പുസ്തകം : നിരീശ്വരൻ
രചന : വി ജെ ജയിംസ്
പ്രസാധകർ : ഡി സി ബുക്ക്സ്
പേജ് : 320
വില : 340
കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും നേടിയ കൃതിയാണു വി ജെ ജയിംസിന്റെ നിരീശ്വരൻ.
വിശ്വസങ്ങളും അന്ധ വിശ്വാസങ്ങളും തമ്മിൽ ഉള്ള വ്യത്യാസം എന്നത് വളരെ നേർത്തതാണെന്നും അത് എങ്ങനെയൊക്കെ ആണ് ജനജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്നും ഒരു നാടിന്റെ തന്നെ മുഖച്ഛായ തന്നെ മാറ്റുന്നത് എന്നും ഈ നോവൽ നമുക്ക് കാണിച്ചു തരുന്നു.
'ആഭാസ'ന്മാർ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന... ആന്റണി, ഭാസ്കരൻ, സഹീർ എന്നീ മൂന്നു ആത്മ സുഹൃത്തുകളിലൂടെയാണു കഥ വികസിയ്ക്കുന്നത്. യുക്തിയെ ചോദ്യം ചെയ്യുന്ന ആ നാട്ടിലെ ജനങ്ങളുടെ അന്ധമായ ഈശ്വര വിശ്വാസത്തെ തകിടം മറിയ്ക്കാൻ അവർ കല്പിച്ചു കൂട്ടി ഉണ്ടാക്കി എടുക്കുന്ന ഒരു വിപരീത ദേവൻ ആണ് നിരീശ്വരൻ.
നാട്ടിലെ എറ്റവും ശ്രദ്ധേയമായ, തലമുറകളുടെ സംഗമ സ്ഥലമായ ആൽ-മാവിൻ ചുവട്ടിലെ നിരീശ്വര പ്രതിഷ്ഠയും പിന്നീട് ഈശ്വരന്മാരുടെയും ഈശ്വരൻ ആയി നിരീശ്വരൻ മാറുന്നതും അതെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് നോവലിന്‍റെ ഇതിവൃത്തം.
ആന്റണി, ഭാസ്കരൻ, സഹീർ ത്രയത്തിനു തൊട്ടു മുൻപിലത്തെ തലമുറക്കാരായ അർണോസ് (പാതിരി), സെയ്ദ് (മൗലവി), ഈശ്വരൻ എമ്പ്രാന്തിരി എന്നീ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ മറ്റൊരു സുഹൃത്ത് ആയ ഇന്ദ്രജിത്തിന്റെ ശാസ്ത്രത്തെ പോലും വെല്ലുവിളിയ്ക്കുന്ന അത്ഭുത രോഗശാന്തിയും തുടര്ന്നുള്ള പ്രതിസന്ധികളും വളരെ നന്നായി നോവലിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.
ശാസ്ത്രജ്ഞനായ റോബെർട്ടോയുടെ ഗന്ധശാസ്ത്ര പരീക്ഷണങ്ങൾ, റോബർട്ടോയുടെ സൗഹൃദം ആ നാട്ടിലെ നാട്ടു വേശ്യ എന്നറിയപ്പെട്ടിരുന്ന ജാനകിയിൽ വരുത്തുന്ന മാറ്റങ്ങൾ, വഴക്കാളിയായി അറിയപ്പെട്ടിരുന്ന ഘോഷയാത്ര അന്നാമ്മയുടെ പരിവർത്തനം എന്നിങ്ങനെ അന്നാമ്മയുടെ അമ്മിണി പശു പൊലും വായനക്കാരുടെ ഹൃദയം സ്പർശിയ്ക്കാതെ കടന്നു പോകില്ല.
ഓരോരുത്തരുടെയും മറ്റുള്ളവരോടുള്ള കാഴ്ചപ്പാട് എങ്ങനെയെല്ലാം വ്യത്യാസപ്പെടുന്നു എന്നും വിശ്വാസം ആയാലും അവിശ്വാസം ആയാലും രണ്ടിലും പൊതുവായുള്ളത് അതിൽ വിശ്വസിയ്ക്കുക എന്നത് ആണെന്നും നിരീശ്വരൻ നമുക്ക് മനസ്സിലാക്കി തരുന്നു.
- ശ്രീ
1 comments:
ഓരോരുത്തരുടെയും മറ്റുള്ളവരോടുള്ള കാഴ്ചപ്പാട് എങ്ങനെയെല്ലാം വ്യത്യാസപ്പെടുന്നു എന്നും വിശ്വാസം ആയാലും അവിശ്വാസം ആയാലും രണ്ടിലും പൊതുവായുള്ളത് അതിൽ വിശ്വസിയ്ക്കുക എന്നത് ആണെന്നും നിരീശ്വരൻ നമുക്ക് മനസ്സിലാക്കി തരുന്നു.
നല്ല പരിചയപ്പെടുത്തൽ ശ്രീ
Post a Comment