Tuesday, December 16, 2008

ഓര്‍മ്മകളില്‍ ഒരു ക്രിസ്തുമസ് കാലം

“മനസ്സു നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ...
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂക്കള്‍ വിരിയട്ടെ...”

ഗാനത്തോടെയായിരുന്നു കോളേജില്‍ NSS ന്റെ ഓരോ പരിപാടികളും ആരംഭിച്ചിരുന്നത്. ബിപിസി കോളേജിലെ പഠനകാലത്തെ എന്നെന്നും ഓര്‍മ്മിക്കത്തക്കതായി നിലനിര്‍ത്തുന്നതില്‍ അക്കാലത്തെ ഞങ്ങളുടെ NSS ക്യാമ്പുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. പൊതുവേ രസകരമായിരുന്ന കലാലയ ജീവിതത്തെ വളരെയധികം ആസ്വാദ്യകരമാക്കുന്നതിന് ആ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ പങ്കെടുത്ത അഞ്ച് ക്യാമ്പുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

സാധാരണയായി ഒരു അദ്ധ്യയന വര്‍ഷം രണ്ടു ക്യാമ്പ് ആണ് ഉണ്ടായിരിയ്ക്കുക. ഒരു ത്രിദിന ക്യാമ്പും ഒരു ദശ ദിന ക്യാമ്പും. ഞങ്ങളുടെ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷം എന്തോ കാരണങ്ങള്‍ കൊണ്ട് ദശദിന ക്യാമ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റു ക്യാമ്പുകളില്‍ നിന്നു തന്നെ ഒരുപാട് നല്ല നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടുണ്ട്.

ഞങ്ങളുടെ ബിപിസിയില്‍ എക്കാലവും ഒരു നല്ല സൌഹൃദ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും NSS ക്യാമ്പുകള്‍ ഒരു പ്രധാന കാരണമായിരുന്നു. കാരണം ചെറിയ തോതിലെങ്കിലും നിലനില്‍ക്കാറുള്ള രാഷ്ട്രീയ പാര്‍ട്ടി തരം തിരിവുകളെല്ലാം തന്നെ (ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് അവിടെരാഷ്ട്രീയം ഒരിയ്ക്കലും അതിരു കടക്കാറില്ലെങ്കിലും) പൂര്‍ണ്ണമായും ഇല്ലാതാകുന്ന ഒരു അവസരമായിരുന്നു ക്യാമ്പ് നാളുകള്‍. പാര്‍ട്ടി/ക്ലാസ്സ്/ബാച്ച്/സബ്ജക്റ്റ് എന്നു വേണ്ട, ആണ്‍-പെണ്‍ /അദ്ധ്യാപക-വിദ്യാര്‍ത്ഥി വിവേചനമില്ലാതെ എല്ലാവരും ഒരുപോലെ ആസ്വദിച്ചിരുന്ന നാളുകള്‍.

ക്യാമ്പുകളുടെ മറ്റൊരു ആകര്‍ഷണീയത പുതിയ പുതിയ പ്രണയജോഡികളായിരുന്നു. ഓരോ തവണയും ക്യാമ്പ് അവസാനിയ്ക്കുമ്പോഴേയ്ക്കും ചുരുങ്ങിയത് അര ഡസന്‍ പ്രണയജോഡികളെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകും. അത് ദശദിന ക്യാമ്പു കൂടി ആണെങ്കില്‍ പറയുകയും വേണ്ട. ചുരുക്കം ചിലരെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നതിനു പിന്നില്‍ അങ്ങനെ ഒരു ഉദ്ദേശ്ശവും ഉണ്ടായിരുന്നു. എങ്കില്‍ തന്നെയും വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം തന്നെ എല്ലാവരെയും സ്നേഹപൂര്‍വ്വം നിയന്ത്രിയ്ക്കാന്‍ NSS കോ ഓര്‍ഡിനേറ്റര്‍മാരായ ബിജുസാറിനും ടിജി സാറിനും എന്നും കഴിഞ്ഞിരുന്നു.

1999 ഡിസംബര്‍. ആ വര്‍ഷത്തെ NSS ദശദിന ക്യാമ്പ് തുടങ്ങി. ആ വര്‍ഷത്തെ പ്രത്യേകത ക്യാമ്പ് ആരംഭിച്ചത് ഡിസംബര്‍ 17 നായിരുന്നു എന്നതാണ്. [17-26]. അങ്ങനെ ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ടു തന്നെ ഞങ്ങള്‍ ക്യാമ്പിലെ 60 പേരും വലിയ സൌഹൃദത്തിലായി. ഒരോ ദിവസങ്ങളും സേവന പ്രവൃത്തികളും സെമിനാറുകളും കലാപരിപാടികളും തമാശകളും ഒക്കെയായി കടന്നു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ് ക്യാമ്പിനിടയില്‍ ആയതു കൊണ്ടു തന്നെ ക്രിസ്തുമസ് ദിനം ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റി വയ്ക്കാനും തീരുമാനമായി. കാരണം ഈ അറുപതു പേരും വീട്ടുകാരോടൊത്തുള്ള ആഘോഷം മാറ്റി വച്ച് വന്നിരിയ്ക്കുകയാണല്ലോ.

അങ്ങനെ ഡിസംബര്‍ 22 നും 23 നും രാത്രി ഞങ്ങള്‍ പതിവായി നടത്താറുള്ള കലാപരിപാടികള്‍ മാറ്റി വച്ച് പകരം ക്രിസ്തുമസ് കരോളിനായി ഇറങ്ങി. രണ്ടു രാത്രികള്‍ കൊണ്ട് കോളേജിനു ചുറ്റുമുള്ള എല്ലാ വീടുകളിലും കയറിയിറങ്ങി. [ കോളേജ് കുട്ടികളല്ലേ എന്നും കരുതി എല്ലാ വീട്ടുകാരും ഞങ്ങളെ കാര്യമായി സല്‍ക്കരിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തിരുന്നു കേട്ടോ. ആ രണ്ടു ദിവസം കൊണ്ട് തിന്നു തീര്‍ത്ത പലഹാരങ്ങള്‍ക്കു കണക്കില്ല. പലഹാരം മാത്രമല്ല, നല്ലൊരു തുക സംഭാവനയായും കിട്ടി.]

സാധാരണയായി ഒരു ദശദിന ക്യാമ്പ് നടത്തുമ്പോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അനുവദിച്ചു കിട്ടുന്ന തുകയില്‍ നിന്നും ചെറിയ ഒരു ടൂറും സംഘടിപ്പിയ്ക്കാന്‍ കഴിയാറുണ്ട്. ഞങ്ങള്‍ക്കാണെങ്കില്‍ അത്തവണ കരോളിനു കിട്ടിയ തുക കൂടി ചേര്‍ത്തപ്പോള്‍ വാഗമണിലേയ്ക്ക് നല്ലൊരു ടൂര്‍ സംഘടിപ്പിയ്ക്കാനുമായി. (രസകരവും സംഭവ ബഹുലവുമായ ആ യാത്രയെപ്പറ്റി പിന്നൊരിയ്ക്കല്‍ എഴുതാം)

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ് ദിവസവും വന്നെത്തി. എല്ലാ ദിവസത്തെയും എന്ന പൊലെ സൂര്യനുദിയ്ക്കും മുന്‍പേ ആരംഭിച്ച അന്നത്തെ ക്യാമ്പ് ദിനം ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു. ക്രിസ്തുമസ് ആരവങ്ങളോടെ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. അന്നത്തെ ദിവസം ഉച്ച വരെ ആഘോഷങ്ങള്‍ മാത്രമായിരുന്നു. എല്ലാവരും എല്ലാം മറന്ന് ആഘോഷിച്ച ഒരു നല്ല ക്രിസ്തുമസ് പകല്‍. അങ്ങനെ വിഭവസമൃദ്ധമായ ഉച്ചയൂണും കഴിച്ച് ഞങ്ങള്‍ സെമിനാര്‍ ഹാളില്‍ ഒത്തു കൂടി.

അപ്പോഴാണ് അന്നത്തെ ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ആയിരുന്ന ബേബി എം വര്‍ഗ്ഗീസ് സാര്‍ ഞങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചത്. അക്കൂട്ടത്തില്‍ അദ്ദേഹം ഒരു അഭിപ്രായവും മുന്നോട്ടു വച്ചു. അന്നത്തെ ദിവസത്തിന്റെ ബാക്കി സമയം പിറവത്തിനടുത്തു തന്നെയുള്ള ഒരു വൃദ്ധ സദനത്തില്‍ ചിലവഴിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാരും ടിജി സാറും ഇക്കാര്യം ഞങ്ങളോട് പറഞ്ഞതും എല്ലാവരും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു.

അങ്ങനെ ഞങ്ങളുടെ സദ്യയുടെ ഒരു പങ്കും കുറേ ക്രിസ്തുമസ് പലഹാരങ്ങളും മറ്റുമായി ഞങ്ങള്‍ എല്ലാവരും ആ വൃദ്ധ സദനത്തിലെത്തി. അവിടെ ചെന്നിറങ്ങുന്നതു വരെ എല്ലാവരും ആടിപ്പാടി ബഹളം വച്ചാണ് ചെന്നതെങ്കിലും ആ സ്ഥപനത്തിനു മുറ്റത്ത് കാലു കുത്തിയതോടെ ഞങ്ങളെല്ലാവരും നിശബ്ദരായി. അവിടുത്തെ സ്റ്റാഫുകള്‍ ഞങ്ങളെ അവിടെയുള്ള ഓരോ അന്തേവാസികളേയും പരിചയപ്പെടുത്തി തന്നു. ഉറ്റവരും ഉടയവരും ഇല്ലാത്തവരും ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാത്തവരും… എങ്കിലും അവരെല്ലാം തന്നെ അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ക്രിസ്തുമസ്സിന്റേതായ ആഘോഷങ്ങളോ ഒരുക്കങ്ങളോ ഒന്നും തന്നെ അവിടെ കണ്ടില്ല. അവര്‍ക്ക് ക്രിസ്തുമസിന് ആഘോഷിയ്ക്കാന്‍ എന്താണുള്ളത്?

എങ്കിലും ഞങ്ങള്‍ നക്ഷത്രങ്ങളും കൊണ്ട് അവിടം അലങ്കരിച്ചു. ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പാട്ടുകള്‍ പാടി. ആ സ്ഥാപനത്തിലെ നടത്തിപ്പുകാരുടെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ ഞങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് ഞങ്ങള്‍ “ഹാപ്പി ക്രിസ്തുമസ്” നേര്‍ന്നു കൊണ്ട് കേക്കു മുറിച്ച് അവര്‍ക്കെല്ലാവര്‍ക്കും വിതരണം ചെയ്തു. പിന്നെയും കുറേ നെരം കൂടി ഞങ്ങളെല്ലാവരും അവരോടൊപ്പം ചിലവഴിച്ചു. വളരെ പെട്ടെന്ന് തന്നെ അവരില്‍ പലരും ഞങ്ങളോട് വല്ലാതെ അടുത്തു. ഞങ്ങള്‍ ചോദിയ്ക്കാതെ തന്നെ പലരും അവരുടെ കഥകള്‍ ഞങ്ങളോട് പറഞ്ഞു. മിക്ക സിനിമകളിലും കണ്ടതും കേട്ടതുമായ കഥകളാണ് അവിടെ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. അതില്‍ പലരും മക്കളും പേരക്കുട്ടികളും എല്ലാം ഉള്ളവര്‍. പലരുടേയും മക്കള്‍ നല്ല നിലയില്‍ കഴിയുന്നവര്‍. പക്ഷേ, പ്രായമായപ്പോള്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന മക്കള്‍ക്കു പോലും അവരെ വേണ്ടാതായി. ചിലര്‍ക്ക് അവരുടെ പ്രവാസജീവിതത്തില്‍ ഇവര്‍ ഭാരമാകുന്നു.

