Monday, July 16, 2012

ഓര്‍മ്മകളില്‍ എന്റെ കലാലയം


പിറവത്ത് ബിപിസി കോളേജിലേയ്ക്ക് ഞാന്‍ BSc Electronics പഠിയ്ക്കാന്‍ വന്നു പെട്ടത് തികച്ചും യാദൃശ്ചികമായിട്ടാണ്. അത് 1999 ലെ ജൂലൈ മാസത്തിലായിരുന്നു. ഞാന്‍ പ്രീഡിഗ്രി പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കാലടി ശങ്കര കോളേജ് എന്നിവിടങ്ങളില്‍ കൂടാതെ ഞാന്‍ ആപ്ലിക്കേഷന്‍ കൊടുത്തിരുന്നത് അവിടേക്കു മാത്രമായിരുന്നു. ദൂരക്കൂടുതലുണ്ടെങ്കിലും പിറവം ബിപിസിയിലേയ്ക്ക് അപേക്ഷ കൊടുക്കാന്‍ കാരണം അച്ഛന്റെ സുഹൃത്തിന്റെ മകള്‍ അവിടെ പഠിച്ചിരുന്നതിനാല്‍ അവര്‍ വഴി ഒരു അപേക്ഷാ ഫോം അച്ഛന്‍ വാങ്ങിയിരുന്നതു കൊണ്ടും ആ കോളേജിനെ പറ്റി അവരില്‍ നിന്ന് നല്ല അഭിപ്രായം കിട്ടിയതു കൊണ്ടും കൂടിയാണ്.

എഞ്ചിനീയറിങ്ങ് എന്‍‌ട്രന്‍സ് ചിലപ്പോള്‍‌ കിട്ടിയേക്കും എന്നൊരു കൊച്ചു മോഹം എനിയ്ക്കും ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ ആദ്യ രണ്ടിടങ്ങളില്‍ നിന്നും വിളിച്ചപ്പോഴും അഡ്മിഷനു ചെന്നില്ല. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സ് മോഹം കരിഞ്ഞു തുടങ്ങി. കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളെല്ലാം പൈസ കൊടുത്ത് എഞ്ചിനീയറിങ്ങ് അഡ്മിഷന്‍ ശരിയാക്കിയപ്പോള്‍ അതിനു പറ്റിയ അവസ്ഥയിലല്ലായിരുന്നു എന്റെ കുടുംബം എന്നതിനാല്‍ ഞങ്ങള്‍ ആ വഴിയ്ക്ക് ചിന്തിച്ചതേയില്ല.  അതോടെ വീട്ടുകാരുടെ പ്രതീക്ഷകള്‍ തകര്‍‌ത്തല്ലോ എന്ന വിഷമം എനിയ്ക്കണ്ടായി. അങ്ങനെ എവിടെ എങ്കിലും പോയി എന്തെങ്കിലും (?) പഠിച്ചാല്‍‌ മതിയെന്നായി എനിയ്ക്ക്...  അങ്ങനെയിരിയ്ക്കെ ആണ് പിറവത്ത് നിന്നും ഇന്റര്‍‌വ്യൂ കോള്‍‌ വന്നത്. എന്തായാലും പോയി നോക്കാം എന്നു തന്നെ തീരുമാനിച്ചു. അച്ഛന്റെ കൂടെ അവിടേയ്ക്ക് തിരിച്ചു. മൂന്ന് മൂന്നര മണിയ്ക്കൂര്‍‌ സമയമെടുത്താണെങ്കിലും അവിടെ സമയത്ത് എത്തിപ്പെട്ടു. കോളേജും അന്തരീക്ഷവും എല്ലാം ഇഷ്ടപ്പെട്ടു. കുഴപ്പമില്ലാത്ത മാര്‍‌ക്കിന്റെ അടിസ്ഥാനത്തില്‍ അവിടെ ഇലക്ട്രോണിക്സിന് അഡ്മിഷന്‍ കിട്ടി.

അത്രയും ദൂരെ വന്ന് പഠിയ്ക്കണം എന്നുള്ളത് മാത്രം ഒരു പ്രശ്നമായി തോന്നി. പക്ഷേ അങ്ങനെ കുറച്ച് ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്ന് പഠിയ്ക്കുന്നവരെല്ലാം രണ്ടോ മൂന്നോ പേര്‍‌ ചേര്‍‌ന്ന് അവിടെ അടുത്ത് തന്നെ വീടുകള്‍ വാടയ്ക്ക് എടുത്ത് താമസിയ്ക്കുകയാണ് ചെയ്യുന്നത് എന്ന് അടുത്തുള്ള കടകളില്‍ നിന്നെല്ലാം അറിയാന്‍ കഴിഞ്ഞു. കോളേജ് ജംക്ഷനിലെ ഹോട്ടല്‍ നടത്തുന്ന മോഹനന്‍ ചേട്ടന്‍‌ തന്നെ വീട് ശരിയാക്കി തരാം എന്നേറ്റു. അന്ന് തന്നെ ഉച്ച സമയമായപ്പോള്‍ സീനിയേഴ്സ് ഭക്ഷണം കഴിയ്ക്കാന്‍ വന്ന സമയത്ത് അവരോട് ചോദിച്ച് അവരുടെ സഹായത്തോടെ മോഹനന്‍ ചേട്ടന്‍ ഒരു ചെറിയ താമസ സ്ഥലം അറേഞ്ച് ചെയ്തു തന്നു. അങ്ങനെ അടുത്തു തന്നെയുള്ള റബ്ബര്‍ പാല്‍ സംഭരണ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഒരു ഓഫീസ് താമസിയ്ക്കാനായി തരപ്പെട്ടു. മൂന്നു പേര്‍‌ക്ക് വരെ അവിടെ താമസിയ്ക്കാം എന്ന് വീട്ടുടമസ്ഥന്‍ സമ്മതിച്ചു.

