Wednesday, January 16, 2008

ടാങ്കറില്‍ ഒരു ലിഫ്റ്റ്

രണ്ടു വര്‍‌ഷത്തെ തഞ്ചാവൂര്‍‌ ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങളിലൊന്നായിരുന്നു വൈകുന്നേരങ്ങളില്‍‌ കോളേജില്‍‌ നിന്നും റൂമിലേയ്ക്കുള്ള യാത്രകള്‍‌. കോളേജും താമസിയ്ക്കുന്ന റൂമും തമ്മില്‍‌ 4 കി.മീ വ്യത്യാസമുണ്ട്. ഡയറക്ട് ബസ്സും കിട്ടില്ല. അതു കൊണ്ടു തന്നെ സാധാരണയായി നടന്നു തന്നെ പോകുകയാണ് പതിവ്. അതിനൊപ്പം ലിഫ്റ്റു വല്ലതും തരപ്പെടുമോ എന്നും കൂടി ശ്രമിച്ചു നോക്കും. മിക്കവാറും ദിവസങ്ങളില്‍‌ കോളേജിലേയ്ക്കുള്ള രാവിലത്തെ പോക്ക് നടന്നും തിരിച്ചു വരവ് ഏതെങ്കിലും ലോറിയിലോ പാല് വണ്ടികളിലോ ആയിരിക്കും. (ആരോഗ്യാ പാലിന്റെ പ്ലാന്റ് അവിടെ അടുത്തായിരുന്നു)
വൈകുന്നേരം നാലരയോടെ ആ കോളേജിന്റെ ഗേറ്റിനു മുന്നില്‍‌ മലയാളികളുടെ ഒരു കൂട്ടം തന്നെയുണ്ടാകും. അത് ഒരു കാണേണ്ട കാഴ്ച തന്നെയായിരുന്നു. വഴിയേ പോകുന്ന ബൈക്കിനും കാറിനും എന്തിന് ബസ്സൊഴികെ മറ്റെല്ലാ വണ്ടികള്‍‌ക്കും കൈ കാണിച്ചു കൊണ്ട് നില്‍‌ക്കുന്ന അക്കൂട്ടത്തില്‍‌ ഞാനും സുഹൃത്തുക്കളും കാണും. അര മണിക്കൂറെങ്കിലും ശ്രമിച്ചിട്ടും ഒന്നും തടഞ്ഞില്ലെങ്കില്‍‌ മാത്രം പതിയെ എല്ലാവരും കൂടി നടന്നു തുടങ്ങും.
അങ്ങനെ ഒരു വൈകുന്നേരം ലിഫ്റ്റും നോക്കി നിന്ന ഞങ്ങള്‍‌ ദൂരെ നിന്നും വരുന്ന ഒരു ടാങ്കര്‍‌ കണ്ട് കൈ കാണിച്ചു. നല്ല അണ്ണന്‍‌! സാമാന്യം സ്പീഡിലാണ് വന്നതെങ്കിലും വണ്ടി ഞങ്ങളുടെ മുന്നില്‍‌ ചവിട്ടി നിര്‍‌ത്തി. എവിടേയ്ക്കു പോകണമെന്ന് ചോദിച്ചതിനുത്തരമായി പോകേണ്ട സ്ഥലം പറഞ്ഞപ്പോള്‍‌ കയറിക്കോളാന്‍‌ അനുവാദവും കിട്ടി. (ദോഷം പറയരുതല്ലോ. നമ്മള്‍‌ മലയാളികളേക്കാള്‍‌ ഇക്കാര്യത്തില്‍‌ സഹായികളാണ് തമിഴര്‍‌). എന്തായാലും അനുവാദം കിട്ടേണ്ട താമസം, ഞങ്ങള്‍‌ 10-12 പേര്‍‌ അതിനുള്ളിലേയ്ക്ക് വലിഞ്ഞു കയറി. ഇത്രയും പേര്‍‌ കയറിയിട്ടും അയാള്‍‌ ഒരു രസക്കുറവും കാട്ടിയില്ല. വണ്ടി നീങ്ങിത്തുടങ്ങി. ഞങ്ങളുടെ മട്ടും മാതിരിയുമെല്ലാം കണ്ട് അയാള്‍‌ ചോദിച്ചു “മലയാളീസാ?” അതെ എന്ന അര്‍‌ത്ഥത്തില്‍‌ ഞങ്ങള്‍‌ തലയാട്ടിയപ്പോഴേയ്ക്കും അയാള്‍‌ ഒരുപാട് കാര്യങ്ങള്‍‌ പറഞ്ഞു തുടങ്ങി.
കേരളമെല്ലാം അയാള്‍‌ക്ക് നന്നായി അറിയാമെന്നും കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിലേയ്ക്കെല്ലാം അയാള്‍‌ വന്നിട്ടുണ്ടെന്നും അയാള്‍‌ക്ക് നല്ല ഇഷ്ടപ്പെട്ട സ്ഥലമാണ് അത് എന്നുമെല്ലാം പറഞ്ഞു. ഞങ്ങളും വലിയ അഭിമാനത്തോടെ അതും കേട്ടിരുന്നു. ഏതൊക്കെ സ്ഥലങ്ങളില്‍‌ വന്നിട്ടുണ്ടെന്നായി ഞങ്ങളുടെ അടുത്ത ചോദ്യം. എറണാകുളവും തൃശ്ശൂരും എല്ലാം അറിയാമെങ്കിലും കൊല്ലം നന്നായി പരിചയമുണ്ടെന്ന് അയാള്‍‌‍‌ മറുപടിയും പറഞ്ഞു.
തമിഴും അറിയാവുന്ന മുറി മലയാളവും ചേര്‍‌ത്ത് അയാള്‍‌ പിന്നെയും എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍‌ അതിനെല്ലാം സന്തോഷത്തോടെ (ഓസിനു ലിഫ്റ്റ് തന്നതല്ലേ!) മറുപടിയും പറഞ്ഞു. കൂട്ടത്തില്‍‌ ചോദിച്ചു ‘കേരളത്തിലെ വ്യാജ മദ്യ കേസ് എന്തായി’ എന്ന്. അന്നത്തെ പ്രധാന വാര്‍‌ത്തകളിലൊന്നായിരുന്ന വ്യാജമദ്യക്കേസ് തന്നെ ആണോ ചോദിയ്ക്കുന്നത് എന്നു സംശയിച്ചു നില്‍‌ക്കുന്ന ഞങ്ങളോട് അയാള്‍‌ അതേ കാര്യം തന്നെ വിശദീകരിച്ചു ചോദിച്ചു. അതു തന്നെയാണ് ചോദിയ്ക്കുന്നതെന്ന് മനസ്സിലായപ്പോള്‍‌ ഞങ്ങള്‍‌ക്ക് ചെറിയ ചമ്മലായി. ഇത്രയും കാര്യമായി അയാള്‍‌ കേരളം അറിയാമെന്നു പറഞ്ഞത് ഈ വ്യാജ മദ്യ കേസിനെ പറ്റി കേട്ടിട്ടായിരുന്നോ?
പിന്നെയും അയാള്‍‌ ചോദിച്ചു. മണിച്ചനെല്ലാം കേസില്‍‌ നിന്നും പുറത്തു വന്നോ എന്ന്. ഇല്ല എന്നു പറഞ്ഞപ്പോള്‍‌ വളരെ ആത്മ വിശ്വാസത്തോടെ അയാള്‍‌ പറഞ്ഞു “അതൊന്നും പ്രശ്നമാകില്ല. ഈ മണിച്ചനെല്ലാം വളരെ എളുപ്പത്തില്‍‌ കേസില്‍‌ നിന്നും ഊരിപ്പോരും“ എന്ന്.
അതെന്താ അണ്ണാ, ഇത്ര ഉറപ്പോടെ പറഞ്ഞത് എന്ന് ഞങ്ങള്‍‌ ചോദിച്ചപ്പോള്‍‌ അഭിമാനത്തോടെ ഉറക്കെ ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു “അതൊന്നും ഒണ്ണുമില്ലൈ തമ്പീ അന്ത കേസില്‍‌ നാന്‍‌ താന്‍‌ ഒമ്പോതാം പ്രതി. ആനാ അതുക്കപ്പുറം ഇതെല്ലാമേ കോര്‍‌ട്ടില്‍‌ വന്ത ടൈമില്‍‌ എനക്കൊരു അഡ്വാക്കേറ്റിനെ കെടച്ചാച്ച്. മലയാളി താന്‍‌. റൊമ്പ പെരുമയാന ആള്‍. അപ്പുറം കേസുടെ റിസള്‍‌ട്ടില്‍‌ എന്ന മുടിവ് എന്നു തെരിയുമാ? ഇന്ത ലോറി ഓണറ്‌ നാന്‍‌ കെടയാത്, എതുക്ക്, എനക്ക് ഡ്രൈവിങ്ങു കൂടെ തെരിയാത് അപ്പടി താന്‍‌ വന്തേന്‍! അപ്പുറം നാന്‍‌ സിമ്പിളാ റിലീസായ്ച്ച്. ടോട്ടലാ മൂന്നു ലച്ചം താന്‍‌ എനക്ക് ലാസ്സ്.അതുക്കെന്ന? എപ്പടി? അന്ത മാതിരി ഇന്ത മണിച്ചനും റിലീസായിടുവാര്[ഏതാണ്ട് ഇങ്ങനെയാണ് അയാള്‍‌ അന്നു പറഞ്ഞത്]
ആ വ്യാജ മദ്യ കേസിലെ ഒമ്പതാം പ്രതി ആയിരുന്ന മഹാന്റെ കൂടെയാണ് അപ്പോള്‍‌ ഞങ്ങള്‍‌ എന്ന സത്യം എല്ലാവരും മനസ്സിലാക്കിയത് അപ്പോഴാണ്. പല തവണ വ്യാജ മദ്യം കയറ്റിയ അതേ ടാങ്കറിലാണ് അപ്പോഴത്തെ ഞങ്ങളുടെ യാത്ര എന്നും. ആ കേസിലെ ഒമ്പതാം പ്രതി ആയിരുന്നിട്ടും 3 ലക്ഷം ചിലവാക്കി അയാള്‍‌ നിഷ്പ്രയാസം കേസില്‍‌ നിന്നും തലയൂരി എന്നറിഞ്ഞ് ഞങ്ങള്‍‌ നിശ്ശബ്ദരായി, അതും മലയാളിയായ ഏതോ ഒരു പ്രശസ്ത വക്കീലിന്റെ സഹായത്താല്‍‌. “അതെല്ലാം പോട്ടും. ഉങ്കളെ എങ്കെ ഡ്രോപ്പ് പണ്ണണം?” എന്ന അയാളുടെ ചോദ്യത്തിന് “ഓ ഇവിടെതന്നെ ഇറക്കിയാല്‍‌ മതി, അണ്ണാ ബാക്കി ഞങ്ങള്‍‌ നടന്നു പോയ്ക്കോളാം” എന്ന മറുപടി കോറസ്സായി പറഞ്ഞു പോയത് ഞങ്ങളാരും മനസ്സാ അറിഞ്ഞു കൊണ്ടല്ലായിരുന്നു, കാരണം അപ്പോഴും റൂമെത്താന്‍‌ രണ്ടു കിലോമീറ്ററിനടുത്ത് പോകേണ്ടതുണ്ടായിരുന്നു.
അവിടെ ഇറങ്ങി ബാക്കിയുള്ള ദൂരം റൂമിലേയ്ക്ക് നടക്കുമ്പോള്‍‌ നമ്മുടെ കേരളത്തിലെ നിയമ വ്യവസ്ഥകളെയും നിയമജ്ഞരെയും പറ്റി ഓര്‍‌ത്ത് അഭിമാനിയ്ക്കണോ അതോ ലജ്ജിയ്ക്കണോ എന്ന സംശയത്തിലായിരുന്നു ഞങ്ങള്‍.

