Monday, February 8, 2010

ഓപ്പറേഷന്‍ കരിമൂര്‍ഖന്‍

എന്റെ കുട്ടിക്കാലം മുതലേ ഞങ്ങളുടെ നാട്ടില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു പതിവുണ്ട്. ആ ഭാഗത്തുള്ള ഏത് വീടുകളിലായാലും ശരി, പറമ്പിലോ വേലിയരുകിലോ എവിടെയെങ്കിലും ഒരു പാമ്പിന്റെ തലവെട്ടം കണ്ടു എന്നിരിയ്ക്കട്ടെ. ഉടന്‍ തന്നെ ആ മെസ്സേജ് യുദ്ധകാലാടിസ്ഥാനത്തില്‍‌ ഞങ്ങളുടെ അയല്‍‌പക്കത്തെ വീട്ടിലെ കരുണന്‍ വല്യച്ഛന് കിട്ടിയിരിയ്ക്കും. വേറൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ‘തന്നെ നാട്ടുകാര്‍ കണ്ടു കഴിഞ്ഞു’ എന്ന സത്യം ആ പാമ്പു പോലും മനസ്സിലാക്കും മുന്‍‌പേ വിവരമറിഞ്ഞ് കരുണന്‍‌ വല്യച്ഛന്‍ തന്റെ സ്പെഷ്യല്‍ വടിയുമായി(ഒരറ്റം കമ്പി കൊണ്ട് കെട്ടിയ ചൂരല്‍ വടി) ആ സ്പോട്ടില്‍ ഹാജരായിക്കഴിഞ്ഞിരിയ്ക്കും. പിന്നെ ആ പാമ്പിന് അധികം ആയുസ്സ് ഉണ്ടാകാറില്ല. മാത്രമല്ല, അന്നെല്ലാം നാട്ടിലെവിടെയോ ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന വിവരം പലപ്പോഴും നാട്ടുകാര്‍‌ പോലും മനസ്സിലാക്കിയിരുന്നത് തന്റെ ചൂരല്‍ വടിയുമായി കരുണന്‍ വല്യച്ഛന്‍ പോകുന്നത് കാണുമ്പോഴായിരിയ്ക്കും.

ഞാനാണെങ്കില്‍ പണ്ടു മുതലേ പാമ്പുകളുമായി‌ ഒത്തു പോകാറില്ല. അതു കൊണ്ട് തന്നെ വീടിന്റെ ചുറ്റുവട്ടത്തോ പരിസരപ്രദേശങ്ങളിലോ പാമ്പിനെ കണ്ടു എന്ന് കേട്ടാല്‍‌ ആ ഭാഗത്തേയ്ക്ക് ഉള്ള പോക്ക് കഴിയുന്നതും ഒഴിവാക്കാനും ഞാന്‍ ശ്രദ്ധിയ്ക്കാറുണ്ട്. വെറുതേ എന്തിന് പാമ്പിനെ മെനക്കെടുത്തണം? മാത്രമല്ല, വേറെ ഏത് ജീവി ആയിരുന്നാലും സമാധാനമുണ്ട്. ഒരു പേപ്പട്ടിയോ മദമിളകിയ ആനയോ ആയാലും നമുക്ക് ഓടി മാറാനും മറ്റും ആവശ്യത്തിന് സമയം കിട്ടുമല്ലോ. അതു പോലെയാണോ പാമ്പ്? അതെപ്പോഴാ എവിടെ നിന്നാ പ്രത്യക്ഷപ്പെടുക എന്ന് പറയാനേ പറ്റില്ല.

ഞാന്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് വിഷമുള്ളവയും ഇല്ലാത്തവയുമായി പലതരം പാമ്പുകളെ നാട്ടില്‍ അവിടെയും ഇവിടെയുമൊക്കെയായി കാണുന്നത് പതിവായിരുന്നു. (ഇന്ന് ആ സ്ഥിതി മാറി. ഇപ്പോള്‍ ഒറിജിനല്‍ പാമ്പുകളെ നാട്ടിലൊക്കെ വല്ലപ്പോഴുമേ കാണാറുള്ളൂ). മാത്രമല്ല, കരുണന്‍ വല്യച്ഛന്‍ അയല്‍‌പക്കത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് ഒരു പാമ്പിനെ എവിടെയെങ്കിലും കണ്ടാല്‍ തന്നെയും ഞങ്ങള്‍‌ക്ക് അധികം മിനക്കെടേണ്ടി വരാറില്ല. അതുമല്ലെങ്കില്‍‌ അച്ഛനോ കുഞ്ഞച്ഛനോ നിതേഷ് ചേട്ടനോ അങ്ങനെ ആരെങ്കിലുമൊക്കെ കാണും. (പണ്ടൊരിയ്ക്കല്‍ നിവൃത്തിയില്ലാതെ പാമ്പുവേട്ടയ്ക്ക് ഇറങ്ങിയ കാര്യം ഞാനൊരിയ്ക്കല്‍ എഴുതിയിരുന്നു)

നാലഞ്ച് വര്‍‌ഷങ്ങള്‍ക്കു മുന്‍പ് വീട്ടിലും തറവാട്ടിലുമായി അച്ഛനും കുഞ്ഞച്ഛനുമുള്‍‌പ്പെടെ ആരുമില്ലാതിരുന്ന ഒരു ദിവസം. [പലപ്പോഴും പറഞ്ഞിട്ടുള്ളതു പോലെ എന്റെ വീടും പഴയ തറവാടും തമ്മില്‍ ഒരു വേലിയുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ]. ഞാനും ചേട്ടനും കണ്ണനും കൂടി അവിടെ പറമ്പില്‍‌ പേരയ്ക്കയോ മാങ്ങയോ മറ്റോ തിരഞ്ഞ് തറവാടിന്റെ പുറകിലെ പറമ്പില്‍ നില്‍‌ക്കുകയായിരുന്നു. അന്ന് വീട്ടില്‍ ഉണ്ടായിരുന്ന പൂച്ചക്കുഞ്ഞും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ട്. (ഞാനോ കണ്ണനോ അവിടെ ഉണ്ടെങ്കില്‍ അന്നൊക്കെ വാലു പോലെ ഈ പൂച്ചയും വരുമായിരുന്നു. ഞങ്ങളെന്തെങ്കിലും കഴിയ്ക്കുമ്പോള്‍ അതിനും അതില്‍ നിന്ന് ഇത്തിരി കൊടുക്കണമെന്ന് മാത്രം. അതിപ്പോ പഴമായാല്‍‌ പോലും ആശാന്‍ ശാപ്പിടാതിരിയ്ക്കില്ല) അതിനിടെ നീളമുള്ള തോട്ടി തപ്പി, വിറകു പുരയ്ക്കടുത്തു പോയ കണ്ണന്‍ പോയതിന്റെ ഇരട്ടി സ്പീഡില്‍ അലറിക്കൊണ്ട് തിരിച്ചെത്തി. അവന്റെ പരാക്രമം കണ്ട് എന്താണെന്ന് ചോദിച്ച ചോദ്യത്തിന് വിറച്ചു കൊണ്ട് അവന്‍ മറുപടി പറഞ്ഞു... “അവിടെ വിറകു പുരയ്ക്കടുത്ത് ഒരു പാമ്പ്”

“പാ... പാ‍ാ...പാ... പാമ്പോ? വലുതാണൊ? നല്ല നീളമുണ്ടോ?” പെട്ടെന്ന് കേട്ട ഞെട്ടലില്‍ എന്റെ ചോദ്യത്തില്‍ വിക്കലും വിറയലും കലര്‍‌ന്നിരുന്നു.

‘വലുതു തന്നെ. നീളവുമുണ്ട്. പക്ഷേ, ഇപ്പോ ചേട്ടന്‍ പറഞ്ഞ അത്രയ്ക്ക് നീളം വരില്ല.”

“നീ കിടന്ന് ബഹളം വച്ചത് കേട്ട് അതിപ്പോ അതിന്റെ വഴിയ്ക്ക് പോയിക്കാണും” ചമ്മിയെങ്കിലും ചമ്മല്‍ പുറത്തു കാട്ടാതെ ഞാന്‍ പറഞ്ഞു.

“ഏയ്. അത് ഒരു മാളത്തില്‍ തലയിട്ട് ഇരിയ്ക്കുകയാ. എന്നെ കണ്ടുകാണില്ല. നിങ്ങളു രണ്ടാളും ഒന്നു വേഗം വാ. നമുക്ക് നോക്കാം”

ഞങ്ങള്‍‌ ചെന്നു നോക്കുമ്പോള്‍ സംഗതി സത്യമാണ്. ഒരു മുട്ടന്‍ പാമ്പ്. നല്ല മുഴുപ്പ്. ഏതാണ്ട് കറുത്ത അഥവാ ചെമ്പിച്ച ഒരു നിറം. സാധാരണ പാമ്പിനെ പോലെ മിനുസമുള്ള തോലല്ല; പരുപരുത്ത തോലാണ്. മൊത്തത്തില്‍ ഒരു ‘പെശക് ലുക്ക്’. വല്ല കരിമൂര്‍ഖനോ മറ്റോ ആയിരിയ്ക്കണം എന്ന നിഗമനത്തിലെത്തി, ഞങ്ങള്‍‌. വിറകു പുരയോട് ചേര്‍ന്നുള്ള ഒരു കൊച്ചു മാളത്തിനകത്ത് തലയിട്ട് ഇരിപ്പാണ് കക്ഷി. തല പൊത്തിനകത്ത് ആയതു കൊണ്ട് തന്നെ ആരും കാണില്ല എന്ന വിശ്വാസത്തിലാണോ അതോ ഈ ചീള് പിള്ളേരെ ഒന്നും അത്ര കാര്യമാക്കാനില്ല എന്ന ഭാവത്തിലാണോ എന്നറിയില്ല, ഞങ്ങളുടെ ഒച്ചയും ബഹളവുമെല്ലാം കേട്ടിട്ടും അവനത്ര കുലുക്കമില്ല. വല്ലപ്പോഴും വാല്‍ ഒന്ന് അനക്കുന്നുണ്ട്... അത്ര മാത്രം.

പാമ്പിനെ കണ്ട മാത്രയില്‍ തന്നെ കരുണന്‍ വല്യച്ഛനെ വിളിച്ചു കൊണ്ടു വരുവാനായി ചേട്ടന്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷേ, ഏതാനും നിമിഷങ്ങള്‍ക്കകം ചേട്ടന്‍ ഒറ്റയ്ക്ക് തിരിച്ചു വന്നു. പാടത്ത് കൊയ്ത്തു കാലമായതു കൊണ്ട് കരുണന്‍ വല്യച്ഗ്ഛന്‍ ‘ഔട്ട് ഓഫ് സ്റ്റേഷന്‍’ ആയത് തന്നെ കാരണം. ഇനിയിപ്പൊ പാടം വരെ പോയി, കരുണന്‍ വല്യച്ഛനെ വിവരമറിയിച്ച് ആളെയും കൂട്ടി പാമ്പിനെ കാണിച്ചു കൊടുക്കുമ്പോഴേയ്ക്കും ഒരു നേരമാകും. കാരണം കാലിന് ആണിരോഗമുള്ളതിനാല്‍ ആള്‍ക്ക് അത്ര വേഗം നടക്കാനാകില്ല. അത് മാത്രവുമല്ല, ‘നിങ്ങള്‍ എന്നാല്‍ പോയി ആളെ വിവരമറിയിച്ച് കൂട്ടിക്കൊണ്ടു വാ... ഞാനിവിടെ വെയ്റ്റ് ചെയ്യാം‘ എന്ന് പറയാന്‍ പാമ്പ് നമ്മുടെ സ്വന്തക്കാരനൊന്നുമലല്ലോ. അത് അതിനു തോന്നുമ്പോള്‍ ഇഴഞ്ഞ് പോകില്ലേ?

ഞങ്ങള്‍‌ ആകെ ആശയക്കുഴപ്പത്തിലായി. പാമ്പിനെ എന്ത് ചെയ്യണം ? വെറുതേ വിടുന്നതെങ്ങനെ? കൊല്ലാതെ വിട്ടാല്‍ രാത്രി സമയത്തോ മറ്റോ മുറ്റത്തിറങ്ങുന്നവര്‍ക്കിട്ട് അവനൊരു പണി തരില്ലെന്ന് എന്താണുറപ്പ്? കൊല്ലാനാണെങ്കില്‍ ആരു കൊല്ലും? പണ്ടു തൊട്ടേ എന്തെങ്കിലും കുരുത്തക്കേടുകള്‍ ഒപ്പിയ്ക്കുന്നത് ഞാനായിരുന്നതു കൊണ്ടാകണം ചേട്ടനും കണ്ണനും എന്നെത്തന്നെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നത് കണ്ട് ഞാനൊന്നു ഞെട്ടി. എന്നിട്ട് ഒരു ചെറിയ പ്രത്യാശയോടെ ഞങ്ങളുടെ പൂച്ച നിന്നിടത്തേയ്ക്ക് നോക്കി.

