Thursday, May 24, 2012

അമ്മയ്ക്കൊരുമ്മ

സ്കൂള്‍ ജീവിതം അവസാനിച്ചിട്ട് വര്‍ഷമൊരുപാട് ആയെങ്കിലും ഇന്നും ജൂണ്‍ - ജൂലൈ മാസങ്ങളെ നോക്കിക്കാണുന്നത് ഒരു പ്രത്യേക ഫീലിങ്ങോടെ ആണ്. ആദ്യത്തെ സ്കൂള്‍ ദിവസം മുതല്‍ സ്കൂള്‍ ജീവിതകാലത്തെ പല സംഭവങ്ങളും ഈ മാസങ്ങള്‍ എന്നെ ഓര്‍മ്മിപ്പിയ്ക്കാറുണ്ട്.

പണ്ട് ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്ന, ഇതേ പോലുള്ള ജൂണ്‍ - ജൂലൈ മാസക്കാലം... അന്ന് ഞങ്ങള്‍ താമസിയ്ക്കുന്ന സ്ഥലത്തു നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് പത്തു പതിനഞ്ചു മിനിട്ട് നടക്കാനുള്ള ദൂരമുണ്ട്. മാത്രമല്ല, ഒരു നാഷ്ണല്‍‌ ഹൈവേയും ഒരു റെയില്‍‌വേ ക്രോസ്സും കടന്നു വേണം സ്കൂളിലെത്താന്‍.  അതു കൊണ്ട് ആദ്യത്തെ കുറേ നാള്‍ എന്നെയും ചേട്ടനേയും സ്കൂളില്‍ കൊണ്ടു വിടുന്നതും തിരികേ കൊണ്ടു പോരുന്നതുമെല്ലാം അമ്മയുടെ ഡ്യൂട്ടിയായിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ പോകേണ്ട വഴികളും (കുറുക്കു വഴികളും) ഞങ്ങള്‍ മനഃപാഠമാക്കി. എങ്കിലും ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയിരുന്നതു കൊണ്ടും അന്ന് വകതിരിവില്ലാത്ത പ്രായമായിരുന്നതു കൊണ്ടും (അന്ന് മാത്രമല്ല, ഇന്നും വേണ്ടത്ര വകതിരിവ് വന്നിട്ടില്ല എന്ന് പലരും പറയുന്നുണ്ട്) ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു വര്‍ഷം മുഴുവനും അമ്മ എന്നെ എസ്കോര്‍ട്ട് ചെയ്തിരുന്നു. എനിയ്ക്ക് തനിയെ പോകാന്‍ പേടിയായിട്ടല്ല, എങ്ങാനും ഞാന്‍ വഴി തെറ്റി പോയാലോ? (ഇനിയെന്ത് വഴി തെറ്റാന്‍ എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ മനസ്സിലോര്‍ത്തത്?). അതുമല്ലെങ്കില്‍ ഏതെങ്കിലും ട്രെയിനോ ബസ്സിനോ ഞാന്‍ അട വച്ചാലോ എന്ന് അമ്മയ്ക്ക് പേടി!

ഹൈവേയും റെയില്‍വേ ലൈനും തന്നെയായിരുന്നു പ്രധാന അപകടങ്ങള്‍ . ഒരുമാതിരി എല്ലാ കുട്ടികളും ആദ്യത്തെ കുറേ നാളുകളെങ്കിലും അങ്ങനെ എസ്‌കോര്‍ട്ടോടു കൂടിയാണ് ക്ലാസ്സില്‍ വന്നിരുന്നത്.  അങ്ങനെ പഠിച്ചിരുന്ന കാലം ഒരു സുഖം തന്നെ ആയിരുന്നു കേട്ടോ. എന്റെ സ്ലേറ്റും കുടയും പെട്ടിയുമെല്ലാം അമ്മ പിടിച്ചോളും (അന്ന് ബാഗല്ല, പെട്ടിയാണ് കൂടുതല്‍ കുട്ടികളും ഉപയോഗിച്ചിരുന്നത്). ആ വാട്ടര്‍ ബോട്ടില്‍ മാത്രം കഴുത്തില്‍ തൂക്കി ഞാന്‍ മുന്‍പേ നടക്കും. എന്റെ പെട്ടിയും കൂടി ചുമക്കണമെന്ന് മാത്രമല്ല, വല്ലയിടത്തും നോക്കി നടക്കുന്ന എന്നെ നേരെ നടത്തേണ്ട ഡ്യൂട്ടി കൂടി അമ്മയുടേതായിരുന്നു.