80 comments:

 1. ശ്രീ said...

  രണ്ടു വര്‍‌ഷത്തെ തഞ്ചാവൂര്‍‌ ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങളിലൊന്നായിരുന്നു വൈകുന്നേരങ്ങളില്‍‌ കോളേജില്‍‌ നിന്നും റൂമിലേയ്ക്കുള്ള യാത്രകള്‍‌.

  അത്തരം ഒരു യാത്രയിലെ ഓര്‍‌മ്മക്കുറിപ്പാണ്‍ ഇത്. പ്രത്യേകിച്ച് എടുത്തു പറയാവുന്ന ഒരു സംഭവമാണോ എന്നു ചോദിച്ചാല്‍‌ അറിയില്ല. എന്നാലും ഇത് ഒരു പോസ്റ്റാക്കുന്നു.

 2. വാല്‍മീകി said...

  ആഹാ... ഇതാണോ കൊല്ലം നന്നായി അറിയാവുന്ന ആള്‍ ആണെന്ന് പറഞ്ഞത്?

  ഒരു തേങ്ങയുമായി വന്നതായിരുന്നു ഞാന്‍. കൊല്ലത്തെക്കുറിച്ച് അത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ ബാംഗ്ലൂര്‍ വന്ന് അതു ശ്രീയുടെ തലയ്ക്ക് ഉടയ്ക്കാം എന്നു വിചാരിക്കുന്നു. ചുമ്മാ...

  നല്ല പോസ്റ്റ് ശ്രീ...

 3. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  പ്രതിയുടെ കൂടെയാണു ഇത്രെം നേരം വന്നെന്നറിഞ്ഞപ്പോള്‍ ആകെ ഫ്യൂസായി ല്ലേ...

  നല്ല കുറിപ്പ്

 4. നിരക്ഷരന്‍ said...

  അല്ല ശ്രീ, ഇറങ്ങിപ്പോകുന്നതിന് മുന്‍പ് ഒരു കാര്യം കൂടെ ചോദിക്കേണ്ടായിരുന്നോ ? അപ്പോള്‍ ടാങ്കറില്‍ എന്തായിരുന്നു എന്ന് . പുതിയ വല്ല മദ്യരാജാക്കന്മാര്‍ക്ക് വേണ്ടിയുള്ള കള്ള സ്പിരിട്ടല്ലാ എന്നാരു കണ്ടു !!
  എന്തായാലും രക്ഷപ്പെട്ടു അല്ലേ ?

 5. ഹരിശ്രീ said...

  കൊള്ളാം

  നല്ല ഓര്‍മ്മക്കുറിപ്പ്.

 6. Sharu.... said...

  ഇനിയും പിടിക്കപ്പെടാന്‍ സാധ്യത ഉണ്ട് കെട്ടോ... പ്രതിയെ നിരപരാധിയാക്കിയ വക്കീലിന് ഇടയ്ക്കൊന്നു ലിഫ്റ്റ് ചോധിച്ചു കയറിയവരെ പ്രതിയാക്കാനും പറ്റും. :) സൂക്ഷിക്കുന്നത് നല്ലതാ....
  നല്ല കുറിപ്പ്...

