Friday, January 8, 2010

ഒരു ബോംബ് ഭീഷണി

ഏതാണ്ട് 12 വര്‍‌ഷം മുന്‍പാണ്. ഞാനന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുകയാണ്. പ്രീഡിഗ്രി പഠനകാലം ഒരിയ്ക്കലും മറക്കാന്‍‌ കഴിയില്ല. അത്രയ്ക്ക് ബോറിങ്ങ് ആയിരുന്നു. എല്ലാ ദിവസവും തിരക്കോടു തിരക്ക്. ദിവസവും രാവിലെ ഏഴ് - ഏഴര മണി ആകുമ്പോഴേയ്ക്കും കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നിറങ്ങണം. എന്നാലേ സമയത്ത് കോളേജിലെത്താന്‍ പറ്റൂ. വൈകുന്നേരം ക്ലാസ്സ് വിട്ട ഉടനേ ബാഗുമെടുത്ത് ഇറങ്ങി ഓടിയില്ലെങ്കില്‍ 'ചോറ്റാനിക്കര അമ്മ' അങ്ങ് പോകും. ആ സമയത്ത് ബസ്സ് കിട്ടിയില്ല എങ്കില്‍ പിന്നത്തെ കാര്യം പറയാതിരിയ്ക്കുകയാണ് ഭേദം. രണ്ടു മൂന്നു ബസ്സില്‍ കൊള്ളാവുന്നത്ര പേരെയും വഹിച്ചു കൊണ്ടായിരിയ്ക്കും പിന്നീടുള്ള കുറേ ബസ്സുകള്‍ വരുന്നത്. സ്കൂള്‍ - കോളേജ് വിദ്യാര്‍‌ത്ഥികളെക്കൊണ്ട് തിങ്ങി നിറഞ്ഞ ആ ബസ്സുകളില്‍ യാത്ര ചെയ്യണമെങ്കില്‍‌ ജിംനാസ്റ്റിക്സും കരാട്ടേ കളരി തുടങ്ങിയ ആയോധനകലകളും എന്തിന് ഞാണിന്മേല്‍ കളി വരെ അറിഞ്ഞിരിയ്ക്കണം. അങ്ങനെ ബസ്സില്‍ തൂങ്ങി കൊരട്ടിയില്‍ എത്തുമ്പോഴേയ്ക്കും ട്യൂഷന്‍ തുടങ്ങിക്കാണും.

ഇതെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു കയറുമ്പോള്‍‌ നേരം ഇരുട്ടിക്കഴിഞ്ഞിരിയ്ക്കും. പഠിയ്ക്കാന്‍ പോയിട്ട് നേരെ ചൊവ്വേ ഭക്ഷണം കഴിയ്ക്കാന്‍ പോലും തോന്നാറില്ല. ചുരുക്കിപ്പറഞ്ഞാല്‍ കഷ്ടപ്പാടും ദുരിതവും തന്നെ. കോളേജില്‍ ചെന്നാലും ഒരു വിധ നേരം പോക്കുകളും ഇല്ല. ക്ലാസ്സിലെ 90% കുട്ടികളും ബു.ജികള്‍. എല്ലാവര്‍‌ക്കും ക്ലാസിനകത്തും പുറത്തും സംസാരിയ്ക്കാന്‍ പഠിയ്ക്കുന്ന കാര്യങ്ങള്‍ മാത്രം. എല്ലാവരും വലിയ ഓരോ പുസ്തകങ്ങളും ലൈബ്രറിയില്‍ നിന്നും എടുത്ത് അതും കെട്ടിപ്പിടിച്ച് ഇരിയ്ക്കുന്നുണ്ടാകും, ഏത് നേരവും. എല്ലാവര്‍‌ക്കും എന്‍‌ട്രന്‍സ് പരീക്ഷ എന്ന ചിന്ത മാത്രം. (അന്ന് ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പെണ്‍‌കുട്ടികള്‍‌ ഉണ്ടായിരുന്നില്ല എന്നതും കൂടി കൂട്ടി വായിയ്ക്കുമ്പോള്‍ ചിത്രം പൂര്‍‌ണ്ണമാകും. പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും ഏത് നേരവും പഠനം പഠനം എന്നും പറഞ്ഞ് ബുജികളായി നടക്കില്ലായിരുന്നു എന്ന് ഉറപ്പല്ലേ?)

അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ചിലരുടെ മക്കളും എന്‍‌ട്രന്‍‌സ് കോച്ചിങ്ങിന് പോകുന്നുണ്ടായിരുന്നു. അങ്ങനെ വൈകാതെ ആ കുരിശ് എന്റെ തലയിലും വീണു. ആ അഭിപ്രായം വന്നത് അച്ഛന്റെ ഓഫീസിലെ സുഹൃത്തുകളുടെ അടുത്ത് നിന്ന് തന്നെ. 5000 - 7000 റാങ്കിനുള്ളില്‍ വന്നാലേ എവിടെയെങ്കിലും സീറ്റ് കിട്ടൂ(ഞാന്‍ പഠിയ്ക്കുന്ന കാലത്ത് ഇന്നത്തെയത്ര സീറ്റുകളും ഉണ്ടായിരുന്നില്ല), അതു കൊണ്ട് കോച്ചിങ്ങിനു പോകാതെ രക്ഷയില്ല, പത്താം ക്ലാസ്സില്‍ മോശമല്ലാത്ത മാര്‍ക്ക് കിട്ടിയതു കൊണ്ട് എന്നെയും നിര്‍ബന്ധമായി കോച്ചിങ്ങിനു വിടണം എന്നെല്ലാം അവര്‍ പറയുന്നത് കേട്ട് എന്നെയും കോച്ചിങ്ങിന് വിടാന്‍ തീരുമാനമായി. അവസാനം താല്പര്യമില്ലാഞ്ഞിട്ടും എല്ലാവരുടേയും നിര്‍ബന്ധത്താല്‍‌ ഞാനും എന്‍‌ട്രന്‍‌സ് കോച്ചിങ്ങിന് ചേര്‍‌ന്നു. തൃശ്ശൂര്‍‌ പി.സി. തോമസ് സാറിന്റെ കോച്ചിങ്ങ് സെന്റര്‍ എല്ലാം ആദ്യമേ നിറഞ്ഞു കഴിഞ്ഞിരുന്നതിനാല്‍ തൃശ്ശൂര്‍ തന്നെയുള്ള ജയറാം സാറിന്റെ അടുത്താണ് എന്നെ ചേര്‍‌ത്തത്. ആകെയുണ്ടായിരുന്ന ഒരു ആശ്വാസം എന്റെ നാട്ടിലെ സുഹൃത്തുക്കളായ വസീമും അക്‍ബറും അതേ സെന്ററില്‍ ഉണ്ടായിരുന്നു എന്നതാണ്. അങ്ങനെ പോക്കും വരവുമെല്ലാം ഞങ്ങള്‍‌ ഒരുമിച്ചായി. ശനിയും ഞായറും തൃശ്ശൂര്‍ക്ക് പോകണം. ആഴ്ചയില്‍ ആകെ കിട്ടിയിരുന്ന ഒഴിവു സമയം കൂടെ അങ്ങനെ നഷ്ടപ്പെട്ടു.

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. 1998 ജനുവരിയിലെ ഒരു തണുത്ത പ്രഭാതം. ഞാനും വസീമും അക്‍ബറും കൂടി തൃശ്ശൂര്‍‌ക്ക് പോകുകയാണ്. കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ വീട്ടില്‍ നിന്നിറങ്ങി ചാലക്കുടി ബസ്സ് സ്റ്റാന്റില്‍ എത്തി. ഒരു തൃശ്ശൂര്‍ ഓഡിനറി അവിടെ കിടപ്പുണ്ട്. ഡ്രൈവര്‍ ബസ്സിന്റെ ചില്ലു തുടച്ചു കൊണ്ട് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നേരെ അടുത്ത് ചെന്ന് ബസ്സ് എപ്പോള്‍ പോകും എന്ന് ചോദിച്ചു.

“അങ്ങനെയൊന്നുമില്ല മക്കളേ. കണ്ടക്ടര്‍ വന്നാല്‍‌ ഉടനേ നമുക്ക് പോകാം. നിങ്ങള്‍ കയറിക്കോ” ഒരു ചെറിയ ചിരിയോടെ ഡ്രൈവറുടെ മറുപടി.

മറുപടി കേട്ട് ഒന്ന് പകച്ചുവെങ്കിലും ഞങ്ങള്‍ ബസ്സില്‍ കയറിയിരുന്നു. ഡ്രൈവര്‍ സീറ്റിനു തൊട്ടു പുറകിലെ സീറ്റിലാണ് ഞങ്ങളുടെ ഇരിപ്പ്. ബസ്സ് ഏതാണ്ട് നിറഞ്ഞിട്ടുണ്ട്. അപ്പോഴേയ്ക്കും ഡ്രൈവറും സീറ്റില്‍ കയറി ഇരുപ്പായി. എല്ലാവരും കണ്ടക്ടറെ കാത്തിരിപ്പാണ്. എന്തായാലും അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും കണ്ടക്ടര്‍ വന്നു. അയാള്‍ വന്ന് കയറിയതും ഡബിള്‍‌ ബെല്ലടിച്ചു. അങ്ങനെ എല്ലാവരുടേയും കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു.

ബസ്സ് ഏതാണ്ട് പോട്ട ധ്യാനകേന്ദ്രം അടുത്തു കാണും. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ ബസ്സിനു പുറകിലെ ബഹളം കേട്ടാണ് തിരിഞ്ഞു നോക്കിയത്. അവിടെ ബാക്കിലെ ലോങ് സീറ്റിനടുത്ത് ഒരു പൊതിക്കെട്ടും ഉയര്‍ത്തിപ്പിടിച്ച് കണ്ടക്ടര്‍ എന്തോ പറയുകയാണ്. ഞങ്ങള്‍ സംസാരമെല്ലാം നിര്‍ത്തി അങ്ങോട്ട് ശ്രദ്ധിച്ചു.

കണ്ടക്ടര്‍ ആ പൊതിക്കെട്ടിന്റെ ഉടമയെ അന്വേഷിയ്ക്കുകയാണ്. ആരും ഉത്തരം പറയുന്നില്ല. ഓരോരുത്തരുടെ അടുത്തായി ടിക്കറ്റ് ചോദിച്ച് അവസാനം ബാക്ക് സീറ്റില്‍ എത്തിയപ്പോഴാണ് ആ പൊതി അയാളുടെ ശ്രദ്ധയില്‍ പെട്ടത് എന്നു തോന്നുന്നു. ബാക്ക് സീറ്റില്‍ ഒരു മൂലയിലാണ് അത് ഇരുന്നിരുന്നത്. സാമാന്യം വലുപ്പമുള്ള പൊതിയാണ്. കണ്ടക്ടര്‍ വീണ്ടും വീണ്ടും ചോദിച്ചിട്ടും ആരും ഉത്തരവാദിത്വം ഏല്‍‌ക്കാനില്ല.

അപ്പോഴേയ്ക്കും ഓരോരുത്തരായി ഓരോ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി. താന്‍ ബസ്സില്‍ കയറുമ്പോള്‍‌ മുതല്‍ ആ പൊതി അവിടെ തന്നെ ഇരുപ്പുണ്ടായിരുന്നു എന്ന് ലോങ്ങ് സീറ്റില്‍ ഇരിയ്ക്കുന്ന ഒരാള്‍. അത് ശരിയാണെന്ന് വേറെ ഒന്നു രണ്ടു പേരും കൂടെ സമ്മതിച്ചു.

