Friday, December 5, 2008

വീര കേസരി മത്തപുംഗവന്‍

ഞങ്ങള്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലം. അക്കാലത്ത് ഞങ്ങളുടെ അടുത്തു തന്നെയുള്ള കുറച്ചു വീടുകളില്‍ ഞങ്ങളുടെ ക്ലാസ്സിലെ വേറെ കുറച്ചു സുഹൃത്തുക്കളും താമസിച്ചിരുന്നു. രണ്ടു വീടുകളില്‍ മലയാളി സുഹൃത്തുക്കളും വേറെ ഒരു വീട്ടില്‍ കുറച്ചു തമിഴ് സുഹൃത്തുക്കളും. ഇന്നത്തെപ്പോലെ ടി.വി./ കമ്പ്യൂട്ടര്‍ ഒന്നുമില്ലാതിരുന്നതിനാല്‍ അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ഇപ്പറഞ്ഞ വീടുകളില്‍ എവിടെയെങ്കിലും സന്ദര്‍ശനം നടത്തുകയോ അവര്‍ ഞങ്ങളുടെ റൂമില്‍ വരുകയോ പതിവായിരുന്നു.

തമിഴ്‌നാട്ടുകാരുടെ ഒരു പ്രധാന ആഘോഷമായിരുന്ന പൊങ്കല്‍ അടുത്തിരിയ്ക്കുന്ന സമയമായിരുന്നു എന്നു തോന്നുന്നു, ഒരു ഞായറാഴ്ച വൈകുന്നേരം അടുത്ത വീട്ടിലെ തമിഴ് സുഹൃത്തുക്കള്‍ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അതിന്‍‌ പ്രകാരം ഞങ്ങള്‍ എല്ലാവരും അന്ന് അവരുടെ റൂമിലേയ്ക്ക് ചെന്നു. (അതിനു മുന്‍‌പ് ഒന്നു രണ്ടു തവണ അവരെ ഞങ്ങളുടെ വീട്ടിലേയ്ക്കും വിളിച്ച് മലയാളികളുടെ രീതിയില്‍ അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തിരുന്നു.)

അവിടെ വച്ച് അവര്‍ ഞങ്ങള്‍ക്ക് അവരുടെ ഒരു ഇഷ്ടവിഭവമായ “കേസരി” എന്ന ഒരു മധുരപലഹാരം ഉണ്ടാക്കി തന്നു. ഞങ്ങളില്‍ പലരും അതിനു മുന്‍‌പ് ഈ വിഭവം കഴിച്ചിരുന്നില്ല. റവയും നെയ്യും പഞ്ചസാരയും മറ്റും ചേര്‍ത്ത് ഉണ്ടാക്കിയ ആ പലഹാരം എല്ലാവരും വയറു നിറയേ തട്ടിവിട്ട് കുറേ നേരം അവരോടൊത്ത് ചിലവഴിച്ച ശേഷം (ബാക്കി വന്ന പലഹാരം കൂടെ പൊതിഞ്ഞെടുത്ത ശേഷം) ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് തിരികേ പോന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഈ പലഹാരം ഏറ്റവും അധികം ഇഷ്ടപ്പെട്ടത് മത്തനാണ്. അതു കൊണ്ടു തന്നെ അവന്‍ തിരികേ പോരും മുന്‍പ് ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അവരോട് അന്വേഷിച്ചു. അവര്‍ സന്തോഷത്തോടെ എല്ലാം മത്തന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പാചക കാര്യത്തില്‍ മത്തന്‍ പണ്ടേ ‘വീക്ക്’ ആണ്. അതു കൊണ്ട് മറന്നു പോകാതിരിയ്ക്കാന്‍ അവനത് ഒരു കുറിപ്പടി പോലെ എഴുതിയെടുക്കുകയും ചെയ്തു.

അടുത്ത തവണ വീട്ടില്‍ പോകുമ്പോള്‍ ചേട്ടനെയും ചേട്ടത്തിയേയും ഈ സ്വാദിഷ്ടമായ വിഭവം ഉണ്ടാക്കി കാണിച്ച് ഒന്നു ഞെട്ടിയ്ക്കണം എന്നായിരുന്നു മത്തന്റെ ഉദ്ദേശ്ശം. അവനത് ഞങ്ങളോട് പറയുകയും ചെയ്തു. (അവന്‍ പാചകത്തില്‍ പുറകോട്ടാണ് എന്ന് അവര്‍ക്കും അറിയാമല്ലോ). എന്നാല്‍ മത്തന് ഏറ്റവും പ്രശ്നമായി തോന്നിയത് “കേസരി” എന്ന ആ പേരായിരുന്നു. ആ പലഹാരത്തെ പറ്റി എപ്പോള്‍ സംസാരിച്ചു തുടങ്ങിയാലും അവനാ പേര് മറക്കും. പിന്നെ, ഞങ്ങളോട് ആരോടെങ്കിലും ചോദിയ്ക്കും “എടാ, അന്ന്‍ ആ തമിഴന്മാര്‍ നമുക്ക് ഉണ്ടാക്കി തന്ന ആ സാ‍ധനത്തിന്റെ പേരെന്തായിരുന്നെടാ” എന്ന്.

ഈ പേര് മറക്കുന്നത് പതിവായപ്പോള്‍ ഒരു ദിവസം ജോബി അവനോട് ചോദിച്ചു. “എടാ, നീ നാട്ടില്‍ എത്തുമ്പോഴേയ്ക്കും പിന്നെയും പേരു മറന്നാല്‍ ചേട്ടനോടും ചേച്ചിയോടും എന്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നും പറഞ്ഞാണ് ഇതുണ്ടാക്കി കൊടുക്കുന്നത്?”

അപ്പോഴാണ് മത്തനും അതാലോചിച്ചത്. ശരിയാണല്ലോ. അതൊരു പ്രശ്നം തന്നെ. അല്ലെങ്കിലും തന്നെ അടുക്കളയുടെ പരിസരത്ത് അടുപ്പിയ്ക്കാത്ത ചേച്ചിയെ ഒന്നു പറഞ്ഞു സമ്മതിപ്പിച്ച് അനുവാദം വാങ്ങിയെടുക്കണമെങ്കില്‍ ആദ്യമേ എന്താണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കിയേ പറ്റൂ. അവനും ആലോചനയിലായി. എത്ര ശ്രമിച്ചിട്ടും ‘കേസരി’ എന്ന പേര് അങ്ങ് ഓര്‍ത്തിരിയ്ക്കാന്‍ പറ്റുന്നുമില്ല.

മത്തന്റെ വിഷമം കണ്ട് അവസാനം സുധിയപ്പന്‍ ഒരു വഴി കണ്ടെത്തി. അവന്‍ പറഞ്ഞു. “ എടാ... അത് ഓര്‍ത്തിരിയ്ക്കാന്‍ ഒരു വഴിയുണ്ട്. നീ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഓര്‍ത്താല്‍ മതി. ഉദാഹരണത്തിന് സിംഹം എന്നോ പുലി എന്നോ ഒക്കെ ഓര്‍ത്താല്‍ സംഭവം കിട്ടും. കാരണം ഈ സിംഹത്തിനെ പറയുന്ന മറ്റൊരു പേരാണല്ലോ കേസരി എന്നത്”

അതു കേട്ടതും മത്തന്‍ ഓടിയെത്തി സുധിയപ്പനെ കെട്ടിപ്പിടിച്ചു ഒരു ഷെയ്‌ക്ക് ഹാന്‍‌ഡും കൊടുത്തിട്ടു അവന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു “ഓ.... അളിയന്റെ ബുദ്ധി അപാരം തന്നെ അളിയാ” ഇനി ഞാനത് മറക്കില്ല.