രണ്ടു പേരെ കൂടി കിട്ടിയാല്‍ അവിടെ തന്നെ താമസിയ്ക്കാം എന്ന് തീരുമാനമായി. അക്കാര്യം മോഹനന്‍ ചേട്ടനോട് പറഞ്ഞപ്പോള്‍‌ തന്നെ തലേ ദിവസം തന്റെ കടയില്‍ താമസ സ്ഥലം അന്വേഷിച്ച് വന്ന ഒരു പയ്യനെ കൂടെ അവിടേയ്ക്ക് ശരിയാക്കി തരുന്ന കാര്യം അദ്ദേഹം ഏറ്റു. അങ്ങനെയാണ് തിരുവല്ലക്കാരനായ സഞ്ജുവിനെ എനിയ്ക്ക് റൂം മേറ്റ് ആയി കിട്ടിയത്. അങ്ങനെ ഞങ്ങള്‍‌ രണ്ടു പേരും കൂടെ അവിടെ താമസം തുടങ്ങി. അപ്പോഴും മൂന്നാമനു വേണ്ടിയുള്ള വേക്കന്‍സി അവിടെ ഒഴിഞ്ഞു കിടന്നു.

അങ്ങനെ ഏതാണ്ട് ഒരാഴ്ച കടന്നുപോയി. അന്നൊരിയ്ക്കല്‍ മോഹനന്‍ ചേട്ടന്റെ കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, അതേ കോളേജില്‍ തന്നെ കുറച്ച് വൈകി ജോയിന്‍ ചെയ്ത ഒരു കുട്ടി റൂം അന്വേഷിയ്ക്കുന്നുണ്ട് എന്നും ഞങ്ങളുടെ റൂമില്‍ ഒരു ഒഴിവ് ഉള്ള കാര്യം അവനോട് പറഞ്ഞിട്ടുണ്ട് എന്നും. അങ്ങനെ ഞങ്ങള്‍ അവനു വേണ്ടിയുള്ള കാത്തിരിപ്പിലായി.

പിറ്റേ ദിവസം വൈകുന്നേരം അതേ നാട്ടുകാരനായ ഒരാള്‍ ഞങ്ങളുടെ റൂമിലേയ്ക്ക് കയറി വന്നു, ഉലഹന്നാന്‍ എന്നാണ് പേര് എന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലെ സഹപ്രവര്‍‌ത്തകയുടെ മകനു വേണ്ടിയാണ് റൂമന്വേഷിയ്ക്കുന്നത് എന്നും ആള്‍ പിറ്റേ ദിവസം രാവിലെ ‘പെട്ടിയും കിടക്കയുമൊക്കെയായി’ അങ്ങോട്ടെത്തും എന്നും അറിയിച്ചു. സ്ഥലവും സൌകര്യവും ഒക്കെ ഒന്ന് നോക്കി പോകാന്‍ വന്നതാണ് താനെന്നും കൂട്ടിച്ചേര്‍‌ത്തു. അവസാനം യാത്ര പറഞ്ഞ് ഇറങ്ങും മുന്‍പ് ഒരു കാര്യം കൂടെ പറഞ്ഞു.

“ഈ വരുന്ന കക്ഷി മൃദംഗം പഠിയ്ക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ലെവലിലൊക്കെ മത്സരങ്ങള്‍ക്ക് പോയിട്ടുമുണ്ട്. അതു കൊണ്ട് ഇടയ്ക്ക് അത് പ്രാക്റ്റീസ് ചെയ്യേണ്ടി വരും. അത് നിങ്ങള്‍‌ക്ക് ഒരു ബുദ്ധിമുട്ടാകുമോ?”

ഇതു കേട്ടപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഞാന്‍ പുറത്ത് കാണിച്ചില്ല. പാട്ടുകാരനായാലും വയലിനോ ഓടക്കുഴലോ കീ ബോര്‍‌ഡോ മറ്റോ പഠിയ്ക്കുന്ന ആളായാലും സാരമില്ലായിരുന്നു... ഇത് മൃദംഗം! അതെനിയ്ക്കത്ര ദഹിച്ചില്ല. വല്ല പരിപാടികളും നടക്കുമ്പോള്‍ കാണാന്‍ രസമാ‍ണ് എന്ന കാര്യം മാറ്റി വച്ചാല്‍ മൃദംഗം പ്രാക്റ്റീസ് ചെയ്യുന്നതും സഹിച്ചു കൊണ്ട് ജീവിച്ചു പോകാന്‍ കഴിയും എന്ന് തോന്നുന്നില്ല... പക്ഷേ അതെങ്ങനെ അയാളോട് പറയും ?

