Thursday, March 12, 2009

ക്ഷേത്രമുറ്റത്തെ പ്രേതം

നാട്ടില്‍ രണ്ടു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നാലഞ്ചു ക്ഷേത്രങ്ങളാണ് ഉള്ളത്. ശിവനും കൃഷ്ണനും അയ്യപ്പനും ഭഗവതിയുമൊക്കെയായി എല്ലാവരും ചുറ്റിലുമുണ്ട്. അതു കൊണ്ടു തന്നെ പുതുവര്‍ഷം തുടങ്ങി അധികം കഴിയും മുന്‍‌പേ നാട് ഉത്സവ ലഹരിയിലായിരിയ്ക്കും. ഞങ്ങളുടെ ഈ ഉത്സവകാലം ജനുവരി അവസാനം മുതല്‍ മുതല്‍ ഏപ്രില്‍ വരെ നീണ്ടു നില്‍‌ക്കും.

അതു പോലെ ഒരു ഉത്സവകാലത്ത് പത്തു പതിനഞ്ചു വര്‍ഷം മുന്‍പു നടന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ഞാനും ചേട്ടനുമെല്ലാം അന്ന് സ്കൂളില്‍ പഠിയ്ക്കുകയാണ്. അങ്ങനൊരു ദിവസം കുറച്ചകലെയുള്ള ശിവ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിക്കഴിഞ്ഞു. ഞങ്ങളെല്ലാവരും പലപ്പോഴായി ക്ഷേത്രദര്‍ശനം നടത്താറുണ്ടെങ്കിലും ഉത്സവദിവസങ്ങളില്‍ കുട്ടികള്‍ എല്ലാവരും ഒരുമിച്ചാണ് പോകാറുള്ളത്. [രാത്രി സമയങ്ങളില്‍ ഒറ്റയ്ക്കു വരുക എന്നത് അക്കാലത്ത് ചിന്തിക്കാനേ പറ്റില്ലായിരുന്നു].

വൈകുന്നേരമായി. അന്ന് ഉത്സവ പരിപാടികളില്‍ ഗാനമേളയോ മറ്റോ ആണ്. എന്തായാലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു സംഭവം. അതു കൊണ്ടു തന്നെ ഞങ്ങളെല്ലാവരും മുന്‍‌കൂറായി വീട്ടില്‍ നിന്നും അനുവാദം വാങ്ങി. എന്നെയും ചേട്ടനെയും കൂടാതെ സംഗനും അയല്‍‌പക്കത്തെ ജിബീഷേട്ടനും സുധീഷും സുജിത്തും സൂരജുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരും മുന്‍പേ പറഞ്ഞുറപ്പിച്ചതിന്‍ പ്രകാരം വൈകുന്നേരമായപ്പോഴേയ്ക്കും കുളിച്ചൊരുങ്ങി തയ്യാറായി.

ഏതാണ്ട് ഒരു അഞ്ചു മണിയോടെ എല്ലാവരും ക്ഷേത്രത്തിലേയ്ക്ക് വച്ചു പിടിച്ചു. നാട്ടു വിശേഷങ്ങളും കേട്ടു കേള്‍വികളും സിനിമാക്കഥകളും തമാശകളും എല്ലാം പറഞ്ഞ് ആടിപ്പാടി പതുക്കെയാണ് നടത്തം. അങ്ങനെ ക്ഷേത്രത്തില്‍ എത്തി ദീപാരാധന കഴിഞ്ഞ്, തൊഴുത് പ്രസാദവും വാങ്ങി അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍പ്പായി. പിന്നെ രാത്രി ഗാനമേള തുടങ്ങുന്നതു വരെയുള്ള സമയമത്രയും ചിലവിടുന്നത് ഉത്സവക്കാഴ്ചകളിലൂടെയും അമ്പലപ്പറമ്പിലും വഴിയരികിലും എല്ലാം പൊടിപൊടിയ്ക്കുന്ന വഴിയോരക്കച്ചവടക്കഴ്ചകള്‍ കണ്ടു കൊണ്ടുമാണ്. അതിനിടെ ഏറ്റവും സമയം ചിലവിടുന്നത് കിലുക്കിക്കുത്ത് പോലെയുള്ള ആള്‍ത്തിരക്കുള്ള ‘നിരോധിത കല’കള്‍ കാഴ്ച വയ്ക്കുന്ന കച്ചവടക്കാരന്റെ മുന്നിലോ അമ്പലപ്പറമ്പില്‍ നെഞ്ചും വിരിച്ച് പനമ്പട്ടയും മറ്റും തട്ടിവിടുന്ന ആനകളുടെ ചുറ്റുവട്ടത്തോ ആയിരിയ്ക്കും.

അങ്ങനെ അന്നത്തെ ഉത്സവശേഷം രാത്രി ഗാനമേളയും കഴിഞ്ഞ് ഞങ്ങളെല്ലാവരും അമ്പലപ്പറമ്പില്‍ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു. സമയം ഏതാണ്ട് ഒരു മണിയെങ്കിലും കഴിഞ്ഞു കാണും. മെയിന്‍ റോഡില്‍ നിന്നും ഞങ്ങളുടെ ചെമ്മണ്‍‌ റോഡിലേയ്ക്ക് കടക്കുന്നതു വരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കാരണം സ്ട്രീറ്റ് ലൈറ്റും മറ്റും ഉണ്ടായിരുന്നു. പോരാത്തതിന് ഉത്സവം കഴിഞ്ഞ് പോകുന്ന ചില ആളുകളെയും കാണാമായിരുന്നു. എല്ലാവരും ചിരിച്ചു തമാശ പറഞ്ഞ് നടന്നു.

പക്ഷേ ടാര്‍ റോഡില്‍ നിന്നും ഞങ്ങളുടെ ഇടവഴിയിലേയ്ക്ക് തിരിയുന്ന സ്ഥലമായപ്പോഴേയ്ക്കും കഥ മാറി. ഞങ്ങളുടെ ആ ചെറിയ വഴി മുഴുവന്‍ ഇരുട്ടു മൂടി കിടക്കുകയാണ്. വഴിയുടെ വശങ്ങളിലുള്ള ഒറ്റ വീട്ടില്‍ പോലും വെളിച്ചമില്ല. ആ റോഡിലേയ്ക്ക് കടന്ന നിമിഷം മുതല്‍ അകാരണമായ ഒരു ഭയം എല്ലാവരിലും പ്രകടമായി. അതു വരെ മുന്‍‌പേ നടന്നിരുന്നവര്‍ (ഞാനും) ഓരോരുത്തരായി പതിയേ പുറകോട്ട് പിടിയ്ക്കാന്‍ തുടങ്ങി.

വെളിച്ചമില്ല എന്നതു മാത്രമായിരുന്നില്ല ആ ഭയത്തിന്റെ കാരണം. ഞങ്ങള്‍ക്ക് പോകുന്ന വഴിയ്ക്ക് റോഡരുകിലായി ഒരു പൊളിഞ്ഞ ക്ഷേത്രമുണ്ട്. ‘കുറുപ്പന്മാരുടെ അമ്പലം’ എന്നറിയപ്പെടുന്ന ആ കൊച്ചു ക്ഷേത്രം പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ അവിടെയുള്ള ഒരു കുടുംബക്കാരുടെ കുടുംബ ക്ഷേത്രമായിരുന്നു. വളരെ പണ്ട് പൂജയും മറ്റുമുണ്ടായിരുന്ന ആ ക്ഷേത്രം വര്‍ഷങ്ങളായി നശിച്ചു കാടു പിടിച്ച് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. അതെ പറ്റി നാട്ടുകാര്‍ക്കിടയില്‍ നല്ലതല്ലാത്ത പല കഥകളും പ്രചരിച്ചിട്ടുമുണ്ടായിരുന്നു. മൊത്തത്തില്‍ ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ അത് ധാരാളമായിരുന്നു. എന്തിനധികം, പകല്‍ സമയത്തു പോലും അതിനടുത്തു കൂടെ നടക്കുമ്പോള്‍ അറിയാതെ അങ്ങോട്ടേയ്ക്ക് ഒരു നോട്ടം ചെന്നാല്‍ മതി, എന്തെന്നറിയാത്ത ഒരു തരിപ്പ് തോന്നുമായിരുന്നു എന്നതാണ് സത്യം.

അന്നു രാത്രിയും ഞങ്ങള്‍ക്ക് സ്വന്തം വീടുകളിലേയ്ക്ക് പോകണമെങ്കില്‍ ആ ക്ഷേത്രത്തിനരികിലൂടെ തന്നെ പോകുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. രാത്രി അത്രയും വൈകിയതില്‍ സ്വയം പ്രാകിക്കൊണ്ട് പരസ്പരം കൈ കോര്‍ത്ത് പിടിച്ച് ഒറ്റക്കെട്ടായി ഞങ്ങള്‍ പതുക്കെ പതുക്കെ നടന്നു. ക്ഷേത്രത്തിന് തൊട്ടു മുന്‍പായിരുന്നു സൂരജിന്റെ വീട്. അവിടെയെത്തിയപ്പോള്‍ ഉള്ള ധൈര്യം മുഴുവനുമെടുത്ത് ഒറ്റ ഓട്ടത്തിന് അവന്‍ വീടെത്തി. ഞങ്ങള്‍ ബാക്കി എല്ലാവരും നടത്തം തുടര്‍ന്നു. അങ്ങനെ ക്ഷേത്രമടുക്കുന്തോറും ഞങ്ങളുടെ നടത്തത്തിന്റെ വേഗം കൂടി കൂടി വന്നു. കൃത്യം ക്ഷേത്രത്തിനു മുന്‍പിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങളെല്ലാവരും നടത്തത്തില്‍ നിന്നും ചെറിയ തോതില്‍ ഓട്ടത്തിലേയ്ക്ക് ചുവടു മാറിക്കഴിഞ്ഞിരുന്നു എന്നു തന്നെ പറയാം.

ആ സമയം ഞാനായിരുന്നു കൂട്ടത്തില്‍ ഏറ്റവും പുറകില്‍ നടന്നിരുന്നത്. നോക്കരുതെന്ന് കരുതിയിരുന്നുവെങ്കിലും ക്ഷേത്രത്തിന്റെ മുന്‍‌വശം കടന്നു പോകുന്ന സമയത്ത് അറിയാതെ ഞാന്‍ ആ ഭാഗത്തേയ്ക്ക് ഒന്നു പാളി നോക്കി. അപ്പോള്‍ പെട്ടെന്ന് ആ ക്ഷേത്രമുറ്റത്ത് എന്തോ കിടക്കുന്നതു പോലെ എനിയ്ക്കു തോന്നി. ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അപ്പോള്‍ കണ്ട കാഴ്ച! ആ കൂരിരുട്ടില്‍ തൃകോണാകൃതില്‍ ക്ഷേത്രമുറ്റത്ത് അവ്യക്തമായ ഒരു രൂപം. ഞാന്‍ നോക്കി നില്‍ക്കേ ആ രൂപം ഒന്ന് അനങ്ങി. അടുത്ത നിമിഷം അത് വലുതായി വരുന്നതു പോലെ എനിയ്ക്കു തോന്നി.

