Monday, December 17, 2012

ഒരു വര്‍ഷം കൂടി യാത്രയാകുന്നു


അങ്ങനെ 2012 ന്റെ അവസാനനാളുകളിലേയ്ക്ക് നമ്മളെല്ലാവരും വന്നെത്തിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കപ്പുറത്ത് ഒരു പുതിയ വര്‍ഷം നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും എന്തെല്ലാമായിരിയ്ക്കും പുതുവര്‍ഷം കാത്തു വച്ചിരിയ്ക്കുന്നതെന്ന് നമുക്കറിയില്ല. നല്ലതോ ചീത്തയോ... അതെന്തു തന്നെ ആയാലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പണ്ടെല്ലാം ഓരോ പുതുവര്‍ഷം അടുക്കുന്തോറൂം ആകാംക്ഷയോടെ കാത്തിരിയ്ക്കാറുള്ളത് പുതു വര്‍ഷത്തെ കലണ്ടര്‍ ആയിരുന്നു. ഡിസംബറിലെ പരീക്ഷയെക്കാളും അവധിയെക്കാളും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത് വരും വര്‍ഷത്തെ കലണ്ടറിനെ ആയിരിയ്ക്കും. ആ ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ അച്ഛന്‍ ജോലി കഴിഞ്ഞ് വരുന്നത് കാത്തിരിയ്ക്കും. പുതിയ കലണ്ടറും കൊണ്ടാണോ വരവ് എന്നറിയാന്‍ തന്നെ.

എന്തു കൊണ്ടെന്നറിയില്ല, ആ കലണ്ടര്‍ കാണുന്നതും ഒന്നെടുത്ത് മറിച്ചു നോക്കുന്നതുമെല്ലാം ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. ചിത്രങ്ങളുള്ള കലണ്ടറുകളോടായിരുന്നു അന്നൊക്കെ കൂടുതലിഷ്ടം. മനോരമയുടെയോ മാതൃഭൂമിയുടെയോ ഒരു കലണ്ടര്‍ എന്തായാലും കാശു കൊടുത്ത് വാങ്ങും. അതു കൂടാതെ ബാങ്കുകളുടെയോ ടെക്സ്റ്റൈല്‍ ഷോപ്പുകളുടെയോ ജ്വല്ലറികളുടെയോ ഒക്കെ കലണ്ടറുകളും കിട്ടും. അവയിലായിരിയ്ക്കും ചിത്രങ്ങള്‍ എന്നതു കൊണ്ട് അതൊക്കെ ആയിരിയ്ക്കും കൂടുതലിഷ്ടം. പിന്നെ പിന്നെ, വളര്‍ന്നു വരുന്തോറും അങ്ങനെയുള്ള കൌതുകങ്ങള്‍ കുറേയൊക്കെ കുറഞ്ഞെങ്കിലും ഇപ്പോഴും ആദ്യമായി വരും വര്‍ഷത്തെ കലണ്ടര്‍ കാണുമ്പോ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്.

അമ്മ വീട്ടില്‍ ചെല്ലുമ്പോള്‍ മലയാളം അക്കങ്ങളിലുള്ള ചില കലണ്ടറുകളും
പണ്ടൊക്കെ കാണാറുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങളായി അത്തരം കലണ്ടറുകള്‍ കാണാറേയില്ല.  അതു പോലെ ഉള്ള കലണ്ടറുകളൊക്കെ ഇപ്പോള്‍ ഇറങ്ങുന്നുണ്ടോ എന്തോ...

0 1 2 3 4 5 6 7 8 9 10 100 1000 ¼ ½ ¾
൦

മലയാളം അക്കങ്ങള്‍

എന്തൊക്കെ ആയാലും ഒരു വര്‍ഷം അവസാനിച്ച് പുതിയതൊന്ന് തുടങ്ങാന്‍ പോകുന്ന അവസരത്തില്‍, അതായത് ഡിസംബര്‍ മാസത്തിന്റെ അവസസാന നാളുകളില്‍ മനസ്സില്‍ തോന്നുന്നത് സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. തീര്‍ച്ചയായും പുതിയ ഒരു വര്‍ഷത്തിന്റെ വരവ് മനസ്സിനെ ആവേശം കൊള്ളിയ്ക്കാറുണ്ട്. എങ്കിലും ഇത്ര നാളും നമ്മുടെ കൂടെ തന്നെ ഉണ്ടായിരുന്നതെന്തോ നമ്മെ വിട്ടു പോകുകയാണ് എന്ന ഒരു തോന്നലും മനസ്സിനെ വിടാതെ പിന്തുടരും. ഒരിയ്ക്കലും...  ഇനി ഒരിയ്ക്കലും പോയ് മറയുന്ന ഈ ദിവസങ്ങള്‍ നമുക്ക് തിരികേ ലഭിയ്ക്കില്ലല്ലോ എന്ന് ഓര്‍മ്മ വരുന്നത് ഡിസംബറിന്റെ ഈ അവസാന നാളുകളിലാണ്.