അയാളാണെങ്കില്‍ ഞങ്ങളുടെ പ്രതികരണമറിയാന്‍ കാത്തുനില്‍‌ക്കുകയാണ്. ഞാന്‍ ചെറിയൊരു പ്രതീക്ഷയോടെ സഞ്ജുവിന്റെ മുഖത്തേയ്ക്ക് നോക്കി. സഞ്ജു യാതൊരു സങ്കോചവും കൂടാതെ മറുപടി പറഞ്ഞു

“ഓ... അതിനെന്താ... മൃദംഗമല്ലേ? അവന്‍ എത്ര നേരം വേണമെങ്കിലും പ്രാക്റ്റീസ് ചെയ്തോട്ടെ! മാത്രമല്ല, ഞങ്ങള്‍‌ക്കും ഒരു നേരം പോക്കാകുമല്ലോ. അല്ലേടാ? ”

എന്നിട്ട് എന്നെ ഒരു നോട്ടവും. ഞാന്‍ പിന്നെയും ഞെട്ടി. “ദൈവമേ... ഇവന്മാരു രണ്ട് പേരും ഇത്തരക്കാരാണോ? ഒരാള്‍ മൃദംഗം വായിയ്ക്കാനും മറ്റേയാള്‍ അത് കേട്ട് ആസ്വദിയ്ക്കാനും. ഞാന്‍ പെട്ടതു തന്നെ”. എങ്കിലും, തകര്‍ന്ന മനസ്സോടെയാണെങ്കിലും മുഖത്ത് ഒരു വിധത്തില്‍ ചിരിയെല്ലാം വരുത്തി, അതെയതെ എന്ന് ഞാനും തലയാട്ടി സമ്മതിച്ചു. അയാളാണെങ്കില്‍ സമാധാനത്തോടെ ഇറങ്ങി പോകുകയും ചെയ്തു.

അയാള്‍ അങ്ങ് റോട്ടിലേയ്ക്കിറങ്ങിയതും ഞാന്‍ കുറച്ചൊരു നിരാശയോടെ സഞ്ജുവിനോട് ചോദിച്ചു “നിനക്ക് ഈ മൃദംഗം ഒക്കെ ഇഷ്ടമാണല്ലേ? എനിയ്ക്ക് എന്തു കൊണ്ടോ അതിനോട് അത്ര മമത പോര...”

ഞാന്‍ പറഞ്ഞ് തീര്‍ന്നില്ല, സഞ്ജു ഇടയ്ക്ക് കയറി പറഞ്ഞു “എവിടെ? എനിയ്ക്ക് ആ ക്ണാപ്പ് കാണുന്നതു പോലും ഇഷ്ടമല്ല... പിന്നല്ലേ... അല്ല അളിയാ, ഈ മൃദംഗം എന്ന് പറയുന്ന സംഭവം ആക്‍ച്വലി എങ്ങനെ ഇരിയ്ക്കും?”

ഇത് കേട്ടതും എനിയ്ക്ക് പകുതി ആശ്വാസമായി. പാവം! ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു... എന്നാലും സംശയം തീര്‍ക്കാനായി ചോദിച്ചു “പക്ഷേ, നീ അയാളോട് പറഞ്ഞത്...”

ഞാന്‍ മുഴുമിപ്പിയ്ക്കും മുന്‍‌പെ അവന്‍ ഇടയ്ക്ക് കയറി പറഞ്ഞു “അത് പിന്നെ അയാള്‍ അങ്ങനെ ചോദിച്ചപ്പോള്‍ ഞാനങ്ങനെ പറഞ്ഞെന്നേയുള്ളു. നമുക്ക് അവനെ റൂമിനകത്തൊന്നും ഇരുന്ന് പ്രാക്റ്റീസ് ചെയ്യാന്‍ സമ്മതിയ്ക്കണ്ട .വേണമെങ്കില്‍ പുറത്തെ മുറിയിലോ കിച്ചണിലോ അതല്ലെങ്കില്‍ ആ പറമ്പിലോ മറ്റോ പോയിരുന്ന് എന്തു വേണമെങ്കിലും ചെയ്തോട്ടെ... അല്ലേ?”

‘അതു തന്നെ’. ഞാനും സമ്മതിച്ചു. അങ്ങനെ അടുത്ത ദിവസം വരാന്‍ പോകുന്ന ഭീകരനെ എങ്ങനെ നേരിടും എന്നാലോചിച്ച് ഞങ്ങള്‍ അന്ന് രാത്രി ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് നേരം വെളുത്ത് കുളിച്ച് കോളേജില്‍ പോകാനൊരുങ്ങുമ്പോള്‍ അതാ മുറ്റത്ത് തലേന്ന് വന്ന ആളും കൂടെ ഒരു കൊച്ചു പയ്യനും. ‘ഇതാണ് കുല്‍‌ദീപ്, ഞാന്‍ ഇന്നലെ പറഞ്ഞ പയ്യന്‍‍’. അയാള്‍ ഞങ്ങളെ പരിചയപ്പെടുത്തി.

എന്തായാലും പ്രതീക്ഷിച്ചതു പ്പൊലെ കാഴ്ചയില്‍‌ ഭീകരനൊന്നുമല്ല... ആശ്വാസം. ഞാന്‍ മനസ്സിലോര്‍‌ത്തു. വൈകാതെ അവന്റെ പെട്ടിയും സാമാനങ്ങളുമെല്ലാം റൂമിലേയ്ക്ക് എടുത്തു വയ്ക്കാന്‍ സഹായിച്ച ശേഷം അയാള്‍ യാത്ര പറഞ്ഞിറങ്ങി. വൈകാതെ ഞങ്ങള്‍ വിശദമായി പരിചയപ്പെട്ടു. അപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍‌ അറിയുന്നത്. അയാള്‍ പറഞ്ഞതു പോലെ ഒന്നുമല്ല... അവന്‍ മൃദംഗവും വായിയ്ക്കും എന്നേയുള്ളൂ... പ്രധാനമായും അവനൊരു പാട്ടുകാരനാണ്. പിന്നെ, വയലിന്‍‌, മൃദംഗം, തംബുരു, കീ ബോര്‍‌ഡ് അങ്ങനെ എല്ലാം കുറേശ്ശെ പഠിയ്ക്കുന്നുണ്ട് എന്നു മാത്രം. പിന്നെ, ഇതിനെല്ലാം പുറമേ അവന്‍ തൊട്ടു മുന്‍‌പത്തെ വര്‍ഷത്തെ യൂണിവേഴ്സിറ്റി കലാപ്രതിഭ കൂടി ആയിരുന്നത്രേ.

