Sunday, May 20, 2007

ഒരു കുറ്റബോധത്തിന്റെ കഥ


ഞാന്‍‌ അഞ്ചാം ക്ലാസ്സില്‍‌ പഠിക്കുന്ന സമയം അന്ന് ചിലപ്പോഴെല്ലാം എന്തെങ്കിലും കാര്യങ്ങള്‍‌ക്കായി (മിക്കവാറും ഹോസ്പിറ്റല്‍‌ കേസായിരിക്കും) എറണാകുളത്ത് പോകേണ്ടി വരാറുണ്ട് മിക്കവാറും ട്രെയിനിലായിരിക്കും പോക്കും വരവും.


അങ്ങനെ ഒരിക്കല്‍‌ എന്തോ കാര്യത്തിനായി ഞാനും അച്ഛനും എറണാകുളത്തു പോയിട്ട് തിരിച്ചു വരാനായി റെയില്‍‌വേ സ്റ്റേഷനിലെത്തി. വണ്ടി വരേണ്ട സമയമാകുന്നേയുള്ളൂ ടിക്കറ്റ് കൌണ്ടറില്‍‌ നല്ല തിരക്കുണ്ട് കൌണ്ടറില്‍‌ മാത്രമല്ല, എല്ലായിടത്തും പല നാടുകളില്‍‌ നിന്നുമുള്ള ഒരുപാടാളുകളെ കണ്ട് ഞാന്‍‌ പകച്ചു നില്‍‌ക്കുമ്പോള്‍‌ അച്ഛന്‍‌ എന്നോടു പറഞ്ഞു- “ മോനിവിടെ ഇരുന്നോ അച്ഛന്‍‌ പോയി ടിക്കറ്റെടുത്തു കൊണ്ടു വേഗം വരാം


പക്ഷേ, അവിടെ ആള്‍‌ക്കൂട്ടത്തിനിടയില്‍‌ ഒറ്റയ്ക്കു നില്‍‌ക്കാന്‍‌ എനിക്കു പേടി ഞാന്‍‌ സമ്മതിച്ചില്ല. “ടിക്കറ്റെടുക്കാന്‍‌ ഞാനും വരാം” .


വെറുതെ തിരക്കിനിടയില്‍‌ എന്നെക്കൂടി ക്യൂവില്‍‌ നിര്‍‌ത്തേണ്ടെന്നു കരുതിയാണ് അച്ഛന്‍‌ അങ്ങനെ പറഞ്ഞത്. പിന്നെ, എന്റെ നിര്‍‌ബന്ധം കാരണം അച്ഛന്‍‌ കൂടെ ചെല്ലാന്‍‌ സമ്മതിച്ചു.


ക്യൂവില്‍‌ പിന്നിലായി ഞാനും അച്ഛനും നില്‍‌പ്പു തുടങ്ങി. കുറേ നേരം കൊണ്ട് ഞങ്ങളും കൌണ്ടറിനടുത്തെത്താറായി. അപ്പോള്‍‌ തിരുവനന്തപുരം വണ്ടിയോ മറ്റോ പുറപ്പെടാനുള്ള സമയമായി എന്ന് വിളിച്ചു പറയുന്നതു കേള്‍‌ക്കാനുണ്ട്.( ഏതു വണ്ടിയാണെന്ന് ഇന്നു ഞാന്‍‌ ഓര്‍‌ക്കുന്നില്ല).


അപ്പോഴാണ് ഒരു ചേട്ടന്‍‌ കയ്യിലൊരു ബാഗുമായി ഓടി വരുന്നത് എന്റെ ശ്രദ്ധയില്‍‌ പെട്ടത്. അദ്ദേഹം ടിക്കറ്റ് കൌണ്ടറിലെ തിരക്കു കണ്ട് അന്തം വിട്ടു നില്‍‌ക്കുകയാണ്


അദ്ദേഹത്തിനു പോകേണ്ട വണ്ടിയാണ് പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നത് എന്നും അതു കൊണ്ട് ക്യൂവിന് ഇടയില്‍‌ കയറാന്‍‌ അനുവദിക്കാമോ എന്നും ചോദിച്ച് അദ്ദേഹം എന്റെ പുറകില്‍‌ നില്‍‌ക്കുന്ന ഒന്നു രണ്ടു പേരോട് അഭ്യര്‍‌ത്ഥിക്കുന്നത് കേട്ടു പക്ഷേ, അവര്‍‌ സമ്മതിച്ചില്ല. എന്തു ചെയ്യണമെന്നറിയാതെ ദൈന്യഭാവത്തില്‍‌ നില്‍‌ക്കുന്ന അദ്ദേഹം അപ്പോഴാണ് എന്നെ ശ്രദ്ധിച്ചത്.


