ഞാന്‍ എന്റെ M Sc യ്ക്കു ശേഷം എറണാകുളം ധിഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലിനക്സ് പഠിയ്ക്കാനായി കുറച്ചു നാള്‍ പോയിരുന്നു. ദിവസവും ട്രെയിനിലായിരുന്നു യാത്ര. ആ ആറേഴു മാസത്തിനിടയില്‍ ട്രെയിനിലെ സഹയാത്രികരില്‍ നിന്നു തന്നെ ചില സൌഹൃദങ്ങള്‍ ലഭിച്ചെങ്കിലും അതിലെ മിക്ക സൌഹൃദങ്ങളും ട്രെയിന്‍ യാത്രയില്‍ നിന്നു തുടങ്ങി, ട്രെയിന്‍ യാത്രകളില്‍ തന്നെ അവസാനിയ്ക്കുകയാണുണ്ടായത്. അതില്‍ ചിലരുടെ പേരു പോലും ഒരിക്കലും ചോദിയ്ക്കാതെയാണ് അടുപ്പമായത്. കണ്ടു കണ്ട് പരിചയമായി, അങ്ങനെ രൂപപ്പെട്ട അടുപ്പം. (ട്രെയിന്‍ യാത്രക്കാരായ പലര്‍ക്കും ഇതു പോലുള്ള സുഹൃത്തുക്കളുണ്ടാകുമെന്നു തോന്നുന്നു)
അങ്ങനെ ഒരു ദിവസം ഞാന്‍ ധിഷ്ണയിലെ ക്ലാസ്സ് കഴിഞ്ഞ് എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനും കാത്ത് ഇരിയ്ക്കുമ്പോഴാണ് ആദ്യമായി റിയാസീനെ(ശരിയായ പേരല്ല) കാണുന്നത്. കണ്ണൂര്‍ എക്സ്പ്രസ്സ് പോയോ ചങ്ങാതീ എന്നു ചോദിച്ചു കൊണ്ട് കുറച്ചു ടെന്‍ഷനില്‍ ഓടി വന്ന ഒരുവന്‍. പ്രായം ഏതാണ്ട് 25 വയസ്സ് തോന്നും.എങ്കിലും സാമാന്യത്തിലധികം മെലിഞ്ഞ ശരീരപ്രകൃതി. “ഇല്ല, ഞാനും അതേ ട്രെയിനിനു പോകാനാണ് ഇരിയ്ക്കുന്നത്” എന്നു പറഞ്ഞപ്പോള്‍ അയാള്‍ ആശ്വാസത്തോടെ അടുത്ത് ഇരുന്നു. ഞാന്‍ ചാലക്കുടിയ്ക്കാണെന്നും അയാള്‍ കണ്ണൂര്‍ക്കാണ് എന്നും പരസ്പരം ചോദിച്ചറിഞ്ഞു. അപ്പോഴേയ്ക്കും ട്രെയിന്‍ വന്നതിനാല്‍ അന്ന് അധികമൊന്നും സംസാരിച്ചില്ല.
പിന്നെ, അടുത്ത ദിവസവും വൈകീട്ട് ഇയാളെ കണ്ടു. ട്രെയിന്‍ പുറപ്പെടുന്ന സമയത്തായതു കൊണ്ട് ഒരു ചെറു ചിരിയില്‍ പരിചയം ഒതുക്കി. തൊട്ടടുത്ത ദിവസം ട്രെയിന്‍ വരാനിത്തിരി വൈകി. അന്നും കണ്ടു റിയാസിനെ. പ്ലാറ്റ് ഫോമില്‍ ഞാനിരിയ്ക്കുന്നതു കണ്ട് എന്റെ അടുത്തേയ്ക്ക് വന്നിരിയ്ക്കുകയായിരുന്നു. പിന്നെ, ഇങ്ങോട്ട് കയറി വിശദമായി പരിചയപ്പെട്ടു. കണ്ണൂരാണ് നാട് എന്നും ഡിസൈനിങ്ങ് പഠിയ്ക്കാനാണ് എറണാകുളത്ത് വന്നത് എന്നുമെല്ലാം പറഞ്ഞു നല്ല പ്രസരിപ്പോടെ സംസാരിച്ചു. എന്നെപ്പറ്റിയും കുറേ ചോദിച്ചു. MSc കഴിഞ്ഞ് ലിനക്സ് പഠിയ്ക്കുകയാണ് എന്നൊക്കെ പറഞ്ഞതു കേട്ട് റിയാസിനു വല്യ കാര്യമായതു പോലെ. BSc കഴിഞ്ഞിട്ട് പിന്നെ, പഠിയ്ക്കാനായില്ല എന്നു പറഞ്ഞ് ഒന്നു നെടുവീര്‍പ്പിട്ടു. അതെന്തു പറ്റി എന്ന എന്റെ ചോദ്യത്തിനുത്തരം ഒരു ചിരിയിലൊതുക്കി. പറയാന്‍ താല്പര്യമില്ലായിരിയ്ക്കുമെന്നു കരുതി ഞാന്‍ കൂടുതലൊന്നും ചോദിച്ചുമില്ല. കണ്ടിട്ട് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമുള്ളതായും തോന്നിയില്ല.
ഞങ്ങളുടെ സംഭാഷണങ്ങള്‍ പിന്നെയും കുറച്ചു ദിവസം തുടര്‍ന്നു. പക്ഷേ ഈ സംസാരവേളകളില്‍ കൂടുതലും സംസാരിയ്ക്കുന്നത് റിയാസ്സായിരിയ്ക്കും. ഞാനെന്തെങ്കിലും ചോദിച്ചാല്‍ അതിനു മിക്കതിനും അയാള്‍ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞു മാറുന്നതു പോലെയും തോന്നിയിട്ടുണ്ട്. മാത്രമല്ല, പറയുന്നതില്‍ ചിലതെല്ലാം പരസ്പര വിരുദ്ധമായതു പോലെയും. അതു കൊണ്ടു തന്നെ ഞാനെപ്പോഴും കേള്‍വിക്കാരനായിരിയ്ക്കും. മിക്കവാറും ദിവസങ്ങളില്‍ റിയാസ് എന്റെ അടുത്തേയ്ക്ക് വന്ന് സംസാരിയ്ക്കുകയായിരുന്നു. (മിക്കവാറും എന്നല്ല, ആദ്യമൊക്കെ റിയാസ് എന്നെ കണ്ടിട്ടില്ലെങ്കില്‍ പതിയെ അവിടെ നിന്നും വലിയുകയായിരുന്നു എന്റെ പതിവ്. കാരണം മറ്റൊന്നുമല്ല, നല്ല സുഹൃത്തുക്കളെ സമ്പാദിയ്ക്കുക എന്ന ഒരു ശീലം എനിയ്ക്കുണ്ടെങ്കിലും പെരുമാറ്റത്തില്‍ എന്തെങ്കിലും ദുരൂഹത തോന്നിപ്പിയ്ക്കുന്നവരോട് കാര്യമറിയാതെ അധികം അടുക്കുന്നത് എനിക്കിഷ്ടമല്ല).
