Sunday, May 27, 2007

ഭ്രാന്തന്‍‌

ഞാന്‍‌ കുറേ നേരമായി ആ ക്ഷേത്രഗോപുരത്തിനു മുന്‍‌പിലായി കാത്തു നില്‍‌ക്കുകയായിരുന്നു എന്റെ സുഹൃത്ത് വരുമെന്നു പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു എങ്കിലും ആ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍‌ നിന്നും പൊഴിഞ്ഞു വീഴുന്ന ഭക്തിഗാനങ്ങളുടെ ഈരടികളും ശ്രദ്ധിച്ച് ഞാന്‍‌ അവിടെ തന്നെ നിന്നു. മാത്രമല്ല, പോയിട്ട് എനിക്കത്ര ധൃതിയും ഉണ്ടായിരുന്നില്ല

അങ്ങനെ നില്‍‌ക്കുമ്പോഴാണ് ഞാന്‍‌ ആല്‍‌ത്തറയില്‍‌ കുനിഞ്ഞു കൂടി ഇരിക്കുന്ന ആ മനുഷ്യനെ ശ്രദ്ധിച്ചത്. ഏതാണ്ട് പിഞ്ഞിക്കീറിത്തുടങ്ങിയ വേഷം. അലസമായി നീണ്ടു വളര്‍‌ന്നു നില്‍‌ക്കുന്ന താ‍ടിയുംതലമുടിയും. ഇടയ്ക്കിടെ അയാള്‍‌ ചെറുതായി ചിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍‌ ഒരു ഭ്രാന്തന്‍‌. പക്ഷേ, അയാളുടെ കണ്ണുകള്‍‌ക്കെന്തോ പ്രത്യേകത പോലെ . ഞാന്‍‌ അയാളെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു അവിടെ അയാള്‍‌ക്കരികിലൂടെ ക്ഷേത്രത്തിലേക്കു പോകുന്നവരില്‍‌ ഒട്ടുമിക്കവരും അയാളെ ഗൌനിക്കുന്നേയില്ല. വേറെ ചിലര്‍‌ അശ്രീകരം എന്ന മട്ടില്‍‌ മുഖം കോട്ടി വഴി മാറി നടന്നു പോകുന്നു. സ്വന്തം സുഖ സൌകര്യങ്ങളുടെ പോരായ്മകളെപ്പറ്റി ഈശ്വരനോടു പരാതി പറയാന്‍‌ പോകുന്നവര്‍‌ക്ക് സ്വന്തം സഹജീവിയെ പറ്റി ചിന്തിക്കാന്‍‌ നേരമെവിടെ?

ഞാന്‍ അയാളെ തന്നെ ശ്രദ്ധിച്ചു നിന്നു. അവിടെ പോകുന്നവരെയോ വരുന്നവരെയോ അയാള്‍‌ ശ്രദ്ധിക്കുന്നില്ല. ആരുടെ മുന്‍പിലും കൈ നീട്ടുന്നുമില്ല. അയാളുടെ നോട്ടം വല്ലപ്പോഴും പതിയുന്നത്, ക്ഷേത്രത്തില്‍‌ നിന്നും ചിലര്‍‌ പൊതിഞ്ഞു കൊണ്ടു പോകുന്ന നിവേദ്യച്ചോറിലേക്കു മാത്രം. പക്ഷേ, ആരും അതു കാണുന്നില്ല. അല്ലെങ്കില്‍‌‌ കണ്ടതായി ഭാവിക്കുന്നില്ല.

