Wednesday, December 9, 2009

ഒരു ഡിസംബര്‍ അവധിക്കാലത്ത്

കുട്ടിക്കാലത്തെ ഡിസംബര്‍ ഓര്‍മ്മകള്‍ ആരംഭിയ്ക്കുന്നത് ഞങ്ങള്‍ കൊരട്ടിയില്‍ താമസിച്ചിരുന്ന 3 വര്‍ഷത്തെ താമസത്തോടെയാണ്. അവിടെ ക്വാര്‍‌ട്ടേഴ്സില്‍ അയല്‍‌ക്കാരില്‍ നല്ലൊരു ശതമാനം ക്രിസ്ത്യാനികളായതിനാല്‍ ക്രിസ്തുമസ്സിനും ന്യൂ ഇയറിനും ആഘോഷങ്ങള്‍ ഗംഭീരമാകാറുണ്ട്. ഞാന്‍ എന്റെ സ്കൂള്‍ വിദ്യാഭ്യാസം ആരംഭിയ്ക്കുന്നതും അവിടെ വച്ചു തന്നെയാണ്. എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ നഴ്സറി മുതല്‍ 3 വരെയുള്ള കാലഘട്ടം കൊരട്ടി മഠം സ്കൂളിലാണ് പഠിച്ചിരുന്നത് (കൊരട്ടിപ്പള്ളിയ്ക്കടുത്തുള്ള LFLPS). അവിടെയും ക്രിസ്തുമസ്സ് നാളുകള്‍‌ അടുക്കുമ്പോഴേ (അതായത് ഡിസംബര്‍ ആദ്യവാരം തൊട്ടു തന്നെ)പ്രാര്‍ത്ഥനകളും ഒരുക്കങ്ങളുമെല്ലാം തുടങ്ങിയിരിയ്ക്കും.

ഞങ്ങള്‍‌ കൊരട്ടിയിലെ പ്രസ്സ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറ്റുമ്പോള്‍ ചേട്ടന്‍ മൂന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്നതേയുള്ളൂ. എന്നെ സ്കൂളില്‍ ചേര്‍ത്തിട്ടേയില്ല. അവിടെ താമസം തുടങ്ങിയതില്‍ പിന്നെയാണ് എന്നെ നഴ്സറിയില്‍ ചേര്‍ക്കുന്നത്. ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഞങ്ങളെ കൂടാതെ വേറെയും കുറേ കുട്ടികള്‍ അതേ സ്കൂളില്‍ പഠിച്ചിരുന്നു. ഞങ്ങളുടെ ഒപ്പവും ഞങ്ങളേക്കാള്‍ മുതിര്‍ന്നതുമായി ഒട്ടേറെ പേര്‍. അവരില്‍ സമപ്രായക്കാരായ ഭൂരിഭാഗം പേരോടും ഞാനും ചേട്ടനും വളരെ പെട്ടെന്ന് കൂട്ടായി. അതു കൊണ്ട് കളിക്കൂട്ടുകാര്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. അവിടെ ചെന്ന ശേഷം ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയ സുഹൃത്തുക്കളായിരുന്നു ലിജുവും അജിച്ചേട്ടനും. ഞങ്ങള്‍ താമസിച്ചിരുന്ന അതേ ബില്‍‌ഡിങില്‍ ഞങ്ങള്‍ക്ക് അഭിമുഖമായി കാണുന്നബ്ലോക്കില്‍ തന്നെയായിരുന്നു ലിജുവും അനിയത്തി ലിയയും അവരുടെ പപ്പയും മമ്മിയും താമസിച്ചിരുന്നത്. അതേ സമയം അച്ഛന്റെ സുഹൃത്തിന്റെ മകനായ അജി ചേട്ടന്‍ താമസിച്ചിരുന്നത് കുറച്ചങ്ങ് മാറി മൂന്നു നാലു ബ്ലോക്കുകള്‍ക്ക് അപ്പുറമായിരുന്നു.

പക്ഷേ, അടുത്തടുത്ത് താമസിച്ചിട്ടും രണ്ടു പേര്‍ മാത്രം ഞങ്ങളുമായി തീരെ അടുക്കാതെ നിന്നു. ലിജുവിന്റെ തൊട്ടടുത്ത ബ്ലോക്കില്‍ തന്നെ ഉണ്ടായിരുന്ന ജോസഫും ജോസും. ഇവര്‍ രണ്ടു പേരും അവിടുത്തെ കുട്ടിപ്പട്ടാളങ്ങള്‍‌ക്കിടയിലെ റൌഡികളായിരുന്നു എന്ന് പറയാം. ആരുടേയും കൂട്ടത്തില്‍ കൂടാറില്ല. ആരോടും അത്ര അടുപ്പവുമില്ല. അതു മാത്രമല്ല, മറ്റുള്ള കുട്ടികളെ ഉപദ്രവിയ്ക്കാന്‍ ഒരവസരം കിട്ടിയാല്‍ ഇരുവരും അത് വെറുതേ കളയാറുമില്ല. (ഉപദ്രവം എന്നു വച്ചാല്‍ മറ്റു കുട്ടികളുടെ കയ്യിലുള്ള കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കുക അതല്ലെങ്കില്‍ അത് നശിപ്പിയ്ക്കുക അങ്ങനെ മുതിര്‍ന്നവരുടെ കണ്ണില്‍ ചെറുതും എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുതും)

ഈ കാരണം കൊണ്ട് തന്നെ ഇവരെ പറ്റി ആരെങ്കിലും മാതാപിതാക്കളോട് പരാതി പറഞ്ഞാലും എല്ലാവരുടേയും മനോഭാവം “ഓ... അതൊന്നും അത്ര കാര്യമാക്കാനില്ല, പിള്ളേരല്ലേ... അങ്ങനെ ചില കുറുമ്പുകളൊക്കെ കാണും” എന്നാവും. ഇനി അതിനപ്പുറം പോയാലും ആരും ഇവരുടെ അപ്പനോടോ അമ്മയോടോ പരാതി പറയാനും മിനക്കെടാറില്ല. അതിനു കാരണമെന്താണെന്ന് കുറേ കഴിഞ്ഞാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഒരു പ്രത്യേക തരക്കാരനായിരുന്നു അവരുടെ അപ്പന്‍. മിക്കവാറും ദിവസങ്ങളില്‍ കുടിച്ച് ഫിറ്റായിട്ടായിരിയ്ക്കും അയാള്‍ വീട്ടിലേയ്ക്ക് വരുന്നത് തന്നെ. മക്കളെ കുറിച്ച് ആരെങ്കിലും അയാളോട് പരാതി പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ അത് ഗൌനിയ്ക്കുകയേയില്ല. അതല്ല, ചിലപ്പോള്‍ ആ ഒരൊറ്റ കാരണം മതി അന്ന് രാത്രി മക്കളെ കയ്യില്‍ കിട്ടുന്നതെന്തും എടുത്ത് തല്ലി തവിടുപൊടിയാക്കാന്‍. അയാളുടെ മുരടന്‍ സ്വഭാവം കാരണം അയല്‍ക്കാരൊന്നും തന്നെ പൊതുവേ ആ വീട്ടുകാരില്‍ നിന്നും ഒരകല്‍ച്ച കാത്തു സൂക്ഷിച്ചിരുന്നു.

ഇയാളുടെ സ്വഭാവം കൊണ്ടു കൂടിയാകാം ജോസഫും ജോസും കുറച്ചെങ്കിലും ക്രിമിനല്‍ സ്വഭാവത്തോടെ വളര്‍ന്നത് എന്നു തോന്നുന്നു. മറ്റുള്ള കുട്ടികളുടെ കൂടെ കൂടാതെയും അവരുടെ കളികളില്‍ പങ്കെടുക്കാതെയും ഇവര്‍ രണ്ടു പേരും ഒറ്റയാന്‍ മാരെ പോലെ വിലസുന്ന ആ കാലത്താണ് ഞങ്ങളും അവിടെ ചെന്നു ചേരുന്നത്. പരിചയപ്പെട്ട് കൂട്ടുകാരായ ശേഷം ലിജു അയല്‍ക്കാരായ ജോസഫിനെയും ജോസിനേയും പറ്റി മുന്നറിയിപ്പു തന്നിരുന്നെങ്കിലും അവര്‍ ഞങ്ങളേയും ശല്യപ്പെടുത്തി തുടങ്ങും വരെ ഞങ്ങള്‍ അവരെ അത്ര ഗൌനിച്ചിരുന്നില്ല എന്നതാണ് സത്യം.

അന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ ഹീറോ പരിവേഷമുള്ള ചിലരുണ്ടായിരുന്നു. സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവരാണ് അവര്‍. അവരിങ്ങനെ ഒരു കോലു കൊണ്ട് ടയറും ഉരുട്ടി ഹോണിന്റെ ശബ്ദവുമുണ്ടാക്കി ഓടി വരുമ്പോള്‍ ആരാധന കലര്‍ന്ന നോട്ടത്തോടെ വഴി മാറിക്കൊടുത്തിരുന്നു പെണ്‍കുട്ടികള്‍ അടക്കമുള്ള എല്ലാ കുട്ടികളും. അവിടെ ക്വാര്‍ട്ടേഴ്സിലെ പത്തു മുപ്പത് കുട്ടികള്‍ക്കിടയില്‍ സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ സ്വന്തമായി ടയര്‍ കയ്യിലുള്ളവര്‍ക്ക് ഒരു രാജകീയ പരിഗണനയും കിട്ടിയിരുന്നു. കാരണം അവരെ സോപ്പിട്ട് നടന്നാല്‍ അവര്‍ക്ക് തോന്നുമ്പോള്‍ അല്പനേരം ടയര്‍ ഉരുട്ടി നടക്കാന്‍ നമ്മളേയും അനുവദിച്ചാലോ. (കുട്ടിക്കാലത്ത് സൈക്കിള്‍ ടയറുരുട്ടി കളിക്കാത്തവര്‍ വിരളമായിരിയ്ക്കുമല്ലോ)

അന്ന് ജോസഫിനും ജോസിനും ഓരോ സൈക്കിള്‍ ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്നു. ടയറുകള്‍ സ്വന്തമായി ഉണ്ടായിരുന്ന മറ്റു കുട്ടികളെ ആരാധനയോടെ, ബഹുമാനത്തോടെ കണ്ടിരുന്ന എല്ലാവരും ഇവരെ മാത്രം ഭയത്തോടെയാണ് നോക്കിയിരുന്നത്. കാരണം ആരെന്ത് കളിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുമ്പോഴായാലും ശരി, ഇവര്‍ ആ വഴി വരുന്നുണ്ടെങ്കില്‍ ആ കളി അലങ്കോലമാക്കിയിട്ടേ പോകുമായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ സ്ഥിരമായി കളിച്ചിരുന്ന ‘കഞ്ഞിയും കറിയും വച്ച് കളിയ്ക്കല്‍, കളി വീട് ഉണ്ടാക്കല്‍’ അങ്ങനെ എന്ത് തന്നെ ആണെങ്കിലും അതെല്ലാം നശിപ്പിച്ച് അവര്‍ക്കിടയിലൂടെയായിരിയ്ക്കും ഇവര്‍ ടയര്‍ ഉരുട്ടുക.