എങ്കിലും പതിയെ പതിയെ ഞങ്ങള്‍ കുറച്ചു കൂടി അടുത്തു. അങ്ങനെയാണ് റിയാസിനെ പറ്റി എനിക്കു കുറച്ചെങ്കിലും വിവരങ്ങളറിയാനായത്. അവന്റെ ഉപ്പയും ഇക്കമാരുമെല്ലാം അമേരിയ്ക്കയിലോ മറ്റോ ആണ്. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം രണ്ടു വര്‍ഷത്തോളം അവനും അവിടെ ആയിരുന്നു. ഇടയ്ക്ക് വച്ച് ചെറിയ എന്തോ അസുഖം കാരണം പെട്ടെന്ന് പഠിപ്പു നിര്‍ത്തുകയായിരുന്നുവത്രെ. എന്താണെന്നു വ്യക്തമായി പറഞ്ഞില്ല എങ്കിലും ഹൃദയത്തിന്റെ വാല്‍വിനു എന്തോ തകരാറുണ്ടെന്നാണ് എനിയ്ക്കു മനസ്സിലായത്. വീണ്ടും എന്നു വേണമെങ്കിലും ചികിത്സയ്ക്കായി തിരിച്ചു പോയേക്കുമെന്നും ഒരു പക്ഷേ പിന്നീടൊരു വരവുണ്ടായേക്കില്ലെന്നും കൂടി അവനൊരു തവണ പകുതി കളിയായും പകുതി കാര്യമായും സൂചിപ്പിച്ചു. (അവന്‍ പറയുന്ന മിക്കതും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ലെങ്കിലും അവന് എന്തോ അസുഖമുള്ളതു പോലെ എനിയ്ക്കും പലപ്പോഴും തോന്നിയിരുന്നു)
എന്തായാലും അതിനു ശേഷം എന്റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നു. അവന് ഇഷ്ടപ്പെടുമോ എന്നുറപ്പില്ലാത്ത ഒന്നും ചോദിയ്ക്കാതെ തന്നെ അവന്‍ പറയുന്നതെല്ലാം ഞാന്‍ താല്പര്യപൂര്‍വ്വം കേള്‍ക്കാന്‍ തുടങ്ങി. ഇനി എത്ര നാള്‍ ഇങ്ങനെ കഴിയാനാകും എന്നറിയില്ലെങ്കിലും അത്രയും നാള്‍ എന്തെങ്കിലുമൊക്കെ പഠിയ്ക്കാന്‍ നോക്കാമല്ലോ എന്നും അവന്‍ ഒരിക്കല്‍ പറഞ്ഞു. അതു കൊണ്ടാണ് ഡിസൈനിങ്ങ് പഠിയ്ക്കാനായി ചേര്‍ന്നതത്രെ. അതു പോലെ എന്നോട് ഇടയ്ക്ക് ലിനക്സിനെ പറ്റിയും ചിലതെല്ലാം ചോദിയ്ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം എന്നോട് ചോദിച്ചു ലിനക്സും കുറച്ചു പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. അതിന്റെ സീഡി എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തരാമോ എന്ന്. എന്നിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും മറ്റും എങ്ങനെ എന്ന് ഞാന്‍ പറഞ്ഞു കൊടുക്കുകയും വേണം. ഞാന്‍ ചെറിയൊരു സന്ദേഹത്തോടെ സമ്മതിച്ചു. കാരണം സീഡി ഉണ്ടെങ്കിലും അന്ന് എന്റെ വീട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ല. സുഹൃത്തുക്കളുടെ കയ്യിലും റൈറ്റര്‍ ഇല്ല. സീഡി എങ്ങനെ റൈറ്റ് ചെയ്ത് കൊടുക്കും? സീഡി ഉണ്ടെന്നറിഞ്ഞ് റിയാസിന് ആവേശമായി. എന്നോട് ഒറിജിനല്‍ കൊണ്ടു വന്നാല്‍ മതി എന്നു പറഞ്ഞു. അവന്റെ വീട്ടില്‍ റൈറ്റര്‍ ഉണ്ടത്രെ. അവന്‍ അത് റൈറ്റ് ചെയ്ത് എടുത്തിട്ട് അടുത്ത ദിവസം തിരിച്ചു കൊണ്ടു തരാമെന്നും പറഞ്ഞു. ഞാനും സമ്മതിച്ചു.
അന്ന് വെള്ളിയാഴ്ച ആയിരുന്നു. അതു കൊണ്ട് അടുത്ത തിങ്കളാഴ്ച ഞാന്‍ സീഡി കയ്യിലെടുത്തു. പക്ഷേ, എന്തു കൊണ്ടോ പിന്നെ രണ്ടു ദിവസം റിയാസിനെ കാണാനായില്ല. ഞാനത് അത്ര കാര്യമാക്കിയില്ല. സീഡി എന്റെ ബാഗിലുണ്ടല്ലോ. കാണുമ്പോള്‍ കൊടുക്കാമെന്നും കരുതി. ആ ആഴ്ചയില്‍ തന്നെ ഒരു ദിവസം ഞാന്‍ ഓടി വന്ന് ട്രെയിനില്‍ കയറാന്‍ നോക്കുമ്പോഴാണ് പ്ലാറ്റ്ഫോമില്‍ അതേ ട്രെയിനില്‍ കയറാന്‍ നില്‍ക്കുന്ന റിയാസിനെ കണ്ടത്. അപ്പോള്‍ തന്നെ ഞാന്‍ സീഡി എടുത്ത് അവനു നല്‍കി. തിരക്കായതു കൊണ്ടും അവനാകെ ക്ഷീണിതനായി തോന്നിയതു കൊണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിയ്ക്കേണ്ടതെങ്ങനെ എന്ന് പിന്നീട് പറഞ്ഞു തരാമെന്നും പറഞ്ഞു. അവന് അനുകൂല ഭാവത്തില്‍ തലയാട്ടിക്കൊണ്ട് സീഡി വാങ്ങി ബാഗിലിട്ടതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. തിരക്കു കാരണം പിന്നെ ഒന്നും സംസാരിയ്ക്കാനുമായില്ല.
പിറ്റേ ദിവസം ഞാന്‍ വന്നത് ലിനക്സ് ഇന്സ്റ്റല്ലേഷനും മറ്റും സഹായിയ്ക്കുന്ന കുറച്ചു കുറിപ്പുകളുമായിട്ടാണ്. അത് റിയാസിനു കൂടുതല്‍ ഉപകാരപ്പെട്ടേക്കുമല്ലോ എന്നും കരുതി. എന്നാല്‍ ഞാന്‍ കുറേ തിരഞ്ഞെങ്കിലും എനിക്ക് അവനെ കണ്ടെത്താനായില്ല. അതിനടുത്ത ദിവസവും തൊട്ടടുത്ത ആഴ്ചയും പിന്നീടുള്ള കുറേ ആഴ്ചകളും ഞാനവനെ തിരഞ്ഞു. എന്നാല്‍ അവനെ കണ്ടെത്താനായില്ല. പിന്നീട് രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നു വരെ ഒരിക്കല്‍ പോലും റിയാസീനെ കാണാനോ എന്തെങ്കിലും വിവരങ്ങളറിയാനോ എനിക്ക് കഴിഞ്ഞിട്ടില്ല.
അവന് അസുഖം കൂടുതലായി, എന്തെങ്കിലും സംഭവിച്ചിരിയ്ക്കുമോ അതോ ചികിത്സയ്ക്കായ് അമേരിയ്ക്കയ്ക്കോ മറ്റോ പോയിരിയ്ക്കുമോ? ഒന്നുമറിയില്ല. ബന്ധപ്പെടുവാന്‍ വിലാസമോ ഫോണ്‍ നമ്പറോ മെയില്‍ ഐഡിയോ അറിയില്ല. എങ്കിലും അധികം പരിചയമില്ലാത്ത ആ സുഹൃത്ത് ലോകത്തെവിടെ എങ്കിലും അസുഖമെല്ലാം ഭേദമായി ഇന്ന് സുഖമായിരിയ്ക്കുന്നുണ്ടാകും എന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം, എന്നെ ഓര്‍ക്കുവാന്‍ സാധ്യത ഇല്ലെങ്കിലും.
71 comments:
ഇതും ഒരു സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പാണ്‍. എന്നാല്‍ എനിയ്ക്കധികം പരിചയമില്ലാത്ത, വളരെ ചുരുങ്ങിയ കാലത്തെ സൌഹൃദം മാത്രമുള്ള ഒരു സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്.
ഈ പോസ്റ്റ് ഒരു യാത്രാവേളയില്‍ പരിചയപ്പെട്ട… എനിയ്ക്ക് അധികമൊന്നും അറിഞ്ഞു കൂടാത്ത ആ സുഹൃത്തിന് സമര്‍പ്പിയ്ക്കുന്നു.
ഈ കുറിപ്പും നന്നായി. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഇരുന്നു റിയാസും ഈ പോസ്റ്റ് വായിക്കട്ടെ എന്ന് പ്രത്യാശിക്കാം..
ശ്രീ ഓര്‍മ്മക്കുറിപ്പ് എഴുതുമ്പോള്‍ അത് ഹൃദയത്തില്‍ ചെന്നു തറയ്ക്കും. അതിന്റെ ലാളിത്യവും വിവരണത്തിന്റെ ഒഴുക്കും വായനക്കാരനെ കൂടെ കൊണ്ടുപോവും.