അങ്ങനെ നോക്കി നില്‍‌ക്കെ രണ്ടു മൂന്നു കുസൃതിപ്പിള്ളേര്‍‌ ആ വഴിക്കു വന്നു. അവര്‍‌ അയാളില്‍‌ നിന്നും കുറച്ചകലെ മാറി നിന്ന് എന്തൊക്കെയോ കളികള്‍‌ തുടങ്ങി. അയാളുടെ ശ്രദ്ധയും അവരിലേക്കായി. അവര്‍‌ ഓലപ്പന്തോ മറ്റോ കളിക്കുകയാണെന്നു തോന്നുന്നു. ഇടയ്ക്ക് അവരില്‍‌ ഒരുവന്‍‌ എറിഞ്ഞ പന്ത് അയാളുടെ തൊട്ടടുത്താണ്‌‍‍ വീണത്. അത് അയാള്‍‌ കൈ നീട്ടി എടുത്തു. പക്ഷേ, അത് അവര്‍‌ക്ക് എറിഞ്ഞു കൊടുക്കുന്നതിനു പകരം അയാള്‍‌ അതും കയ്യില്‍‌ വച്ച് എന്തോ ഓര്‍‌ക്കുന്നതു പോലെ അതിലേയ്ക്കു തന്നെ നോക്കിയിരിക്കുന്നതാണ്‌‍ ഞാന്‍‌ കണ്ടത്. ആ കുട്ടികള്‍‌‌ ആ പന്ത് കൊടുക്കാന്‍‌ അയാളോടു വിളിച്ചു പറഞ്ഞത് അയാള്‍‌ കേട്ടതേയില്ലെന്നു തോന്നി.

പെട്ടെന്ന് കൂട്ടത്തില്‍‌ ധൈര്യം കൂടുതലുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരുവന്‍‌ ഓടിച്ചെന്ന് അയാളുടെ കയ്യില്‍‌ നിന്നും അതു തട്ടിപ്പറിച്ചു വാങ്ങി. എന്നിട്ടു തിരിഞ്ഞോടി. പിന്നെ, പെട്ടെന്നു തിരിഞ്ഞു, കണ്ടു നില്‍‌ക്കുന്ന എനിക്ക് എന്തെങ്കിലും പറയാന്‍‌ കഴിയുന്നതിനും മുന്‍‌പേ കുനിഞ്ഞ് താഴെ നിന്നും ഒരു കല്ലെടുത്ത് അയാള്‍‌ക്കു നേരെ വലിച്ചെറിഞ്ഞു. അത് അയാളുടെ തലയിലാണ് കൊണ്ടതെന്നു തോന്നുന്നു. പിന്നെ, അവന്‍‌മാര്‍‌ അവിടെ നിന്നില്ല. രണ്ടു പേരും ദൂരെയ്ക്ക് ഓടി മറഞ്ഞു. എന്നാല്‍‌ ഏറു കൊണ്ടിട്ടും അയാള്‍‌ തല ഒന്നു തടവുക പോലും ചെയ്യാതെ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്

ഇതേ കാഴ്ച കണ്ടു കൊണ്ട് അതു വഴി കടന്നു പോയ രണ്ടു പേര്‍‌ പിറുപിറുക്കുന്നതു കേട്ടു” തനി ഭ്രാന്തന്‍‌ തന്നെ”.

അതു കേട്ടപ്പോഴും അയാള്‍‌ ചിരിച്ചു. ആ ചിരി കുറേ നേരത്തേയ്ക്കു നീണ്ടു നിന്നു.

പിന്നെയും കുറച്ചു സമയം കഴിഞ്ഞു. ക്ഷേത്രത്തിനകത്തു നിന്നും ഒരു മുത്തശ്ശി പുറത്തേയ്ക്കു വന്നു, കൂടെ കൈ വിരലില്‍‌ തൂങ്ങി ഒരു കൊച്ചു മാലാഖയെ പോലുള്ള കുഞ്ഞും. അയാളുടെ നോട്ടം അവരിലേയ്ക്കായി. അപ്പോഴും അയാള്‍‌ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.

ആ മുത്തശ്ശിയും കൊച്ചു മോളും പുറത്തിറങ്ങി. അപ്പോള്‍‌ അവിടെ വന്ന ഒരാളോട് മുത്തശ്ശി എന്തോ കുശലം ചോദിച്ചു നില്‍‌ക്കുന്നതു കണ്ടു. അവരുടെ പരിചയക്കാരനായിരിക്കണം. അയാളാകട്ടെ തന്റെ കയ്യിലെ പ്രസാദത്തില്‍‌ നിന്ന് കുറച്ചു പൂക്കളെടുത്ത് ആ കുട്ടിയുടെ കയ്യില്‍‌ വച്ചു കൊടുത്തു.

