Wednesday, October 3, 2007

ബിപിസി ടൂറും ബേബിസാറും.

ഞങ്ങള്‍‌ ബിപിസിയില്‍‌ മൂന്നാം വര്‍‌ഷം (അഞ്ചാം സെമസ്റ്റര്‍‌) പഠിക്കുമ്പോഴാണ് കോളേജില്‍‌ നിന്നും ടൂറ്‌ പോകുന്നത്. ഞങ്ങളുടെ ക്ലാസ്സിലെ 90% പേരും ഉണ്ടായിരുന്നു, ആ ട്രിപ്പിന്. നാലു ദിവസം ഞങ്ങള്‍‌ ശരിക്കും ആസ്വദിച്ചു.

ഞങ്ങളുടെ കൂടെ വന്നത് ബേബി സാറും സജി മിസ്സുമായിരുന്നു. അവസാന സെമസ്റ്ററുകള്‍‌ ആയപ്പൊഴേയ്ക്കും കോളേജിലെ എല്ലാ അദ്ധ്യാപകരോടും ഞങ്ങള്‍‌ നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു.
അങ്ങനെയാണ് ബേബി സാറും സജി മിസ്സും ഞങ്ങളുടെ കൂടെ വരാമെന്നേറ്റത്.

ബേബി സാറാണെങ്കില്‍‌ ഞങ്ങളുടെ അദ്ധ്യാപകരില്‍‌ ഏറ്റവും ആത്മാര്‍‌ത്ഥമായി പഠിപ്പിക്കുന്ന, എന്നാല്‍‌ അതേ സമയം തന്നെ അതു പോലെ ഞങ്ങളെ സ്നേഹിക്കുന്ന ഒരു അദ്ധ്യാപകനാണ്. (പോരാത്തതിന് അദ്ധ്യാപകരുടെ കൂട്ടത്തില്‍‌ ഏറ്റവും ക്ലീന്‍‌ ഇമേജ് നിലനിര്‍‌ത്തുന്ന വ്യക്തിയും). സജി മിസ്സാകട്ടെ, ഒരുപാട് കുട്ടികളോടൊന്നും കമ്പനി ഇല്ലെങ്കിലും ഞങ്ങളുമായി നല്ല കമ്പനി ആയിരുന്നു. (ആ ഒറ്റ കാരണം കൊണ്ടു മാത്രമാണ് സാധാരണ ഇത്തരം ടൂറുകള്‍‌ക്കൊന്നും ഒരു ബാച്ചിന്റേയും കൂടെ പോകാറില്ലാത്ത മിസ്സ് ഞങ്ങളോടൊപ്പം വന്നത് എന്ന് പിന്നീട് പറയുകയുണ്ടായി.) ഞങ്ങള്‍‌ മഞ്ജുവേച്ചിയെ (സോറി, പഠിപ്പിച്ചിരുന്ന ടീച്ചറാണെങ്കിലും ഞങ്ങളുടെ ബിട്ടുവിന്റെ ചേച്ചി ആയതിനാല്‍‌ ഞങ്ങളും അങ്ങനെയേ വിളിക്കാറുള്ളൂ) വിളിച്ചെങ്കിലും അന്ന് കുഞ്ഞു വാവയെല്ലാം ഉള്ളതു കൊണ്ട് ചേച്ചി പിന്മാറുകയായിരുന്നു.

അങ്ങനെ 2001 നവംബര്‍‌ 26 ന് വൈകുന്നേരം 7 മണിയോടെ 'യമുന' എന്ന എയര്‍‌ബസ്സില്‍‌ ഞങ്ങള്‍‌ ഏതാണ്ട് അമ്പതോളം പേര്‍‌ യാത്ര തിരിച്ചു. ഹൊക്കനക്കല്‍‌, ബാംഗ്ലൂര്‍‌, മൈസൂര്‍‌, ഊട്ടി, മേട്ടുപ്പാളയം ഇങ്ങനെയായിരുന്നു റൂട്ട്.