അന്ന് സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ എന്നെയും സുധിയപ്പനെയും കെട്ടിപ്പിടിച്ച് കരഞ്ഞ ഒരമ്മൂമ്മയെ ഞാനിന്നും ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രായത്തിലുള്ള രണ്ടു പേരക്കുട്ടികള്‍ അവര്‍ക്കും ഉണ്ടത്രെ. പക്ഷേ വര്‍ഷങ്ങളായി മകനും കുടുംബവും അമേരിയ്ക്കയിലോ മറ്റോ ആണ്. അവരാരും ഇവരെ അന്വേഷിയ്ക്കുന്നു പോലുമില്ലത്രെ. ഞങ്ങള്‍ക്കുണ്ടായ അനുഭവത്തിനു സമാനമായ അനുഭവം അന്ന് എന്റെ സഹപാഠികളില്‍ പലര്‍ക്കും ഉണ്ടായി. അവിടെ നിന്നും കണ്ണു നനയാതെ പടിയിറങ്ങിയവര്‍ വിരളമായിരുന്നു. എങ്കിലും ഒന്നുണ്ട്. അത്രയും പേരില്‍ തങ്ങളെ ഉപേക്ഷിച്ചിട്ടു പോയ മക്കളെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ഇതാണ് അവരുടെ വിധി എന്ന രീതിയിലാണ് സംസാരിച്ചത്. എവിടെയാണെങ്കിലും അവരുടെ മക്കളും പേരക്കുട്ടികളുമെല്ലാം സുഖമായി ജീവിയ്ക്കട്ടെ എന്ന് ഈ അവസ്ഥയിലും അവര്‍ അഗ്രഹിയ്ക്കുന്നു.

അവസാനം അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരെല്ലാവരും തന്നെ മുറ്റത്തിറങ്ങി വന്നു കൈകള്‍ വീശി ഞങ്ങള്ക്ക് റ്റാറ്റാ പറഞ്ഞ് യാത്രയാക്കി. തിരികേ വണ്ടിയില്‍ കയറുമ്പോള്‍ പെണ്‍കുട്ടികളില്‍ പലരും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. വന്നപ്പോള്‍ പാട്ടും ബഹളവുമായി വന്നവര്‍ തിരിച്ചുള്ള യാത്രയില്‍ മൌനമായി എന്തോ ആലോചനകളില്‍ മുഴുകിയിരിയ്ക്കുന്നത് കാണാമായിരുന്നു. തിരികേ കേളേജില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു യാത്ര നടത്തിയന്റെ ഉദ്ദേശ്ശം ബിജുസാറും ടിജി സാറും ഞങ്ങളോട് വിശദീകരിച്ചു തന്നു. സുഖങ്ങളില്‍ മാത്രം ജീവിയ്ക്കുന്ന നമ്മുടെയെല്ലാം ജീവിതത്തിന്റെ മറ്റൊരു വശം മനസ്സിലാക്കി തരുക എന്ന അവരുടെ ഉദ്ദേശ്ശം 100 % വിജയിച്ചു എന്നു തന്നെ പറയാം. കാരണം വിശദീകരണങ്ങളില്ലാതെ തന്നെ ആ യാത്ര ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു പാഠമാവുകയായിരുന്നു.

എല്ലാവരുടേയും ജീവിതത്തിലെ തന്നെ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു ക്രിസ്തുമസ് ദിനം ആയിരുന്നു അത്. പിറ്റേ ദിവസത്തെ കലാശ പരിപാടികളോടെ ആ ദശദിന ക്യാമ്പ് അവസാനിച്ചു. എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കാന്‍ ആ പത്തു ദിവസങ്ങള്‍ക്കു കഴിഞ്ഞു.


**********************************************************

[പിറവത്തു നിന്നും കുറച്ചു മാറി മാമലക്കവല എന്ന സ്ഥലത്തുള്ള കരുണാലയം എന്ന സ്ഥാപനമായിരുന്നു അതെന്നാണ് ഓര്‍മ്മ. ബിപിസിയിലെ എന്റെ കലാലയ ജീവിതത്തില്‍ തന്നെ അതു പൊലെയുള്ള മൂന്നു നാലു സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ സാധിച്ചിരുന്നത് ഒരു നിമിത്തമായി, പുണ്യമായി കരുതുന്നു. കാരണം, ഇതു പൊലെയുള്ള സ്ഥലങ്ങളിലെ അന്തേവാസികളുടെ ജീവിതങ്ങള്‍ നമ്മെ ഒരുപാട് ചിന്തിപ്പിയ്ക്കുന്നവയാണ് . എത്രയൊക്കെയായാലും നമ്മള്‍ വെറും സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നവയാണ്. എന്റെ ജീവിതത്തെയും ഈ യാത്രകള്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്]

ഈ ക്രിസ്തുമസ് നാളുകള്‍ നമ്മള്‍ എല്ലാം മറന്ന് ആഘോഷിയ്ക്കുമ്പോള്‍ ഇതു പോലെയുള്ള സ്ഥാപനങ്ങളെയും അവിടുത്തെ അന്തേവാസികളേയും ഒരു മാത്ര ഓര്‍ക്കുകയാണെങ്കില്‍, അവര്‍ക്കു വേണ്ടി എത്ര ചെറുതായാലും ശരി ഒരു സഹായം ചെയ്യുകയാണെങ്കില്‍ അത് എത്ര മഹത്തരമായിരിയ്ക്കും എന്നു കൂടി നാം മനസ്സിലാക്കിയാല്‍ അതില്‍ നിന്നും കിട്ടുന്ന സംതൃപ്തി ഒന്നു വേറെ തന്നെയായിരിയ്ക്കും. ഇപ്പോഴേ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് അത് തുടരാനും ഇതു വരെ അങ്ങനെ ചിന്തിയ്ക്കാത്തവര്‍ക്ക് ആ വഴിയില്‍ ചിന്തിയ്ക്കാനും ഈ ക്രിസ്തുമസ് നാളുകള്‍ വഴിയൊരുക്കട്ടെ…നമ്മുടെ കുടുംബ ബന്ധങ്ങള്‍ ദൃഢമായി നില നിര്‍ത്താനും ഏവര്‍ക്കും കഴിയട്ടേ. വാര്‍ദ്ധക്യ കാലത്ത് മാതാപിതാക്കള്‍ ഏറ്റവും കൊതിയ്ക്കുന്നത് അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും സാന്നിധ്യവും സ്നേഹവും മാത്രമാണ്. അവരുടെ പണമല്ല.

102 comments:

  1. ശ്രീ said...

    ബിപിസി കോളേജിലെ പഠനകാലത്തെ എന്നെന്നും ഓര്‍മ്മിക്കത്തക്കതായി നിലനിര്‍ത്തുന്നതില്‍ അക്കാലത്തെ ഞങ്ങളുടെ NSS ക്യാമ്പുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. അങ്ങനെ ഒരു ക്രിസ്തുമസ് അവധിക്കാലത്ത് ഞങ്ങള്‍ പങ്കെടുത്ത ദശദിന ക്യാമ്പിന്റെ ഓര്‍മ്മക്കുറിപ്പ്.

    എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു

  2. ഹരീഷ് തൊടുപുഴ said...

    തിരികേ കേളേജില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു യാത്ര നടത്തിയന്റെ ഉദ്ദേശ്ശം ബിജുസാറും ടിജി സാറും ഞങ്ങളോട് വിശദീകരിച്ചു തന്നു. സുഖങ്ങളില്‍ മാത്രം ജീവിയ്ക്കുന്ന നമ്മുടെയെല്ലാം ജീവിതത്തിന്റെ മറ്റൊരു വശം മനസ്സിലാക്കി തരുക എന്ന അവരുടെ ഉദ്ദേശ്ശം 100 % വിജയിച്ചു എന്നു തന്നെ പറയാം


    എവിടെപ്പോയാലും നമ്മുടെ മാതാപിതാക്കളെ മറക്കാതിരിക്കുക... ഓര്‍ക്കുക, നമ്മുടെ സാമീപ്യം അവര്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടായിരിക്കുമെന്ന്.
    ക്രിസ്തുമസ്സ് ആശംസകളോടെ...


    ബി.പി.സി. കോളേജ് എവിടെയാണ്? ഫുള്‍ഫോം എന്താണ്? ശ്രീ എന്തു കോഴ്സ്സ് ആണവിടെ പഠിച്ചത്?

  3. ജിജ സുബ്രഹ്മണ്യൻ said...

    ഓരോ ക്രിസ്മസിനും ഇതു പോലുള്ള കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് അവസരം കിട്ടട്ടേ ശ്രീ.അന്നു നിങ്ങൾ ചെന്നപ്പോൾ ആ വൃദ്ധ സദനത്തിലെ അന്തേവാസികളുടെ ചുണ്ടിൽ ഊറിയ പുഞ്ചിരിക്കു പകരം വെയ്ക്കാൻ വേറെ വല്ലതിനും ആവുമോ ? എന്തായാലും നിങ്ങൾ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ

  4. nandakumar said...

    "സുഖങ്ങളില്‍ മാത്രം ജീവിയ്ക്കുന്ന നമ്മുടെയെല്ലാം ജീവിതത്തിന്റെ മറ്റൊരു വശം മനസ്സിലാക്കി തരുക.."

    കണ്ണുനനയിക്കുന്ന ഓര്‍മ്മ. അനുമോദനങ്ങള്‍ ശ്രീ, അത്തരം സന്ദര്‍ശനത്തിനും ഈ കുറിപ്പിനും.

  5. കനല്‍ said...

    നന്ദി, ആ ഓര്‍മ്മകള്‍ പങ്കു വച്ചതിന്.

    പ്രവാസമെന്ന ഈ ഉടായിപ്പ് ജീവിതത്തിലേക്ക്
    അകപ്പെട്ടു പോകുന്ന ചിലരെങ്കിലും മറ്റു നിവര്‍ത്തിയില്ലാതെ വ്യദ്ധമാതാപിതാക്കളെ ഈ വ്യദ്ധസദനത്തിലെത്തിക്കാറുണ്ട്. ഡ്രാഫ്റ്റുകളായി അവരുടെ സ്നേഹം കൈമാറുന്നുമുണ്ട്.
    നിവര്‍ത്തികേട് കൊണ്ട് അങ്ങനെ ചെയ്യേണ്ടി വരുന്ന പ്രവാസികളെ കുറ്റം പറയാന്‍ പറ്റ്വോ? അണുകുടുംബ സ്യഷ്ടികള്‍ക്ക് മറ്റെന്തു ചെയ്യാനാവും.

