Thursday, August 23, 2007

ഓണം! ഓണ സദ്യ!!!


വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തിക്കഴിഞ്ഞു. എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ആഘോഷപൂര്‍‌വ്വം കൊണ്ടാടുന്ന ഒന്നാണ് കേരളത്തിന്റെ ഈ ദേശീയോത്സവം. ഇതു പോലെ ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവവും ലോകത്തു മറ്റൊരിടത്തുമില്ലെന്നാണ് പറയപ്പെടുന്നത്. ഓണം പൂക്കളുടെ ഉത്സവമാണ്. നാട്ടില്‍‌ വിളവെടുപ്പു കാലം കൂടിയാണ് ഓണക്കാലം.


ഓണത്തിന്റെ മറ്റൊരു പ്രധാന ആകര്ഷണം ഓണസദ്യയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’, ‘ഉണ്ടറിയണം ഓണം’ എന്നെല്ലാമാണ് ഓണത്തെക്കുറിച്ച് പഴമക്കാര്‍‌ പറയുക.
പണ്ടു പട്ടിണിയും കഷ്ടപ്പാടുകളും നിത്യസംഭവമായിരുന്ന കാലത്ത് ആഘോഷം പോലെ പപ്പടവും പഴവും പായസവും കൂട്ടി മൃഷ്ടാന്നം ഭക്ഷിക്കാനുള്ള അപൂര്‍‌വ്വം അവസരങ്ങളിലൊന്നായിരുന്നു സാധാരണക്കാരന് ഓണം. ഇന്ന് ആ അവസ്ഥ മാറി എങ്കിലും ഓണത്തെയും ഓണ സദ്യയേയും പറ്റിയുള്ള ഓര്‍‌മ്മകള്‍‌ ഏതൊരു കേരളീയനും ഗൃഹാതുരത്വം തോന്നിപ്പിക്കുന്ന ഒന്നാണ്.
ഓണസദ്യയിലെ പ്രധാന വിഭവങ്ങളില്‍‌ കൂടി നമുക്കൊന്നു കണ്ണോടിക്കാം.


സാമ്പാര്‍‌, കാളന്, ഓലന്, അവിയല്‍‌, എരിശ്ശേരി, തോരന്‍‌,പുളിശ്ശേരി, പച്ച മോര്, പപ്പടം, കായ ഉപ്പേരി, പഴം നുറുക്ക്, ശര്‍‌ക്കര പുരട്ടി, പ്രഥമന്‍‌ എന്നിവയെല്ലാമാണ് സാധാരണ ഓണസദ്യയിലെ പ്രധാന വിഭവങ്ങള്. ഈ കൂട്ടത്തില്‍‌ തന്നെ അവിയിലും സാമ്പാറും പിന്നീട് ചേര്‍‌ക്കപ്പെട്ടതാണ് എന്നും പറയപ്പെടുന്നുണ്ട്. പയറ്, പാവക്ക, ചേമ്പ്, ചേന എന്നീ വിഭവങ്ങള്‍‌ കൊണ്ടുള്ള വിശേഷപ്പെട്ട ഉപ്പേരികളും ചീര മുരിങ്ങ തുടങ്ങിയ ഇലക്കറികളും ഓണ വിഭവങ്ങളില്‍‌ പ്രധാനമാണ്. അച്ചാറുകള്‍, ഉപ്പിലിട്ടത് എന്നീ വിഭാഗങ്ങളില്‍‌ മാങ്ങ, നാരങ്ങ, ഇഞ്ചി എന്നിവയും ഉള്‍‌‍‌പ്പെടുന്നു. പിന്നെ അരി, ഗോതമ്പ്, പഴം, പരിപ്പ്, അട എന്നിങ്ങനെയുള്ള വിവിധ തരം പ്രഥമനും.


വിളമ്പുന്നതിനും ഉണ്ട് ചില പ്രത്യേകതകള്‍‌. തൂശനില അഥവാ നാക്കില തന്നെ വേണം. അതില്‍‌ തന്നെ ഇലത്തുമ്പ് അഥവാ നാക്ക് ഇടത്തേയ്ക്കു വരുന്ന രീതിയില് ഇല വയ്ക്കണം എന്നാണ്. ചിത്രത്തില്‍‌ കാണുന്നതു പോലെ.


