ഞങ്ങള്‍ പിറവം ബിപിസി കോളേജിലെ രണ്ടാം വര്‍ഷമായിരുന്നു ഏറ്റവും രസകരമായി ആഘോഷിച്ചത്. ഒന്നാം വര്‍ഷത്തില്‍ ജൂനിയേഴ്സ് എന്ന പരിചയക്കുറവും മൂന്നാം വര്‍ഷം സീനിയേഴ്സ് എന്ന ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നതിനാല്‍ രണ്ടാം വര്‍ഷം പോലെ കോളേജില്‍ ‘അര്‍മ്മാദിച്ചു’ നടക്കാന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ ബിപിസി കോളേജില്‍ അന്ന് മൂന്ന് അസ്സോസിയേഷനുകളാണ് ഉണ്ടായിരുന്നത്. പണച്ചാക്കുകളെക്കൊണ്ടു നിറഞ്ഞ ബി.ബി.എ. അസ്സോസിയേഷന്‍, അവരോട് കിടപിടിക്കുന്ന ബി.സി.എ. അസ്സോസിയേഷന്‍, പിന്നെ ഇടത്തരക്കാരായ ഞങ്ങളുടെ സ്വന്തം ഇലക്ട്രോണിക്സ് അസ്സോസിയേഷനും. ഇതില്‍ എന്തു പരിപാടികള്‍ക്കും ബി.ബി.എ. യും ബി.സി.എ.യും പണം വാരിയെറിഞ്ഞ് പരിപാടികള്‍ ഗംഭീരമാക്കാറുള്ളപ്പോള്‍ കൂട്ടായ്മ കൊണ്ടും പരിപാടികളിലെ വൈവിദ്ധ്യം കൊണ്ടും മാത്രമാണ് ഞങ്ങള്‍ ഇലക്ട്രോണിക്സുകാര്‍ അവിടെ പിടിച്ചു നിന്നിരുന്നത്. ഈ മൂന്ന് അസ്സോസിയേഷനും തമ്മില്‍ ആരോഗ്യപരമായ ഒരു മത്സരവും അവിടെ നില നിന്നിരുന്നു.
രണ്ടാം വര്‍ഷത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ ഒരു ഉത്തരവാദിത്വമുള്ള ജോലിയായിരുന്നു ഇലക്ട്രോണിക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച എക്സിബിഷന്‍. അസ്സോസിയേഷന്റെ സെക്രട്ടറി ഞങ്ങളുടെ ബിട്ടു ആയിരുന്നതിനാല്‍ പരിപാടി ഭംഗിയാക്കേണ്ടത് ഞങ്ങളുടെ ക്ലാസ്സുകാരുടെ ആവശ്യമായിരുന്നു. പ്രത്യേകിച്ചും ഞങ്ങള്‍ 7 പേരുടെ. സീനിയേഴ്സിന്റെയും ജൂനിയേഴ്സിന്റെയും സഹകരണം വേണ്ടുവോളം കിട്ടിയിരുന്നുവെങ്കിലും ഞങ്ങളുടെ പ്രധാന എതിരാളികള്‍ മറ്റു അസ്സോസ്സിയേഷനുകളല്ലായിരുന്നു. മറിച്ച്, ഞങ്ങളുടെ അസ്സോസിയേഷന്റെ ഫണ്ട് തന്നെയായിരുന്നു. കാരണം മറ്റ് അസ്സോസിയേഷനുകളെല്ലാം ആ വര്‍ഷം തുടക്കത്തിലെ ഫണ്ട് ബാലന്‍സ് 20,000/- എന്നും 12000/- എന്നുമെല്ലാം അനൌണ്‍സ് ചെയ്തു കൊണ്ടാണ് തുടങ്ങിയതെങ്കില്‍ ഞങ്ങളുടെ ഫണ്ട് -2000/- ആയിരുന്നു. കോളേജ് ഫണ്ടിലേയ്ക്ക് 2000/- കടം. എന്നു വച്ചാല്‍ കോളേജ് കോമ്മണ്‍ ഫണ്ടിലേയ്ക്ക് 2000 എടുത്തു കൊടുത്താലേ അവര്‍ ബാലന്‍സ് ‘പൂജ്യം’ എന്ന ഒരു സ്ലിപ്പെഴുതി തിരിച്ചു തരൂ എന്ന അവസ്ഥ.
എങ്കിലും ഒരു ടാലന്റ് എക്സിബിഷന്‍ നടത്തണമെന്നുള്ള ഞങ്ങളുടെ ആവശ്യം അസ്സോസിയേഷന്‍ മീറ്റിങ്ങില്‍ വച്ച് എല്ലാവരുടേയും സമ്പൂര്‍ണ്ണ പിന്തുണയോടെ അംഗീകരിക്കപ്പെട്ടു. അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പിന്തുണ ഉണ്ടെങ്കിലും പ്രശ്നം അപ്പോഴും ഫണ്ട് മാത്രമാണ്. അവസാനം അതിനും ഒരു വഴി കണ്ടു. എല്ലാ വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ പോയി അവരെ ക്ഷണിക്കുക. ഒപ്പം ഒരു സംഭാവന പിരിവും. കൂടാതെ നാട്ടിലുള്ള എല്ലാ കടകളിലും മറ്റും പരസ്യം പിടിക്കുക. അങ്ങനെ അതിന്റെ ഉത്തരവാദിത്വവും ഞങ്ങളുടെ തലയില്‍ തന്നെയായി.(എന്നു വച്ച് പഠന സമയത്തല്ല, ദിവസവും ക്ലാസ്സു കഴിഞ്ഞ് 5 മണിയ്ക്കു ശേഷം മാത്രം ഇറങ്ങും. അര്‍ദ്ധരാത്രിയോടെ തിരിച്ചെത്തും). അങ്ങനെ പോകുന്ന മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിയ്ക്കുന്നതെല്ലാം വളരെ വൈകിയായിരിക്കും. എല്ലാ വീടുകളിലും കറങ്ങി, അവസാനം തിരികെ പോരും വഴി എവിടെ നിന്നെങ്കിലുമായിരിക്കും കഴിയ്ക്കുക.