അവര്‍‌ സംഭാഷണങ്ങളില്‍‌ മുഴുകി നില്‍‌ക്കുമ്പോള്‍‌ ആ കുട്ടി അവരുടെ അടുത്തു നിന്നും കുറച്ചു മാറി നിന്ന് കളി തുടങ്ങി. അപ്പോഴാണ് ആ കുട്ടിയും അയാളെ കണ്ടത്. ആദ്യം ആശങ്കയോടെ മാറി നിന്നെങ്കിലും അല്‍‌പ്പം കഴിഞ്ഞപ്പോള്‍‌ ആ കുട്ടി കൌതുകത്തോടെ അയാള്‍‌ക്കടുത്തേയ്ക്കു ചെന്നു, എന്നിട്ട് കയ്യിലിരുന്ന പൂക്കള്‍‌ അയാള്‍‌ക്കു നേരെ നീട്ടി. ഒരു നിമിഷം സംശയിച്ചു നിന്ന അയാള്‍‌ ആ പൂക്കള്‍‌ പതിയെ വാങ്ങി ആ കുട്ടിയുടെ മുഖത്ത് ഒരു ചിരി വിടര്‍‌ന്നു. പക്ഷേ, അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന അയാളുടെ കണ്ണുകള്‍‌ നിറഞ്ഞൊഴുകുന്നത് ഞാന്‍‌ കണ്ടു.

അപ്പോഴാണ് ആ മുത്തശ്ശി അതു കണ്ടത്. അവര്‍‌ വേഗം വന്ന് ആ കുട്ടിയെ എടുത്തു കൊണ്ട് തിരിഞ്ഞു നടന്നുശാസന പോലെ ആ കുഞ്ഞിനോട് അവരെന്തോ പറയുന്നുമുണ്ടായിരുന്നു

ഇതെല്ലാം കണ്ടു കൊണ്ടു നില്‍‌ക്കുകയായിരുന്നു ഞാന്‍‌. പെട്ടെന്നുള്ള ഒരു തോന്നലില്‍‌ ഞാന്‍‌ അയാള്‍‌ക്കടുത്തേയ്ക്കു ചെന്നു. അയാള്‍‌ തലയുയര്‍‌ത്തി എന്നെ നോക്കി. ഞാന്‍‌ പോക്കറ്റില്‍‌ നിന്നും ഒരു പത്തു രൂപാ നോട്ടെടുത്ത് അയാള്‍‌ക്കു നേരെ നീട്ടി. അയാള്‍‌ ആ നോട്ടിലേയ്ക്ക് കുറച്ചു നേരം നോക്കിയ ശേഷം തല താഴ്ത്തിയിരുന്നു. ഞാന്‍‌ നിര്‍‌ബന്ധിച്ചിട്ടും അയാള്‍‌ അത് സ്വീകരിച്ചില്ല. പെട്ടെന്ന് ഞാന്‍‌ എന്റെ ബാഗ് തുറന്നു. രാവിലെ അമ്മ എനിക്കായി പൊതിഞ്ഞു തന്ന ആ പൊതിച്ചോറ് അയാള്‍‌ക്കു മുന്നില്‍‌ വച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു.

അപ്പോഴേയ്ക്കും എന്റെ സുഹൃത്തും വന്നു കഴിഞ്ഞിരുന്നു. അവന്‍‌ വൈകിയതിനു ക്ഷമ പറയുകയായിരുന്നു, വൈകാനുള്ള കാരണവും. പക്ഷേ, ഞാനത് ശ്രദ്ധിക്കാതെ പതിയെ തിരിഞ്ഞു നോക്കി. അയാള്‍‌ ഞാന്‍‌ കൊടുത്ത ആ പൊതിച്ചോറ് ആര്‍‌ത്തിയോടെ ഉണ്ണുന്നു. അപ്പോഴും മറ്റേ കയ്യില്‍‌ ആ കുട്ടി കൊടുത്ത പൂക്കള്‍‌ അയാള്‍‌ മുറുക്കെ പിടിച്ചിരുന്നു.