എന്റെ തൊണ്ട വറ്റി വരണ്ടു. ഭയം കാരണം ഞാനൊന്ന് വിറച്ചു. ഒരു വിധത്തില്‍ ഞാന്‍ തൊട്ടു മുമ്പില്‍ പോകുകയായിരുന്ന ജിബീഷ് ചേട്ടനെ തോണ്ടി വിളിച്ചു കൊണ്ട് “ദേ, നോക്കിയേ ജിബീഷ് ചേട്ടാ, എന്താ അത്?” എന്ന് പറഞ്ഞതും അത് മുഴുവനാക്കും മുന്‍‌പ് തന്നെ ജിബീഷ് ചേട്ടന്‍ തിരിഞ്ഞു നോക്കാതെ എല്ലാവരോടുമായി “ഓടിക്കോടാ” എന്ന് പറഞ്ഞതും ഞങ്ങളെല്ലാവരും ഓട്ടം തുടങ്ങിയതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു.

ആ ഓട്ടം എല്ലാവരും നിര്‍ത്തിയത് ഞങ്ങളുടെ വീടിനു മുന്‍പിലായിരുന്നു. ഓട്ടം തുടങ്ങുമ്പോള്‍ ഏറ്റവും പുറകിലായിരുന്നെങ്കിലും ഏറ്റവുമാദ്യം ഓടിയെത്തിയത് ഞാനായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. എല്ലാവരും എനിയ്ക്കു ചുറ്റും വട്ടം കൂടി നിന്നു കൊണ്ട് ചോദിച്ചു “എന്താ കാര്യം? നീ എന്താ കണ്ടത്?” എന്ന്. ഭയം മൂലം എല്ലാവരും കുറേശ്ശെ വിറയ്ക്കുന്നുണ്ടായിരുന്നു.

അത് എന്താണെന്ന് എനിയ്ക്കും പിടി കിട്ടിയില്ലല്ലോ. വെളുത്ത എന്തോ ഒന്ന് അവിടെ കണ്ട കാര്യം മാത്രം ഞാന്‍ പറഞ്ഞു. അതെന്തായിരിയ്ക്കും എന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ചു. അപ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ സുധീഷ് പറഞ്ഞു. “വല്ല പ്രേതമോ മറ്റോ ആയിരിയ്ക്കുമോടാ? അവിടെ അങ്ങനെ പലതും കാണാറുണ്ടെന്ന് എന്റെ അച്ഛാച്ചനും മിനിക്കുഞ്ഞമ്മയുമൊക്കെ പറയാറുള്ളതാ...” അതു കൂടി കേട്ടതോടെ എല്ലാവരുടെയും നല്ല ജീവന്‍ പോയി.

അപ്പോഴേയ്ക്കും ഞങ്ങളുടെ വീട്ടിലെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. പുറത്തെ അടക്കിപ്പിടിച്ച സംസാരം കേട്ട് അച്ഛന്‍ ഉണര്‍ന്നിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ വരേണ്ട സമയമായെന്ന് അച്ഛനറിയാമല്ലോ. ചേട്ടന്‍ പെട്ടെന്ന് ചാടിക്കയറി എല്ലാവരോടുമായി പറഞ്ഞു “ആരും തല്‍ക്കാലം ഈ സംഭവം മിണ്ടരുത്. വല്ലതും കണ്ട് പേടിച്ചു എന്നോ മറ്റോ പറഞ്ഞാല്‍ പിന്നെ രാത്രിയില്‍ ഒരു പരിപാടി കാണാനും അനുവാദം കിട്ടില്ല”. എല്ലാവരും അത് സമ്മതിച്ചു. അതിനിടെ വാതില്‍ തുറന്ന് അച്ഛന്‍ വരാന്തയില്‍ എത്തിയിരുന്നു. ആ സമയത്ത് അച്ഛനെ കണ്ടപ്പോള്‍ എല്ലാവ്ര്ക്കും കുറച്ചൊരു ആശ്വാസമായി. ആ ഒരു ധൈര്യത്തില്‍ എല്ലാവരും അവരവരുടെ വീടുകളിലേയ്ക്കും പോയി.

പിന്നീട് കുറേക്കാലത്തേയ്ക്ക് ആ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാതിരിയ്ക്കാന്‍ ഞങ്ങളെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുറേക്കാലത്തിനു ശേഷം അയല്‍‌വീട്ടുകാരെല്ലാം കൂടി കൂടിയിരുന്ന് പരദൂഷണങ്ങള്‍ പങ്കു വച്ചു കൊണ്ടിരുന്ന ഒരവസരത്തിലാണ് ഞങ്ങള്‍ ഈ സംഭവം അവര്‍ക്കു മുന്‍‌പില്‍ അവതരിപ്പിയ്ക്കുന്നത്. ഞങ്ങള്‍ കണ്ട കാഴ്ച അവരോട് വിശദീകരിച്ചു കഴിഞ്ഞതും അവര്‍ ചിരി തുടങ്ങി. കാര്യമറിയാതെ പകച്ചു നില്‍ക്കുന്ന ഞങ്ങളോട് അവര്‍ പറഞ്ഞു. “ ഈ പിള്ളേരുടെ ഒരു കാര്യം. എടാ, അത് രാത്രി ആ കുറുപ്പത്തി മൂത്രമൊഴിയ്ക്കാന്‍ തെങ്ങിന്‍ ചുവട്ടില്‍ പോയിരുന്നതായിരിയ്ക്കും. അവര്‍ എഴുന്നേറ്റു വരുന്നതായിരിയ്ക്കും നിങ്ങള്‍ കണ്ടത്. ഇങ്ങനെ ഓരോ പേടിത്തൊണ്ടന്മാര്‍”

ആ വീട്ടിലെ അമ്മൂമ്മയെയാണ് (കുറുപ്പത്തി എന്ന് നാട്ടുകാര്‍ വിളിയ്ക്കും) രാത്രി ഞങ്ങള്‍ കണ്ടത് എന്നത് അപ്പോഴാണ് ഞങ്ങള്‍ക്കും ബോധ്യമായത്. സ്ഥിരമായി വെളുത്ത വസ്ത്രം മാത്രം ധരിച്ചിരുന്ന ആ അമ്മൂമ്മ ക്ഷേത്രമുറ്റത്തിനോട് ചേര്‍ന്നുള്ള അവരുടെ പറമ്പിലെ തെങ്ങിന്‍ ചുവട്ടില്‍ നിന്നും എഴുന്നേറ്റ് വരുന്നത് കണ്ടതു കൊണ്ടായിരിയ്ക്കണം ഒരു വെളുത്ത തൃകോണം വലുതായി വലുതായി വരുന്നു എന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തോന്നിയത്. [ആ ക്ഷേത്രമുറ്റവും അവരുടെ തറവാടിന്റെ മുറ്റവും തൊട്ടു തൊട്ട് കിടക്കുന്നതു കൊണ്ട് ക്ഷേത്രത്തിനോട് ചേര്‍ന്നു നിന്നിരുന്ന തെങ്ങിന്‍ ചുവട്ടില്‍ നിന്ന് ആ അമ്മൂമ്മ എഴുന്നേറ്റ് വരുന്ന നേരത്താകണം ഞങ്ങള്‍ അതു വഴി കടന്നു പോയത്. റോഡില്‍ നിന്നു കൊണ്ട് കണ്ടപ്പോള്‍ ക്ഷേത്രമുറ്റത്ത് ഒരു രൂപം എന്നതു പോലെ എനിയ്ക്കു തോന്നിയതാകണം]

എന്തായാലും അന്ന് കുറേക്കാലത്തേയ്ക്ക് ഞങ്ങളെ പേടിപ്പിയ്ക്കാന്‍ ആ സംഭവത്തിനു കഴിഞ്ഞു. ഇന്ന് ആ അമ്മൂമ്മയോ ക്ഷേത്രമോ ഒന്നും അവിടെയില്ല. ചെമ്മണ്‍‌പാത പോലും ടാറിട്ടു കഴിഞ്ഞു, പോരാത്തതിന് സ്ട്രീറ്റ് ലൈറ്റും വന്നു. എന്നാലും ഇപ്പോഴും രാത്രികാലങ്ങളില്‍ ആ വഴിയിലൂടെ നടക്കുന്നതിനിടയില്‍ ആ ഭാഗത്തെത്തുമ്പോള്‍ കണ്ണുകള്‍ അറിയാതെ അവിടെയൊക്കെ ഒന്നു പരതും... ഒന്നുമുണ്ടായിട്ടല്ല, എന്നാലും...

107 comments:

  1. ശ്രീ said...

    നാട്ടില്‍ ഇപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്. അന്നത്തെ ഉത്സവങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മറക്കാനാകാത്ത ഒരു സംഭവമാണ് പണ്ട് ഇതു പോലൊരു ഉത്സവ കാലത്ത് ഞങ്ങളെ ഒരു ‘പ്രേതം’ ഭയപ്പെടുത്തിയ കഥ.

    പുതിയ പോസ്റ്റ് - “ക്ഷേത്രമുറ്റത്തെ പ്രേതം”

  2. Anonymous said...

    ഇന്ന്തേങ്ങ ഞാൻ ഉടക്കുന്നു...എന്റെ ഒരു കാര്യം...
    ശ്രീയേട്ടാ,എത്ര് കാലമായി ഒരു കുറിപ്പിനു വേണ്ടി കാത്തിരിക്കുന്നുവേന്നോ?
    വളരെ നന്നായിരിക്കുന്നു..വളരെ നന്നായിരിക്കുന്നു..നാട്ടിൻപുറത്തിന്റെ വിശുദ്ധി,നൈർമല്യം ഏട്ടന്റെ എല്ലാ കുറിപ്പുകളെയും പോലെ ഇവിടെയും കാണാം
    നന്ദി ഏട്ടാ...

  3. Manoj മനോജ് said...

    ശ്ശൊ മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞു....

  4. Calvin H said...
    This comment has been removed by the author.
  5. Calvin H said...

    ഹ ഹ ഹ... അതു കലക്കി...
    എല്ല പ്രേതകഥകളുടെയും കാര്യം ഇതുപോലൊക്കെത്തന്നെ ആയിരിക്കും...

    കിളിച്ചുണ്ടന്‍ മാമ്പഴം സിനിമയിലെ വെള്ളായണിപ്പോക്കറെ ഓര്‍മ ഇല്ലേ?

  6. പ്രയാണ്‍ said...

    ഇന്നലെ തിരുമാന്ധാംകുന്നിലെ പ്രോഗ്രാം ചാര്‍ട്ട് കണ്ട് ഉറക്കം പോയതെ ഉള്ളു .ഇതേതായലും കലക്കി.

  7. ജിജ സുബ്രഹ്മണ്യൻ said...

