Showing posts with label കവിത പോലെ. Show all posts
Showing posts with label കവിത പോലെ. Show all posts

Sunday, January 3, 2021

കലാലയ വർണ്ണങ്ങൾ

 

പ്രിയ കവി അനിൽ പനച്ചൂരാൻറെ സ്മരണകളിൽ

* അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ...' എന്ന ഗാനത്തിന്റെ ഈണത്തില്‍ ഞങ്ങളുടെ ബിപിസി 99  ബാച്ചിനു വേണ്ടി എഴുതിയത്


* പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം 
വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ
ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ
ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ...

ബി പി സീ... ബി പി സീ...


പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം
ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ
പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം
ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ

കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ
മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ
സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ
നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം...

സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ
ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?'
റാങ്കുകാർക്കു ജന്മമേറെയേകിയ കലാലയം
കണ്ണു നീരിൽ മങ്ങിടുന്ന കാഴ്ചയായ്‌ മാറിയോ...

ബി പി സീ... ബി പി സീ...


തിരിച്ചു പോകുവാൻ നമുക്കെളുപ്പമല്ലതോർക്കണം
മിഴി തുടച്ചു വഴി തെളിച്ചു യാത്ര നമ്മൾ തുടരണം
യാത്ര ചെയ്യുവാൻ കരുത്തു നേടണം, ഹതാശരായ്‌
വഴി പിഴച്ചു പോയിടാതെ പൊരുതി നമ്മൾ നേടണം

നാളെ യെന്ന നാളുകൾ പ്രചോദനമായ്‌ മാറണം
നാൾവഴിയിലെന്നും വീര ഗാഥകൾ രചിയ്ക്കണം 
നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ

നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ...

Monday, May 9, 2016

നിശാസ്വപ്നമായ് ഈ സൌഹൃദം



ഒരു നിശാസ്വപ്നമായ് തിരിച്ചു കിട്ടീ
എന്റെ ഓര്‍‌മ്മകളുറങ്ങുന്ന ബാല്യകാലം…
ബാല്യവും കൌമാരകാലവും പിന്നെ
എന്നെ ഞാനാക്കിയ നാളുകളും…

അന്നൊരു നാളില്‍‌ നാം കണ്ടുമുട്ടി
പിന്നെ, ആരാണെന്നറിയാതെ കൂട്ടുകൂടി…
തോളോടു തോള്‍‌ ചേര്‍‌ന്നു മല കയറി
ആ കലാലയത്തില്‍ കാലു കുത്തീ…

കന്നീറ്റുമലയുടെ മുകളില്‍‌ നാമൊരു
കൂട്ടായ സ്നേഹത്തിന്‍‌ കൂടു കൂട്ടി, പിന്നെ
പിരിയാത്ത ചങ്ങാതിക്കൂട്ടമായി…
ഇന്നും പിരിയാത്ത ചങ്ങാതിക്കൂട്ടമായി…

കൊച്ചു തമാശയും കളിവാക്കുകളും
കുസൃതിത്തരങ്ങളും കുറുമ്പുകളും
നാം ഈ കലാലയത്തില്‍ പങ്കു വച്ചൂ…
ഈ കലാലയത്തില്‍ പങ്കു വച്ചൂ…

ജന്മദിനങ്ങളും വിജയങ്ങളും നാം
ഉത്സവമെന്ന പോല്‍ ചിലവഴിച്ചൂ
ഉറ്റ ചങ്ങാതി തന്‍‌ വേദനയില്‍‌ നാം
എന്തിനെന്നറിയാതെ മിഴി നിറച്ചൂ…

കൂട്ടു പഠനവും താമസവും
പറയാത്ത പ്രണയവും സൌഹൃദവും
ഓര്‍‌മ്മയിലിന്നും ബാക്കി വച്ചൂ…
നാം ഓര്‍‌മ്മയിലെന്നും ബാക്കി വച്ചൂ…

പിരിയുന്ന നേരം മനം വിതുമ്പി
നാമൊരു വാക്കും മിണ്ടാതെ മുഖം കുനിച്ചൂ…
ചിരി കൊണ്ടു ദുഖങ്ങള്‍‌ മൂടി വച്ചൂ, പിന്നെ
ആരാരും കാണാതെ മിഴി നനച്ചൂ…

പിന്നെയും വര്‍‌ഷങ്ങള്‍‌ കടന്നു പോയീ
ഞാനിന്നീ മറുനാട്ടില്‍ തനിച്ചുമായി…
എങ്കിലും പിരിയാത്ത സൌഹൃദത്തിന്‍‌
തണലേറ്റു ഞാനിന്നും മയങ്ങിടുന്നു…
നിശാസ്വപ്നങ്ങളില്‍ നാമൊരുമിക്കുന്നു…