“ഇനി വല്ല ബോംബോ മറ്റോ ആയിരിയ്ക്കുമോ? ഇപ്പോഴത്തെ കാലമാണേ... ഒന്നും പറയാനൊക്കില്ല” ബസ്സിന്റെ മുന്‍‌ വശത്ത് ഞങ്ങളുടെ പിറകിലെ സീറ്റില്‍ നിന്ന് ഒരു മദ്ധ്യ വയസ്കനായ മാന്യന്റെ (കടപ്പാട്: അയ്യപ്പ ബൈജു) കമന്റ്.

അത് കേട്ടതും ബസ്സില്‍ അവിടവിടെയായി പിറുപീറുക്കലുകള്‍ തുടങ്ങി. കണ്ടക്ടറും ഒന്ന് ഞെട്ടി എന്ന് തോന്നുന്നു. അയാള്‍ വേഗം ആ പൊതി അവിടെ തന്നെ വച്ചിട്ട് പുറകോട്ട് മാറി.

പെട്ടെന്ന് തന്നെ ബസ്സില്‍ അതൊരു ചര്‍‌ച്ചാ വിഷയമായി. ആ പൊതി ബസ്സിലുള്ള ആരുടേയുമല്ല. അത് ആര് കൊണ്ടു വച്ചു എന്ന് ആര്‍‌ക്കും ഒട്ടറിയുകയുമില്ല. അതിരാവിലെ ബസ്സ് ഗാരേജില്‍ നിന്ന് ഇറക്കിയിടുമ്പോള്‍ അങ്ങനെ ഒന്ന് അവിടെ ഉണ്ടായിരുന്നില്ല എന്ന് ഉറപ്പാണ് എന്ന് കണ്ടക്ടര്‍. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കിക്കൊണ്ട് വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബസ്സ് ഡ്രൈവറും അത് ശരി വച്ചു.

വല്ല ബോംബോ മറ്റോ ആണെങ്കില്‍ അതെടുത്ത് പുറത്തേക്കെറിയാന്‍ ഒരാളുടെ ഉപദേശം. എറിഞ്ഞാല്‍ പൊട്ടിയാലോ എന്ന് വേറൊരാളുടെ പേടി. എന്തായാലും അതിനടുത്ത് പോകാന്‍ എല്ലാവര്‍‌ക്കും ഭയം. അപ്പോഴേയ്ക്കും ബാക്ക് സീറ്റ് മുഴുവന്‍ കാലിയായി. സീറ്റില്ലെങ്കിലും വേണ്ടില്ല, റിസ്കെടുക്കാന്‍ വയ്യ എന്ന ഭാവത്തില്‍ അവിടെ ഇരുന്നിരുന്നവരെല്ലാവരും മുന്‍പോട്ട് കയറി നില്‍പ്പായി.

കണ്ടക്ടര്‍ സീറ്റ് അതിനടുത്തായതു കൊണ്ട് അയാള്‍ക്ക് ഇരിക്കപ്പൊറുതിയുമില്ല. അല്പം കഴിഞ്ഞ് നികൃഷ്ടമായ എന്തോ ഒന്ന് അറച്ചറച്ച് എടുക്കുന്നത് പോലെ കണ്ടക്ടര്‍ ആ പൊതി അതീവ ശ്രദ്ധയോടെ എടുത്തു കൊണ്ട് ബസ്സിന്റെ മുന്‍‌പിലേയ്ക്ക് വന്നു. എന്നിട്ട് അത് മുന്‍‌ വശത്ത് എന്‍ജിന്റെ അടുത്താ‍യി ശ്രദ്ധയോടെ കൊണ്ടു വച്ചു. എന്നിട്ട് ഡ്രൈവറോടായി പറഞ്ഞു. “ഇതിവിടെ ഇരുന്നോട്ടെ. ആരെങ്കിലും അന്വേഷിച്ച് വരുമ്പോള്‍ കൊടുക്കാം”

ഇത് കണ്ടതും ഡ്രൈവറുടെ ഭാവം മാറി. “ഹേയ്! അത് ശരിയാവില്ല. അതിവിടെ നിന്നെടുക്ക്. അവിടെ തന്നെ വച്ചാല്‍ മതി”

“അതെയതെ. അത് പുറകില്‍ തന്നെ വച്ചാല്‍ മതി. വെറുതേ എന്തിനാ...” ഞങ്ങളുടെ പിന്‍‌ സീറ്റിലെ മാന്യന്റെ കമന്റ് വീണ്ടും.

“അല്ല, ഒന്നും ഉണ്ടായിട്ടല്ല. അത് ബാക്ക് സീറ്റില്‍ നിന്നെങ്ങാന്‍ കുലുക്കത്തില്‍ താഴെ വീണാലോ എന്ന് കരുതീട്ടാ. അതവിടെ ഇരിയ്ക്കട്ടേന്നേ” വിളറിയ മുഖത്തോടെ ഇത്രയും പറഞ്ഞൊപ്പിച്ച് കണ്ടക്ടര്‍ പിന്നിലേയ്ക്ക് നടന്നു കഴിഞ്ഞു.

പിന്നെയും പിന്നെയും വിളിച്ചു പറഞ്ഞിട്ടും കണ്ടക്ടര്‍ വരാതായപ്പോള്‍ ഡ്രൈവര്‍ വണ്ടി ചവിട്ടി നിറുത്തി. “തമാശ കളിയ്ക്കരുത്. ഇതിവിടെ ഒന്നും വയ്ക്കാന്‍ പറ്റില്ല. പിന്നില്‍ തന്നെ വച്ചാല്‍ മതി” എന്നും പറഞ്ഞ് അയാള്‍ ആ പൊതി ശ്രദ്ധിച്ച് എടുത്തു കൊണ്ട് പുറകിലേയ്ക്ക് ഓടി. എന്നിട്ട് അത് കണ്ടക്ടറുടെ മടിയില്‍ കൊണ്ട് വച്ചിട്ട് തിരികേ ഓടി വന്നു.

ചെറിയ പേടിയോടെയാണിരുന്നിരുന്നത് എങ്കിലും ഈ കാഴ്ചകള്‍ ബസ്സിലെ ഭൂരിഭാഗത്തെയും ചിരിപ്പിച്ചു.

നിവൃത്തിയില്ലാതെ കണ്ടക്ടര്‍ ആ പൊതി വീണ്ടും ബാക്ക് സീറ്റില്‍ തന്നെ പ്രതിഷ്ഠിച്ചു. എന്നിട്ട് മുന്‍പില്‍ വന്ന് നില്‍പ്പായി. അപ്പോഴേയ്ക്കും ഞങ്ങളുടെ പുറകിലെ സീറ്റിലിരുന്ന ആള്‍ വീണ്ടും ഇടപെട്ടു. “നിങ്ങള്‍ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും അതും കൊണ്ട് നടക്കാതെ അതൊന്ന് തുറന്ന് നോക്കൂ.”

അപ്പോഴേയ്ക്കും കണ്ടക്ടറുടെ നിയന്ത്രണം വിട്ടു. “എന്നാല്‍ താന്‍ പോയി അതെടുത്ത് തുറന്ന് നോക്ക്”

അതോടെ ചമ്മിയ അയാള്‍ ഒന്നടങ്ങി. അപ്പോഴേയ്ക്കും ബസ്സിലെ വേറെ ആരോ പറഞ്ഞു “എന്നാല്‍ ഒരു പണി ചെയ്യൂ. വണ്ടി നേരെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേയ്ക്ക് വിടൂ. അവരു നോക്കട്ടെ”

അത് എല്ലാവരും ശരി വച്ചു. മാത്രമല്ല, തൊട്ടു മുന്‍‌പത്തെ മാസം (ഡിസംബര്‍ ആറിന്) തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനിലും ഒരു ബോംബ് ഭീഷണി കഴിഞ്ഞിരിയ്ക്കുന്ന സമയമായിരുന്നു അത്.

ആ നിര്‍‌ദ്ദേശം കൊള്ളാമെന്ന് ഡ്രൈവര്‍ക്കും തോന്നി. അയാള്‍ വണ്ടിയുടെ സ്പീഡ് കൂട്ടി. തുടര്‍ന്നുള്ള സ്റ്റോപ്പുകളിലൊന്നും വണ്ടി നിര്‍‌ത്തിയില്ല. തൊട്ടടുത്ത പുതുക്കാട് പോലീസ് സ്റ്റേഷനായിരുന്നു അയാളുടെ ലക്ഷ്യം. വഴിയില്‍ ആളുകള്‍ കൈ കാണിച്ചിട്ടും അവിടെ ഒന്നും നിര്‍‌ത്താതെ വണ്ടി പ‍ാഞ്ഞു. വെറുമൊരു ഓര്‍ഡിനറി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ട് വഴിയിലെല്ലാം ആളുകള്‍ കണ്ണും തള്ളി നിന്നു. വഴിയ്ക്ക് ഒന്നു രണ്ട് ഫാസ്റ്റുകളെ പോലും ഓവര്‍ടേക്ക് ചെയ്ത് ഞങ്ങള്‍ പറന്നു.

ഞങ്ങളുടെ തൊട്ടു പുറകില്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് വരുന്നുണ്ടായിരുന്നു. അവരും കുറച്ചു നേരമായി ഞങ്ങളുടെ വണ്ടിയുടെ തൊട്ടു പിറകേ തന്നെ ഉണ്ട്. അവര്‍ ഹോണടിച്ചിട്ടും കടത്തി വിടാന്‍ മിനക്കെടാതെ ഞങ്ങള്‍ പായുകയാണ്.

അങ്ങനെ വണ്ടി ഏതാണ്ട് പുതുക്കാട് അടുത്തു. പോലിസ് സ്റ്റേഷന്റെ അടുത്തെത്തിയതും ഞങ്ങളുടെ ഡ്രൈവര്‍‌ വണ്ടി സ്ലോ ചെയ്തു. അത്രയും നേരം പുറകില്‍ നിന്ന് ഹോണടിച്ചിട്ടും ഞങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ പറ്റാതിരുന്ന സൂപ്പര്‍ ഫാസ്റ്റിന് ഞങ്ങളുടെ ഓര്‍ഡിനറിയുടെ മുന്നില്‍ കയറാന്‍ കഴിഞ്ഞത് അപ്പോഴാണ്. എന്നാല്‍ അവര്‍ അങ്ങ് പോയ്ക്കോളും എന്ന് കരുതിയ ഞങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ആ സൂപ്പര്‍ ഫാസ്റ്റ് ഞങ്ങളുടെ ബസ്സിനു മുന്‍പില്‍ ചവിട്ടി നിര്‍ത്തി അതില്‍ നിന്ന് കണ്ടക്ടറും വേറൊരാളും ഇറങ്ങി വന്നു.

സൂപ്പര്‍ ഫാസ്റ്റിലെ കണ്ടക്ടര്‍ ഞങ്ങളുടെ ഡ്രൈവറുടെ അടുത്തേക്ക് വന്ന്‍, അത്രയും നേരം ഹോണടിച്ചിട്ടും വണ്ടി നിര്‍ത്തുകയോ അവരെ കയറ്റി വിടാന്‍ സമ്മതിയ്ക്കുകയൊ ചെയ്യാതിരുന്നത് എന്തെന്ന് കുറച്ച് ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് തിരിഞ്ഞു നടന്നു . ബസ്സിലെ സംഭവങ്ങളുടെ ഒരു ചുരുക്കം എങ്ങനെ പറയണം എന്ന് സംശയിച്ച് പരുങ്ങി നിന്ന ഡ്രൈവര്‍ കാണുന്നത് സൂപ്പര്‍ ഫാസ്റ്റിലെ കണ്ടക്ടര്‍ക്കൊപ്പം ഇറങ്ങിയ ആള്‍ അതിവേഗം ഞങ്ങളുടെ ബസ്സിലേയ്ക്ക് ഓടിക്കയറുന്നതാണ്.