ഒരു പ്രതീക്ഷയോടെ അദ്ദേഹം എന്റ്റടുത്തു വന്ന് കുനിഞ്ഞ് നിന്ന് എന്നോടു പതുക്കെ ചോദിച്ചു “ മോനെ, ചേട്ടന് ഒരു ടിക്കറ്റെടുത്തു തരാമോ? വണ്ടി ഇപ്പോ പോകും”


പക്ഷേ, ജീവിതത്തില്‌ അന്നു വരെ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ലാത്ത എനിക്ക് അത് എന്തോ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ധാരണയായിരുന്നു. അതു കൊണ്ട് ഞാന്‍‌ പറഞ്ഞു “ അയ്യോ ടിക്കറ്റെടുക്കാനൊന്നും എനിക്കറിയില്ല. അച്ഛനാണ് ഞങ്ങളുടെ ടിക്കറ്റെടുക്കുന്നത്”


അപ്പോഴേയ്ക്കും ഞങ്ങള്‍‌ക്കുള്ള ടിക്കറ്റ് അച്ഛന്‍‌ എടുത്ത് ക്യൂവിനു പുറത്തേയ്ക്കു കടന്നു കഴിഞ്ഞിരുന്നു. തൊട്ടു പിന്നാലെ ഞാനും പുറത്തേയ്ക്കിറങ്ങി.


അച്ഛന്റെ കൂടെ നടക്കുമ്പോള്‍‌ ഞാനൊന്നു തിരിഞ്ഞു നോക്കി. ഇനി വലിയ പ്രതീക്ഷയില്ലാത്ത മട്ടില്‍‌ അദ്ദേഹം നിരാശനായി നില്‍‌ക്കുന്നു.


എന്തോ ഒരു കുറ്റബോധം പോലെ എനിക്കു തോന്നി, ഞാന്‍‌ അച്ഛനെ തോണ്ടി വിളിച്ച് നടന്ന സംഭവങ്ങള്‍‌ പറഞ്ഞു. തിരക്കിനിടയില്‍‌ അച്ഛന്‍‌ അതൊന്നും അറിഞ്ഞിരുന്നില്ല.


എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍‌ അച്ഛന്‍‌ എന്നെ കുറ്റപ്പെടുത്തി,അതെന്താണ് ഞാന്‍‌ അങ്ങനെ ചെയ്യാതിരുന്നത് എന്നും ചോദിച്ചു. അതു കേട്ട് എനിക്കും വിഷമമായി. അതു കണ്ട് അച്ഛന്‍‌ പതുക്കെ എന്നോടു പറഞ്ഞു “മോനേ, നമുക്കു ചെയ്യാവുന്ന എന്തു സഹായവും നമ്മള്‍‌ മറ്റുള്ളവര്‍‌ക്കു ചെയ്തു കൊടുക്കണം ഇപ്പോള്‍‌ സാരമില്ല. നിനക്ക് അറിവില്ലാഞ്ഞിട്ടല്ലേ ഇനിയെങ്കിലും ഈ കാര്യം എപ്പോഴും ഓര്‍‌മ്മയില്‍‌ വേണം, കേട്ടോ”


ഞാന്‍‌ സമ്മതിച്ചു. പിന്നീടിന്നു വരെ ഒരിക്കലും അച്ഛന്‍‌ പറഞ്ഞത് ഞാന്‍‌ മറന്നിട്ടില്ല. കഴിയുന്നതു പോലെയെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍‌ ശ്രമിക്കാറുമുണ്ട്.


എങ്കിലും ഇന്നും ഓര്‍‌ക്കുമ്പോള്‍‌ എനിക്കു വല്ലാത്ത കുറ്റബോധം തോന്നും. ആ ടിക്കറ്റ് എനിക്ക് എടുത്തു കൊടുക്കാ‍മായിരുന്നു. അല്ലെങ്കില്‍‌ അപ്പോള്‍‌ തന്നെ അച്ഛനോടു പറയാമായിരുന്നു. അതുമല്ലെങ്കില്‍‌ ഞാന്‍‌ നിന്നിടത്തു നില്‍‌ക്കാനെങ്കിലും അദ്ദേഹത്തെ അനുവദിക്കാമായിരുന്നു. പക്ഷേ, അപ്പോള്‍‌ അതൊന്നും എനിക്കു തോന്നിയില്ലല്ലോ.