എന്തായാലും തല്‍ക്കാലത്തേയ്ക്ക് സെമസ്റ്റര്‍ എക്സാമിന്റെയും മറ്റും തിരക്കില്‍ ഞങ്ങളെല്ലാം ആ കാര്യം മറന്നു. അവസാനം പരീക്ഷകളെല്ലാം കഴിഞ്ഞ് കിട്ടിയ പത്തു ദിവസത്തെ അവധിയ്ക്ക് ഞങ്ങളെല്ലാവരും നാട്ടിലേയ്ക്കു പോയി. നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മത്തന്‍ തമിഴ്‌ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും പഠിച്ച പലഹാരക്കൂട്ട് പരീക്ഷിയ്ക്കുന്ന കാര്യം ഓര്‍ത്തത്.

അവന്‍ ആരോടും പറയാതെ കടയില്‍ പോയി ഒരു കിലോ റവയും അരക്കിലോ പഞ്ചസാരയും പിന്നെ കുറച്ചു നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും എലക്കായും എല്ലാം വാങ്ങിക്കൊണ്ടു വന്നു. (വീട്ടില്‍ ഇതെല്ലാം ചോദിച്ചാല്‍ ഇവനെ ശരിയ്ക്കറിയാവുന്ന ചേച്ചി അതു കൊടുക്കില്ലെന്നവനറിയാം). എന്നിട്ട് ചാച്ചനും (മത്തന്റെ പിതാശ്രീ‍) ചേട്ടനും ചേച്ചിയും എല്ലാവരും ഉള്ള ഒരു ദിവസം എല്ലാവരെയും അവിടെ പിടിച്ചിരുത്തി. ഒരു സര്‍പ്രൈസ് ഉണ്ടെന്നും ഒരു പുതിയ (തീറ്, കിടു, വെടിച്ചില്ല് എന്നിങ്ങനെ മത്തന്റെ സ്വന്തം വാക്കുകളില്‍ വിശേഷണങ്ങള്‍ വേറെയും) പലഹാരം ഇവന്‍ ഉണ്ടാക്കി കാണിച്ചു തരാമെന്നും എല്ലാം വീമ്പിളക്കി.

മത്തനെ മറ്റാരെക്കാളും നന്നായി അറിയാവുന്ന ചേട്ടന്‍ അപ്പോഴേ അപകടം മണത്തു. അന്ന് വേറെ പരിപാടികള്‍ ഒന്നുമില്ലെന്നും ഫുള്‍ ഡേ ഫ്രീ ആണെന്നും ആദ്യം സമ്മതിച്ച അതേ ചേട്ടന്‍ മത്തന്‍ അടുക്കളയില്‍ കയറാന്‍ പോകുന്നു എന്നറിഞ്ഞതും അത്യാവശ്യമായി പുറത്തു പോകാനുണ്ടെന്നും പറഞ്ഞ് ചാടിയെഴുന്നേറ്റു. എന്നാല്‍ മത്തനുണ്ടോ വിടുന്നു. ആ അടവ് മനസ്സിലാക്കിയ അവന്‍ ചേട്ടനെ വിടാന്‍ സമ്മതിച്ചില്ല. എന്തായാലും ഒറ്റയ്ക്ക് സഹിയ്ക്കേണ്ടല്ലോ എന്നോര്‍ത്താകണം ചേച്ചിയും ചേട്ടനെ പിടിച്ചു നിര്‍ത്തി. “കണ്ടക ശനി കൊണ്ടേ പോകൂ” എന്നറിഞ്ഞിട്ടോ എന്തോ ചാച്ചന്‍ ഒന്നും മിണ്ടാതെ എല്ലാം അനുഭവിയ്ക്കാന്‍ തയ്യാറായി അവിടെ മിണ്ടാതിരുന്നു.

വൈകാതെ മത്തന്‍ അടുക്കളയില്‍ കയറി പാതകം അല്ലല്ല, പാചകം തുടങ്ങി. ആരുമറിയാതെ അന്ന് തമിഴ് സുഹൃത്തുക്കളില്‍ നിന്നും എഴുതി വാങ്ങിയ കുറിപ്പടി നോക്കിയായിരുന്നു ഓരോ നീക്കങ്ങളും. (എന്തിന്, വെള്ളം അളന്നൊഴിച്ചതും അടുപ്പില്‍ എത്ര സമയം വയ്ക്കണം എന്നു തിരുമാനിച്ചതും എല്ലാം). പാചകസമയത്ത് ആരും അടുക്കള ഭാഗത്തേയ്ക്ക് വരരുതെന്ന് മത്തന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു കൊടുത്തിരുന്നു. (പാചക രഹസ്യം പുറത്താകരുതല്ലോ)

എന്തായാലും അവസാനം വിജയകരമായി മത്തന്‍ പലഹാരം തയ്യാറാക്കി. അവസാനം അത് ഒരു പാത്രത്തിലേയ്ക്ക് പകര്‍ത്തി ഭംഗിയായി നല്ല ആകൃതിയില്‍ എല്ലാം ഒരുക്കി മുറിച്ച് മറ്റൊരു പാത്രം കൊണ്ട് മൂടിക്കൊണ്ട് തീന്‍ മുറിയിലേയ്ക്കു വന്നു. എന്നിട്ട് എല്ലാവരെയും വിളിച്ച് മേശയ്ക്കു ചുറ്റും ഇരുത്തി.

അത്രയും നേരത്തെ സസ്പെന്‍സ് കാരണം എന്താണ് ഐറ്റം എന്നറിയാനുള്ള ആകാംക്ഷയോടെ ഇരിയ്ക്കുകയായിരുന്നു എല്ലാവരും. മത്തനാണെങ്കില്‍ തമിഴ്‌നാട്ടില്‍ മാത്രം കാണപ്പെടുന്ന പലഹാരമാണെന്നും അത് മറ്റാര്‍ക്കും ഉണ്ടാക്കാന്‍ അറിയില്ലെന്നും മറ്റും വച്ചു കാച്ചുകയാണ്. എന്നാല്‍ പലഹാരപ്പാത്രം തഴെ വയ്ക്കുകയോ അതിന്റെ മൂടി പോലും മാറ്റുകയോ ചെയ്തിട്ടുമില്ല. അവസാനം ക്ഷമ നശിച്ച് ചേച്ചി അവനോട് ചോദിച്ചു. “എടാ കുഞ്ഞൂഞ്ഞേ, ഇതിന്റെ പേരെന്താന്ന് പറയെടാ” [മത്തനെന്നാണ് ഞങ്ങള്‍ അവനെ വിളിയ്ക്കുന്നതെങ്കിലും വീട്ടുകാര്‍ക്ക് അവനെന്നും കുഞ്ഞൂഞ്ഞാണ്]

ഈ ചോദ്യം അപ്രതീക്ഷിതമായി കേട്ടതും ഒരു നിമിഷത്തേയ്ക്ക് മത്തന്‍ നിശബ്ദനായി. അവന്റെ മുഖഭാവം മാറി. പതിവു പോലെ ആ പേര് പിന്നെയും മറന്നു പൊയിരിയ്ക്കുന്നു. ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ കൂടി ഓര്‍മ്മ വന്നതായിരുന്നു, എന്നാല്‍ ഇപ്പോള്‍ പിടി കിട്ടുന്നില്ല. അവനെത്ര തല പുകഞ്ഞ് ആലോചിച്ചിട്ടും പേരൊട്ട് ഓര്‍മ്മ വരുന്നുമില്ല.

അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും കളിയാക്കി ചിരി തുടങ്ങി. തോല്‍‌വി സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ലല്ലോ. അപ്പോഴാണ് അവന് സുധിയപ്പന്‍ പറഞ്ഞു കൊടുത്ത ഐഡിയ ഓര്‍മ്മ വന്നത്. മത്തന്റെ തലയില്‍ ഒരു ബള്‍ബ് കത്തി. അന്ന് സുധിയപ്പന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ശ്രമിച്ചു. പുലിയേയോ കടുവയേയോ മറ്റോ ഓര്‍ത്താല്‍ മതിയെന്നല്ലേ അവനന്ന് പറഞ്ഞത്. അതിന്റെ മറ്റൊരു പേരാണല്ലോ ഈ പലഹാരത്തിന്റെയും പേര്... മത്തന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അവന്‍ സന്തോഷത്തോടെ ഒരു വിജയിയുടെ ഭാവത്തോടെ വിളിച്ചു കൂവി.

“കിട്ടി... പേരു കിട്ടി. ഇതാണ് വ്യാഘ്രം”

ഇതു കേട്ടതും എല്ലാവരും ചിരി നിര്‍ത്തി. ഞെട്ടലോടെ മുഖത്തോടു മുഖം നോക്കി. അതു കണ്ട മത്തനും എന്തോ പന്തികേടു തോന്നി. ഇനിയും വൈകിയാല്‍ ശരിയാവില്ലെന്നു മനസ്സിലാക്കിയ അവന്‍ വേഗം അവര്‍ക്കു മുന്നില്‍ പാത്രം തുറന്നു കൊണ്ടു പറഞ്ഞു. “ദേ, ഇതാണ് സാധനം. കഴിച്ചു നോക്കിയേ”

അതു കണ്ടതും ചേച്ചി പിന്നെയും ചിരി തുടങ്ങി. ഒരു നുള്ളെടുത്ത് തിന്നു നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞു “എടാ, ഇതാണോ നീ പറഞ്ഞ വ്യാഘ്രം? ഇത് നമ്മുടെ കേസരിയല്ലേ?”

അതു കേട്ടപ്പോഴാണ് മത്തനും അബദ്ധം മനസ്സിലായത്. “ആ... അങ്ങനേം പറയാം” അവന്‍ പിറുപിറുത്തു.

“അല്ല, ഇത് ഇങ്ങനേം ഉണ്ടാക്കാമല്ലേ? ഇതേതാണ്ട് മധുരമുള്ള ഉപ്പുമാവു പോലെ ഉണ്ടല്ലോ. ഇതാണോ നീ വേറെ എവിടെയും കിട്ടാത്ത സാധനമെന്ന് പറഞ്ഞത്? ”

ചേട്ടന്‍ ഇങ്ങനെ ചോദിയ്ക്കുമ്പോള്‍ അതു കേള്‍ക്കാത്ത ഭാവത്തില്‍ മത്തന്‍ ബൈക്കിന്റെ കീയുമായി പുറത്തേയ്ക്കോടുകയായിരുന്നു, അത്യാവശ്യമായി ആരെയോ കാണാനെന്ന ഭാവത്തില്‍.

മത്തന്‍ ആ പോക്ക് നേരെ പോയത് പിറവത്തുള്ള സുധിയപ്പന്റെ വീട്ടിലേയ്ക്കായിരുന്നുവെന്നും അന്നു രാത്രി ചമ്മല്‍ മാറാതിരുന്നതു കാരണം സുധിയപ്പന്റെ വീട്ടില്‍ തന്നെ അവന്‍ തങ്ങുകയായിരുന്നു എന്നതുമാണ് ബാക്കി ചരിത്രം. ഈ സംഭവങ്ങളെല്ലാം ഞങ്ങളോട് വിശദീകരിച്ചു തന്ന സുധിയപ്പന്‍ അവസാനം മത്തനൊരു പേരുമിട്ടു “വീര കേസരി മത്തപുംഗവന്‍”

79 comments:

  1. ശ്രീ said...

    എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളിലൊരാളായ മത്തനെ പലതവണ ബൂലോകര്‍ക്കു മുന്‍‌പില്‍ അവതരിപ്പിച്ചിട്ടുള്ളതാണ്. അക്കൂട്ടത്തില്‍ ഒരു മത്ത ചരിതം കൂടി ഇവിടെ പോസ്റ്റുന്നു.

    ഇതില്‍ പറഞ്ഞിരിയ്ക്കുന്ന സംഭവത്തിലെ പ്രധാന ഭാഗം നടക്കുന്ന സമയത്ത് ഞങ്ങള്‍ പലരും നേരിട്ട് അവിടെ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ന്നിട്ടുണ്ടാകാം.

  2. ആദര്‍ശ്║Adarsh said...

    വീര കേസരി മത്തപുംഗവന്‍ നീണാള്‍ വാഴട്ടെ...
    ഏതായാലും 'വ്യാഘ്രം'കലക്കി ..കക്ഷിയുടെ മറവി ഇപ്പോഴുമുണ്ടോ?

  3. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ശ്ശെടാ കേസരി ആദ്യമായി തിന്നുന്നത് തമിഴന്മാര്‍ ഉണ്ടാക്കിട്ടോ!!!!എന്നാലും വ്യാഘ്രം!!!!വേറൊന്നും കിട്ടീലെ!!!

  4. Mahi said...

    ആ പേര്‌ നന്നെ പിടിച്ചിരിക്ക്‌ണൂ വീര കേസരി മത്തപുംഗവന്‍

  5. Sarija NS said...

    ഹോ എന്നാലും വ്യാഘ്രം!!! ശ്രീ, ഇനി കേസരി കാണുമ്പോള്‍ എനിക്കും പേര് മാറിപ്പോകാനുള്ള എല്ലാ സാധ്യതയും ഞാന്‍ കാണുന്നു. മനുഷ്യരെ വഴി തെറ്റിച്ചേ അടങ്ങൂ അല്ലെ :)

  6. തോന്ന്യാസി said...

    സമ്മതിച്ചിഷ്ടാ സമ്മതിച്ചു......ചിരിച്ചു മടുത്തൂന്ന് പറഞ്ഞാ മതിയല്ലോ

    ഈ വരുന്ന പൊങ്കലിന് കുറേയധികം വ്യാഘ്രം കഴിക്കാനുള്ളതാ.....ഞാനും ഒരു കേസരിപ്രിയനാണേ..

    പിന്നെ ഈ പോസ്റ്റിട്ട വകേല്‍ വീര കേസരി മാത്തപുംഗവന്റെ കൈയീന്ന് വല്ലതും കിട്ടിയാല്‍ ഒട്ടും മടിയ്ക്കാതെ വാങ്ങിച്ചോണേ...

  7. Anil cheleri kumaran said...

    കലക്കി ശ്രീ..
    മത്തചരിതം മെഗാ സീരിയലു പോലാണല്ലോ.
    ചിരിച്ചു ചിരിച്ചു ഒരു വിധമായി.

  8. നിലാവ് said...

    എന്നാലും മത്തന്‍ ഉണ്ടാക്കിയ 'കേസരി' എല്ലാവര്ക്കും കഴിക്കാന്‍ പറ്റിയല്ലോ...

    ഞാന് ഉണ്ടാക്കിയപ്പോള്‍

    ഒന്നാം ശ്രമം : കേസരി 'റവ കഞ്ഞി' ആയിത്തീര്‍ന്നു.