ഞങ്ങളെല്ലാവരും മിഴിച്ചു നില്‍‌ക്കേ അയാള്‍ ഞങ്ങളുടെ കണ്ടക്ടറോട് ചോദിച്ചു. “എന്റെ ഒരു ബാഗ് ഈ വണ്ടിയില്‍ ഉണ്ടായിരുന്നു. അത് കിട്ടിയോ?”

മറുപടിയ്ക്ക് കാത്തു നില്‍‌ക്കാതെ അയാള്‍ തുടര്‍‌ന്നു “ വണ്ടി ചാലക്കുടി സ്റ്റാന്‍‌ഡില്‍ വച്ച് ഞാനതില്‍ കയറിയതാണ്. പോകാന്‍ സമയമുണ്ടല്ലോ എന്ന് കരുതി ഒരു ചായ കുടിയ്ക്കാനിറങ്ങിയ നേരം കൊണ്ട് വണ്ടി വിട്ടു പോയി. പിന്നാലെ ഓടിയിട്ടും കിട്ടിയില്ല. പിന്നെ പുറകേ വന്ന ആ സൂപ്പര്‍ ഫാസ്റ്റും പിടിച്ച് പോന്നു.”

ഇത്രയും കേട്ടതോടെ പിന്നെ ആര്‍‌ക്കും ഒന്നും ചോദിയ്ക്കാനോ പറയാനോ തോന്നിയില്ല. “വെറുതേ മനുഷ്യരെ പേടിപ്പിച്ചു” എന്നും പറഞ്ഞ് കണ്ടക്ടര്‍ അനാഥ പ്രേതം പോലെ ബാക്ക് സീറ്റില്‍ കിടന്ന പൊതി അയാള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോള്‍ മല പോലെ വന്നതെന്തോ എലി പോലെ പോയല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍ മറ്റു യാത്രക്കാരെല്ലാവരും.

ഇങ്ങനെ ഒരു ഫുള്‍ സീറ്റ് ബാക്കില്‍ കിടക്കുന്നുണ്ടായിട്ടും ഇത്രയും പേരെന്താ വെറുതേ കമ്പിയില്‍ തുങ്ങി നില്‍ക്കുന്നത് എന്ന അതിശയത്തോടെ അയാള്‍ പൊതിയുമെടുത്ത് പുറകിലെ ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു. അപ്പോഴേയ്ക്കും നിന്നിരുന്നവര്‍‌ ഓരോരുത്തരായി പുറകിലെ സീറ്റില്‍ ചെന്നിരിയ്ക്കാനും തുടങ്ങി. “എന്നാലും വെറുമൊരു ഓര്‍ഡിനറി ആയിരുന്നിട്ടും നിങ്ങള്‍ ഇതെന്തൊരു സ്പീഡിലാ ഇങ്ങ് പോന്നത്. എത്ര നേരമായി ഞങ്ങള്‍ നിങ്ങളെ ഒന്ന് ഓവര്‍‌ടേക്ക് ചെയ്യാന്‍ ശ്രമിയ്ക്കുന്നു എന്നറിയാമോ?” അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു.

“പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും” ഞങ്ങളുടെ പുറകിലെ സീറ്റില്‍ കുറേ നേരം മിണ്ടാതെ ഇരുന്ന മാന്യന്റെ വായില്‍ നിന്ന് ആശ്വാസത്തോടെയുള്ള ഈ പറച്ചില്‍ കേട്ട് ബസ്സില്‍ കൂട്ടച്ചിരി ഉയരുമ്പോള്‍‌ സംഭവിച്ചതെന്ത് എന്നറിയാതെ അന്തം വിട്ടിരിയ്ക്കുകയായിരുന്നു സംഭവ ബഹുലമായ പൊതിയുടെ ഉടമയായ ബസ്സിലെ ആ പുതിയ യാത്രക്കാരന്‍...

122 comments:

  1. ശ്രീ said...

    പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു ജനുവരിയിലെ തണുത്ത പ്രഭാതം. അന്നത്തെ ഒരു ചാലക്കുടി-തൃശ്ശൂര്‍ ബസ് യാത്രയെ കുറിച്ചാണ് ഈ പോസ്റ്റ്.

    ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തമാശ കലര്‍ന്നതെങ്കിലും എല്ലാവരും ടെന്‍ഷനടിച്ച് ചിലവഴിച്ച ഏതാണ്ട് പത്തു പതിനഞ്ച് മിനിട്ടുകള്‍...

    ഇത് ഈ പുതുവര്‍ഷത്തിലെ നീര്‍മിഴിപ്പൂക്കളിലെ ആദ്യത്തെ പോസ്റ്റ്.

    എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നന്മയുടെ, സന്തോഷത്തിന്റെ, ശാന്തിയുടെ, സമാധാനത്തിന്റെ നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു...

  2. ramanika said...

    ശ്രീ
    മനോഹരമായിരിക്കുന്നു
    ആ ബസ്സില്‍ കൂടെ യാത്ര ചെയ്ത ഒരു ഫീല്‍
    പിന്നെ അന്ന് കാലത്ത് ബോംബ്‌ ഒരു ഭീഷണി തന്നെ
    പിന്നയല്ലേ കണ്ണൂരില്‍ അത് കുടില്‍ വ്യവസായം ആക്കിയത്!
    വളരെ ഇഷ്ട്ടപെട്ടു !

  3. old malayalam songs said...

    വളരെ നന്നായിരിക്കുന്നു ശ്രീയുടെ ഈ അനുഭവ കുറിപ്പ്...

    ആശംസകള്‍ ....

  4. കരീം മാഷ്‌ said...

    മുറുക്കാന്‍ ചെല്ലം കണ്ടാലും ആദ്യം ബോംബാണെന്നു സംശയിക്കുന്ന രീ‍തിയിലായിരിക്കുന്നു നമ്മുടെ നാടിന്റെ ഗതി.
    ശ്രീ..
    നന്നായി എഴുതിയിരിക്കുന്നു.

  5. കണ്ണനുണ്ണി said...

    എന്ട്രന്‍സ് കൊച്ചിങ്ങിനു പണ്ട് കൊല്ലം ഷട്ടില്‍ ട്രെയിനില്‍ പോയിരുന്നതും...വൈകിട്ട് അഞ്ചര വരെ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ ഇല്‍ ട്രെയിന്‍ കാത്തു നിന്നിരുന്നതും ഒക്കെ ഓര്‍മ്മ വരുന്നു...

  6. Sabu Kottotty said...

    നന്നായി ശ്രീ...
    കുറേനാളായി ഇതുവഴി വന്നിട്ട്, ഈ വരവു വെറുതേയായില്ല.
    ...ആശംസകള്‍...

  7. അഭി said...

    “പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും”

    നന്നായിരിക്കുന്നു ശ്രീ
    ആശംസകള്‍

  8. നവരുചിയന്‍ said...

    സൂപ്പര്‍ ഫാസ്റ്റ് വരെ പുറകില്‍ പോയോ ?? വെരി ഗുഡ് , ആ ഡ്രൈവറെ അപ്പൊ തന്നെ വല്ല പ്രൈവറ്റ് ബസ് കാരും പൊക്കി കാണും

  9. [ nardnahc hsemus ] said...

    ബാഗിന്റെ ഉടമ ആ പൊതി തുറക്കുന്നതും മകളെ കെട്ടിയ്ക്കാനായി വസ്തു വിറ്റ പണം അപ്പാടെ അതില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളില്‍ യാത്രക്കാരെ മിഴിച്ചുനോക്കുന്നതുമായ ഒരു പര്യവസാനമായിരുന്നു പ്രതീക്ഷിച്ചത്...
    മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ ഇതൊരു പുതുമയുള്ള കാര്യമല്ല.. ഇവിടെ ഡ്രൈവര്‍ക്കും കണ്ടക്റ്റര്‍ക്കുമുള്ള റോളുകള്‍ കൂടി നിര്‍വ്വഹിയ്ക്കുന്നത് യാത്രക്കാരാണെന്നുമാത്രം!

    :)

  10. OAB/ഒഎബി said...

    ബോമ്പെന്ന സംശയം രൂപപ്പെട്ട ഉടനെ ബസ്സ് നിർത്തി ആളെയിറക്കി ദൈര്യവാന്മാർ ഉണ്ടെങ്കിൽ പൊതി പരിശോധിക്കുകയോ ഇല്ലെങ്കിൽ പോലീസിനെ അവിടെ വരുത്തി പരിശോധിപ്പിക്കുകയോ ചെയ്യേണ്ടതായിരുന്നു.

    എങ്കിൽ, പോസ്റ്റിനിത്രയും രസഭാവം ഉണ്ടാകുമായിരുന്നില്ലല്ലൊ അല്ലെ?
    ആശംസകളോടെ...

  11. pandavas... said...

    ബോംബ് കഥ കലക്കി ശ്രീ...

    ഓര്‍മ്മയില്‍ ട്രൈന്‍ യാത്ര ,ടിക്ക്റ്റ് എറ്റുക്കാതെ ഞങള്‍.
    ടി.ടി പൊക്കുമെന്നായപ്പോ അവിടെയിരുന്ന പൊതി കാണിച്ച് ബോംബാണെന്ന് പറഞു പരത്തി വണ്ടി 2 മണിക്കൂര്‍ നിര്‍ത്തിയിട്ടതും ആ തിരക്കിനിടയില്‍ മുങിയതും ഓര്‍ത്തു.

  12. സു | Su said...

    അതും വെച്ച് പോയ ആൾക്ക് എല്ലാരും കൂടെ എത്ര കൊടുത്തു? ;)

  13. ശ്രീ said...

    ramanika ...
    ആദ്യ കമന്റിനു നന്ദി മാഷേ. ശരിയാണ്. ഇന്ന് ബോംബ് ഭീഷണി സര്‍വ്വസാധാരണമായിക്കഴിഞ്ഞു.

    നിശാഗന്ധി...
    വായനയ്ക്കും കമന്റിനും വളരെ നന്ദി.

    കരീം മാഷ്...
    ഇവിടെ ആദ്യമായിട്ടാണ് എന്ന് കരുതുന്നു. വന്നതിലും വായിച്ച് കമന്റിട്ടതിലും സന്തോഷം.

    കണ്ണനുണ്ണീ...
    അങ്ങനെയും ഒരു കാലം അല്ലേ? നന്ദി.

    കൊട്ടോട്ടിക്കാരന്‍...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം മാഷേ.

    അഭീ...
    വളരെ നന്ദി.

    നവരുചിയന്‍...
    നമ്മുടെ ചില ഓര്‍ഡിനറികളും ഡ്രൈവര്‍മാരും അത്രമോശക്കാരൊന്നുമല്ല കേട്ടോ. വേറെയും അനുഭവങ്ങളുണ്ട്. പിന്നീടാകാം :) കമന്റിന് നന്ദി.