അതു പോലൊരു ദിവസം യാത്ര മൂവാറ്റുപുഴ - കോതമംഗലം ഭാഗത്തേയ്ക്കായിരുന്നു. ഞങ്ങള്‍ക്കൊപ്പം സാധാരണ ഫിലിപ്പും തോമായും വിവേകും വരാറുണ്ടെങ്കിലും അന്ന് അവരുണ്ടായിരുന്നില്ല. 2001 മാര്‍ച്ച് അവസാനമാണ് സംഭവം. കൂട്ടത്തിലുള്ള ഭൂരിഭാഗം പേര്‍ക്കും ഈസ്റ്റര്‍ നോമ്പുണ്ട്. അന്ന്‍ കോതമംഗലം ഭാഗത്തുള്ള രണ്ടു മൂന്നു സുഹൃത്തുക്കളുടെ വീടുകളായിരുന്നു ലക്ഷ്യം. മുന്‍കൂട്ടി അറിയിച്ചു സമ്മതം വാങ്ങിയിരുന്നുവെങ്കിലും ചമ്മലോടെയാണ് ഞങ്ങള്‍ അവരുടെ വീടുകളില്‍ ചെന്നു കയറിയത്. വളരെ അടുത്ത സുഹൃത്തുക്കളായിട്ടും ആദ്യമായി അവരുടെ വീട്ടില്‍ ചെല്ലുന്നത് സംഭാവന പിരിയ്ക്കാനാണല്ലോ എന്നതു തന്നെ ചമ്മലിന്റെ കാരണം. എന്നാലും അസ്സോസിയേഷനു വേണ്ടി ആണല്ലോ എന്ന സമാധാനത്തില്‍ രണ്ടും കല്‍പ്പിച്ചു കയറി. ആദ്യം ജേക്കബിന്റെ വീട്ടില്‍. പിന്നെ, സോമിയുടെ വീട്ടില്‍. എല്ലായിടത്തു നിന്നും വളരെ സ്നേഹപൂര്‍വ്വമായ സ്വീകരണം. ചായ, നാരങ്ങാ വെള്ളം, സ്വീറ്റ്സ് അങ്ങനെ. രണ്ടിടത്തു നിന്നും എന്തെങ്കിലുമൊക്കെ കഴിച്ചെന്നു വരുത്തി, അവരെ എക്സിബിഷനു ക്ഷണിച്ച് അവസാനം സുമയുടെ വീട്ടിലേയ്ക്ക്. വഴി അറിയാത്തതിനാല്‍ സോമിയുടെ ചേട്ടനും കൂടെ വന്ന് വീട് കാണിച്ചു തന്നു. അപ്പോഴേയ്ക്കും രാത്രിയായിരുന്നു. അവിടെ നിന്നും കിട്ടി, എല്ലായിടത്തേയും പോലെ ചായയും ചിപ്സും. അവരുടെ വീട്ടുകാരെയും പരിപാടിയ്ക്ക് ക്ഷണിച്ച് അവിടെ നിന്നും സംഭാവനയും വാങ്ങി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവര്‍ നിര്‍ബന്ധിച്ചു, രാത്രിയായില്ലേ, ഭക്ഷണം കഴിച്ചിട്ടു പോകാമെന്നും പറഞ്ഞ്. എന്നാല്‍ സംഭാവന പിരിയ്ക്കാന്‍ വന്നതും പോരാഞ്ഞ് ഭക്ഷണം കൂടെ കഴിച്ച് അവരെ ബുദ്ധിമുട്ടിയ്ക്കാനുള്ള മടി കാരണം ഞങ്ങള്‍ അതു നിരസിച്ചു. സുമയും അവളുടെ അമ്മയും വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ചാടിക്കയറി പറഞ്ഞു , ‘ഞങ്ങള്‍ വരുന്ന വഴി ഫുഡ് കഴിച്ചതേയുള്ളൂ, അതു കൊണ്ടാണ് വേണ്ടാത്തത്‘ എന്ന്. പിന്നെ അവരും നിര്‍ബന്ധിച്ചില്ല.
അവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ തിരികെ യാത്ര തുടങ്ങി. അവരുടെ വീട്ടില്‍ നിന്നും കുറച്ചങ്ങു പോയതേയുള്ളൂ… മത്തന്‍ ബൈക്ക് ചവിട്ടി നിര്‍ത്തി. അതു കണ്ട് പുറകേ വന്നിരുന്നവരും നിര്‍ത്തി. “എന്താടാ നിര്‍ത്തിയത്” എന്ന് ഞാന്‍ ചോദിച്ചു തീരും മുന്‍പ് അവനെന്റെ കഴുത്തിനു പിടിച്ചു. എന്നിട്ടു ചോദിച്ചു.
“നമ്മളെല്ലാവരും ഒരുമിച്ചല്ലേടാ പട്ടീ കോളേജില്‍ നിന്നും ഇറങ്ങിയത്? എന്നിട്ട് ഇതിനിടയില്‍ നീ മാത്രമെപ്പൊഴാ വരുന്ന വഴി ഭക്ഷണം കഴിച്ചത്? നീ സുമയുടെ അമ്മയോട് പറയുന്നുണ്ടായിരുന്നല്ലോ നമ്മളെല്ലാവരും കഴിച്ചൂ എന്ന്”
“എടാ, അതു പിന്നെ, അവിടെ നിന്നും സംഭാവന പിരിച്ചതും പോരാ, ഇനി ഭക്ഷണവും കൂടെ കഴിയ്ക്കുന്നതെങ്ങനെയാടാ… അതാണ് ഞാനങ്ങനെ…” ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു.
“അളിയാ…വല്ലാതെ വിശക്കുന്നെടാ...” സുധിയപ്പനും മത്തനൊപ്പം കൂടി.
“എന്തായാലും സാരമില്ലെടാ, പോകുന്ന വഴി വല്ല തട്ടുകടയിലും കയറാം, ഹോട്ടലെല്ലാം അടച്ചു കാണും … മത്താ നീ വേഗം വിട് , സമയം 10 കഴിഞ്ഞു” ബിട്ടു ഒരു സമാധാനം കണ്ടെത്തി.
അങ്ങനെ എല്ലാവരും വീണ്ടും യാത്ര തുടര്‍ന്നു. മൂവാറ്റുപുഴ എത്തിയപ്പോള്‍ അവിടുത്തെ ഒരുവിധം തട്ടുകടകളും പൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളിടത്ത് ആകെയുള്ളത് മുട്ടയും ബ്രെഡും മാത്രം.
“മുട്ട ഏതായാലും വേണ്ട, നോമ്പുള്ളതാ” ബിമ്പുവിന്റെ അഭിപ്രായത്തെ ബിട്ടുവും ജോബിയും ന്യായീകരിച്ചു.
“എന്നാല്‍ പിറവത്തു നിന്നാകാം… ദോശ കാണാതിരിയ്ക്കില്ല” സുധി പറഞ്ഞു.
എല്ലാവരും സമ്മതിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. പിറവത്ത് എത്തിയപ്പോള്‍ ഒരു തട്ടുകട മാത്രം തുറന്നിരിപ്പുണ്ട്. ബാക്കിയെല്ലാം അടച്ചു. അവിടെയാണെങ്കില്‍ ആകെയുള്ളത് പുട്ടു മാത്രവും.
“ഏയ്… ഈ രാത്രി സമയത്ത് പുട്ടു കഴിച്ചാല്‍ ശരിയാകില്ല. നമുക്ക് കൂത്താട്ടുകുളം വരെ പോകാമെടാ…10 കിലോമീറ്ററു കൂടെ പോയാല്‍ പോരെ? നല്ല കപ്പയും ദോശയും കിട്ടും”. മത്തന്‍ തന്റെ ഐഡിയ പുറത്തെടുത്തു.