  6. ബിന്ദു കെ പി said...

    ഈ ഓർമ്മകൾ നന്നായി ശ്രീ.
    ഇതുപോലെയുള്ള അവസരങ്ങൾ മഹാഭാഗ്യമാണ്.

  7. ആദര്‍ശ്║Adarsh said...

    ആഘോഷ വേളകളില്‍ 'അടിച്ചുപൊളിച്ച് ' നടക്കാതെ ഇത്തരം നല്ല പ്രവൃത്തികള്‍ ചെയ്യുന്ന യുവമനസ്സുകള്‍ ഇന്നു വളരെ കുറവാണ്.പക്ഷേ ഓണത്തിനും ക്രിസ്തുമസ്സിനും കോടിയുടുപ്പും കൈ നീട്ടി വാങ്ങി ,സദ്യ ഉണ്ണേണ്ടി വരുന്ന അന്തേവാസികളായ മാതാപിതാക്കളുടെ കാര്യവും കഷ്ടം തന്നെ..

    ക്രിസ്തുമസ് ആശംസകളോടെ .....

  8. കുട്ടിച്ചാത്തന്‍ said...

    ക്രിസ്തുമസ് ആശംസകള്‍ --(ഇത്തിരി നേരത്തെ ആയിപ്പോയാ!!!)
    ചാത്തനേറ്: NSS ചേരാഞ്ഞത് ഒരു നഷ്ടമായി തോന്നുന്നു.

  9. ബഷീർ said...

    ശ്രീ,

    താങ്കളിലെ നന്മ പ്രകാശിതമാവുന്നു ഇത്തരം ഓര്‍മ്മകളിലൂടെ,

    ആരുമില്ലാത്തവരെ സംരക്ഷിക്കപ്പെടാന്‍ ഇത്തരം കരുണാലയങ്ങള്‍ ഉണ്ടാവേണ്ടതു തന്നെ.പക്ഷെ എല്ലാവരുമുണ്ടായിട്ടും ഒരു കാലത്ത്‌ തങ്ങളുടെ മടിത്തട്ടില്‍ കിടന്ന് വളര്‍ന്ന് വലുതായവരുടെ ഒരു നല്ല വാക്കു പോലും കേള്‍ക്കാന്‍ കഴിയാതെ ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം നെടുവീര്‍പ്പുകളയച്ച്‌ ദിനങ്ങള്‍ തള്ളി നീക്കുന്ന ഈ ജന്മങ്ങള്‍..ഇവരുടെയൊക്കെ മനസ്സിന്റെ തേങ്ങല്‍ അവരുടെ മക്കളുടെ മരുമക്കളുടെ യൊക്കെ ജീവിതവും ഇതിനേക്കാള്‍ കഷ്ടതരമാക്കില്ലെന്ന് ആരു കണ്ടു.

    വലുതാവുമ്പോള്‍ വലുതാക്കിയവരെ വലിച്ചെറിയുന്ന സംസ്കാരം നമ്മുടെ ഇടയിലും വ്യാപകമാവുന്നു. സ്വത്തിനു വേണ്ടി സ്വന്തം അമ്മയെ കാലങ്ങളായി വീട്ടില്‍ പട്ടിയെ പോലെ പൂട്ടിയിട്ട്‌ ഭക്ഷണമെത്തിച്ച്‌ കൊടുക്കുന്ന ഹീന കൃത്യം അടുത്ത ദിവസം പത്രത്തില്‍ വായിച്ചു. ഒരു മരവിപ്പായിരിക്കുന്നു ഇത്തരം വാര്‍ത്തകല്‍ കേള്‍ക്കുമ്പോള്‍.

    നമ്മുടെ മാതാപിതാക്കള്‍ അവരില്‍ നിന്ന് എന്ത്‌ അരുതായ്മകള്‍ നമുക്ക്‌ നേരെ ഉണ്ടായാലും അവര്‍ക്ക്‌ തുണയാവേണ്ട സമയത്ത്‌ അവര്‍ക്ക്‌ ആശ്രയമാവേണ്ട സമയത്ത്‌ ഒരു താങ്ങും തണലുമാവാന്‍ സ്വന്തനമാവാന്‍ സ്നേഹ സ്പര്‍ശമാവാന്‍ നമുക്ക്‌ കഴിയണം. എങ്കിലേ നാം പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനുഷ്യരാവൂൂ

    ആഘോഷങ്ങള്‍ മദ്യത്തിലും മയക്കു മരുന്നിലും മദിരാക്ഷിയിലും തളക്കുന്ന തുലക്കുന്ന ആധുനിക യുവതക്ക്‌ ഇത്തരം സത്കര്‍മ്മങ്ങള്‍ പ്രചോദനമാവട്ടെ

    അഭിനന്ദനങ്ങള്‍

  10. ബഷീർ said...

    കുടുംബബന്ധം ഉട്ടിയുറപ്പിക്കാന്‍ നമുക്കാവട്ടെ

  11. mayilppeeli said...

    ശ്രീ, വളരെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്‌.....അനാവശ്യമായ ഒരുപാട്‌ ആഡംബരങ്ങള്‍ക്കായി പല വിശേഷ അവസരങ്ങളിലും നമ്മള്‍ പണം ചിലവാക്കാറുണ്ട്‌....അതിന്റെ ഒരു ഭാഗമെങ്കിലും കരുണാലയം പോലെയുള്ള സ്ഥാപനങ്ങള്‍ക്കുവേണ്ടി നീക്കിവച്ചാല്‍ കിട്ടുന്ന പുണ്യവും സന്തോഷവും വേറെന്തിനേക്കാളും വലുതായിരിയ്ക്കും.....ഒരു നല്ല സന്ദേശമാണ്‌ ഈ കുറിപ്പിലൂടേ ശ്രീ പറഞ്ഞത്‌....ആശംസകള്‍.....

  12. Ranjith chemmad / ചെമ്മാടൻ said...

    നനുത്ത ഓര്‍മ്മകള്‍ പങ്കുവെച്ചതിന് നന്ദി....

  13. Anonymous said...

    ബൂലോഗത്തെ ഒരേയൊരു മാന്യന് ഒരു തേങ്ങ ..........

  14. ശ്രീ said...

    ഹരീഷേട്ടാ...
    ആദ്യ കമന്റിനു നന്ദി. ബിപിസി(Baselios Paulose II Catholicos)യില്‍ ഇലക്ട്രോണിക്സ് ബാച്ചായിരുന്നു ഞാന്‍. തൊടുപുഴക്കാരും അവിടെ പഠിച്ചിരുന്നു കേട്ടോ.
    കാന്താരി ചേച്ചീ...
    വളരെ ശരിയാണ്. അവിടെ അവരുടെ കൂടെ ചിലവിട്ട അവരെ കുറച്ചു നേരത്തേക്കെങ്കിലും സന്തോഷിപ്പിച്ച ആ ദിവസം ഞങ്ങള്‍ക്കു മറക്കാനാകില്ല.
    നന്ദേട്ടാ...
    അനുമോദനങ്ങള്‍ക്കു നന്ദി. സത്യത്തില്‍ അങ്ങനെ ഒരു അവസരം കിട്ടിയതില്‍ എനിയ്ക്കും സന്തോഷമുണ്ട്.
    കനല്‍ മാഷേ...
    പ്രവാസികളില്‍ ഒരു ചെറിയ ശതമാനമെങ്കിലും മന:പൂര്‍വ്വമല്ലാതെയെങ്കിലും ഇതു പോലെ മാതാപിതാക്കളെ കയ്യൊഴിയേണ്ടി വരുന്നുണ്ട് എന്നറിയാം. ജീവിത സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാനായി നാടിനെ ഉപേക്ഷിച്ച് മറുനാട്ടില്‍ പോയി കഷ്ടപ്പെടുന്ന അവരെ അല്ല ഞാനും ഉദ്ദേശിച്ചത്.
    ബിന്ദു ചേച്ചീ...
    ശരിയാണ്. ഇത്തരം അവസരങ്ങള്‍ ജീവിതത്തിലെ പലതും തിരിച്ചറിയാന്‍ നമ്മെ പഠിപ്പിയ്ക്കുന്നു.
    ആദര്‍ശ്...
    അതെ. അവരെ കുറിച്ച് അവരിലൊരാളെപ്പോലെ ചിന്തിയ്ക്കുമ്പോഴേ ആ വേദന നമുക്കു ശരിയ്ക്കും ഉള്‍ക്കൊള്ളാനാകൂ.
    ചാത്താ...
    അന്നത്തെ ക്യാമ്പ് 17 നായിരുന്നു തുടങ്ങിയത്. ആ ഓര്‍മ്മയ്ക്കാണ് ക്രിസ്തുമസ്സിനു മുന്‍‌പേ ഇങ്ങനെ ഒരു പോസ്റ്റ് ഇടാമെന്നു കരുതിയത്.
    ബഷീര്‍ക്കാ...
    വിശദമായ ഈ കമന്റിനു നന്ദി. ഞാനങ്ങനെ ചെയ്തു എന്നറിയിയ്ക്കാനല്ല ഞാന്‍ ഈ പോസ്റ്റ് ഇട്ടത് ട്ടോ. ഇങ്ങനെയുള്ള ആഘോഷങ്ങളുടെ വേളയിലും ഇതൊന്നും ആസ്വദിയ്ക്കാനാവാതെ വേദനിയ്ക്കുന്ന ഒരു കൂട്ടം ആളുകളും നമുക്കിടയിലുണ്ട് എന്നോര്‍ത്തപ്പോള്‍ ഈ പഴയ സംഭവം ഓര്‍മ്മയില്‍ വന്നു. അതിവിടെ പങ്കു വയ്ക്കാമെന്നു തോന്നി, അത്ര മാത്രം.
    mayilppeeli ചേച്ചീ...
    ആഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കണമെന്നല്ല; അതിന്റെ ഒരു ചെറിയ പങ്കെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റി വയ്ക്കാന്‍ എല്ലാവര്‍ക്കും തോന്നിയിരുന്നെങ്കില്‍ എന്നു ആശിച്ചു പോകുന്നു.
    രഞ്ജിത് മാഷേ...
    വളരെ നന്ദി.
    അനോണീ...
    കളിയാക്കിയതായിരിയ്ക്കുമെന്നറിയാമെങ്കിലും തേങ്ങ സ്വീകരിച്ചിരിയ്ക്കുന്നൂട്ടോ.

  15. രാജീവ്‌ .എ . കുറുപ്പ് said...

