Friday, April 27, 2007

ഓര്‍‌മ്മയില്‍‌ ഒരു നിമിഷം

ഞാന്‍‌ ബ്ലോഗില്‍‌ എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങി എന്നറിഞ്ഞപ്പോള്‍‌ എന്റെ സുഹൃത്തുക്കളില്‍‌ ചിലര്‍‌ പറഞ്ഞു, ഞങ്ങളുടെ കോളേജ് ജീവിതത്തിലെയും NSS ക്യാമ്പിലേയും മറക്കാനാകാത്ത ചില സംഭവങ്ങള്‍‌ കൂടി ഇതില്‍‌ ചേര്‍‌ക്കണമെന്ന്. അപ്പോഴാണ് ഈ സംഭവം എന്റെ ഓര്‍‌മ്മയില്‍‌ വന്നത്.

ഞങ്ങളുടെ എന്‍‌ എസ്സ് എസ്സ് ക്യാമ്പുകളെല്ലാം ആഘോഷമായിരുന്നു. ഒരുപാടു ചിരിക്കാനും ഓര്‍‌ത്തു വയ്ക്കാനുമുള്ള നിരവധി സന്ദര്‍‌ഭങ്ങള്‍‌ ക്യാമ്പുകളില്‍‌ നിന്നും ഞങ്ങള്‍‌ക്കു ലഭിച്ചിട്ടുണ്ട്. ബാച്ചുകള്‍‌ക്കിടയിലെ വാശികളും അകല്‍‌ച്ചകളുമില്ലാതെ, ആണ്‍‌കുട്ടികളേന്നോ പെണ്‍‌കുട്ടികളെന്നോ വേര്‍‌തിരിവില്ലാതെ, അദ്ധ്യാപകരെന്നോ വിദ്യാര്‍‌ത്ഥികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ ഒന്നു ചേരുന്ന ദിവസങ്ങളായിരുന്നൂ ക്യാമ്പിലെ ദിനങ്ങള്‍‌…

(ക്യാമ്പില്‍‌ നിന്നും 3 വര്‍‌ഷങ്ങള്‍‌ കൊണ്ടു കിട്ടിയ വിശേഷങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കാനാണെങ്കില്‍‌ അത് ഒരുപാടുണ്ട്… അതെല്ലാം ഓരോന്നായി വഴിയേ പറയാം)

സാധാരണയായി ക്യാമ്പില്‍‌ ആകെയുള്ള 40-60 പേരെ 4 ബാച്ചുകളാക്കി തിരിച്ച് ഓരോ ബാച്ചുകള്‍‌ക്കും ഓരോ ഡ്യൂട്ടി നല്‍‌കുകയാണ് പതിവ്. അങ്ങനെ ഒരു തവണ ക്യാമ്പിനിടയ്ക്ക് ക്യാമ്പസ് സൌന്ദര്യ വല്‍‌ക്കരണം നടക്കുന്ന സമയം (എന്നു വച്ചാല്‍‌ കോളേജ് ക്യാമ്പസ്സിലെ കാടും പടലവുമെല്ലാം വെട്ടി നശിപ്പിക്കുക, ചപ്പു ചവ്വറുകള്‍‌ തീയിടുക, പൂന്തോട്ടം വൃത്തിയാക്കുക… ഇതെല്ലാമാണ് പണികള്‍‌)

അങ്ങനെ ക്ലാസ്സ് റൂമുകള്‍‌ക്കടുത്തുള്ള കുറെ ചപ്പു ചവറുകള്‍‌ തീയിടുകയായിരുന്നു, ഞങ്ങള്‍‌…. ചവറുകളെല്ലാം അടിച്ചു കൂട്ടി അവിടെ ചെടികള്‍‌ നട്ടിരിക്കുന്നതിനടുത്തായി ഞങ്ങള്‍‌ തീയിട്ടു. തുടര്‍‌ന്ന് അവിടെ നിന്നും അല്‍‌പ്പം മാറി അടുത്ത ഏരിയ വൃത്തിയാക്കാന്‍‌ തുടങ്ങി. പെട്ടെന്ന് ചപ്പു ചവറുകള്‍‌ ദൂരെ കൊണ്ടു കളയാന്‍‌ പോയ ജൂനിയേഴ്സ് ആരോ ഓടി വന്നു പറഞ്ഞു- “ ചേട്ടാ, ദേ, അവിടെ നമ്മള്‍‌ ചവറിനു തീയിട്ടത് കാറ്റില്‍‌ പടര്‍‌ന്നു പിടിച്ചു… ഇപ്പോള്‍‌ അതു കെടുത്തിയില്ലെങ്കില്‍‌ ആ ചെടികളെല്ലാം കത്തി നശിക്കും”