    എന്നാലും നിങ്ങളത്രേം പേരുണ്ടായിട്ടും പ്രേതത്തിനെ ഒന്നു കണ്ടിട്ടു പോകാം എന്നു വിചാരിക്കാതെ പേടിച്ചോടിയില്ലേ !!

    ഇപ്പോളൂം പഴേ പേടിയുണ്ടോ ശ്രീ ??

  8. ബിന്ദു കെ പി said...

    സംഭവം രസമായി ശ്രീ..
    പ്രേതത്തിനെ കാണാൻ നിക്കാതെ ഓടിയത് നന്നായി. അല്ലെങ്കിൽ ആ അമ്മൂമ്മയുടെ കയ്യിൽ നിന്ന് നല്ല പെട കിട്ടിയേനേ :)

  9. നിലാവ് said...

    വായിച്ചു വായിച്ചു വന്നപ്പോള്‍ ഞാനുമൊന്നു പേടിച്ചു.നല്ല പോസ്റ്റ് ശ്രീ...
    പ്രേത കഥ കേള്‍ക്കാനോ, അങ്ങനത്തെ സിനിമ കാണാനോ ഇപ്പോഴും എനിക്ക് ധൈര്യമില്ല !

  10. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..

    ധൈര്യവാന്മാരുടെ കഥ രസായി... ആനയുടെ നെഞ്ചുവിരിച്ചുള്ള നില്‍പ്പ്...പുതിയ പ്രയോഗങ്ങളാണല്ലൊ ശ്രീക്കുട്ടാ..പിന്നെ ഒരു കാര്യം പറയാതെ വയ്യ നിങ്ങളുടെ നാട്ടില്‍ `സ`യില്‍ തുടങ്ങുന്ന ധാരാളം പേരുണ്ടല്ലൊ അതിനുപിന്നില്‍ വല്ല കഥയുമുണ്ടൊ..??

    എന്നാലും കാടുപിടിച്ചു കിടക്കുന്ന അമ്പലമുറ്റത്ത് തന്നെ ആ അമ്മുമ്മ മൂത്രമൊഴിക്കാന്‍ വരുക എന്നുപറയുമ്പോള്‍ എന്തോ വശപ്പിശകുണ്ട്..!

    അമ്പല പറമ്പും മുറ്റവും വ്യത്യാസമുണ്ട്.

    എല്ലാ പ്രേതകഥയും ഇതുപോലതന്നെയായിരിക്കും.മനസ്സിലെ പേടികൊണ്ട് ഇല്ലാത്തകാര്യം ഉണ്ടെന്ന് തോന്നുക. (എന്നാല്‍ കുറുമാന്റെ പ്രേത കഥ ഒരു പ്രഹേളിക തന്നെയാണ്) നിങ്ങള്‍ ഈ കാര്യങ്ങള്‍ പുറം ലോകത്തിനോട് പറയാതിരുന്നെങ്കില്‍ എന്നും അതൊരു കീറാമുട്ടിയായി നിലനിന്നേനെ...

  11. Sethunath UN said...

    Sree
    Rasmaaayi. Ippol athupolannu pedikkan thonnunnille? AThanu Nostalgia nostalgia ennu parennathu :-)

  12. ഹരിശ്രീ said...

    :)

    ഞാനും ഈ സംഭവം ഓര്‍ക്കുന്നുണ്ട്...

  13. ബഷീർ said...

    sree.. good narration .

  14. ചന്ദ്രകാന്തം said...

    ശ്രീ,
    ഇത്രേം ആള്‍ക്കാരുണ്ടായിട്ടും..ഓടീട്ട്‌ ഒന്നാമനായല്ലോ..
    'ധൈര്യായിട്ട്‌' പേടിച്ചൂന്ന്‌ സാരം.
    :)

  15. രാജീവ്‌ .എ . കുറുപ്പ് said...

    ഞങ്ങള്‍ക്ക് പോകുന്ന വഴിയ്ക്ക് റോഡരുകിലായി ഒരു പൊളിഞ്ഞ ക്ഷേത്രമുണ്ട്. ‘കുറുപ്പന്മാരുടെ അമ്പലം’ എന്നറിയപ്പെടുന്ന ആ കൊച്ചു ക്ഷേത്രം.

    ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, കുറുപ്പന്‍ മാരെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി ശ്രീകുട്ടാ..

    ശ്രീയേട്ടാ അതി മനോഹരമായ പോസ്റ്റ്, വാസന്തിയുടെ പ്രേതം ഓര്‍മ വന്നു പോയി. പിന്നെ പ്രേതത്തെ വര്‍ണ്ണിച്ചപ്പോള്‍ അല്പം കൂടി കൊഴുപ്പിക്കാം ആയിരുന്നു എന്ന് തോന്നി പോയി.

  16. nandakumar said...

    രസകരമായ വിവരണം. ശ്രീക്കു ഇപ്പോഴും യാതൊരു മാറ്റങ്ങളുമില്ല, പഴയ ശ്രീ തന്നെ ;)

    ശൈലികളൊക്കെ മാറി മറഞ്ഞു വരുന്നുണ്ട്. കണ്‍ഗ്രാഡ്സ് ;)

  17. രഘുനാഥന്‍ said...

    പ്രിയ ശ്രീ.......... പേടിച്ചിട്ടാണെന്ന് കരുതരുത്...സത്യം പറഞ്ഞാ ഞാന്‍ വായിച്ചു പേടിച്ചുപോയി..

  18. Anil cheleri kumaran said...

    ''''ഒന്നുമുണ്ടായിട്ടല്ല, എന്നാലും...
    ''''
    ചെറിയൊരു പേടി അല്ലേ?

    ഹ ഹ ഹ..
    പോസ്റ്റ് വളരെ നന്നായിരിക്കുന്നു.

  19. ചീര I Cheera said...

    അപ്പോള്‍ ആ അമ്മൂമ്മയ്ക്കു അപാരധൈര്യമാണല്ലോ..
    അമ്മൂമ്മയുടെ കുടുമ്പക്ഷേത്രമായിരുന്നോ അത്?
    ഇങ്ങനത്തെ പൊട്ടിപ്പൊളിഞ്ഞ അമ്പലങ്ങളെകുറിച്ച് കേട്ടിട്ടുണ്ട്, സിനിമയില്‍ കണ്ടിട്ടുണ്ട്, പക്ഷേ നേരിട്ടനുഭവമില്ല.. :)

  20. ഹന്‍ല്ലലത്ത് Hanllalath said...

    ശ്ശെ ...!
    പാവം അമ്മൂമ്മ...
    അവരെ പ്രേതമാക്കി അല്ലെ..?!
    എന്റമ്മേ ...ശ്മശാനത്തിന് നടുവിലൂടെയുള്ള റോഡിലൂടെ ഞാന്‍ പല തവണ പോലെ നിലത്തു മാത്രം നോക്കി ഓടിയിട്ടുണ്ട് ..പേടി കൊണ്ടൊന്നുമല്ല കേട്ടോ...


    ആശംസകള്‍...

  21. വിന്‍സ് said...

    /ഓട്ടം തുടങ്ങുമ്പോള്‍ ഏറ്റവും പുറകിലായിരുന്നെങ്കിലും ഏറ്റവുമാദ്യം ഓടിയെത്തിയത് ഞാനായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ/

    ശ്രീയുടെ പോസ്റ്റ് വായിച്ചു സാധാരണ ഒരിക്കലും ചിരിക്കാറില്ല :)

  22. Sands | കരിങ്കല്ല് said...

    ശ്രീ... അമ്മൂമ്മ പറയുന്നതൊന്നും നോക്കണ്ട... അതു ശരിക്കും പ്രേതം തന്നെ ആയിരുന്നു..

    ശ്രീ ഇനി നാട്ടില്‍ പോവുമ്പോ സൂക്ഷിക്കണേ.. (ഈ ബ്ലോഗ്ഗൊക്കെ എഴുതി പ്രേതത്തെ നാണം കെടുത്തിയില്ലേ) ..... പ്രതികാരം ചെയ്യാന്‍ കാത്തിരിക്കും പ്രേതം.. ;)

  23. Sands | കരിങ്കല്ല് said...

    പിന്നെ ആ അമ്പലം അവിടെ ഇല്ലാന്നോ?? അതെങ്ങനെ?
    ഇക്കാലത്തു അമ്പലങ്ങള്‍ ഉണ്ടാവുക എന്നല്ലാതെ ഇല്ലാതാവുക എന്ന സംഭവന്‍ നടക്കുമോ?

  24. ശ്രീ said...

    വേറിട്ട ശബ്ദം ...
    ആദ്യ കമന്റിന് വളരെ നന്ദി. പോസ്റ്റ് ഇഷ്ടമായി എന്ന് അറിഞ്ഞതിലും വളരെ സന്തോഷം. :)

    മനോജ് ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ...
    ശ്രീഹരി::Sreehari ...
    ശരിയാണ് ശ്രീഹരീ. ഒട്ടുമിക്ക പ്രേത കഥകളും ഇത്തരത്തില്‍ രൂപപ്പെടുന്നവ തന്നെ. :)

    Prayan ...
    വളരെ നന്ദി മാഷേ... :)

    കാന്താരി ചേച്ചീ...
    അല്ലെങ്കില്‍ തന്നെ പ്രേതകഥകള്‍ ഒരുപാട് കേട്ടിട്ടുണ്‍ കുട്ടിക്കാലത്ത്. അപ്പോ പിന്നെ, പ്രേതത്തെ പരിചയപ്പെടാന്‍ തോന്നുമോ ചേച്ചീ... :)
    പിന്നെ, ഇപ്പോ പഴയ പേടി ഒട്ടുമില്ല. പകരം പുതിയതായി കുറേശ്ശേ പേടി ഉണ്ട് ;)

    ബിന്ദു ചേച്ചീ...
    അതു ശരിയാ. ആ അമ്മൂമ്മ കരുതിക്കാണും, ഈ പിള്ളേര്‍ക്കെന്തു പറ്റി എന്ന്. ;)

    നിലാവ് ...
    പണ്ട് എനിയ്ക്കും പ്രേതകഥകള്‍ സാമാന്യം നല്ല പേടി ആയിരുന്നു; എന്നാല്‍ കേള്‍ക്കുന്നത് ഇഷ്ടവുമായിരുന്നു. :)