    അത്രയും പേരില്‍ തങ്ങളെ ഉപേക്ഷിച്ചിട്ടു പോയ മക്കളെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ഇതാണ് അവരുടെ വിധി എന്ന രീതിയിലാണ് സംസാരിച്ചത്. എവിടെയാണെങ്കിലും അവരുടെ മക്കളും പേരക്കുട്ടികളുമെല്ലാം സുഖമായി ജീവിയ്ക്കട്ടെ എന്ന് ഈ അവസ്ഥയിലും അവര്‍ അഗ്രഹിയ്ക്കുന്നു

    ഇതു ശരിക്കും മനസ്സില്‍ തട്ടി. നേരത്തെ പോസ്റ്റെണ്ടത് ആയിരുന്നു. എന്നാലും ഒത്തിരി ചിന്തിക്കാന്‍ സാധിച്ചു. ശ്രീയേട്ടാ ഒത്തിരി നന്ദി

  16. Anil cheleri kumaran said...

    വളരെ നന്നായി ശ്രീ നിങ്ങളന്നു ചെയ്തത്. ഇത്തരം മനസ്സ് എന്നുമുണ്ടാകട്ടെ.
    എഴുത്ത് വളരെ നന്നായി എന്നു പറയേണ്ടതില്ലല്ലോ.

  17. ശിശു said...

    ശ്രീ, നല്ല ഓര്‍മ്മകള്‍.. ക്രിസ്തുമസ് ആശംസകളോടെ..

  18. poor-me/പാവം-ഞാന്‍ said...

    അനുഭവങള്‍ക്കു വളരെ സന്തോഷം. ഒരു കാര്യം പറയട്ടെ എന്റെ വിവാഹ വാര്‍ഷികതിന്നു ലോകം മുഴുവനുമുള്ള ഓഫ്ഫീസുകള്‍ക്കു അവധിയായിരിക്കും.ക്രിസ്തുമസ്‌ ആശംസകളോടെ...പാവം ഞാന്‍

  19. പ്രയാസി said...

    Malayalam Vazhangunnilla..:(

    Manyan Sreekuttaa.. Nalla post ;)

  20. പകല്‍കിനാവന്‍ | daYdreaMer said...

    തിരികെ വരാത്ത ഈ ഓര്‍മ്മകള്‍ എത്ര നുണഞ്ഞാലും മതി വരില്ല...
    നന്ദിയുണ്ട് ..കേട്ടോ....!

  21. പിള്ളേച്ചന്‍‌ said...

    In every one's life there is a stage like this. Now my grandma(amma's amma) is under this situation. However, she is in Bangalore with elder son. Earlier she was with my mom, before that, with elder sister of amma. No one is ready to take care of her. I dont know what will be fate of ours.

  22. അച്ചു said...

    നല്ലൊരു ഓർമ പങ്കുവച്ചതിനു നന്ദി...

    എഴുത്ത് നന്നായിരിക്കുന്നു...

  23. ശ്രീ said...

    കുറുപ്പിന്റെ കണക്കു പുസ്തകം...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ.
    കുമാരേട്ടാ...
    ആശംസകള്‍ക്കു നന്ദി.
    ശിശു മാഷേ...
    ഒരുപാടു നാളുകള്‍ക്കു ശേഷം ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി.
    poor-me/പാവം-ഞാന്‍...
    സ്വാഗതം മാഷേ. അപ്പോള്‍ വിവാഹം ക്രിസ്തുമസിനായിരുന്നുവല്ലേ?
    പ്രയാസീ...
    നന്ദീട്ടോ.
    പകല്‍‌ക്കിനാവന്‍...
    ശരിയാണ് മാഷേ. എത്ര ഓര്‍മ്മിച്ചാലും മതിവരാത്ത ഓര്‍മ്മകളാണ് ഇവ.
    prem kumar...
    നാളത്തെ നമ്മുടെയെല്ലാം അവസ്ഥയും ഇതു തന്നെ ആണെന്ന് ഇന്ന് ആരും ചിന്തിയ്ക്കുന്നില്ലല്ലോ.
    കൂട്ടുകാരന്‍...
    വായനയ്ക്കും കമന്റിനും വളരെ നന്ദി.

  24. റിനുമോന്‍ said...

    ശ്രീയേട്ടാ...

    ഒരു ഓണകാലത്ത് എന്‍ എസ് എസ് ക്യാമ്പിന്റെ ഭാഗമായി വിയ്യൂര്‍ അടുത്തുള്ള വൃദ്ധ സദനത്തിലേക്ക് ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും പോയിരുന്നു. അവരോടൊപ്പമുള്ള ഓണസദ്യക്കു ശേഷം അവരോടൊത്ത് വിശേഷം പങ്കുവെക്കവേ അന്നാമ എന്ന് പേരുള്ള ഒരമ്മൂമ്മയെ പരിചയപെട്ടിരുന്നു. മൂന്നു ആണ്മക്കള്‍ ഉണ്ടായിട്ടും ഈ വൃദ്ധ സദനത്തില്‍ എത്തിപെട്ട കഥ കേട്ടപ്പോള്‍ ശരിക്കും കരഞ്ഞുപോയി.

    ആ മക്കളൊക്കെ ഇന്നു എവിടെയാണെന്ന എന്റെ ചോദ്യത്തിന്റെ ഉത്തരമായി "ഇതുപോലെയുള്ള ദിവസങ്ങളില്‍ വന്നു പോകുന്ന നിങ്ങളെ പോലെയുള്ളവരാണ്‌ ഇപ്പോള്‍ ഞങ്ങളുടെ മക്കള്‍. ഇനി നിങ്ങള്‍ ഇവിടെ വരില്ലായിരിക്കാം. പക്ഷെ ഒന്നോര്‍ക്കുക നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളെ എത്രമാത്രം ഇഷ്ടപെടുന്നുവെന്നു. നാളെ നിങ്ങളും വലുതായി വരികയാണ്‌. ഇന്നിവിടെ ഞാന്‍ തനിച്ചല്ല" അപ്പോഴേക്കും അമ്മൂമ കരഞ്ഞിരുന്നു.

    ഇന്നിവിടെ ശ്രീയെട്ടന്റെ പോസ്റ്റ് വായിച്ചപ്പോഴാണ് ആ അമ്മൂമയെ വീണ്ടും ഒന്നോര്‍ത്തു നോക്കിയത്. അതുകൊണ്ട് ഇതുപോലെ വൃദ്ധ സദനങ്ങളില്‍ കഴിയുന്ന എല്ലാ മാതാപിതാക്കള്‍ക്കും പിന്നെ ശ്രീയേട്ടനും എന്റെ ക്രിസ്തുമസ് ആശംസകള്‍......

  25. BS Madai said...

    ശ്രീയുടെ ഏറ്റവും മനോഹരമായ, ഹൃദയസ്പര്‍ശിയായ പോസ്റ്റ്. ഈ നല്ല ഓര്‍മ്മകള്‍ പങ്കുവച്ചതിനു നന്ദി. ക്രിസ്തുമസ്, പുതുവല്‍സരാശംസകള്‍.

  26. അനില്‍@ബ്ലോഗ് // anil said...

    “മനസ്സു നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ...
    മാനവഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പൂക്കള്‍ വിരിയട്ടെ...”

    ആശംസകള്‍

  27. ഭൂമിപുത്രി said...

    ഇത്രയും ചാരിതാർത്ഥ്യം മറ്റെന്തെങ്കിലും തരത്തിൽ
    ക്രിസ്തുമസ് ആഘോഷിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നോ?

  28. Tomkid! said...

    നല്ല പോസ്റ്റ്!!!

    ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍.

  29. Appu Adyakshari said...

    ശ്രീക്കുട്ടാ..

    ഒരുപാടു നാളുകൂടി നല്ലൊരു പോസ്റ്റു വായിച്ചു. ആവൂ. അതെ, ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ വന്നവഴികളെയും അതിനിടയാക്കിയവരേയും സൌകര്യപൂര്‍വ്വം മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ടാണ് “നിവൃത്തികേടിനെ” പഴിചാരി വൃദ്ധസദനങ്ങള്‍ നാട്ടില്‍ ഏറിവരുന്നതും.

    എവിടെയോ വായിച്ചതോര്‍ക്കുന്നു, അന്യനാടുകളിലേക്ക് ഇമിഗ്രേഷന്‍ ചെയ്തുപോകുന്ന മലയാളികളില്‍ ഏറിയപങ്കും ക്രിസ്ത്യാനികളാണെന്നും, അതുകൊണ്ട്തന്നെ കേരളത്തിലെ ഇന്നത്തെ വൃദ്ധസദനങ്ങളിലെ ഏറിയ അന്തേവാസികളും ക്രിസ്ത്യാനിമാതാപിതാക്കള്‍ ആണെന്നും.

    ഈവര്‍ഷത്തെ ക്രീസ്തുമസ് കടന്നുവരുമ്പോള്‍ അവരുടെ മാതാപിതാക്കളെ “വാര്‍ദ്ധക്യത്തില്‍ ശുശ്രൂഷിക്കുവാന്‍ വൃദ്ധസദനങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന എല്ലാവരും ശ്രീ പറഞ്ഞകാര്യം ഓര്‍ത്തെങ്കില്‍ : “നമ്മുടെ കുടുംബ ബന്ധങ്ങള്‍ ദൃഢമായി നില നിര്‍ത്താന്‍ ഏവര്‍ക്കും കഴിയട്ടേ. വാര്‍ദ്ധക്യ കാലത്ത് മാതാപിതാക്കള്‍ ഏറ്റവും കൊതിയ്ക്കുന്നത് അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും സാന്നിധ്യവും സ്നേഹവും മാത്രമാണ്, അവരുടെ പണമല്ല“

  30. പാമരന്‍ said...

    thanx Sree..

  31. ശ്രീനാഥ്‌ | അഹം said...

    kudos to that princi... who made u guys to b ther.... n to teach u a lesson without teaching...

  32. പ്രയാണ്‍ said...

    മക്കളുടെ വളര്‍ച്ചയ്ക്ക് വിലങ്ങു തടിയാവാതിരിക്കാന്‍ വേണ്ടി വ്ര്ദ്ധസദനം തിരഞ്ഞെടുക്കുന്നവരും ധാരാളമുണ്ട്.അന്ന്യ സംസ്ഥാത്തിലോ രാജ്യത്തോ ജോലി ചെയ്യേണ്ടി വരുന്ന മക്കളുടെ കൂടെ ജിവിക്കുന്നതിനെക്കാള്‍ പലര്‍ക്കും അഭികാമ്യം ഉള്ള ജീവിതം ഇവിടെ ജീവിച്ചു തീര്‍ക്കുക എന്നുള്ളതാണ്.

  33. [ nardnahc hsemus ] said...

    ഓര്‍മ്മകള്‍ നന്നായി.

  34. ഉപാസന || Upasana said...

    ശോഭീ : ഇത് വായിച്ചപ്പോ ഓര്‍മ്മ വന്നത് നമ്മുടെ നാട്ടിലുള്ള ഒരു ചില്‍ഡ്രന്‍സ് ഹോം ആണ്. :-(

    ഉപാസന

  35. ശ്രീ said...