അങ്ങനെ ഹൊക്കനക്കലും ബാംഗ്ലൂരും മൈസൂരും കഴിഞ്ഞ് ഞങ്ങള്‍‌ മൂന്നാം നാള്‍‌ രാത്രി ഊട്ടിയിലെത്തി. പിറ്റേന്ന് ഞങ്ങള്‍‌ ബോട്ടിങ്ങെല്ലാം കഴിഞ്ഞ് ബോട്ടാണിക്കല്‍‌ ഗാര്‍‌ഡനിലൂടെ നടക്കുകയായിരുന്നു.

ഞങ്ങളെന്നു പറഞ്ഞാല്‍‌ അപ്പോള്‍‌ ഞാനും സുധിയും മത്തനും സുമേഷും ജെപിയും ഒരുമിച്ച്. തൊട്ടു മുന്നിലായി ജോബിയും ബിട്ടുവും ബിമ്പുവും, അവരുടെ കൂടെ ബേബി സാറും. അതിനും മുന്‍‌പില്‍‌ ഞങ്ങളുടെ ക്ലാസ്സിലെ തന്നെ തോമായും ഗിരിയും മറ്റും. അവരുടെ തൊട്ടു മുന്‍‌പില്‍‌ ഇതു പോലെ വേറെ ഏതോ കോളെജില്‍‌ നിന്നും ടൂറു വന്ന വേറെ കുറേ പെണ്‍‌കുട്ടികള്‍‌.

ഞങ്ങളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കുഞ്ഞു കുഞ്ഞ് പാരകള്‍‌ വച്ച് നടക്കുന്നു, ബേബി സാര്‍‌ ഇതെല്ലാം ആസ്വദിച്ചു കൊണ്ട് കൂടെയുണ്ട്. അപ്പോഴാണ് തൊട്ടു മുന്‍‌പില്‍‌ നടക്കുന്ന അവന്മാരിലാരോ “ശൂ ശൂ” എന്ന് ശബ്ദമുണ്ടാക്കുന്നത് എന്റെ ശ്രദ്ധയില്‍‌ പെട്ടത്. എനിക്കു തോന്നിയത്, മുന്‍‌പില്‍‌ നടക്കുന്ന ജോബി അതിന്റെ മുന്‍‌പില്‍‌ പോകുന്ന തോമായോടോ മറ്റോ എന്തോ പറയാനായി അവരെ വിളിക്കുന്നതാണ് എന്നാണ്. (എന്തായാലും അവന്മാരാരും ബേബി സാറ്‌ കൂടെ ഉള്ളപ്പോള്‍‌ മറ്റു കോളേജിലെ പെണ്‍‌കുട്ടികളെ വിളിക്കാനുള്ള ധൈര്യം കാണിക്കില്ല എന്നു ഉറപ്പാണല്ലോ)

എങ്കിലും കിട്ടിയ ഗ്യാപ്പില്‍‌ ഒരു ഗോളടിച്ചേക്കാം എന്നു കരുതി ഞാന്‍‌ ഉടനേ വിളിച്ചു കൂവി “ ഡാ, ജോബി, എന്തിനാടാ വെറുതേ വല്ല കോളേജിലേയും പെണ്‍‌കുട്ടികളെ വിളിക്കുന്നേ? ച്ഛേ, നാണമാകില്ലേടാ” എന്ന്.

ബേബി സാറും കൂടി ഉള്ളതിനാല്‍ അവന്റെ വായില്‍‌ നിന്നും കടിച്ചാല്‍‌ പൊട്ടാത്ത ഒന്നും കേള്‍‌ക്കേണ്ടി വരില്ലെന്നുള്ള ഒരു ധൈര്യത്തിലും ഒപ്പം കൂടെയുള്ള എല്ലാവരും അവനെ കളിയാക്കാന്‍‌ എന്റെ കൂടെ കൂടും എന്ന അമിതമായ വിശ്വാസത്തിലുമാണ് ഞാനങ്ങനെ തട്ടിയത്.