    സുമേഷേട്ടാ...
    അതെന്തായാലും അയാള്‍ പൊതി തുറന്ന് കാണിച്ചില്ല. കഥയുടെ പൊലിമയ്ക്കു വേണ്ടി അങ്ങനെ വേണമെങ്കില്‍ ആക്കാമായിരുന്നുവെങ്കിലും അനുഭവകഥ അതേ പടി പകര്‍ത്തിയാല്‍ മതി എന്ന് വച്ചു. :)

    ഓ ഏ ബി മാഷേ...
    ഇത് നൂറ് ശതമാനം നടന്ന സംഭവമാണ്. എന്തു കൊണ്ടോ വണ്ടി നിര്‍ത്തി ആളെയിറക്കി അപകടം ഒഴിവാക്കാനോ പൊതി അഴിച്ചു നോക്കാനോ ഒന്നും ആരും ധൈര്യപ്പെട്ടില്ല. :)

    pandavas...

    ഹ ഹ. ആ അനുഭവം നന്നായി. ടിക്കറ്റെടുക്കാതെ അങ്ങനെ തടി തപ്പിയല്ലേ? ഇതിവിടെ പങ്കു വച്ചതിനു നന്ദി. :)

    സൂവേച്ചീ...
    എല്ലാവരെയും കുറച്ചു നേരം പേടിപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസം കൊണ്ടാണോ എന്നറിയില്ല ആരും അയാളെ കുറ്റപ്പെടുത്തിയില്ല. കമന്റിനു നന്ദി. :)

  14. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:ഐടിപി‌എല്‍ ഇല്‍ ഒരു ദിവസം സര്‍വീസ് ബസ്സില്‍ ആളില്ലാതെ കണ്ട സ്യൂട് കേസ് ഞാനാ എടുത്ത് സെക്യൂരിറ്റിയ്ക്ക് കൊടുത്തത് അത് അവരു തന്നെ പൊളിച്ചെടുത്ത് വീതിച്ചെന്നാ തോന്നുന്നത്.

  15. അന്വേഷകന്‍ said...

    കലക്കന്‍ ......

    വളരെ നന്നായിരിക്കുന്നു..

  16. Pyari said...

    coaching nu പോകാനുള്ള മടി പോസ്റ്റില്‍ ഉടനീളം കണ്ടത് കൊണ്ട് ശ്രീയോട് ഒരു ചോദ്യം - ആദ്യം അത് ബോംബാണെന്നു പറഞ്ഞതും, പിന്നെ പോലീസ് സ്റ്റേഷന്‍ ലേക്ക് വണ്ടി തിരിക്കാന്‍ പറഞ്ഞതും ഒക്കെ ശ്രീ തന്നെയല്ലേ ? ;)
    അന്ന് കോച്ചിംഗ് നു പോകാതെ ഒപ്പിച്ചു അല്ലേ????

  17. SAJAN S said...

    വളരെ നന്നായിട്ടുണ്ട് ഈ ഓര്‍മ്മക്കുറിപ്പ്
    എന്റെ പ്രീഡിഗ്രി കാലവും ഇതുപോലെ ബോറായിരുന്നു . ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതൊക്കെ ഓര്‍മവന്നു

  18. Baiju Elikkattoor said...

    nallathu. sharikkum rasichu....!

  19. Sukanya said...

    "വേണമെങ്കില്‍ ഓര്‍ഡിനറിയും സൂപ്പര്‍ ഫാസ്റ്റ് ആകും."

    പ്യാരി പറഞ്ഞപോലെ ക്ലാസില്‍ നിന്നൊഴിവാകാന്‍ ശ്രീ ബോംബു വിശേഷം ഒരു മഹാ സംഭാവമാക്കിയോ എന്നൊരു സംശയം ഇല്ലാതില്ല.

  20. Umesh Pilicode said...

    കൊള്ളാലോ ആശാനെ

  21. രാജീവ്‌ .എ . കുറുപ്പ് said...

    “തമാശ കളിയ്ക്കരുത്. ഇതിവിടെ ഒന്നും വയ്ക്കാന്‍ പറ്റില്ല. പിന്നില്‍ തന്നെ വച്ചാല്‍ മതി” എന്നും പറഞ്ഞ് അയാള്‍ ആ പൊതി ശ്രദ്ധിച്ച് എടുത്തു കൊണ്ട് പുറകിലേയ്ക്ക് ഓടി. എന്നിട്ട് അത് കണ്ടക്ടറുടെ മടിയില്‍ കൊണ്ട് വച്ചിട്ട് തിരികേ ഓടി വന്നു.

    പാവം ഡ്രൈവര്‍, എല്ലാരും കൂടി പാവത്തിന്റെ തലയില്‍ ബോംബ്‌ കെട്ടിവക്കാന്‍ നോക്കിയില്ലേ, അങ്ങേര്‍ക്കും ഇല്ലേ ജീവനില്‍ കൊതി.

    ശ്രീ സൂപ്പര്‍ പോസ്റ്റ്‌ മച്ചാ, (അത് കഴിഞ്ഞു കെ എസ് ആര്‍ ടീസി ആ ഓര്‍ഡിനറി വണ്ടി സൂപ്പര്‍ ഫാസ്റ്റ് ആക്കിയോ ??

  22. ശ്രീ said...

    ചാത്താ...
    ITPL ന്റെ ബസ് ആയതു കൊണ്ട് ബോംബ് ഒന്നുമാകാന്‍ സാധ്യത ഇല്ലെന്നെങ്കിലും സമാധാനിയ്ക്കാമല്ലോ അല്ലേ?. ഓഫീസ് ഐഡി ഉള്ളവരല്ലേ അതില്‍ കയറൂ... :)

    അന്വേഷകന്‍ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Pyari K...
    ഹ ഹ. അതൊരു നല്ല ഐഡിയ തന്നെ ആയിരുന്നു. അന്ന് അത്രയ്ക്ക് ബുദ്ധി തോന്നിയിരുന്നെങ്കില്‍ ഞാനെപ്പഴേ അത് പ്രയോഗിച്ചേനെ. ;)

    കമന്റിന് നന്ദീട്ടോ.

    SAJAN SADASIVAN ...
    ആ ബോറിങ്ങ് നാളുകള്‍ ഞാനായിട്ട് ഓര്‍മ്മിപ്പിച്ചു അല്ലേ മാഷേ :)

    സോണ ജി...
    സ്വാഗതം. പേടി തോന്നിയിരുന്നു എന്നത് സത്യം തന്നെ ആണെങ്കിലും അന്നത്തെ പ്രായത്തിന്റെ ആണോന്നറിയില്ല വളരെ ത്രില്ലിങ്ങായിട്ടാണ് ആ യാത്ര അന്ന് ഫീല്‍ ചെയ്തത്. :)

    Baiju Elikkattoor ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം, മാഷേ.

    Sukanya ചേച്ചീ...
    ഹ ഹ. ഇനി എല്ലാവരും കൂടെ ചേര്‍ന്ന് ആ ബോംബ് വച്ചതും കൂടെ ഞാനാണെന്ന് പറയാതിരുന്നാല്‍ മതി ;)

    കമന്റിന് നന്ദി ചേച്ചീ.

    ഉമേഷ്‌ പിലിക്കൊട് ...
    വളരെ നന്ദി.

    കുറുപ്പേട്ടാ...
    സത്യത്തില്‍ ഡ്രൈവറുടെ അടുത്ത് അത് കൊണ്ടു വച്ചപ്പോളാണ് ഞാനും കൂടുതല്‍ പേടിച്ചത് (ഞങ്ങള്‍ ഡ്രൈവറുടെ തൊട്ടു പുറകിലായിരുന്നല്ലോ)
    പിന്നെ ആ വണ്ടിയും അത്ര മോശം കണ്ടീഷനായിരുന്നില്ല. ഓരോ ഹമ്പ് ചാടുമ്പോഴേയ്ക്കും ഓഫായിപ്പോകുന്ന ഓര്‍ഡിനറിയിലും ഗിയര്‍ മാറാന്‍ ഡ്രൈവര്‍ രണ്ടു കയ്യും ഉപയോഗിയ്ക്കേണ്ടി വരുന്ന ഓര്‍ഡിനറിയിലും (ഒട്ടും അതിശയോക്തിയില്ല) ആ കാലത്ത് ഞാന്‍ കയറിയിട്ടുണ്ട് :)

  23. വിനുവേട്ടന്‍ said...

    പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റിന്‌ സ്വാഗതം ശ്രീ..

    ഈ ജയറാം മാഷ്‌ ഞങ്ങളെ സെന്റ്‌ തോമസില്‍ ഫിസിക്സ്‌ പഠിപ്പിച്ചിട്ടുണ്ട്‌... അപ്പോള്‍ ശ്രീയും അദ്ദേഹത്തിന്റെ 'കൊശവന്‍' വിളി ഇശ്ശി കേട്ടിട്ടുണ്ടാവും അല്ലേ...?

    ബോംബ്‌ സംഭവം രസകരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ആന വണ്ടിയിലും അപ്പോള്‍ രസകരങ്ങളായ സംഭവങ്ങള്‍ ഉണ്ടാകാറുണ്ടല്ലേ? ഞങ്ങളൊക്കെ പ്രൈവറ്റ്‌ ബസ്‌ യാത്രക്കാരായിരുന്നു. പ്രൈവറ്റ്‌ ബസ്‌ യാത്രയുടെ രസം ഒന്ന് വേറെ തന്നെയല്ലേ ശ്രീ...?

  24. അരുണ്‍ കാക്കനാട് said...

    വളരെ നന്നായിരിക്കുന്നു ശ്രീയുടെ ഈ അനുഭവ കുറിപ്പ്...

    ആശംസകള്‍ ....

  25. the man to walk with said...

    athaanallo jeevanum kondoodi ennoru prayogam thanne..
    ishtaayi..
    best wishes

  26. Typist | എഴുത്തുകാരി said...

    ഇത്തിരി പേടിച്ചു ഇല്ലേ? വേണ്ടി വന്നാല്‍ ഓര്‍ഡിനറിക്കും സൂപ്പര്‍ ഫാസ്റ്റിനെ വെട്ടിക്കാം. പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ് നന്നായി.

  27. സുമേഷ് | Sumesh Menon said...

    ശ്രീയേട്ടാ,
    നന്നായി രസിച്ചു വായിച്ചു... ക്ലൈമാക്സ്‌ പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെങ്കിലും സരസമായി കൈകാര്യം ചെയ്തിരിക്കുന്നു...
    പേടിച്ചു വിറച്ചു കാണും അല്ലേ? ആസ്വദിച്ചു എന്ന് വെറുതെ കള്ളം പറയേണ്ട...
    പുതുവത്സരാശംസകള്‍ നേരുന്നു...

  28. lekshmi. lachu said...

    മനോഹരമായിരിക്കുന്നു ശ്രീ...ആ ബസ്സില്‍ ഒപ്പം
    യാത്ര ചെയിത പോലെ തോന്നി..ഡ്രൈവര്‍ ആ
    പൊതിയും പിടിച്ചു ഓടുന്നത് ശെരിക്കും
    ആസ്വതിച്ചു

  29. Rare Rose said...

    ശ്രീ.,പുതുവര്‍ഷപ്പോസ്റ്റ് രസിച്ചു.അങ്ങനെ തണുത്തു വിരസമായൊരു വെളുപ്പാന്‍ കാലം പേടിച്ചു വിറപ്പിച്ച് ഉഷാറാക്കി തരാന്‍ ആ പാവം പൊതിക്കു പറ്റിയില്ലേ.;)
    സംഭവബഹുലമായ യാത്രക്കൊടുവില്‍ ആ മാന്യദേഹം പറഞ്ഞ ഡയലോഗാണു ഡയലോഗ്.:)

  30. sha said...

