Monday, January 28, 2008

☠ ഞാന്‍ കണ്ട പ്രേതം ☠

കൂട്ടുകാരുടെ കയ്യില്‍‌ നിന്നാണ് ആ ഫോണ്‍‌ നമ്പര്‍ ‌ലഭിച്ചത്. കിട്ടിയപ്പോള്‍‌ അതിലൊട്ടും താല്പര്യം തോന്നിയില്ല. എങ്കിലും എല്ലാവരും പല തവണ അതേക്കുറിച്ച് ആവര്‍‌ത്തിച്ച് പറഞ്ഞതു കേട്ടപ്പോള്‍‌ ആ നമ്പര്‍‌ എന്തായാലും ഒന്ന് കുറിച്ചു വച്ചു. താല്പര്യമുള്ള ആര്‍‌ക്കെങ്കിലും കൊടുക്കാമല്ലോ എന്നുമോര്‍‌ത്തു. പലരും അതെക്കുറിച്ച് തമാശ പോലെയും സീരിയസ്സായും പല കമന്റുകളും പറഞ്ഞു. എന്തൊക്കെയായാലും എല്ലാവരും അവസാനം ഒരു കാര്യം മാത്രം ഉറപ്പിച്ചു പറഞ്ഞു.

“ഇപ്പറഞ്ഞ നമ്പര്‍‌ കേരളാ നമ്പറല്ല. ചെന്നൈ അല്ലെങ്കില്‍‌ ബാംഗ്ലൂര്‍‌ നമ്പറാണ്. ആ നമ്പറിന്റെ പ്രത്യേകത എന്തെന്നാല്‍‌ അതിലേയ്ക്ക് പകല്‍‌ സമയത്ത് വിളിച്ചാല്‍‌ കോള്‍‌ കണക്ടാകില്ല. പകരം വിളിക്കുന്നത് അര്‍‌ദ്ധരാത്രിയാണെങ്കില്‍‌ ഏതോ ഒരു പെണ്‍‌കുട്ടി ആ ഫോണെടുക്കുകയും ചെയ്യും. മാത്രമല്ല, ആരെങ്കിലും പകല്‍‌ ആ നമ്പറിലേയ്ക്ക് വിളിയ്ക്കാന്‍‌ ശ്രമിച്ചിട്ടുണ്ടെങ്കില്‍‌ രാത്രി 12 മണിയ്ക്ക് ആ നമ്പറില്‍‌ നിന്നും തിരികെ കോള്‍‌ വരും. അതു മാത്രമല്ല, ആ നമ്പര്‍‌ 6 മാസം മുന്‍പ് ആത്മഹത്യ ചെയ്ത ഏതോ ഒരു മലയാളി പെണ്‍‌കുട്ടിയുടെ നമ്പറാണത്രേ. അതേ പെണ്‍‌കുട്ടിയായിരിക്കും നമ്മെ തിരിച്ചു വിളിയ്ക്കുന്നത്”

എന്തായാലും ഇതൊക്കെ കേട്ടപ്പോള്‍‌ ഞാനും സംഭവം നിസ്സാരമായി ചിരിച്ചു തള്ളി. ആളുകളെ പറ്റിയ്ക്കാനായി എന്തെല്ലാം വഴികളെന്ന് പറഞ്ഞു ചിരിയ്ക്കുകയും ചെയ്തു. സുഹൃത്തുക്കളില്‍‌ കുറച്ചു പേര്‍‌ എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കണമെന്നും പറഞ്ഞാണ് പിരിഞ്ഞത്. അവിടെ ഇരുന്നവരാരും അതു വരെ അത് ശ്രമിച്ചു നോക്കിയിരുന്നുമില്ല.

ഞാനെന്തായാലും ആ സംഭവം തല്‍ക്കാലം മറന്നു. പിന്നെ രണ്ടു മൂന്നു ദിവസങ്ങള്‍‌ കഴിഞ്ഞു. അന്നൊരു ദിവസം അച്ഛനും അമ്മയും ഒന്നും വീട്ടിലില്ല.അവരെല്ലാം ഒരു ബന്ധു വീട്ടില്‍‌ പോയിരിക്കുകയാണ്. അന്ന് ഞാന്‍‌ മാത്രമേ വീട്ടിലുള്ളൂ. ഞാനവിടെ ഒറ്റയ്ക്കായതു കാരണം ജിബീഷ് ചേട്ടനെന്നെ വിളിച്ചു. രാത്രി അവരുടെ വീട്ടില്‍‌ കിടക്കാമെന്നും പറഞ്ഞു. എന്നാല്‍‌ ഞാനത് നിരസിച്ചു. മാത്രമല്ല, ജിബീഷ് ചേട്ടനെ ഒന്നു കളിയാക്കുകയും ചെയ്തു. എനിക്ക് ഒറ്റയ്ക്കു കിടക്കാന്‍‌ അത്ര ഭയമൊന്നും ഇല്ലെന്നും പറഞ്ഞു. (ചില ദിവസങ്ങളില്‍‌ ഇതു പോലെ ജിബീഷ് ചേട്ടന്റെ വീട്ടില്‍‌ ആരുമില്ലാത്തപ്പോള്‍‌ ഞാന്‍‌ അവിടെ കൂട്ടിന് കിടക്കാന്‍‌ പോകുന്ന പതിവുണ്ടായിരുന്നു). അത് വിശ്വാസമായിട്ടോ എന്തോ, ജിബീഷേട്ടനും പിന്നെ നിര്‍‌ബന്ധിച്ചില്ല.

അങ്ങനെ സമയം രാത്രിയായി.9-10 മണി വരെ പതിവു പോലെ ടിവി കണ്ടു കൊണ്ട് സമയം കളഞ്ഞു. പിന്നെ അന്ന് കിട്ടിയ ഏതോ ഒരു പുസ്തകവും വായിച്ചു കൊണ്ടിരുന്നു. കുറേ കഴിഞ്ഞ് ബോറടിച്ചപ്പോള്‍‌ യാദൃശ്ചികമായി ആ ഫോണ്‍‌ സംഭവം ഓര്‍‌മ്മ വന്നു. വെറുതേ എന്റെ പേഴ്സെടുത്ത് തപ്പി നോക്കി. അതിലുണ്ടായിരുന്നു, ആ നമ്പര്‍‌. സമയം നോക്കിയപ്പോള്‍‌ 10 കഴിഞ്ഞു. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നായി അപ്പോഴത്തെ ചിന്ത. മറ്റൊന്നും ആലോചിക്കാതെ ആ നമ്പറിലേയ്ക്ക് ഡയല്‍‌ ചെയ്തു. സുഹൃത്തുക്കള്‍‌ പറഞ്ഞതു പോലെ തന്നെ “നമ്പര്‍‌ നിലവിലില്ല” എന്നു മറുപടി കിട്ടി. ആ ശ്രമം അവിടെ ഉപേക്ഷിച്ച് വീണ്ടും ടിവിയിലേയ്ക്ക് മടങ്ങി. ഒന്നും രസമില്ല എന്നു തോന്നിയപ്പോള്‍‌ അതും ഓഫ് ചെയ്ത് കിടക്കാന്‍‌ തീരുമാനിച്ചു.

കിടന്നു കഴിഞ്ഞപ്പോള്‍‌ മുതല്‍‌ ആ ഫോണ്‍‌ നമ്പറിനെ പറ്റിയായി ചിന്ത. അതെപ്പറ്റി ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് കുറേശ്ശെ പേടി തോന്നിത്തുടങ്ങി. വിളിക്കേണ്ടായിരുന്നു എന്നു തന്നെ മനസ്സില്‍‌ വീണ്ടും വീണ്ടും തോന്നി. കിടന്നിടത്തു നിന്നും എഴുന്നേറ്റ് ലൈറ്റിട്ടു. പിന്നെ, അതു മറക്കാനായി ടിവി ഓണ്‍‌ ചെയ്തു നോക്കി. അതിലേയ്ക്ക് ശ്രദ്ധിയ്കാനേ തോന്നുന്നില്ല. വീണ്ടും ആ പുസ്തകമെടുത്തു. ഒട്ടും ഏകാഗ്രത കിട്ടുന്നില്ല. എന്നാലും വെറുതേ അതും നോക്കിക്കൊണ്ടിരുന്നു. ഇടയ്കിടെ ക്ലോക്കിലേയ്ക്കും അറിയാതെ നോക്കുന്നുണ്ട്. സമയം 11. 30 കഴിഞ്ഞു, 11.45 കഴിഞ്ഞു… എന്റെ ചങ്കിടിപ്പ് കൂടിക്കൂടി വരുന്നു… മനസ്സില്‍‌ കൂട്ടുകാരെല്ലാം പറഞ്ഞ കാര്യം ഓര്‍‌മ്മ വന്നു. “ഈ നമ്പറിലേയ്ക്ക് നമ്മള്‍‌ പകല്‍‌ സമയത്ത് വിളിക്കാന്‍‌ ശ്രമിച്ചാല്‍‌ കണക്ട് ആകില്ല. പകരം, ആ വിളിച്ച നമ്പറിലേയ്ക്ക് ഈ നമ്പറില്‍‌ നിന്ന് നമുക്ക് അന്ന് അര്‍‌ദ്ധരാത്രിയില്‍‌ വിളി വരും. ആ വിളിയ്ക്കുന്നത് ആറു മാസം മുന്‍പ് ആത്മഹത്യ ചെയ്ത ഒരു പെണ്‍‌കുട്ടിയായിരിക്കും”