ഇതെല്ലാം കേട്ടപ്പോഴുള്ള ഞങ്ങളുടെ ഭാവമാറ്റം കണ്ട് അവന്‍ കാര്യമന്വേഷിച്ചു. തലേ ദിവസത്തെ സംഭവവും അത് കേട്ട് ഞങ്ങള്‍ തെറ്റിദ്ധരിച്ചതും തീരുമാനമെടുത്തതും എല്ലാം കേട്ട് അവനും ചിരിച്ചു പോയി. എന്തായാലും ഞങ്ങള്‍ക്ക് സമാധാനമായി, കുറച്ചൊരു അഭിമാനവും. ചെറിയൊരു കലാകാരനെ ആണല്ലോ റൂം മേറ്റ് ആയി കിട്ടിയിരിയ്ക്കുന്നത്. അങ്ങനെ കുല്‍ദീപ് ഞങ്ങളുടെ ‘കുല്ലു’ ആയി ഞങ്ങളോടൊപ്പം താമസവും പഠനവും തുടങ്ങി. ഒരേയൊരു വ്യത്യാസം മാത്രം... ഞങ്ങളെല്ലാം ഇലക്ട്രോണിക്സ് ബാച്ച് ആയിരുന്നുവെങ്കില്‍ അവന്‍ കമ്പ്യൂട്ടര്‍ ബാച്ച് ആയിരുന്നു.

വൈകാതെ ഞങ്ങളുടെ സുഹൃദ് വലയം മത്തനും ബിമ്പുവും ജോബിയും സുധിയും കൂടി ചേര്‍‌ന്നപ്പോള്‍ മൂന്നില്‍ നിന്ന് ഏഴായി ഉയര്‍‌ന്നു. പിന്നീടങ്ങോട്ടുള്ള മൂന്നു വര്‍‌ഷം ഞങ്ങളുടെ കാലമായിരുന്നു. എന്തെങ്കിലും വിശേഷ ദിവസങ്ങളിലാണെങ്കില്‍ കുല്ലുവിന്റെ ഒരു പാട്ടെങ്കിലും ഇല്ലാതിരിയ്ക്കില്ല...  കോളേജില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീടുണ്ടായിരുന്ന മത്തനാണെങ്കില്‍ കോളേജിലെ എന്തു പരിപാടിയേയും സ്വന്തം വീട്ടിലെയോ കുടുംബത്തിലേയോ എന്തോ ഒരു ചടങ്ങ് എന്ന പോലെ ആണ് കണ്ടിരുന്നത്. നാട്ടുകാരില്‍ നിന്നോ മറ്റോ എന്തെങ്കിലുമൊക്കെ സഹായങ്ങള്‍ വേണമെങ്കില്‍ അതിനായി എപ്പോഴും അവന്‍ മുന്നിട്ടിറങ്ങുമായിരുന്നു. കൂടാതെ സഞ്ജുവിന്റെ ചേച്ചിയായിരുന്നു അവിടുത്തെ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ അദ്ധ്യാപിക കൂടിയായിരുന്ന മഞ്ജു മിസ്സ് (ടീച്ചറായിരുന്നെങ്കിലും ഞങ്ങള്‍ക്ക് മഞ്ജു മിസ്സ് എന്നും മഞ്ജുചേച്ചി തന്നെ ആയിരുന്നു... അന്നും ഇന്നും). ബിബിനാണെങ്കില്‍ N S S ക്യാമ്പ് കോ ഓര്‍ഡിനേറ്ററും. അതു കൊണ്ടൊക്കെ തന്നെ, കോളേജിലെ എന്തു പരിപാടിയ്ക്കും ഞങ്ങളുടെ ഗ്യാങ്ങ് ഒപ്പമുണ്ടാകുമായിരുന്നു, മുന്‍‌പന്തിയില്‍ തന്നെ. മാത്രമല്ല, ഞങ്ങളുടെ ക്ലാസ്സിലെ മറ്റു സഹപാഠികളുടെ പിന്തുണയും സഹായവും എന്നും ഞങ്ങള്‍ക്കുണ്ടായിരുന്നു. കോളേജ് ഡേ, അസ്സോസിയേഷന്റെ പരിപാടികള്‍, ഓണം, വിഷു, ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ N S S ക്യാമ്പുകള്‍ അങ്ങനെ ഓരോ സംഭവങ്ങളും ഞങ്ങള്‍ ആഘോഷമാക്കി.

അങ്ങനെ മൂന്നു വര്‍‌ഷങ്ങള്‍ ... പഠനം മാത്രമല്ലാതെ ഓരോ ദിവസവും ഓരോ നിമിഷവും ആസ്വദിച്ച് ചിലവഴിച്ച മൂന്നു വര്‍ഷമായിരുന്നു ഞങ്ങള്‍ക്ക് പിറവം ബി പി സി യിലെ ആ ബിരുദ പഠനകാലം. അതു പോലെ ഒരു പഠനകാലം അതിനു മുന്‍പും ശേഷവും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല എന്ന് എന്റെ എല്ലാ സുഹൃത്തുക്കളും സമ്മതിയ്ക്കും. 2002 ജൂണ്‍ - ജുലൈ മാസത്തില്‍ ഞങ്ങളുടെ ബാച്ച് പഠനം പൂര്‍ത്തിയാക്കി അവിടെ നിന്നും ഇറങ്ങി.