    എല്ലാ പൊതികള്‍ക്കും മനുഷ്യന്റെ വേഗത കൂട്ടാനുള്ള
    കഴിവുണ്ടല്ലോ...നന്നായിട്ടുണ്ട് ശ്രീ,
    ഇനിയും ഇതുപോലുള്ള പൊതികള്‍ അഴിക്കുക..
    നോക്കാന്‍ ഞാനും കൂടാം..

  31. വശംവദൻ said...

    എഴുത്ത് വളരെ നന്നായിട്ടുണ്ട് ശ്രീ.

    ആ പത്ത് പതിനഞ്ച് മിനിട്ട് നേരത്തെ അവസ്ഥ ഈ വരികളിൽ ശരിക്കും കാണാൻ കഴിഞ്ഞു.

    ചിരിപ്പിച്ചു.

    പുതുവത്സരാശംസകൾ

  32. e-Pandithan said...

    Ennittu entrance exam pass ayo?
    Happy new year!!!

  33. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

    ഞങ്ങളുടെ പ്രീഡിഗ്രി ബോറായിരുന്നില്ല. എൺപതുപേരിൽ ഞങ്ങൾ 8 പേരേ ആൺപിള്ളേർ ഉണ്ടായിരുന്നുള്ളൂ.. :)

    പോസ്റ്റ് പതിവുപോലെ രസകരം...:)

  34. അനില്‍@ബ്ലോഗ് // anil said...

    കൊള്ളാം, ശ്രീ.
    ക്രൈസ്റ്റ് കോളേജ് ഇത്രക്ക് ബോറന്‍ സ്ഥലമാണോ?
    ബോബെന്നു കേട്ട് കണ്ടക്റ്റര്‍ പരിഭ്രമിച്ചെങ്കില്‍ അതില്‍ അത്ഭുതമൊന്നുമില്ല.
    എന്നാലും കാര്യങ്ങള്‍ രസകരമായി തന്നെ അവസാനിച്ചല്ലോ.

  35. Jenshia said...

    മല പോലെ വന്നത് എലി പോലെ പോയി...പോലീസ് സ്റ്റേഷനില്‍ കേറുന്നേനു മുമ്പെന്നെ എല്ലാം ശാന്തമായല്ലോ ഭാഗ്യമുണ്ട്..

  36. ശ്രീ said...

    വിനുവേട്ടാ...
    ജയറാം സാര്‍ പഠിപ്പിച്ചിരുന്ന ആ ക്ലാസ്സില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നത് കൊണ്ട് ഓരോരുത്തരെയായി തിരഞ്ഞ് പിടിച്ച് വിളിയ്ക്കാറില്ല :)
    പിന്നെ ആനവണ്ടിയിലെ വേറെ അനുഭവങ്ങളുമുണ്ട്... പ്രൈവറ്റ് ബസ്സിലെ അനുഭവങ്ങളും കെ എസ് ആര്‍ ടി സി അനുഭവങ്ങളും വളരെ വ്യത്യസ്തങ്ങള്‍ തന്നെയാണ്. കമന്റിനു നന്ദി.

    അരുണ്‍ കാക്കനാട് ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    the man to walk with...
    അതെ, അത് തന്നെ. നന്ദി

    എഴുത്തുകാരി ചേച്ചീ...
    അതെ. കുറച്ചൊന്ന് പേടിച്ചു എന്നത് സത്യം തന്നെയാണ്. :)

    സുമേഷ് മേനോന്‍...
    ഹ ഹ. പേടിച്ചു എന്നതും ആസ്വദിച്ചു എന്നതും സത്യമാണ് ട്ടോ. :)

    lekshmi...
    ആ കാഴ്ച തന്നെയാണ് അന്ന് ബസ്സിലെ എല്ലാവരെയും ഏറ്റവും ചിരിപ്പിച്ചതും. നന്ദി.

    Rare Rose...
    ശരിയാണ്. ആ യാത്ര സംഭവബഹുലമാക്കാനും എന്നെന്നേയ്ക്കും ഓര്‍മ്മിപ്പിയ്ക്കത്തക്കതായി നിലനിര്‍ത്താനും ആ സംഭവത്തിനായി. കമന്റിനു നന്ദി. :)

    sha...
    സ്വാഗതം. എല്ലാ പൊതികള്‍ക്കും മനുഷ്യന്റെ വേഗത കൂട്ടാനുള്ള കഴിവുണ്ട് എന്ന് തന്നെ പറയാം

    വശംവദൻ ...
    വളരെ നന്ദി മാഷേ. പോസ്റ്റ് ചിരിപ്പിച്ചു എന്നറിയുന്നതില്‍ സന്തോഷം.

    e - പണ്ഡിതന്‍ ...
    ആ കഷ്ടപ്പെട്ടതു കൊണ്ടൊന്നും കാര്യമായ ഗുണം കിട്ടിയില്ല മാഷേ. റിസല്‍ട്ട് വന്നപ്പോള്‍ റാങ്ക് 7700. :(
    [പിന്നെ പൈസ കൊടുത്ത് സീറ്റ് തരപ്പെടുത്താവുന്ന സാഹചര്യമല്ലാതിരുന്നതിനാല്‍ പിന്നീട് ഡിഗ്രിയ്ക്കു ചേര്‍ന്നു]

    പ്രവീണ്‍ വട്ടപ്പറമ്പത്ത് ...
    അപ്പോള്‍ സ്വാഭാവികമായും രസകരം തന്നെ ആകുമല്ലോ അല്ലേ? :)

    അനിൽ@ബ്ലൊഗ് ...
    ക്രൈസ്റ്റ് കോളേജ് മൊത്തമായി പറഞ്ഞാല്‍ ബോറാണെന്നല്ല. അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്ന കാലത്ത് പ്രീഡിഗ്രി ബാച്ചുകാര്‍ക്ക്, പ്രത്യേകിച്ചും ചാലക്കുടി ഭാഗത്തു നിന്നും വന്നിരുന്നവര്‍ക്ക് ദുരിതപൂര്‍ണ്ണമായ ഓര്‍മ്മ തന്നെ ആയിരിയ്ക്കും.
    (യാത്ര തന്നെയായിരുന്നു പ്രധാന വില്ലന്‍)

    കമന്റിനു നന്ദി. :)
    Jenshia ...
    അതെ. പോലീസ് സ്റ്റേഷനില്‍ കയറാതെ രക്ഷപ്പെട്ടു. നന്ദി.

  37. Echmukutty said...

    അത് ബോംബായിരുന്നെങ്കിലോ എന്റെ ശ്രീ, ഞാൻ ബസ്സിൽ നിന്ന് ഇറങ്ങി രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ബസ്സ് പൊട്ടിത്തെറിച്ച അനുഭവമാണ് ഓർമ്മിച്ചത്, കുറെ മുൻപ്, ഉത്തരേന്ത്യയിൽ പടക്കം പൊട്ടുന്ന മാതിരി ബോംബു പൊട്ടിയിരുന്ന ഒരു കാലം.
    ശ്രീ ഭംഗിയായി എഴുതിയിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.
    നല്ലൊരു പുതു വർഷം നേരുന്നു.

  38. ചാണക്യന്‍ said...

    “പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും” -

    ഹിഹിഹിഹിഹിഹിഹിഹിഹി....അതാണ് സത്യം....:):)

  39. പാവത്താൻ said...

    കൊള്ളാം. പുതുവര്‍ഷം ഒരു പൊട്ടിത്തെറിയോടെ തുടങ്ങും എന്നു പ്രതീക്ഷിച്ചു. പൊട്ടിച്ചിരിയോടെയായി തുടക്കം. നല്ല അനുഭവം...ആശംസകള്‍.

  40. Anil cheleri kumaran said...

    രസായിട്ടുണ്ട്.. ആശംസകള്‍.

  41. ash said...

    ഹൊ!! മല പോലെ വന്നത് എലി പോലെ പോയി .... നന്നായിരുന്നു എഴുത്ത്... .... ശ്വാസം പിടിച്ച് വായിച്ചു ... ഇവിടെ ബോംബ് വച്ചത് പോലെ തോന്നിച്ചു ... പുതുവത്സരാശംസകള്‍ ....

  42. താരകൻ said...

    എൻ എച്ച് 47-നിലൂടെ പ്രാണരക്ഷാർഥം പായുന്ന കെ എസ് ആർ ടി സി ബസും അതിലെ പേടിച്ചരണ്ട യാത്രകാരും ചിരിയുണർത്തി....കൊള്ളാം ശ്രീ.

  43. മുക്കുവന്‍ said...

    ചോറ്റാനിക്കര അമ്മ....പേരു കേട്ടപ്പോഴേ കുറെ കൊല്ലം പുറകോട്ട് ഓര്‍മിപ്പിച്ചൂ ശ്രീ..

    കിടിലം എന്നൊക്കെ പറഞ്ഞ് പോയാല്‍ അനുഭവത്തെ കൊച്ചാക്കോന്നൊരു സംശയം ശ്രീ.

  44. Manoraj said...
    This comment has been removed by the author.
  45. Manoraj said...

    പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും”

    nalla post sri.. nannayi avatharippichchirikkunnu..

    basukal...oththiri ormakal eppolum sammanikkarundu.. pattiyal orthu postatoo...

  46. nandakumar said...

    രസകരമായ അനുഭവം.
    ഒന്നുകൂടി അലക്കിപ്പൊളിക്കാമായിരുന്ന സംഭവബഹുലമായ സംഗതിയെ സിമ്പിളാക്കി പറഞ്ഞൂ എന്നേ ഞാന്‍ പറയുള്ളൂ :)

    എഴുത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഗുഡ് ശ്രീ

  47. asdfasdf asfdasdf said...

    രസികന്‍ അനുഭവം

  48. Unknown said...

    ആ ഒഴിഞ്ഞ് കിടന്ന ബാക്ക് സീറ്റില്‍ പിനെന്തോന്ന് സംഭവിച്ചു ശ്രീ ?

    എന്തായാലും സംഗതി ഉഗ്രന്‍

  49. ഭായി said...

    പതിവുപോലെ, വളച്ച് കെട്ടില്ലാത്ത ഒര്‍ജിനല്‍ എഴുത്ത്.
    തമാശയുടെ തിരുകലുകള്‍ നന്നേ ബോധിച്ചു.

    പുതുവല്‍സരാശസകള്‍!

  50. siva // ശിവ said...

    ശരിയ്ക്കും ചിരിച്ചു പോയി ശ്രീ :)

  51. ശ്രീ said...

    Echmu Kutty ...
    ഹയ്യോ. ബോംബോ മറ്റോ ആയിരുന്നെങ്കില്‍ എന്ന് ആലോചിയ്ക്കാന്‍ പോലും വയ്യ. എന്നാലും ചേച്ചിയുടെ അനുഭവം വായിച്ച് ഞെട്ടി.
    കമന്റിന് നന്ദി.

    ചാണക്യന്‍ മാഷേ...
    അതെ. അതൊരു സത്യം തന്നെ അല്ലേ മാഷേ. നന്ദി.

    പാവത്താൻ ...
    രസകരമായ കമന്റ്... മാഷേ. നന്ദി.

    കുമാരേട്ടാ...
    വളരെ നന്ദി.
    Aasha ചേച്ചീ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. :)

    താരകൻ മാഷേ...
    ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ. കമന്റിന് നദി.

    വേദ വ്യാസന്‍ ...
    നന്ദി.