സമയം പന്ത്രണ്ട് ആകുന്തോറും എനിക്ക് വെപ്രാളം കൂടിക്കൂടി വന്നു. ആ സമയത്ത് പതിവില്ലാതെ ഒരു മൂത്ര ശങ്ക…ഒപ്പം ഭയങ്കര ദാഹം… ചെറിയ ഒരു വിറയല്‍‌… എന്തു ചെയ്യണമെന്നറിയാതെ ഞാന്‍‌ മുറിയില്‍‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തായാലും വാതിലു തുറക്കാനും പേടി. തുറന്നു കിടക്കുന്ന ജനലടക്കാമെന്നും കരുതി ജനലിനടുത്തേയ്ക്ക് നീങ്ങിയതും “ക്…റും…” എന്ന ശബ്ദത്തോടെ ജനാലച്ചില്ലില്‍‌ എന്തോ വന്നു വീണതും ഒരുമിച്ച്. ഞെട്ടി പുറകോട്ടു ചാടിക്കഴിഞ്ഞപ്പോഴാണ് “ങ്യാവൂ..” എന്ന ശബ്ദം കേട്ടത്. കുറച്ചൊരു സമാധാനം തോന്നി. വീട്ടിലും പരിസരങ്ങളിലും ചുറ്റി നടന്നിരുന്ന പൂച്ചക്കുഞ്ഞാണ്. അകത്തു കടക്കാനനുവദിക്കാറില്ലാത്തതിനാല്‍‌ ജനല്‍ തുറന്നു കിടക്കുന്നതു കണ്ടപ്പോള്‍‌ ആശാനൊന്നു ശ്രമിച്ചതാണ്, അകത്തു കയറിപ്പറ്റാന്‍‌…

അതു പൂച്ചയാണല്ലോ എന്ന സമാധാനത്തോടെ ഒരു നെടുവീര്‍‌പ്പിട്ട് പ്രശ്നമൊന്നുമില്ല എന്ന് മനസ്സില്‍‌ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ക്ലോക്കില്‍‌ നോക്കി. ഹാവൂ… സമയം 12 കഴിഞ്ഞു. ഇനി കുഴപ്പമില്ല. അങ്ങനെ ചിന്തിച്ച് തീര്‍‌ന്നില്ല. “ടിര്ര്ര്ര്ണിം” ഫോണ്‍‌ ബെല്ലടിച്ചു. ഞാനപ്പോള്‍‌ നിന്നിരുന്നത് ഫോണിന്റെ തൊട്ടടുത്തായിരുന്നതു കൊണ്ടോ പേടി കൂടുതല്‍‌ തോന്നിയിട്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടോ എന്തോ ഫോണ്‍‌ റിസീവറില്‍‌ നിന്നെടുത്ത് മാറ്റി വയ്ക്കാനാണ് അപ്പോള്‍‌ തോന്നിയത്. അതിന്റെ മണിയടിയാണ് ആ നിമിഷത്തില്‍‌ ഏറ്റവും ഭയാനകമായി തോന്നിച്ചത് എന്നതാണ് സത്യം. ഞാന്‍‌ റിസീവറെടുത്ത് പൊക്കിയതും പെട്ടെന്ന് കറന്റും പോയി. ഒരു ഉള്‍‌ക്കിടിലത്തോടെ റിസീവര്‍‌ മേശമേലേക്കിട്ട ഞാന്‍‌ ഒരു വിറയലോടെ ഞെട്ടിമാറിയതും ആ ഇരുട്ടില്‍‌ എന്റെ നോട്ടം പാതി തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേയ്ക്ക് അറിയാതെ പാഞ്ഞതും അവിടെ മുറ്റത്തായി ആരോ നില്‍‌ക്കുന്നതായി കണ്ടതും ആ രൂപത്തില്‍‌ വെള്ള സാരി പോലെയെന്തോ കാറ്റിലനങ്ങുന്നതു പോലെ തോന്നിയതും ഇതിനിടയില്‍‌ ആ ഫോണ്‍‌ കോളിനെ പറ്റി കൂട്ടുകാരെല്ലാം പറഞ്ഞു കേട്ട കഥ മുഴുവന്‍‌ ഒറ്റയടിയ്ക്ക് ഓര്‍‌മ്മ വന്നതും എല്ലാം ഒരൊറ്റ നിമിഷത്തില്‍‌ കഴിഞ്ഞു.

വായിലെ വെള്ളം പോലും വറ്റി കുറേശ്ശെ ബോധം നഷ്ടപ്പെട്ടോ എന്ന ഒരു അവസ്ഥയില്‍‌ നില്‍‌ക്കുമ്പോഴാണ് ഉയര്‍‌ത്തി മേശമേല്‍‌ വച്ച ആ ഫോണീല്‍‌ “ഹലോ ഹലോ” എന്ന ജിബീഷ് ചേട്ടന്റെ ശബ്ദം എനിക്കു തിരിച്ചറിയാന്‍‌ കഴിഞ്ഞത്. ആ സമയത്തു തോന്നിയ ഒരു സമാധാനവും ആശ്വാസവും പറഞ്ഞറിയിക്കാന്‍‌ വയ്യ. തിരിച്ചു കിട്ടിയ ധൈര്യത്തോടെ ഞാന്‍‌ ഫോണ്‍‌ ചാടിയെടുത്തു. ഫോണെടുത്ത് സംസാരിക്കാന്‍‌ വൈകിയതിന് എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് ജിബീഷ് ചേട്ടന്‍‌ എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍‌ കറന്റു പോയതു കൊണ്ടാണെന്നോ മറ്റോ പറഞ്ഞ് ഞാന്‍‌ ഒരു വിധം തടിയൂരി. അപ്പോഴേയ്ക്കും കറന്റും വന്നു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഗുഡ് നൈറ്റും പറഞ്ഞ് ജിബീഷ് ചേട്ടന്‍‌ ഫോണ്‍‌ വച്ചപ്പോഴേയ്ക്കും ഞാന്‍‌ സമനില വീണ്ടെടുത്തിരുന്നു.

കിടക്കും മുന്‍പ് എന്റെ മുറിയില്‍‌ വെളിച്ചം കണ്ടതു കൊണ്ടാണത്രേ ജിബീഷ് ചേട്ടന്‍ ഫോണ്‍‌ വിളിച്ച് ചോദിച്ചത്. (ഞങ്ങളുടെ വീടും ജിബീഷ് ചേട്ടന്റെ വീടും തമ്മില്‍‌ ഏതാണ്ട് ഒരു 200 മീറ്റര്‍‌ ദൂരമേയുള്ളൂ. മാത്രമല്ല, സാധാരണ ജിബീഷ് ചേട്ടന്‍‌ ഉറങ്ങുന്നത് 12 മണിയെല്ലാം കഴിഞ്ഞിട്ടായിരിക്കും) എന്തായാലും ഒരു നിമിഷം എന്റെ ചിന്ത പോയത് നേരത്തേ ഞാന്‍‌ ട്രൈ ചെയ്ത അതേ നമ്പറില്‍‌ നിന്നുമാണ് എനിക്ക് ആ ഫോണ്‍‌ വന്നത് എന്നും പുറത്ത് നില്‍‌ക്കുന്ന വെള്ള സാരിയുടുത്ത സ്ത്രീരൂപം പണ്ട് മരിച്ചതായി പറയുന്ന ആ പെണ്‍‌കുട്ടി തന്നെ ആയിരിക്കും എന്നുമായിരുന്നു. എനിക്ക് സാരി അനങ്ങുന്നതായി തോന്നിയതാകട്ടെ, മുറ്റത്തെ വാഴയുടെ ഒടിഞ്ഞു തൂങ്ങിയ ഉണങ്ങിയ ഇലയായിരുന്നു.

