Saturday, March 16, 2019

​ ആത്മാക്കളുടെ വിലാപങ്ങൾ


രാത്രി ഉറക്കം വരാതെ അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പ്രായമായവർക്ക് ഉറക്കം കുറവായിരിയ്ക്കും എന്നു പറയുന്നതിൽ കാര്യമുണ്ടെന്ന് ഈയിടെയായി അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു. റിട്ടയർമെന്റിന് ശേഷം എന്തു കൊണ്ടോ തന്നെയും നിദ്രാദേവി ആവോളം അനുഗ്രഹിച്ചിട്ടുള്ള രാത്രികൾ എത്രയോ കുറവാണെന്ന് അയാൾ ഓർത്തു.

 രാത്രി അവസാനമില്ലാത്തതു പോലെ നീളുകയാണെന്ന് തോന്നി. വല്ലാത്ത നിശ്ശബ്ദത! ക്ലോക്കിന്റെ ടിക് ടിക് ശബ്ദം പോലും വ്യക്തമായി കേൾക്കാം. സമയമെന്തായിക്കാണും... ഒന്നോ അതോ രണ്ടോ! അയാൾ ഊഹിച്ചെടുക്കാൻ ശ്രമിച്ചു നോക്കി. കണ്ണുകൾ ഇറുക്കിയടച്ച് ഒരു ദീർഘ നിശ്വാസത്തോടെ അയാൾ ഒരിയ്ക്കൽ കൂടി ഒന്നുറങ്ങാനായി ശ്രമം നടത്തി നോക്കി... പരാജയം തന്നെയായിരുന്നു ഫലം. പതിയെ കണ്ണു തുറന്നത് തുറന്നു കിടക്കുന്ന ജനലിലൂടെ അരിച്ചിറങ്ങുന്ന നേർത്ത നിലാവെളിച്ചത്തിലേയ്ക്കായിരുന്നു.  ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല, അയാൾ ജനലിലൂടെ പുറത്തേയ്ക്ക് ദൃഷ്ടി പായിച്ചു. വീടും പരിസരവും ചന്ദ്രികയിൽ കുളിച്ചു നിൽക്കുന്നു. ഇന്ന് പൌർണ്ണമി ആയിരിയ്ക്കുമോ...

 അയാൾ അതെപ്പറ്റി എന്തൊക്കെയോ ഓർത്തു കിടന്നു. പെട്ടെന്ന് അയാൾക്ക് ആ പേര് ഓർമ്മ വന്നു... പൂർണ്ണിമ! ഒരു നെടുവീർപ്പോടെ അയാൾ ആ പേര് ഒരിയ്ക്കൽ കൂടി പിറുപിറുത്തു. അന്ത്യമില്ലാത്തതെന്നു തോന്നിച്ച ആ രാത്രിയുടെ വിദൂരയാമങ്ങളിൽ അയാൾ താനറിയാതെ തന്റെ ഭൂതകാലത്തിലേയ്ക്ക് ഊളിയിടുകയായിരുന്നു.

 അന്ന് താൻ LLB ക്ക് പഠിയ്ക്കുന്ന കാലം. വല്ലപ്പോഴും ഒരുപാടു നാളുകൾ കൂടുമ്പോൾ കിട്ടുന്ന ഒഴിവു ദിനങ്ങളിലാണ് താനന്ന് നാട്ടിലേയ്ക്ക് പോകാറുള്ളത്. അവിടെ ആ നാലുകെട്ടിൽ തന്നെയും കാത്ത് തന്റെ അമ്മ ഇരിപ്പുണ്ടാകും. അച്ഛന്റെ മരണശേഷവും യാതൊരു കഷ്ടപ്പാടും അറിയിയ്ക്കാതെ തന്നെ വളർത്തി വലുതാക്കിയ തന്റെ അമ്മ!

 അങ്ങനെ ഒരു ഒഴിവു ദിനത്തിൽ തന്റെ വീടിന്റെ മുറ്റത്തു വച്ചായിരുന്നു താനവളെ ആദ്യമായി കണ്ടത്. തൊട്ടടുത്ത വീട്ടിലെ ശാരദേച്ചിയുടെ വീടിന്റെ മുറ്റമടിച്ചു കൊണ്ടു നിൽക്കുന്ന ഒരു പെൺകുട്ടി. അതാരായിരിയ്ക്കും എന്ന ആശ്ചര്യത്തോടെയായിരുന്നു താനന്ന് വീട്ടിലേയ്ക്ക് കയറുമ്പോൾ അങ്ങോട്ട് നോക്കിയത്. തന്നെ അവളും കണ്ടു കാണണം. പെട്ടെന്ന് മുറ്റമടി മതിയാക്കി അവളും അപ്പുറത്തെങ്ങോ പോയി മറഞ്ഞു.

