Tuesday, February 10, 2009

ഒരു പിടി ചോറിന്റെ വില

കാലം 1950 കളുടെ അവസാന പാദം. സമയം ഉച്ച കഴിഞ്ഞു കാണും. കേരളത്തിലെ ഒരു കൊച്ചു നാട്ടിന്‍‌പുറം. അവിടെ ഒരു ഓലപ്പുര. വീടിനു മുറ്റത്ത് മൂന്നു കുട്ടികള്‍. മൂത്തവന് ഏതാണ്ട് 10 -11വയസ് പ്രായം കാണും. ഒരു നരച്ച ട്രൌസര്‍ മാത്രമാണ് വേഷം. അവന്‍ കൂട്ടത്തിലെ ഇളയ കുഞ്ഞിനെ എടുത്തു കൊണ്ടു മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. നിര്‍ത്താതെ കരഞ്ഞു കൊണ്ടിരിയ്ക്കുന്ന, മൂന്നോ നാലോ വയസ് മാത്രം പ്രായമായ ആ കുഞ്ഞിന്റെ കരച്ചിലടക്കാനുള്ള ശ്രമത്തിലാണ് അവന്‍. ഇവരുടെ കൂടെ നടന്ന്, കുഞ്ഞിന്റെ കരച്ചില്‍ നിറുത്താനായി പലതും പറഞ്ഞു രസിപ്പിയ്ക്കാന്‍ നോക്കുന്ന ഒരു കൊച്ചു പാവാടക്കാരി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത വീട്ടിലെ ഒരു സ്ത്രീ വീടിനു പുറത്തേയ്ക്കു വരുന്നു. പതിയെ, ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അവര്‍ വേലിയരുകിലേയ്ക്ക് വരുന്നു. എന്നിട്ട് ആ കുട്ടികളെ കൈ കാട്ടി വിളിയ്ക്കുന്നു. ഒന്നു ശങ്കിച്ച ശേഷം കുഞ്ഞിനെ അനുജത്തിയുടെ കൈയിലേല്‍പ്പിച്ച് കൂട്ടത്തിലെ മുതിര്‍ന്നവന്‍ വേലിയരുകിലേയ്ക്ക് ചെല്ലുന്നു. അവന്റെ തളര്‍ന്ന്‍ വാടിയ മുഖത്തേയ്ക്കു നോക്കി അവര്‍ പതിയെ ചോദിച്ചു.


“എന്താ മോനേ വാവ കരയുന്നത്? കുറച്ചു നേരമായല്ലോ...”
“അറീല്യ അമ്മൂട്ടിയമ്മേ... അവന്‍ ഉറങ്ങുന്നില്ല”

“അമ്മ പണിയ്ക്കു പോയിട്ട് വരാരായോ?”

“വൈകുന്നേരമേ വരൂ”

“മക്കള്‍ ഉച്ചയ്ക്ക് വല്ലതും കഴിച്ചോ” അവര്‍ വാത്സല്യത്തോടെ ചോദിച്ചു.
അവന്‍ ഒരു നിമിഷം നിശബ്ദനായി. പിന്നെ തല താഴ്ത്തി പതുക്കെ പറഞ്ഞു. “ഉവ്വ്. ഞങ്ങള്‍ കഞ്ഞി കുടിച്ചു”

“ഉവ്വോ? എന്തായിരുന്നു കൂട്ടാന്‍? മോന്‍ എന്റെ മുഖത്തു നോക്കി പറയ്” അവര്‍ വീണ്ടും ചോദിച്ചു.

“അത്... അത്...” അവന്‍ മുഴുമിപ്പിയ്ക്കാതെ പതുക്കെ മുഖമുയര്‍ത്തി. ആ കണ്ണുകളില്‍ ഉരുണ്ടു വരുന്ന നീര്‍മുത്തുകള്‍ അവര്‍ കണ്ടു.

“നുണ പറഞ്ഞതാണല്ലേ? കുട്ടാ, കുഞ്ഞിനെ ഇങ്ങനെ പട്ടിണിയ്ക്കിടാമോ? വിശന്നിട്ടാകും അവന്‍ കരഞ്ഞത്. മോനിവിടെ നില്ല്. ഞാനിതാ വരുന്നു” അവര്‍ പെട്ടെന്ന് വീടിനകത്തേയ്ക്കു പോയി.

അല്പ സമയത്തിനകം തിരിച്ചു വരുമ്പോള്‍ അവരുടെ കയ്യില്‍ സാരിത്തലപ്പു കൊണ്ടു മറച്ചു പിടിച്ച ഒരു കൊച്ചു പാത്രം. അതില്‍ കഞ്ഞിയില്‍ നിന്നും കോരിയെടുത്ത കുറച്ച് ചോറും അരികില്‍ എന്തോ കറിയും. അപ്പോഴും അവര്‍ ചുറ്റുപാടും നോക്കുന്നുണ്ട്. വേഗം തന്നെ വേലിയരികിലെത്തി ആ പാത്രം അവനു കൊടുത്തിട്ട് അവര്‍ പറഞ്ഞു.


“മോന്‍ വേഗം പോയി ഈ ചോറ് കൊച്ചിന് കൊടുക്ക്. പാത്രം ഞാന്‍ പിന്നെ വാങ്ങിക്കോളാം” മടിച്ചു മടിച്ചാണെങ്കിലും അവന്‍ ആ പാത്രം വാങ്ങി. അതുമായി വീട്ടിലേയ്ക്ക് ഓടി. കുറച്ചു കഴിഞ്ഞപ്പോള്‍‍ കുഞ്ഞിന്റെ കരച്ചില്‍ നിന്നു. രംഗം ശാന്തമായി.

‌‌‌**********************************************

എനിയ്ക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെവീട്ടില്‍ ഒരു പതിവുണ്ട്. ഞങ്ങള്‍ക്ക് കുറച്ച് നെല്‍പ്പാടം ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട് എങ്കിലും കൊയ്ത്തും മറ്റും വല്ലപ്പോഴുമായി. പണിക്കാരെ കിട്ടാനില്ല എന്നതു തന്നെ പ്രധാന കാരണം) എല്ലാ വര്‍ഷവും കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ല് അളന്നു മുറിയില്‍ കൂട്ടി, പണിക്കാര്‍ പിരിഞ്ഞു പോയിക്കഴിഞ്ഞാല്‍ അച്ഛന്‍ ആദ്യം ചെയ്യുന്ന ഒരു കാര്യമുണ്ട്. അതില്‍ നിന്നും രണ്ടോ മൂന്നോ പറ നെല്ല് അളന്ന് ഒരു ചാക്കിലാക്കി അയല്‍‌പക്കത്തെ വീട്ടിലേയ്ക്കു പോകും. എന്നിട്ട്, ആ നെല്ല് അവിടുത്തെ അമ്മൂട്ടി അമ്മൂമ്മയെ ഏല്‍പ്പിയ്ക്കും. എന്നാല്‍ അതിനു പണമോ മറ്റോ പകരം വാങ്ങുന്നതും കണ്ടിട്ടില്ല. ഈ സംഭവം എന്റെ ബാല്യത്തിലെ എല്ലാ കൊയ്ത്തു കാലത്തും ആവര്‍ത്തിയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ എന്നോ ഒരിയ്ക്കല്‍ ഞാന്‍ അച്ഛനോട് ചോദിച്ചു, ‘എന്തിനാണ് അച്ഛാ, അവര്‍ക്ക് വെറുതേ ഇങ്ങനെ നെല്ല് കൊടുക്കുന്നത്’ എന്ന്. അതിന് അച്ഛന്‍ മറുപടി പറഞ്ഞത് ഒരു കഥയാണ്. പിന്നീട് പലപ്പോഴും കേട്ടിട്ടുള്ള, ഒരിയ്ക്കലും മടുപ്പിയ്ക്കാത്ത ആ കഥയുടെ ചുരുക്കമാണ് മുകളില്‍ പറഞ്ഞിരിയ്ക്കുന്നത്.

കുട്ടിക്കാലത്ത് പലപ്പോഴും അച്ഛന്‍ പറഞ്ഞതു മുഴുവന്‍ മനസ്സിലാകാറില്ല. എങ്കിലും അങ്ങനെ ചെയ്യേണ്ടത് അച്ഛന്റെ ഒരു കടമയാണ് എന്ന് മാത്രം മനസ്സിലാക്കിയിരുന്നു. പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായമായപ്പോള്‍ മുകളില്‍ എഴുതിയിരിയ്ക്കുന്ന സംഭവങ്ങള്‍ പല തവണ ഞാന്‍ എന്റെ മനസ്സില്‍ കണ്ടിട്ടുണ്ട്. പലപ്പോഴും അതെല്ലാം ആലോചിച്ച് കണ്ണു നിറഞ്ഞിട്ടുമുണ്ട്. ആ കൂട്ടത്തിലെ മുതിര്‍ന്ന ആ കുട്ടി എന്റെ അച്ഛനായിരുന്നു. കൂടെ ഉണ്ടായിരുന്നത് എന്റെ അമ്മായിയും കുഞ്ഞച്ഛനും. സ്നേഹമയിയായ ആ അയല്‍ക്കാരി, അമ്മൂട്ടിയമ്മൂമ്മ ഇന്ന് ഭൂമുഖത്തില്ല.

പത്തു വയസ്സോളം പ്രായമുള്ളപ്പോഴാണ് അച്ഛന് സ്വന്തം അച്ഛനെ നഷ്ടപ്പെടുന്നത്. ക്ഷയരോഗിയായിരുന്ന അച്ഛീച്ചനെ അധിക നാള്‍ ശുശ്രൂഷിയ്ക്കാനും ചികിത്സിയ്ക്കാനും അക്കാലത്ത് വീട്ടുകാര്‍ക്ക് കഴിവില്ലായിരുന്നു. മൂന്നു കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും പട്ടിണി മാറ്റാന്‍ കൊച്ചമ്മൂമ്മ (അച്ചന്റെ അമ്മായി)അടുത്തുള്ള ഓട്ടുകമ്പനിയില്‍ പണിയ്ക്കു പോയി തുടങ്ങി. അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ആ കുടുംബത്തിലെ ദാരിദ്ര്യം മാറ്റാന്‍ തികയാതെ വന്നപ്പോള്‍ (അന്ന് അച്ഛീച്ചന്റെ അനുജനും അസുഖബാധിതനായി കീടപ്പിലായിരുന്നു) അമ്മൂമ്മയും പണിയ്ക്കു പോകാന്‍ നിര്‍ബന്ധിതയായി. അങ്ങനെ ഇളയ കുഞ്ഞിനെ നോക്കാനായി എന്റെ അച്ഛന് പഠനം നിറുത്തേണ്ടി വന്നു. പഠിയ്ക്കാന്‍ മിടുക്കനായിരുന്നിട്ടും അച്ഛന്റെ വിദ്യാഭ്യാസം പന്ത്രണ്ടാം വയസ്സില്‍ അവസാനിപ്പിയ്ക്കേണ്ടി വന്നു.

പലപ്പോഴും ഒരു നേരമാണ് വീട്ടില്‍ അടുപ്പു പുകഞ്ഞിരുന്നത്. അതു കൊണ്ടു തന്നെ പട്ടിണി അവര്‍ക്ക് ഒരു കൂടപ്പിറപ്പായിരുന്നു. അങ്ങനെയുള്ള ഒരു ദിവസത്തെ അനുഭവമാണ് മുകളില്‍ എഴുതിയിരിയ്ക്കുന്നത്. അക്കാലങ്ങളിലെല്ലാം വീടുകളില്‍ അമ്മായിയമ്മ ഭരണമായിരുന്നു. അയലത്തെ വീട്ടിലും സ്ഥിതി അതു തന്നെ. മരുമക്കള്‍ക്ക് ഭക്ഷണം വിളമ്പുന്നതു പോലും അമ്മായിയമ്മ തന്നെ. കുറഞ്ഞാലും കൂടിയാലും (ഒരിയ്ക്കലും കൂടാറില്ല എന്നത് മറ്റൊരു സത്യം) മിണ്ടാതെ, തരുന്നത് കഴിച്ചിട്ടു പോകണം. ആ അവസ്ഥയിലാണ് സ്വന്തം പാത്രത്തിലെ കഞ്ഞിയില്‍ നിന്നും ഊറ്റിയെടുത്ത് കിട്ടുന്ന ഒരു പിടി ചോറ് ആ അമ്മായിയമ്മ കാണാതെ അയല്‍‌പക്കത്തെ കുഞ്ഞിന് കൊണ്ടു കൊടുക്കാനുള്ള സന്മനസ്സ് ആ നല്ല അയല്‍ക്കാരി കാണിച്ചത് എന്നോര്‍ക്കണം. ഒരിയ്ക്കലല്ല, പല തവണ.

കാലം കടന്നു പോയി. പതുക്കെ പതുക്കെ ഞങ്ങളുടെ കുടുംബം കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടി. പിന്നീട് വളര്‍ന്നു വലുതായ ശേഷവും ആ നന്ദിയും കടപ്പാടും അച്ഛന്‍ ഒരിയ്ക്കലും മറന്നിട്ടില്ല. സ്വന്തമായി കുറച്ചു നെല്‍പ്പാടം വാങ്ങി, അവിടെ കൃഷി തുടങ്ങിയ ശേഷം അമ്മൂട്ടിയമ്മൂമ്മയുടെ മരണം വരെ ഒരിയ്ക്കല്‍ പോലും അയല്‍‌ വീട്ടിലേയ്ക്ക് അതിലൊരു പങ്ക് കൊടുക്കുന്നതില്‍ അച്ഛന്‍ മുടക്കു വരുത്തിയിട്ടില്ല. മരണ ശേഷവും അത് തുടര്‍ന്നിരുന്നുവെങ്കിലും മക്കളെല്ലാം ഭാഗം വച്ച് പിരിഞ്ഞ് പല വീടുകളില്‍ ആയപ്പോള്‍ ഈയടുത്ത കാലത്ത് അതു നിര്‍ത്തി. മാത്രമല്ല, ഇപ്പോള്‍ കൃഷിയും പഴയ പോലെ ഇല്ല.

