പുസ്തകം : അണലി
രചയിതാവ് : ശശി വാര്യർ
വിഭാഗം : നോവൽ
ഭാഷ : മലയാളം
പ്രസാധകർ : പൂർണ്ണ പബ്ലിക്കേഷൻസ്
പേജ് : 362
വില : 150
Rating : 4/5
പുസ്തക പരിചയം :
മലയാളി വായനക്കാർക്ക് തികച്ചും അപരിചിതമായ ഒരു മേഖലയാകണം തീവ്രവാദ പശ്ചാത്തലത്തിലുള്ള കഥയും അതിനെ ചെറുക്കുന്നതിനുള്ള കമാൻഡോ ഓപ്പറേഷനുകളും പ്രമേയമായിട്ടുള്ള ഒരു നോവൽ. 1995-2005 കാലഘട്ടങ്ങളിൽ പ്രത്യേകിച്ചും. ഇത്തരത്തിൽ പെട്ട കഥകൾ എഴുതുന്ന 'ആദ്യത്തെ ഇന്ത്യൻ നോവലിസ്റ്റ്' ആണത്രേ മലയാളി എങ്കിലും ആംഗലേയ സാഹിത്യകാരൻ ആയ 'ശശി വാര്യർ'.
അദ്ദേഹത്തിന്റെ ആദ്യാവസാനം ത്രില്ലും സസ്പെൻസും നിറഞ്ഞ ഒരു നോവൽ ആണ് 'അണലി'. കഥയുടെ പേര് തന്നെ സൂചിപ്പിയ്ക്കുന്നത് പോലെ എറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ 'അണലി' യെ പോലെ എവിടെയോ ഒളിഞ്ഞിരുന്നു ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്ന അപകടകാരിയായ ഒരു അജ്ഞാതന്റെ ബുദ്ധിപരവും മാരകവുമായ നീക്കങ്ങളിൽ നിന്ന് രാജ്യത്തെയും ഗവണ്മെന്റിനെയും രക്ഷിയ്ക്കുന്ന ഇന്ത്യൻ മിലിട്ടറിയിലെ 'സ്‌പെഷൽ ഓപ്പറേഷൻസ് ഫോഴ്സ്' ലെ സെക്കന്റ് ലെഫ്റ്റനന്റ് 'രാജ' എന്നറിയപ്പെടുന്ന രാജൻ മേനോന്റെ സാഹസികമായ തീരുമാനങ്ങളും നീക്കങ്ങളും കൗണ്ടർ അറ്റാക്കുകളുമെല്ലാം കൊണ്ട് അക്ഷരാർത്ഥത്തിൽ ഒരു പരിപൂർണ്ണ ത്രില്ലർ ആണ് അണലി എന്ന ഈ നോവൽ.
യാത്രക്കാരുമായി പോകുകയായിരുന്ന ഒരു ട്രെയിനിന്റെ ഒരു കമ്പാർട്ട്മെന്റ് തീവ്രവാദികൾ ഹൈജാക്ക് ചെയ്തു എന്ന അറിയിപ്പ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് ലഭിയ്ക്കുന്നു. യാത്രക്കാരെ മുഴുവൻ ബന്ദികൾ ആക്കുകയും റെയില് വേ സുരക്ഷാ പോലീസുകാരിൽ ഒരാളെ വെടിവച്ചു കൊല്ലുകയും ചെയ്തു. പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച ഒരു യാത്രക്കാരനെയും. യാത്രക്കാരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കൂട്ടത്തിൽ ഒരാൾ ആകട്ടെ, ഭരണ പക്ഷത്തുള്ള ഒരു മന്ത്രിയുടെ ബന്ധുവും. അവരെ വിട്ടയയയ്ക്കുന്നതിന് വലിയൊരു സംഖ്യ വിദേശ കറന്സികൾ ആയും സ്വർണ്ണമായും വേണമെന്ന് റാഞ്ചികൾ ആവശ്യപ്പെടുന്നു. ഒപ്പം തടവിൽ കഴിയുന്ന കാശ്മീർ തീവ്രവാദികളെ വിട്ടയയ്ക്കുകയും വേണം. വളരെ കുറച്ചു സമയത്തിനുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ തടവുകാരെ ഓരോരുത്തരെയായി വധിയ്ക്കും. വല്ലാത്ത ഈ ഒരു പ്രതിസന്ധിയിൽ ഗവണ്മെന്റ് രക്ഷാപ്രവർത്തനം മിലിട്ടറിയിലെ SOF വിങ് നെ ഏൽപ്പിയ്ക്കുന്നു.