വര്‍ഷാവസാനത്തില്‍ മാത്രമല്ല, ഏതൊരു ദിവസവും അങ്ങനെ തന്നെയല്ലേ എന്ന് ആലോചിച്ചാല്‍ അതിലൊരു പ്രത്യേകതയും തോന്നില്ല എന്നത് വാസ്തവം തന്നെ. കഴിഞ്ഞു പോകുന്ന ഓരോ ദിവസങ്ങളും തിരിച്ചു കിട്ടാത്തവ തന്നെ. പക്ഷേ, ആ ചിന്തകള്‍ ശക്തമാകുന്നത് ഇതു പോലെയുള്ള നാളുകളിലാണ് എന്ന് മാത്രം.  ഒരു വര്‍ഷാവസാനം എന്നു പറയുന്നത് വെറുതേ 2012 എന്നതില്‍ നിന്ന് 2013 ലേയ്ക്കുള്ള മാറ്റം മാത്രമല്ലല്ലോ. അത് സംഭവ ബഹുലമായ 365 ദിവസങ്ങളുടെ അവസാനവും കൂടിയാണ്. ഈ കഴിഞ്ഞ ഒരു വര്‍ഷ കാലയലവില്‍ എന്തെല്ലാം സംഭവിച്ചു കഴിഞ്ഞു എന്ന് നമ്മളോരോരുത്തരും ഒരോ വര്‍ഷാവസാനത്തിലെങ്കിലും ഒന്ന് ഓര്‍ത്തു നോക്കാറില്ലേ? ഡിസംബര്‍ മാസത്തിന്റെ അവസാനമടുക്കുമ്പോഴേയ്ക്കും ജനുവരി മുതല്‍ ഇങ്ങോട്ടുള്ള 12 മാസങ്ങളിലെ പ്രധാന സംഭവങ്ങളെല്ലാം തന്നെ, അതു നല്ലതോ ചീത്തയോ ആകട്ടെ ഒന്നു കൂടെ നമ്മുടെ മനസ്സിലെത്താതിരിയ്ക്കില്ല.

അതു മാത്രമല്ല, നമ്മുടെയെല്ലാം ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം കൂടി നാമെല്ലാം ജീവിച്ചു തീര്‍ത്തു കഴിഞ്ഞിരിയ്ക്കുന്നു, അഥവാ നമ്മുടെയെല്ലാം ആയുസ്സിലെ ഒരു വര്‍ഷം കൂടി നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു എന്ന് സമ്മതിയ്ക്കാതെ വയ്യല്ലോ. ആരോ പറഞ്ഞതു പോലെ എനിയ്ക്കിപ്പോള്‍ 30 വയസ്സായി എന്നു പറയുന്നതിന്റെ അര്‍ത്ഥം 'ഞാന്‍ 30 വര്‍ഷം ജീവിച്ചു കഴിഞ്ഞു' എന്നോ 'എന്റെ ആയുസ്സിലെ 30 വര്‍ഷങ്ങള്‍ മരിച്ചു കഴിഞ്ഞു' എന്നോ ആകാമല്ലോ.

അതുമിതും പറഞ്ഞ് ഒരു പുതുവര്‍ഷത്തിന്റെ സുഖം നഷ്ടപ്പെടുത്തുന്നില്ല. നഷ്ടപ്പെട്ടതിനേ ഓര്‍ത്ത് വിഷമിയ്ക്കാതെ വരാനിരിയ്ക്കുന്ന നല്ല നാളുകളെ കുറിച്ച് നമുക്ക് ഓര്‍ക്കാം.
ഒരുപാടു വര്‍ഷങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്. എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.

2013 ലെ മലയാളം കലണ്ടര്‍ വേണ്ടവര്‍ക്ക് ഇവിടെ നോക്കാം.


നമുക്ക് യാത്ര പറയാന് സമയമായിരിയ്ക്കുന്നു...
2012ന്റെ തീരങ്ങളില് നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള് പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള് നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
നീലക്കുറിഞ്ഞികള് പൂത്തു നില്‍‌ക്കുന്ന മൊട്ടക്കുന്നുകളിലേയ്ക്ക്...
ഓര്‍മകള് കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള് ഉണ്ടായിരിയ്ക്കട്ടെ...
യാത്രയാകുന്ന 2012ന്... നന്ദി! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്...
 

കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്. 
വരാനിരിയ്ക്കുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിയ്ക്കട്ടെ!

എല്ലാവര്‍ക്കും ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍

29 comments:

  1. ശ്രീ said...

    എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍

  2. അലി said...

    ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍

  3. Sukanya said...

    പ്രത്യാശയോടെ 2013നെ വരവേല്‍ക്കാം.

  4. സഹയാത്രികന്‍ said...

    മോനേ ശ്രീ.... എല്ലാ ആശംസകളും നേരുന്നു... ശ്രീ യ്ക്ക് മാത്രല്ല..എല്ലാര്‍ക്കും..!
    :)


  5. Krishna/കൃഷ്ണ said...

    nostalgic...

    thanks sree for sharing your memories

  6. Manoraj said...

    വരാനിരിക്കുന്ന നല്ല നാളുകള്‍ക്കായി പോകാന്‍ തുടങ്ങുന്ന ഈ നാളുകളെ നമുക്ക് സ്നേഹിക്കാം.

    ശ്രീക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകള്‍

  7. വിനുവേട്ടന്‍ said...

    നമ്മുടെ ജീവിതത്തിൽ നിന്ന് വിലയേറിയ ഒരു വർഷം കൂടി കൊഴിയുന്നു... പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ആഹ്ലാദത്തിമർപ്പിൽ പലരും മറന്നു പോകുന്ന സത്യം... ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടത്തിന്റെ ഗൃഹാതുരമായ ഓർമ്മകളുമായി ആ സത്യം എല്ലാവരെയും ഓർമ്മിപ്പിച്ച ശ്രീയ്ക്ക് നന്ദി...

    2013 ൽ സകല ഐശ്വര്യങ്ങളും സമൃദ്ധിയും എല്ലാവർക്കും നേരുന്നു... ശ്രീയ്ക്ക് സ്പെഷൽ ആശംസകൾ അഡ്വാൻസായി നേരുന്നു... :)

  8. ramanika said...

    വിലയേറിയ ഒരു വർഷം കൂടി കൊഴിയുന്നു...................!പക്ഷെ വരാനുള്ളത് നല്ല നാളുകള്‍ !

    ശ്രീക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകള്‍

  9. ramanika said...

    വിലയേറിയ ഒരു വർഷം കൂടി കൊഴിയുന്നു...................!പക്ഷെ വരാനുള്ളത് നല്ല നാളുകള്‍ !

    ശ്രീക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകള്‍

  10. ശ്രീ said...

    അലി ഭായ്...
    ഈ വര്‍ഷത്തെ അവസാന പോസ്റ്റിലെ ആദ്യ കമന്റിനു നന്ദി.

    Sukanya ചേച്ചി...
    അതെയതെ.

    സഹയാത്രികന്‍ ...
    വളരെ സന്തോഷം, കുറേ നാളുകള്‍ക്ക് ശേഷമുള്ള ഈ സന്ദര്‍ശനങ്ങള്‍ക്ക് :)

    Krishna ...
    ഇത്തരം ഓര്‍മ്മകള്‍ എല്ലാവര്‍ക്കും കാണുമല്ലേ...
    വായനയ്ക്കും കമന്റിനും നന്ദി.

    Manoraj മാഷേ...
    അതു തന്നെ. തിരിച്ചും ആശംസകള്‍ മാഷേ.

    വിനുവേട്ടാ...
    അതെ, ഭൂരിഭാഗം പേരും വരാനിരിയ്ക്കുന്നതു മാത്രമേ മുഖവിലയ്ക്കെടുക്കാറുള്ളൂ. ഒരു കണക്കിന് അതു നല്ലതുമാണ്. എങ്കിലും...

    നന്ദി, വിനുവേട്ടാ, കമന്റിനും ആ സ്പെഷല്‍ ആശംസയ്ക്കും :)

    ramanika മാഷേ...
    വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ തിരിച്ചും നേരുന്നു. :)

  11. niDheEsH kRisHnaN @ ~അമൃതംഗമയ~ said...

    ശ്രീ....... ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍....

  12. Muralee Mukundan , ബിലാത്തിപട്ടണം said...

    01-01-01 മുതൽ 12-12-12
    എന്നീ 12 പ്രത്യേക ദിനങ്ങളുള്ള
    ഡയറികുറിപ്പുകൾ നമ്മൾ എഴുതിയിട്ടതുപോലെയും മറ്റും ഇനി അടുത്ത നൂറ്റാണ്ടുകാർക്കല്ലേ പറ്റുള്ളൂ അല്ലേ...