എന്തായാലും പിന്നെ, മനസ്സമാധാനത്തോടെ പോയിക്കിടന്നുറങ്ങാനും കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ ആദ്യം ചെയ്തത് മുറ്റത്തെ വാഴയുടെ ഉണങ്ങിയ ഇലകളെല്ലാം വെട്ടിക്കളയുക എന്ന കൃത്യമായിരുന്നു. പിന്നെ പേഴ്സില്‍‌ നിന്നും ആ നമ്പറെടുത്ത് അടുപ്പിലിടുക എന്നതും. മാത്രമല്ല, ഇത്ര പ്രായമായിട്ടും (ഈ സംഭവം നടന്നിട്ട് ഇപ്പോള്‍‌ മൂന്നു കൊല്ലത്തിനു മുകളിലായിട്ടില്ല) ഇങ്ങനെ പേടിച്ചു എന്ന് പുറത്തറിയുമെന്ന ചമ്മലു കാരണം ഇത് അധികമാരോടും പറഞ്ഞിട്ടുമില്ല.

87 comments:

  1. ശ്രീ said...

    ചെറിയൊരു ചമ്മല്‍‌ കാരണം അധികം ആരോടും പറയാതെ ഇരുന്ന ഒരു സംഭവമാണ്‍ ഇത്.

    ഈ സംഭവത്തിനാധാരമായ ആ ഫോണ്‍‌ നമ്പറിനെ പറ്റി ഇന്ന് ഒരുവിധം എല്ലാവര്‍‌ക്കും അറിയുമായിരിയ്ക്കും. പക്ഷേ, ഞാന്‌ അന്ന് അതെക്കുറിച്ച് ആദ്യമായി കേള്‍‌ക്കുകയായിരുന്നു.

    ജീവിതാനുഭവങ്ങളില്‍‌ നിന്നും ഒരു ഹൊറര്‍‌ പോസ്റ്റ്.

  2. സുല്‍ |Sul said...

    ((((((ഠേ)))))))
    ഇന്നത്തെ ആദ്യ തേങ്ങ ശ്രീക്കിരിക്കട്ടെ.
    ഇനി സമാധാനമായി വായിക്കട്ടെ!
    -സുല്‍

  3. സുല്‍ |Sul said...

    ശ്രീയെ തകര്‍പ്പന്‍ എഴുത്ത്. നീ പേടിച്ചാലെന്താ... പോസ്റ്റൊന്നിറങ്ങിയില്ലെ അതും പൊളപ്പന്‍ :)
    -സുല്‍

  4. ചന്ദ്രകാന്തം said...

    ശ്രീ,
    ഏതായാലും ഇതുവരെ ആരോടും പറയാതിരുന്ന സംഭവമല്ലേ..
    ഞാനും ആരോടും പറയൂല്ലാ..ട്ടൊ.
    (ഇത്രേം കാലം പുരോഗമിച്ചിട്ടും, പ്രേതങ്ങള്‍ കളര്‍ഡ്രസ്സ്‌ ഉപയോഗിച്ചു തുടങ്ങീല്ലേ..!!!)

  5. Sharu (Ansha Muneer) said...

    ഫോണ്‍ പ്രേതത്തെകുറിച്ച് ഞാനും കേട്ടിട്ടുണ്ട്. കുറച്ചു കൂടി പൊടിപ്പും തൊങ്ങലും ഉണ്ടായിരുന്നു എന്നു മാത്രം. നമ്മള്‍ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ നിറം വരെ പറയും എന്ന്. ഫോണ്‍ വെച്ച് തിരിഞ്ഞു നോക്കിയാല്‍ ആ പെണ്‍കുട്ടിയുടെ രൂപം കാണാന്‍ കഴിയും എന്നും ഒക്കെ ഉണ്ടായിരുന്നു ഞാന്‍ കേട്ട കഥയില്‍. എന്തായാലും നല്ല വിവരണം. എന്നത്തെയും പോലെ കിടിലന്‍...:)

  6. Sharu (Ansha Muneer) said...

    “അടഞ്ഞു കിടക്കുന്ന ജനലടക്കാമെന്നും കരുതി ജനലിനടുത്തേയ്ക്ക് നീങ്ങിയതും” ഇത് തിരിത്തേണ്ടതല്ലേ?

  7. നന്ദന്‍ said...

    “ആരാ അത്???... ആരാന്നാ ചോദിച്ചേ..”

    “ഓ അതൊരു വാഴയാ..”

    “”വാഴയാണെങ്കിലെന്താ വാ പൊളിച്ചു പറഞ്ഞൂടെ.. വെറുതെ മനുഷ്യനെ പേടിപ്പിക്കാന്‍ ഇറങ്ങിയേക്കുവാ..”

    കൊള്ളാം ശ്രീ.. രസമുണ്ടായിരുന്നു വായിക്കാന്‍.. എന്നാലും ഇത്രേം പേടിയൊന്നും പാടില്ല.. (എനിക്ക്‌ പേടിയാണോന്നോ.. ഏഏയ്.. ഒരു ഭ്രമം!!) ;)

  8. പാമരന്‍ said...

    പ്രേതം ബാംഗ്ലൂര്‍ കാരി ആകാനേ തരമുള്ളൂ... പീഡനം പേടിച്ചു മലയാളിപ്രേതങ്ങളൊന്നും ഇപ്പൊ രാത്രി പുറത്തിറങ്ങാറില്ല.. :)

    നല്ല എഴുത്ത്‌...

  9. കുട്ടിച്ചാത്തന്‍ said...
    This comment has been removed by the author.
  10. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഉം ശരി ശരി.... വല്ല ആണ്‍പ്രേതവുമാണ് തിരിച്ച് വിളിക്കുക എന്ന് പറഞ്ഞിരുന്നെങ്കില്‍ നീ വിളിച്ച് നോക്കുമായിരുന്നോ?

  11. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    കഥ പറഞ്ഞ്‌ പേടിപ്പിക്കല്ലേ മാഷേ...

  12. മാണിക്യം said...

    ,ചെറിയൊരു ചമ്മല്‍‌ കാരണം
    അധികം ആരോടും പറയാതെ
    ഇരുന്ന ഒരു സംഭവമാണ്‍ ഇത്.
    ,

    ഞാന് അമ്മച്ചിയാണേ ആരോടും പറയൂല്ലാ.
    ല്ലേ ചെല്ലക്കിളി വന്നിരുന്നങ്കിലാ അപ്പി ....

  13. ശ്രീ said...

    സുല്ലേട്ടാ...
    ആ തേങ്ങയ്ക്കും കമന്റിനും നന്ദി.
    ചന്ദ്രകാന്തം ചേച്ചീ...
    ഇനിയിപ്പോ അറിഞ്ഞാലും സാരമില്ലെന്നേ... അതു തന്നെ, ഈ പ്രേതങ്ങള്‍‌ക്ക് കളര്‍‌ സാരി ഉപയോഗിച്ചു കൂടേ? കമന്റിനു നന്ദി. :)
    ഷാരൂ... പിന്നീട് പല രീതിയില്‍‌ ഈ ഫോണ്‍‌ നമ്പറിനെ പറ്റി കേട്ടിട്ടുണ്ട്.
    പിന്നെ, തെറ്റു തിരുത്തീട്ടുണ്ട് ട്ടോ. നന്ദി.
    നന്ദന്‍‌...
    വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    പാമരന്‍‌ ചേട്ടാ...
    ഏതു നാട്ടുകാരി ആയാലും പ്രേതം പ്രേതം തന്നെയല്ലേ? ഹ ഹ. കമന്റിനു നന്ദി.
    ചാത്താ... അതെനിക്കിട്ട് ഒന്നു താങ്ങിയതാണല്ലോ... ഹ ഹ. കമന്റിനു നന്ദി.
    ‍പ്രിയാ...
    ഞാന്‍‌ തീരെ പേടി ഇല്ലാത്തതു കൊണ്ട് പറഞ്ഞതല്ലേ? ;) കമന്റിനു നന്ദീട്ടോ.
    മാണിക്യം...
    ഒരു പ്രേതമെങ്ങാനും കൂടെ വന്നാല്‍‌ പെട്ടതു തന്നെ. :) വായനയ്ക്കും കമന്റിനും നന്ദി.

  14. വിന്‍സ് said...

    ഹഹഹഹഹഹ...... മണിചിത്രതാഴു പടത്തിലെ ഇന്നസെന്റിനെയും ഗണേശിനേയും ഓര്‍മ്മ വരുന്നു.

