുന്നതിനിടയില്‍ വൈഫ് ബെഡ്‌റൂമില്‍ നിന്ന് വിളിച്ചു ചോദിച്ചു. "അജിത്തേട്ടാ... അക്കൂട്ടത്തില്‍ കുറച്ച് അരി കൂടി കഴുകി അടുപ്പത്ത് ഇട്ടേക്കാമോ?"

"അതിനെന്താ... കൂട്ടത്തില്‍ അതും ചെയ്തേക്കാം" അജിത് സമ്മതിച്ചു.  അരിയുടെയും വെള്ളത്തിന്റെയും എല്ലാം അളവ് വൈഫ് പറഞ്ഞതനുസരിച്ച് അവന്‍ അരിയും കഴുകി കുക്കറിലിട്ടു.

കുറച്ച് കഴിഞ്ഞ് പുട്ട് തയ്യാറായപ്പോള്‍ അവന്‍ പെട്ടെന്ന് അടുത്ത കടയില്‍ പോയി കുറച്ചു പഴം വാങ്ങി കൊണ്ടു വന്നു. എന്നിട്ട് തന്റെ നല്ലപാതിയെ കഴിയ്ക്കാന്‍ വിളിച്ചു.  കഴിക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ പാചകം എങ്ങനെ എന്നറിയാനുള്ള ആകാംകഷയോടെ അവന്‍ അവളുടെ അഭിപ്രായം ചോദിച്ചു.

അവന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല അഭിപ്രായമാണ് അവള്‍ പറഞ്ഞത്.  അവന്റെ പാചക വൈഭവത്തിന് അന്ന് ആദ്യമായാണ് അത്ര നല്ല റെസ്‌പോണ്‍സ് കിട്ടുന്നത്. വളരെ സന്തോഷത്തോടെയാണ് അവന്‍ അന്ന് ഓഫീസിലേയ്ക്ക് യാത്രയായത്.

പിറ്റേ ദിവസം നേരം പുലര്‍ന്നു. അന്ന് രാവിലെ തന്നെ ഭാര്യ അവനെ വിളിച്ചുണര്‍ത്തി... "അജിത്തേട്ടാ, ഇന്നും പുട്ട് ഉണ്ടാക്കാമോ?"

ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന അജിത്ത് അതിശയത്തോടെ ചോദിച്ചു. "അതെന്തേ, നിനക്ക് പുട്ട് അത്ര ഇഷ്ടമായോ?"

"പിന്നില്ലാതെ! ഇന്നലത്തെ പുട്ട് അടിപൊളി ആയിരുന്നു.
​​അജിത്തേട്ടന്‍ ഇത്ര നല്ല പാചകക്കാരനാണെന്ന് എനിയ്ക്കറിയില്ലായിരുന്നു"

ഉറങ്ങി മതിയായില്ലെങ്കിലും അജിത്ത് വേഗം ഉണര്‍ന്ന് വേഗം ഫ്രഷായി വീണ്ടും അടുക്കളയില്‍ കേറി​ പുട്ടിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ​

കുറച്ചു കഴിഞ്ഞപ്പോള്‍ ബെഡ്‌റൂമില്‍ നിന്നും ഭാര്യ വിളിച്ചു പറയുന്നത് കേട്ടു. "അരി കൂടെ കഴുകി ഇട്ടേക്കണേ... അളവ് അറിയാമല്ലോ"

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അജിത് അന്നും അരി കഴുകിയിട്ടു. കുറച്ചു കഴിഞ്ഞ് ഭക്ഷണം തയ്യാറായപ്പോള്‍ ഭാര്യയെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുക്കുകയും ചെയ്തു. അന്ന് അഭിപ്രായമൊന്നും അങ്ങോട്ട് ചോദിയ്ക്കാതെ തന്നെ അവള്‍ അവനെ വേണ്ടുവോളം പുകഴ്ത്തുകയും ചെയ്തു. തിരിച്ചൊന്നും പറയാതെ അവന്‍ ഓഫീസിലേയ്ക്ക് പുറപ്പെട്ടു.

അതിനടുത്ത ദിവസം! നേരം വെളുത്തതേയുള്ളൂ... തലേന്നത്തെ പോലെ തന്നെ ഉറക്കത്തിലായിരുന്ന അജിത്തിനെ ഭാര്യ തോണ്ടി വിളിച്ചു. "എന്താടീ?" കുറച്ചൊരു അനിഷ്ടത്തോടെ അവന്‍ ചോദിച്ചു.

