Friday, June 29, 2007

ഒരു ട്രെയിന്‍‌ യാത്ര

ഒരു ദിവസം ഉച്ചയ്ക്കു ശേഷമാണ് എനിക്കു മത്തന്റെ ഫോണ്‍‌ വരുന്നത്-ഞാന്‍ ‌അപ്പോള്‍‌ തന്നെ കൊല്ലത്ത് അവന്റെ ഓഫീസിലെത്തി, ചേട്ടനു പോകാനുള്ള വിസ കളക്റ്റു ചെയ്യണമെന്ന്‘. ചേട്ടന് പിറ്റേ ദിവസം തന്നെ പോകാനുള്ളതു കൊണ്ട്, ഞാന്‍‌ അപ്പോള്‍‌ തന്നെ ഓഫീസില്‍‌ വിളിച്ച് ഹാഫ് ഡേ ലീവ് എടുത്തു. അന്ന് ചിലപ്പോള്‍‌ പോകേണ്ടി വരുമെന്ന് അറിയാമായിരുന്നതിനാല്‍‌ ഞാന്‍‌ ഇക്കാര്യം മുന്‍‌പേ ഓഫീസില്‍‌ സൂചിപ്പിച്ചിരുന്നു. അതിനാല്‍‌ അനുവാദം കിട്ടാന്‍‌ ബുദ്ധിമുട്ടുണ്ടായില്ല. അന്ന് ഞാന്‍‌ വടക്കാഞ്ചേരി ഓഫീസിലായിരുന്നു.

അപ്പോള്‍‌ തന്നെ ഓഫീസില്‍‌ നിന്ന് ഇറങ്ങിയതിനാല്‍‌ പരശുറാം എക്സ്പ്രസ്സ് കിട്ടി. നേരെ കൊല്ലം ടിക്കറ്റെടുത്ത് കയറിയിരുപ്പായി. അവിടെ നിന്നും തിരക്കൊന്നുമുണ്ടായിരുന്നില്ലെങ്കിലും എറണാകുളം എത്തിയപ്പോഴേയ്ക്കും സാമാന്യം തിരക്കായി. സീറ്റുകളും നിറഞ്ഞു. ഞാനെന്റെ സീറ്റില്‍‌ സുഖമായി ഇരുന്നും ഉറങ്ങിയും യാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഉറക്കത്തില്‍‌ നിന്നുമുണര്‍‌ന്ന് നോക്കുമ്പോള്‍‌ എന്റെ അടുത്ത് നില്‍‌ക്കുന്ന ആള്‍‌ ആകെ വല്ലാതെ നില്‍‌ക്കുന്നു. അയാളുടെ മുഖത്തും നല്ല ക്ഷീണം. വിയര്‍‌ക്കുന്നുമുണ്ട്ഞാ‍നയാളെ സൂക്ഷിച്ചു നോക്കി. അയാള്‍‌ ഇടയ്ക്ക് ഇരിക്കുന്നവരെ നോക്കുന്നുണ്ട്. ആരും ഇറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. അയാള്‍‌ക്കെന്തോ അസ്വസ്ഥത തോന്നുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. എന്താ, എന്തെങ്കിലും അസുഖമുണ്ടോ?” ഞാനയാളെ തോണ്ടിക്കൊണ്ടു ചോദിച്ചു.


ങാ, വല്ലാത്ത തലവേദന, കുറച്ചു നേരം ഇരിക്കാന്‍‌ പറ്റിയിരുന്നെങ്കില്‍…”

ആ മറുപടി ഏതാണ്ടു പ്രതീക്ഷിച്ചിരുന്ന ഞാന്‍‌ എഴുന്നേറ്റു കൊണ്ട് അയാളോട് ഇരുന്നു കൊള്ളാന്‍‌‌ പറഞ്ഞു.

വല്ലാത്തൊരാശ്വാസത്തോടെ അയാള്‍‌ അവിടെ ഇരുന്നു… “ഒരഞ്ചു മിനിട്ടു മതി, കേട്ടോ. അതു കഴിഞ്ഞ് ഞാന്‍‌ മാറിത്തരാംഅയാള്‍‌ നന്ദിയോടെ പറഞ്ഞു

, അതു മതിഞാനും സമ്മതിച്ചു.