    കുഞ്ഞന്‍ ചേട്ടാ...
    ‘സ’ യില്‍ തുടങ്ങുന്ന കുറേ പേരുകള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷേ, അത് യാദൃശ്ചികമാകാനേ വഴിയുള്ളൂ.
    പിന്നെ, കഥയില്‍ കണ്‍‌ഫ്യൂഷന്‍ തോന്നുന്നത്... ഞാന്‍ ആ പൊളിഞ്ഞ ക്ഷേത്രത്തെ പറ്റി അധികം വിസ്തരിയ്ക്കാത്തതു കൊണ്ടാണ്. അവരുടെ കുടുംബ ക്ഷേത്രമായിരുന്നതു കൊണ്ട് തീരെ ചെറുതായിരുന്ന ക്ഷേത്രം ആ കാലമായപ്പോഴേയ്ക്കും ഏതാണ്ട് നശിച്ചു കഴിഞ്ഞിരുന്നതു കൊണ്ട് ഉപയോഗ ശൂന്യമായി കാടു പിടിച്ച് കിടക്കുകയായിരുന്നു.പിന്നെ, ക്ഷേത്രമുറ്റവും വളപ്പും കൂടി ആകെ മൂന്നടി വീതിയിലുള്ള ഒരു മുറ്റം എന്നേ പറയാനുള്ളൂ. അതിനോട് തൊട്ടാണ് അവരുടെ വീടും. അതായിരിയ്ക്കണം ക്ഷേത്രമുറ്റവും അവരുടെ വീടിന്റെ മുറ്റവും ഒറ്റനോട്ടത്തില്‍ (അതും രാത്രി) വേര്‍തിരിച്ചറിയാനാകാതെ പോയത് എന്നു തോന്നുന്നു. വിശദമായ കമന്റിന് നന്ദി. :)

    നിഷ്ക്കളങ്കന്‍ ചേട്ടാ...
    ഒരുപാട് നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു നന്ദി. മാഷു പറഞ്ഞതു പോലെ ഇന്ന് അതെല്ലാം ആലോചിയ്ക്കുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ്. :)

    ശ്രീച്ചേട്ടാ...
    മറന്നിട്ടുണ്ടാകില്ല എന്നെനിയ്ക്കറിയാമായിരുന്നു. :)

    ബഷീര്‍ക്കാ...
    വളരെ നന്ദി. :)

    ചന്ദ്രകാന്തം ചേച്ചീ...
    അതെന്നെ... ‘ധൈര്യായിട്ട് അങ്ങ് പേടിച്ചു’. നന്ദി. :)

  25. വരവൂരാൻ said...

    ഇപ്പോഴും രാത്രികാലങ്ങളില്‍ ആ വഴിയിലൂടെ നടക്കുന്നതിനിടയില്‍ ആ ഭാഗത്തെത്തുമ്പോള്‍ കണ്ണുകള്‍ അറിയാതെ അവിടെയൊക്കെ ഒന്നു പരതും... ഒന്നുമുണ്ടായിട്ടല്ല, എന്നാലും...

    തീർച്ചയായും അപ്പോൾ എന്തെങ്കിലും കാണും, ഇങ്ങിനെയാണു പ്രേതങ്ങൾ ഉണ്ടാവുന്നത്‌

  26. ശ്രീ said...

    കുറുപ്പിന്‍റെ കണക്കു പുസ്തകം ...
    കുറുപ്പേട്ടാ... ക്ഷമിയ്ക്കണേ... കുറുപ്പന്മാരെ കളിയാക്കാനല്ലാട്ടോ... :)

    പിന്നെ, പ്രേതത്തെ കുറിച്ച് അധികം വിവരിയ്ക്കാതിരുന്നത് നടന്ന സംഭവം അതേപോലെ പകര്‍ത്തിയാല്‍ മതി എന്ന് കരുതിയിട്ടാണ്. നാടകീയത വേണ്ട എന്ന് വച്ചു. :)

    നന്ദേട്ടാ...
    വളരെ നന്ദി. :)

    രഘുനാഥന്‍ മാഷേ...
    നന്ദി മാഷേ. ഇതു പോലെ ഒരുപാട് കഥകള്‍ പറയാനുണ്ടായിരിയ്ക്കണമല്ലോ... :)

    കുമാരേട്ടാ...
    അതു തന്നെ ;). നന്ദി:)

    P.R ചേച്ചീ...
    അവരുടെ കുടുംബക്കാര്‍ക്ക് ആ ക്ഷേത്രത്തെ ഭയമുള്ളതായി തോന്നിയിട്ടില്ല (ആ അമ്മൂമ്മയുടെ കൊച്ചു മക്കള്‍ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു). എന്നാല്‍ നാട്ടുകാര്‍ക്ക് സാമാന്യം ഭയം ഉണ്ടായിരുന്നു താനും. നനദി. :)

    hAnLLaLaTh...
    സ്വാഗതം. അങ്ങനെ അമ്മൂമ്മയെ പ്രേതമാണെന്ന് കരുതേണ്ടി വന്നു. :)

    ശ്മശാ‍നത്തിലൂടെ പോകുമ്പോള്‍ താഴേയ്ജ്ക്കു നോക്കി ഓടിയിരുന്നത് പേടി കൊണ്ടല്ല, മറിച്ച് ആ സ്ഥലം ഇഷ്ടമാകാത്തതു കൊണ്ടാണെന്ന് ഞങ്ങള്‍ക്കറിഞ്ഞൂടെ... ;)

    വിന്‍സ് ...
    ബോറടിപ്പിച്ചു എന്നോ ചിരിപ്പിച്ചു എന്നോ ഉദ്ദേശിച്ചത്? എന്തായാലും വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

    സന്ദീപേ...
    പിന്നേം പറഞ്ഞ് പേടിപ്പിയ്ക്കാന്‍ നോക്കുകയാ അല്ലേ? പ്രേതം ഇനി ഇതിന് പ്രതികാരം ചെയ്യാന്‍ വര്വോ? യേയ്.... ??? അല്ല, ഇനി ശരിയ്ക്കും വര്വോ? ഇല്ലായിരിയ്ക്കും ല്ലേ? ;)

    പിന്നെ, ആ അമ്പലം എനിയ്ക്കെല്ലാം ഓര്‍മ്മ വയ്ക്കുന്ന കാലം മുതലേ നശിച്ച് കിടക്കുകയായിരുന്നു. ഇന്ന് ആ തറവാട്ടുകാര്‍ വീടും പറമ്പുമെല്ലാം വിറ്റ് നാട്ടില്‍ നിന്നു തന്നെ പോയി. പുതിയ താമസക്കാര്‍ക്ക് എന്ത് ക്ഷേത്രം?
    (ചോക്ലേറ്റ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്ത നടിയെ ഓര്‍ക്കുന്നോ? അവരാണ് ആ പറമ്പിന്റെ ഒരു ഭാഗം വാങ്ങിയത്)

    വരവൂരാന്‍ മാഷേ...
    പഴയ ഒര്‍മ്മകള്‍ കാരണം ഇപ്പോഴും അവിടെ എത്തുമ്പോള്‍ ഓരോന്ന് ഓര്‍മ്മ വരും... അത്ര മാത്രം. പിന്നെ, കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ അന്ന് അമ്മയോടും അമ്മൂമ്മയോടുമെല്ലാം ഈ സംഭവത്തെ പറ്റി പറഞ്ഞ് സത്യം മനസ്സിലാക്കിയില്ലായിരുന്നെങ്കില്‍ ഈ പ്രേതകഥ നാട്ടില്‍ പ്രചരിയ്ക്കുമായിരുന്നു. :)

  27. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: നത്തിങ് സ്പെഷല്‍... :(

  28. പാറുക്കുട്ടി said...

    നന്നായിരിക്കുന്നു ശ്രീ.

    ആശംസകൾ!

  29. പകല്‍കിനാവന്‍ | daYdreaMer said...

    ശ്രീ..
    ആശംസകൾ..

  30. വേണു venu said...

    നല്ല ലളിതമായ എഴുത്ത് ശ്രീ.:)

  31. മേരിക്കുട്ടി(Marykutty) said...

    പിന്നെ ഗാനമേളയ്ക്ക് പോയോ?

  32. Rare Rose said...

    ശ്രീ..ആദ്യമൊന്നു പേടിച്ചുവെങ്കിലും പിന്നെ കാര്യമറിഞ്ഞപ്പോള്‍ ശ്വാസം നേരെ വീണു..:)

    പലപ്പോഴും നമ്മള്‍ ഭയപ്പെടുത്തുന്ന പലതിനും പിറകില്‍ ഇത്തരം നിസാര കാര്യങ്ങളാവും...

  33. Anonymous said...

    hi sree,
    yadruschikamayi kandathanu ninte ee kadha--vayichu eshtayi..ninakkorma undo ente valyappachan avide aduthanu thamasichirunnathu just before sangamam house(shaju chettan)...sathyam paranjal ee kshethram pedichittu njan avarude veettilekku poval kuravanu...ethu pole thanne enikku pedi ulla oru sthalam koodi undu nammude ranjunte veettilekku pokumbol ulla aa muslim mosque...got it?/?athinte aduthu thanne oru semitery undu...aa sthalathethiyal ariyathe ente cycle bike ayi marum...thanks for reminding all these memories....njan parayarulla pole presentation of story is fantastic...congra from dily.

  34. Mr. X said...

    inspired by kuruman's post? ;-)
    kollam... sambhavam

  35. ശിശു said...

    ശ്രീ വെറുതെ മനുഷ്യനെ പേടിപ്പിക്കുവാ??
    നന്നായി ട്ടൊ..

  36. പൊറാടത്ത് said...

    ശ്രീയുടെ ഈ ശൈലിയാണ് ഇഷ്ടപ്പെടുന്നത്. നടന്ന കാര്യങ്ങൾ, തീരെ പൊടിപ്പും തൊങ്ങലുമില്ലാതെ, സത്യസന്ധമായ അവതരണം.. ആ പ്രായത്തിൽ അങനെയൊക്കെ തന്നെ സംഭവിച്ചില്ലെങ്കിലേ അൽഭുതപ്പെടാനുള്ളൂ..

  37. Typist | എഴുത്തുകാരി said...

    വായിച്ചു വന്നപ്പോള്‍ ശരിക്കും പേടിച്ചു തുടങ്ങി. ആ അമ്മൂമ്മക്കു മൂത്രമൊഴിക്കാന്‍ കണ്ട ഒരു സ്ഥലം!

  38. ഞാന്‍ ആചാര്യന്‍ said...

    പ്രേതത്തിന്‍റെ, അല്ല, അമ്മൂമ്മേടെ ഒക്കെ ഓരോ മുള്ളാമ്മുട്ടുകള്‍

  39. the man to walk with said...

    ennalum chila prashnagalundaavarundu sree..chilappozhokke...

  40. ബോണ്‍സ് said...

    കലക്കി ശ്രീ..നല്ല രസമുണ്ടായിരുന്നു വായിക്കാന്‍

  41. ശ്രീ said...

    ചാത്താ...
    ഞാന്‍ തീരെ ബോറാക്കിയോ?