അദ്ദേഹത്തിന്‍ അന്ന് വണ്ടി കിട്ടിക്കാണുമോ?

17 comments:

  1. ശ്രീ said...

    ഇതൊരു കഥയായി പോസ്റ്റ് ചെയ്യാമോ എന്നറിയില്ല... എന്റെ ജീവിതത്തില്‍‌ സംഭവിച്ച ഒരു കൊച്ചു കാര്യം അതു പോലെ തന്നെ എഴുതി, എന്നു മാത്രം... (സത്യത്തില്‍‌ എനിക്കിപ്പോഴും കുറ്റബോധം തോന്നുന്ന ഒരു സംഭവം!)
    വായനക്കാര്‍‌ സഹിക്കുമല്ലോ!!!

  2. ഉണ്ണിക്കുട്ടന്‍ said...

    ഇതിലിപ്പോ കുറ്റബോധം തോന്നെണ്ട കാര്യമെന്തിരിക്കുന്നു. നിങ്ങള്‍ ഒരാള്ക്കു ഉപകാരം ചെയ്യാന്‍ ടിക്കറ്റ് എടുത്തു കൊടുത്തിരുന്നു എങ്കില്‍ ബാക്കി ക്യൂവില്‍ നില്‍ക്കുന്ന എല്ലാവരേയും ദ്രോഹിച്ചേനെ. അയാള്‍ക്ക് കുറച്ചു നേരത്തേ വരാമായിരുന്നല്ലോ..?

    [തീയേറ്ററില്‍ ചിലവന്മാര്‍ ചേച്ചീ ഒരു ടിക്കറ്റ് എന്നു പറഞ്ഞു ക്യൂവില്‍ നില്‍ക്കുന്ന ചേച്ചിമാരെ ശല്യപ്പെടുത്തില്ലേ...ഞാന്‍ അങ്ങനെ ചെയ്തിട്ടേയില്ലാ..ഒന്നു... രണ്ട്.. മൂന്നു.. പ്രാവശ്യം മാത്രമേ ചെയ്തിട്ടുള്ളൂ..ഹിഹി]

  3. ശ്രീ said...

    ഉണ്ണിക്കുട്ടാ...
    അതു ശരി തന്നെ.... എന്നാലും, ഇപ്പോള്‍‌ ഓര്‍‌ക്കുമ്പോള്‍‌ നിസ്സാര കാര്യമെങ്കിലും എന്തോ പോലെ....

  4. ആഷ | Asha said...

    ശ്രീ,
    ഉണ്ണിക്കുട്ടന്‍ പറഞ്ഞ പൊലെ ചിന്തിച്ചു നോക്കൂ
    പുറകില്‍ ക്യൂവില്‍ നിന്നയാള്‍ അതിനേക്കാള്‍ അത്യാവശ്യത്തിലായിരുന്നെങ്കിലോ?

    ഇതിങ്ങനെ മനസ്സിലിട്ടോണ്ടു നടക്കണ്ട. അന്നു ഓടി കിതച്ചു വന്നയാളെ ഇന്നു കണ്ടു മുട്ടിയാല്‍ അയാള്‍ ഇങ്ങനൊരു സംഭവമേ ഓര്‍ക്കുന്നുണ്ടാവില്ല.

  5. ശിശു said...

    ശ്രീ ഇതെന്നെ അത്ഭുതപ്പെടുത്തുന്നു സുഹൃത്തെ, ഇതില്‍ വിവരിച്ച കാര്യത്തിന്റെ ശരിയൊ, ശരികേടൊ കൊണ്ടല്ല അത്, മറിച്ച്, കുട്ടിക്കാലത്തെ ഒരു കുറ്റബോധം, അതും നമുക്ക് ചെയ്യാന്‍ കഴിയുമെന്ന് നാം തന്നെ വിശ്വസിക്കുന്ന കാര്യം ചെയ്യാന്‍ കഴിയാതിരുന്നതിലുള്ള നീറ്റല്‍, ഇപ്പോഴും താങ്കളെ വേട്ടയാടുന്നു എന്ന സത്യം എന്നെ അത്ഭുതപ്പെടുത്തി, സത്യം.
    വളരെ തിരക്കേറിയ ഈ ജീവിതത്തില്‍ ഇത്തരം കൊച്ചുകാര്യങ്ങളിലെ നേരറിയുന്നവന്‍ ആരാ? താങ്കള്‍ എന്നെ വിസ്മയിപ്പിക്കുന്നു.
    സന്തോഷം പരിചയപ്പെട്ടതില്‍.

