Wednesday, June 20, 2007

എന്നും നിന്നെ ഞാന്‍‌ സ്നേഹിച്ചിരുന്നു...

ഇവിടെ ഈ ഇരുണ്ട തടവറയില്‍‌ വെളിച്ചം നന്നേ കുറവായിരിക്കുന്നു. ഉദയാസ്തമയങ്ങള്‍‌ തിരിച്ചറിയാന്‍‌ പോലും എനിക്കിന്ന് ബുദ്ധിമുട്ടായിരിക്കുന്നു. പുറത്ത് മഴ പെയ്യുന്നുണ്ടായിരിക്കണം. 2 ദിവസമായി പതിവില്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ട്. ഇതപ്പോള്‍- ഒരു മഴക്കാലമായിരിക്കുമോ? ഒരു പക്ഷേ ഒരു ജൂണ്‍‌ മാസ രാത്രി? സൂര്യന്റെ നേര്‍‌ത്ത കിരണങ്ങളും മറഞ്ഞു കഴിഞ്ഞിട്ട് നേരമേറെയാ‍യതിനാല്‍‌ സമയം രാത്രിയായിക്കാണുമെന്നുറപ്പ്. ഇന്ന് തീയതി ഏതാണാവോ? ഇന്നൊരു ഞായറാഴ്ച ആയിരിക്കുമോ? അതോ ശനിയോ? അല്ലെങ്കില്‍‌ തന്നെ ഈ തടവറയില്‍‌ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നിഷ്ഠൂരനായ ഈ കൊലയാളിക്ക് ഏതു ദിവസമായാല്‍‌ ഏതാണ്?

പണ്ട് കുട്ടിക്കാലത്ത് ഏറ്റവും പ്രിയങ്കരങ്ങളായ നാളുകളായിരുന്നല്ലോ ജൂണ്‍‌-ജൂലൈ മാസങ്ങള്‍‌. തിമര്‍‌ത്തു പെയ്യുന്ന മഴയും ആകാശത്ത് അങ്ങിങ്ങായി ഇടയ്ക്കിടെ തെളിയുന്ന മിന്നല്‍‌പ്പിണരുകളും അതെത്തുടര്‍‌ന്ന് മറ്റെങ്ങു നിന്നോ കേള്‍‌ക്കുന്ന ഇടിമുഴക്കവും നേരിയ ഭയാശങ്കകളോടെയെങ്കിലും മതിമറന്ന് ആസ്വദിച്ചിരുന്ന മഴക്കാല രാത്രികള്‍‌ ഇന്ന് എല്ലാം ഒരു സ്വപ്നം പോലെ അവശേഷിക്കുന്നു. പിന്നീട് എത്രയെത്ര മഴക്കാലങ്ങള്‍‌ മഴയെപ്പോലും മത്സരിച്ചു തോല്‍‌പ്പിക്കാനെന്ന വണ്ണം കരഞ്ഞു കരഞ്ഞു തളര്‍‌ന്നുറങ്ങുന്ന അമ്മയുടെ മടിയില്‍‌ കിടന്നുറങ്ങിയിരുന്ന കഷ്ടപ്പാടിന്റെ ദിനങ്ങള്‍‌ പിന്നെ, അമ്മയുടെ മരണശേഷം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിസ്സഹായമായ കൌമാരം പിന്നെ പിന്നെ അന്നത്തെ ആ സാധാരണക്കാരനായ ആ നാട്ടിന്‍‌പുറത്തുകാരനായ ആ കൊച്ചു പയ്യനെ ഇന്നത്തെ ഈ ദുഷിച്ച, എല്ലാവരാലും വെറുക്കപ്പെടുന്ന ഒരു കൊലയാളിയാക്കിത്തീര്‍‌ത്ത ആ നശിച്ച കോളേജ് ദിനങ്ങള്‍‌

