Saturday, March 28, 2020

കൊറോണ കാലത്ത് ശ്രദ്ധിയ്ക്കേണ്ടത്

സുഹൃത്തുക്കളെ...

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒന്നൊഴിയാതെ കൊറോണ വൈറസിന്റെ പിടിയിലാണ്.  ഒരു തരത്തിൽ ഒരു മൂന്നാം ലോക മഹായുദ്ധ കാലത്തിലൂടെ കടന്നു പോകുകയാണ് മാനവരാശി മുഴുവനും. വലിപ്പ ചെറുപ്പമില്ലാതെ എല്ലാ രാജ്യങ്ങളും കടുത്ത പ്രതിസന്ധി ഘട്ടത്തിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയതെന്ന് കരുതപ്പെടുന്ന ഈ മഹാമാരി ഇതു വരെയും ഈ കുറിപ്പ് എഴുതുന്ന സമയം വരെയും  ഏതാണ്ട് മുപ്പതിനായിരം പേരുടെ  ജീവനെടുത്തു കഴിഞ്ഞു. ചൈന യിൽ നിന്ന് ആരംഭിച്ചു  ഇറ്റലി, ഇറാൻ, സ്‌പെയിൻ... ആയിരക്കണക്കിന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്.

ഇപ്പോൾ ഇന്ത്യയും ഈ അസുഖത്തിന്റെ ഏറ്റവും സാന്നിദ്ഗമായ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിയ്ക്കുന്നതായി ട്ടാണ് ആരോഗ്യ രംഗത്തെ പ്രഗത്ഭർ പറയുന്നത്. അതിനെ പ്രതിരോധിയ്ക്കുന്നതിന്റെ ഭാഗമായി രാജ്യം കുഴുവനും ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്... 3 ആഴ്ച. ഈ മൂന്ന് ആഴ്‌ചകൾ കൊണ്ട് രോഗം പകരുന്ന നിരക്ക് കുറച്ചു കൊണ്ട് വരാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ ഈ സമയ പരിധി ഇനിയും നീണ്ടു പോകാൻ സാധ്യത കാണുന്നുമുണ്ട്.

 വിദഗ്ധരുടെ  കണക്കുകൂട്ടലുകൾ പ്രകാരം, എന്തു തന്നെ ആയാലും ഇനിയുള്ള ഒന്ന് രണ്ടാഴ്ച നമ്മൾ വീട്ടിൽ നിന്ന് പുറത്ത് പോകരുത്. കാരണം കൊറോണ വൈറസ് മൂലമുള്ള രോഗത്തിൻ്റെ ഏറ്റവും മോശവശം ആരംഭിക്കുന്ന സമയമാണിത്.

 രോഗ ലക്ഷണങ്ങൾ പുറത്തു വരാൻ വേണ്ടതെന്നു കണക്കാക്കിയിട്ടുള്ള 14-21 ദിവസത്തിന്റെ സമയ പരിധി വച്ചു നോക്കുമ്പോൾ  ധാരാളം പോസിറ്റീവു റിസൾട്ട്സ് പുറത്തുവരാൻ തുടങ്ങുകയും (ധാരാളം ആളുകൾക്ക് അസുഖം ബാധിച്ചത് തെളിയിയ്ക്കപ്പെടാൻ തുടങ്ങുകയും) ചെയ്യുന്ന സമയമാണ് ഇത്.

 അതിനാൽ നമ്മളെല്ലാം വീട്ടിൽ തന്നെ തുടരേണ്ടത് വളരെ പ്രധാനമാണ്. എല്ലാവരും വളരെ ശ്രദ്ധാലുവായിരിക്കുക എന്നത് ഈ രോഗകാലത്ത് വളരെ നിർണായകവുമാണ്.

അടുത്ത രണ്ടാഴ്ച  നാം നമ്മളെത്തന്നെ കരുതണം,  പരിപാലിക്കണം. വൈറസിന്റെ വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്രകടമാകുന്ന ഏറ്റവും നിർണ്ണായകമായ സമയം ഈ  രണ്ടാഴ്ചയാണ്.

ഇതു വരെ തെളിയിയ്ക്കപ്പെട്ട  റിപ്പോർട്ടുകൾ പ്രകാരം സാധാരണയായി ഈ രണ്ടാഴ്ചയ്ക്കുള്ളിൽ ആണ്  രോഗം  മൂർധന്യാവസ്ഥയിൽ എത്തുന്നത്. ഈ സമയത്ത് നാം സാമൂഹിക അകലം പാലിച്ചാൽ ആ വ്യത്യാസം അതിനടുത്ത രണ്ടാഴ്ചയ്ക്ക് ശേഷം തീർച്ചയായും കണക്കുകളിൽ പ്രതിഫലിയ്ക്കുന്നതാണ്. ഈ അപകടകാരിയായ രോഗത്തെ പിടിച്ചു നിർത്താൻ നിലവിൽ ഇതു മാത്രമാണ് ഒരേയൊരു മാർഗം എന്നത് മറക്കാതിരിയ്ക്കുക. കാരണം ഇത് വരെയും പ്രതിവിധി മരുന്നുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരസുഖം ആണ് കൊറോണ വൈറസ് മൂലം നാം നേരിടുന്ന കോവിഡ്‌-19 എന്ന ഈ പകർച്ച വ്യാധി.