    മുക്കുവന്‍ ...
    അന്ന് സ്ഥിരം തിരിച്ചു പോക്ക് ചോറ്റാനിക്കരയമ്മയില്‍ ആയിരുന്നു മാഷേ. ഈ പോസ്റ്റ് പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തിയെങ്കില്‍ സന്തോഷം.

    Manoraj...
    നന്ദി മാഷേ. ഓര്‍മ്മകള്‍ പങ്കു വയ്ക്കൂ :)

    നന്ദേട്ടാ...
    ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇനിയും നീളം കൂടിയാലോ എന്ന് ഭയന്നാണ് പോസ്റ്റ് ഇത്രയും സംഭവത്തില്‍ ഒതുക്കിയത്. കമന്റിന് നന്ദി.

    കുട്ടന്‍മേനൊന്‍ ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം, മേനോന്‍ ചേട്ടാ.

    അരുണ്‍ / Arun ...
    സ്വാഗതം അരുണ്‍. അയാള്‍ വന്നു കയറിയതോടെ പ്രശ്നമൊന്നുമില്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഉടനേ തന്നെ ആ സീറ്റുകളും പഴയ പടി നിറയുകയും ചെയ്തു. ഈ അമ്പതാം കമന്റിനു നന്ദി :)

    ഭായി ...
    ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം, ഭായ്...

    siva // ശിവ...
    വളരെ നന്ദി ശിവാ.

  52. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    സുതാര്യമായ എഴുത്ത്, രസകരമായ വായന.
    നന്നായിരിക്കുന്നു.

    പുതുവർഷാശംസകൾ

  53. poor-me/പാവം-ഞാന്‍ said...

    പണ്ടിതുപോലെ ബസ്സിലൊരു കൊച്ചു പൊതി കിട്ടി സംസാരവും ഒക്കെ ഉണ്ടായി പിന്നീറ്റ് തുറന്നു നോക്കിയപ്പോളല്ല്ലെ പുടി കിട്ടിയത് അത് ആരോ ലാബിലേക്ക് കൊണ്ടു പോയിരുന്ന “സ്പെസിമന്‍“ ആയിരുന്നു...ആറ്ക്കറിയാം വല്ല പോക്കറ്റടിക്കാരും ഉപേക്ഷിച്ചത് അല്ലന്ന്

  54. ബഷീർ said...

    മനുഷ്യനെ പേടിപ്പിക്കാനാണോ ഈ പുതിയവർഷത്തിൽ പരിപാടി ?

    എന്നത്തേയും പോലെ മനോഹരമായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ :)

  55. Akbar said...

    അന്നങ്ങിനെ ഭയപ്പെട്ടു എങ്കില്‍ അത് ഇന്നായിരുന്നെങ്കിലോ. ഓടുന്ന വണ്ടിയില്‍ നിന്നും ആളുകള്‍ ജീവനും കൊണ്ട് ചാടിയേനെ. കാലം അതാണല്ലോ. നല്ല എഴുത്ത്. ആശംസകള്‍

  56. Anonymous said...

    hi hi koLLaam ! KALAKKI GEDEE :)

  57. വാഴക്കോടന്‍ ‍// vazhakodan said...

    ആ ബസ്സില്‍ കൂടെ യാത്ര ചെയ്ത ഒരു ഫീല്‍!

    നന്നായിരിക്കുന്നു ശ്രീ
    ആശംസകള്‍!!!

  58. എറക്കാടൻ / Erakkadan said...

    നല്ല വിവരണമാണു ശ്രീ.....അൽപനേരമൊരു സസ്പൻസ്‌ തന്നൂട്ടോ

  59. mini//മിനി said...

    സംഭവം ഉഗ്രൻ. ഇവിടെ കണ്ണൂരിലാണെങ്കിൽ ആ പൊതിക്കെട്ട് എടുത്ത് ദൂരെ എറിയും. എന്നിട്ട് അത് പൊട്ടുന്നതിനു മുൻപ് സൂപ്പർ‌ഫാസ്റ്റ് സ്പീഡിൽ ബസ് ഓടും. അപ്പോൾ അത് പൊട്ടും, നമ്മൾ ഞെട്ടും.

  60. ധനേഷ് said...

    നല്ല ഡീസന്റ് അനുഭവക്കുറിപ്പ്..
    :-)

  61. ദീപക് said...

    നന്നായി രസിച്ചു വായിച്ചു...പതിനഞ്ച് മിനിട്ട് നേരത്തെ അവസ്ഥ വരികളിൽ ശരിക്കും കാണാൻ കഴിഞ്ഞു. ഒന്നുകൂടി കൊഴുപ്പിക്കാമായിരുന്നു.

  62. ബിനോയ്//HariNav said...

    ഹ ഹ കൊള്ളാം ശ്രീ പുതുവര്‍ഷത്തിലെ ബോം‌ബ്. ആശംസകള്‍ :)

  63. jayanEvoor said...

    അയ്യോ... ഞാൻ ഇവിടെയെത്താൻ വൈകിപ്പോയേ!

    നല്ല ബോംബു ഭീഷണി!

    കലക്കി!

  64. ശ്രദ്ധേയന്‍ | shradheyan said...

    “പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും”

    ഹ ഹ ഹ... പുതുവര്‍ഷത്തില്‍ നല്ലൊരു പോസ്റ്റ്‌. ഞാന്‍ കരുതി വല്ല തടിയന്റെവിട നസീറും ബസ്സില്‍ ഉണ്ടാവും എന്ന് ! :)

  65. ശ്രീ said...

    പള്ളിക്കരയില്‍ ...
    വളരെ നന്ദി മാഷേ.

    poor-me/പാവം-ഞാന്‍...
    ഇന്നത്തെ കാലത്ത് എന്ത് പൊതിയോ ബാഗോ കണ്ടാലും തുറക്കാതിരിയ്ക്കുന്നതാണ് ബുദ്ധി. ബോംബ് ഭീഷണി അല്ലേ എല്ലായിടത്തും.
    കമന്റിന് നന്ദി മാഷേ.

    ബഷീര്‍ക്കാ...
    വീണ്ടും കണ്ടതില്‍ സന്തോഷം. എഴുത്തൊന്നുമില്ലേ ഇപ്പോള്‍?

    Akbar ഇക്കാ...
    വളരെ ശരിയാണ് മാഷേ. ഇന്ന് സ്ഥിതികള്‍ വളരെയധികം വഷളായില്ലേ? കമന്റിന് നന്ദി.

    ഗ്ലാമര്‍ ഉണ്ണി ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    വാഴക്കോടന്‍ മാഷേ...
    ഇതു വഴി ആദ്യമായാണ് എന്ന് തോന്നുന്നു. സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    എറക്കാടൻ...
    ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

    mini//മിനി ടീച്ചര്...
    സ്വാഗതം. കമന്റ് ചിരിപ്പിച്ചു, നന്ദി.

    ധനേഷ്...
    വളരെ നന്ദി.

    ദീപക് അണ്ണാ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. നടന്ന സംഭവങ്ങള്‍ അതേ പോലെ എഴുതിയാല്‍ മതി എന്ന് കരുതിയിട്ടാ മാഷേ. :)

    ബിനോയ് മാഷേ...
    വളരെ സന്തോഷം മാഷേ. കമന്റിനു നന്ദി.

    jayanEvoor ...
    അത്ര വൈകിയിട്ടൊന്നുമില്ല മാഷേ. നന്ദി.

  66. Manoraj said...

    ശ്രീ: വായിച്ചിട്ട്‌ രണ്ട്‌ ദിവസമായങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കമന്റ്‌ രേഖപ്പെടുത്താൻ കഴിഞ്ഞില്ല.. നല്ല ഒരു പോസ്റ്റ്‌ വായിക്കാൻ കഴിഞ്ഞു.. ആത്മകഥാശംശപരമായ കാര്യങ്ങൾ എഴുതുമ്പോൾ പൊലിപ്പിക്കാൻ പറ്റില്ല.. പക്ഷെ, അതില്ലാതെ തന്നെ വായനക്കാരനെ പിടിച്ചിരുത്തുന്നു.. തൃശൂർ ജില്ലയിലെ ബസ്സ്‌ യാത്ര തികച്ചും രസകരമായ ഒരു കാര്യമാണു.. ഞാൻ കുറെ നാളുകൾ പറവൂരിൽ നിന്നും ഗുരുവായുർ അസ്സിൽ ആണു തൃപ്രയാരുള്ള പോളിടെക്നികിലേക്ക്‌ പോയിരുന്നത്‌. ഒരു നിമിഷം, അന്നത്തെ യാത്രകളിലൂടെയും , തമാശകളിലൂടെയും മനസ്സിനെ കൊണ്ടുപോകാൻ കഴിഞ്ഞു... അഭിനന്ദനങ്ങൾ..

  67. Sands | കരിങ്കല്ല് said...

    കിടു തന്നെ ശ്രീ..

    ഉദ്വേഗവും തമാശയും കൂട്ടിയുള്ള എഴുത്തു..

    കലക്കി കടുകു വറുത്തു.

    അപ്പൊ അതാണല്ലേ.. അന്നൊരു ദിവസം ഞാന്‍ നെല്ലായില്‍ ബസ് കാത്തു നില്ക്കുമ്പോള്‍ ഒരൂ ഓര്ഡിനറി വണ്ടി വായുഗുളിക വാങ്ങാന്‍ പോണതു കണ്ടതു. ;)

  68. ചീര I Cheera said...

    രസികൻ പോസ്റ്റ്.
    ഒരു “ക്രൈസ്റ്റ് കോളേജ്” പ്രീഡിഗ്രിക്കാരൻ ഇവിടെയുമുണ്ട്. :)

  69. Gopakumar V S (ഗോപന്‍ ) said...

    ശ്രീ,ആദ്യാവസാനം രസകരമായി... മുൻകാലങ്ങളിലെ ഓർമ്മകൾ ചികഞ്ഞെടുക്കുന്നതും ഇത്ര രസകരമായി അവതരിപ്പിക്കുന്നതും ഗംഭീരം തന്നെ...ആശംസകൾ....
    (ഇന്നലെ വായിച്ചതാ, ഇന്നാണ് കമന്റ് ഇട്ടത്)

  70. ദിയ കണ്ണന്‍ said...

    hehe...nannayittundu. :)

  71. Jyothi Sanjeev : said...

    shree, valare nalla post. happy new year.

  72. ചാണ്ടിച്ചൻ said...

    ഹലോ ശ്രീ....കമന്റിനു നന്ദി...നീര്‍മിഴിപ്പൂക്കള്‍ വായിച്ചു കൊണ്ടിരിക്കുന്നു....ബ്ലോഗിന്റെ പേര് കണ്ടിട്ട് താങ്കള്‍ ഒരു സ്വപ്നജീവിയാണെന്നു തോന്നുന്നു!!!...ഫോളോവര്‍ ആവാനുള്ള ഓപ്ഷന്‍ ഇല്ലല്ലോ താങ്കളുടെ ബ്ലോഗിന്...
    കൊരട്ടിയില്‍ എവിടെയായിരുന്നു വീട്...നല്ല മുഖ പരിചയം തോന്നുന്നു...ഞാന്‍ വട്ടപ്പറമ്പുകാരന്‍...അയല്‍വാസി...ചാലക്കുടിയിലും കുറച്ചു നാള്‍ വര്‍ക്കിയിട്ടുണ്ട്...

  73. മുരളി I Murali Mudra said...

    വളരെ രസകരമായി ഈ അനുഭവക്കുറിപ്പ്
    ആശംസകള്‍ ശ്രീ..

