ഇതു പോലെ ഒരു ജൂണ്‍ മാസാരംഭത്തില്‍ സ്കൂള്‍ തുറന്ന സമയം. ഞാന്‍ അന്ന് എന്റെ പ്രിയപ്പെട്ട വാളൂര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ്സിലേയ്ക്ക് പാസ്സായിരിയ്ക്കുന്നു. രണ്ടാം ദിവസം ക്ലാസ്സില്‍ വന്നു കയറിയ ഞാന്‍ എന്റെ പുറകിലത്തെ ബഞ്ചിലിരിയ്ക്കുന്ന കുട്ടിയെ കണ്ട് കുറച്ചൊന്ന് അത്ഭുതപ്പെട്ടു. അത് അവനായിരുന്നു. എന്റെ വീടിന്റെ നാലഞ്ച് വീടിനപ്പുറമുള്ള വീട്ടിലെ, എന്നേക്കാള്‍ മൂന്നു നാലു വയസ്സിനെങ്കിലും മുതിര്‍ന്ന കണ്ണന്‍.
“ങേ, ശ്രീയോ? നീ ഈ ക്ലാസ്സിലാണല്ലേ?” ചെറിയൊരു ചമ്മലോടെ അവന്‍ ചോദിച്ചു.“അതേ…കണ്ണന്‍ എങ്ങനെ ഇവിടെ?” ഞാനും അതിശയത്തോടെ തിരിച്ചു ചോദിച്ചു.
അപ്പോഴേയ്ക്കും സുനി ( അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തായ ബ്ലോഗര്‍ ഉപാസന) ഇടപെട്ടു. “എടാ… നിന്റെ അയല്‍ക്കാരന്‍ ആയിട്ടും നീ അറിഞ്ഞില്ലേ? ഇവന്‍ വീണ്ടും പഠിയ്ക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ നമ്മുടെ സഹപാഠിയാണ്”.വൈകാതെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അവന്‍ ഒമ്പതാം ക്ലാസ്സിലായിരുന്നു. അന്ന് സാമാന്യം വഷളത്തരങ്ങളും മോശം കൂട്ടുകെട്ടുകളുമായി പഠനത്തില്‍ തീരെ ശ്രദ്ധയില്ലാത്ത, ടീച്ചര്‍മാരുടെ നോട്ടപ്പുള്ളിയായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. അക്കാലത്ത് പരീക്ഷകളില്‍ അഞ്ചും ആറും വിഷയങ്ങള്‍ വരെ അവന്‍ തോല്‍ക്കുന്ന പതിവുണ്ടായിരുന്നു. അവസാനം വാര്‍ഷിക പരീക്ഷ തോറ്റതോടെ പഠനം നിര്‍ത്തി വാര്‍ക്കപ്പണിയ്ക്കു പോകാനുള്ള അവന്റെ തീരുമാനനത്തില്‍ നാട്ടുകാര്‍ക്കോ അദ്ധ്യാപകര്‍ക്കോ അത്ഭുതം തോന്നിയില്ലെന്ന് മാത്രമല്ല, വീട്ടുകാര്‍ക്ക് സന്തോഷമാകുകയും ചെയ്തു. കുടുംബത്തിന് ഒരു വരുമാനമാകുമല്ലോ.
ആ കണ്ണന്‍ രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചു വന്നിരിയ്ക്കുകയാണ്. എങ്ങനെ എങ്കിലും പത്താം ക്ലാസ്സ് പാസാകണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം വരവ്. അതും ആരുടേയും നിര്‍ബന്ധം കൊണ്ടൊന്നുമല്ല… സ്വയം തോന്നി, തിരിച്ചെത്തിയിരിയ്ക്കുകയാണ്. അതു കൊണ്ടു തന്നെ രണ്ടാം വരവില്‍ അവന്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിയ്ക്കാന്‍ ശ്രമിച്ചു. ടീച്ചര്‍മാരോട് സംശയങ്ങള്‍ ചോദിയ്ക്കാനും നല്ല കൂട്ടുകെട്ടുകളില്‍ മാത്രം പങ്കാളിയാകാനും ശ്രദ്ധിച്ചു. വഷളനായ ഒരു കുട്ടിയുടെ തിരിച്ചു വരവ് എന്ന നിലയില്‍ എല്ലാ ടീച്ചര്‍മാരും അവന് കൂടുതല്‍ പരിഗണനയും കൊടുത്തു.എങ്കിലും, രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അവന്റെ തിരിച്ചു വരവ് അത്ര എളുപ്പമായിരുന്നില്ല. വീണ്ടും പഠനത്തിന്റെ ട്രാക്കിലെത്താന്‍ അവന് കിണഞ്ഞു പരിശ്രമിയ്ക്കേണ്ടി വന്നു. അവനാണെങ്കില്‍ മുന്‍പ് ശരാശരിയ്ക്കും താഴെ മാത്രം പഠിച്ചിരുന്ന വ്യക്തിയുമായിരുന്നല്ലോ. മാത്രമല്ല, കണ്ണനെ പരിഹസിയ്ക്കാനും ഒട്ടേറെ പേരുണ്ടായിരുന്നു. അവന്റെ കൂടെ മുന്‍പ് പഠിച്ചിരുന്ന പലരും അപ്പോഴേയ്ക്കും സ്കൂള്‍ ജീവിതമെല്ലാം അവസാനിപ്പിച്ചിരുന്നല്ലോ. അവരും ചില നാട്ടുകാരുമെല്ലാം ഈ മടങ്ങി വരവിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നത്.
അതു കൊണ്ടൊക്കെ തന്നെ ഒമ്പതാം ക്ലാസ്സിലെ ആദ്യ കുറേ ദിവസങ്ങള്‍ കണ്ണന്‍ ശരിയ്ക്കും കഷ്ടപ്പെട്ടു. ശ്രമിച്ചിട്ടും ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റാതെയും പഠിച്ചിട്ടും ക്ലാസ്സില്‍ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെയും അവന്‍ ആ ദിവസങ്ങളില്‍ പലപ്പോഴും വിഷമിച്ചു. ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാത്തതില്‍ അവനും നിരാശ തോന്നിയിരിയ്ക്കണം. ഒപ്പം പുറത്തു നിന്നുമുള്ള പരിഹാസങ്ങളും കൂടിയായപ്പോള്‍ അവന്‍ മാനസികമായി തകര്‍ന്നു.എങ്കിലും ഞങ്ങളുടെ ക്ലാസ്സിലെ ഭൂരിഭാഗം പേരുടേയും പിന്തുണ കണ്ണനോടൊപ്പം ഉണ്ടായിരുന്നു. അത് അവന് ശരിയ്ക്കും ഒരു പ്രചോദനമായിരുന്നു. ക്ലാസ്സില്‍ തരക്കേടില്ലാതെ പഠിയ്ക്കുന്നവര്‍ എന്ന നിലയില്‍ കണ്ണന് എന്നോടും ഉപാസനയോടും മഹേഷിനോടുമെല്ലാം കുറച്ച് ബഹുമാനം കലര്‍ന്ന സ്നേഹമുണ്ടായിരുന്നു. അവന്‍ ഒഴിവു പിരിയഡുകളില്‍ ഞങ്ങളോട് സംശയങ്ങള്‍ ചോദിയ്കുന്നതും മറ്റും പതിവായി. ഞങ്ങളാണെങ്കില്‍ അവനെ വേണ്ടത്ര പ്രോത്സാഹിപ്പിയ്ക്കാനും കഴിയും വിധമെല്ലാം അവനെ സഹായിയ്ക്കാനും ശ്രമിച്ചിരുന്നു. ഒപ്പം ഹിന്ദി ടീച്ചറായ ലീലാവതി ടീച്ചറും മറ്റും അവനെ സഹായിയ്ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.
അങ്ങനെ അവന്‍ കുറേശ്ശെ മെച്ചപ്പെട്ടു വരാന്‍ തുടങ്ങി. ഒമ്പതിലെ ഓണപ്പരീക്ഷക്ക് രണ്ടോ മൂന്നോ വിഷയങ്ങള്‍ക്കു മാത്രമാണ് അവന് പാസ്സ്മാര്‍ക്ക് കിട്ടാതിരുന്നത്. എന്നാല്‍ ക്രിസ്തുമസ് പരീക്ഷ ആയപ്പോഴേയ്ക്കും കണക്ക് ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും പാസ്സാകാന്‍ അവനു സാധിച്ചു. അങ്ങനെ ഒമ്പതാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞു. അവന്‍ പത്തിലേയ്ക്ക് പാസ്സാകുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സംശയമേയില്ലായിരുന്നു. പിന്നീടുള്ള രണ്ടു മാസത്തെ മദ്ധ്യവേനല്‍ അവധിക്കാലത്ത് ഞങ്ങളെല്ലാം കളിച്ചു തിമര്‍ക്കുമ്പോള്‍ കണ്ണന്‍ മാത്രം ആ കൂട്ടത്തിലെങ്ങും ഉണ്ടായിരുന്നില്ല. പകരം, അവന്‍ തന്റെ പഴയ സുഹൃത്തുക്കള്‍ക്കൊപ്പം വാര്‍ക്കപ്പണിയ്ക്കു പോയി. പത്താം ക്ലാസ്സിലെ പഠന ചിലവുകള്‍ക്കായി ജോലി ചെയ്തു കിട്ടുന്ന വരുമാനം സൂക്ഷിച്ചു വച്ചു.
വൈകാതെ റിസല്‍ട്ട് വന്നു, പ്രതീക്ഷിച്ചിരുന്ന പോലെ ഞങ്ങളോടൊപ്പം അവനും പത്താം ക്ലാസ്സിലെത്തി. അപ്പോഴേയ്ക്കും അവന്റെ പഠന നിലവാരവും ഉയര്‍ന്നിരുന്നു. അവനെപ്പോലെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കളും അദ്ധ്യാപകരും അവന്റെ പുരോഗതിയില്‍ സന്തോഷിച്ചു.ക്ലാസ്സിലെ മുപ്പതിലധികം വരുന്ന ഞങ്ങള്‍ സഹപാഠികള്‍ക്ക് ഒരു അത്ഭുതമായി മാറിയിരുന്നു അവന്‍. ഞങ്ങളെക്കാള്‍ മൂന്നോ നാലോ വയസ്സിന് മൂത്തവന്‍. പഠനം മതിയാക്കി പണിയ്ക്കു പോയ ശേഷം വീണ്ടു വിചാരം തോന്നി, തിരിച്ചു വന്നവന്‍. അതിനേക്കാളുപരി പഠന ചിലവുകള്‍ക്കുള്ള പണം സ്വയം സമ്പാദിയ്ക്കുന്നവന്‍… അങ്ങനെ അങ്ങനെ…
അപ്പോഴേയ്ക്കും പഴയതു പോലെ അവനെ ആരും കളിയാക്കാതെയായി. സ്കൂളിനകത്തും പുറത്തും അവനെ പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ മാത്രമായി. എങ്കിലും പത്താം ക്ലാസ്സില്‍ ആണല്ലോ… പഠനത്തിന്റെ സംശയങ്ങള്‍ തീര്‍ക്കാനും മറ്റുമായി എവിടെ എങ്കിലും ട്യൂഷന് ചേരുന്നത് നല്ലതാണ് എന്ന് എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിയതിനാല്‍ അവന്‍ പറ്റിയ ഒരാളെ തപ്പി നടപ്പായി. അവന് ഒരു ട്യൂഷന്‍ പോലെ പറഞ്ഞു കൊടുക്കാന്‍ എനിയ്ക്കോ സുനിലിനോ സമയം കിട്ടുമോ എന്ന് ഒരിയ്ക്കല്‍ അവന്‍ എന്നോട് ചോദിച്ചു. എന്നാല്‍ അവന്റെ സഹപാഠികള്‍ മാത്രമായ ഞങ്ങളേക്കാള്‍ നല്ലത് മറ്റാരെയെങ്കിലും കണ്ടെത്തുന്നതാണെന്ന് എനിയ്ക്ക് തോന്നി. അങ്ങനെ ആണ് എന്റെ സുഹൃത്തും അയല്‍ക്കാരനുമായ (അന്ന് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന) ജിബിഷ് ചേട്ടനെ തപ്പിയെടുത്തത്. ആദ്യമെല്ലാം മടിച്ചെങ്കിലും അവസാനം തനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുക്കാന്‍ ജിബീഷ് ചേട്ടനും തയ്യാറായി.(ജിബീഷ് ചേട്ടനെ സംബന്ധിച്ചിടത്തോളം അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള 10 വര്‍ഷക്കാലം ഞങ്ങളുടെ നാട്ടിലെ തന്നെ എറ്റവും മികച്ച ട്യൂഷന്‍ സെന്റര്‍ ആയിരുന്നു ജിബിഷ് ചേട്ടനും എന്റെ ചേട്ടനും കൂടി നടത്തിക്കൊണ്ടു പോന്ന ഹരിശ്രീ ട്യൂഷന്‍ സെന്റര്‍)അങ്ങനെ പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷ വരെ സുഗമമായി കടന്നു പോയി. ഓണപ്പരീക്ഷയ്ക്ക് അവന് മുന്നൂറ്റി അമ്പതിനടുത്ത് (600 ല്‍) മാര്‍ക്ക് ഉണ്ടായിരുന്നു. അദ്ധ്യാപകര്‍ എല്ലാം അവനെ കലവറയില്ലാതെ പ്രശംസിച്ചു.
