Wednesday, May 22, 2019

പുകവലി ആരോഗ്യത്തിന് ഹാനികരം


കുട്ടിക്കാലത്തെ വേനലവധിക്കാലങ്ങൾ പലരെയും എന്ന പോലെ എനിയ്ക്കും അമ്മവീട്ടിലെ സന്ദർശനക്കാലമായിരുന്നു. അമ്മവീട് അന്നെല്ലാം ഒരത്ഭുതമായിരുന്നു.  മൂന്നു തട്ടുകളായി നീണ്ടു നിവർന്നു കിടക്കുന്ന ഒരു വലിയ പറമ്പിന്റെ ഒത്ത നടുക്കായി തലയുയർത്തി നിൽക്കുന്ന ആ പഴയ തറവാട്! അതായിരുന്നു അമ്മ വീട്. നാലഞ്ച് കിടപ്പു മുറികൾ, രണ്ട് അടുക്കള, തുടങ്ങി വിശാലമായ സൌകര്യങ്ങളുള്ള ആ തറവാട് അക്കാലത്തൊക്കെ ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ ജീവിച്ചിരുന്ന എനിയ്ക്കൊക്കെ അത്ഭുതമായതിൽ അതിശയമില്ലല്ലോ.

 
അവധിക്കാലമായാൽ അമ്മവീട് നിറയെ ആൾക്കാരായിരിയ്ക്കും. അച്ഛാച്ഛനും അമ്മാമ്മയ്ക്കും കൂടെ 12 മക്കൾ ആയിരുന്നേയ്. അപ്പോൾ അവരിൽ മൂന്നാലു പേരും അവരുടെ കുട്ടികളും എങ്കിലും അവധിക്കാലമായാൽ അവിടെ കാണും. അപ്പോ പിന്നെ കുട്ടികളായ ഞങ്ങൾക്ക് ആഘോഷമായിരിയ്ക്കുമല്ലോ. മൂന്നു തട്ടുകളായിട്ടായിരുന്നു പറമ്പ് എന്ന് സൂചിപ്പിച്ചല്ലോ. രണ്ടാമത്തെ തട്ടിലായിരുന്നു വീട്. മുകളിലെ തട്ടിലാകട്ടെ നിറയെ വലിയ മരങ്ങൾ ആണ്. മാവും പ്ലാവും കശുമാവും പേരയും അങ്ങനെയങ്ങനെ. അവിടുള്ള വലിയൊരു  പ്രിയോര്‍‌ മാവിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കളിസ്ഥലം. നിറയെ മണലും മാവിൽ കെട്ടിയ ഊഞ്ഞാലും ഒക്കെ തന്നെ പ്രധാന ആകർഷണം. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടർന്ന് പന്തലിച്ച് നില്കുന്നതുമായ ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും. നട്ടുച്ച സമയത്തു പോലും ആ കശൂമാവിന്റെ ചുവട്ടിൽ നല്ല തണലായിരുന്നു, ഒപ്പം കൊച്ചു കുട്ടികൾക്ക് പോലും അനായാസം കയറിപ്പോകാൻ കഴിയുന്ന ശിഖിരങ്ങളും.

​ 
കുട്ടികളായ ഞങ്ങളുടെ പ്രധാന പടക്കളം കൂടിയായിരുന്നു അത്. ഞങ്ങളുടെ രാമായണ/മഹാഭാരത യുദ്ധങ്ങളിൽ ബലിയാടുകളാകേണ്ടി വന്ന കയ്യും തലയും നഷ്ടമായ എത്രയോ വീര യോദ്ധാക്കളായ വാഴകൾ ഉണ്ടായിരുന്നു എന്നോ! പുറം ലോകമറിയാതെ പോയ എത്രയെത്ര കുരുക്ഷേത്ര യുദ്ധങ്ങൾ! ഇത്രയൊക്കെ സൌകര്യങ്ങൾ ഉണ്ടായാലും പുതുതായി എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകൾ ഒപ്പിയ്ക്കുക ഒരു ജീവിത വൃതമായി കണ്ടിരുന്ന കാലമായിരുന്നു ഞങ്ങൾക്ക്. അതു കൊണ്ടു തന്നെ ഇടയ്ക്കിടെ അമ്മയ്ക്കും അമ്മാമ്മയ്ക്കും ഒക്കെ ചെറിയ തലവേദനകൾ വരുത്തി വയ്ക്കുന്നത് പതിവായിരുന്നു.