മറ്റു ബന്ധുക്കളെക്കാള്‍ അച്ഛന് കടപ്പാടും സ്നേഹവും ആ അമ്മൂമ്മയോടായിരുന്നു. അമ്മൂട്ടിയമ്മൂമ്മയ്ക്കും അച്ഛനെ വല്യ സ്നേഹമായിരുന്നു, സ്വന്തം മകനെപ്പോലെ. ആ സ്നേഹം ആവോളം അനുഭവിയ്ക്കാനുള്ള ഭാഗ്യം കുട്ടിക്കാലത്ത് ഞങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതിരിയ്ക്കുമ്പോഴും തരുന്ന ഭക്ഷണം ഇഷ്ടപ്പെടാതെ, കുറച്ച് കഴിച്ച് മതിയെന്നു പറഞ്ഞ് കളയുമ്പോഴുമെല്ലാം അച്ഛന്‍ വഴക്കു പറയുമായിരുന്നു. ‘നിങ്ങള്‍ക്കൊന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിയില്ല മക്കളേ’ എന്നു പറയും. അന്നൊന്നും അതില്‍ കാര്യമുണ്ടെന്ന് തോന്നിയിരുന്നില്ല. പക്ഷേ, വളര്‍ന്നു മനസ്സിലാക്കാനുള്ള പ്രാ‍യമായപ്പോള്‍ അച്ഛന്‍ പറയുന്നത് എന്തു കൊണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ഒരു പക്ഷേ, അതു കൊണ്ടു കൂടിയാകാം ഇന്നും അല്പം പോലും ഭക്ഷണം വെറുതേ കളയാന്‍ തോന്നാത്തത്.

ഇന്ന് അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം എനിയ്ക്കറിയാം, അച്ഛന്‍ ചെയ്തിരുന്നതിന്റെ അര്‍ത്ഥം എന്താണെന്ന്. അന്നത്തെ ഒരു പിടി ചോറിനു പകരമാവില്ല ഞങ്ങള്‍ തിരിച്ചു ചെയ്യുന്നതൊന്നും എന്നും. ഈ ഫെബ്രുവരിയില്‍ അമ്മൂട്ടിയമ്മൂമ്മയുടെ പത്താം ചരമ വാര്‍ഷികമാണ്. ഈയവസരത്തില്‍ ഈ പോസ്റ്റ് ആ സ്നേഹനിധിയായ അമ്മൂമ്മയുടെ സ്മരണകള്‍ക്കു മുമ്പില്‍ സമര്‍പ്പിയ്ക്കുന്നു.

145 comments:

 1. ശ്രീ said...

  പഴയ തലമുറക്കാരുടെ കഷ്ടപ്പാടുകളും അനുഭവങ്ങളും ചിലപ്പോഴെങ്കിലും നമ്മെ ഇരുത്തി ചിന്തിപ്പിയ്ക്കാറുണ്ടാകും. അതു പോലെ എന്റെ അച്ഛനും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ചില അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിലൊരെണ്ണം ആണ് ഇത്.

  ഈ ഫെബ്രുവരിയിലെ പത്താം ചരമവാര്‍ഷികത്തിന്റെ അവസരത്തില്‍ ഈ പോസ്റ്റ്, അമ്മൂട്ടിയമ്മൂമ്മയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ സമര്‍പ്പിയ്ക്കുന്നു... സ്നേഹമയിയായിരുന്ന ഞങ്ങളുടെ ആ അയല്‍‌ക്കാരിയ്ക്ക്...

 2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  ശ്രീ, കണ്ണു നനയിക്കുന്ന കഥ.

  ഇപ്പോള്‍ മൂല്യങ്ങള്‍ക്കല്ലല്ലൊ പ്രാധാന്യം കാശിനല്ലെ? നാമൊക്കെ അങ്ങു പുരോഗമിച്ച്‌ പുരോഗമിച്ച്‌ --

 3. സുപ്രിയ said...

  നമ്മളൊക്കെ ഒരിക്കലും മറക്കരുതാത്ത പലതരം കടപ്പാടുകളുണ്ട്. അതൊക്കെ മറന്നിട്ട് പിന്നെ മനുഷ്യരാണെന്നു പറഞ്ഞു ജീവിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.

  അല്ല പലപ്പോഴും ഇപ്പോഴത്തെ ജീവിതത്തിരക്കിനിടയില്‍ നമ്മളൊക്കെ ജീവിക്കുന്നു എന്ന തോന്നല്‍തന്നെയുണ്ടാക്കുന്നത് ഇത്തരം അനുഭവങ്ങളല്ലേ?

  സുന്ദരന്‍ പോസ്റ്റ്. നന്നായി.

 4. ആത്മ said...

  വായിച്ചിട്ട് മിണ്ടാതെ പോകാന്‍ വന്നതാണ്.
  പക്ഷെ വായിച്ച്, കരഞ്ഞുപോയി. അമ്മൂട്ടിയമ്മുമ്മയെ ഓര്‍ക്കാന്‍ കഴിഞ്ഞ അച്ഛനും അച്ഛനെയും അമ്മുട്ടിയമ്മുമ്മയെയും എന്നും ഓര്‍ക്കാന്‍ ഒരു മകനും ഉള്ളതാണ് ഏറ്റവും വലിയ ഭാഗ്യം. ഇതായിരിക്കാം ‘പുത്രഭാഗ്യം’ വേണം എന്നൊക്കെ പണ്ടുള്ളവര്‍ പറയുന്നത് .
  നല്ല എഴുത്ത്.
  ‘അഭിനന്ദനങ്ങള്‍’.

 5. ദീപക് രാജ്|Deepak Raj said...

  ശ്രീ.വളച്ചു കെട്ടില്ലാതെ സത്യസന്ധമായി കഥപറയുന്ന രീതി ഇഷ്ടപ്പെട്ടു.ഗ്രാമത്തിന്റെ നന്മ വിളിച്ചോതുന്ന നല്ലൊരു പോസ്റ്റ്.പിന്നെ ഒരു പക്ഷെ ആ നന്മ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാവും ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പറ്റിയത്.. ആശംസകള്‍ .

  സ്നേഹത്തോടെ
  ദീപക് രാജ്

 6. നാട്ടുകാരന്‍ said...

  ശ്രീ.... ഈ സമര്‍പ്പണത്തിന് അഭിനന്ദനങ്ങള്‍...
  കണ്ണ് നനഞു പോയി ....... പലതും ഓര്‍മകളിലേക്ക് വരുന്നു .....

  വെറുതെ പോകാന്‍ മനസ് വരുന്നില്ല .....
  ആ അച്ഛന്റെ മകനും ഇതൊന്നും ഓര്‍ക്കാതിരിക്കാന്‍ കഴിയുകില്ല....
  ഈ ലോകം ഇന്നും നിലനിര്‍ത്തുന്നത്‌ ഇങ്ങനെയുള്ള അമ്മൂട്ടി അമ്മമാരാണ് .......
  മനസിന്‌ വലിപ്പം ഉള്ളവരെ ഓര്‍ക്കുന്നത് തന്നെ ഒരു സുഖമാണ് ...
  അവരുടെ ചെരുപ്പഴിക്കാന്‍ എങ്കിലും ഉള്ള യോഗ്യത നമുക്കെല്ലാം എന്നുണ്ടാവുമോ?
  ആ അച്ഛന്റെ മനസ് ഈ മകനിലൂടെ തുടരട്ടെ ..................

 7. മാണിക്യം said...

  ആ വലിയ ഹൃദയത്തിനുടമയായ
  അച്ചനേയും നിര്‍മലമായാ മനസ്സോടെ
  അതെഴുതാനുള്ള വിവേകം കാണിച്ച മകനേയും
  നമിക്കുന്നു

  പണത്തിലും വലുതായ എത്രയോ സഹായങ്ങള്‍
  രക്തബന്ധങ്ങളെക്കാള്‍ ഈടുറ്റബന്ധങ്ങള്‍
  ഒരുപാട് കാ‍ര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു
  ശ്രീ, നന്മകള്‍ നേരുന്നു

 8. മേരിക്കുട്ടി(Marykutty) said...

  :))
  ശ്രീ, വായിച്ചപ്പോള്‍ എന്തോ കൊണ്ടോ സങ്കടം വന്നു..ഒരു പിടി ചോറിന്റെ വില ഞാനും നന്നായി അറിഞ്ഞിട്ടുള്ളത് കൊണ്ടാവണം

 9. ഹരിശ്രീ said...

  ശോഭി,

  ശരിയ്കും കണ്ണുനിറഞ്ഞുപോയി... നമ്മുടെ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്ന ആ ജീവിത കഥ വളരെ ഹൃദയസ്പര്‍ശിയായി ഇവിടെ എഴുതിയിരിയ്കുന്നു. വളരെ വാത്സല്യനിധിയായ ആ അമ്മൂമ്മ എന്നും നമ്മുടെയെല്ലാം ഓര്‍മ്മകളില്‍ നിലനില്‍ക്കും തീര്‍ച്ച...........


  ശ്രീചേട്ടന്‍

 10. BS Madai said...

  Very touchy post Sree.
  സത്യസന്ധമായ എഴുത്ത്. ഇക്കുറി ശ്രീ ശരിക്കും കണ്ണുനനയിച്ചു. ഇതിലൊക്കെ ഉപരി എന്നെ സന്തോഷിപ്പിച്ചത്, ആ സംഭവം അതിന്റെ എല്ലാ പവിത്രതയോടും കു‌ടി (മറൊരു വാക്കു കിട്ടുന്നില്ല പകരം വെക്കാന്‍) ഓര്‍ത്തുവെക്കാന്‍ ഈ തലമുറയില്‍ ഒരാള്‍ ഉണ്ടായല്ലോ എന്നതാണ്. നന്ദി ശ്രീ.

 11. കുമാരന്‍ said...

  ശ്രീ,
  നിറഞ്ഞ കണ്ണീരിന്റെ അകമ്പടിയോടെയാണു ഞാനീ വരികളിലൂടെ കടന്നു പോയത്. എന്താ പറയുക.... ബാല്യകാലമെന്നാല്‍ തോരാത്ത കണ്ണു നീരാണു എനിക്ക്. ഓര്‍മ്മകള്‍... അവ അത്രയേറെ ദുസ്സഹമാണു... സങ്കടപ്പെടാന്‍ എനിക്ക് പേടിയാണു. അതെന്നെ നശിപ്പിച്ചേക്കാമെന്നു ഭയപ്പെടുന്നു..

 12. ജയകൃഷ്ണന്‍ കാവാലം said...

  ശ്രീ...

  ധന്യനായ ഒരച്ഛന്‍റെ നന്മയുള്ള മകനാണ് ശ്രീ... ബന്ധങ്ങളുടെ ഇഴയടുപ്പം കണ്ണീരിലൂടെയും, സ്നേഹത്തിലൂടെയുമാണ് ദൃഢമാകുന്നതെന്ന് ജീവിതതിന്‍റെ പല തലങ്ങളിലും നമുക്കു മനാസ്സിലാക്കാന്‍ കഴിയും. ആ ഒരു പിടി ചോറിലൂടെ തലമുറകള്‍ക്ക് ഏറ്റുവാങ്ങാവുന്ന നന്മയും മാതൃകയുമാണ് അമ്മൂമ്മയും തുടര്‍ന്ന്‌ ശ്രീയുടെ അച്ഛനും നമ്മെ പഠിപ്പിക്കുന്നത്. അക്ഷരങ്ങള്‍ ആത്മാവില്‍ ചിത്രണം ചെയ്യുന്ന ശ്രീയുടെ എഴുത്ത് നന്നായിരിക്കുന്നു. സ്നേഹനിധിയായ ആ അമ്മൂമ്മയുടെ ആത്മാവിനു വേണ്ടിയും, ആ അമ്മൂമ്മയെ ഇന്നൂം സ്നേഹിക്കുന്ന ശ്രീയുടെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.

  സ്നേഹപൂര്‍വം

 13. mayilppeeli said...

  അമ്മൂട്ടിയമ്മൂമ്മയേപ്പറ്റി എഴുതിയതു വായിച്ച്‌ കണ്ണു നനഞ്ഞു ശ്രീ.......കഴിഞ്ഞതൊക്കെ മനപ്പൂര്‍വ്വം മറന്നുകളയുന്നവരാണു പലരും.......അതില്‍നിന്നൊക്കെ വ്യത്യസ്ഥമായി ചിന്തിയ്ക്കുവാനും പ്രവര്‍ത്തിയ്ക്കുവാനും അച്‌ഛനു കഴിഞ്ഞുവല്ലോ........

  വളരെ സത്യസന്ധമായ എഴുത്ത്‌, ശ്രീ വളരെ നന്നായിട്ടുണ്ട്‌.....

 14. Bindhu Unny said...

  ഹൃദയസ്പര്‍‌ശിയായ പോസ്റ്റ്.
  പഴയ തലമുറയില്‍ മാത്രമല്ല ശ്രീ, ഇന്നും വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ നമുക്കരികിലുണ്ട്. അമ്മൂട്ടിയമ്മൂമ്മമാരാകാന്‍ ഇടയ്ക്കെങ്കിലും നമുക്ക് ശ്രമിക്കാം. :-)

 15. ശിശു said...

  ആഹാരത്തിന്റെ മഹത്വം ഇന്നെത്തെ തലമുറക്ക് ശരിക്കും മനസ്സിലാകില്ല. അത് മനസ്സിലാക്കിയവര്‍ ഭക്ഷണം വെറുതെ കളയില്ല..

  ശ്രീ നല്ല പോസ്റ്റ്.

 16. സു | Su said...

  എന്തു പറയും ഞാൻ? ഒന്നും അങ്ങോട്ടുപറയാൻ വയ്ക്കാതെ ഒക്കെ ഇങ്ങോട്ടുപറഞ്ഞിരിക്കുന്നു ശ്രീ.
  ഇതൊക്കെ ഓർത്തുവയ്ക്കുന്ന നിങ്ങളുടെ സ്നേഹം മതിയാവും ആ അമ്മൂമ്മയ്ക്ക് ദൂരത്തൊരിടത്തുനിന്ന് സന്തോഷിക്കാനും, അനുഗ്രഹിക്കാനും.