എവടെ? ‘പൊടി പോലുമില്ല കണ്ടു പിടിയ്ക്കാന്‍’ എന്നു പറഞ്ഞതു പോലെ ആ സ്ഥലം ശൂന്യം... കശ്മലന്‍! അത്രയും നേരം ഞങ്ങളുടെ പുറകേ വാലുമാട്ടിക്കൊണ്ട് നടന്നവനാ. സംഗതി പാമ്പ് കേസാണെന്ന് മനസ്സിലാക്കിയ ഉടനേ അവന്‍ സ്കൂട്ടായതാകണം. അങ്ങനെ ആ പ്രതീക്ഷയും പൊലിഞ്ഞു. ഇനിയിപ്പോള്‍ ഞങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്തെ പറ്റൂ എന്നായി അവസ്ഥ.

എന്തായാലും ഞങ്ങളെല്ലാവരും ഓരോ വടിയും സംഘടിപ്പിച്ചു കൊണ്ടു വന്ന് പാമ്പിന്റെ ചുറ്റുമായി നിന്നു. ഇത്രയൊക്കെ ആയിട്ടും അതിനൊരു കുലുക്കവുമില്ല. ഇടയ്ക്ക് അനങ്ങുന്നുണ്ട്, പക്ഷെ ഇഴഞ്ഞു പോകാനൊന്നും ശ്രമിയ്ക്കുന്നില്ല.എന്നിട്ടും തല്ലാന്‍ ആര്‍‌ക്കും ധൈര്യം വരുന്നില്ല. ഒന്നാമതായി പാമ്പിനെ മുഴുവനായി പുറത്തു കാണാനില്ല. പുറത്തു കാണുന്നതിനേക്കാള്‍ കൂടുതല്‍ ശരീരം മാളത്തിനകത്താണെങ്കിലോ? പിന്നെ, ഏത് ഇനമാണെന്നും അറിയില്ല. ഇതൊന്നുമല്ല, ഇനി അടി കൊണ്ടിട്ടും അതെങ്ങാനും ചാകാതെ രക്ഷപ്പെട്ടാല്‍ അത് അതിലും വലിയ പ്രശ്നമാകില്ലേ? ആകെ കണ്‍‌ഫ്യൂഷന്‍!

[പാമ്പ് ഏത് ഇനമാണ് എന്ന് അറിഞ്ഞാല്‍ കൊല്ലാന്‍ മടിയില്ലേ എന്നോ മാളത്തിനകത്തിരിയ്ക്കാതെ നേരെ പുറത്തു വന്നിരുന്നെങ്കില്‍ കൊല്ലാന്‍ ധൈര്യമുണ്ടാകുമായിരുന്നോ എന്നോ ഉള്ള ചോദ്യങ്ങള്‍‌ക്കൊന്നും ഇവിടെ പ്രസക്തിയില്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ]

എല്ലാവരും വടിയും പിടിച്ച് വട്ടം കൂടി നിന്ന് “നീ അടിയ്ക്ക്!”... “ചേട്ടന്‍ അടിയ്ക്ക്!” എന്ന് പരസ്പരം പറഞ്ഞു കൊണ്ട് നില്‍ക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. അവസാനം എനിയ്ക്കൊരു ഐഡിയ തോന്നി. ഞാന്‍ ഒരു വലിയ പാറക്കല്ല് പറമ്പില്‍‌ നിന്നും എടുത്തു കൊണ്ടു വന്നു. എന്നിട്ട് ചേട്ടനോടും കണ്ണനോടുമായി പറഞ്ഞു.

“ഞാന്‍ ഈ കല്ല് അതിന്റെ പുറത്തേക്കെറിയാം. പക്ഷെ എന്നിട്ട് ഞാന്‍ അങ്ങ് ഓടും. അതെങ്ങാനും ചത്തില്ലെങ്കിലോ? അതു കൊണ്ട് ഏറു കിട്ടിയ ശേഷവും ഈ പാമ്പെങ്ങാനും പുറത്തു ചാടി ഇഴയാന്‍ നോക്കിയാല്‍ ബാക്കി നിങ്ങള്‍ നോക്കിക്കൊള്ളണം”

പക്ഷേ ആ ഐഡിയ അവര്‍ ഇരുവരും സമ്മതിച്ചില്ല. കല്ലെടുത്ത് പാമ്പിന്റെ തലയ്ക്കോ നടുവിനോ എവിടെ വേണേലും എറിയാം. പക്ഷേ, ചത്തില്ലെങ്കില്‍ ഞാന്‍ തന്നെ അതിനെ തല്ലിക്കൊല്ലുകയും വേണമത്രേ. പാമ്പിന്റെ മൊത്തത്തിലുള്ള ഒരു ലുക്ക് വച്ച് എനിയ്ക്ക് അതിനെ തല്ലാനും ധൈര്യം വരുന്നില്ല.

അങ്ങനെ ഞങ്ങള്‍ അതുമിതും പറഞ്ഞ് നില്‍ക്കുമ്പോഴാണ് അടുത്ത വഴിയിലൂടെ കണ്ണന്റെ ഒരു സഹപാഠിയായ മാധവന്‍ സൈക്കിളും ചവിട്ടി കടന്നു പോയത്. ഞങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് അവന്‍ എന്താണ് കാര്യമെന്ന് വിളിച്ചന്വേഷിച്ചു. ‘പാമ്പ്’ എന്ന് കേട്ടപാതി കേള്‍‌ക്കാത്ത പാതി അവന്‍ സൈക്കിള്‍ സ്റ്റാന്റിലിട്ട് അങ്ങോട്ട് ഓടി വന്നു. വരും വഴി വേലിയരുകില്‍ നിന്നും നല്ലൊരു ശീമക്കൊന്ന ഒടിച്ചെടുത്ത് ഇല കളഞ്ഞ് വടിയാക്കുകയും ചെയ്തു.

പാമ്പിന്റെ അടുത്തെത്തി അവനും ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു “ കണ്ടിട്ട് കുറച്ചു കൂടിയ ഇനമാണെന്നാണ് തോന്നുന്നത്. കരി മൂര്‍‌ഖന്‍ തന്നെ ആണോ എന്നാ സംശയം. നിങ്ങള്‍ കുറച്ചങ്ങ് മാറി നിന്നോ. ഇത് ഞാനേറ്റു”

പറഞ്ഞു തീര്‍ന്നതും അവന്‍ കയ്യിലിരുന്ന വടി കൊണ്ട് നാലഞ്ച് അടി. ആദ്യത്തെ അടിയ്ക്ക് തന്നെ പാമ്പ് മാളത്തിനു പുറത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാധവന്‍ അതിനെ അടിച്ച് ശരിപ്പെടുത്തി. അതിനു ശേഷം ചത്ത പാമ്പിനെ മറിച്ചും തിരിച്ചുമിട്ട് നോക്കിയ ശേഷം അവന്‍ പറഞ്ഞു “അയ്യേ... ഇത് വെറും ചേരയായിരുന്നു ചേട്ടാ. പക്ഷേ കുറച്ച് മൂത്ത ഇനമാണെന്ന് തോന്നുന്നു. പടം പൊഴിയാറായിട്ടുണ്ട്. അതാണ് തൊലിയെല്ലാം ഇങ്ങനെ ഇരിയ്ക്കുന്നത്. ഞാനും ആദ്യം കരുതി ഏതോ നല്ല പാമ്പായിരിയ്ക്കുമെന്ന്”

ഇത്രയും പറഞ്ഞ് നിരാശയോടെ മാധവന്‍ സൈക്കിളില്‍ കയറി യാത്രയായി. അതു കേട്ടതോടെ ഞങ്ങളുടെ പേടിയെല്ലാം പമ്പ കടന്നു.എന്നാലും വെറുമൊരു ചേര ഞങ്ങളെ ഇത്രയും പേടിപ്പിച്ചല്ലോ എന്ന കാര്യവും പറഞ്ഞ് ചിരിച്ചു കൊണ്ട് ചേട്ടനും കണ്ണനും നില്‍ക്കുമ്പോള്‍ അത്ര നേരം അവിടെ ഉണ്ടായിരുന്ന പൂച്ച എവിടെ പോയി എന്നാലോചിച്ച് ചുറ്റും പരതുകയായിരുന്നു ഞാന്‍. അങ്ങനെ നോക്കുമ്പോള്‍ പെട്ടെന്ന് അതാ പുറകില്‍ തൊട്ടടുത്ത വാഴപ്പടര്‍പ്പിലൊരു അനക്കം! ഇനി വേറെയും വല്ല പാമ്പുമായിരിയ്ക്കുമോ എന്ന സംശയത്തോടെ ഞെട്ടിത്തിരിഞ്ഞു നൊക്കുമ്പോഴുണ്ട് അതിനകത്ത് ഒളിച്ചു നില്‍ക്കുന്നു ഞങ്ങളുടെ പൂച്ച... ആശാന്‍ തല മാത്രം പുറത്തേക്കിട്ട് അവിടെ കിടക്കുന്ന പാമ്പിനെ ശ്രദ്ധിച്ച് നോക്കി ഇനി പ്രശ്നമൊന്നുമില്ല എന്ന് ഉറപ്പാക്കിയ ശേഷം ഓടി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. (ഞങ്ങളുടെ അല്ലേ പൂച്ച!). അതും പോരാഞ്ഞ് ചത്തു കിടക്കുന്ന പാമ്പിന്റെ അടുത്തു പോയി അതിനെ വെല്ലു വിളിയ്ക്കുന്ന പോലെ മുരളാനും ശേഷം അതിന്റെ തലമണ്ടയ്ക്കിട്ട് രണ്ടു കൊടുക്കാനും ആശാന്‍ മറന്നില്ല.

പിന്നീട് ഞങ്ങള്‍‌ ആ പാമ്പിന്റെ ഡെഡ് ബോഡി ആഘോഷപൂര്‍വ്വം പൊക്കിയെടുത്ത് പറമ്പിന്റെ മൂലയ്ക്ക് ഒരു കുഴിയെടുത്ത് അതിലിട്ട് ഉപചാരപൂര്‍‌വ്വം മറവു ചെയ്തു. വെറുമൊരു ചേര ആണെങ്കിലും കുറച്ചു നേരം ഞങ്ങളെ മുള്‍മുനയില്‍ നിര്‍‌ത്തിയവനല്ലേ? എന്തായാലും വെറുമൊരു ചേരയെ കൊല്ലാന്‍ വേണ്ടി കരുണന്‍ വല്യച്ഛനെ വിളിച്ചു കൊണ്ടു വരാതിരുന്നത് കൊണ്ട് വലിയൊരു നാണക്കേട് ഒഴിവായി.

131 comments:

  1. ശ്രീ said...

    അഞ്ചെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു നടത്തിയ ഒരു പാമ്പുവേട്ടയുടെ കഥ - ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍'!

  2. Unknown said...

    സ്ഥിരമായി നീര്‍മിഴിപൂക്കള്‍ വായിക്കാറുള്ള ആളാണ്. കമന്റുന്നത് ആദ്യമായിട്ടാണെന്ന് മാത്രം.. ആശംസകള്‍..

  3. ramanika said...

    കരിമൂര്‍ഖന്‍ എന്ന് തുടങ്ങിയപ്പോഴേ അത് ചേരയായിരിക്കും ഏന് തോന്നി
    എന്തായാലും പോസ്റ്റ്‌ നന്നായി !

  4. old malayalam songs said...

    ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍' പിന്നെ ഓപ്പറേഷന്‍ 'കരിചേര' ആയി.. വായിക്കാന്‍ നല്ല രസമുള്ള കഥ....

    ആശംസകള്‍ ....

  5. Unknown said...

    ശ്രീ,
    കരുണന്‍ വല്യച്ചന്റെ കൈയ്യിലുണ്ടായിരുന്ന പോലൊരു വടി എന്റെ അപ്പച്ചന്റെ കൈയ്യിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അത് അപ്പന്റെ കൈയ്യില്‍ ഭദ്രമായുണ്ട്.

  6. Hari | (Maths) said...

    കരുണന്‍ വല്യച്ഛന്റെ റോള് ഏറ്റെടുക്കാന്‍ കിട്ടിയ ഒരു ചാന്‍സ് കളഞ്ഞല്ലോ, ശ്രീ? അന്ന് ആ ചേരയെ തല്ലിക്കൊന്ന് തുടങ്ങിയിരുന്നെങ്കില്‍, ഇന്ന് ഒരു ചൂരല്‍ വടിയുമായി ശ്രീക്കും നാട്ടില്‍ ഷൈന്‍ ചെയ്യാമായിരുന്നു. എങ്ങനെ?