നന്നായി ശ്രീ. ഒരുപക്ഷേ റിയാസ് ഇതു വായിക്കാനിടയായാല്‍ ആ സൌഹൃദം തിരിച്ചുകിട്ടിയേക്കും.
ശ്രീയുടെ മറ്റൊരു നല്ല സൌഹ്രദത്തിന്റെ ഓര്‍മ്മ കുറിപ്പു. ആ സിഡി ചിലപ്പം മെയിലില്‍ വന്നേക്കം ഈ പോസ്റ്റിനു ശേഷം :)
ആ നല്ല സുഹൃത്തിനു നല്ലതു മാത്രം വരട്ടെ....
ഈ ഓര്‍മ്മക്കുറിപ്പും നന്നായി......
ഒരു പക്ഷേ തിരിച്ചു കിട്ടിയേക്കാം ആ സൌഹൃദം...
നല്ല ഓര്‍മ്മക്കുറിപ്പ്
ശോഭി,
പിന്നെ വായിച്ച് അഭിപ്രായമിടാം...
സേവ് ചെയ്ത് വച്ചിട്ടുണ്ട്...
എന്നത്തെയും പോലെ നന്നായി... ആ കൂട്ടുകാരന്‍ സുഖമായിരിക്കുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം.... :)
പതിവുപോലെ ഹൃദ്യം.. ഒരു കുളിര്‍ കാറ്റേറ്റ ഫീലിംഗ്..
റിയാസ് സുഖമായിരിക്കട്ടെ
പതിവുപോലെ മനസിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതായി പോസ്റ്റ്.
ശ്രീ
നല്ല കുറിപ്പ്
ചാത്തനേറ്: ചുമ്മാതല്ല ലിനക്സിന്റെ സിഡി അല്ലേ??? അതെങ്ങാന്‍ അവന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കി അവന്റെ സിസ്റ്റം ഫോര്‍മാറ്റായിക്കാണും. ആ ദേഷ്യത്തില്‍ അവനാ സിഡി വലിച്ചെറിഞ്ഞും കാണും. അതു കൊണ്ടാവും ശ്രീ കാണാതെ മുങ്ങി നടക്കുന്നത്..:)
ബോലോ വിന്‍ഡോസ് കീീീ....
ആ സിഡി വേണ്ടാന്ന് പറ അവന്‍ മെയിലയക്കും.
സൌഹൃദം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാം.
ശ്യാമേട്ടാ...
ആദ്യ കമന്റിനു നന്ദി. അങ്ങനെ തന്നെ ഞാനും ആശിയ്ക്കുന്നു. :)
വാല്‍മീകി മാഷേ... നന്ദി.
വിന്‍സേ...
സീഡി കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, റിയാസ് സുഖമായി ഇരിയ്ക്കുന്നു എന്നറിഞ്ഞാല്‍ മതി.
കാനനവാസന്‍...
വായനയ്ക്കും കമന്റിനും നന്ദി.
പ്രിയാ...
നന്ദി.
ശ്രീച്ചേട്ടാ...
:)
ഷാരൂ...
നന്ദി.
മനുവേട്ടാ...
അതെ, അവന്‍ എവിടെ ആയാലും സുഖമായിരിയ്ക്കട്ടെ. കമന്റിനു നന്ദി.
അനൂപേട്ടാ...
കമന്റിനു നന്ദി.
മയില്‍പ്പീലി...
നന്ദി.
ചാത്താ...
ഹഹ.അങ്ങനെ ആയാലും കുഴപ്പമില്ല. വായനയ്ക്കും കമന്റിനും നന്ദി.
കൃഷ് ചേട്ടാ...
നന്ദി.
സൌഹൃദം ഒരു തണല്‍ മരമാണ് സങ്കടങ്ങളുടെ വെയില്‍ കൊള്ളാതെ ഹൃദയത്തെ പൊതിയുന്ന സ്നേഹമാണത്..
എനിക്ക് കിട്ടിയിട്ടുണ്ട് ശ്രീ ഇതുപോലെ ഞാന്‍ കരുനാഗപ്പള്ളിയില്‍ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ വൈകുന്നേരം 6:20 ന് വരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ കുറേ ഫ്രണ്‍സ് അതൊരു ലോകമായിരുന്നു സൌഹൃദത്തിന്റെ തണല്‍ മരങ്ങളായിരുന്നൂ..ആ യാത്ര 8മണിക്ക് ആലപ്പുഴയില്‍ എത്തും അങ്ങനെ വര്‍ഷങ്ങള്‍ യുഗങ്ങളാക്കിയിട്ടുണ്ട് ഞങ്ങള്‍ കുറച്ചൂ ഫ്രണ്‍സ്..
തന്റെ സൌഹൃദം തനിക്ക് തിരിച്ച് കിട്ടട്ടെ എന്ന് പ്രതീക്ഷിക്കുന്നൂ.
റിയാസിന് നല്ലതു മാത്രം..
................
ശ്രീ കുട്ടാ..
സ്മൈലിക്കുട്ടാ..
സൌഹൃദക്കുട്ടാ...
ഇതും നന്നായി.. അവനൊന്നും സംഭവിച്ചു കാണില്ല..!
ചാത്തനോട് ഞാന്‍ യോജിക്കുന്നു..:)
നന്നായിട്ടുണ്ട് ശ്രീ..
ഇത്രയൊക്കെ അടുത്ത സുഹൃത്തിന്റെ ഫോണ്‍ നമ്പറോ, മെയില്‍ ID യൊ വാങ്ങി വെക്കാമായിരുന്നു...
ശ്രീയേ.. ഞാന്‍ എറണാകുളത്തുനിന്നും ട്രെയിനില്‍ കണ്ണൂരേക്ക് അധികം യാത്ര ചെയ്തിട്ടുമില്ല, സോബിന്‍ എന്നൊരു പയ്യനെ പരിചയപ്പെട്ടിട്ടുമില്ല, ലിനക്സിന്റെ സി.ഡി. വാങ്ങിയിട്ടുമില്ല. ഇതെന്തിനാ ഇപ്പോ പറഞ്ഞതെന്നു ചോദിച്ചാല്‍ സംശയമൊന്നും ഇതുവായിച്ചിട്ട് തോന്നരുതല്ലോ എന്നു കരുതീട്ടാ.
nannaayi maashe
:)
ഹൃദയസ്പര്‍ശി.
ശോഭി,
നല്ല ഓര്‍മ്മക്കുറിപ്പ്. ആ സുഹൃത്ത് ലോകത്ത് എവിടെയെങ്കിലും സുഖമായിരിയ്ക്കാന്‍ പ്രാര്‍ത്ഥിക്കുന്നു...
ശ്രീ.. ദുരൂഹതയും കണ്ണീരിന്റെ നനവും കലര്‍ന്ന് പോസ്റ്റ്...
ശ്രീ... വളരെ ഹൃദ്യമായ ഒരു ഓര്‍മ്മക്കുറിപ്പ്....ആ സുഹൃത്തിന് നല്ലത് വരട്ടെ.
എല്ലാം മംഗളമായി പ്ര്യവസാനിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
തനത് ശൈലിയില്‍ മറ്റൊരു സൌഹൃദ പോസ്റ്റ്.
എല്ലാ സുഹൃത്ത് ബന്ധങ്ങളെപ്പറ്റിയും ഇങ്ങനെയോരോ പോസ്റ്റ് ഇട്ടൂടെ, ശ്രീ.
സജീ...
ശരിയാണ്‍. സൌഹൃദം ഒരു തണലാണ്‍. വായനയ്ക്കും കമന്റിനും നന്ദി. :)
നിലാവര്‍നിസ...
നന്ദി.
പ്രയാസീ...
അങ്ങനെ തന്നെ ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു. നന്ദി.
ശ്രീനാഥ്...
വായനയ്ക്കും കമന്റിനും നന്ദി. അന്ന് അങ്ങനെ തോന്നിയില്ല, അബദ്ധമായി.
അപ്പുവേട്ടാ...