നമുക്കും ഇത്തരമൊരു അവസ്ഥ വന്നുകൂടായ്കയില്ലല്ലോ. ഇങ്ങനെയൊക്കെയല്ലേ ഒരാളെ സഹായിക്കാന്‍‌ പറ്റൂ.
കുറച്ചു നേരം കഴിഞ്ഞു…. നിന്നു നിന്ന് എനിക്കും കാലു വേദനിച്ചു തുടങ്ങി, പോരാത്തതിന് നല്ല തിരക്കും. ഞാനയാളെ നോക്കി. സീറ്റിലിരുന്ന് നല്ല ഉറക്കമാണ് കക്ഷി. ഉറങ്ങിക്കോട്ടെ. ചിലപ്പോള്‍‌ ഒന്ന് ഉറങ്ങിയെണീറ്റാല്‍‌ സുഖക്കേടും മാറിയാലോ?

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍‌ തിരക്കു കുറഞ്ഞു. എനിക്ക് അയാളുടെ നേരെ എതിര്‍‌വശത്തായി ഒരു സീറ്റും കിട്ടി. ഞാനവിടെയിരുന്നു. അയാളെ നോക്കിയപ്പോള്‍‌ അപ്പോഴും ഉറക്കത്തിലാണ്. പിന്നെയും ഒന്നു രണ്ടു സ്റ്റോപ്പു കൂടി കഴിഞ്ഞപ്പോള്‍‌ അയാള്‍‌ ഉണര്‍‌ന്നു. നേരെ ഇരിക്കുന്ന എന്നെ അയാള്‍‌ ശ്രദ്ധിക്കുന്നേയില്ല. മുന്‍‌പു അങ്ങനൊരു സംഭവം നടന്നതായിപ്പോലും ഓര്‍‌ക്കാത്തതു പോലെ. അത്ഭുതപ്പെട്ടെങ്കിലും ഞാന്‍‌ മിണ്ടാതെയിരുന്നു. തലവേദനയെല്ലാം മാറിക്കാണണം, അയാള്‍‌ നല്ല ഉന്മേഷത്തിലാണ്. അപ്പോ‌ള്‍‌ പത്രവുമായി കയറി വന്ന പയ്യനില്‍‌ നിന്നും സായാഹ്ന പത്രം ഒരെണ്ണം വാങ്ങി വായനയും തുടങ്ങി. എന്നെ ശ്രദ്ധിച്ചേയില്ല. പിന്നെ, ഞാനക്കാര്യം വിട്ടു. ട്രെയിന്‍‌ പിന്നേയും നീങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍‌ ആ സീറ്റിലിരുന്ന് ഞാന്‍‌ ഉറക്കമായി….കുറേ നേരം ഉറങ്ങിക്കാണുംപിന്നെ, ഉണരുമ്പോള്‍‌ സമയം സന്ധ്യയായിത്തുടങ്ങി. ട്രെയിന്‍‌ കൊല്ലത്തെത്താറുമായി. ഞാന്‍‌ അയാളെ ശ്രദ്ധിച്ചു. അയാളും അവിടെയിരുന്ന് നല്ല ഉറക്കമാണ്. അയാളുടെ പത്രം കയ്യില്‍‌ കാണുന്നില്ല.

കുറച്ചു നേരം കൂടി കഴിഞ്ഞു. ട്രെയിന്‍‌ കൊല്ലം സ്റ്റേഷനിലെത്തി. ഞാന്‍‌ പതുക്കെ എഴുന്നേറ്റു. അപ്പോഴേയ്ക്കും അനൌണ്‍‌സ്മെന്റിന്റെ ശബ്ദവും മറ്റും കേട്ടിട്ടാകണം, ഉറങ്ങുന്നവരെല്ലാം തല പൊക്കിത്തുടങ്ങി.
ഞാന്‍‌ പതുക്കെ എഴുന്നേറ്റു നടക്കാന്‍‌ തുടങ്ങിയതും അയാള്‍‌ പുറകില്‍‌ നിന്നും എന്നെ തട്ടി വിളിച്ചു. ഞാന്‍‌ തിരിഞ്ഞു നോക്കുമ്പോള്‍‌ അയാള്‍‌ മുഴുവന്‍‌ ഉറക്കത്തില്‍‌ നിന്നും വിടാതെ തന്നെ എന്റെ നേരെ കൈ നീട്ടി എന്തോ ചോദിക്കുന്നുണ്ട്. ഞാനതു കേട്ടില്ല. ഞാന്‍‌ തിരിഞ്ഞ് വീണ്ടും അയാളുടെ അടുത്തെത്തി എന്താണെന്ന് ചോദിച്ചു.