 17. മറ്റൊരാള്‍\GG said...

  ശ്രീയുടെ മറ്റൊരു നല്ല പോസ്റ്റ്.

  ഈ സമര്‍പ്പണത്തിന് അഭിനന്ദനങ്ങള്‍.

 18. അരുണ്‍ കായംകുളം said...

  ഒരു വറ്റ് താഴെ പോയാല്‍ ഈര്‍ക്കിലില്‍ കുത്തി എടുത്ത് തിന്നണം എന്ന് വീട്ടില്‍ അച്ഛനും പറയാറുണ്ട്.നമ്മള്‍ സുഖിച്ച് ജീവിക്കയല്ലേ?പഴയത് ഒന്നും അറിയണ്ടാലോ

 19. nardnahc hsemus said...

  ഭക്ഷണത്തിന്റെ വില അച്ഛനാണു പറഞ്ഞുതന്നതെങ്കില്‍, അമ്മൂട്ടിയമ്മയുടെ ജീവിതത്തില്‍ നിന്ന് പഠിയ്ക്കാനുള്ളത് മറ്റൊന്നാണ്..

  ലേ ജാ അസത്യ് സേ സത്യ് കേ പ്രതി..
  ലേ ജാ തമസ്സേ ജ്യോതി കേ പ്രതി..
  ലേ ജാ മൃത്യു കോ അമൃത്യു കേ പ്രതി...

  ഇത് വേദ്ഛിയിലെ സമ്പൂര്‍ണ്ണക്രാന്തി വിദ്യാലയത്തിലെ രാവിലെയുള്ള പ്രാര്‍ത്ഥനയുടേ ആദ്യവരികളാണ്.. അതിലെ ആ മൂന്നാമത്തെ വരി മൃത്യുവിനെ അമൃത്യു എന്ന സങ്കല്പത്തിലേയ്ക്ക് നയിക്കൂ എന്ന് പറയുന്നതിന്റെ പിന്നിലെ അന്ത:സത്തയാണ് അമ്മൂട്ടിയമ്മ ചെയ്തത്... ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും ഉള്ള സാഹചര്യത്തിനുള്‍ലില്‍ നിന്നു തന്നെ മറ്റുള്ളവരെ സഹായിയ്ക്കാന്‍ സന്മനസ്സുകാണിച്ച അമ്മൂട്ടിയമ്മ തന്റെ സത് പ്രവര്‍ത്തിയിലൂടെ മറ്റുള്ളവരുടെ മനസ്സില്‍ മരണത്തെ അതിജീവിച്ച് ജീവിയ്ക്കുന്നു....

  ഇതേ വിദ്യാലയത്തിലെ ചില കീഴ്വഴക്കങ്ങളിലെ ഒന്നാണ് ഭക്ഷണം കളയരുതെന്നുള്ളത്.. അവിടെത്തെ സമൂഹ ഭക്ഷണ ഊട്ടുപുരയിലെ ബുഫേ സിസ്റ്റം അനുശാസിയ്ക്കുന്നതും അതു തന്നെയാണ്.. ആവശ്യത്തില്‍ കൂടുതല്‍ എടുത്ത് കളായാതിരിയ്ക്കുക.. ഇനി അഥവാ എടുത്തത് അധികമായെങ്കില്‍ കളയുന്നതിനു മുന്‍പ് മറ്റുള്ളവരോട് അവര്‍ക്കു വേണോ എന്നു ചോദിയ്ക്കുക... ചില പുതുമുഖങ്ങളെ ഈ കാര്യം മനസ്സിലാക്കിയ്ക്കുന്നതിന്റെ ഭാഗമായി, അവര്‍ കുഴച്ചുവച്ച ഭക്ഷണം പോലും കഴിച്ചു കാണിയ്ക്കാറൂണ്ടായിരുന്നു... അതു കണ്ടവര്‍ പിന്നീടൊരിയ്ക്കലും അതു ചെയ്യാറുമില്ല...

  :)

  ശ്രീ, പോസ്റ്റ് നന്നായി.. ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകള്‍ ശ്രീയ്ക്കുമാത്രമല്ല, മറ്റുള്‍ലവര്‍ക്കും നല്ലതാണ്....

 20. ശ്രീ said...

  ഒരിയ്ക്കലും പ്രതീക്ഷിച്ചില്ല, ഈയൊരു പോസ്റ്റിന് ഇങ്ങനെ ഒരു പ്രതികരണം. കാരണം, ഒരു പോസ്റ്റു പോലെ എഴുതിയതേയല്ല എന്നുള്ളതു കൊണ്ടു തന്നെ. അമ്മൂട്ടിയമ്മൂമ്മയുടെ പത്താം ചരമ വാര്‍ഷികത്തിന് ആ ഓര്‍മ്മകള്‍ എല്ലാം മനസ്സില്‍ വന്നപ്പോള്‍ അതൊന്നു കുറിച്ചിടണം എന്നേ കരുതിയുള്ളൂ... എങ്കിലും ഇതിനെ അതിന്റേതായ ഗൌരവത്തോടെ മനസ്സിലാക്കി, ഹൃദയപൂര്‍വ്വം ഏറ്റെടുത്ത എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ആദ്യമേ നന്ദി പറയുന്നു.
  പണിയ്ക്കര്‍ മാഷേ... ആദ്യ കമന്റിനു നന്ദി.
  സുപ്രിയ...
  സ്വാഗതം ചേച്ചീ. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
  അത്മ...
  നന്ദി മാഷേ. മിണ്ടാതെ പോയാലും വായിയ്ക്കുന്നുണ്ട് എന്ന അറിവു തന്നെ സന്തോഷം തരുന്നു.
  ദീപക് രാജ്...
  സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി.
  നാട്ടുകാരന്‍...
  സ്വാഗതം മാഷേ...ശരിയാണ്. ഇത്തരത്തിലുള്ള ചില വ്യക്തികളാണ് ഇന്നത്തെ ലോകത്തെ ഇന്നു കാണുന്ന രീതിയില്‍ ആക്കിയെടുത്തത് എന്നു പറയുന്നതില്‍ തെറ്റില്ല.
  മാണിക്യം ചേച്ചീ...
  നന്ദി. ചില അനുഭവങ്ങള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലല്ലോ.
  മേരിക്കുട്ടീ...
  സമാനമായ അനുഭവങ്ങളുള്ളവര്‍ക്ക് ഇതെല്ലാം പെട്ടെന്ന് മനസ്സിലാകും. നന്ദി.
  ശ്രീച്ചേട്ടാ...
  വളരെ ശരിയാണ്.
  BS Madai...
  നന്ദി മാഷേ. എന്റെ അച്ഛന്റെ കുട്ടിക്കാലത്തെ ചില അനുഭവങ്ങള്‍ അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ളതില്‍ ഇങ്ങനെ ചിലത് ഒരിയ്ക്കലും മറക്കാനാകില്ല മാഷെ.
  കുമാരേട്ടാ...
  വേദനിപ്പിയ്ക്കുന്ന ഓര്‍മ്മകള്‍ ഉണ്ടെങ്കില്‍ അവ ഒരിയ്ക്കലും മറന്നു പോകില്ലല്ലോ അല്ലേ?

 21. നിലാവ് said...

  ലളിതവും നിഷ്കളങ്കവുമായ എഴുത്ത്. കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല.
  നന്മകള്‍ നേരുന്നു...

 22. എതിരന്‍ കതിരവന്‍ said...

  ആ അച്ഛന്റെ മകനാകാൻ ഭാഗ്യം സിദ്ധിച്ചു ശ്രീയ്ക്ക്. അമ്മുട്ടിയമ്മയുടെ അയൽക്കാരനാവാനും.
  വായിച്ച് കണ്ണു നനഞ്ഞു. ശ്രീ എന്ന യഥാർത്ഥ ആത്മാവ് ഞങ്ങളോടൊപ്പമുണ്ടെന്നുള്ളത് വളരെ ആശ്വാസകരം. കല്യാണത്തിനു വീട്ടുകാരു കൊണ്ടുപോകാത്ത മന്ദബുദ്ധിപ്പയ്യനു ഉള്ള കഞ്ഞിയിൽ പകുതി കൊടുത്ത ശ്രീ തന്നെ ഇത്.
  ഞങ്ങടെ ശ്രീ.

 23. ...പകല്‍കിനാവന്‍...daYdreamEr... said...

  മനസ്സു നൊന്തു.. കൂടുതല്‍ ഒന്നും പറയാനില്ല.. എല്ലാരും പറഞ്ഞില്ലേ.. നന്നായി എഴുതി..
  ആശംസകള്‍...

 24. ശ്രീ said...

  ജയകൃഷ്ണന്‍ കാവാലം...
  സ്വാഗതം മാഷേ. മാഷ് പറഞ്ഞതു പോലെ തലമുറകള്‍ക്ക് ഏറ്റുവാങ്ങാവുന്ന നന്മയും അതിന്റെ മാതൃകയും തന്നെയാണ് അമ്മൂട്ടിയമ്മൂമ്മ. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ ചെയ്യുന്ന ഇത്തരം പുണ്യപ്രവൃത്തികള്‍ ഓര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതം കൊണ്ടെന്തു പ്രയോജനം?
  mayilppeeli ചേച്ചീ...
  കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പഠിയ്ക്കാനാണ് എന്നും അച്ഛന്‍ പറയാറുള്ളത്. അതിലെ നല്ല വശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും... നന്ദി.
  ബിന്ദു ചേച്ചീ...
  ശരിയാണ്. അമ്മൂട്ടിയമ്മൂമ്മയെപ്പോലെ ആകാന്‍ നമുക്കും ശ്രമിയ്ക്കാം. നന്ദി.
  ശിശു മാഷേ...
  വളരെ ശരിയാണ്. ഭക്ഷണത്തിന്റെ വില മനസ്സിലാക്കിയവര്‍ ഒരിയ്ക്കലും അത് വെറുതേ കളയില്ല. നന്ദി.
  സൂവേച്ചീ...
  ഇന്ന് ജീവനോടെയില്ലെങ്കിലും ഞങ്ങളുടെയൊക്കെ ഓര്‍മ്മകളില്‍ അമ്മൂട്ടിയമ്മൂമ്മയ്ക്ക് മരണമുണ്ടാകില്ല. നന്ദി.
  മറ്റൊരാള്‍\GG...
  വളരെ നന്ദി മാഷേ.
  അരുണ്‍...
  നമ്മുടെയൊക്കെ മാതാപിതാക്കള്‍ അനുഭവിച്ചതിന്റെ ഒരു അംശം പോലും നമുക്ക് കഷ്ടപ്പെടെന്റി വരുന്നില്ലല്ലോ അല്ലേ? കമന്റിനു നന്ദി.
  സുമേഷേട്ടാ...
  ഇത്രയും വിലപ്പെട്ട, അനുയോജ്യമായ കമന്റിനു വളരെ നന്ദി. ഇത്തരം കമന്റുകള്‍ വായിയ്ക്കുമ്പോള്‍ വല്ലാത്ത സംതൃപ്തി തോന്നുന്നു. നമ്മള്‍ ചെയ്യുന്ന സത്‌പ്രവൃത്തികള്‍ നമ്മെ പറ്റിയൂള്ള ഓര്‍മ്മകള്‍ക്ക് അമരത്വം നല്‍കുന്നു എന്നത് എത്ര അര്‍ത്ഥവത്തായ വരികളാണ്. വളരെ നന്ദി.
  നിലാവ്...
  വളരെ നന്ദി.
  എതിരന്‍ മാഷേ...
  ഇത്തരം ഒരു കമന്റിന് വളരെ നന്ദി മാഷേ. കുട്ടന്റെ കഥ, ഒരു വര്‍ഷത്തിനിപ്പുറവും ഓര്‍ത്തീരിയ്ക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. നന്ദി.
  പകല്‍‌ക്കിനാവന്‍ മാഷേ...
  വായനയ്ക്കും കമന്റിനും വളരെ നന്ദി.

 25. ആഗ്നേയ said...

  ശ്രീ...ഒന്നും പറയാനാകുന്നില്ല.

 26. Sands | കരിങ്കല്ല് said...

  ശ്രീയുടെ അച്ഛനേപ്പോലുള്ള ആള്‍ക്കാര്‍ ഉണ്ടെന്നു അറിയുന്നത് തന്നെ ഒരു സുഖം! (ലോകം മുഴുവന്‍ ചീത്തയായിട്ടില്ല എന്നതിന്റെ ഒരു തെളിവല്ലേ!) :)

  പിന്നെ ശ്രീ.. ഒരു ഓഫ്.

  സ്വന്തം പിതാവു് ചെയ്തതു് ശരിയാണെന്നു ഒരാള്‍ അറിയുന്ന കാലത്ത്, താന്‍ തെറ്റെന്നു കരുതുന്ന ഒരു മകന്‍ ഉണ്ടായിരിക്കും എന്നൊരു സംഭവം ഉണ്ട്. (By the time one realizes his dad was right, he would have a son who thinks "dad is wrong") ;)

  എന്താ... അങ്ങനെ വല്ലതും ഉണ്ടോ! ;)

  ഞാന്‍ ഓടി! ;)

 27. കുറുമാന്‍ said...
  This comment has been removed by the author.
 28. കുറുമാന്‍ said...

  നന്മയുള്ളൊരച്ഛന്റെ, നന്മയുള്ളൊരു മകനായി പിറന്ന ശ്രീ, താന്‍ ഭാ‍ഗ്യവാന്‍. അമ്മൂട്ടിയമ്മയുടെ ഓര്‍മ്മകള്‍ വാ‍യിച്ചപ്പോള്‍ അറിയാതെയെങ്കിലും കണ്ണുകള്‍ ഈറനായി.