പതുക്കെ പതുക്കെ ഇവര്‍ ഇരുവരും അവരുടെ പ്രവര്‍ത്തന മേഖല ഞങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഞാനും ചേട്ടനും ലിജുവും അജി ചേട്ടനും മറ്റും കളിയ്ക്കുമ്പോള്‍ അതിനിടയില്‍ അലമ്പുണ്ടാക്കുക, ഞങ്ങളുടെ കളിപ്പാട്ടങ്ങള്‍ നശിപ്പിയ്ക്കുക അങ്ങനെയങ്ങനെ. അവിടെ റോഡരുകില്‍ പല വിധം പണിയാവശ്യങ്ങള്‍ക്കായി എല്ലാക്കാലത്തും ഇഷ്ടം പോലെ മണല്‍ കൂട്ടിയിടുക പതിവായിരുന്നു. ആ മണലില്‍ വിവിധ രൂപങ്ങളിലുള്ള മണല്‍ക്കൊട്ടാരങ്ങള്‍ പണിയുന്നത് എന്റേയും ചേട്ടന്റേയും ലിജുവിന്റേയുമെല്ലാം വിനോദമായിരുന്നു. പക്ഷേ, ഞങ്ങള്‍ എന്ത് ചെയ്യുന്നത് കണ്ടാലും അതിനിടയിലൂടെ ടയര്‍ ഉരുട്ടുകയോ ആ മണല്‍‌ രൂപങ്ങള്‍ ചവിട്ടി നശിപ്പിയ്ക്കുകയോ ചെയ്യുന്നതും ജോസഫും ജോസും പതിവാക്കി. എങ്കിലും അവരുടെ സ്വഭാവം എങ്ങനെയെന്ന് പറഞ്ഞു കേട്ടറിവുണ്ടായിരുന്നതിനാല്‍ ഞങ്ങളും അതൊക്കെ സഹിച്ച് മിണ്ടാതെ നടന്നു.

അങ്ങനെ മൂന്നുനാലു മാസം കടന്നു പോയി. ആ വര്‍ഷത്തെ ക്രിസ്തുമസ് കാലം വന്നു. ഡിസംബര്‍ മാസമാദ്യം മുതല്‍ക്കേ പ്രസ്സ് ക്വാര്‍ട്ടേഴ്സില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കു വേണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും. കൂട്ടത്തിലെ മുതിര്‍ന്ന ചേട്ടന്മാരാണ് എല്ലാത്തിനും തുടക്കമിടുക. അവര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയും സഹായങ്ങളുമായി ഞങ്ങള്‍ കുട്ടികളും ഉണ്ടാകും. അവിടെ ഡിസ്പന്‍സറിയ്ക്കു സമീപമുള്ള ഗ്രൌണ്ടും പരിസരങ്ങളും പുല്ലു ചെത്തി വൃത്തിയാക്കുന്നതില്‍‌ നിന്നു തുടങ്ങുന്നു, ആഘോഷങ്ങളുടെ നീണ്ട നിര. ക്രിസ്തുമസ്സ് ട്രീ ഒരുക്കലും തോരണങ്ങള്‍ ചാര്‍‌ത്തി അവിടം മുഴുവന്‍ അലങ്കരിയ്ക്കലുമെല്ലാം ഡിസംബര്‍ മാസം പകുതിയാകുമ്പോഴേ പൂര്‍‌ത്തിയായിരിയ്ക്കും. അതു പോലെ മുളയും വര്‍‌ണ്ണകടലാസുകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പടുകൂറ്റന്‍ നക്ഷത്രവും സാന്താക്ലോസ്സും. രാത്രി സമയം മുഴുവന്‍ ആ ഗ്രൌണ്ട് മുഴുവനും പ്രകാശപൂരിതമായിരിയ്ക്കും. നാലഞ്ചു സെറ്റ് കരോള്‍ ടീമുകളെങ്കിലും ഉണ്ടാകും. എല്ലാവരും അവരവരുടെ കരോള്‍ പരമാവധി അടിപൊളിയാക്കാന്‍ ശ്രമിയ്ക്കുന്നതിനാല്‍ ആരോഗ്യപരമായ ഒരു മത്സരവും അവിടെ നില നിന്നിരുന്നു.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ് വെക്കേഷനും വന്നെത്തി. ഞങ്ങള്‍ക്ക് ആ വര്‍ഷം ക്രിസ്തുമസ് അവിടെ തന്നെ ആയിരുന്നു. അതു കൊണ്ട് വെക്കേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഒന്നു രണ്ടു ദിവസം കൊണ്ട് ബന്ധു വീടുകളില്‍ ചിലയിടത്തെല്ലാം പോയി വന്നു. അവധി ദിവസം ആയതിനാല്‍ അങ്ങനെ പോയ കൂട്ടത്തില്‍ അച്ഛന്‍, നിതേഷ് ചേട്ടനെയും(അമ്മായിയുടെ മകനാണ്) കൂടെ കൂട്ടിക്കൊണ്ടു വന്നു. മൂന്നു നാലു ദിവസം ഞങ്ങളുടെ ഒപ്പം താമസിയ്ക്കാനും കളിയ്ക്കാനും ഒരാള്‍ കൂടിയായല്ലോ എന്ന സന്തോഷം ഞങ്ങള്‍ക്കും.

അന്ന് നിതേഷ് ചേട്ടന്‍ ഏഴിലോ മറ്റോ പഠിയ്ക്കുകയാണ്. സ്കൂള്‍ അവധിയായതിനാലും നിതേഷ് ചേട്ടന്‍ കൂടെയുള്ളതിനാലും കളിച്ചു നടക്കാനും വീട്ടില്‍ നിന്നും അനുവാദം കിട്ടിയിരുന്നു. ആ ധൈര്യത്തില്‍ ഞങ്ങള്‍ നിതേഷ് ചേട്ടനെയും കൂട്ടി ഗ്രൌണ്ടിലും പരിസരങ്ങളിലുമെല്ലാം കറങ്ങി. അതിനിടയിലാണ് നിതേഷ് ചേട്ടനെ ഞങ്ങളുടെ കൂടെ കണ്ടിട്ട് ജോസഫും ജോസും ഞങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ട് എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ ഇക്കാര്യം നിതേഷ് ചേട്ടനെ അറിയിച്ചു. ഇവന്മാരെ പറ്റിയുള്ള വീരസാഹസിക കഥകളെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു കൊടുക്കുകയും ചെയ്തു. എങ്കിലും നിതേഷ് ചേട്ടന്‍ അതത്ര കാര്യമായി എടുത്തതായി തോന്നിയില്ല.

അവിടെ കുറച്ച് മാറി കാറ്റാടി മരങ്ങളും മറ്റും നിറയേ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കാടുപിടിച്ചു കിടക്കുന്ന സ്ഥലമുണ്ട്. എപ്പോഴും നല്ല കുളിര്‍മ്മ പകരുന്ന കാറ്റായിരിയ്ക്കും അവിടെ. പകല്‍ സമയങ്ങളിലെല്ലാം കൂട്ടു കൂടി സംസാരിച്ചിരിയ്ക്കാന്‍ ഞങ്ങള്‍ എപ്പോഴും തിരഞ്ഞെടുത്തിരുന്ന സ്ഥലമായിരുന്നു അത്. കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ നിതേഷ് ചേട്ടനേയും കൂട്ടി അവിടെ പോയി ഇരുന്നു. അവിടെയിരുന്ന് ഞങ്ങള്‍ സിനിമാക്കഥയോ മറ്റോ പറഞ്ഞു തുടങ്ങി. പണ്ടെല്ലാം ഞങ്ങള്‍ക്കിടയില്‍ സിനിമാക്കാര്യങ്ങളില്‍ അവസാ‍ന വാക്ക് നിതേഷ് ചേട്ടന്റേതായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ ലഭിച്ചിരുന്നത് നിതേഷ് ചേട്ടനില്‍ നിന്നായിരുന്നു.

അങ്ങനെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ കുറച്ചങ്ങ് മാറി ജോസഫും ജോസും കൂടി അവരുടെ സൈക്കിള്‍ ടയറും ഉരുട്ടി വന്ന് നിന്നു. എന്നിട്ട് നിതേഷ് ചേട്ടനോട് ആരാണെന്നും എവിടെ നിന്നാണ് എന്നും മറ്റും കുറച്ച് അധികാരത്തോടെ ചോദിയ്ക്കാനാരംഭിച്ചു. ഇവരുടെ സ്വഭാവമറിയാവുന്നതിനാല്‍ ഞാനും ചേട്ടനും മിണ്ടാതെ നിന്നതേയുള്ളൂ. എന്നാല്‍ നിതേഷ് ചേട്ടന്‍ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൂളായി മറുപടി പറഞ്ഞു. കുറച്ചു നേരത്തെ സംസാരത്തിനിടയില്‍ നിന്നു തന്നെ നിതേഷ് ചേട്ടന്‍ അത്ര ചില്ലറക്കാരനല്ല എന്ന് അവര്‍ക്കും മനസ്സിലായി.

ഇങ്ങൊട്ട് കയറി മുട്ടിയാല്‍ പണിയാകുമോ എന്ന ഒരു ആശയക്കുഴപ്പത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിതേഷ് ചേട്ടന്‍ ഇരുവരേയും അടുത്തേയ്ക്ക് വിളിച്ചു. ആ നാട്ടിലെ എല്ലാ കുട്ടികളും പേടിയോടെ മാത്രം ഇടപെടുന്ന തങ്ങളോട് അന്യനാട്ടുകാരനായ ഒരുവന്‍ വന്ന് ഇത്ര ധൈര്യത്തോടെ സംസാരിയ്ക്കുന്നതിന്റെ ഒരു അസ്വസ്ഥത ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കാഴ്ചയിലും പെരുമാറ്റത്തിലും ശരീരവലുപ്പത്തിലും നിതേഷ് ചേട്ടന്‍ അത്ര മോശമല്ലാത്തതു കൊണ്ടു കൂടിയാകാം ചെറിയൊരു സന്ദേഹത്തോടെയാണെങ്കിലും രണ്ടാളും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.

നിതേഷ് ചേട്ടന്‍ രണ്ടാളോടും ലോഹ്യം പറഞ്ഞു കൊണ്ടെന്ന ഭാവത്തില്‍ നിന്നു. ഇതിനിടെ തന്റെ സ്വന്തം നാട്ടില്‍ കുറച്ച് പിള്ളേരെ എല്ലാം കൈകാര്യം ചെയ്ത ചില കഥകളെല്ലാം ഞങ്ങളോടെന്ന ഭാവേന അവര്‍ കേള്‍ക്കാനായി തട്ടി വിടുകയും ചെയ്തു. ഇതെല്ലാം കേട്ട് ജോസഫും ജോസും ശരിയ്ക്കും വിരണ്ടു. അത് മനസ്സിലാക്കിയ നിതേഷ് ചേട്ടന്‍ അപ്പോഴാണ് അവരുടെ കയ്യിലെ സൈക്കിള്‍ ടയറുകള്‍ ശ്രദ്ധിച്ചത്. രണ്ടു പേരുടേയും കയ്യില്‍ നിന്ന് സംസാരത്തിനിടയില്‍ ടയറുകള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി നിതേഷ് ചേട്ടന്‍ അവരോട് ചോദിച്ചു.