ഇപ്പോള്‍ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ മൂന്നു വര്‍ഷം ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു സുവര്‍ണ്ണ കാലമായി നിലനില്‍ക്കുന്നു. ഇന്നും ഒട്ടേറെ സ്നേഹത്തോടെ, അഭിമാനത്തോടെ കുറച്ചൊരു നഷ്ടബോധത്തോടെ ഞങ്ങളെല്ലാവരും ഓര്‍ക്കുന്നു, ഞങ്ങളുടെ ബി പി സി യെ... കഴിഞ്ഞു പോയ ആ മൂന്നു വര്‍ഷത്തെ...

ഈ പോസ്റ്റ് ഞങ്ങളുടെ ബിപിസി കോളേജിനും 99-2002 ബാച്ചിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.

46 comments:

 1. ശ്രീ said...

  ബിരുദ പഠനം പൂര്‍ത്തിയാക്കിയ പിറവം ബിപിസി കോളേജിനെ പറ്റി പല തവണ ബ്ലോഗിലെഴുതിയതാണ്. എങ്കിലും ആ കോളേജില്‍ നിന്ന് പഠിച്ചിറങ്ങി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ ഒരിയ്ക്കല്‍ കൂടി ആ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ്.

  ഈ പോസ്റ്റ് ഞങ്ങളുടെ ബിപിസി കോളേജിനും 99-2002 ബാച്ചിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.

 2. എതിരന്‍ കതിരവന്‍ said...

  നൊസ്റ്റാൾജിയയെ എത്ര കളിയാ‍ക്കിയാലും കോളേജ് ദിവസങ്ങൾ എല്ലാവരിലും ദീപ്തമായ ഓർമ്മകൾ ആയി ഉണ്ടായിരിക്കും. അങ്ങനെയൊരു “അടിപൊളി” കാലഘട്ടം ജീവിതത്തിൽ ഉണ്ടായിരുന്നോ എന്ന് അദ്ഭുതപ്പെടും.
  താങ്ക്സ് ശ്രീ.

 3. രമേശ്‌ അരൂര്‍ said...

  പഠന കാലത്തെ ഓര്‍മ്മകള്‍ എത്ര പറഞ്ഞാലും തീരില്ല അല്ലെ ശ്രീ :) മൃദംഗത്തോട് ഇത്ര വിരോധം വരാന്‍ എന്താ കാരണം ? നന്നായി അത് കൊട്ടുന്നത് കേള്‍ക്കാന്‍ എന്ത് രസമാണ് എന്നറിയാമോ ?

 4. Anonymous said...

  ഒരു പാടു് നാളായി ഇവിടെ വന്നിട്ടു...
  നല്ല പോസ്റ്റ്.. (എന്റെയും കോളേജ് ജീവിതം കഴിഞ്ഞിട്ട് 10 വര്ഷം തികയാറാവുന്നു... )

 5. ഹരിശ്രീ said...

  :)

 6. Villagemaan/വില്ലേജ്മാന്‍ said...

  നല്ല പോസ്റ്റ്‌..

  കലാലയ സ്മരണകള്‍ എത്ര സുന്ദരം !

 7. Muralee Mukundan said...

  ദശവർഷങ്ങൾക്ക് ശേഷം ...
  ആ പഴയ കലാലയ സ്മരണകളും ത്രിമൂർത്തി മിത്രക്കൂട്ടായ്മളും വീണ്ടും ഭംഗിയായി തന്നെ തുയിലുണർത്തിയിരിക്കുന്നൂ...!

 8. sumesh vasu said...

  മ്യദംഗം കേൾക്കാൻ രസമല്ലേ മച്ചൂ..

  പോസ്റ്റ് ഇഷ്ടപ്പെട്ടു

 9. MyDreams said...

  ശ്രീയുടെ പോസ്റ്റ്‌ വായിക്കാന്‍ ഇത്തിരി വൈകി
  ശരിക്കും കൊതിച്ചു പോകുന്നു ശ്രീ ...
  ഇത് വായിക്കുനവരും നിങ്ങളില്‍ ഒരാളായി നിങ്ങളുടെ കൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നു .
  ഞാനും

 10. Typist | എഴുത്തുകാരി said...

  ഓര്‍മ്മകള്‍ നന്നായിരിക്കുന്നു ശ്രീ.

 11. ബിന്ദു കെ പി said...

  കുറേ നാളുകൾക്കു ശേഷമാണ് ശ്രീയുടെ ബ്ല്ലോഗിൽ വരുന്നത്. കലാലയസ്മരണ നന്നായി. ആ നാളുകളൊക്കെ എന്തുരസമാണ് അല്ലേ...?

  അല്ല, ഈ മൃദംഗത്തിനോട് എന്താ ഇത്ര വിരോധം ശ്രീ? പാവല്ലേ അത്? :)

 12. ശ്രീ said...

  എതിരന്‍ജീ...

  ആദ്യ കമന്റിന് വളരെ നന്ദി. മാഷ് പറഞ്ഞത് വളരെ ശരിയാണ്. എപ്പോള്‍ ആലോചിച്ചാലും അത്രയും നല്ല ഒരു കാലഘട്ടം എന്തേ വീണ്ടും നമുക്ക് വീണ്ടും അനുഭവിയ്ക്കാന്‍ കഴിഞ്ഞില്ലെ എന്ന് ഓര്‍ക്കാറുണ്ട്...

  രമേശ് മാഷേ...
  ശരിയാണ്, കലാലയ ഓര്‍മ്മകള്‍ എത്ര പറഞ്ഞാലും തീരില്ല.