    റിനുമോന്‍...
    അങ്ങനെ ഒരു അനുഭവമെങ്കിലും ഉള്ളവര്‍ക്ക് ഒരിയ്ക്കലും അത് മറക്കാനാവില്ല. ഈ അനുഭവം പങ്കു വച്ചതിനു നന്ദി.
    BS Madai...
    നന്ദി മാഷേ. ഇത്തരം അനുഭവങ്ങളില്‍ നിന്നു കിട്ടുന്ന സന്ദേശമല്ലേ നാമെല്ലാം ഓര്‍ത്തിരിയ്ക്കേണ്ടത്.
    അനില്‍@ബ്ലോഗ്...
    വളരെ നന്ദി മാഷേ.
    ഭൂമിപുത്രി ചേച്ചീ...
    ശരിയാണ്. അതില്‍ നിന്നു കിട്ടുന്ന ചാരിതാര്‍ത്ഥ്യത്തിനു മറ്റൊന്നും പകരമാവില്ല.
    Tomkid!
    സ്വാഗതം. വായനയ്ക്കും ആശംസകള്‍ക്കും നന്ദി.
    അപ്പുവേട്ടാ...
    ഒരു പക്ഷേ ശരിയാകാം. പക്ഷേ, ഇത്തരം സ്ഥാപനങ്ങള്‍ക്കു പുറമേ മാത്രമേ ജാതി മത വ്യത്യാസങ്ങളുള്ളൂ... ഇതിനകത്ത് എല്ലാവരും ഒരു പോലെ ജീവിയ്ക്കുന്നു.
    പാമരന്‍ മാഷേ...
    ഇവിടെ വരെ വന്നതിനു നന്ദി.
    ശ്രീനാഥ്...
    ശരിയാണ്. ബേബി സാറിന്റെ ആശയം തന്നെ ആയിരുന്നു അത്. അദ്ദേഹം അതു കൊണ്ടുദ്ദേശ്ശിയ്ക്കുന്നത് എന്താണെന്ന് പറയാതെ തന്നെ ഞങ്ങളെ പഠിപ്പിയ്ക്കുകയായിരുന്നു.
    Prayan...
    അങ്ങനെ മക്കളുടെ വളര്‍ച്ചയ്ക്ക് തടസ്സമാകാതെ തനിയേ വൃദ്ധ സദനത്തിലേയ്ക്ക് പോകാന്‍ തയ്യാറുള്ളവരും ഉണ്ടാകുമോ? എനിയ്ക്കറിയില്ല. ഒരു പക്ഷേ, അന്യ നാടുകളില്‍ പോകുന്നതിനേക്കാള്‍ ഇവിടങ്ങളിലേയ്ക്ക് പോകാന്‍ സമ്മതം പറയുന്നവരുണ്ടാകാം.
    സുമേഷേട്ടാ...
    നന്ദി.
    സുനിലേ...
    അതെ. വൃദ്ധ സദനങ്ങള്‍ മാത്രമല്ല, അനാഥാലയങ്ങളും മനോരോഗികളെ ശുശ്രൂഷിയ്ക്കുന്ന സ്ഥലങ്ങളും ഒന്നും വ്യത്യസ്ഥമല്ല.

  36. വിജയലക്ഷ്മി said...

    sree kutta,hrudayasprsiyaaya,ormmakkurippu pankuvechhathinu nandi...

  37. തോന്ന്യാസി said...

    ശ്രീ....

    മനസ്സില്‍ തറഞ്ഞ പോസ്റ്റ്...

    കൂടുതലൊന്നും പറയാനില്ല........

  38. the man to walk with said...

    nannayi nanmayulla christamas orma ..

  39. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...
    This comment has been removed by the author.
  40. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

    ഇതിന് ഒരു കമെന്റ് പോസ്റ്റ് ചെയ്ത് ശ്രീ യുടെ നല്ല മനസ്സിനെ ചെറുതാക്കി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...
    I salute your mind that is filled with love and kindness..
    not many in our age group has a mindset like this...
    salutes you again for posting such events and conveying the idea to your readers.
    ഇങ്ങനെ എന്തെങ്കിലും ഞാന്‍ എഴുതി ഉണ്ടാക്കണമെങ്കില്‍ അതു എന്റെ ഭാവനയില്‍ നിന്ന് വേണ്ടി വരും കാരണം കോളെജ് ജീവിതത്തില്‍ കൂടുതലും കുരുത്തക്കേടുകള്‍ ആണു കാട്ടിക്കൂട്ടിയത്..

    എന്തായാലും ഈ മനസ്സ് ഒരിക്കലും കൈമോശം വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..
    ആശംസകള്‍

  41. മാണിക്യം said...

    ശ്രീ
    പോസ്റ്റ് ഇന്നലെ രാത്രി വായിച്ചു ...
    വളരെ നല്ല ഒരു പ്രവര്‍ത്തി എത്ര പറഞ്ഞാലും അവിടെവരെ പോയി ആ ആളുകളെ കാണുമ്പോള്‍ ഉണ്ടാവുന്നാ‍ ആ അറിവ് ആ ഫീലിങ്ങ് അനുഭവിക്കുക തന്നെ വേണം..
    ഞാന്‍ ഇവിടെ ഒരു ഓള്‍ഡ് ഏജ് ഹൊമില്‍ വോളിണ്ടിയര്‍ ആയി പോകാറുണ്ട്....
    അവിടെ അവര്‍ക്ക് ആരെങ്കിലും കാണാന്‍ ചെല്ലുന്നത് വളരെ സന്തോഷമാണ്...
    ഞാന്‍ സൈമണ്‍ എന്ന ആളെയാണ് കാണുക
    90 വയസ്സുണ്ട്, അദ്ദേഹത്തിന്റെ മകള്‍ എന്റെ സ്കൂളിലെ പ്രിന്‍സിപ്പള്‍ ആയിരുന്നു ക്യാന്‍സര്‍ വന്നു മരിച്ചു, അതിനു ശേഷമാണ് ഇവിടെ..കുറെ നാളായി പഴയതൊന്നും ഒര്‍മ്മയില്ല.
    ഒരു 40 കൊല്ലം മിസ്സ് ആയി ..പഴയ കാര്യം എല്ലാം വളരെ വ്യക്തമായി പറയും ജര്‍മ്മനിയിലെ യുദ്ധവും രണ്ടാം ലോകമഹായുദ്ധം,കപ്പലില്‍ സഞ്ചരിച്ചത് ഒക്കെ വളരെ വിശദമായി വിവരിക്കും....സൈമണ്‍ നന്നായി നടക്കും ..
    ഞാന്‍ വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും അവിടെവരെ പോകും .
    ഒരു കെട്ട് പൂക്കള്‍ കൊണ്ട് സൈമന്റെ മുറിയില്‍ വയ്ക്കും.....നാളെ കേയ്ക്ക് കൊടുക്കാന്‍ പൊകും ..
    പ്രായമുള്ളവരുടെ സമീപ്യം അതൊരു അനുഗ്രഹമാണ്...

  42. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    ശ്രീ.. ചിലതങ്ങനെയാ... പറയേണ്ടി വരില്ലാ.. താനെ മനസ്സിലേക്കെത്തും മനസ്സില്‍ തട്ടേം ചെയ്യും. ഒരു പ്രവശ്യം മമ്മൂട്ട്യുമായി നമ്മുടെ ചാനലുകാര്‍ ഇതുപോലെ ഒരു സ്ഥലത്ത് പോയതോര്‍മ്മ വന്നു. ഒരു അനുഭവമായിരുന്നൂ അതും.അവിടെയും കേട്ടത് ആരും കുറ്റംപറയുന്നതല്ല. സ്നേഹമുള്ള മനസ്സിന്റെ വിങ്ങലുകളായിരുന്നൂ...

  43. smitha adharsh said...

    ശ്രീ..വായിക്കാന്‍ തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ വിചാരിച്ചത്,ക്യാമ്പിലെ ഏതെങ്കിലും അമളിയോ,അബദ്ധമോ,പ്രണയമോ..കഥയായി വന്നതായിരിക്കും എന്നാണു.വായന തുടര്ന്നപ്പോഴല്ലേ മനസ്സിലായത്...ജീവിതത്തിന്റെ കയ്പേറിയ ഏടുകളില്‍ കഥാപാത്രങ്ങളായി വരേണ്ടവരോടോത്തുള്ള ഒരു "ക്രിസ്മസ് ആഘോഷം"ആണ് അതെന്ന്.ആ വൃദ്ധസദനത്തിലെ ഓരോ അന്തേവാസികളുടെയും മുഖത്ത് വിരിഞ്ഞ സന്തോഷം എത്ര വിലപിടിച്ച ക്രിസ്മസ് സമ്മാനത്തിനും പകരം ആകില്ലല്ലോ..നന്നായി,നല്ല പോസ്റ്റ്.

  44. ഷിജു said...

    ശ്രീയേ, നല്ല പോസ്റ്റ്,
    ഞാനും സമാനമായ ഒരു സംഭവം എഴുതാനിരിക്കുകയായിരുന്നു, ഇന്ന് നമ്മുടെ നാട്ടില്‍ വൃദ്ധ സദനങ്ങള്‍ പെരുകിവരുകയാണല്ലോ.പലര്‍ക്കും മാതാപിതാക്കളെ നോക്കാന്‍ വയ്യ. പ്രായമുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍പ്പിടിച്ച് വഴക്ക് തുടങ്ങുക ഞങ്ങളുടെ നാട്ടിലെ നിത്യസംഭവമാണ്.പിന്നിട് പ്രായമായ അപ്പൂപ്പന്‍, അമ്മൂമമാര്‍ വൃദ്ധ സദനത്തിലാകാന്‍ അധിക താമസം വേണ്ടാ. ഞങ്ങളുടെ മധ്യ തിരുവിതാംകൂറിലാണ് ഏറ്റവും കൂടുതല്‍ വൃദ്ധ സദനങ്ങള്‍ ഉള്ളതെന്നാണ് എന്റെ അറിവ്. പക്ഷേ ഈ മക്കള്‍ ഒരുകാര്യം ഓര്‍ത്താല്‍ നല്ലത്, അവരും ഈ അവസ്ഥയിലേക്കാണ് വരുന്നതെന്ന്.
    പെണ്‍ മരുമക്കളുടെ മാനസീക-ശാരീരിക പീഡനങ്ങള്‍ അനുഭവിക്കുന്ന ഒരു മാതാവിനെ എനിക്ക് നേരിട്ട് അറിയാം,ഇത്തരം വൃദ്ധ സദനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അവരുടെ അവസ്ഥ എന്തായേനേ??

  45. മുസാഫിര്‍ said...

    മനസ്സിലെ നന്മയെ തൊട്ടുണര്‍ത്തുന്ന കുറിപ്പ്,ശ്രീ.അമൃത ടി വിയില്‍ സാന്ത്വനം എന്ന പ്രോഗ്രാമിലും ഇങ്ങനെ കണ്ണ് നനയിക്കുന്ന ചില സീനുകള്‍ കാണാറുണ്ട്.

  46. ശ്രീ said...