“നിങ്ങള്‍ക്ക് ഈ ടയറുപയോഗിച്ച് “8” എന്നെഴുതാന്‍ അറിയാമോ?”

രണ്ടാളും ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

“ശരി ഞാന്‍ കാണിച്ചു തരാം” എന്നും പറഞ്ഞ് നിതേഷ് ചേട്ടന്‍ അവിടെ അടുത്തു കണ്ട വാഴയില്‍ നിന്നും സാമാന്യം ബലമുള്ള രണ്ട് വള്ളി വലിച്ചെടുത്തു. എന്നിട്ട് ഓരോ ടയറുകളായി കയ്യിലെടുത്ത് മടക്കി, വാഴവള്ളി കൊണ്ട് നടുക്ക് കെട്ടി വച്ചു. അപ്പോള്‍ “O” ഷെയ്പ്പിലിരുന്ന ടയറുകള്‍ ഓരോന്നും "8" ഷെയ്പ്പില്‍ ആയി. അതിനു ശേഷം ആശാന്‍ രണ്ടു ടയറുകളും കയ്യിലെടുത്ത് ദൂരെ കാട്ടിലേയ്ക്ക് ഒരേറ് വച്ചു കൊടുത്തു. എന്നിട്ട് മിഴിച്ച് നില്‍ക്കുകയായിരുന്ന അവരോട് ഒന്നും മിണ്ടാതെ ഞങ്ങളെ രണ്ടാളെയും വിളിച്ച് വീട്ടിലേയ്ക്ക് നടന്നു.

കാടു പിടിച്ച് കിടക്കുന്ന ആ സ്ഥലത്തേയ്ക്ക് ആരും ഇറങ്ങുന്ന പതിവില്ലാത്തതിനാല്‍ അവര്‍ക്ക് ആ ടയറുകള്‍ തിരിച്ച് എടുക്കാന്‍ സാധിച്ചില്ല. ആരെങ്കിലും അറിഞ്ഞാല്‍ കുറച്ചിലാകുമോ എന്ന് ഭയന്നോ എന്തോ അവര്‍ ആ സംഭവം ആരോടും പറഞ്ഞതുമില്ല. മാത്രമല്ല പിന്നീട് നിതേഷ് ചേട്ടന്‍ അവിടെ തങ്ങിയ മൂന്നാലു ദിവസത്തേയ്ക്ക് രണ്ടാളും അവരുടെ വീട് വിട്ട് പുറത്തിറങ്ങിയതു പോലുമില്ല.

അങ്ങനെ ആ വര്‍ഷത്തെ ക്രിസ്തുമസ്സ് എല്ലാം ആഘോഷിച്ച് മൂന്നാലു ദിവസത്തിനു ശേഷം നിതേഷ് ചേട്ടന്‍ തിരിച്ചു പോയി. എങ്കിലും അതിനു ശേഷവും ആ ഒരു ഭയം കുറേ നാളേയ്ക്ക് അവരില്‍ ഉണ്ടായിരുന്നിരിയ്ക്കണം. ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോള്‍ ചെറിയൊരു പേടിയോടെ അവര്‍ ഞങ്ങളോട് രഹസ്യമായി തിരക്കുമായിരുന്നു... “ആ ചേട്ടന്‍ ഇനിയും വരുമൊ” എന്ന്. ‘കുറച്ച് നാള്‍ കഴിഞ്ഞ് ഇനിയും വരും’ എന്ന് പറഞ്ഞ് ഞങ്ങളും അവരെ പേടിപ്പിയ്ക്കുകയും ചെയ്യുമായിരുന്നു.

എന്തായാലും അതോടെ രണ്ടു പേരുടേയും സ്വഭാവത്തിലും കാര്യമായ മാറ്റം വന്നു. പിന്നെപ്പിന്നെ ഞങ്ങളോട് കുറേക്കൂടെ സൌഹാര്‍ദ്ദത്തോടെ പെരുമാറാന്‍ തുടങ്ങി, രണ്ടു പേരും. പതുക്കെ പതുക്കെ ആ സൌഹൃദം അവിടെയുള്ള എല്ലാവരോടുമായി. അവസാനം ഞങ്ങള്‍ മൂന്നര വര്‍ഷത്തെ ക്വാര്‍ട്ടേഴ്സിലെ താമസം മതിയാക്കി പോരുമ്പോഴേയ്ക്കും അവരും മറ്റുള്ളവരെ പോലെ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

അവിടെ നിന്നും പോന്ന ശേഷം പലരേയും കോണ്ടാക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഞങ്ങളേപ്പൊലെ പലരും കുറച്ച് നാളുകള്‍ക്ക് ശേഷം സ്വന്തം നാടുകളിലേയ്ക്ക് തിരികേ പോയി. ലിജുവും കുടുംബവുമെല്ലാം വൈകാതെ അമേരിയ്ക്കയില്‍ സെറ്റില്‍ ചെയ്തു. അജി ചേട്ടനെയും കുടുംബവും സ്ഥലം മാറി പോയെങ്കിലും അവരെ ഇപ്പോഴും ഇടയ്ക്ക് ബന്ധപ്പെടാറുണ്ട്.

107 comments:

  1. ശ്രീ said...

    രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ഒരു ഡിസംബര്‍ മാസത്തിലെ, ഒരു ക്രിസ്തുമസ്സ് അവധിക്കാലത്തെ ഓര്‍മ്മക്കുറിപ്പ്.

    ഈ പോസ്റ്റ് ലിജുവും അജിച്ചേട്ടനും ജോസഫും ജോസുമുള്‍പ്പെടെ അന്നത്തെ ഞങ്ങളുടെ അയല്‍ക്കാരായിരുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു...

  2. SAJAN S said...

    :)

  3. Muralee Mukundan , ബിലാത്തിപട്ടണം said...

    കുട്ടി കാലത്തെ ബാലലീലകളും മറ്റും എത്രകാലം കഴിഞ്ഞാലും നമ്മൾ മറക്കുകയില്ല ഒപ്പം അന്നത്തെ ആ കളിക്കൂട്ടുകാരേയും...!
    ആ മിത്രങ്ങൾക്കുവേണ്ടി ശ്രീ സമർപ്പിച്ചിരിക്കുന്ന ഒരു ആത്മാർപ്പണം തന്നെയാണ് ഈ സുന്ദരമായ രചന ...കേട്ടൊ

  4. meegu2008 said...

    നമ്മുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്നും ഒരു കെടാവിളക്കായി എരിയും നമ്മുടെ മനസ്സില്‍ എന്നും ....

    നന്നായിരിക്കുന്നു ശ്രീ.........

  5. Sabu Kottotty said...

    കുട്ടിക്കാലത്തേയ്ക്ക് ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കുന്നതു ഒരു നല്ല അനുഭൂതി തന്നെ. ഈ പോസ്റ്റു വായിയ്ക്കുന്നവരെല്ലാം അതനുഭവിയ്ക്കുമെന്നുറപ്പ്. നന്ദി ശ്രീ...
    ഒപ്പം ആശംസകളും...

  6. പാവത്താൻ said...

    ആത്മാര്‍ഥമായ സൌഹൃദത്തിന്( സൌഹൃദങ്ങള്‍ക്ക്) ആശംസകള്‍.ആ പാവം റൌഡികളുടെ ടയറ് ക്ആട്ടില്‍ കളഞ്ഞപ്പോള്‍ സമാധാനമായല്ലോ അല്ലേ?

  7. അരുണ്‍ കരിമുട്ടം said...

    നന്നായി ശ്രീ.
    അവര്‍ ഇന്ന് ഈ പോസ്റ്റ് വായിച്ചാല്‍ ഉറപ്പായും ശ്രീയെ കോണ്‍ടാക്റ്റ് ചെയ്യും, ഒന്നുമില്ലെങ്കിലും ടയറു കൊണ്ട് 8 എഴുതാനുള്ള വക കിട്ടിയ ഓര്‍മ്മ കാണില്ലേ.നിതീഷ് ചേട്ടനും..
    :)

  8. പ്രയാണ്‍ said...

    വളരെ ഇഷ്ടമായി പോസ്റ്റ്. ...കുഞ്ഞുംന്നാളില്‍ ഇങ്ങനെ സംശയിച്ചു വന്ന ഫ്രന്റ്ഷിപ്പ് വളരെ നല്ലകൂട്ടായിമാറിയ അനുഭവമുണ്ട്. അതുകൊണ്ട് കൂടുതലിഷ്ടമായി.

  9. Anil cheleri kumaran said...

    കൈയ്യെത്തും ദൂരെ ആ കുട്ടിക്കാലം...
    മഴവെള്ളം പോലെ ആ കുട്ടിക്കാലം....

    അതിമനോഹരമായി, ആര്‍ദ്രമായ സ്മരണകളുടെ കുട്ടിക്കാലം തന്നതിന്‌ നന്ദി ശ്രീ..

  10. Unknown said...

    ആ കുട്ടികളുടെ അച്ഛന്റെ എടൂത്ത് അവരുടെ ശല്യം പറയാത്തത് അവരുടെ അച്ഛന്റെ സ്വഭാവം കൊണ്ട് തന്നെ.ഇങ്ങനെയുള്ള ചില കാർന്നോന്മാര് പണ്ട് മിലട്ടറികാരായി ഉണ്ടായിരുന്നു.പിള്ളേരെ ചട്ടം പഠിപ്പിക്കുന്നവർ
    എന്തായാലും നല്ല പോസ്റ്റ് ശ്രി.

  11. മുരളി I Murali Mudra said...

    നല്ല പോസ്റ്റ്‌ ശ്രീ...
    കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി...
    അത് പോലെ പഴയ പല കൂട്ടുകാരുമുണ്ട്..ചിലര്‍ ഇന്നും എവിടെയൊക്കയോ മറഞ്ഞിരിക്കുന്നു..........

  12. ശ്രീ said...

    SAJAN SADASIVAN ...
    സ്വാഗതം മാഷേ. ആദ്യ സന്ദര്‍ശനത്തിന് നന്ദി.

    ബിലാത്തിപട്ടണം...
    ശരിയാണ്. കുട്ടിക്കാലത്തെ പല സംഭവങ്ങളും എത്രകാലം കഴിഞ്ഞാലും നമ്മൾ മറക്കുകയില്ല. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം മാഷേ.

    nisagandhi ...
    വളരെ നന്ദി മാഷേ.