  കരിങ്കല്ല്...
  സന്ദീപേ... കുറേ കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷം ട്ടോ.

  ശ്രീച്ചേട്ടാ... :)

  വില്ലേജ്‌മാന്‍...
  വളരെ ശരിയാണ് മാഷേ.

  മുരളീമുകുന്ദന്‍...
  നന്ദി മാഷേ. ആശംസകള്‍ക്കും പ്രോത്സാഹനത്തിനും.

  സുമേഷ് വാസു...
  വളരെ നന്ദി.

  MyDreams ...
  അങ്ങനെ ഈ പോസ്റ്റ് വായിയ്ക്കുമ്പോള്‍...ആ കാലഘട്ടത്തിലൂടെ ഇതിലെ കഥാപാത്രങ്ങളെ മനസ്സിലാക്കി അതുള്‍ക്കൊള്ളാനാകുന്നു എന്ന് കേള്‍ക്കുന്നതാണ് ഏറ്റവും സംതൃപ്തി തരുന്നത്... നന്ദി :)

  എഴുത്തുകാരി ചേച്ചീ...
  വളരെ നന്ദി.

  ബിന്ദു ചേച്ചീ...
  വീണ്ടും കണ്ടതില്‍ സന്തോഷം :)

  =================
  പിന്നെ... രമേശ് മാഷിനോടും സുമേഷിനോടും ബിന്ദു ചേച്ചിയോടും

  മൃദംഗത്തോട് വിരോധമല്ല കേട്ടോ. മൃദംഗം വായന കേള്‍ക്കാറുമുണ്ട്. പക്ഷേ... പ്രാക്ടീസ് ചെയ്യാനായി ദിവസവും അതും പഠനത്തിനിടയ്ക്ക് അത് കേള്‍ക്കേണ്ടി വരുന്നത് അത്ര രസമായിരിയ്ക്കില്ല എന്ന് തോന്നി. അത്രേയുള്ളൂ... പിന്നെ, വരാന്‍ പോകുന്ന വിദ്വാന്‍ എത്ര നന്നായി വായിയ്ക്കുമെന്ന് അറിയുകയുമില്ലായിരുന്നല്ലോ... :)
  ============

 13. Dhanush | ധനുഷ് said...

  നല്ല ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റ്‌.

  കോളേജ് ഒരു അനുഭവം തന്നെയാണ്. എത്രയോ തവണ അവിടേക്ക് വീണ്ടും വീണ്ടും പോകാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ആലോചിച്ചിട്ടുണ്ട് . പോയി ആ ഗാലറിയില്‍ അല്ലെങ്കില്‍ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ ഒന്ന് വെറുതെ ഇരുന്നാല്‍.. ഉണ്ടാകുന്ന ആ ഉന്മേഷം . ഓരോ അനുഭവങ്ങളും എഴുതണം എന്നും ഉണ്ടായിരുന്നു . ചിലതൊക്കെ കുത്തി കുറിച്ചു ഒരു വഴിക്കാവും. പിന്നെ മറക്കും.

  എത്ര വലുതായാലും ആ കലാലയസ്മരണകള്‍ നമ്മള്‍ ഒരിക്കലും മറക്കില്ല. അതിനെ പറ്റി മിക്ക ദിവസവും ആലോചിച്ചു കൊണ്ടിരിക്കുകയും ചെയ്യും :)

 14. കുമാരന്‍ | kumaaran said...

  ഓർമ്മകൾക്കെന്ത് മധുരം.. :)

 15. Sukanya said...

  ശ്രീയുടെ "പിള്ളേച്ചന്‍" പോലെ ഒരു റൂം മേറ്റ്‌ കഥാപാത്രത്തെ പ്രതീക്ഷിച്ചു. ഈ റൂം മേറ്റ്സ് ഡീസെന്റ്‌ ആണല്ലോ.

 16. പി. വിജയകുമാർ said...

  കലാലയ ജീവിതം പോലെ സുന്ദരമായ ഒരു കാലഘട്ടം ജീവിതത്തിൽ ഉണ്ടാവില്ല. ഓർമ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോയ ഈ കുറിപ്പിന്‌ നന്ദി.

 17. കുന്നെക്കാടന്‍ said...

  വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

  എതോരളിന്റെയും ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ് ബിരുദക്കാലം.

  ശ്രിയോടൊപ്പം ഞാന്‍ എന്റെ എ മനോഹര നിമിഷങ്ങളും ഓര്‍മ്മിക്കുന്നു

 18. Echmukutty said...

  ഇനി ഒരിക്കലും ശ്രീയുടെ പോസ്റ്റ് വായിച്ചു തരേണ്ട എന്ന് എന്റെ കൂട്ടുകാരൻ പറഞ്ഞു. കാരണം മൃദംഗത്തിനെപ്പറ്റി എഴുതിയത് കടു കടുത്ത വേദനയുണ്ടാക്കി ആ ഹൃദയത്തിൽ..........

  നല്ലൊരു മൃദംഗ വായനക്കാരന്റെ ഹൃദയം തകർന്ന ഒച്ച ശ്രീയ്ക്ക് കേൾക്കാനാവുന്നുണ്ടോ?

  പോസ്റ്റ് എന്നത്തേയും പോലെ സുന്ദരം...

 19. P.R said...

  കുറെ കാലമായി ഇതുവഴിയും, ബ്ലോഗ്ഗര്‍ വഴിയും...
  സുഖമാണോ ശ്രീ? വര്‍ഷ എന്തുപറയുന്നു?
  പോസ്റ്റ്‌ എന്നത്തെയും പോലെ നോസ്ടാല്ജിപ്പിയ്ക്കുന്നു...

 20. ഭായി said...