എന്നാല്‍ ഞാനിത് പറഞ്ഞു കഴിഞ്ഞതും ജോബിയുള്‍‌പ്പെടെ അവന്മാരെല്ലാവരും തിരിഞ്ഞു നിന്ന് അമര്‍‌ത്തിച്ചിരിക്കുന്നതാണ് ഞാന്‍‌ കണ്ടത്. ഒപ്പം അവരുടെ കൂടെ നടന്നിരുന്ന ബേബി സാര്‍‌ കുറച്ചൊന്നു വരണ്ട ചിരിയോടെ എന്റെ അടുത്തേയ്ക്കു വന്നു. എന്നിട്ട് ഞങ്ങളോടെല്ലാവരോടും എന്ന പോലെ പറഞ്ഞു “ സോറി. ആക്ച്വലി, ജോബിയല്ല, ഞാനാ ‘ശൂ ശൂ’ എന്ന് വിളിച്ചത്. പക്ഷേ, അത് ആ പെണ്‍‌കുട്ടികളെയല്ല, നമ്മുടെ തോമയേയും കൂട്ടുകാരേയുമാണ്. അവര്‍‌ ആ കുട്ടികളുടെ അടുത്തേയ്ക്കൊന്നും പോകണ്ടാന്ന് ഒന്നു സൂചിപ്പിക്കാന്‍‌ വേണ്ടിയാ അല്ലാതെ.”

വിളിക്കാന്‍‌ പോയത് അബദ്ധമായല്ലോ എന്നാലോചിച്ച് ചെറിയൊരു ചമ്മലോടെ സാറ് നില്‍ക്കുമ്പോള്‍ ആളൊഴിഞ്ഞ പോസ്റ്റാണല്ലോ എന്ന് കരുതി അടിച്ചത് കോച്ചിന്റെ പോസ്റ്റിലായിപ്പോയി എന്ന അവസ്ഥയില്‍‌പ്പെട്ട കളിക്കാരനേപ്പോലെ ചമ്മി നില്‍‌ക്കുകയായിരുന്നു ഞാന്‍‌

47 comments:

  1. ശ്രീ said...

    ഞങ്ങള് ബിപിസി കോളേജില് പഠിക്കുന്ന കാലത്ത് അവിടുത്തെ വിദ്യാര്‍‌ത്ഥികള് മാത്രമല്ല, അദ്ധ്യാപകരുമായും നല്ല കമ്പനിയായിരുന്നു. ആ കോളേജില് നിന്നും ഒരിക്കല് ഞങ്ങള് ടൂറു പോയപ്പോള് സംഭവിച്ച ഒരു കുഞ്ഞു സംഭവമാ‍ണ് ഇത്.

    ഈ പോസ്റ്റ് ഞങ്ങള്‍‌ക്ക് എന്നും പ്രിയങ്കരനായ ബേബി സാറിന് സമര്‌പ്പിക്കുന്നു.

  2. ചന്ദ്രകാന്തം said...

    ശ്രീ,
    ഒരബദ്ധം ഏതു....ശ്രീയ്ക്കും പറ്റും; എന്നു കരുതി ആശ്വസിച്ചിരിയ്ക്കും പിന്നെ. ല്ലേ..

  3. ഹരിശ്രീ said...

    പാവം ബേബി സാര്‍...

  4. കുഞ്ഞന്‍ said...

    ചന്ത്രകാന്തം പറഞ്ഞതിനു കീഴെ എന്റൊരു കയ്യൊപ്പ്,

    അതീപ്പിന്നെ ശ്ശൂ ശൂ എന്നുകേട്ടാല്‍ ഞാന്‍ മൈന്‍‌ഡ് ചെയ്യാറില്ലാന്നുള്ള ഒരു വാല്‍ക്കക്ഷണം കൂടി എഴുതിയിരുന്നെങ്കില്‍ സംഗതി ജോര്‍..:)