    പാറുക്കുട്ടി ...
    വളരെ നന്ദി. :)

    പകല്‍കിനാവന്‍...
    നന്ദി മാഷേ... :)

    വേണുവേട്ടാ...
    കുറേ നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനും കമന്റിനും നന്ദി. :)

    മേരിക്കുട്ടി...
    പിന്നില്ലാതെ. ആ ഒരു സംഭവം കൊണ്ടൊന്നും ഞങ്ങളെ പിന്തിരിപ്പിയ്ക്കാനാവില്ലല്ലോ. (കുറേക്കാലത്തേയ്ക്ക് ഒറ്റയ്ക്കു പോകാറില്ലാട്ടോ)

    Rare Rose ...
    ശരിയാണ്. നമ്മെ ഭയപ്പെടുത്തുന്ന പലതിനും പിറകില്‍ ഇത്തരം നിസാര സംഭവങ്ങള്‍ ആയിരിയ്ക്കും. ഈ സന്ദര്‍ശനത്തിനും കമന്റിനും നന്ദി. :)

    DILJITH ...
    വളരെ നന്ദി, ദില്‍. ആ സ്ഥലങ്ങള്‍ പരിചയമുള്ള ഒരാള്‍ക്ക് ഈ സംഭവം പെട്ടെന്ന് ഉള്‍ക്കൊള്ളാനാകും. :)

    ആര്യന്‍ ...
    ഉത്സവക്കാലമല്ലേ? അതൊക്കെ ഓര്‍മ്മിച്ച കൂട്ടത്തില്‍ ഈ സംഭവവും ഓര്‍ത്തു. അപ്പോള്‍ അതാകട്ടെ പുതിയ പോസ്റ്റ് എന്നും കരുതി. :)

    ശിശു ...
    വളരെ നന്ദി മാഷേ :)

    പൊറാടത്ത് ...
    അതെ മാഷേ. കുട്ടിക്കാലത്ത് ഇതു പോലെ എത്രയെത്ര സംഭവങ്ങള്‍... എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)

    എഴുത്തുകാരി ചേച്ചി...
    അമ്മൂമ്മയുടെ സ്ഥിരം സ്ഥലമാകണം അത്. ഞങ്ങളല്ലേ അസമയത്ത് ആ വഴി പോയത്. അത് ആ അമ്മൂമ്മ എങ്ങനെ അറിയാന്‍... :)

    ആചാര്യന്‍...
    ഹ ഹ. അത് തന്നെ മാഷേ :)

    the man to walk with ...
    ശരിയാകാം മാഷേ.പക്ഷേ പലപ്പോഴും നാം പറഞ്ഞു കേള്‍ക്കുന്ന പ്രേത കഥകള്‍ക്കു പിന്നില്‍ ഇതു പോലെ എന്തെങ്കിലും സംഭവങ്ങളാകാനേ വഴിയുള്ളൂ

    ബോണ്‍സ് ...
    സ്വാ‍ഗതം മാഷേ... വായനയ്ക്കും കമന്റിനും വളരെ നന്ദി. :)

  42. അനില്‍@ബ്ലോഗ് // anil said...

    ഹ ഹ, അതു കലക്കി.
    കുറുപ്പത്തി മൂത്രമൊഴിക്കുന്നതേ !!!

    അച്ഛനോട് പറയഞ്ഞതു കൊണ്ട് ഏതായാലും ഒരു ബാധയൊഴിപ്പിക്കലില്‍ നിന്നും രക്ഷപ്പെട്ടന്നുകൂടി പറയാം.

  43. lulu said...

    വായിക്കണോ വേണ്ടയോ എന്ന ഒരു ശങ്കയോടെയാണ്‍ തുടങ്ങിയത് പേടിതോന്നാതിരിക്കാന്‍ ശ്രീയും കൂട്ടുകാരും ഓടിയത് പോലെയാണ്‍ വായിച്ചത്..................
    രാവിലെ എഴുന്നേറ്റ് വാഴയില വെട്ടിയ സംഭവം ഓര്‍മ്മയിലുണ്ടായിരുന്നെങ്കിലും........പേടിയൊന്നുമല്ല കേട്ടോ.....ഒരു ചെറിയ ഭയം അത്രേള്ളൂ........

  44. ശ്രീകുമാര്‍ പി.കെ said...

    ശ്രീ പ്രേതകഥ കൊള്ളാം. പക്ഷെ ഒരു സംശയം. ഉത്സവത്തിന് പോകുമ്പോ സമയം കളയാന്‍ കുലുക്കി കുത്തും, ഗജരാജ വീക്ഷണവും മാത്രമേ ഉള്ളോ? അത് കള്ളം. ഗൊച്ചു ഗള്ള....

  45. തെന്നാലിരാമന്‍‍ said...

    അയ്യേ പൂയ്‌...ഹഹ...കൊള്ളാം ശ്റീ...

  46. ചാണക്യന്‍ said...

    ശ്രീ,

    ഈ കുറുപ്പത്തി ഇപ്പോ ശരിക്കും ഒരു ഒറിജിനല്‍ പ്രേതമായിട്ടുണ്ടാവണം....ഇനിയാവഴി പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു....:):):):)

  47. Parukutty said...

    ശ്രീ
    എന്റെ ഇഷ്ട വിഷയം ആണ് ഈ പ്രേതകഥ.. അതുകൊണ്ട് നന്നായി ആസ്വദിച്ചു ..

  48. ചങ്കരന്‍ said...

    ഇപ്പോഴാണു കണ്ടത്, ധീരന്‍മാരുടെ കഥ രസമായി :)

  49. ഹരീഷ് തൊടുപുഴ said...

    ചിരിപ്പിച്ചല്ലോ ശ്രീക്കുട്ടാ; ചെറുപ്പത്തില്‍ ഒരു കുഞ്ഞു പേടിത്തൊണ്ടന്‍ ആയിരുന്നൂ ല്ലേ...

  50. ഹരീഷ് തൊടുപുഴ said...

    പിന്നെ ഞാനും അന്ന് നിങ്ങടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ അന്ന് ശ്രീക്ക് ഫസ്റ്റ് കിട്ടില്ലായിരുന്നു; ഓട്ടത്തിന്!!!!

    ഹ ഹാ..

  51. Sukanya said...

    ശ്രീ, വിവരണം ഒഴുക്കോടെ രസകരമായി രചിച്ചതിന് അഭിനന്ദനം.

  52. കെ.കെ.എസ് said...

    അയത്നലളിതമായ വിവരണം...പക്ഷേ അവസാനം അപ്രതീക്ഷിതമല്ല..

  53. Bindhu Unny said...

    അമ്മൂട്ടിയമ്മൂമ്മയ്ക്ക് ശേഷം വന്ന ഈ പ്രേത അമ്മൂമ്മയും കൊള്ളാം.
    കുട്ടിയായിരിക്കുമ്പോള്‍ ആസ്വദിച്ച ഉത്സവങ്ങളെ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. :-)

  54. ഷിജു said...

    എന്നാ‍ലും ശ്രീയുടെ ഒരു ധൈര്യമേ !!!!!!!!

    ഒറ്റഓട്ടത്തിനല്ലേ വീട്ടില്‍ എത്തിയത്. അതുപോലെ ഒളിമ്പിക്സ്സില്‍ എങ്ങാനും ഒന്നു ഓടിയാരുന്നേല്‍ ഒരു സ്വര്‍ണ്ണം ഉറപ്പായേനേ. :)

  55. പാവത്താൻ said...

    ഛെ, നശിപ്പിച്ചു....ഒരു സുന്ദരിയായ യക്ഷിയെ പ്രതീക്ഷിച്ചിരുന്നപ്പോഴാ മൂത്രമൊഴിക്കുന്ന ഒരമ്മൂമ്മ... എനിക്കീ പ്ര.. പ്ര.. പ്രെ.. പ്രേതത്തിനെയൊന്നും ഒരു പേടിയുമില്ല കേട്ടോ.. :-)

  56. smitha adharsh said...

    എനിക്കും വായിച്ചു വന്നപ്പോള്‍,ഓര്‍മ്മ വന്നത് "കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ" ആ സീന്‍ തന്നെയാണ്...
    നന്നായിരിക്കുന്നു,നല്ല വിവരണം..

  57. സു | Su said...

    ശ്രീ, ഇനി അങ്ങനെ ഒരു അവസരം ഉണ്ടായാൽ എല്ലാരും കൂടെ ബുഹഹഹഹ എന്നു കുറേ പ്രാവശ്യം ചിരിച്ചാൽ മതി.

    (അതുകേട്ട് ആരെങ്കിലും ശരിക്കും പ്രേതമായാൽ എന്നെ കുറ്റം പറയരുത്).

    കുട്ടിക്കാലം ഓർമ്മ വന്നു. കാരണം പറഞ്ഞാൽ തീരില്ല. നന്ദി ഈ പോസ്റ്റിന്. പേടിപ്പിക്കാൻ ഇട്ടതാണെങ്കിലും.

    :)

  58. BS Madai said...

    നാലു കുട്ടിച്ചാത്തന്മാരെകണ്ട് പേടിച്ച കഥയാ പിറ്റേന്നു അമ്മൂമ്മ പറഞ്ഞത്...!

  59. മാണിക്യം said...

    ഒരു സ്റ്റഡിലീവിന് പാതിരായും കഴിഞ്ഞു വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കാറ്റും മഴയും ജനലടക്കാന്‍ എണീറ്റു പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു പ്രേതം, പ്രേതം തന്നെ അന്ന് അതില്‍ സംശയമില്ല വെള്ള... നിലത്ത് കാല്‍ തൊട്ടിട്ടില്ലാ ഞങ്ങളുടെ മതിനരികിലേക്ക് വരും തിരികേ പോകും ... വ്യക്തമായി കാണാം ..
    വീട്ടില്‍ ജോലിക്ക് നിക്കുന്ന പെണ്ണും വീക്കിലി വായിച്ച് കൂടെ കൂട്ടിരുപ്പുണ്ട്. അവളും നോക്കി .. അവള്‍ ചാടി ഒരു കൊന്തേടുത്തു കുരിശ് ജനലരികിലേക്ക് നീട്ടി പിടിച്ചു...
    അപ്പോള്‍ കൊള്ളിയാന്‍ മിന്നി ..
    അതൊരു വെള്ള മുണ്ട് കാറ്റടിച്ച് മാവിന്റെ കൊമ്പില്‍ തൂങ്ങി ആടുന്നു അതോടെ പ്രേതത്തെ നേരില്‍ കണ്ട കൂട്ടത്തില്‍ ഞങ്ങളും...

  60. എതിരന്‍ കതിരവന്‍ said...