  വീണ്ടും ഒരു ശ്രീ ടച്ച് !

  മധുരമുള്ള ഓർമ്മകൾ.

 21. വീ കെ said...

  കലാലയ കാലം ആർക്കെങ്കിലും മറക്കാൻ കഴിയുമോ...? പഠിക്കുക, കളിക്കുക എന്നതിനപ്പുറം മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ലാത്ത കാലം...!

  മുറിവാടക എങ്ങനെ കൊടുക്കും, ഭക്ഷണമില്ലാതെ ദിവസങ്ങളെങ്ങനെ കഴിച്ചു കൂട്ടാമെന്നു ഗവേഷണം നടത്തുന്ന ഒരു ന്യൂനപക്ഷം കാണാതിരിക്കില്ല. വേദനയിൽ പൊതിഞ്ഞ സുഖമുള്ള ഓർമ്മകളും ഇന്നവർക്കുമുണ്ടാകും...!!

 22. ശ്രീനാഥന്‍ said...

  ശ്രീയുടെ കല്ലാലയ സ്മരണകൾ വായിക്കാൻ നല്ല രസമാണ്. അതിന്റെ ലാളിത്യവും ആർജ്ജവവും എടുത്തു പറയാതെ പറ്റില്ല.

 23. ശ്രീ said...

  Dhanush | ധനുഷ് മാഷേ...
  വളരെ ശരിയാണ്. അങ്ങനെ കലാലയ ഓര്‍മ്മകളെ താലോലിയ്ക്കാത്തവരുണ്ടാകില്ല.

  വായനയ്ക്കും കമന്റിനും വളരെ നന്ദി.
  കുമാരേട്ടാ...
  നന്ദി.

  Sukanya ചേച്ചീ...
  കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം. പിള്ളേച്ചന്‍ അന്നും ഞങ്ങളുടെ സഹപാഠി ആയിരുന്നു :)

  പി. വിജയകുമാർ...
  സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും വളരെ നന്ദി.

  കുന്നെക്കാടന്‍ ..
  ആ കലാലയ ജീവിതം ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം :)

  Echmukutty ...
  അയ്യോ... ആ കലാകാരനോട് എന്റെ ഒരു സോറി പറയൂ ചേച്ചീ... മ്രദംഗ വായന ഇഷ്ടമല്ലെന്നല്ല പറഞ്ഞത്, പഠിയ്ക്കുന്ന സമയത്ത് തൊട്ടപ്പുറത്ത് ഒരാള്‍ മൃദംഗവും പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നാല്‍ എങ്ങനെയിരിയ്ക്കുമെന്ന ഒരു പേടി.
  പക്ഷേ, കുല്ലുവിനെ പരിചയപ്പെട്ട ശേഷം ആ പേടിയെല്ലാം അസ്ഥാനത്താണെന്ന് മനസ്സിലായി. പല രാത്രികളിലും ഞങ്ങള്‍ എന്തൊക്കെ മേളങ്ങളായിരുന്നുവെന്നോ...

  P.R ചേച്ചീ...
  ഒരുപാടു നാളുകള്‍ക്ക് ശേഷം ഇവിടെ വന്നതില്‍ സന്തോഷം ചേച്ചീ. വര്‍ഷ സുഖമായിരിയ്ക്കുന്നു :)

  ഭായി...
  വായനയ്ക്കും കമന്റിനും വളരെ നന്ദി.

  വീ കെ മാഷേ...
  ശരി തന്നെയാണ്. ചിലപ്പോഴെങ്കിലും ഞങ്ങളും ആ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.
  വായനയ്ക്കും കമന്റിനും വളരെ നന്ദി.

  ശ്രീനാഥന്‍ മാഷേ...
  വളരെ സന്തോഷം. വായനയ്ക്കും കമന്റിനും പ്രോത്സാഹനത്തിനും വളരെ നന്ദി. :)

 24. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

  നന്നായിരിക്കുന്നു ശ്രീ.. പതിവുപോലെ കലാലയ സ്മരണകൾ..

 25. അമ്പിളി. said...

  ശ്രീ ഈ നല്ല പോസ്റ്റിനു അഭിനന്ദനം. കലാലയ ഓര്‍മ്മകള്‍ എത്ര നാളുകള്‍ പിന്നിട്ടാലും നമ്മളില്‍ പുളകം തീര്‍ത്തു കൊണ്ടേയിരിക്കും. മോഹന്‍ ലാല്‍ അഭിനയിച്ച സര്‍വകലാശാല എന്ന സിനിമ ഓര്‍മ്മയില്ലേ. എത്ര ഭംഗിയായി കലാലയ ജീവിതം വരച്ചിരിക്കുന്നു ആ ചലച്ചിത്രത്തില്‍. ശ്രീയുടെ ഈ പോസ്റ്റ്‌ വായിച്ചു ഞാനും പോയി കുറെ പിന്നോട്ട്. നന്ദി ശ്രീ.

 26. പെണ്‍കൊടി said...

  കുറേ കാലത്തിനു ശേഷമാണ്‌ ഈ വഴി വരുന്നത്.. ഇപ്പോഴും ഇവിടെ സജീവമായി തുടരുന്നതില്‍ അഭിനന്ദനങ്ങള്‍....

 27. ജയരാജ്‌മുരുക്കുംപുഴ said...

  മനോഹരം .... ........ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

 28. പട്ടേപ്പാടം റാംജി said...