അതിവിടെ എടുത്തെഴുതിയതു നന്നായി. ഇനിയാരും തെറ്റിദ്ധരിയ്ക്കില്ലല്ലോ. ;)
സുനിലേ...
നന്ദി.
പോങ്ങുമ്മൂടന്‍ മാഷേ...
നന്ദി.
ശ്രീച്ചേട്ടാ... :)
സൂര്യോദയം ചേട്ടാ...
വായനയ്ക്കും കമന്റിനും നന്ദി.
കൂട്ടുകാരാ...
അതെ, ഞാനും അങ്ങനെ തന്നെ പ്രാര്‍ത്ഥിയ്ക്കുന്നു. നന്ദി.
ഹരിത് മാഷേ...
വായനയ്ക്കും കമന്റിനും നന്ദി.
നിരക്ഷരന്‍ ചേട്ടാ...
നന്ദി. അങ്ങനെയും ശ്രമിച്ചു നോക്കാം. :)
ശ്രീ..സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..
ശ്രീ പോസ്റ്റ് നന്നായിട്ടുണ്ട്.
കാലം ആ സുഹൃത്തിനെ വീണ്ടും ശ്രീക്കരികിലേക്കെത്തിക്കട്ടെ എന്നാശംസിയ്ക്കുന്നു.
ശ്രീ ചേട്ടാ .... ലളിതം .. മനോഹരം ...
എനിയ്ക്കും ആ സുഹ്രുത്തിനെന്തുപറ്റിയെന്നറിയാഞ്ഞു ഒരു വിഷമം...എല്ലാം നന്നായി വരട്ടെ!
ശ്രീ,
നല്ല ഓര്‍മ്മക്കുറിപ്പ്.......
ആ സുഹൃത്തിനു നല്ലതു മാത്രം വരട്ടെ...
നന്നായിരിക്കുന്നു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍..
:)) അപ്പോള്‍ MSc ഒക്കെ പഠിച്ചീട്ടുണ്ട് അല്ലേ. ഞാന്‍ വിചാരിച്ചു ഞാനായിരിക്കും ബ്ലോഗിലെ ഏറ്റവും അഭ്യസ്ഥവിദ്യന്‍ എന്നാണ്. എന്റെ ഡിഗ്രി എഴുതാന്‍ മാത്രം ഒരു വിസിറ്റിങ്ങ് കാര്‍ഡ് വേണം. കൊറച്ച് വേണമെങ്കില്‍ ഇവിടെ പറയാം. MABF, CTR MSM BT, KORATTI, MAMBRA. മനസ്സിലായില്ല അല്ലേ... എന്നാ പറയാം. [MABF - Matriculation appeared but failed, CTR - Conductor MSM BT - M S Menon Bus Transport, Korratti, Mambra - Bus route]
ശ്രീ... നല്ല ഓര്‍മ്മക്കുറിപ്പ്...
ആത്മാര്‍ത്ഥതയാണ് ശ്രീയുടെ എഴുത്തിലെപ്പോഴും നിറഞ്ഞുനില്‍ക്കുന്നത്...
നല്ല ഓര്‍മ്മക്കുറിപ്പ്...മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചു....നന്ദി....
മാഷെ ...
വായിക്കാന്‍ വൈകിപ്പൊയി..
കൊള്ളാം ഇഷ്ടപ്പെട്ടു.. എനിക്കും ഉന്ടായിട്ടുന്ട് ഇതുപൊലെ ഉള്ള കുറെ സുഹ്രുതുക്കള്‍.. എറണാകുളം കണ്ണൂര്‍ യാത്രയില്‍....
ശ്രീയേ, ഇനിയും കാണും അവനെ. അവനെന്തുപറ്റാന്‍? ഒന്നും പറ്റിയിട്ടുണ്ടാവില്ല. എന്നെങ്കിലും കാണാമായിരിക്കും. :)
ആരു പറഞ്ഞു ഇനിയും കുറേ വര്‍ഷങ്ങള്‍ക്കു ശേഷം തടിവച്ച് കുടവയറും തടവി തൊട്ടടുത്ത സീറ്റില്‍ അവനിരിയ്ക്കുമ്പോള്‍ ശ്രീ നെറ്റിചുളിച്ച് നോക്കി 'ലിനക്സ്' ഇന്‍സ്റ്റാള്‍ ചെയ്താല്‍ മനുഷ്യന്‍ ഇങ്ങനെയാവുമോടേ' എന്നു ചോദിയ്ക്കില്ലെന്ന്?
ഒന്നും വന്നിട്ടില്ല. :)
ഒത്തിരി നല്ല കുറിപ്പ്.
ശ്രീ,
മാഷേ, മനസ്സില്‍ തട്ടുന്ന കുറിപ്പ്.
സുഹൃത്തിനെ തിരിച്ചു കിട്ടട്ടെ
എന്നാശംസിച്ചുകൊണ്ട്
സ്നേഹത്തോടെ
ഗോപന്‍
ശ്രീ അക്രമ സെന്റിയാണല്ലോ! ശ്രീയുടെ ബ്ലോഗ് വായിച്ചാല്‍ ഉള്ളില്‍ തട്ടും എന്നുറപ്പാ.
ഈ ബ്ലോഗ് വായിച്ച അനുഭവത്തീന്ന് പറയാ.. ശ്രീടെ പോലെയുള്ള ആള്‍ക്കാര്‍ ഇക്കാലത്തധികം ഇല്ല.
ഞാന്‍ എന്തായാലും അല്ല (പേരുതന്നെ കരിങ്കല്ല് എന്നല്ലേ... ;) ) പേരു പോലെത്തന്നെ ലേശം കഠോര ഹൃദയനാ ;)
കരിങ്കല്ല് alias Sandeep.
ഏറനാടന്‍ജീ...
വളരെ നന്ദി മാഷേ.
മഞ്ജു കല്യാണീ...
വായനയ്ക്കും ആശംസകള്‍ക്കും നന്ദി.
നവരുചിയന്‍...
വായനയ്ക്കും കമന്റിനും നന്ദി.
ജ്യോതിര്‍മയി ചേച്ചീ...
സ്വാഗതം. ഞാനും അതറിയാന്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ്‍. അവനൊന്നും സംഭവിച്ചു കാണില്ല എന്നു തന്നെ കരുതുന്നു.
വല്ലഭന്‍ മാഷേ...
വായനയ്ക്കും കമന്റിനും നന്ദി.
ജാസൂട്ടി...
വായനയ്ക്കും ആശംസയ്ക്കും നന്ദി.
മുരളിയേട്ടാ...
നന്ദി. ആ ഡിഗ്രികള്‍ കലക്കി, കേട്ടോ. :)
അഗ്രജേട്ടാ...
വളരെ നന്ദി.
ശിവകുമാര്‍...
നന്ദി, വായനയ്ക്കും കമന്റിനും. ഈ പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
കണ്ണൂര്‍ക്കാരന്‍...
സ്വാഗതം. അതെ, ഇതു പോലത്തെ സുഹൃത്തുക്കള്‍ പലര്‍ക്കും ഉണ്ടാകും. നന്ദി, മാഷേ.
സൂവേച്ചീ...
അങ്ങനെയായിരിയ്ക്കട്ടെ എന്നു തന്നെ ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു.നന്ദി.
ധ്വനി...
ആ കമന്റ് ചിരിപ്പിച്ചു,ഒപ്പം അങ്ങനെ തന്നെ സംഭവിയ്ക്കട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു.
നന്ദി.
ഗോപന്‍ മാഷേ...
ആശംസകള്‍ക്കു നന്ദി.
സന്ദീപേ...
വളരെ നന്ദി. സ്നേഹിയ്ക്കാനും സൌഹാര്‍ദ്ദത്തോടെ പെരുമാറാനുമുള്ള മനസ്സ് എല്ലാവരിലും ഉണ്ടെന്നേ... നന്ദി. :)
:).
നല്ല എഴുത്ത് ശ്രീ.
എഴുതി എഴുതി നഷ്ടമായ സൌഹൃദങ്ങളൊക്കെ വീണ്ടെടുക്കാന്‍ ശ്രീക്ക് കഴിയട്ടെ.ആശംസകള്‍ !
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ് ശ്രീ.
മിന്നിമറയുന്ന സൌഹൃദങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും.