    കൊട്ടോട്ടിക്കാരന്‍...
    ഈ പോസ്റ്റ് വായനക്കാരെയും അവരുടെ കുട്ടിക്കാലം ഓര്‍മ്മിപ്പിയ്ക്കുന്നുണ്ടെങ്കില്‍ അത് തന്നെ വളരെ സന്തോഷകരമാണ്. നന്ദി, മാഷേ.

    പാവത്താൻ...
    ടയര്‍ പോയെങ്കിലും രണ്ട് പേരും അതോടെ ഡീസന്റായില്ലേ മാഷേ. :) നന്ദി

    അരുണ്‍ കായംകുളം...
    അവിടെ നിന്നും പോന്ന ശേഷം അവരെപ്പറ്റി ഒരറിവുമില്ല. വീണ്ടും കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഭാഗ്യം.

    പ്രയാണ്‍ ...
    വളരെ നന്ദി ചേച്ചീ. സമാനമായ അനുഭവമുള്ളവര്‍ക്ക് ഇതെല്ലാം കൂടുതല്‍ മനസ്സിലാകും അല്ലേ?

    കുമാരേട്ടാ...
    " കൈയ്യെത്തും ദൂരെ ആ കുട്ടിക്കാലം...
    മഴവെള്ളം പോലെ ആ കുട്ടിക്കാലം..."
    അത് തന്നെ. പക്ഷേ, ഇപ്പോ അതെല്ലാം ഓര്‍മ്മകളില്‍ മാത്രം... നന്ദി.

    അനൂപ്‌ കോതനല്ലൂര്‍ ...
    ശരിയാണ്. അപൂര്‍വ്വം ചിലരുണ്ട് ഇവിടെ പരാമര്‍ശിച്ചിരിയ്ക്കുന്ന ആ പിതാവിനെ പോലുള്ളവര്‍. അവരുടെ കുട്ടികളുടെ കാര്യമാണ് കഷ്ടം.
    കമന്റിനു നന്ദി.

    Murali I മുരളി ...
    കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ. അന്നത്തെ സൌഹൃദങ്ങള്‍ എല്ലാം തിരികെ കിട്ടിയാല്‍ എത്ര നന്നായിരുന്നു അല്ലേ?

  13. വശംവദൻ said...

    നല്ല ഓർമക്കുറിപ്പ് ശ്രീ.

    കുട്ടിക്കാലത്തെ അവധി ദിനങ്ങളിലെ പല സംഭവങ്ങളും ഇത് വായിച്ചപ്പോൾ മനസിലൂടെ കടന്ന് പോയി.

    ക്രിസ്മസ്, ന്യൂ ഇയർ ആശംസകൾ

  14. pandavas... said...

    ഡും ക ഡ ക്ക ഡേ....

    വീണ്ടും ശ്രീ.

  15. Sukanya said...

    ജോസെഫും ജോസും അങ്ങനെ മര്യാദാരാമന്‍മാര്‍ ആയി അല്ലെ. അല്ല ആക്കി.

    ഇതു വായിച്ചപ്പോള്‍ കുട്ടിക്കാലത്തേക്ക് ഒരു മടക്കയാത്ര പോയി. ശ്രീയുടെ പോസ്റ്റുകള്‍ എന്നും കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോകുന്നവ ആണെന്ന് തോന്നിയിട്ടുണ്ട്.

  16. ജോണ്‍ ചാക്കോ, പൂങ്കാവ് said...

    സൈക്കിള്‍ ടയര്‍ ഉരുട്ടാത്ത കുട്ടികള്‍ പണ്ടില്ലായിരുന്നു.
    ഇന്ന് ആരും ഉരുട്ടാറില്ല.

    മുതിര്‍ന്നവര്‍ വന്‍തോതില്‍ ഒരു രാത്രി കപ്പ (ചീനി )
    വാട്ടിയപ്പോള്‍ തീ കത്തിക്കാന്‍ ഞങ്ങളുടെ സൈക്കിള്‍ ടയറുകള്‍ ദാനം ചെയ്തതും കൂട്ടുക്കാരുടെ വീട്ടില്‍ പോയി രാത്രി ടയറുകള്‍ അടിച്ചു മാറ്റിയതും ഒക്കെ ഓര്‍മ്മ വരുന്നു.
    ഓര്‍മ്മപ്പെടുത്തിയതിന് നന്ദി ...

  17. ഭായി said...

    സൈക്കിള്‍ ടയറിന്റെ കാര്യം വളരെ സത്യമാണ്.
    കുട്ടിക്കാലത്ത് അതുപയോഗിക്കാത്തവര്‍ വിരളമായിരിക്കും.

    എന്റെ ഗ്രാമത്തില്‍ ഇത് വാടകക്ക് കൊടുക്കുന്ന കടയുണ്ടായിരുന്നു.(ടയറിന്റെ റിം) മണിക്കൂറിന് അഞ്ച് പൈസ. ഇതിനൊടുള്ള ആരാധന മൂത്ത്,ഒരു ദിവസം വീട്ടിലറിയാതെ ഞാന്‍ ഇത് വാടകക്കെടുത്ത് ഡ്രൈവ് ചെയ്തു.അങിനെ ഓടിച്ച് പോകുംബോള്‍ വേഗത കൂടി വാഹനം അത്യാവശ്യം ആഴമുള്ള ഒരു തോട്ടിലേക്ക് പോയി.വീണ്ടെടുക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ വീട്ടിലും പോയി!
    ഈ കടയുടെ ഭാഗത്തുകൂടിയുള്ള സഞ്ചാരം ഞാനൊഴിവാക്കി.രണ്ടു ദിവസം കഴിഞും റെന്റ് എ ടയര്‍ തിരികെയെത്താത്തതിനാല്‍ മാനേജര്‍ വീട്ടിലെത്തി പരാതി കൊടുത്തു!എനിക്ക് തല്ലും മാനേജര്‍ക്ക് പത്ത് രൂപയും കിട്ടി!

    ആ സംഭവങളൊക്കെ ഞാനോര്‍ത്തുപോയി....

    മനോഹരമായ അനുഭവ കുറിപ്പ്. തൃപ്തിയായി ശ്രീ.
    നന്ദി, അഭിനന്ദനങള്‍.

  18. jayanEvoor said...

    നല്ല പോസ്റ്റ്‌.
    കുട്ടിക്കാലത്തെ കുറിച്ചു എന്തെഴുതിയാലും മനസ്സ് നിറയും എനിക്ക്!
    നന്ദി!

  19. എറക്കാടൻ / Erakkadan said...

    വായിച്ചപ്പോൾ എന്റെ കുട്ടികാലവും ഓർമ്മവന്നു ശ്രീ…

  20. OAB/ഒഎബി said...

    സൈക്കിൾ ടയർ ഒരു കിട്ടാകനി ആയിരുന്നു.
    എന്നാൽ വലിയ ടയർ ചെരുപ്പുകുത്തികൾ ചെരുപ്പിനും കയറിനു പകരവും ചെത്തിയെടുത്തതിന്റെ ബാക്കി വരുന്ന അതിന്റെ എഡ്ജ് അതാണ് ഉരുട്ടിയിരുന്നത്. അത് ഇടക്ക് മറിച്ച് വിറ്റ് ലാഭം(2/5/7പൈസ) കൊയ്തിട്ടുമുണ്ട്.
    ഇപ്പൊ അതു പോലെ ഒരു പയ്യൻ വട്ടുരുട്ടിയാൽ
    അവന് വട്ടാണെന്ന് പറയുമല്ലെ?

    വായിച്ചപ്പോൾ പ്രായം കുറേ കുറഞ്ഞ് പോയതായി ഒരു തോന്നൽ. നന്ദിയോടെ...

  21. ഹരീഷ് തൊടുപുഴ said...

    ശ്രീകുട്ടാ... ചെറുപ്പം മുതലേ നീയൊരു പുലിക്കുട്ടനായിരുന്നൂലേ..

    പ്രെസ്സും പരിസരവും നന്നായി അറിയാവുന്നതുകൊണ്ട്; ഭാവനയില്‍ കണ്ടു വായിച്ചു.
    ന്നാലും നീയൊന്നോര്‍ത്തു നോക്കിയേ..
    റൈനു ജേക്കബ്
    ഷൈജിന്‍ ആന്റണി
    ബോബി വര്‍ക്കി
    സൈമണ്‍ തച്ചില്‍

    ഇവരില്‍ ആരെയെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ..?? എന്നു

  22. Typist | എഴുത്തുകാരി said...

    അവരുടെ ടയറു വാങ്ങി ദൂരെ എറിഞ്ഞുവെന്നു പറഞ്ഞപ്പോള്‍ അവരോട് പാവം തോന്നി. പക്ഷേ അതുകൊണ്ട് അവരുടെ സ്വഭാവത്തിലും ജീവിതത്തിലും തന്നെ മാറ്റം വന്നില്ലേ. അതു വളരെ നല്ല കാര്യമായി. ചിലപ്പോള്‍ ജോസഫും ജോസുമൊക്കെ ഇതു കാണുമായിരിക്കും. എന്നിട്ടു ശ്രീ യെ ബന്ധപ്പെട്ടാല്‍ നല്ലതായിരുന്നു അല്ലേ?

  23. Unknown said...

    അല്ല, ആ നിതേഷ് ചേട്ടന്‍ ഇനീം വരോ?? :)

  24. കുഞ്ഞൻ said...

    ശ്രീക്കുട്ടാ..

    മനോഹരമായ അവതരണം..

    ഇതിപ്പൊ കിരീടത്തിൽ കൊച്ചിൻ ഹനീഫ മോഹൻ‌ലാലിനെ മുൻ നിർത്തി ചെയ്യുന്ന ഡിങ്കോളിക്കൽ പോലുണ്ട്..!

  25. ശ്രീ said...

    വശംവദൻ...
    വളരെ നന്ദി മാഷേ. തിരിച്ചും ക്രിസ്മസ്, ന്യൂ ഇയർ ആശംസകൾ

    pandavas...
    ഹ ഹ, നന്ദി :)

    Sukanya ചേച്ചീ...
    വളരെ നന്ദി, ചേച്ചീ.

    ജോണ്‍ ചാക്കോ, പൂങ്കാവ് ...
    ശരിയാണ് മാഷേ. നാട്ടിന്‍പുറങ്ങളില്‍ പോലും ഇന്ന് ടയര്‍ ഉരുട്ടി നടക്കുന്ന കുട്ടികള്‍ വിരളമായിരിയ്ക്കുന്നു. പഴയ അനുഭവം ഓര്‍ത്ത് പങ്കു വച്ചതിനു നന്ദി.

    ഭായി ...
    രസകരമായ റെന്റ് എ ടയര്‍ അനുഭവം ഇവിടെ പങ്കു വച്ചതിനു നന്ദി :)

    jayanEvoor ...
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം, മാഷെ.