  പട്ടിണിയില്‍ വളര്‍ന്ന്, ഭക്ഷണത്തിന്റെ മഹത്വവും, സ്വാദും, അറിഞ്ഞ് വളര്‍ന്നിരുന്ന ഒരു തലമുറ മുന്‍പ്ണ്ടായിരുന്നു (ഇപ്പോഴും ഇല്ലാതെയില്ല), പക്ഷെ ഇന്നത്തെ യുവതലമുറ ഭക്ഷണത്തിനൊരു വില കല്‍പ്പിക്കുന്നില്ല എന്ന് കാണുമ്പോള്‍ സങ്കട്വും അമര്‍ഷവും.

  പിസ്സ വാങ്ങിയിട്ട് ടോപ്പിങ്ങ് മാത്രം കടിച്ച് ബാക്കി ഭാഗം ചവറ്റ് കൊട്ടയില്‍ കളയുന്നവര്‍ക്കെവിടെ പഴംകഞ്ഞിയുടേയും തൈരില്‍ ഉടച്ച് ചേര്‍ത്ത കാന്താരിമുളകിന്റേം സ്വാദറിയാന്‍?

  ഈ ഒരു പോസ്റ്റിനു നന്ദി ശ്രീ.

 29. B Shihab said...

  ശ്രീ,‘അഭിനന്ദനങ്ങള്‍’.

 30. Shine said...

  കുട്ടാ..
  ആത്മാര്‍ത്ഥമായ എഴുത്ത്,
  അതോണ്ട് തന്നെ വായിക്കുമ്പോള്‍ സങ്കടം വരും

  നന്നായിട്ടുണ്ട്രാ..

 31. ശ്രീക്കുട്ടന്‍ | Sreekuttan said...

  വളരെ നന്നയി.എഴുതുന്ന രീതിയും..

 32. ആചാര്യന്‍... said...

  ശ്രീയോട് കുറച്ചു കൂടി സ്നേഹം തോന്നുന്നു

 33. smitha adharsh said...

  good post...shree

 34. the man to walk with said...

  so touching ..
  congrats.

 35. അപ്പു said...

  ശ്രീക്കുട്ടാ, ശരിക്കും നീര്‍മിഴിപ്പൂക്കള്‍ തന്നെ. ഭ്രാന്തന്റെ കഥ ഇതിനു മുമ്പില്‍ ഒന്നുമില്ല ശ്രീയേ. ആ അച്ഛന്റെ പുണ്യം തന്നെയാണല്ലോ മക്കള്‍ക്കും കിട്ടിയിരിക്കുന്നത്. മനസില്‍ തൊട്ടു.. നന്ദി അനുഭവങ്ങള്‍ പങ്കുവച്ചതിന്.

 36. കുഞ്ഞാപ്പി said...

  Nice one Sree...
  Congrats...

 37. ഷിജു | the-friend said...

  അമ്മൂട്ടിയമ്മയെപ്പോലെയുള്ള ആള്‍ക്കാര്‍ ഇപ്പോഴും ഉണ്ടാവുമോ ശ്രീ ????

  കണ്ണുനനയിപ്പിക്കുന്ന ഒരു അനുഭവകഥ.

 38. Typist | എഴുത്തുകാരി said...

  സമൂഹത്തില്‍ എത്ര തിന്‍മകളും ദുഷ്ടതകളും നിറഞ്ഞാലും,നന്മയും നന്മ ചെയ്യുന്നവരും ഉണ്ടാവും, ശ്രീയുടെ അഛനേപ്പോലെ.

 39. കുഞ്ഞന്‍ said...

  ശ്രീക്കുട്ടാ..

  അമ്മൂട്ടിയമ്മൂമ്മക്ക് ഇതിലും വലിയ അര്‍പ്പണമില്ല. വായിച്ച് കണ്ണു നിറഞ്ഞുപോയി. ശ്രീ പറഞ്ഞ അമ്മാ‍യിയമ്മ ഭരണം അത് എന്റെ അമ്മയും ഒത്തിരി അനുഭവിച്ചിട്ടുണ്ട്. പഴയ തലമുറ ഭൂരിഭാഗവും ഇത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുവന്നത്,ആയതിനാല്‍ അവര്‍ ഒരിക്കലും ഭക്ഷണത്തെ നിന്ദിക്കില്ല.

  നല്ലൊരു സന്ദേശവും ഇതിലൂടെ നല്‍കാന്‍ ശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ഈയവസരത്തില്‍ ശ്രീയുടെ അച്ഛനെ നമിക്കുന്നു.

 40. ശ്രീ said...

  ആഗ്നേയ ചേച്ചീ...
  ഈ സന്ദര്‍ശനം തന്നെ ധാരാളം... നന്ദി.
  സന്ദീപേ...
  നന്ദി. പിന്നെ, ഓഫിനുള്ള മറുപടി പറയാനാണെങ്കില്‍ അച്ഛന്റെ കാര്യത്തില്‍ അങ്ങനെ ഒരു ദൌര്‍ഭാഗ്യം ഇല്ല :) എന്നേക്കാള്‍ എന്റെ ചേട്ടന് നന്നായി അറിയാം അച്ഛനെ. ഒരു പക്ഷേ, വൈകി മനസ്സിലാക്കിയ ആള്‍ ഞാനാകാനേ തരമുള്ളൂ:)
  കുറുമാന്‍‌ജീ...
  വളരെ ശരിയാണ്. ഇന്നത്തെ തലമുറയില്‍ ഒരു നേരത്തെ വിശപ്പ് ശരിയ്ക്കറിഞ്ഞവര്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. കമന്റിനു നന്ദി.
  B Shihab...
  നന്ദി മാഷേ...
  പ്രയാസീ...
  പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ സന്തോഷം.
  ശ്രീക്കുട്ടാ...
  നന്ദി.
  ആചാര്യന്‍...
  വളരെ നന്ദി മാഷേ.
  സ്മിതേച്ചീ...
  തിരിച്ചെത്തിയല്ലേ? സന്തോഷം.
  the man to walk with...
  വളരെ നന്ദി.
  അപ്പുവേട്ടാ...
  ആ ഭ്രാന്തന്റെ കഥയും ഓര്‍ത്തിരിയ്ക്കുന്നതില്‍ സന്തോഷം. അനുഭവങ്ങള്‍ തരുന്ന പാഠം മറക്കാന്‍ പാടില്ലല്ലോ. നന്ദി.
  കുഞ്ഞാപ്പി...
  നന്ദി മാഷേ...
  ഷിജുച്ചായാ...
  അമ്മൂട്ടിയമ്മൂമ്മയെപ്പോലെ ഉള്ളവര്‍ ഇനിയും ഉണ്ടാകട്ടെ എന്നാശിയ്ക്കാം. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
  എഴുത്തുകാരി ചേച്ചീ...
  അച്ഛനു കിട്ടുന്ന അംഗീകാരമായി തന്നെ ഞാനും ഈ കമന്റുകളെ കാണുന്നു, അച്ഛന്‍ ഇതൊന്നും വായിയ്ക്കാറില്ലെങ്കില്‍ തന്നെയും... വളരെ നന്ദി.
  കുഞ്ഞന്‍ ചേട്ടാ...
  അതു ശരിയാണ്. എന്റെ അമ്മൂമ്മയും പറയാറുണ്ട് അത്തരം കഥകളൊക്കെ. ഈ കമന്റിന് വളരെ നന്ദീട്ടോ.

 41. ശാരദനിലാവ് said...

  Ammoottiyamma mare dharalam kandittundekilum aa achanepole thirichu nandhi kanikkunnavar churukkamanu..

 42. ചന്ദ്രകാന്തം said...

  ശരിയ്ക്കും മനസ്സുലയ്ക്കുന്ന അനുഭവം.
  ആ ആത്മാവിന്‌ പ്രണാമം.

  നന്മ ഓര്‍ത്തുവയ്ക്കുന്നവരും, അതിനുള്ള നന്ദി പ്രകടിപ്പിയ്ക്കുന്നവരും....ലോകത്തില്‍ വളരെ കുറച്ചേ കാണു. അച്ഛന്റെ സദ്‌പ്രവൃത്തി ഇന്നത്തെ തലമുറ വലിയൊരു സന്ദേശമായിത്തന്നെ ഉള്‍ക്കൊള്ളണം.

 43. ബിന്ദു കെ പി said...

  ശ്രീ,
  ശ്രീയുടെ പോസ്റ്റുകളിൽ ഏറ്റവും ഹൃദയസ്പർശിയായ പോസ്റ്റാണിത്. ഇത്തരം അനുഭവങ്ങൾ വായിക്കുമ്പോൾ അറിയാതെ കണ്ണു നിറയും.

  ഒരാളുടെ ബാല്യകാല അനുഭവങ്ങളാണ് പിന്നീടുള്ള ജീവിതത്തേയും സ്വഭാവത്തേയും എറെ സ്വാധീക്കുന്നത് എന്നതൊരു സത്യമാണ്. ആ അനുഭവങ്ങളിൽ നിന്ന് നന്മയെ വേർതിരിച്ചറിഞ്ഞ് വളരാൻ കഴിഞ്ഞാൽ അതില്പരമൊരു ഭാഗ്യം വേറെയില്ല അല്ലേ ശ്രീ..?

  സുമേഷിന്റെ കമന്റ് വളരെ ശ്രദ്ധേയമാണ്.

 44. ബിനോയ് said...

  ശ്രീ, വളരെ നന്നായി. പറയാനുള്ളതെല്ലാം എനിക്കു മുന്‍പെ വന്ന ആളുകള്‍ പറഞ്ഞു കഴിഞ്ഞു. ഇതുപോലെ ഒരു പിതാവിന്റെ നന്മ മതി പുറകെ വരുന്ന പത്തു തലമുറകള്‍ക്കു വിളക്കു കാണിക്കന്‍. ആശംസകള്‍.

 45. കുറുപ്പിന്‍റെ കണക്കു പുസ്തകം said...

  കുട്ടിക്കാലത്ത് ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതിരിയ്ക്കുമ്പോഴും തരുന്ന ഭക്ഷണം ഇഷ്ടപ്പെടാതെ, കുറച്ച് കഴിച്ച് മതിയെന്നു പറഞ്ഞ് കളയുമ്പോഴുമെല്ലാം അച്ഛന്‍ വഴക്കു പറയുമായിരുന്നു. ‘നിങ്ങള്‍ക്കൊന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിയില്ല മക്കളേ’ എന്നു പറയും. അന്നൊന്നും അതില്‍ കാര്യമുണ്ടെന്ന് തോന്നിയിരുന്നില്ല. പക്ഷേ, വളര്‍ന്നു മനസ്സിലാക്കാനുള്ള പ്രാ‍യമായപ്പോള്‍ അച്ഛന്‍ പറയുന്നത് എന്തു കൊണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ഒരു പക്ഷേ, അതു കൊണ്ടു കൂടിയാകാം ഇന്നും അല്പം പോലും ഭക്ഷണം വെറുതേ കളയാന്‍ തോന്നാത്തത്.

  ഈ പോസ്റ്റ് ഇട്ടതിനു ഒരു പാടു നന്ദി. അച്ഛന്‍ പറഞ്ഞ ഈ വാക്കുകള്‍ ഒരിക്കലും മറക്കില്ല. ഇതു എല്ലാവര്ക്കും ഒരു ഓര്‍മ്മ പെടുത്തല്‍ ആണ്. അമ്മൂട്ടി അമൂമ്മക്കു മരണമില്ല.

 46. ബൈജു (Baiju) said...

  ശ്രീ,

  ഹൃദയസ്പര്‍ശകം ഈ പോസ്റ്റ്. ഒരു വറ്റിലാണല്ലോ ദൈവത്തിന്‍റ്റെ മുഖം തെളിഞ്ഞുവരുന്നത്.

  നമ്മുടെ പലചെയ്തികളിലേയ്ക്കും, ധാരാളിത്തത്തിന്‍റ്റെ കഥയില്ലായ്മയിലേയ്ക്കും മനസ്സിനെ കൊണ്ടെത്തിച്ചു.

  അഭിനന്ദനങ്ങള്‍, അച്ഛനും മകനും....

 47. വെളിച്ചപ്പാട് said...

  നന്നായി ശ്രീ..ഇത്.
  നമ്മുടെ അസ്ഥിത്വം തിരിച്ചറിയുക എന്നത് വലിയ കാര്യമാണ്. ന്ന്മ്മുടെ മാതാപിതാക്കള്‍ നമുക്ക് പകര്‍ന്നു നല്‍കുന്ന കരുത്തുക്കള്‍ ആണ് അവരുടെ മുന്‍‌കാല അനൂഭവങ്ങള്‍. അതുകൊണ്ട് മാത്രം തന്നെയാണ് നമ്മുടെ തലമുറ സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നത്.

 48. OAB said...

  ഒരണ്ടിക്ക് കടല വാങ്ങിയതും, 2 പൈസ ലാഭിക്കാൻ കിലോമീറ്ററുകൾ നടന്ന് മറ്റൊരു കടയിൽ പോയി പല ചരക്ക് സാധനങ്ങൾ വാങ്ങിച്ചിരുന്നതും പറഞ്ഞാൽ ‘ബഡായി‘ എന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങുന്ന പുതു തലമുറയിൽ ശ്രീയെ പ്പോലെ ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നവരും ഉണ്ടെന്ന് മനസ്സിലാകുന്നു.

  ഈ പോസ്റ്റിലെ അനുഭവങ്ങൾ കുറേയേറെ കണ്ടും കേട്ടും അനുഭവിച്ചും വളറ്ന്നതാൺ ഈയുള്ളവനും.

  ഒരു വറ്റിന്റെ വില മക്കൾക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തത് കൊണ്ടായിരിക്കാം, ശ്രീയുടെ അച്ചന്റെ ഭാഗ്യം എനിക്കും അനുഭവിക്കാൻ ആവുന്നത്.

  പോസ്റ്റ് വായിച്ചിട്ട് ശ്രീയെ കെട്ടിപ്പിടിച്ചൊന്ന് അഭിനന്ദിക്കാൻ തോന്നുന്നു.
  നന്ദി സുഹൃത്തെ..

 49. jayanEvoor said...