അയാള്‍‌ പറഞ്ഞു. ഇല്ലെങ്കില്‍‌ 2 രൂപ ഇങ്ങു തന്നിട്ടു പോയ്ക്കോഅതു ഞാന്‍‌ കേട്ടു. എനിക്കൊന്നും മനസ്സിലായില്ല. എന്താ കാര്യം ?” ഞാനയാളോട് വീണ്ടൂം ചോദിച്ചു. അപ്പോഴേയ്ക്കും അയാളുടെ മുഖഭാവം കുറച്ചു കൂടി കടുപ്പമായി. അയാള്‍‌ എന്തോ കടുപ്പിച്ചു പറയാന്‍‌ തുടങ്ങും മുന്‍പേ തൊട്ടടുത്തിരുന്നയാള്‍‌ അയാളോടു പറയുന്നതു കേട്ടു അത് ഇയാളല്ല വാങ്ങിയത്, മറ്റെയാള്‍‌ കുറച്ചു മുന്‍പ് എഴുന്നേറ്റു പോയില്ലേഎന്ന്.

അപ്പോഴും സംഭവം വ്യക്തമാകാതെ ഞാന്‍‌ എന്താണെന്ന് അറിയാന്‍‌ അയാളുടെ മുഖത്തേയ്ക്ക് നോക്കി. അയാള്‍‌ ഒരു തരം അവജ്ഞയോടെ , ഒന്നുമില്ല, എന്നാ പോപോഎന്നു പറഞ്ഞു കൊണ്ട് കൈ കൊണ്ട് പൊയ്ക്കൊളാന്‍‌ ആക്ഷന്‍‌ കാണിച്ചു.

സംഭവം മനസ്സിലായില്ലെങ്കിലും ഞാന്‍‌ ഇറങ്ങേണ്ട സമയമായതു കൊണ്ട് ഒന്നും പറയാതെ ഇറങ്ങിപ്പോന്നു. എന്താണ് അയാള്‍‌ അങ്ങനെ പെരുമാറിയത് എന്നെനിക്ക് മനസ്സിലായില്ല. അയാളുടെ കയ്യിലിരുന്ന പത്രം ആരെങ്കിലും വായിക്കാന്‍‌ വാങ്ങിയിരിക്കുമെന്നും ഞാനാണ് വാങ്ങിയതെന്ന് അയാള്‍‌ കരുതിയിരിക്കുമെന്നും എനിക്കു പിന്നീടു തോന്നി. മറ്റെയാള്‍‌ ഏതോ സ്റ്റോപ്പില്‍‌ ഇറങ്ങിപ്പോയിരിക്കണം. എങ്കിലും, ചെറിയതെങ്കിലും ഒരു സഹായം ചെയ്തിട്ടും അങ്ങനെ ഒരാളോട് അയാള്‍‌ ഇതു പോലെ പെരുമാറിയതെന്തായിരിക്കും? ഒരു പക്ഷേ, ആളെ ഓര്‍‌ക്കുന്നില്ലായിരിക്കുമോ? അതോ സ്വന്തം ആവശ്യം സാധിച്ചു കഴിഞ്ഞ കാരണമായിരിക്കുമോ? അറിയില്ല.

12 comments:

  1. ശ്രീ said...

    ഇത് എനിക്കു ഒരു ട്രെയിന്‍‌ യാത്രയ്ക്കിടെ ഉണ്ടായ ചെറിയൊരു അനുഭവം. ഇതു പോലുള്ള ആളുകളും സമൂഹത്തിലുള്ളതു കൊണ്ടാകുമോ, ആരും മറ്റൊരാളെ സഹായിക്കാന്‍‌ പോലും തുനിയാത്തത്?

  2. Typist | എഴുത്തുകാരി said...

    ചിലരങ്ങിനെയാണ്. എനിക്കുമുണ്ടായിട്ടുണ്ട്‌ അത്തരം അനുഭവങ്ങള്‍. എങ്ങിനെ ഇവര്‍ക്കു് ഇതുപോലെ ആവാന്‍ കഴിയുന്നു, എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌.

    ഒരുപാട്‌ നല്ലവരുമുണ്ട്‌. അതുകൊണ്ടാല്ലോ ശ്രീക്കു് എഴുന്നേറ്റ് സീറ്റ് കൊടുക്കാന്‍ തോന്നിയതു്.

    എഴുത്തുകാരി.

  3. Unknown said...

    നിനക്ക് ഇതിനു മുപും ഇതു പോലുള്ള അനുഭവം ഉള്ളതല്ലേ. ഇനിയും നീ പഠിച്ചില്ല. അല്ലേ ?

  4. മൂര്‍ത്തി said...