    എറക്കാടൻ / Erakkadan...
    കുട്ടിക്കാലം ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

    OAB/ഒഎബി ...
    അതെ മാഷേ. പണ്ട് ഒരു ടയര്‍ കിട്ടാന്‍ കൊതിച്ചിട്ടുണ്ട്... കൂട്ടുകാരെല്ലാം ഇതുമുരുട്ടി നടക്കുന്നത് കാണുമ്പോള്‍... :)


    ഹരീഷേട്ടാ...
    പ്രസ്സും പരിസരവും എനിയ്ക്കും ഇന്നും നല്ല ഓര്‍മ്മയുണ്ട്. പക്ഷേ, കൊരട്ടിക്കാരില്‍ പ്രസ്സ് ക്വാര്‍ട്ടേഴ്സിനു പുറമെ നിന്നുള്ള വളരെ കുറച്ചു പേരെയേ പരിചയമുള്ളൂ... മൂന്നാം ക്ലാസ്സിനു ശേഷം പത്തു വരെ പഠനം ഞങ്ങളുടെ വാളൂര്‍ സ്കൂളിലേയ്ക്ക് മാറ്റിയല്ലോ... അതുമൊരു കാരണമാകാം.

    Typist | എഴുത്തുകാരി ...
    അന്ന് ആ ടയറുകള്‍ വലിച്ചെറിഞ്ഞു കളഞ്ഞിട്ടും അവരെന്താണ് പ്രതികരിയ്ക്കാതിരുന്നത് എന്ന് ഞാന്‍ പിന്നീട് പലപ്പോഴും ആലോഴിച്ചിട്ടുണ്ട്, ചേച്ചീ. എന്തായാലും അത് കാരണം അവരുടെ സ്വഭാവത്തില്‍ മാറ്റം വന്നു എന്നത് നല്ലത് തന്നെ അല്ലേ? :)


    മുരളിക...
    നിതേഷ് ചേട്ടന്‍ അവിടെ പിന്നെ ഒരിയ്ക്കല്‍ പോലും വന്നിട്ടില്ല എന്നതാണ് രസകരം. :)

    കുഞ്ഞൻ ചേട്ടാ...
    ഹ ഹ. ഞങ്ങളെ കൊച്ചിന്‍ ഹനീഫ ആക്കിയല്ലേ? :)

  26. [ nardnahc hsemus ] said...

    കുട്ടിക്കാലത്തെനിയ്ക്കും ഉണ്ടായിരുന്നു ഒരു സൈക്കിള്‍ ടയര്‍...
    സിങ്കിള്‍ ടയര്‍ ആണെങ്കില്‍ ഉരുട്ടാന്‍ വല്യ പാടാ... ഒട്ടും ബലം കിട്ടില്ല.. ആയതിനാല്‍ പോപ്പുലാരിറ്റി കിട്ടണമെങ്കില്‍ 2-3 ടയറുകള്‍ ഓരോന്നായി ഒന്നിനുള്ളില്‍ തിരുകി കയരിയ ടയറുകളായിരുന്നു സൂപ്പര്‍സ്റ്റാറുകള്‍.. പരസ്പരം ശക്തിയായി ഉരുട്ടി കൊണ്ടുവന്ന് കൂട്ടിയിടിയ്ക്കുക... റേസില്‍ ജയിയ്ക്കുക ഏറ്റവും കുറഞ്ഞ വട്ടത്തിലായി ഉരുട്ടുക... എട്ട് ഷേപ്പില്‍ ഉരുട്ടുക.. എന്നിവയൊക്കെയാണ് പ്രധാന ടയര്‍ ആക്റ്റിവിറ്റീസ് .... ഇങ്ങനെ ഒക്കെയാണെങ്കിലും സൈക്കിള്‍ ടയറുകളേക്കാള്‍ കേമന്മാരായിരുന്നു, ബൈക്കിന്റെ ടയറുകള്‍... അന്നവയ്ക്ക് ഇന്നത്തെ ജെ സി ബിയുടെ ഗ്ലാമറായിരുന്നു....

    ---------------------------------------
    (ശ്രീയേ, നിന്റെ ആ ചേട്ടന്‍ വിളി കേല്‍ക്കാന്‍ ഭാഗ്യം ചെയ്യണോടേയ്... )

    :)

  27. Pyari said...

    നന്നായിരിക്കുന്നു ശ്രീ..

  28. സു | Su said...

    കുട്ടിക്കാലത്തെ ഓരോ കാര്യങ്ങൾ. രസകരമായി പറയുന്നുണ്ട് ശ്രീ ഓരോ കാര്യങ്ങളും. ഇങ്ങനെ ഓർമ്മകൾ എപ്പോഴും ഉണ്ടായിരിക്കട്ടെ. :)

    നിതേഷ് എന്തായാലും സൂക്ഷിക്കണം. ടയർ എറിഞ്ഞുകളഞ്ഞത് അവർക്ക് ഇപ്പോഴാണ് ചോദിക്കാൻ തോന്നുന്നതെങ്കിലോ? ഇത് വായിക്കുകയാണെങ്കിൽ തോന്നും. ;)

  29. കാസിം തങ്ങള്‍ said...

    കുട്ടിക്കാലത്തെ സൌഹൃദങ്ങളും പിണക്കങ്ങളും കളികളും എല്ലാം വീണ്ടും ഓര്‍മ്മയിലേക്കെത്തി ഈ പോസ്റ്റ് വായിച്ചപ്പോള്‍ ശ്രീ. സ്വന്തമായി ഒരു ടയര്‍ അന്നത്തെ ഏറ്റവും വലിയ ആഗ്രഹം തന്നെയായിരുന്നു.

  30. അഭി said...

    കുട്ടിക്കാലത്തെ കുറെ ഓര്‍മ്മകള്‍ അല്ലെ . ഇന്ന് ഓര്‍ക്കുമ്പോള്‍ ആലോചിച്ചു ചിരിക്കാന്‍
    നന്നായിരിക്കുന്നു ശ്രീ

  31. Rare Rose said...

    കുട്ടിക്കാലവിശേഷങ്ങള്‍ കൊള്ളാം.വഴക്കാളികളായ ജോസഫിനെയും ജോസിനെയും നല്ല കുട്ടികളാക്കാന്‍ ടയര്‍ പ്രയോഗം തന്നെ വേണ്ടി വന്നു അല്ലേ.:)
    ഇന്നിതൊക്കെ നിസാരമെങ്കിലും അന്നതൊക്കെ എത്ര വലിയ ഗൌരവമുള്ള സംഭവമായിട്ടാണല്ലേ എല്ലാര്‍ക്കും തോന്നുന്നത്..

  32. Echmukutty said...

    എത്ര നല്ല കുട്ടിക്കാലം ശ്രീ.
    വായിച്ച് ആഹ്ലാദിച്ചു.
    നല്ലൊരു ക്രിസ്തുമസ്സും സന്തോഷം നിറഞ്ഞ പുതുവർഷവും ആശംസിക്കുന്നു.

  33. ramanika said...

    കൈ എത്തും ദൂരെ ഒരു കുട്ടിക്കാലം
    മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

    മനോഹരം ഈ ഓര്‍മ്മകള്‍ !

  34. nalini said...

    കുട്ടിക്കാലം മനോഹരം തന്നെ !!

  35. Akbar said...

    മനോഹരമായ ഓര്‍മ്മക്കുറിപ്പ്‌.
    കൊള്ളാം ശ്രീ. all the best

  36. Sands | കരിങ്കല്ല് said...

    ഓര്‍മ്മകളേ... ടയറുകളുരുട്ടി.. വരൂ ... വിമൂകമിവീഥി.... എന്നാണല്ലോ ആപ്തവാക്യം.. അല്ലേ?

    നന്നായിരിക്കുന്നു ശ്രീ.. :)

  37. വീകെ said...

    കുട്ടിക്കാലത്തെ ഈ ടയർ ഓടിക്കൽ കളി വളരെ രസമായിരുന്നു...!
    എന്റെ കൂട്ടുകാർ ടയറായിരുന്നില്ല ഓടിച്ചിരുന്നത്.. സൈക്കിളിന്റെ റിമ്മായിരുന്നു.
    അതാവുമ്പോൾ നമ്മൾ നടന്നു പോകുമ്പോൾ വെറുതെ ഒരു കോല് പുറകിൽ വച്ചു കൊടുത്താൽ മതി. അതങ്ങു സ്പീടിൽ പൊയ്ക്കൊള്ളും...

    പക്ഷെ, അസൂയയോടെ നോക്കി നിൽക്കാനെ കഴിഞ്ഞിട്ടുള്ളു... നാട്ടിലെ ഉന്നതന്മാരുടെ വീട്ടിലെ കുട്ടികൾക്കെ അതൊക്കെ ഉണ്ടായിരുന്നുള്ളു..

  38. ദിയ കണ്ണന്‍ said...

    നന്നായിരിക്കുന്നു :)

  39. ശ്രീ said...

    സുമേഷേട്ടാ...
    ശരിയാണ്. റിമ്മോടു കൂടിയ ടയറുകളും ഒന്നിലധികം ടയറുകള്‍ ഉള്ളില്‍ വച്ച ഡബിള്‍ ഡക്കറുകളും എല്ലാമായിരുന്നു സൂപ്പര്‍ സ്റ്റാര്‍സ്. അതു പോലെ അപൂര്‍വ്വമായി ബൈക്ക് ടയറുകളും സ്കൂട്ടറിന്റെയും മറ്റും ടയറുകളും ഉള്ളവരും ഉണ്ടായിരുന്നു.

    Pyari Singh K ...

    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    സൂവേച്ചീ...
    ഇത്തരം ഓര്‍മ്മകളൊക്കെ ഒരു സുഖമല്ലേ സൂവേച്ചീ...
    ഇനി ഇത് വായിച്ച് ജോസഫിനും ജോസിനും പ്രതികാരം ചെയ്യണമെന്ന് തോന്നുമോ... യേയ്, ഇല്ലായിരിയ്ക്കുമല്ലേ? ;)

    കാസിം തങ്ങള്‍ ...
    ശരിയാണ് മാഷേ. സ്വന്തമായി ഒരു ടയര്‍ എന്നത് ഞങ്ങള്‍ക്കും അന്ന് ഒരു സ്വപ്നമായിരുന്നു.

    അഭി ...
    അതെ. ഇന്നതെല്ലാം ഓര്‍ത്ത് ചിരിയ്ക്കാവുന്ന സംഭവങ്ങളായിക്കഴിഞ്ഞു... നന്ദി.

    Rare Rose...
    വളരെ ശരിയാണ് റോസ്. അന്ന് എത്രയോ പ്രാധാന്യത്തോടെ കണ്ടിരുന്ന കാര്യങ്ങളാണ് ഇതൊക്കെ എന്ന് ഇന്നാലോചിയ്ക്കുമ്പോഴേ ചിരി വരും.

    Echmu Kutty ...
    വളരെ നന്ദി ചേച്ചീ. തിരിച്ചും ആശംസകള്‍ നേരുന്നു.

    ramanika...
    നന്ദി മാഷേ.

    nalini...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    Akbar മാഷേ...
    വളരെ നന്ദി.