രാത്രി പുട്ടിനേക്കാള്‍ എല്ലാവര്‍ക്കും പ്രിയം കപ്പയോ ദോശയോ ആയതിനാല്‍ ആരും എതിരു പറഞ്ഞില്ല. വിശപ്പു കാരണം സുധിയപ്പന്‍ മാത്രം ‘അതു വേണോടാ, പുട്ടു പോരേ’ എന്ന സന്ദേഹത്തില്‍ നിന്നു.
“ആദ്യം ഇവിടെ നിന്നും പുട്ടടിച്ചിട്ട് കൂത്താട്ടുകുളത്തു നിന്നും നമുക്ക് കപ്പയും പിന്നെ അഞ്ചാറു ദോശയുമായാലോ” കയ്യിലെ മസിലു വിറപ്പിച്ചു കൊണ്ട് ചോദിയ്ക്കുന്നതിനിടെ ജോബി പുട്ടിനെ നോക്കി വെള്ളമിറക്കി..
എന്നാല്‍ ഭൂരിഭാഗത്തിന്റെ അഭിപ്രായം മാനിച്ച് എല്ലാവരും കൂത്താട്ടുകുളത്തേയ്ക്ക് പറന്നു. പോകും വഴി ബിട്ടു മത്തനോട് ഒരിക്കല്‍ കൂടി ചോദിച്ചു “ മത്താ, സമയം 11.30 ആയീട്ടോ. അവിടെ ഫുഡ് ഉണ്ടാകുമോടാ?”
“എടാ, അവിടെ ഫുഡ് ഉണ്ടാകുമെന്ന് ഉറപ്പാ… നേരം വെളുക്കുന്നതു വരെ ഏതാണ്ട് 4 മണി - 5 മണി വരെ അവിടത്തെ ഒരു തട്ടുകട ഉണ്ടാകാറുണ്ട്. ഞാന്‍ പല തവണ അവിടെ നിന്നും അര്‍ദ്ധരാത്രി പോലും ഫുഡ് കഴിച്ചിട്ടുണ്ട്. നിങ്ങള്‍ ധൈര്യമായിപ്പോരേ…” മത്തന്‍ ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ വലിയ പ്രതീക്ഷയില്‍ രാത്രി 12 മണിയോടെ കൂത്താട്ടുകുളത്തെ ആ തട്ടുകടയിലെത്തുമ്പോള്‍ ഞങ്ങള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അവിടുത്തെ ചേട്ടന്മാര്‍ വലിയ രണ്ടു മൂന്ന് ചെമ്പുകള്‍ കഴുകി വൃത്തിയാക്കുന്നു.
സംശയത്തോടെയെങ്കിലും ആ കടക്കാരോടുള്ള ചെറിയൊരു അടുപ്പം വച്ച് മത്തനവരോട് ചോദിച്ചു “ചേട്ടാ, കഴിയ്ക്കാനൊന്നുമില്ലേ?”
“അയ്യോ മാനെ, എല്ലാം തീര്‍ന്നുപോയല്ലോടാ. കുറച്ചു മുന്‍പ് ഒരു ടൂറിസ്റ്റ് ബസ്സ് ഇവിടെ നിര്‍ത്തി. ആ വണ്ടിയിലെ എല്ലാവരും ഇവിടെ നിന്നാണ് കഴിച്ചത്. അതോണ്ട് എല്ലാം നേരത്തേ തീര്‍ന്നു.”
അതും കേട്ടു കൊണ്ടാണ് ഞങ്ങള്‍ ബാക്കി എല്ലാവരും അങ്ങോട്ട് ചെല്ലുന്നത്. ഇനിയെന്തു പറയും എന്ന ദയനിയാവസ്ഥയില്‍ മത്തന്‍ സുധിയുടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍ ഒന്നും മിണ്ടാതെ സുധി ഓടി വന്ന് ബൈക്കില്‍ കയറി. എന്നിട്ടു പറഞ്ഞു “ വേഗം വാടാ, പിറവത്തേയ്ക്ക് . പുട്ടെങ്കില്‍ പുട്ട്. അതും തീരുന്നതിനു മുന്‍പ് വാ”
പെട്ടെന്ന് എല്ലാവരും കര്‍മ്മ നിരതരായി. എല്ലാവരും ബൈക്ക് തിരിച്ചു വിട്ടു, വീണ്ടും പിറവത്തേയ്ക്ക്. വന്നതിനേയ്ക്കാള്‍ വേഗത്തിലാണ് തിരിച്ചു ചെന്നതെങ്കിലും അവിടേയും വൈകിപ്പോയിരുന്നു. അവിടുത്തെ ആ തട്ടുകടയും അടച്ചു പൂട്ടി പോയിക്കഴിഞ്ഞിരുന്നു.
ശൂന്യമായ ആ പിറവം ടൌണില്‍ ആരോടെന്നില്ലാതെ ഉറക്കെ രണ്ടു ചീത്തയും വിളിച്ച് കുറച്ചു നേരം കഴിഞ്ഞ് നിര്‍വ്വികാരമായ മുഖത്തോടെ സുധിയപ്പന്‍ അവന്റെ കയ്യിലിരുന്ന ബൈക്കിന്റെ താക്കോല്‍ എന്നെ ഏല്‍പ്പിച്ചു. ചോദ്യ ഭാവത്തില്‍ അവന്റെ മുഖത്തു നോക്കിയപ്പോള്‍ തളര്‍ന്ന ശബ്ദത്തില്‍ ദയനീയമായി അവന്‍ പറഞ്ഞു “നീ ഓടിച്ചാല്‍ മതി. വിശന്നിട്ട് കണ്ണു കാണാന്‍ വയ്യെടേയ്”
അവസാനം പിറവം മുതല്‍ റൂം എത്തുന്നതു വരെ സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നുള്ള ഫുഡ് മുടക്കിയതിന് എന്നെയും, അവസാനം കിട്ടിയ ഭക്ഷണം പോരെന്നു പറഞ്ഞതിന് മത്തനേയും ചീത്ത പറഞ്ഞു കൊണ്ട് എല്ലാവരും ഞങ്ങളുടെ റൂമിലെത്തി. എന്നിട്ട് രണ്ടു കുപ്പി പച്ച വെള്ളം വീതം വലിച്ചു കേറ്റി ഉറങ്ങാന് കിടക്കുമ്പോള്‍ ‘വിയറ്റ്നാം കോളനി’യില്‍ മോഹന്‍ ലാല്‍ ഇന്നസെന്റിനോട് പറയുന്ന ആ ഡയലോഗ് ഞാന്‍ ആത്മഗതം പോലെ പറഞ്ഞു.
“ഒരു നേരം ഭക്ഷണം കഴിച്ചില്ലാന്നു വച്ച് ആരും ചത്തൊന്നും പോകില്ലല്ലോ”
എന്നാല്‍ അറിയാതെ അത് അല്പം ഉറക്കെ ആയിപ്പോയതിനാല്‍ അതിന് മറുപടിയായി ബാക്കിയുള്ളവന്മാരുടെ വായിലിരിക്കുന്ന അന്നത്തെ അവസാനത്തെ ചീത്തയും കൂടെ കേട്ടിട്ടാണ് ഞാനന്ന് ഉറങ്ങിയത്.