    "‘തന്നെ നാട്ടുകാര്‍ കണ്ടു കഴിഞ്ഞു’ എന്ന സത്യം ആ പാമ്പു പോലും മനസ്സിലാക്കും മുന്‍‌പേ വിവരമറിഞ്ഞ് ശ്രീ തന്റെ സ്പെഷ്യല്‍ വടിയുമായി(ഒരറ്റം കമ്പി കൊണ്ട് കെട്ടിയ ചൂരല്‍ വടി) ആ സ്പോട്ടില്‍ ഹാജരായിക്കഴിഞ്ഞിരിയ്ക്കും. പിന്നെ ആ പാമ്പിന് അധികം ആയുസ്സ് ഉണ്ടാകാറില്ല. മാത്രമല്ല, ഇക്കാലത്ത് നാട്ടിലെവിടെയോ ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന വിവരം പലപ്പോഴും നാട്ടുകാര്‍‌ പോലും മനസ്സിലാക്കുന്നത് തന്റെ ചൂരല്‍ വടിയുമായി ശ്രീ പോകുന്നത് കാണുമ്പോഴായിരിയ്ക്കും."

    രസമുള്ള വായന. കഥ നന്നായി, കേട്ടോ. ശ്രീയുടെ കഥകള്‍ക്ക് ഒരു പുസ്തകയോഗമുള്ളതു പോലെ തോന്നുന്നുണ്ട്

  7. ദിയ കണ്ണന്‍ said...

    ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍'നന്നായി ശ്രീ.പാവം ചേര !! :)

  8. Sureshkumar Punjhayil said...

    Pambu vetta - Oru pakal kolapathakathinte kadha...!
    Manoharam, Ashamsakal...!!!

  9. ശ്രീക്കുട്ടന്‍ said...

    ഉഗ്രന്‍ ശ്രീ...

    ഇതേപോലെ അമളി(ചേരയെ മൂര്‍ഖന്‍ ആണെന്നു ധരിക്കുന്നത്)എനിക്കും പറ്റിയിട്ടുണ്ട്.പാമ്പ് ഒരു അപകടകാരിയാണ്.അതിനോട് കളിക്കുന്നത് അല്‍പ്പം സൂക്ഷിച്ചുവേണം.

  10. ഭ്രാന്തനച്ചൂസ് said...

    ശ്രീ കലക്കി. വായിച്ചപ്പോള്‍...എവിടെയോ കേട്ടിട്ടില്ലേ എന്നൊരു സംശയം(ശ്രീയുടെ തന്നെ പഴയ പോസ്റ്റിനെ കാര്യമാ കേട്ടോ). എന്തായാലും ...സംഗതി ഉഗ്രന്‍...
    പ്രത്യേകിച്ച് നമ്മുടെ പൂച്ച...

  11. അഭി said...

    ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍'സൂപ്പര്‍ ... നിങ്ങളുടെ ആ പൂച്ച ആളു കൊള്ളാം

  12. BS Madai said...

    (ഞങ്ങളുടെ അല്ലേ പൂച്ച!) - ഇതായിരുന്നു ഞാൻ പറയാൻ വന്നത് - ശ്രീ തന്നെ പറഞ്ഞ സ്ഥിതിക്ക്....:)

  13. പ്രയാണ്‍ said...

    ഒരു ചേരയെങ്കിലുമായല്ലൊ ശ്രീ, വായിച്ചുവന്നപ്പോള്‍ ഞാന്‍ വിചാരിച്ചു വല്ല കേബിളുമായിരിക്കുമെന്ന്...പിന്നെ വാലിളക്കിയതിലായിരുന്നു ഒരു പ്രതീക്ഷ....:)

  14. ശ്രീ said...

    മൂലന്‍...
    സ്വാഗതം. വായനയ്ക്കും ആദ്യ കമന്റിനും നന്ദി. സ്ഥിരമായി വായിയ്ക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

    ramanika...
    എന്നു വച്ചാല്‍ ഞാന്‍ അതിനുള്ള ആളേ ഉള്ളൂ എന്ന് ബൂലോകര്‍ക്ക് മനസ്സിലായി എന്നര്‍ത്ഥം അല്ലേ മാഷേ? ;)
    നന്ദി ട്ടോ.

    നിശാഗന്ധി ...
    വളരെ നന്ദി.

    റ്റോംസ് കോനുമഠം...
    സ്വാഗതം. പരമ്പരാഗതമായി കൈമാറി വരുകയാണല്ലേ? കൊള്ളാം :)

    Hari | (Maths) ...
    സ്വാഗതം മാഷേ.
    ഐഡിയ കൊള്ളാം. എന്നിട്ട് വേണം നാട്ടുകാര്‍ എന്നെ വല്ല പാമ്പ് വേലായുധന്‍ എന്നോ മറ്റോ വിളിയ്ക്കാന്‍ അല്ലേ? ;)

    Diya ...
    തന്നെ തന്നെ. നന്ദി ട്ടോ :)

    Sureshkumar Punjhayil...
    ഹ ഹ. അതു കൊള്ളാം മാഷേ.

    ശ്രീക്കുട്ടന്‍ ...
    പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും അല്ലേ? :)

    അച്ചൂസ് ...
    നന്ദി അച്ചുവേട്ടാ. പണ്ടും ഒരിയ്ക്കല്‍ ഇതേ പോലെ പാമ്പു വേട്ട നടത്തിയിരുന്നു. അതാണ് ആ പഴയ പോസ്റ്റ് (എല്ലാം അബദ്ധം തന്നെ). കമന്റിന് നന്ദി :)

    അഭി ...
    ആ പൂച്ചക്കുഞ്ഞിനെ പറ്റി പറഞ്ഞാല്‍ തന്നെ മൂന്നു നാലു പോസ്റ്റുകള്‍ വേണ്ടി വന്നേക്കും. ആശാന്‍ അത്ര ജഗജില്ലി ആയിരുന്നു. കമന്റിനു നന്ദി.

    BS Madai ...
    വായിയ്ക്കാറുണ്ടെന്നറിയാം. എന്നാലും ഒരുപാട് നാളുകള്‍ക്ക് ശേഷമുള്ള ഈ കമന്റിനു സ്പെഷ്യല്‍ നന്ദി മാഷേ :)
    (പൂച്ചയും ഞങ്ങളെ കണ്ടല്ലേ പഠിയ്ക്കുന്നത് അല്ലേ? )

    പ്രയാണ്‍ ...
    ശ്ശൊ! അങ്ങനെ എങ്ങാനുമായിരുന്നേല്‍ ഞങ്ങള്‍ നാണം കെട്ട് നാടു വിടുമായിരുന്നില്ലേ? ഹ ഹ.
    കമന്റിനു നന്ദി :)

  15. ചേച്ചിപ്പെണ്ണ്‍ said...

    :) nerathe vannu ....
    haay...
    bakki vayichittu

  16. ചേച്ചിപ്പെണ്ണ്‍ said...

    പുലി പോലെ വന്നത് എലി പോലെ പോയി അല്ലെ ... ശ്രീ ....
    നല്ല പോസ്റ്റ്‌ ആസ് usual ...!

  17. രാജീവ്‌ .എ . കുറുപ്പ് said...

    ശ്രീ പണ്ടേ എനിക്ക് പേടിയുള്ള ഒരു സംഭവം ആണ് പാമ്പ്. ഇത് വായിച്ചപ്പോള്‍ തന്നെ കുളിര് കോരി. ഇന്നും നാട്ടില്‍ വന്നാല്‍ ഭയമുള്ളതും പാമ്പിനെയും പിന്നെ പട്ടിയെയും. എന്തായാലും മാധവന്‍ വന്നത് കാര്യം ആയി.

  18. ബഷീർ said...

    പാമ്പ് ശ്രീമാൻ വീഴ്ക.. അല്ല.. ചേര ശ്രീമാൻ വാഴക :)

    - ചേര ഒരു നിരുപദ്രവകാരിയാണെന്നാണറിവ്.. പക്ഷെ പാർട്ടിയെ കണ്ടാൽ ഞാൻ ആ വഴിക്ക് പോകാറില്ല...എന്തിനാ നമ്മളായിട്ട് ഒരു വഴക്കുണ്ടാക്കുന്നത് ?

  19. ബഷീർ said...

    ചെറിയ ചെറിയ സംഭവങ്ങൾ ഇങ്ങിനെ രസകരമായി അവതരിപ്പിക്കനുള്ള കഴിവിൽ അസൂയയോടെ ആശംസകൾ

  20. Pyari said...

    ശ്രീ,
    "പൂച്ചയാണ് താരം!"

  21. nandakumar said...

    :)
    അപ്പോ പണ്ട് പാമ്പുവേട്ടയായിരുന്നല്ലേ പരിപാടി :) എന്തായാലും അപാര ധൈര്യമുള്ള ആ പൂച്ചയെ ഇഷ്ടപ്പെട്ടു. അവനെയും പറഞ്ഞിട്ടു കാര്യമില്ല നിങ്ങളുടെ കൂടെയല്ലെ സഹവാസം.

  22. സുമേഷ് | Sumesh Menon said...

    ശ്രീ,
    രസകരമായ വിവരണം.. നന്നായിട്ടുണ്ട്...
    പാമ്പിനെ കൊന്നിട്ടില്ലെങ്കിലും അതിനെ ഓടിച്ചുവിട്ടിട്ടുണ്ട് ഒരുപാട് തവണ. എന്തോ, പാമ്പായാലും തല്ലിക്കൊല്ലുന്നത് കാണാന്‍ വയ്യാഞ്ഞിട്ടാ.. കൂടാതെ വീടിനു സമീപം സര്‍പ്പക്കാവുമുണ്ടേ... ഇഷ്ടം പോലെ പാമ്പുകളും... ആരെയും അവിടെ ഉപദ്രവിച്ചിട്ടില്ല..

  23. Sands | കരിങ്കല്ല് said...

    ശ്രീ ഒരു ധീരനാണെന്നു എനിക്കു പണ്ടേ അറിയാമായിരുന്നു ;)

    എന്നാലും പാവം പാമ്പ് :(

  24. Typist | എഴുത്തുകാരി said...

    വെറുമൊരു ചേരയെ നിങ്ങള്‍ മൂര്‍ഖനെനെന്നു വിളിച്ചില്ലേ!

    പാമ്പ് അതിനി നീര്‍ക്കോലിയായാലും എനിക്കു പേടിയാ.

    ശ്രീക്കുട്ടാ, നല്ല ബെസ്റ്റ് പൂച്ച.

  25. ദിവാരേട്ടN said...

    ശ്രീ, നല്ല പോസ്റ്റ്‌. എന്റെയും പാമ്പിന്റെയും നാള്‍ ഒന്നായ കാരണം ഞാന്‍ പാമ്പിന്റെ അടുത്ത് പോകാറില്ല. [അല്ലാതെ.. ഹേയ്... പേടിച്ചിട്ടൊന്നും അല്ല..]

  26. Unknown said...

    ഞാനാദ്യം വിചാരിച്ചത് ഏതോ പാമ്പ് പടം പൊഴിച്ചിട്ടതാവും എന്നായിരുന്നു.:)
    അപ്പോ ചേരയെ കണ്ടാ നിങ്ങളാരും പേടിക്കില്ലാല്ലേ..:(
    ശ്രീടെ പൂച്ചേടെ ബന്ധുവാണോ ബോബന്റേം മോളീടേം പട്ടിക്കുട്ടി ?

  27. കൂതറHashimܓ said...

    ഞാനും കരുതി കിടിലം പാമ്പ് ആയിരിക്കുമെന്ന്
    ചെ.. എന്നിട്ട് വെറും ഒരു ചേരയോ??
    (എല്ലാ പാമ്പിനേയും എനിക്കു പെരുത്ത് പേടിയാ ... ആരോടും പറയണ്ടാ ട്ടോ..:)

  28. വശംവദൻ said...

    ചേര ആയാലും മൂർ‌ഖൻ ആയാലും ചിലർക്ക് പാമ്പിനെ കാണുന്നതേ പേടി ആണ് ! എനിക്കും അങ്ങനെ തന്നെ. :)

    കഥയും കഥാനായകൻ പൂച്ചയും നന്നായിട്ടുണ്ട് ശ്രീ.

  29. Jyothi Sanjeev : said...

    shree, post kalakki. aa pooccha kutti ippozum avideyokke thanneyundo ? avanaanu sharikkithile hero :).

  30. Echmukutty said...

    പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാമ്പ്! എന്റമ്മേ.
    അല്പം വെറ ഉണ്ടായെങ്കിലും വായിച്ചു തീർത്തു.
    ചേരയാന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? പാമ്പ് പാമ്പല്ലേ?

  31. ഭായി said...
    This comment has been removed by the author.
  32. ഭായി said...