    Sands | കരിങ്കല്ല് ...
    ഹ ഹ അത് തന്നെ. " ഓര്‍മ്മകളേ... ടയറുകളുരുട്ടി..." വളരെ നന്ദീട്ടോ. :)

    വീ കെ ...
    റിമ്മും ഉരുട്ടി അതിന്റെ ആ പ്രത്യേക ശബ്ദത്തോടെ നടക്കുന്ന കുട്ടികളെ കാണുന്നതു തന്നെ കൌതുകകരമായിരുന്നു അല്ലേ മാഷേ.
    കമന്റിന് നന്ദി.

    Diya...
    വളരെ നന്ദി, വായനയ്ക്കും കമന്റിനും.

  40. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    :)
    സാരോപദേശം : മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കണം.
    അല്ലെങ്കില്‍ സൈക്കിള്‍ ടയര്‍ കയറിയിറങ്ങും.
    ശ്രീ കൊരട്ടിയില്‍ ഇപ്പോ ടെക്നോപാര്‍ക്കൊക്കെ വന്നെന്ന് കേട്ടു. ശരിയാണോ ?

  41. അച്ചു said...

    പണ്ട് വീടിനടുത്തുള്ള സൈക്കിൾ റിപ്പയർ ഷോപ്പിൽ പോയി ഒരു ടയർ ഒപ്പിച്ചു.....ഇതു വായിച്ചപ്പോ അതാ ഓർമ്മവന്നത്...പിന്നെ സൈക്കിളിൽ ഉപയോഗിക്കുന്ന ബോൾടുകൾ....എല്ലാം പറക്കിക്കൊണ്ട്പോരും..പിന്നെ കല്ല് വച്ചു പൊട്ടിക്കുന്ന തോക്കിലെ വെടിയുണ്ടകളായി അത് മാറും...:)
    നന്നായി എഴുതി ശ്രീ....

  42. ആഗ്നേയ said...

    അടിയിൽതുടങ്ങി സൌഹൃദത്തിലവസാനിക്കുന്ന ഹൃദയബന്ധങ്ങൾ ല്ലെ?കൊള്ളാം ശ്രീ

  43. Umesh Pilicode said...

    കൊള്ളാം മാഷെ നന്നായിരിക്കുന്നു
    :-)

  44. പട്ടേപ്പാടം റാംജി said...

    കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എപ്പോഴെങ്കിലും അയവിറക്കാത്ത ആരെങ്കിലും ഉണ്ടാവുമൊ എന്ന് സംസയമാണ്‌. അന്നത്തെ ഏറ്റവും വലിയ കളിപ്പാട്ടം സൈക്കിള്‍ ടയര്‍ തന്നെ. അതിനു വേണ്ടി എത്രയൊ അടി കൂടിയിരിക്കുന്നു......

  45. വരവൂരാൻ said...

    മഴവെള്ളം പോലൊരു കുട്ടികാലം
    ഓർമ്മകളുടെ കുളിർ കാലം

  46. Sreejith said...

    നന്നായിരിക്കുന്നു ശ്രീ.........

  47. ശ്രീനന്ദ said...

    ശ്രീ,
    നന്നായിരിക്കുന്നു.
    കുട്ടിക്കാലത്തെ ക്രിസ്മസ് വിശേഷങ്ങളൊക്കെ ഓര്‍മിപ്പിച്ചു.

    "മുതിര്‍ന്നവരുടെ കണ്ണില്‍ ചെറുതും എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുതും" ആയ എത്രയെത്ര വഴക്കുകള്‍ !

  48. വര്‍ഷണീ.............. said...

    ഈ കുട്ടിക്കാലം എത്ര മനോഹരമാണല്ലേ? കരച്ചിലിനിടയിലും ചിരിക്കാന്‍ കഴിയുന്ന ബാല്യം. ശ്രീ നന്നായിരിക്കുന്നു.

  49. സിനു said...

    കുട്ടിക്കാലത്തെ അനുഭവം വളരെ നന്നായിരിക്കുന്നു
    പഴയ ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോയിട്ടോ ....
    താങ്കള്‍ക്ക് ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നു

  50. വിനുവേട്ടന്‍ said...

    അപ്പോള്‍ നിതേഷ്‌ ചേട്ടന്‍ ആയിരുന്നു അക്കാലത്തെ മേട്ട അല്ലേ? എന്തായാലും അക്കാരണത്താല്‍ കുറച്ച്‌ നാള്‍ ചെത്തി നടന്നുവല്ലേ... ഹി ഹി ഹി ...

    ഞാന്‍ തന്നെ ഹാഫ്‌ സെഞ്ചുറി അടിച്ചുട്ടോ ശ്രീ...

  51. കുരാക്കാരന്‍ ..! said...

    :) ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്

  52. രഘുനാഥന്‍ said...

    ഹഹ ജോസിനെയും ജോസഫിനെയും നിതീഷ് ചേട്ടന്‍ ശരിക്കും വിരട്ടിക്കളഞ്ഞു അല്ലേ..? പാവങ്ങള്‍ പിന്നെ ടയര്‍ ഉരുട്ടി ഷൈന്‍ ചെയ്തിട്ടുണ്ടാവില്ല.

    നല്ല അവതരണം ശ്രീ

    ആശംസകള്‍

  53. കണ്ണനുണ്ണി said...

    കാലങ്ങള്‍ക്ക് പിന്നിലേക്ക്‌ പിടിച്ചു നടത്തുന്ന എന്തും വായിക്കാന്‍ എനിക്കിഷ്ടാ.. ദെ ഈ പോസ്റ്റും ഇപ്പൊ അത് തന്നെ ചെയ്തു...നന്ദി മാഷെ

  54. ഗോപീകൃഷ്ണ൯.വി.ജി said...

    മനോഹരം. ഈ ഓര്‍മ്മക്കുറിപ്പ്.

  55. പ്രേം I prem said...

    ചെറുപ്പത്തില്‍ ഒരു ടയര്‍ എങ്കിലും ഇല്ലാത്തവര്‍ വളരെ വിരളമായിരിക്കും. എനിക്കും ഉണ്ടായിരുന്നു ടയര്‍ അല്ല ഒരു ചെമ്പ് പാത്രത്തിന്റെ വായ ഭാഗത്ത്‌ ഒരു ഇരുമ്പുകൊണ്ടുള്ള വളയം ഉണ്ടായിരുന്നു. എന്നും രാവിലെ അതും എടുത്തായിരുന്നു കറക്കം. അത് കാണുമ്പോള്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്കും അത് പോലൊന്ന് കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. അവര്‍ക്ക് കിട്ടിയില്ല. ആ പഴയ കാലമായിരുന്നു ശ്രീയുടെ ഈ പോസ്റ്റു വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ ...

    ക്രിസ്തുമസ് ആശംസകള്‍ നേരുന്നു....

  56. ശ്രീ said...

    കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! ...
    തന്നെ തന്നെ.
    പിന്നെ കേട്ടത് ശരിയാണ് ട്ടോ. കൊരട്ടിയില് ടെക്നോപാര്‍ക്ക് പണികള്‍ ആരംഭിച്ചു കഴിഞ്ഞു :)

    അച്ചു ...
    അതേ പരിപാടി ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, ബോള്‍ട്ട് ശേഖരണം :)

    ആഗ്നേയ ചേച്ചീ...
    വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. കുട്ടിക്കാലത്തെ പല സൌഹൃദങ്ങളും അങ്ങനെയല്ലേ? :)

    ഉമേഷ്‌ പിലിക്കൊട് ...
    വളരെ നന്ദി.

    pattepadamramji...
    ശരിയാണ് മാഷേ. അന്നത്തെ ഏറ്റവും വലിഅ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഈ ടയറും ഉരുട്ടി നടക്കുക എന്നത്. :)

    വരവൂരാൻ ...
    നന്ദി മാഷേ.

    ശ്രീ..jith...
    വായനയ്ക്കും കമന്റിനും നന്ദി.

    ശ്രീനന്ദ ചേച്ചീ...
    വീണ്ടും കണ്ടതില്‍ സന്തോഷം. കുട്ടിക്കാലത്ത് വലിയ സംഭവങ്ങളായി കണ്ടിരുന്ന എത്രയോ സംഭവങ്ങള്‍... അല്ലേ?

    വര്‍ഷണീ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    സിനുമുസ്തു ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. തിരിച്ചും ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍

    വിനുവേട്ടാ...
    അമ്പതാം കമന്റിനു നന്ദീട്ടോ.
    അന്ന് നിതേഷ് ചേട്ടന്റെ പേരില്‍ കുറേ നാള്‍ വലിയ ആളായി നടന്നു :)

    കുരാക്കാരന്‍...
    നന്ദി മാഷേ

    രഘുനാഥന്‍ ...
    അതെ മാഷേ. പിന്നീട് അവര്‍ ടയറും ഉരുട്ടി നടന്നിട്ടില്ലെന്നു മാത്രമല്ല, മറ്റുള്ളവരെ ഉപദ്രവിയ്ക്കലും നിര്‍ത്തി :)

    കണ്ണനുണ്ണി ...
    എനിയ്ക്കും ഇത്തരം സംഭവങ്ങള്‍ ഓര്‍ക്കുന്നതും വായിയ്ക്കുന്നതും എല്ലാം വളരെ സന്തോഷകരമാണ്... നന്ദി.

    ഗോപീകൃഷ്ണ൯ ...
    വീണ്ടും വന്നതിനും വായനയ്ക്കും കമന്റിനും നന്ദി മാഷേ :)

    പ്രേം...
    പഴയ കാലത്തെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം, മാഷേ. :)

  57. Gopakumar V S (ഗോപന്‍ ) said...

    പഴയകാലത്തേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.. വളരെ നന്നായിരിക്കുന്നു.... നന്ദി...

  58. rajan vengara said...

    have a nice day...
    rajan vengara

  59. ഉഷശ്രീ (കിലുക്കാംപെട്ടി) said...

    ഓര്‍മ്മകള്‍ക്കെന്തു സുഖം അല്ലേ ശ്രീ...അതൊക്കെ ഓമനിക്കാന്‍ അതിലേറെ സുഖം അല്ലേ ശ്രീ ??

    ആശംസകള്‍

  60. Unknown said...

    ....നന്നായിരിക്കുന്നു ....

  61. raadha said...

    കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എത്ര കേട്ടാലും മതി വരില്ല നമുക്ക്...
    പോയ കളത്തിലേക്ക്‌ കൂട്ടികൊണ്ട് പോയതിനു ഒത്തിരി നന്ദി അനിയാ.

  62. കുഞ്ഞൂസ് (Kunjuss) said...

    വീണ്ടും ഒരു ബാല്യം സമ്മാനിച്ചതിനു വളരെ നന്ദി.... ഓര്‍മകള്‍ എത്ര സുന്ദരമാണ്....

  63. the man to walk with said...

    pedippichu viratti alle..?
    kollatto kuttikalathe ormakal

  64. nandakumar said...