 പിന്നീട് രാത്രി പലതും സംസാരിച്ചിരിയ്ക്കുന്ന അവസരത്തിൽ അമ്മയിൽ നിന്നു തന്നെയാണ് അറിഞ്ഞത് - ശാരദേച്ചിയുടെ ഒരകന്ന ബന്ധത്തിലുള്ളതാണത്രെ അവർ. അവളും അമ്മയും. അവളുടെ അമ്മയുടെ ചികിത്സാകാര്യങ്ങൾക്ക് വേണ്ടി അവർ അങ്ങോട്ടു വന്നതാണ്. തന്റെ നാട്ടിലെ പ്രശസ്തവൈദ്യരായ പിഷാരടിയാണത്രെ അവളുടെ അമ്മയെ ചികിത്സിയ്ക്കുന്നത്. കുറച്ചു ദിവസം കൊണ്ടു തന്നെ അമ്മയ്ക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടു. അമ്മ എപ്പോഴും അവളെ പറ്റി പറയുക പതിവായിരുന്നു... അവളുടെ അച്ചടക്കത്തെ പറ്റിയും സ്വഭാവഗുണങ്ങളെ പറ്റിയും എല്ലാം.  അവൾ ഇടയ്ക്കിടെ അമ്മയുടെ അടുത്തും വരാറുണ്ടത്രെ. പൂർണ്ണിമ! പേരു പോലെ തന്നെയായിരുന്നു അവളുടെ രൂപവും സ്വഭാവവും. നീണ്ട മുടിയിൽ തുളസിക്കതിരും ചൂടി, ഒരു ചന്ദനക്കുറിയും തൊട്ട് നടക്കുന്ന ഒരു തനി ഉൾനാടൻ പെൺകുട്ടി!

 പിന്നീട് പലപ്പോഴായി ഇടവഴികളിലും ക്ഷേത്രപരിസരത്തുമൊക്കെയായി അവളെ കണ്ടുമുട്ടി.വീടിനടുത്തുള്ള ആ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നല്ലോ താനും. നാട്ടിലുള്ളപ്പോഴെല്ലാം എല്ലാ ദിവസവും താനാ ക്ഷേത്രത്തിൽ പോകുമായിരുന്നു.

 പിന്നെ പിന്നെ തമ്മിൽ കാണുമ്പോൾ വല്ലതുമൊക്കെ സംസാരിച്ചു തുടങ്ങി. തന്നെപ്പറ്റി എല്ലാം തന്റെ അമ്മ അവളോട് പറഞ്ഞിട്ടുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. പതുക്കെ പതുക്കെ ഞങ്ങൾ തമ്മിൽ അടുത്തു. അവളുമായി ഉണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്ന് അന്നും ഇന്നും തനിയ്ക്കറിയില്ല. ഒരു പെൺകുട്ടിയുമായി അടുത്തിടപഴകുന്നത് തന്റെ ജീവിതത്തിലെയും ആദ്യ അനുഭവമായിരുന്നല്ലോ. തങ്ങൾ തമ്മിലുണ്ടായിരുന്നത് സൌഹൃദമായിരുന്നോ സാഹോദര്യമായിരുന്നോ പ്രണയമായിരുന്നോ... എന്തോ? എന്തായാലും തനിയ്ക്ക് അവളുടെ സാമീപ്യം അവാച്യമായ ഒരാനന്ദം നൽകിയിരുന്നു. അന്നു വരെ ഇല്ലാതിരുന്ന ഒരനുഭൂതി! അവൾ എല്ലാ കാര്യവും തന്നോട് പറയുമായിരുന്നു... അവളുടെ അച്ഛന്റെ മരണത്തെ പറ്റി, അമ്മയുടെ അസുഖത്തെ പറ്റി,  അച്ഛന്റെ മരണശേഷം അവരനുഭവിയ്ക്കുന്ന കഷ്ടപ്പാടുകളെ പറ്റി അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ.