ഈശ്വരാ എന്താണിത്? വര്‍‌ഷങ്ങള്‍‌ക്കു ശേഷം എന്റെ കണ്ണുകള്‍‌ ഈറനണിയുന്നിവോ? അപ്പോള്‍‌ അപ്പോള്‍‌ എന്നില്‍‌ ഇനിയും മാനുഷിക വികാരങ്ങള്‍‌ ബാക്കി നില്‍‌ക്കുന്നുവെന്നോ? എന്തിന്? എന്തിന് ഈ വൈകിയ വേളയിലുള്ള തിരിച്ചറിവ്? ഇപ്പോള്‍‌ എനിക്കൊന്നു പൊട്ടിക്കരയണമെന്നു തോന്നുന്നു വല്ലാത്തൊരു വീര്‍‌പ്പുമുട്ടല്‍‌ ഞാന്‍‌ ഞാനൊന്നു കരഞ്ഞോട്ടെ മറ്റാരുമറിയാതെ

പാര്‍‌വ്വതീ, നീയറിയുന്നുവോ ഞാനിവിടെ ഉള്ളുരുകി കരയുന്നത്? നിനക്കറിയാമോ ഞാനിവിടെ നീറി നീറി ഇല്ലാതാകുകയാണെന്ന്? ഒരു പക്ഷേ, അതറിഞ്ഞാല്‍‌ നിനക്കായിരിക്കുമല്ലോ ഏറ്റവുമധികം സന്തോഷം തോന്നേണ്ടത്? നിന്നോടു ഞാന്‍‌ ചെയ്തതിനെല്ലാം ഈശ്വരന്‍‌ എനിക്കു വിധിച്ച ഈ ശിക്ഷ കണ്ടാല്‍‌ ഏറ്റവും അധികം ആശ്വാസം തോന്നുന്നത് നിനക്കായിരിക്കില്ലേ? എങ്കില്‍‌ നീയറിഞ്ഞോളൂ പാര്‍‌വ്വതീ ഈ നരകം എനിക്കിന്ന് അസഹനീയമായിരിക്കുന്നു. ഈ ഏകാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുനോവിക്കുന്നു. ഉറക്കം എന്നെ വിട്ടകന്നിട്ട് ഏറെ നാളായിരിക്കുന്നു. പ്ണ്ട് എന്നും നീ കുറ്റപ്പെടുത്തുമായിരുന്ന എന്റെ മനസ്സിന്റെ കാഠിന്യം എനിക്കിന്നു നഷ്ടമായിരിക്കുന്നു. ദുര്‍‌ബലമായിക്കൊണ്ടിരിക്കുന്ന എന്റെ ഹൃദയം ഇന്നെന്നെ ഭയപ്പെടുത്തുന്നു. വല്ലപ്പോഴും മാത്രം കടന്നു വരുന്ന ഹ്രസ്വമായ നിദ്രാവേളകളില്‍‌ ഞാന്‍‌ മരണത്തെ സ്വപ്നം കാണുന്നു നിശ്ശബ്ദമായ രാത്രിയുടെ യാമങ്ങളില്‍‌ ഈ ലോകം മുഴുവന്‍‌ മതിമറന്നുറങ്ങുമ്പോള്‍‌ ഞാന്‍‌ മരണത്തിന്റെ കാലൊച്ചകള്‍‌ കേട്ടു തുടങ്ങിയിരിക്കുന്നു. എല്ലാം കൊണ്ടും എനിക്ക് എന്നെ നഷ്ട്പ്പെട്ടിരിക്കുന്നു.