 7. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ഈ 10-12 പേര്‍ ഒരു ടാങ്കറിലോ. അതെന്താ കോട്ടയം അയ്യപ്പാസ് പോലെയാണോ?

 8. സു | Su said...

  ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ട് ഒന്നും പറയാതെ ഇറങ്ങിപ്പോന്നതിന് എന്താ ശിക്ഷയെന്നറിയാമോ? അല്ലെങ്കില്‍ വേണ്ട. ശ്രീയല്ലേന്ന് വിചാരിച്ച് വെറുതെ വിട്ടിരിക്കുന്നു. :)

 9. കുഞ്ഞായി said...

  നല്ല ഓര്‍മ്മക്കുറിപ്പ്

 10. മാണിക്യം said...

  ഇന്ത ബ്ലൊഗ് നാന്‍‌ പാത്തതെയില്ലൈയ്! എതുക്ക്,
  എനക്ക് എളുത്തു കൂടെ തെരിയാത്…
  അപ്പടി താന്‍‌ !
  അപ്പുറം നാന്‍‌ സിമ്പിളാ കമന്റ് റിലീസായ്ച്ച്.
  ടോട്ടലാ മൂപ്പതു മിനിട്ട് താന്‍‌ എനക്ക് ഗെയിന്‍ . അതുക്കെന്ന? എപ്പടി?
  ഇന്ത മാതിരി ഒരു ബ്ലോഗ് റിലീസായിട്ടേന്‍!!…”
  കോടു തമ്പി കൈ റൊമ്പ പ്രമാദം!
  വീണ്ടും സന്ധിക്കും വരൈ വണക്കം
  മാണിക്യം....

 11. ഇക്കസോട്ടോ said...

  “ലിഫ്റ്റ് ചോദിക്കരുത്, കൊടുക്കരുത്, കൊടുത്താലും കിട്ടിയാലും അങ്ങനെ ഭാവിക്കരുത്”
  ഇതൊന്നും കേട്ടിട്ടില്ലേ ശ്രീ? :)

 12. കാവലാന്‍ said...

  കൊള്ളാം.നല്ല വിവരണം.

 13. സുമേഷ് ചന്ദ്രന്‍ said...

  இன்த "அன்னாச்சி கதை" ரொம்ப ப்ரமாதமாயிர்க்க்ப்பா!

  (டாய், சான்டி வன்டியெட்றா... :))

 14. ക്രിസ്‌വിന്‍ said...

  നല്ല ഓര്‍മ്മക്കുറിപ്പ്.
  :)
  നന്നായി എഴുതിയിരിക്കുന്നു

 15. ശ്രീ said...

  വാല്‍മീകി മാഷേ...
  ആദ്യ കമന്റിനു നന്ദി. തേങ്ങ എന്റെ തലയിലുടയ്ക്കല്ലേ... അയാള്‍‌ കൊല്ലത്തെ പറ്റി അങ്ങനെ പറഞ്ഞതിനു ഞാനെന്തു പിഴച്ചു? ;)
  പ്രിയാ... സത്യത്തില്‍‌ എല്ലാരും ഒന്നു ഞെട്ടി. കമന്റിനു നന്ദി, കേട്ടോ. :)
  നിരക്ഷരന്‍‌ ചേട്ടാ... അതും കൂടി ചോദിച്ചിട്ടു വേണം അയാള്‍‌ സ്പിരിട്ടിന്റെ കൂടെ ഞങ്ങളെക്കൂടി മിക്സ് ചെയ്യാനല്ലേ? കമന്റിനു നന്ദി കേട്ടോ. :)
  ശ്രീച്ചേട്ടാ... :)
  ഷാരൂ... ഹേയ്, പേടിപ്പിയ്ക്കാന്‍‌ നോക്കണ്ടാട്ടോ.
  [എന്നാലും കുറച്ചു നാള്‍‌ ഇന്ത്യ വിട്ടു നില്‍‌ക്കണോ ;)]
  കമന്റിനു നന്ദീട്ടോ. :)
  ചാത്താ... 10-12 പേരേ അന്നുണ്ടായിരുന്നുള്ളൂ. സാധാരണ അതിലും കൂടുതല്‍‌ കാണും. ടാങ്കറാണെങ്കില്‍‌ അതിനു പിന്നിലും സൈഡിലുമൊക്കെ തൂങ്ങി പോകുന്നവരായിരുന്നു കൂടുതല്‍‌ പേരും പിന്നല്ലേ 12 പേര്‍‌! ഹ ഹ. കമന്റിനു നന്ദി :)
  സുവ്വേച്ചീ...
  ഡോണ്ടൂ ഡോണ്ടൂ... ഞാനീ നാട്ടുകാരനേയല്ല. [പോസ്റ്റാക്കിയത് പുലിവാലായോ? ;)]
  വായിച്ച് കമന്റിയതിനു നന്ദി. :)
  കുഞ്ഞായി മാഷേ... നന്ദി :)
  മാണിക്യം...
  അതു കലക്കി കേട്ടോ. നന്ദി :)
  ഇക്കാസ്‌ജീ...
  സ്വാഗതം. അങ്ങനേയും ചൊല്ലുകളുണ്ടല്ലേ? കമന്റിനു നന്ദി :)
  കാവലാന്‍‌ മാഷേ...
  സ്വാഗതം. നന്ദി :)
  സുമേഷേട്ടാ...
  റൊമ്പ നന്‍‌ട്രി. അതു കിടിലന്‍‌ കമന്റായീട്ടോ. ഡാങ്ക്സ് ;)
  ക്രിസ്‌വിന്‍‌... വളരെ നന്ദി. :)

 16. കൃഷ്‌ | krish said...

  ഓ.. ഇടക്ക് ഇറങ്ങിയത് നന്നായി. വഴിക്ക് പോലീസെങ്ങാനും പിടിച്ചാല്‍ സ്പിരിറ്റ് കേസില്‍ ചുമ്മാ പ്രതികളായേനെയല്ലേ.
  അതിനുശേഷം ഒരിക്കല്‍ പോലും ടാങ്കര്‍ ലോറിക്ക് ലിഫ്റ്റിനുവേണ്ടി കൈകാണിച്ചുകാണില്ല, അല്ലേ.
  :)

 17. SAJAN | സാജന്‍ said...

  പോസ്റ്റിട്ട് കൊല്ലത്തിനെ അപമാനിച്ചതിനെതിരെ പ്രതിഷേധിക്കുന്നു:):)
  ശ്രീനി, ആരോക്യമില്‍ക്കിന്റെയും ആല്വിന്‍ മില്‍ക്കിന്റേയും ടാങ്കര്‍ ലോറികളില്‍ ഞാനും ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്,
  പക്ഷേ ശ്രീ കള്ളുവണ്ടിയില്‍ കേറിയല്ലേ, നാണക്കേട് തന്നേ.
  പതിവു പോലെ എഴുത്ത് ഹൃദയഹാരിയായി!

 18. maheshcheruthana/മഹേഷ്‌ ചെറുതന said...

  ശ്രീ,
  യാത്രകള്‍‌ സ്പിരിറ്റ്വണ്ടിയില്‍ ആഹാ...
  രക്ഷപ്പെട്ടു .കുറിപ്പ്
  നന്നായി എഴുതിയിരിക്കുന്നു!

 19. ആഗ്നേയ said...

  ശ്രീയേ...ഒരുപാട് ജീവിതാണുഭവങ്ങളൊക്കെയുള്ള വല്യ ആളാണല്ലേ?

 20. മുരളി മേനോന്‍ (Murali Menon) said...