അങ്ങനെ ഒരു ദിവസം. അന്നും ക്ലാസ്സ് കഴിയേണ്ട  നേരമായപ്പോളേയ്ക്കും അമ്മ സ്കൂളിലെത്തി, എന്റെ ക്ലാസ്സിന്റെ മുമ്പിലുള്ള പ്ലാവിന്‍ ചുവട്ടില്‍ മറ്റു കുട്ടികളുടെ അമ്മമാരോടൊപ്പം ചേര്‍ന്നു. അവര്‍ അവിടെ കൊച്ചു കൊച്ചു പരദൂഷണങ്ങളും നാട്ടു വിശേഷങ്ങളുമായി സമയം കളയുമ്പോഴേക്കും സ്കൂള്‍ വിട്ടു. ഞങ്ങള്‍ കുട്ടികളെല്ലാം അവരവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് ഓടി ചെന്നു. അമ്മ എന്റെ കയ്യില്‍ നിന്ന് പെട്ടിയും കുടയും വാങ്ങി കയ്യില്‍ പിടിച്ചു. ഞാനാണെങ്കില്‍ പതിവു പോലെ വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കി നടക്കാനും തുടങ്ങി.

ഞങ്ങള്‍ പോകുന്ന വഴിയിലും ചില കുട്ടികളുടെ വീടുണ്ട്. അതു കൊണ്ട് കുറച്ചു ദൂരം മറ്റു കുട്ടികളാരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്.. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ മുന്‍പേയും അമ്മമാര്‍ പുറകെയും നടക്കും. പക്ഷേ, കൊരട്ടി റെയില്‍വേ ഗേറ്റ് കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് ഞാനും അമ്മയും മാത്രമേ ഉണ്ടാകാറുള്ളൂ. അന്ന് ഞങ്ങള്‍ താമസിയ്ക്കുന്ന കൊരട്ടി MAMHS നടുത്തുള്ള ഗവ. പ്രസ്സ് ക്വാര്‍ട്ടേഴ്സിലേയ്ക്ക് എത്തണമെങ്കില്‍ ആ റെയില്‍വേ ലൈന്‍ കടന്ന് നാഷ്ണല്‍ ഹൈവേ കൂടി മുറിച്ചു കടക്കണം.

റെയില്‍വേ ലൈനിന് തൊട്ടടുത്താണ് ഹൈവേ. അതും റെയില്‍വേ ക്രോസ്സ് സ്ഥിതി ചെയ്യുന്ന ആ സൈഡ് റോഡിന്റെ ലെവലില്‍നിന്നും ഏതാനും അടി ഉയരത്തിലാണ് ഹൈവേ പോകുന്നതും. ഞങ്ങളാണെങ്കില്‍ ചില കടകള്‍ക്കിടയിലൂടെയുള്ള ഒരു കുറുക്കു വഴിയിലൂടെയായിരുന്നു സ്ഥിരമായി ഹൈവേയിലേയ്ക്ക് കയറിയിരുന്നത്. റെയില്‍വേ ക്രോസ്സ് കടന്നതും മുന്‍പേ നടന്നിരുന്ന ഞാന്‍ ഓടി ഹൈവേയിലേയ്ക്ക് കയറി നിന്നു. (ഹൈവേ മുറിച്ചു കടക്കുന്നത് അമ്മ കൂടി വന്ന ശേഷം ആയിരുന്നെങ്കിലും വണ്ടികള്‍ പോകുന്നത് കാണാനും മറ്റുമായി ഞാനെപ്പോഴും  ആദ്യമേ ഓടിക്കയറി റോഡരുകില്‍ നില്‍ക്കുന്നത് പതിവായിരുന്നു).