  6. വല്യമ്മായി said...

    ചില കാര്യങ്ങള്‍ ഇങ്ങനെയാണ്,നിസ്സാരമെന്ന് തോന്നുമെങ്കിലുംമൊരു നീറ്റലായി മനസ്സില്‍ കൂടെ കാണും.ഇതെല്ലാം തുറന്നെഴുതാന്‍ കാണിച്ച നന്മ കൊണ്ട് തന്നെ നിരപരാധിത്വം തെളിഞ്ഞിരിക്കുന്നു.ആശംസകള്‍

  7. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ശ്രീയുടെ സഹാതാപാര്‍ദ്രമായ മനസ്സിന്‌ ഒരായിരം സ്തുതി പറയുന്നു എന്നാലും പറയട്ടെ-
    "ആയാതമായാതമപേക്ഷണീയം
    ഗതം ഗതം സര്‍വമുപേക്ഷണീയം"

    കൂട്ടത്തില്‍ ഒരു ഓടൊ - ശിശുവിന്റെ പാട്ടിനെ പറ്റി ഒരു കമന്റ്‌ അവിടെ ചെയ്യാന്‍ നോക്കിയിട്ട്‌ സാധിക്കുന്നില്ല അഥവാ ഈ കമന്റ്‌ പുബ്ലിഷ്‌ ആകുകയാണെങ്കില്‍ - ശിശുവിനുള്ള അഭിനന്ദനവും കൂടി ഇവിടെ

  8. മുസ്തഫ|musthapha said...

    ഇതില്‍ രണ്ട് വശങ്ങളുണ്ട്,
    വരിയില്‍ നില്‍ക്കുന്നവരുടെ അവസരമായിരിക്കും അയാള്‍ക്കൊരു ടിക്കറ്റ് ശ്രീ എടുത്ത് കൊടുക്കുന്നതിലൂടെ നഷ്ടപ്പെടുന്നത്!

    അതേ സമയം തന്നെ, അവിചാരിതമായ കാരണങ്ങളാല്‍ നേരം വൈകിയെത്തി, വളരെ പ്രാധാന്യമുള്ള ഒരാവശ്യത്തിനുള്ള യാത്ര വൈകുന്ന ആ മനുഷ്യന്‍റെ അവസ്ഥ!

    എല്ലാം നിയമപരമായ് തന്നെ നടക്കണം എന്ന ആഗ്രഹവും മാനുഷികപരിഗണനക്ക് തന്നേയാവണം മുന്‍തൂക്കം എന്ന് വിശ്വാസവും - പലപ്പോഴും ധര്‍മ്മസങ്കടത്തില്‍ പെടുന്ന ചില ഘട്ടങ്ങളുണ്ട്.

    സമാനാനുഭവങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്.

  9. myexperimentsandme said...

    അഗ്രജന്‍ പറഞ്ഞത് തന്നെ.

    എന്ത് വേണം എന്ന് കണ്‍‌ഫ്യൂഷനാണ് ഇത്തരം അവസരങ്ങലിലെന്നല്ല, എല്ലാ ഇത്തരം അവസരങ്ങളിലും.

    അങ്ങിനെ കണ്‍ഫ്യൂഷനടിച്ചടിച്ച് ഞാന്‍ എന്റെ ടിക്കറ്റും എടുത്തങ്ങ് പോകും. ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ.

    വേണമെങ്കില്‍ അയാളുടെ ടിക്കറ്റും കൂടി നമുക്ക് എടുത്തുകൊടുക്കാമല്ലേ. അങ്ങിനെയാണെങ്കില്‍ ഒരാള്‍ എക്സ്ട്രാ ക്യൂവില്‍ കയറുന്നതുമൂലം പിന്നില്‍ നില്‍ക്കുന്നയാളുടെ സമയം മൊത്തത്തില്‍ അപഹരിക്കുന്നില്ലല്ലോ. നമ്മള്‍ ഒരു ടിക്കറ്റിനു പകരം രണ്ടെടുക്കുന്നു.