എന്റെ കണ്ണുകള്‍‌ നിറഞ്ഞു, മനസ്സും.

30 comments:

  1. ശ്രീ said...

    സ്വന്തം സുഖ സൌകര്യങ്ങളുടെ പോരായ്മകളെപ്പറ്റി ഈശ്വരനോടു പരാതി പറയാന്‍‌ പോകുന്നവര്‍‌ക്ക് സ്വന്തം സഹജീവിയെ പറ്റി ചിന്തിക്കാന്‍‌ നേരമെവിടെ?

  2. ഗിരീഷ്‌ എ എസ്‌ said...

    ശ്രീ...
    കഥ ഒരുപാടിഷ്ടമായി...സംസ്ക്കാരസമ്പന്നര്‍ എന്ന്‌ പരക്കെ അവകാശപ്പെടാറുണ്ടെങ്കിലും..ഇന്നും കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ വി ഐ പികള്‍ക്ക്‌ പ്രത്യേക വഴികളുണ്ടെന്നറിയുക...മറ്റുള്ളവരുടെ ദു:ഖം കണ്ട്‌ സങ്കടപ്പെടുമ്പോഴും നമ്മള്‍ക്ക്‌ അവരെ എങ്ങനെ സഹായിക്കാമെന്നുള്ള ചിന്ത പലരിലും ഉടലെടുക്കാന്‍ വൈകും...
    ഇത്‌ ഒരു അനുഭവമാണെന്ന്‌ കരുതുന്നു..വായിച്ചപ്പോള്‍ ആ ക്ഷേത്രവും..വൃദ്ധനും ഒക്കെ മനസില്‍ തെളിഞ്ഞുവന്നു...
    ഇനിയും ഒരുപാടെഴുതുക..
    ആശംസകള്‍...

  3. തറവാടി said...

    ഒന്നും എഴുതാന്‍ പറ്റുന്നില്ല

    ഒന്നു മാത്രം എഴുതാം ഇതാണ്‌ നന്‍മയുടെ മുഖം

  4. ശ്രീ said...

    ദ്രൌപതിവര്‍മ്മ...

    ഇത് അനുഭവം തന്നെ...
    നമ്മുടെ സമൂഹം അങ്ങിനെയായിപ്പോയി...എന്തു ചെയ്യാന്‍‌? അയാള്‍‌ വെറുമൊരു ഭ്രാന്തനല്ല എന്നാണ്‍ ഇപ്പോഴും എന്റെ വിശ്വാസം... സാഹചര്യങ്ങള്‍‌ അങ്ങിനെ ആക്കിയതാകാം...

    തറവാടീ...

    കമന്റിനു നന്ദി...

  5. ആവനാഴി said...

    ശ്രീ,

    അതെ, മനോഹരമായ കഥ.
    വളരെ വളരെ ഇഷ്ടപ്പെട്ടു.
    ഇനിയുമെഴുതൂ.
    ആശംസകള്‍.

    സസ്നേഹം
    ആവനാഴി

  6. വേണു venu said...

    ഞാന്‍ അയാളെ തന്നെ ശ്രദ്ധിച്ചു നിന്നു.
    ശ്രീ, ഈ ഞാനും ആ ആളുകളിലൊരാളായി മാറുന്ന സമയം വിദൂരമല്ല. മുഴു ഭ്രാന്തനെന്നു പുലമ്പി ഞാനും അയാളെ ശ്രദ്ധിക്കാതെ നില്ക്കും.
    ശ്രീ, ഇനിയും എഴുതുക.:)

  7. അപ്പു ആദ്യാക്ഷരി said...

    ശ്രീയുടെ നല്ലമനസ്സിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇത് കഥയല്ലല്ലോ, അനുഭവമല്ലേ? ഈ ഒരു പൊതിച്ചോറ് ഒരാളില്‍ മാത്രം ഒതുങ്ങാതെ, എന്നും ഓരോ ആവശ്യക്കാരെ ശ്രീക്കുട്ടന്‍ കണ്ടെത്തട്ടെ എന്ന് ആശംസിക്കുന്നു.