കേട്ട പാടെ, ഞാനും രണ്ടു മൂന്നു സുഹൃത്തുക്കളും കൂടി അങ്ങോട്ടോടി ചെന്നു നോക്കി. ശരിയാണ്. തീ പടര്‍‌ന്നു തുടങ്ങി… ഞങ്ങള്‍‌ മണ്ണു വാരിയിട്ടിട്ടും തല്ലിക്കെടുത്താന്‍‌ നോക്കിയിട്ടും രക്ഷയില്ല. ഞാന്‍‌ വേഗം അവിടെ നിന്നും അപ്പുറത്തേയ്ക്കോടി, വെള്ളം കൊണ്ടു വന്ന് ഒഴിക്കാതെ തീ കെടില്ല. വെള്ളം എടുക്കണമെങ്കില്‍‌ കുറച്ചു താഴെ പോകണം. അങ്ങോട്ടോടുമ്പോഴുണ്ട്, ഞങ്ങളുടെ ജൂനിയറായ മാളു(പേര്‍ യഥാര്‍‌ത്ഥമല്ല) എന്ന കുട്ടി എതിരേ വരുന്നു. ഞാന്‍‌ ഓടി വരുന്ന കണ്ട് മാളു എന്നോടു കാര്യമന്വേഷിച്ചു. ഞാന്‍‌ വിശദീകരിക്കാനൊന്നും നിന്നില്ല. അത്യാവശ്യമായി കുറച്ചു വെള്ളം വേണമെന്നു മാത്രം പറഞ്ഞു….

“അതിനെന്താ, ഞാന്‍‌ പോയി എടുത്തു കൊണ്ടു വരാം” എന്നും പറഞ്ഞ് മാളു താഴേക്കു പോയി. വേഗം വരണമെന്നു പറഞ്ഞിട്ട് ഞാന്‍‌ വീണ്ടും തീ പടര്‍‌ന്നിടത്തേയ്ക്ക് ഓടി.

ഈ സമയമെല്ലാം ഞങ്ങള്‍ ബാക്കിയുള്ളവര്‍ ഏതു വിധേനയും തീ കെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു.

കുറച്ചു നേരം കഴിഞ്ഞിട്ടും വെള്ളം കൊണ്ടൂ വരാമെന്നു പറഞ്ഞിരുന്ന മാളുവിനെ കാണാനില്ല. ഞാന്‍‌ അക്ഷമനായി നില്‍‌ക്കുമ്പോഴേക്കും സംഭവമറിഞ്ഞ് താഴെ പണി ചെയ്തു കൊണ്ടിരുന്ന ചില സുഹൃത്തുക്കള്‍‌ ഒന്നു രണ്ടൂ ബക്കറ്റ് വെള്ളവുമായെത്തി. അങ്ങനെ ഒരു വിധത്തില്‍‌ വലിയകുഴപ്പങ്ങളൊന്നും പറ്റാതെ ഞങ്ങള്‍‌ തീയും കെടുത്തി ആശ്വാസത്തോടെ അപ്പുറത്തേയ്ക്കു ചെല്ലുമ്പോഴുണ്ട് മാളു പതുക്കെ മൂളിപ്പാട്ടും പാടി നടന്നു വരുന്നു. എന്നിട്ട് കയ്യിലിരുന്ന ഗ്ലാസ്സ് എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു “ഇതാ ചേട്ടാ... എന്തായാലും തണുത്ത വെള്ളമായിക്കോട്ടെ എന്നു കരുതി, ഞാന്‍‌ അപ്പുറത്തെ ഓഫീസിന്റെ ബ്ലോക്കില്‍‌ പോയി കൂളറില്‍‌ നിന്നും ആണ് വെള്ളമെടുത്തത്”

എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍‌ കുറച്ചു നേരം ആ ഗ്ലാസ്സും കയ്യില്‍‌ പിടിച്ചു നിന്നു.