റിയാസ് ഈ പോസ്റ്റ് വായിച്ച് കമണ്റ്റിടട്ടെ എന്നൊരാഗ്രഹം മനസ്സിലുണ്ട് ശ്രീ.
അങ്ങനെ ആ സൌഹൃദം വീണ്ടും പുതുക്കാന്‍ അവസരമുണ്ടാകട്ടെ !
നല്ല പോസ്റ്റ് ശ്രീ..
എന്റെ പേര് റിയാസ് എന്നേയല്ല.... :)
റിയാസിന് എന്തു സംഭവിച്ചിരിക്കും എന്നത് എന്നെ അലട്ടുന്നേയില്ല. കാരണം അതൊക്കെ വിധിയാണ്. ജീവിത യാത്രയില്‍ പലപ്പോഴും ഉടലെടുക്കുന്ന സൗഹൃദ്യം എന്നെന്നും ഉണ്ടാകുക എളുപ്പമല്ലല്ലോ. റിയാസിന് ഒരു അസുഖം ഉണ്ടായത് കൊണ്ട് മാത്രമല്ലെ ശ്രീയ്ക്ക് ഇത്ര ഓര്‍മ്മയും നൊമ്പരവും ഉണ്ടായത്....
എന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സുഹൃത്തിനെ ഓര്‍ത്തത് വഴി. സൗഹൃദത്തിന് ശ്രീ നല്‍കുന്ന വില ഏവര്‍ക്കും മനസ്സിലാകും. അതേ ശ്രീയേ ബ്ലോഗിലും ഓര്‍ക്കൂട്ടിലും ഒരു സുഹൃത്തായി എനിക്ക് കിട്ടിയതില്‍ അഭിമാനം തോന്നുന്നു ...
ശ്രീ,
ചില സൗഹൃദങ്ങള്‍ ഇങ്ങനെയാണ്. മഞ്ഞുതുള്ളി പോലെ..
കുളിരുള്ള ഓര്‍മകള്‍ നല്‍കി, നിമിഷം കൊണ്ട് മാഞ്ഞുപോകും.
നാളെ പുലരിയിലും വരുമെന്ന്.. വരണമെന്ന് നമ്മള്‍ ആഗ്രഹിയ്ക്കും.
ആഗ്രഹം സഫലമാകട്ടെ...!!!
അതേയ്, ശ്രീ.. റിയാസും എവിടെയെങ്കിലും, എപ്പോഴെങ്കിലും ഒരു നിമിഷത്തില്‍ ശ്രീയേയും ഓര്‍മ്മിയ്ക്കുന്നുണ്ടാവും.
എന്തുകൊണ്ടോ, ശ്രീയുടെ എഴുത്ത് വായിയ്ക്കുമ്പോഴൊക്കെ, കോളേജിലൂണ്ടായിരുന്ന എന്റെ ഒരു സുഹ്ര്‌ത്തിന്റെ ‘ഛായ’ തോന്നും.
എവിടെയൊക്കെയോ ഒരു സാദ്ര്‌ശ്യം.
ചില ചങ്ങാതിമാര്‍ ജിവിതത്തിലേക്കു കയറി വരും പിന്നെ നമ്മുടെ ഓര്‍മക്കളില്‍ തൂങ്ങി കിടക്കും എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ കഴിയാത്ത എത്രയൊ നല്ല കുട്ടുക്കാര്‍.ജിവിതം ശരിക്കും അങ്ങനെ കിട്ടുന്ന കുറച്ചു ഓര്‍മ്മക്കളാണു
ശ്രീയേട്ട, ഇക്കുറിയും നന്നായി.
ശ്രീ,
"കിടിലം"," ഭയങ്കരം" എന്നൊന്നും പറയുന്നില്ല..
പക്ഷേ, പുതിയ രചനയുണ്ടോ എന്നു എന്നും വന്നു നോക്കാന്‍, താങ്കളുടെ രചനകള്‍ പ്രേരിപ്പിക്കുന്നു.
തുടരൂ...
നൊമാദ് (അതോ നോ മാഡ് എന്നാണോ) മാഷേ... വായനയ്ക്കും കമന്റിനും നന്ദി ട്ടോ. :)
ലേഖ ചേച്ചീ...
അങ്ങനെ തന്നെ സംഭവിയ്ക്കട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു. വളരെ നന്ദി. :)
ദില്‍ബാ...
വായനയ്ക്കും കമന്റിനും വളരെ നന്ദി. :)
മീനാക്ഷി...
വളരെ നന്ദി, മാഷേ. :)
കൊച്ചുത്രേസ്യ...
വായിച്ച് കമന്റിയതിനു നന്ദി. :)
നജീമിക്കാ...
എനിയ്ക്കും വളരെ സന്തോഷമുണ്ട്. നന്ദി. :)
ചന്ദ്രകാന്തം ചേച്ചീ...
ശരിയാണ്‍. ചില സൌഹൃദങ്ങള്‍ നാമെന്നും നില നില്‍ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവയാണ്‍. നന്ദി. :)
പി. ആര്‍. ചേച്ചീ...
അമ്പതാം കമന്റിനു നന്ദി. റിയാസും എവിറ്റെയെങ്കിലും സുഖമായിരിയ്ക്കുന്നു എന്നു തന്നെ ഞാനും വിശ്വസിയ്ക്കുന്നു. (സുഹൃത്തിനെ ഓര്‍മ്മിപ്പിയ്ക്കാന്‍ എങ്കിലും എന്റെ ബ്ലോഗ് കൊണ്ടായല്ലോ. വളരെ സന്തോഷം)
അനൂപ് മാഷേ...
വായനയ്ക്കും കമന്റിനും നന്ദി.
Eccentric...
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി കേട്ടോ. :)
പ്രാരാബ്ദം...
സ്വാഗതം. പ്രോത്സാഹനത്തിനു വളരെ നന്ദി, മാഷേ. :)
ശ്രീ..,
റിയാസിനെ കണ്ടിരുന്നു അവനു സുഖമാണ്..
തന്റെ ഏകാന്തതകളില്‍ ഒരു കൂട്ടായ് വന്ന ശ്രീയെ അവന് ഇഷ്ടമായിരുന്നു....ഇപ്പോഴും ഇഷ്ടമാണ്
ഒരിയ്ക്കല്‍ ശ്രീയെ കാണാന്‍ അവന്‍ വരും അവന്‍
പറഞ്ഞു...ശ്രീയെ ശ്രീയുടെ നല്ലമനസ്സിനെ സ്നേഹിയ്ക്കുന്നുവെന്നു പറയാന്‍.........
ഇതൊക്കെയല്ലാതെ ഞാനെന്താ പറയ്യാ???
റിയാസ് സുഖമായിരിയ്ക്കട്ടെ എല്ലാവരേയും പോലെ ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു....
റിയാസിന
നല്ലതു മാത്രം വരട്ടെ....
ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു.
റിയാസ് എവിടെയെങ്കിലുംസുഖമായി ജീവിയ്ക്കുന്നുണ്ടാകും ശ്രീ..അങ്ങിനെ കരുതുകയല്ലെ
നമുക്കും സുഖം?
സത്യം പറ ശ്രീ .കൊടുത്തത് ലിനെക്സിന്റെ സിഡി തന്നെ ആയിരുന്നോ?അതോ ആ പാവം റിയാസിന്റെ ഹൃദയ മിടിപ്പ് നിന്നു പോകുന്ന വല്ല..........
:)
ഓര്‍മ്മക്കുറിപ്പ് വളരെ നന്നായിരിക്കുന്നു, ശ്രീ. വായിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ റിയാസ് ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ എനിക്കും വല്ലാത്തൊരു ആകാംക്ഷ ! എവിടെയായാലും സന്തോഷമായിരിക്കട്ടെ.
ഹൃദയത്തില്‍ തട്ടിയ എഴുത്ത്.
എല്ലാവരും പ്രത്യാശിക്കുന്നതുപോലെ റിയാസ് ലോകത്തിന്റെ എതോ ഒരു കോണില്‍ സുഖമായി ജീവിച്ചിരിക്കുന്നുണ്ടാകട്ടേ...
