Saturday, June 9, 2018

ചില പാചക രഹസ്യങ്ങള്‍


ഇന്നത്തെ കാലത്ത് ഏതെങ്കിലും വീട്ടില്‍ എന്തെങ്കിലുമൊക്കെ വിശേഷ ദിവസങ്ങള്‍ വന്നാല്‍... ഒരു ചെറിയ സദ്യ കൊടുക്കേണ്ട ആവശ്യം വന്നാല്‍ ഉടനെ ഒരു ഓഡിറ്റോറിയമോ മറ്റൊ ബുക്ക് ചെയ്ത് ഭക്ഷണകാര്യങ്ങള്‍ എല്ലാം ഏതെങ്കിലും കാറ്ററിങ് ടീമിനെ ഏല്പ്പിച്ച് തടി തപ്പുകയാണ് പതിവ്. സദ്യയ്ക്കുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കാനോ അതിനു വേണ്ടി ഓടി നടക്കാനോ ആര്‍ക്കും സമയവുമില്ല, മനസ്സുമില്ല.

  കുറച്ച് കാലം മുന്‍‌പ് വരെ പലപ്പോഴും നാട്ടിലെ വിശേഷ ദിവസങ്ങളില്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല പതിവ്. വിശേഷ ദിവസങ്ങള്‍ എന്തെങ്കിലും ആയാല്‍ ആ വീട്ടുകാര്‍ മാത്രമല്ല, ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും എല്ലാവരും ഒത്തു പിടിച്ച് ഉത്സാഹിച്ച് അത് ഗംഭീരമാക്കിത്തീര്‍ക്കുകയാണ് പതിവ്. സാധനങ്ങള്‍ വാങ്ങാന്‍ പോകാനും പച്ചക്കറികള്‍ അരിയാനും പന്തലിടാനും പാത്രങ്ങള്‍ കഴുകാനും എന്നു വേണ്ട, എല്ലാം കഴിഞ്ഞ് പന്തലഴിച്ച് വിരുന്നുകാരെല്ലാം പിരിഞ്ഞ് പോകും വരെ ഇഷ്ടം പോലെ ആളുകള്‍ ഉണ്ടാകും എല്ലാത്തിനും.

സദ്യയുടെ കാര്യം പറഞ്ഞാല്‍ ഒരുക്കങ്ങളും മറ്റും ഗംഭീരമായിരിയ്ക്കും. ആഘോഷ ദിവസത്തിനും ദിവസങ്ങള്‍ മുന്‍‌പേ ഒരുക്കങ്ങള്‍ തുടങ്ങണം. വിറകും പന്തലും പാത്രങ്ങളും ഒരുക്കണം, സദ്യയ്ക്കുള്ള സാധന സാമഗ്രികള്‍ എല്ലാം വാങ്ങി വയ്ക്കണം. സദ്യ ഒരുക്കുന്നതാണെങ്കില്‍ നാട്ടിലെ പ്രശസ്തനായ ഏതെങ്കിലും വ്യക്തി ആയിരിയ്ക്കും. പലപ്പോഴും കക്ഷിയ്ക്ക് ചില നിര്‍ബന്ധങ്ങള്‍ ഒക്കെ ഉണ്ടായിരിയ്ക്കുകയും ചെയ്യുക പതിവാണ്.

ഉദാഹരണത്തിന് ഒരിയ്ക്കല്‍ വീട്ടില്‍ അച്ഛന്റെ സുഹൃത്തായ ഒരു പാചകക്കാരന്‍ വന്നപ്പോള്‍ സദ്യയ്ക്ക് വേണ്ട സാധനങ്ങളുടെ കൂടെ വാളന്‍ പുളി വേണമെന്ന് എഴുതിയിരുന്നു. വീട്ടില്‍ പഴയപുളി ഇരിപ്പുണ്ടായിരുന്നതിനാല്‍ അത് വേറെ വാങ്ങി വച്ചില്ല. പക്ഷെ, പാചകക്കാരന്‍ വന്നപ്പോള്‍ പുളി ചോദിച്ചപ്പോള്‍ അച്ഛന്‍ ഇതെടുത്ത് കൊടുത്തു. എന്നാല്‍ കക്ഷിയ്ക്ക് അത് പോരാ. പഴകാത്തത് ഇല്ലേ എന്നായി. അത് ഇരിപ്പില്ല എന്ന് കേട്ട് അപ്പോള്‍ തന്നെ സൈക്കിളും എടുത്ത് പുറത്തെങ്ങോ പോയി ഒരു പൊതിയില്‍ പുതിയ പുളി എവിടുന്നോ സംഘടിപ്പിച്ചു കൊണ്ടു വന്ന ശേഷം ആണ് അന്ന് കക്ഷി പാചകം തുടങ്ങിയത്.  പിന്നീട് 'രസം' ഉണ്ടാക്കാന്‍ നേരം ഞങ്ങളെ വിളിച്ച് കാണിച്ചും തന്നു, ആ പുതിയ പുളി എന്തിനാണ് ചോദിച്ചത് എന്ന്. രസം ഉണ്ടാക്കുമ്പോള്‍ പഴയ പുളി ഇട്ടാല്‍ രസം കറുത്ത് ഇരിയ്ക്കുമത്രെ. സദ്യയ്ക്ക് ഉണ്ടാക്കുന്ന രസത്തിന്റെ നിറം അത്രയ്ക്ക് ഇരുണ്ട് ഇരിയ്ക്കാന്‍ പാടില്ല പോലും.