    കല്യാണി ചേച്ചീ...
    വായനയ്ക്കും കമന്റിനും വളരെ നന്ദി.
    തോന്ന്യാസീ...
    ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി.
    the man to walk with...
    നന്ദി മാഷേ...
    കിഷോര്‍ലാല്‍ പറക്കാട്ട് ...
    ഇത്തരം അനുഭവങ്ങള്‍ വിദ്യാലയ കാലഘട്ടത്തില്‍ ലഭിയ്ക്കുന്നത് നല്ലൊരു അനുഭവം തന്നെയാണ്. ആശംസകള്‍ക്കു നന്ദി.
    മുല്ലപ്പൂവ്...
    നന്ദി.
    മാണിക്യം ചേച്ചീ...
    ഈ വിശദമായ അനുഭവം പങ്കു വച്ചതിനും നന്ദി. സൈമണെ പോലെ എത്രയോ ആളുകള്‍ ഉണ്ടാകും ഇതു പോലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വൃദ്ധമന്ദിരങ്ങളില്‍... ഇതെല്ലാം ആരോര്‍ക്കുന്നു. ചേച്ചിയുടെ ആ നല്ല മനസ്സിന് പ്രണാമം.
    കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍...
    ശരിയാണ്. ചില അനുഭവങ്ങള്‍ ഒരിയ്ക്കലും മറക്കാത്ത പാഠങ്ങളാണ് നല്‍കുക.
    സ്മിതേച്ചീ...
    അതെ. ഇതു പോലെയുള്ള അനുഭവങ്ങളില്‍ നിന്നു കിട്ടുന്ന സംതൃപ്തി ഒന്നു വേറെ തന്നെ ആണ്.
    ഷിജുച്ചായാ...
    ഷിജുച്ചായന്‍ പറഞ്ഞതു പോലെ വൃദ്ധ മാതാപിതാക്കളെ അവഗണിയ്ക്കുന്ന, പീഢിപ്പിയ്ക്കുന്ന മക്കളും മരുമക്കളും ഒരു കാര്യമോര്‍ക്കുന്നില്ല. നാളെ അവരും ഈ അവസ്ഥയില്‍ കൂടി കടന്നു പോകേണ്ടവരാണെന്നത്. അങ്ങനെ ഉള്ളവര്‍ക്ക് വൃദ്ധസദനങ്ങള്‍ ആശ്വാസമാണെന്ന് സമ്മതിയ്ക്കാതെ വയ്യ.
    മുസാഫിര്‍ മാഷേ...
    ശരിയാണ്. സാന്ത്വനം എന്ന പരിപാടി ഹൃദയസ്പര്‍ശിയാണ്.

  47. പാറുക്കുട്ടി said...

    ശ്രീ... കലക്കീട്ടുണ്ട് കേട്ടോ

  48. നവരുചിയന്‍ said...

    ഓര്‍മകളും അവയുടെ നഷ്ട സുഗന്ധവും .........................

  49. പിരിക്കുട്ടി said...

    ഞങ്ങളും പോയിരുന്നു ....
    സോഷ്യല്‍ വര്‍ക്കിന്റെ സമയത്ത് ....
    ഇരിഞാലകുടയില്‍
    .........
    അവിടെ ഉള്ളവര്‍ ഞങ്ങളോട് അധികം മിണ്ടിയോന്നുമില്ല ....
    അവരെ എന്തോ കഴ്ചവസ്തുക്കലെപ്പോലെ കാണാന്‍ വന്നെക്കുന്ന പോലെ ഒരു ഭാവം ആയിരുന്നു ....
    കുറച്ചു പേര്‍ ഞങ്ങളോട് സ്നേഹം കാട്ടി ഞങ്ങളുടെ കൂടെ പാട്ടൊക്കെ പാടി ചില ആളുകള്‍ റൂമിനടുത്തു ചെന്നപ്പോലെ ഓടിച്ചു കാണാന്‍ വന്നേക്കുന്നു എന്ന് പറഞ്ഞു ...
    മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു അവരുടെ നൊമ്പരങ്ങളായിരുന്നു ആ ചീത്തകളില്‍
    എന്ന് നമ്മള്‍ക്കും ഒരു നാള്‍ ഇത് തന്നെ ഗതി

  50. ഇഗ്ഗോയ് /iggooy said...

    എനിക്കും ഉണ്ടായിരുന്നു
    ഇതുപോലത്തെ മനോഹരമായ ക്യാമ്പ് കാലം.

  51. Sekhar said...

    Beautiful Sree. Went through my childhood memories for some time reading this. Keep on writing :)

  52. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..

    വളരെ മനോഹരമായ പോസ്റ്റ്. ശ്രീയുടെ അനുഭവങ്ങള്‍ ബൂലോഗത്തിന്റെയും അനുഭവമായി മാറുന്നു. എന്തായാലും ഞാനെന്റെ അമ്മയെ ഓര്‍ത്തുപോയി.

    ഓ.ടോ. ആ ക്യാമ്പുകളില്‍ പ്രണയജോടികളുണ്ടാകാറുണ്ടെന്ന് പറഞ്ഞുവല്ലൊ, അപ്പോ ശ്രീക്കുട്ടനും ഉണ്ടായിരുന്നു അല്ലെ....

  53. ഗീത said...

    ശ്രീ വായിച്ചു. എന്താ പറയുക. ആരേയും കുറ്റം പറയാന്‍ പറ്റില്ല. സത്യം പറഞ്ഞാല്‍ ഞാനൊക്കെ ഇപ്പോഴേ അത്തരമൊരവസരത്തിന് മനസ്സ് കൊണ്ടൊരുങ്ങിക്കഴിഞ്ഞിരിക്കയാണ്. എന്തിന് മക്കള്‍ക്ക് നമ്മള്‍ ഒരു ഭാരമാകണം? അവര്‍ അവരുടെ ജീവിതം ആസ്വദിക്കട്ടേ. ഇവിടെ ഞങ്ങളുടെ മാതാപിതാക്കള്‍ കൂടെയില്ല. അമ്മയൊക്കെ ജീവിച്ചിരുന്നെങ്കില്‍ എന്തൊരു കൈത്താങ്ങായിരുന്നേനേ എന്നു പലവട്ടം ആലോചിച്ചു പോയിട്ടുണ്ട്. പക്ഷെ പുതു തലമുറയ്ക്ക് അങ്ങനെ തോന്നണമെന്നില്ല. കാലത്തിനനുസരിച്ച് കോലം മാറുകതന്നെ.
    ആ സ്ഥാപനങ്ങളിലെ സന്ദര്‍ശനം ശ്രീയുടെ ജീവിതയാത്രയില്‍ നന്മപകരുന്ന ഒരനുഭവമായി നിലകൊള്ളുന്നു എന്നത് നല്ല ഒരു കാര്യം തന്നെ.

  54. B Shihab said...

    ക്രിസ്തുമസ് ആശംസകള്‍

  55. d said...

    ശ്രീ, ഈ പേജില്‍ വരുമ്പോള്‍ ‘ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം‘ എന്ന വരി നാവിലെത്തും.
    നന്മ നിറഞ്ഞ ഒരു ക്രിസ്തുമസും പുതുവത്സരവും എല്ലാവര്‍ക്കും ആശംസിച്ചു കൊണ്ട്,

    വീണ

  56. Devarenjini... said...

    ശ്രീ ....

    പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടം.... വായിച്ചു തുടങ്ങിയപ്പോള്‍ രസകരമായ കുറിപ്പാവും എന്നാണു കരുതിയത്‌... പക്ഷെ ഇതില്‍ പറഞ്ഞിരിയ്ക്കുന്നത് പോലെ, ആ രസത്തിന്റെ ഒപ്പം കൊറച്ചു വേദനയും ഉണ്ട് എന്ന് പിന്നീടാണ് മനസ്സിലായത്‌... നിവൃത്തികെടുകള്‍ കൊണ്ട് വീട്ടുകാരെ വിട്ടു നിക്കുന്നവര്‍ക്കും വിഷമം ഉണ്ട്... വേറൊന്നും ചെയ്യാന്‍ പറ്റാത്തതിന്റെ നിസ്സഹായത....
    ശ്രീയ്ക്കും,
    ക്രിസ്തുമസ് ആശംസകള്‍....

  57. ശ്രീ said...

    പാറുക്കുട്ടി...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    നവരുചിയന്‍...
    നന്ദി. വളരെ ശരിയാണ്.
    പിരിക്കുട്ടീ...
    അവരുടെ വിഷമങ്ങള്‍ ഒരു പക്ഷേ അങ്ങനെ ആയിരിയ്ക്കാം പ്രതിഫലിയ്ക്കുന്നത്. പ്രത്യേകിച്ചും അടുത്തയിടയ്ക്കാണ് അവിടെ എത്തിച്ചേര്‍ന്നതെങ്കില്‍ ആ സാഹചര്യങ്ങളുമായി അവര്‍ക്ക് പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കും. പക്ഷേ, ഇതു പോലെ ആരെങ്കിലുമൊക്കെ ഇടയ്ക്കു കാണാന്‍ ചെല്ലുന്നതും കുറച്ചു നേരം അവരോടൊപ്പം ചിലവഴിയ്ക്കുന്നതുമൊക്കെ മാത്രമായിരിയ്ക്കും അവര്‍ക്ക് ഒരു ആശ്വാസം.
    shinu...
    സ്വാഗതം. അത്തരം ക്യാമ്പ് അനുഭവങ്ങളൊന്നും ഒരു കാലത്തും മറക്കില്ല അല്ലേ?
    Sekhar...
    പഴയാ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ.
    കുഞ്ഞന്‍ ചേട്ടാ...
    എല്ലാവരും തിരക്കുകള്‍ക്കിടയില്‍ സ്വന്തം കുടുംബ ബന്ധങ്ങളെ കുറിച്ചോര്‍ക്കാന്‍ സമയം കണ്ടെത്താന്‍ ശ്രമിയ്ക്കാത്തതാണല്ലോ ഇങ്ങനെയുള്ള സാഹചര്യങ്ങളുണ്ടാക്കുന്നത്.
    [പിന്നെ, ക്യാമ്പുകളില്‍ പ്രണയം സാധാരണമാണെങ്കിലും എല്ലാവരെയും അത് ബാധിയ്ക്കണമെന്നില്ലാട്ടോ.] ;)
    ഗീതേച്ചീ...
    അങ്ങനെയൊന്നും തീരുമാനമെടുക്കേണ്ടി വരാതിരിയ്ക്കട്ടെ, ഒരിയ്ക്കലും. ഇപ്പോള്‍ ഗീതേച്ചി പറഞ്ഞതു പോലെ അച്ഛനമ്മമാരുടെ സ്നേഹവും കരുതലും ഒന്നും ഒരു കാലത്തും മറ്റാര്‍ക്കും പകരം തരാനാവില്ലല്ലോ.
    B Shihab ...
    നന്ദി മാഷേ.
    വീണ...
    അതു ശരി തന്നെ അല്ലേ? ഓര്‍മ്മകളുടെ സുഗന്ധം മറ്റെന്തില്‍ നിന്നും എന്നും വേറിട്ടു നില്‍ക്കുന്നു.
    devarenjini...
    നിവൃത്തികേടുകള്‍ കൊണ്ട് കുടുംബത്തില്‍ നിന്നും മാറി നില്‍ക്കുന്നവരുണ്ടാകാമെന്നത് ശരി തന്നെ. അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍ അങ്ങനെ അല്ലാതെയും ഒരുപാട് പേര്‍ക്ക് ഈ ഗതി വരുന്നുണ്ടല്ലോ.

    എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് ആശംസകള്‍!

  58. ജന്മസുകൃതം said...