    എനിക്ക് ശ്രീ.ശ്രീയോട് പുഛം തോന്നുകയാണ്!
    ഈ പോസ്റ്റ് വായിച്ചതിന് ശേഷമാണ് അങിനെയൊരു വികാരമുണ്ടാകാന്‍ കാരണം.തുറന്ന് പറയുന്നതില്‍ വിശമം തോന്നരുത്!
    എന്തിനാണ് പാംബിനെ ഇങിനെ ഭയപ്പെടുന്നത്?
    പാംബ് എന്താ പാംബാണോ?
    എന്റെ കുട്ടിക്കാലത്ത് പാംബിനെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു.പാംബുകളുമായി ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്.പാംബിനോടുള്ള എന്റെ ഇഷ്ടം കാരണം അഛന്‍ എനിക്ക് പാംബുകളെ വാങി തന്നിട്ടുണ്ട് അതിന്റെ കൂടെ കുറച്ച് കട്ടകളും(പാംബും കട്ടയും! കളിക്കുന്ന സാധനമാ. കോണിയും പാംബും എന്ന് ചില സ്ഥലങളില്‍ പറയാറുണ്ട്.അറിയാമോ?)

    ചെറുപ്പത്തില്‍ ആറ്റിങലുള്ള എന്റെ ഒരമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു പാംബ് എന്റെ കാലില്‍ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഇഴഞുപോയി!(അത് ഒരു റാസ്കല്‍ പാംബായിരുന്നു)
    30 വര്‍ഷമായി അതിനുശേഷം ആ അമ്മവനെയോ അമ്മായിയോ മക്കളേയോ ഞാന്‍ പോയി കണ്ടിട്ടില്ല. അവര്‍ ഇങോട്ട് കാണാന്‍ വന്നാല്‍ ഞാന്‍ സ്ഥലം വിട്ടുകളയും.എനിക്ക് ഇനി അവരെ ആരെയും കാണുകയും വേണ്ട!...

    അപ്പോള്‍ പറഞുവന്നത്...ങാ.. ശ്രീ.. ഒരിക്കലും നമ്മള്‍ ഈ പ്യാംബുകളെ ഫയപ്പെടരുത്!!

    (ഇന്ന് തന്നെ ഒരു കോഡ് ലെസ് മൌസ് വാങ്ങണം!മൌസിന്റെ ഒയര്‍ അനങുംബോള്‍...ഒരു...വശപിശക്....)

  33. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: കഥയുടെ ത്രെഡുകളൊക്കെ ഒറ്റ വരി ആകുന്നല്ലോ ശ്രീ. ഇത്തവണ പൂച്ച രക്ഷിച്ചു.

  34. ഒരു യാത്രികന്‍ said...

    കൊന്ന പാമ്പുകളുടെ കണക്കു നോക്കിയാല്‍ ഞാന്‍ കാലണ്റ്റെ അടുത്ത സുഹ്രുത്തായി വരും... സസ്നേഹം

  35. ശ്രീ said...

    ചേച്ചിപ്പെണ്ണ് ...
    നേരത്തെ എത്തിയതിനും വായിച്ച് കമന്റിട്ടതിനും വളരെ നന്ദി.

    കുറുപ്പേട്ടാ...
    അപ്പോ എനിയ്ക്ക് കൂട്ടിന് ഒരാളെങ്കിലും ആയി. :) സന്തോഷം.


    ബഷീര്‍ക്കാ...
    ഹ ഹ. അത് തന്നെ. നമ്മളെന്തിനാ വെറുതേ ഒരു പ്രശ്നമുണ്ടാക്കുന്നത് അല്ലേ? അത് കരുതി തന്നെയാണ് ഞാനും പാമ്പുകളുമായി മുട്ടാന്‍ പോകാത്തത്.

    Pyari K...
    ഹ ഹ. അതെയതെ. പൂച്ചയാണ് താരം. :)

    നന്ദേട്ടാ...
    അതു തന്നെ. അവന്‍ ധൈര്യമെല്ലാം പഠിയ്ക്കുന്നത് ഞങ്ങളെ കണ്ടു കൊണ്ടായിരിയ്ക്കണമല്ലോ. അല്ലേ?

    സുമേഷ് | Sumesh Menon...
    എന്തെങ്കിലും ഒരു ജീവിയെ കൊല്ലുന്നത് കാണുന്നത് പൊതുവേ എനിയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവം ആണ്. പക്ഷേ പാമ്പിനെ പോലെ അപകടകാരിയായ ഒരു ജിവിയെ കണ്ടിട്ടും വെറുതേ വിടുന്നത് അതിനേക്കാള്‍ അപകടമായതു കൊണ്ടു മാത്രം ആ അനുകമ്പ മാറ്റി വയ്ക്കുകയാണ് പതിവ്.

    Sands | കരിങ്കല്ല് ...
    പിന്നല്ലാതെ. നമ്മളൊക്കെ പണ്ടേ ധീരന്മാരല്ലേന്ന്. ;)

    Typist | എഴുത്തുകാരി...
    ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം പറയാം (ശ്ശ്! എനിയ്ക്കും പേടിയാ) ;)

    Divarettan ദിവാരേട്ടാ...
    അങ്ങനെ പറഞ്ഞ് രക്ഷപ്പെടുന്ന ഒരുപാടു പേരെ ഞാനും കണ്ടിട്ടുണ്ട്. ഹി ഹി :)

    ആഗ്നേയ ചേച്ചീ...
    ഹ ഹ. ചിരിപ്പിച്ചു ഈ കമന്റ്. ചേരയെ കണ്ടാല്‍ പേടിയ്ക്കില്ല എന്ന് ഞാന്‍ പറഞ്ഞോ? (മുകളിലെ കമന്റ് നോക്കിയേ).
    ബോബനും മോളിയും കൊണ്ടു നടക്കുന്ന പട്ടിക്കുട്ടിയെ പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ പൂച്ചയും :)

    കൂതറHashimܓ...
    സ്വാഗതം. കമന്റിനു നന്ദി. ഞാനും മോശമല്ല :)

  36. Rare Rose said...

    ശ്രീ.,എനിക്കാ പൂച്ചക്കുട്ടനെയാ ഏറ്റവും ഇഷ്ടായത്.എന്താ പുള്ളീടെ ഒരു ധൈര്യം.ശരിക്കും സഹവാസ ഗുണം എന്നു പറയുന്നത് ഇതിനെയാ അല്ലേ.;‌)

  37. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

    "വലുതു തന്നെ. നീളവുമുണ്ട്. പക്ഷേ, ഇപ്പോ ചേട്ടന്‍ പറഞ്ഞ അത്രയ്ക്ക് നീളം വരില്ല.”

    super

  38. ശ്രീ said...

    വശംവദൻ ...
    ഹ ഹ. എനിയ്ക്കുമതേ. മൂര്‍ഖനായാലും ചേരയായാലും പേടിയ്ക്ക് കുറവൊന്നുമില്ല. :)

    Jyothi Sanjeev ...
    ആ പാവം പൂച്ചക്കുഞ്ഞ് ഇന്ന് ജീവനോടെ ഇല്ല ചേച്ചീ. :( [അത് മനപപൂര്‍വ്വം പോസ്റ്റില്‍ ചേര്‍ക്കാതിരുന്നതാണ്]

    Echmu ചേച്ചീ...
    അതു തന്നെ. കാറ്റഗറി ഏതായാലും പാമ്പ് എന്നും പാമ്പ് തന്നെ. നന്ദി ചേച്ചീ. :)

    ഭായീ...
    ഒരു ഒന്നൊന്നര കമന്റ് തന്നെ ട്ടോ. ഹൊ! ചിരിച്ചു ചിരിച്ചു കണ്ണു മപ്പി. ഹല്ലല്ല, മണ്ണു കപ്പി ;)

    ചാത്താ...
    അങ്ങനെ ഒരു പോരായ്മ ഉണ്ട് അല്ലേ? ശരിയാണ്. ഭാവന ചേര്‍ക്കണ്ട എന്ന് മന:പൂര്‍വ്വം കരുതിയിട്ടാണ് നടന്നതു മാത്രം എഴുതിയത്. അത് ഒറ്റവരിയില്‍ പറയാവുന്നതേ ഉള്ളൂ എന്ന് എനിയ്ക്കും തോന്നിയിരുന്നു. നന്ദീട്ടോ. :)

    ഒരു യാത്രികന്‍...
    അതു കലക്കി മാഷേ. 'കാലന്റെ അടുത്ത ബന്ധു' ആ പ്രയോഗം ഇഷ്ടായി. നന്ദി.:)

    Rare Rose...
    തന്നെ തന്നെ. 'സഹവാസ ഗുണം'എന്ന് തന്നെ പറയാം. പാമ്പിനെ എന്നല്ല, ഒരു എലിയെ പോലും ഉപദ്രവിയ്ക്കുന്നത് ആശാന് വിഷമമുള്ള കാര്യമായിരുന്നു കേട്ടോ (പിന്നെന്തിനാ ഒരു പൂച്ച എന്ന് ചോദിയ്ക്കരുത്)

    കിഷോര്‍ലാല്‍ പറക്കാട്ട് ...
    വളരെ നന്ദി, കിഷോര്‍. വീണ്ടും ഇവിടെ കണ്ടതിലും സന്തോഷം :)

  39. സിനു said...

    പാമ്പ് വേട്ട വളരെ ഇഷ്ട്ടായിട്ടോ..
    മാധവന്‍ വന്നില്ലായിരുന്നു എങ്കില്‍ നിങ്ങളെ ചര്‍ച്ച തീരുമ്പോഴേക്കും
    പാമ്പ് ആയാലും ചേര ആയാലും അത് അതിന്റെ വഴിക്ക് പോയേനെ..
    പ്യാരി പറഞ്ഞ പോലെ ശെരിക്കും ഈ കഥയിലെ താരം 'പൂച്ച'യാണ്.

  40. ഗീതാരവിശങ്കർ said...

    അനുഭവ കഥ നന്നായിട്ടുണ്ട് ശ്രീ ...
    ശ്രീയുടെ പൂച്ച തന്നെ താരം !!!

  41. Sandeepkalapurakkal said...

    “അയ്യേ... ഇത് വെറും ചേരയായിരുന്നു ചേട്ടാ. പക്ഷേ കുറച്ച് മൂത്ത ഇനമാണെന്ന് തോന്നുന്നു. പടം പൊഴിയാറായിട്ടുണ്ട്. അതാണ് തൊലിയെല്ലാം ഇങ്ങനെ ഇരിയ്ക്കുന്നത്. ഞാനും ആദ്യം കരുതി ഏതോ നല്ല പാമ്പായിരിയ്ക്കുമെന്ന്”

    ഇത്രയും പറഞ്ഞ് നിരാശയോടെ മാധവന്‍ സൈക്കിളില്‍ കയറി യാത്രയായി.


    ഇവന്‍ അവിടെ വന്നില്ലായിരുന്നെങ്കില്‍ എന്തായേനേ ?

  42. Manoraj said...

    ശ്രീ ,

    നന്നായി.. പാമ്പ്‌.. അത്‌ ചേരയായാലും ചേനത്തണ്ടനായാലും.. അല്ല കരിമൂർഖാനായാലും എനിക്‌ പേടിയാ..

  43. Sherlock said...

    ശ്രീ, കുറേ നാള്‍ കൂടിയാണു ഇവിടെ. ശ്രീയുടെ മുന്‍കാല പോസ്റ്റുകളെ അപേക്ഷിച്ച് ഇവിടെ വരികളില്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തിയത് ശ്രദ്ധിച്ചു. കൊള്ളാം.:)

  44. Anil cheleri kumaran said...

    ഹഹഹ.. കലക്കി ശ്രീ.. ക്ലൈമാക്സ് ഇതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

  45. വിനുവേട്ടന്‍ said...

    അല്ലെങ്കിലും നമ്മുടെ തൃശൂര്‍ ജില്ലയില്‍ പാമ്പുകള്‍ അല്‍പ്പം കൂടുതലാ... തെറ്റിദ്ധരിക്കണ്ട, സര്‍പ്പം എന്ന് തന്നെയാ ഉദ്ദേശിച്ചത്‌... നാട്ടില്‍ സ്ഥിരതാമസമാക്കുമ്പോള്‍ പറമ്പിന്‌ ചുറ്റും വെളുത്തുള്ളി കൃഷി തുടങ്ങണം...

    പാമ്പ്‌ വേട്ടയില്‍ നര്‍മ്മം ശരിക്കും കലര്‍ന്നു... രസമായി...

  46. mukthaRionism said...

    ആടു പാമ്പേ
    ആടു പാമ്പേ
    ആടാടു പാമ്പേ...

    നല്ല എഴുത്ത്...
    ഇഷ്ടായിക്ക്‌ണ്ട്ട്ടാ..

    പാമ്പുകള്‍ക്ക്
    മാളമുണ്ട്....

    പാവം ചേര.
    നമോവാകം..

  47. കൊല്ലേരി തറവാടി said...

    ഓര്‍മ്മകള്‍ നന്നായിരിക്കുന്നു ശ്രീ... ആശംസകള്‍...

  48. കണ്ണനുണ്ണി said...

