പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കും ചേട്ടനും ഒരു ശീലമുണ്ടായിരുന്നു. വൈകുന്നേരമായി വീട്ടില്‍ സന്ധ്യാദീപം തെളിയിച്ചാല്‍ കുളിച്ച് കുറച്ചു നേരം ഇരുന്ന് നാമം ജപിക്കുക. (‘ഇത് ഞങ്ങള്‍ സ്വമേധയാ ചെയ്യുന്നതു തന്നെ’ എന്നു കരുതിയെങ്കില്‍ തെറ്റി. പക്ഷേ, അച്ഛനെയും അമ്മയേയും പേടിച്ചിട്ടൊന്നുമല്ലാട്ടോ).
എന്തായാലും വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ കുറച്ചു നേരം കളിച്ചു നടന്ന്, പഠിക്കാനിരിക്കും മുന്‍പ് (ഉവ്വ, പഠിക്കാനേയ്) ഇതൊരു ശീലമായിരുന്നു.
അങ്ങനെ ഒരു വെക്കേഷന്‍ കാലം. അതായത് ഏതോ ഒരു ഏപ്രില്‍ അവധി. മധ്യ വേനലവധി ആയതിനാല്‍ പഠനമൊന്നുമില്ലെങ്കിലും നാമജപം മുടക്കാറില്ല. മാത്രമല്ല, ഏപ്രില്‍ മാസം തുടങ്ങിയാല്‍ വിഷു കഴിയുന്നതു വരെ മറ്റൊരു പതിവു കൂടി ഉണ്ട്. നാമം ജപത്തോടൊപ്പം “കണി കാണും നേരം…” എന്ന ഗാനം (അതോ പ്രാര്‍ത്ഥനയോ) കൂടി ഈണത്തില്‍ ഉറക്കെ അങ്ങു ചൊല്ലും (ഉറക്കെ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ്. ചേട്ടന്‍ അത്ര ഉറക്കെ ചൊല്ലാറില്ലെങ്കിലും ഞാനങ്ങ് വച്ചു കീറും. വിഷു അടുത്തല്ലോ എന്ന് ഞങ്ങളുടെ അയല്‍ക്കാരെല്ലാം ഓര്‍ക്കുന്നതു തന്നെ ഞാനിങ്ങനെ തൊണ്ട കീറി പാടുമ്പോഴായിരുന്നു(ഞാന്‍ പാട്ടു പാടുകയല്ലായിരുന്നു, പറയുകയായിരുന്നു എന്നും ചില ദുഷ്ട ശക്തികള്‍ തിരുത്തി പറയാറുണ്ട്, വിശ്വസിക്കരുതേ...!)
അവധിക്കാലങ്ങളില്‍ അമ്മായിയുടെ മക്കളും ചിലപ്പോഴെല്ലാം കൂടെ കാണും. അതു പോലെ ചില ദിവസങ്ങളില്‍ സംഗന്‍ അഥവാ സംഗപ്പന്‍ എന്നു ഞാന്‍ വിളിക്കാറുള്ള സംഗീത് (കുഞ്ഞച്ഛന്റെ മകന്‍) ഞങ്ങളുടെ കൂടെ കളിക്കാനും മറ്റുമായി കൂടാറുണ്ട്. അപൂര്‍വ്വം ദിവസങ്ങളില്‍ രാത്രി ഭക്ഷണം കഴിയും വരെ അവന്‍ ഞങ്ങളുടെ കൂടെ കാണും.
അതു പോലെ അവനും കൂടി ഉണ്ടായിരുന്ന ഒരു സന്ധ്യ. (അന്ന് അവന്‍ കൊച്ചു കുട്ടിയാണ്. സ്കൂളില്‍ പോയി തുടങ്ങിയിട്ടില്ല.) ഞങ്ങള്‍ നാമജപം തുടങ്ങി. ഞങ്ങളുടെ രണ്ടു പെരുടേയും നടുക്ക് ഇരുന്ന് സംഗപ്പനും ഉറക്കെ അവനറിയാവുന്ന പോലെ നാമം ജപിക്കാന്‍ കൂടി. ആളു കൂടിയ ഉത്സാഹത്തില്‍ ഞങ്ങള്‍ ഒന്നിനു പുറകേ ഒന്നായി അറിയാവുന്ന എല്ലാം ജപിക്കുകയാണ്. ഒപ്പം അവനും.
അങ്ങനെ പ്രാര്‍ത്ഥനയുടെ പ്രധാന സെക്ഷന്‍ തീര്‍ന്നു. അടുത്തതായി പ്രത്യേക മുന്നറിയിപ്പൊന്നും കൂടാതെ ചേട്ടന്‍ ‘കണികാണും നേരം’ ചൊല്ലാന്‍ തുടങ്ങി. ഇതു മുന്‍പേ അറിയാവുന്നതിനാല്‍ ഞാനും കൂടെ ഏറ്റു പാടാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ടു പേരും ഇടവും വലവും ഇരുന്ന് ഉറക്കെ പാടുന്നതു കണ്ട് സംഗന്‍ ഒന്നു പകച്ചു. പിന്നെ ഒരു നിമിഷം ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി. എന്നിട്ട് കണ്ണടച്ച് കൈ കൂപ്പി ഞങ്ങള്‍ക്കൊപ്പം ഉറക്കെ പാടി
“ മോഹന്‍ ലാല്‍ സീസ്സറടിച്ചൂ…
ശീനിവാസന്‍ ക്യാച്ചു പിടിച്ചൂ…”
ഞാനും ചേട്ടനും ഇതു കേട്ടതും ആദ്യമൊന്നു ഞെട്ടി. പിന്നെ, ‘കണി കാണും നേരം’ പാതി വഴിയില്‍ നിര്‍ത്തി ചിരി തുടങ്ങി. അന്നേരം ഇതു കേട്ട് ഇറയത്തേയ്ക്ക് വന്ന അച്ഛനും അമ്മയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. കുറച്ചു നേരം അന്തിച്ചിരുന്നുവെങ്കിലും സംഗനും കാര്യമറിയാതെയാണെങ്കിലും ഞങ്ങളോടൊപ്പം കൂടി.
ഞാനും ചേട്ടനും കണി കാണും നേരം തകര്‍ത്തു പാടുന്നതു കണ്ട സംഗപ്പന്‍ കരുതിയത് ഞങ്ങളേതോ സിനിമാപ്പാട്ട് പാടുന്നതാണെന്നായിരുന്നു. അത് അവനറിയാത്തതിനാല്‍ ആയിടെ ടിവിയിലോ മറ്റോ കണ്ട ഏതോ ഒരു പരിപാടിയില്‍ കേട്ട കോമഡി ഗാനം അവന്‍ പാടുകയായിരുന്നു. (പ്രശസ്ത മലയാള ചലചിത്രമായ “ചിത്രം” എന്ന ചിത്രത്തിലെ ‘സ്വാമിനാഥ...’ എന്നു തുടങ്ങുന്ന പാട്ടിനിടയില്‍ അങ്ങനെ ഒരു സീനുണ്ടായിരുന്നു എന്നാണോര്‍മ്മ)
--------------------------------------------------------------------------------------------------
ഞാനും ചേട്ടനുമെല്ലാം പിന്നീട് പത്താം ക്ലാസ്സ് വരെ ഈ നാമജപം എന്ന ശീലം തുടര്‍ന്നു. പിന്നീട് വല്ലപ്പോഴും മാത്രമായി ആ ശീലം ഒതുങ്ങി. ഇന്ന് അതെല്ലാം ഓര്‍മ്മകളില്‍ മാത്രം.