ഇനി നിനക്കു ചിരിക്കാം മനസ്സു തുറന്ന് എല്ലാം മറന്ന് പക്ഷേ പക്ഷേ, എനിക്കറിയാം പാര്‍‌വ്വതീ നിനക്കതിനു പോലും കഴിയില്ലെന്ന് ആരെയും വെറുക്കാന്‍‌ നിനക്കൊരിക്കലും കഴിഞ്ഞിട്ടില്ലല്ലോ എല്ലാവരേയും സ്നേഹിക്കാനല്ലേ നീയെന്നും പഠിച്ചിട്ടുള്ളു. അല്ലെങ്കില്‍‌ അല്ലെങ്കിലെന്തിനായിരുന്നൂ നീയെന്നെ ഇത്ര മാത്രം സ്നേഹിച്ചത്? എന്തിനായിരുന്നൂ എല്ലാവരും കയ്യൊഴിഞ്ഞിട്ടും നീ മാത്രം എനിക്കു വേണ്ടി കാത്തിരുന്നത്? എനിക്കു വേണ്ടി പ്രാര്‍‌ത്ഥിച്ചത്? നമ്മള്‍‌ പണ്ടു മുതലേ ഒരുമിച്ചു കളിച്ചു വള്ര്‌ന്നതു കൊണ്ടോ? പത്തു പതിനഞ്ചു വര്‍‌ഷം ഒരുമിച്ചു പഠിച്ച്തു കൊണ്ടോ? അതോ നിനക്കു സ്നേഹിക്കാന്‍‌ മറ്റാരും ഇല്ലാതിരുന്നതു കൊണ്ടോ? ഇതൊന്നുമായിരുന്നില്ലല്ലോ? നിന്റേത് നല്ല മനസ്സായിരുന്നൂ പാര്‍‌വ്വതീ മറ്റാരേക്കാളും എന്നെ മനസ്സിലാക്കാന്‍‌ ശ്രമിച്ചതും നീ മാത്രമായിരുന്നു. ഒരു പക്ഷേ, എന്നെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍‌ കഴിഞ്ഞതും നിനക്കു മാത്രമായിരുന്നിരിക്കണം. അല്ലെങ്കില്‍‌ എല്ലാവരും വെറുത്ത ഈ നീചനെ ഇവിടെ വന്നു കാണണമെന്നു നിനക്കു തോന്നിയതെന്തിനാണ്? കഴിഞ്ഞ നാലു വര്‍‌ഷത്തിനിടയ്ക്ക് അതോ അഞ്ചോ എന്നെ സന്ദര്‍‌ശിക്കാന്‍‌ ഇവിടെയെത്തിയ ഒരേയൊരു വ്യക്തിയും നീ മാത്രമായിരുന്നല്ലോ പക്ഷേ, നിന്നെയൊന്നു കാണാന്‍‌ പോലും അന്നു ഞാന്‍‌ കൂട്ടാക്കിയില്ലല്ലോ. അന്നൊരുപാടു നേരം എന്നെ കാണാന്‍‌ കാത്തു നിന്നിട്ട് കരഞ്ഞു കൊണ്ടാണ് നീയിവിടം വിട്ടു പോയതെന്ന് പിന്നീട് ഞാനറിഞ്ഞു. അന്നെനിക്ക് അതിലത്ര വിഷമവും തോന്നിയിരുന്നില്ല. എന്നും നിന്നെ ഞാന്‍‌ വേദനിപ്പിച്ചിട്ടല്ലേ ഉള്ളൂ. സ്നേഹിക്കുന്നവര്‍‌ക്കെല്ലാം ദു:ഖം മാത്രം നല്‍‌കാനല്ലേ എനിക്കെന്നും കഴിഞ്ഞിട്ടുള്ളൂഎന്നെ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായിട്ടുള്ളതോ, എന്നെ വച്ചു മുതലെടുത്തവര്‍‌ക്കു മാത്രം മുജ്ജന്‍‌മങ്ങളിലെ എന്തു പാപം കൊണ്ടാണോ ഞാനിങ്ങനെ നശിച്ചു പോയത്?

എല്ലാവര്‍‌ക്കും ഞാനെന്നും ഒരു കൊള്ളരുതാത്തവനായിരുന്നല്ലോ എന്നും. അല്ലായിരുന്നെങ്കില്‍‌ എന്റെ ജനനത്തിനും മുന്‍‌പേ അമ്മയെ ഉപേക്ഷിച്ചു പോകാന്‍‌ എന്റെ അച്ഛനു തോന്നിയതെന്തായിരിക്കും? എനിക്കു വേണ്ടി എന്നും കണ്ണീരൊഴുക്കാന്‍‌ മാത്രം വിധിക്കപ്പെട്ട എന്റെ അമ്മയുടെ മരണശേഷം ബന്ധുവീട്ടുകാര്‍‌ എന്നെ വീട്ടില്‍‌ നിന്നും അടിച്ചിറക്കിയതെന്തിനായിരുന്നു?