    ശ്രീ,
    ആ വൃദ്ധ മനസ്സുകളുടെ വിങ്ങല്‍
    അറിയാന്‍ ഇന്നത്തെ തലമുറയ്ക്ക്‌
    ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍
    ആവശ്യമായിരിക്കുന്നു. ഇതും എത്രനാള്‍..?
    പിന്നെയോ...?
    അടുത്ത തലമുറയാകുമ്പോള്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ പോലും ആരുടെയെങ്കിലും ഹൃദയത്തെ സ്പര്‍ശിക്കുമോ?
    ശ്രീയുടെ മനസ്സിനുണ്ടായ ആര്‍ദ്രമായ അനുഭവം മറ്റുള്ളവരിലേയ്ക്കും പകര്‍ന്നു കൊടുക്കാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു.
    ആശംസകള്‍
    ക്രിസ്മസ്‌ ആശംസകള്‍
    പുതുവത്സരാശംസകള്‍

  59. poor-me/പാവം-ഞാന്‍ said...

    ആദ്യമായി എല്ലാവര്‍ക്കും ക്രിസ്തുമസ്‌ ആശംസകള്‍.എനിക്കുമുന്‍ട് ഒരു Special X-mas കഥ പറവാന്‍...
    ദയവായി വന്നു കേള്‍ക്കുവിന്‍
    http://manjaly-halwa.blogspot.com

  60. Typist | എഴുത്തുകാരി said...

    നന്നായി ശ്രീ, ഈ സമയത്തു് ഇങ്ങനെ ഒരു ഓര്‍മ്മക്കുറിപ്പ്‌. മനസ്സിലെ നന്മകള്‍ നഷ്ടമാവാതിരിക്കട്ടെ.

  61. ഞാന്‍ ആചാര്യന്‍ said...

    ബൂലോകത്തിലെ സല്‍ഗുണസമ്പൂര്‍ണനായി ഇതിനകം വാഴ്ത്തപ്പെട്ടു കഴിഞ്ഞ ശ്റീയേ, സുഖാണോ? ഇന്നാ പിടിച്ചോ എന്‍റെയും ക്രിസ്മസ്-നവവല്‍സരാശംസ

  62. മാണിക്യം said...

    ശാന്തിയുടെയും സമാധാനത്തിന്റെയും
    സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
    സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
    ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
    എല്ലാവര്‍ക്കും നന്മ വരട്ടെ !
    "ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
    ☆☆☆മാണിക്യം☆☆☆

  63. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    ശ്രീ

    ഹാപ്പി ക്രിസ്മസ്

  64. Sekhar said...

    Wish You A Very Happy & Merry Christmas Sree.

  65. അരുണ്‍ കരിമുട്ടം said...

    ശ്രീ,ഒരിക്കല്‍ ഒരു ആക്സിഡന്‍റില്‍ പെട്ടവരെ സഹായിക്കാന്‍ പോയ പോസ്റ്റ് ഓര്‍ക്കുന്നു.അതിനു ശേഷം ഒരിക്കല്‍കൂടി ഇഷ്ടം കൂട്ടുന്ന ഒരു പോസ്റ്റ്.ഞാന്‍ അത്രയുമേ പറയുന്നുള്ളു.

  66. കെ.കെ.എസ് said...

    ഹൃദയസ്പർശിയായ ഓർമ്മകുറിപ്പ് .ഭാവുകങൾ നേരുന്നു.

  67. കെ.കെ.എസ് said...

    ഹൃദയസ്പർശിയായ ഓർമ്മകുറിപ്പ് .ഭാവുകങൾ നേരുന്നു.

  68. ആവോലിക്കാരന്‍ said...

    ക്രിസ്മസ് ദിനത്തില്‍ വെറുതെ കരയിപ്പിക്കല്ലേ മാഷേ. വളരെ നല്ല പോസ്റ്റ്. . .

  69. ഹരിശ്രീ said...

    ശോഭി,

    നല്ല ഓര്‍മ്മക്കുറിപ്പ്,

    മുന്‍പ് എന്നോട് പറഞ്ഞതായി ചെറിയൊരു ഓര്‍മ്മ...

    തിരക്കില്‍ തന്നെ ആണ് ഇപ്പോഴും....

    :)

  70. ശ്രീ ഇടശ്ശേരി. said...

    ശ്രീ,
    ഇത് പ്രവാസത്തിന്റെ ഒരു വശം..
    മറുവശം മക്കളെ നട്ടിലോ ഹോസ്റ്റ്ലിലോ ആക്കി പോകുന്ന മാതാപിതാക്കള്‍ ആകുഞ്ഞു മനസ്സിന്റെ വേദന അറിയാത്തതെന്തേ??..
    അപ്പോ എല്ലാം ജീവിതത്തിന്റെ ഭാഗമാണ് .
    മാവു പൂക്കയും കായ്ക്കയും ചെയ്യുന്നു..ഒന്നും മാവിനല്ല...അതു കൊണ്ടു തന്നെ ആണ് ആ വൃദ്ധരാരും മക്കളെ കുറ്റ്പ്പെടുത്താഞ്ഞതും..
    ജീവിത സായാഹ്നം എങ്ങനെ വേണമെന്ന് എന്നെ പോലുള്ള പ്രവാസികള്‍ നേരത്തെ തീരുമാനിച്ചാല്‍
    അത്രയും പാപഭാരം മക്കളുടെ തോളില്‍
    നിന്നിറക്കാം...
    പിന്നെ, ആ സഹായ മനസ്സ് എല്ലാവര്‍ക്കും ഉണ്ടാവില്ല..അതിനെ കാത്തു സൂക്ഷിക്കുക..
    അനിവാര്യമായ പോസ്റ്റ്..
    അഭിനന്ദ്നങ്ങള്‍..
    ‘പുതുവത്സരാശംസകള്‍ ’.
    :)

  71. രസികന്‍ said...

    ശ്രിക്കുട്ടന്‍: ഇതിനിടയിലെപ്പഴോ വന്നു വായിച്ചു മുങ്ങിയതാ... അഭിപ്രായിക്കാന്‍ സമയമുണ്ടായിരുന്നില്ല ....
    സ്വന്തക്കാരും, സമൂഹവും മറന്നുപോയ ഇങ്ങമെയുള്ള ഒരുപാടാളുകളെ നമുക്കു കാണാന്‍ കഴിയും. ഇവരെ ഇവിടെ ഓര്‍മ്മിപ്പിച്ചത് നന്നായി....

    വൈകിയുള്ള ക്രിസ്മസ് ആശംസകള്‍ക്കൊപ്പം പുതുവത്സരാശംസകളും നേരുന്നു

  72. ശ്രീ said...

    ലീല ടീച്ചറേ...
    ഇങ്ങനെ ഒരു കമന്റിനു വളരെ നന്ദി.
    poor-me/പാവം-ഞാന്‍...
    നന്ദി മാഷേ...
    എഴുത്തുകാരി ചേച്ചീ...
    വായനയ്ക്കും കമന്റിനും വളരെ നന്ദി...
    ആചാര്യന്‍...
    ആശംസകള്‍ക്കു നന്ദി.
    മാണിക്യം ചേച്ചീ...
    ഒരിയ്ക്കല്‍ കൂടി നന്ദി.
    കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍...
    ആശംസകള്‍ക്കു നന്ദി.
    Sekhar ...
    വളരെ നന്ദി മാഷേ...
    അരുണ്‍ കായം‌കുളം...
    വായനയ്ക്കും ഇങ്ങനെ ഒരു കമന്റിനും നന്ദി.
    കെ.കെ.എസ്
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    ആവോലിക്കാരന്‍...
    ക്രിസ്തുമസ്സിനു ഇങ്ങനെയുള്ള ഓര്‍മ്മകളും വേണ്ടേ മാഷേ... നന്ദി.
    ശ്രീച്ചേട്ടാ...
    അതെ, പറഞ്ഞിട്ടുണ്ട്.
    ശ്രീ ഇടശ്ശേരി...
    വളരെ ശരിയാണ്. കുഞ്ഞുങ്ങളെ നാട്ടില്‍ വിട്ടിട്ടു വിദേശത്തു പോകുന്ന മാതാപിതാക്കളും നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്.
    രസികന്‍ മാഷേ...
    ആശംസകള്‍ക്കു വളരെ നന്ദി.

  73. ഇരിഞ്ഞാലകുടക്കാര൯ said...

    സ്‌നേഹപൂര്‍വ്വം ശ്രീയ്ക്ക്,
    ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്‌....വളരെ നല്ല എഴുത്ത്....തുടരുക...എന്റെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്...
    ഇരിഞ്ഞാലകുടക്കാരന്‍

  74. Anonymous said...

    സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

  75. വിജയലക്ഷ്മി said...

    mone puthavalsaraashamsakal!!!

  76. Mr. X said...

    ഈ പോസ്റ്റ് എന്നെ സ്പര്‍ശിച്ചു. ശ്രീ, ഇത്തരം അനുഭവങ്ങള്‍ തീര്ച്ചയായും പങ്കു വെക്കുക തന്നെ വേണം. മറ്റൊന്നും പറയാനില്ല...
    നന്മകള്‍ നേര്‍ന്നു കൊണ്ട്...

  77. ശ്രീക്കുട്ടന്‍ | Sreekuttan said...

    സുഹ്രുത്തേ,

    ശ്രീയുടെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും വായിച്ചു.പിറവത്താണ് പഠിച്ചതല്ലേ..
    സത്യസന്ധമായ എഴുത്ത് എന്താണെന്ന് ഇതു വായിക്കുമ്പൊ മനസിലാകുന്നു..നന്ദി..ഒപ്പം ഹ്രുദയം നിറഞ്ഞ ആശംസകള്‍.. പുതുവത്സരാശംസകള്‍..

  78. മഴക്കിളി said...

    എന്റെ പരിമിതമായ അറിവിലാണെങ്കിലും,
    ബ്ലോഗില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പേരാണ് “ശ്രീ”
    ശ്രീക്ക് മഴക്കിളിയുടെ പുതുവത്സരാശംസകള്‍...
    ശ്രീയുടെ ഓര്‍മകള്‍ വായിച്ചു..നല്ലൊരു വായനാനുഭവമായി...ആശംസകള്‍..

  79. SreeDeviNair.ശ്രീരാഗം said...

    പ്രീയപ്പെട്ട ശ്രീ,

    സ്നേഹം നിറഞ്ഞ
    നവവത്സരാശംസകള്‍.

    സ്വന്തം,
    ചേച്ചി.

  80. poor-me/പാവം-ഞാന്‍ said...

    പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.

  81. മേരിക്കുട്ടി(Marykutty) said...

    Happy New Year Shree :)

  82. keerthi said...

    ഇത് നന്നായി....

    happy new year...

  83. Sapna Anu B.George said...

    നന്നായിട്ടുണ്ട്....ഈ വര്‍ഷവും വരും വര്‍ഷങ്ങളും നന്നായി വരട്ടെ...

  84. Sureshkumar Punjhayil said...

    Sree.. Vayichathirakkil, nerathe comment idan marannu. Manoharam. Ashamsakal.

  85. Bindhu Unny said...

    മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നത് നിവൃത്തികേടുകൊണ്ടാണെന്ന് വച്ചാല്‍ തന്നെ, പിന്നെ തിരിഞ്ഞുനോക്കാത്ത മക്കളെ എന്തുചെയ്യണം!