ഇനി വിഭവങ്ങള്‍‌ വിളമ്പുന്നതിനും പ്രത്യേക ഇടങ്ങളുണ്ട്. നടുക്ക് ചോറ്, ഇടതു ഭാഗത്ത് മുകളില്‍‌ ഏതെങ്കിലും ഉപ്പേരികള്‍‌, വലതു വശത്ത് താഴെ പഴം നുറുക്ക്, കായ ഉപ്പേരി, ശര്ക്കര ഉപ്പേരി, ഇടത്ത് വശം പപ്പടം, വലത്ത് കാളന്, പിന്നെ എരിശ്ശേരി, സാമ്പാര്‍‌, അതു പോലെ അച്ചാറും ഉപ്പിലിട്ടതും.പരിപ്പുകറി, പച്ചമോര്, പുളിശ്ശേരി, തോരന്‍‌ എന്നിവയും കൂട്ടത്തില്‍‌ കൂടുന്നു.


[കേട്ടറിവു വച്ചുള്ള വിശദീകരണങ്ങളാണ് ഏറെയും. തെറ്റുകള്‍‌ പൊറുക്കുക, തിരുത്തുക. പ്രാദേശികമായ ചില വ്യതിയാനങ്ങള്‍‌ ഈ പറഞ്ഞതില്‍‌ നിന്നും വരാറുണ്ട്.

ഈ ഓണ സദ്യയുടെ കൂട്ടത്തില്‍‌ പെടാത്ത അത്തരം കുറേ വിഭവങ്ങളെ പറ്റി എല്ലാവര്‍‌ക്കും കുറേ പറയാനുണ്ടാകും. അതെല്ലാം കമന്റുകളായി പ്രതീക്ഷിക്കുന്നു.]

എല്ലാവരുടേയും ഓണ സദ്യ ഗംഭീരമാകട്ടേ!
പൊന്നോണാശംസകള്‍‌


30 comments:

 1. ശ്രീ said...

  വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തിക്കഴിഞ്ഞു. ഓണക്കാലത്തിന്റെ പ്രധാന ആകര്ഷണങ്ങളിലൊന്നായ ഓണ സദ്യയില് കൂടി നമുക്കൊന്നു കണ്ണോടിക്കാം.

  ഈ ഓണ സദ്യയുടെ കൂട്ടത്തില് പെടാത്ത അത്തരം കുറേ വിഭവങ്ങളെ പറ്റി എല്ലാവര്‍‌ക്കും കുറേ പറയാനുണ്ടാകും. അതെല്ലാം കമന്റുകളായി പ്രതീക്ഷിക്കുന്നു.

  എല്ലാവര്‍‌ക്കും പൊന്നോണാശംസകള്

 2. P.R said...

  ഇഞ്ചിത്തൈര് എന്നൊന്നു പതിവുണ്ട്. അതാണോ,ഉപ്പിലിട്ടതിന്റെ കൂട്ടത്തില്‍ കണ്ടത്? [മാങ, നാരങ്ങ, ഇഞ്ചി] ഇഞ്ചിത്തൈരിന് ആയിരം കറിയുടെ ഫലമാണെന്നും കേട്ടിട്ടുണ്ട്.

  എന്റെ ഓര്‍മ്മയിലെ കാലത്തും സാമ്പാറിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. പകരം മോരൊഴിച്ച കൂട്ടാനൊക്കെയായിരുന്നു വലിയ സ്ഥാനം. പക്ഷെ അവിയല്‍ ഉണ്ടായിരുന്നുവെന്നാണോര്‍മ്മ.
  ശര്‍ക്കര ഊപ്പേരിയ്ക്കും, കായ വറുത്തതിനുമൊപ്പം ചേന വറുത്തതും കണ്ടിട്ടുണ്ട്.
  പിന്നെ രസം ഇല്ലേ? രണ്ടാമത്തെ തവണത്തെ ചോറിനുള്ള രസം?