  മനുഷ്യശരീരത്തില്‍ ഹൃദയം ഇന്നും മിടിക്കുന്നു എന്നോര്‍മ്മിപ്പിക്കുന്ന രചന.

  തലച്ചോര്‍ കൊണ്ടു മാത്രം ജീവിക്കുന്നവരുടെ ഇടയില്‍ ഇത്രയും ഹൃദയാലുക്കളെ നൊമ്പരപ്പെടുത്താന്‍ കഴിഞ്ഞ ഹൃദയത്തിന്റെ ഉടമയെ അഭിനന്ദിക്കുന്നു!

  ഇനിയും ഇനിയും... എഴുതൂ...!!!

 50. വിജയലക്ഷ്മി said...

  Sriyude aa nalla ayalkkaari ammummayude ormmakalkku munnil orupidi pookkalarppikkunnu..kuttikaalam marakkaathe Ammukuttiyamma uuttiya kanjiyude ruchi manassil kaathhu sookshichha srikuttante achhane namikkunnu...ee post karayippichhu kuttaa...

 51. തെന്നാലിരാമന്‍‍ said...

  കണ്ണുനനയിച്ചല്ലോ ശ്രീഭായ്‌...അതിനേക്ക്ക്കാള്‍ ഒന്നു ചിന്തിപ്പിക്കേം ചെയ്തൂട്ടോ...ശ്രീയുടെ ഒരു ഓര്‍മ്മ എന്നതിനേക്കാള്‍...ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി.

 52. അനില്‍@ബ്ലോഗ് said...

  ശ്രീ,
  വളരെ അര്‍ത്ഥവത്തായ ഒരു പോസ്റ്റ്.
  വന്ന വഴി മറക്കാത്തതാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം.

 53. പാവത്താൻ said...

  ഈ ലോകം വലിയ കുഴപ്പമൊന്നുമില്ലാതെ കുറെക്കാലം കൂടിയൊക്കെ ഇങ്ങിനെ പോകുമെന്നു തോന്നുന്നു. നന്മയുടെ ഈ ആർദ്രത ഭൂമിയെ ഹരിതാഭമാക്കുന്നു. നന്ദി.

 54. Thaikaden said...

  Innathe thalamura theerchayaayum vaayichirikkenda/arinjirikkenda oru poast. All the best.

 55. ചാണക്യന്‍ said...

  അവതരിപ്പിച്ച് വിജയിപ്പിച്ചു..ശ്രീ...
  അഭിനന്ദനങ്ങള്‍....

 56. ചങ്കരന്‍ said...

  അങ്ങിനെയുള്ള അമ്മൂമ്മമാരും അച്ഛന്‍മാരും ഇനിയും ഉണ്ടാകട്ടെ.

 57. ശ്രീ said...

  ശാരദനിലാവ് ...
  അങ്ങനെ പഴയതെല്ലാം മറക്കാത്ത തലമുറ ഇനിയും നിലനില്‍ക്കട്ടെ എന്ന് ആശിയ്ക്കാം, അല്ലേ മാഷേ... നന്ദി.

  ചന്ദ്രകാന്തം ...
  ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു നന്ദി ചേച്ചീ... നമുക്കു മുന്‍‌പുള്ള തലമുറ കാണിച്ചു തരുന്ന വഴിയിലൂടെയാണല്ലോ സ്വാഭാവികമായും നമ്മള്‍ സഞ്ചരിയ്ക്കുക. ഇത് ശരിയ്ക്കും ഒരു സന്ദേശം തന്നെ ആണ്.

  ബിന്ദു ചേച്ചീ...
  ശരിയാണ് ചേച്ചീ. ഒരാളുടെ ബാല്യകാല അനുഭവങ്ങളാണ് പിന്നീടുള്ള ജീവിതത്തേയും സ്വഭാവത്തേയും സ്വാധീക്കുന്നത്. അതിലെ നന്മകള്‍ തിരിച്ചറിഞ്ഞ് അത് നമ്മുടെ ജീവിതത്തിലും പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞാല്‍ നന്നായി. കമന്റിനു നന്ദി.

  ബിനോയ് ...
  സ്വാഗതം മാഷേ. വായനയ്ക്കും ആശംസകള്‍ക്കും വളരെ നന്ദി.

  കുറുപ്പിന്‍റെ കണക്കു പുസ്തകം ...
  അതെ. അമ്മൂട്ടിയമ്മൂമ്മയ്ക്ക് മരണമില്ല. നന്ദി മാഷേ...

  ബൈജു മാഷേ...
  വായനയ്ക്കും കമന്റിനും നന്ദി മാഷേ...

  വെളിച്ചപ്പാട് ...
  സ്വാഗതം. ശരിയാണ് മാഷേ. നമ്മുടെ മാതാപിതാക്കളില്‍ നിന്നും പഠിയ്ക്കുന്ന ചില പാഠങ്ങളാണ് ഇവ. നന്ദി.

  OAB ...
  അത്തരം കഥകള്‍ അച്ഛനും പറഞ്ഞു കേട്ടിട്ടുണ്ട് മാഷേ. ബുദ്ധിമുട്ടുകള്‍ അറിയാതെ വളരുന്ന പുതു തലമുറകള്‍ക്ക് ഒരു പക്ഷേ, അതൊക്കെ കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുക സ്വാഭാവികമാണ്. ഈ കമന്റിനു നന്ദി മാഷേ.

  jayanEvoor ...
  വായനയ്ക്കും കമന്റിനും നന്ദി മാഷേ...

  വിജയലക്ഷ്മി ...
  അമ്പതാമത്തെ ഈ കമന്റിനു വളരെ നന്ദി ചേച്ചീ...
  തെന്നാലിരാമന്‍‍ ...
  കുറേ നാളുകള്‍ക്കു ശേഷമുള്ള സന്ദര്‍ശനത്തിനു നന്ദി മാഷേ...

  അനില്‍@ബ്ലോഗ് ...
  ശരിയാണ് മാഷേ. വന്ന വഴി മറക്കരുത് എന്ന് പഴമക്കാര്‍ എപ്പോഴും പറയും... നന്ദി.

  പാവത്താൻ ...
  വായനയ്ക്കും കമന്റിനും വളരെ നന്ദി മാഷേ...

  Thaikaden ...

  സ്വാഗതം. ഞാനുള്‍പ്പെടെയുള്ള പുതിയ തലമുറ കഷ്ടപ്പാടുകള്‍ പലതും അറിഞ്ഞിട്ടില്ലല്ലോ മാഷേ... കമന്റിനു വളരെ നന്ദി.

  ചാണക്യന്‍ ...

  വളരെ നന്ദി മാഷേ...

  ചങ്കരന്‍ ...
  സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി മാഷേ...

 58. നന്ദകുമാര്‍ said...

  സ്നേഹമയിയായിരുന്ന ആ അയല്‍‌ക്കാരിയ്ക്ക് സമര്‍പ്പിക്കുന്ന ഓര്‍മ്മക്കുറിപ്പ് തികച്ചും ശ്ലാഘനീയം. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സ്നേഹ വാത്സല്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതു തന്നെ നന്മ. തികച്ചും വ്യക്തിപരമെങ്കിലും കൂട്ടുകാര്‍ക്കുമുന്‍പില്‍ ഇതു പങ്കുവെച്ചതും അഭിനന്ദാര്‍ഹം ശ്രീ.

  നിന്റെ നന്മകള്‍ എന്നെന്നും കാത്തു സൂക്ഷിക്കാന്‍ നിനക്കാവട്ടേ

 59. ഹരീഷ് തൊടുപുഴ said...

  ശ്രീക്കുട്ടാ;
  കറുപ്പിച്ചെഴുതിയ രണ്ടാമത്തെ പാരഗ്രാഫ് വായിച്ചപ്പോഴേക്കും സങ്കടം വന്നു...
  ഇന്നു നാമാരെങ്കിലും അറിയുന്നുണ്ടൊ പഴയ ബന്ധങ്ങളുടെ വിലയും, സ്നേഹവും അല്ലേ..

 60. ശ്രീനാഥ്‌ | അഹം said...

  സെന്റിയാക്കിക്കളഞല്ലോ ഡോ...

  അച്ഛനോട് ഞങടെയെല്ലാം സ്നേഹം നിറഞ അന്വേഷണങള്‍ അറിയിക്കൂ...

 61. ഇട്ടിമാളു said...

  ശ്രീ,

  ഇപ്പൊഴാ മറുമൊഴികള്‍ എന്റെ മെയില്‍ ബോക്സില്‍ എത്തിയെ.. തുറന്നപ്പോള്‍ ആദ്യം വായിക്കാന്‍ കിട്ടിയ കമന്റ് ഇതിലെ ആയിരുന്നു.. അതിനേക്കാളേറെ ഞാന്‍ വിശപ്പിനെ കുറിച്ച് എഴുതിയത് പോസ്റ്റ് ചെയ്യാനായിരുന്നു ഇപ്പോള്‍‍ വന്നതും.. ആശയം ഇതല്ലെങ്കിലും രണ്ടും വിശപ്പിനെ കുറിച്ചാണല്ലൊ.. അതോണ്ട് ഇവിടെ നമിച്ചാവാം പോസ്റ്റ് ചെയ്യുന്നതെന്ന് കരുതി :)..

  പട്ടിണിയുടെ വിശപ്പ് അറിഞ്ഞിട്ടില്ല.. അഹങ്കാരം കൊണ്ട് പട്ടിണി കിടന്നിട്ടുണ്ട്..അപ്പൊഴൊക്കെ അമ്മ പറയുന്നത് കേള്‍ക്കാം, പഴയ ബജ്ര(ഇങ്ങനെ തന്നെയല്ലെ)യുടെയും ഗോതമ്പിന്റെയും കൊള്ളിയുടെയും കഥകള്‍..

 62. മുസാഫിര്‍ said...

  ശ്രീ‍.നല്ല മനസ്സിന്റെ ഉടമയായ ആ അമ്മൂമ്മ വിട്ടു പിരിഞ്ഞെങ്കിലും നന്മയുടെ വിത്തുകള്‍ വിതച്ചിട്ടാണല്ലോ പോയത്.

 63. Anonymous said...

  now i m blind because of tears..thanks

 64. പാറുക്കുട്ടി said...

  പോസ്റ്റ് വായിച്ചു. സത്യസന്ധമായ എഴുത്ത്. മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അനിയന് എന്നെന്നും നന്മ ഉണ്ടാവട്ടെ!

 65. മുക്കുവന്‍ said...

  ചോറിന്റെ വിലയറിയണേല്‍ പട്ടിണികിടക്കണം. 1974 മഴകൂടുതലുള്ള ഒരു വര്‍ഷമായിരുന്നു. ഞങ്ങളുടെ മൂന്നുപറ പാടം വെള്ളം കേറി കൃഷി നശിച്ചു. വീട്ടില്‍ അരിയില്ലാത്തുകൊണ്ട് താറാവുനോ‍ട്ടത്തിന് പോകുമായിരുന്നു. കൂലി....രണ്ടുകഷണം പുട്ടും പിന്നെ പാലും വെള്ളവും... ഈ ബ്ലോഗ് വായിച്ചപ്പോള്‍ കണ്ണു നനഞ്ഞു.. സ്വരവും ഇടറി..ശ്രീ.

 66. Anonymous said...

  കണ്ണു നനയിച്ചു കളഞ്ഞല്ലോ കൂട്ടുകാരാ......നന്ദി.....

 67. പാമരന്‍ said...

  ഒന്നും പറയാനില്ല ശ്രീ. കണ്ണു നനഞ്ഞു. നന്ദി.

 68. നവരുചിയന്‍ said...

  നന്നായി

 69. പാര്‍ത്ഥന്‍ said...

  ശ്രീ,
  ഇങ്ങനത്തെ കുറച്ചു അമ്മൂമ്മമാർ ഉള്ളതുകൊണ്ടാണ് ഈ ലോകം അന്യം നിന്നു പോകാത്തത്.
  ചിന്തിക്കാനുള്ള ഓർമ്മക്കുറിപ്പുകൾ.

 70. ശ്രീ said...

  നന്ദേട്ടാ...
  നന്ദേട്ടന്‍ സൂചിപ്പിച്ചതു പോലെ വ്യക്തിപരമാണെങ്കിലും അമ്മൂട്ടിയമ്മൂമ്മയോടുള്ള കടപ്പാടിന്റെ പേരിലെങ്കിലും ഇങ്ങനെ ഒരു കുറിപ്പ് വേണമെന്നു തോന്നിയതു കൊണ്ടാണ് ഈ പോസ്റ്റിട്ടതു തന്നെ. വളരെ നന്ദി.

  ഹരീഷേട്ടാ...
  ഇന്നത്തെ തലമുറകള്‍ക്ക് പഴയ കഥകള്‍ കേള്‍ക്കാന്‍ തന്നെ നേരം കാണുമോ എന്തോ.

  ശ്രീനാഥ്‌...
  തീര്‍ച്ചയായും അച്ഛനെ അന്വേഷണങ്ങള്‍ അറിയിയ്ക്കാം. നന്ദി.

  ഇട്ടിമാളു...
  ആ പോസ്റ്റ് വായിച്ചിരുന്നു. ഞാനും ഇല്ലായ്മ കൊണ്ട് പട്ടിണി കിടന്നിട്ടില്ലെങ്കിലും വിശപ്പ് അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്, പല തവണ.

  മുസാഫിര്‍...
  അതെ മാഷേ. അമ്മൂട്ടിയമ്മൂമ്മ നന്മയുടെ വിത്തുകള്‍ വിതച്ചിട്ടു തന്നെയാണ് പോയത്.

  Anonymous...

  വളരെ നന്ദി.

  പാറുക്കുട്ടി ...

  പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം, ചേച്ചീ. നന്ദി.

  മുക്കുവന്‍...

  ഈ അനുഭവം പങ്കു വച്ചതിന് നന്ദി മാഷേ. വിശപ്പ് അനുഭവിച്ചവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാനാകും.

  വേറിട്ട ശബ്ദം...
  വായനയ്ക്കും കമന്റിനും നന്ദി മാഷേ.