  8. അജി said...

    ശ്രീ സത്യത്തില്‍ ഭ്രാന്ത് നമ്മളില്‍ ഓരോരുത്തര്‍ക്കുമല്ലേ?, ആ പാവത്തിനെ കല്ലെറിഞ്ഞവര്‍ക്ക്, ആ കുഞ്ഞിനെ ആ വൃദ്ധനില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയ വൃദ്ധയ്ക്ക്, അങ്ങനെ ഓരോരുത്തര്‍ക്കും, മറ്റുള്ളവരുടെ സന്തോഷം നമ്മുക്ക് സംതൃപ്തി നല്‍കുന്നുവെങ്കില്‍ അവനാണ് മനുഷ്യന്‍ എന്ന് ഞാന്‍ പറയട്ടെ!!
    ശ്രീയുടെ പ്രവര്‍ത്തി എലാവര്‍ക്കുമൊരു പാഠമാവട്ടെ !!!

  9. ആഷ | Asha said...

    ശ്രീയേ പറയാന്‍ വാക്കുകള്‍ ഇല്ലാണ്ടാക്കി കളഞ്ഞല്ലോ :)

  10. അനിയന്‍കുട്ടി | aniyankutti said...

    അസ്സലായി ശ്രീ... നന്മകള്‍ മരിക്കാതിരിക്കട്ടെ...

  11. സുല്‍ |Sul said...

    ശ്രീ
    നന്നായി എഴുതിയിരിക്കുന്നു. നന്മകള്‍ എല്ലാവര്‍ക്കും.
    -സുല്‍

  12. Nikhil said...

    ശ്രീ,
    നന്നായി എഴുതിയിരിക്കുന്നു.

  13. വല്യമ്മായി said...

    താങ്കളിലെ നന്മ വിളിച്ചറിയിച്ച കഥ.ഭ്രാന്ത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട ഒരു അവസ്ഥയാണ്‍.അതിനെ കുറിച്ച് പണ്ട് പോസ്റ്റിയ ഒരു നുറുങ്ങ് കഥ ഇവിടെ.http://rehnaliyu.blogspot.com/2006/09/blog-post_06.html

  14. സൂര്യോദയം said...

    ശ്രീ... ഈ നന്മ പലരുടെയും മനസ്സില്‍ നിന്ന് നശിച്ചുപോയിരിയ്ക്കുന്നു... അല്ലെങ്കില്‍ നന്മയെ മറ്റ്‌ ചിന്തകള്‍ സ്വാധീനിച്ച്‌ മരവിപ്പിച്ചിരിയ്ക്കുന്നു. ഈ നന്മയുടെ ശോഭ കുറയാതെ സൂക്ഷിയ്ക്കുക എന്നതാണ്‌ ഏറ്റവും വലിയകാര്യം.... ഇതുപോലുള്ള ചില അനുഭവങ്ങള്‍, ഈ തൃപ്തി അനുഭവിച്ചിട്ടുള്ള എനിയ്ക്ക്‌ ശ്രീയുടെ ആ വികാരം ശരിയ്ക്ക്‌ മനസ്സിലാകുന്നു....

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:

    നല്ല കഥ എന്നു പറഞ്ഞ് താങ്കളുടെ നല്ല മനസ്സിനെ വില കുറച്ചു കാട്ടുന്നില്ല.

  16. ഏറനാടന്‍ said...

    ശ്രീ.., ആര്‍ദ്രതയോടെ വായിച്ചു. ഭ്രാന്തന്‍ എന്നു വിളിക്കരുത്‌ എന്നാണ്‌ ചിത്തരോഗ ഭിഷഗ്വരര്‍ പോലും പറയാറ്‌. അവരും മജ്ജയും മാംസവുമുള്ളവരാണ്‌. ജീവിതത്തിന്റെ നൂല്‍പാലത്തിലൂടെ യാത്രചെയ്യവെ മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്‌ടമായവരീ സാധുക്കള്‍!