59 comments:
ബിരുദ പഠന കാലത്തെ തന്നെ ഒരു മറക്കാനാകാത്ത, എന്നാല് രസകരമായി ഇന്നു തോന്നുന്ന ഒരു സംഭവമാണ് ഇത്. പട്ടിണി മൂലമല്ലെങ്കിലും വിശന്നിരിയ്ക്കേണ്ടി വന്നിട്ടുള്ള സന്ദര്ഭങ്ങള് മിക്കവര്ക്കും നേരിടേണ്ടി വന്നിരിയ്ക്കും. അതു പോലെ ഉള്ള ഒരു സംഭവമാണ് ഇത്.
അന്ന് ആ എക്സിബിഷന് നടത്താന് വേണ്ടി ആത്മാര്ത്ഥമായി സഹകരിച്ച എല്ലാ സുഹൃത്തുക്കളേയും ഈയവസരത്തില് ഓര്മ്മിക്കുന്നു. അവര്ക്കായി സമര്പ്പിയ്ക്കുന്നു ഈ പോസ്റ്റ്.
ഭക്ഷണത്തെ തൊടാതെ കളിക്കാന്‍ പറ്റില്ലാല്ലെ..?
അപ്പോള്‍ ഒരു ഡിഷ്ണറി ഉണ്ടാക്കാന്‍ മാത്രം നല്ല വാക്കുകളും പുതിയ വാചകങ്ങളും സംഭാവനപ്പിരിവ് വഴി തടഞ്ഞിട്ടുണ്ടാകും..തീര്‍ച്ച.. അല്ല അതു വേണം.. എന്തിനാ പറയാന്‍ പോയത് വഴിയില്‍നിന്നും കഴിച്ചെന്ന്.. അതുമാത്രമല്ലല്ലൊ..ദേഹാസ്വസ്ഥം അന്നു ശ്രീക്കുണ്ടായെന്ന് ഹരിശ്രീ പറഞ്ഞു കേട്ടിട്ടുണ്ട്, കുഴമ്പ് രണ്ടു കുപ്പി സംഭാവനപ്പിരിവില്‍ നിന്നും എഴുതിത്തള്ളിയെന്നും റൂമെറുണ്ട്..!
ശ്രീ..ഇതില്‍ നിന്നു എന്താ ശ്രീ പഠിച്ചത്? ആവശ്യമുള്ളത് ആരെങ്കിലും വെറുതേ ഒരു ഭംഗിക്ക് പറഞ്ഞതാണെങ്കിലും അത് വിട്ട് കളയരുത്. പ്രത്യേകിച്ച് ഫുഡിന്റെ കാര്യത്തില്‍ ;) അല്ലെങ്കില്‍ മര്യാദക്ക് സുമയുടെ വീട്ടില്‍ നിന്നു കഴിച്ച് പോന്നാ മതിയായിരുന്നല്ലോ..
“ഏയ്… ഈ രാത്രി സമയത്ത് പുട്ടു കഴിച്ചാല്‍ ശരിയാകില്ല” മത്തനിക്കിട്ട് രണ്ടെണ്ണം അപ്പൊ തന്നെ പൊട്ടിക്കണമായിരുന്നു. രാത്രി പുട്ടടിച്ചാല്‍ എന്താ ഒരു കുഴപ്പം? എന്ത് വേണേലും സഹിക്കാം. പുട്ട് & കടല, പുട്ട് & പഴം, പുട്ട് & പപ്പടം കോമ്പിനേഷനുകളെ തള്ളി പറഞ്ഞാലുണ്ടല്ലോ..ങ്ഹാ!
ശ്രീയേ..... രസായി. ഇതുപോലെ മൂവാറ്റുപുഴ ഭാഗത്ത് റോഡരികില്‍ കൈതച്ചക്ക ഫ്രെഷായി ചില സീസണുകളില്‍ കിട്ടാറുണ്ട്. ജ്യൂസും കിട്ടും.താല്‍ക്കാലിക കടകളിലാണ് ഈ വില്‍പ്പന. ഒരു ദിവസം ഞാനു അനുജനും കൂടെ ആ വഴി കാറില്‍ വരികയാണ്. ആദ്യത്തേ കടകണ്ടപ്പോഴേ ഞാന്‍ പറഞ്ഞു ഇവിടുന്നു കുടിക്കാം. അവന്‍ കേള്‍ക്കുകയില്ലാ..“അതുവേണ്ട കുറച്ചൂകൂടെ മുമ്പോട്ട് പോയാല്‍ ഒരു വളവിന് നല്ലൊരു കടയുണ്ട്. അവിടുത്തെ ജ്യൂസാ ജ്യൂസ് ..”അനിയന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം അവന്‍ പറഞ്ഞ വളവിലെത്തിയപ്പോള്‍ ആ കട അവിടില്ല... അതു കഴിഞ്ഞ് മുമ്പോട്ട് എത്രപോയിട്ടും കൈതച്ചക്ക ജ്യൂസു വില്‍പ്പനകാരെ കണ്ടതുമില്ല... അവസാനം സോഡാ-നാരങ്ങാവെള്ളം കുടിച്ചു.
ഓ.ടോ: ഈ നീര്‍മിഴിപ്പൂക്കള്‍ വന്നുവന്ന് ഹര്‍ഷാശ്രുപ്പൂക്കളായി മാറിയിരിക്കുകയാണല്ലോ? നീര്‍മിഴിയുള്ള ഒരു പോസ്റ്റെങ്കിലും ഇടൂ.
ശൂന്യമായ ആ പിറവം ടൌണില്‍ ആരോടെന്നില്ലാതെ ഉറക്കെ രണ്ടു ചീത്തയും വിളിച്ച് കുറച്ചു നേരം കഴിഞ്ഞ് നിര്‍വ്വികാരമായ മുഖത്തോടെ സുധിയപ്പന്‍ അവന്റെ കയ്യിലിരുന്ന ബൈക്കിന്റെ താക്കോല്‍ എന്നെ ഏല്‍പ്പിച്ചു. ചോദ്യ ഭാവത്തില്‍ അവന്റെ മുഖത്തു നോക്കിയപ്പോള്‍ തളര്‍ന്ന ശബ്ദത്തില്‍ ദയനീയമായി അവന്‍ പറഞ്ഞു “നീ ഓടിച്ചാല്‍ മതി. വിശന്നിട്ട് കണ്ണു കാണാന്‍ വയ്യെടേയ്”
ഹ,ഹ,ഹ..
ശ്രീ മ്വാനെ കൊള്ളാമെടെ..
മെലോഡിയസ് പറഞ്ഞപോലെ ആരും പുട്ടില്‍ തൊട്ടു കളിക്കേണ്ടാ..
യിവിടെ ച്വാരക്കളമാവും..:)
അറ്റ് ലീസ്റ്റ് ഉറക്കം വന്നല്ലോ.. ഭാഗ്യവാന്‍.