  പാമരന്‍ said...
  ഇവിടെ സന്ദര്‍ശിച്ചതിനും വായിച്ച് കമന്റിട്ടതിനും നന്ദി മാഷേ.

  നവരുചിയന്‍...
  നന്ദി.

  പാര്‍ത്ഥന്‍ ...
  വളരെ ശരിയാണു മാഷേ. അത്തരം അമ്മൂമ്മമാര്‍ ഇനിയും ഉണ്ടാകട്ടെ. നന്ദി.

 71. ജ്വാല said...

  എത്തുവാന്‍ വൈകിപോയി...
  നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധമായിരുന്ന ഒരു കാലം
  മനസ്സില്‍ തട്ടിയ പോസ്റ്റ്. ആശംസകള്‍

 72. മുരളിക... said...

  ഏത് ധൂസര സന്കല്പത്തില്‍ വളര്‍ന്നാലും,
  ഏത് യന്ത്ര വല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
  മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
  മണവും മമതയും ഇത്തിരി കൊന്നപ്പൂവും.

  ഒരു തുള്ളി കണ്ണീരും ഒരു പോസ്റ്റിനുള്ള ഓര്‍മകളും ആണ് ശ്രീയേട്ടന്‍ തന്നത്. (അത് വൈകാതെ അനുഭവിക്കേണ്ടി വരും ട്ടോ)

 73. Areekkodan | അരീക്കോടന്‍ said...

  നല്ല പോസ്റ്റ്.

  അഭിനന്ദനങ്ങള്‍.

 74. ശിവ said...

  ശ്രീ...നന്ദി ഈ പോസ്റ്റിന്....എന്തൊക്കെയോ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു.....നന്ദി.....

 75. തകര്‍പ്പന്‍ said...

  ഹൃദയസ്പര്‍ശിയായ പോസ്റ്റ്.
  സന്തോഷമായി.

 76. P.R said...

  ശ്രീ‍...
  കുറേ കാലായി ലേ..
  ഇപ്പോള്‍ ബ്ലോഗ് വായന തന്നെ കുറവ്, പണ്ടത്തെ പോലെ ‘എല്ലായിടത്തും‘ ഓടി എത്താനാവുന്നില്ല..

  പോസ്റ്റിനെ കുറിച്ചെന്തു പറയാന്‍?
  നീര്‍മിഴിപ്പൂക്കളിലേയ്ക്കു ഓര്‍മ്മകളില്‍ നിന്നും ഒരു തുള്ളിനീര്‍.. അല്ലേ..

  സ്നേഹം.

 77. Arun Jose Francis said...

  ശ്രീ, ഇതു ശരിക്കും മനസ്സില്‍ തട്ടി!

  ഇഷ്ടം പോലെ ഭക്ഷണം കഴിച്ചു വളര്‍ന്ന നമ്മുടെ ഒക്കെ കണ്ണ് തുറപ്പിക്കാന്‍ ഇങ്ങനെ ഉള്ള അനുഭവകഥകള്‍ക്ക് മാത്രമെ കഴിയു. അത് പോലെ തന്നെ കാരുണ്യവും കടപ്പാടും ഒക്കെ നമ്മളുടെ ജീവിതത്തില്‍ നിന്നും മാഞ്ഞു പോവാതിരിക്കാനും...

  ഇനിയും എഴുതൂ... ഭാവുകങ്ങള്‍!!!

 78. My......C..R..A..C..K........Words said...

  pazhamakkaarude kadhakal orupaadu kashtathakal niranjathaanu ... sree nalla blog ...

 79. പള്ളിക്കരയില്‍ said...

  ഈ പോസ്റ്റ് ഹൃദയസപര്‍ശിയായി.
  നന്മയുടെ നറുമണം തൂവുന്ന രചന.
  വേരുകള്‍ മറക്കാത്ത അഛനും ആ സത്ഗുണം ഉള്‍ക്കൊണ്ട മകനും....

  ഭാവുകങ്ങള്‍.

 80. തൂലികാ ജാലകം said...

  സ്വന്തം കഞ്ഞി നൽകി വിശന്നവരെ ആശ്വസിപ്പിച്ച ആ
  അമ്മൂട്ടിയമ്മൂമ്മയ്ക്കും അതു മറക്കാത്ത ശ്രീക്കുട്ടന്റെ അച്‌ഛനും അത് വായനക്കാരിലേക്കെത്തിച്ച് വന്ന വഴി മറക്കാത്ത അച്‌ഛന്റെ അന്തസു കാത്ത ശ്രീക്കുട്ടനും ഒരായിരം അഭിനന്ദനങ്ങൾ.

  നല്ല എഴുത്ത്.

 81. ശ്യാമു said...

  വളരെ നന്നായിരിക്കുന്നു, ശ്രീ. ഇത്തരം അനുഭവങ്ങൾ ഓർത്തിരിക്കുന്നതേ നാണക്കേടെന്നു കരുതുന്നവരുടെ ലോകത്തിൽ ആർദ്രമായ ഒരു മനസ്സ്‌ തുറക്കാൻ തയ്യാറായതിന്‌ അഭിനന്ദനങ്ങൾ.

 82. ശ്രീ said...

  ജ്വാല ...
  സ്വാഗതം. വായനയ്ക്കും ആശംസകള്‍ക്കും നന്ദി.

  മുരളി...
  വളരെ നന്ദി. അപ്പോ വൈകാതെ ഒരു നല്ല പോസ്റ്റ് പ്രതീക്ഷിയ്ക്കാം അല്ലേ? :)

  അരീക്കോടന്‍ മാഷേ...
  വളരെ നന്ദി.

  ശിവ ...
  പലതും ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി.

  തകര്‍പ്പന്‍ ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  P.R ...
  വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം ചേച്ചീ. തിരക്കിലായിരിയ്ക്കും എന്ന് ഊഹിച്ചിരുന്നു. അവിടെയും പോസ്റ്റുകള്‍ കുറഞ്ഞല്ലോ.

  Arun Jose Francis ...

  വളരെ നന്ദി, അരുണ്‍. ശരിയാണ്. ഭക്ഷണത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിയാതെ വളര്‍ന്ന പുതു തലമുറയുടെ കണ്ണ് തുറപ്പിക്കാന്‍ ഇങ്ങനെ ഉള്ള അനുഭവകഥകള്‍ക്ക് മാത്രമെ കഴിയു. കമന്റിന് നന്ദി.
  My......C..R..A..C..K........Words ...
  വളരെ ശരിയാണ്. നന്ദി മാഷേ.

  പള്ളിക്കരയില്‍...
  ഇങ്ങനെ ഒരു കമന്റിന് നന്ദി മാഷേ.

  തൂലികാ ജാലകം ...
  സ്വാഗതം. വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും വളരെ നന്ദി മാഷേ.

  ശ്യാമു...
  സ്വാഗതം. അത്തരം ആളുകളും ഉണ്ട് എന്നത് ശരിയാണ്. പക്ഷേ, ഇത് നല്ലൊരു പാഠമായിട്ടാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. നന്ദി.

 83. raadha said...

  എന്നും എവിടെയും നല്ല മനുഷ്യര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു ശ്രീ... അത് തന്നെ അല്ലെ നമുടെ ഒക്കെ ചെറിയ ചെറിയ സന്തോഷങ്ങള്‍ക്കും കാരണം??

 84. അക്കേട്ടന്‍ said...

  എന്റെ പോസ്റ്റ് ശ്രീക്ക് ഇഷ്ടപ്പെട്ടത് എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്‌. കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകള്‍ പകര്‍ത്തി വയ്ക്കുന്ന താങ്കള്‍ക്കു മുന്പില്‍ എന്റെ പോസ്റ്റ് എത്ര നിസ്സാരം?!! നീര്‍മിഴിപൂക്കള്‍ എന്ന പേര് എത്ര മാത്രം ചേരുന്നതാണ്.

 85. Sekhar said...

  A very very good post Sree.

 86. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:ബ്ലോഗിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന പോസ്റ്റ്.

 87. Madhavan said...

  ശ്രീ, ശരിക്കും കണ്ണു നനയിച്ചു...

 88. Rose Bastin said...

  നന്മയുള്ള മനസ് ഏറ്റവും വലിയ സമ്പത്താണ്!.
  മക്കൾക്ക് ആ സമ്പത്തു പകർന്നുകൊടുക്കാൻ കഴിയുന്ന മാതാപിതാക്കൾ ഭാഗ്യവാന്മാരും!!
  നല്ലപോസ്റ്റ്

 89. shine അഥവാ കുട്ടേട്ടൻ said...

  എന്റെ അപ്പൂപ്പൻ ഹ്ണ്ടിങ്ങിനു പോകുമ്പോൾ കൂടെവരുന്ന പണിയാളരെ ഈ തോക്കിന്റെ ബയണറ്റു കൊണ്ടാ കുത്തിയിരുന്നതു..അതിന്റെയൊക്കെ കാലക്കേട ബാക്കുള്ളവരാ അനുഭവിക്കുന്നത്‌. - എന്നു ഉള്ളിലടക്കിയ അഭിമാനതോടെ പറയുന്ന ആളുകൾക്കിടയിൽ സ്വന്തം വേരുകൾ മറക്കാതെ, ഒളിക്കാതെ, പറയാൻ ധൈര്യം കാണിച്ച ശ്രീയോടു ആരാധന തോന്നി പോവുന്നു..

 90. വീ കെ said...

  ഇവിടെ വരാൻ ഇത്തിരി വൈകിയൊ..?

  ഇത്തരം അമ്മുട്ടിയമ്മൂമ്മമാരല്ലെ ഈ ലോകത്തെ ഇവിടം വരെ എത്തിച്ചത്.എന്റെ ചെറുപ്പകാലം- ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത-അറിയാതെ ഓർത്തുപോയി.

  ആശംസകൾ.

 91. ചിതല്‍ said...

  കേരളത്തിലെ ആ കാലത്തെ കുറിച്ച് ഉപ്പയും വല്യ ഉപ്പയും ഒക്കെ പറയുന്നത് ഞാനും കേട്ടിരിക്കാറുണ്ട്..

  അന്നത്തേ ഭക്ഷണരീതിയേകുറിച്ചും....
  അവരുടെ കഷ്ടപാടുകളും..
  പഠിക്കാന്‍ 20 കിലോമീറ്റര്‍ നടന്നതിനെ കുറിച്ചും.
  ഞാന്‍ കോളേജിലേക്ക് ആവശ്യമില്ലാ‍തെ എന്നും ബൈക്കിന് പോവുന്നത് കണ്ടിട്ട് ഉപ്പ പറഞ്ഞിട്ടിണ്ട്..
  നിന്റെ തലയില്‍ വരച്ചത് എന്റെ മുതുകത്തെങ്ങിലും വരച്ചിരുന്നെങ്കില്‍ എന്ന്...

  എത്ര ഭാഗ്യവാന്‍ മാരാണ് നമ്മൊളൊക്കെ..

  പിന്നെ


  ഇത് പോലെയുള്ള അമ്മൂട്ടിയമ്മമാര്‍ ഇന്നും ഉണ്ട് എന്ന് വിശ്വസിക്കുന്ന ആള്‍ തന്നെയാണ് ഞാന്‍...

 92. ചിലന്തിമോന്‍ | chilanthimon said...

  ഭക്ഷണത്തിന്റെ വിലയറിയാത്ത ഇന്നത്തെ തലമുറ തീര്‍ച്ചയായിട്ടും ശ്രീയുടെ ഈ പോസ്റ്റ് വായിച്ചിരിക്കണം , എല്ലാ ഭാവുകങ്ങളും നേരുന്നു

 93. വേതാളം.. said...

  നന്നായി ശ്രീ,
  ഇതൊക്കെ ഓര്‍ക്കാനും ഇങ്ങനെ ഒരു സമര്‍പ്പണത്തിനു തുനിഞ്ഞതിനും മനസ്സില്‍ നന്മകള്‍ ഉള്ള ഒരാള്‍ക്കേ സാധിക്കൂ.
  നാം പലപ്പോഴും മറന്നു പോകുന്ന ഇത്തരം മൂല്യങ്ങള്‍ വളരെ നിര്‍മ്മലമായി അവതരിപ്പിചതിനു ശ്രീക്കു നൂറു മാര്‍ക്ക്.

  നന്മകള്‍ നേരുന്നു......

 94. ശ്രീ said...

  raadha...
  ശരിയാണ് ചേച്ചീ. വായനയ്ക്കും കമന്റിനും നന്ദി.

  അക്കേട്ടന്‍ ...
  സ്വാഗതം, അക്കേട്ടാ. അക്കേട്ടന്റെ ആ പോസ്റ്റും വളരെ ടച്ചിങ്ങ് ആയിരുന്നു. നന്ദി.

  Sekhar...
  വളരെ നന്ദി മാഷേ.

  കുട്ടിച്ചാത്തന്‍...
  നന്ദി ചാത്താ...

  Madhavan...
  സ്വാഗതം.വായനയ്ക്കും കമന്റിനും നന്ദി മാഷേ.

  Rose Bastin...
  സ്വാഗതം. കമന്റിനു നന്ദി ചേച്ചീ.

  shine അഥവാ കുട്ടേട്ടൻ ...
  വീ കെ said...
  കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു നന്ദി കുട്ടേട്ടാ. നമ്മുടെ മുന്‍‌തലമുറകള്‍ അനുഭവിച്ച കഷ്ടപ്പാടുകളില്‍ നിന്നും നമുക്ക് ഏറെ പഠിയ്ക്കാനും മനസ്സിലാക്കാനുമുണ്ട് എന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. നന്ദി.

  വീകെ...
  സ്വാഗതം മാഷേ. സമാനമായ അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് ഇതെല്ലാം പെട്ടെന്ന് മനസ്സിലാകും. നന്ദി.

  ചിതല്‍...
  ശരിയാണ് മാഷേ. അച്ഛനും അമ്മയും എല്ലാം അത്തരം കഥകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്... നമ്മുടെ തലമുറയില്‍ അതുപോലെ കഷ്ടപ്പെട്ട് പഠിച്ചവര്‍ വളരെ വളരെ കുറവാണ്. കമന്റിനു നന്ദി.