    ഹോ, ഇത്രേയൊള്ളോ? ഞാനും ചേട്ടനും കൂടെ പണ്ട് സെക്കൻഡ് ഷോ കഴിഞ്ഞു വരുമ്പം അശ്ശരി ഗോപി തൂങ്ങിച്ചത്ത മരമുള്ള വളവിനടുത്ത കിണറ്റുകരെ രണ്ടു തലയും ഒരു ഉടലുമുള്ള ഒരു പ്രെതം!. ചേട്ടൻ വലിയ ഒരു നിലവിളി. എനിക്കു ശ്വാസം കിട്ടാത്തതിനാൽ നിലവിളി പോലും പൊങ്ങിയില്ല. പ്രേതം പതുക്കെ നീങ്ങി കിണറ്റുകരയുള്ള തൂണിനു പുറകിൽ മറയുന്നത് ഞാൻ സ്തബ്ധനായി നോക്ക്ക്കി വിറങ്ങലിച്ചു. രണ്ടു തലയും ഒരുമിച്ചു നീങ്ങുന്നത് കണ്ടാൽ ആരുടേയും ബോധം പോകും.ഓടി വീട്ടിലെത്തി. അമ്മ കതകു തുറന്നതും ഞങ്ങൾ കട്ടിലേൽ ചാടിക്കിടന്നു പുതപ്പ് മൂടിയതും ഒന്നിച്ച്. “ഇത്രേം പേടിയ്ക്കുന്ന സിനിമ ഒക്കെ എന്തിനാ കാണാൻ പോയേ” എന്ന് അമ്മ ദേഷ്യപ്പെട്ടു. രാവിലെ പോലും ഒരു കിടു കിടാ വിറയൽ. തെങ്ങു കയറ്റക്കാരന അടയ്ക്കാ വാസു (അടയ്ക്കാ കട്ടതു മൂലം വീണ പേര്) വിനോട് കാര്യം പറഞ്ഞു. ‘അതൊക്കെ കുഞ്ഞെന്തിനാ നോക്കിയത്” അയാൾക്കു ദേഷ്യം വരുന്നു. കൊച്ചമ്മാവനോടു ചോദിച്ചാലോ? സ്വൽ‌പ്പം തമാശയൊക്കെ ഉള്ള ആളാണ്. വീട്ടിലേക്കു വരാൻ ആ ഒരു വഴിയേ ഉള്ളു കൊച്ചമ്മാവാ, ഞങ്ങൾ ഇനി സെക്കൻഡ് ഷോ പോയിട്ട് ഫസ്റ്റ് ഷോ പോലും കാണുന്ന ലക്ഷണമില്ല. ആ പ്രേതം അവസാനം പിടിച്ച ആളിന്റെ തലയാണോ രണ്ടാമത്തേത്? കൊച്ചമ്മാവൻ പതുക്കെ ഒന്നു ചിരിച്ചു. “നീ കൊച്ചല്ലെ, നിന്റെ ചേട്ടനോടു പറഞ്ഞേക്കാം ആ പ്രേതം ആരാണെന്ന്” എന്ന് കൊച്ചമ്മാവൻ. പിന്നെ ചേട്ടൻ പറഞ്ഞു. അത് അടയ്ക്കാ വാസു തന്നെ!. കൂടെയുണ്ടായിരുന്നത് കാമുകി രാധാമണി! കെട്ടിപ്പിടിച്ച് നിന്നതാണ്. ചേട്ടന്റെ നിലവിളി കേട്ട് ആലിംഗനം അഴിക്കാതെ പതുക്കെ നീങ്ങിയതാണ്!
    പിന്നെ വാസുവിനെ നേരിട്ടു. “വാസൂ, ഇനി പ്രേതത്തെകണ്ടാൽ അങ്ങോട്ടു നോക്കുകേ ഇല്ല”
    “അതെന്നാ കുഞ്ഞേ”
    “ഓ, രാധാമണിയെ കണ്ട് പേടിയ്ക്കാൻ മാത്രം വല്ലോമൊണ്ടൊ”.
    വാസു അരയിൽ നിന്നും കത്തിയെടുത്ത് നഖം വെട്ടുന്ന പോലെ കാണിച്ചു. ഞാൻ ചിരിച്ചു. വാസുവും പതുക്കെ ഒന്നു ചിരിച്ചു.

  61. ശ്രീ said...

    അനില്‍@ബ്ലോഗ് ...
    അച്ഛനോട് പ്രേതമെന്നോ മറ്റോ പറഞ്ഞിരുന്നേല്‍ ചൂലും കെട്ടെടുത്ത് ഓടിച്ചിട്ട് അടിച്ചേനെ. ;)

    ലുലു ...
    കുറേ നാളിനു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു നന്ദി, ലുലൂ. ഇതു പോലെ പേടിച്ച സംഭവങ്ങള്‍ കുട്ടിക്കാലത്ത് എല്ലാവര്‍ക്കുമുണ്ടാകുമല്ലേ? :)

    പാക്കരന്‍ ...
    അഞ്ചിലോ ആറിലോ ഒക്കെ പഠിയ്ക്കുന്ന കാലമല്ലേ മാഷേ... ഹ ഹ. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

    തെന്നാലിരാമന്‍‍...
    ശരി ശരി, കളിയാക്കിക്കോ...:( നന്ദി മാഷേ :)

    ചാണക്യന്‍ ...
    എല്ലാരും കൂടെ ഇനി പറഞ്ഞു പേടിപ്പിയ്ക്കാന്‍ നോക്കുവാണല്ലേ മാഷേ... ഡോണ്ടൂ ഡോണ്ടൂ... ;)

    Parukutty...
    പലര്‍ക്കും (പ്രത്യേകിച്ച് കുട്ടിക്കാലത്ത്) ഭയവും താല്പര്യവും ഒരുപോലെ തോന്നിപ്പിയ്ക്കുന്ന ഒന്നായിരുന്നു പ്രേതകഥകള്‍ അല്ലേ? നന്ദി. :)

    ചങ്കരന്‍ ...
    വളരെ നന്ദി മാഷേ :)

    ഹരീഷ് തൊടുപുഴ ...
    ഇപ്പഴും പേടിയുടെ കാര്യത്തില്‍ ഞാനത്ര മോശക്കാരനൊന്നുമല്ല, കേട്ടോ ഹരീഷേട്ടാ ;)

    അമ്പതാം കമന്റിനു നന്ദി :)

    Sukanya ചേച്ചീ...
    വളരെ നന്ദി :)

    കെ.കെ.എസ് ...
    വളരെ നന്ദി മാഷേ, കഥയല്ല, നടന്ന സംഭവം തന്നെ ആണ് :)

    Bindhu Unny ...
    തുടര്‍ച്ചയായി അമ്മൂമ്മക്കഥകള്‍ വന്നത് യാദൃശ്ചികമാണ് ചേച്ചീ. ഉത്സവകാല ഓര്‍മ്മകള്‍ രസകരം തന്നെയാണ്, എന്നും. നന്ദി :)

    ഷിജുച്ചായാ...
    അതു ശരിയാണ് ട്ടോ. നന്ദി :)

    പാവത്താൻ...
    എനിയ്ക്കും അതേന്ന്. പിന്നെ, അന്ന് കൂടെ ഉണ്ടായിരുന്നവരൊക്കെ ഓടിയപ്പോള്‍ ഞാനും കൂടെ ഓടിയെന്നേയുള്ളൂ... പേടിച്ചിട്ടല്ല, അവര്‍ക്കൊരു കമ്പനിയ്ക്ക് ;) നന്ദി മാഷേ :)

    സ്മിതേച്ചീ...
    സത്യം മനസ്സിലാക്കിയിരുന്നില്ലെങ്കില്‍ അതു പോലെ ഒരു കഥ ഞങ്ങളുടെ നാട്ടിലും പരന്നേനെ. നന്ദി :)

    സൂവേച്ചീ...
    ഇനി അങ്ങനെ ചിരിച്ച് അതു കേട്ട് ആരെങ്കിലും പ്രേതമാകുന്നതെങ്കില്‍ അതും പൊല്ലാപ്പാകില്ലേ ;) എന്തായാലും ഓര്‍മ്മ വരുന്ന കഥകളൊക്കെ എഴുതൂന്നേ :)

    BS Madai മാഷേ...
    അങ്ങനെ ഒരു സാധ്യതയും തള്ളിക്കളയാനാകില്ല. നന്ദി മാഷേ :)

    മാണിക്യം ചേച്ചീ...
    ഹ ഹ. അതു കലക്കി. അപ്പോ അന്ന് ഒരു കൊള്ളിയാന്‍ മിന്നിയില്ലായിരുന്നേല്‍ പിറ്റേന്ന് പനിച്ചു കിടന്നേനെ എന്നര്‍ത്ഥം, അല്ലേ? :)

    എതിരന്‍ മാഷേ...
    ഹ ഹ. അടയ്ക്കാ ഗോപിയും രാധാമണിയും ചിലപ്പോള്‍ രണ്ട് ശരീരവും ഒരു ആത്മാവും തന്നെ ആയിരുന്നിരിയ്ക്കും അല്ലേ ? (പ്രേതമല്ലെങ്കിലും). വെറുതേയല്ല പുള്ളി ദേഷ്യപ്പെട്ടത്...
    ഈ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി മാഷേ :)

  62. വിജയലക്ഷ്മി said...

    ശ്ശൊ !കുട്ടികളെ പേടിപ്പിച്ച ആ കുറുപ്പത്തി കൊള്ളാലോ :)

  63. ജ്വാല said...

    ശ്രീ,
    പ്രേതങ്ങളില്‍ ഒന്നും ഇല്ലാ എന്നു വിചാരിച്ചാലും ഇങനെയൊരു സന്ദര്‍ഭം വരുമ്പോള്‍ ഓടാതിരിക്കാനാവില്ല..
    എല്ലാ പ്രേതങ്ങളും ഇങനെയൊക്കെ ഉണ്ടാകുന്നതാവാം

  64. അരുണ്‍ കരിമുട്ടം said...

    ശ്രീ,
    മാഷ് എന്ത് എഴുതുന്നു എന്നതല്ല,എങ്ങനെ എഴുതിയിരിക്കുന്നു എന്നതാ ഞാന്‍ ആദ്യം നോക്കുന്നത്.വിവരണം ഈ പ്രാവശ്യവും കിടിലന്‍

    ഇനി പ്രേതം വല്ലതും ഉണ്ടങ്കിലോ?

  65. Unknown said...

    HA...HA...

    Nice

    :)

  66. ശ്രീക്കുട്ടന്‍ | Sreekuttan said...

    ധൈര്യശാലികളേ... വെറുതേ പേടിപ്പിച്ചുകളഞ്ഞല്ലോ.. ഹോ..

  67. ചിതല്‍ said...

    റീഡറിന് പരാതി കൊടുക്കണം...
    പോസ്റ്റ് കാണിച്ചില്ല..
    ---------
    :)...
    -------

  68. Dr.jishnu chandran said...

    പ്രേത കഥകൾ കേൾക്കുംപോൾ ഓർമ്മ വരുന്നത് ഹോസ്റ്റൽ ജീവിതമാണ്. എത്രയെത്ര പ്രേത കഥകൾ.... അതൊക്കെ കേട്ട് എത്ര പേടിച്ചിരിക്കുന്നു. ദൈവമെ.........

  69. |santhosh|സന്തോഷ്| said...

    രസകരമായ കുറീപ്പ്. അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു. കുഞ്ഞു കുഞ്ഞു ഓര്‍മ്മകളെ ഇതുപോലെ പങ്കുവെക്കുക

    സന്തോഷം

  70. SUVARNA said...

    NANNAYIRIKKUNNU.