അതും പതിവുള്ളതായിരുന്നതു കൊണ്ട് അമ്മ എന്നെ തടയാല്‍ ശ്രമിച്ചില്ല. പക്ഷേ അന്ന് ഞാന്‍ ഓടിക്കയറി റോഡരുകിലെത്തിയതും കണ്ടത് ചീറിപ്പായുന്ന വണ്ടികളെയല്ല, മറിച്ച് ഒരു വലിയ പറ്റം എരുമകളെയാണ്. വാഹനങ്ങള്‍ക്ക് പകരം റോഡു നിറയും വിധം കുറേ എരുമകള്‍ നടന്നും ഓടിയും പോകുന്നു. കൃത്യമായി എണ്ണം പറയുക സാധ്യമല്ലെങ്കിലും നൂറിലധികം എണ്ണമെങ്കിലും ഉണ്ടായിരിയ്ക്കാമെന്ന് തോന്നുന്നു. അത്രയും എരുമക്കൂട്ടത്തെ മേയ്ക്കാന്‍ ആകെയുള്ളത് 2 പേരും. ഒരാള്‍ അവയ്ക്ക് മുന്‍പേ വഴി കാണിച്ചു കൊണ്ടും മറ്റെയാള്‍ എല്ലാത്തിനും പിറകേയും. രണ്ടു പേരുടെയും കയ്യില്‍ ഓരോ ചെറിയ വടി മാത്രമുണ്ട്. കൃത്യമായും അവ ആ റോഡിലൂടെ കടന്നു പോകുന്ന നേരമാണ് ഞാന്‍ ഓടി റോഡരുകിലേയ്ക്ക് കയറുന്നത്.

പതിവു പോലെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കാണാന്‍ ഓടിക്കയറിയ ഞാന്‍ റോഡു നിറയെ തിങ്ങി നിറഞ്ഞ് കടന്നു പോകുന്ന എരുമക്കൂട്ടത്തെ കണ്ട് പകച്ചു നിന്നു. ഇടവഴിയില്‍ നിന്നും ഓടിക്കയറുകയായിരുന്നതിനാല്‍ ആ എരുമക്കൂട്ടം കടന്നു വരുന്നത് എന്റെ കണ്ണില്‍ പെട്ടിരുന്നുമില്ല. ഒട്ടു മിക്ക എരുമകളും ഒന്നിനു പിറകെ ഒന്ന് എന്ന നിലയില്‍ ആ റോഡ് നിറഞ്ഞു നടക്കുന്ന രീതിയില്‍ ആണ് നീങ്ങിക്കൊണ്ടിരുന്നത്. റോഡരുകുകളിലായി നിന്നിരുന്നവര്‍ എല്ലാം സൈഡുകളിലേയ്ക്ക് ഒതുങ്ങി അവയ്ക്ക് കടന്നു പോകാന്‍ സൌകര്യമൊരുക്കി മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ എന്റെ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ഞാനാണെങ്കില്‍  ആ എരുമകളെ കണ്ട് പേടിച്ച് കണ്ണും മിഴിച്ച് നില്‍ക്കുകയായിരുന്നു. അമ്മ പിറകെ വരുമ്പോഴേയ്ക്കും ആ എരുമക്കൂട്ടത്തിന്റെ നല്ലൊരു ഭാഗം എന്നെ കടന്ന് പോയിക്കഴിഞ്ഞിരുന്നു.