അക്കാലത്ത് ഒരു ദിവസം കണ്ണന്റെ പുറത്തു തട്ടിക്കൊണ്ട് തമാശരൂപേണ സുനി (ഉപാസന) എന്നോട് പറയുക പോലും ചെയ്തു. “എടാ… ഇതാ നമുക്കൊരു ശക്തനായ എതിരാളി” എന്ന്. ആ പ്രശംസ ഒരു അംഗീകാരമെന്ന പോലെ കണ്ണനും വിനയപൂര്‍വ്വം ആസ്വദിച്ചു. എന്നാല്‍ അതിനു ശേഷമായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. എപ്പോഴും ‘പഠനം… പഠനം…’ എന്നു മാത്രമായി അവന്റെ ചിന്ത. എങ്ങനെ എങ്കിലും എസ്സ്. എസ്സ്. എല്‍. സി. പാസ്സായേ തിരൂ എന്ന ശക്തമായ തോന്നലില്‍ അവന്‍ രാത്രികളിലെല്ലാം ഉറക്കമിളച്ച് പഠിയ്ക്കാന്‍ തുടങ്ങി. ഉറക്കം വരാതിരിയ്ക്കാനായി ആരൊക്കെയോ പറഞ്ഞ മരുന്നുകളും മറ്റും വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. ഇതെല്ലാം അവനെ പ്രതികൂലമായി ബാധിച്ചു. രാത്രി സമയങ്ങളില്‍ ഒരുപാടു വൈകും വരെ ഇരുന്നും അതിരാവിലെ തന്നെ ഉണര്‍ന്നും എല്ലാം പഠിയ്ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി അവന്‍ സ്ഥിരമായി തലവേദനയും മറ്റും തുടങ്ങി. എപ്പോഴും ഓരോന്ന് ചിന്തിച്ച് ടെന്‍ഷനടിച്ച് ഉറക്കം തന്നെ ഇല്ലാതായി. അതോടൊപ്പം പലരുടേയും അഭിപ്രായങ്ങള്‍ കേട്ട് തോന്നിയ പോലെ മരുന്നുകളും മറ്റും വാങ്ങി കഴിച്ച് അവന്‍ ആകെ ഒരു ഉന്മാദാവസ്ഥയിലായി.
ആ വര്‍ഷത്തെ ക്രിസ്തുമസ്സ് പരീക്ഷയ്ക്ക് കണ്ണന്‍ വളരെ കഷ്ടപ്പെട്ടു. പരീക്ഷകള്‍ നേരാം വണ്ണം എഴുതാന്‍ തന്നെ അവനു സാധിച്ചില്ല. ഒന്നു രണ്ടു വിഷയങ്ങള്‍ക്ക് പാസ് മാര്‍ക്ക് നേടാനും സാധിച്ചില്ല. ഞങ്ങള്‍ ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകര്‍ക്കും അത്ഭുതമായി. എല്ലാവര്‍ക്കും അവനോട് ഒന്നു മാത്രമേ ചോദിയ്ക്കാനുണ്ടായിരുന്നുള്ളൂ… “എന്തു പറ്റി, കണ്ണന്? ഉഴപ്പിയതാണോ? അസുഖം വല്ലതുമാണോ?”
ആരെന്തു ചോദിച്ചാലും ഒന്നിനും മറുപടി പറയാതെ അവന്‍ മിണ്ടാതെ നില്‍ക്കും. ആ കാലയളവില്‍ അവധി ദിവസങ്ങളാണെങ്കില്‍ അവന്‍ പലപ്പോഴും എന്റെ വീട്ടിലേയ്ക്ക് വരാറുണ്ട്. അങ്ങനെ സംസാരിച്ചിരിയ്ക്കുമ്പോള്‍ അവന്‍ അവന്റെ പ്രശ്നങ്ങള്‍ എന്നോട് പറയും. ഞാന്‍ അവനെ (വെറുമൊരു പതിനഞ്ചുകാരന്റെ അറിവു വച്ചു കൊണ്ടാണെങ്കിലും) എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അതു പോലും അവന് വലിയ ആശ്വാസമായിരുന്നു എന്ന് പിന്നീട് അവനെന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ സംസാരിച്ചിരുന്ന വേളയില്‍ ഒരിയ്ക്കല്‍ അവനെന്നോട് പറഞ്ഞു.
“ശ്രീ, നിനക്കറിയില്ല എന്റെ വീട്ടിലെ അവസ്ഥ. എന്റെ കുടുംബത്തില്‍ ഇന്ന് വരെ ആരും പത്താം ക്ലാസ്സ് പാസ്സായ ചരിത്രമില്ല. നിനക്കറിയാമല്ലോ എന്റെ ചേച്ചിയെ? എന്നെക്കാള്‍ നന്നായി പഠിച്ചിരുന്ന ചേച്ചിയ്ക്കു പോലും രണ്ടു തവണ ശ്രമിച്ചിട്ടും എസ്സ്. എസ്സ്. എല്‍. സി. പാസ്സാകാന്‍ സാധിച്ചിച്ചിട്ടില്ല. അത് ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ശാപമാണ്. എന്റെ അമ്മയും അതു തന്നെയാണ് പറയുന്നത്. എത്ര പഠിച്ചാലും ഞാന്‍ പാസ്സാകില്ല എന്ന്. ആ നേരം കൊണ്ട് പഠിപ്പു നിര്‍ത്തി പണിയ്ക്കു പോയി നാലു കാശുണ്ടാക്കാന്‍ നോക്കണമെന്നാണ്‍ അവരുടെ അഭിപ്രായം”.
ഒന്നു നിര്‍ത്തിയ ശേഷം അവന്‍ തുടര്‍ന്നു.“ നിനക്കറിയുമോ? ഞാന്‍ പണിയ്ക്കു പോകുന്ന ദിവസങ്ങളില്‍ രാവിലെ ഞാന്‍ ഉണര്‍ന്നെഴുന്നേറ്റ് വരുമ്പോഴേയ്ക്കും കുളിമുറിയില്‍ ചൂടുവെള്ളം റെഡി ആയിട്ടുണ്ടാകും. കുളിച്ച് വരുമ്പോഴേയ്ക്കും ഭക്ഷണവും തയ്യാറായിരിയ്ക്കും. പക്ഷേ, പഠിയ്ക്കാന്‍ പോകുന്ന ദിവസങ്ങളില്‍ ഇതൊന്നുമില്ല. കുളിയും കഴിഞ്ഞ്, ക്ലാസ്സില്‍ പോകും മുന്‍പ് കഞ്ഞി കിട്ടണമെങ്കില്‍ തന്നെ പല തവണ ചോദിയ്ക്കണം, കുറേ കുത്തു വാക്കുകള്‍ കേള്‍ക്കണം…” അത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്റെ ശബ്ദം ഇടറി.
അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ദനായി നിന്നു പോയി. സ്വന്തം അമ്മയുടെ പെരുമാറ്റത്തെ പറ്റിയാണ് അവന്‍ പറഞ്ഞത്. പഠിയ്ക്കാനായി വീണ്ടും സ്കൂളില്‍ പോകുന്നതിനോട് അവന്റെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല എന്ന് എനിയ്ക്ക് അപ്പോഴാണ് ശരിയ്ക്കും ബോധ്യമായത്. അവന്‍ പഠിയ്ക്കാനായി പോകുന്നതു കൊണ്ട് വീട്ടിലേയ്ക്കുള്ള വരുമാനം കുറഞ്ഞു എന്നതാണ് അവന്റെ അമ്മ പോലും അങ്ങനെ പെരുമാറാന്‍ കാരണം എന്നത് എന്നെ അത്ഭുതപ്പെടുത്തി. (വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും നിങ്ങള്‍ അറിയണ്ട, നിങ്ങള്‍ക്ക് പഠിയ്ക്കാന്‍ പറ്റുന്നിടത്തോളം പഠിച്ചാല്‍ മതി എന്ന് എന്റെ വീട്ടില്‍ അച്ഛനും അമ്മയും എന്നോടും ചേട്ടനോടും പറയുന്നതിലെ സ്നേഹവും ആത്മാര്‍ത്ഥതയും ആദ്യമായി തിരിച്ചറിഞ്ഞത് ഒരു പക്ഷേ അന്നായിരിയ്ക്കണം. അന്നു വരെ, പോയിരുന്നു പഠിയ്ക്കെടാ എന്ന് പറയുമ്പോള്‍ മടിയോടെ, അവര്‍ക്ക് വേണ്ടി എന്ന പോലെയാണ് പുസ്തകവുമെടുത്ത് വല്ലതുമൊക്കെ പഠിയ്ക്കാന്‍ ചെന്നിരിയ്ക്കാറുള്ളത്)
ഇത്രയൊക്കെ പ്രശ്നങ്ങള്‍ക്കിടയിലാണ് അവന്‍ പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. ഇങ്ങനെയുള്ള എല്ലാ ചിന്തകളും കൂടി ആയപ്പോള്‍ അവന് എത്ര ശ്രമിച്ചിട്ടും ഒന്നും തലയില്‍ കയറാതായി. ക്ലാസ്സില്‍ ശ്രദ്ധിയ്ക്കാനും പറ്റാതായപ്പോള്‍ അവന് എന്താണ് പറ്റിയതെന്ന് ടീച്ചര്‍മാരും ചോദിയ്ക്കാന്‍ തുടങ്ങി. അവസാനം ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ തന്റെ പ്രശ്നങ്ങള്‍ എല്ലാം അവരോട് പങ്കു വച്ചു. പിന്നീടുള്ള രണ്ട് മൂന്ന് മാസക്കാലം അദ്ധ്യാപകരുടെ എല്ലാം പ്രധാന പരിപാടി അവനെ സമാധാനിപ്പിയ്ക്കുക, പ്രോത്സാഹിപ്പിയ്ക്കുക, ഉപദേശങ്ങള്‍ നല്‍കുക എന്നതൊക്കെയായിരുന്നു. “കണ്ണന് എന്തു പ്രശ്നമുണ്ടെങ്കിലും ഒരു അമ്മയോടെന്ന പോലെ എന്നോട് തുറന്നു പറഞ്ഞു കൊള്ളൂ… എന്നു പറഞ്ഞ ലിലാവതി ടീച്ചറിനു മുന്നില്‍ വച്ച് നിയന്ത്രണം വിട്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു നില്‍ക്കുന്ന കണ്ണനെ എനിയ്ക്ക് ഇന്നും നല്ല ഓര്‍മ്മയുണ്ട്. പലപ്പോഴും ടീച്ചര്‍ അവനെ സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി സമാധാനിപ്പിച്ച് ധൈര്യം കൊടുത്ത് വിട്ടിട്ടുണ്ട്.