    രണ്ടാം ശ്രമം : കഷണങ്ങളായി മുറിച്ചെടുക്കാന്‍ പറ്റാത്തതുകൊണ്ട് , ഉരുട്ടി 'റവ ലഡ്ഡു ' ആക്കി. പക്ഷെ ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നത് കൊണ്ട്/ വെള്ളമയം കൂടുതല്‍ ആയതുകൊന്ട് അടുത്ത ദിവസമായപ്പോളേക്കും ചീതതയായി.

    മൂന്നാം ശ്രമം : അതിനി സംഭവിക്കാന്‍ പോവുന്നത്തെ ഉള്ളു :) !

    എഴുത്ത് അസ്സലായിട്ടുന്ട്ട്.

  9. ശ്രീനാഥ്‌ | അഹം said...

    ആ പേര്‌ കലകലക്കി.

    ;)

  10. പിള്ളേച്ചന്‍‌ said...

    chirichu chirichu maduthu.
    Oh, eppolum orkumbol, ennikku chiri vannu. Kesari- matha. ninte chammal ennikku kannan pattiyillallo.
    Pillechan

  11. രാജീവ്‌ .എ . കുറുപ്പ് said...

    മത്തന്‍ പുലി തന്നെ കേട്ടോ. നല്ലവണ്ണം ഭാവന ചെയ്യാന്‍ പറ്റി. അതാണ്‌ ശ്രീ അണ്ണന്റെ തുറുപ്പു ഗുലാന്‍

  12. BS Madai said...

    അല്ല മാഷെ,
    കറക്ട് വേവുള്ള ആരും ഇല്ലായിരുന്നൂ കൂട്ടത്തില്‍ അല്ലേ?! ഹഹ..ഒന്നുകില്‍ വേവല്‍പ്പം കുറഞ്ഞത് അല്ലെങ്കില്‍ കൂടുതല്‍ വെന്തത്! കേസരിപുരാണം കലക്കി - കേസരിക്ക് ഒരു standby name കിട്ടി - വ്യാഘ്രം!!

  13. രസികന്‍ said...

    എന്നാലും മത്തന്‍ ഉണ്ടാക്കിയ സാധനം ചേച്ചി കേസരിയാണെന്നു തിരിച്ചറിഞ്ഞല്ലൊ!!! ‘ ഓ ഇതു നമ്മുടെ ഉപ്പുമാവല്ലേ” എന്നെങ്ങാനും പറഞ്ഞിരുന്നെങ്കിലുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കൂ........
    മത്തകേസരി ചരിതം നന്നായി ശ്രീ...
    ആശംസകള്‍

  14. ധൂമകേതു said...

    ശ്രീയേ സംഗതി കലക്കി. ഇതിക്കണക്കിനു പോയാല്‍ മത്തന്‍ തന്നെ മിക്കവാറും തല്ലിക്കൊല്ലും, എന്നിട്ട്‌ തന്‍റെ പതിനാറടിയന്തിരത്തിന്‌ കേസരിയുണ്ടാക്കി ഞങ്ങള്‍ക്കെല്ലാര്‍ക്കും തരികേം ചെയ്യും. അതു കൊണ്ടു സൂക്ഷിച്ചോ...

  15. ഉപാസന || Upasana said...

    ഈ മറവി എന്നത് ഒരു നല്ല പ്രശ്നമാണ്.
    പിന്നെ ഇതില് ഒരു കഥയ്ക്കുള്ള സ്പാര്‍ക്ക് ഉണ്ടല്ലോ ശോഭീ
    ;-)
    ഉപാസന

  16. ശ്രീ said...

    ആദര്‍ശ്...
    ആദ്യ കമന്റിനു നന്ദീട്ടോ. മത്തന്റെ കാര്യത്തില്‍ മറവി മാത്രമല്ല, ഓര്‍മ്മ പോലും എടുത്തു പറയേണ്ടതാണ്.(അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അവന് ഓര്‍മ്മ വരുക വേറെ വല്ലതുമായിരിയ്ക്കുമെന്നു മാത്രം) :)
    ചാത്താ...
    ഞങ്ങളാരും തന്നെ അന്നേവരെ കേസരി കഴിച്ചിട്ടുണ്ടായിരുന്നില്ല. ഞാന്‍ ആ പേരു കേട്ടിരുന്നു എന്നു മാത്രം. :)
    മഹീ...
    പേരു മാത്രമല്ല, പരിചയപ്പെട്ടാല്‍ മത്തനെയും ഇഷ്ടമാകും. :)
    സരിജ...
    ഹ ഹ. വല്ല കടയിലും കയറി ഇങ്ങനെ ചോദിയ്ക്കുന്ന സന്ദര്‍ഭം ഓര്‍ത്തപ്പോള്‍ ചിരി വന്നു. :)
    തോന്ന്യാസീ...
    ഹ ഹ. അതു കലക്കി. പിന്നെ, മത്തന്‍ ഇതു വായിച്ച് എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഇല്ലാതില്ല. ;)
    കുമാരേട്ടാ...
    മത്തചരിതങ്ങള്‍ ഇങ്ങനെ എത്രയെണ്ണമാണെന്നോ... :)
    നിലാവേ...
    അടിപൊളി പരീക്ഷണങ്ങള്‍... നല്ല കമന്റ്. അടുത്ത പരീക്ഷണം വിജയമാകട്ടെ. :)
    ശ്രീനാഥ്...
    നന്ദീട്ടോ. :)
    പിള്ളേച്ചാ...
    നീ നേരില്‍ പ്രത്യക്ഷപ്പെട്ടോ. ആ സംഭവം നീയും മറന്നു കാണില്ലല്ലോ അല്ലേ? :)
    കുറുപ്പിന്റെ കണക്കു പുസ്തകം...
    നന്ദി മാഷേ... :)
    BS Madai...
    ഹ ഹ. അങ്ങനൊന്നുമില്ല മാഷേ. എല്ലാവരെപ്പറ്റിയും പറയാന്‍ രസകരമായ സംഭവങ്ങളുമുണ്ടെന്നു മാത്രം. :)
    രസികന്‍ മാഷേ...
    സത്യത്തില്‍ അതുമുണ്ടായി. മത്തന്റെ ചേട്ടനോ ചാച്ചനോ ഇതും ഉപ്പുമാവും തമ്മില്‍ മധുരത്തിന്റെ വ്യത്യാസമല്ലേ ഉള്ളൂ എന്നോ മറ്റോ ചോദിച്ചിരുന്നു. :)
    ധൂമകേതു...
    മിക്കവാറും അതും പ്രതീക്ഷിയ്ക്കാം. ഹ ഹ.
    സുനിലേ...
    മറവി നല്ലൊരു തീം തന്നെ ആണ്. :)

  17. ജിജ സുബ്രഹ്മണ്യൻ said...

    “കിട്ടി... പേരു കിട്ടി. ഇതാണ് വ്യാഘ്രം”


    ഹ ഹ ഹ ചിരിപ്പിച്ചല്ലോ മാത്തന്‍.നമ്മുടെ പാവം കേസരിയെ വ്യാഘ്രം ആക്കീല്ലോ.അല്ല എന്നിട്ട് ഈ വ്യാഘ്രത്തെ തിന്നിട്ട് ആര്‍ക്കും ഒന്നും സംഭവിച്ചില്ലല്ലോ ല്ലേ? അല്ല ഞാന്‍ ഉദ്ദേശിച്ചത് ഫുള്‍ ഡേ ബിസി ആകേണ്ട ഗതികേട് ഒന്നും വന്നില്ലല്ലോ ന്നാ..