    അയ്യട ഒരു ചേരയെ കൊന്നിട്ട്... കൊടുത്ത പേര് നോക്കിയേ...'ഓപറേഷന്‍ കരിമൂര്‍ഖന്‍'///
    ഗ്ര്ര്ര്‍

  49. OAB/ഒഎബി said...

    ഒരു നിമിഷത്തെ ഇത്ര സരസമായി എഴുതുന്നതില്‍ ശ്രീക്കുള്ള കഴിവ് ഓരോ പോസ്റ്റുകളിലും കാണാം.

    എന്തിനാ മാഷേ എന്നെ പോലെ കൂടുതല്‍ അനുഭവങ്ങള്‍?
    ഇത്രയൊക്കെ തന്നെ ധാരാളം, വിത്യസ്ഥം.

    }ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍,
    രാത്രി 9 മണിക്ക് തൊട്ട വീട്ടില്‍ നിന്നും ഞാന്‍ വീഡിയോയില്‍ പകര്‍ത്തിയ, പൂച്ചയുടെ നേരെ പത്തി വിടര്‍ത്തി ചീറ്റി നിന്ന, പിന്നെ ചെരിപ്പുകള്‍ ചരലിലുരയുന്ന ശബ്റ്റം കേട്ട് എന്റെ നേരെ പാഞ്ഞടുത്ത ഒരുഗ്രന്‍ മൂര്‍ഖന്‍ പാമ്പിന്റെ രംഗങ്ങള്‍ ക്യാമറയില്‍ നിന്നും നഷ്ടപ്പെട്ടതിന്റെ ദുഖത്തോടെ...

  50. kambarRm said...

    ഇന്നിപ്പോൾ തല്ലിക്കൊല്ലാൻ നാട്ടിൽ പാമ്പുകളെവിടെ..?
    മൂക്കറ്റം കുടിച്ച്‌ മനുഷ്യ പാമ്പുകളല്ലേ ചുറ്റിലും.. മോന്തി നേരം ഇടവഴികളിലും റോഡ്‌ സൈഡിലുമൊക്കെ കിടക്കുന്ന ഇത്തരം പാമ്പുകളെ കണ്ടാൽ ഒറിജിനൽ പാമ്പ്‌ പോലും നാണിച്ച്‌ പോകും...
    അത്തരം പാമ്പുകളെ നിലക്കു നിർത്താൻ കരുണൻ വല്ല്യപ്പച്ചനെ പ്പോലെ സാമൂഹ്യ സ്നേഹികളും സന്നദ്ധ സംഘടനാ പ്രവർത്തകരും.....എല്ലാം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു...
    നന്നായിരിക്കുന്നു...
    തുടരുക..
    വീണ്ട്രും വറാം..നണ്ട്രി..വണക്കം

  51. ശ്രീ said...

    സിനു ...
    മാധവന്‍ അപ്പൊ വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞങ്ങള്‍ അതിനെ പറഞ്ഞു പെരുപ്പിച്ച് വല്ല രാജവെമ്പാലയോ മറ്റോ ആക്കിയേനെ. ;)

    kathayillaaththaval...
    വളരെ നന്ദി, ചേച്ചീ.

    സന്ദീപ് കളപ്പുരയ്ക്കല്‍...
    എങ്കില്‍ പണി പാളിയേനെ. അപ്പോ തന്നെ ഞങ്ങളെല്ലാം അത്രയ്ക്ക് ടെന്‍ഷനിലായിരുന്നു ;)

    Manoraj മാഷേ...
    എനിയ്ക്കും അതേ. കമന്റിനു നന്ദി. :)

    sherlock ...
    കുറേക്കാലത്തിനു ശേഷം ഈ വഴി വന്നതില്‍ വളരെ സന്തോഷം, ജിഹേഷ് ഭായ് :)

    കുമാരേട്ടാ...
    എഴുതി തുടങ്ങുമ്പോള്‍ തന്നെ എനിയ്ക്കും തോന്നിയിരുന്നു, അപ്രതീക്ഷിത ക്ലൈമാക്സ് പോലെ ആര്‍ക്കും തോന്നാനിടയില്ല എന്ന്. എങ്കിലും സംഭവകഥ ആയതു കൊണ്ട് അങ്ങനെ തന്നെ എഴുതിയാല്‍ മതി എന്ന് തീരുമാനിച്ചുവെന്നേയുള്ളൂ. :)

    വിനുവേട്ടാ...
    ഒരു കാലത്ത് പാമ്പുകളുടെ സുവര്‍ണ്ണകാലമായിരുന്നു. ഇപ്പോള്‍ അത്രയ്ക്കൊന്നും കാണാറില്ല, വിനുവേട്ടാ. കമന്റിനു നന്ദി.

    mukthar udarampoyil...
    വളരെ നന്ദി,. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം :)

    കൊല്ലേരി തറവാടി...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    കണ്ണനുണ്ണി ...
    ഒന്നു ക്ഷമീര് കണ്ണാ. അടുത്ത തവണ ഒറിജിനല്‍ മൂര്‍ഖനേയോ രാജവെമ്പാലയേയോ കൊന്നിട്ട് ഓപ്പറേഷന്‍ നീര്‍ക്കോലി എന്ന് കൊടുത്താല്‍ പ്രശ്നം തീരുമോ? ;)

    OAB/ഒഎബി മാഷേ...
    മൂര്‍ഖന്‍ നമ്മുടെ നേരെ പത്തി വിടര്‍ത്തി ചീറ്റിക്കൊണ്ടു വരുമ്പോള്‍ അതിന്റെ പോട്ടം പിടിയ്ക്കാന്‍ നില്‍ക്കുവാണോ മാഷേ? റിസ്കല്ലേ? എന്നാലും അതെങ്ങനെ നഷ്ടപ്പെട്ടു?
    കമന്റിനു നന്ദീട്ടോ.

    കമ്പർ...
    സ്വാഗതം. വായനയ്ക്കും അമ്പതാം കമന്റിനും നന്ദി. വളരെ ശരിയാണ്. ഇന്ന് ഇത്തരക്കാരെ ഒതുക്കാന്‍ വേറെ വല്ല വഴികളും കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

  52. ഉപാസന || Upasana said...

    nammaTe maamuttante aniyan allE ii maadhavan...

    Oan paNTE puliyaa
    ;-)
    Upasana

  53. Sukanya said...

    ഇത് പാമ്പ് കേസാണേ ഇതുപോലെ ഒരു "ധൈര്യവാനായ" ശ്രീയും പിന്നെ ആ പൂച്ചയും ഉണ്ടെങ്കില്‍ പിന്നെ പേടിക്കാനുണ്ടോ? ;)

    സതീശനെ ഓര്‍മ വന്നു എന്‍റെ കസിന്‍ ആണ് പാമ്പുപിടുത്തം അവന്റെ ഹോബി ആണ്.

  54. Subin said...

    ഇതു പോലെ ഒരു ചൂരല്‍ വടി വീട്ടിലും ഉണ്ട്... ഞാന്‍ പക്ഷെ പ്രയോഗം നടത്തീട്ടില്ല.. പേടി ഒന്നും അല്ല....അറിയാല്ലോ!

    :-)


    regards,
    Subin

  55. the man to walk with said...

    pazhaya pambu vettakal..
    kollato operation

  56. സുനിൽ കൃഷ്ണൻ(Sunil Krishnan) said...

    ശ്രീ,

    കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്ക് അല്ലേ?നന്നായി.ആളു കൂടിയാല്‍ പാമ്പു ചാകില്ല എന്നൊരു ചൊല്ലുണ്ട്..എന്തായാലും മൂന്നാലു വീര ശൂര പരാക്രമികള്‍ ചേര്‍ന്ന് ഒരു ചേരയെ തകര്‍ത്തു വിട്ടല്ലൊ...

    ഇത് വായിച്ചപ്പോള്‍ രണ്ട് ചെറിയ ഓര്‍മ്മകള്‍: എന്റെ വീട്ടില്‍ പണ്ട് വളര്‍ത്തിയിരുന്ന പൂച്ചയുടെ ഹോബി പാമ്പു പിടുത്തമായിരുന്നു.എവിടെ കണ്ടാലും പിടിക്കും.ഒരിക്കല്‍ വീട്ടില്‍ വിരുന്നുകാര്‍ വന്നു എന്തോ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അവരിലൊരാള്‍ക്ക് കാലില്‍ എന്തോ നനു നനപ്പ് പോലെ തോന്നി.നോക്കിയപ്പോള്‍ മേശക്കടിയില്‍ പൂച്ച.വായില്‍ക്കിടന്ന് ഒരു പാമ്പു പുളയുന്നു..അവന്റെ വാലിന്റെ അറ്റം കൊണ്ടതാണ് ഈ നനു നനുപ്പ്....ഭാഗ്യം കടിച്ചില്ല.എന്തായാലും പിന്നെ വൈകിയില്ല.അപ്പോള്‍ തന്നെ പൂച്ചയെ ചാക്കില്‍ കെട്ടി ഒരു ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി..പകുതി വഴി ചെന്നപ്പോള്‍ ചാ‍ക്കിലുണ്ടായിരുന്ന തുളയിലൂടെ അവന്‍ വെളിയില്‍ ചാടി എങ്ങോ ഓടി മറഞ്ഞു....!

    ( ഒരു കഥക്കുള്ള സ്കോപ്പ് ഉണ്ട് അല്ലേ ശ്രീ?)


    പിന്നെ ഒരിക്കല്‍ രാത്രി കുളിമുറിയുടെ വാതില്‍ തുറന്ന് ഞാന്‍ മുറ്റത്തേക്ക് കാല്‍ എടുത്തു വച്ചതും എന്തോ സൂചി കാലില്‍ തറച്ച പോലെ അനുഭവം.അന്നു കറന്റ് കട്ടായതുകൊണ്ട് വെളിച്ചവുമില്ല.ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ അതാ ഒരുത്തന്‍ ഇഴഞ്ഞിഴഞ്ഞു പോകുന്നു.എന്റെ തള്ളവിരലില്‍ നിന്ന് ചോരയും പൊടിയുന്നു..പിന്നെ ഒന്നും പറയേണ്ട....ഇപ്പോളും ഞാന്‍ ജീവനോടെ ഇരിക്കുന്നു എന്ന് മാത്രം പറയാം

    കമന്റ് വലുതായി ആശംസകള്‍ ശ്രീ !

  57. Unknown said...

    ശ്രീയുടെയല്ലേ പൂച്ച.... ഹല്ല പിന്നെ... ധൈര്യവാൻ....
    കഥ നന്നായി...

  58. Pd said...

    ഹോ വെറുതെ മനുഷ്യനെ പേടിപ്പിച്ചു
    - പണ്ട് കുളിക്കാനിറങിയപ്പോള് കുളപ്പടിയില് കിടന്ന ഒരു നീറ്ക്കോലി കടിച്ചതും ഹെല്ത്ത് ഇന്സ്പെക്റ്ററ് ആയിരുന്ന ചിറ്റ (ഇളയമ്മ)കാലില് സ്പിരിറ്റ് പുരട്ടിയതും അമ്മ കാണാതെ അത്താഴം തന്നതും ഓറ്മമ വന്നു. പറമ്പില് ഉണ്ടായിരുന്ന സര്പ്പക്കാടിന്റ്റെ ഓരങളില് വല്ലപ്പോഴും കാണുന്ന മൂറ്ഖന് പാമ്പുകളെ എനിക്കിപ്പോഴും പേടിയാ അതുപോലെ കശുമ്മാവിന്റ്റെ കൊമ്പുകളില് തൂങികിടക്കണ പച്ചില പാമ്പുകളെയും (ഇപ്പൊ അതൊന്നും ഇല്ല ഒക്കെ വെട്ടി കളഞ്ഞ് റബ്ബറ് വച്ചു അല്ല പിന്നെ)

  59. ശ്രദ്ധേയന്‍ | shradheyan said...

    ശ്രീ, എന്‍റെ വീട്ടിലും 'പൂച്ച വളര്‍ത്തുണ്ട്'. അതില്‍ ഒരു മിടുക്കന്‍ എത്രയോ പാമ്പുകളെയും തേളുകളെയും ശരിപ്പെടുത്തിയിട്ടുമുണ്ട്. അയല്‍പക്കത്തെ വീട്ടില്‍ നിന്നും ഒരു നാള്‍ കക്ഷിക്ക് കണക്കിന് തല്ലു കിട്ടി. വെറുതെ അടുക്കളയില്‍ എത്തി നോക്കിയതായിരുന്നു കുറ്റം. അതിനു ടിയാന്‍ 'പ്രത്യുപകാരം' ചെയ്തത് നല്ലൊരു മൂര്‍ഖന്‍ പാമ്പിനെ അടിച്ചു കൊന്നു അവരുടെ മുറ്റത്ത് കൊണ്ടിട്ടു കൊണ്ടായിരുന്നു. അതോടെ അവര്‍ക്ക് അവനോടുള്ള ദേഷ്യവും പമ്പകടന്നു. കുറെ ഓര്‍മ്മകള്‍ തന്ന നല്ലൊരു പോസ്റ്റ്‌.

  60. കുഞ്ഞൻ said...