    എന്തായാലും നമ്മുടെ നാട്ടിലൊക്കെയേ ഇതിനവസരം കിട്ടൂ എന്ന് തോന്നുന്നു. വെളിയില്‍ പലയിടത്തും തനിക്ക് താനും പുരയ്ക്ക് തൂണും. ആരും ആരേയും നോക്കുക കൂടിയില്ലല്ലോ.

    സാരമില്ല ശ്രീ. അതൊരു നിമിത്തമായി എന്ന് കരുതിയാല്‍ മതി. ആ സംഭവം കാരണം ഭാവിയില്‍ പലര്‍ക്കും ശ്രീ മൂലം (ശ്രീമൂലം എന്ന് പേരില്‍ ഒരു രാജാവുണ്ടായിരുന്നു) പല ഉപകാരങ്ങളും കിട്ടിയല്ലോ. ശ്രീയുടെ കുറ്റബോധവും അതിനൊരു കാരണമാണല്ലോ.

  10. [ nardnahc hsemus ] said...

    പ്രിയ ശ്രീ,
    പുതുമഴയില്‍ നനഞ്ഞ മണ്ണിന്റെ മണം പോല്‍, താനൊഴുക്കിവിട്ട മനുഷ്യജീവിതത്തിന്റെ, സ്നേഹബന്ധങ്ങളുടെ പുതുമ നിറഞ്ഞ ഗന്ധം ഇവിടെയൊക്കെ പരന്നിട്ടും എന്റെ നാസാരന്ധ്രങ്ങളവയെ കണ്ടുപിടിയ്ക്കാന്‍ വൈകി... sorry for that.. ഇനി ഞാനിവിടെയൊക്കെതന്നെക്കാണും....:)

  11. അജി said...

    ശ്രീ.. സമാനമായൊരു അനുഭവം എനിക്കുമുണ്ട്, 1989 ല്‍ വയനാട് വൈത്തിരിയില്‍, എ.ഐ.എസ്.എഫിന്റെ നാലു ദിവസത്തിന്റെ ക്യാമ്പുണ്ടായിരുന്നു, അന്നാ ക്യാമ്പില്‍ പങ്കെടുത്ത്, തിരികെ നാട്ടിലേക്ക് വരുമ്പോള്‍, കൂടെ പാലക്കാട്ടുള്ള ശങ്കര്‍ എന്നുപേരുള്ള മറ്റൊരു സഖാവ്, ടികറ്റെടുക്കാന്‍ പൈസയില്ലാതെ എന്നോട് ചോദിച്ചു, കൊടുക്കാമെന്ന് ഞാനേറ്റു, ബസ്സ് വന്ന് തിരക്കിനിടയില്‍ ശങ്കരിനെ ഓര്‍ക്കാന്‍ മറന്നു, ബസ്സ് വിട്ടപ്പോഴാണ്, ശങ്കര്‍ ബസ്റ്റോപ്പില്‍ തന്നെ നില്‍ക്കുന്നത് കണ്ടത്. ഇന്നും ഒരു കുറ്റബോധത്തോടെ ശങ്കരിന്റെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുന്നു.ശ്രീ.. ജീവിതത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നമ്മുക്കെല്ലാം ഉണ്ടാവും, നമ്മുടെ കര്‍ത്തവ്യബോധത്തെ കൂടുതല്‍ ജാഗരൂപതായിരിക്കാനാണവ എന്നു വിശ്വസിക്കുക.

  12. aneeshans said...

    ബൈക്കിന് ലിഫ്റ്റ് കൊടുക്കാതെ കടന്നു പോരുമ്പൊള്‍ എനിക്ക് തോന്നാറുണ്ട് ചിലപ്പോള്‍.
    അയാള്‍ എവിടെയെങ്കിലും അത്യാവശ്യമായി പോവാ‍ന്‍ നിന്നതാണോ ?
    അയാള്‍ക്ക് ബസ് കിട്ടിക്കാണുമോ /.
    അങ്ങനെ അങ്ങനെ
    :)

  13. സാജന്‍| SAJAN said...