"അതേയ്... ഇന്നും പുട്ടു തന്നെ ആയാലോ? എനിയ്ക്ക് അത് ഭയങ്കരമായി അങ്ങിഷ്ടപ്പെട്ടു. അജിത്തേട്ടന് പുട്ട് നന്നായി ഉണ്ടാക്കാനറിയാം ​"

അജിത്തിന്റെ കണ്ട്രോള്‍ നഷ്ടപ്പെട്ടു. ചാടിയെഴുന്നേറ്റ് അവന്‍ അലറി "​പോയി ഉണ്ടാക്കെടീ, എന്താ വേണ്ടതെന്നു വച്ചാല്‍... അങ്ങനെ ദിവസവും എന്നെ കൊണ്ട് പണിയെടുപ്പിച്ച് നീ സുഖിയ്ക്കണ്ട"​

വിഷമത്തോടെയാണെങ്കിലും അവള്‍ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി. രാവിലത്തെ ഭക്ഷണത്തിനുള്ള പരിപാടികള്‍ തുടങ്ങി, കുറച്ചു കഴിഞ്ഞതും പുറകിലൊരു കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി​യ അവള്‍ കണ്ടത്​ ​ചെറിയൊരു പുഞ്ചിരിയോടെ നില്‍ക്കുന്ന അജിത്തിനെയാണ്.

"രാവിലെ തന്നെ ഒറ്റയ്ക്ക് പാചകം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോ എനിയ്ക്കും നന്നായറിയാം. അതു കൊണ്ട് ഇനി മുതല്‍ പാചകം നമുക്ക് ഒരുമിച്ചാകാം. എന്നെ കൊണ്ട് ആകുന്നത് പോലെ ഞാനും സഹായിയ്ക്കാം...​ നിന്റെ വീട്ടില്‍ വച്ച് നിനക്ക് പുട്ട് വലിയ ഇഷ്ടമില്ലായിരുന്നു എന്ന് ഇന്നലെ വിളിച്ചപ്പോള്‍ നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു. എന്തായാലും മടി കാരണം നീ പുട്ടിനെ അങ്ങനെയങ്ങ് വല്ലാതെ സ്നേഹിയ്ക്കണ്ട. ​ എന്തേയ്?"

രണ്ടു പേരും പൊട്ടിച്ചിരിച്ചത് ഒരുമിച്ചായിരുന്നു.

ഇന്ന് രണ്ടു രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ​ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവച്ച് അവര്‍ സുഖമായി ജീവിയ്ക്കുന്നു. കുടുംബ കാര്യങ്ങളില്‍ പരസ്പരം സഹായിച്ച്, മിടുക്കനായ അവരുടെ ആണ്‍കുഞ്ഞിനോടൊപ്പം.

34 comments:

  1. ശ്രീ said...

    ഇത് എന്റെ ഒരു സുഹൃത്തിന്റെ ലൈഫില്‍ നിന്നുള്ള ഒരു കഥയാണ്. ബാച്ചിലര്‍ ലൈഫില്‍ നിന്നും വിവാഹ ജീവിതത്തിലേയ്ക്ക് പെട്ടെന്ന് കടക്കേണ്ടി വന്ന പലരും ഇതു പോലുള്ള രസകരമായ എന്തെങ്കിലുമൊക്കെ സന്ദര്‍ഭങ്ങളെ അഭിമുഖകരിച്ചിട്ടുണ്ടാകും എന്നുറപ്പാണ്.

    ഈ പോസ്റ്റ് അവനും കുടുംബത്തിനുമായി സമര്‍പ്പിയ്ക്കുന്നു. [ആരോഗ്യപരമായ കാരണങ്ങളാല്‍ അവന്റെ യഥാര്‍ത്ഥ പേര് ഇവിടെ പരാമര്‍ശിയ്ക്കുന്നില്ല] :)

  2. Neelima said...

    വളരെ രസകരമായ അവതരണം .അവസാനം അവരുടെ ഒപ്പം ഞാനും പൊട്ടിച്ചിരിച്ചു പോയി ...

  3. drpmalankot said...