 
  അങ്ങനെ എന്റെ രണ്ടാം ക്ലാസ്സിലെ വേനലവധിക്കാലത്തായിരുന്നു ഈ കഥയ്ക്കാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഞാൻ രണ്ടാം ക്ലാസ്സിലായിരുന്നെങ്കിൽ എന്റെ ചേട്ടൻ അഞ്ചിലും മാമന്റെ മകനായ പപ്പ ചേട്ടൻ ഏഴിലുമാണ് (പപ്പ ചേട്ടൻ ആയിരുന്നു ഞങ്ങളുടെ കുട്ടിപ്പട്ടാളത്തിന്റെ അനിഷേധ്യ നേതാവ്). അന്നൊരു ദിവസം എന്തു കൊണ്ടോ ഞങ്ങൾ മൂന്നു പേരും മാത്രമേ കുട്ടികളായി അവിടെ ഉണ്ടായിരുന്നുള്ളൂ... അതു കൊണ്ടു തന്നെ കൂട്ടം കൂടിയുള്ള കളികൾക്കൊന്നും കാര്യമായ സ്കോപ്പ് ഉണ്ടായിരുന്നില്ല.

 
ഒരിടത്ത് അന്റങ്ങിയൊതുങ്ങി ഇരുന്നുള്ള കളികൾ എല്ലാം ബോറടിച്ചപ്പോൾ പപ്പ ചേട്ടന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. സിനിമകളിൽ ഒക്കെ കാണും പോലെ കള്ളനും പോലീസും ഒക്കെ ആയി കളിയ്ക്കുക... അതൊരു നല്ല തീരുമാനമായി തോന്നിയ ഞങ്ങൾ സിനിമകളിലെ നായകനെയും വില്ലനെയും ഒക്കെ പോലെ അഭിനയം തുടങ്ങി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ വില്ലന് ഒന്നും ഒരു ത്രില്ലില്ല. അന്നത്തെ ടി വി സിനിമകളിലെ സ്ഥിരം വില്ലനൊക്കെ ആയി വരാറുള്ള ജോസ് പ്രകാശിനെ പോലെ ഒരു സിഗററ്റും കടിച്ച് പിടിച്ച് ഒരു തോക്കും ഒക്കെ എടുത്തു വരുന്ന വില്ലന്റെ ഒരു ഗമ ഒന്നും ഞങ്ങൾക്ക് കിട്ടുന്നില്ല. പള്ളിപ്പെരുന്നാളിന് വാങ്ങിയ കളിത്തോക്ക് ഒരെണ്ണം പപ്പചേട്ടന്റെ കയ്യിലുണ്ട്... അതു കൊണ്ട് തോക്കിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. പക്ഷേ, സിഗരറ്റ്! അതിനെന്ത് ചെയ്യും? കുടുംബത്തിൽ ആരും ഒരു ബീഡി പോലും വലിയ്ക്കില്ല, അതു കൊണ്ട് ഒരു മുറിബീഡി പോലും കിട്ടാനില്ല. എന്നു കരുതി വിട്ടു കളയാൻ പറ്റുമോ! പണ്ടേ പെർഫക്ഷന്റെ കാര്യത്തിൽ ഞങ്ങൾ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. സിഗരറ്റ് സ്വന്തം കയ്യാൽ നിർമ്മിയ്ക്കാൻ തന്നെ ഞങ്ങൾ തീരുമാനമായി.

 
 ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെ എന്ന് പപ്പ ചേട്ടൻ വിവരിച്ചു തന്നു. എന്നു വച്ചാൽ കടലാസും ചോറൂവറ്റും അറക്കപ്പൊടിയും. പണ്ടു തൊട്ടേ അവരുടെ ശിങ്കിടിയാകാൻ മാത്രം വിധിയ്ക്കപ്പെട്ട ഞാൻ അടുക്കളയിൽ പോയി ആരും കാണാതെ സിഗററ്റൂ നിർമ്മാണത്തിനാവശ്യമായ ഈ അസംസ്കൃത വസ്തുക്കൾ തപ്പിയെടുത്തു കൊണ്ടു വന്നു. എന്റെ ചേട്ടൻ ആണെങ്കിൽ പപ്പചേട്ടന്റെ വലംകൈ ആണ്. കക്ഷിയെ സഹായിച്ചാൽ മാത്രം മതിയാകും. (അടിമയായി ഞാനുണ്ടല്ലോ, ഹും!).