ഈയടുത്ത കാലത്ത് ഒരിയ്ക്കല്‍ പാലട പായസം ഉണ്ടാക്കാന്‍ നേരം പാചകക്കാരന്‍ പറഞ്ഞത് "സൂരജ്" എന്ന ബ്രാന്‍ഡ് ന്റെ പാലട പായ്ക്കറ്റ് വാങ്ങണം എന്നായിരുന്നു, [ മുന്‍പൊക്കെ പായസത്തിന് വേണ്ട അട ഇലയില്‍ ഉണ്ടാക്കി എടുക്കുകയായിരുന്നു പതിവ്. പതുക്കെ പതുക്കെ ചില പാചകക്കാര്‍ പോലും അതിനും എളുപ്പവഴികള്‍ നോക്കാന്‍ തുടങ്ങി]. അന്ന് ചേട്ടന്‍ വേറെ ഏതോ ബ്രാന്‍ഡ് വാങ്ങിയത് കക്ഷി ഉപയോഗിയ്ക്കാന്‍ കൂട്ടാക്കിയില്ല, ചേട്ടനെ രണ്ടാമതും നിര്‍ബന്ധിച്ച് പറഞ്ഞു വിട്ട് പറഞ്ഞ അതേ ബ്രാന്‍ഡ് തന്നെ വാങ്ങിപ്പിച്ച ശേഷമാണ് പായസം ഉണ്ടാക്കിയത്.

മറ്റൊരിയ്ക്കല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പാചകത്തിന് രണ്ടു കിലോ ശര്‍ക്കര വേണം എന്ന് പറഞ്ഞിരുന്നു. അവന്റെ വീട്ടില്‍ ഏതാണ്ട് ഒന്നര കിലോയോളം ശര്‍ക്കര മുന്‍പ് വാങ്ങിയത് ഇരിപ്പുണ്ടായിരുന്നതിനാല്‍ അവര്‍ വേറെ വാങ്ങിയില്ല. അത് മതിയാകും എന്ന് കരുതി, എന്നാല്‍ പാചകക്കാരന്‍ വന്നപ്പോള്‍ പ്രാത്രത്തില്‍ ഇട്ടു വച്ച ഈ ശര്‍ക്കര കണ്ടപ്പോള്‍ തന്നെ അത് പുതുതായി വാങ്ങി വച്ചതല്ല, ഇരിപ്പുണ്ടായിരുന്ന ശര്‍ക്കര എടുത്തു വച്ചതാണ് എന്ന് മനസ്സിലാക്കി. 'അത് മതിയാകാതെ വരും, വേറെ വാങ്ങണം' എന്നും പറഞ്ഞ് എന്റെ സുഹൃത്തിനെ വീണ്ടും കടയിലേയ്ക്ക് വിട്ട് ഒരു കിലോ ശര്‍ക്കര കൂടെ പിന്നെയും വാങ്ങിപ്പിച്ചു. എന്നിട്ടോ, പാചകം ചെയ്ത് കഴിഞ്ഞപ്പോഴും പുതുതായി വാങ്ങിയആ ഒരു പൊതി തൊടുക പോലും ചെയ്യാതെ അവിടെ ഇരിയ്ക്കുന്നുമുണ്ടായിരുന്നു...