ഡിസ്റ്റിങ്ങ്ഷനോടെ പത്താം ക്ലാസ്സ് പാസ്സായി കോളേജില്‍‌ ചേര്‍‌ന്ന എന്റെ നാശം അവിടെ തുടങ്ങുകയായിരുന്നല്ലോ പിന്നീടെന്തിനായിരുന്നു പല രാഷ്ട്രീയ പാര്‍‌ട്ടികളുടെയും വിളി കേട്ട് ആ നശിച്ച കോളേജ് രാഷ്ട്രീയത്തിലിറങ്ങാന്‍‌ എനിക്കു തോന്നിയത്? തുടര്‍‌ന്ന് പഠനത്തില്‍‌ ഉഴപ്പി, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് എല്ലാം മറന്ന് വിഹരിച്ച ആ നാളുകള്‍‌ യഥാര്‍‌ത്ഥത്തില്‍‌ എനിക്കു നല്‍‌കിയതെന്തായിരുന്നു?

എല്ലാവരാലും ഒറ്റപ്പെട്ട ഞാന്‍‌ സ്വയം രക്ഷപ്പെടാന്‍‌ അല്ലെങ്കില്‍‌ എല്ലാവരോടുമുള്ള എന്റെ പക തീര്‍‌ക്കാന്‍‌ കണ്ടു പിടിച്ച ഒരു വഴിയായിരുന്നില്ലേ ഒരര്‍‌ത്ഥത്തില്‍‌ ആ സ്വയം നശീകരണം? ഞാന്‍‌ നശിക്കുകയാണെന്നറിഞ്ഞു കൊണ്ടു തന്നെ എനിക്കു മദ്യവും മയക്കുമരുന്നും ഇഷ്ടം പോലെ പണവും തന്നു കൊണ്ടിരുന്ന ആ പാര്‍‌ട്ടിക്കാര്‍‌ക്കു വേണ്ടി ഞാന്‍‌ കോളേജില്‍‌ അടിയുണ്ടാക്കി സമരം ചെയ്തു കോളേജിലെ പ്രധാന റൌഡികളില്‍‌ ഒരുവനായി കോളേജിലെ ഏതൊരു വിദ്യാര്‍‌ത്ഥിയും, എന്തിന് അദ്ധ്യാപകര്‍‌ വരെ ഭയപ്പെട്ടിരുന്ന ഒരു യഥാര്‍‌ത്ഥ റൌഡി എല്ലായ്പ്പോഴും എല്ലാ കേസുകളില്‍‌ നിന്നും അവരെന്നെ ര‍ക്ഷിക്കുന്നത്, പിന്താങ്ങുന്നത് അവര്‍‌ക്കു വേണ്ടിയാണെന്ന തിരിച്ചറിവോടെ തന്നെ ഞാന്‍‌ വീണ്ടും വീണ്ടും നാശത്തിലേക്കു പോയ്ക്കൊണ്ടിരുന്നുഎന്റെ ജീവിതം നശിപ്പിച്ചവരോടുള്ള പ്രതികാരമായി ഞാന്‍‌ തിരഞ്ഞെടുത്ത വഴി എന്നെ തന്നെ നശിപ്പിക്കുക എന്നതായിരുന്നല്ലോ. അതിനു ഞാന്‍‌ നല്‍‌കേണ്ടി വന്ന വില