കൊള്ളാം ശ്രീ. കല്യാണപന്തലിലിരുന്ന് ഇതായിരുന്നല്ലേ പരിപാടി :)
അതു തന്നെ കിട്ടണം മോനേ. പുട്ടിനെ തള്ളിപ്പറഞ്ഞിട്ടുള്ള ഒരുത്തനും അനുഭവിക്കാതെ പോയിട്ടില്ല :-)
അതെ, വിശന്നിട്ടു ചത്തൊന്നും പോയില്ലല്ലോ? ഇന്നു് ഒരു അനുഭവ കുറിപ്പെഴുതാനുള്ള സ്കോപ്പായില്ലേ?
ശ്രീയേ, ഞാന്‍ തന്നെ, ചെറിയ ഒരു ഇടവേളക്കു ശേഷം. പഴയതും വായിച്ചു. പക്ഷേ അതിനൊന്നും ഇനി കമെന്റുന്നില്ല.
എല്ലാ സംഭവങ്ങളും വായിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ദൃശ്യവത്ക്കരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മനസ്സില്‍ പറയുന്നത് കുറച്ച് ഉറക്കെ ആയി പോകുന്നതും അതിന്റെ പേരില്‍ ശ്രീക്ക് കിട്ടിയ ചീത്തയും കൂടി ആയപ്പോള്‍ ഞാന്‍ ശരിക്കും ചിരിച്ചുപോയി. അഭിമാനം കൊണ്ടുണ്ടാകുന്ന ഓരോ പുലിവാലുകളേ..
ഇതൊക്കെ രാത്രിയിലായിരുന്നോ ശ്രീക്കുട്ടാ വേണ്ടിയിരുന്നെ? ക്ലാസ്സ് സമയത്തു വേണ്ടാരുന്നോ പിരിവ്? ;) അതാ അതിന്റെ ഒരു ശരി. ഭക്ഷണത്തിനും മുട്ടു വരില്ല.
പ്രിയ പുട്ടേ,
കപ്പയുണ്ടെന്ന് കേട്ടപ്പോള്‍ നിന്നെ ഉപേക്ഷിച്ച് പോയ കശ്മലനാണ് ശ്രീ.
നിനക്കു ഞാനുണ്ട്.
എന്ന്, പുട്ടിനെ ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു ചേട്ടന്‍.
രജീഷ്...
സ്വാഗതം. ആദ്യ വായനയ്ക്കു നന്ദി.
കുഞ്ഞന്‍ ചേട്ടാ...
ഭക്ഷണം വിട്ടിട്ടുള്ള പരിപാടിയില്ല. ഹിഹി. പിന്നേയ്, ആ സംഭാവനപ്പിരിവില്‍ നിന്നും കുഴമ്പു വാങ്ങിയ കാര്യം എങ്ങനെയറിഞ്ഞു? ;)
മെലോഡിയസ്...
മത്തനിട്ട് പൊട്ടിച്ചില്ല എന്നു മാത്രം പറയരുത്. അതിടയ്ക്കിടെ കൊടുക്കാറുള്ളതാ... ഇത്തവണ പുട്ട് അതിനു കാരണമായീന്നു മാത്രം.
അപ്പുവേട്ടാ...
ആ അനുഭവവും രസകരമായി. :)
പിന്നെ, ‘നീര്‍മിഴി’പ്പൂക്കള്‍ ശരിയാക്കാം.
പ്രയാസീ...
സുധിയപ്പനും ഫുഡും തമ്മിലുള്ള ഒരു ഇരിപ്പു വശം അങ്ങനെയാണേ... :)
ദൈവമേ, പൂട്ടിന്‍ ഇത്രയും ആരാധകരോ...
എനിക്കിപ്പം തട്ടുകട പുട്ടുവേണം..:)
ശ്രീ കൊതിപ്പിച്ചു :(
ശ്രീഹരീ...
കുറേക്കഴിഞ്ഞാണേലും വിശപ്പുകാരണം ക്ഷീണിച്ച് ഉറങ്ങിപ്പോയി.
സുല്ലേട്ടാ...
ഹ ഹ. കല്യാണ വീട്ടില്‍ നിന്നും കിട്ടിയ ഗ്യാപ്പില്‍ ശരിയാക്കിയതല്ലേ... ;)
കൊച്ചുത്ര്യേസ്യേ...
പുട്ടിനെ തൊട്ടു കളിച്ച്വരാരും മലയാളക്കരയില്‍ മനസ്സമാധാനത്തൊടെ വാണീട്ടില്ല എന്നാണല്ലോ. മലയാളികളുടെ തനതായ സ്വന്തം ഭക്ഷണമാണല്ലോ അത്. :)
എഴുത്തുകാരീ...
ഇവിടൊന്നും കാണാനേയില്ലല്ലോ എന്നു കരുതിയിരിക്കുവായിരുന്നു. വായനയ്ക്കു നന്ദി.
പറഞ്ഞ പോലെ അതു കാരണം ഇങ്ങനെ എന്നും ഓര്‍ക്കുവാനുള്ള ഒരു സംഭവം കിട്ടി.
മുരളിയേട്ടാ...
അതു തന്നെ. മോശക്കേടാണല്ലോ എന്നു കരുതിയതു കാരണം അന്നു പട്ടിണിയായതു മിച്ചം. എന്നാലും അതൊക്കെ ഒരു രസമായിരുന്നു, കേട്ടോ. വായനയ്ക്കും കമന്റിനും നന്ദി.
നിഷ്കളങ്കന്‍ ചേട്ടാ...
ക്ലാസ്സ് സമയത്തു കട്ടു ചെയ്തിട്ടുള്ള ഒരു പരിപാടികളും ഉണ്ടായിരുന്നില്ല. ശരിയായിരുന്നു, ഫുഡിനു മുട്ടു വരില്ലായിരുന്നു.
ശ്രീലാല്‍...
കപ്പയോടും പുട്ടിനോടുമെല്ലാം നമുക്ക് ഒരേ ഭാവം തന്നെയാണു കേട്ടോ... ഹ ഹ.
വായനയ്ക്കും കമന്റിനും നന്ദി.
പുട്ടു ഫാന്‍സ് കൂടിക്കൂടി വരുവാണല്ലോ.
കിട്ട്യ് എല്ല ചീത്തയും സന്തോഷത്തൊടെയല്ലെ വാങ്ങിയേ????!!!
ഗെഡ്യെ ...സങ്ങതി സൂപ്പര്‍.... :-)
ഒരു നേരം കഴിച്ചില്ലെങ്കില്‍ എന്താ, സുഹൃത്തുക്കളുടെ അശംസാവചനങ്ങള്‍ കേട്ട് സുഖമായി ഉറങ്ങാന്‍ പറ്റിയില്ലേ. അതല്ലേ ശ്രീകുട്ടാ ആനന്ദകരം?