    ചെറിയൊരു സംഭവം രസകരമാ‍യ രീതിയിൽ അവതരിപ്പിക്കാൻ ശ്രീക്കുട്ടന് പ്രത്യേക കഴിവാണ്. എനിക്കീക്കഥയിൽ ഹീറൊയായിത്തോന്നിയത് ആ കുഞ്ഞിപ്പൂച്ചയെയാണ്.

    അഞ്ചുവർഷം മുമ്പാണെങ്കിലും ശ്രീയൊരു കുഞ്ഞിച്ചെക്കനൊന്നുമല്ലാട്ടൊ നല്ല ഒത്തൊരു പുരുഷനായിരുന്നു അന്നും ഇന്നും..!

  61. സിനോജ്‌ ചന്ദ്രന്‍ said...

    ശ്രീ , ഒരു ഇടവേള ഉണ്ടായതിനാല്‍ ശ്രീയുടെ പോസ്റ്റുകളെല്ലാം വായിച്ചു വരുന്നേയുള്ളൂ. ബോംബും പാമ്പും ഒക്കെ ആണല്ലോ ഇപ്പൊ കൂട്ട്. രസകരമായ അനുഭവങ്ങള്‍ .

  62. yousufpa said...

    പാമ്പിനെ കൊന്നാല്‍ തലമുറകളോളം ശാപം കിട്ടും എന്ന് സ:ലെനിന്‍ പറഞ്ഞതോര്‍ക്കുന്നു.

  63. ചാണ്ടിച്ചൻ said...

    കരുണന്‍ വല്യച്ചന്‍ അയ്യപ്പ ബൈജുവിനെ കാണാത്തത് ഭാഗ്യം...

  64. Muralee Mukundan , ബിലാത്തിപട്ടണം said...

    കുട്ടിക്കാലത്തെ ചേരുവകളൊന്നും ഒട്ടും ചോർന്നുപോകാതെതന്നെ,ചിരിപടർത്തി ഈ ചേര പുരാണം ,വരിവരിയായൊന്നും ചോർന്നുപോകാതെ തന്നെ വിവരിച്ചിരിക്കുന്നു...
    അസ്സലായി കേട്ടൊ....ശ്രീ .

  65. ശ്രീ said...

    ഉപാസന || Upasana ...
    അതെ, അതേ മാധവന്‍ തന്നെ :)

    Sukanya ചേച്ചീ...
    എന്റെ ധൈര്യത്തെ പറ്റി ഇനിയും ബൂലോകര്‍ക്ക് സംശയമുണ്ടാകാനിടയില്ല. മുന്‍പും ഒന്നു രണ്ട് സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. കമന്റിനു നന്ദി ചേച്ചീ.

    Subin...
    പിന്നെ... അതെനിയ്ക്കറിയില്ലേ... ഹ ഹ. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)

    the man to walk with...
    വളരെ നന്ദി മാഷേ.

    സുനിൽ കൃഷ്ണൻ(Sunil Krishnan)...
    ഈ വിശദമായ കമന്റിനു നന്ദി മാഷേ. പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് പങ്കു വച്ചതിനും നന്ദി. പറഞ്ഞതു പോലെ രണ്ടു പോസ്റ്റിനുള്ള വക ഉണ്ടായിരുന്നു :)

    Jimmy...
    തന്നെ തന്നെ. എന്റെയല്ലേ പൂച്ച! നന്ദി. :)

    Pd...
    സ്വാഗതം മാഷേ. ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി. പച്ചില പാമ്പുകളെ ഒന്നും ഇപ്പോള്‍ കാണാറേയില്ല.

    ശ്രദ്ധേയന്‍ | shradheyan...
    ആ പൂച്ച ആളു കൊള്ളാമല്ലോ മാഷേ. ഇങ്ങനെ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാല്‍ അയല്‍ക്കാര്‍ കുഴങ്ങിയതു തന്നെ :)
    കമന്റിനു നന്ദി.

    കുഞ്ഞൻ ...
    ഒരു കണക്കിനു അവന്‍ തന്നെയാണ് ഹീറോ. [ഞങ്ങളെല്ലാം സീറോ ആയിപ്പോയില്ലേ? ;)]
    ഞാന്‍ ചെറുതായിരുന്നതു കൊണ്ടാണ് പാമ്പിനെ കൊല്ലാന്‍ പേടിച്ചത് എന്ന് ബൂലോകര്‍ കരുതിക്കോട്ടെ എന്ന് കരുതിയതായിരുന്നു. അപ്പൊ ഇതാ ഇങ്ങനെ ഒരു പാര. [അന്നും ഇന്നും ഞാന്‍ ഒരു പോലെ തന്നെ ആണ് എന്നത് സത്യം തന്നെ. രൂപത്തിലും പാമ്പിനോടുള്ള പേടിയിലും ;)]

    സിനോജ്‌ ചന്ദ്രന്‍ ...
    കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ. :)

    യൂസുഫ്പ ...
    അതേയതെ. അതല്ലേ ഞാന്‍ കൊല്ലാത്തത് (ഹിഹി. ഇനിയിപ്പോ അങ്ങനെ പറയാമല്ലോ)

    Renjith...
    നന്ദി

    ചാണ്ടിക്കുഞ്ഞ് ...
    ഹ ഹ. അതു ശരിയാണല്ലോ. രസികന്‍ കമന്റ്. നന്ദി മാഷേ :)

    ബിലാത്തിപട്ടണം / Bilatthipattanam ...
    വളരെ നന്ദി മാഷേ

  66. സഹയാത്രികന്‍ said...

    അവസാനം അവന്‍ തന്നെ വരേണ്ടി വന്നു... മാധവന്‍... പാമ്പിനെ തല്ലികൊന്ന് ഒരു ഷിറ്റും പറഞ്ഞ് അവനങ്ങ് പോയി....!

    ഓഫ്. :
    (പാമ്പ് ഏത് ഇനമാണ് എന്ന് അറിഞ്ഞാല്‍ കൊല്ലാന്‍ മടിയില്ലേ എന്നോ മാളത്തിനകത്തിരിയ്ക്കാതെ നേരെ പുറത്തു വന്നിരുന്നെങ്കില്‍ കൊല്ലാന്‍ ധൈര്യമുണ്ടാകുമായിരുന്നോ എന്നോ ഉള്ള ചോദ്യങ്ങള്‍‌ക്കൊന്നും ഇവിടെ പ്രസക്തിയില്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ)

    നീയാരടെ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ അനന്തിരവനോ...

  67. Unknown said...

    ഈ സഹനിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ?:)

  68. എതിരന്‍ കതിരവന്‍ said...

    മൃഗസംരക്ഷണ-പരിസ്ഥിതി വകുപ്പ് അന്വേഷിച്ചു കൊണ്ടിരുന്ന ആ കേസിനു തുമ്പു കിട്ടി. ഒരു പാവം ചേരപ്പാമ്പിനെ നിർദ്ദയമായ വധിച്ച കേസ്. (1,3,5, 7 എന്നോ 2,4,6,8 എന്നോ അഴി എണ്ണാറ്?)

    പണ്ട് മയിൽ‌പ്പീലി വിൽക്കാൻ ശ്രമിച്ച് പിടിയിലായ കാര്യം ആരോടും പറയുന്നില്ല കേട്ടോ.


    ചായ്പ്പിൽ കൂട്ടിലിട്ടിരിക്കുന്ന ആ വെള്ളിമൂങ്ങകളെ ഉടൻ തുറന്നു വിട്ടൊണേ. അത് കൂടിയ കേസാ.

  69. Anonymous said...

    പാമ്പിനെ കണ്ടുവന്ന കണ്ണന്റെ മുന്നിൽ ചമ്മിയചമ്മൽ ഓർത്ത് ചിരിവന്നു. പിന്നെ ശ്രീ നല്ല ദൈര്യ ശാലിയണെന്നും ബോധ്യ മായി , പിന്നെ പൂച്ചയുടെ കാര്യം ... ഈ അങ്കമൊക്കെ യല്ലേ അതു സ്ഥിരം കാണുന്നത്.. രസകരമായി.

  70. Akbar said...

    പാമ്പിന്റെ അടുത്തെത്തി അവനും ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു “ കണ്ടിട്ട് കുറച്ചു കൂടിയ ഇനമാണെന്നാണ് തോന്നുന്നത്. കരി മൂര്‍‌ഖന്‍ തന്നെ ആണോ എന്നാ സംശയം. നിങ്ങള്‍ കുറച്ചങ്ങ് മാറി നിന്നോ. ഇത് ഞാനേറ്റു”

    അപ്പൊ "കൂടിയ ഇനം" ചേരയായിരുന്നു അല്ലെ ?. മാധവന്‍ മുടുക്കനാ‍. ചേരയെ കൊല്ലാനും വേണം ഒരു ധൈര്യം. നല്ല അവതരണം ശ്രീ. ആശംസകള്‍

  71. asdfasdf asfdasdf said...

    :) :) vayikkanirikkarilla. ennalum Sree yude allenna karanathal nokki..good.

  72. siya said...

    എല്ലാവരും എഴുതിയത് വായിച്ചു .ശരിക്കും പാമ്പിനെ കണ്ടാല്‍ ഓടുന്നവരുടെ കൂടെ ഞാനും ഉണ്ട് .ശ്രീ , ഈപ്പോള്‍ പാമ്പിനെ കണ്ടാല്‍ എന്ത് ചെയും ?ഓടുംമോ ?ഓടണം ട്ടോ എന്നാല്‍ അല്ലെ പേടി എന്നും കൂടെ ഉള്ള സുഖം ഉണ്ടാവുക്ക ഉള്ളു ...അപ്പോള്‍ ഇനിയും എഴുത്ത് തുടരട്ടെ ......

  73. Unknown said...

    കൊള്ളം ...നല്ല പൂച്ച!!! പറഞ്ഞത് പോലെ നിങ്ങടെ അല്ലെ പുലി അല്ല പൂച്ച...

  74. vinus said...

    പാ... പാ‍ാ...പാ... പാമ്പോ? വലുതാണൊ? നല്ല നീളമുണ്ടോ?”

    ഹ ഹാ..ശ്രീ അല്ലേലും ഇത്രേം നീളം ഒരു പാമ്പിനും കാണും എന്ന് തോനുന്നില്ല.
    ഏതായാലും ആ പൂച്ചക്ക് വിവരമുണ്ട് അവൻ പുലിയാ..

  75. Priya said...

    Well-done Sree; "operation karimoorkhan"- atlast a great success!!!!!!!

  76. ഒഴാക്കന്‍. said...

    ധീരനും പാമ്പ് പിടിയനുമായ ശ്രീയും പൂച്ചയും നീണാള്‍ വാഴട്ടെ!!

  77. lekshmi. lachu said...

    ചെറിയ ചെറിയ സംഭവങ്ങൾ ഇങ്ങിനെ രസകരമായി അവതരിപ്പിക്കനുള്ള കഴിവിൽ അസൂയയോടെ .....
    നന്നായിരിക്കുന്നു...ആശംസകള്‍

  78. രഘുനാഥന്‍ said...

    ഹഹ "ഓപ്പറേഷന്‍ കരി മൂര്‍ഖന്‍" "ഓപ്പറേഷന്‍ കരിം ചേര" ആയിപ്പോയി അല്ലേ ശ്രീ

  79. അരുണ്‍ കരിമുട്ടം said...

    ഉദ്ദേശിച്ച പോലെ തന്നെ കഥ വന്നു, പക്ഷേ ആ പൂച്ചയുടെ പെര്‍ഫോമന്‍സ് ചേര്‍ത്തപ്പോ കരുതിയതിലും സൂപ്പറായി :)

    (ഇപ്പോ ചിന്തയില്‍ അപ്ഡേറ്റ് ചെയ്യാറില്ലേ, ഇന്ന് ബസ്സാ സഹായിച്ചത്)

  80. ശ്രീ said...