    വല്യ കയറ്റിറക്കമുള്ള റോഡിന്റെ അറ്റത്ത്-മോളില്, ടയറുള്ള കൂട്ടാരോള് കൂടി വരിവരിയായി നിക്കും. ടയറുരുട്ടല്‍ മത്സരമാണ്. റോഡിന്റെ എറക്കത്തേക്ക്(ഇറക്കത്തേക്ക്) ശക്തിയായി ടയര്‍ ഉരുട്ടി വിടും. വീഴാതെ, ഏറ്റവും കൂടുതല്‍ ദൂരം ടയര്‍ ഉരുണ്ടു പോയി നില്‍ക്കുന്നവനാണ് പിന്നെ സൂപ്പര്‍ സ്റ്റാര്‍ :) പകുതി വഴിയ്ക്ക് ടയര്‍ കാനയിലോ വേലിയിലോ പോയി വീഴുന്ന ടയറിന്റെ ഉടമസ്ഥന്റെ കാര്യം പറയാനുമില്ല. :)

    (കുട്ടിക്കാലത്തെ ഇമ്മാതിരി ഓര്‍മ്മകളെഴുതി ആളോളെ പറ്റിക്കുന്ന എനിക്ക് നീയൊരു പാരയാണല്ലോഡാ ശ്രീ!! മാഡിവാളേല്‍ക്ക് ഞാന്‍ ആളോളെ എറക്കണോ?) :) :)

  65. Nandini Sijeesh said...

    കുട്ടിക്കാലത്തെക്ക് ഒരു മടക്കയാത്ര സാധിച്ചു.ഈ പോസ്റ്റിനായി കാത്തിരിക്കുകയായിരുന്നു.

  66. ഉപാസന || Upasana said...

    rouDikaLillaaththa naaTunTO, nagaramuNTO, SchooLuntO?
    :-)
    Upasana (another small rouDi)

  67. കാവാലം ജയകൃഷ്ണന്‍ said...

    ശ്രീ, ശ്രീയുടെ ബ്ലോഗ് മോഷ്ടിക്കപ്പെട്ടിരിക്കുന്നു

    http://sharanblogs.blogspot.com/2009/12/blog-post_13.html

  68. Jenshia said...

    മിക്കപ്പോഴും ഇമ്മാതിരി വില്ലന്മാര്‍ നല്ല പിള്ളേര്‍ ആയിരിക്കും ;)

  69. ഗീതാരവിശങ്കർ said...

    ശ്രീ , വരാന്‍ അല്പം വൈകി ,
    മണല്‍ക്കൊട്ടാരം ഉണ്ടാക്കിയും കാറ്റാടിമരത്തിന്റെ
    കുളിര്‍മയുള്ള കാറ്റ് ആസ്വദിച്ചും നടന്ന ബാല്യം .....
    ഒന്നുകൂടി തിരികെ പോകാന്‍ തോന്നുന്നില്ലേ ?
    ആശംസകള്‍ നേരുന്നു .

  70. സുമേഷ് | Sumesh Menon said...

    ശ്രീയേട്ടാ: നല്ല പോസ്റ്റ്‌, ഓര്‍മ്മകളെ കുട്ടിക്കാലത്തേക്ക് കൈപിടിച്ച് കൊണ്ടുപോയി..
    സൈക്കിള്‍ ടയര്‍ കൊണ്ട് '8' ഉണ്ടാക്കിയത് രസകരമായിരുന്നു.. ആശംസകള്‍ :)

  71. ശ്രീ said...

    Gopakumar V S (ഗോപന്‍ ) ...
    വളരെ നന്ദി മാഷേ

    rajshines ...
    നന്ദി മാഷേ
    ഉഷശ്രീ (കിലുക്കാംപെട്ടി) ...
    അതെ ചേച്ചീ... ഇത്തരം ഓര്‍മ്മകള്‍ എന്നും സുഗന്ധപൂരിതം തന്നെ. നന്ദി.

    നന്ദ വര്‍മ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    raadha ചേച്ചീ...

    എനിയ്ക്കും അതെ. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എത്ര കേട്ടാലും മതി വരില്ല. നന്ദി.

    കുഞ്ഞൂസ്...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    the man to walk with...
    ഹ ഹ, അതെയതെ. അന്ന് വേറെ വഴിയില്ലായിരുന്നല്ലോ. നന്ദി.

    നന്ദേട്ടാ...
    അത്തരം കളികള്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. നന്ദീട്ടോ.

    Revelation ...
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)

    ഉപാസന || Upasana ...
    അതെയതെ. താങ്ക്സ് ഡാ

    ജയകൃഷ്ണന്‍ കാവാലം ...
    നന്ദി മാഷേ. ഞാന്‍ കണ്ടിരുന്നു. :)

    Jenshia...
    ശരിയാണ്. അതിനു ശേഷം അവന്മാര്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയതായി അറിവില്ല.

    kathayillaaththaval...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. ബാല്യത്തിലേയ്ക്ക് ഒന്നുകൂടി തിരികെ പോകാന്‍ തോന്നാത്തവരുണ്ടാകുമോ അല്ലേ?

    സുമേഷ് മേനോന്‍ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  72. Unknown said...

    കുറച്ചു താമസിച്ചു എത്താന്‍,
    സൈക്കിള്‍ ടയര്‍ ബാല്യകാലതിലേക്ക് കൊണ്ടുപോയി.

    നല്ല പോസ്റ്റ്‌.

  73. Mohanam said...

    കൊള്ളാം

  74. Neena Sabarish said...

    നന്നായിരിക്കുന്നു

  75. said...

    ബാല്യത്തിന്‍റെ നല്ലൊരു ഭാഗം മാവിന്‍കൊമ്പില്‍ കെട്ടിത്തൂക്കിയ ഒരു വലിയ ടയറിലിരുന്ന് സ്വപ്നംകണ്ടു തീര്‍ത്തത്‌ ഇന്നലെപോലെ തോന്നുന്നു.... ഓര്‍മ്മകള്‍ ഗൃഹാതുരത്വമുണ്ടാക്കുന്നു.. നന്നായിട്ടുണ്ട്‌. ഇനി വരുന്ന ക്രിസ്‌മസുകളും അവിസ്മരണീയമാകട്ടെയെന്നു ആശംസിക്കുന്നു.....

  76. Manoraj said...

    kuttikalathekku kondu poyi...nalla post sree..

  77. Unknown said...

    ജീവിതം മുഴുനീളേ... ബാല്യത്തിന്റെ ഓര്‍മ്മകള്‍ ...!! വറ്റാത്ത ഒരു ഉറവപോലേ......

  78. ശാന്ത കാവുമ്പായി said...

    ശഠനോട്‌ ശാഠ്യമേ ശരിയാവൂ അല്ലേ?

  79. വിരോധാഭാസന്‍ said...

    അന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ ഹീറോ പരിവേഷമുള്ള ചിലരുണ്ടായിരുന്നു. സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവരാണ് അവര്‍.



    നല്ല എഴുത്ത്...ഇഷ്ടമായി..
    കുട്ടിക്കാലമുണ്ടായിരുന്നവര്‍ക്ക് നുനുത്ത ഓര്‍മ്മകളും, കുട്ടിക്കാലമില്ലാതിരുന്നവര്‍ക്ക് ഒരു കുട്ടിക്കാലവും സമ്മാനിക്കുന്നു...!

  80. ജ്വാല said...

    കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഒരിക്കലും മങ്ങാറില്ല.
    വായിക്കാനും രസമാണ്.തുടരുക

  81. Anonymous said...

    ബാല്യകാലസ്മരണകള്‍ ഹൃദയസ്പര്‍ശിയായി..ആശംസകള്‍..

  82. Raman said...

    Sree

    After ur comment saw this Post starting with December, Coincidential

    Nannayittundu.

    My wishes
    Raman

  83. Prasanth Iranikulam said...

    നിതീഷ് ചേട്ടന്‍ വന്ന്‌ ആ പിള്ളേരുടെ ടയര്‍ എറിഞ്ഞു കളഞ്ഞു അവരെ മര്യാദരാമന്മാരാക്കി...അത്രേള്ളൂ

    പക്ഷേ വായിക്കാന്‍ എന്താ ഒരു രസം!!അതു തന്നെ ശ്രീ-മാജിക്ക്.

    പഴയ കാലങ്ങളിലേക്ക് കൊണ്ട്‌പോകുന്ന നല്ല ഒരു പോസ്റ്റ് തന്നെ ശ്രീ.

  84. skcmalayalam admin said...

    നീർമിഴിപ്പൂവിന്റെ ഹെഡ്ഡറിൽ ഞാൻ നോക്കിയിരിന്നിട്ടുണ്ട്,..എന്തോ ഒരു വശ്യത അതിനുണ്ട്‌,..പോസ്റ്റിനും,...

  85. ചേച്ചിപ്പെണ്ണ്‍ said...

    പതിവുപോലെ നല്ല പോസ്റ്റ്‌ ശ്രീ ...
    അഭിനന്ദനങ്ങള്‍ ...

  86. ശ്രീ said...

    #
    തെച്ചിക്കോടന്‍ ...
    വീണ്ടും ഇവിടെ കണ്ടതില്‍‌ സന്തോഷം മാഷേ. കമന്റിന് നന്ദി.

    മോഹനം ...
    വളരെ നന്ദി, മാഷേ.

    Neena Sabarish...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ചക്കിമോളുടെ അമ്മ ...
    ഈ പോസ്റ്റ് വായിയ്ക്കുമ്പോള്‍ പഴയ കാലം ഓര്‍മ്മിയ്ക്കാനാകുന്നുവെന്ന് അറിയുമ്പോള്‍ സന്തോഷം. കമന്റിന് നന്ദി.

    Manoraj...
    വളരെ നന്ദി, മാഷേ

    പാലക്കുഴി ...
    ബാല്യത്തിന്റെ ഓര്‍മ്മകള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ അല്ലേ മാഷേ? നന്ദി.

    ശാന്തകാവുമ്പായി ...
    ഒരു പരിധി വരെയെങ്കിലും അതങ്ങനെയേ പറ്റൂ അല്ലേ ചേച്ചീ... നന്ദി.

    ലക്ഷ്മി~...
    ഈ കമന്റിന് നന്ദി, ലക്ഷ്മീ...

    ജ്വാല ...
    വളരെ നന്ദി.

    Bijli ചേച്ചീ...
    വളരെ നന്ദി.

    Raman ...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    പ്രശാന്തേട്ടാ...
    സ്വാഗതം. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)

    ശ്രീജിത്ത്‌ കുമാര്‍ വി.എസ് ...
    സ്വാഗതം. ഹെഡറിന്റെ ക്രെഡിറ്റ് നമ്മുടെ നന്ദപര്‍വ്വം നന്ദേട്ടനാണ് ട്ടോ :)

    ചേച്ചിപ്പെണ്ണ് ...
    വളരെ നന്ദി ചേച്ചീ

  87. Enlis Mokkath said...

    ശ്രീ നന്നായിട്ടുണ്ട്,,,...