ചാത്തനേറ്: “പുട്ടിനേക്കാള്‍ എല്ലാവര്‍ക്കും പ്രിയം കപ്പയോ ദോശയോ ആയതിനാല്‍ “
ഇവിടെങ്ങാണ്ടോ ഒരു പുട്ട് ഫാന്‍സ് അസോസിയേഷന്‍കാരുണ്ടായിരുന്നു. ഒരു ധര്‍ണ പ്രതീക്ഷിച്ചോ, ഇപ്പോത്തന്നെ അസോ. യില്‍ ഇല്ലാത്ത പലരും പ്രതിഷേധിച്ചല്ലോ. ബാക്കി വരാനിരിക്കുന്നു.
ഓടോ: പതിവില്‍ കൂടുതല്‍ റേഷനുണ്ടായിരുന്നു -ചിരിയുടെ.
ഈ പുട്ട് എന്നെയും പട്ടിണിക്കിട്ടിട്ടുണ്ട് ശ്രീ, അഞ്ചിലോ, ആറിലോ പഠിക്കുമ്പോഴാ, അന്ന് രാത്രി വീട്ടില്‍ നല്ല അടിപൊളി പുട്ടും ഇറച്ചി പൊരിച്ചതും കറിയും ഒക്കെ. എന്തോ ചെറിയ ഒരു പിണക്കത്തിന് വീട്ടുകാരുമായി പിണങ്ങി കിടന്നു. ആദ്യം അവര്‍ കുറെ വിളിച്ചെങ്കിലും ഞാനും വിട്ടു കൊടുത്തില്ല. പിന്നെ ശരിക്കും വിശപ്പ് തുടങ്ങിയപ്പോഴാണെങ്കിലോ അവരു വിളിക്കാതെയും ആയി..പുതപ്പിനിള്ളില്‍ കൂടെ തലയിട്ടു നോക്കികിടന്ന് എങ്ങാനും ഒന്നുകൂടെ വിളിച്ചിരുന്നെങ്കില്‍ ചാടി ചെല്ലാന്‍...എവിടെ വിളിക്കാന്‍..അന്ന് നേരം വെളുപ്പിച്ച പാട് എനിക്കല്ലെ അറിയൂ...
ഓ.ടോ : പുട്ടിന്റെ കാര്യം പറഞ്ഞപ്പോള്‍ നമ്മുടെ മെലോഡിയസ് ആദ്യം എത്തിയല്ലോ കമന്റിടാന്‍
നജീംക്കാ..പുട്ടിനെ തൊട്ട് കളിച്ചാല്‍ അടി..അടി..ചിലപ്പൊ പുട്ട്കുറ്റികൊണ്ട് ഒരു ഏറും കിട്ടും.. ങ്ഹാ!!
നിനക്കത് വേണടാ... ഇനിയെങ്കിലും മനസ്സിലാക്ക്... പുട്ടടിക്കാന്‍ വിളിക്കുമ്പോ വെയിറ്റിടരുത്... മനസ്സിലായാ... നന്നായള്ളോ...
നിന്നെ ചീത്തവിളിച്ച എല്ലാര്‍ക്കും അഭിവാദ്യങ്ങള്‍...
:)
ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഉന്നയിച്ച ഒരു സംശയം വീണ്ടും ഉന്നയിക്കുന്നു... നിങ്ങള്‍ക്ക് പുട്ടടിയും പൊട്ടത്തരങ്ങളും കഴിഞ്ഞിട്ട് പഠിക്കാന്‍ നേരണ്ടായിരുന്നോ..?
:)
പുട്ടും പഴവും കുഴച്ചു കുഴച്ചു.....
അങ്ങനെത്തന്നെ വേണം, പുട്ടാരാ മോന്‍:)
പീലിക്കുട്ടീ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
കൂട്ടുകാരാ...
അതെ, എല്ലാ ചീത്തയും സന്തോഷത്തോടെയല്ലേ വാങ്ങാന്‍ പറ്റൂ... ഹ ഹ.
വാല്‍മീകി മാഷേ...
ഹോ! വളരെ ആനന്ദകരമായ ആ ആശംസാവചനങ്ങളും കേട്ടു കേട്ടാണ്‍ അന്ന് ഉറങ്ങിപ്പോയത്. :)
ചാത്താ...
പുട്ടുഫാന്‍സ് അസ്സോസിയേഷന്‍കാരറിഞ്ഞാല്‍ അടി ഉറപ്പാണല്ലേ? :(
നജീമിക്കാ...
അതു കലക്കി. അത്തരം അനുഭവങ്ങളും എല്ലാവര്‍ക്കും കാണുമല്ലേ? :)
സഹയാത്രികാ...
എന്നെ ചീത്ത വിളിച്ചവര്‍ക്കാണ്‍ അഭിവാദ്യങ്ങളല്ലേ? ശരി ശരി. പിന്നേയ്, പുട്ടടിയെപ്പറ്റി ഒന്നും പറയരുത്.
“ഫുഡില്ലാതെ നമുക്കെന്താഘോഷം?” എന്നു കേട്ടിട്ടില്ലേ? ;)
മെലോഡിയസേ...
പുട്ടുകുറ്റിയ്ക്ക് എറിയരുത്.
“പുട്ടു ഫാന്‍സ് അസ്സോസിയേഷന്‍ കീ ജയ്”
(അടി കിട്ടാതിരിയ്ക്കാന്‍ ഇതേയുള്ളൂ മാര്‍ഗ്ഗം)
ശ്രീയേ, എഴുത്ത് നന്നായിട്ടുണ്ട്,
പക്ഷേ, പുട്ടിനെ ഉപേക്ഷിച്ച് പോയത് മാത്രം ശരിയായില്ല, പുട്ടിന്റെ ശാപാ അങ്ങനെയൊക്കെ സംഭവിച്ചത്...:)
ശ്രീയെ...പതിവുപോലെ നിന്നോടു പറയാറുള്ളതു തന്നെ പറയുന്നു..കൊച്ചുവര്‍ത്തമാനം കേള്‍ക്കുന്ന സുഖം നിണ്റ്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍....
ഛേ..എന്നാലും ഒരു സുന്ദരിപെണ്‍കിടാവ് ഊണിനു ക്ഷണിച്ചപ്പോ, ഈഗോകൊണ്ട് ഏമ്പക്കം വിട്ടല്ലോ ഏഭ്യാ.സപ്പോസ്..ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ "അവാലോ അതിനെന്താ...മോരുണ്ടാവും അല്ലേ... ഇല്ലേലും വിരോധം ഇല്ല.. എന്നൊക്കെ തട്ടിവിട്ടേനേ.... " ഇപ്പൊഴത്തെ പിള്ളാരെന്താണാവോ ഇങ്ങനെ?
പുട്ടാണഖിലസാരമൂഴിയില്‍....എന്നു പാടിയത് ശ്രീയാണോ? അന്നു രാത്രി വിശന്നിട്ട് ഉറക്കം വരാതെ കിടന്നപ്പോള്‍?