  5. G.MANU said...

    എങ്കിലും കിട്ടിയ ഗ്യാപ്പില്‍‌ ഒരു ഗോളടിച്ചേക്കാം എന്നു കരുതി ഞാന്‍‌ ഉടനേ വിളിച്ചു കൂവി “ ഡാ, ജോബി, എന്തിനാടാ വെറുതേ വല്ല കോളേജിലേയും പെണ്‍‌കുട്ടികളെ വിളിക്കുന്നേ? ച്ഛേ, നാണമാകില്ലേടാ” എന്ന്

    ithu kalakki kutta...
    bebi saarinu hatsoff

  6. Typist | എഴുത്തുകാരി said...

    സാരമില്ല ശ്രീ, അബദ്ധത്തിലാണെന്നു് സാറിനു്
    മനസ്സിലായിട്ടുണ്ടാവും (പക്ഷേ അബദ്ധത്തിലൊന്നുമല്ല, ശ്രീ സാറിനിട്ടൊരു പാര വച്ചതാണെന്നു് നമുക്കല്ലേ അറിയൂ).

  7. ബാജി ഓടംവേലി said...

    കോച്ചിന്റെ പോസ്‌റ്റി ലേക്കടിച്ച ഗോള്‍ നന്നായിട്ടുണ്ട്.

  8. ശ്രീ said...

    ചന്ദ്രകാന്തം ചേച്ചീ...
    അതേയതേ... പക്ഷേ, ഒരബദ്ധമാണെങ്കില്‍ സാരമില്ലാരുന്നു... ;)
    ശ്രീച്ചേട്ടാ... :)
    കുഞ്ഞന്‍‌ ചേട്ടാ... അതു ശരിയാ കേട്ടോ. പിന്നെ, ശൂ...ശൂ... എന്ന വിളി കേള്‍‌ക്കുമ്പോഴൊക്കെ ഈ കാര്യമോര്‍‌ത്ത് ചിരി വരും.
    മനുവേട്ടാ... :)
    എഴുത്തുകാരീ...
    ഇതെങ്ങാനും ബേബി സാറു വായിച്ചാല്‍‌... ഈയ്യോ... ;)
    ബാജി ഭായ്...
    നന്ദി. :)

  9. സു | Su said...

    അതെ, എഴുത്തുകാരി പറഞ്ഞതുപോലെ, സാറാണെന്ന് മനസ്സിലായിട്ട്, മറ്റുള്ളവര്‍ അറിഞ്ഞില്ലെങ്കിലോ എന്നു കരുതി, അറിയിച്ചതല്ലേ? സാറിപ്പോ എവിടെയുണ്ട്? ഇതൊക്കെ പറഞ്ഞുകൊടുത്തിട്ട് തന്നെ കാര്യം.

  10. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: സെല്‍ഫ് ഗോളായല്ലേ?

  11. സഹയാത്രികന്‍ said...

    ചന്ദ്രകാന്തമേ... ഒരബദ്ധം ഏത് ശ്രീയ്ക്കും പറ്റും എന്നത് ശരി തന്നെ... പക്ഷേ ഇത് അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയാണു.
    ഹി...ഹി...ഹി....

    ശൂ...ശൂ....
    :)

  12. ആഷ | Asha said...

    ശ്രീ, അബദ്ധവും ഗോളടിയുമൊക്കെ കൊള്ളാം. മറ്റൊരു കാര്യം കൂടി എനിക്ക് പറയാനുണ്ട്. ശ്രീ അനുഭവങ്ങള്‍ മുഴുവനായും എഴുതുന്നില്ലാ എന്നൊരു പരാതിയെനിക്ക് കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും ആ റാഗിംഗ് സംഭവങ്ങള്‍. ശരിയല്ലേ? സ്വന്തം പടം സൈഡില്‍ കുത്തിച്ചാരി വെച്ചതു കൊണ്ടാണ് ഇതൊക്കെ ഞങ്ങളറിഞ്ഞതേ. കൂടെ ക്ലാസില്‍ പഠിച്ച ചിലരൊക്കെ ഇവിടെ വന്നിരുന്നു.