ചൈനയിൽ രോഗം മനസ്സിലാക്കാൻ സമയമെടുത്തതാണ് അവരുടെ പരാജയം ആയതെങ്കിൽ ഇറ്റലിയിലും സ്പെയിനിലെ US ലും സംഭവിച്ചത് രോഗ പകർച്ചയുടെ സീസണിൽ അതിനെ അവഗണിച്ചു എന്നതാണ്. അതുകൊണ്ടാണ് അവിടങ്ങളിൽ എല്ലാ നാടുകളിലും എല്ലാ തരം ജനങ്ങളിലും അത് പെട്ടെന്ന് പടർന്നു പിടിച്ചത്.

അതു കൊണ്ട് ആ തെറ്റുകൾ നമുക്ക് ആവർത്തിയ്ക്കാതിരിയ്ക്കാം. ഓർക്കുക. ഇറ്റലിയിലെയോ അമേരിയ്ക്കായിലെയോ പോലെ സമ്പന്ന രാജ്യം അല്ല നമ്മുടേത്. അതേ സമയം ജന സാന്ദ്രതയിൽ ഒരുപാട് മുന്നിലുമാണ് നമ്മൾ. രോഗം പടർന്നു പിടിച്ചാൽ ചികിത്സാ സൗകര്യങ്ങൾക്കും മറ്റുമായി നമ്മുടെ ചികിത്സാ സൗകര്യങ്ങൾ ഒന്നിനും തികയാതെ വരും.  ഇപ്പോൾ ഈ രോഗത്തെ പിടിച്ചു നിർത്താൻ സാധിച്ചില്ലെങ്കിൽ ഒരു പക്ഷെ നമ്മൾ പരിതപിയ്ക്കേണ്ടി വരും. പിന്നീട് പശ്ചാത്തപിയ്ക്കാൻ പോലും അവസരം കിട്ടാത്ത വിധം നമ്മളിൽ ചിലരെയോ വേണ്ടപ്പെട്ടവരെയോ നമുക്ക് നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം. അവസാന നിമിഷം വേണ്ടപ്പെട്ടവർക്ക് ഒരു അന്ത്യ ചുംബനമോ ആലിംഗനമോ പോലും നൽകാൻ ആകാതെ അവരെയോ നമ്മളെ തന്നെയോ കൂട്ടക്കുരുതി കൊടുക്കുന്നതിന് തുല്യമാണ് അത്. അനാഥ പ്രേതങ്ങൾ പോലെ, സിനിമകളിലും മറ്റും മാത്രം കണ്ടിട്ടുള്ള പോലെ യുദ്ധ കാലങ്ങളിൽ ഒക്കെ സംഭവിയ്ക്കുന്ന പോലെ നമ്മുടെയെല്ലാം ശവശരീരങ്ങൾ ആരോരുമില്ലാതെ കൂട്ടിയിട്ട് കത്തിയ്ക്കേണ്ടി വരുന്നതിന്റെ ഭീകരത ഒന്നോർത്തു നോക്കൂ.

ഭയപ്പെടുത്താൻ പറയുന്നതല്ല. ഇപ്പോൾ നമ്മൾ നേരിടുന്ന ഈ രോഗ കാലത്തിന്റെ ഏറ്റവും മോശമായ അവസാനം കൂടെ ഒന്നു ചിന്തിച്ചു നോക്കുന്നത് നമ്മൾ ഓരോരുത്തർക്കും അവരവരുടെ കടമകൾ മറക്കാതിരിയ്ക്കാൻ സഹായകരമായിരിയ്ക്കും എന്നു തോന്നി എന്നു മാത്രം.

ഫലപ്രദമായ മരുന്നുകൾ പോലും കണ്ടെത്താത്ത ഈ സാഹചര്യത്തിൽ  ചെയ്യാൻ ഒന്നു മാത്രമേ ഉള്ളൂ... സാമൂഹിക അകലം പാലിയ്ക്കുക, വ്യക്തി ശുചിത്വം പാലിയ്ക്കുക... നമുക്കോരോരുത്തർക്ക് വേണ്ടിയും നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടിയും ഈ നാടിനു വേണ്ടി തന്നെയും.