എന്തായാലും ഒരു കാര്യം ഉറപ്പ്. ആ കൂട്ടത്തിലുള്ള എല്ലാവരും പിന്നീട് പുട്ടിനെ ഒരു ആരാധനയോടെയേ കണ്ടിട്ടുണ്ടാകൂ:-)
പ്രിയാ...
അതേന്ന്... പുട്ടാരാ മോന്‍? ഹ ഹ.
കമന്റിനു നന്ദി.
സാജന്‍ ചേട്ടാ...
പുട്ട് ഫാന്‍സ് കൂടുകയാണല്ലോ. ഇനി പുട്ടിന്റെ ശാപം തന്നെ ആയിരിക്കുമോ അങ്ങനെ സംഭവിയ്ക്കാന്? :)
മനുവേട്ടാ...
ആ കമന്റ് വളരെ സന്തോഷം തരുന്നു. നന്ദി. :)
ഫുഡ് വേണ്ടാന്ന് പറഞ്ഞതു ശരി തന്നെ. കാരണം ആ വിശന്നിരിക്കുന്ന അവസ്ഥയില്‍ ഞങ്ങളെല്ലാം കൂടെ അവിടെ കയറി മേഞ്ഞിരുന്നേല്‍ അവര്‍ക്കു കഴിക്കാന്‍ ഫുഡ് വേറെ വയ്ക്കേണ്ടി വരുമായിരുന്നു... ഹ ഹ
തെന്നാലിരാമന്‍...
ശരിയാ... അതിനു ശേഷം എല്ലാവര്‍ക്കും പുട്ടിനോട് ഒരു താല്പര്യക്കൂടുതല്‍ തോന്നിയിരുന്നു എന്നതാണ്‍ സത്യം. കമന്റിനു നന്ദി, കേട്ടോ.
ശ്രീയേ...
ഈ അത്താഴം മുടക്കി എന്ന് കേട്ടിട്ടേയുള്ളു...
ഇപ്പോള്‍ ആളെയും കണ്ടു.
എഴുത്ത് കൊള്ളാം. വായിക്കാന്‍ രസമുണ്ട്.
“ആദ്യം ഇവിടെ നിന്നും പുട്ടടിച്ചിട്ട് കൂത്താട്ടുകുളത്തു നിന്നും നമുക്ക് കപ്പയും പിന്നെ അഞ്ചാറു ദോശയുമായാലോ” കയ്യിലെ മസിലു വിറപ്പിച്ചു കൊണ്ട് ചോദിയ്ക്കുന്നതിനിടെ ജോബി പുട്ടിനെ നോക്കി വെള്ളമിറക്കി.."
paavam jobichchan
ante velakalkkokke irayaakuka addehamanallo
kollaamallo sree
:)
upaasana
ഹ ഹ
ഇതിനാണ് പറയണത് ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലുള്ളത് പോവേം ചെയ്തെന്നു
സാരമില്ല അനുഭവം ഗുരു!
:) 'puttu' story nannayi..
ഹഹഹ..കലക്കി ശ്രീ. :)
എഴിതിയത് രസായി.
സതീശേട്ടാ...
അപ്പൊ എന്നെ അത്താഴം മുടക്കി ആക്കിയല്ലേ?
:)
സുനിലേ...
ഞങ്ങളുടെ ജോബിയേയും അവന്റെ ‘പഴയ’ മസിലും കണ്ടിട്ടുണ്ടെങ്കില്‍ നീ അതു സമ്മതിയ്ക്കും. കമന്റിനു നന്ദി. :)
ആഷ ചേച്ചീ...
അതു തന്നെ. അനുഭവം ഗുരു. :(
വീണ...
വായനയ്ക്കും കമന്റിനും നന്ദി.
വാണി ചേച്ചീ...
നന്ദി. വായിച്ച് അഭിപ്രായമറിയിച്ചതിന്. :)
എന്നിട്ട് രണ്ടു കുപ്പി പച്ച വെള്ളം വീതം വലിച്ചു കേറ്റി ഉറങ്ങാന് കിടക്കുമ്പോള്‍ ‘വിയറ്റ്നാം കോളനി’യില്‍ മോഹന്‍ ലാല്‍ ഇന്നസെന്റിനോട് പറയുന്ന ആ ഡയലോഗ് ഞാന്‍ ആത്മഗതം പോലെ പറഞ്ഞു.
“ഒരു നേരം ഭക്ഷണം കഴിച്ചില്ലാന്നു വച്ച് ആരും ചത്തൊന്നും പോകില്ലല്ലോ”
കൊള്ളാം...
ശ്രീയേ..ഇപ്പോഴാ കണ്ടേ.....
ദാരിദ്രമില്ലാതെയും വിശപ്പിന്റെ വില ..ഞാനനുഭവിച്ചതല്ലേ ഒരിക്കല് :)
സുഹൃത്തേ,വിശപ്പിന്റെ ഒരു രാത്രിയും കംബയിന് ഡ് സ്റ്റഡിയും വായിച്ചു.രസകരം.
എന്റെ ബ്ലോഗില്‍ ആദ്യമായി ഒരു കമന്റിട്ടത് താങ്കളാണ്-എന്നെ സ്വാഗതം ചെയ്തുകൊണ്ട്.നന്ദി
തുടറ്ന്നും എന്റെ ബ്ലൊഗ് സന്ദറ്ശിച്ചു അഭിപ്രായം രേഖപ്പെടുത്താന്‍ താല്പര്യപ്പെടുന്നു.
എന്റെ ചില സംശയങള്‍ക്കു മറുപടി നല്‍കാന്‍ അപേക്ഷിക്കുന്നു- 1)അഞ്ജലി ഓള്‍ഡ് ലിപി,മറ്റു ബ്ലോഗുകള്‍ എന്നിവയ്ക്ക് എന്റെ ബ്ലോഗില്‍ നിന്നും എങനെയാണു ലിങ്കുകള്‍ കൊടുക്കുന്നത്?. 2)ഫോട്ടോ എങനെയാണു എന്റെ ബ്ലൊഗില്‍ കൊടുക്കുന്നത്?
ശ്രീച്ചേട്ടാ...
:)
ജിഹേഷ് ഭായ്...
നന്ദി.
പ്രദീപ്...
സ്വാഗതം... കമന്റിനും വായനയ്ക്കും നന്ദി.
:)
ശ്രീ,
വായന നേരത്തേതന്നെ നടന്നെങ്കിലും, ഇവിടെ ഒന്നും എഴുതാന്‍ പറ്റിയില്ലായിരുന്നു...
........പിന്നെ, ഇതിനെ എങ്ങന്യാ 'അത്താഴപ്പട്ടിണി' എന്നു പറയ്യാ..? ഉറങ്ങുമ്പോളേയ്ക്കും, വയറ് നിറഞ്ഞിരുന്നില്ലേ...(ചീത്തവിളി കേട്ടിട്ട്) ???
ശ്രീ,
എന്റെ ഓര്‍മകളിലും മറക്കാനാകാത്ത ഇത്തരം
സന്ദര്ഭങ്ങള് ഉണ്ടായിരുന്നു!വളരെ ഇഷ്ടമായി......