  18. എം.എസ്. രാജ്‌ | M S Raj said...

    ഇനിയിപ്പോ കേസരി ഓഡറു ചെയ്യുമ്പോ എന്താ ചിരിക്കുന്നെ എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടി വരുമല്ലോ??

    ഹിറ്റ്ലര്‍ സിനിമയില്‍ ഉരുവിടുന്നതു പോലെ ‘കേസരി..കേസരി..കേസരി..’ എന്നു മത്തനും സോറി മത്തപുംഗവനും ഉരുവിട്ടിട്ടുണ്ടാവണം. :)

  19. nandakumar said...

    ശ്രീ നീയെന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഇത്രമാത്രം രസിപ്പിച്ചതും ഇഷ്ടപ്പെട്ടതുമായ പോസ്റ്റ് നീര്‍മിശ്ഴിപ്പൂക്കളില്‍ ഞാന്‍ വായിച്ചിട്ടില്ല. ശൈലിയും ആഖ്യാനവും പരിണാമ ഗുപ്തിയുമൊക്കെ ഗംഭീരമായി. തുടക്കം വായിച്ചപ്പോള്‍ പതിവുപോലെയൊരു സാധാരണ പോസ്റ്റ് എന്നേ കരുതിയുള്ളൂ. പക്ഷേ വായിച്ചു വന്നപ്പോള്‍ രസം കയറുകയും ഏറെ ചിരിക്കുകയും ചെയ്തു. ഏറെ തയ്യാറെടുത്ത് വെട്ടിത്തിരുത്തിയ പോസ്റ്റായിരിക്കും ഇത് എന്നാണ് കരുതിയ്യത്. അവസാന ഭാഗത്ത് മത്തന്റെ എക്സ്പ്രഷനൊക്കെ ശരിക്കും വിഷ്വല്‍ ചെയ്യാന്‍ പറ്റുന്നു. കോമഡിയിലും നിനക്ക് ശരിക്കും വിജയിക്കാന്‍ പറ്റുമെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നു. നിര്‍ത്താണ്ട. തുടരട്ടെ ഈ ശൈലി.
    ടൈറ്റില്‍ അത് കലക്കി, അതുപോലെ പലഹാരത്തിന്റെ പേരു മത്തന്‍ പറയുന്ന സന്ദര്‍ഭം ഒക്കെ നന്നായി എഴുതിയിട്ടുണ്ട്. അഭിനന്ദിക്കാന്‍ വാക്കുകളില്ല.
    മത്ത പുംഗവ ചരിതം തുടര്‍ക്കഥയാകട്ടെ എന്നാശംസിക്കുന്നു. :)

    നന്ദന്‍/നന്ദപര്‍വ്വം

  20. d said...

    കേസരി ചരിതം കലക്കി. പക്ഷേ കേസരി കലക്കിയോ എന്ന് എഴുതിയില്ലല്ലോ! അത്രെം കഷ്‌ടപ്പെട്ട് വെച്ചുണ്ടാക്കിയതല്ലേ? :)

  21. Pahayan said...

    ഞാനും തൃശ്ശൂര്‍ക്കാരനാ..ഇരിഞ്ഞാലക്കുടക്കടുത്ത്‌ പൊറത്തിശ്ശേരിയില്‍..എന്റെ പിറന്നാള്‍ സമ്മാനം ബ്ലോഗില്‍ വച്ചിട്ടുണ്ട്‌..എടുക്കാന്‍ മറക്കരുത്‌..ഇഷ്‌ടായോന്നും പറയണം..

  22. മാണിക്യം said...

    ഞാന്‍ മത്തന്‍ പക്ഷത്താ
    എന്തു കൊണ്ടും കേസരിയെക്കാള്‍ നല്ലതു
    വ്യാഘ്രം തന്നെ! [പിന്നല്ല]
    വീര കേസരി മത്തപുംഗവന്‍ അതു മത്തന് ചര്‍ത്തി കൊടുത്തതു നന്നായി .. ..

    ശ്രീ ഒര്‍ജിനാലിറ്റിയുള്ള വിറ്റ്!!
    ആശംസകളോടേ ..മണിക്യം

  23. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    മത്താ..ഇനിയെങ്കിലും ഓര്‍ത്തോ...ശ്രീ പുറകേയുണ്ട്... അടുത്തപ്രാവശ്യം ആ സംഭവത്തിന്റെ പേര്‍ അതിന്റെ പാചകക്കുറിപ്പിന്റെ മുകളിലായി വലതു സൈഡില്‍ ഒരു പച്ചമുളകിന്റെ വലിപ്പത്തില്‍ എഴുതിയെടുക്കണേ...

    ശ്രീ, ബ്ലോഗിന്നു നല്ല ടേസ്റ്റ്...

  24. കനല്‍ said...

    മത്തന്‍ ആളൊരു താരം തന്നെ.

    ആ പാചകകുറിപ്പ് എഴുതി വച്ചപ്പോള്‍ തലക്കെട്ടായി കേസരീന്ന് എഴുതി വയ്ക്കാനുള്ള ബുദ്ധി നിങ്ങള്‍ ആരും പറഞ്ഞു കൊടുക്കാഞ്ഞതെന്തേ?

  25. mayilppeeli said...

    ശ്രീ.....ഈ കേസരി ചരിത്രം വളരെ നന്നായിട്ടുണ്ട്‌.....പാവം മത്തന്‍......കക്ഷി ഇപ്പോള്‍ എവിടെയാണ്‌....പുതിയ പാചക പരീക്ഷണങ്ങള്‍ വല്ലതും നടത്തുമ്പോള്‍ പേരു കണ്ടുപിടിയ്ക്കാന്‍ മത്തനോടൊന്നു ചോദിയ്ക്കാമെന്നു കരുതിയാണ്‌......വളരെ രസിച്ചു വായിച്ചു......

  26. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..

    മത്തചരിതം രസകരമായി. നന്ദന്‍ ചൂണ്ടിക്കാണിച്ചതുപോലെ ശ്രീക്ക് നര്‍മ്മവും നന്നായി ഇണങ്ങും.

    വീര കേസരി മത്തപുംഗവന്‍ നീണാള്‍ വാഴട്ടെ..!

  27. ഷിജു said...

    ശ്രീയേ പോസ്റ്റ് ഒരുപാട് ചിരിപ്പിച്ചു. ഞാനും ഈ കേസരി ഒരുപാട് കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ ഹോസ്റ്റലിലും വൈകിട്ട് ചാ‍യയുടെ കൂടെ മിക്കവാറും ഇതായിരുന്നു.എന്തായാലും ഈ കേസരി കൊണ്ടും ഇത്രേം നര്‍മ്മമായി ഒരു പോസ്റ്റ് ചെയ്ത ശ്രീക്ക് അഭിനന്ദനങ്ങള്‍,
    വീര കേസരി മത്തപുംഗവന്‍ നീണാള്‍ വാഴട്ടെ...

  28. ശ്രീ said...