  കൊറച്ചധികം നേരം അണ്ണാച്ചീടെ കൂടെ ചെലവഴിച്ചിരുന്നെങ്കില്‍ എന്തെങ്കിലും പെര്‍മനെന്റ് പണി കിട്ടിയേനെ. ഇനിയിപ്പോ അതൊന്നും പറഞ്ഞട്ട് കാര്യമില്ല. അല്ലെങ്കിലും ഭാഗ്യദേവത മാടി വിളിക്കുമ്പോള്‍ മുണ്ടഴിച്ച് തലേകെട്ടി മൂടും തട്ടി നടന്നുപോയാലെന്താ ചെയ്യാ...

  ശ്രീക്ക് ഗോതമ്പുണ്ട ഫ്രീയായ് തിന്നാന്‍ യോഗല്യാന്നു കൂട്ട്യാ മതി ട്ടാ... പെട്ടെന്ന് സ്കൂട്ടായിത് എത്ര നന്നായീന്നോ...

 21. ഹരിത് said...

  അപ്പൊ ടാങ്കറില്‍ വ്യാജമദ്യമായിരുന്നു അല്ലേ? കൊള്ളാം.

 22. പൈങ്ങോടന്‍ said...

  സംഗതി എന്തു തന്നെയായലും ഒരു മഹാനോടോപ്പം യാത്ര ചെയ്യാനുള്ള ഫാഗ്യം ഉണ്ടായല്ലോ :)

 23. മഞ്ജു കല്യാണി said...

  ഛെ! ശ്രീ ഒരു ഗോതമ്പുണ്ടയ്ക്കുള്ള ചാന്‍സു മിസ്സാക്കിയല്ലേ?
  ഇനിയെങ്കിലും ലിഫ്റ്റൊക്കെ ചോദിയ്ക്കുന്നതു സൂക്ഷിചും കണ്ടും വേണം...

 24. മഴത്തുള്ളി said...

  അതുശരി ശ്രീ അപ്പോള്‍ മണിച്ചന്റെ കൂട്ടുകാരന്റെ കൂടെയായിരുന്നു കോളേജില്‍ നിന്നും വീട്ടില്‍ പോയിരുന്നതല്ലേ ;)

  ഓര്‍മ്മക്കുറിപ്പ് വളരെ നന്നായിരിക്കുന്നു.

 25. ജ്യോനവന്‍ said...

  നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  ഇഷ്ടമായി.

 26. മഴതുള്ളികിലുക്കം said...

  ശ്രീ...

  പരമസത്യം...നമ്മുടെ നാടിന്റെ അവസ്ഥകളറിയുന്നത്‌
  കേരളത്തിന്‌ പുറത്ത്‌ കടക്കുബോളാണ്‌...
  അണ്ണന്മാര്‍ വഴ്‌ക....
  നമ്മുടെ നാട്ടില്‍ വന്ന്‌ ടെലിഫോണ്‍ കുഴി കുഴിക്കുന്ന ഇവന്മാരുടെ
  മകളൊക്കെ പഠിക്കുന്നത്‌..വലിയ വലിഅ ബിരുദങ്ങളാണ്‌..

  നല്ല പോസ്റ്റ്‌...അഭിനന്ദങ്ങള്‍

  നന്‍മകള്‍ നേരുന്നു

 27. നിലാവര്‍ നിസ said...

  ദൈവമേ... ഞെട്ടിപ്പോയി അവസാനം..

 28. G.manu said...

  ഹഹ...ആ ടാങ്കറില്‍ അപ്പോ സ്പിരിട്ടായിരുന്നോ തമ്പീ......പെട്ടെന്നിറങ്ങിയത്‌ നന്നായി.. അല്ലെങ്കില്‍ മണിച്ചനു റൂംമേറ്റ്‌സ്‌ കൂടിയേനെ

 29. ശ്രീ said...

  കൃഷ് ചേട്ടാ...
  അതു തന്നെ... അതിനു ശേഷം ടാങ്കര്‍‌ ലോറി കണ്ടാല്‍‌ തന്നെ മാറി നടക്കാന്‍‌ തുടങ്ങി. ;)
  സാജന്‍‌ ചേട്ടാ...
  കൊല്ലം കാരുടെ കയ്യില്‍‌ നിന്നും തല്ലു വാങ്ങി തരാനാണല്ലേ? ;) നന്ദി, വായനയ്ക്കും കമന്റിനും.
  മഹേഷ് ഭായ്...
  വായിച്ച് കമന്റിയതിനു നന്ദി. :)
  ആഗ്നേയ ചേച്ചീ...
  ഇങ്ങനെ ചെറിയ ചില അനുഭവങ്ങളുമുണ്ട്... നന്ദി കേട്ടോ. :)
  മുരളിയേട്ടാ...
  അതെ, കഷ്ടിച്ച് ഒരു ഗോതമ്പുണ്ടയില്‍‌ നിന്നും രക്ഷപ്പെട്ടൂന്ന് പറഞ്ഞാല്‍‌ മതിയല്ലോ. കമന്റിനു നന്ദി. :)
  ഹരിത് മാഷേ...
  ആ സമയത്ത് അതിലെന്തായിരുന്നോ ആവോ? എന്തായാലും റിസ്ക് എടുത്തില്ല. കമന്റിനു നന്ദി. :)
  പൈങ്ങോടാ...
  തന്നെ തന്നെ. ആ മഹാനോടൊപ്പം കുറച്ചു നേരം യാത്ര ചെയ്യാനായി. കുറച്ചു കൂടി കഴിഞ്ഞെങ്കിള്‍‌ ചിലപ്പോ വേറെ കുറേ മഹാന്മാരോടൊപ്പം അഴിയെണ്ണാനും കഴിഞ്ഞേനെ.ഹഹ. ;) നന്ദീട്ടോ.
  മഞ്ജു കല്യാണീ...
  അതെ, ഒരു ഗോതമ്പുണ്ട മിസ്സായി. ഹ ഹ.
  വായിച്ച് അഭിപ്രായമറിയിച്ചതിനു നന്ദി. :)
  മഴത്തുള്ളി മാഷേ...
  അങ്ങനെയും ഒരു (നിര്‍‌)ഭാഗ്യം ഉണ്ടായി. നന്ദി.:)
  ജ്യോനവന്‍‌ മാഷേ... നന്ദി :)
  മഴത്തുള്ളിക്കിലുക്കം...
  വളരെ ശരിയാണ്‍... കമന്റിനു നന്ദി. :)
  നിലാവര്‍‌നിസ... വായനയ്ക്കും കമന്റിനും നന്ദി. :)
  മനുവേട്ടാ...
  അതു തന്നെ.മണിച്ചന്റെ റൂം മേറ്റ് ആകാതെ കഷ്ടിച്ചു തടിയൂരി. ഹ ഹ...
  ആ കിടിലന്‍‌ കമന്റിനു നന്ദി കേട്ടോ.:)

 30. അതുല്യ said...

  ഘും! നമ്മടെ നാടും കോടതീം - പറയിയ്കണ്ട എന്നേ കൊണ്ട്. ദേണ്ടെ നമ്മടേ എഇസ്ക്രീം പെണ്‍ വാണിംഭത്തീന്ന് അല്ലേ നല്ല് പൂവന്‍പഴം പോലെ ആളുകളു ഊരി പോന്നത്. അജിതേം ഞാന്‍ അറിയുന്ന ചിലരുമൊക്കെ, സുപ്രീംകോടതിയിലേയ്ക് പോയിട്ടുണ്ട്. ഇനി അവിടേം പറയോ ആവോ പിഴപ്പിച്ച ആണുങ്ങളൊക്കെ ഷണ്ഡന്മാരായിരുന്നുവെന്ന്!