Kalakkunnundu
പഴയ പല തട്ടുകട രാത്രികളേയും ഓര്‍മിപ്പിച്ചു. കൊള്ളാം, നന്നായിരിക്കുന്നു.
പുട്ടടിക്കാന്‍ ലോകം മുഴുവന്‍ കറങ്ങിയ നിങ്ങളെ സമ്മതിക്കണം.
:)
ചന്ദ്രകാന്തം ചേച്ചീ...
അതേ...ഫുഡ് കഴിയ്ക്കാതെയും വയറു നിറയുമെന്ന് അന്ന് ഞാനും മനസ്സിലാക്കി. :)
മഹേഷ് ഭായ്...
വായനയ്ക്കും കമന്റിനും നന്ദി. :)
KMF...
നന്ദി.
സിനോജ് ഭായ്...
പഴയ കാലത്തെ ഓര്‍മ്മിപ്പിക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
മേനോന്‍ ചേട്ടാ...
ഫുഡിനു വേണ്ടി ഇനിയും ലോകം മുഴുവന്‍ കറങ്ങാന്‍ റെഡിയാട്ടോ... ;)
കമന്റിനു നന്ദി.
കലക്കന്‍ വിവരണം.
സത്യം പറയാം ശ്രീ, ഒരു നെരം കഴിച്ചില്ലെങ്കില്‍ എനിക്കു വല്യ വിഷമമാണ്.....
സംഭവം കൊള്ളാം....
പുട്ടത്ര മോശമൊന്നുമല്ലെന്നു മനസ്സിലായീലോ?
പിന്നെ ഒരു നേരം ഭക്ഷണം കഴിച്ചില്ലാന്നു വച്ച് ആരും ചത്തൊന്നും പോകില്ലല്ലോ!! ;D
ശ്രീ നല്ല ഓര്‍മ്മക്കുറിപ്പ് :)
ഇത്തിരി മാഷേ...
വായനയ്ക്കും കമന്റിനും നന്ദി.
മുരളി മാഷേ...
പണ്ട് എനിക്കും ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. എന്നാല്‍- പഠനത്തിനും മറ്റുമായി വീട്ടില്‍ നിന്നും മാറി നിന്ന് അതെല്ലാം ഇപ്പൊ ശീലമായി.
ധ്വനി...
അതെ, ഒരു നേരം കഴിച്ചില്ലാന്ന് വച്ച് ആരും ചത്തൊന്നും പോകില്ലല്ലോ. :)
വായിച്ചതിനും കമന്റിനും നന്ദി, കേട്ടോ.
കുറച്ചുകൂടി സമയം തള്ളിയിരുന്നെങ്കില്‍ കൂട്ടുകാരെക്കൊണ്ടുപോയി breakfast വാങിക്കൊടുത്തു പിണക്കം തീറ്കാമായിരുന്നല്ലോ ശ്രി :)
;)
അത് മനസ്സിലായി വാളൂരാനേ ഇത്തിരി “ല്കഴിച്ചില്ലെങ്കീ” ഇയാള്‍ക്ക് വിഷമമാണെന്ന്..!
:)
ഉപാസന
ഓ. ടോ: പൊറുക്കിഷ്ടാ. വായില്‍ എന്ത് ചെയ്താ വികടസരസ്വതിയേ വരുന്നുള്ളൂ. എന്നെ എഴുത്തിനിരുത്തിയത് നമ്മടെ ഷാരത്തെ വിജയന്റെ അച്ഛനാ. അപ്പോ അല്‍ഭുതം ഒന്നുമില്ലാല്ലേ..!!!
ആളോട് പറയല്ലെ...
“ഒരു നേരം ഭക്ഷണം കഴിച്ചില്ലാന്നു വച്ച് ആരും ചത്തൊന്നും പോകില്ലല്ലോ”
ശരിയാണ് ശ്രീ പക്ഷേ....
ഇവിടെ ഇതു കൂടി സംഭവിച്ചല്ലോ... അല്ലേ...?
...അറിയാതെ അത് അല്പം ഉറക്കെ ആയിപ്പോയതിനാല്‍ അതിന് മറുപടിയായി ബാക്കിയുള്ളവന്മാരുടെ വായിലിരിക്കുന്ന അന്നത്തെ അവസാനത്തെ ചീത്തയും കൂടെ കേട്ടിട്ടാണ് ഞാനന്ന് ഉറങ്ങിയത്.....
അടുത്ത അനുഭവകഥയ്ക്കായി കാത്തിരിക്കുന്നു.
ശ്രീ... നന്നായിരിക്കുന്നു.
ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍...
ശ്രീ....
കിടിലന്‍ കഥയാണല്ലോ....വളരെ നന്നായിരിക്കുന്നു..പക്ഷേ വരാനുള്ളത് ഇതിലും കേമനാണല്ലോ....അതിനായി കാത്തിരിക്കുന്നു...ഞാന്‍ പണ്ടു പറഞ്ഞ പോലെ നിന്റെ ഓര്‍മ്മകളുടെ കോളേജ് ദിനങ്ങള്‍ ബഹുരസമാണ്....വല്ലതും ഒപ്പിക്കട്ടെ എന്റെ അടുത്ത പോസ്റ്റിലേക്ക് ആ കോളേജ് ദിനങ്ങളിലെ ഒരു നുണകഥ ഉടന്‍ വരുന്നു
നന്‍മകള്‍ നേരുന്നു
ആലപ്പുഴക്കാരാ...
50 ആം കമന്റിനു നന്ദി.
ഭൂമിപുത്രി...
അതെ, കുറച്ചു കൂടി കഴിഞ്ഞിരുന്നേല്‍ ബ്രേക്ക് ഫാസ്റ്റ് എങ്കിലും കഴിക്കാമായിരുന്നു. വായനയ്ക്കും കമന്റിനും നന്ദി.
മയില്‍പ്പീലി...
:)
അമൃതാ...
വായിച്ച് അഭിപ്രായമറിയിച്ചതിനു നന്ദി.
പോങ്ങുമ്മൂടന്‍...
സ്വാഗതം.വായനയ്ക്കും കമന്റിനും നന്ദി.
ദ്രൌപതീ...
നന്ദി.
മന്‍സൂര്‍ ഭായ്...
അവസാനം എത്തിയല്ലേ? നന്ദി കേട്ടോ.
:)
നന്ദി...തെറ്റുകള്‍ ചൂന്റി കാണിച്ഛുതന്നത്തിന്
ചോദ്യ ഭാവത്തില്‍ അവന്റെ മുഖത്തു നോക്കിയപ്പോള്‍ തളര്‍ന്ന ശബ്ദത്തില്‍ ദയനീയമായി അവന്‍ പറഞ്ഞു “നീ ഓടിച്ചാല്‍ മതി. വിശന്നിട്ട് കണ്ണു കാണാന്‍ വയ്യെടേയ്”
അത് കലക്കി...
Ayyoo kashtamm enthayalm ningal nanmayulla kootukar aarnu
Post a Comment