    നഷ്ടപ്പെട്ടതിനേ ഓര്‍ത്ത് വിഷമിയ്ക്കാതെ വരാനിരിയ്ക്കുന്ന നല്ല നാളുകളെ കുറിച്ച് നമുക്ക് ഓര്‍ക്കാം....

  13. അഭി said...

    ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍

  14. Echmukutty said...

    നല്ല കുറിപ്പ്. അഭിനന്ദനങ്ങള്‍.

    പിന്നെ ശ്രീയ്ക്കും ക്രിസ്തുമസ്സ് നവവല്‍സരാശംസകള്‍

  15. ജീവി കരിവെള്ളൂർ said...

    കഴിഞ്ഞു പോകുന്ന വര്‍ഷ്ത്തിന്റെ ചിത്രങ്ങളുള്ള കലണ്ടര്‍ പ്രത്യേകം എടുത്തു വയ്ക്കുമായിരുന്നു പണ്ട്, അടുത്ത വര്‍ഷത്തെ പുസ്തകങ്ങള്‍ പൊതിയാനായിട്ട്.

    പുതുവത്സരാശംസകള്‍ !

  16. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    അതു കൊള്ളാം ഡിസംബർ പോകുമ്പോൾ സന്തൊഷമല്ലെ ഉണ്ടാകുന്നത്?

    അതു കഴിയുമ്പൊഴല്ലെ പുതിയ ഫൈനാൻഷ്യൽ ഈയർ വരുന്നത്? അപ്പൊഴല്ലെ ഇങ്ക്രിമെന്റ് പ്രൊമോഷൻ തുടങ്ങിയവ വരുന്നത്?

    അപ്പോഴല്ലെ തണുപ്പ് നന്നായി വരുന്നത്?

    അങ്ങനെ എന്തെല്ലാം എന്തെല്ലാം ഒരുക്കിവച്ചു

    എനിക്കേതായാലും സന്തോഷം തന്നെ.

    അതിപ്പൊ ഡിസംബർ എന്നില്ല എപ്പോഴും സന്തോഷം തന്നെ
    ഹ ഹ ഹ :)

  17. Saheer Majdal said...

    ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍

  18. അക്ഷരപകര്‍ച്ചകള്‍. said...

    പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
    സ്വപ്നങ്ങള് പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
    നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
    താളങ്ങള് നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്... അതെ ശ്രീ .... ഞാനും ആഗ്രഹിയ്ക്കുന്നു.....പ്രാര്‍ത്ഥിയ്ക്കുന്നു..... ഇനിയെന്നും നല്ല നാളെയ്ക്കായി ..... ശ്രീയ്ക്ക് വേണ്ടിയും.... ഈ ലോകം മുഴുവന് വേണ്ടിയും.

  19. ശ്രീ said...

    അമൃതംഗമയ...
    വളരെ നന്ദി

    Muralee Mukundan മാഷേ...
    വളരെ ശരിയാണ് മാഷേ.

    അഭി...
    വായനയ്ക്കും കമന്റിനും നന്ദി.

    Echmu ചേച്ചീ...
    നന്ദി, വായനയ്ക്കും ആശംസയ്ക്കും.

    ജീവി കരിവെള്ളൂർ ...
    ശരിയാണ് മാഷേ. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു അതേ പരിപാടികള്‍.

    ഇന്‍ഡ്യാഹെറിറ്റേജ്‌ മാഷേ...
    അങ്ങനെ കഴിയുന്നത് ഒരു വലിയ ഭാഗ്യമാണ് അല്ലേ?

    സന്തോഷം മാഷേ.

    SAHEER MAJDAL...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    അമ്പിളി...
    അതെ, എല്ലാവര്‍ക്കും വേണ്ടി നമുക്കു പ്രാര്‍ത്ഥിയ്ക്കാം... നന്ദി :)

  20. G.MANU said...

    പുതുവര്‍ഷാശംസകള്‍ ശ്രീ... 2013ല്‍ ബ്ലോഗ് ഒന്ന് ഉഷാറാക്കൂ‍....

  21. Akbar said...

    ഒരു വര്‍ഷംകൂടെ കൊഴിഞ്ഞു പോകുന്നു. കലണ്ടര്‍ വിശേഷങ്ങള്‍ അല്പം ഗൃഹാതുരത്വം നല്‍കി ശ്രീ.

    വീണ്ടും ഒരു പുതു വര്‍ഷത്തെ സ്വാഗതം ചെയ്യാം.