 ദൂരെയെവിടെയോ സ്വന്തമായുള്ള ഒരു വീടും പറമ്പും പകുതിയോളം വിറ്റിട്ടാണത്രെ അവർ ഇപ്പോൾ അമ്മയുടെ ചികിത്സ നടത്തുന്നത്. ആ പറമ്പും മറ്റും നോക്കി നടത്തുന്ന അകന്ന ബന്ധത്തിലുള്ള ഒരമ്മാവനെ പറ്റിയും അവൾ പറഞ്ഞു. അയാൾക്ക് ആ പറമ്പിൽ ഒരു കണ്ണുണ്ടത്രെ. എന്തായാലും അവൾ തന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. സ്നേഹിയ്ക്കാനും സംരക്ഷിയ്ക്കാനും ആരുമില്ലാത്തതിന്റെ ദു:ഖം അവളിൽ പ്രകടമായിരുന്നു. എല്ലാം തുറന്നു പറയാനും ആശ്വസിപ്പിയ്ക്കാനും ഒരാൾ. അങ്ങനെയായിരിയ്ക്കണം അവൾ തന്നെ കണ്ടിരുന്നത്. എന്തായാലും തനിയ്ക്ക് അതിൽ സന്തോഷവുമായിരുന്നല്ലോ .

 ആ നാട്ടിലെ ഒരു കുന്നിൻ മുകളിൽ വച്ചായിരുന്നു തങ്ങൾ അധികവും സംസാരിയ്ക്കാൻ ഒത്തു കൂടിയിരുന്നത്. ശാരദേച്ചിയുടെ പശുവിനെ തീറ്റാനും മറ്റുമായി അവൾ ഇടയ്ക്കിടെ അവിടെ വരുമായിരുന്നു. ആ കുന്നിൻ മുകളിൽ മാനത്തു നോക്കി എത്ര കിടന്നാലും തനിയ്ക്കും മതിവരാറില്ലല്ലോ. ആ കുന്നിന്റെ ഒരു വശം ഒരു കാവായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞ, കാടു പിടിച്ച, ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഒരു കാവ്. അവൾ ഒരിയ്ക്കലും ടതിനടുത്തേയ്ക്ക് പോകാറില്ല, പ്രത്യേകിച്ചും സന്ധ്യ മയങ്ങിയാൽ ... തന്നെയും അവൾ അതിനടുത്തേയ്ക്ക് പോകാനനുവദിയ്ക്കാറില്ല. അവിടെ ദുർമരണമടഞ്ഞവരുടെ ആത്മാക്കൾ അലഞ്ഞു നടക്കാറുണ്ടത്രെ. അവരുടെ അടക്കിപ്പിടിച്ച തേങ്ങലുകളും വിലാപങ്ങളും വരെ ചില വൈകിയ സന്ധ്യാവേളകളിൽ അവിടെ നിന്നും കേൾക്കാറുണ്ടെന്നും മറ്റും അവൾ പല തവണ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തിന്, അവൾ പോലും ചിലപ്പോഴൊക്കെ അതു കേട്ടിട്ടുണ്ടത്രെ! അതിലൊന്നും വിശ്വാസമില്ലായിരുന്നെങ്കിൽ കൂടി താൻ എതിർത്തൊന്നും പറയാറില്ല. മാത്രമല്ല, അവളൊരു തനി നാടൻ പെൺകുട്ടി ആയിരുന്നതിനാൽ താനവളെ തിരുത്താനും ശ്രമിച്ചിട്ടില്ല.

 അങ്ങനെ കുറച്ചു കാലം കടന്നു പോയി. ഒരു ഒഴിവു ദിവസം താൻ നാട്ടിലേയ്ക്ക് വന്നപ്പോൾ അമ്മ വീട്ടിലില്ല. ശാരദേച്ചിയുടെ വീട്ടിൽ നിന്നും കുറച്ചു നേരം കഴിഞ്ഞാണ് അമ്മ വന്നത്. അമ്മ പറയുമ്പോഴാണറിയുന്നത്, തലേന്ന് രാത്രി അവളുടെ അമ്മ മരിച്ചു.അവസാന നിമിഷങ്ങളിൽ മകളുടെ ഭാവിയെ കുറിച്ച് തന്നെയാണത്രെ അവർ പറഞ്ഞു കൊണ്ടിരുന്നത്. അവസാനം, മകളെ കുറിച്ചുള്ള ആകുലതകൾ മനസ്സിൽ തന്നെ അവശേഷിപ്പിച്ചു കൊണ്ട് ആ അമ്മ യാത്രയായി.