അന്നേരം ആ കൂട്ടത്തില്‍ നിന്ന് അകന്നു മാറി വെകിളി പിടിച്ചെന്ന വണ്ണം ഒരു എരുമ തലയും കുലുക്കി എന്റെ നേരെ പാഞ്ഞു വന്നു. എന്റെ പുറകേ ആ ചെറിയ കയറ്റം കയറി ഹൈവേയിലേയ്ക്കു കയറി വരുന്ന അമ്മ കാണുന്നത് പേടിച്ചു വിറച്ച് മിണ്ടാന്‍ പോലും വയ്യാതെ നില്‍ക്കുന്ന എന്നെയും റോഡില്‍ നിന്നിറങ്ങി, എനിയ്ക്കു നേരെ പാഞ്ഞു വരുന്ന ആ എരുമയെയുമാണ്. അതേ സമയം തന്നെ, ഇതും കണ്ടു കൊണ്ട് റോഡരുകിലും അവിടവിടെയായും ഒതുങ്ങി നിന്നിരുന്ന ആളുകളൊക്കെ ഉറക്കെ ബഹളം വയ്ക്കാന്‍ തുടങ്ങി. ബഹളം കേട്ട് എരുമക്കൂട്ടത്തിന് മുന്‍പിലും പുറകിലും ആയി നടന്നിരുന്ന, അവയെ മേച്ചിരുന്നവരും അത് ശ്രദ്ധിച്ചു. ഇതു കണ്ട് പകച്ച അവരിരുവരും അതിനെ തടയാന്‍ ഒച്ചയെടുത്തു കൊണ്ട് മറ്റ് എരുമകളുടെ ഇടയിലൂടെ ഓടി എനിയ്ക്കടുത്തെത്താന്‍ ഒരു വിഫലശ്രമം നടത്തി. എങ്കിലും അവരിരുവരും എന്നില്‍ നിന്നും സാമാന്യം ദൂരത്തായിരുന്നു.

പകച്ചു നില്‍ക്കുന്ന എന്നെയും ഓടി വരുന്ന എരുമയെയും കണ്ട അമ്മ മറ്റൊന്നും ആലോചിയ്ക്കാതെ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുന്ന ആളുകളെല്ലാം അടുത്തേക്ക് പോകല്ലേ എന്ന് അമ്മയോട് വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വക വയ്ക്കാതെ, അമ്മ എന്റെ അടുത്തേയ്ക്ക് ഓടിയെത്തി, എന്നെ വട്ടം  പൊക്കിയെടുത്ത് അമ്മയുടെ പുറകിലേയ്ക്ക് മാറ്റി നിര്‍ത്തിയതും ആ എരുമ മുക്രയിട്ട് തലയും കുലുക്കി ഞങ്ങളുടെ തൊട്ടരികെ എത്തിയതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. അടുത്ത നിമിഷം, ആ എരുമ അമ്മയെയും എന്നെയും ഇടിച്ചിടുമെന്ന് ഉറപ്പിച്ച നിമിഷം അമ്മ കയ്യിലുണ്ടായിരുന്ന എന്റെ കുട തിരിച്ചു പിടിച്ച് അതിന്റെ നേരെ ആഞ്ഞു വീശി. ആ കുടയുടെ പിടി ആ എരുമയുടെ തലയുടെ നിറുകില്‍ തന്നെ 'പ് ടേ' എന്ന ശബ്ദത്തോടെ കൊള്ളുന്ന ശബ്ദം വ്യക്തമായും ഞാന്‍ കേട്ടു. ആ കുട കൊണ്ടുള്ള ഒരടി ഒന്നും അത്രയും വലിയ ആ ജീവിയ്ക്ക് ഒന്നുമാകില്ല എന്ന് അമ്മയ്ക്കും അറിയാമായിരുന്നു. എങ്കിലും, അപ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരേയൊരു ഉപകരണം ആ കുട മാത്രമായിരുന്നു. അതു കൊണ്ട് അതെടുത്ത് പ്രയോഗിച്ചു എന്നു മാത്രം.