തീ പിടിച്ച സംഭവമൊന്നും അറിയാതിരുന്ന മാളു കരുതിയത് ഞാന്‍‌ കുടിക്കാനായി വെള്ളം ചോദിച്ചതാണെന്നാണ്.

അന്നത്തെ ക്യാമ്പു വാര്‍‌ത്തകളിലെ പ്രധാന വാര്‍‌ത്തയായിരുന്ന ഈ സംഭവം കുറെ നാളത്തേയ്ക്ക് ഞങ്ങള്‍‌ക്കു പറഞ്ഞു ചിരിക്കാനും മാളുവിനെ കളിയാക്കാനുമുള്ള സംഭവമായിരുന്നു.( ഓരോ ദിവസത്തേയും അബദ്ധങ്ങളും തമാശകളുമെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍‌ത്ത് അന്നന്നത്തെ ക്യാമ്പു വാര്‍‌ത്തകളായി രാത്രി ചേരുന്ന യോഗത്തിന്റെ അവസാനം വായിച്ചു കേള്‍‌പ്പിക്കുന്ന പതിവുണ്ടായിരുന്നു)

----------------------------------------------------------------------------------

ഇന്ന് ഓര്‍‌ക്കുമ്പോള്‍‌ അതിലെ തമാശയെക്കാള്‍‌ ചെറിയൊരു വേദനയാണ് തോന്നുന്നത്. ബിരുദ പഠനത്തിനു ശേഷം മാളു വിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അസുഖം മൂലം കുറെ നാള്‍‌ കിടപ്പിലായിരുന്ന മാളു രണ്ടു വര്‍‌ഷം മുന്‍‌പ് ഈ ലോകത്തോട് വിട പറഞ്ഞു.

എങ്കിലും മാളുവിന്റെ നിഷ്ക്കളങ്കമായ ആ മുഖവും കാപട്യമില്ലാത്ത ചിരിയും ‘പാറപ്പുറത്തു ചിരട്ടയിട്ടുരയ്ക്കുന്നതു പോലെ’ എന്നു ഞങ്ങള്‍‌ തമാശയ്ക്കു കളിയാക്കാറുള്ള ആ ശബ്ദവും ഞങ്ങള്‍‌ക്കെന്നല്ല, പരിചയപ്പെട്ടിട്ടുള്ള ആര്‍‌ക്കും മറക്കാനാകുമെന്നു തോന്നുന്നില്ല.


[ഒരു പക്ഷേ, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിലോ എന്നു കരുതി ശരിയായ പേര്‍ അല്ല കൊടുത്തിരിക്കുന്നത്]

12 comments:

 1. ശ്രീ said...

  ഞാന് ബ്ലോഗില് എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങി എന്നറിഞ്ഞപ്പോള് എന്റെ സുഹൃത്തുക്കളില് ചിലര് പറഞ്ഞു, ഞങ്ങളുടെ കോളേജ് ജീവിതത്തിലെയും NSS ക്യാമ്പിലേയും മറക്കാനാകാത്ത ചില സംഭവങ്ങള് കൂടി ഇതില് ചേര്‍‌ക്കണമെന്ന്. അപ്പോഴാണ് ഈ സംഭവം എന്റെ ഓര്‍‌മ്മയില് വന്നത്.

 2. സു | Su said...

  ചിരിച്ചു.

  കരഞ്ഞു.

  ചിരിപ്പിക്കുന്ന, കരയിക്കുന്ന ഓര്‍മ്മകള്‍...

 3. ആഷ | Asha said...

  എഴുത്ത് ആദ്യം ചിരിപ്പിച്ചു അതിനു ശേഷം സങ്കടപ്പെടുത്തി

  html കാണുന്നല്ലോ ഇടയ്ക്ക്
  അതൊന്നു മാറ്റികൂടേ?

 4. ശ്രീ said...