 പിറ്റേന്ന് കാലത്ത് താൻ കാണുന്നത് അമ്മയോട് യാത്ര പറയാനെത്തിയിരിയ്ക്കുന്ന അവളെയാണ്. ഒപ്പം അവളുടെ ബാഗും പിടിച്ചു കൊണ്ട് പ്രായമായ ഒരാളുമുണ്ട്. അത് അവളുടെ അമ്മാവനായിരുന്നു. അയാൾ അവളെയും കൂടെ കൊണ്ടു പോകുകയായിരുന്നത്രെ. അവൾക്ക് തിരിച്ചു പോകാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എന്ന് തോന്നി എങ്കിലും അവൾ നിസ്സഹായയായിരുന്നു. അമ്മയോട് യാത്ര പറയുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു. അപ്പോൾ തന്റെ അമ്മയുടെയും കണ്ണു നിറഞ്ഞിരുന്നു. വിഷമത്തോടെയാണെങ്കിലും അമ്മ അവളെ ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. അവസാനം അമ്മാവന്റെ കൂടെ തന്റെ വീടിന്റെ പടിയിറങ്ങുമ്പോൾ അവൾ തന്നെ ഒന്നു തിരിഞ്ഞു നോക്കി. അവളുടെ ദൈന്യതയോടെയുള്ള ആ നോട്ടം, നിറഞ്ഞ മിഴികളോടെയുള്ള ആ ദയനീയമായ നോട്ടം! അതിന്നും തന്റെ മനസ്സിലുണ്ട്, അത് പതിഞ്ഞത് തന്റെ ഹൃദയത്തിലായിരുന്നു... എന്തെങ്കിലും ചെയ്യാൻ അന്ന് താനും അശക്തനായിരുന്നല്ലോ!

 അതിനു ശേഷം ഒരിയ്ക്കലും താനവളെ കണ്ടിട്ടില്ല. അമ്മയുടെ മരണ ശേഷം ആ നാട്ടിലേയ്ക്കും താൻ പോയിട്ടില്ല. ഈ അറുപതാം വയസ്സിൽ അവിവാഹിതനായി താൻ കഴിയുന്നതിന്റെ കാരണം അവളാണോ എന്നു പോലും തനിയ്ക്കറിയില്ല. ഒരു നെടുവീർപ്പോടെ അയാൾ തിരിഞ്ഞു കിടന്നു.

 അവൾ ഇപ്പോൾ എവിടെയായിരിയ്ക്കും? എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ? അതോ ദുർമരണമടഞ്ഞ ആ ആത്മാക്കളെ പോലെ തന്നെ അവളുടെയും അടക്കിപ്പിടിച്ച തേങ്ങലുകളും വിലാപങ്ങളും ആ പഴയ കുന്നിൻപുറത്തുള്ള കാവിൽ പ്രതിധ്വനിയ്ക്കുന്നുണ്ടായിരിയ്ക്കുമോ...?

7 comments:

  1. ശ്രീ said...

    വെറുതെ ഒരു കഥ...

  2. വിനുവേട്ടന്‍ said...

    അങ്ങനെ കഥയിലും കൈ വച്ചുവല്ലേ?

    കാത്തിരുപ്പിന്റെ വിങ്ങൽ വായനക്കാരനും അനുഭവവേദ്യം... എന്നാലും എന്നെങ്കിലും അവർ തമ്മിൽ കണ്ടുമുട്ടും എന്ന് തന്നെ പ്രതീക്ഷിക്കാം അല്ലേ? അതാണ് ഞങ്ങൾക്കിഷ്ടവും...

  3. Punaluran(പുനലൂരാൻ) said...

    കൊള്ളാം.. നല്ല ഫീൽ ഉള്ള കഥ.. ഇഷ്ടം.. ആശംസകൾ

  4. Muralee Mukundan , ബിലാത്തിപട്ടണം said...

    അല്ലാ ശ്രീശോഭ് ഭായ്
    ഇനി ബൂലോക കഥാകാരന്മാരുടെ
    കഞ്ഞി കുടി മുട്ടിക്കുമോ ?

  5. Saddam_Sadhu said...

    പ്രതിലിപിയില്‍ നിന്നുമാണ് ബ്ലോഗ്‌ ലിങ്ക് കിട്ടിയത്.. വളരെ മനോഹരമായിരിക്കുന്നു......


    ഈ കാട്ടുപ്പൂവിനെ കൂടി ഓര്‍ക്കുമല്ലോ അല്ലേ??

    https://saddamsadhu.blogspot.com/




  6. സുധി അറയ്ക്കൽ said...

    ങേ??സുന്ദരമായ കഥ.ഒരു കഥാകാരൻ കൂടി ആണോ???

  7. ശ്രീ said...

    നന്ദി, വിനുവേട്ടൻ, പുനലൂരാൻ, മുരളി മാഷ്, saddam, സുധി