സാധാരണ ഗതിയില്‍ ആ അടി കിട്ടിയ ദേഷ്യത്തില്‍ ആ എരുമ വര്‍ദ്ധിതവീര്യത്തോടെ ഞങ്ങളെ ആക്രമിയ്ക്കേണ്ടതായിരുന്നു. അത്രയും വലിപ്പമുള്ള ആ ജീവിയുടെ ഒരു തട്ടോ കുത്തോ തന്നെ എന്റെ കഥ കഴിയാന്‍ മാത്രം മതിയായിരുന്നു. പക്ഷേ, എന്തോ ഒരു ഭാഗ്യം കൊണ്ട് ആ നേരത്ത് ആ എരുമയ്ക്ക് അങ്ങനെ തോന്നിയില്ല. അപ്രതീക്ഷിതമായതു കൊണ്ടോ എന്തോ അടി കൊണ്ട ഉടനെ ആ ജീവി വെട്ടിത്തിരിഞ്ഞ് തിരികെ എരുമക്കൂട്ടത്തിനു നേരെ ഓടി. അപ്പോഴേയ്ക്കും  ഞങ്ങള്‍ക്കരികെ ഓടിയെത്തിയ അവയെ മേച്ചു നടന്നിരുന്നവര്‍ അതിനെ പിടിച്ചു നിര്‍ത്തി വരുതിയിലാക്കി.

അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് ചുറ്റും ഒരു ചെറിയ ആള്‍ക്കൂട്ടം രൂപം കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒന്നും പറ്റിയിട്ടില്ല എന്നറിഞ്ഞ് ഓടിക്കൂടിയ ആളുകള്‍ക്കും ആശ്വാസമായി. അപകടം  ഒഴിഞ്ഞു പോയ സമാധാനത്തോടെ, ആളുകള്‍ എല്ലാവരും ആ എരുമയെ അടിച്ചോടിച്ച അമ്മയുടെ ധൈര്യത്തെ പുകഴ്ത്തിയും അശ്രദ്ധയോടെ ആ എരുമക്കൂട്ടത്തെ മേച്ചു നടക്കുന്നവരെ കുറ്റം പറഞ്ഞും നില്‍ക്കുന്നതിനിടയില്‍ അമ്മ എന്റെ കയ്യും പിടിച്ചു കൊണ്ട് റോഡ് മുറിച്ചു കടന്ന് ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള വഴിയില്‍ നടത്തമാരംഭിച്ചിരുന്നു.

അന്ന് വീട്ടിലെത്തിയ ശേഷവും പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും ഈ സംഭവം വിവരിയ്ക്കുമ്പോള്‍  അന്ന് ആഎരുമയെ വെറുമൊരു കുട കൊണ്ട് (പഴയ സൂര്യമാര്‍ക്ക് കുട)നേരിടാനുള്ള ധൈര്യം തനിയ്ക്ക് എവിടെ നിന്ന് കിട്ടി എന്നോര്‍ത്തു കൊണ്ട്  അമ്മ തന്നെ അതിശയിച്ചു നില്‍ക്കുന്നത് കാണാറുണ്ട്.

51 comments:

  1. ശ്രീ said...

    എന്നെ സംബന്ധിച്ചിടത്തോളം ജൂണ്‍ - ജൂലൈ മാസങ്ങള്‍ എന്നും സ്കൂള്‍ ജീവിതകാലത്തെ ഓര്‍മ്മകള്‍ തിരികെ തരുന്നവയാണ്...

    പണ്ട് ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്തെ ഒരു ഓര്‍മ്മക്കുറിപ്പാണ് ഇത്തവണ. കയ്യെത്തും ദൂരത്ത് വന്നെത്തി, കഷ്ടിച്ച് വിട്ടൊഴിഞ്ഞു പോയ ഒരു അപകടത്തിന്റെ ഓര്‍മ്മകളിലൂടെ...

  2. ശ്രീനന്ദ said...

    ശ്രീ,
    ഇപ്പ്രാവശ്യം തേങ്ങ എന്റെ വക ആയിക്കോട്ടെ. നല്ലൊരു ഓര്‍മ്മചിത്രം അവതരിപ്പിച്ചു.