അങ്ങനെ പതുക്കെ പതുക്കെ അവന്റെ മാനസികാവസ്ഥ കുറേയൊക്കെ ശരിയായി. പക്ഷേ, അപ്പോഴേയ്ക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു. എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയ്ക്ക് വേണ്ടതു പോലെ തയ്യാറെടുക്കാനുള്ള സമയം അവനു കിട്ടിയില്ല. എങ്കിലും എങ്ങനെ എങ്കിലും പാസാകണം എന്ന വാശി അവനും അവനെ കഴിയും വിധമെല്ലാം സഹായിയ്ക്കാനുള്ള സന്മസസ്സ് അദ്ധ്യാപകര്‍ക്കും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നു. ഒപ്പം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജിബീഷ് ചേട്ടനും അവന്റെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാന്‍ സമയം കണ്ടെത്തി.
അങ്ങനെ അവസാനം എസ്സ്. എസ്സ്. എല്‍. സി. റിസല്‍ട്ട് വന്നു. കണ്ണന്റെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. ഇരുന്നൂറ്റി അമ്പതിനടുത്ത് മാര്‍ക്ക് വാങ്ങി അവന്‍ പാസ്സായി.
പത്താം ക്ലാസ്സിന്റെ തുടക്കത്തില്‍ എല്ലാവരും മിനിമം ഫസ്റ്റ് ക്ലാസ്സ് എങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ധ്യയന വര്‍ഷത്തിന്റെ പകുതി ആയപ്പോഴേയ്യ്ക്കും എസ്സ്. എസ്സ്. എല്‍. സി. അവന് പാസ്സാകാന്‍ സാധിയ്ക്കുമോ എന്ന് പോലും സംശയിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പാസ്സാകാനെങ്കിലും സാധിച്ചല്ലോ എന്ന സംതൃപ്തിയായിരുന്നു അവന്.
പക്ഷേ, അതോടെ അവന്‍ പഠനം നിര്‍ത്തി, വീണ്ടും പണിയ്ക്കു പോയിത്തുടങ്ങി. ഞങ്ങളെല്ലാം നിബന്ധിച്ചിട്ടും തുടര്‍ന്ന് പഠിയ്ക്കാന്‍ അവന്‍ കൂട്ടാക്കിയില്ല. അധികം വൈകാതെ ഞങ്ങളുടെ നാട്ടിലെ വീടും സ്ഥലവും എല്ലാം വിറ്റ് അവര്‍ മറ്റൊരു ദേശത്തേയ്ക്ക് യാത്രയായി. പിന്നീട് രണ്ടോ മൂന്നോ തവണയേ ഞാന്‍ അവനെ കണ്ടിട്ടുള്ളൂ… അവസാനമായി രണ്ടു വര്‍ഷം മുന്‍പ് കണ്ടപ്പോള്‍ അവന്‍ ഒരുപാട് സംസാരിച്ചു. അന്ന് കുറച്ചൊരു നഷ്ടബോധത്തോടെ അവന്‍ പറഞ്ഞു. “അന്ന് നിങ്ങള്‍ പറഞ്ഞതു പോലെ പഠനം നിര്‍ത്തേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നെടാ… പത്താം ക്ലാസ് പാസായതു കൊണ്ട് മാത്രം എന്റെ ജീവിതത്തില്‍ ഒരു മാറ്റവും വന്നില്ല”
----------
ഇപ്പോഴും ഇടയ്ക്ക് വല്ലപ്പോഴുമൊരിയ്ക്കല്‍ എന്റെ പഴയ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് എടുത്ത് മറിച്ചു നോക്കുമ്പോള്‍ കണ്ണന്‍ എഴുതിയ ആ പേജില്‍ എത്തുമ്പോള്‍ ഞാന്‍ പലതും ഓര്‍ക്കും… അന്ന് അവന്‍ എന്റെ ഓട്ടോഗ്രാഫ് എഴുതിയ ആ ദിവസവും…
എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ എന്തെങ്കിലും രണ്ടു വരി കുറിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനത് വാങ്ങി, ഒറ്റയ്ക്കൊരു ബഞ്ചില്‍ പോയിരുന്നു. ഏതാണ്ട് പത്തു പതിനഞ്ച് മിനുട്ട് നേരം എന്തൊക്കെയോ അലോചിച്ചിരുന്നു. അവസാനം അത് മടക്കി എന്റെ കയ്യില്‍ തന്നിട്ട് അവന്‍ പറഞ്ഞു “ഞാന്‍ പോയിക്കഴിഞ്ഞിട്ട് നീ ഇതു തുറന്നു നോക്കിയാല്‍ മതി”
അത്രയും പറഞ്ഞ് അവന്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി പോയി. ഉടനെ തന്നെ ഞാന്‍ ആ പേജ് തുറന്നു നോക്കി. അത്രയും സമയമെടുത്ത് അവന്‍ എന്തായിരിയ്ക്കും എഴുതിയത് എന്നറിയാന്‍… അതില്‍ കണ്ണു നീര്‍ വീണ് കുതിര്‍ന്ന ഒരു പേജില്‍ ആകെ എഴുതിയിരുന്നത് ഇത്ര മാത്രമായിരുന്നു.
“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോ… എനിയ്ക്ക് അതു മതി”
ആ വരികളില്‍ എല്ലാമുണ്ടായിരുന്നു. അവന്റെ മനസ്സ്… നൊമ്പരങ്ങള്‍ എല്ലാം.
സാഹചര്യങ്ങള്‍ സമ്മതിയ്ക്കാത്തതു കൊണ്ട് ജീവിതം വഴിമാറി പോയവരെ കുറിച്ചു പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞാന്‍ കണ്ണനെ ഓര്‍ക്കും. സ്വന്തം കുടുംബത്തില്‍ നിന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നെങ്കില്‍ അവന് ഇന്ന് ഈ ഗതി വരില്ലായിരുന്നു.
വി.ബി. മാഷുടെ മനോഹരമായ ഒരു സൌഹൃദ പോസ്റ്റ് ഇതാ ഇവിടെ. വായിയ്ക്കൂ.
99 comments:
എന്റെ സ്കൂള്‍ പഠനകാലത്തെ ഒരു ഓര്‍മ്മക്കുറിപ്പാണ് ഇത്തവണ. അല്പം നീളക്കൂടുതല്‍ ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.
പഠിയ്ക്കാന്‍ വേണ്ടി വരുന്ന ചിലവുകള്‍ക്കെല്ലാമുള്ള പണം സ്വയം അധ്വാനിച്ച് സമ്പാദിച്ച് പത്താം ക്ലാസ്സ് പാസ്സായ കണ്ണനെപ്പോലെയുള്ളവര്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാണ്. ഈ പോസ്റ്റ് രണ്ടു വര്‍ഷം എന്റെ സഹപാഠിയായിരുന്ന ആ സുഹൃത്തിന് (കണ്ണന്‍ എന്നത് നാട്ടില്‍ വിളിയ്ക്കുന്ന പേരാണ്) സമര്‍പ്പിയ്ക്കുന്നു.
ശ്രീക്കു ഒരു commentടിക്കണമെന്നത് എന്റെ വലിയ ഒരു ആഗ്രഹമയിരുന്നു..പക്ഷേ ഈ post എന്നെ മൗനത്തിലാഴ്‌ത്തുന്നു.
ശരിയാണു ശ്രീ.പഠിക്കണമെന്ന് അത്രയേറെ താല്പര്യമുണ്ടായിരുന്ന കണ്ണനു വീട്ടുകാർ വേണ്ട പ്രോത്സാഹനം വേണ്ട തരത്തിൽ കൊടുത്തിരുന്നെങ്കിൽ അവൻ ഇപ്പോൾ ആരാകുമായിരുന്നു.പക്ഷേ പഠനം നിർത്തി രണ്ടു വർഷത്തിനു ശേഷം തനിക്കിളയവരുടെ ക്ലാസ്സിൽ ഇരിക്കാനും പഠിക്കാനുമുള്ള അവറ്റെ ആഗ്രഹത്തെ മനസ്സിലാക്കി,അവനോട് അനുഭാവപൂർവ്വമായി പെരുമാറാൻ ശ്രമിച്ച ശ്രീക്കും സുനിലിനുമൊക്കെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും.എന്നും.ഈ പോസ്റ്റ് കണ്ണു നനയിപ്പിക്കുന്നതായി.
ഇതു വായിച്ചിട്ട് വല്ലാതെ വിഷമം തോന്നുന്നു ശ്രീ....നമ്മള്‍ മനസ്സിലാക്കാതെ വിട്ടുപോയ എത്ര പേരുണ്ടാവും എന്ന കുറ്റബോധവും.....
ഒന്നും പറയാനാവുന്നില്ല ശ്രീ... കുറച്ചു സെന്‍ റിയുള്ള കൂട്ടത്തിലാണ്. ശ്രീയുടെ പോസ്റ്റില്‍ത്തന്നെ എല്ലാമുണ്ട്. മനസ്സിലാക്കേണ്ടവര്‍ അതൊന്നു മനസ്സിലാക്കിയിരുന്നെങ്കില്‍... !
ശരിക്കും വിഷമമായിപ്പോയി. പത്താം ക്ലാസ്സ് പാസ്സായിട്ടു പ്രത്യേകിച്ചു് ഗുണമൊന്നും ഉണ്ടായില്ലെന്നു് ഇപ്പോള്‍ തോന്നിയാലും, പാസ്സായില്ലെങ്കില്‍ അന്നത്തെ അവസ്ഥ
ഒന്നാലോചിച്ചുനോക്കൂ. എനിക്കുതന്നെ ഭയങ്കര ടെന്‍ഷനായിരുന്നു പസ്സായി എന്നു വായിക്കുന്നതുവരെ. നിങ്ങളേപ്പോലെ കുറച്ചു നല്ല സുഹൃത്തുക്കളും അദ്ധ്യാപകരും ഉണ്ടായതു നന്നായി. എല്ലാക്കാലത്തും ഉണ്ടാവും അങ്ങിനെ കുറച്ചുപേര്‍.
ശീ,
വളരെ നല്ലൊരു പോസ്റ്റ്.
നമ്മുടെ സമൂഹത്തിന്റെ ചില കാഴ്ചപ്പാടുകളും, വിദ്യാര്‍ത്ഥികള്‍ എപ്രകാരം ടെന്‍ഷനില്‍ ചെന്നെത്തുന്നു എന്നതിനൊക്കെ ചില സൂചനകള്‍ നല്‍കുന്നു പോസ്റ്റ്.