 3. ദ്രൗപതി said...

  ശ്രീ...
  ഓണസദ്യ കൊള്ളാം..
  പക്ഷേ..
  ഇന്ന്‌ ഓണവിഭവങ്ങള്‍ക്കിടയില്‍
  മത്സ്യമാംസാദികളും സ്ഥാനം പിടിച്ചുകഴിഞ്ഞുവെന്ന വാസ്തവം വിസ്മരിക്കാതിരിക്കാവില്ല...

  ഇതുപോലെയുള്ള ഭക്ഷണം
  ഉണ്ടാക്കുന്നില്ല എന്നല്ല..
  മറിച്ച്‌
  ഇത്തരം വിഭവങ്ങളെല്ലാം ഉണ്ടാക്കാനുള്ള സമയം
  നഷ്ടപ്പെടുത്താന്‍
  ആര്‍ക്കും താല്‍പര്യമില്ല എന്നതാണ്‌ വാസ്തവം..
  പക്ഷേ അതിന്‌ ആരെയും കുറ്റം പറയാന്‍ സാധിക്കില്ലെന്നത്‌ മറ്റൊരു യാഥാര്‍ത്ഥ്യം...
  കാരണം നാടോടുമ്പോള്‍ നടുവെ ഓടണം എന്നല്ലേ...?

  ഇന്‍സ്റ്റന്റ്‌ ഓണസദ്യയുടെ
  പരസ്യം കണ്ടുതുടങ്ങിയിരിക്കുന്നു...
  ചാനലുകളില്‍ വിവിധ പരിപാടികളുടെ പരസ്യങ്ങളും...

  ദ്രൗപതിയുടെ മനസില്‍ ഒന്നുമാത്രം...
  ഇവ രണ്ടും ഓണനാളിലെങ്കിലും നിരോധിച്ചിരുന്നെങ്കില്‍...(എന്റെ മാത്രം അഭിപ്രായാ ട്ടോ...)

  ശ്രീ..
  നല്ലൊരു പോസ്റ്റ്‌...
  ഒരു മുത്തശിക്കഥ പോലെ തോന്നി..
  അഭിനന്ദനങ്ങള്‍..
  ഒപ്പം ഓണാശംസകളും...

 4. sandoz said...

  ഉം..സദ്യയൊക്കെ കൊള്ളാം..
  സദ്യക്ക്‌ മുന്‍പുള്ള ചെറിയ കുടല്‍ കഴുകല്‍ പാനീയത്തിന്റെ കാര്യം കൂടിയൊന്ന് പരിഗണിക്കണം...

 5. ഉണ്ണിക്കുട്ടന്‍ said...

  സാന്‍ഡോസേ ഓണത്തിനതില്ല.. വേണേ കുറച്ചു ജീരക വെള്ളം തരാം അതു കൊണ്ടു കഴുകിയാ മതി..

 6. Dinkan-ഡിങ്കന്‍ said...

  സദ്യ കണ്ട് തന്നെ വയറ് നെറയണൂ :)
  വിളമ്പുമ്പോള്‍ ഒരു പുളിയുള്ളകറി അടുത്തത് പുളിയില്ലാത്തകറി എന്ന ക്രമത്തിലാണെന്ന് തോന്നുന്നു അല്ലെ? പ്രായമായവര്‍ ആരെങ്കിലും ഒന്ന് പറയൂ (ആരും വരില്ല പ്രായം ആയെന്ന് ഭയന്ന്)

  സാന്‍ഡൊ ക്ഷീരമുള്ള.... കൊതുകേ..

 7. മയൂര said...

  പെണ്ണുങ്ങള്‍ ഇതെല്ലാം ഉണ്ടാക്കണം എന്ന് 3 ദിവസം മുന്നേ ഓര്‍മ്മിപിച്ചതാണോ;)?? എന്നാല്‍ ഞാന്‍ ഇന്നേ തുടങ്ങണം...;)

  ഓണാശംസകള്‍...