വേറെ ചിലരാണെങ്കില്‍ ചില നിര്‍ബന്ധ ബുദ്ധിക്കാരാണ്. ചില പ്രത്യേക സാധനങ്ങള്‍ അവര്‍ പറയുന്നത് തന്നെ വേണം എന്ന് കടുംപിടുത്തം ഉണ്ടാകും. ചിലര്‍ പാലും തൈരും ഒന്നും പാക്കറ്റില്‍ കിട്ടുന്നത് ഉപയോഗിയ്ക്കില്ല. ചിലര്‍ പൊടിയുപ്പ് ഉപയോഗിയ്ക്കില്ല, കല്ലുപ്പ് തന്നെ വേണം. ചിലര്‍ പാക്കറ്റ് പൊടികള്‍ക്ക് പകരം അപ്പപ്പോള്‍ പൊടിച്ചെടുക്കുന്ന മസാലകളേ ഉപയോഗിയ്ക്കൂ... അങ്ങനെയങ്ങനെ. അത് കിട്ടാതെ അവര്‍ക്ക് തൃപ്തിയാകുകയുമില്ല. വളരെ പരിചയസമ്പത്തുള്ള അവര്‍ അങ്ങനെ കടുംപിടുത്തം പിടിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ പലപ്പോഴും എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാറുമുണ്ട്. ചില സാധനങ്ങളുടെ വേവ്, ചിലതിന്റെ രുചി,മണം എന്നിവ ഒക്കെ മൊത്തത്തിലുള്ള വിഭവങ്ങളുടെ സ്വാദിനെ സ്വാധീനിയ്ക്കാറുണ്ടാകണം. എങ്കിലും ചിലപ്പോഴെങ്കിലും ചിലതൊക്കെ നമുക്ക് ബാലിശമായും തോന്നാം. ചിലതൊക്കെ അവരുടെ വിശ്വാസം മാത്രവുമാകാറുണ്ട്...

കുറച്ചു നാളുകള്‍ക്ക് മുന്‍പ് എന്റെ സുഹൃത്ത് ദിലീപ് അവന്റെ ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ച് അവരുടെ വീട്ടില്‍ പോയതായിരുന്നു. പിറ്റേന്നത്തെ കല്യാണത്തിന് ഉള്ള ഒരുക്കങ്ങള്‍ നടക്കുന്ന സമയം. ഇവര്‍ ചെല്ലുമ്പോള്‍ പാചകക്കാരന്‍ എത്തിയിട്ടുണ്ട്. ദിലീപും പാചക തല്പരനായതിനാല്‍ അവന്‍ പാചകക്കാരനെ സഹായിയ്ക്കാന്‍ കൂടി. അയാള്‍ ആണെങ്കില്‍ ഓരോ സാധനങ്ങളും അയാള്‍ പറയുന്ന അതേ സാധനം അതേ അളവില്‍ വേണം എന്ന നിര്‍ബന്ധം ഉള്ളയാളായിരുന്നു.  പാചകത്തിന് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തതനുസരിച്ച് ഇവര്‍ അതും കൊണ്ട് അടുത്തുള്ള ചന്തയിലും സൂപ്പര്‍ മാര്‍ക്കറ്റിലും ഒക്കെ  പോയി ആ ലിസ്റ്റിലെ എല്ലാ സാധനങ്ങളും വാങ്ങി വന്നു.  അതിലെ ഒട്ടു മുക്കാലും സാധനങ്ങളും കിട്ടിക്കഴിഞ്ഞെങ്കിലും ചിലത് (അവിടെ ഇല്ലാതിരുന്നവ) അയാളെഴുതിയ അതേ ബ്രാന്‍ഡ് തന്നെ അല്ലായിരുന്നു. പക്ഷേ, അങ്ങനെ ഉള്ള സാധനങ്ങള്‍ എല്ലാം തന്നെ അയാള്‍ ദിലീപിനെ വീണ്ടും കടയില്‍ അയച്ച് വേറെ വാങ്ങിപ്പിച്ചു. അങ്ങനെ മൂന്നു നാലു തവണ ദിലീപും അവന്റെ ബന്ധുവായ ഒരു പയ്യനും കടയില്‍ പോയി വന്നു.

അപ്പോഴേയ്ക്കും സമയവും സന്ധ്യ കഴിഞ്ഞു. ഇവരാണെങ്കില്‍ ഓടി നടന്ന് തളര്‍ന്നു. അങ്ങനെ ഏതാണ്ട് എല്ലാം ശരിയായി എന്ന് സമാധാനിച്ച് ഇരിയ്ക്കുമ്പോള്‍ പാചക കാരന്‍ അതാ അവനെ വീണ്ടും വിളിയ്ക്കുന്നു. ചെന്നു നോക്കുമ്പോള്‍ അയാളുടെ കയ്യില്‍ L.G. കമ്പനിയുടെ ഒരു കായത്തിന്റെ ഒരു പായ്ക്കറ്റ്!