    നമുക്ക് അജിത്തിനെ, സൂര്യമാനസത്തിലെ മമ്മൂട്ടിയെ വിളിച്ചപോലെ ''എടാ പുട്ടേ'' എന്ന് വിളിക്കാം എന്താ.
    ഹ ഹ

  4. Pheonix said...

    രസകരമായിരിക്കുന്നു.

  5. ബഷീർ said...

    പുട്ടജിതിന്റെ കഥ നന്നായി.. ഗൾഫ് ബാച്ചികൾക്കും ഇങ്ങിനെ കുറേ കഥകൾ അയവിറക്കാനുണ്ടാകും. പാചകം മടിച്ച് ഹോട്ടലിൽ നിന്ന് സ്ഥിരം കഴിക്കുന്ന മടിയന്മാർ കുറവല്ല. പിന്നെ ഞാനും എന്റെ ഒരു സുഹൃത്തും കൂടി സൌദിയിൽ വെച്ച് പത്തിരി പരത്തിയ കഥ ഫേമസാണ്.. ഒന്നൊന്നര പരത്തലായിരുന്നു.. പലകയിൽ നിന്ന് വേറിട്ട് കിട്ടാൻ സ്ക്രാപ്പർ വേണ്ടി വന്നു :(

  6. ജിമ്മി ജോണ്‍ said...

    അല്ല ശ്രീക്കുട്ടാ, സത്യത്തിൽ അന്ന് അജിത് ഉണ്ടാക്കിയത് പുട്ട് തന്നെ ആയിരുന്നോ? എനിക്ക് ബലമായ സംശയമുണ്ട്.. (കാരണം, പുട്ടിന്റെ പൊടി കൃത്യമായി കുഴച്ചെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നറിയാമല്ലോ..)

    കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വളരെ സന്തോഷത്തോടെ പറഞ്ഞു - ചോറുണ്ടാക്കാൻ പഠിച്ചുവെന്ന്.. ഭാര്യയും മകളും വെക്കേഷന് നാട്ടിൽ പോയപ്പോൾ അദ്ദേഹത്തിന് അടുക്കളയിൽ കയറാതെ നിവർത്തിയില്ല. അങ്ങനെ ഓൺ ലൈൻ സപ്പോർട്ടിന്റെ ബലത്തിൽ ചായയും ചോറുമൊക്കെയുണ്ടാക്കി അങ്ങേർ കരുത്ത് തെളിയിച്ചു.. :)

  7. ലംബൻ said...

    അവസാന ഡയലോഗ് കലക്കി..
    പാചകം എനിക്ക് ഇപ്പോഴും ബാലികേറാ മലയാണ്. അകെ ഉണ്ടാക്കാന്‍ അറിയുന്നത്, മുട്ട പുഴുങ്ങിയത് പിന്നെ നൂഡില്‍സും.

    ഇതും തിന്നും എന്നുള്ളത് കൊണ്ട് ഇതുവരെ വേറെ പ്രശങ്ങള്‍ ഉണ്ടായിട്ടില്ല.

  8. ശ്രീ said...

    Neelima ...
    ആദ്യ കമന്റിനു നന്ദി. അവതരണം രസിപ്പിച്ചു എന്നറിയുന്നതില്‍ സന്തോഷം.

    ഡോ. പി. മാലങ്കോട് ...
    പിന്നെന്താ... അവന്‍ കേള്‍ക്കാതെ വേണം വിളിയ്ക്കാന്‍ എന്നേ ഉള്ളൂ :) നന്ദി

    Pheonix Bird ...
    നന്ദി മാഷേ

    അഭി ...
    അജിതിനെ മനസ്സിലായിക്കാണുമെന്ന് കരുതുന്നു :)

    ബഷീര്‍ക്കാ ...
    പത്തിരി ഇതു വരെ ഞാന്‍ പരീക്ഷിച്ചിട്ടില്ല.
    :)

    ജിമ്മിച്ചായാ...
    പുട്ടു തന്നെ എന്ന് അവര്‍ രണ്ടാളും പറയുന്നു... വിശ്വസിയ്ക്കുക തന്നെ :)
    പുട്ട് പാകത്തിനു കുഴച്ചെടുക്കുന്നത് അത്ര വലിയ പണി ആണോ... ഞാന്‍ പലതവണ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
    [എന്റെ അമ്മായി കുഞ്ഞായിരുന്നപ്പോള്‍ പുട്ടു കുറ്റിയില്‍ പൊടി മാക്സിമം തള്ളിക്കയറ്റി ഒരു പുട്ടുണ്ടാക്കാന്‍ ശ്രമിച്ച കഥ അച്ഛനെല്ലാം പറഞ്ഞ് കേട്ടിട്ടുണ്ട്]

    SREEJITH NP ...
    കൊള്ളാമല്ലോ...
    എന്തോ ഭാഗ്യത്തിന് ഒരുമാതിരി പാചകമെല്ലാം ഞാനെങ്ങനെയോ പഠിച്ചിട്ടുള്ളത് നന്നായി.
    :)

  9. ബൈജു മണിയങ്കാല said...