  ചിലന്തിമോന്‍ | chilanthimon...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  വേതാളം...
  വളരെ നന്ദി, വായനയ്ക്കും ഈ കമന്റിനും.

 95. Ifthikhar said...

  ശ്രീ, കണ്ണു നനയിക്കുന്ന പോസ്റ്റ്.
  ‘അഭിനന്ദനങ്ങള്‍’.

 96. Anonymous said...

  നല്ല എഴുത്ത്.
  ‘അഭിനന്ദനങ്ങള്‍’.

 97. രാജു said...

  നല്ലൊരു പോസ്റ്റ്.
  അഭിനന്ദനങ്ങള്‍...
  കണ്ണ് നനഞു പോയി ....... പലതും ഓര്‍മകളിലേക്ക് വരുന്നു .....

 98. മലയാളനാട് said...

  ശ്രീ

  വളരെ മികച്ച പോസ്റ്റ്....

  ആരുടേയും കണ്ണുനനയിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പ്...

  ആശംസകള്‍

 99. മയില്‍പ്പീലി said...

  Very Nice...


  Congratulations...

 100. നിനി ശ്രീജിത്ത് said...

  ശോഭി,

  100-ആം കമന്റ് എന്റെ വക.....

  കണ്ണുനിറഞ്ഞുപോയി....
  വളരെ ഹൃദയസ്പര്‍ശിയായി ഇവിടെ എഴുതിയിരിയ്കുന്നു.

  അഭിനന്ദനങ്ങള്‍.....

 101. santhosh|സന്തോഷ് said...

  101 ഞാനാവട്ടെ...

  ഹോ വല്ലാതെ മനസ്സില്‍ തട്ടി. ബ്ലൊഗില്‍ ഇത്തരം അനുഭവങ്ങളെഴുതാന്‍ താങ്കളൊരാളെയുള്ളൂ. താങ്കളെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു.

  നല്ല പോസ്റ്റ്

  (ആ വഴിക്കൊന്നും ഇപ്പോള്‍ വരാറില്ലല്ലോ)

 102. തിരുവല്ലഭൻ said...

  'മനുഷ്യൻ' എത്ര സുന്ദരമായ പദം
  www.thiruvallabhan.blogspot.com

 103. ശ്രീഇടമൺ said...

  നന്നായിട്ടുണ്ട്...."ഒരു പിടി ചോറിന്റെ വില"

 104. ഗൗരി നന്ദന said...

  ശ്രീ....വളരെ നന്നായി.. ഏച്ചു കെട്ടലുകളില്ലാതെ പറഞ്ഞ ഈ സംഭവം മനസ്സിനെ വല്ലാതെ തൊട്ടു..നന്ദി...

 105. jp said...

  Sree, Nice post.. touching

 106. ശ്രീ said...

  Ifthikhar...
  വളരെ നന്ദി, വായനയ്ക്കും കമന്റിനും.

  Anonymous ...
  നന്ദി.

  രാജു...

  വായനയ്ക്കും കമന്റിനും നന്ദി.

  മലയാളനാട് ...
  ഒരിയ്ക്കല്‍ കൂടി ഇവിടെ വന്നതിനും വായിച്ച് കമന്റ് രേഖപ്പെടുത്തിയതിനും നന്ദി.

  മയില്‍പ്പീലി ...
  വളരെ നന്ദി.

  നിനി ചേച്ചീ...
  നൂറാം കമന്റിനു നന്ദി.

  santhosh|സന്തോഷ് ...

  വായനയ്ക്കും കമന്റിനും വളരെ നന്ദി മാഷേ...

  തിരുവല്ലഭൻ ...
  വളരെ ശരിയാണ് മാഷേ. അമ്മൂട്ടിയമ്മൂമ്മയെപ്പോലെ ഇങ്ങനെയും മനുഷ്യരുണ്ടെന്നത് എത്ര ആശ്വാസമാണ്.

  ശ്രീഇടമൺ ...
  വളരെ നന്ദി.

  ഗൗരി നന്ദന ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  jp ...
  സ്വാഗതം മാഷേ. വായിച്ച് കമന്റിട്ടതിനു നന്ദി.

 107. ഹരിത് said...

  ഇപ്പോഴേ വായിയ്ക്കാന്‍ കഴിഞ്ഞുള്ളൂ ശ്രീ. വളരെ നല്ല പോസ്റ്റ്

 108. ഹരിത് said...
  This comment has been removed by the author.
 109. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

  വൈകിയെങ്കിലും ഒരു അനുഭവകഥ വായിക്കാനായി.ഒരു വീറ്പ്പുമുട്ടല് അനുഭവപ്പെടുന്നു!

 110. സതീശ് മാക്കോത്ത്| sathees makkoth said...

  ശ്രീ അമ്മൂട്ടിയമ്മൂമ്മ കണ്മുന്നിൽ നിറഞ്ഞുനിൽക്കുന്നു.കഴിഞ്ഞ കാലം,കടന്നുവന്ന വഴികൾ മറക്കാതെ ജീവിക്കുന്ന ആ അച്ഛന്റെ മുന്നിൽ നമിക്കുന്നു.
  പത്തു മുപ്പതു വർഷങ്ങൾക്ക് മുന്നിൽ അയൽ‌വീട്ടിൽ ഒരുനാഴി അരി കടം ചോദിക്കാൻ പോയ അമ്മ കരഞ്ഞ് കൊണ്ട് തിരികെ വന്ന രംഗവും ഓർമ്മ വന്നു ഇതുവായിച്ചപ്പോൾ. അമ്മൂട്ടിയമ്മയെ പോലെ മഹാമനസ്കത അവർക്കില്ലാണ്ട് പോയി.
  “നല്ല ഒന്നാന്തരം പുഞ്ചയരിയാ ഇവിടുള്ളത്. റേഷനരിയല്ലാണ്ട് വേറേ അരി തിരികെ തരാൻ നിനക്ക് പാങ്ങുണ്ടോ” എന്നാണവർ ചോദിച്ചത്.
  സ്വന്തം വയറ് മുറുക്കി ഉടുത്ത് മക്കളെ പട്ടിണിയ്ക്കിടാതെ വളർത്തിയ ആ തലമുറയുടെ നന്മയെക്കുറിച്ച് മാത്രം നമ്മുക്കോർക്കാം.
  നന്നായി ശ്രീ. ആശംസകൾ

 111. കാളിന്ദി said...

  ശ്രീ വളരെ നല്ല പോസ്റ്റ്. ഇപ്പോൾ സ്നേഹവും കടപ്പാടും കാണിക്കുന്നവർ മണ്ടന്മാർ ആണു. മനസ്സിൽ നന്മ സൂക്ഷിക്കുന്ന ചിലരെങ്കിലും ഉണ്ടല്ലോ, സമാധാനം.

 112. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  sankadam vannupOyi vaayichchappO...

  ippazhaa ithu kandath. kurachaayi sugamillaathe kidappilaarunu. thalapokkiya udane sreede postonnum ille ennaa nokkiye, pinne direct blogil vannu nokki...

  Achan ente Hero aanu, athaavum kannu nirayunnathum...

 113. കാസിം തങ്ങള്‍ said...

  ശ്രീ, അമ്മൂട്ടിയമ്മൂമയുടെ കരുണാര്‍ദ്രമായ മനസ്സും ജീവിതാഭിവൃദ്ധിയിലും ഉപകാരസ്മരണ നിലനിര്‍ത്തുന്ന അഛന്റെ വിശാല മനസ്കതയും വായിച്ചപ്പോള്‍ വല്ലാത്തൊരു നൊമ്പരം. ഇത്തരം നന്മകള്‍ നിലനിര്‍ത്താന്‍ നമുക്കുമാവട്ടെ.

 114. Melethil said...

  കുറെ പ്രാവശ്യം ഈ പോസ്റ്റിനു കമന്റ് ഇടണം എന്ന് വച്ചു വന്നു ഇവിടെ , ഇന്നിടുന്നു. ഒരു പക്ഷെ നമ്മുടെ ഓര്‍മ്മകള്‍ക്കുള്ള സാമ്യമാവും കാരണം, ഒരു അസ്വസ്ഥത ഇതു വായിക്കുമ്പോള്‍.

 115. Punarjani said...

  sree
  oru hridayasparsiyaya anubhavam .kannukal nanaju poyi.........

 116. കാന്താരിക്കുട്ടി said...

  ഇവിടെ എത്താൻ ഒത്തിരി വൈകി പോയി.പണ്ടത്തെ അമ്മായിയമ്മ ഭരണത്തിന്റെ തിന്മകൾ അലപമെങ്കിലും മനസ്സിലാക്കിയിട്ടുണ്ട് ഞാൻ. എന്റെ ചെറുപ്പത്തിൽ എന്റെ കുഞ്ഞമ്മ ഉച്ചയാകുമ്പോൾ വീട്ടിൽ വരും.പ്ലാവിൽ ചക്കയുണ്ടോ ചേച്ചീ എന്ന് അമ്മയോടു ചോദിച്ചു കൊണ്ടാണു വരുന്നത്.കുഞ്ഞമ്മയുടെ വാടിയ മുഖം കാണുമ്പോൾ അമ്മയ്ക്ക് കാര്യം അറിയാം.പിന്നെ നിർബന്ധിച്ച് ഊണു കഴിപ്പിച്ചു വിടും.അന്നൊക്കെ അമ്മായിയമ്മമാർ അളന്നു കൊടുക്കുന്ന അരിയല്ലേ അടുപ്പത്തിടൂ! എന്തൊരു കാലമാ അല്ലേ

  എന്തായാലും ശ്രീയുടെ അനുഭവങ്ങൾ കണ്ണു നനയിച്ചു.

 117. അനില്‍ശ്രീ... said...

  ശ്രീ,,,
  ഇന്നാണ് ഇത് വായിക്കാന്‍ പറ്റിയത്... കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ കാരണം ഒറ്റയിരുപ്പിന് മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല. ഈ ഓര്‍മപ്പെടുത്തലിന് നന്ദി ശ്രീ...

 118. വേതാളം.. said...

  ഒന്നു വന്നു നോക്കി പോകൂന്നേ ശ്രീ!!!!

 119. Shaivyam...being nostalgic said...

  Very very touching Sree. Well written!
  ശ്രീയുടെ ആ മനസ്സ് ഞാന്‍ കാണുന്നു. ഒപ്പം, പിറകിലേക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയ ആ സംഭവങ്ങളും. നന്നായി ഈ സ്നേഹ സമരണ.

 120. അനൂപ്‌ കോതനല്ലൂര്‍ said...

  കുട്ടിക്കാലത്ത് ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതിരിയ്ക്കുമ്പോഴും തരുന്ന ഭക്ഷണം ഇഷ്ടപ്പെടാതെ, കുറച്ച് കഴിച്ച് മതിയെന്നു പറഞ്ഞ് കളയുമ്പോഴുമെല്ലാം അച്ഛന്‍ വഴക്കു പറയുമായിരുന്നു. ‘നിങ്ങള്‍ക്കൊന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിയില്ല മക്കളേ’ എന്നു പറയും. അന്നൊന്നും അതില്‍ കാര്യമുണ്ടെന്ന് തോന്നിയിരുന്നില്ല
  ബുദ്ധിമുട്ടും കഷ്ട്പ്പാ‍ടും അറിയാതെയാണ് ഇന്നത്തെ കുട്ടികളിൽ പലരും വളരുന്നത്.മക്കൾ ആവ്വശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കുന്ന മാതാപിതാക്കൾ ആവരുടെ സെനഹം പോലും ഇന്നത്തെ കുട്ടികൾ മുതലെടുക്കുകയാണ്.ഒരു നേരത്തെ അഹാരത്തിന്റെ വില അറിയണമെങ്കിൽ ജീവിതത്തിൽ എപ്പോഴെലും പട്ടിണി കിടക്കണം.

 121. അനൂപ്‌ കോതനല്ലൂര്‍ said...

  ശ്രിയുടെ ശരിക്കും മനസ്സിൽ തട്ടിയ ഒരു പോസ്റ്റായി ഇത്

 122. ശ്രീ said...

  ഹരിത് മാഷേ...
  വളരെ നന്ദി.

  സഗീര്‍ ...
  വായനയ്ക്കും കമന്റിനും നന്ദി.

  സതീശേട്ടാ...
  ഇങ്ങനെ ഒരു കമന്റ് ആയപ്പോള്‍ ഈ പോസ്റ്റിന് ഒരു പൂര്‍ണ്ണത കൈവന്നതു പോലെ തോന്നുന്നു. ഓര്‍മ്മകളില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം പങ്കു വച്ചതിനു നന്ദി.

  കാളിന്ദി ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി ചേച്ചീ.

  പ്രിയ...
  അസുഖത്തിനിടയിലും ഇതു വായിയ്ക്കാനെത്തിയതിനു നന്ദി.

  കാസിം തങ്ങള്‍...
  സ്വാഗതം. വായനയ്ക്കും ഇങ്ങനെയൊരു കമന്റിനും നന്ദി മാഷേ.
  Melethil ...
  സ്വാഗതം. സമാനമായ ഓര്‍മ്മകള്‍ ഉള്ളവര്‍ ഉണ്ടെന്നറിയുന്നത് ഈ കമന്റുകളിലൂടെയാണ്. നന്ദി മാഷേ

  Punarjani...
  സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി

  കാന്താരി ചേച്ചീ...
  അത്ര വൈകിയിട്ടൊന്നുമില്ലെന്നേ. പഴയ തലമുറക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് സമാനമായ കഥകള്‍. നന്ദി.

  അനില്‍ശ്രീ മാഷേ...
  വളരെ നന്ദി.

  വേതാളം...
  അവിടെ വന്നിരുന്നു. കമന്റ് ഓപ്‌ഷന്‍ കാണുന്നില്ലല്ലോ, എന്തു പറ്റി?