ഈ പോസ്റ്റ് കാണാനിടയായി, ശ്രീയുമായി വിണ്ടും സൌഹൃദം പുതുക്കട്ടേ...
കുറച്ചൊരു സാമ്യതയുള്ള എന്റെ അനുഭവം പറയട്ടെ. ഞാന്‍ ഫസ്റ്റ് ഈയര്‍ ബി.എസ്സ്സി.യ്ക്കു പഠിക്കുന്ന കാലം. പ്രീഡിഗ്രി മുതലേ ഞാന്‍ ഹോസ്റ്റലിലാണ്. ഏകദേശം എന്നെപ്പോലെ ശരീര പ്രകൃതിയുള്ള ഒരു പെണ്‍കുട്ടിആ വര്‍ഷം പുതുതായി ഹോസ്റ്റലില്‍ വന്നു ചേര്‍ന്നു. ഞങ്ങള്‍ ഒരേ ക്ലാസ്സില്‍. അതിനാല്‍ ആ കുട്ടിയും ഞങ്ങളുടെ ഗാങ്ങില്‍ ചേര്‍ന്നു.(ഗാങ്ങ് എന്നു പറഞ്ഞാല്‍ മെസ്സില്‍ പോകുമ്പോള്‍ ഒരുമിച്ചുപോകുന്നവര്‍). പക്ഷേ ഈ പെണ്‍കുട്ടി ഇടയ്ക്കിടെ മൂഡൌട്ട് ആകും. കാര്യം ചോദിച്ചാല്‍ പറയുകയും ഇല്ല.കുറെ ദിവസം കഴിഞ്ഞ് ഞാന്‍ നിര്‍ബന്ധിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞു, വീട്ടില്‍ അച്ഛനും അമ്മയും തമ്മില്‍ വഴക്കാണെന്ന്.എന്തായാലും ആദ്യത്തെ ഒരു വര്‍ഷം കഴിഞ്ഞ് ആ പെണ്‍കുട്ടി ഇവിടത്തെ വിദ്യാഭ്യാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോയി. സത്യം പറഞ്ഞാല്‍, അന്ന് എന്റെ മനസ്സിലുദിച്ച വികാരം ഒരു ആശ്വാസമായിരുന്നു, കാരണം, ആകുട്ടിയുടെ മൂഡൌട്ട് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.പിന്നെ ആ കുട്ടിയുടെ ഒരു വിശേഷങ്ങളും എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല.പക്ഷേ ഞാനയാളെ മറന്നതേയില്ല.ഇടയ്കിടെ ആകുട്ടി എന്റെ മനസ്സിലേയ്ക്കെത്തുമായിരുന്നു...
പിന്നിതാ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം...
എന്റെ കൂടെ ജോലിചെയ്തിരുന്ന ഒരാള്‍ കഴിഞ്ഞമാസം ആകസ്മികമായി മരിച്ചു. വളരെ ഷോക്കിങ്ങ് ആയിരുന്നു അത്.
ഈ സംഭവത്തിനു ശേഷം ഒരു ദിവസം ഒരു കടയില്‍ സാധനം വാങ്ങിച്ചുകൊണ്ടു നില്‍ക്കെ, ഒരു സ്ത്രീ വളരെ ധൃതിയില്‍കയറിവന്നു, കടയുടെ ഓണര്‍സ്ത്രീയോടു സംസാരിക്കുന്നു...
‘അറിഞ്ഞില്ലേ അനിയത്തിയുടെ ഹസ്ബന്റ് മരിച്ചുപോയി....’
ഞാനീ സംഭാഷണം ശ്രദ്ധിച്ചു. ഈ സ്ത്രീക്ക് മരിച്ചയാളിന്റെ ഭാര്യയുടെ മുഖച്ഛായ... അപ്പോള്‍ ഞാന്‍ ചോദിച്ചു ‘.....ന്റെ കാര്യമാണോ?’ അപ്പോള്‍ അവര്‍ എന്നോടു തിരിഞ്ഞ് വളരെ സൌഹൃദപൂര്‍വം വിശേഷങ്ങള്‍ പറഞ്ഞു.ഒരഞ്ച്ചു മിനിറ്റ് നേരത്തെ സംഭാഷണം. പിരിഞ്ഞപ്പോള്‍, അവരുടെ ആ സംസാരരീതിയൊക്കെ വളരെ പരിചിതം എന്നൊരു തോന്നല്‍. അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴാണ് ഇന്നു കണ്ടത് അന്നത്തെ ആ കുട്ടിയല്ലേ എന്നു strike ചെയ്തത് !
മരണാനന്തര ചടങ്ങുകള്‍ക്ക് ചെന്നപ്പോള്‍ ഇവരെ അവിടെ വച്ചു കണ്ടു. ഞാന്‍ ചോദിച്ചു ‘....അല്ലേ? ഹോസ്റ്റലില്‍ താമസിച്ചിട്ടുണ്ടോ’ എന്നൊക്കെ?
അന്നത്തെ ആ പെണ്‍കുട്ടി തന്നെ ഈ സ്ത്രീ!
പക്ഷേ എന്നെ ഒട്ടും ഓര്‍മ്മയില്ല. പഴയകാര്യങ്ങളും, ഞാനിത്രയ്ക്കും അയാളെ ഓര്‍ക്കാനുള്ള കാരണവും ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ വീണ്ടും കരഞ്ഞു. പക്ഷേ ഇപ്പോള്‍ സ്നേഹധനനായ ഒരു ഭര്‍ത്താവിനും രണ്ടാണ് മക്കളോടും ഒപ്പം കഴിയുന്നു.വളരെ സന്തോഷം തോന്നിയ ഒരനുഭവമായിരുന്നു അത്.
കമന്റ് ഇത്തിരി നീണ്ടുപോയി ക്ഷമിക്കുക.
എത്ര നന്നായി എല്ലാം ഓര്‍ത്തു വെച്ചിരിക്കുന്നു. ആ കൂട്ടുകാരനെ ഇനിയും കണ്ടുമുട്ടുമെന്നു തന്നെ വിശ്വസിക്കുന്നു. :)
ഒരു പാട് വൈകി വായിച്ചെങ്കിലും ഈ സൌഹൃദപോസ്റ്റ് എനിക്കിഷ്ടമായി. വേദന സമ്മാനിച്ചാണ് ശ്രീ ഇത് അവസാനിപ്പിച്ചത്. ഇനി എല്ലാ പ്ലാറ്റ് ഫോമുകളിലും എല്ലാ സീറ്റുകളിലും റിയാസിനെ അന്വേഷിക്കാന്‍ മനസ്സ് ചിലപ്പോള്‍ കലമ്പലുകള്‍ കൂട്ടിയേക്കാം.
ശ്രീ നന്നായിരിക്കുന്നു. സൊഹൃദത്തിന്‍റെ പുതിയ വേദനകളുമായി ഇനിയും പ്രതീക്ഷിക്കാം.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
“ഞാന്‍ ശ്രീ”...
സ്വാഗതം. നന്ദി, വായനയ്ക്കും ഈ കമന്റിനും. :)
വയനാടന്‍ മാഷേ...
നന്ദി. :)
ഭൂമിപുത്രി...
അതെ, അങ്ങനെ ചിന്തിയ്ക്കുന്നതു തന്നെയാണ്‍ സുഖം. നന്ദി. :)
കൃഷ്ണപ്രിയ...
സ്വാഗതം. അതു ലിനക്സ് തന്നെ ആയിരുന്നൂട്ടോ :) വായനയ്ക്കും കമന്റിനും നന്ദി.
സ്നേഹതീരം ചേച്ചീ...
അതെ, എവിടെ ആണെങ്കിലും അവന്‍ സുഖമായിരിയ്ക്കട്ടെ. നന്ദി ചേച്ചീ. :)
ഗീതേച്ചീ...
ഈ കമന്റ് ഒരു നല്ല അനുഭവക്കുറിപ്പ് തന്നെ. നന്ദി. :)
അപര്‍ണ്ണ...
വളരെ നന്ദി. :)
ഇരിങ്ങല്‍ മാഷേ...