    ശ്രീ, ഈ സംഭവം തുറന്നെഴുതിയല്ലൊ.. അതു തന്നെ താങ്കളുടെ മനസ്സിന്റെ നന്മയല്ലേ,
    ഇതൊക്കെ ഇത്രയും ഓര്‍ത്ത് മനസ്സിനു വിഷമമുണ്ടാക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്:):)
    qw_er_ty

  14. Kaithamullu said...

    ശ്രീ,
    ഇത്തരം കുറ്റബോധങ്ങളുടെ ഒരു ആകത്തുകയാണ് ജീവിതം എന്നു തോന്നുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാന്‍ തോന്നാതെ പിന്നെ അതിനെപ്പറ്റിതന്നെ ചിന്തിച്ച് ഉറങ്ങാന്‍ കഴിയാതെ അനേകം രാത്രികള്‍ ചിലവഴിച്ചിട്ടുണ്ട്, ഞാന്‍.
    എല്ലാവര്‍ക്കും കാണും ഇത്തരം അനുഭവങ്ങള്‍, അല്ലേ?

  15. SUNISH THOMAS said...

    :-)

  16. വാളൂരാന്‍ said...

    ശ്രീ... അപ്പൊ ഇവിടെ സ്ഥിരമായി ഉണ്ടല്ലെ.. നന്നായി.... എഴുത്തും......

  17. ശ്രീ said...

    ആഷ ചേച്ചി...
    അതു ശരി തന്നെ... എന്നാലും അദ്ദേഹത്തെ ഇടയ്ക്കു കയറ്റാതെ തന്നെ, എനിക്കതു ചെയ്യാമായിരുന്നല്ലോ എന്നോര്‍‌ക്കുമ്പോള്‍‌...

    ശിശുവേട്ടാ...
    കമന്റിനു നന്ദി... എന്തായാലും ആ കൊച്ചു കാര്യം ഇപ്പോള്‍‌ എന്നെ എപ്പോഴും ഇത്തരം കാര്യങ്ങളില്‍‌ ബോധവാനാക്കുന്നു...
    [പരിചയപ്പെട്ടതില്‍‌ എനിക്കും സന്തോഷം... പിന്നെ, പാട്ടുകള്‍‌ ഇനിയും പോസ്റ്റ് ചെയ്യണേ...]

    വല്യമ്മായീ...

    നിങ്ങളേല്ലാവരും അത് അംഗീകരിക്കുന്നതില്‍‌ സന്തോഷം... ഇതു ചെറിയ കാര്യമാണേങ്കിലും തുറന്നെഴുതിയപ്പോള്‍‌... നിങ്ങളുടെയെല്ലാം കമന്റുകള്‍‌ കാണുമ്പോള്‍‌ ആശ്വാസം... സന്തോഷം...
    നന്ദി...

    തറവാടീ...
    നന്ദി...
    :)

    ഇന്‍‌ഡ്യാ ഹെറിറ്റേജ്...
    കമന്റിനു നന്ദി...

    അഗ്രജന്‍‌....
    നന്ദി...

    വക്കാരിചേട്ടാ...
    പറാഞ്ഞതു പോലെ, തുടര്‍‌ന്നുള്ള ജീവിതത്തില്‍‌ അതൊരു പ്രധാന പാഠമായി എന്നതു സത്യം...

    സുമേഷ് ചന്ദ്രന്‍‌...
    ഈ സംഭവം താങ്കളെയും ചിന്തിപ്പിക്കുന്നു എന്നറിഞ്ഞതില്‍‌ സ്ന്തോഷം...
    :)

    അജി ചേട്ടാ....
    സമാനമായ അനുഭവം തന്നെ... താങ്കള്‍‌ക്ക് ആ വിഷമം കൃത്യമായി മനസ്സിലാക്കന്‍‌ കഴിഞ്ഞു കാണുമെന്ന് എനിക്കുറപ്പുണ്ട്.

    ആരോ ഒരാള്‍‌...
    നമുക്കു ചെയ്യാന്‍‌ കഴിയുന്നതു, അതെത്ര ചെറിയ സഹായമായാലും ചെയ്യുക... അതേ നമുക്കു ചെയ്യാനാകൂ...

    സാജന്‍‌ ചേട്ടാ...
    നന്ദി... നിങ്ങളുടെ പ്രതികരണങ്ങള്‍‌ക്ക്, ഉപദേശങ്ങള്‍‌ക്ക്...

    കൈതമുള്ള്...
    എല്ലാവര്‍‌ക്കും ഉണ്ടല്ലേ ഇത്തരം അനുഭവങ്ങള്‍‌?

    സുനീഷ് തോമസ്...
    :)

    മുരളി മാഷെ...
    ഇവിടൊക്കെ തന്നെ ഉണ്ട്... സമയം പോലെ കയറുന്നു.... കമന്റിനു നന്ദി...
    :)