എന്നാല്‍‌, നീ പാര്‍‌വ്വതീ, നീ യഥാര്‍‌ത്ഥത്തില്‍‌ എന്നെ തോല്‍‌പ്പിക്കുകയായിരുന്നുകോളേജ് മുഴുവന്‍‌ എന്നെ ഭയക്കുമ്പോള്‍‌ നിന്റെ കണ്ണില്‍‌ മാത്രം ഞാനൊരിക്കലും ഭയം നിഴലിച്ചു കണ്ടിട്ടില്ല. എന്നെ ആ അവസ്ഥയില്‍‌ കാണുമ്പോള്‍‌ നിറഞ്ഞു തുളുമ്പിയിരുന്ന ആ കണ്ണുകളില്‍‌ എപ്പോഴും നിസ്സംഗതയായിരുന്നു. എന്നും എന്നെയോര്‍‌ത്ത് നീ വിഷമിക്കുന്നത് ഞാന്‍‌ കണ്ടില്ലെന്നു നടിച്ചു. നിന്റെ കണ്ണുകള്‍‌ മൌനമായി എന്നോട് അപേക്ഷിക്കുന്നത് എനിക്കു തിരിച്ചറിയാമായിരുന്നു, എന്നിട്ടും എന്നിട്ടും ഞാനത് പാടെ അവഗണിച്ചു. നീയുമായി സംസാരിക്കേണ്ടി വരുന്ന സന്ദര്‍‌ഭങ്ങള്‍‌ ഞാന്‍‌ ബോധപൂര്‍‌വ്വം ഒഴിവാക്കി. നിനക്കെന്നോട് ഒരുപാട് സംസാരിക്കാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍‌ നിന്റെയൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും എന്നെ ദുര്‍‌ബലനാക്കുമെന്ന് ഞാന്‍‌ ഭയന്നു. ഭീരുവായ ഞാന്‍‌ ഒരിക്കലും നിന്നെ മനസ്സിലാക്കുന്ന്തായി ഭാവിച്ചില്ല. എന്റെ തെറ്റ് എന്റെ തെറ്റ് എനിക്കറിയാം എങ്കിലും എങ്കിലും പാര്‍‌വ്വതീ, നീ ഒരിക്കലെങ്കിലും ഉപേക്ഷിച്ചു പോയ എന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് മരിച്ചു പോയ എന്റെ അമ്മയുടെ സ്ഥാനത്ത് എനിക്കില്ലാതെ പോയ ഒരു സഹോദരന്റെ അല്ലെങ്കില്‍‌ സഹോദരിയുടെ സ്ഥാനത്ത് അതുമല്ലെങ്കില്‍‌ എന്നും നീയാഗ്രഹിച്ചിരുന്ന ആ കാമുകിയുടെ സ്ഥാനത്തു നിന്നുകൊണ്ട് എന്നെയൊന്നു വഴക്കു പറഞ്ഞിരുന്നെങ്കില്‍‌ മുഖമടച്ച് ഒരിക്കലെങ്കിലും ഒരടി തന്നിരുന്നെങ്കില്‍‌ ഒരു തവണയെങ്കിലും പിടിച്ചിരുത്തി എന്നെയൊന്ന് ഉപദേശിച്ചിരുന്നെങ്കില്‍‌ എങ്കില്‍‌ എങ്കിലൊരു പക്ഷേ, ഞാന്‍‌ നന്നായിപ്പോയേനെ. പക്ഷേ, നീയൊരിക്കലും അധികാരത്തോടെ അങ്ങനെ ചെയ്യുമായിരുന്നില്ല. പണ്ടു മുതല്‍‌ക്കേ, ഞാ‍ന്‍‌ പറയുന്നത് കേള്‍‌ക്കാനായിരുന്നില്ലേ നിനക്കിഷ്ടം? എന്നെ അനുസരിക്കാനല്ലേ നീ പഠിച്ചിട്ടുള്ളൂ അവിടെ അവിടെ ഞാന്‍‌ തോറ്റു പോയി പാര്‍‌വ്വതീ