  86. Sapna Anu B.George said...

    ശ്രീ.......ഒരായിരം പൂക്കളും,ഒരു 7 ജന്മങ്ങളുടെ കൃതക്ഞതയും നന്ദീയും,
    അര്‍പ്പ്പിക്കട്ടെ. നീങ്ങളെ ഇതിനായി പ്രചോദിപ്പിച്ച,ബിജുസാറിനും ടിജി സാറിനും, ഒരായിരം നന്ദിയൂം....
    അപ്പനെയു അമ്മയെയും സ്നേഹിച്ചു കൊതിതീരും,മുന്‍പ് അവരെന്നെ തന്നിച്ചാക്കിയിട്ടു പോയി. ഇല്ലാത്തതിന്റെ വിഷമമിന്നും ഞാന്‍ അനുഭവിക്കുന്നു.വൃദ്ധസദനത്തിലാക്കുന്ന മക്കളുടെ മനസ്സ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
    ഒരു ദിവസം അല്ലെങ്കില്‍ ഒരാഴ്ചയെങ്കീലും അവര്‍ക്കു നല്‍കിയ സന്തോഷത്തിനായി നന്ദി ശ്രീ. എന്നും നല്ലതു വരും......

  87. Anonymous said...

    വായിക്കാനൊരു സുഖമുണ്ട്......

  88. കടവന്‍ said...

    i like your writings very much

  89. ചിരിപ്പൂക്കള്‍ said...

    ശ്രീക്കുട്ടാ ,
    എത്താനല്‍പ്പം വൈകി. പോസ്റ്റ് വായിച്ചു. നന്നായി എന്നു പ്രത്യേകിച്ച് പറയുന്നില്ല. ഉഗ്രന്‍.
    2008 ക്രിസ്മസിന്റെ മെസേജ് ഇതുതന്നെയാവട്ടെ.
    പുതുവത്സരാശംസകളോടെ.

    നിരഞ്ജന്‍.

  90. ശ്രീ said...

    ഇരിഞ്ഞാലക്കുടക്കാരന്‍...
    വളരെ നന്ദി മാഷേ.
    നൊമാദ്...
    ആശംസകള്‍ക്കു നന്ദി മാഷേ...
    വിജയലക്ഷ്മി ചേച്ചീ...
    ആശംസകള്‍ക്കു നന്ദി.
    ആര്യന്‍...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
    ശ്രീക്കുട്ടന്‍...
    സ്വാഗതം. അതെ, ബിരുദ പഠനം പിറവത്തായിരുന്നു. വായനയ്ക്കും കമന്റിനും നന്ദി.
    മഴക്കിളി...
    ആശംസകള്‍ക്കു നന്ദി.
    ശ്രീദേവി ചേച്ചീ...
    നന്ദി.
    poor-me/പാവം-ഞാന്‍ ...
    നന്ദി മാഷേ...
    മേരിക്കുട്ടീ...
    ആശംസകള്‍ക്കു നന്ദി.
    കീര്‍ത്തി...
    നന്ദി.
    Sureshkumar Punjhayil...
    നന്ദി മാഷേ...
    ബിന്ദു ചേച്ചീ...
    നമു‍ക്കും ഭാവിയില്‍ ഇതു തന്നെ ആണ്‍ ഗതി എന്ന് ആരും ഓര്‍ക്കുന്നില്ല. കമന്റിനു നന്ദി.
    സപ്ന ചേച്ചീ...
    ആശംസകള്‍ക്ക് നന്ദി ചേച്ചീ. ഒപ്പം ഈ കമന്റ് ശരിയ്ക്കു ഫീല്‍ ചെയ്തു. ചേച്ചിയെപ്പോലെ മാതാപിതാക്കളുടെ വാത്സല്യവും സ്നേഹവും സാമീപ്യവും നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ യഥാര്‍ത്ഥ വിലയറിയൂ... ഈ കമന്റിന് വളരെ വളരെ നന്ദി.
    SijiSurendren...
    സ്വാഗതം. വായനയ്ക്കു നന്ദി.
    കടവന്‍...
    സ്വാഗതം. നന്ദി മാഷേ...
    ചിരിപ്പൂക്കള്‍...
    നിരഞ്ജന്‍ മാഷേ... വൈകിയാണെങ്കിലും ഇവിടെ വന്നതിനും വായിച്ച് അഭിപ്രായമറിയിച്ചതിനും നന്ദീട്ടോ.

  91. നരിക്കുന്നൻ said...

    വൈകിപ്പോയെങ്കിലും ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത വായനാനുഭവമായി.

    വിശദീകരണങ്ങൾ ആവശ്യമില്ലാത്ത പഠനയാത്ര നൽകിയ തരിപ്പ് എന്റെ മനസ്സിനേയും കീഴ്പെടുത്തുന്നു. സുഖങ്ങളിൽ ആർത്തുല്ലസിക്കുമ്പോൾ അശ്രദ്ധരാക്കപ്പെടുന്ന ഒരു സമൂഹത്തെ കണ്ടില്ലെന്ന് നടിക്കരുതെന്ന് ശ്രീ പറഞ്ഞ് തന്നിരിക്കുന്നു.

  92. Anonymous said...

    നല്ല ഓര്‍മ്മകുറിപ്പു, നമ്മുടെ ഒക്കെ സമയമാകുമ്പോളേക്കും, കുട്ടികള്‍ക്കു നഴ്സറിയില്‍ അഡ്മിഷന്‍ എടുക്കുന്ന പോലെ മാതാപിതാക്കളെ വ്യദ്ധസദനത്തില്‍ ചേര്‍ക്കാന്‍ ഇനിയുള്ള തലമുറ ക്യൂ നില്‍ക്കേണ്ടിവരുമെന്നാ തോന്നുന്നെ..

  93. Anonymous said...

    ശ്രീ എട്ടാ,
    ഞാൻ ബൂലോകത്തെ പുതിയ അംഗം...ബ്ലോഗ്ഗിംഗിൽ തുടക്കക്കാരൻ......
    താങ്കളുടെ ബ്ലോഗ്‌ നീർമിഴിപ്പൂക്കളിന്റെ സ്തിരം വായനക്കാരൻ....
    ഞാൻ ഒരു ബ്ലോഗ്‌ തുടങ്ങി....വാക്ക്‌....പക്ഷെ പല കാര്യങ്ങളും ഇനിയും അരിയില്ല..ഗൂഗിൾന്റെ ലിസ്റ്റിൽ എളുപ്പംവരാൻ വല്ല വഴിയുമുണ്ടൊ?എത്ര ദിവസം എടുക്കും?കമന്റിനുള്ള വിൻഡോ മാറ്റി ഇടാമോ?ദയവു ചെയ്ത്‌ ഒന്നു പറഞ്ഞ്‌ തരുമോ?

  94. Dileep said...

    ഓര്‍‌മ്മകള്‍‌ നല്ല ഫീല്‍‌ ചെയ്ത്‌ എഴുതിയിരിക്കുന്നൂ..നന്നായി.

  95. തിരുവല്ലഭൻ said...

    എന്താണ്‌ മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
    www.thiruvallabhan.blogspot.com

  96. പാത്തക്കന്‍ said...

    വൈകിയെങ്ങിലും ക്രിസ്മസ് , പുതു വല്സര ആശംസകള്‍ ..
    ഇതുപോലൊരു കോളേജ് ജീവിതം ,,ഒട്ടേറെ സമാനതകള്‍ ഉള്ള ക്യാമ്പ് ദിനങ്ങള്‍ എനിക്കും ഉണ്ടായിരുന്നു...

    വാല്യൂ ക്ലബ്ബിന്റെ ഭാഗമായി സ്കൂളില്‍ നിന്നും , പിന്നീട് കോളേജില്‍ നിന്നും വൃദ്ധസദനം സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.. 2 ദിവസത്തെ കാമ്പിനിടയില്‍ ഞങ്ങള്‍ താമസിച്ചത് വൃദ്ധസദനത്തില്‍ ആയിരുന്നു...
    ജീവിതത്തിന്റെ നല്ലകാലം വലിയ നിലയില്‍ കഴ്ഞ്ഞവരായിരുന്നു അവിടെ ഉണ്ടായിരുന്ന ചിലര്‍ .. പക്ഷെ ജീവിത സായാഹ്നത്തില്‍ അവര്ക്കു തുണയാകുന്നത് ഇത്തരം വൃദ്ധസദനങ്ങള്‍ മാത്രമാണ് ..
    ആ അനാഥ വര്ധക്യങ്ങള്‍ പലതും ഓര്‍മിപ്പിക്കുന്നു ,ചിന്തിപ്പിക്കുന്നു , ദിവസങ്ങളോളം വേട്ടയാടുന്നു ...

    ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി ..

  97. സെറീന said...

    ഉള്ളിലൊരു കനല്‍ വീണ പോലെ!!

  98. ശ്രീ said...

    നരിക്കുന്നന്‍ മാഷേ...
    ഈ കമന്റിനു വളരെ നന്ദി.
    ഭദ്ര...
    ശരിയാണ്. അങ്ങനെ ഒരു കാലം വിദൂരമല്ല. വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.
    പരിയന്‍...
    സ്വാഗതം. മറുപടി കമന്റായി അവിടെ ഇട്ടിട്ടുണ്ട് ട്ടോ.
    Dilee...
    സ്വാഗതം മാഷേ. വന്നതിനും വായിച്ചതിനും നന്ദി.
    HOMOSAPIEN...
    തിരക്കിലായിരുന്നു മാഷേ. സന്ദര്‍ശനത്തിനു നന്ദി.
    പാത്തക്കന്‍...
    ഇത്തരം അനുഭവങ്ങള്‍ ഒരിയ്ക്കലും മറക്കാനാകാത്തവ തന്നെ, അല്ലേ മാഷേ. അനുഭവം പങ്കു വച്ചതിനു നന്ദി.
    sereena...
    സ്വാഗതം ചേച്ചീ. വായനയ്ക്കും കമന്റിനും നന്ദി.

  99. ഇഞ്ചൂരാന്‍ said...

    very good post. i like it.

  100. Sathees Makkoth | Asha Revamma said...

    കുറേ നല്ല മനുഷ്യരുടെ നന്മ എടുത്ത് കാട്ടുന്നവയാണ് ശ്രീയുടെ ഓരോ കുറിപ്പുകളും.ആ നല്ല അദ്ധ്യാപകർക്ക് ഒരായിരം നന്ദി.

  101. Faizal Kondotty said...

    ശ്രീ.., വായിച്ചു . ശ്രീ അറിഞ്ഞ പോലെ തങ്ങളെ ഉപേക്ഷിച്ചു പോകുന്ന മക്കളെയും ബന്ധുക്കളെയും കുറ്റം പറയാന്‍ അച്ഛനമ്മാര്‍ക്കാവില്ല .. അതവരുടെ സ്നേഹത്തിന്റെ ആഴം , ആ സ്നേഹം മനസ്സിലാകാതെ പോകുന്നത് മക്കളുടെ വലിയ നഷ്ടം ..

  102. Arun Kumar Pillai said...

    നന്നായി ശ്രീ. :-) :-)