സ്വാഗതം. സൌഹൃദം പകര്‍ന്നു തന്ന മറക്കാനാകാത്ത ചില ഓര്‍മ്മകളിലൊന്നാണ് ഇത്. നന്ദി, വായനയ്ക്കും ഈ കമന്റിനും. :)
ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല ശ്രീ. ചിലപ്പോഴ്, എവിടെയെങ്കിലും ജോലിക്കിട്ടീ മാറി പോയതാവണം. എന്റെ ഏട്ടന്റെ മകനു ഇത് പോലെയൊരു ചാറ്റ് ഫ്രെണ്ട് ഉണ്ടായിരുന്നു. എന്നോട് അവന്‍ പറയും മിക്കപ്പോഴും ഇവള്‍ടേ കാര്യം, അവള്‍ടേ പേരു ഒരു ഇറ്റലിക്കാരി ചിങ്കോരി. എന്നും അവര്‍ തമ്മില്‍ കത്തുകളൊക്കെ കൈമാറുന്നതായിട്ട് പറയും. ഫോണും എസ്.എം.എസും ഒന്നുമുണ്ടായില്ല ആ കാലത്ത്. ഒരിയ്ക്കല്‍ ഒരു ഉച്ചയ്ക്ക്, അവന്‍ പറഞു, അവള്‍ ഇങ്ങോട്ട് വരട്ടേന്ന് ചോദിയ്ക്കുന്നു, നാളേ വിശദമായിട്ട് മറുപടി വിടണം അമ്മായി. നമ്മുടെ നാടിനെ കുറിച്ച് ഒരു സ്ക്രിപ്റ്റ് വേണം. രാത്രി അവന്റെ ജഡത്തിനു മോര്‍ച്ചറിയില്‍ കാവല്‍ നില്‍ക്കുമ്പോഴ്, ഞാന്‍ എപ്പശോ ഒരിയ്കല്‍ ഓര്‍ത്തു, പാവം ചിങ്കോരി, എന്ത് കരുതുന്നുണ്ടാവും മറുപടീ വരാത്ത ഇവന്റെ സൌഹൃദത്തേ പറ്റി? ദൂരെ ദൂരെ ഇരിയ്ക്കുന്ന അവള്‍ എങ്ങനെയാണു ഇനി അറിയുക ഇവന്‍ ഇല്ല്യാണ്ടേ ആയി ന്ന്? എന്തൊരു ദുരൂഹതയാണു ജീവിതം മൊത്തമല്ലേ ശ്രീ? ഒക്ക്കേനും ഡീലിങ്ക് ചെയ്ത് കഞ്ചാവോ കറുപ്പോ അടിച്ച് അപ്പൂപ്പന്‍ താടി പോലെ നടക്കണവരെ കാനുമ്പോ ഞാന്‍ പുച്ഛിച്ചിട്ടുണ്ട്, പക്ഷെ അവരൊക്കേയും ചിലപ്പ്പോഴ് ചിന്തകളില്‍ നിന്ന് ഓടിയോളിയ്ക്കുന്നവരാകും, അല്പ നേരത്തേയ്ക്കെങ്കിലും വിജയകൊടി പാറിയ്ക്കുന്നവര്‍.
ഒരു പ്ലാറ്റ്ഫോം സൌഹൃദം... ഗംബീരമായിരിക്കുന്നു മാഷെ..
എന്താ എന്നറിയില്ല ഒരു സൌഹൃദത്തിന്റെ ഊഷ്മളത ശരിക്കും അനുഭവിചു വായിചപ്പോള്‍.....
നല്ല ഓര്‍മക്കുറിപ്പ്....
ഇക്കക്ക് അങട്ട് ബോധിച്ചു കെട്ടാ.......
അതെ,അങ്ങനെ തന്നെയാകട്ടെ. പിന്നെ, ഈ കമന്റ് ഒരു ഞെട്ടിപ്പിയ്ക്കുന്ന അനുഭവം തന്നെയാണല്ലോ അതുല്യേച്ചീ... എന്തായാലും വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
തല്ലുകൊള്ളീ...
ഈ സൌഹൃദത്തിന്റെ ഊഷ്മളത മനസ്സിലാക്കിയതിനു വളരെ നന്ദി.
ഇക്കാ...
സ്വാഗതം. ഈ ഓര്‍മ്മക്കുറിപ്പ് ഇക്കായ്ക്ക് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
ശരിയാണ് ശ്രീ സ്ഥിരമായി ട്രയിന്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഉണ്ടാവും പ്ലാറ്റ്ഫ്ഹോമില്‍ നിന്നോ കോച്ചിന്റെ വാതില്‍ പടിയില്‍ നിന്നോ ഒരേ സീറ്റില്‍ ഒരുമിച്ചു യാത്ര ചെയ്‌തോ കിട്ടുന്ന ഇതുപോലെ അല്ലങ്കില്‍ ഇതിലും അടുപ്പമുള്ള ഒരു സൗഹ്യദം. പിന്നീട് ജീവിതത്തിന്റെ തിരക്കിലേക്ക് ത്തുമ്പോഴേക്കും അറിയാതെ നഷ്ടപ്പെടുന്ന സൗഹ്യദങ്ങള്‍. ശ്രീ യുടെ ആ സുഹ്യത്ത് ഇന്നു ഒരുപക്ഷേ അമേരിക്കയില്‍ അല്ലങ്കില്‍ കൊച്ചുകേരളത്തില്‍ തന്നെ ഉണ്ടാവും.
ശ്രീയെപോലെ, എറണാകുളത്തുനിന്നും തിരുവനന്തപുരത്തെക്കുള്ള ഒരു ട്രയിന്‍ യാത്രയില്‍ മലബാര്‍ എക്സ്പ്രസ്സില്‍ പരിചയപ്പെട്ട ഒരു സുഹ്യത്ത്...അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വര്‍ക്ക് ചെയ്തിരുന്ന ഊര്‍ജ്ജസ്വലനായ യുവ ഡോക്ടര്‍. ഒറ്റട്രയിന്‍ യാത്ര...പിന്നീട് ഒരിക്കല്‍ മാത്രം അടുത്ത ഒരു ബന്ധുവിനെ കാണാന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ ചെന്നപ്പോള്‍ അവിടെ വച്ചു കണ്ടു. പക്ഷേ ആദ്യ ആ ട്രയിന്‍ യാത്ര കഴിഞ്ഞപ്പോള്‍ മുതല്‍ ദിവസവും ഫോണ്‍ അല്ലങ്കില്‍ ഇമയില്‍ വഴി കോണ്‍ടക്റ്റ് ചെയ്തിരുന്നു. പിന്നീട് അവന്‍ അമ്യത ഇന്‍സ്‌റ്റിട്യൂട്ടില്‍ നിന്നും തിരുവനന്തപുരത്തുള്ള കിംമ്‌സ് ഹോസ്പിറ്റലിലേക്ക് മാറി. വീടിന് അടുത്തായതുകൊണ്ടൂം വീട്ടില്‍ അമ്മ തനിച്ചായതുകൊണ്ടും അതായിരുന്നു അവന് കൂടുതല്‍ സൗകര്യം. അപ്പോഴും ഞങ്ങളുടെ ഫോണ്‍വിളി തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് പോയി പിന്നെ തുടരെഉള്ള ഫോണ്‍ വിളി കഴിയാതെ ആയി. മെയിലുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞ് ഇല്ലാതെ ആയി. പിന്നീട് ഓരോ മൂന്നുമാസവും കൂടുമ്പോള്‍ നാട്ടിലെത്തുമ്പോള്‍ പഴയതുപോലെ ഫോണില്‍ സംസാരിക്കും. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അവനെ വിളിച്ചപ്പോള്‍, അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും നല്ല ഓഫര്‍ വന്നു അതുകൊണ്ട് അവിടെ റീജോയിന്‍ ചെയ്തു എന്നു പറഞ്ഞു. പിന്നീട് നാട്ടില്‍ വന്നപ്പോള്‍ വിളിച്ചപ്പോഴൊന്നും അവനെ കിട്ടിയില്ല. ഒരാഴ്ചത്തെ അവധിക്കു വരുന്ന എനിക്ക് എപ്പോഴും തിരക്കയിരുന്നു. അതുകൊണ്ട് ആ തവണ അവനോട് സംസാരിക്കന്‍ കഴിഞ്ഞില്ല.