    കാന്താരി ചേച്ചീ...
    ഹഹ. ഇനി അതു കഴിച്ച ആരെങ്കിലും അന്ന് ഫുള്‍ ഡേ ബിസി ആയിരുന്നോ എന്നറിയില്ല. :)
    രാജേ...
    അതെയതെ. അവനത് കുറേ പറഞ്ഞു പഠിച്ചതാണ്. എന്നാലും മറക്കും. :)
    നന്ദേട്ടാ...
    മത്തചരിതം ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ആശംസകള്‍ക്കു നന്ദി :)
    വീണ...
    കേസരി എങ്ങനായിരുന്നു എന്നതിനെ പറ്റി വല്യ അറിവില്ലാട്ടോ. :)
    പഹയന്‍...
    സ്വാഗതം നവീന്‍. ആ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നൂട്ടോ. :)
    മാണിക്യം ചേച്ചീ...
    മത്തന്റെ പക്ഷം പിടിയ്ക്കാനും ആളുണ്ടല്ലേ... :)
    കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍...
    അന്ന് ആ പേരു കുറിച്ചെടുക്കാന്‍ മത്തനോ ഞങ്ങള്‍ക്കോ തോന്നിയില്ല. :)
    കനല്‍ മാഷേ...
    അപ്പോഴല്ല ഓര്‍മ്മ വന്നപ്പോഴൊന്നും അത് ചെയ്തില്ലെന്നതാണ് അബദ്ധമായത്. :)
    mayilppeeli ചേച്ചീ...
    പാചക പരീക്ഷണങ്ങളില്‍ മത്തന്‍ ഒറ്റയ്ക്കല്ല കേട്ടോ. ഞങ്ങളുടെ ജോബിയുടെ പരീക്ഷണങ്ങള്‍ക്കടുത്തെത്തില്ല മത്തന്‍. :)
    കുഞ്ഞന്‍ ചേട്ടാ...
    വളരെ നന്ദി കേട്ടോ. :)
    ഷിജുച്ചായാ...
    കേസരിക്കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)

  29. ബിന്ദു കെ പി said...

    ‘വ്യാഘ്ര’ചരിതം കലക്കി...പാവം കേസരി..

  30. ബൈജു (Baiju) said...

    ശ്രീ, മത്തപുംഗവപുരാണം ഇഷ്ടമായി. ഏറെച്ചിരിപ്പിച്ചൂ ഈ പോസ്റ്റ്. നന്ദി.

  31. |santhosh|സന്തോഷ്| said...

    ഹഹഹ്!! ആസ്വാദ്യകരം. രസകരം. കേസരിയും ഈ പോസ്റ്റും :) വ്യാഘ്രം!! ഹെന്റമ്മേ വേറൊന്നും കിട്ടില്ലേ... :) നൈസ് ശ്രീ..

  32. പകല്‍കിനാവന്‍ | daYdreaMer said...

    ഈ ശ്രീ ചരിതം വെടിചില്ലായി.... ആശംസകള്‍....

  33. Jayasree Lakshmy Kumar said...

    കൊള്ളാം മത്തൻ കഥ

  34. ഗോപക്‌ യു ആര്‍ said...

    ഈ മാത്തന് ആളൊരു സിങ്കമാണല്ലൊ..അസ്സൽ ഒരു പുലി....ശ്രീയുടെ മനസ്സിപ്പൊഴും കൊളെജില് തന്നെ ആണല്ലെ.....

  35. ഷാനവാസ് കൊനാരത്ത് said...

    ശ്രീ, എഴുത്താശംസകള്‍...

  36. raadha said...

    ശ്രീ, മത്ത പുരാണം കലക്കി..ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം നിറഞ്ഞു...കാരണം ഞാനും ഈ കേസരി ആദ്യം ഉണ്ടാക്കി നോക്കിയപ്പോ 'മധുരമുള്ള ഉപ്പുമാവ്' ആയി രൂപം പ്രാപിച്ചിരുന്നു. :)

  37. നവരുചിയന്‍ said...

    എന്നാലും അത് ഒരു ഒന്നുഒന്നര പേരു ആയി പോയി ...'വ്യാഘ്രം' ആ പാവം കേസരിയെ നോക്കി എങ്ങനെ ഈ പേരു പറയാന്‍ തോന്നി .......

    വീര കേസരി മത്തപുംഗവന്‍ മഹാരാജാവിനെ ഞാന്‍ സമ്മതിച്ചു

  38. പിരിക്കുട്ടി said...

    nannayittundu sree....

    mathan aaloru kunjoonju thanne

  39. G.MANU said...

    hahaha..ennalum vyaakhram...:)

  40. krish | കൃഷ് said...

    koLLaam nannaayiTTunT.

    recipe ezhuthiyeTuththappOL athinte pErum ezhuthEnTathallE.

  41. ശ്രീ said...

    ബിന്ദു ചേച്ചീ...
    നന്ദീട്ടോ. :)
    ബൈജു മാഷെ...
    സ്വാഗതം. ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി. പോസ്റ്റ് ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം :)
    santhosh|സന്തോഷ് ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
    പകല്‍ക്കിനാവന്‍...
    വളരെ നന്ദി മാഷേ. :)
    lakshmy...
    നന്ദി. :)
    ഗോപക് മാഷേ...
    മത്തന്‍ ഒരു സിങ്കം തന്നെ. കോളേജ് ജീവിതത്തിലെ ഓര്‍മ്മകള്‍ മറക്കാനാകില്ല മാഷേ. :)
    ഷാനവാസ് കൊനാരത്ത് ...
    സ്വാഗതം. കമന്റിനു നന്ദി മാഷേ. :)
    raadha ...
    സ്വാഗതം. അപ്പോള്‍ മത്തനു മാത്രമല്ല, അബദ്ധം പറ്റിയവര്‍ ഇനിയുമുണ്ടല്ലേ? ;)
    നവരുചിയന്‍...
    അതാണ് മത്തന്‍. :)
    പിരിക്കുട്ടീ...
    നന്ദീട്ടോ. :)
    മനുവേട്ടാ...
    വായനയ്ക്കും കമന്റിനും നന്ദി. :)
    കൃഷ് ചേട്ടാ...
    അത് എഴുതി വയ്ക്കാന്‍ മറന്നു എന്നതാണ് അവനു പറ്റിയ അബദ്ധം. :)

  42. Pahayan said...

    എനിക്കു കിട്ടിയ ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം..താങ്ക്‌സ്‌ണ്‌ട്ട്‌ട്ടോ...

  43. മീര said...

    എന്തായാലും നന്നയിട്ടുണ്ട്

  44. Chullanz said...

    sathyam para sree. ithu ninte paachaka pareekshanam alle?

  45. Devarenjini... said...

    ഹ ഹ ഹ .... ഉഗ്രന്‍ ആയിരിയ്ക്കുന്നു... കേസരി നീണാള്‍ വാഴട്ടെ ...

  46. വിജയലക്ഷ്മി said...

    srikuttaa ,rasakaramaaya postum vivaranavum...

  47. പെണ്‍കൊടി said...

    ഈ പോസ്റ്റ് ഇട്ടത് മത്തന്‍ ജി അറിഞ്ഞിട്ടാണോ...?
    എന്തായാലും ശ്രീ ചേട്ടോ.. കലക്കി..
    മഹാ വീരന്‍ വ്യാഘ്രം മഹാ കേസരി വീരന്‍ ശ്രീമാന്‍ മത്തപുംഗവന്‍ നീണാല്‍ വാഴട്ടെ..

  48. അഭിലാഷങ്ങള്‍ said...

    ങും. ങും.
    സംഗതിയൊക്കെ ഓകെ.