അത് ദിലീപിന്റെ നേരെ നീട്ടിയിട്ട് അയാളുടെ ഒരു ചോദ്യം " എന്താ ഇത്? "

"കായം അല്ലേ" - ദിലീപിന്റെ മറുപടി.

ലിസ്റ്റ് വീണ്ടും എടുത്തു കൊടുത്തിട്ട് അയാള്‍ പിന്നെയും "അത് മനസ്സിലായി. ഞാന്‍ എന്താ എഴുതിയിരുന്നത്? നോക്ക്"

മടുപ്പ് പുറത്ത് കാണിയ്ക്കാതെ ദിലീപ് ലിസ്റ്റ് വാങ്ങി നോക്കി "250 ഗ്രാം കായം - ചന്തയിലെ ദേവസ്യയുടെ കടയില്‍ നിന്ന്" എന്ന് എഴുതിയിരിയ്ക്കുന്നു.

"എഴുതിയിരിയ്ക്കുന്നത് കണ്ടോ?"

"കണ്ടു"

"എവിടെ നിന്ന് വാങ്ങാനാ എഴുതിയേക്കുന്നത്?"

"അത് പക്ഷേ, ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ L.G. ഉണ്ടായിരുന്നല്ലോ. അതുള്ളപ്പോ..."

അവനെ പറഞ്ഞ് മുഴുമിപ്പിയ്ക്കാന്‍ അയാള്‍ സമ്മതിച്ചില്ല. "അങ്ങനെ തോന്നുന്ന കമ്പനിയുടെ കായം ഒന്നും ഞാന്‍ ഉപയോഗിയ്ക്കില്ല"

അപ്പോഴേയ്ക്കും ചുറ്റുമുള്ള ആളുകളും ഇവരെ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. ആ ഒരു അസ്വസ്ഥതയോടെ  ദിലീപ് വീണ്ടും  : "ഏതേലും ലോക്കല്‍ ബ്രാന്‍ഡ് ഒന്നുമല്ലല്ലോ. L.G. ഒക്കെ ഫേമസ് ബ്രാന്‍ഡ് അല്ലേ. അതാണ് ഞാന്‍..."

അയാള്‍ പിന്നെയും ഇടയ്ക്ക് കയറി. "അത് പോരെന്നേയ്. എനിയ്ക്ക് ഞാന്‍ പറഞ്ഞ കടയില്‍ നിന്ന് തന്നെ കായം വേണം. അവിടെ ഇതു പോലെ പായ്ക്കറ്റില്‍ പായ്ക്ക് ചെയ്ത് വരുന്ന കായം ഒന്നും അല്ല. ദേവസ്യ നല്ല ശുദ്ധമായ നല്ല 916 കായം വെറും കടലാസില്‍ പൊതിഞ്ഞ് തരും. അതാണ് വേണ്ടത്. വേഗം പോ. പോയി ഇത് മാറ്റി അത് മേടിച്ചോണ്ട് വാ... വേഗം ചെല്ല്!"

അതും പറഞ്ഞ് അയാള്‍ ആ പായ്ക്കറ്റ് കായം ദിലീപിന്റെ കയ്യില്‍ വച്ചു കൊടുത്ത് തിരിച്ച് കടയിലേയ്ക്ക് പോകാന്‍ പറഞ്ഞു വിട്ടു. അവന്‍ ഒന്നും മിണ്ടാതെ അതും കൊണ്ട് പാചക പുരയില്‍ നിന്ന് പുറത്തേയ്ക്ക് നടന്നു. ഇതെല്ലാം കണ്ടു കൊണ്ട് കൂടെ നിന്നിരുന്ന ബന്ധുവായ പയ്യന്‍ ദിലീപിന്റെ ഒപ്പം ഓടിച്ചെന്നു.

"ഞാന്‍ പോയി ബൈക്ക് എടുത്തോണ്ട് വരട്ടെ, ചേട്ടായി?"

ദിപീപ് നിസ്സാരമായി ചോദിച്ചു "എന്ത് കാര്യത്തിന്...?"