അടുത്ത തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ അമ്മക്ക് അമ്യതയില്‍ പോയി ഡോ. വിജയകുമാറിനെ കണ്‍സള്‍ട്ട് ചെയ്യേണ്ടിയിരുന്നു. അപ്പോള്‍ ഞാന്‍ അമ്മയുമായി ഡോ. വിജയകുമാറിനെ കാണാന്‍ വരുന്നുണ്ട് അവിടെ വച്ചുകാണാം എന്നറിയിക്കാമന്ന്കരുതി അവനെ വിളിച്ചു, പക്ഷേ ആ മൊബൈയില്‍ നംബര്‍ നിലവിലില്ല എന്നമെസ്സേജാണ് കിട്ടിയത്. അപ്പോള്‍ ഹോസ്പിറ്റല്‍ നംബറില്‍ വിളിച്ച് കണക്ട് ചെയ്യിച്ചു. ഒരു പുതിയ സ്റ്റഫ് നേഴ്സാണ് ഫോണ്‍ എടുത്തത്. അവനെ കുറിച്ച് അന്വഷിച്ചപ്പോള്‍ അങ്ങനെ ഒരാളെ അറിയില്ല എന്നുപറഞ്ഞ് പഴയ സ്റ്റാഫിന് ഫോണ്‍ കൊടുത്തു. അവരോട് അവനെപറ്റി ചോദിച്ചപ്പോള്‍ നാലുമസം മുന്‍പ് അവിടനിന്നും റിസയിന്‍ ചെയ്തുപോയി എന്നുപറഞ്ഞു.
ഉടനെ തന്നെ അവന്റെ വീട്ടിലെ നംബറില്‍ വിളിച്ചു. റിംങ് ഉണ്ട് ആരും എടുക്കുന്നില്ല. പലതവണ പല സമയങ്ങളില്‍ വിളിച്ചുനോക്കി. രാത്രിവൈകിയും അതിരാവിലെയും ഒക്കെ. എപ്പോഴും റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. അവസാനം അവധികഴിഞ്ഞ് ഞാന്‍ ഡ്ല്‍ഹിക്ക് തിരിച്ച്പോയി. ഡല്‍ഹിയില്‍ നിന്നും പലതവണ വിളിച്ചുനോക്കി പതിവുപോലെ റിംങ് ഉണ്ടാവും ആരും ഫോണ്‍ എടുക്കില്ല. കുറെദിവസം കഴിഞ്ഞ്പ്പോള്‍ പിന്നെ റിംങ്ങും ഇല്ലതെ ആയി. എന്നിട്ടും ഇടക്കൊക്കെ വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ അവന്റെ നംബറിലും വിളിച്ചു കൊണ്ടേ ഇരുന്നു. അവസാനം ഒരു ദിവസം പ്രായം ചെന്ന ഒരു സ്ത്രീ ഫോണ്‍ എടുത്തു. ആശ്വസത്തോടെ അവനെ ചോദിച്ചപ്പോള്‍ റോങ് നംബര്‍ എന്നു പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു അപ്പോഴും പഴയ ആ പ്രായം ചെന്ന സ്ത്രീ തന്നെ ഫോണ്‍ എടുത്ത് റോങ് നംബര്‍ എന്നു പറഞ്ഞ് കട്ട് ചെയ്തു. അവസനം ഒന്നുകൂടി വിളിച്ച് ചോദിച്ചു ഇതു പുതിയ കണകഷന്‍ ആണോ എന്ന്. അതെ പുതിയ കണകഷന്‍ ആണ് എന്നു പറഞ്ഞപ്പോള്‍ മനസ്സിലായി ലാന്റ് ലൈന്‍ അവന്‍ കട്ട് ചെയ്തിരിക്കുന്നു എന്ന്. പലതവണ മെയില്‍ ചെയ്തു. ഒരു റിപ്ലേയും കണ്ടില്ല. അവസാനം അടുത്ത അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ വീണ്ടൂം അമ്യത ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിളിച്ചു പഴയ ആ സ്റ്റാഫിനോട് അവന്‍ എവിടെ ആണന്ന എന്തങ്കിലും വിവരം ഉണ്ടോ എന്നന്വഷിച്ചു. അപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.
അമ്മഹോസ്പിറ്റലില്‍ ആണ് എന്നു പറഞ്ഞ് അവധി എടുത്ത് വീട്ടിലേക്കു പോയ അവന്‍, പിന്നീട് റിസൈയിന്‍ ലെറ്ററുമായാണ് അമ്യതയില്‍ എത്തിയതന്നും, അപ്രതീക്ഷിതമായ അമ്മയുടെ മരണം അവനെ താങ്ങാവുന്നതിലധികമായിരുന്നുവന്നും, റിസൈന്‍ ചെയ്തുപോയ അവനെ കുറെ കാലത്തിനു ശേഷം അവിടുത്തെ ഏതോ ഒരു സ്റ്റാഫ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചു കണ്ടു എന്നും, അപ്പോള്‍ പ്രൊഫഷന്‍ ഒക്കെ വിട്ട് അമ്യത ആശ്രമത്തില്‍ ജോയിന്‍ ചെയ്തു എന്നും പറഞ്ഞു.
പിന്നെ അവനെ ഞാന്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും പോലെ എല്ലാം ശ്രമിച്ചു നോക്കി. ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല.ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അവനെ തിരയുകയാണ്. ഇവിടെ കൊറിയയില്‍ എത്തിയിട്ടും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കയാണ് അവന്‍ എവിടെ ഉണ്ട് എന്ന് അറിയാന്‍. എന്നങ്കിലും കാണുമന്നോ കണ്ടുപിടിക്കാമന്നോ എന്ന് ഇന്നും പ്രതീക്ഷിക്കയാണ്. ഒന്നു കാണണം ഒന്നു കണ്ടാല്‍ മാത്രം മതി.
പ്രശാന്ത്...
സമാനമായ അനുഭവമാണല്ലോ അല്ലേ? ഒരു പോസ്റ്റാക്കാവുന്ന കമന്റ്. നന്ദി. :)
ആ സുഹൃത്തിനെ കണ്ടെത്താനാകട്ടെ എന്ന് ആശംസിയ്ക്കുന്നു.
ശരിയാണ് ശ്രീ പറഞ്ഞത്. ഓരുതരത്തില്‍ ശ്രീയുടെ അനുഭവവുമായ് കുറേ സാദ്യശ്യമുള്ള അനുഭവം. എങ്കിലും സാദ്യശ്യത്തെകാള്‍ വ്യത്യാസമുണ്ട്. ഒരു പോസ്റ്റാക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല. നഷ്ടപ്പെട്ട എന്റെ നീലാംബരിയെ പോലെ അവന്‍ എന്റെ രാത്രികളെ നിദ്രാവിഹീനമാക്കുന്നു. തിരയുന്നു എങ്കിലും കണ്ടെത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇനി അധവാ കണ്ടത്തിയാലും എന്റെ പഴയ ആ സുഹ്യത്താകാന്‍ അവനു കഴിയില്ലല്ലോ? സൗഹ്യദം എന്നും തുലാവര്‍ഷം പോലെയാണ്. എപ്പോഴാണ് മഴനൂലുകളായ് പെയ്തൊഴിയുക എന്നു പറയാന്‍ കഴിയില്ല....
റിയാസ് സുഖമായിട്ടിരിക്കുന്നുണ്ടാവും. ഇതുപോലെ ഒരു കൂട്ടുകാരി എനിക്കും ഉണ്ട്. കണ്ടിട്ടില്ല. സംസാരിച്ചിട്ടുമില്ല. ബ്ലോഗിലൂടെയുള്ള പരിചയം മാത്രം. എനിക്കറിയാം ഞാനയക്കുന്ന കത്തുകളൊന്നും വായിക്കുന്നില്ലെന്ന്, എന്നാലും എല്ലാ ആഘോഷങ്ങള്‍ക്കും ഞാന്‍ ആ ബ്ലോഗില്‍ കയറി ആശംസകള്‍ എഴുതിയിടും. വെറുതെ. എന്ടെ മനസ്സില്‍ എപ്പൊഴും ഉണ്ടല്ലോ.
Post a Comment