Thursday, August 2, 2007

♫ ബിപിസി: ഓര്‍മ്മകളുടെ മഴ ♫

ഈ പോസ്റ്റ് ഞാന്‍‌ എന്റെ ബിരുദ പഠനം പൂര്‍‌ത്തിയാക്കിയ പിറവം ബിപിസി കോളേജിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍‌ക്കും എന്റെ അന്നത്തെ പ്രിയപ്പെട്ട സഹപാഠികള്‍‌ക്കും വേണ്ടി സമര്‍‌പ്പിക്കുന്നു... ഞങ്ങള്‍‌ ഒരുമിച്ചു കണ്ടു മുട്ടിയ ഒരു ആഗസ്ത് രണ്ടിന്റെ ഓര്‍‌മ്മയ്ക്ക്...

[കവിതയായി കണക്കാക്കി എന്നെ ചീത്ത പറയരുത്... ഞാന്‍‌ എനിക്കു തോന്നിയതു പോലെ കുറിച്ചു വച്ച എന്തോ ഒന്ന് ആയി കണക്കാക്കിയാല്‍‌ മതി.
(ഇനി ഇതു പോലുള്ള കോപ്രായങ്ങള്‍‌ പാടില്ല എങ്കില്‍‌ ചീത്ത നേരിട്ടു പറയണ്ട... ഒന്നു കമന്റിയാല്‍‌ മതി, ഞാന്‍‌ നന്നായിക്കോളും...)]

*******************************************************
ഒരു മഴ പെയ്തു തോരുകയാണ്...
ഓര്‍‌മ്മകളുടെ മഴ...
അങ്ങു ദൂരെ ഒരു ഗ്രാമത്തിലെ
ആ കുന്നിന്‍‌ മുകളിലെ കലാലയവും
അതിനു ചുറ്റിലുമുള്ള
ആ പാറക്കൂട്ടങ്ങളും
താഴേക്കിറങ്ങുന്ന
വളഞ്ഞുപുളഞ്ഞ
ആ മെറ്റല്‍ വഴിയും
ഓര്‍‌മ്മകളില്‍‌ പെയ്യുകയാണ്
ഒരു നേര്‍‌ത്ത നൂല്‍മഴ പോലെ...
ആ കലാലയത്തില്‍
നാം ഒരുമിച്ചു ചിലവിട്ട
മൂന്നു വര്‍‌ഷങ്ങളും...
നാമൊരുമിച്ചു കണ്ട സ്വപ്നങ്ങളും
ചെയ്ത കുസൃതിത്തരങ്ങളും
പറഞ്ഞു തീരാത്ത തമാശകളും
പകര്‍‌ന്ന നൊമ്പരങ്ങളും
നേരിട്ട പരീക്ഷാപ്പേടിയും
എല്ലാമെല്ലാം ഓര്‍‌മ്മകളില്‍
മാത്രമാകുകയാണ്...
എല്ലാം ഓര്‍‌മ്മകളില്‍
മാത്രമാകുകയാണോ...
മഴ പെയ്തു തീരുകയാണോ...
ഇല്ല.... ആരു പറഞ്ഞു
മഴ പെയ്തു തീരുമെന്ന്?
മഴ പെയ്തു കൊണ്ടേയിരിക്കും...
ഓര്‍‌മ്മകളുടെ മഴ മനസ്സില്‍‌
എന്നും പെയ്തുകൊണ്ടേയിരിക്കും...
ഒരു നേര്‍‌ത്ത കുളിരോടെ...
നോവുന്ന സുഖത്തോടെ...
മഴ പെയ്തു കൊണ്ടേയിരിക്കും...

Friday, May 25, 2007

എന്റെ പുനര്‍ജന്മവും കാത്ത്…


ജന്മാന്തരങ്ങള്‍ക്കുമപ്പുറം...

കാലത്തിനും

മായ്ച്ചു കളയാന്‍‌ കഴിയാത്ത

ഓര്‍‌മ്മകളുണ്ട്….


വേര്‍‌പാടിനും

മുറിച്ചു മാറ്റാന്‍‌ പറ്റാത്ത

ബന്ധങ്ങളുണ്ട്...