  13. മെലോഡിയസ് said...

    കൂട്ടുകാരനിട്ട് പണിതപ്പോ അത് വഴി മാറി ആശാന് കൊണ്ടു.. ;) കൊള്ളാം ട്ടാ..

  14. ശ്രീ said...

    സൂവേച്ചീ...
    എന്നെ തല്ലു കൊള്ളിച്ചേ അടങ്ങൂല്ലേ? ;)
    ചാത്താ...
    തന്നെ, സെല്‍‌ഫ് ഗോളായിപ്പോയി. :)
    സഹയാത്രികാ...
    അബദ്ധങ്ങള്‍‌ എന്താ അത്ര മോശമാണോ? പോസ്റ്റിട്ടത് അബദ്ധമായൊ? ;)
    [അവസാനം ശൂ ശൂ ന്ന് വിളിച്ചത് ഞാന്‍‌ കേട്ടിട്ടേയില്ല]
    ആഷ ചേച്ചീ...
    അനുഭവങ്ങളു മുഴുവനായും എഴുതാണോ? അതു കുറേ എപ്പിഡോസുകളാക്കേണ്ടി വരും. ;)
    മെലോഡിയസ്...
    നന്ദി, വായനയ്ക്കും കമന്റിനും. :)

  15. തെന്നാലിരാമന്‍‍ said...
    This comment has been removed by the author.
  16. കൊച്ചുത്രേസ്യ said...

    കൊള്ളാം ..കളിച്ച്‌ കളിച്ച്‌ ഗുരുന്റെ നെഞ്ചത്തു കേറിയാ കളി അല്ലേ :-)

  17. തെന്നാലിരാമന്‍‍ said...

    "ആളൊഴിഞ്ഞ പോസ്റ്റെന്നു കരുതി അടിച്ച ഗോള്‍ കോച്ചിന്റെ പോസ്റ്റില്‍"
    ആ പ്രയോഗം കലക്കീട്ടോ ശ്രീ..:-)

  18. Aravishiva said...

    ശൂ...ശൂ...

    കലക്കി.. :-)

  19. വേണു venu said...

    സാറിനെ ഇതൊക്കെ അറിയിച്ചിട്ടു തന്നെ കാര്യം.
    ശ്രീ യേ കൊള്ളാം.:)

  20. ഫസല്‍ ബിനാലി.. said...

    ശ്രീ നന്നയിരിക്കുന്നു
    ഇദക്കെന്റെ കവിതകള്‍ കണ്ട് അഭിപ്രായം പറയാറുണ്ട്
    അതിലേറെ നന്ദിയുണ്ട്

  21. ശ്രീ said...

    കൊച്ചു ത്രേസ്യ...
    ഹിഹി... അങ്ങനേം ഒരു സാഹസം. ;)
    തെന്നാലി രാമന്‍‌...
    സ്വാഗതം... അഭിപ്രായത്തിനു നന്ദി.
    അരവീ...
    നന്ദി. :)
    വേണുവേട്ടാ...
    ചതിക്കല്ലേ... :)
    ഫസല്‍‌...
    ഇവിടെ വന്ന് വായിച്ചതിനും കമന്റിനും നന്ദി, കേട്ടോ.
    :)

  22. ഉപാസന || Upasana said...

    neeye BPC charitham ennulla oru seperate blog thudange. athe nallathaa.. kure aayille coollege stories.. so..
    sambhavam kollaam.
    :)
    upaasana

  23. വെള്ളെഴുത്ത് said...

    ബേബിസാറു കൊള്ളാം. സാധാരണ സാറന്മാരു ചമ്മുന്ന സ്ഥലത്തു നിന്നാണ് കക്ഷി ‘അതു ഞാനാണ്‘ എന്നു പറയുന്നത്. അത് ആത്മാര്‍ത്ഥതയാണ്. സാറന്മാര്‍ക്ക് ഇല്ലാത്ത ഗുണമായതു കൊണ്ട്.. അദ്ദേഹം ആത്മാര്‍ത്ഥതയുള്ള സാറാണ് എന്ന് ആദ്യം പറഞ്ഞ സത്യവാങ്മൂലം മുഖവിലയ്ക്കെടുക്കുന്നു.