 അതു കൊണ്ട് വീട്ടിൽ തന്നെ ഇരിയ്ക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി അല്ലാതെ ഒരിടത്തേയ്ക്കും  പോകാതിരിയ്ക്കുക. ഇനി, പുറത്തു പോകേണ്ട ഒഴിവാക്കാൻ പറ്റാത്ത ആവശ്യം വന്നാൽ ആരോഗ്യ പ്രവർത്തകർ തരുന്ന മുന്നറിയിപ്പുകൾ പാലിച്ചു കൊണ്ട് മാത്രം പ്രവർത്തിയ്ക്കുക. കഴിവതും പ്രായമായവരെയും അസുഖ ബാധിതരെയും  ദുര്ബലരെയും ഗര്ഭിണികളെയും കൊച്ചു കുട്ടികളെയും പ്രത്യേകം ശ്രദ്ധിയ്ക്കുക.

സൂക്ഷിയ്ക്കുക... സർക്കാരും പോലീസും ആരോഗ്യ പ്രവർത്തകരും മാത്രം വിചാരിച്ചാൽ മാനവരാശിയെ ഒന്നാടങ്കം ബാധിച്ചിരിയ്ക്കുന്ന ഈ മാഹാവ്യാധിയെ പിടിച്ചു നിർത്താൻ കഴിയില്ല. വേണ്ടത് നാമോരുത്തരുടെയും കൂട്ടായ സഹകരണവും പ്രവർത്തനവുമാണ്.

എന്നും വേണ്ടപ്പെട്ടവർ നമ്മുടെ കൈപിടിയ്ക്കാൻ കൂടെയുണ്ടായിരിയ്ക്കാൻ വേണ്ടി... ഇന്ന് സമൂഹവുമായി ഒരു കയ്യകലം പാലിയ്ക്കുക.

                         - ശ്രീ

6 comments:

  1. ശ്രീ said...

    ലോകം മുഴുവനും കൊറോണ വൈറസിന്റെ പിടിയിൽ ആണ്...സർക്കാരും ആരോഗ്യ സംഘടനകളും പറയുന്ന പ്രകാരം ഇനിയും നാമൊരുമിച്ചു നിന്ന് അതിനെ പ്രതിരോധിച്ചില്ലെങ്കിൽ നമ്മെ കാത്തിരിയ്ക്കുന്നത് ഒരുവൻ വിപത്തു തന്നെ ആയിരിയ്ക്കും.... ഒരു പക്ഷെ, ഒരു മൂന്നാം ലോക മഹായുദ്ധം പോലെ ഒരു മഹാ വിപത്ത്...

  2. വിനുവേട്ടന്‍ said...

    സ്വയം കരുതലോടെ എല്ലാവരും പ്രവർത്തിച്ചാൽ നമുക്ക് കൊള്ളാം... അത്ര തന്നെ...

  3. Muralee Mukundan , ബിലാത്തിപട്ടണം said...

    കൊറോണക്കാലത്തെ കേരളത്തിലും
    ഇന്ത്യയിലുമുള്ള മുൻകരുതലുകൾ കാണുമ്പൊൾ
    തോന്നുക നമ്മുടെ നാടാണ് ഈ യൂറോപ്പിനേക്കാൾ
    വളരെ ഭേദമെന്ന് .
    ലണ്ടനിൽ ലോക്ക് ഡൗൺ ആണെങ്കിലും ബസും
    ട്യൂബും മൊക്കെ ഓടുന്നതിനാൽ സാമൂഹിക അകലം
    പാലിക്കുവാൻ സാധിക്കാത്ത കാരണം ഞങ്ങളൊക്കെ കൊറോണയെ
    സ്വീകരിക്കുവാൻ കാത്തിരിക്കുകയാണ് ...!
    ഇനിയെല്ലാം വരുന്നോടത്ത് വെച്ച് കാണാം ..?

  4. ഭായി said...

    രണ്ടാം ഘട്ടം കേരളം വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തു. സമൂഹ വ്യാപനത്തിന്റെ ചെറു കണിക പോലും കാണാനായില്ല.
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഹൃദയത്തിൽ തൊട്ട് നന്ദി.

    ശ്രീയുടെ ഒരു പോസ്റ്റ് വായിച്ച കാലം മറന്നു.

  5. ലക്ഷ്യം തെറ്റിയ തോണി said...

    👌

  6. ഗൗരിനാഥന്‍ said...

    കൊറോണ മുന്നേറി കൊണ്ടിരിക്കുന്നു. മുൻകരുതലുകൾ എടുക്കുന്നവർ കുറവും എടുക്കാത്തവർ കൂടുതലും ആയി കൊണ്ടിരിക്കുന്നു