    പുട്ടിനു അല്ലെങ്കിലും ഒരു വില്ലന്റെ മുഖച്ചായ ഉണ്ട്. "ശ്രീ"നിവാസന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ പിന്നെ ഇത് അധികം ആരോടും പറഞ്ഞിട്ടില്ലെന്നെ ഉള്ളൂ" ചില്ലി തേങ്ങ പരുവം തെറ്റാതെ കുഴക്കൽ ഒരു ശാസ്ത്രീയ പാചകം ആണ് പുട്ട്
    ശ്രീ നന്നായി എഴുതി രുചികരമായി

  10. Pradeep Kumar said...

    പുലര്‍ച്ചക്ക് മടിപിടിച്ച് ഉറങ്ങേണ്ട നേരത്ത് എഴുന്നേറ്റ് പുട്ട് ഉണ്ടാക്കുന്നതിലും നല്ലത് കല്ല്യാണം കഴിക്കാതെ ആജീവനാന്ത ബാച്ചിലറായി കഴിയുന്നതാണ് ......

  11. ajith said...

    ഹഹ
    ഇതില്‍ പറയുന്ന അജിത്ത് ഞാനല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു
    എനിയ്ക്ക് പുട്ടുണ്ടാക്കാന്‍ അറിയില്ല എന്നും അറിയിച്ചുകൊള്ളുന്നു

  12. വിനുവേട്ടന്‍ said...

    ഹ ഹ ഹ... അജിത്‌ഭായ്... കഥ വായിച്ച് തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ ഏറ്റവും ആദ്യം ഓടിയെത്തിയത് അജിത്‌ഭായിയുടെ മുഖമായിരുന്നു... :)

    ശ്രീയുടെ സ്നേഹിതൻ അജിത്തിന്റെ പുട്ടുചരിതം രസിപ്പിച്ചു..

    ആണായാലും പെണ്ണായാലും പാചകം പഠിച്ചിരിക്കുന്നത് അത്യാവശ്യം തന്നെയാണ്...

  13. niDheEsH kRisHnaN @ ~അമൃതംഗമയ~ said...

    കൊള്ളാം

  14. പിള്ളേച്ചന്‍‌ said...

    When Ajith started to make puttu, I was thinking that it will be flop and story will go like that. But that didn't happen. However, even if u dont know to cook, helping better half is so helpful to other person.

    I think I know this so called ajith

  15. Muralee Mukundan , ബിലാത്തിപട്ടണം said...

    കൂട്ടായ പാചകങ്ങൾ ഫുഡിനെ കുറിച്ച് പഴിചാരുന്ന വാചകങ്ങൾ ഉണ്ടാക്കില്ല...
    അപ്പോൾ എന്നും വയറും ,വയറിനുകീഴേയും പരസ്പരം നിറയ്ക്കപ്പെടും..!

    ഈ കലവറകൾ
    നിറഞ്ഞാൽ കലഹം
    നഹി , കുടുംബം ഹാപ്പി...

    ഈ പുട്ടജിത്ത് കൂട്ടുകാരന്റെ
    കഥ അതിനുത്തമോദാഹരണം ....

  16. ശ്രീ said...