  24. മൂര്‍ത്തി said...

    മാഷന്മാരുടെ കയ്യില്‍ നിന്നും സിഗരറ്റ് വാങ്ങി വലിക്കാനുള്ള അവസരമായിരുന്നു ടൂറുകള്‍...

  25. ശ്രീ said...

    സുനിലേ...
    ഇതിലൂടെ പറയാവുന്നതൊക്കെ തന്നെയേ ഉള്ളൂ...
    സംഭവം ഇഷ്ടമായി എന്നറിഞ്ഞതില്‍‌ സന്തോഷം.
    വനജ ചേച്ചീ...
    ആദ്യമായല്ലേ ഈ വഴി? വന്നതിനും വായിച്ചതിനും നന്ദി. :)
    വെള്ളെഴുത്ത്...
    മാഷേ...
    സ്വാഗതം. ഞങ്ങളുടെ ബേബി സാറ് ഒരു പാവമായിരുന്നു കേട്ടോ. :)
    മുരളി മാഷേ...
    :)
    മൂര്‍‌ത്തിച്ചേട്ടാ...
    ഹ ഹ. അതു കൊള്ളാം. അദ്ധ്യാ‍പകരും വിദ്യാര്‍‌ത്ഥികളും തമ്മിലുള്ള വേര്‍‌തിരിവില്ലാതെ വരുന്ന അവസരങ്ങലിലൊന്നാണ്‍ ഇത്തരം ടൂറുകള്‍‌... :)

  26. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    ശ്രീ, ടൂര്‍ പ്രോഗ്രാമുകളില്‍ ഗുരു ശിഷ്യ ബന്ധം അധികം പാടില്ല.
    മൂര്‍ത്തി പറഞ്ഞപോലെ സിഗരറ്റ് മാത്രമല്ല, അങ്ങേരുടെ ചിലവില്‍ രണ്ട് സ്മോളും കൂടി അടിക്കണം.

  27. സഖാവ് said...

    ശ്രീ
    ഇതാണോ ‘കളരിക്കു പുറത്ത് ആശാന്റെ നെഞ്ചത്ത്’ എന്നു പറയ്യുന്നത്

    എന്തായാലും പാവം ബേബി ആള്‍ക്കിട്ട് ഇങ്ങനെ ഒരു പണീ കൊടുക്കണ്ടായിരുന്നു

  28. മന്‍സുര്‍ said...

    ശ്രീ....

    അപ്പോ കുറച്ചൊന്നുമല്ല കൈയിലിരിപ്പ്‌...പാവം മാഷ്‌
    അല്ല ഒരു സംശയം ബേബി സാറ്‌.....വിളിച്ചത്‌
    തോമയെയും കൂട്ടരെയും തന്നെയായിരുന്നോ.....
    ഒരു സംശയമാണ്‌ ട്ടോ.....


    നന്‍മകള്‍ നേരുന്നു

  29. krish | കൃഷ് said...

    ശൂ..ശൂ..ശ്രീ..ശ്രീ.. :)

  30. ശ്രീ said...

    സണ്ണിച്ചേട്ടാ...
    സ്വാഗതം! അതേയതെ, ഗുരുശിഷ്യ ബന്ധം ന്നൊക്കെ പറഞ്ഞാല്‍‌ അതാണ്‍... ;)
    സഖാവേ...
    അതു തന്നെ. ഇതിനാണ്‍ “ഒന്നുകില്‍‌ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍‌ കളരിക്കു പുറത്ത്” എന്നു പറയുന്നത്. ;)
    മന്‍‌സൂര്‍‌ ഭായ്...
    പാവം സാര്‍‌... ഞങ്ങളു കാരണം അങ്ങനേം കേള്‍‌ക്കേണ്ടി വന്നു. :)
    ക്രിഷ് ചേട്ടാ...
    ‘ശൂ ശൂ’ ന്ന് വിളിച്ചാല്‍‌ ഞാന്‍‌ വിളി കേള്‍‌ക്കില്ലാട്ടാ... ;)

  31. ഏ.ആര്‍. നജീം said...