  സൂവേച്ചി.....
  കമന്റിനു നന്ദി കേട്ടോ....
  :)

  ആഷ ചേച്ചി....
  നന്ദി.
  html കാണുന്നുണ്ടോ? എന്തു പറ്റിയെന്നറിയില്ല.... എനിക്കു നോക്കുംബോള്‍‌ പ്രശ്നം ഒന്നും തോന്നുന്നില്ല... നോക്കട്ടെ....

 5. Nithesh said...

  sri,
  ippolanu vayichathu. nannayittund.nalla ezhuth.oru cherunombaram vayanakkarkkai matti vachirikkunnu.....

 6. ധ്വനി said...

  മനസു നന്നാവട്ടെ
  മതമേതെങ്കിലുമാവട്ടെ!

  എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന എന്‍ എസ് എസ് ഗാഥകള്‍!

  എനിയ്ക്കുമുണ്ട് മധുരിയ്ക്കുന്ന ഓര്‍മകള്‍!

  മാളു പോയല്ലേ? :(

 7. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

  ശ്രീ, നിഷ്കളങ്കതക്ക് യാതൊരു വിലയുമില്ലാത്ത കാലം ...പാവം കൊച്ച്

 8. G.manu said...

  Sreee ninte top best post.......
  vedanippiechenkilum

 9. പ്രയാസി said...

  ശ്രീക്കുട്ടാ...
  നിഷ്കളങ്കര്‍ക്കു അധികം ആയുസ്സില്ല..!
  (നിഷ്കളങ്കാ..പ്യാടിക്കല്ലേ..)
  നല്ലൊരനുഭവം..
  ആ മാളൂട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കാം..

 10. ശ്രീ said...

  നിതേഷ്...
  നന്ദി.
  ധ്വനീ...
  “മനസ്സു നന്നാകട്ടെ...”
  ഇതേ ഗാനം വളരെ ആവേശത്തോടെയാണ്‍ ഞങ്ങളും 3 വര്‍‌ഷം പാടി നടന്നിരുന്നത്.
  ജിഹേഷ് ഭായ്...
  അതെ. കമന്റ്റിനു നന്ദി.
  മനുവേട്ടാ...
  മറക്കാനാകാത്ത ഇത്തരം ചില ഓര്‍‌മ്മകളുമുണ്ടല്ലോ.
  പ്രയാസീ...
  മാളുവിനു വേണ്ടി പ്രാര്‍‌ത്ഥിയ്ക്കുവാനല്ലേ ഇനി നമുക്കു കഴിയൂ...
  ഇതിനിടയിലും നിഷ്കളങ്കന്‍‌ ചേട്ടനിട്ടു വച്ചു, അല്ലേ?
  :)

  കുറച്ചു പഴയ ഈ പോസ്റ്റ് ഞങ്ങളുടെ N S S ക്യാമ്പിന്റെ ഓര്‍‌മ്മയ്ക്കായിട്ടാണ്‍ ഒന്നൂടെ ഇട്ടത്. വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍‌ക്കും നന്ദി.

 11. സഹയാത്രികന്‍ said...

  ശ്രീ... വായിച്ച് അറ്റം മുട്ടാറായപ്പോള്‍ നിനക്കിട്ട് എവിടെയാ താങ്ങാന്ന പോയിന്റ് കിട്ടിയ സന്തോഷത്തിലായിരുന്നു...
  പക്ഷേ അവസാനം വായിച്ചപ്പോള്‍... മനസ്സല്‍പ്പം വേദനിച്ചു...
  :(

 12. വാല്‍മീകി said...

  ശ്രീ.. പോസ്റ്റ് നന്നായി. എന്‍.എസ്.എസ്. ഓര്‍മകള്‍ ഒരുപാടുണ്ട് എനിക്കും. പലതും ഒരുപാടു ചിരിക്കു വകനല്കുന്നതും ആണ്. പക്ഷെ വേര്‍പാടിന്റെ വേദനകളും ഉണ്ട്.
  രണ്ടു എന്‍.എസ്.എസ്. ക്യാമ്പുകളില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന, പില്‍ക്കാലത്ത് ഈ ലോകത്തോട്‌ വിട പറഞ്ഞ ഒരു സുഹൃത്തിനെ ഓര്‍ത്തു.
  നന്ദി, ഈ ഓര്മ്മപ്പെടുത്തലുകള്‍ക്ക്.