  15. മലബാറി said...

    ശ്രീ..
    ഈ നമ്പര്‍പ്രേതത്തിന്റെ കാര്യം ഞാനും കേട്ടിരുന്നു.ധൈര്യം പണ്ടേ കൂടുതലായതുകൊണ്ടു വിളിക്കാനൊന്നും പോയില്ല.
    എന്തായാലും അനുഭവം ഉഷാര്‍

  16. ശ്രീലാല്‍ said...

    ഹ..ഹ.. രസകരമായി എഴുതി.

    മുന്‍പ് ഒരിക്കല്‍ രാത്രി ഒറ്റയ്ക്കിരുന്ന് മണിച്ചിത്രത്താഴ് സിനിമ കണ്ടുകൊണ്ടിരിക്കുകായായിരുന്നു ഞാന്‍. വിടമാട്ടേന്‍ ... എന്ന് നാഗവല്ലി പറയുന്ന രംഗം. പെട്ടന്ന് ഞാനിരുന്ന കസേരയുടെ പുറകിലെ ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകം എന്റെ ദേഹത്തേക്ക് വീണു. “എന്റമ്മേ...........“ ഞാന്‍ അലറിയ അലറല്‍ താണതായിരുന്നില്ല ശ്രീ....

  17. asdfasdf asfdasdf said...

    ഹൌ.. ഒരു ഫോണ്‍ നമ്പറുകൊണ്ട് ഇത്രയൊക്കെ പുകില്‍. ഇനി എന്തൊക്കെ കാണാണ്‍ കിടക്കുന്നു. :)
    വിവരണം നന്നായി.

  18. ഭൂമിപുത്രി said...

    ഞാനാണെങ്കിലപ്പഴെ കാറ്റുപോയെനെട്ടൊ ശ്രീ

  19. ഹരിത് said...

    രസമുള്ള പോസ്റ്റ്. പിന്നെ എപ്പൊഴെങ്കിലും വീണ്ടും ആ നമ്പരില്‍ വിളിച്ചു നോക്കിയോ?

  20. ശ്രീ said...

    വിന്‍‌സേ...
    ഇപ്പോ എനിക്കും ഓര്‍‌ക്കുമ്പോള്‍‌ ചിരിയാണു വരുന്നത്. അന്ന് ആ സമയത്ത് ശരിയ്ക്കൊന്നു പേടിച്ചു. കമന്റിനു നന്ദി. :)
    മലബാറീ...
    വായനയ്ക്കും കമന്റിനും വളരെ നന്ദി.
    ശ്രീലാല്‍‌...
    ആ അനുഭവവും ഭാവനയില്‍‌ കാണാനാകുന്നുണ്ട്. ഹഹ. വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
    മേനോന്‍ ചേട്ടാ...
    കമന്റിനു നന്ദി കേട്ടോ.
    ഭൂമി പുത്രീ...
    അപ്പോ ജിബീഷേട്ടന്റെ ശബ്ദം കേട്ടില്ലാരുന്നെങ്കില്‍‌ എന്റെയും സ്ഥിതി വ്യത്യസ്ഥമാകുമായിരുന്നില്ല. ഹ ഹ. കമന്റിനു നന്ദി.
    ഹരിത് മാഷേ...
    ഇല്ലില്ല. ആ നമ്പര്‍‌ പിറ്റേന്നു തന്നെ നശിപ്പിച്ചു കളഞ്ഞു. വായനയ്ക്കും കമന്റിനും നന്ദി. :)

  21. ഹരിശ്രീ said...

    ശോഭീ,

    നീ ഇക്കഥ എന്നോടും പറഞ്ഞിട്ടില്ലല്ലോ... കൊള്ളാം അല്പം ത്രില്ലിങ് ഉണ്ട്...

  22. കൊച്ചുത്രേസ്യ said...

    ഇങ്ങനെ പേടിച്ചാലോ ശ്രീ..ആ നമ്പര്‍ എത്രയാണെന്നാ പറഞ്ഞത്‌?? ഏയ്‌ എനിക്കു വേണ്ട; ചാത്തനു കൊടുത്താല്‍ മതി.

    ചാത്താ ലോക്കല്‍ കോളല്ലേ ഒന്നു വിളിച്ചുനോക്കണേ.എന്റെ ഫോണില്‍ ഔട്ട്ഗോയിംഗ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുവാ..ഇല്ലായിരുന്നെങ്കില്‍ ഞാനിപ്പോ....

  23. siva // ശിവ said...

    ഓഹോ ഇത്രയേ ഉള്ളൂ... തുടക്കം വായിച്ചു ശരിക്കും പേടിച്ചു പോയി...

  24. നവരുചിയന്‍ said...

    ആ ചാത്തന്റെ വക ഒരു ഹൊറര്‍ കഴിഞ്ഞതെ ഉള്ളു . ടി വരുന്നു അടുത്തത് . എന്നെ ശ്രീ ചേട്ടാ ഇതു വല്ലോം തുടരാന്‍ അരുനെങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിചെനെ .
    ഫോണ്‍ എടുകുമ്പോള്‍ കട്ട് ......ബാക്കി അടുത്ത ഭാഗത്തില്‍ എന്ന് പറഞ്ഞിരുന്നേല്‍ .......

  25. ബഷീർ said...

    പേടിപ്പിക്കല്ലേ.. ഒരു പറ്റൊക്കെ ആര്‍ക്കും തെറ്റും... പിന്നെ എനിക്കിവക വിഷയത്തില്‍ പേടിയേ..ഇല്ല.. ആരാ.. അയ്യൊോ കരന്റ്‌ പോയി....

  26. Anoop Technologist (അനൂപ് തിരുവല്ല) said...

    പതിവുപോലെ ശ്രീ മനോഹരമായി എഴുതി.

    കേരളത്തില്‍ ഒരു കാലത്ത് പത്രങ്ങളില്‍ വരെ വാര്‍ത്തയായ കഥയാണ് ടെലിഫോണ്‍ പ്രേതത്തിന്റേത്. ചെങ്ങന്നൂര് നടന്ന
    ഒരു യഥാര്‍ഥസംഭവത്തില്‍ നിന്നാണിതിന്റെ തുടക്കം. നായകന്‍ എന്റെ സുഹ്യുത്തും. ഏതായാ‍ലും ശ്രീ ഓര്‍മ്മിപ്പിച്ചതു നന്നായി. ഇതിനുപിന്നിലെ സംഭ്രമജനകമായ കഥ ഉടന്‍ പ്രസിദ്ധീകരിക്കാം.

  27. Murali K Menon said...

    ഇതില്‍ ചമ്മാനൊന്നുമില്ല ശ്രീ. ആണ്‍കുട്ടികളായാല്‍ ഇങ്ങനെ വല്ലപ്പോഴും പേടിച്ച് വിറക്കണം... ഹ ഹ ഹ...
    പിന്നെ ഉണങ്ങിയ വാഴക്കൈ മാത്രമല്ലേ വെട്ടിയുള്ളു. മൊത്തം വാഴ വെട്ടിമാറ്റിയില്ലല്ലോ ആശ്വാസം.

  28. CHANTHU said...

    ........ (നല്ല വിവരണം)

  29. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ആ പ്രേതം വിളിക്കാഞ്ഞത് കാര്യമായി അല്ലെ ശ്രീയെയ്..
    അല്ലെങ്കില്‍ അന്ന് ഫോണ്‍ വനത് പ്രേതത്തിന്റെ ആയിരുന്നു ഞാന്‍ പ്രേതവുമായി സംസാരിച്ചു എന്ന് പറയാമായിരുന്നു ..എന്തായാലും ഈ പറഞ്ഞതൊന്നും ആരോടും പറയരുത് കെട്ടൊ..ഞാ‍നായിട്ട് ആരോടും പറയൂല്ല്ലാ..... വല്ല പ്രേതങ്ങളെയും കൂട്ടുകിട്ടിയെങ്കില്‍ പ്രേതലോകത്തെ കഥയെഴുതാമായിരുന്നൂ ഹഹഹ..

  30. Gopan | ഗോപന്‍ said...

    ശ്രീ..
    വളരെ രസമായി എഴുതിയിരിക്കുന്നു.
    അഭിനന്ദനങ്ങള്‍..

  31. ശ്രീവല്ലഭന്‍. said...

    പറ്റിച്ചു കളഞ്ഞല്ലോ ശ്രീ...നല്ല പ്രേത കഥ വായിക്കാന്‍ വന്നപ്പോള്‍ ....സാരമില്ല...

  32. ശ്രീ said...