 8. സാരംഗി said...

  ഓണാശംസകള്‍ ശ്രീ, പടം കണ്ടിട്ട് സഹിക്കുന്നില്ല..
  :)
  സാന്‍ഡോസിന്‌ അല്പം സര്‍ഫ് കലക്കിക്കൊടുക്കു, കുടലൊക്കെ ഒന്ന്‌ വൃത്തിയാകട്ടെ..
  ( ഞാന്‍ ഓടി..‌

 9. കുതിരവട്ടന്‍ :: kuthiravattan said...

  സാമ്പാറു വരുന്നേയുള്ളൂ അല്ലേ. ആദ്യം പരിപ്പ് തീര്‍ക്കണം. എന്നിട്ടേയുള്ളു സാമ്പാര്‍ :-)

 10. ഏ.ആര്‍. നജീം said...

  ശ്രീ.,
  ഈ പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി ഉണ്ടാക്കാന്‍ പാവം ബാച്ചികള്‍ക്ക് എവിടാ സമയം ? ഇവിടെ ഒരു നല്ല ഹോട്ടലുകാരുടെ പരസ്യം കണ്ടു. പക്ഷേ വില കേട്ടപ്പോള്‍ ഒന്നു മടിച്ചതാ. ഇനി ഇപ്പോ എന്തായാലും ഈ പറഞ്ഞപോലെ ഒരു സദ്യ കഴിഞ്ഞിട്ടേ ബാക്കി കാര്യമുള്ളു.
  ( മനുഷ്യനെ കൊതിപ്പിച്ചു കളഞ്ഞില്ലേ )

 11. SAJAN | സാജന്‍ said...

  ശ്രീയേ:), ഇതൊരു ഒന്നൊന്നരച്ചതിയായ് പോയി മനുഷ്യനെ ശരിക്കും കൊതിപ്പിച്ചു കളഞ്ഞു,ഇനിയിങ്ങനെയൊക്കെ എന്നാ ഒന്നു കഴിക്കുക:(

 12. ശ്രീ said...

  P.R.ജീ...
  ഇഞ്ചിത്തൈര്‍ കൂടി ഉണ്ട്. ശരിയാണ്‍.അതു പോലെ രസത്തിന്റെ കാര്യവും വിട്ടുപോയി. നമുക്ക് അതും കൂടി ആയ്ക്കോട്ടെ. അല്ലേ?
  ദ്രൌപതീ...
  വ്യക്തിപരമായി എനിക്കും അതേ അഭിപ്രായമാണ്‍. എല്ലാവരും കൂടി ഒത്തു ചേര്‍‌ന്നുള്ള പാചകവും ഒരുമിച്ചിരുന്ന്‍ ഭക്ഷണം കഴിക്കലും. അതൊരു രസം തന്നെ.
  സാന്റോസേ...
  അത് ഓണ സദ്യയ്ക്കൊപ്പം തന്നെ വേണോ?
  ഉണ്ണിക്കുട്ടാ...
  അതു തന്നെ. ഹ! സാന്റ്റോസും അതു തന്നെയാണെന്നേ ഉദ്ദേശ്ശിച്ചത്. അല്ലേ സാന്റോസേ?
  ഡിങ്കാ...
  പ്രായമായവര്‍‌ എന്ന വാചകം പിന്‍‌വലിക്കാതെ ഇതിനു മറുപടി പ്രതീക്ഷിക്കണ്ടാട്ടോ.
  എല്ലാവര്‍‌ക്കും ഓണാശംസകള്‍‌!

 13. ശ്രീ said...