    പണ്ട് ഞാനും എന്റെ കൂട്ടുകാരിയും വഴിയിലൂടെ നടന്നു പോവുമ്പോള്‍ ഇതുപോലെ ഒരു എരുമ വെകിളിപിടിച്ച്‌ കുത്താന്‍ വന്നു. ഞങ്ങള്‍ പേടിച്ചു വഴിയരികിലെ മതിലിനരികിലേക്ക് ഓടി മാറി. എരുമ പിന്നാലെ വന്നു, പിന്നോട്ട് നീങ്ങാന്‍ ഒട്ടും സ്ഥലമില്ല. കൂട്ടുകാരി എന്നെ പിടിച്ചു അവളുടെ മുന്നില്‍ നിര്‍ത്തി ഒരു മറവു സൃഷ്ടിച്ചു, എരുമ കുത്തുന്നെങ്കില്‍ എനിക്ക് കിട്ടിക്കോട്ടേ. ഇത് കണ്ടുകൊണ്ടു വന്ന ഒരു വഴിപോക്കന്‍ ഓടിവന്നു എരുമയെ ഓടിച്ചുവിട്ടു. അന്ന് എന്റെ കൂട്ടുകാരി പറഞ്ഞ ന്യായം ഇതായിരുന്നു "നിന്റെ വീട്ടില്‍ രണ്ടു മക്കളില്ലേടീ, ഒന്ന് പോയാലും ഒന്നുണ്ടല്ലോന്നു വയ്ക്കാം, എന്റെ വീട്ടില്‍ ആണായിട്ടും പെണ്ണായിട്ടും ഞാന്‍ ഒരാളല്ലെയുള്ളൂ." എങ്ങനെയുണ്ട് !!!

  3. പിള്ളേച്ചന്‍‌ said...

    caption is great.. i know this one. u told to us in college days.

  4. റിയ Raihana said...

    മക്കള്‍ എന്നും അമ്മക്ക് പ്രിയപെട്ടതു തന്നെയാണ് ശ്രീ ...തന്റെ മക്കള്‍ക്ക്‌ അപകടം പറ്റുന്നത് ഏതെങ്കിലും അമ്മ നോക്കി നില്‍ക്കുമോ
    ശ്രീയെ രക്ഷിക്കാന്‍ ആ അമ്മക്ക് ധൈര്യം വന്നതിന്റെ കാരണവും മാതൃസ്നേഹം ഒന്നുമാത്രം .....നന്നായിട്ടുണ്ട് ഓര്‍മ്മകള്‍

  5. കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

    മക്കളുടെ സുരക്ഷിതത്വവും,സന്തോഷവുമാണ് ഏതൊരു അമ്മയ്ക്കും വലുത്. പക്ഷേ ഇന്ന് ഇത് ചോദ്യം ചെയ്യപ്പെടുന്ന ഒരു ലോകമാണ് എന്നതാണു വിചിത്രം ............ നല്ലോരോര്‍മ്മ പങ്കുവെച്ചതില്‍ സന്തോഷം...........

  6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ശെടാ പേടിപ്പിച്ചു കളഞ്ഞല്ലൊ
    ഏതായാലും നന്നായി അപകടമൊന്നും പറ്റാഞ്ഞത്‌

  7. ശ്രീ said...

    ശ്രീനന്ദ ചേച്ചീ...
    ഒരുപാടു നാളായല്ലോ കണ്ടിട്ട്! വന്നതില്‍ സന്തോഷം, ഒപ്പം ആദ്യത്തെ കമന്റിനും.

    എന്തായാലും ചേച്ചിയുടെ സ്നേഹിത ആളു കൊള്ളാമല്ലോ. എനിയ്ക്കും ഒരു സുഹൃത്ത് ഉണ്ടായിരുന്നു. കാര്യുമായും തമാശായും 'ഞാന്‍ ഒറ്റമോനാടാ, റിസ്ക് എടുക്കാന്‍ വയ്യ' എന്ന് പറയുന്ന ആള്‍ ... :)

    പിള്ളേച്ചാ...
    ശരിയാ. :)

    Raihana ...
    ശരിയാണ്. വായനയ്ക്കും കമന്റിനും നന്ദി.