    ശ്രീച്ചേട്ടാ...
    പറഞ്ഞിട്ടില്ല. അന്ന് നാട്ടിലുണ്ടായിരുന്നില്ലല്ലോ.
    കൊച്ചുത്രേസ്യ...
    ആ പാവം ചാത്തന്‍‌ ഇപ്പോ തന്നെ ഹൊറര്‍‌ കഥ ഓര്‍‌ത്തെഴുതി പേടിച്ചിരിയ്ക്കുകയാകും. ഇനി ഈ നമ്പറും കൂടെ കൊടുക്കണോ? കമന്റിനു നന്ദീട്ടോ.
    ശിവകുമാര്‍‌...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
    നവരുചിയന്‍‌...
    ഹഹ. എല്ലായിടത്തും ഹൊറര്‍‌ കഥകളാണല്ലേ? അതാണ്‍ ഞാനും ഈ പോസ്റ്റ് ഇടാന്‍‌ വൈകിച്ചത്. കമന്റിനു നന്ദി.
    ബഷീര്‍‌ക്കാ...
    സ്വാഗതം, വായനയ്ക്കും രസകരമായ ഈ കമന്റിനും നന്ദി. :)
    അനൂപേട്ടാ...
    അതു ശരി. അപ്പോ അതിന്റെ തുടക്കം അവിടെ നിന്നാണല്ലേ? എന്നാല്‍‌ വൈകാതെ തന്നെ അതിന്റെ ഉറവിടം പോരട്ടേ... കമന്റിനു നന്ദി കേട്ടോ.
    മുരളിയേട്ടാ...
    സമാധാനമായി. ഒരാളെങ്കിലും അനുകൂലിച്ചു പറഞ്ഞല്ലോ... ഹാവൂ. :)
    വാഴ വെട്ടിയിരുന്നേല്‍‌ അച്ഛനെന്നെ ഓടിച്ചേനെ. ;) കമന്റിനു നന്ദി.
    ചന്തു...
    വായനയ്ക്കും കമന്റിനും നന്ദി.
    സജീ...
    ഉവ്വുവ്വ. പ്രേതങ്ങളുമായി അത്ര കമ്പനി കൂടണോ? കമന്റിനു നന്ദി കേട്ടോ. :)
    ഗോപന്‍‌ മാഷേ...
    വായിച്ച് കമന്റിയതിനു നന്ദി.
    വല്ലഭന്‍‌ മാഷേ...
    അതങ്ങനെ കഴിഞ്ഞല്ലോന്ന് ആശ്വസിയ്ക്കുകയാ ഞാന്‍‌... ഹ ഹ. കമന്റിനു നന്ദി. :)

  33. മന്‍സുര്‍ said...

    ശ്രീ...

    മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട്‌.....
    നിന്നെ ഞാന്‍....ഹും

    പേടിചെക്കന്‍....ഇനി എന്റെ നമ്പറില്‍ വിളി..പെണ്ണിന്റെ ശബ്ദം കേക്കാം

    നന്നായിരിക്കുന്നു ഈ ഫോണ്‍ പ്രേത കഥ...

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

  34. മൂര്‍ത്തി said...

    കൊള്ളാം...ധീരതക്കുള്ള അവാര്‍ഡിനു പറഞ്ഞിട്ടുണ്ട്..നിരസിക്കരുത് പ്ലീസ്...:)‌

  35. Sreejith said...

    ശ്രീ,,ആ ഫോണ്‍‌‌‌‌‌‌‌ നംമ്പര്‍ ഒന്നു അയച്ചു തരുമോ,ചുമ്മാ ഒന്നു പരീഷിക്കാനാണ്‍ ,പേടിയുണ്ടോന്ന്

  36. krish | കൃഷ് said...

    എന്തായാലും ശ്രീയുടെ ഫോണ്‍ നമ്പര്‍ ഇങ്ങു തരൂ.. മൂന്ന് വര്‍ഷത്തിനുശേഷം എത്ര ധൈര്യം വെച്ചു എന്നറിയാനേ അല്ല. പിന്നെ, വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കോ അമാവാസി രാത്രിയിലോ വിളിക്കുകയേ ഇല്ല. പോരേ!!

  37. ജ്യോനവന്‍ said...

    ഉണങ്ങിയ ഇലകള്‍ വെട്ടിമാറ്റിയപ്പോള്‍‍ വാഴേടെ പേടിപോയി. നമ്പര്‍ അടുപ്പിലിട്ടപ്പോള്‍ അതിന്റെ പേടിയും പോയി. സത്യത്തില്‍ നമ്മുടെ പേടികളോ!
    :)

  38. മഞ്ജു കല്യാണി said...

    ശ്രീ വിവരണം കലക്കി,

    പിന്നേയ് ആ ഫോണ്‍ നമ്പറ് കിട്ടാന്‍ വല്ല വഴിയുമുണ്ടൊ, ഒന്നു പരീക്ഷിച്ചുനോക്കാനാ.
    മാത്രവുമല്ല പ്രേതങ്ങളുടെ സംസാരം എങ്ങനെയാണെന്ന് ഒന്നറിയേം ചെയ്യാല്ലോ...

  39. ചീര I Cheera said...

    ഹ,ഹ എന്റെ ശ്രീയേ,
    എനിയ്ക്കു വയ്യ..
    ഇതുപോലെ ഞങ്ങളുടെ കോളേജ് കാലത്ത് വേറേം ഭ്രമങ്ങളുണ്ടായിരുന്നു, ഒരു മെഴുകുതിരീം കൊളുത്തിവെച്ച്, നാണയം തനിയെ എഴുതുന്നതോ അങ്ങനെ എന്തോ.. ആത്മാക്കളോട് സംസാരിയ്ക്കാമെന്നൊക്കെ പറഞ്ഞ്.. ഞങ്ങളുടെ ശ്രമമൊക്കെ ചീറ്റിപ്പോയി..പിന്നെ അത് വിട്ടു.
    ആരോടും പറയാതെ രഹസ്യായി കഷ്ടപ്പെട്ട് കൊണ്ടു നടന്ന്, അവസാനം നോക്കീപ്പോ നാട്ടിലെല്ലാം പാട്ട്.

  40. സുനീഷ് said...

    ഇനി മേലാ ഇത്തരം പൊട്ടത്തരങ്ങളൊന്നും ബ്ലോഗില്‍ ഇട്ടേക്കല്ല്....
    അമ്മേ തിരിഞ്ഞു നോക്കാനൊരു... ഹേയ് പേടിയൊന്നുമല്ല... പിന്നെയൊരു ഇത്...

  41. Pongummoodan said...

    " അര്‍ജ്ജുന പത്ത്‌ " ചൊല്ലിപ്പോയല്ലോ ശ്റീയേ....

    എന്തായാലും നന്നായിട്ടുണ്ട്‌. :)

  42. പപ്പൂസ് said...

    ഏതാ ആ നമ്പറ്??? അതു കത്തിച്ച അടുപ്പീന്നാണോ ഇപ്പോഴും ചോറുണ്ടാക്കി കഴിക്കുന്നത്?

    പേടിച്ചു രസിച്ചു... :)

  43. നിരക്ഷരൻ said...

    എന്നാലും ശ്രീ, ഒരു പ്രേതത്തിന് ഫോണ്‍ ചെയ്തെന്നും പറഞ്ഞ് ബാക്കിയുള്ളോരേം കൂടെ പേടിപ്പിക്കാന്‍ എറങ്ങീരിക്കുവാണല്ലേ ?

    എനിക്ക് അപ്പുറത്തെ മുറീപ്പോയി ഒരു സാധനം എടുക്കാനുണ്ടായിരുന്നു. ഇനീപ്പോ എന്താ ചെയ്ക ?

  44. ദിലീപ് വിശ്വനാഥ് said...

    മനുഷ്യനെ പേടിപ്പിക്കാനായിട്ട്.
    എന്റമ്മോ വായിച്ചു ചിരിച്ചു പോയി.

  45. Sherlock said...

    ഞാനും കേട്ടിരുന്നു ഇതിനെ കുറിച്ച്..വിളിച്ചു നോക്കാന്‍ ധൈര്യമുണ്ടായില്ലാന്നു മാത്രം..:)

  46. Sands | കരിങ്കല്ല് said...

    ഭയങ്കര ധീരനാണല്ലോ ശ്രീ! :)

    എന്റെ ഒരു മറുപടി -- ലിങ്കിനെ പിന്തുടരൂ..
    http://karinkallu.blogspot.com/2008/01/blog-post_28.html

  47. അപര്‍ണ്ണ said...