  71. Unknown said...
    This comment has been removed by the author.
  72. Green Umbrella said...

    Kollam valarae nannayirikunnu!!!

  73. poor-me/പാവം-ഞാന്‍ said...

    This is how you reached Bangaluru!

  74. Unknown said...

    അത് വല്ല പ്രേതവുമായിരിക്കും ശ്രീയേട്ടാ.. :)

  75. ശ്രീ said...

    വിജയലക്ഷ്മി ചേച്ചീ...
    നന്ദീട്ടോ :)

    ജ്വാല...
    അതെ, പ്രത്യേകിച്ചും കുട്ടിക്കാലത്ത്. നന്ദി :)

    അരുണ്‍ കായംകുളം...
    ആശംസകള്‍ക്കു നന്ദി, അരുണ്‍. ഏയ്... ഉണ്ടാകുമോ? ;)

    ast ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി :)

    ശ്രീക്കുട്ടന്‍...
    നന്ദി ശ്രീക്കുട്ടാ :)

    ചിതല്‍ ...
    പ്രേതമാണെന്നു കരുതി വരാതിരുന്നതാകും മാഷേ ;)

    Dr.jishnu chandran ...
    സ്വാഗതം, ഡോക്ടര്‍. ശരിയാണ്. പഠനകാലത്ത് എത്രയെത്ര കഥകളാണ് രൂപപ്പെടാറുള്ളത് :)

    സന്തോഷ്...
    വളരെ നന്ദി മാഷേ :)

    SUVARNA...
    വളരെ നന്ദി

    പോട്ടപ്പന്‍ ...
    നന്ദി മാഷേ

    പാവം-ഞാന്‍ ...
    ഹഹ. അങ്ങനെയും വ്യാഖ്യാനിയ്ക്കാമെന്ന്... അല്ലേ? ;)

    മുരളിക...
    പിന്നേം പറഞ്ഞു പേടിപ്പിയ്ക്കാതെ, മുരളീ... :)

  76. പാവം ഞാന്‍ said...

    ayye
    kandal ithrem diryam undenne parayilla sreeyettaa

    he he
    N.B
    iniyenkilum swantham abandhangal parasyamakki nanam kedaruth pls
    sneham konde parayunnatha

  77. mayilppeeli said...

    ശ്രീ, വായിച്ചു തുടങ്ങിയപ്പോള്‍ എനിയ്ക്കുമൊരല്‍പ്പം ആകാംക്ഷ തോന്നിയിരുന്നു, അതെന്തായിരിയ്ക്കുമെന്നറിയാന്‍......കുട്ടിക്കാലത്തു രാത്രിയില്‍ ഒടിഞ്ഞുവീണ വാഴക്കൈ കണ്ടാലും പ്രേതമാണെന്നു തോന്നിയിട്ടുള്ളയാളാണു ഞാന്‍.....

    വളരെ രസകരമായ പോസ്റ്റ്‌....

    ഓ:ടോ: കുറച്ചു തിരക്കായതു കൊണ്ട്‌ ബ്ലോഗിലേയ്ക്കുവരാന്‍ തീരെ സമയം കിട്ടുന്നില്ല.....പ്രവാസ ജീവിതമവസാനിപ്പിച്ച്‌ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയാണ്‌.....അതിന്റെ ത്രില്ലിലും തിരക്കിലുമാണിപ്പോള്‍.....കുറച്ചിടവേളവേണ്ടിവരും ബ്ലോഗ്ഗിലേയ്ക്കു തിരിച്ചു വരാന്‍...അപ്പോഴും എന്റെ ബ്ലോഗ്ഗ്‌ സന്ദര്‍ശിയ്ക്കാനെത്തുമല്ലോ..അല്ലേ.....

  78. നരിക്കുന്നൻ said...

    വായിച്ചിട്ട് 5 ദിവസമായി. തിരക്ക് കാരണം കമന്റിടാൻ അന്ന് കഴിഞ്ഞില്ല.

    ശ്രീയുടെ എഴുത്തിന്റെ ശൈലിയെ പറ്റി പലവട്ടം പറഞ്ഞതാണ്. എങ്കിലും ഒരിക്കൽ കൂടി. എത്ര നീളമുള്ള പോസ്റ്റും ഒഴുക്കോടെ വായിച്ച് തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ഒരു സ്പെൻസ് കൂടിക്കലർന്ന എഴുത്തുകൂടിയാകുമ്പോൾ പറയേണ്ടതില്ല. ഏതായാലും ഈ പ്രേതങ്ങളൊക്കെ ഇങ്ങനെ തന്നെയാകും അല്ലേ.. അഭ്യൂഹങ്ങളിൽ നിന്നും വെറുതെ ഉണ്ടാകുന്ന ചില തോന്നലുകൾ. അതിനിടയിൽ ഇങ്ങനെ വെള്ളവസ്ത്ര ധാരികളുടെ അസമയത്തുള്ള മൂത്രശങ്കയും കൂടിയായാൽ പ്രേതം റെഡി.

    സാധാരണ ഗതിയിൽ അങ്ങനെ പ്രേതത്തെ കണ്ടാൽ പിന്നെ മാസങ്ങളോളം പനിപിടിച്ച് കിടക്കാറാ പതിവ്. ശ്രീയുടെ അപാരമായ ധൈര്യം കാരണം അതിന് സ്കോപില്ല. :)

    ആശംസകൾ!
    നരി

  79. ധൂമകേതു said...

    ശ്രീയേ ഇപ്പോ ബാംഗ്ളൂരും പ്രേതങ്ങളൊക്കെ ഇറങ്ങിയിട്ടുണ്ടെന്നു കേട്ടു. പഴയ പരിചയം വച്ചു അന്വേഷിച്ചു വരാന്‍ ഒരു ചാന്‍സ്‌ കാണുന്നുണ്ട്‌. സൂക്ഷിച്ചോണം കേട്ടോ.

  80. ജെ പി വെട്ടിയാട്ടില്‍ said...

    ത്രികോണാകൃതിയില്‍ കണ്ടതെന്തായിരുന്നു?

  81. മയില്‍പ്പീലി said...

    ആശംസകൾ!

  82. പിരിക്കുട്ടി said...

    ശ്രീ എന്നാലും കുറച്ചു സമയം
    പേടിപ്പിച്ചു ക്ഷേത്ര മുറ്റത്തെ പ്രേതത്തിനെ കണ്ടു ഞാനും
    ഒന്ന് പേടിക്കാം എന്ന് കരുതി വന്നതാ
    ..... പണ്ട് ഞാനും പേടിക്കാരുണ്ട് വാഴകൂട്ടത്തില്‍ ആരോ നില്‍ക്കുനതു
    കണ്ടു ...പിന്നെ ഒരു ചെറിയ ധൈര്യത്തിന് അവിടെ പ്പോയി നോക്കിയപ്പോള്‍ അത് ഉണങ്ങിയ
    വാഴയില നിന്ന് ആടുന്നതെന്നു കണ്ടു പേടി തനിയെ ഇല്ലാതായി
    കൂട്ടുകാരുടെ ഇടയില്‍ ഞാനാണ് ധൈര്യശാലി ... അവരുടെ ഇടയില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ പോയി
    നോക്കിയതാ എന്തായാലും നന്നായി ശ്രീ ഓടി മുന്നിലെത്തിയത് ഞാന്‍ ആണെന്കില്‍ ബോധം കേട്ട് വീണേനെ ?

  83. പട്ടേപ്പാടം റാംജി said...

    ഞാനീ ബ്ളോഗ്‌ മേഘലയില്‍ ഒരു തുടക്കകാരനാണ്‌. ആദ്ധ്യമായാണ്‌ ഇവിടെയെത്തി കഥ വായിക്കുന്നതും. വായിക്കാന്‍ നല്ല ഒഴുക്ക്‌. ഭയത്തെ നിലനിര്‍ത്തി തുടര്‍ന്നുകൊണ്ടുപോകുന്ന കഥയുടെ അവസാനവും നന്നായിരിക്കുന്നു.
    ഇഷ്ടപ്പെട്ടു.

  84. വേതാളം.. said...

    പ്രേത കഥകള്‍ എന്നും രസകരങ്ങളാണ്. അവസാനം അത് ഒന്നുമല്ലായിരുന്നു എന്നറിയുംഭോഴും വെറുതെ മനസ്സില്‍ ഒരു കുഞ്ഞു പേടി ത്തോന്നും.
    നല്ല പോസ്റ്റ്.

  85. ശ്രീ said...

    പാവം ഞാന്‍ ...
    ഹഹ. നന്ദി മാഷേ :)

    mayilppeeli ചേച്ചീ...
    തിരക്കിലായിരിയ്ക്കും എന്ന് തോന്നിയിരുന്നു. എന്തായാലും പ്രവാസ ജീവിതമവസാനിപ്പിച്ച്‌ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയല്ലേ? എല്ലാ ആശംസകളും. വൈകാതെ ബൂലോകത്ത് തിരിച്ചെത്തുമല്ലോ അല്ലേ?

    നരിക്കുന്നൻ മാഷേ...
    കമന്റിട്ടില്ലെങ്കില്‍ പോലും വായിയ്ക്കുന്നുണ്ട് എന്നറിയുന്നതു തന്നെ സന്തോഷം, മാഷേ. അന്ന് അത്രയും പേര്‍ കൂടെയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനും പനിച്ചു കിടന്നേനെ. ;)

    ധൂമകേതു ...
    ഹഹ. അതെയതെ. ഇനി പ്രേതങ്ങള്‍ വണ്ടി പിടിച്ച് ബാംഗ്ലൂരും വന്നാല്‍ എല്ലാമായി. നന്ദീട്ടോ. :)

    ജെപി. മാഷേ...
    വായനയ്ക്കു നന്ദി. ആ അമ്മൂമ്മ തെങ്ങിന്‍ ചുവട്ടില്‍ വെള്ള വസ്ത്രവും ദേഹത്തിട്ട് ഇരിയ്ക്കുന്ന ദൃശ്യമായിരുന്നു ഏതാണ്ട് തൃകോണാകൃതിയില്‍ ഒരു രൂപം പോലെ എനിയ്ക്ക് തോന്നിയത് (എന്നു വിശ്വസിയ്ക്കുന്നു). നന്ദി. :)

    കൂട്ടുകാരന്‍ | Friend ...
    സ്വാഗതം. ഇങ്ങനെ നോട്ടീസ് വിതരണമില്ലെങ്കിലും വായനക്കാര്‍ എത്തിക്കോളും കേട്ടോ. അവിടെ വന്നിരുന്നു, എന്തായാലും ആശംസകള്‍.