 
 വൈകാതെ പപ്പ ചേട്ടൻ വളരെ സൂക്ഷ്മതയോടെ കടലാസ് ഒക്കെ മുറിച്ചെടുത്ത് ഭംഗിയായി ചുരുട്ടി അതിന്റെ ഉള്ളിൽ അറക്കപ്പൊടി ഒക്കെ നിറച്ച് വശങ്ങൾ ഒട്ടിച്ച് സിഗററ്റ് നിർമ്മാണം ആരംഭിച്ചു. അതും പോരാഞ്ഞ് അതിന്റെ മുകളിൽ കൂടെ വെള്ള കടലാസ് ഒട്ടിച്ച് ഒരു അറ്റം കളറും കൊടുത്തു. പണി മുഴുവൻ കഴിഞ്ഞപ്പോൾ ഞങ്ങൾ ശരിയ്ക്കും ത്രില്ലടിച്ചു പോയി, നല്ല അസ്സൽ സിഗററ്റ്!

 സന്തോഷത്തോടെ കയ്യടിച്ച് കഴിഞ്ഞപ്പോഴാണ് നൊരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. പപ്പ ചേട്ടൻ അബദ്ധത്തിൽ രണ്ട് സിഗററ്റ് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ... ഞങ്ങളാണെങ്കിൽ മൂന്ന് പേരില്ലേ, അപ്പോ മൂന്നെണ്ണം വേണ്ടി വരുമല്ലോ. പാവം! വിട്ടു പോയതായിരിയ്ക്കും. വിനയാന്വിതനായി ഞാൻ അക്കാര്യം വേഗം തന്നെ അവർ ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തി. അവർ രണ്ടാളും എന്റെ തോളിൽ തട്ടി അഭിനന്ദിയ്ക്കും എന്നു കരുതിയ എനിയ്ക്ക് തെറ്റി. ജയലളിതയെ നോക്കി ചിരിയ്ക്കുന്ന ബാലൻ കെ നായരെ എന്ന പോലെ അവർ രണ്ടാളും എന്നെ നോക്കി കളിയാക്കി ചിരിയ്ക്കുന്നു.

 കാര്യം മനസ്സിലാകാതെ മിഴിച്ചു നിൽക്കുന്ന എന്നോട് പപ്പ ചേട്ടൻ പറഞ്ഞു - "തെറ്റിപ്പോയത് ഒന്നും അല്ല, ഞങ്ങൾ മന:പൂർവ്വം തന്നെ രണ്ടെണ്ണം ഉണ്ടാക്കിയതാണ്. ഇത് ഞങ്ങൾക്ക് രണ്ട് പേർക്കും മാത്രം ഉള്ളതാണ്. നീ കുഞ്ഞാണ്, നിനക്ക് സിഗററ്റ് വലിയ്ക്കാനുള്ള പ്രായം ആയിട്ടില്ല. ചിറ്റ എങ്ങനും കണ്ടാൽ (അതായത് എന്റെ അമ്മ) എന്നെ വഴക്കു പറയും. നീ ഞങ്ങൾ വലിയ്ക്കുന്നത് ഒക്കെ കണ്ടാൽ മാത്രം മതി".

 എന്റെ മനസ്സിലെ ഒരു ചീട്ടു കൊട്ടാരം ആയിരുന്നു ആ ഡയലോഗിൽ തകർന്നു വീണത്. എന്റെ ദയനീയമായ അഭ്യർത്ഥനകളെ നിഷ്കരുണം തള്ളിക്കളഞ്ഞു കൊണ്ട് അവർ ഇരുവരും ജോസ് പ്രകാശും ബാലൻ കെ നായരുമായി അടുക്കളപ്പുറത്തേയ്ക്ക് നടന്നു. ബോബനും മോളിയും പോകുമ്പോൾ കൂടെ പോകുന്ന ആ പട്ടിയെ പോലെ അവരുടെ പുറകെ ഞാനും. പക്ഷേ, ഒരു കാര്യവും ഉണ്ടായില്ല. അവർ ഇരുവരും നേരെ അടുക്കളയിൽ പോയി അതിൽ നിന്ന് ഒരു വിറകു കൊള്ളി എടുത്ത് അവരുടെ സുന്ദരന്മാരായ സിഗററ്റൂകളുടെ മൂട്ടിൽ മുട്ടിച്ചു. ഒരു യഥാർത്ഥ സിഗററ്റ് എന്ന പോലെ അത് എരിയാനും പുക വരുത്താനും തുടങ്ങി. അവർ നല്ല സ്റ്റൈലിൽ അതും കടിച്ച് പിടിച്ച് എന്നെ പുച്ഛത്തോടെ നോക്കിയിട്ട് അപ്പുറത്തേയ്ക്ക് നടന്നു.