    ബട്ട്, ഇവിടെ, ശ്രീക്കുട്ടന്‍ സ്വന്തം കഥ ആ പാവം മത്തന്റെ തലയിലില്‍ കെട്ടിവച്ചതല്ലേയെന്ന ഒരു മാരക ഡൌട്ട് എനിക്കില്ലാതില്ല! സത്യം പറയൂ മത്തനാണോ ശ്രീയാണോ ഇതിലെ ഹീറോ..? കഥ മാറ്റിയില്ലായിരുന്നെങ്കില്‍ ശ്രീയല്ലായിരുന്നോ മെയിന്‍ ഹീറോ? പറയൂ പറയൂ.. :)

    ഈ ഡൌട്ട് നിലനില്‍ക്കുനിടത്തോളം ഈ പോസ്റ്റിനു എന്റെ മനസ്സിലെ പേര് വേറെയായിരിക്കും:

    “ശ്രീ വീര കേസരി മത്തപുംഗവന്‍“

    :)

  49. ഗീത said...

    ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്നങ്ങു ചിന്തിച്ചാല്‍ പോരായിരുന്നോ ആ വീരകേസരി മത്തപുംഗവന്?
    എന്നാലും എന്റമ്മേ പറയാന്‍ നാവില്‍ വന്ന ഒരു പേരേ ! വല്ല ലയണ്‍ എന്നോ ടൈഗര്‍ എന്നോ പറഞ്ഞിരുന്നെങ്കിലും ആ ചേച്ചിയും ചേട്ടനും ചാച്ചനും ഇത്രേം ഞെട്ടിത്തെറിക്കയില്ലായിരുന്നു...

    മാണിക്യം ചേച്ചി പറയുന്നകേട്ടു, ശ്രീയുടെ വ്യാഘ്രം ഒന്നു പരീക്ഷിച്ചു നോക്കണമെന്ന്. ഞാനിത് ഇവിടെ ഇടയ്ക്കിടക്ക് ഉണ്ടാക്കുന്ന പലഹാരമാണ്.

    ശ്രീയേ, ഈ ചിരിപ്പിക്കല്‍ പരിപാടി എന്നെന്നും തുടരണേ.

  50. Arun Jose Francis said...

    ഹിഹി, അത് കലക്കി ശ്രീ... വേറെ കാര്യത്തിലൊന്നും മത്തന് ഈ മറവി ഇല്ല എന്ന് വിചാരിക്കുന്നു... :-)

  51. ആവോലിക്കാരന്‍ said...

    കൊള്ളാം മാഷേ, അടി പൊളി. B.P.C ഇല്‍ ഏത് ബാച്ച് ആയിരുന്നു?

  52. ശ്രീ said...

    Pahayan...
    നന്ദി. :)
    മീര ചേച്ചീ...
    സ്വാഗതം. വായിച്ചതിനും കമന്റിനും നന്ദി. :)
    Chullanz...
    ഹ ഹ. ഇനി അതും എന്റെ തലയില്‍ കെട്ടി വയ്ക്കണമല്ലേ? ;)
    devarenjini...
    സ്വാഗതം. അതു തന്നെ. മത്തനും കേസരിയും നീണാള്‍ വാഴട്ടെ. :)
    കല്യാണി ചേച്ചീ...
    പ്രോത്സാഹനത്തിനു വളരെ നന്ദി കേട്ടോ. :)
    പെണ്‍‌കൊടി...
    അതേയതെ. മത്തനോട് പറഞ്ഞിട്ടു തന്നെ ആണ് എഴുതിയത്. എന്നാലും അവന്‍ വായിച്ചതിനു ശേഷമുള്ള പ്രതികരണം എങ്ങനെ ആകുമോ എന്തോ... ;)
    അഭിലാഷ് ഭായ്...
    ഇങ്ങെത്തിക്കഴിഞ്ഞാല്‍ ഇത് എന്തേലും പറഞ്ഞ് എന്റെ തലയില്‍ വച്ചു തരുമെന്ന് എനിയ്ക്കപ്പഴേ അറിയാമായിരുന്നു. (ശ്ശൊ! ഇനി മത്തനെ നേരിട്ടു പരിചയപ്പെടുത്തിയാലേ എല്ലാരും വിശ്വസിയ്ക്കൂന്ന് തോന്നുന്നു) ;)
    ഗീതേച്ചീ...
    ഹ ഹ. അതാണ് മത്തന്‍. അവന് ഓരോ സമയത്തും എന്താ തോന്നുക എന്ന് ആര്‍ക്കും പറയാനൊക്കില്ല. പിന്നെ, മാണിക്യം ചേച്ചിയ്ക്കു മാത്രമല്ല, ഈ “വ്യാഘ്രം” ആര്‍ക്കും പരീക്ഷിയ്ക്കാവുന്നതാണ് ട്ടോ. ;)
    Arun Jose Francis...
    അമ്പതാം കമന്റിനു നന്ദീട്ടോ. മത്തന് ഇടയ്ക്ക് ഇങ്ങനെ പതിവുള്ളതാ... :)
    ചേട്ടായീ...
    സ്വാഗതം. ഞാന്‍ ബി.പി.സി.യില്‍ 99-02 ഇലക്ട്രോണിക്സ് ബാച്ചില്‍ ഉണ്ടായിരുന്നു. അവിടെ ആയിരുന്നോ?

  53. the man to walk with said...

    kesari kollam..

  54. ബഷീർ said...

    ശ്രീ,

    മത്തന്‍ ചരിതം കേസരിപോലെ നന്നായി. കുറിപ്പടി എഴുതിയ മത്തനു കേസരി എന്ന പേരു കൂടി അവിടെ കുറിച്ച്‌ വെക്കാമായിരുന്നു. എന്നലും വ്യാഘ്രം. അത്‌ കുറച്ച്‌ കടന്നുപോയില്ലേ മത്താ. ആ പേരു ശരിക്കും ചിരിപ്പിച്ചു. പ്യാവം മത്തന്‍

    റ്റി.വി യും കമ്പ്യൂട്ടറും ഇല്ലാതിരുന്നതിനാല്‍ സൗഹൃദ സന്ദര്‍ശനവും കൂടിച്ചേരലുകളും കേസരി മധുരവും എല്ലാം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നത്‌ എല്ലാം ഇന്ന് ഇല്ലാതാവുകയല്ലേ.. എല്ലാറ്റിനും ഒരു നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നു അല്ലേ.. നഷ്ടമാവുന്ന കൂട്ടായ്മകള്‍ വീണ്ടെടുക്കാന്‍

    എല്ലാ ആശംസകളും നേരുന്നു

  55. Unknown said...

    സിംഹം, പുലി, കേസരി, വ്യാഖ്രം.. ഒന്നും മിന്നിയില്ല. :(

  56. Anonymous said...

    nannayi ezhuthunnundu.
    njan sreeye pole valiya oru ezhuthukari allatto abhiprayam parayan.. njan kuthikkurikkunnathu vayichu abhiprayam paranjathinu nandi

  57. ദീപക് രാജ്|Deepak Raj said...

    പാവത്തിനെ ബലിയാടാക്കി.........

  58. [ nardnahc hsemus ] said...

    കൊള്ളാം, തിരിച്ചുവന്ന അന്നുതന്നെ വായിച്ചിരുന്നു...
    പക്ഷെ, ‘കല്യാണവിശേഷങ്ങള്‍‘ എവിടേ??

  59. ...: അപ്പുക്കിളി :... said...

    ഹ ഹ ഹ ... കേസരി ബാലകൃഷ്ണപിള്ളയെ മത്തന്‍ "വ്യാഘ്രം ബാലകൃഷ്ണപിള്ള" എന്നാക്കും...

  60. Anonymous said...

    കൊള്ളാം ചേട്ടാ... രസോണ്ടു,ട്ടോ!