  74. ഭ്രാന്തനച്ചൂസ് said...

    ഇതൊരു ബോംബാണല്ലോ..? മനോഹരമായിരിക്കുന്നു ശ്രീ...

  75. Prasanth Iranikulam said...

    ഹ ഹ ഹ
    വളരെ നന്നായിരിക്കുന്നു ശ്രീ, എനിക്കിഷ്ടപ്പെട്ടു.
    സ്നേഹപൂര്‍‌വ്വം,

  76. ManzoorAluvila said...

    puthu varsham puutthiriyaay ninnil ennum prafa choriyatte...nalla anubhavakurippu..ini engane undavumpol bus pathukke odikkan parayanam kulukkathil pottacha bombum ordinari vandiyude partsum pottum...ketto..happay happy new year god bless you

  77. Muralee Mukundan , ബിലാത്തിപട്ടണം said...

    പുതുവത്സര പോസ്റ്റ് ഒരു പൂത്തിരി കത്തുന്നപോലെ മനോഹരമായിരിക്കുന്നു...
    വിദ്യാഭ്യാസത്തിന്റെ പീഡനം മുതൽ ബോമ്പ്ഭീതിയുടെ മരണഭയം വരെ നർമ്മം കലർത്തിവർണ്ണിച്ചിരിക്കുന്നൂ...
    ശ്രീക്ക് ,നവവർഷനന്മകളോടൊപ്പം,
    അഭിനന്ദനങ്ങളും അർപ്പിച്ചുകൊള്ളുന്നൂ !

  78. Unknown said...

    ''അന്ന് ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പെണ്‍‌കുട്ടികള്‍‌ ഉണ്ടായിരുന്നില്ല എന്നതും കൂടി കൂട്ടി വായിച്ചപ്പോള്‍ ..........''




    ചിത്രം പൂര്‍ത്തിയായി.. :)

  79. കുഞ്ഞൻ said...

    ശ്രീക്കുട്ടാ..

    വായനക്കാരെ കുറച്ചുനേരം ബസ്സിന്റെ ബാക് സീറ്റിലിരുത്തിപ്പിച്ച ഈ കഴിവിന് ഒരു സലാം..

    കോച്ചിങ്ങിന് പോയതുകൊണ്ട് പ്രയോജനമുണ്ടായൊ, എൻ‌ട്രൻസ് കടമ്പ ചാടിക്കടന്നൊ..?

    ശ്രീയ്ക്കും കുടുംബത്തിനും നല്ലൊരു വർഷമാശംസിക്കുന്നു..

  80. Sandeepkalapurakkal said...

    “ വണ്ടി ചാലക്കുടി സ്റ്റാന്‍‌ഡില്‍ വച്ച് ഞാനതില്‍ കയറിയതാണ്. പോകാന്‍ സമയമുണ്ടല്ലോ എന്ന് കരുതി ഒരു ചായ കുടിയ്ക്കാനിറങ്ങിയ നേരം കൊണ്ട് വണ്ടി വിട്ടു പോയി. പിന്നാലെ ഓടിയിട്ടും കിട്ടിയില്ല. പിന്നെ പുറകേ വന്ന ആ സൂപ്പര്‍ ഫാസ്റ്റും പിടിച്ച് പോന്നു.”


    നന്നായിട്ടുണ്ട്....

  81. ശ്രീ said...

    ശ്രദ്ധേയന്‍ ...
    തടിയന്റെവിട നസീറൊക്കെ സ്റ്റാറായത് ഇന്നല്ലേ മാഷേ... കമന്റിന് നന്ദി. :)

    Manoraj മാഷേ...
    വീണ്ടും വന്നതിനും വിശദമായ ഈ കമന്റിനും നന്ദി മാഷേ.

    Sands | കരിങ്കല്ല് ...
    അപ്പോ അന്ന് നെല്ലായിയില്‍ വച്ച് കൈ കാണിച്ച് വണ്ടി നിര്‍ത്തുമെന്ന് കരുതി പിന്നാലെ ഓടിയത് സന്ദീപായിരുന്നല്ലേ? ഹിഹി. ;)

    P.R ചേച്ചീ...
    അതു ശരി. ചേട്ടനാണോ. ആ സീനിയര്‍ വിദ്യാര്‍ത്ഥിയോട് പ്രത്യേക അന്വേഷണങ്ങള്‍ പറയണേ... (ചേട്ടനോട് ചോദിച്ചാലറിയാമായിരിയ്ക്കും, ക്രൈസ്റ്റിലെ ചാലക്കുടിക്കാരുടെ ആധിക്യം)

    Gopakumar V S (ഗോപന്‍ ) ...
    വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി മാഷേ.

    Diya ...
    വളരെ നന്ദി.

    Jyothi Sanjeev ...
    വളരെ നന്ദി ചേച്ചീ. തിരിച്ചും ആശംസകള്‍!

    ചാണ്ടിക്കുഞ്ഞ്...
    സ്വാഗതം. അങ്ങനെ സ്വപ്നജീവി ഒന്നുമല്ല മാഷേ. :) പിന്നെ ഫോളോവര്‍ ആകാനുള്ള ഓപ്ഷന്‍ പ്രത്യേകമായി കൊടുത്തിട്ടില്ല.
    നാട് കൊരട്ടി അടുത്ത് വാളൂരാണ്. എന്തായാലും ഒരു അയല്‍നാട്ടുകാരനെ കണ്ടതില്‍ സന്തോഷം. :)

    മുരളി I Murali Nair...
    വളരെ നന്ദി മാഷേ.

    Achooss...
    കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം മാഷേ.

    Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം ...
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം :)

    ManzoorAluvila ...
    അത് ശരി തന്നെയാണ് ഇക്കാ. കമന്റിന് നന്ദി

    ബിലാത്തിപട്ടണം / Bilatthipattanam ...
    ആശംസകള്‍ക്കും കമന്റിനും വളരെ നന്ദി മാഷേ.

    മുരളിക...
    ഹ ഹ. ആ ഭാഗം പ്രത്യേകം ശ്രദ്ധിച്ചല്ലേ? ;)

    കുഞ്ഞൻ ചേട്ടാ...
    വളരെ നന്ദി. പിന്നെ ഇ പണ്ടിതനോട് പറഞ്ഞതു പോലെ ആ കഷ്ടപ്പെട്ടതു കൊണ്ടൊന്നും കാര്യമായ ഗുണം കിട്ടിയില്ല. റാങ്ക് 7700 ആയിരുന്നു. അക്കാലത്ത് ആ റാങ്കില്‍ സീറ്റ് തരപ്പെടുത്തണമെങ്കില്‍ പൈസ കൊടുക്കണമായിരുന്നു. :(

    സന്ദീപ് കളപ്പുരയ്ക്കല്‍ ...
    നന്ദി മാഷേ. :)

  82. jyo.mds said...

    ശ്രീ, നന്നായി വിവരിച്ചു.

  83. ദിവാരേട്ടN said...

    “ഇതിവിടെ ഇരുന്നോട്ടെ. ആരെങ്കിലും അന്വേഷിച്ച് വരുമ്പോള്‍ കൊടുക്കാം”

    ഇത് കലക്കിയിട്ടുണ്ട് ..

  84. പ്രേം I prem said...

    എന്തായാലും ക്ലൈമാക്സ്‌ കലക്കി, എന്നാലും പേടിച്ചുകാണും അല്ലേ!!

    ഓര്‍ഡിനറിയായാലും സൂപ്പര്‍ഫസ്ടായാലും ബസ്സ് തന്നെയല്ലേ ... ആശംസകള്‍ !!!

  85. Augustine said...

    Hi Sree.. Really nice daa.. I think u have real taste in this.. expect more stories like this. All the best..

  86. ഷൈജൻ കാക്കര said...

    നല്ല വിവരണം

  87. ഗോപീകൃഷ്ണ൯.വി.ജി said...

    ശ്രീ മാഷ്, വളരെ മനോഹരം ഈ ഓര്‍മ്മക്കുറിപ്പ് .

  88. raadha said...

    വളരെ നന്നായിരിക്കുന്നു ശ്രീ ഈ പോസ്റ്റ്‌. നമുക്ക് എങ്ങനെ ഒരു ചെറിയ കാര്യത്തെ എത്രത്തോളം വളര്‍ത്തി വലുതാക്കാം എന്നതിന് ഉത്തമ ഉദാഹരണം..

    Happy New Year

  89. വീകെ said...

    ജീവനും കയ്യിൽ പിടിച്ചു കൊണ്ടോടുമ്പോൾ ഏതു ചാടാത്ത മതിലും ചാടിക്കടക്കുമെന്നു കേട്ടിട്ടില്ലെ...
    അതു പോലെയാണ് എതു ഓർഡിനറിയും സൂപ്പർഫാസ്റ്റാകുന്നത്...

    കലക്കീട്ടോ ശ്രീ...

    ആശംസകൾ....

  90. ശ്രീക്കുട്ടന്‍ said...

    വളരെയേറെ നന്നയിരിക്കുന്നു ശ്രീ.. ഇപ്പോഴത്തെ കാലത്ത് ഒരു മുറുക്കാന്‍ പൊതി കണ്ടാലും പേടിച്ചേ പറ്റൂ..

  91. Anonymous said...

    ഹഹഹ..ശ്രീ..വളരെ ആനുകാലികമായ ഒരു കഥ തന്നെ .........നല്ല അവതരണം..ആശംസകള്‍..

  92. Irshad said...

    ശ്രീ, മനോഹരമായി എഴുതിയിരിക്കുന്നു. എന്തു കണ്ടാലും പേടിക്കണമല്ലോ? അതല്ലേ കാലം.

  93. ശ്രീ said...

    jyo ചേച്ചീ...
    വളരെ നന്ദി.

    Divarettan ദിവാരേട്ടന്‍ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    പ്രേം ...
    ചെറുതായി ഒന്ന് പേടിച്ചു എന്നത് സത്യം തന്നെയാണ് മാഷേ. കമന്റിനു നന്ദി.

    Augustine...
    സ്വാഗതം. ഇവിടെ വന്നതിനും വായിച്ച് ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും നന്ദി ഡാ.

    കാക്കര - kaakkara...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി മാഷേ.

    ഗോപീകൃഷ്ണ൯ ...
    വളരെ നന്ദി മാഷേ.

    raadha ചേച്ചീ...
    ശരിയാണ് ചേച്ചീ. അത്രയും നേരത്തേയ്ക്ക് എല്ലാവരെയും ഒന്ന് പേടിപ്പിയ്ക്കാന്‍ ആ കൊച്ചു സംഭവത്തിനു കഴിഞ്ഞു.
    വീ കെ മാഷേ...
    വളരെ നന്ദി മാഷേ.

    ശ്രീക്കുട്ടന്‍ ...
    സത്യമാണ് മാഷേ. അതല്ലേ കാലം. കമന്റിനു നന്ദി.

    Bijli ചേച്ചീ...
    വളരെ നന്ദി ചേച്ചീ.

    പഥികന്‍ ...
    അതെയതെ. വായനയ്ക്കും കമന്റിനും നന്ദി മാഷേ.

  94. smitha adharsh said...

    വളരെ നല്ല ഓര്‍മ്മക്കുറിപ്പ്‌ ശ്രീ...വൈകിയാണെങ്കിലും 'പുതുവത്സരാശംസകള്‍'
    എന്നെ അന്വേഷിച്ചു വന്നതിനു നന്ദി ട്ടോ..
    ഇടയ്ക്കെങ്കിലും ബൂലോകത്ത് വരണം എന്നുണ്ട്..പറ്റിയാല്‍ അടുത്ത് തന്നെ..