 
 ഞാൻ ഏതാനും നിമിഷം കൂടെ ഇച്ഛാഭംഗത്തോടെയുള്ള അതേ നിൽപ്പ് തുടർന്നു, എന്റെ മനസ്സിൽ വിഷമവും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നു. ഇതിനു പകരം വീട്ടണം.  "എന്റെ കളരി പരമ്പര ദൈവങ്ങളാണേ... കാവിലമ്മയാണേ സത്യം! ഇന്ന് സൂര്യാസ്തമയത്തിനു മുൻപ്  ഇതു പോലെ തന്നെ ഒരു സിഗററ്റ് സ്വയം ഉണ്ടാക്കി, അവരുടെ കണ്മുന്നിലൂടെ നല്ല സ്റ്റൈലായിട്ട് ഒരു തവണ എങ്കിലും അതും വലിച്ചു കൊണ്ട് നടന്നിരിയ്ക്കും...." ഞാൻ ശപഥം ചെയ്തു.

 പക്ഷേ, ശപഥം ഒക്കെ ചെയ്തു കഴിഞ്ഞപ്പോഴാണ് ഓർത്തത് ഈ പുല്ല് എങ്ങനെ ഉണ്ടാക്കുന്നു എന്ന് ഞാൻ ശരിയ്ക്കങ്ങട് ശ്രദ്ധിച്ചില്ലായിരുന്നു. അവർ ഉണ്ടാക്കുമ്പോൾ എനിയ്ക്കും കൂടെ ഉണ്ടാക്കിത്തരുമെന്നല്ലേ ഓർത്തത്. ഇനിയിപ്പോ പോയി ചോദിയ്ക്കാനും പറ്റില്ലല്ലോ. എന്തായാലും ഇറങ്ങിത്തിരിച്ചു, ഇനിയിപ്പോ പിറകോട്ടില്ല. ഞാൻ രണ്ടും കൽപ്പിച്ച് ഒരു ന്യൂസ് പേപ്പറിന്റെ കഷ്ണവും കീറിയെടുത്ത് അടുക്കളയിലേയ്ക്ക് പോയി, അതിൽ അവർ ചെയ്ത പോലെ കുറച്ച് അറക്കപ്പൊടി വാരി ഇട്ടു. പക്ഷേ, ഭംഗിയായി അത് ചുരുട്ടിയെടുക്കാനോ ചോറു വറ്റു വച്ച് ഒട്ടിയ്ക്കാനോ ഉള്ള കഴിവൊന്നും അന്നത്തെ ഈ പാവം രണ്ടാം ക്ലാസ്സുകാരനുണ്ടായിരുന്നില്ല.

എത്ര ശ്രമിച്ചിട്ടും എനിയ്ക്ക് അതൊന്ന് ചുരുട്ടിയെടുക്കാൻ കഴിയുന്നില്ല. അവസാനം ഞാൻ രണ്ടും കൽപ്പിച്ച് ആ കടലാസ് കഷ്ണം എന്റെ കൈ വെള്ളയിൽ വച്ചു. എന്നിട്ട് മറ്റേ കൈവെള്ള കൊണ്ട് ചേർത്തു പിടിച്ചിട്ട് അങ്ങ് ചുരുട്ടിക്കൂട്ടി. (എന്നു വച്ചാൽ അടുപ്പിൽ നിന്നൊക്കെ കുറച്ചു തീ പകർന്നെടുക്കാൻ നമ്മളൊക്കെ ചിലപ്പോ ഒരു കഷ്ണം കടലാസ് എടുത്ത് നീളത്തിൽ ചുരുട്ടി കൂട്ടി എടുക്കില്ലേ... ദത് തന്നെ സംഭവം) എന്നിട്ട് അതിന്റെ ഒരറ്റം അവരു ചെയ്ത പോലെ ഒരു കഷ്ണം വിറകു കൊള്ളിയിൽ മുട്ടിച്ച് കത്തിച്ചു.