ഇത് പോലെ ചെറു പ്രായത്തില്‍ തന്നെ ഒരു കടല്‍ മനസ്സില്‍ കൊണ്ട് നടന്ന, നടക്കുന്ന എത്രയോ കുട്ടികള്‍... ജീവിതത്തിന്റെ നിറമുള്ള കാലം സ്വപ്നം കാണാന്‍ മാത്രം കഴിയുന്നവര്‍. അല്ലെ?
ശ്രീക്കുട്ടാ...
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍, മിക്യ വീട്ടിലെയും കുട്ടികള്‍ ഇത്തരം അവസ്ഥയില്‍ എത്തിച്ചേരാറുണ്ട്. എന്നാലിവിടെ കണ്ണന് പഠിക്കണമെന്ന മോഹം, അതിന് സപ്പോര്‍ട്ട് ചെയ്യുവാന്‍ ശ്രീയേപ്പോലുള്ളവര്‍ ഉണ്ടായതാണ് ഏറ്റവും വലിയ കാര്യം. ഇത്തരം ഒരു പിന്തുണ അവന് സ്കൂളില്‍ നിന്നും കിട്ടിയില്ലായിരുന്നെങ്കിലൊ??
തീര്‍ച്ചയായും ഈ പോസ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വായിച്ചിരിക്കേണ്ടതാണ്, കളിയാക്കുന്നതായി തോന്നിയില്ലെങ്കില്‍ നമ്മുടെ സ്കൂളില്‍ ഒരു പാഠ്യവിഷയമാക്കാവുന്ന ഒരു ജീവിത കഥ തന്നെയാണിത്.
ശ്രീക്കുട്ടന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍, വെല്‍ ഡണ്‍ മൈ ബോയ് വെല്‍ഡണ്‍..! അയാം പ്രൌഡ് ഒഫ് യൂ..!
:(
ഉം...
കണ്ണിരിനു മധുരം!!
ഒരു കണ്ണീര്‍ മറക്കുള്ളില്‍ നിന്നുകൊണ്ടാണ് വായിച്ചു തീര്‍ക്കാന്‍ പറ്റിയത്. ഒറ്റ ശ്വാസത്തില്‍, ഒറ്റയിരിപ്പില്‍ വായിച്ചു; പക്ഷെ ഞാന്‍ മൌനം കടമെടൂക്കുന്നു.
സമാന അനുഭവങ്ങളുള്ള സുഹൃത്തുക്കള്‍ എനിക്കുമുണ്ടായിരുന്നു. പഴയ ചില ഓര്‍മ്മകളെ ഇതുണര്‍ത്തി.
അതിഭാവുകത്വമില്ലാതെ, അലങ്കാരങ്ങളില്ലാതെ ഒരു ജീവിതാനുഭവം പകര്‍ത്തിയതിനു ഒരുപാട് നന്ദി ശ്രീ.
ശ്രീ, പോസ്റ്റ് വായിച്ച് തീര്‍ന്നപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു. സ്ഥിരോത്സാഹവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയിലും പിടിച്ച്‌നില്‍ക്കാന്‍ കഴിയുമെന്ന പാഠം നല്‍കുന്നു കണ്ണന്റെ പത്താം ക്ലാസ്സ് വിജയ കഥ. അതിന് വേണ്ടി വീട്ടില്‍ നിന്ന് പോലും അവന്‍ അനുഭവിക്കേണ്ടി വന്ന അവഗണനയുടെ വേദന വല്ലാത്തത് തന്നെ.
ശ്രീ,
ഈയിടെയായി പോസ്റ്റുകളില്‍“മിഴിനീര്‍പൂക്കള്‍” വിരിയിക്കുന്നു.
ഇതുപോലെയുള്ള കുട്ടികള്‍ ഇന്നും നമ്മുടെ ഗ്രാമത്തിലുണ്ട്. എന്റെ സഹോദരി ബി എഡ് ട്രെയിനിങ്ങിടയില്‍ “പ്രോബ്ലമാറ്റിക് സ്റ്റുഡന്റ്സിനെ” കണ്ടെത്തുക എന്ന പ്രൊജക്ടില്‍ ഒരു കുട്ടിയെ കണ്ടെത്തി അവളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുപോലെ കണ്ണു നിറയ്ക്കുന്ന ഒരു ദാരിദ്ര്യത്തിന്റെ കഥ മനസിലാക്കാന്‍ കഴിഞ്ഞു.
നമ്മുടെ അധ്യാപകര്‍ പലപ്പോഴും ഉഴപ്പി നടക്കുന്ന വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥപ്രശ്നങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാറില്ല. എന്നാല്‍ അതിനു അവര്‍ ശ്രമിക്കാന്‍ തയ്യാറായാല്‍ അത്തരം കുട്ടികള്‍ക്ക് അല്പം മാനസികമായ സപ്പോര്‍ട്ട് നല്‍കിയാല്‍ നാളെ പേരെടുത്തു പറയാന്‍ കഴിയുന്ന പല മഹത് വ്യക്തികളെയും അവര്‍ക്ക് വാര്‍ത്തെടുക്കാന്‍ കഴിയും.
ക്ലാസില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ പലപ്പോഴും ഒരു പക്ഷെ വാരി നിറച്ചു കൊടുക്കുന്ന ട്യൂഷന്‍ പഠനത്തിന്റെ സംഭാവനയായിരിക്കും. എന്നാല്‍ മുത്തുകളെയും പവിഴങ്ങളെയും കണ്ടെത്താന്‍ ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ഇടയില്‍ കഴിയുന്ന ഇത്തരം കുട്ടികളില്‍ നിന്നും ഒരല്പം പരിശ്രമത്തോടെ സാധിക്കും.
ഒരു കയ്യൊപ്പ്!
ശ്രീ.. മിഴികൾ നീർമിഴിപ്പൂക്കളായി..
സ്കൂൾ ജീവിതത്തിൽ ഇങ്ങിനെ അവഗണിക്കപ്പെടുന്ന പല ബാല്യ കൌമാരങ്ങളും പിന്നീട് സമൂഹത്തിനു തലവേദനയുണ്ടാക്കുന്നവരായി തീരുന്നതും കാണാം. താങ്കളുടെ സുഹൃത്തിനെ പോലെ എത്രയോ പേർ ഈ വിധത്തിൽ ജീവിതം വഴിമാറ്റിയിട്ടുണ്ടാവാം..
കുഞ്ഞൻ പറഞ്ഞപോലെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾ വായിക്കേണ്ട പോസ്റ്റ്. മാത്രമല്ല രക്ഷിതാക്കളും വായിക്കട്ടെ..
അഭിനന്ദനങ്ങൾ
Alsu ....
സ്വാഗതം. നീര്‍മിഴിപ്പൂക്കളിലെ ആദ്യ കമന്റിനു നന്ദി.
കാന്താരി ചേച്ചീ...
ശരിയാണ്. അവന്റെ വീട്ടില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും കുറേക്കൂടി മെച്ചപ്പെട്ട നിലയില്‍ എത്തുമായിരുന്നു. കമന്റിനു നന്ദി.
Prayan മാഷേ...
നമുക്കു ചുറ്റും ഇതു പോലുള്ള ഒരുപാടു പേരുണ്ടാകും. ചിലര്‍ അത് പുറത്തു കാണിയ്ക്കുന്നില്ല, ചിലരെ നമുക്കു തിരിച്ചറിയാനും കഴിയുന്നില്ല എന്ന് മാത്രം.
കൊട്ടോട്ടിക്കാരന്‍...
കണ്ണനെ ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല മാഷേ. ഈ കമന്റിനു നന്ദി.
എഴുത്തുകാരി ചേച്ചീ...
അന്ന് പത്താം ക്ലാസ്സിലെ റിസല്‍ട്ട് വരും വരെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കണ്ണന്റെ കാര്യത്തില്‍ ടെന്‍ഷനായിരുന്നു. ഈ കമന്റിനു നന്ദി കേട്ടോ.
അനില്‍ മാഷേ...
വളരെ ശരിയാണ്. ഇത്തരം സാഹചര്യങ്ങളൊക്കെയാകാം വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ വരുത്തുന്നത്. അന്ന് സമയത്ത് തിരിച്ചറിയാനും ഇടപെടാനും സാധിച്ചില്ലായിരുന്നെങ്കില്‍ ഉറപ്പായും കണ്ണന്റെ അവസ്ഥയും മറ്റൊന്നാകില്ലായിരുന്നു. കമന്റിനു നന്ദി.
കണ്ണനുണ്ണി...
സ്വാഗതം. കുറേയൊക്കെ നമ്മുടെ സമൂഹത്തിന്റെ അറിവില്ലായ്മ കൂടിയാണ്. കണ്ണന്റെ കാര്യത്തില്‍ തന്നെ വേണ്ട രീതിയില്‍ ഉപദേശിയ്ക്കാനോ നേരായ വഴി കാണിയ്ക്കാനോ ആരുമുണ്ടായിരുന്നില്ല എന്നതാണ് കഷ്ടം. വായനയ്ക്കും കമന്റിനും നന്ദി.
കുഞ്ഞന്‍ ചേട്ടാ...
വീട്ടിലെ കഷ്ടപ്പാടുകള്‍ മൂലം പഠനം നിര്‍ത്തേണ്ടി വരുന്നവരാണ് കൂടുതല്‍. അങ്ങനെയാണ് അനുഭവവും. പക്ഷേ ഇവിടെ കണ്ണന്റെ കാര്യം അങ്ങനെ ആയിരുന്നില്ലല്ലോ.
പിന്നെ, ഞങ്ങള്‍ സഹപാഠികളേക്കാള്‍ ഞങ്ങളുടെ അദ്ധ്യാപകര്‍ക്കാണ് ക്രെഡിറ്റ് നല്‍കേണ്ടത്. കമന്റിന് നന്ദി കേട്ടോ.
ശ്രീഹരീ...
വായനയ്ക്കും കമന്റിനും നന്ദീട്ടോ.
നന്ദേട്ടാ...
സമാനമായ അനുഭവങ്ങള്‍ പരിചയമുള്ളവര്‍ക്ക് കണ്ണനെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റിയേക്കും, അല്ലേ?കമന്റിന് വളരെ നന്ദി.
കാസിം തങ്ങള്‍...
വളരെ ശരിയാണ്. കണ്ണന്റെ കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രമാണ് എസ്സ്.എസ്സ്.എല്‍.സി. എന്ന കടമ്പ കടക്കാന്‍ അവനു സാധിച്ചത്. കമന്റിനു നന്ദി മാഷേ.
കനല്‍ മാഷേ...
അദ്ധ്യാപകര്‍ ഒന്നു മനസ്സു വച്ചാല്‍ ഇതു പോലെയുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാനും സാധിയ്ക്കുമെന്ന് ഉറപ്പാണ്. ഇവിടെ വീട്ടില്‍ നിന്നും ലഭിയ്ക്കാതിരുന്ന സപ്പോര്‍ട്ട് സ്കൂളില്‍ നിന്നും ലഭിച്ചതു കൊണ്ടു മാത്രമാണ് കണ്ണന് പത്താം ക്ലാസ്സ് പാസ്സാകാന്‍ സാധിച്ചത് എന്നുറപ്പാണ്. വിശദമായ ഈ കമന്റിനു നന്ദി.
അല്‍താഫ്...
നന്ദി.
ബഷീര്‍ക്കാ...
ശരിയാണ് ബഷീര്‍ക്കാ... അവഗണിയ്ക്കപ്പെടുന്നവര്‍ ഒരു തരം മാത്സര്യ ബുദ്ധിയോടെ സമൂഹത്തെ വെറുക്കുന്നതായിട്ടാണ് അനുഭവങ്ങളില്‍ നിന്നും കാണാന്‍ കഴിഞ്ഞിട്ടുള്ളത്. കമന്റിന് നന്ദീട്ടോ.