    Subin :)

  61. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

    ഈ മത്തനെ വച്ചു ഒരു ഹോട്ടെല്‍ തുടങ്ങിയാല്‍ അതു സുപ്പര്‍ഹിറ്റ് അകുമല്ലോ,..
    ഇന്നത്തെ സ്പെഷ്യല്‍ : വ്യാഘ്രം..

  62. smitha adharsh said...

    അയ്യോ..ഞാന്‍ വരാന്‍ വൈകിപ്പോയല്ലോ..."വ്യാഘ്രം" കഴിഞ്ഞോ ഡിയര്‍?
    തിന്നാനുള്ള സാധനത്തിനു ഇങ്ങനേം പേരിടാം അല്ലെ?
    പോസ്റ്റ് കലക്കി.

  63. അരുണ്‍ കരിമുട്ടം said...

    വീര കേസരി ചരിത്രം ബോധിച്ചു.
    :)

  64. സ്നേഹതീരം said...

    വീരകേസരി അസ്സലായീട്ടോ, ശ്രീ. ഞാനിന്നിത്തിരി മൂഡ് ഓഫ് ആയി ഇരിക്കുവാരുന്നു. ഇതു വായിച്ചപ്പോ അതൊന്നു മാറിക്കിട്ടി :)

  65. മുസാഫിര്‍ said...

    മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോന്ന് ചോദിച്ച പോലെ മത്തന്‍ കേസരിയുണ്ടാക്കിയാല്‍ അത് വ്യാഘ്രമാവും അല്ലെ ?

  66. ശ്രീ said...

    the man to walk with...
    വായനയ്ക്കും കമന്റിനും നന്ദി. :)
    ബഷീര്‍ക്കാ...
    അവനതു ചെയ്യാന്‍ മറന്നു പോയി. ഇക്ക പറഞ്ഞതു പോലെ ആ കാലത്തിലെ ബന്ധങ്ങളുടെയും സൌഹൃദങ്ങളുടെയും എല്ലാം രസം കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്.
    മുരളീ...
    ഒന്നും മനസ്സിലായില്ലേ? :(
    Lisa...
    സ്വാഗതം. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. :)
    ദീപക്‌രാജ്...
    സ്വാഗതം. ഹ ഹ. അങ്ങനെയും വേണമെങ്കില്‍ പറയാം. ;)
    സുമേഷേട്ടാ...
    കല്യാണവിശേഷങ്ങള്‍ പോസ്റ്റാക്കിയില്ല. :)
    അപ്പുക്കിളി...
    സ്വാഗതം മാഷേ... വായനയ്ക്കും രസകരമായ കമന്റിനും നന്ദി. :)
    സുബിന്‍...
    നന്ദീട്ടൊ. :)
    Kishorelal Parakkat...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. അതൊരു നല്ല ഐഡിയ തന്നെ :)
    സ്മിതേച്ചീ...
    ഹ ഹ. ഇങ്ങനെയും പേരിടാം. കുറച്ചു ‘വ്യാഘ്രം’ എടുക്കട്ടേ? ;)
    അരുണ്‍...
    വളരെ നന്ദി. :)
    സ്നേഹതീരം ചേച്ചീ...
    ഇതു വായിച്ച് മൂഡ്‌ ഓഫ് മാറി എന്നറിഞ്ഞപ്പോള്‍ സന്തോഷം. :)
    മുസാഫിര്‍ മാഷേ...
    അതെയതെ. മത്തന് അതും സാധിയ്ക്കും. :)

  67. ഓമന said...

    sree, mathapungavante "kesari" parikshanam eshtamayi.
    kesari kanubol njan enthayalum mathane orkum.
    sreeyude ezhuthum eshtayitoo....

  68. രാജന്‍ വെങ്ങര said...

    ഇനിയും വരട്ടെ ഇങ്ങിനെയുള്ള ഗജകേസരി പോസ്റ്റുകള്‍..അല്ലെങ്കിലും ശ്രീ എഴുത്തില്‍ ഒരു ഗജരാജകേസരിയാണല്ലോ.
    നന്മ നിറഞ്ഞ ക്രിസ്തുമസ്-പുതുവത്സരാശംസകളൊടെ സ്നേഹപൂര്‍വ്വം..

  69. ശ്രീ ഇടശ്ശേരി. said...

    ശ്രീ,
    ഇത് കലക്കി, മത്തന്‍ എന്ന പേരും അയാളുടെ ഓര്‍മ്മകുറവും,അവതരണമാണ് അതിലും ഭംഗിയായത്..
    :)

  70. പാവത്താൻ said...

    ഇതു ഞാൻ ഇപ്പൊഴാണല്ലോ കണ്ടത്‌ നിങ്ങളാളൊരു വെറും വ്യാഘ്രമല്ല വ്യാവ്യാഘ്രം തന്നെ കെട്ടാ!!!!

  71. Bindhu Unny said...

    ശ്രീ പിന്നെയും ചിരിപ്പിച്ചു :-)

  72. ശ്രീ said...

    ഓമന...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.:)
    രാജന്‍ വെങ്ങര...
    ആശംസകള്‍ക്കു നന്ദി മാഷേ...
    ശ്രീ ഇടശ്ശേരി...
    വളരെ നന്ദി. :)
    പാവത്താന്‍...
    സ്വാഗതം. നന്ദി മാഷേ. :)
    ബിന്ദു ചേച്ചീ...
    ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)

  73. പകല്‍കിനാവന്‍ | daYdreaMer said...

    പുതിയ എഴുത്തൊന്നും ഇല്ലേ ശ്രീ കുട്ടാ... വിശ്രമതിലാണോ?

  74. JAYAN said...

    ശ്ശൊ ഇതൊക്കെ വായിക്കാന്‍ ഞാന്‍ വല്ലാതെ വൈകിപ്പോയി.
    നന്നായിട്ടുണ്ട് നമ്മുടെ മത്തന്റെ കാര്യം.ഒപ്പം നമ്മുടെ പഴയ കലാലയ ജീവിതവും ഓര്‍മ്മവന്നു

  75. രാജന്‍ വെങ്ങര said...

    “വീരകേസരി മത്തപുംഗവ ചരിതം“ അരങ്ങ് തകര്‍ത്തു മുന്നേറുന്നതില്‍ അതിയായ സന്തോഷം.പകല്‍കിനാവന്‍ പറഞ്ഞ പോലെ ഞാനും ശ്രീയുടെ പുതിയ പോസ്റ്റിനായി കത്തിരിക്കയാണു.നിരാശപെടുത്തില്ലല്ലോ...പിന്നെ അതുവഴിയൊന്നും കാണാത്തതില്‍ പരിഭവിക്കയും...സസ്നേഹം..

  76. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    ഇതില്‍ പറഞ്ഞിരിയ്ക്കുന്ന സംഭവത്തിലെ പ്രധാന ഭാഗം നടക്കുന്ന സമയത്ത് ഞങ്ങള്‍ പലരും നേരിട്ട് അവിടെ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ന്നിട്ടുണ്ടാകാം.... kollam

  77. Sathees Makkoth | Asha Revamma said...

    വീർകേസരിമത്തപുഗവൻ കീ ജയ്!

  78. ജെസ്സ് said...

    ente daivame..
    njaan chirichchu chirichchu illaandaayi.
    entaduththirikkunna thelunkaththi enne thuruchchu nokkunnu.
    nanaayittundu sree.... continue

  79. K.P.Sukumaran said...

    കേസരിപുരാണം നന്നായി :)