    ഇത്‌ ഞാനും കേട്ടിട്ടുണ്ട്‌. എന്തായാലും ധൈര്യവാന്‍ തന്നെ :)

  48. Anonymous said...

    ഒരിടക്ക് നാട്ടില്‍ തന്നെ -പന്തളം ഭാഗത്ത്-ഇതുപോലെ ഒരു നമ്പര്‍ ഉണ്ടായിരുന്നു. ചിലപത്രങ്ങളില്‍ വാര്‍ത്തവരെ വന്നതാണ്. ശ്രമിച്ചു നോക്കാന്‍ തോന്നിയില്ല.

    നല്ല കുറിപ്പ് ശ്രീ :)

  49. ശ്രീ said...

    മന്‍‌സൂര്‍‌ ഭായ്...
    അതു ശരി, പ്രേതത്തെ കൊണ്ട് ഇനീ, വിളിപ്പിയ്ക്കാനാണോ ആ നമ്പറിലേയ്ക്ക് വിളിയ്ക്കാന്‍‌ പറഞ്ഞത്? ;) കമന്റിനു നന്ദി കേട്ടോ. :)
    മൂര്‍‌ത്തിയേട്ടാ...
    ശ്ശൊ! എനിയ്ക്കു വയ്യ. എന്റെ ഒരു ധീരത [ഉം ഉം... ആക്കിയതാണല്ലേ?] വായനയ്ക്കും കമന്റിനും നന്ദി. :)
    സുഹൃത്തെ...
    സ്വാഗതം. ആ നമ്പറിപ്പോള്‍ എന്റെ കയ്യിലില്ല. കമന്റിനു നന്ദി.
    കൃഷ് ചേട്ടാ...
    ഇനീം എന്നെ പേടിപ്പിയ്ക്കാനല്ലേ? നമ്പറു തരുന്ന പ്രശ്നമില്ല. ഹ ഹ. കമന്റിനു നന്ദി.
    ജ്യോനവന്‍‌ മാഷേ...
    വളരെ സത്യം! നമ്മുടെ പേടികള്‍ മാത്രം എന്നും നമ്മോടു കൂടെ ഉണ്ടാകും. കമന്റിനു നന്ദി.
    മഞ്ജു കല്യാണീ...
    ആ നമ്പര്‍‌ തല്‍ക്കാലം എന്റെ കയ്യിലില്ല. പരീക്ഷിയ്ക്കണമെന്ന് നിര്‍‌ബന്ധമുണ്ടേല്‍‌ എവിടെ നിന്നെങ്കിലും ഒപ്പിച്ചു തരാംട്ടോ. ഹഹ. കമന്റിനു നന്ദി.
    പി. ആര്‍‌. ചേച്ചീ...
    ഞാനും കേട്ടിട്ടുണ്ട്, അത്തരം പരിപാടികളെപ്പറ്റി. ആത്മാക്കളോട് സംസാരിയ്ക്കുന്ന ഏര്‍‌പ്പാടാണെന്ന് പറയപ്പെടുന്നു... അല്ലേ? വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    സുനീഷേ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
    പോങ്ങുമ്മൂടന്‍‌...
    എനിയ്ക്ക് അപ്പോ അതു പോലും ചൊല്ലാന്‍‌ തോന്നിയില്ല. ഹ ഹ. കമന്റിനു നന്ദി.
    പപ്പൂസേ...
    ദേ, വല്ലതും പറഞ്ഞ് ഇനീം പേടിപ്പിയ്ക്കാന്‍‌ നോക്കല്ലേ... ;) കമന്റിനു നന്ദി.
    നിരക്ഷരന്‍‌ ചേട്ടാ...
    അന്ന് പേടിച്ചു പോയ കാര്യം നിങ്ങളെക്കൂടി അറിയിയ്ക്കാമെന്നു കരുതി. :) വായനയ്ക്കും കമന്റിനും നന്ദി. :) കൂടെ തന്നെ നില്‍‌ക്കാമെന്നുണ്ടേല്‍‌ അപ്പുറത്തെ മുറിയിലേയ്ക്ക് ഞാനും വരാംട്ടോ. ;)
    വാല്‍മീകി മാഷേ...
    വായിച്ച് കമന്റിയതിനു നന്ദി. :)
    ജിഹേഷ് ഭായ്...
    ഒന്നു വിളിച്ചു നോക്കാമായിരുന്നു, അല്ലേ? കമന്റിനു നന്ദി. :)
    സന്ദീപേ...
    അതെയതെ... ഹിഹി. ആ സംഭവവും വായിച്ചു :)
    അപര്‍‌ണ്ണ...
    ഡാങ്ക്സ് (ധൈര്യവാനെന്നു വിളിച്ചതിന്). കമന്റിനും നന്ദി കേട്ടോ.
    ഗുപ്തന്‍‌ മാഷേ...
    സ്വാഗതം. ഇതു പോലത്തെ സംഭവങ്ങളെ പറ്റി പത്രത്തില്‍‌ വന്ന കാര്യം അറിഞ്ഞിരുന്നില്ല. വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)

  50. ശ്രീനാഥ്‌ | അഹം said...

    തകര്‍ത്തു....

  51. സുഗതരാജ് പലേരി said...

    നല്ല രസമായിട്ടെഴുതിയിരിക്കുന്നു.

    പേടി മനുഷ്യന്‍റെ കൂടപ്പിറപ്പല്ലേ, പിന്നെപ്പോഴോ പേടിയെക്കുറിച്ചുള്ള ഓര്‍മ്മതന്നെ ഇല്ലാതാവുന്നു. എന്നാല്‍ ഏതുസമയവും അതിങ്ങനെ വിടാതെ കൂടെയുണ്ട്.

    ഇരുട്ടിനെ പേടി, ഇരുട്ടിലെ വെളിച്ചത്തെപേടി, പകലത്തെ ഇരുട്ടിനെ പേടി, ശബ്ദത്തെ പേടി, ചിലസമയത്തെ സംഗീതത്തെ പേടി, കാറ്റിനെ പേടി........ അങ്ങിനെ മനുഷ്യന്‍ പേടിക്കാത്തതെന്തുണ്ട്.

    ഞാന്‍ ധൈര്യവാനാണെന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിക്കുമ്പോഴും എന്നിലെ ധൈര്യക്കുറവിനെ എനിക്ക് തിരിച്ചറിയന്‍ സാധിക്കുന്നു.

  52. ഏറനാടന്‍ said...

    ശ്രീ...

    അപ്പോള്‍ ഈ ഫോണ്‍ പ്രേതസുന്ദരി അവിടേയും വന്നിരുന്നല്ലേ.. ഇതേ ബാഗ്ലൂര്‍ യക്ഷി പണ്ട് ഏറനാട്ടിലും പാട്ടായിരുന്നു. ഇപ്പോള്‍ ഫോണ്‍ തട്ടകം മാറ്റി മൊബൈലില്‍ തെറി പറയുന്ന ആത്മാക്കളായും കൊഞ്ചികുഴയുന്ന കിളിമൊഴികളായും പല നമ്പര്‍ ഐറ്റംസുമായി കറങ്ങുന്നെന്ന് കേട്ടു.

    പാവം ഉറക്കം പോയതും വാഴയുടെ ഇല പോയതും മിച്ചം അല്ലേ. :)

  53. Anonymous said...

    ഹലോ....
    ശ്രീ ആണോ? ഇതു ഞാനാ....ആ പെണ്‍കുട്ടി.
    അന്നു വിളിക്കാന്‍ കഴിഞ്ഞില്ല....കോഴിക്കോട്ട് നിന്ന് വേറൊരു കുട്ടിയുമായി സംസാരിക്കുകയായിരുന്നു. അങ്ങേര് ഭയങ്കര കത്തി...അതു കഴിഞ്ഞപ്പോഴേക്കും സമയം വൈകി.

    ഏതായാലും ഓര്‍മിപ്പിച്ചതിന് നന്ദി. ഇന്നു രാത്രി ഞാന്‍ വിളിക്കും. ഫോണ്‍ എടുക്കണേ.

  54. [ nardnahc hsemus ] said...

    ശ്രീ,
    നന്നായെഴുതി.
    ആ ‘ഭീകരാവസ്ഥ’ ഏറെ ചിരിപ്പിച്ചു.
    ഇത്രയും അങ്ട് “സാഹചര്യങള്‍” കനിഞിട്ടില്ലെങ്കിലും ഒരുമാതിരിയൊക്കെ അനുഭവം ഇവിടേം ഉണ്ട് ട്ടാ.... :)

  55. അപ്പു ആദ്യാക്ഷരി said...