    കുര്യച്ചന്‍ ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    ഇന്‍ഡ്യാഹെറിറ്റേജ്‌...
    അന്ന് അത് സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നോ എന്ന് സംശയമാണ് പണിയ്ക്കര്‍ സാര്‍ ... :)

  8. അഭി said...

    അതാണല്ലോ അമ്മ . മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാ അമ്മമാര്‍ക്കും ഇത് പോലെ ഒരു എക്സ്ട്രാ ധൈര്യം കിട്ടും എന്ന് തോന്നു . കഴിഞ്ഞ ദിവസം കുട്ടി കിണറ്റില്‍ വീണത്‌ കണ്ടപ്പോള്‍ അമ്മ കൂടെ ചാടിയതായി വായിച്ചു
    നല്ല ഓര്‍മ്മകള്‍ ശ്രീ

  9. Pheonix said...

    കുറെ നാളുകള്‍ക്ക്‌ ശേഷമാണു ശ്രീയുടെ ഒരു പോസ്റ്റ്‌ വായിക്കുന്നത്. നല്ല വിവരണം. പിന്നെ ആ കുട ഏതായിരുന്നു മാഷേ? ഐ മീന്‍ ബ്രാന്‍ഡ്‌..

  10. Villagemaan/വില്ലേജ്മാന്‍ said...

    കണ്ടിട്ടില്ലേ...തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളുടെ അടുതെതിയാല്‍ പാഞ്ഞു വരുന്നത്...പെറ്റു കിടക്കുന്ന പൂച്ച ആക്രമിക്കാന്‍ വരുന്നത്.

    അമ്മക്ക് മാത്രമേ ആ ധൈര്യം കാണൂ

    നല്ല പോസ്റ്റ്‌.. ആശംസകള്‍ ശ്രീ

  11. ramanika said...

    ഇതാണ് instinct reaction -
    അമ്മയുടെ പ്രവര്‍ത്തി
    മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാ അമ്മമാര്‍ക്കും ഇത് പോലെ ഒരു എക്സ്ട്രാ ധൈര്യം കിട്ടും
    ആശംസകള്‍!!!

  12. Anil cheleri kumaran said...

    വീട്ടലമാരയിൽ ഭംഗിയായി പൊതിഞ്ഞ് സൂക്ഷിച്ച് വെച്ച ആൽബത്തിലെ ഫോട്ടോകൾ പോലെയാണ് ശ്രീയുടെ പോസ്റ്റുകൾ. വിരുന്നുകാർ വരുന്നപ്പോൽ അതൊക്കെ എടുത്ത് വിവരിച്ച് കാണിക്കുന്ന കുട്ടികളെപ്പോലെ ശ്രീ ഓരോന്നായി പറഞ്ഞ് തരുന്നു..

  13. khaadu.. said...

    അമ്മയെന്ന വാക്ക് കൊണ്ട് പൂജ ചെയ്തിടാം...

    ഓര്‍മ്മക്കുറിപ്പ്‌ നന്നായി..

  14. MOIDEEN ANGADIMUGAR said...

    രമണിക പറഞ്ഞത് എത്ര ശരി.
    മക്കളുടെ കാര്യം വരുമ്പോൾ എല്ലാ അമ്മമാർക്കും ഒരു എക്സ്ട്രാ ധൈര്യം കിട്ടുന്നു.

  15. ശ്രീനാഥന്‍ said...

    കഷ്ടകാലത്ത് എരുമ കുത്തിയാലും ചാവും. അമ്മയുടെ വിപദിധൈര്യം സമ്മതിച്ചിരിക്കുന്നു. നല്ല രസമുണ്ട് ശ്രീയുടെ ബാല്യസ്മരണ വായിക്കാൻ. ശ്രീനന്ദയുടെ അനുഭവവും രസകരം.

  16. ശ്രീ said...

    അഭി ...
    അതെ, അതാണല്ലോ അമ്മ.
    വായനയ്ക്കും കമന്റിനും നന്ദി.