:I
അന്നു വരെ, പോയിരുന്നു പഠിയ്ക്കെടാ എന്ന് പറയുമ്പോള്‍ മടിയോടെ, അവര്‍ക്ക് വേണ്ടി എന്ന പോലെയാണ് പുസ്തകവുമെടുത്ത് വല്ലതുമൊക്കെ പഠിയ്ക്കാന്‍ ചെന്നിരിയ്ക്കാറുള്ളത്
പണ്ട് പഠിക്കാന്‍ മടി കാട്ടുമ്പോള്‍ അമ്മ എപ്പൊഴും പറഞ്ഞിരുന്ന ഒരു വാചകമുണ്ട് - “പഠിക്കാന്‍ എല്ലാ സൌകര്യവും ഉണ്ടായിട്ടും നിങ്ങളെന്തെ മര്യാദക്ക് പഠിക്കാതെ?”
കണ്ണനെ പോലുള്ളവരെ അറിയുമ്പോളാണ് ആ വാക്കുകളുടെ പ്രസക്തി എന്തെന്നറിയുന്നത്. നീര്‍മിഴിപൂക്കളിലെ ഈ പോസ്റ്റ് മനസ്സില്‍ ഒരു കൊച്ചു നൊമ്പരം അവശേഷിപ്പിക്കുന്നു.
ചാത്തനേറ്: നിന്റെ പോസ്റ്റുകളിലൊന്ന് കേരളപാഠാവലിയില്‍ കയറുമെങ്കില്‍ അത് തെരഞ്ഞെടുക്കാന്‍ നിനക്കവസരം കിട്ടുകയാണേല്‍.....
ശ്രീ ഗ്രേറ്റ് .. കണ്ണ് നനയിച്ചു .. വല്ലാത്ത ഒരു അവുഭവം തന്നെ
പാവം കണ്ണന്‍..!!
ശ്രീ പോസ്റ്റ് മനോഹരമായിരിക്കുന്നു.
“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോ… എനിയ്ക്ക് അതു മതി”....
ശ്രീയേട്ടാ... വായിച്ചു കഴിഞ്ഞപ്പോ കണ്ണുകള്‍ നിറഞ്ഞിരുന്നു... ഒപ്പം ഒരുപാട് ഓര്‍മകളും മനസ്സിലേക്ക് വന്നു... :(
ഒരു ഓര്മ്മക്കുറിപ്പിനപ്പുറം, വളരെ സാമൂഹ്യ പ്രസക്ത്ി അര്ഹിക്കുന്ന ഒരു പോസ്റ്റാണിത്. പലപ്പോഴും ഇങ്ങനെയുള്ളവരെ എങ്ങനെ സഹായിക്കാന് പറ്റും എന്നു ആലെൊചിച്ചിട്ടുണ്ട്. പക്ഷെ നമ്മുടെ comfort zone ല് നിന്നു കൊണ്ട് അത് ചെയ്യാന് പറ്റാത്തതു കൊണ്ട് ശ്രമം ഉപേക്ഷിക്കണ്ടി വന്നിട്ടുണ്ട്.
എന്റെ ഒരു സുഹ്രുത്ത് മാത്രമാണ് ഇതിനൊരു അപവാദമായി ഞാന് കണ്ടിരിക്കുന്നത്. ഇയാള സ്വയം ഇത്തരം ഒരു സാഹചര്യത്തില് നിന്നും വളര്ന്നു വന്നു മോഡല് എന്ജിനീറിനങ് കോളേജില് നിന്ന് B-Tech പാസായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില് വീട്ടിലെ സാഹചര്യമാണ് ഏറ്റവും വലിയ പ്രതിസന്ധി (ശ്രീയുടെ പോസ്റ്റിലും അതു തന്നെ ആണല്ലോ കാണാന് കഴിയുന്നത്.) സ്വന്തം സമ്പാദ്യം ചിലവാക്കി ഇദ്ദേഹം പറവൂറ് ഭാഗത്ത് ൫ സെന്റ് സ്ഥലം വാങ്ങി അതില് ഒരു നെടുംപുര കെട്ടി. അദ്ദേഹത്തിന്റെ ഉദ്ദേശ്ശം, പഠിക്കാന് ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക എന്നായിരുന്നു. വൈകുന്നേരങ്ങളില് പശുവിനെ മേയ്കാന് പോയിരുന്നവരും, വെള്ളം പിടിക്കാന് പോയിരുന്ന കുട്ടികളും ഇവിടെ വന്നിരുന്നു പഠിക്കാന് തുടങ്ങി. വരുന്ന കുട്ടികളെ സഹായിക്കാന് സമാന ഹൃദയരായ ചെറുപ്പക്കാരെയും സഘടിപ്പിച്ചു.
സക്സസ് ഫൌണ്ടേഷന് എന്നു പേരിട്ട ഈ നല്ല പരിപാടി ഇന്നു പതിനന്ചു കൊല്ലത്തിനു ശേഷവും അനുസ്യൂതം തുടരുന്നു.
ജോലി സംബന്ധമായി അമേരിക്കയില് വന്നപ്പോഴും. ഇപ്പോള് ജോലിക്കായി തിരുവനന്തുപരത്തു താമസിക്കുമ്പോഴും ഇത് കൊണ്ടു നടത്താന് കഴിയുന്ന എന്റെ സുഹ്രിത്തിന്റെ കഴിവിനെ പുകഴ്ത്താതിരിക്കാന് പറ്റില്ല.
എന്തെല്ലാം തടസ്സങ്ങള്‍ക്കിടയില്‍ നിന്നാണല്ലേ പഠിത്തത്തിനായി കണ്ണന്‍ സമയം ചെലവഴിച്ചിരുന്നതു...അതും വീട്ടുകാര്‍ പോലും തടസ്സം നില്‍ക്കുമ്പോള്‍..വളരെ നന്നായി എഴുതിയിരിക്കുന്നു ശ്രീ..തളരാതെ നിന്ന ആ കൂട്ടുകാരനെ പറ്റി...ആ ഓട്ടോഗ്രാഫിലെ ആ ഒരൊറ്റ വരി വായിച്ചപ്പോള്‍ സങ്കടം തോന്നിപ്പോയി..
പ്രിയ ശ്രീ, നീ ഇവിടെ പങ്കുവയ്ക്കുന്നതൊക്കെ എനിക്ക് വലിയ അനുഭവങ്ങളാണ്...നന്ദി...
പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്ന കണ്ണനെ പോലെ ഒരുപാട് കുട്ടികള്‍ നമ്മുക്ക് ചുറ്റും ഉണ്ട്.അവരെ ഓര്‍മ്മിപ്പിച്ചതിനു നന്ദി
ആചാര്യന്‍ ...
നന്ദി മാഷേ.
Dhanush Gopinath ...
തീര്‍ച്ചയായും. കണ്ണനെ പോലെ കഷ്ടപ്പെടുന്നവരും ഉണ്ടെന്നറിയുമ്പോഴാണ് നമുക്കു ലഭിച്ചിരിയ്ക്കുന്ന സൌഭാഗ്യങ്ങള്‍ നാം തിരിച്ചറിയുന്നത്... നന്ദി.
ചാത്താ...
വളരെ നന്ദി ചാത്താ, ഈ കമന്റിന്. ഇതിനേക്കാള്‍ കഷ്ടതയനുഭവിയ്ക്കുന്നവര്‍ ഇനിയും കാണും.
സൂത്രന്‍...
വായനയ്ക്കും കമന്റിനും നന്ദി.
കുമാരേട്ടാ...
നന്ദീട്ടോ.
സുധീഷ്...
ഈ പോസ്റ്റ് ഞാനുദ്ദേശിച്ച രീതിയില്‍ തന്നെ നിങ്ങള്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നു എന്ന് അറിയുന്നതു തന്നെ സന്തോഷം. നന്ദി.
ranjith ...
വിശദമായ ഈ കമന്റിനു നന്ദി മാഷേ. ഒപ്പം ആ നല്ല സുഹൃത്തിന് അഭിവാദ്യങ്ങള്‍ നേരുന്നു.
Rare Rose...
നന്ദി റോസ്. എന്റെ ഓട്ടോഗ്രാഫിലെ ആ വരികള്‍ കാണുമ്പോള്‍ ഇന്നും എന്റെ കണ്ണും മനസ്സും നിറയാറുണ്ട്.
ശിവ ...
പോസ്റ്റ് ഇഷ്ടമായെന്നറീഞ്ഞതില്‍ സന്തോഷം, ശിവാ...
ജ്വാല ...
വളരെ ശരിയാണ്. ഇത്തരം സാഹചര്യങ്ങളോട് പൊരുതി പിടീച്ചു നില്‍ക്കുന്ന കുട്ടികള്‍ ഇന്നും നമുക്കു ചുറ്റിലുമുണ്ടാകും. അവര്‍ തിരിച്ചറിയപ്പെടാറില്ലെങ്കിലും... കമന്റിനു നന്ദി.
പഠിക്കണം വല്യ ആളാകണം കണ്ണനും അത് അഗ്രഹിച്ചിട്ടുണ്ടാകാം
ഇതു പൊലുള്ള കണ്ണന്മാർ നമ്മുടെ സമൂഹത്തിൽ നിരവധിയുണ്ട് ശ്രി.
വായിച്ചപ്പോൾ മനസ്സിൽ ഒരു നീറ്റൽ
കണ്ണനുവേണ്ടി ഇതാ ഒരു തുള്ളി കണ്ണുനീര്‍........., അവനെപ്പോലുള്ള ഒരായിരം കണ്ണന്മാര്‍ക്കും....!
സഹജീവിക്കുവേണ്ടി ചൊരിഞ്ഞുനല്‍കിയ താങ്കളുടെ സഹായഹസ്‌തങ്ങളില്‍ ഒരായിരം സ്‌നേഹപ്പൂക്കള്‍ അര്‍പ്പിക്കട്ടെ....
സഹപാഠികള്‍ക്കുള്ള സഹായം പ്രാക്ടിക്കല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.
ഇത് വായിച്ചപ്പോള്‍ കൂടെ പഠിച്ചിരുന്ന ഭാസ്കരനെ ഓര്‍ത്തു
നന്നായിട്ട് പഠിക്കുമായിരുന്നു
പക്ഷെ പാതിവഴിയെ പഠിപ്പ് നിറുത്തി
വീണ്ടും കണ്ടപ്പോള്‍ കോഫി ഹൌസില്‍ വൈറ്റരുടെ വേഷത്തില്‍!
കണ്ണു നനച്ചെടാ നിന്റെ ഈ പോസ്റ്റ്.
പഴയ സഹപാഠിയുടെ മുഖം എന്റെ മനസിലും പതിഞ്ഞു..
:(
കണ്ണീരിന്റെ നനവുള്ള ഒരു അനുഭവകഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു...
ശ്രീ,
വായിച്ചിട്ട് വല്ലാതെ വിഷമം തോന്നി. ഒരു വിഷയം കിട്ടാതെ പോയതിനും, മാര്‍ക്ക് കുറഞ്ഞതിനു വീട്ടില്‍ വഴക്ക് പറഞ്ഞതിനും ഒക്കെ ആത്മഹത്യ ചെയ്യുന്ന എത്രയോ കുട്ടികളുണ്ട്. അവര്‍ കണ്ണന്റെ അധ്വാനത്തിന്റെ വില മനസ്സിലാക്കിയിരുന്നെങ്കില്‍..
രണ്ട് തരത്തിൽ ഇതെന്റെ കൂടി കഥയാണ്.