    സഹയാത്രികന്‍ ...
    ഹോ... എത്ര കാലം കൂടിയാണ് ആശാനേ ഈ വഴിയൊക്കെ? ബൂലോകത്തെ മെമ്പര്‍ഷിപ്പ് ഇടയ്ക്കൊക്കെ ഒന്ന് പുതുക്കി വയ്ക്ക് ട്ടോ.
    കമന്റ് എത്രയാണ് ചിരിപ്പിച്ചത് എന്ന് പറയാന്‍ പറ്റില്ല. നന്ദി. (പിന്നെ,ആഗ്നേയ ചേച്ചിയുടെ ചോദ്യം ശ്രദ്ധിച്ചു കാണുമല്ലോ)

    എതിരന്‍ മാഷേ...
    കുറേ നാളുകള്‍ക്കു ശേഷമാണല്ലോ വരവ്?
    മൃഗസംരക്ഷണ വകുപ്പുകാരോട് പറയല്ലേ ട്ടോ [അമ്പതു പൈസ തരാം ;)]

    (അഴി എണ്ണുമ്പോള്‍ 1,2,3 കഴിഞ്ഞാല്‍ 4 ചരിഞ്ഞിട്ടല്ലേ എന്നാണ് ഡൌട്ട്)

    പിന്നെ, അന്ന് മയിലെണ്ണ ചോദിച്ചിട്ട് തരാതിരുന്നതായിരിയ്ക്കും മയില്‍പ്പീലി കേസ് എന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമത്തിനു പിന്നില്‍... ല്ലേ? ;)
    വെള്ളിമൂങ്ങകളുടെ കാര്യം പറയാനാണെങ്കില്‍ അത് ഈ കമന്റ് കണ്ടപ്പഴേ അഴിച്ചു വിട്ടു. (ഒരെണ്ണത്തിനെ പിടിച്ച് തത്തക്കൂട്ടിലിട്ടിട്ടുണ്ട്. വളര്‍ത്താനാണേയ്);)

    രസകരമായ കമന്റിനു നന്ദി മാഷേ :)

    പാലക്കുഴി...
    അത് തന്നെ. ഞങ്ങളുടെ കൂടെ കൂടി അവസാനം ആ പൂച്ചയും ആ പരുവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ മാഷേ :)

    Akbar ഇക്കാ...
    അതെയതെ. കുറച്ചു 'മൂത്ത' ചേര ആയിരുന്നു. നന്ദി ഇക്കാ.

    കുട്ടന്‍മേനൊന്‍ ...
    വളരെ സന്തോഷം മേനോന്‍ ചേട്ടാ. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം :)

    Siya...
    സ്വാഗതം. അന്നാണെങ്കിലും ഇന്നാണെങ്കിലും പാമ്പിനെ കണ്ടാല്‍ ഞാന്‍ വേഗം സ്ഥലം കാലിയാക്കുകയാണ് പതിവ്.
    കമന്റിനു നന്ദി ട്ടോ.

    Robert...
    സ്വാഗതം. ആ പൂച്ച ഒരു പുലി തന്നെ ആയിരുന്നൂട്ടോ. :)

    vinus...
    തന്നെ തന്നെ, അവനൊരു പുപ്പുലി തന്നെ ആയിരുന്നു :)

    Priya...
    നന്ദി. വീണ്ടും കണ്ടതില്‍ സന്തോഷം.

    ഒഴാക്കന്‍...
    നന്ദി മാഷേ. ആ പൂച്ച ഇപ്പോഴില്ല കേട്ടോ. :(

    lekshmi...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

    രഘുനാഥന്‍ മാഷേ...
    അതെയതെ. എന്നാലും അവന്‍ കുറച്ചു നേരത്തേയ്ക്ക് ഞങ്ങളെ വെള്ളം കുടിപ്പിച്ചു കേട്ടോ. കമന്റിനു നന്ദി.

    അരുണ്‍ കായംകുളം ...
    വളരെ നന്ദി അരുണ്‍.
    (ചിന്തയില്‍ വന്നില്ല അല്ലേ? അഗ്രഗേറ്റേഴ്സ് അത്രയ്ക്ക് അങ്ങ്ങ് ശ്രദ്ധിയ്ക്കാറില്ല.)

  81. താരകൻ said...

    പതിവുപോലെ ലാളിത്യം തന്നെ ഈ പോസ്റ്റിന്റെ മുഖമുദ്ര.മേമ്പൊടിക്ക് ഹ്യൂമറും...കൊള്ളാം ശ്രീ.പ്രാണരക്ഷാർഥം ഓടിയൊളിച്ച പൂച്ചകുഞ്ഞിനെ പ്രത്യേകം ഇഷ്ടപെട്ടു..ഹൌ നൈസ്.

  82. Umesh Pilicode said...

    kollam mashe nannayittundu

  83. Prasanth Iranikulam said...

    നന്നായിരിക്കുന്നു ശ്രീ,എനിക്കിഷ്ടപ്പെട്ടു!

  84. കിച്ചന്‍ said...

    “അയ്യേ... ഇത് വെറും ചേരയായിരുന്നു ചേട്ടാ. പക്ഷേ കുറച്ച് മൂത്ത ഇനമാണെന്ന് തോന്നുന്നു. പടം പൊഴിയാറായിട്ടുണ്ട്. അതാണ് തൊലിയെല്ലാം ഇങ്ങനെ ഇരിയ്ക്കുന്നത്. ഞാനും ആദ്യം കരുതി ഏതോ നല്ല പാമ്പായിരിയ്ക്കുമെന്ന്”

    ഈ മാധവന്റെ മോഫയല്‍ നമ്പര്‍ ഒന്ന് തരുമോ...പറമ്പില്‍ പാമ്പ് ശല്യം കുറച്ചു കൂടിയിട്ടുണ്ട്....

  85. jyo.mds said...

    ശ്രീ,പാമ്പെന്നു കേട്ടപ്പോള്‍ എന്റെ ദേഹവും വിറച്ചു-പിന്നെ പൂച്ചക്കുട്ടിയുടെ ധൈര്യം..ഹഹഹ
    നന്നായി എഴുതി

  86. വീകെ said...

    മാധവന്റെ വരവ്..
    എന്റെ മനസ്സിൽ ‘കലാഭവൻ മണി‘യുടെ ഒരു ചിത്രം വീഴ്ത്തി ശ്രീ...
    നന്നായിരിക്കുന്നു ഓർമ്മകൾ..
    ആശംസകൾ....

  87. ജീവി കരിവെള്ളൂർ said...

    ഞങ്ങളുടെ അല്ലേ പൂച്ച!

  88. അനില്‍@ബ്ലോഗ് // anil said...

    ഹ ഹ!!
    പാവം ചേര, അത് വല്ല എലിയെയും പിടിച്ച് കഴിഞ്ഞോണ്ടെനെം.

  89. ഹംസ said...

    പാമ്പിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വേദനിപ്പിക്കുന്ന ഒരു ഓര്‍മയുണ്ട്. പതിനാറ് വര്‍ഷം മുന്‍പ് എന്‍റെ ഒരു സിസ്റ്റര്‍ പാമ്പ് കടിയേറ്റ് മരണപെട്ടിട്ടുണ്ട്.

    അന്നുമുതല്‍ പാമ്പിനെ ഞാന്‍ ഒരു ശത്രുവായിട്ടാണ് കാണുന്നാത് എങ്കിലും ഒന്നിനെ പോലും ഇതുവരെ ഒരു അടി പോലും കൊടുത്തിട്ടില്ല , അതിനു കഴിഞ്ഞിട്ടില്ല .

    നല്ല ഒരു പോസ്റ്റ്,

  90. Jenshia said...

    പൂച്ചയെ കാണാനില്ല പറഞ്ഞപ്പോ ആശാനെന്തെലും പറ്റിയോന്നു ഭയന്നു...അവസാനം വായിച്ചപ്പോ ആശ്വാസമായി...

  91. വിജയലക്ഷ്മി said...

    ethaayaalum aa poochha sreeyudethu thanneyennurappaayi :)

  92. raadha said...

    സംഗതി ചേര ആയാലും, മൂര്‍ഖന്‍ ആയാലും, പാമ്പ്‌ പാമ്പ്‌ തന്നെ അല്ലെ? തല്ലി കൊന്നത് നന്നായി. എന്നാലും എനിക്ക് ആ പൂച്ചയുടെ പെര്‍ഫോര്‍മന്‍സ് ആണ് ഒത്തിരി ഇഷ്ടപ്പെട്ടത്..ഇവിടെയുമുണ്ട് ആ ഇനത്തില്‍ പെട്ട മൂന്നെണ്ണം.

  93. ശ്രീ said...

    താരകൻ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം മാഷേ.

    ഉമേഷ്‌ പിലിക്കൊട്...
    വളരെ നന്ദി.

    Prasanth Iranikulam...
    നന്ദി, പ്രശാന്തേട്ടാ. :)

    കിച്ചന്‍...
    മാധവനെ വിവരം അറിയിച്ചേക്കാം... പോരേ? :) കമന്റിനു നന്ദി.

    jyo ചേച്ചീ...
    വളരെ സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി, ചേച്ചീ.

    വീ കെ മാഷേ...
    ആ വരവ് അത്ര രസകരമായിരുന്നു മാഷേ. നന്ദി.

    ജീവി കരിവെള്ളൂര്‍...
    നന്ദി മാഷേ.

    അനിൽ@ബ്ലൊഗ് ...
    ഹ ഹ. അത് ശരി തന്നെ. പക്ഷേ കക്ഷിയെ മനസ്സിലാക്കാന്‍ പറ്റിയത് അവസാനമല്ലേ?
    കമന്റിനു നന്ദി മാഷേ.

    ഹംസ ഇക്കാ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. പക്ഷേ, ഈ പോസ്റ്റ് പഴയ സംഭവം ഒന്നൂടെ ഓര്‍മ്മിപ്പിച്ച് വേദനിയ്ക്കാന്‍ കാരണമായി അല്ലേ?

    Jenshia...
    അവനെപ്പോഴാണ് മുങ്ങിയത് എന്ന് ഞങ്ങളും അറിഞ്ഞില്ല. പാമ്പിനെ കാണാന്‍ അങ്ങോട്ട് പോകും വരെ കൂടെ ഉണ്ടായിരുന്നതാണ്.
    കമന്റിനു നന്ദി ട്ടോ.

    വിജയലക്ഷ്മി ചേച്ചീ...
    അതെയതെ. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും .... ന്നാണല്ലോ അല്ലേ? ;)

    raadha ചേച്ചീ...
    പാമ്പിനെ മാത്രം വെറുതേ വിടാന്‍ പേടിയാണ് ഞങ്ങള്‍ക്കും. പിന്നെ, ഞങ്ങളുടെ പൂച്ചക്കുട്ടിയുടെ ബന്ധുക്കള്‍ അവിടേയും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം :)

  94. ശ്യാമു said...

    "‘തന്നെ നാട്ടുകാര്‍ കണ്ടു കഴിഞ്ഞു’ എന്ന സത്യം ആ പാമ്പു പോലും മനസ്സിലാക്കും മുന്‍‌പേ വിവരമറിഞ്ഞ് കരുണന്‍‌ വല്യച്ഛന്‍ തന്റെ സ്പെഷ്യല്‍ വടിയുമായി ആ സ്പോട്ടില്‍ ഹാജരായിക്കഴിഞ്ഞിരിയ്ക്കും"- അഭിജിത്‌ ഘോഷ്‌ എന്ന സുഹൃത്തിനെ ഓർമ്മവരുന്നു. പാമ്പുകളെ കൊല്ലാതിരിക്കുവാൻ പാമ്പുപിടുത്തം പഠിച്ചവൻ. മൂർഖനായാലും ചേരയായാലും അയാൾ കൊല്ലില്ല, പിടിച്ച്‌ കാട്ടിൽ കൊണ്ടുകളയും. സന്തത സഹചാരിയായ ഷോൾഡർ ബാഗിൽ എന്തിങ്കിലും ഒരിനം എപ്പോഴും ഉറപ്പ്‌. ആ ബാഗ്‌ ആരുടെയെങ്കിലും കൈയിൽ കൊടുക്കുന്ന കുസൃതി അവരുടെ പേടി മാറ്റുമെന്ന് ഘോഷ്‌ വിശ്വസിക്കുന്നു.

  95. Anonymous said...

    ശരിക്കും..എന്റെ
    കുട്ടിക്കാലം ഓര്‍മ്മ വന്നു..
    പണ്ട്..
    ഇത് പോലെ ഞങ്ങളുടെ
    പറമ്പില്‍ എവിടെയെങ്കിലും..
    പാമ്പിനെ കണ്ടാല്‍..ഏട്ടന്മാര്‍ വടിയുമായി ഇറങ്ങുന്നതും..ഒക്കെ..
    നന്നായിരിക്കുന്നു..ശ്രീ......

  96. Anonymous said...

    " ഓപ്പറേഷന്‍കരിമൂര്‍ഖന്‍" അസ്സലായി.ഇഷ്റ്റപ്പെട്ടു.

  97. മാഹിഷ്മതി said...

    എ റിയൽ കോബ്രാ ഹന്ട് ...നന്നായിരിക്കുന്നു.

  98. ജയരാജ്‌മുരുക്കുംപുഴ said...

    nannaayi ashamsakal.........

  99. കിച്ചന്‍ said...

    നൂറു എന്റെ വക തന്നെ ആയികോട്ടെ....അപ്പം അടുത്ത പോസ്റ്റ്‌ ഉടന്‍ തന്നെ കാണുമല്ലേ????

  100. തൂവലാൻ said...

    നല്ല കഥ...

  101. sm sadique said...

    പാവം ചേരപാമ്പ്‌ .പാമ്പിനും ചേരക്കും തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളം പടച്ചവന്‍ കൊടുത്തിരിന്നെങ്കില്‍ ... എത്രയോ പാവംചേരകള്‍ ഇത്പോലെ ....... രചന കൊള്ളാം .