  95. Phayas AbdulRahman said...

    അടിപൊളി... ആര്‍ക്കും എപ്പോഴും എവിടെ വെച്ചും സംഭവിക്കാവുന്ന കാര്യം.. നന്നായിട്ടുണ്ട് ശ്രീ...

  96. സിനു said...

    ശ്രീയേട്ടാ......ബോംബ്‌ കഥ ഇഷ്ട്ടായിട്ടോ
    വായിക്കുമ്പോള്‍ ശ്വാസം പിടിച്ചാ വായിച്ചത്.
    ലാസ്റ്റ് എത്തിയപ്പോഴാ സമാധാനം ആയെ...
    ഡ്രൈവര്‍ പൊതിയുമായി ഓടുന്നത് ശെരിക്കും കണ്ണില്‍ കാണുകയായിരുന്നു.

  97. pournami said...

    wht to say... very nice,,really simple

  98. ചേര്‍ത്തലക്കാരന്‍ said...

    ഹിഹി.... നന്നായിരിന്നു..... പക്ഷെ ആ ബാഗിൽ എന്തറ്യിരിന്നു എന്നു കൂടി നൊക്കാമായിരിന്നു

  99. Anya said...

    Nice written ......

    Have a relaxing weekend

    (@^.^@)

  100. Unknown said...

    നന്നായിട്ടുണ്ട്..

  101. mukthaRionism said...

    “പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും”


    വളരെ ഇഷ്ട്ടപെട്ടു !

  102. Jon said...

    Excellent... loved it

  103. ശ്രീ said...

    സ്മിതേച്ചീ...
    വളാരെ നന്ദി, തിരക്കിനിടയിലും ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും :)

    കടിഞ്ഞൂല്‍ പൊട്ടന്‍...
    വളരെ നന്ദി മാഷേ.

    സിനുമുസ്തു...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം :)

    smitha...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ചേര്‍ത്തലക്കാരന്‍...
    നൂറാം കമന്റിനു നന്ദി. അത് എന്തായിരുന്നു എന്നറിയില്ല. എന്തായാലും ഉടമസ്ഥന് വേണ്ടപ്പെട്ടതു തന്നെ ആയിരുന്നു എന്നുറപ്പ്.

    Anya...
    Welcome. Thanks for reading :)

    Biju George...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    mukthar udarampoyil...
    ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

    Jon...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  104. കിച്ചന്‍ said...

    വന്നു കണ്ടു കീഴടങ്ങി.....
    നന്നായിരിക്കുന്നു ശ്രീ..

  105. രഘുനാഥന്‍ said...

    ഹ ഹ "ബാഗ് ബോംബ്‌ " അല്ലേ?... നല്ല വിവരണം ശ്രീ

  106. പട്ടേപ്പാടം റാംജി said...

    "ബസ്സ് ഏതാണ്ട് പോട്ട ധ്യാനകേന്ദ്രം അടുത്തു കാണും."

    പോട്ടയും ക്രൈസ്റ്റ്‌ കോളേജും ചാലക്കുടിയും ഒക്കെ വായിച്ചപ്പോള്‍ ഞാന്‍ പഴയ ഓര്‍മ്മകളെ തപ്പിയെടുക്കുകയായിരുന്നു. ഈ ഭാഗങ്ങള്‍ ആയി ഞാനും ബന്ധപ്പെട്ടുകിടക്കുന്നു.

    ലളിതമായ വിവരണം.
    Followers വിഡ്ജെറ്റ് ചേര്‍ക്കാത്തതെന്താ ?

  107. yousufpa said...

    ആദ്യം അല്പം വിരസത തോന്നീ എങ്കിലും രസിച്ചു...ശ്രീ ഈ അനുഭവം.

  108. Bindhu Unny said...

    ബോംബില്‍ നിന്ന് രക്ഷപെടാന്‍ പാ‍ഞ്ഞ് വേറെ അപകടം ഉണ്ടാവാതിരുന്നത് നന്നായി. :)

  109. രാഹുല്‍ said...

    A bit late.
    Very busy these days. Our project is on the way to its relase. may be a week or two and then I can have some air.
    malayalatihil commentunnathanu enikkum thaalpaaryam pakshe samayamilla, sadayam kshamikkuka.
    Post nannaayittundu. Arun cheyyunnathu pole itthiri bhavaneyum koodi nirachaal nannayirikkum, Especially since the plot is humorous.
    Sreekkutteeeee thankalkkum achanum ammakkkum chettanumellam oru nalla varsham ashamsikkunnu.

    Catch you soon.
    TC, Bye.

  110. Anonymous said...

    ഓരോകാലത്ത് രാജ്യത്ത് നടമാടുന്ന ഭീകര പ്രവർത്തനങ്ങളിൽ ആശങ്ക പൂണ്ട സമൂഹം തെറ്റിധരിക്കപ്പെടുന്നു. എനിക്കുമുണ്ട് ഇത്തരം ഒരനുഭവം വഴിയെ എഴുതാം . ശ്രി നന്നായി . ആശംസകൾ

  111. ചേച്ചിപ്പെണ്ണ്‍ said...

    sree....
    vykiyanu ethiyath ivide ...
    nalla post , pathivupole ....
    aasamsakal ...

  112. ഹംസ said...

    പിന്നെയും പിന്നെയും വിളിച്ചു പറഞ്ഞിട്ടും കണ്ടക്ടര്‍ വരാതായപ്പോള്‍ ഡ്രൈവര്‍ വണ്ടി ചവിട്ടി നിറുത്തി. “തമാശ കളിയ്ക്കരുത്. ഇതിവിടെ ഒന്നും വയ്ക്കാന്‍ പറ്റില്ല. പിന്നില്‍ തന്നെ വച്ചാല്‍ മതി” എന്നും പറഞ്ഞ് അയാള്‍ ആ പൊതി ശ്രദ്ധിച്ച് എടുത്തു കൊണ്ട് പുറകിലേയ്ക്ക് ഓടി. എന്നിട്ട് അത് കണ്ടക്ടറുടെ മടിയില്‍ കൊണ്ട് വച്ചിട്ട് തിരികേ ഓടി വന്നു.

    ഹ ഹ ഹ… ചിരിക്ക് വക നല്‍കി

    നല്ല ഒരു അനുഭവം തന്നെ.

    ബസ്സില്‍ കൂടെ സഞ്ചരിച്ച പോലെ വായിച്ച് തീര്‍ത്തു.

  113. ശ്യാമു said...

    ഒരു വാൽക്കഷ്ണം.

    "എന്താണുമാഷേ ആ ബഗിൽ?"
    ആകാംക്ഷ മൂത്ത ഒരു യാത്രക്കാരൻ ചോദിച്ചു.
    ഭാര്യേടെ ഓപ്പറേഷന്‌ പത്തു പവൻ പണ്ടം പണയം വെച്ചെടുത്ത കാശാ."
    'യോഗമുള്ള ഭാര്യ."
    - നല്ല വിവരണം, good post.

  114. Unknown said...

    നന്നായിരിക്കുന്നു
    നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
    ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

    മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
    പ്ലീസ് വിസിറ്റ്
    http://sandeshammag.blogspot.com

  115. അരുണ്‍ കരിമുട്ടം said...

    അവതരണം സൂപ്പര്‍

  116. ജയരാജ്‌മുരുക്കുംപുഴ said...

    bestwishes

  117. ശ്രീ said...

    കിച്ചന്‍ ...
    സ്വാഗതം. വന്നതിലും വായിച്ച് കമന്റിട്ടതിലും സന്തോഷം.

    രഘുനാഥന്‍ മാഷേ...
    അതു തന്നെ മാഷേ. നന്ദി.

    pattepadamramji ...
    ആ പഴയ ഓര്‍മ്മകള്‍ തിരികെ തരാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു എന്നറിയുന്നത് സന്തോഷം തന്നെ, മാഷേ. പിന്നെ, ollowers വിഡ്ജെറ്റ് Display ചെയ്യിച്ചിട്ടില്ലെന്നേയുള്ളൂ. പ്രത്യേകിച്ച് കാരണം ഒന്നുമില്ല :)

    യൂസുഫ്പ ...
    ബോറടിപ്പിച്ചില്ല എന്നറിയുന്നതില്‍ സന്തോഷം.

    Bindhu Unny ...
    അത് ശരിയാണ് ചേച്ചീ. വേറെ ഒന്നും സംഭവിയ്ക്കാതിരുന്നത് ഭാഗ്യം തന്നെ. :)

    രാഹുല്‍ ...
    വൈകിയാണെങ്കിലും വന്ന് വിശദമായ ഈ കമന്റ് രേഖപ്പെടുത്തിയതിനു നന്ദി. പിന്നെ, എന്റെ ബ്ലോഗിലെ 90 % പോസ്റ്റുകളും അനുഭവ കഥകളാണ്. അതില്‍ ഒട്ടും മായം ചേര്‍ക്കണ്ട എന്ന് കരുതുന്നതു കൊണ്ടാണ് കൂടുതല്‍ മിനുക്കു പണികള്‍ നടത്താതത്. നന്ദി.

    പാലക്കുഴി ...
    സമയം പോലെ ആ അനുഭവവും എഴുതൂ മാഷേ. നന്ദി.

    ചേച്ചിപ്പെണ്ണ് ...
    വൈകിയായാലും പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം, ചേച്ചീ :)

    ഹംസ ...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    ശ്യാമു ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം :)

    അമീന്‍ വി സി ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    JOHN PRASAD said...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    അരുണ്‍ കായംകുളം said...
    വളരെ നന്ദി, അരുണ്‍.

    jayarajmurukkumpuzha...
    നന്ദി മാഷേ.

  118. ഒഴാക്കന്‍. said...

    പിടിച്ചിരുത്തി വായിപ്പിച്ചു!!

    നല്ല അവതരണം!

  119. ഒരു യാത്രികന്‍ said...

    ശ്രീയേ....സംഭവം കൊള്ളാട്ടോ....ഇപ്പോഴാ കണ്ടത്‌... സസ്നേഹം

  120. SAMEER KALANDAN said...

    എനിക്കിഷ്ടമായി ശ്രീ ..

  121. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    ഇങ്ങനെ ഒരു ഫുള്‍ സീറ്റ് ബാക്കില്‍ കിടക്കുന്നുണ്ടായിട്ടും ഇത്രയും പേരെന്താ വെറുതേ കമ്പിയില്‍ തുങ്ങി നില്‍ക്കുന്നത് എന്ന അതിശയത്തോടെ അയാള്‍ പൊതിയുമെടുത്ത് പുറകിലെ ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു. അപ്പോഴേയ്ക്കും നിന്നിരുന്നവര്‍‌ ഓരോരുത്തരായി പുറകിലെ സീറ്റില്‍ ചെന്നിരിയ്ക്കാനും തുടങ്ങി. “എന്നാലും വെറുമൊരു ഓര്‍ഡിനറി ആയിരുന്നിട്ടും നിങ്ങള്‍ ഇതെന്തൊരു സ്പീഡിലാ ഇങ്ങ് പോന്നത്. എത്ര നേരമായി ഞങ്ങള്‍ നിങ്ങളെ ഒന്ന് ഓവര്‍‌ടേക്ക് ചെയ്യാന്‍ ശ്രമിയ്ക്കുന്നു എന്നറിയാമോ?” അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു.

    Super Duper joke.. Sree..

  122. Mr. X said...

    :D