  വണ്ടീ കേറ്റി കൊന്ന ഹിമാലയ ചിട്ടി കേസും എന്തായി? ആ ദ്രോഹിയും സുഖായിട്ട് ചെറായില്‍ കറങി നടക്കുന്നുണ്ടല്ലോ. ഇത്രയും ദൃക്‌ഷസാക്ഷികളുള്ള കേസിന്റെ വിധീം തഥൈവ.

 31. മലയാളനാട് said...

  ശ്രീ

  കൊള്ളാം,

  മനു പറഞ്ഞപോലെ ടാങ്കറില്‍ എന്തായിരുന്നോ എന്തോ ?

 32. ദേവതീര്‍ത്ഥ said...

  ശ്രീ,
  നിയമം ഒരു വലയാണ് ചെറുപ്രാണികള്‍ അതില്‍ കുടുങ്ങും,പക്ഷികള്‍ വല പൊട്ടിച്ചു പുറത്തു കടക്കും....പല്ലുപോയ ഒരു വൃദ്ധന്‍ പറഞ്ഞതാണെന്നു തോന്നുന്നു.ഓര്‍മ്മക്കുറിപ്പു ഇഷ്ടായി

 33. മിന്നാമിനുങ്ങുകള്‍ //സജി.!! said...

  ഹഹഹഹ എന്നാലും ശ്രീയെയ് അത് കലക്കി.
  എന്താണെങ്കിലെന്താ ചുളുവില്‍ ലിഫ്റ്റ് കിട്ടിയില്ലെ..?മണികന്റെ ഒരു കാര്യം നല്ല ഒമ്പതാം പ്രതിയാന്ന് എത്ര നിസ്സാരമായ ആ തമിഴന്‍ പറഞ്ഞ് നടക്കുന്നത് മണിച്ചന്റെ അനുയായിയായ് ഇങ്ങനെ ഇരിക്കണം..
  എന്തായാലും കൊല്ലം ആണ് പ്രദാനമായ് സ്ഥലമെങ്കിലും സംഭവം നടന്നത് കല്ലുവാതുക്കല്‍ ആണ് എന്തായാലും ശ്രീ സംഭവംകോള്ളാം.

 34. പപ്പൂസ് said...

  ആ ലോറി കിട്ടിയ സ്ഥലമേതാ... ;)

  ഹേയ്......... പപ്പൂസിനു വേറെ ഉദ്ദേശ്യമൊന്നുമില്ല, പോലീസില് ഒരു ഇന്‍ഫോര്‍മേഷന്‍ പാസ്സ് ചെയ്യാനാ, പറഞ്ഞു തരണേ. ഫ്രീക്വന്റ്‍ലി വരാറുണ്ടോ, എവിടെ നിന്നാ കാണാം തുടങ്ങിയ വിവരങ്ങള്... :)) നല്ല വിവരണം. :)

 35. ഉപാസന | Upasana said...

  നിന്റെഭ്ബാഗ്യം.
  ബസില്‍ കയറി യാത്ര ചെയ്യലൊക്കെ ബോറ്രാണ്.

  ഞാന്‍ ഒരിക്കല്‍ ടിപ്പറില്‍ കേറിയിട്ടുണ്ട്..
  പക്ഷേ കുറച്ചെ ഓടിയുള്ളൂ.

  കൊള്ളാം ഭായ്
  :)
  ഉപാസന

 36. കടവന്‍ said...

  ഉച്ചംതല ഉച്ചിയിലെ ഉള്ളിരിക്കും ബുദ്ധി(?)യിലെ.....

 37. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

  ശരിയാ..ഒരു നല്ല വക്കീലും കൈയ്യില് നിറയേ കാശും ഉണ്ടെങ്കീ....പിന്നെ എന്തു വേണേലും ചെയ്യാം..

 38. ശ്രീവല്ലഭന്‍ said...

  ശ്രീ,
  ഹ....ഹ.....അയാളൊരു തമാശ പറഞ്ഞു നിങ്ങളെ എല്ലാം ഇറക്കി വിട്ടു! അതില്‍ ഡീസല്‍ ആയിരുന്നു!

 39. നിഷ്ക്കളങ്കന്‍ said...

  ഭാഗ്യവാന്‍. ഇങ്ങനെയുള്ളവരെ പരിചയപ്പെടാനും നേരിട്ടുകാണാനും പറ്റിയല്ലോ :)

 40. ഗീതാഗീതികള്‍ said...

  എടുത്തുപറയേണ്ടുന്ന സംഭവം തന്നെയാണ് ശ്രീ, ഇത്. കാരണം ഒരന്യ സംസ്ഥാനക്കാരന് കേരളത്തിലെ ഒരു വിവാദകേസിലെ പ്രതി ശിക്ഷിക്കപെടാതെ തലയൂരി പോരുമെന്ന്‌ പ്രവചിക്കാന്‍ കഴിയുന്നു...

  നമ്മുടെ നിയമവ്യവസ്ഥയുടെ കുത്തഴിഞ്ഞരീതി കൊണ്ടു തന്നെയല്ലേ ഇത്?

  നാലാള്‍ അറിയട്ടേ ഇത്...

  പിന്നെ വേണമെങ്കില്‍ അഭിമാനിക്കുകയും ചെയ്യാം
  എന്തു കുറ്റം ചെയ്താലും,പ്രതിഫലമായി വന്‍ തുകകള്‍ പറ്റിക്കൊണ്ട് കുറ്റവിമുക്തനാക്കി കൊടുക്കുന്ന ആ അഭിഭാഷകന്റെ കഴിവിനെയോര്‍ത്ത്....

 41. പ്രയാസി said...

  നെന്നോടു ഞാന്‍ പെണങ്ങി..:(

  അന്ത അണ്ണാവിട്ടേന്ന് കൊഞ്ചം സ്പിരിട്ടു വാങ്കി വന്ത് അപ്പൂസിന്‍ അണ്ണാവിലെ ഒഴിച്ചാല്‍ നല്ലാര്‍ക്കും..

  ഇതുക്കു താന്‍ പിണങ്ങിയത്..

  നന്നായി കുട്ടാ..:)

 42. Praveen said...

  നല്ല അനുഭവം തന്നെ :) മലയാളനാട്ടില് പാവപ്പെട്ട ഡ്രൈവര്മാര്ക്ക് സ്പിരിറ്റു കടത്തി ജീവിച്ചു പോകാന് പറ്റില്ല എന്നായിരിക്കുന്നു ;)

 43. ഗോപന്‍ - Gopan said...

  ശ്രീ..
  കുറിപ്പ് വളരെ നന്നായി..
  രസകരമായി എഴുതിയിരിക്കുന്നു..
  നമ്മുടെ നീതിന്യായ വ്യവസ്ഥയെ കുറിച്ചു
  അണ്ണന്‍മാര്‍ക്ക് "നല്ല ധാരണ."..!

 44. Eccentric said...

  പതിവ് പോലെ നന്നായിരിക്കുന്നു.

 45. അപ്പു said...

  എന്റമ്മോ. എന്തെല്ലാം അനുഭവങ്ങളും ഓര്‍മ്മകളാണോ ഈ ശ്രീക്കുട്ടന്!!

 46. ശ്രീ said...