    പക്ഷേ ശ്രീയേ... ഈ ഫോണ്‍ നമ്പരിനെ അങ്ങനെ തമാശാക്കി കളയാന്‍ വരട്ടെ. ഇത് രണ്ടു വര്‍ഷത്തോളം മുമ്പ് നടന്ന സംഭവമല്ലേ? ആയിടെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ എന്റെ അനിയന്‍ ഇങ്ങനെയൊരു സംഭവം പറഞ്ഞിരുന്നു. അവന് ഇങ്ങനെയൊരു കോള്‍ വരുകയും ചെയ്തത്രേ>>

  56. സ്വന്തം said...

    ശ്രീ..
    ഈ നമ്പര്‍പ്രേതത്തിന്റെ കാര്യം ഞാനും കേട്ടിരുന്നു
    ഹ..ഹ.. രസകരമായി എഴുതി

  57. ഉപാസന || Upasana said...

    ഒരു മണിഷ്ഷിത്രത്താഴ് ക്ലൈമാക്സ്.
    യുക്തി വീണ്ടും ജയിച്ചു.

    ആ പൂച്ചക്കുഞ്ഞിനെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. പാവം ബഹിഷ്കൃതന്‍..!

    സംഭവം ഉഷാറായി അവതരിപ്പിച്ചു. പേടിച്ചൊന്നുമില്ല.
    :)
    എന്നും സ്നേഹത്തോടെ
    ഉപാസന

  58. Areekkodan | അരീക്കോടന്‍ said...

    തകര്‍പ്പന്‍ എഴുത്ത്.....

  59. മയില്‍പ്പീലി said...

    ശ്രീക്കുട്ടാ,

    നല്ല എഴുത്ത്.

  60. ലേഖാവിജയ് said...

    പ്രേതങ്ങളും പുരോഗമിച്ചു..ഫോണിലൂടെയല്ലേ ഇടപെടലുകള്‍.അനുഭവങ്ങള്‍ ചില്ലറയല്ലല്ലോ ശ്രീ;ഈ ചെറിയ പ്രായത്തില്‍ .

  61. ഏ.ആര്‍. നജീം said...
    This comment has been removed by the author.
  62. ഏ.ആര്‍. നജീം said...

    കണക്കായ് പോയ്...പാതിരാത്രി അതും ഒറ്റക്ക് കിടക്കുന്ന നേരം തന്നെ വേണമായിരുന്നോ ഫോണ്‍ ചെയ്യാന്‍..?

    അല്ല, ആ പ്രേതം ISD ആണെങ്കില്‍ തിരിച്ച് വിളിക്കുമോ..എന്നാ ആ നമ്പര്‍ ഒന്ന് താ ശ്രീ, ഒറ്റയ്ക്ക് കിടക്കുന്നതാ ഇവിടെ ചുമ്മ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമായിരുന്നു....ഹേത് ;)

  63. ശ്രീ said...

    ശ്രീനാഥ്...
    വായിച്ചതിനും അമ്പതാം കമന്റിനും നന്ദി.
    സുഗതരാജ് മാഷേ...
    സ്വാഗതം. വളരെ ശരിയാണ്‍, നമ്മുടെ ഉള്ളിലെ പേടികള്‍ തിരിച്ചറിയാന്‍‌ ഇങ്ങനെയും ചില അവസരങ്ങള്‍‌ കിട്ടുന്നു. കമന്റിനു നന്ദി.
    ഏറനാടന്‍‌ജീ...
    ടെലഫോണ്‍‌ പ്രേതം എല്ലായിടത്തും വ്യാപിച്ച കാര്യം ഞാനും അറിഞ്ഞത് പിന്നീടാണ്‍. വായനയ്ക്കും കമന്റിനും നന്ദി.
    മരിച്ചു പോയ പെണ്‍‌കുട്ടീ...
    മരിച്ച ശേഷവും പേടിയോ? സ്വന്തം പ്രൊഫൈലില്‍‌ വരാതെ അനോണിയായി വന്നതെന്ത്? [ഓ... ഗതി കിട്ടാതെ അലയുന്ന പ്രേതമായാല്‍‌ ഐഡന്റിറ്റി ഉണ്ടാകില്ലായിരിയ്ക്കുമല്ലേ?] എന്തായാലും വന്ന് കമന്റിട്ടതിനു നന്ദി. ;)
    സുമേഷേട്ടാ...
    ആ അനുഭവങ്ങളൊക്കെ ഓരോ പോസ്റ്റാക്കൂന്നേ... വായനയ്ക്കും കമന്റിനും നന്ദി കേട്ടോ. :)
    അപ്പുവേട്ടാ...
    അതു കൊള്ളാമല്ലോ. എന്നിട്ട് അനുജനു വന്നത് ഡയറക്റ്റ് പ്രേതത്തിന്റെ കോള്‍‌ തന്നെയോ അതോ... ;) കമന്റിനു നന്ദി.
    സ്വന്തം...
    വായനയ്ക്കും കമന്റിനും നന്ദി.
    സുനിലേ...
    ആ പൂച്ചക്കുഞ്ഞു തന്നെ. പാവമായിരുന്നെങ്കിലും അവന്‍‌ അന്നെന്നെ ഒന്നു പേടിപ്പിച്ചു. കമന്റിനു നന്ദി. :)
    അരീക്കോടന്‍‌ മാഷേ...
    വായനയ്ക്കും കമന്റിനും നന്ദി.
    മയില്‍‌പ്പീലി...
    വായിച്ച് അഭിപ്രായമറിയിച്ചതിനു നന്ദി കേട്ടോ.
    ലേഖ ചേച്ചീ...
    ഇങ്ങനെയും അനുഭവങ്ങളുണ്ടായിട്ടുണ്ട്. വായിച്ചതിനും കമന്റിനും നന്ദി.
    നജീമിക്കാ...
    ആ നമ്പറിപ്പോ കയ്യിലില്ല. വിളിയ്ക്കാനുള്ള കപ്പാസിറ്റി ഒന്നും ഇത്തരം പ്രേതങ്ങള്‍‌ക്കുണ്ടാകുമെന്നു തോന്നുന്നില്ല. അവിടെ തന്നെ ഗള്‍‌ഫ് പ്രേതങ്ങള്‍‌ ഉണ്ടാകുമല്ലോ... കമന്റിനു നന്ദി :)

  64. Anonymous said...

    H hhhh..hhhh

    ee pretha katha kollaM sRee

  65. Anonymous said...

    ശ്രീ

    ഇത് കൊള്ളാം ഞാനും കേട്ടിട്ടുണ്ട് ഈ പ്രേതകഥ

  66. Eccentric said...

    i too have heard this story....marich poya penkuttymaayi oru souhradam nissara karyam aano..

    kollam :)

  67. Sentimental idiot said...

    i feel you are a brilliant
    good blog
    in my malayalam there is a lot of spelling mistakes......
    please guide me how we can use good malayalam typing method at offline
    shafeek
    sd college

  68. Santhosh said...

    പേടിത്തൊണ്ടന്‍... അയ്യേ!!

  69. G.MANU said...

    ശ്രീക്കുട്ടാ..തകര്പ്പന്‍ വിവരണം..ആദ്യം ഞാനുമൊന്നു ഭയന്നു..

    നീ താന്‍ നാഗവല്ലഭന്‍...

  70. ശ്രീ said...

    നന്ദി അനോണീ...
    മനുക്കുട്ടാ... നന്ദി.
    eccentric...
    വായനയ്ക്കും കമന്റിനും നന്ദി.
    ഷഫീക്ക്...
    സ്വാഗതം. വായനയ്ക്കു നന്ദി. അവീടെ മറുപടി ഇട്ടിട്ടുണ്ട് കേട്ടോ. :)
    സന്തോഷേട്ടാ...
    സ്വാഗതം. കമന്റിനു നന്ദി. :)
    മനുവേട്ടാ...
    അതെയതെ. എന്റെ ഒരു ധൈര്യം! ;)
    കമന്റിനു നന്ദീട്ടോ. :)

  71. ശെഫി said...

    ആ നംബറൊന്നു താടെ,,
    ഒരു ടൈം പാസിന്

    അവളെങാന്‍ വിളിക്കാണെങ്കി സൊള്ളീയിരിക്കാലോ

  72. Anonymous said...

    ഒരു ഹൊറര്‍ നോവല്‍ വായിക്കുന്ന സുഖത്തോടെ വായിച്ചു. വായിച്ചു തീര്‍ന്നാലുടനെ ആ നമ്പര്‍ വാങ്ങണമെന്ന് മനസ്സില്‍ കുറിച്ചു.
    ഓഹ്‌!!! ഇനി എനിക്കൊന്നും വേണ്ട ജിബിന്‍ ചേട്ടന്റെ നമ്പര്‍.