ഒന്ന്; ഏഴാം തരെ വരെ സ്കൂളിൽ പോവാതെ കണ്ടവരുടെയെല്ലാം ചക്കയടക്ക തേങ്ങമാങ്ങകൾ പറിച്ച് കൊടുത്ത് സിനിമ കണ്ട് നടന്ന എന്റെ അനുജൻ എട്ടിലെത്തിയപ്പോൾ ഞായറാഴ്ച എന്ത് കൊണ്ട് സ്കൂളില്ല എന്ന് ചോദിക്കാൻ തുടങ്ങി. കലാകായിക രംഗത്ത് പോലും കഴിവ് പ്രകടിപ്പിച്ചപ്പോൾ നോക്കെടാ എന്റെ അനുജൻ എന്ന് നാട്ടുകാരോടേല്ലാം വിളിച്ചു പറയാൻ എനിക്ക് തോന്നിയിട്ടുണ്ട്.
വീട് നോക്കാൻ ഞങ്ങളുണ്ടായതിനാൽ കണ്ണനെപ്പോലെ ആയില്ല.
രണ്ട്; പഠിക്കാൻ മിടുക്കനായിരുന്ന ഞാനെന്ന കണ്ണൻ നാലരക്ലാസ് വിട്ട് പോന്ന ശേഷം ദൈവം തമ്പുരാന്റെ സഹായം ഒന്ന് കൊണ്ട് മാത്രം ഒരു സ്കൂളിലും പോകാതെ സ്വപ്രയത്നത്താൽ നല്ല ഒരു നിലയിലെത്തിയെന്ന് തോന്നുന്നു.
അതു പോട്ടെ.
കണ്ണന്റെ കഥയിൽ അവസാനം കണ്ണ് നിറഞ്ഞ് പോയി സുഹൃത്തെ.
നന്നായിരിക്കുന്നു ശ്രീ ... കണ്ണനെ പ്പോലുള്ളവര്‍ ഒരു പാട് ഉണ്ട് നമ്മുടെ നാട്ടില്‍ ... പലരും കളിയാക്കി ഭാവി നശിപ്പിച്ച എത്രപേര്‍ ...
ഇത് വായിച്ചപ്പോള്‍ ശെരിക്കും വിഷമം വന്നു ... സമാനമായ അനുഭവം ഉള്ളതുകൊണ്ടാനെന്നറിയില്ല .... നിങ്ങളിലെ നന്മയെ അറിയുമ്പോള്‍ ഒരു പാട് സന്തോഷവും ...
ആശംസകള്‍
ഒരു കുട്ടിയുടെ രക്ഷകര്‍ത്താവ് എന്നത് എത്രയോ വലിയ ഒരു ചുമതലയാണെന്ന് മനസിലാക്കാത്ത മാതാപിതാക്കളെ പഴിക്ക്.
ശരിയാണ് വേണ്ട പ്രോല്‍സാഹനവും കരുതലും കിട്ടിയിരുന്നെങ്കില്‍ കണ്ണന്‍ തിളക്കമുള്ള നിലയില്‍ എത്തിയേനെ വല്ലത്ത വിഷമം തോന്നുന്നു..
എന്നാലും ശ്രീയും മറ്റു സഹപാഠികളും അദ്ധ്യാപകരും കൊടുത്ത പിന്‍തുണ വിലമതിക്കാനാവത്തത് തന്നെയാണ്
നന്മകള്‍ നേരുന്നു
അനുഭവ കഥ നന്നായിട്ടുണ്ട് ..കണ്ണനെ മനസ്സിലാക്കിയ , ശ്രീ എഴുതിയ ലേഖനം ....
അനുഭവ കഥ നന്നായിട്ടുണ്ട് ..കണ്ണനെ മനസ്സിലാക്കിയ , ശ്രീ എഴുതിയ ലേഖനം ....
എന്താണ് .പറയേണ്ടത് എന്നറിയില്ല , .പോയിരുന്നു പഠിക്കെടാ എന്ന് പറഞ്ഞു ശാസിച്ചിരുന്ന അച്ഛനും അമ്മയും ആയരുന്നു നമ്മില്‍ പലര്‍ക്കും ഉണ്ടായിരുന്നത് . അന്ന് സൌകര്യങ്ങളുടെ വില മനസ്സിലായിരുന്നില്ല ....പക്ഷെ ജീവിതത്തിന്റെ മറു വശത്ത് ഇങ്ങനെയും ചിലര്‍ ഉണ്ടായിരുന്നു എന്നത് ആര് ശ്രദ്ധിക്കാന്‍ .............
അനൂപ് കോതനല്ലൂര്‍ ...
വായനയ്ക്കും കമന്റിനും നന്ദി മാഷേ.
vahab...
വളരെ നന്ദി.
ramaniga...
സ്വാഗതം. ഭാസ്കരനെ പറ്റി വായിച്ചപ്പോള്‍ ഒരു വിഷമം. വായനയ്ക്കും കമന്റിനും നന്ദി.
G.manu...
നന്ദി മനുവേട്ടാ...
ഹരിശ്രീ...
:)
വഴിപ്പോക്കന്‍...
വായനയ്ക്കും കമന്റിനും വളരെ നന്ദി മാഷേ.
ശ്രീനന്ദ...
കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു നന്ദി ചേച്ചീ, ഒപ്പം ഈ കമന്റിനും.
OAB...
ഒരുപാട് അനുഭവങ്ങളുള്ള വ്യക്തിയാണ് താങ്കള്‍ എന്ന് മുന്‍ പോസ്റ്റുകളില്‍ നിന്നും ചില കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. മാഷുടേയും അനുജന്റെയും അനുഭവങ്ങള്‍ കേട്ട് അത്ഭുതം തോന്നുന്നു. ഈ കമന്റിനു നന്ദി മാഷേ.
ശ്രീ..jith...
സ്വാഗതം. സമാനമായ അനുഭവങ്ങള്‍ ഉള്ളവര്‍ക്കോ പരിചയമുള്ളവര്‍ക്കോ കണ്ണനെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല അല്ലേ? നന്ദി.
മാണിക്യം ...
തീര്‍ച്ചയായും. കണ്ണനെ സപ്പോര്‍ട്ട് ചെയ്യാനോ സമാധാനിപ്പിയ്ക്കാനോ ഉള്ളത്ര വിവരം അവന്റെ വീട്ടുകാര്‍ക്ക് ഇല്ലാതെ പോയി. അദ്ധ്യാപകരുടെ പിന്തുണ കൂടി ഇല്ലായിരുന്നെങ്കില്‍...
വിജയലക്ഷ്മി ...
വായനയ്ക്കും കമന്റിനും നന്ദി ചേച്ചീ.
തോമ്മ...
സ്വാഗതം. ഭൂരുഭാഗം കുട്ടികളും വേണ്ടത്ര സൌകര്യത്തോടെ തന്നെയാണ് വളരുന്നത്, പക്ഷേ അന്ന് അത് തിരിച്ചറിയാനുള്ള പക്വത അവര്‍ക്കുണ്ടാകില്ല എന്ന് മാത്രം. അതെല്ലാം തിരിച്ചറിയാന്‍ ഇതു പോലുള്ള കണ്ണന്മാരെ മനസ്സിലാക്കേണ്ടി വരും. കമന്റിനു നന്ദി.
നല്ല പോസ്റ്റ്. കൂടുതല്‍ എന്ത് പറയണം എന്നറിയില്ല.
ശ്രീ,
ഇന്നാണ് വായിക്കാന്‍ പറ്റിയത്. ഏതെല്ലാം സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ അല്ലേ? പലര്‍ക്കും പഠനം ഒരു ഹോബിയാകുമ്പോള്‍ പഠിക്കാന്‍ വേണ്ടി സ്വയം പണിയെടുക്കുന്നവര്‍ ധാരാളം..
സമാനമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന സിയാബിന്റെ ബ്ലോഗ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ പലര്‍ക്കും കാട്ടിക്കൊടുക്കുന്നുണ്ടായിരുന്നു. ഇവിടെയും ആവര്‍ത്തിക്കുന്നു. ഇതാ ലിങ്ക്....
മനോഹരമായ പോസ്റ്റ് ശ്രീ.വേറെ ഒന്നും പറയാനില്ല,കണ്ണു നിറഞ്ഞു പോയി.
മനസ്സിനു വല്ലാത്ത വിങ്ങൽ..ശ്രി.
ശോഭീ,
കണ്ണനെ ഓര്‍മയുണ്ട് (നീ അവന്റെ ശരിയായ പേര് അല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് തുടക്കത്തില്‍ റ്റ്ഹന്നെ എനിക്ക് മനസ്സിലായി)
അവന്‍ എന്റെ ബഞ്ചിലായിരുന്നു ഇരുന്നത്, എന്റെ തൊട്ടടുത്ത്. സംശയങ്ങളുടെ കൂമ്പാരമാണ് എന്നോട് എപ്പോഴും ഉണര്‍ത്തിക്കാറ്. തല്ല്കൊള്ളിയായി നടന്ന കാലത്തെ ചില മിന്നലൊളികള്‍ ഞാന്‍ അവനില്‍ പലപ്പോഴും ദര്‍ശിച്ചിട്ടുണ്ട്, വളരെ മര്യാദക്കാരനായിരുന്നപ്പോഴും. അത് കൊണ്ട് തന്നെ അവന്റെ കൂട്ട്കെട്ടില്‍ എനിക്ക് സന്തൊഷമായിരുന്നു.
പോസ്റ്റിന്റെ അവസാനഭാഗത്ത് എഴുതിയിരിക്കുന്നത് ഒന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ വേറെ ഏരിയയില്‍ നിന്ന് പഠിക്കാന്‍ വരുന്നത് ക്ഒണ്ടായിര്‍ക്കാം. കണ്ണനെ അതിന് ശേഷം കണ്ടിട്ടുണ്ടോ എന്ന് ഓര്‍മയില്ല.
പഴയ ഒര്‍മകളെ ജ്വലിപ്പിച്ച് നിര്‍ത്തിയ പോസ്റ്റ്.
അഭിനന്ദനങ്ങള്‍
:-)
സുനില്‍ || ഉപാസന
('!')
കണ്ണൻ :)
ശ്രീ,
അമര്‍ത്തി വെയ്ക്കാനാവാത്ത
ഒരു കരച്ചില്‍ എങ്ങനെ എഴുതും?
കണ്ണന്‍ ഇപ്പോള്‍ എവിടെയാണ്?
പഠിച്ചില്ലെങ്കിലും പണിയെടുത്തു
അവന്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും
എന്ന് വിശ്വസിക്കാം, അല്ലെ?
ശ്രീ, ഇവിടൊക്കെ ഒന്നു വന്നിട്ട് ഒരുപാട് നാളായി. ശ്രീയുടെ അനുഭവ കഥകള്‍ എല്ലാം മനസ്സില്‍ തട്ടുന്നതും ചിന്തിപ്പിക്കുന്നതുമാണ്. കണ്ണനെ പോലെയുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നു തോന്നിപ്പോകുന്നു. ആ കണ്ണനിപ്പോള്‍ സുഖമായി തന്നെയാണോ കഴിയുന്നത് ശ്രീ?
ശ്രീ ,പതിവ് പോലെ കണ്ണന്റെ അനുഭവ കഥയും ഇഷ്ട്ടപ്പെട്ടു.. :)
ദീപക് രാജ്|Deepak Raj ...
വായനയ്ക്കും കമന്റിനും നന്ദി, ദീപക്.
അനില്‍ശ്രീ മാഷേ...
സിയാബിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാറുണ്ട്. തീര്‍ച്ചയായും അത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠമാണ്. പക്ഷേ കണ്ണന് പത്താം ക്ലാസ്സ് വരെയേ പിടിച്ചു നില്‍ക്കാനായുള്ളൂ. നന്ദി.
വേതാളം.. ...
വായനയ്ക്കും കമന്റിനും നന്ദി
വീ കെ ...
വായനയ്ക്കും കമന്റിനും നന്ദി, മാഷേ
ഉപാസന || Upasana ...
നിനക്കും അവനെ മറക്കാനാകില്ല എന്നെനിയ്ക്കറിയാമായിരുന്നു. പിന്നെ, അവന്റെ വീട്ടിലെ സാഹചര്യങ്ങള്‍ നമ്മുടെ ക്ലാസ്സിലെ പലര്‍ക്കും അജ്ഞാതമായിരുന്നു എന്നതാണ് സത്യം. നന്ദി.
മുക്കുറ്റി ...
നന്ദി
അപ്പുവേട്ടാ...
നന്ദി
സെറീന ചേച്ചീ...
കണ്ണന്‍ സുഖമായി ജീവിയ്ക്കുന്നു എന്ന് തന്നെ നമുക്കു വിശ്വസിയ്ക്കാം. നന്ദി
ഗീതേച്ചീ...
കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു നന്ദി. കണ്ണനെ ഇപ്പോള്‍ കണ്ടിട്ട് കുറെ നാളായി. അവന്‍ അത്ര സന്തുഷ്ടനായിരുന്നില്ല അവസാനം കാണുമ്പോള്‍. എങ്കിലും അവന്‍ സുഖമായിരിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കാനാണ് എനിയ്ക്കും ഇഷ്ടം.
raadha ചേച്ചീ...
വളരെ നന്ദി.
വളരെ വളരെ നല്ലൊരു പോസ്റ്റ്.
പഴയത് പലതും, പലരെയും നമ്മെ ഓർമ്മിപ്പിക്കുന്നു. വായിച്ച് തീർന്നപ്പോൾ വലിയൊരു ദീർഘനിശ്വാസമുണ്ടായി.
നന്നായിരിക്കുന്നു ശ്രീ.
ശ്രീ..
അസ്സലായിരിയ്ക്കുന്നു....മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ട്ടോ കുറിപ്പ്...ഇനിയും ഒരുപാട് ഒരുപാട് എഴുതാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ....
ശ്രീയേട്ടാ,
ഹൃദയസ്പർശിയായ എഴുത്ത്.എന്റെ ഈ കുഞ്ഞു ജീവിതയാത്രക്കിടയിൽ ഞാനും കണ്ടിട്ടുണ്ട് ഇതു പോലെ ഒത്തിരി മുഖങ്ങൾ.പ്രാർത്ഥിക്കം നമുക്ക്.എല്ലവർക്കും നന്മ വരട്ടെ.വരുത്തട്ടേ ഈശ്വരൻ...
ആ ഓട്ടോഗ്രാഫ് ശരിക്കും സ്പർശിച്ചു..
ശ്രീ ,
പതിവുപോലെ നല്ല ഒരു പോസ്റ്റ്,
കമന്റ്സില്‍ ആദ്യം കുഞ്ഞേട്ടന്‍ പറഞ്ഞതുപോലെ നമ്മുറ്റെ സ്കൂള്‍ കുട്ടികളെല്ലാം വായിച്ചിരിക്കേണ്ട ഒരു പോസ്റ്റാണ് ഇതെന്ന് എനിക്കും തോന്നുന്നു. നമ്മള്‍ പഠിക്കുന്ന കാലത്ത് ഇതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ട സാഹചര്യങ്ങളും, അവസരങ്ങളും നമുക്ക് ഉണ്ടായിരുന്നു എന്നാല്‍ അതൊന്നും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല എന്ന് ഇതുപോലുള്ള ഓരോ സംഭവങ്ങള്‍ അറിയിമ്പോള്‍ തോന്നാറുണ്ട്,
എന്തായാലും ശ്രീ പറഞ്ഞതുപോലെ കണ്ണന്റെ അനുഭവം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന് ആശിക്കാം
സ്നേഹത്തോടെ ഷിജു..
ജീവിത സത്യങൾ പലപ്പൊഴും നീറുന്നവയാണ്
നോവിന്റെ ഒരു നുള്ളു ചായം ചാലിച്ചെഴുതിയ ഈ സുഹൃദ് സ്മരണ അതിമനോഹരം....
കണ്‍നിറഞ്ഞു!
“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോ… എനിയ്ക്ക് അതു മതി”
ശ്രീ ഈ വരി എത്തിയപ്പോള്‍ കണ്ണൊന്ന് നിറഞ്ഞു.എന്തിനാണൊ ആവോ?
നമ്മളൊക്കെ ദൈവാനുഗ്രഹവും അഹങ്കാരവും കൊണ്ട് വീര്‍പ്പുമുട്ടുന്ന കള്ളന്മാരാ...
ഇങ്ങിനെയൊരു ആഗ്രഹവുമായി ഒരുപാടൂ പേർ അലയുന്നുണ്ടാവാം.. നന്നായിരിക്കുന്നു കണ്ണൻ
ഇങ്ങനെ ഓരോന്നു കാണുമ്പോഴാണു നമ്മള്‍ എത്ര ഭാഗ്യം ചെയ്തവരാണെന്നു മനസ്സിലാവുന്നതു~
എന്നിട്ടു കണ്ണനിപ്പൊ എന്തു ചെയ്യുന്നു?
------
വരാന്‍ വൈകി.... തിരക്കിലായിരുന്നു. ക്ഷമിക്കുമല്ലോ.
വായിച്ചു..... അവസാനമായപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം....
:(
നാട്ടുപണികളെടുത്ത് കിട്ടുന്ന പണം കൊണ്ടു സ്വന്തം ചെലവുകള്‍ നടത്തിയിരുന്ന ഒരു കൂട്ടുകാരന്‍ എനിക്കുമുണ്ടായിരുന്നു. പഠനത്തില്‍ മാത്രം മുഴുകിയിരുന്ന എനിക്ക് കുന്നുകളുടെ മുകളിലേക്കുള്ള ധൈര്യവും പുഴയുടെ ഇടനെഞ്ഞിലേക്കുള്ള ഊളിയിടലും കാടിന്‍റെ ഉള്ളിരുളിലേക്കുള്ള പാച്ചിലും പഠിപ്പിച്ചുതന്നത് അവനാണ്.
ഓര്‍മ്മകള്‍...
ശ്രീ പലതും ഓര്‍മ്മിപ്പിച്ചു.
ഇച്ചിരി നീളകൂടുതല്‍ ഉണ്ടായിരുന്നോ...
എന്നാലും വായിച്ചു വന്നപ്പോ അറിഞ്ഞേയില്ല.
നന്നായിരിക്കുന്നു മാഷേ, ഭാവുകങ്ങള്‍..!
വശംവദൻ ...
വളരെ നന്ദി, മാഷേ.
ഗോപീകൃഷ്ണ൯...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
devarenjini...
വളരെ നന്ദി, ഈ കമന്റിന്.
വേറിട്ട ശബ്ദം...
അതെ, നമുക്ക് അങ്ങനെ പ്രാര്‍ത്ഥിയ്ക്കാനല്ലേ കഴിയൂ...
ഷിജുച്ചായാ...
ശരിയാണ്.ഇതിന്റെ പത്തിലൊന്നു കഷ്ടപ്പാടുകള്‍ പോലും സഹിയ്ക്കാത്തവരാകും നമ്മില്‍ ഭൂരിഭാഗം പേരും. നന്ദി.
പ്രദീപൻസ്...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
jayanEvoor...
വളരെ നന്ദി മാഷേ. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
അരുണ്‍ കായംകുളം ...
വളരെ നന്ദി, അരുണ്‍.
സുമേഷേട്ടാ...
ഒരര്ത്ഥത്തില്‍ ആ പറഞ്ഞത് സമ്മതിയ്ക്കാതെ വയ്യ, നന്ദി.
വരവൂരാൻ മാഷേ...
അതെ, അത് നമ്മള്‍ പലപ്പോഴും മനസ്സിലാക്കാറില്ല എന്നേയുള്ളൂ.
Sands | കരിങ്കല്ല് ...
കണ്ണന്‍ ഇപ്പോള്‍ വീണ്ടും പഴയ പോലെ പണിയ്ക്കു പോകുകയാണ് സന്ദീപ്. നന്ദി.
abhi ...
വായനയ്ക്കും കമന്റിനും നന്ദി.
ഷാജു മാഷേ...
ആ സുഹൃത്തിനെ ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായകമായി എന്നറിഞ്ഞതില്‍ സന്തോഷം.
വിബി ...
വളരെ നന്ദി, മാഷേ.
ശ്രീ അനുഭവങ്ങള്‍ തീയാകുന്നു. ഇതില്‍ വെന്തു ഞാന്‍ ഉരുകുകയാണ്
vayichu kazhinjittu onnum parayan sadhikkatha avastha...very touching..
vaayichu kazhinjappol oru nombaram thonni ..evideyo oru vingal...
നന്നായിരിക്കുന്നു ശ്രീ ...
ഉള്ളിൽ തട്ടിപറയുന്നയനുഭവങ്ങൾ/കഥകൾ നൊമ്പരമുളവാക്കും..ആയത് ഇവിടേയും സംഭവിച്ചിരിക്കുന്നൂ.
ശ്രീ , കണ്ണന്‍ എന്നെ കരയിച്ചു ,സത്യമായും ,
മറ്റുള്ളവരെ മനസിലാക്കുക എന്നത് , (പ്രത്യേകിച്ചും ആരും മനസ്സിലക്കത്തവരെ ) എന്നത് ഒരുപാട് നന്മയുള്ളവര്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ് , നിന്നെ ദൈവം അനുഗ്രഹിക്കട്ടെ!
ശ്രീ...
വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനുള്ളില്‍ ഒരു വിങ്ങല്‍...
ഇങ്ങനെ ഒരുപാടൊരുപാട് കണ്ണന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്..
അറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ, അവരെ മറന്ന് മറന്ന്
നമ്മളിങ്ങനെ..............
ശ്രീയുടെയും കൂട്ടുകാരുടെയും നല്ല മനസ്സുകൊണ്ട് കണ്ണന്‍
പത്താംക്ലാസ് ജയിച്ചല്ലോ...
നല്ല മനസ്സുള്ളവര്‍ക്ക് എന്നും നന്മയേ ഉണ്ടാവൂ...
ആശംസകള്‍
ശ്രീ ചെറുതായി വേദനിപ്പിച്ച കഥ .. ഇത് പോലൊന്ന് എന്റെ കോളേജ് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് . എന്റെ ക്ലാസ് മേറ്റ് ആയിരുന്ന ഒരു പെണ്‍കുട്ടി .. . വളരെ മോശമായ ചുറ്റുപാടുകള്‍ക്കിടയില്‍ ചീത്തയായി പോകാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും , സ്വന്തം അമ്മ പോലും പഠിക്കാന്‍ പോകുന്ന നേരം പണിയെടുത്തു കാശുണ്ടാക്കിയാല്‍ കല്യാണത്തിന് അത്രേം കുറച്ചു കഷ്ടപ്പെട്ടാല്‍ മതി, കൂടുതല്‍ പഠിത്തം ആയാല്‍ അതിനൊത്ത ആളെ കണ്ടെത്തേണ്ടി വരും , അപ്പോള്‍ കൂടുതല്‍ ശ്രീധനം വേണ്ടി വരും എന്നെല്ലാം പറഞ്ഞു എതിര്‍ത്തിട്ടും , കണക്കിലെടുക്കാതെ ഒഴുവ് ദിവസങ്ങളില്‍ ഇഷ്ടിക കളത്തില്‍ വരെ പോയി പണിയെടുത്തു പഠിച്ച ഒരു പെണ്‍കുട്ടി ..