വാക്കുകള്‍ കൊണ്ടും

വരച്ചു കാണിക്കാന്‍കഴിയാത്ത

സൌഹൃദങ്ങളുണ്ട്…


മിഴികള്‍ കൊണ്ടു

മറച്ചു പിടിക്കാന്‍ കഴിയാത്ത

കണ്ണുനീര്‍ തുള്ളികളുമുണ്ട്…


അവിടെ,

കണ്ണുനീരിന്റെ നനവുണ്ട്….

ഹൃദയത്തിന്റെ നൈര്‍‌മല്യമുണ്ട്….

സ്നേഹത്തിന്റെ ചൂടുണ്ട്…

വിവരണാതീതമായ

മറ്റെന്തൊക്കെയോ ഉണ്ട്...


ഒരായിരം പ്രതീക്ഷകളോടെ

ഞാന്‍‌ ഉറ്റു നോക്കുന്നു....

ജന്മാന്തരങ്ങള്‍‌ക്കുമപ്പുറത്തേയ്ക്ക്....

ഞാന്‍‌ കാത്തിരിക്കുന്നു…

എന്റെ പുനര്‍ജന്മവും കാത്ത്…

Monday, April 16, 2007

ഓര്‍‌ക്കൂട്ട് അഥവാ ഓര്‍‌മ്മക്കൂട്

ഓര്‍‌ക്കൂട്ട് !
മലയാളീകരിച്ചു പറഞ്ഞാല്‍‌
അത് ഓര്‍‌മ്മകളുടെ ഒരു കൂടാണ്.

കൈമോശം വന്നു പോയതും
കാലങ്ങളായി നിലനില്‍‌ക്കുന്നതുമുള്‍‌പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍‌മ്മകളുടെ ഒരു കൂട്...

എന്നോ കൈവിട്ടു പോയ
വളരെപഴകിയ
ചില കൂട്ടുകെട്ടുകള്‍‌‌ പോലും
നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം.

പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍‌
കൂടെയുണ്ടായിരുന്ന ആ പഴയ
കളിക്കൂട്ടുകാരന/കൂട്ടുകാരിയെ...

അറിവിന്റെ ആദ്യാക്ഷരങ്ങള്‍‌
ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...

ബാല്യ കൌമാരങ്ങളില്‍‌
ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രത്തെ....

ഏതോ ഒരു യാത്രയ്ക്കിടയില്‍‌
പരിചയപ്പെട്ട ആ
പുതിയ സുഹൃത്തിനെ...

അങ്ങനെയങ്ങനെ......
എല്ലാ ബന്ധങ്ങളെയും
നമുക്കിവിടെ ഒരു കുടക്കീഴില്‍‌
അണിനിരത്താം....
പരസ്പരം പങ്കു വയ്ക്കാം...
അതാണ് ഓര്‍‌ക്കുട്ട്...

നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌...
 
Orkut :2004 January 24 - 2014 September 30
***********************************************

കഴിഞ്ഞു പോയ
ഓരോ നാഴികകളും
ഓര്‍‌മ്മകളാണ്...

ഓരോ നിമിഷവും
നാം ആരുടെയൊക്കെയോ
ഓര്‍‌മ്മകളില്‍‌ ജീവിക്കുകയാണ്...

വരാനിരിക്കുന്ന
ഓരോ നിമിഷങ്ങളും
ഒളിമങ്ങാത്ത ഓര്‍‌മ്മകളായിരിക്കണം...

Wednesday, April 4, 2007

ക്യാമ്പസ് പ്രണയങ്ങള്‍‌

ഓരോ
ക്യാമ്പസ് പ്രണയവും
അവിടുത്തെ വരണ്ട മണല്‍‌ത്തരികളെ
നനച്ചു കടന്നു പോകുന്ന
നനുത്ത വേനല്‍‌ മഴകളാണ്...

എന്നാല്‍‌,
ഓരോ
നഷ്ട പ്രണയവും
ആ ക്യാമ്പസ്സിനെ കണ്ണീരണിയിക്കുന്ന
മരണ ദൂതുകളാണ്...

***************************************

ക്യാമ്പസ്സുകളില്‍‌ മൊട്ടിട്ട്
വിരിഞ്ഞു സുഗന്ധം പരത്തുന്ന
പ്രണയ പുഷ്പങ്ങളെത്ര....
വിടരും മുന്‍‌പേ
കൊഴിഞ്ഞു വീണവയെത്ര...

പക്ഷേ,
ക്യാമ്പസ്സുകള്‍‌ക്ക് അധികവും പറയാനുള്ളത്
കൊഴിഞ്ഞ പൂക്കളുടെ കഥകളായതെന്തേ...?