അവസാനം ആ ദിവസം വന്നെത്തി. മദ്യത്തില്‍‌ മുങ്ങിക്കുളിച്ചു കിടന്ന ആ നശിച്ച ദിവസം അന്ന് കോളേജില്‍‌ വഴക്കുണ്ടായതിന്റെ ബാക്കിയായി, അന്നു രാത്രി നഗരത്തിലെ ആളൊഴിഞ്ഞ ഒരു മൂലയില്‍‌ വച്ച് എതിര്‍‌ പാര്‍‌ട്ടിക്കാരുടെ നേതാവിനെ തല്ലാന്‍‌ എന്റെ പാര്‍‌ട്ടി നേതാവ് എന്നെ കൂട്ടിനു വിളിച്ചത്. വാക്കു തര്‍‌ക്കത്തില്‍‌ തുടങ്ങി, കയ്യാങ്കളിയായി. അവസാനം അയാളെ പച്ച ജീവനോടെ തലയ്ക്കടിച്ചു കൊന്ന എന്റെ നേതാവ് അയാളുടെ കയ്യിലെ രക്തം പുരണ്ട ആ ഇരുമ്പു വടി എന്റെ കയ്യില്‍‌ ബലമായി പിടിച്ചേല്‍‌പ്പിച്ച് ഓടി മറയുന്നതു വരെ ആരും സംഭവം കണ്ടിരുന്നില്ലല്ലോ. അയാള്‍‌ ഇരുട്ടിലെവിടെയോ ഓടി മറയുമ്പോള്‍‌ പ്രാണവേദനയോടെയുള്ള അലര്‍‌ച്ചയും പരന്നൊഴുകുന്ന കൊഴുത്ത ചോരയും കണ്ട് പകച്ചു പോയ ഞാന്‍‌ എന്തു ചെയ്യണമെന്നറിയാതെ നില്‍‌ക്കുകയായിരുന്നു. അപ്പോഴേക്കും ഓടിക്കൂടിയ നാടുകാര്‍‌ എന്നെ പൊതിഞ്ഞപ്പോള്‍‌ വിവരമറിഞ്ഞെത്തിയ പോലീസ് എന്നെ വിലങ്ങണിയിക്കുമ്പോള്‍‌ അനിവാര്യമായതെന്തോ വൈകിയാണെങ്കിലും വന്നുചേര്‍‌ന്നുവെന്ന ഭാവത്തിലായിരുന്നൂ ഞാന്‍‌

പിന്നീട് കോടതിയില്‍‌ വച്ച് സ്വന്തം രാഷ്ട്രീയ പാര്‍‌ട്ടിക്കു വേണ്ടി എതിര്‍‌ പാര്‍‌ട്ടി നേതാവിനെ നിര്‍‌ദ്ദയം തച്ചു കൊന്നതിന് മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അടിമയായ ദേവനാരായണന്‍‌ എന്ന പ്രതിയെ ഈ എന്നെ ജീവ പര്യന്തം തടവിനു വിധിക്കുമ്പോള്‍‌ എനിക്കു വേണ്ടി വാദിക്കാന്‍‌ പോലും ആരുമുണ്ടായിരുന്നില്ലല്ലോ. കോടതിയില്‍‌ വച്ച് മറിച്ചൊരു വാക്കു പോലും പറയാതെ കുറ്റം ഏറ്റെടുത്ത് എന്നെ വിലങ്ങണിയിച്ച് പോലീസ് ജീപ്പില്‍‌ കയറ്റുമ്പോള്‍‌ കണ്ടൂ നിന്നു കണ്ണീര്‍‌ വാര്‍‌ക്കാനും പാര്‍‌വ്വതീ, നീ മാത്രമേ ഉണ്ടായിരുന്നുള്ളുവല്ലോ യഥാര്‍‌ത്ഥത്തില്‍‌ ഞാനൊരു കൊലയാളിയല്ലെന്ന് നീയറിഞ്ഞിരുന്നുവോ? എനിക്കറിയില്ല