    :) അനുഭവം ഗുരു..

  5. തറവാടി said...

    എഴുതിയതില്‍ കുറെ കാര്യങ്ങള്‍ വായനക്കാരനാവശ്യമില്ലാത്തവ , അമിത വിവരണം വായനയെമടുപ്പിക്കുമെന്ന് പറയേണ്ടല്ലോ.

  6. അപ്പു ആദ്യാക്ഷരി said...

    ശ്രീയേ..എന്താ പറയുക. എപ്പോഴും അമ്പലപ്പറമ്പില്‍ ചോറ്‌ വാങ്ങിക്കഴിച്ചയാളെപ്പോലെയാവില്ലല്ലോ എല്ലാവരും

  7. Visala Manaskan said...

    എഴുത്ത് ഇഷ്ടപ്പെട്ടു.

    പിന്നെ, ഇത്തരം സമാനമായ അനുഭവങ്ങള്‍ നൂറു കണക്കിനുണ്ടാവും എല്ലാവര്‍ക്കും! അറിയാതെ ചിലപ്പോള്‍ നമ്മളും ചെയ്ത് പോകുന്നുണ്ടാവും.

    പക്ഷെ, ഇത് മറക്കാനാവാത്ത ഒരൈറ്റം ആയി വക്കാനൊന്നുമില്ല..

    ‘എന്റെ ചേട്ടോ.. ചേട്ടന് 10 മിനിറ്റ് ഇരിക്കാനെന്നു പറഞ്ഞ് സീറ്റ് തന്നിട്ട്, ചേട്ടന്‍ സെക്കന്റ് ഷോക്ക് പോയി കിടന്നുറങ്ങും പോലെ ഉറങ്ങി. പോട്ടേ, എനിക്ക് വേറെ സീറ്റ് കിട്ടി. സാരല്യ. എന്നിട്ട് ഏതോ ഒരു ഡേഷിന്റെ മോന്‍ ഡേഷ് ഡേഷിന് (കനം എത്ര വേണേലും കൂട്ടാം.. പറയുന്നത് അവനെയാണെന്ന ഭാവത്തില്‍ ഇദ്ദേഹത്തിനെ വിളിക്കുന്ന ആ രീതി) ചേട്ടായി വെളുവില്ലാതെ പത്രം കൊടുത്തിട്ട് പാവം നമ്മുടെ മെക്കട്ട് കേറുന്നോ... നമ്മള്‍ വിട്ട് പിടിക്കൂ ച്യേട്ടോ!!

    എന്ന് പറഞ്ഞ് ഫയല്‍ ക്ലോസ് ചെയ്താല്‍ രണ്ടുപേരും ഹാപ്പി. ശുഭം.

  8. ശ്രീ said...

    എഴുത്തുകാരീ....
    കമന്റിനു നന്ദി.

    സൈജു...
    :)

    മൂര്‍‌ത്തിച്ചേട്ടാ....
    ശരി തന്നെ, അനുഭവം തന്നെ ഗുരു.

    തറവാടീ...
    അഭിപ്രായം മാനിക്കുന്നു. (നടന്ന സംഭവം അങ്ങിനെ തന്നെ എഴുതിയെന്നു മാത്രം)

    അപ്പുവേട്ടാ...
    എന്തു ചെയ്യാം? കുറെ ആളുകള്‍‌ ഇങ്ങനെയും ഉണ്ടാകും.

    വിശാലേട്ടാ....
    അങ്ങനെ വല്ലോം ചെയ്താല്‍‌ മതിയായിരുന്നു. പക്ഷേ, സമയമില്ലാതെ പോയി
    :)

  9. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:
    അനുഭവം ഗുരു.
    പിന്നെ വിശാ‍ലേട്ടന്‍ പറഞ്ഞ ഡയലോഗ് അടിക്കാന്‍ സമയമുണ്ടായിരുന്നെങ്കിലും അതിനു വേണ്ട ആമ്പിയറു ശ്രീക്കുണ്ടോ എന്ന ഒരു സംശയം മാത്രം ;)

  10. ശ്രീ said...

    ച്ഛെ.... ചാത്താ.... (സത്യമാണെങ്കിലും) ബൂലോകരുടെ മുമ്പില്‍‌ നാണം കെടുത്തല്ലേ... ഇതൊക്കെ പരസ്യമായി പറയണോ?
    :)

  11. Anoop Technologist (അനൂപ് തിരുവല്ല) said...

    good :)

  12. Manimalayan said...

    ബഹുജനം പലവിധം