  മയൂര ചേച്ചീ...
  ഓണമല്ലേ? ആണുങ്ങള്‍‌ക്കും ഒപ്പം കൂടാം, അല്ലേ?(എന്നും അങ്ങനെയാണോ എന്തോ? ഹിഹി)
  സാരംഗി ചേച്ചീ...
  സര്‍‌ഫ് കലക്കി കൊടുത്തിട്ട് സാന്റോസിന്റെ ‘പ്രകടനങ്ങള്‍‌ക്ക്’ആരു സമാധാനം പറയും?
  കുതിരവട്ടന്‍‌...
  ധൃതി വേണ്ടാന്നേ... നമുക്ക് ഓരോന്നായി തീര്‍‌ക്കാം.
  നജീമിക്കാ...
  പിന്നല്ലാതെ. ഓണമല്ലേന്ന്. ഒന്നും നോക്കാനില്ല.
  സാജന്‍‌ ചേട്ടാ...
  ഓണം അവിടെ തന്നെ ആഘോഷിക്കെന്നേയ്. അതിന്റെ പോരായ്മ നമുക്ക് നാട്ടിലെത്തീട്ട് തീര്‍‌ക്കാം.
  എല്ലാവര്‍‌ക്കും ഓണാശംസകള്‍‌!

 14. വേണു venu said...

  ശ്രീയെ പ്രഥമന്‍‍ ഗംഭീരമായിട്ടുണ്ടു്. അല്പം പച്ചമൊരൊഴിച്ചു് ശകലം ചോറും കൂടി ആവാം. അല്ലെ.അല്പം ഇഞ്ചിക്കറിയും.
  ഏമ്പക്കം. ഓണാശംസകള്‍‍.:)
  കാലമൊക്കെമാറിയാലും,
  മത്സ്യ മാംസാദികള്‍‍ തിരുവോണ ദിവസം നിഷിദ്ധം തന്നെ.

 15. കുട്ടന്‍സ്‌ | S.i.j.i.t.h said...

  തിരുവോണത്തിന്റന്ന് ഓഫീസില്‍ വരണല്ലോ എന്ന വിഷമത്തില്‍ ഇരിക്കുന്ന നേരത്താണ് ശ്രീ ഈ ചതി...


  ഇനീപ്പം ഓണസന്ധ്യ ഫോര്‍വേര്‍ഡ് മെയിലുകളിലെ അറ്റാച്മെന്റുകള്‍ കണ്ട് മനസ്സില്‍ സങ്കല്‍പ്പിക്കാം..

  ഒ.ടോ: (സഹവര്‍ക്കികളായ മലയാളീസ് മുഴുവനും ലീവെടുത്ത് വീട്ടീപ്പോവുന്നു..ഞാനൊറ്റക്ക് എല്ലാര്‍ക്കും ഓണത്തിന്റെ ഐതീഹ്യം പറഞ്ഞ് കൊടൂക്കേണ്ടി വരുമോ..)

  അപ്പോ വിദേശത്തും സ്വദേശത്തും ഉള്ള എല്ലാ ബ്ലഗാക്കള്‍ക്കും ഓണസ്മരണകളും,,ഓണാശംസകളും..
  :()
  ബ്ലോഗ്ഗേര്‍സ് ഓണംസ്പെഷ്യല്‍ കമ്പവലി മത്സരം സംഘടിപ്പിക്കണ്ടേ സാന്‍ഡോസേ...

 16. സുമുഖന്‍ said...

  ശ്രീ, ഞാന്‍ ഇന്നു നാട്ടില്‍ പൊകുവാ. ഇനി ഈ സദ്യ കഴിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം...

 17. കൃഷ്‌ | krish said...

  തിരുവോണം എത്തുന്നതിനുമുന്‍പേ ഓണസദ്യ ഇവിടെ നിരന്നു. സാമ്പാര്‍ എവിടെ. (ഇങ്ങനെയുള്ള പടങ്ങള്‍ ഇട്ട് കൊതിപ്പിക്കല്ലേ)

 18. ശ്രീ said...

  വേണുവേട്ടാ...
  ഓണത്തിന്‍ കുറച്ച് അധികം കഴിച്ചൂന്ന് വച്ച് ഒന്നും വരില്ല. ധൈര്യമായി കഴിച്ചോളൂ...
  കുട്ടന്‍‌സേ...
  ഓണം നാട്ടിലാഘോഷിക്കണ്ടാന്നു തിരുമാനിച്ചു അല്ലേ ഇത്തവണ?
  സുമുഖന്‍‌ ചേട്ടാ...
  ഹാപ്പി ഓണ സദ്യ!
  കൃഷ് ചേട്ടാ...
  സാമ്പാരിനെ പറ്റി അവിടെ സൂചിപ്പിച്ചിട്ടുണ്ട്. (പാവം രണ്ടാം കുടിയാ).