    ഹ..ഹാ..ഹ..ഹാ...
    അന്തം വിട്ടു കുന്തം മിഴുങ്ങിയ പോലെയുള്ള ശ്രീയുടെ നിപ്പ് ഒന്നു കാണേണ്ടതായിരുന്നു...

  32. Sethunath UN said...

    ശ്രീക്കുട്ടാ,
    ന‌ല്ല പരുവാടിയായിപ്പോയല്ലോ. മുഖത്ത് മ‌ള്‍ട്ടിപ്പി‌ള്‍ പ്ലീറ്റ്സുമായി ഗുരുവും ശിഷ്യനും മഞ്ഞച്ച് മുഖാമുഖം.
    ഹ ഹ ഹ.. കലക്കി.
    :)

  33. ശ്രീ said...

    നജീമിക്കാ...
    അതിനിനിയും അവസരങ്ങളുണ്ടല്ലോ?
    :)

    നിഷ്കളങ്കന്‍‌ ചേട്ടാ...
    മൊത്തത്തില്‍‌ ഞങ്ങളുടെ ട്രിപ്പ് ആകെ പാര വപ്പും ചമ്മലുകളും തമാശകളും നിറഞ്ഞു നിന്നതു കൊണ്ട് ആ ചമ്മലിനും അധികം ആയുസ്സുണ്ടായിരുന്നില്ല...
    കമന്റിനു നന്ദി.
    :)

  34. പ്രയാസി said...

    sree vaikiyannu ivide vannathu
    kalaki kuttaa...

  35. മഴതുള്ളികിലുക്കം said...

    ശ്രീ....

    നന്നായിട്ടുണ്ടു.....ഇനിയും കോളേജ്‌ വിശേഷങ്ങള്‍ക്കായ്‌ കാത്തിരിക്കുന്നു

  36. ശ്രീ said...

    പ്രയാസീ...
    വൈകിയെങ്കിലും ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

    മഴത്തുള്ളിക്കിലുക്കം...
    തീര്‍‌ച്ചയായും പ്രതീക്ഷിക്കാം... പ്രോത്സാഹനത്തിനു നന്ദി.
    :)

  37. Sands | കരിങ്കല്ല് said...

    അതു്‌ കലക്കി... ഇടക്കൊക്കെ ഒരമളി നല്ലതാ.....
    ഓടുന്ന ladies-only-ല്‍ ചാടിക്കയറുന്ന പോലെ....

    എനിക്കുമുണ്ട് നല്ല ഒരു കൊഡൈക്കനാല്‍ എക്സ്പീരിയന്‍സ്... ഒരിക്കല്‍ ബ്ലോഗാം...

  38. Pramod.KM said...

    നര്‍മ്മസമ്പുഷ്ടമായ അനുഭവങ്ങള്‍:)

  39. ചീര I Cheera said...

    ശ്രീ...
    ബ്ലൊഗ് വായനയ്ക്ക് തീരെ സമയ്ം കിട്ടുന്നില്ല....
    ചമ്മല്‍ കലക്കിiട്റ്റൊ..

    പിന്നെ ഞാനൊരു താങ്ക്സും പറയുന്നു, എന്റെ നിറങ്ങളെ, “നിറങ്ങളായി” (സഹയാത്രികന്റെ ബ്ലോഗ്ഗില്‍) തന്നെ കാണിച്ചു തന്നതിന്.. :) ഇന്നാണ് കണ്ടത്..
    സസ്നേഹം പി.ആര്‍

  40. ശ്രീ said...