  102. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    Chera karshakante mithramalle...?

  103. വിരോധാഭാസന്‍ said...

    രസത്തോടെ വായിച്ചു...
    നല്ല എഴുത്തു....
    ഭാവുകങ്ങള്‍...സര്

  104. Sabu Kottotty said...

    ഓപ്പറേഷന്‍ ചേരാസ്...

    ശ്രീയുടെ എഴുത്താണു കൂടുതല്‍ സുഖം തരുന്നത്. അതിലെ വിഷയമല്ല...

  105. കാട്ടിപ്പരുത്തി said...

    ഒരു ചേരയെകൊന്ന് മൂര്‍ഖനെന്നു പോസ്റ്റിട്ടതിന്നു 105 കമെന്റ്- അപ്പൊ ഒരു മൂര്‍ഖനെ കൊന്നിരുന്നെങ്കിലോ ദൈവമെ

  106. Anonymous said...

    പാമ്പ്‌ കടിച്ചാല്‍ എവിടെപ്പോകും ചികില്‍സക്കെന്ന്‌ പലപ്പോഴും ആലോചിച്ച്‌ പേടിച്ചിട്ടുണ്ട്‌. ഒരു സ്ഥലത്തുകൂടി പോകുമ്പോള്‍ വിഷഹാരി എന്ന്‌ ബോര്‍ഡു കണ്ട്‌ ആശ്വാസപൂര്‍വ്വം ശ്രദ്ധിച്ചു വച്ചു,അവിടെപ്പോകേണ്ട ആവശ്യം ഒരിക്കലും വരരുതെ ദൈവമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌..

  107. ശ്രീ said...

    ശ്യാമു ...
    ഘോഷിനെ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി. :)

    Bijli ചേച്ചീ...
    പഴയ ഓര്‍മ്മകള്‍ പകര്‍ന്നു തരാന്‍ ഈ പോസ്റ്റിനായി എന്നറിഞ്ഞതില്‍ സന്തോഷം :)

    sayanora...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    മാഹിഷ്‌മതി ...
    കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ മാഷേ. കണ്ടതില്‍ സന്തോഷം.

    jayarajmurukkumpuzha...
    നന്ദി മാഷേ.

    കിച്ചന്‍ ...
    നൂറാം കമന്റിനു നന്ദീട്ടോ. :)

    തൂവലാൻ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    sm sadique...
    സ്വാഗതം മാഷേ. ചേരയെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കൊല്ലാതെ വിടാമായിരുന്നു എന്നത് ശരിയാണ്.
    കമന്റിനു നന്ദി.

    സുനില്‍ ‍‍‍പെരുമ്പാവൂര്‍...
    കര്‍ഷകന്റെ മിത്രമൊക്കെ തന്നെ. ആളറിയാതെ തട്ടിപ്പോയതല്ലേ? :)

    ﺎലക്ഷ്മി~ ...
    വളരെ നന്ദി, ലക്ഷ്മീ. എന്താ ഒരു 'സര്‍' വിളി? :)

    കൊട്ടോട്ടിക്കാരന്‍...
    വളരെ നന്ദി മാഷേ. :)

    കാട്ടിപ്പരുത്തി...
    സ്വാഗതം മാഷേ. കമന്റ് ഇഷ്ടമായീട്ടോ :)

    maithreyi...
    സ്വാഗതം. വിഷ ചികിത്സ എന്ന ബോര്‍ഡ് ഞാനും പേടിയോടെ ആണ് ശ്രദ്ധിയ്ക്കാറുള്ളത്.
    കമന്റിനു നന്ദി.

  108. Raman said...

    Ithrayum samayam ezhuthaan pattunnundallo ennorthu njaan asooyappedunnu Sree

  109. Naseef U Areacode said...

    ശ്രീ, ഇതൊരു ഓപറേഷന്‍ കമെന്റ് ആയി എന്നുതോന്നുന്നു..

    നല്ല എഴുത്ത്.. ആശംസകള്‍

  110. Santosh Wilson said...

    kashtamayi poyi! pavam chera!!

    sree, i like ur blog and posts!

    Adding your blog to my favs!

    santosh wilson

    www.lifesincemylife.blogspot.com

  111. Anonymous said...

    അഭിമന്യു,
    ഇതിന്‌ മറുപടിയിടേണ്ടത്‌ ശ്രീയാണ്‌. എങ്കിലും ഞാനും ഒന്ന്‌ എഴുതുന്നു. ചുരുങ്ങിയ പക്ഷം പോസ്‌റ്റെങ്കിലും വായിച്ച്‌ അഭിപ്രായമിടൂ സുഹൃത്തേ. എന്നിട്ടു താങ്കളുടെ പോസ്‌റ്റ്‌ വായിക്കാന്‍ അഭ്യര്‍ത്ഥിക്കൂ. താങ്കളുടേതില്‍ കയറി മറ്റൊരാള്‍ " ഞാന്‍ ഇതു വായിച്ചില്ല, പക്ഷേ എന്റേതൊന്നു വായിക്കൂ" എന്ന്‌ എഴുതി വച്ചാല്‍ താങ്കള്‍ക്കെന്തു തോന്നും? താങ്കള്‍ കമന്റ്‌ ഫോളോ ചെയ്യും എന്ന വിശ്വാസത്തിലെഴുതുകയാണ്‌.

  112. ശ്രീ said...

    Raman ...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ.

    Naseef U Areacode...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    SantyWille...
    സ്വാഗതം. ബ്ലോഗ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    maithreyi ചേച്ചീ...
    ഈ കമന്റിനു നന്ദി. അഭിമന്യുവിന്റെ കമന്റ് (പരസ്യം) ഇതിനു തൊട്ടു മുകളില്‍ ഉണ്ടായിരുന്നു. ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിനു മറുപടിയും ഇടേണ്ട എന്ന് കരുതിയതാണ്.

    കാരണം ആ കമന്റ് എന്റെ പോസ്റ്റില്‍ വരുന്നതിനും മുന്‍പു തന്നെ ചക്രവ്യൂഹത്തില്‍ ആ പോസ്റ്റ് ഞാന്‍ വായിയ്ക്കുകയും അവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതാണ്. അത് പോലും ശ്രദ്ധിയ്ക്കാതെയാണ് അഭിമന്യു ഇവിടെ വന്ന് വീണ്ടും പരസ്യം ഇട്ടിട്ടു പോയത്. അത് മറൂപടി അര്‍ഹിയ്ക്കുന്നില്ല എന്ന് തോന്നിയതിനാല്‍ ഡിലീറ്റ് ചെയ്തു. ഇപ്പോ ചേച്ചി സൂചിപ്പിച്ചതിനാല്‍ ഞാനും പറയുന്നു എന്ന് മാത്രം.

  113. മൻസൂർ അബ്ദു ചെറുവാടി said...

    പാമ്പ് പുരാണം രസിച്ചു ശ്രീ. ബോബനും മോളിയീലെയും പട്ടികുട്ടിയെ പോലെ ആ പൂച്ചയെയും എനിക്കിഷ്ടായി.
    അഭിനന്ദഞങ്ങള്‍

  114. കുട്ടന്‍ said...

    കഥ അസ്സലായിട്ടോ ............അവസാനം വരെ സസ്പെന്‍സ് കാത്തു സൂക്ഷിക്കാന്‍ കഴിഞു .......
    ശ്രീയുടെ ബ്ലോഗ്‌ ഇടക്ക് വയിക്കാരുന്ടെങ്കിലും ഒരു കമന്റ്‌ ഇടുന്നത് ആദ്യം ആയിട്ടാണ് കേട്ടോ ........
    ആശംസകള്‍..

  115. ഭൂമിപുത്രി said...

    ചേരയെക്കണ്ട് പാമ്പാണെന്ന് കരുതി ബഹളമുണ്ടാക്കി ആളെക്കൂട്ടി നിഷ്ക്കളങ്കനെ കൊല്ലിച്ച ഒരു ഭൂതകാലം എനിയ്ക്കുമുണ്ട് ശ്രീ

  116. Unknown said...

    ശ്രീ,
    ഇപ്പോഴാണു ബ്ലോഗ് നോക്കുവാന്‍പറ്റിയത്.നന്നായിട്ടുണ്ട്. ആശംസകള്‍.

  117. pournami said...

    kollam menaka gandhi kelkanda...hahha..

  118. ഉല്ലാസ് said...
    This comment has been removed by the author.
  119. ഉല്ലാസ് said...

    നന്നയി ശ്രീ, പണ്ട്‌ കിടക്കയുടെ അടിയിലൂടെ പാമ്പ്‌ ഇഴഞ്ഞു നടന്നിട്ടും ഉറക്കത്തിണ്റ്റെ കൈകളില്‍ പെട്ടുപൊയ കുട്ടിക്കാലം ഒര്‍ത്തു പൊയി!

  120. പട്ടേപ്പാടം റാംജി said...

    പാമ്പുവേട്ടയുടെ കഥ ശ്രീ വളരെ സരസമായിതന്നെ സ്വന്തം ഭാഷയില്‍ അല്പം നര്‍മം കലര്‍ത്തി അവതരിപ്പിച്ചു.
    മുര്ഖനും ചേരയും പുച്ചയുമോക്കെയായി.
    ഞങ്ങളുടെയല്ലേ പൂച്ച എന്നതു പോലുള്ള പ്രയോഗങ്ങളും.

  121. Unknown said...

    മാധവനെപോലെ ഒരു സുഹൃത്ത്‌ എനിക്കും ഉണ്ട്. കാലിലെ ചെരിപ്പൂരി അവന്‍ ഒരിക്കല്‍ ഒരു പാമ്പിനെ അടിച്ചു കൊന്നു, അവനതൊരു ഹരമാണ്!.
    ആകര്‍ഷകമായ എഴുത്ത്. നന്ദി.

  122. sids said...

    നന്നായിട്ടുണ്ട് ശ്രീ ......വെറുതേ ഒന്നു കണ്ടു പോവാമെന്ന് കരുതി വന്നതാണ് പക്ഷെ ‘ഓപ്പറേഷൻ കരിംചേര’എന്നെകൊണ്ട് മുഴുവൻ വായിപ്പിച്ചു കളഞ്ഞു..നല്ല അക്ഷരങ്ങൾ.. ഇനിയും വരാം.....

  123. ദൃശ്യ- INTIMATE STRANGER said...

    nannayirikkunu sree....
    operation success

  124. Readers Dais said...

    Dear sri,

    you have portrayed your experience in such a way that the reader too joins in the hunt,thanks ...
    font cud have been little bigger.. :)

  125. siva // ശിവ said...

    ശ്രീ,
    സമ്മതിച്ചു ധൈര്യം :) ഇപ്പോഴും ഇങ്ങനെയാണല്ലൊ അല്ലെ?

  126. Cm Shakeer said...

    മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ഓപ്പറേഷന്‍ 'കരിമൂര്‍ഖന്‍'

  127. വിജയലക്ഷ്മി said...

    പുതിയതായി ഒന്നുമില്ലേ ?തിരിച്ചു പോവുകയാണ് :(

  128. കൊലകൊമ്പന്‍ said...

    ഭംഗിയായി വിവരിച്ചിരിക്കുന്നു ശ്രീ !
    പക്ഷെ പാമ്പിനെ കൊല്ലുന്നത്, എന്തോ , എനിക്ക് സങ്കടമാണ്.. അതോണ്ട് ചെറിയ ഒരു വിഷമം തോന്നി !

  129. poor-me/പാവം-ഞാന്‍ said...

    Menakaji asked your number!

  130. Mr. X said...

    "പക്ഷേ, ഇപ്പോ ചേട്ടന്‍ പറഞ്ഞ അത്രയ്ക്ക് നീളം വരില്ല."

    "അതും പോരാഞ്ഞ് ചത്തു കിടക്കുന്ന പാമ്പിന്റെ അടുത്തു പോയി അതിനെ വെല്ലു വിളിയ്ക്കുന്ന പോലെ മുരളാനും ശേഷം അതിന്റെ തലമണ്ടയ്ക്കിട്ട് രണ്ടു കൊടുക്കാനും ആശാന്‍ മറന്നില്ല."

    Nice 'un... enjoyed it

  131. എന്‍.ബി.സുരേഷ് said...

    തിരിച്ചു വന്നപ്പോഴേക്കും
    എരിച്ചു കളഞ്ഞെന്‍ മാളം
    മാലമില്ല തല ചായ്ക്കാന്‍.
    ഭൂമിയുടെ മറവില്‍ വിഷ-
    പ്പല്ലമര്‍ത്തി ഞാന്‍ തേങ്ങുന്നു.
    മാളമില്ല തല ചായ്ക്കാന്‍.
    ഒറ്റയടിപ്പാതയ്ക്കരികില്‍
    ഒളിച്ചിരുന്ന് കൊത്തും ഞാന്‍
    (മാളമില്ലാത്ത പാമ്പ്- എ. അയ്യപ്പന്‍. )