പക്ഷെ അവളുടെ ആ ദൃഡ നിശ്ചയം അവളെ ഒരു എം ഫില്‍ കാരിയാക്കി മാറ്റി . ഇന്നവളൊരു സ്കൂള്‍ ടീച്ചറാണ് ..
ശ്രീ, വല്ലാത്ത നൊമ്പരം തോന്നി പോസ്ടുവായിച്ചപ്പോള്‍... ഒപ്പം വല്ലാത്ത കുറ്റബോധവും (വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും നിങ്ങള്‍ ...........ചെന്നിരിയ്ക്കാറുള്ളത്) എന്‍റെ അമ്മയുടെ സ്ഥിര പല്ലവി. വേണ്ടത്ര കണക്കിലെടുത്തില്ല അന്ന്. ഞാന്‍ ഒരു ഡോക്ടര്‍ ആയി കാണാന്‍ ഉള്ള അമിതമായ ആഗ്രഹവും കൊണ്ട് നടന്ന അമ്മക്ക് മുന്‍പില്‍ രക്തം കാണാന്‍, മരുന്ന് മണക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഞാന്‍ എങ്ങിനെ ചേരും? എങ്കിലും പരിശ്രമിച്ചില്ല എന്ന സങ്കടം പ്രത്യേകിച്ച് ഇപ്പോ അമ്മയെ നഷ്‌ടമായ ഈ നാളുകളില്‍...
Kannanu enteyum Ashamsakal... Prarthanakal...! Nannayirikkunnu, Ashmsakal..!!!
unnimol...
വളരെ നന്ദി.
Kutty Sulthan ...
വായനയ്ക്കും കമന്റിനും നന്ദി.
VEERU ...
നന്ദി വീരൂ.
വിനോദ് ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
bilatthipattanam ...
നന്ദി മാഷേ.
ചേച്ചിപ്പെണ്ണ്...
വളരെ നന്ദി ചേച്ചീ.
കാലചക്രം..
ശരിയാണ് മാഷേ. വളരെ നന്ദി.
ശാരദ നിലാവ് said...
കഷ്ടപ്പാടുകളോട് പൊരുതി ടീച്ചറായ ആ സുഹൃത്തിനെ കുറിച്ച് ഇവിടെ എഴുതിയതിന് നന്ദി മാഷേ. പക്ഷേ, കണ്ണന് അത്രയൊന്നും പോകാന്‍ സാധിച്ചില്ല.
Gowri...
സ്വാഗതം, നന്ദി.
Patchikutty ...
ചിലരെ നഷ്ടപ്പെടുമ്പോഴേ പലതും നാം മനസ്സിലാക്കാറുള്ളൂ എന്ന് പറയുന്നത് നേരാണ് അല്ലേ? വായനയ്ക്കും കമന്റിനും നന്ദി.
Sureshkumar Punjhayil...
വളരെ നന്ദി മാഷേ.
ഒരു പക്ഷേ അന്നായിരിയ്ക്കണം. അന്നു വരെ, പോയിരുന്നു പഠിയ്ക്കെടാ എന്ന് പറയുമ്പോള്‍ മടിയോടെ, അവര്‍ക്ക് വേണ്ടി എന്ന പോലെയാണ് പുസ്തകവുമെടുത്ത് വല്ലതുമൊക്കെ പഠിയ്ക്കാന്‍ ചെന്നിരിയ്ക്കാറുള്ളത്)
really touching
ശ്രീ ശരിക്കും ഹൃദയ സ്പര്‍ശിയായ ഒരു വിവരണം.. പത്താം ക്ലാസ് പാസ്സായ വിവരം വായിച്ചപ്പോള്‍ വളരെ സന്തോഷമായി.. പിന്നെ അവസാനം...
“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോ… എനിയ്ക്ക് അതു മതി”
ഇതു വായിച്ചപ്പോള്‍ ശെരിക്കും എന്റെ കണ്ണു നനഞു പോയി...
ഇതു പോലെ എത്രയെത്ര ജീവിതങ്ങള്‍ നാമറിഞു അറിയാതെയും കടന്നു പോകുന്നു....!!!
ഈ ഓര്‍മ കുറിപ്പ് അസ്സലായി ശ്രീ ..
അഭിനദനങ്ങള്
എന്റെ ബ്ലോഗിലെ കമന്റ് കണ്ടിട്ടാണ് ഞാന്‍ ശ്രീയുടെ ബ്ലോഗിലെത്തിയത്... വായിച്ചു... മനസ്സില്‍ വല്ലാത്തൊരു നൊമ്പരം... ജീവിതത്തിന് എത്രയെത്ര മുഖങ്ങള്‍... എഴുത്ത് തുടരുക ശ്രീ ... വീണ്ടും വരാം ...
ആ കണ്ണനിപ്പോള്‍ എന്നോടൊപ്പം തെക്കുവടക്കു നടക്കുന്നുണ്ട്.........എങ്കിലും....ശ്രീയെപ്പറ്റി എപ്പോളും പറയാറുണ്ട്.......
sree nannayittoo
ശ്രീ ഇതാണ് എഴുതേണ്ടത് ശരിക്കും കണ്ണ് നിറഞ്ഞു പോയി ...
ശ്രീ .. ആദ്യായിട്ടാ നീര്‍മിഴിപ്പൂക്കള്‍ വായിക്കനത് ... കണ്ണ് നിരഞ്ഞുന്നുള്ളത് ഒരു പരമാര്‍ത്ഥം .
നമുക്ക് ഒക്കെ കിട്ടിയതിന്റെ വില തിരിച്ചറിയാന്‍ ഇത്തരം അനുഭവങ്ങള്‍ ഇടയാക്കും .. എന്റെ അമ്മ ഒരു അദ്ധ്യാപിക ആണ്
ചില കുട്ടികളുടെ കാര്യം അമ്മ പറയുന്ന കേള്‍ക്കുംബോലാ നാടിന്റെ അവസ്ഥ ശരിക്ക്മ അറിയുക .,. ഞാനും ഒരു സര്‍ക്കാര്‍ പള്ളിക്കൂടം " പ്രോഡക്റ്റ് " ആണ് .. കൊറേ ഒക്കെ എനിക്കും മനസ്സിലാവും .. പക്ഷെ ഇന്നത്തെ തലമുറ ഇംഗ്ലീഷ് മീഡിയം ഇല്‍ അട വെച്ച് വിരിയിക്കുന്നവര്‍ IAS കാര്‍ ആവുമ്പോള്‍ ഈ സമൂഹം എന്താണ് എങ്ങനെ ആണ് എന്ന് അറിയാനുള്ള കഴിവ് അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കും ..
ആശംസകള്‍
ഏട്ടാ, ഈ പോസ്റ്റ് കാണാന്‍ വൈകി. വായിച്ചിട്ട് എന്തോ പോലെ.. ഞാന്‍ എന്റെ അനിയന്മാരോടൊക്കെ പറയാറുണ്ട്, പത്താം ക്ലാസ് പാസാവുന്നത് വലിയ കര്യമൊന്നുമല്ല, പ്ലസ്2 ആണ് ശ്രദ്ധിക്കേണ്ടതെന്ന്.
പക്ഷെ ഇത് വായിച്ച് കഴിഞ്ഞപ്പോള്‍.. ഞാന്‍ നിസ്സാരമായി കണ്ട പത്താം ക്ലാസ് ഒരാള്‍ക്ക് എത്ര വിലപ്പെട്ടതായിരുന്നു..
അത് പോലെ തന്നെ, അമ്മ പഠിക്കാന്‍ പറയുമ്പോള്‍ അമ്മയ്ക്ക് വേണ്ടി പഠിക്കാനിരുന്നതുമൊക്കെ ഓര്‍ത്തു. ഇപ്പോള്‍ പഠിച്ച് പഠിച്ച് എം.ബി.എ വരെ കഴിഞ്ഞു, ഒരു ജോലിക്കാരനുമായി. അച്ഛനും അമ്മയ്ക്കും എന്ത് പകരം നല്‍കും, സ്നേഹമല്ലാതെ..
this is very heart touching.
touched.നൊമ്പരപ്പെടുത്തി.
hai...nice....
കുറുപ്പിന്‍റെ കണക്കു പുസ്തകം ...
നന്ദി മാഷേ.
കടിഞൂല്‍ പൊട്ടന്‍...
സ്വാഗതം. വളരെ ശരിയാണ്. ഇതു പോലെ എത്രയെത്ര ജീവിതങ്ങള്‍ നാമറിഞ്ഞും അറിയാതെയും കടന്നു പോകുന്നു...!
the man to walk with...
വളരെ നന്ദി.
വിനുവേട്ടന്‍|vinuvettan ...
സ്വാഗതം വിനുവേട്ടാ. വായനയ്ക്കും കമന്റിനും നന്ദി.
j.p (ജീവിച്ച്.പൊക്കോട്ടെ )...
നന്ദി മാഷേ. :)
MyDreams...
നന്ദി.
Rani Ajay ...
വളരെ നന്ദി, ചേച്ചീ.
ഹാഫ് കള്ളന്‍...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ബാലു...
വളാരെ നന്ദി, ബാലൂ. പലരും പത്താം ക്ലാസ് എന്ന കടമ്പ പോലും കടക്കാന്‍ എത്ര മാത്രം പാടു പെടുന്നു എന്ന് നാമറിയുന്നില്ല.
sinan...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
Naina ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
neeraja{Raghunath.O} ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ശരിയാണ്. നിറയെ നന്മയുള്ള ഓര്‍മ്മ.. നീര്‍മിഴിപൂവ് കണ്ണ് നനച്ചു..
പ്രിയ ശ്രീ,
കണ്ണുകള്‍ നിറയുന്നു...
കാരണം...
ഏതാണ്ട് കണ്ണനെ പോലെ ഒരു സുഹൃത്ത് എനിക്കുന്ടായിരുന്നു.... അല്പം ചില വ്യത്യാസങ്ങള്‍ മാത്രം.
പലരോടും ഞാന്‍ അവനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നെങ്കിലും അവനെ കുറിച്ച് എഴുതണമെന്നു കരുതുന്നു ...
ആശംസകളോടെ..
ശ്രീ നന്നായിട്ടുണ്ട്...വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഷമം...
സോറി ശ്രീ... വരാന്‍ വൈകി... അനുഭവമെഴുത്ത് മനസ്സില്‍ കൊണ്ടു.... അഭിനന്ദനങ്ങള്‍.....
valare nannayirikkunnu, Njan muzhuvanum otta irippil thanne vayichu nokki.
ശ്രീ
കണ്ണനെ എനിക്കൊരു പാട് ഇഷ്ടായിട്ടോ
ആദ്യം വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കത്ര സുഖായി തോന്നിയില്ല മാഷെ
പക്ഷെ ഒടുവില്‍ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു
കണ്ണന്‍ അവസാനം പറഞ്ഞ വാക്കുകള്‍ എന്നോ എന്റെ ഏതോ കൂട്ടുകാരന്‍ പറഞ്ഞ പോലെ തോന്നിപോകുവാ.. എന്റെ ബ്ലോഗ് വായിച്ചതിനും
കമന്റ്സ് ഇട്ടതിനും താങ്ക്സ്
നന്നായിട്ടുണ്ട്, ശ്രീ
നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ
Post a Comment