  അതുല്യേച്ചീ...
  സ്വാഗതം. നിയമത്തെ പറ്റി പറഞ്ഞതേയുള്ളൂ, ദേഷ്യം മുഴുവനും പുറത്തു വന്നല്ലോ. എന്തായാലും കമന്റിനു നന്ദി കേട്ടോ. :)
  മലയാള നാട്...
  എന്തായിരുന്നോ ആവോ? വായിച്ചതിനും കമന്റിനും നന്ദി.
  ദേവതീര്‍‌ത്ഥ...
  “നിയമം ഒരു വലയാണ് ചെറുപ്രാണികള്‍ അതില്‍ കുടുങ്ങും,പക്ഷികള്‍ വല പൊട്ടിച്ചു പുറത്തു കടക്കും...” വളരെ ശരിയാണ്‍.
  കമന്റിനു നന്ദി.
  സജീ...
  അതെ.ഒരു ലിഫ്റ്റ് തരപ്പെട്ടല്ലോ. നന്ദി. :)
  പപ്പൂസേ...
  സ്വാഗതം. യേതു ടാങ്കര്‍‌? എന്തു ലിഫ്റ്റ്? ഞാനങ്ങനെ പറഞ്ഞിട്ടേയില്ല [ഞാനിവിടെ സ്വസ്ഥമായി ജീവിയ്ക്കുന്നതു കണ്ടിട്ട് സഹിയ്ക്കണില്യാല്ലേ? ;)] കമന്റിനു നന്ദി കേട്ടോ.
  സുനിലേ...
  ബസ്സ് ബോറായിട്ടല്ല. അന്നത്തെ അവസ്ഥയില്‍‌ ഡെയ്‌ലി 4 ബസ്സ് കയറിയിറങ്ങുക എന്നു വച്ചാല്‍‌ സാമ്പത്തിക നഷ്ടം ചില്ലറയല്ല. പിന്നെ, മിക്കവാറും ലിഫ്റ്റ് കിട്ടാറുമുണ്ട്. :)
  കടവന്‍‌...
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
  ജിഹേഷ് ഭായ്...
  ശരിയാണ്‍, അതാണു സത്യം. നന്ദി.
  വല്ലഭന്‍‌ മാഷേ...
  ഹ ഹ. അങ്ങനേയും ആയിക്കൂടെന്നില്ല. കമന്റിനു നന്ദി. :)
  നിഷ്കളങ്കന്‍‌ ചേട്ടാ...
  തന്നെ തന്നെ. ഇതുമൊരു ഭാഗ്യം തന്നെ. വായിച്ച് കമന്റിയതിനു നന്ദീട്ടോ.
  ഗീതേച്ചീ...
  വളരെ ശരിയാണ്‍. ഒരു അന്യ നാട്ടുകാരണ്‍‌ അങ്ങനെ പറയണമെങ്കില്‍‌ അതു നമ്മുടെ നാട്റ്റിലെ നിയമങ്ങളുടെ പോരായ്മ തന്നെ.
  വിശദമായ കമന്റിനു നന്ദി. :)
  പ്രയാസീ...
  ഹ ഹ. അതില്‍‌ നിന്നും ഇനി സ്പിരിട്ടും കൂടെ അടിച്ചുമാറ്റാത്തതിന്റെ കുറവേയുള്ളൂ, അല്ലേ?
  കമന്റിനു നന്ദി. :)
  പ്രവീണ്‍‌...
  അതേന്നേയ്... ഹ ഹ. വായനയ്ക്കും കമന്റിനും നന്ദി.
  ഗോപന്‍‌ മാഷേ...
  വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
  Eccentric...
  വളരെ നന്ദി.
  അപ്പുവേട്ടാ...
  ഇങ്ങനെയും ചില അനുഭവങ്ങള്‍‌... നന്ദി കേട്ടോ. :)

 47. കാര്‍വര്‍ണം said...

  അയ്യേ ശ്രീ.. പറ്റിച്ചേ. അയാളു നിങ്ങളെ ഇറക്കിവിടാന്‍ നമ്പരിട്ടതല്ലേ . ഹി ഹി ഹി

 48. ഭൂമിപുത്രി said...

  ഇതൊക്കെയല്ലേ അനുഭവം,അല്ലേ ശ്രീ?

 49. വിന്‍സ് said...

  ഹഹഹ... കൊള്ളാം ശ്രീ. നീര്‍മിഴി പൂക്കള്‍ മൊത്തം ഒരു രണ്ടു ദിവസമായി വായിച്ചു തീര്‍ത്തു. ... പിന്നെ ആ നല്ല മനസ്സുള്ളയാള്‍ പുറത്ത് കടന്നത് ഒരു നല്ല കാര്യം അല്ലായിരുന്നോ? അല്ലേല്‍ ലിഫ്റ്റ് കിട്ടുമായിരുന്നോ :)

 50. Arun Jose Francis said...

  ശ്രീ, ഇതു അടിപൊളി അനുഭവം തന്നെ... :-)

 51. ഏ.ആര്‍. നജീം said...

  ശ്രീ... പതിവ് പോലെ വെടികെട്ട് സഭവം......കലക്കിട്ടൊ...
  അഭിന്ദനന്ദനങ്ങള്‍..

 52. ശ്രീ said...

  കാര്‍‌വര്‍‌ണ്ണം...
  സ്വാഗതം. അതെ, ചിലപ്പോള്‍ അങ്ങനെ ആയിരിയ്ക്കും. കമന്റിനു നന്ദി. :)
  ഭൂമിപുത്രി...
  അതെ, ഇതുമൊരു അനുഭവം തന്നെ. വായനയ്ക്കും കമന്റിനും നന്ദി. :)
  വിന്‍‌സ്...
  ശരിയാണ്‍. അയാള്‍‌ പുറത്തിറങ്ങിയതു കൊണ്ടാണല്ലോ ലിഫ്റ്റ് തരപ്പെട്ടത്. ഹ ഹ.[സന്തോഷം, ഈ ബ്ലോഗ് വായിച്ചു എന്നറിഞ്ഞതില്‍]
  അരുണ്‍‌ജോസ്...
  നന്ദി, വായനയ്ക്കും അമ്പതാം കമന്റിനും.
  നജീമിക്കാ...
  നന്ദി, കേട്ടോ.

 53. K M F said...

  നല്ല ഓര്‍മ്മക്കുറിപ്പ്.

 54. സ്നേഹതീരം said...

  ലിഫ്റ്റ്‌ തന്നയാള്‍ വ്യാജമദ്യക്കേസിലെ പ്രതിയാണെന്നറിഞ്ഞപ്പോള്‍ ശ്രീയുടെ മുഖത്തു വിരിഞ്ഞ വിവിധ ഭാവങ്ങള്‍ ഞാന്‍ വെറുതെയൊന്നു സങ്കല്‍പ്പിച്ചു നോക്കി :) എങ്ങനെ ചിരിക്കാതിരിക്കും?! :) എന്തായാലും നര്‍മ്മം കുറിക്കു തന്നെ കൊണ്ടു, ട്ടോ. ലോറിയില്‍ നിന്നും എടുത്തു ചാടാതിരുന്നതു ഭാഗ്യം :)

  എല്ലാ നിയമങ്ങളും മനുഷ്യന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയായിരിക്കണം. കുറ്റവാളികളെ രക്ഷപെടുത്താനും നിരപരാധികളെ ശിക്ഷിക്കാനും പഴുതുകള്‍ കണ്ടെത്തുന്നവര്‍ തന്നെയാണ്‌ യഥാര്‍ത്ഥ ക്രിമിനലുകള്‍. അവരെയൊര്‍ത്ത്‌, എങ്ങനെയും വളച്ചൊടിക്കാവുന്ന നിയമങ്ങളെയോര്‍ത്ത്‌,ലജ്ജിക്കാതെ വയ്യ, ശ്രീ....

 55. jojo thomas said...