 എന്റെ "സിഗററ്റ്" എരിയാൻ തുടങ്ങിയതും എന്റെ കുഞ്ഞു മനസ്സിൽ ഒരു ചെറിയ സന്തോഷം മുള പൊട്ടി. കാണാൻ അവരുടെ സിഗററ്റിന്റെ ഭംഗി ഒന്നും ഇല്ലേലും ഞാനും ഉണ്ടാക്കിയല്ലോ ഒരു സിഗററ്റ്, അതും അവരുടെ സഹായം ഒന്നും ഇല്ലാതെ തന്നെ... എന്തായാലും കുറച്ച് അറക്കപ്പൊടി വാരി ഇട്ടിരുന്നതിനാൽ അതും നല്ല പോലെ പുകയുന്നുണ്ട്. സന്തോഷത്തോടെ അതും കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തിറങ്ങിയത്  ആ പീറ രണ്ടാം ക്ലാസ്സുകാരനായിരുന്നില്ല. മലയാള സിനിമയിലെ പേടി സ്വപ്നമായ ഒരു അസ്സൽ റൌഡിയായിരുന്നു.

 ആ ഗമയോടെ പുറത്തിറങ്ങിയ ഞാൻ എന്റെ കയ്യിലിരുന്ന സിഗററ്റ് എടുത്ത് വായിൽവച്ചു. എന്നിട്ട് സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞൊന്നു വലിച്ചു...

ഒരു നിമിഷം! എന്താണ് അവിടെ സം ഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിയ്ക്ക് പിന്നെയും ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു. എന്റെ തല പൊട്ടിത്തെറിച്ചതാണോ കണ്ണിലൂടെയും മൂക്കിലൂടെയും ഒക്കെ പുക പോയതാണോ എന്ന് മനസ്സിലാക്കാൻ സമയമെടുത്തു. ശിരസ്സിൽ വരെ കയറിയ ആ പുക കാരണം ഞാൻ നിർത്താതെ ചുമച്ചു കൊണ്ടിരുന്നു. ചുമച്ച് ചുമച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളം വന്നു. എരിഞ്ഞു തുടങ്ങിയ അറക്കപ്പൊടി കൂടി ഉണ്ടായിരുന്നതു കൊണ്ട് ഒരൊറ്റ വലിയ്ക്കു തന്നെ എന്റെ അണ്ടകടാഹം വരെ പുകഞ്ഞു... ഒരഞ്ചു മിനിട്ട് അവിടെ തന്നെ കുത്തിയിരുന്ന് ചുമച്ച് കഴിഞ്ഞിട്ടാണ് എനിയ്ക്ക് കുറച്ച് ആശ്വാസം കിട്ടിയത്. അപ്പോഴേയ്ക്കും കണ്ണ്  ആണെങ്കിൽ ചെങ്കണ്ണ് വന്ന പോലെ ചുവന്നിരുന്നു. അന്നു തീർന്നതാ തിരുമേനീ, സിഗററ്റൂം വലിയ്ക്കാനുള്ള പൂതി! (ഹൊ! ഈ പുകലവലിയ്ക്കുന്നവരെ ഒക്കെ സമ്മതിയ്ക്കണം). അങ്ങനെ വെറും രണ്ടാം ക്ലാസ്സിൽ വച്ചു തന്നെ തുടങ്ങിയ എന്റെ കടിഞ്ഞൂൽ പുകവലിയോടെ ഞാൻ എന്റെ ജീവിതത്തിലെ പുകവലി എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു.

 അതു മാത്രമല്ല, അന്ന് വളരെ വിലയേറിയ ചില സത്യങ്ങളും ഞാൻ മനസ്സിലാക്കി. 
 
1. പുകവലി ആരോഗ്യത്തിന് സത്യമായും ഹാനികരമാണ്.
2. രണ്ടാം ക്ലാസ്സുകാരൻ പുകവലിയ്ക്കാൻ പാടില്ല (അതിന് മിനിമം അഞ്ചാം ക്ലാസ് എങ്കിലും ആകണം)
3. പുക വലിയ്ക്കുന്നത് വായിൽ വച്ചാണെങ്കിലും അതിന്റെ അനന്തര ഫലങ്ങൾ  അനുഭവിയ്ക്കുന്നത് കണ്ണും മൂക്കും നെഞ്ചും ഒക്കെ ആയിരിയ്ക്കും.
4. സിനിമയിൽ ഒക്കെ അഭിനയിയ്ക്കുന്നത് അത്ര നിസ്സാര കാര്യമല്ല. പുകവലിയ്ക്കാൻ ഇത്രേം കഷ്ടപ്പാടാണെങ്കിൽ ബാക്കി പറയണോ.
5. കളരി പരമ്പര ദൈവങ്ങളാണേ... കാവിലമ്മയാണേ... ഇനി ഈ ജന്മത്ത് പുകവലി പരീക്ഷിയ്ക്കാൻ എന്നെ കിട്ടില്ല (ആദ്യത്തെ ശപഥം replace ചെയ്തു ട്ടാ)