    പിറ്റേ ദിവസം കിടപ്പു മുറി വൃത്തിയാക്കിയതായി വായിച്ചു കണ്ടില്ല. ആരാണു അത്‌ വൃത്തിയാക്കിയത്‌???

    സസ്നേഹം,
    പഴമ്പുരാണംസ്‌.

  73. d said...

    ഹ ഹ... ഇപ്പൊ എന്തായാലും എല്ലാരും അറിഞ്ഞല്ലോ ഈ ‘ഹൊറര്‍ സ്റ്റോറി’.

  74. Unknown said...

    സുഹൃത്തേ.. കലക്കി..
    ഒരുപ്പാട് ചിരിച്ചു..
    സമാനമായ ഒരൌ പ്രേതാനുഭവം എനിക്കും ഉണ്ടായിട്ടുള്ളോതോണ്ടാവണം താങ്കളുടെ അപ്പോളത്തെ മാനസീകാവസ്ഥ ശരിക്കും എനിക്ക് മനസിലാക്കാന്‍ പറ്റി.

  75. കാലമാടന്‍ said...

    ശ്രീ,
    ഇതു എല്ലാവര്‍ക്കും സംഭവിക്കാം... സംഭവം രസമായിട്ടുണ്ട്.
    ***ഞാന്‍ ആയിരുന്നെന്കില്‍, പേടി തീരെ ഇല്ലാത്തതു കൊണ്ടു, ആ നമ്പര്‍ എഴുതി എടുക്കുകയേ ഇല്ലായിരുന്നു :-)***

  76. Sentimental idiot said...

    thank you for your valuable support
    again and again visit our college magazine
    shafeek
    sd college alappuzha

  77. Typist | എഴുത്തുകാരി said...

    എന്തായാലും ശരിക്കൊന്നു പേടിച്ചു. ഇല്ലേ. പോട്ടേ, സാരല്യ.

  78. കാനനവാസന്‍ said...

    സംഭവം കോള്ളാമല്ലൊ മാഷെ...നന്നായി പേടിപ്പിക്കുന്ന രീതിയില്‍ത്തന്നെ വിവരിച്ചിട്ടുണ്ട്..:)

  79. ~nu~ said...

    അവതരണം നന്നായിട്ടുണ്ട്...ഒറ്റക്ക് രാത്രി വീട്ടില്‍ തങ്ങാന്‍ ഒരു രക്ഷയുമില്ല...

  80. ശ്രീ said...

    ശെഫീ...
    ആ നമ്പര്‍‌ ഇപ്പോ കയ്യിലില്ല. കിട്ടിയാല്‍‌ തരാം. കമന്റിനു നന്ദി.
    പഴമ്പുരാണംസ്...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി. :)
    വീണ...
    അതെ, നന്ദി കേട്ടോ.
    തല്ലുകൊള്ളീ...
    സ്വാഗതം. അതു കൊള്ളാം. ശരിയാണ്‍,സമാനമായ അനുഭവം ഉള്ള സ്ഥിതിയ്ക്ക് ആ അവസ്ഥ ശരിയ്ക്കും മനസ്സിലാക്കാനാകും. കമന്റിനു നന്ദി.
    കാലമാടന്‍‌...
    സ്വാഗതം. വായനയ്ക്കും കമന്റിനുമ്ം നന്ദി.
    എഴുത്തുകാരി ചേച്ചീ...
    അതെ, ചെറുതായൊന്ന് പേടിച്ചു. കമന്റിനു നന്ദി.
    കാനനവാസന്‍‌...
    വായിച്ച് കമന്റിട്ടതിനു നന്ദി. :)
    ദില്‍‌...
    സ്വാഗതം. വായിച്ചതിനും കമന്റിയതിനും നന്ദി. :)

  81. പി.സി. പ്രദീപ്‌ said...

    ശ്രീക്കുട്ടാ,
    അവതരണം നന്നായിട്ടുണ്ട്.
    പിന്നെ ഫോണ്‍ എങ്ങാനും ഇനി വരികയാണെങ്കില്‍ ഒന്നു രണ്ട് മറുഭാഷ പറഞ്ഞ് സ്നേഹത്തോടെ ഗുഡ് നൈറ്റ് പറഞ്ഞ് "ലൈറ്റിട്ട്"കിടന്ന് ഉറങ്ങിയാ മതി.പിന്നെ ഏതു പ്രേതവും എന്നേക്കാളും വലിയ ഒരു പ്രേതമാണെല്ലോ ഈ കിടക്കുന്നത് എന്നു കരുതി പേടിച്ചു വിറച്ചു പോയിക്കൊള്ളും.:)

  82. ധനേഷ് said...

    നീര്‍മിഴിപ്പൂക്കള്‍ എന്നു പേരിട്ടിട്ട്, ബ്ലോഗില്‍ ഒരുമാതിരി പാലപ്പൂവിന്റെ മണമാണല്ലോ...
    എന്തായാലും നമ്മളോ പേടിച്ചു.. എന്നാപ്പിന്നെ എല്ലാരും ഒന്നു ഞെട്ടട്ടെ എന്ന ലൈനാണല്ലേ... ഗൊള്ളാം ...
    സംഗതി ഇഷ്ടപ്പെട്ടു ... :)

  83. ഗീത said...

    പിറ്റേദിവസം ഒന്നുകൂടി ആ നമ്പര്‍ ട്രൈ ചെയ്യാമായിരുന്നു ശ്രീ.
    കുറച്ചുകൂടി ധൈര്യം തോന്നിയേനേ അന്ന്‌.
    ആ ഹൊറര്‍ സിറ്റുവേഷന്‍ വിവരിച്ചിരിക്കുന്നത് നന്നായിരിക്കുന്നു. സസ്പെന്‍സ് ഒട്ടും ചോര്‍ന്നുപോകാതെ തന്നെ.

  84. Arun Jose Francis said...

    hehe... athu stylayi... :-)

  85. ശ്രീ said...

    പ്രദീപേട്ടാ...
    അതെയതെ. ഇനി ലൈറ്റിട്ട് ഉറങ്ങുന്നതാ ബുദ്ധി. കമന്റിനു നന്ദി കേട്ടോ. :)
    ധനേഷ്...
    സ്വാഗതം. എല്ലാരും അറിഞ്ഞിരിയ്കട്ടേന്നു കരുതി. വായനയ്ക്കും കമന്റിനും നന്ദി. :)
    ഗീതേച്ചീ...
    ആ നമ്പറിലേയ്ക്കുള്ള വിളി അതോടെ നിര്‍‌ത്തി, ചേച്ചീ. കമന്റിനു നന്ദി കേട്ടോ. :)
    അരുണ്‍...
    വായനയ്ക്കും കമന്റിനും നന്ദി. :)

  86. Anonymous said...

    ഈ നംബറ് അന്ന് എനിക്കും കിട്ടിയിരുന്നു. അപാര ധൈര്യം കാരണം ഇതു വരേയും വിളിക്കാന്‍ പറ്റിയിരുന്നില്ല. ഈ പോസ്റ്റ് എന്നെ ആ മനോഹര കാലത്തേയ്ക്കു തിരികെ കൊണ്ടു പോയി വളരെ നന്ദി. അഭിനന്ദനങ്ങളും

  87. jense said...

    ഈ കഥ ഞാനും കേട്ടിട്ടൊണ്ട്... അന്ന് കൊറേ പേടിച്ചതുമാ...
    ശാരു പറഞ്ഞ പോലെ തന്നെയാ ഞങ്ങളുടെ അടുത്തും ആള്‍ക്കാര്‍ പറഞ്ഞു കൊണ്ടു നടന്നത്... കൊറച്ചു കൂടി കൂട്ടി പറയാനും മടിച്ചില്ല.. ട്രെസ്സിന്റെ മാത്രമല്ല... അടിയില്‍ ഇട്ടിരിക്കുന്ന കൊച്ചു നിക്കറിന്റെ കളര്‍ വരെ പറയും എന്നാ പറഞ്ഞേ... നമ്മള്‍ ആരാ മോന്‍... അന്ന് മുതല്‍ കിടക്കാന്‍ നേരം നമ്മള്‍ ഫുള്‍ ഫ്രീ ആയിട്ടാ കിടക്കുന്നത്... കുഞ്ഞച്ചനോടാ പ്രേതത്തിന്റെ കളി... അല്ലാ പിന്നെ....