  അല്‍പ്പം കൂടി നീട്ടിയാല്‍ ഒരു നോവലെഴുതാം......... കൊള്ളാം...നല്ല കുറിപ്പ്‌.....

 56. അപര്‍ണ്ണ said...

  athre ullu niyamangal okke. :(
  ennu nannavumo nammute naatu?

 57. ഉഗാണ്ട രണ്ടാമന്‍ said...

  കൊള്ളാം...ശ്രീ..നല്ല വിവരണം.

 58. pradeep said...

  ആ തമിഴനെ കമ്പനിയടിച്ചിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോകാന്‍ ശ്രീയ്ക്ക് ലിഫ്റ്റ് കിട്ടിയേനേ.ആ ബുദ്ധി പോയില്ല അല്ലേ ?
  നല്ല വിവരണം.കൊള്ളാം.

 59. K M F said...
  This comment has been removed by the author.
 60. വയനാടന്‍ said...

  പ്രിയ ശ്രീ,
  മലയാളിയുടെ സകല മാനവും കളഞ്ഞല്ലൊ ...!!!!!.. തമിഴന്‍ പറയുന്ന കേട്ട് അത്ഭുതപ്പെട്ട് യാത്ര ഇടയ്ക്കു നിര്‍ത്തണ്ടായിരുന്നു. മോശമായിപ്പോയി. മണിച്ചനടക്കം കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തിലെ എല്ലാ പ്രതികളെയും തെളിവിന്റെ അഭാവത്താല്‍ കോടതി വെറുതെ വിട്ടു എന്ന വാര്‍ത്തയല്ലേ നമ്മളെയൊക്കെ കാത്തിരിക്കുന്നത്...10പേരെ ഇപ്പോള്‍ തന്നെ കോടതി വെറുതെ വിട്ടല്ലൊ. അപ്പൊപ്പിന്നെ അത്ഭുതപ്പെടാനെന്തിരിക്കുന്നു..!!!
  2000 ഒക്ടോബര്‍ 21 ശനിയാഴ്ച രാത്രി കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പള്ളിക്കല്‍ പ്രദേശങ്ങളില്‍ കേരളത്തെ നടുക്കിയ വിഷമദ്യദുരന്തമുണ്ടായി. 7 വര്‍ഷത്തിനുശേഷം ഈ വരുന്ന ജുണ്‍ മാസമാ വിധി. ഇവിടെ (SAUDI) ആയിരുന്നെങ്കില്‍ 7 മാസത്തിനകം പ്രതികളുടെ തല കാണില്ലാരുന്നു. നമ്മുടെ ഇന്ത്യന്‍ നിയമ വ്യവസ്ഥകളെ പറ്റി ഓര്‍‌ത്ത് അഭിമാനിക്കണം മറിച്ചു നിയമജ്ഞരെ ഓര്‍ത്ത് ലജ്ജിയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. മാസപ്പടി വാങ്ങിയവരെപ്പറ്റി വാര്‍ത്ത വന്നപ്പൊ അതില്‍ നിയമക്ഞരും ഉണ്ടെന്നു കേട്ടപ്പോള്‍ ലജ്ജിച്ചുപോയി.
  ചെറിയ സംഭവകഥ വളരെ ചിന്തിപ്പിച്ചു.....ഇനിയും ഇതുപോലെ എന്തെങ്കിലും...?!!!

 61. ശ്രീ said...

  KMF...
  നന്ദി, മാഷേ. :)
  സ്നേഹതീരം ചേച്ചീ...
  സ്വാഗതം. വായനയ്ക്കും വിശദമായ കമന്റിനും വളരെ നന്ദി.
  ജോജോ...
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
  അപര്‍‌ണ്ണ...
  നാടും നന്നാകുമെന്നു തന്നെ നമുക്ക് ആശിയ്ക്കാം, അല്ലേ? കമന്റിനു നന്ദി.
  ഉഗാണ്ട രണ്ടാമന്‍‌...
  കമന്റിനു നന്ദി കേട്ടോ.
  വയനാടന്‍‌ മാഷേ...
  സ്വാഗതം. ശരിയാണ്‍,നിയമങ്ങള്‍‌ക്കല്ല കുഴപ്പം, അത് വളച്ചൊടിയ്ക്കാനറിയാവുന്ന നിയമജ്ഞര്‍‌ക്കാണ്‍. വിശദമായ കമന്റിനു നന്ദി കേട്ടോ. :)

 62. P.R said...

  ഹാവൂ..ഒരുവിധത്തില്‍ പോസ്റ്റ് എ കമന്റ് കിട്ടിപ്പോയി..
  :)

  അതേയ് നല്ലൊരനുഭവം..
  അയാള്‍ക്ക് ഡ്രൈവിംഗ് അറിയില്ലാ എന്നൊന്ന് അതിലുണ്ടായിരുന്നോ?
  തമിഴ്നാട്ടില് കുണ്ടൂം കുഴിയും,തിരിവും വളവും ഒന്നുമില്ലാഞ്ഞത് നിങ്ങ്ല്ടെ ഭാഗ്യം!

  അവിടെ വന്നു നോക്കിയിരുന്നു , ലേ..
  തിരക്കിലായിരുന്നു.

 63. lekhavijay said...

  ശ്രീ,പ്രമാദമായൊരു കേസിലെ ഒന്‍പതാം പ്രതിയുടെ കൂടെ യാത്ര ചെയ്യുക എന്നതു തന്നെ ഒരു അനുഭവം.നല്ല വിവരണം.ആശംസകള്‍ !

 64. കുട്ടന്‍മേനൊന്‍ said...

  ശ്രീക്കുട്ടാ, കിട്ടിയ ലിഫ്റ്റില്‍
  അഭിമാനപൂരിതമാകണമന്തരംഗം.
  ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവെച്ച വാക്കുകള്‍...ലാല്‍ സലാം..... എന്നൊക്കെ പറഞ്ഞ് താമസസ്ഥലം വരെ ആ പാണ്ടിയുടെ വണ്ടിയില്‍ പോകാതിരുന്നത് മഹാ കഷ്ടമായി ട്ടോ. :)

 65. മിഥുന് രാജ് കല്പറ്റ said...

  anubhvangal paalichakal........

  thudarnnum ezhuthuka...nannayittundu....

 66. ദ്രൗപദി said...

  ശ്രീ അതിമനോഹരമായ മറ്റൊരു രചന...

  ഇനിയും ശക്തമായ ഓര്‍മ്മകള്‍ക്കായി കാത്തിരിക്കുന്നു

  ആശംസകളോടെ

 67. അഭിലാഷങ്ങള്‍ said...

  മോനേ ശ്രീ,

  സംഗതിയൊക്കെ കൊള്ളാം, ആ ഒന്‍പതാം പ്രതി എങ്ങിനെയാണ് തടിയൂരിയത് എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും നിങ്ങള്‍ 12 സുഹൃത്തുക്കള്‍ അത് ലോകത്തിന് മുന്നില്‍ മറച്ചുവെയ്ക്കാന്‍ ഗൂഡാലോചന നടത്തി! എന്നിട്ട് ഇപ്പോ അങ്ങിനെയൊക്കെ സംഭവിച്ചിരുന്നു എന്ന് ബ്ലോഗിലൂടെ പബ്ലിഷ് ചെയ്തു.

  ആദ്യം ചെയ്ത്തത് CRIMINAL CONSPIRACY. ഇന്ത്യന്‍ പീനല്‍ കോഡ്, സെക്ഷന്‍ 120 A, Act 8 of 1913, sec. 3.

  അഴിയെണ്ണാം മോനേ..!