  Shaivyam...being nostalgic ...
  സ്വാഗതം. വായനയ്ക്കും ഇങ്ങനെ ഒരു കമന്റിനും നന്ദി മാഷേ.

  അനൂപ്‌ കോതനല്ലൂര്‍ ...
  ശരിയാണ് മാഷേ. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിയ്ക്കുന്നവര്‍ പുതു തലമുറയില്‍ വിരളമാണ്. കമന്റിനു നന്ദി.

 123. വിന്‍സ് said...

  വളരെ നാളുകളായി ശ്രീയുടെ ബ്ലോഗില്‍ വന്നിട്ടു..........വരാതിരുന്നതു വല്ലാത്ത നഷ്ട്ടം ആയെന്നു ഇപ്പോള്‍ മനസ്സിലായി. വളരെ റ്റച്ചിങ്ങ്!!! പലപ്പോഴും രക്ത ബന്ധത്തിനേക്കാളും വലുത് ആത്മ ബന്ധം ആണെന്നു എനിക്കും തോന്നിയിട്ടുണ്ട്. നന്നായി എഴുതിയിരിക്കുന്നു.

 124. വിന്‍സ് said...

  ഒരിക്കല്‍ കൂടി വായിച്ചു....കൂട്ടുകാര്‍ ഇടക്കെന്നോട് ചോദിക്കാറുണ്ട് നിനക്കെന്നാ ഹൃദയം ഇല്ലേ എന്നു...ഇനി ധൈര്യം ആയി അവരോടു പറയാം ഉണ്ടെടേ എന്നു!!!! ശെരിക്കും ഹൃദയസ്പര്‍ശി (ഇങ്ങനെ തന്നെ അല്ലേ?)

 125. പഥികന്‍ said...

  പട്ടിണി മരണങള്‍ തുടര്‍ക്കഥയാവുന്ന നാട്ടില്‍, വരുംതലമുറകള്‍ക്കു ഇങനെ ഒരു കഥപറയാനുണ്ടാവുമോ?
  ശ്രീ, വളരെ ഇഷ്ടപ്പെട്ടു. ഉപകാരവും പ്രത്യുപകാരവും അവ നല്‍കുന്ന പാഠങളും. കുറ്റങള്‍ കണ്ടുപിടിക്കാനല്ലാതെ മറ്റുള്ളവരിലേക്കു നോക്കാത്ത നമുക്കൊക്കെ നന്മകളാല്‍ തീര്‍ത്ത ഈ ജീവിതകഥ ഒരു പാഠമാകട്ടെ...

 126. നരിക്കുന്നൻ said...

  ശ്രീയുടെ എഴുത്തിന് ഒരു വശ്യതയുണ്ട്. തുടങ്ങിയാൽ നിർത്താതെ വായിക്കാൻ ആ വാക്കുകൾ വരികൾ പ്രേരിപ്പിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ മനസ്സോടെ വായിച്ച് തീർക്കുമ്പോൾ ഭൂതകാലത്തിന്റെ ഓർമ്മകൾ ബാക്കിയാക്കുന്നു. അമ്മൂട്ടിയമ്മയുടെ പോലെ കരുണയുള്ള മനസ്സുകൾ നഷ്ടമാകുന്ന ഈ ലോകത്ത് കാരുണ്യവും സ്നേഹവും അറിഞ്ഞ് ജീവിക്കാൻ നമുക്ക് കഴിയട്ടേ..

 127. സ്വന്തം said...

  കണ്ണുനനയിച്ചു ശ്രീ.

 128. ഏ.ആര്‍. നജീം said...

  ശ്രീ.....എന്താ പറയുക...

  അവസാന വരികള്‍ വായിക്കാനായില്ല കണ്ണില്‍ കണ്ണീര്‍ ഒരു നേര്‍‌ത്ത പാട തീര്‍ത്തതു കൊണ്ടാകാം...

  സസ്നേഹം..

 129. Vipin said...

  Touching incident sree....

  thanks

 130. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  sree,

  sorry for writing in english. i was away from boolokam coz of some personal matters.. i just read this post and as somebody said. i am blind now as my eys become full of tears..

  nothing to say now.. praying for the best ..

  pb

 131. തോന്ന്യവാസങ്ങള്‍ said...

  തികച്ചും ഹൃദയ സ്പര്‍ശിയായിരുന്നു .... അഭിനന്ദനങ്ങള്‍

 132. സ്‌പന്ദനം said...

  വളരെ വൈകി എത്തിയതില്‍ ക്ഷമാപണം. ദാരിദ്ര്യത്തിന്റെ ധാരാളിത്തത്തില്‍ നിന്നു സമ്പത്തിന്റെ ധാരാളിത്തത്തിലേക്കു കൂടുമാറുമ്പോള്‍ പോയകാലത്തെ മനപ്പൂര്‍വം മറക്കുന്ന സ്വാര്‍ഥരുടെ ലോകമാണിന്നത്തേത്ത്‌. അതിന്നപവാദമാവുന്ന ശ്രീയേട്ടനെപ്പോലുള്ള ചുരുക്കം ചിലരൊഴിച്ച്‌. അയലത്തെ കുട്ടികളുടെ പശിയടക്കാന്‍ സ്വന്തം അന്നം പകുത്തിനല്‍കിയ അമ്മൂട്ടിയമ്മയെപ്പോലെ, ആ ഉപകാരത്തിന്‌ അകമഴിഞ്ഞു നന്ദി കാട്ടിയ ശ്രീയേട്ടന്റെ അച്ഛനെപ്പോലുള്ളവര്‍ ഇനിയുമുണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ.....
  സ്‌നേഹപൂര്‍വം നിഷാദ്‌

 133. അച്ചു said...
  This comment has been removed by the author.
 134. അച്ചു said...

  ഈ അനുഭവ കഥ ഒരു സിനിമാക്കഥ പോലുണ്ട്. പിന്നെ,പഴയ പോസ്റ്റിലെ എൻ.എസ്.എസ്.ക്യാമ്പിലെ അനുഭവം പഴയതൊക്കെ ഒന്നുകൂടെ ഓർത്തെടുക്കാൻ കാരണമായി. ഇതേ പോലുള്ള ഒരനുഭവം തന്നെയാണ് ഞങ്ങൾക്കും ഉണ്ടായത്. നന്നായി പറഞ്ഞിരിക്കുന്നു.

 135. സാന്ത്വന said...

  ശ്രീ.. സമാനസംഭവം എന്‍ടെ അഛനും എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്,, ഞാന്‍ അഛനു പ്രിന്‍ട് എടുത്ത് കൊടുത്തു.. വായിച്ചു കഴിഞ്ഞപ്പൊള്‍ അഛന്‍ടെ കണ്ണു നിറഞ്ഞു.. സ്വന്തം ജീവിത്തില്‍ സംഭവിച്ചതാകുംപോള്‍ കൂടുതല്‍ മനസ്സില്‍ തട്ടും.. അഭിനന്ദനനങ്ങള്‍...

 136. ശ്രീ said...

  വിന്‍സ് ...
  കുറേ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം. ഇത് ഹൃദയസ്പര്‍ശി (അങ്ങനെ തന്നെ ആണ്) ആയി തോന്നുന്നുവെങ്കില്‍ ഹൃദയമുള്ള ഒരാളാണെന്ന് കൂട്ടുകാരോട് ധൈര്യമായി പറഞ്ഞോളൂ... നന്ദി.

  പഥികന്‍ ...
  സ്വാഗതം. ഈ കമന്റിനു വളരെ നന്ദി മാഷേ.

  നരിക്കുന്നൻ മാഷേ...
  എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

  സ്വന്തം ...
  വളരെ നന്ദി.

  നജീമിക്കാ...
  കുറേ നാളിനു ശേഷം വന്നതിനും വായിച്ച് കമന്റിട്ടതിനും വളരെ നന്ദി.

  Vipin ...
  വളരെ നന്ദി വിപിന്‍.

  ബഷീര്‍ക്കാ...
  ഈ തിരക്കിനിടയിലും ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്ത്തിയതിനും നന്ദി.

  തോന്ന്യവാസങ്ങള്‍...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  സ്‌പന്ദനം /നിഷാദ്...
  വൈകിയിട്ടൊന്നുമില്ല; വായിയ്ക്കാന്‍ സമയം കണ്ടെത്തിയതില്‍ വളരെ സന്തോഷം, ഈ കമന്റിനും നന്ദി പറയുന്നു.

  അച്ചു ...
  സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി. ഒപ്പം ക്യാമ്പ് അനുഭവങ്ങള്‍ കൂടെ വായിച്ചു എന്നറിഞ്ഞതിലും സന്തോഷം.

  സാന്ത്വന ...
  സ്വാഗതം. ഇതിനു സമാനമായ അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഈ അനുഭവം ഉള്ളില്‍ തട്ടും.വളരെ നന്ദി.

 137. പിരിക്കുട്ടി said...

  ശ്രീ
  ഇവിടെ എത്താന്‍ വൈകിപ്പോയി തിരക്കിലാരുന്നു
  പിന്നെ ഈ പോസ്റ്റ് എന്‍റെ കണ്ണ് നനയിച്ചു ....
  .: ‘നിങ്ങള്‍ക്കൊന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിയില്ല മക്കളേ’ എന്നു പറയും"
  അച്ഛന്റെ ഈ വാക്കുകള്‍ ഞാനിപ്പോള്‍ എന്‍റെ ചേച്ചിടെ മക്കളോട് പറയുന്നതാ
  കാരണം ഞങ്ങള്‍ നന്നായി അറിഞ്ഞിട്ടുണ്ട് ഭക്ഷണത്തിന്റെ വില ....
  ശ്രീ യുടെ ഈ പോസ്റ്റ് എന്നെ എന്‍റെ അമ്മ പറഞ്ഞ കഥ ഓര്‍മിപ്പിച്ചു
  ഒരു വിധം തരക്കേടില്ലാത്ത വീട്ടിലേക്കു കല്യാണം കഴിച്ചു വന്ന എന്‍റെ അമ്മ
  അമ്മായിഅമ്മ(എന്‍റെ അമ്മൂമ്മ )കാണാതെ അടുത്ത വീട്ടിലെ പട്ടിണി ക്കാര്‍ക്ക്
  കൊടുത്തിട്ടുണ്ട്‌ അരിയും പണയം വെക്കാന്‍ സ്വര്‍ണവും മറ്റും
  പക്ഷെ ഞങ്ങളുടെ കഷ്ടകാലത്തു ആരും സഹായിക്കനുണ്ടായില്ല എന്ന് മാത്രം
  ശ്രീയുടെ അച്ഛന്‍ ഇത്രേം ഒക്കെ ചെയ്തല്ലോ ദൈവം കഷ്ട്ടപ്പെടുന്നവരുടെ കൂടെ
  ഉണ്ടാകും എന്ന് ഇത് വായിച്ചപ്പോള്‍ തോന്നി

 138. sherlock said...

  nice post sree...

  (kandirunnilla munpu)

 139. മഞ്ഞുതുള്ളി said...

  kannu niranju...

  really touching

 140. ഹരി said...

  ശ്രീ,
  അമ്മൂട്ടിയമ്മയെ അറിയാന്‍ വൈകിയതില്‍ ഖേദമുണ്ട്‌. നാട്ടുമ്പുരത്തിന്റെ നന്മകളാല്‍ സമൃദ്ധമായ ആഖ്യാന ശൈലിയില്‍ തെല്ലൊരു അസൂയയും തോന്നുന്നു. ഇനി‌മിനിയും ഇതുപോലെ എഴുതുവാനാകട്ടെ...

 141. kutty sulthan said...

  കൊള്ളാം സുഹൃത്തേ ....നന്നായിരിക്കുന്നു ....താങ്കളും എന്നെപ്പോലെ editing ന്റെ സാധ്യതകളെപ്പറ്റി ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു...
  എം ടി യുടെ മഞ്ഞ് വായിച്ചു കാണുമല്ലോ ?... താങ്കളെ നേരിട്ട് പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു...(lakshmikanth.mr@gmail.com).... എന്റെ എല്ലാ വിധ ഭാവുകങ്ങളും...

 142. Smitha Nair said...

  No words can do justice to appreciate the post... you should write more and I hope to read your books soon :)

 143. kichu said...

  ശ്രീ.

  ഇപ്പൊഴാ കണ്ടത്. നല്ല പോസ്റ്റ്.

  ഒരു വറ്റു പോലും പഴാക്കി കളയരുതെന്ന് പറഞ്ഞ് ഞാന്‍ വഴക്കു പറയാറുണ്ട് മക്കളെ. അവരതിന്റെ വില അറിഞ്ഞു തന്നെ വളരണം.

  പട്ടിണി കിടന്ന കാലങ്ങളെക്കുറിച്ച് ഉമ്മ പറയാറുണ്ട്. ഒരു കിലോ വാട്ടക്കപ്പ കൊണ്ട് ഒന്‍പതു വയറുനിറക്കാന്‍ അമ്മൂമ്മ പാടുപെട്ടിരുന്ന കഥകള്‍..

  ഈ ഓര്‍മക്കുറിപ്പ് നന്നാ‍യി, എല്ലാവര്‍ക്കും.

 144. ജോണ്‍ ചാക്കോ, പൂങ്കാവ് said...

  മാഷെ.... മനുഷ്യന്റെ കണ്ണ് നനയിക്കുമല്ലോ ഈ അനുഭവങ്ങള്‍.....

 145. രാഹുല്‍ said...

  നന്നായിരിക്കുന്നു. ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് അധികം ആയില്ല. ഇത് വരെ വായിച്ചതില്‍ വച്ച് ഏറ്റവും നല്ല പോസ്റ്റ്‌. ഇതിന്‍റെ ഉള്ളടക്കം കുറെ നാള്‍ എന്‍റെ മനസ്സിലുണ്ടാകും ഉറപ്പ്.
  Sands ന്‍റെ വരി By the time one realizes his dad was right, he would have a son who thinks "dad is wrong" ന്‍റെ വരി ഞാന്‍ ആദ്ധ്യമായിട്ടു കേള്‍ക്കുവാ. Great.