കേണൽ രാജയുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദരായ ഒരു ടീം ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ഥിതിഗതികൾ പഠിയ്ക്കുകയും കൃത്യമായ പ്ലാൻ തയ്യാറാക്കി അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ തീവ്രവാദികളെ എല്ലാം കൊലപ്പെടുത്തി തടവുകാരെ രക്ഷിയ്ക്കുന്നു. പക്ഷെ, ഈ തട്ടിക്കൊണ്ടു പോകലിന്റെ പ്രധാന ആസൂത്രകൻ ആയി, പുറത്ത് നിന്നു ചരട് വലിയ്ക്കുന്ന, അതി ബുദ്ധിമാനും അത്യന്തം അപകടകാരിയുമായ ഉന്നതങ്ങളിൽ പിടിയുള്ള മറ്റൊരാൾ (അണലി) ഉണ്ടെന്ന് രാജ മനസ്സിലാക്കുന്നു. അയാളെ മാത്രം പിടി കൂടാനോ കണ്ടെത്താനോ ഇവർക്ക് സാധിയ്ക്കുന്നില്ല.
അതിന്റെ പരിണിത ഫലങ്ങൾ ഭയങ്കകരമായിരുന്നു. അണലി കൂടുതൽ ശക്തമായും ബുദ്ധിപരമായും തിരിച്ചടിയ്ക്കുന്നു. ഒന്നിന് പുറകെ ഒന്നായി കൂടുതൽ ശക്തിയായി തന്നെ.
അവസാനം അതി വിനാശകരമായ ഒരു പ്ലാൻ അണലി തയ്യാറാക്കുന്നു. ഒപ്പമുള്ള ആരെ വിശ്വസിയ്ക്കണം എന്നു പോലും മനസ്സിലാകാത്ത ഒരു സാഹചര്യത്തിൽ, സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ പോലും രാജ അണലിയെ തടയാൻ ഇറങ്ങുന്നു.
ആദ്യാവസാനം ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന ഒരു ത്രില്ലർ തന്നെയാണ് ഈ നോവൽ. സിനിമകളിൽ എല്ലാം ഇത്തരം സീനുകൾ നാം കാണാറുണ്ട് എങ്കിലും അതൊരു നോവലിൽ വായിയ്ക്കുമ്പോൾ ആണ് ഇത്തരത്തിൽ നാം പത്രങ്ങളിൽ കാണുന്ന ഓരോ വാർത്തകൾക്കും പുറകിലും ഉണ്ടായേക്കാവുന്ന യഥാർത്ഥ ഭീകരതയുടെ വലിപ്പം നമുക്ക് ശരിയ്ക്ക് തിരിച്ചറിയാൻ കഴിയുക.
ഒരു മിലിട്ടറി കമാൻഡൊ ഓപ്പറേഷന്റെ ഒരുക്കങ്ങളും അതിൽ ഉൾപ്പെട്ടിരിയ്ക്കുന്നവർ അനുഭവിയ്ക്കുന്ന ത്യാഗങ്ങളും ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും വക വയ്ക്കാതെ സ്വന്തം ജീവൻ പോലും വക വയ്ക്കാതെ നാടിനു വേണ്ടി പോരാടുന്ന അവരുടെ ആത്മ വീര്യവും അതേ സമയം അവർക്ക് നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളും... അത് പോലെ തന്നെ ബന്ധിയാക്കപ്പെട്ടവർക്ക് പിന്നീട് രക്ഷപ്പെട്ടാൽ പോലും ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും എല്ലാം നമ്മൾ വായനക്കാർക്ക് ഇത്രയും അനുഭവ വേദ്യമാക്കുന്ന ഇത് പോലുള്ള മറ്റൊരു നോവലും ഇത് വരെ വായിച്ചിട്ടില്ല. ഇത് പോലുള്ള ഒരു ഓപ്പറേഷനിൽ ഓരോ സെക്കന്റുകളും എത്രത്തോളം നിർണ്ണായകമാണ് എന്ന് വായനയ്ക്ക് ഇടയിൽ നമ്മൾ അത്ഭുതപ്പെടും.
നമ്മുടെ സൈനികരെയും അവരുടെ ജീവിതത്തെയും അടുത്തറിയാൻ തീർച്ചയായും ഇത് പോലുള്ള കഥകൾ നമ്മൾ വായിച്ചിരിയ്ക്കേണ്ടത് തന്നെയാണ്. പക്ഷെ, നിർഭാഗ്യവശാൽ ശശി വാര്യരും അദ്ദേഹത്തിന്റെ നോവലുകളും എന്തു കൊണ്ടോ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.
- ശ്രീ
0 comments:
Post a Comment