  പിന്നെ, രണ്ടാമത് ചെയ്തത് ഇതിനേക്കാള്‍ വലിയ കുറ്റം, അന്ന് ചെയ്ത് ഗൂഡാലോചനക്ക് പുറമെ, ഇങ്ങനെ 3 ലക്ഷവും മറ്റും കൊടുത്താല്‍ ഒരു ഇന്ത്യന്‍ പൌരന് ഏതൊരുകേസില്‍ നിന്നും തലയൂരാം, ജുഡീഷ്യറുയെ വിലയ്ക്കെടുക്കാം എന്നുള്ള തെറ്റായ വിവരങ്ങള്‍ IT യുടെ സാധ്യതകള്‍ ഉപയോഗിച്ച് ‘ഓണ്‍ലൈനായി’ പ്രചരിപ്പിക്കുന്നതിന്, ഇന്ത്യന്‍ ‘സൈബര്‍ ലോ’ പ്രകാരവും, പീനല്‍കോഡിലെ റലവന്റെ വകുപ്പുകള്‍ പ്രകാരവും, ശിക്ഷാര്‍ഹമായ കുറ്റം..

  ഗോതമ്പുണ്ട തിന്നാം മോനേ....

  ഓഫ്:

  (പാവം ശ്രീ പേടിച്ചുപോയീന്ന് തോന്നുന്നു. ഇപ്പോ പോയേക്കാം! അവന്‍ ചിലപ്പോ കരഞ്ഞാലോ... എനിക്കത് കണ്ട് നില്‍ക്കാന്‍ വയ്യ! ഹീ ഈസ് മൈ ബെസ്റ്റ് ഫ്രന്റ്. സോ, ഞാന്‍ ദാ‍ പോയി!)

  :-) :-)

 68. ശ്രീവല്ലഭന്‍ said...

  Athe... pinne kotathi alakshyam! Athinu vere 3 kollam kooti.

  Pavam sree....ellam kooti double jeeva paryantham!

 69. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

  നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  ഇഷ്ടമായി.

 70. ശ്രീ said...

  P.R.ചേച്ചീ...
  അയാള്‍‌ക്ക് ഡ്രൈവിങ്ങ് അറിയില്ല എന്നാണ്‍ കോടതിയിലേയ്ക്ക് കേസ് എത്തിയപ്പോള്‍‌ വക്കീല്‍‌ തെളിയിച്ചത് എന്നാണ്‍ അയാള്‍‌ പറഞ്ഞത്. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
  ലേഖ ചേച്ചീ...
  അതെയതെ. ഇപ്പോള്‍‌ അതൊരു രസകരമായ സംഭവം ആയി തന്നെ തോന്നുന്നു. കമന്റിനു നന്ദി.
  മേനോന്‍‌ ചേട്ടാ...
  അയാള്‍‌ ആ കേസിലെ പ്രതിയാണ്‍ എന്നറിഞ്ഞതോടെ എങ്ങനേലും ഇറങ്ങിയാല്‍‌ മതിയെന്നായി, എല്ലാവര്‍‌ക്കും. :) വായനയ്ക്കും കമന്റിനും നന്ദി.
  മിഥുന്‍‌...
  സ്വാഗതം, കമന്റിനു നന്ദി.
  ദ്രൌപതീ...
  വായനയ്ക്കും കമന്റിനും വളരെ നന്ദി.
  അഭിലാഷ് ഭായ്...
  മതി! തൃപ്തിയായി. ഞാന്‍‌ പോവ്വ്വാ... അന്നൊരു ലിഫ്റ്റ് കിട്ടീപ്പോ കയറീന്നൊരു തെറ്റല്ലേ ഞാന്‍‌ ചെയ്തുള്ളൂ... അവസാനം ദാ ബൂലോക കേസ് ആകുമെന്നും പറഞ്ഞ് പേടിപ്പിയ്ക്കുന്നു....[ഡോണ്ടൂ ഡോണ്ടൂ]
  ഇന്ത്യന്‍ പീനല്‍ കോഡ്, സെക്ഷന്‍ 120 A, Act 8 of 1913, sec. 3. ഇതൊക്കെ ഉള്ളത് തന്നേ?;)
  രസകരമായ ഈ കമന്റിനു വളരെ നന്ദി. :)
  വല്ലഭന്‍‌ മാഷേ...
  മാഷും കൂട്ടു നില്‍‌ക്കുവാല്ലേ? ;)
  വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
  സഗീര്‍‌...
  കമന്റിനു നന്ദി. :)

 71. Typist | എഴുത്തുകാരി said...

  അതിനും വേണ്ടേ ശ്രീ ഒരു യോഗം (മദ്യ ടാങ്കറില്‍, മദ്യ പ്രതിയുടെ കൂടെ യാത്ര ചെയ്യാനേയ്). എന്നാലും പാതി വഴിക്കിറങ്ങേണ്ടിയിരുന്നില്ല.

 72. അരവിശിവ. said...

  ഹ ഹ...നല്ല പോസ്റ്റ് ശ്രീ...

  വായിയ്ക്കാന്‍ മറന്നതിന് ക്ഷമ ചോദിയ്ക്കുന്നു..

  അയാളുടെ ഒരു ഓട്ടോഗ്രാഫ് വാങ്ങാതെ ഇറങ്ങിപ്പോന്നത് മോശമായിപ്പോയി.. :-)

 73. Guruji said...

  Sree, njan posti..

 74. ::സിയ↔Ziya said...

  പ്രിയ ശ്രീ,
  ഇപ്പോഴാണ് ഇത് നെഞ്ചിടിപ്പോടെ വായിച്ചത് :)
  സത്യത്തില്‍ ശ്രീയുടെ ഈ പോസ്റ്റ് ഓര്‍മ്മക്കുറിപ്പ് എനതിലുപരി നമ്മുടെ വ്യവസ്ഥതിക്കു നേരേ ഉയരുന്ന ഒരു പിടി ചോദ്യങ്ങള്‍ കൂടിയാണ്.

  രക്ഷപ്പെട്ടതിനു കണ്‍ഗ്രാറ്റ്സ് :)

 75. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  ഒരിക്കല്‍ വായിച്ചാല്‍ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു

 76. നിലാവര്‍ നിസ said...

  ശ്രീ.. അത്ഭുതപ്പെടുത്തുന്നു ഈ എഴുത്തിന്റെ നേര്‍മ..

 77. Jithenrakumar/ജിതേന്ദ്രകുമര്‍ said...

  muthiyammayum annachchiyum okke kute onnichchu vannal prasnamakumallo mashe. Sukshichirunnolane.

 78. ശ്രീ said...

  എഴുത്തുകാരി ചേച്ചീ...
  വായനയ്ക്കും കമന്റിനും നന്ദി. :)
  അരവീ...
  വായനയ്ക്കും കമന്റിനും നന്ദി.
  ഗുരുജീ...
  നന്ദി.
  സിയച്ചേട്ടാ...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
  അനൂപ് മാഷേ...
  നന്ദി, ഈ പ്രോത്സാഹനത്തിന്.
  നിലാവര്‍നിസ...
  നന്ദി.
  ജിതേന്ദ്രമാഷേ...
  സ്വാഗതം. ഈ ബ്ലോഗില്‍ വന്നതിനും ആ പോസ്റ്റുകളെല്ലാം വായിച്ചതിനും നന്ദി കേട്ടോ. :)

 79. Div said...

  കൊള്ളാമല്ലൊ:)

 80. 'കല്യാണി' said...

  Prthiyoude kuudeyulla yathramarakan prayasamanu ,allesri.vivaranam nannayirikunnu.