ആ പയ്യന്‍ സംശയത്തോടെ ചോദിച്ചു... "അല്ല, ഈ കായം മാറ്റി വേറെ വാങ്ങണമെന്ന് അയാളു പറഞ്ഞല്ലോ... എന്നാലും ചന്തയില്‍ ഇനി അയാള്‍ പറഞ്ഞ കട ആരോട് ചോദിച്ചാലാണാവോ കണ്ട് പിടിയ്ക്കുക?"

"നീ ബൈക്ക് ഒന്നും എടുക്കണ്ട. പകരം അടുക്കളയിലോ മറ്റോ പോയി ഒരു കഷ്ണം പത്രക്കടലാസും ഒരു കഷ്ണം ചാക്കു നൂലും എടുത്തോണ്ട് വാ" - ദിലീപ്.

കാര്യം മനസ്സിലായില്ലെങ്കിലും പയ്യന്‍ ഓടിപ്പോയി 2 മിനുട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞ സാധനങ്ങളുമായി തിരികെ വന്നു.

ദിലീപ് ഒന്നും മിണ്ടാതെ കയ്യിലിരുന്ന ആ കായത്തിന്റെ പുറത്തെ കവറുകള്‍ ഒക്കെ വലിച്ച് കീറി ദൂരെ എറിഞ്ഞു. എന്നിട്ട് അത് ആ പത്രക്കടലാസില്‍ പൊതിഞ്ഞു, എന്നിട്ട് ചാക്കു നൂലു കൊണ്ട് കടക്കാരു കെട്ടി തരുന്ന പോലൊരു കെട്ടും കെട്ടി, അത് ആ പയ്യന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു. നീ ഒന്നും മിണ്ടാതെ ഈ പൊതി ഒരു പത്തു മിനുട്ട് കഴിയുമ്പോ അയാള്‍ക്ക് കൊണ്ട് കൊടുക്ക്...

ചെറിയൊരു അതിശയത്തോടെയെങ്കിലും അവന്‍ ഒന്നും പറയാതെ ദിലീപ് പറഞ്ഞത് പോലെ ആ പൊതിയും വാങ്ങി പോയി.

കുറച്ച് കഴിഞ്ഞ് രണ്ടാളും പാചക പുരയിലേയ്ക്ക് ചെന്നു. പയ്യന്‍ ആ പൊതി എടുത്ത് പാചകക്കാരന്റെ കയ്യില്‍ കൊടുത്തു. പൊതി കണ്ടപ്പഴേ കക്ഷിയുടെ മുഖം തെളിഞ്ഞു. അപ്പോള്‍ തന്നെ കെട്ടഴിച്ച് ആ പൊതി തുറന്ന് കായം കയ്യിലെടുത്ത് ഒന്ന് മണത്തു നോക്കി, തൃപ്തിയോടെ ഒരു ചിരിയും ചിരിച്ചു കൊണ്ട് അതും ഉയര്‍ത്തിപ്പിടിച്ച് എല്ലാവരെയും കാണിച്ചു കൊണ്ട് ദിലീപിനെ നോക്കി അയാള്‍ പറഞ്ഞു... "കണ്ടോ! ദാ, ദിതാണ് കായം! അല്ലാതെ L.G. യും മറ്റും ഒന്നും ഇതിന്റെ മുന്നില്‍ ഒന്നുമല്ല"

ഒരു ചെറു പുഞ്ചിരിയോടെ ദിലീപ് ആ പറഞ്ഞത് സമ്മതിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. അയാള്‍ ആണെങ്കില്‍ സംതൃപ്തിയോടെ തന്റെ പാചകത്തിലേയ്ക്ക് തിരിഞ്ഞു. പിറ്റേന്ന് സദ്യയുണ്ട് പുറത്തിറങ്ങിയ ദിലീപിനെ തിരഞ്ഞു പിടിച്ച് ആ പാചകക്കാരന്‍ ചോദിച്ചു...
"എങ്ങനുണ്ടായിരുന്നു സാമ്പാറും രസവും?"

'കലക്കിയില്ലേ... ചേട്ടന്‍ സൂപ്പറാ..."

സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അയാള്‍ അവനോട് പറഞ്ഞു "ഞാന്‍ പറഞ്ഞില്ലേ, ഓരോ സാധനങ്ങള്‍ക്കും പാചകത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്. അത് തന്നെ ചേര്‍ന്നാലേ അതിനൊക്കെ യഥാര്‍ത്ഥ സ്വാദ് കിട്ടൂ..."