    മയില്‍പ്പീലി ...
    നന്ദി. :)

    പിരിക്കുട്ടി ...
    അതെ, പലപ്പോഴും ഇങ്ങനെ എന്തെങ്കിലും ചെറിയ കാര്യങ്ങളാണ് പിന്നീട് വലിയ പ്രേത കഥകളായി പ്രചരിയ്ക്കുന്നതെന്ന് തോന്നുന്നു. അന്ന് വാഴയില അനങ്ങുന്നത് കണ്ട് പോയി നോക്കാന്‍ തോന്നിയത് നന്നായി. വാഴയില എന്നെയും ഒരിയ്ക്കല്‍ ഭയപ്പെടുത്തിയിട്ടുണ്ട്. നന്ദി :)

    pattepadamramji ...
    സ്വാഗതം മാഷേ. പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)

    വേതാളം...
    അതെ, ഭയവും പിന്നെയും കേള്‍ക്കാനുള്ള തോന്നലും ഒരുമിച്ച് ഉണ്ടാക്കുന്നവയാണ് പ്രേത കഥകള്‍, നന്ദി. (അല്ലാ, അവിടേ ഒന്നും എഴുതുന്നില്ലേ?)

  86. raadha said...

    ഇത് പോലെ എത്ര എത്ര പേടിച്ച ഓട്ടങ്ങള്‍ ‍ നമ്മള്‍ കുട്ടിക്കാലത്ത് നടത്തിയിട്ടുണ്ട് അല്ലെ? ഇപ്പൊ ചിരിക്കാന്‍ തോന്നിയാലും അന്ന് പേടിച്ച പേടി ആര്‍ക്കും മറക്കാന്‍ പറ്റില്ല..എനിക്ക് ഒരു പാട് പേടിയുണ്ടായിരുന്നു പ്രേതങ്ങളെയും ചെകുത്താന്‍ മാരെയും. രാത്രി മുറ്റത്ത് ഇറങ്ങനമെങ്ങില്‍ മുന്‍പിലും പിറകിലും ആളുകള്‍ വേണം. ഒരു ദിവസം ചേച്ചി 'ഡ്രാക്കുള' ബുക്ക് വായിക്കാന്‍ വീട്ടില്‍ കൊണ്ട് വന്നു. ആ ബുക്ക് വെച്ച മുറിയില്‍ കയറാന്‍ പോലും എനിക്ക് പേടി ആയിരുന്നു. ആ മുറി എത്തുമ്പോ ഞാന്‍ ഒരു ഓട്ടം കൊടുക്കും. പിന്നീട് എത്രയോ പ്രാവശ്യം ഞാന്‍ ഇത് വായിച്ചിരിക്കുന്നു

  87. ശ്രീഇടമൺ said...

    "ക്ഷേത്രമുറ്റത്തെ പ്രേതം"
    നന്നായിട്ടുണ്ട്...*

  88. Unknown said...

    ക്ഷേത്രങ്ങളും ഉത്സവങ്ങളും ഒക്കെ എന്തു രസമാണ്.ഞാൻ നാട്ടിൽ വന്നിട്ട് അമ്പലങ്ങളിൽ തന്നെയാ

  89. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

    super...
    kurachu kalamayi boologathinu purathayirunnu athanu comment postan vaikiyathu..
    nammaleyum oru bhootham badhichittundallo recession!! ;)

    Keep writing (y)

  90. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    ഓരോ
    ക്യാമ്പസ് പ്രണയവും
    അവിടുത്തെ വരണ്ട മണല്‍‌ത്തരികളെ
    നനച്ചു കടന്നു പോകുന്ന
    നനുത്ത വേനല്‍‌ മഴകളാണ്...

    ഇതെനിക്കിഷ്ടമായി പക്ഷെ ... ക്യാമ്പസ് ഒരിക്കലും വരണ്ടതല്ല ...വളരെയേറെ ജീവസ്സുറ്റതാണ് ഇത്രയേറെ ശബ്ദയാനമായ , വര്‍ണ്ണ ശബളിമയാര്‍ന്ന, സ്മരണോജ്ജ്വലമായ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റെങ്ങും ഉണ്ടാവുമെന്ന് തോന്നുന്നില്ല ...

    ഓരോ
    നഷ്ട പ്രണയവും
    ആ ക്യാമ്പസ്സിനെ കണ്ണീരണിയിക്കുന്ന
    മരണ ദൂതുകളാണ്...
    ഇത്രയ്ക്കു വേണോ .... അതൊക്കെ വെറും ഇല പൊഴിക്കലല്ലേ....
    വീണ്ടും പുതിയ , ഇലകള്‍ , പൂക്കള്‍ ..അതങ്ങനെ പോകും ..

  91. Hema said...

    ശ്രീ തെറ്റുതിരുത്തിയതിനു നന്ദി... തുടക്കക്കാരിയാണ്‌ ഞാന്‍ ഇവിടെ .മൂന്നാലു ദിവസമായിട്ട് തെറ്റുതിരുത്തല്‍ തന്നെയായിരുന്നു പണി. എങ്കിലും സന്തോഷം ഏറേയുണ്ട് വന്ന് കമന്റ് പോസ്റ്റിയതിന്‌ ... ശ്രീയുടെ ബ്ലോഗ് ലോകം അതിസുന്ദരം ആണേയ്...

  92. ഇഞ്ചൂരാന്‍ said...

    good post.

  93. ആർപീയാർ | RPR said...

    ശ്രീ...
    വായിക്കാൻ അൽ‌പ്പം താമസിച്ചു.. വളരെ നിഷ്കളങ്കമായ ശൈലി.. ഒത്തിരി ഇഷ്ടമായി..
    ആശംസകൾ

  94. ശ്രീ said...

    raadha ചേച്ചീ...
    കുഞ്ഞുന്നാളില്‍ പ്രേതത്തെ എനിയ്ക്കും നല്ല പേടിയായിരുന്നു. പക്ഷേ വളര്‍ന്നു വന്ന കൂട്ടത്തില്‍ പ്രേതകഥകള്‍ എങ്ങനെയോ ഇഷ്ടമായി. ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ എത്രയോ തവണ വായിച്ചിരിയ്ക്കുന്നു... ഇന്നും ആ പുസ്തകം എന്റെ കയ്യിലുണ്ട്, ഇടയ്ക്ക് വായിയ്ക്കാറുമുണ്ട്. :)

    ശ്രീഇടമൺ...
    വായനയ്ക്കും കമന്റിനും നന്ദി :)

    അനൂപ്‌ മാഷേ...
    തിരിച്ചു പോയിട്ടില്ല അല്ലേ? :)

    കിഷോര്‍ലാല്‍ പറക്കാട്ട് ...
    ഹഹ. അതെ, അതുമൊരു ഭൂതം തന്നെ :)

    ശാരദനിലാവ് ...
    ആ പോസ്റ്റ് വായിച്ചതിനു നന്ദി മാഷേ :)

    ഷമ്മി ...
    നന്ദി :)

    അമ്മൂസ്സ് ചേച്ചീ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി :)

    ഇഞ്ചൂരാന്‍...
    നന്ദി മാഷേ :)

    ആർപീയാർ | RPR ...
    വായിയ്ക്കാനും കമന്റെഴുതാനും സമയം കണ്ടെത്തിയതില്‍ സന്തോഷം, മാഷേ :)

  95. മാഹിഷ്മതി said...

    പ്രേത കഥകൾ മിക്കവാറും ഇങ്ങനെ തന്നെയായിരിക്കും ജനിക്കുന്നത് അല്ലെ?

  96. ഗോപക്‌ യു ആര്‍ said...

    നന്നായി...ഇത്തരം അനുഭവങള്‍ മിക്കവ്ര്ക്കും കാണാം....

    ശ്രീക്ക് പാരയായി മറ്റൊരു ശ്രീയെക്ക്കാണുന്നു...ബുദ്ധി , ശ്രീ തന്നെ വഴി മാറുകയല്ലെ?..ശ്രീശൊഭിന്‍ എന്നാക്കിയാലൊ?

  97. കല്യാണിക്കുട്ടി said...

    hmmm.........kollaam...ulsavapparambum idavazhiyum pottippolinja ambalavumokke neril kandathu pole thanne.................
    really nice................

  98. Suchitra said...
    This comment has been removed by the author.
  99. Suchitra said...

    nannaayittundu Sreenalla post, ithuvare vaayikkathirunnathilu nashtabodham thonni....thanks

  100. Rani said...

    പേടിപ്പിച്ചു കളഞ്ഞല്ലോ ശ്രീ , ഞാന്‍ ഇതു വായിക്കുന്ന സമയം രാത്രി 12:55 ,ഇനി നാമം ജപിക്കാതെ ഉറങ്ങാന്‍ പറ്റില്ല ...

  101. Sayuri said...

    Presentation and style of writing is impressive. Enjoyed reading and had a good laugh. Thanks Sree.

  102. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    നന്നായി അവതരിപ്പിച്ചു.
    ഭയത്തിന്റെ അന്തരീക്ഷം ശരിക്കും അനുഭവവേദ്യമായി.

  103. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    ഒന്നു പേടിച്ചു വരുകയായിരുന്നു. കളഞ്ഞു!

  104. നിങ്ങളുടെ സ്നേഹിതന്‍ said...

    എന്‍റെ അണ്ണാ...കഥ സൂപ്പര്‍....എനിക്കസൂയ വരുന്നതതല്ല....എന്ത് മാത്രം കമന്റ്സ് ആണ് ചേട്ടാ....സത്യം നിങ്ങള്‍ ഈ ബൂലോഗത്തില്‍ ഒരു പുലി തന്നെ....എനിക്ക് കമ്മന്റ് അയച്ചതിന് ഒരു പാട് നന്ദി ഉണ്ട്....ഇനിയും കാത്തിരിക്കുന്നു...ആശംസകള്‍...

  105. Sabu Kottotty said...

    എല്ലാവരും വന്ന്‌ എല്ലാം പറഞ്ഞു പോയി.
    ഇനി ഞാനെന്തു പറയാന്‍..!
    എന്നാലും ശ്രീയുടെ പോസ്റ്റ്‌ വായിച്ചിട്ട്‌ മിണ്ടാതെ പോയാല്‍...

  106. റോസാപ്പൂക്കള്‍ said...

    രസകരമായി എഴുതി...

  107. ash said...

    നല്ല പ്രേതകഥ.. ചെറുപ്പത്തില്‍ പന കണ്ടാല്‍ പേടി ആയിരുന്നു ... യക്ഷി ഉണ്ടാകും എന്നു പറഞ്ഞു പേടിപ്പിച്ചിരുന്നു ... രാത്രി പുറത്തു ആരുടെയെങ്കിലും കൂടി നിന്നാല്‍ തന്നെ പേടി ഉണ്ടെങ്കിലും കണ്ണ് പനയുടെ മുകളില്‍ ആയിരിക്കും യക്ഷിയോ മറ്റോ നോക്കി ചിരിക്കുന്നുണ്ടോ എന്നു നോക്കും... ഇതു വരെയും ഒരു യക്ഷിയേയും കണ്ടിട്ടില്ല ഒക്കെ സീരിയലില്‍ മാത്രേ കണ്ടിട്ടുള്ളൂ.... ആശംസകള്‍ ....