    ന്ഹാന്‍ ഇതില്‍ പുതിയ മുഖം ആണ്...അതിനാല്‍ പിച്ചവെച്ച് തുടങ്ങുന്നേ ഉള്ളൂ ..
    കുട്ടിക്കാലം ..അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ് ...എത്ര കഴിഞ്ഹാലും മറക്കാന്‍ വിഷമം ഉള്ള...ഒരു കാലം ആണ്....
    എന്റെ കുട്ടികാലവും അതെ....അന്ന് നമള്‍ക്കുണ്ടായിരുന്ന...ഫ്രണ്ട്സ്, പഠിച്ച സ്കൂള്‍,കളിക്കുമ്പോള്‍ വീണ സ്ഥലങ്ങള്‍...;).....എല്ലാം മറക്കാന്‍ ഇച്ചിരി വിഷമം ആണ്...
    .അന്നത്തെ കളികള്‍....കുട്ടിയും കോലും ....ഗോലി കളി...പമ്പരം കളി....പിന്നേ ..."വലിയ ആള്‍ക്കാര്‍' മാത്രം കളിക്കുന്ന....ടയര്‍ ഉരുട്ടി കളി....
    പിന്നേ ഒരിക്കലും മറക്കാത്ത "വില്ലന്‍മാരും"....തമ്മില്‍ ഏറ്റുമുട്ടിയ സ്ഥലങ്ങളും.....എല്ലാം...
    ഇപ്പൊ ഒരേ ഒരു വിഷമമേ ഉള്ളൂ....നഹാനും എന്റെ നാടും 360കിലോമീറ്റര്‍ അകലെയാണ്....അറിയില്ല എന്റെ ബാല്യകാല സുഹൃത്തുക്കള്‍ എവിടെയാണെന്നു പോലും അറിയില്ല....അവര്‍ക്ക് എന്നെ ഓര്‍മ്മയുണ്ടോ എന്ന് പോലും അറിയില്ല......എന്നാലും ...ഇന്നും ന്ഹാന്‍ ഏതൊരു ആള്‍ക്കൂട്ടത്തിനിടയിലും...അവരെ തിരയാറുണ്ട്....പക്ഷേ ആരും എന്നെ തിരിച്ചറിയാറില്ല.....

    അപ്പോള്‍ ന്ഹാന്‍ പറയാറുള്ള ഒന്നുണ്ട്...."ഗോ ഓണ്‍ വിത്ത്‌ ദി പ്രെസന്റ് ലൈഫ്......"..
    ..ശ്രീ ....ശ്രീയുടെ ഫ്രണ്ട്സ് ആരെങ്കിലും ഇത് കാണുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ ശ്രീയെ കോണ്ടാക്റ്റ് ചെയ്യാതിരിക്കില്ല......

  88. കണ്ണനുണ്ണി said...

    നമ്മുടെ ഹീറോ നിതേഷ് ചേട്ടന്‍ എന്നിട്ട് ഇപ്പൊ എന്താ ചെയ്യുന്നേ...ശ്രീ ?

  89. ... said...

    ശ്രീ ചേട്ടാ മനോഹരമായിരിക്കുന്നു
    വായിക്കുന്നവര്‍ എല്ലാവരും കുട്ടിക്കാലം ഓര്‍ത്തുപോകും വിധം അസാധ്യമായ എഴുത്ത്..
    എന്റെ എല്ലാവിധ ക്രിസ്മസ്-പുതുവത്സര ആശംസകള്‍..

  90. ഹരിത് said...

    വരാന്‍ വൈകി. പതിവുപോലെ മനോഹരവും സത്യസന്ധവുമായ എഴുത്ത്. ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി

    ഭാവുകങ്ങള്‍, നവവത്സരാശംസകള്‍.

  91. Unknown said...

    എന്റെ ക്ഷേമവും, ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ .....

  92. Anonymous said...

    wish u happy new year..

  93. vinus said...

    വായിച്ചപ്പൊ ടയർ ഒരിക്കൽ കൂടി ഉരുട്ടി നൊക്കാൻ ഒരാശ.ശ്രീ പൂതുവത്സരാശംസകൾ

  94. G.MANU said...

    Manoharamaya aakhyanam chekka..
    Ormakalude tyre urulunna feeeel

    2010 ilum puthiya kathakalumaayi thakarkkooo

  95. വിന്‍സ് said...

    ശ്രീയുടെ മിക്ക പോസ്റ്റുകളും കുട്ടിക്കാലത്തേക്കും, ഉള്ളില്‍ കള്ളമില്ലാത്ത സൌഹ്രദങ്ങളിലേക്കും കൂട്ടി കൊണ്ടു പോകുന്നു.

    ഹാപ്പി ന്യൂ ഇയര്‍ ശ്രീ...ശ്രീക്കും കുടുമ്പത്തിനും നല്ലതു മാത്രം വരാന്‍ ആശംശിക്കുന്നു..

  96. വിജയലക്ഷ്മി said...

    kollaa mone manassinulliil adukki vechirikkunna kazhinjkaala rmmakalil ninnumulla chikanju nottam..
    "sambplsamruddamaya puthuvalsaraashamsakal !!"

  97. priyag said...

    joseph evideppoyi? avasanam oru kandumuttal aakamayirunnu. avar ee sambhavathe ippol engane nokkikanunnu ennu ariyunnathu oru santhoshamalle?

  98. ശ്രീ said...

    ചള്കി പുള്കി...
    സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി.

    കണ്ണനുണ്ണി ...
    നിതേഷ് ചേട്ടന്‍ കുറച്ചു നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം ഇപ്പോള്‍ നാട്ടില്‍ തന്നെ ഭാര്യയും കുഞ്ഞുമായി സസുഖം ജീവിയ്ക്കുന്നു :)
    നന്ദി.

    ഉണ്ണി...
    വളരെ നന്ദി. തിരിച്ചും ആശംസകള്‍ നേരുന്നു.

    ഹരിത് മാഷേ...
    വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം :)

    പാലക്കുഴി...
    നന്ദി മാഷേ

    Bijli ചേച്ചീ...
    വളരെ നന്ദി ചേച്ചീ

    vinus...
    വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.

    മനുവേട്ടാ...
    വളരെ നന്ദീട്ടോ. :)

    വിന്‍സ് ...
    നന്ദി. തിരിച്ചും ആശംസകള്‍ നേരുന്നു.

    വിജയലക്ഷ്മി ചേച്ചീ...
    വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.

    unnimol...
    പിന്നെ അവരെ ആരെയും കാണാന്‍ സാധിച്ചിട്ടില്ല. ഒരു പക്ഷേ എന്നെങ്കിലും കാണാന്‍ കഴിയും എന്ന് തന്നെ ഞാനും പ്രതീക്ഷിയ്ക്കുന്നു. കമന്റിനു നന്ദി :)

  99. ഒഴാക്കന്‍ said...

    നന്നായിരിക്കുന്നു... കുട്ടികാലത്തേക്ക്‌ ഒരു എത്തി നോട്ടം...

  100. ManzoorAluvila said...

    ശ്രീ. നൂറാമത്തെ കമന്റ്‌ എന്റെ വക കുട്ടിക്കാലം എത്ര മനോഹരം നന്നായിട്ടുണ്ട്‌..ആശംസകൾ
    Happy New Year 2010

  101. ബഷീർ said...

    കുട്ടിക്കാലം മനസിലേക്ക് കൊണ്ടു വന്നു..ശ്രീ.. നന്നായിട്ടുണ്ട്. ബാക്കി പോസ്റ്റുകളും വായിക്കണം..

  102. മുക്കുവന്‍ said...

    സൈക്കിള്‍ ടയര്‍ കാശ്കാരന്റെ മക്കള്‍ക്ക്.. നമ്മടെ വണ്ടി മരക്കിഴങ്ങിന്റെ(കപ്പ)/പത്തളം കായ് ഈര്‍ക്കില്‍ കൂട്ടി യോജിപ്പിച്ച് ഊരിവടി കൊണ്ട് ഉന്തുന്നവന്‍...:)

    പിന്നെ വാളൂരറിയും.. ഷെന്നി/സാജന്‍/ബിജൊയ് അങനെ കുറച്ച് ജനങ്ങള്‍..

    ബാഗ്ലൂരെവിടെ? ഞാനും ഒരു പത്ത് കൊല്ലം മുരുകേശ് പാളയം/മാര്‍ത്തഹള്ളി/അടുഗോഡി അടുത്ത് ഉണ്ടായിരുന്നു.

  103. ചാണ്ടിച്ചൻ said...
    This comment has been removed by the author.
  104. ശ്രീ said...

    ഒഴാക്കന്‍ ...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    ManzoorAluvila ...
    ഈ നൂറാം കമന്റിനു നന്ദി, ഇക്കാ.

    ബഷീര്‍ക്കാ...
    കുറേക്കാലത്തിനു ശേഷമുള്ള വരവാണല്ലേ? സന്തോഷം

    മുക്കുവന്‍ മാഷേ...
    ഇതേ രീതിയിലുള്ള വണ്ടി തന്നെയായിരുന്നു മാഷേ ഞങ്ങളുടേയും.
    (പിന്നെ ഞങ്ങളുടെ നാടും നാട്ടുകാരേയും പരിചയമുണ്ട് എന്നറിയുന്നതിലും സന്തോഷം. ഞാന്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ മഡിവാളയിലാണ് താമസം.)

    ചാണ്ടിക്കുഞ്ഞ് ...
    സന്ദര്‍ശനത്തിനു നന്ദി മാഷേ.

  105. തമന്ന said...

    പാമ്പുകളെ എനിക്കും പേടിയാണ്.
    ഒരിക്കലും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത ജീവികളാണവ.
    എങ്ങനെ ഇഴയുമെന്നോ, എങ്ങോട്ട് ഇഴയുമെന്നോ അറിയില്ല.
    ഓര്‍മ്മകള്‍ വായിച്ചു. നന്നായിരിക്കുന്നു സുഹൃത്തേ.


    എന്റെ ബ്ലോഗില്‍ (തമന്ന) പലപ്പോഴും കമന്റുകള്‍ പോസ്റ്റു ചെയ്യുന്നത് കാണാറുണ്ടായിരുന്നു. അതിന്റെ പാസ് വേര്‍ഡ് കളഞ്ഞുപോയി. അതാണ് നന്ദി പറയാന്‍ പോലും കഴിയാതെ പോയത്. ഇപ്പോള്‍ പുതിയൊരു ബ്ലോഗു തുടങ്ങി. സീരിയസ്സ് ബ്ലോഗിങ്ങിലേക്ക് ഞാനും വരുന്നു. സമയം കിട്ടുമ്പോള്‍ എന്റെ പുതിയ ബ്ലോഗ്... തുമ്പിയെ തേടി.. വായിക്കാന്‍ ശ്രമിക്കുമല്ലോ.

    ആമി.

  106. തമന്ന said...

    http://ruchipathumma.blogspot.com/

  107. Mr. X said...

    സംഗതി കൊള്ളാട്ടാ... നിതേഷ് ചേട്ടന്‍ ആള് ഒട്ടുമേ മോശക്കാരന്‍ അല്ല...