11 comments:

  1. ശ്രീ said...

    കുട്ടിക്കാലത്തെ ഒരു രസകരമായ ഓർമ്മ!

  2. മഹേഷ് മേനോൻ said...

    ഒരുപാട് 'തീവണ്ടി'കളുടെ തുടക്കം ഇങ്ങനെയൊക്കെ ആയിരിക്കും ;-) രസകരമായി എഴുതി...

  3. ജിമ്മി ജോൺ said...

    അവധിക്കാലം + അമ്മവീട് = അഡാറ് കോമ്പോ

    പണ്ടത്തെ അവധിക്കാലങ്ങളൊക്കെ മനസ്സിലേയ്ക്ക് ഓടിയെത്തി..

    പേപ്പർ ചുരുട്ടി സിഗരറ്റാക്കുന്നതായിരുന്നു ഞങ്ങളുടെ രീതി.. അറക്കപ്പൊടി ചേർക്കുന്ന ഐഡിയ പൊളിച്ചു..

    (ബീഡി/സിഗരറ്റ് നമ്മക്കും ഹറാമാണ്)

  4. Muralee Mukundan , ബിലാത്തിപട്ടണം said...

    നല്ല ഓർമ്മകൾ ..
    നമുക്കൊക്കെ പപ്പ ചേട്ടനെ പോലെ
    പലതിലും ഗുരുക്കന്മാരായി വന്ന എത്രയെത്ര
    ആളുകൾ അന്നും ഇന്നും ഉണ്ട് അല്ലെ

  5. പിള്ളേച്ചന്‍‌ said...

    Good post

  6. സുധി അറയ്ക്കൽ said...

    വായിച്ചിരുന്നു.പുതിയതൊന്നുമില്ലേ??

  7. കാസിം തങ്ങള്‍ said...

    അറക്കപ്പൊടിയൊന്നുമിടാതെ,
    കടലാസ് ചുരുട്ടി ഞാനും അനിയനും കൂടീ
    കുറേ വലിച്ചിട്ടുണ്ട് ചെറുപ്പത്തിൽ.

    ഭാവുകങ്ങൾ ഈ ഓർമ്മയെഴുത്തിനു.

  8. Devarenjini... said...

    വളരെ യാദൃശ്ചികമായിരിക്കാം, പക്ഷെ അമ്മടെ വീടും തട്ട് തട്ട് ആയുള്ള പറമ്പും കുട്ടി പട്ടാളങ്ങളും മരച്ചോടുകളിലെ ഒത്തു ചേരലുകളും എല്ലാം വായിക്കുമ്പോൾ, എന്റെ കുട്ടിക്കാലത്തെ പോലെ തന്നെ എന്ന് തോന്നി പോയി... പുകവലി പരീക്ഷണം നന്നായിട്ടുണ്ട്, അതോണ്ട് എന്തായാലും ഭാവിയിൽ പഠിയ്ക്കേണ്ടത് രണ്ടാം ക്ലാസ്സിലെ പഠിച്ചില്ലേ ....

  9. വിനുവേട്ടന്‍ said...

    അതുകൊണ്ട് പുകവലിക്കാത്ത ഒരു ശ്രീയെ ഞങ്ങൾക്ക് കിട്ടി... സന്തോഷായി... വെൽ ഡൺ മൈ ബോയ്... വെൽ ഡൺ...

  10. ബഷീർ said...

    കുറെ കാലത്തിനു ശേഷം ബ്ലോഗ് വായിച്ചു ശ്രീ യുടെ എഴുത്ത് കുറെ ഓർമ്മകൾ സമ്മാനിച്ചു വീണ്ടും

  11. നളിനകുമാരി said...

    ഇഷ്ടായി ഈ കന്നിപുകവലി