    സന്ദീപ്...
    ഇടയ്ക്ക് അബദ്ധങ്ങള്‍‌ നല്ലതു തന്നെ, അല്ലേ?
    കമന്റിനു നന്ദി.
    പ്രമോദ്...
    വായനയ്ക്കും കമന്റിനും നന്ദി.
    P.R.ജീ...
    തിരക്കിനിടയിലും ഇവിടെ വരാന്‍‌ തോന്നിയല്ലോ... വളരെ സന്തോഷം.
    :)

  41. പി.സി. പ്രദീപ്‌ said...

    ഹായ് ശ്രീക്കുട്ടാ,
    സെല്‍ഫ് ഗോളടി നന്നായി.
    കുറേ സെല്‍ഫ് ഗോളടിച്ചിട്ടുണ്ടാവുമല്ലോ.. എല്ലാം പോരട്ടേ..:)

  42. ശ്രീ said...

    ജിഹേഷ് ഭായ്...
    നന്ദി. :)

    പ്രദീപേട്ടാ...
    സെല്‍‌ഫ് ഗോളും ഒരു ഗോളാണെന്ന് മറക്കരുത്...
    കമന്റിനു നന്ദി, കേട്ടോ.
    :)

  43. Unknown said...

    B.P.C life parayuvanum kelkkuvanum nooru navanu ennu sreeku ariyamallo. Nammude 99 batchinte prathyekal Electronics bathinte ellavarudeyum manassil "Pon thoovalukal" vachu ponnadayil pothinju sookshikkunna deerghamaya jeevitha muhoortham. Njan ashichu pokunnu, ennenkilum eswaran prakthyakshapettu enth agraham anu sadhichu tharendathu ennu chodichal parayan uthakunnathu oru pakshe nammude B.P.C. life onnu koody thirichu kittumo ennayirikkum. Nammude bathilulla ellavarum, nammude teachersum, nammude B.P.C. kudumbavum ella ethra sundaramayirunnu. Touril ettavum kooduthal Baby sirumayi chilavazhicha all enna nilakkum, Nalla oru suhruthum, adypakanumaya aya baby sirinu ee post dedicate cheytha Sreekuttanu orayiram nandhy. Koodathe edaykoke B.P.C. orkkuvanayittu ithu pole ulla sundara nimishangal veendum post cheyyuvan sadhikkatte

  44. പിള്ളേച്ചന്‍‌ said...

    I missed the college life, colleagues,class and tour much...

  45. ശ്രീ said...

    സൈജു...
    നമ്മുടെ പഴയ ആ കോളേജിന്റെ എല്ലാ ഓര്‍‌മ്മകളും വീണ്ടും വീണ്ടും വരുന്നു, നിന്റെ കമന്റു കാണുമ്പോള്‍‌. ബേബി സാറും മറ്റ് അദ്ധ്യാപകരും നമുക്കു തന്ന പ്രചോദനം തന്നെയാണ്‍ നമുക്ക് പിന്നീടും ഉപകാരപ്പെട്ടത്, അല്ലെ?

    പ്രേം...
    നീ അന്ന് ആ ടൂറിന്‍ വരാതിരുന്നത് വലിയൊരു നഷ്ടം തന്നെ.
    :)

  46. ദിലീപ് വിശ്വനാഥ് said...

    ശ്രീ, നന്നായി അവതരണം. ഗോള്‍ അടിക്കുന്നതിനുമുന്‍പ് പോസ്റ്റ് ശരിയാണോ എന്ന് ഉറപ്പുവരുത്തണ്ടേ?

  47. ജോബി|| Joby said...

    ശ്രീ.... എഴുത്ത് നന്നായി,

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു അദ്ധ്യാപകനായ ബേബി സാറിനെപ്പറ്റിയുള്ള ഈ പൊസ്റ്റ് വായിച്ചപ്പൊള്‍ പഴയ പല ക്യാമ്പസ് നിമിഷങ്ങളും ഓര്‍ത്തുപോയി.
    ഇനിയും ഇതുപൊലുള്ളവ പ്രതീക്ഷിക്കുന്നു.

    സ്നേഹപൂര്‍വം

    ജോബി