    ബൈജു മണിയങ്കാല ...
    വളരെ സന്തോഷം, മാഷേ

    Pradeep Kumar ...
    ഹഹ, അതു കലക്കി, മാഷേ :)

    അജിത്തേട്ടാ...
    അയ്യോ, ഞാന്‍ അജിത്തേട്ടനെ ഉദ്ദേശ്ശിച്ചിട്ടുമില്ല :)

    വിനുവേട്ടാ...
    അതെ, വളരെ അത്യാവശ്യമാണ് [പട്ടിണി കിടക്കണ്ടല്ലോ] ;)

    niDheEsH kRisHnaN @ ~അമൃതംഗമയ~...
    സന്തോഷം :)

    പിള്ളേച്ചന്‍‌ ...
    Yes, You know him very well :)

    ബിലാത്തിപട്ടണം Muralee Mukundan ...
    സത്യം തന്നെ മാഷേ.
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)

  17. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹ ഹ ഹ പുട്ടുണ്ടാക്കുന്നതിനെക്കാള്‍ എളുപ്പമുള്‍ല ഒരു വിദ്യ പറഞ്ഞു തരാം

    അവല്‍ വാങ്ങി വയ്ക്കുക

    കാലത്ത്‌ എഴുനേറ്റ്‌ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ്‌ വന്ന് ഒരു ചീനച്ചട്ടി സ്റ്റൗ ഇനു മുകളില്‍ വയ്ക്കുക

    അല്‍പം വെളിച്ചെണ്ണ ഒഴിക്കുക കടൂകു വറുക്കുക നാല്‌ കറിവേപ്പില ഒരു ഉള്ളി ചെറുതായി അരിഞ്ഞത്‌ രണ്ട്‌ പച്ചമുളക്‌ അരിഞ്ഞത്‌ ഇവ കൂടി ഇടുക

    അവല്‍ ഒന്ന് വൃത്തിയാക്കി എടുക്കുക.
    നമ്മുടെ കയ്യില്‍ ഒതുങ്ങുന്ന ഒരുപിടി എടുത്ത്‌ ഒരു ചരുവത്തില്‍ വച്ചിരിക്കുന്ന വെള്ളത്തിലേക്ക്‌ മുക്കി എടുക്കുക.
    അതിനു ശേഷം അവല്‍ ചീനച്ചട്ടിയിലേക്ക്‌ ഇടുക അല്‍പം ഉപ്പു കൂടി കലക്കി തളിക്കുക കരിയുന്നതിനു മുന്‍പെ ഒരു ഇളക്കിളക്കി

    വാങ്ങി വയ്ക്കുക

    നാലഞ്ച്‌ കപ്പലണ്ടി കൂടി ഇട്ടാല്‍ സുഭിക്ഷം

    മൂന്നു നേരവും കുറെ നാള്‍ ഉണ്ടാക്കി കഴിച്ച സാധനം ആണെ :)

  18. വീകെ said...

    പുട്ടു ചരിതം കേമായി.. അതിലുപരി അവരുടെ ഈഗോയും പിന്നിലില്ലേന്നൊരു സംശയം ഉണ്ട്. രണ്ടു കൂട്ടരും അടുക്കളയിൽ കയറാൻ തെയ്യാറായപ്പോൾ പ്രശ്നവും തീർന്നു. ആശംസകൾ...

  19. the man to walk with said...

    Puttu katha ishtaayi
    Best wishes

  20. Echmukutty said...

    ഈ പുട്ടു കഥ കേമമായിട്ടുണ്ട്.. ഉപ്പുമാവ് ഉണ്ടാക്കിത്തന്ന അനുഭവം ഉണ്ട് എനിക്ക്.. അതൊരു "ഉപ്പു" മാവായിരുന്നു. അതിന്‍റെ രുചി കാരണം പിന്നൊരിക്കലും ഉണ്ടാക്കാന്‍ പറഞ്ഞില്ല.. ആര്‍ക്കും എത്ര മടിയാണേലും പറയാനും പറ്റില്ലായിരുന്നു.

    കുറിപ്പ് രസമായി വായിച്ചു. സന്തോഷം.

  21. അക്ഷരപകര്‍ച്ചകള്‍. said...

    രസിപ്പിച്ചു. നല്ല പോസ്റ്റ്‌. ആശംസകൾ ശ്രീ.

  22. Sangeeth K said...

    നന്നായിട്ടുണ്ട് :)

  23. ശ്രീ said...

    ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage...
    ഈ ഐറ്റവും ഒന്ന് പരീക്ഷിച്ചു നോക്കാം :)
    നന്ദി

    ഹരിശ്രീ...

    :)

    വീകെ മാഷേ...
    അതും ശരിയാണ്

    the man to walk with ...
    സന്തോഷം മാഷേ

    Echmukutty ...
    വളരെ സന്തോഷം, ചേച്ചീ

    അമ്പിളി...
    വായനയ്ക്കും കമന്റിനും നന്ദി

    Sangeeth Writes ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി :)

  24. അമ്മാച്ചു said...