  17. മുസ്തഫ|musthapha said...

    സ്വന്തം സുഖ സൌകര്യങ്ങളുടെ പോരായ്മകളെപ്പറ്റി ഈശ്വരനോടു പരാതി പറയാന്‍‌ പോകുന്നവര്‍‌ക്ക് സ്വന്തം സഹജീവിയെ പറ്റി ചിന്തിക്കാന്‍‌ നേരമെവിടെ?

    ഇതൊരു കനപ്പെട്ട ചോദ്യം തന്നെ!
    എനിക്കിനിയുമിനിയും തരണേയെന്നല്ലാതെ വേറെ എന്തുണ്ട് പ്രാര്‍ത്ഥിക്കാന്‍ അല്ലേ?

    ശ്രീ... താങ്കളുടെ മനസ്സിന്‍റെ നന്മ എന്നും നിലനില്‍ക്കട്ടെ.

  18. ശോണിമ said...

    മനോഹരമായിരിക്കുന്നു

  19. Areekkodan | അരീക്കോടന്‍ said...

    ഒരുപാടിഷ്ടമായി...നന്മകള്‍ മരിക്കാതിരിക്കട്ടെ...

  20. സു | Su said...

    ശ്രീ :)

  21. Unknown said...
    This comment has been removed by the author.
  22. നിമിഷ::Nimisha said...

    ആ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍...

  23. ശ്രീ said...

    ആവനാഴി...
    വേണുവേട്ടാ...
    അപ്പുവേട്ടാ...
    അജീ...
    ആഷ ചേച്ചീ...
    അനിയന്‍‌കുട്ടി...
    സുല്‍‌...
    കൊച്ചന്‍‌...
    വലിയമ്മായീ...
    സൂര്യോദയം...
    കുട്ടിച്ചാത്താ...
    ഏറനാടന്‍‌ മാഷേ...
    അഗ്രജന്...
    ശോണിമ...
    അരീക്കോടന്‍‌ മാഷേ...
    സൂവേച്ചീ....
    എല്ലാവര്‍‌ക്കും നന്ദി, ഈ ആനുഭവക്കുറിപ്പ് സ്വീകരിച്ചതിന്‍....
    പിന്നെ, നിതേഷ് എനിക്കു ചെറിയൊരു പണി തന്നല്ലോ... ശരിക്കും ലോഗ് ഔട്ട് ചെയ്യാതെ...
    സാരമില്ല... :)

  24. Pramod.KM said...

    ഒരു സംതൃപ്തി തോന്നി,വായിച്ചപ്പോള്‍.
    :)

  25. Dinkan-ഡിങ്കന്‍ said...

    ചാന്നാനും ,വേലായുധനും ശേഷം നല്ലൊരു ഭ്രാന്തന്‍
    qw_er_ty

  26. ശ്രീ said...

    നിമിഷ...
    പ്രമോദ്...
    ഡിങ്കന്‍‌...

    നന്ദി....
    :)

  27. d said...

    മനോഹരം, ശ്രീ..

    qw_er_ty

  28. ശ്രീ said...

    വീണ....

    കമന്റിനു നന്ദി...

  29. jense said...

    ശ്രീയുടെ പോസ്റ്റുകള്‍ പതിയെ വായിച്ചു തുടങ്ങി... ഇത് വല്ലാതെ മനസ്സില്‍ തട്ടി... അടുത്തത് വായിക്കട്ടെ...

  30. ash said...

    കഥ (അനുഭവം)എഴുത്ത് നന്നായിട്ടുണ്ട് ... ശ്രീയുടെ കണ്ണുകളിലൂടെ ആ ഭ്രാന്തനെ നമ്മള്‍ കണ്ടു... മനസ്സില്‍ വിചാരിച്ചത് ശ്രീ ഭ്രാന്തനു ചെയ്തു കൊടുക്കുകയും ചെയ്തു.... ത്രുപ്തിയായി...