  എല്ലാവര്‍‌ക്കും നന്ദി. ഒപ്പം ഓണാശംസകള്‍‌!

 19. ..വീണ.. said...

  ഹായ്.. എത്ര വിഭവങ്ങളാ നിരനിരിക്കുന്നെ.. കണ്ടു കൊതിയിടുക തന്നെ തല്‍ക്കാലം പറ്റുള്ളൂ..:(

  എല്ലാര്‍ക്കും ഓണാശംസകള്‍!!

 20. മഴത്തുള്ളി said...

  ശ്രീ,

  കഷ്ടം, ഇത് ഓണസദ്യയില്‍ പങ്കെടുക്കാനുള്ള ക്ഷണനം (ഹോ നാക്കുളുക്കുന്നു) ക്ഷണം ആണെന്ന് കരുതിയാ വന്നത്. വരേണ്ട അഡ്രസ്സ് തപ്പിയിട്ട് കണ്ടില്ല. വാഴയിലയില്‍ വിളമ്പിവച്ചിരിക്കുന്ന വിഭവങ്ങള്‍ കണ്ട് കുറേ നേരം ഇരുന്നു :(

  കൊള്ളാം നല്ല പോസ്റ്റ്. :)

 21. ജിം said...

  ചുമ്മാ ഇങ്ങനെ കൊതിപ്പിക്കാതെ ശ്രീ.
  ഓണാശംസകള്‍ നേരുന്നു.

 22. കിനാവ്‌ said...

  ശ്രീ, ഓണാശംസകള്‍

 23. Manu said...

  കൊതിമൂത്തിരിക്കുന്ന പ്രവാസിയുടെ മനസ്സില്‍ പുളിശ്ശേരി കോരിയൊഴിക്കല്ലേ മോനേ ദിനേശാ !!

  ദുഷ്ടന്‍ !!!

 24. Typist | എഴുത്തുകാരി said...

  നാളെ കഴിഞ്ഞാല്‍ ഓണമായി. എന്നാ‍ലും കണ്ടിട്ട് കൊതിയാവുന്നു.

  തിരിച്ചും ഓണാശംസകള്‍.

 25. സഹയാത്രികന്‍ said...

  ഓണാശംസകള്‍

 26. chithrakaran ചിത്രകാരന്‍ said...

  ശ്രീ...,നന്നായിരിക്കുന്നു.
  ചിത്രകാരന്റെ ഓണാശംസകള്‍ !!!

 27. എന്റെ ഉപാസന said...

  ടാ,
  എനിക്കാവുമ്പോ കുറച്ച് ഉപ്പ് കൂടെ വേണം.
  :)
  സുനില്‍

 28. Sul | സുല്‍ said...

  നാവില്‍ വെള്ളമൂറുന്നു. ഇനി വെള്ളിയാഴ്ചയാവണം ഓണമാഘോഷിക്കാന്‍.

  ശ്രീ ഓണാശംസകള്‍!
  -സുല്‍

 29. G.manu said...

  ONam kazhinjenkilum kidakkatte oru aaSamsa kooTi...
  patam kaanichu vavil vellam niraykkanamaayirunnO.

 30. ശ്രീ said...

  വീണ, മഴത്തുള്ളി മാഷ്, ജിം, കിനാവ്, മനുചേട്ടന്‍‌, എഴുത്തുകാരീ, സഹയാത്രികന്‍‌, ചിത്രകാരന്‍‌,സുനില്‍‌, സുല്ല് ചേട്ടന്‍‌, മനുവേട്ടന്‍‌...

  ഈ ഓണ സദ്യ കഴിക്കാനെത്തിയ എല്ലാവര്‍‌ക്കും നന്ദി.
  :)