    ഒരു പുട്ട് ഉണ്ടാക്കിയ കഥ ... കലക്കി :-)

  25. ചിതല്‍/chithal said...

    അതു് അസ്സലായി ശ്രീ! വളരെ ഇഷ്ടപ്പെട്ടു.
    ആ അരിക്കു് കഥയിൽ എന്തെങ്കിലും പങ്കുകാണും എന്നു കരുതി. അതുണ്ടായില്ല. പക്ഷെ ക്ലൈമാക്സ് സൂപ്പർ!

  26. ഇലഞ്ഞിപൂക്കള്‍ said...

    പുട്ട് കഥ കൊള്ളാം. :)

  27. സൗഗന്ധികം said...

    ശ്രീ,

    രുചികരം.ഇഷ്ടപ്പെട്ടു.

    നല്ല വിവരണം.

    ശുഭാശംസകൾ....

  28. kanakkoor said...

    നല്ല തുടക്കം . നല്ല രീതിയിൽ എഴുത്ത് . പ്രതീക്ഷിച്ചതെങ്കിലും നല്ല രീതിയിൽ പുട്ടുകഥ തീർന്നു .
    ആശംസകൾ .
    ശ്രീ ഇനി അല്പം കൂടി ഗൗരവകരമായ വിഷയങ്ങളിലേക്ക് കടക്കണം എന്ന് പറയുവാൻ ആഗ്രഹിക്കുന്നു .
    നിങ്ങൾക്ക് നന്നായി എഴുതുവാൻ അറിയാം .

  29. ശ്രീ said...

    അമ്മാച്ചു ...
    വളരെ നന്ദി

    ചിതല്‍/chithal ...
    ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം മാഷേ

    ഇലഞ്ഞിപൂക്കള്‍ ...
    നന്ദി :)

    സൗഗന്ധികം ...
    വായനയ്ക്കും അഭിപ്രായപ്രകടനത്തിനും നന്ദി

    kanakkoor ...
    നന്ദി മാഷേ. സമയക്കുറവും മടിയും മൂലമാണ് വേറെങ്ങോട്ടും തിരിയാത്തത്. ഇതാകുമ്പോള്‍ ഓര്‍മ്മയില്‍ നിന്ന് ചുമ്മാ എടുത്തെഴുതിയാല്‍ മാത്രം മതിയല്ലോ. അധികം സമയവും വേണ്ട.

    എങ്കിലും തീര്‍ച്ചയായും ഈ നിര്‍ദ്ദേശ്ശം സ്വീകരിയ്ക്കുന്നു. പതുക്കെ പതുക്കെ ശ്രമിയ്ക്കാം. നന്ദി.

  30. aswathi said...

    ശ്രീ ...നന്നായി എഴുതി... ആശംസകൾ

  31. Enlis Mokkath said...

    ശ്രീയെട്ടോ.. അജിത്തിനെ എനികെങ്ങാനും അറിയാമോ ?

    ഒരു ജിഞ്ഞ്യാസ അത്രേ ഉള്ളു :) ..സംഭവം കൊള്ളം..

    അനുഭവം ...അതൊരു വല്ലാത്ത സുഖമാണേ...;) മനസിലായി കാണും എന്നുള്ള വിശ്വാസം, അതല്ലേ എല്ലാം !

  32. നളിനകുമാരി said...

    രാവിലെ തന്നെ ഒറ്റയ്ക്ക് പാചകം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോ എനിയ്ക്കും നന്നായറിയാം. അതു കൊണ്ട് ഇനി മുതല്‍ പാചകം നമുക്ക് ഒരുമിച്ചാകാം. എന്നെ കൊണ്ട് ആകുന്നത് പോലെ ഞാനും സഹായിയ്ക്കാം...​

    കൊള്ളാം ഇങ്ങനെ വേണം ഭാര്യഭര്‍ ത്താക്കന്മാര്‍.കൂട്ടുകാരന്റെ ഭാര്യ മിടു ക്കിയാണല്ലൊ..

  33. SHAMSUDEEN THOPPIL said...

    ആശംസകൾ ...
    വീണ്ടും വരാം ....
    സസ്നേഹം ,
    www.hrdym.blogspot.com

  34. മനോജ് said...

    വളരെ ലളിതവും രസകരവുമായ അവതരണം. നന്നായി അവതരിപ്പിച്ചു.