    ക്രിസ്തുമസ് പുതുവത്സരാശംസകളോടെ

    സസ്നേഹം

  22. പൈമ said...

    വരും കാലം നമ്മള്‍ക്ക് തരുന്നത് ..
    എന്തായാലും സ്വെകരിക്കാം ...
    പ്രതീക്ഷയോടു വരവേല്‍ക്കാം ..
    പുതു വര്‍ഷത്തെ ...മലയാളം കലണ്ടര്‍
    ലിങ്ക് തന്നതിന് നന്ദി ..ശ്രീ

  23. വിനോദ് said...

    കുറെ നാള്‍ക്ക് ശേഷമാണ് ശ്രീ യുടെ പോസ്റ്റ്‌ വായിക്കുന്നത് .

    എന്നത്തേയും പോലെ നന്നായിരിക്കുന്നു .

    ശ്രീക്കും പുതുവത്സരാസംസകള്‍ ...

    നന്ദി ...

  24. വീകെ said...

    ഇന്നലത്തെപ്പോലെ ഇന്നും നാളേയുമൊക്കെ കടന്നു പോകും പതിവു പോലെ... അതിനപ്പുറമൊന്നുമില്ല...!

    “പുതുവത്സരാശംസകൾ...”

  25. ഭായി said...

    അങ്ങിനെ മാസങ്ങൾക്ക് ശേഷം നമ്മുടെ സ്വന്തം ശ്രീയുടെ ഒരു പോസ്റ്റ്.
    ശ്രീക്കും കുടുമ്പത്തിനും ഐശ്വര്യപൂർണ്ണമായ ഒരു പുതുവൽസരം നേരുന്നു :)

  26. smitha adharsh said...

    അപ്പൊ പുതിയ കലണ്ടര്‍ നെ എല്ലാവരും സ്നേഹിക്കുന്നുണ്ട് അല്ലെ? പഴയ കാര്യങ്ങളെല്ലാം വളരെ നന്നായി ഓര്‍മ്മിപ്പിച്ചു ശ്രീ... നന്ദി. ഞാന്‍ ഇപ്പൊ, ബൂലോക സഞ്ചാരം കുറവാണ്. എഴുത്തും, വായനയും നന്നേ കുറഞ്ഞു. എന്തോ അങ്ങനെ ആയിപ്പോയി. ശ്രീയും,കുടുംബവും സന്തോഷമായി ഇരിക്കുന്നു എന്ന് കരുതുന്നു..

    നല്ലൊരു പുതു വര്ഷം ആശംസിക്കുന്നു..

  27. ശ്രീ said...

    മനുവേട്ടാ...
    വീണ്ടും വന്നതില്‍ വളരെ സന്തോഷം.

    Akbar മാഷേ...
    വരവിനും കമന്റിനും നന്ദി മാഷേ.

    പൈമ ...
    സ്വാഗതം. കലണ്ടര്‍ ഉപയോഗപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം :)

    വിനോദ് ...
    വീണ്ടും വന്നതില്‍ സന്തോഷം മാഷേ.

    വീ കെ മാഷേ...
    ശരിയാണ്. ഓരോ ദിവസവും മാസവും വര്‍ഷവുമെല്ലാം ഒരേ പോലെ വരും പോകും... സന്ദര്‍ശനത്തിനു നന്ദി.

    ഭായി ...
    വരവിനും കമന്റിനും ആശംസകള്‍ക്കും നന്ദി ട്ടോ.

    smitha ചേച്ചീ...
    എല്ലാവരും ബൂലോകത്തെ യാത്രക‌ള്‍ കുറച്ചു അല്ലേ? :) എന്തായാലും വീണ്ടുമൊരിയ്ക്കല്‍ കൂടി വന്നതില്‍ സന്തോഷം, ഞങ്ങള്‍ സുഖമായിരിയ്ക്കുന്നു.

    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു...

  28. ഇട്ടിമാളു അഗ്നിമിത്ര said...

    സന്തോഷം നിറഞ്ഞ നല്ലൊരു വര്‍ഷമാവട്ടെ

    (ശ്രീ ഒരുപാട് സൈലന്റ് ആയല്ലോ ? അതോ ഞാന്‍ കാണാതെ പോവുന്നതാണോ... )

  29. ശ്രീ said...

    ഇട്ടിമാളു...

    ശരിയാണ്, പഴയ പോലെ അത്ര സജീവമല്ല ബൂലോകത്ത്. എങ്കിലും സമയം പോലെ ഓടിയെത്താന്‍ ശ്രമിയ്ക്കാറുണ്ട്, നന്ദി :)