  എഴുതിയാലും തീരാത്തതാണ് വിദ്യാഭ്യാസ കാലഘട്ടവും കുട്ടിക്കാലവും അല്ലെ ശ്രീ. അന്നത്തെ അനുഭവത്തിന്റെ മധുരത്തോടെ ശ്രീ അത് പകര്‍ത്തുമ്പോള്‍ വായന സുന്ദരമാകുന്നു. അദ്യാനുഭവങ്ങളില്‍ നമ്മള്‍ക്ക് ഇഷ്ടമില്ല എന്നതിനെ സ്വീകരിക്കാന്‍ നാം ആദ്യം മടിക്കുമെങ്കിലും അവസാനം പക്ഷെ നാമും അതില്‍ ഇഴുകിച്ചേരും. പിന്നീട് അത് മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായി മാറുകയും ചെയ്യും.

 29. sreee said...

  ശ്രീയുടെ മനോഹരമായ കലാലയ ഓര്‍മ്മകള്‍ .

 30. Gopan Kumar said...

  നന്നായി എഴുതി

  ഓണാശംസകള്‍

 31. ശ്രീ said...

  ബഷീര്‍ക്കാ...
  വളരെ നന്ദി

  അമ്പിളി...
  ശരിയാണ്, കലാലയ ഓര്‍മ്മകള്‍ അത്രയ്ക്ക് മനോഹരമാണ്. കലാലയ സിനിമകളില്‍ എനിയ്ക്കും ഏറ്റവുമിഷ്ടം 'സര്‍വ്വകലാശാല' തന്നെ ആണ്.

  പെണ്‍കൊടി ...
  കുറേക്കാലത്തിനു ശേഷം ഈ വഴി വന്നതില്‍ സന്തോഷം.

  ജയരാജ്‌മുരുക്കുംപുഴ ...
  :)

  പട്ടേപ്പാടം റാംജി ...
  ശരിയാണ് മാഷേ. പറഞ്ഞാലും എഴുതിയാലും തീരാത്ത ഓര്‍മ്മകളാണ് അതെല്ലാം.
  sreee ...
  നന്ദി ചേച്ചീ

  Gopan Kumar...
  വളരെ നന്ദി.

  എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍ ...

 32. വിചാരം said...

  ശ്രീ .. എഴുത്ത് വളരെ നന്നായിരിക്കുന്നു, നിന്റെ അനുഭവം അതേപോലെ വായനക്കാരില്‍ എത്തിക്കുന്ന വാക്കുകളും വാചകങ്ങളും അതിലേറെ ഏവര്ക്കെന്ന പോലെ രസകരമായ അനുഭവവും.

 33. കഥപ്പച്ച said...

  കാംപസ്‌ ജീവിതം വീണ്ടും ഓര്‍ത്തത്‌ നന്നായി ....ഞാനും ജോയിന്‍ ചെയ്യുന്നു

 34. കഥപ്പച്ച said...

  ഫോളോവര്‍ ഗാട്ജെറ്റ് കാണുന്നില്ലേ ...സഹായിക്കണേ :)

 35. Akbar said...

  പ്രിയ ശ്രീ....ഈ പോസ്റ്റു എന്നെ വീണ്ടും പഴയ കോളേജ് ക്യാമ്പസ്‌ലും ഹോസ്റ്റല്‍ മുറിയിലും എത്തിച്ചു. ഒരിക്കലും മറക്കാത്ത ആ നല്ല നാളുകള്‍. അന്നത്തെ സൌഹൃദങ്ങള്‍ക്ക് കുറച്ചൂടെ ആത്മാര്‍ഥത ഉണ്ടായിരുന്നു എന്നാണു എനിക്ക് തോന്നുന്നത്.

 36. ശ്രീ said...


  വിചാരം ...
  വളരെ നന്ദി മാഷേ
  കഥപ്പച്ച ...
  സ്വാഗതം. ഫോളോവര്‍ ഓപ്ഷന്‍ വച്ചിട്ടില്ല മാഷേ :)

  അക്‍ബര്‍ മാഷേ...
  ആ പഴയ നാളുകള്‍ ഓര്‍ത്തെടുക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

 37. അമ്പിളി. said...

  puthiya post onumille sree?

 38. ശിഖണ്ഡി said...

  ഇഷ്ടപ്പെട്ടു.. കുറച്ചു നാളുകള്‍ക്കു ശേഷം, ശ്രീ യില്‍ നിന്നും നല്ലൊരു വായന...

 39. Krishna said...

  Nalla ormakal....

 40. വെള്ളിക്കുളങ്ങരക്കാരന്‍ said...

  പോസ്റ്റ്‌ നന്നായിട്ടുണ്ട്ട്ടോ...

 41. SREEJITH NP said...

  പോസ്റ്റ്‌ വളരെ നന്നായി ശ്രീ. പുതിയ പോസ്റ്റ്‌ ഒന്നും കാണുന്നില്ലല്ലോ, തിരക്കായിരിക്കും അല്ലെ.

 42. Lathika Subhash said...

  ശ്രീ, എത്ര നാളായി ഞാൻ ഈ വഴി വന്നിട്ട്? നല്ല ഓർമ്മകൾ.

 43. Crazy Mind | എന്‍റെ ലോകം said...

  മനോഹരമായ കലാലയ ഓര്‍മ്മകള്‍.. നന്നായിരിക്കുന്നു !

 44. PIN said...

  Good... Keep writing

 45. ഡോ. പി. മാലങ്കോട് said...

  മധുരിക്കും ഓര്‍മ്മകളേ.........
  എന്നാലും ആ മൃദംഗ വായന...... :)

 46. http://www.blogger.com/profile/08070704775661172792 said...

  http://parayuvaneare.blogspot.com/2013/02/blog-post.html
  മനോഹരമായ ഓര്‍മ്മകള്‍.....