ഇപ്പോള്‍‌ നീയെവിടെയാണ്? എവിടെയാണെങ്കിലും നീ സുഖമായിരിക്കട്ടെ. ഈ പാപിയുടെ നിശ്ശബ്ദമായ പ്രാര്‍‌ത്ഥന എന്നും നിന്നോടൊപ്പമുണ്ടായിരിക്കും പാര്‍‌വ്വതീ, ഇവിടെ ഈ തടവറയില്‍‌ തണുപ്പ് അസഹ്യമാകുകയാണ്. ഇത് മഴയുടെ തണുപ്പ് തന്നെയോ? അതോ മരണത്തിന്റെ തണുപ്പോ? മരണത്തിന് തണുപ്പാണെന്ന് കുട്ടിക്കാലത്തെന്നോ പറഞ്ഞു തന്നത് നീ തന്നെയോ? ഇവിടെ എന്റെ അവസാനം അടുത്തെന്ന് എനിക്കു തോന്നുന്നു. എന്റെ കണ്ണുകള്‍‌ അടഞ്ഞു പോകും പോലെ പക്ഷേ, സത്യമായും ഞാന്‍‌ ഉറങ്ങാന്‍‌ പോവുകയല്ല. എനിക്ക് ഉറക്കം വരുന്നുമില്ല പക്ഷേ എന്റെ ദേഹം തളരുകയാണ് മരണത്തിന്റെ കാലൊച്ചകള്‍‌ എനിക്കിപ്പോള്‍‌ വ്യക്തമായി കേള്‍‌ക്കാം. അതിനു മുന്‍പ് എനിക്കു നിന്നെയൊന്നു കാണാന്‍‌ കഴിയുമോ? ഒരു നോക്കു മാത്രം.

വേണ്ടാ എനിക്കിപ്പോള്‍‌ നിന്നെ കാണാം എന്റെ അടഞ്ഞ കണ്ണുകള്‍‌ക്കു മുന്‍പിലും നിന്റെ രൂപം എനിക്കു വ്യക്തമായി കാണാം നിന്റെയാ നിഷ്കളങ്കമായ ചിരിയും. പാര്‍‌വ്വതീ എന്റെ നിറഞ്ഞ കണ്ണുകള്‍‌ സാക്ഷിയാക്കി, വിങ്ങുന്ന ഹൃദയം സാക്ഷിയാക്കി, ഇനി ഞാനൊരു സത്യം പറഞ്ഞോട്ടെ ഇതു വരെ ഞാന്‍‌ പറയാതിരുന്ന ഒരു സത്യം

“പാര്‍‌വ്വതീ്എന്നും എന്നും നിന്നെ ഞാന്‍‌ സ്നേഹിച്ചിരുന്നൂ

6 comments:

 1. monijally said...

  നന്നായിട്ടുണ്ട്..... ഇനിയും രചനകള്‍ പ്രതീക്ഷിക്കുന്ന്...

 2. G.manu said...

  kollam........continne

 3. ശ്രീ said...

  monijally...
  കമന്റിനു നന്ദി....
  മനുവേട്ടാ...
  നന്ദി...
  :)

 4. ദ്രൗപതി said...

  നന്നായിട്ടുണ്ട്‌ ശ്രീ..
  അഭിനന്ദനങ്ങള്‍

 5. ശ്രീ said...

  ദ്രൌപതീ വര്‍‌മ്മ...
  താങ്കളുടെ കമന്റ് ഞാനൊരു അംഗീകാരമായി കാണുന്നു... (കാരണം,എനിക്കു തന്നെ വളരെ സംതൃപ്തി തന്ന ഒരു കഥയായിരുന്നു ഇത്.പക്ഷെ, നന്നായെന്നോ ഇല്ലെന്നോ കാര്യമായ പ്രതികരണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ആര്‍‌ക്കും ഇഷ്ടപ്പെട്ടു കാണില്ലെന്നു കരുതി)
  നന്ദി... :)

 6. Jyothi Sanjeev : said...

  ഈ കഥ അങ്ങനെ വെറുതെ എഴുതി കൂട്ടാന്‍ പറ്റിയ ഒന്നല്ല. വളരെ ആഴമുണ്ട് ഈ കഥക്ക്. വളരെ നന്നായിരിക്കുന്നു ശ്രീ.