തലയാട്ടി സമ്മതിച്ചു കൊണ്ട് ദിലീപ് ഒന്നു കൂടെ മനസ്സില്‍ കൂട്ടി ചേര്‍ത്തു... "... ഒപ്പം വിശ്വാസത്തിനും... അതിനും അതിന്റേതായ സ്ഥാനമുണ്ട്"

10 comments:

  1. ശ്രീ said...

    നാട്ടില്‍ പുറങ്ങളിലെ പാചകക്കാര്‍ക്ക് അവരവരുടേതായ ഒരു രീതി കാണും... എല്ലാ നാടുകളിലും. പലപ്പോഴും പാചകത്തിന്റെ രുചിയേയും ഗുണത്തേയും ഒക്കെ നിര്‍ണ്ണയിയ്ക്കുന്നതില്‍ ഇവരുടെ രീതികള്‍ക്കും പങ്കുണ്ടാകാറുണ്ട്.

    പാചകവും പാചകക്കാരുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ.

  2. Sukanya said...

    സദ്യവിശേഷങ്ങൾ രസത്തോടെ വായിച്ചു. നല്ല കായത്തിന്റെ മണം. പാലടയുടെ സ്വാദ്‌. പാചകക്കാരുടെ രീതികൾ കലക്കനായി അവതരിപ്പിച്ചു

  3. വിനുവേട്ടന്‍ said...

    ശ്രീയുടെ പാചകക്കാരന് ഞങ്ങളുടെ ശങ്കരേട്ടനുമായി നല്ല സാമ്യം... (ശങ്കരേട്ടനും രാസായുധവും ഫെയിം). ഇൻഗ്രേഡിയൻസിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല...

    ഈ ദേവസ്സി കൂട്ടു പെരുങ്കായം കലക്കീട്ടോ... :)

  4. സുധി അറയ്ക്കൽ said...

    നല്ല നാടന്‍ സദ്യ കഴിച്ച ഒരു ഫീല്‍ ഉണ്ടായിരുന്നു.കഥാകാരനു ഉണ്ടായ അനുഭവങ്ങളും കൂടി പറയാരുന്നു.

  5. Muralee Mukundan , ബിലാത്തിപട്ടണം said...

    ശ്രീയുടെ ഈ നൈർമ്മല്ല്യമായ എഴുത്തിന്റെ
    പാചകത്തിലൂടെ നാട്ടിൻ പുറങ്ങളിലെ സദ്യ വട്ടങ്ങളുടെ
    രുചിയിലൂടെ ഒരു സഞ്ചാരം ...!

  6. ജിമ്മി ജോൺ said...

    പാചകക്കാരനെ വേറെ കായം കൊടുത്ത് പറ്റിച്ചത് ശരിയായില്ല എന്നാണ് എന്റ്റെ ഒരു ഇത് ;)

    സാമ്പാറും രസവും നന്നായത് കൂട്ടുകാരന്റ്റെ ഭാഗ്യം... അല്ലെങ്കിൽ പണി പാളിയേനെ..

  7. ബൈജു സുല്‍ത്താന്‍ said...

    ശ്രീ.. കുറേക്കാലമായി ഈ വഴി വന്നിട്ട്. വീണ്ടും .. അസ്സലായി !

  8. Typist | എഴുത്തുകാരി said...

    ഇപ്പോൾ കല്യാണങ്ങൾക്കും സദ്യകൾക്കുമൊന്നും നാട്ടുകാർക്കും അയലക്കക്കാർക്കുമൊന്നും റോളില്ല. എലാം മൊത്തത്തിൽ ഏല്പിക്കുകയല്ലേ. ഭക്ഷണം കഴിക്കാൻ എത്തിയാൽ മതി.

  9. ശ്രീ said...

    Sukanya ...
    ആദ്യ കമന്റിനു നന്ദി, ചേച്ചീ

    വിനുവേട്ടന്‍ ...
    അതെയതെ.

    സുധി അറയ്ക്കൽ...

    നന്ദി, സുധി

    Muralee Mukundan , ബിലാത്തിപട്ടണം ...

    സന്തോഷം, മാഷേ

    ജിമ്മി ജോൺ ...

    വിശ്വാസം! അതല്ലേ എല്ലാം :)

    ബൈജു സുല്‍ത്താന്‍ ...

    ശരിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണല്ലോ ഈ വഴി... സന്തോഷം മാഷേ

    Typist | എഴുത്തുകാരി...
    വളരെ ശരിയാണ്, ചേച്ചീ

  10. Sarovaram said...

    നല്ല എഴുത്ത്