    ഫിയൊനിക്സ് ...
    ഇവിടെ കണ്ടതില്‍ സന്തോഷം മാഷേ.
    അത് പഴയ 'സൂര്യമാര്‍ക്ക് കുട' ആയിരുന്നു. :)

    Villagemaan/വില്ലേജ്മാന്‍ ...
    വളരെ ശരിയാണ് മാഷേ.
    വായനയ്ക്കും കമന്റിനും നന്ദി.

    ramanika...
    ശരി തന്നെയാണ് മാഷേ.
    നന്ദി.

    കുമാരേട്ടാ...
    വളരെ നന്ദി, നല്ല വാക്കുകള്‍ക്ക്... :)

    khaadu...
    വായനയ്ക്കും കമന്റിനും നന്ദി, മാഷേ.

    moideen angadimugar ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    ശ്രീനാഥന്‍ മാഷേ...
    അതെയതെ. :)
    വീണ്ടും ഇവിടെ വന്നതിലും വായിച്ച് കമന്റ് രേഖപ്പെടുത്തിയതിലും സന്തോഷം.

  17. Echmukutty said...

    അമ്മമാർക്ക് ഇങ്ങനെ ചെയ്യാൻ തോന്നാറുണ്ട്, എപ്പോഴും.അങ്ങനെയൊക്കെ ചെയ്യുമ്പോഴേ അമ്മയാകുന്നുമുള്ളൂ.....

    തെളി നീരുറവ പോലെ ഇങ്ങനെ എഴുതുന്നതിന് അഭിനന്ദനങ്ങൾ കേട്ടൊ.

  18. ajith said...

    സ്വന്തം കുഞ്ഞിന് ഒരപകടം എന്ന് കാണുമ്പോള്‍ അമ്മ സര്‍വായുധധാരിയായിത്തീരും. അത് കുടയാണെങ്കില്‍ കൂടി. നല്ല അനുഭവം പങ്കുവച്ചു. നന്ദി

  19. Harinath said...

    വായിച്ചുപേടിച്ചുപോയെങ്കിലും വായിച്ചുകഴിഞ്ഞപ്പോൾ സമാധാനമായി.

  20. വീകെ said...

    ഇതിനാണ് ‘വിപധിധൈര്യം’ എന്നു പറയുന്നത്. ചില പ്രത്യേക ചുറ്റുപാടിൽ നാം മുൻപിൻ ചിന്തിക്കാതെ അറിയാതെ ചെയ്തു പോകുന്നത്. കൂട്ടത്തിൽ മേൻപൊടിയായി ‘സ്നേഹവും’ കൂടിയുണ്ടെങ്കിൽ ആ ഉദ്യമത്തിൽ ജീവൻ കൂടി കളയാൻ നാം തെയ്യാറാകും..!!
    നന്നായിരിക്കുന്നു ശ്രീ.
    ആശംസകൾ...

  21. Unknown said...

    ഒരു ബസ്സ്‌ കത്തുമ്പോള്‍ അതില്‍ നിന്ന് സ്വന്തം കുഞ്ഞിനെ പുറത്തേക്ക ആരുടെയോ കയ്യില്‍ എറിഞ്ഞു കൊടുത്തു സ്വയം ആ തീയില്‍ അമ്മര്‍ന്ന ഒരു അമ്മയെ കുറിച്ചും , ഒരു ഭൂമി കുലുക്കത്തില്‍ സ്വന്തം ജീവിതം നഷ്ട്ടപ്പെടുംപോഴും സ്വന്തം കുഞ്ഞിന്നെ രകഷപ്പെടുത്താന്‍ സ്വന്തം മാറില്‍ അമ്മര്‍ത്തി പിടിച്ചു ഒരു അമ്മയുടെ ചിത്രം ഒരമയില്‍ വരുന്നു ശ്രീ..

  22. Muralee Mukundan , ബിലാത്തിപട്ടണം said...

    മിക്കവരുടെ ജീവിതത്തിലും അമ്മമാരുടെ ഇത്തരം വീരസ്മരണകൾ ഉണ്ടാകുമെങ്കിലും , ശ്രീയെപ്പോലെ ഇത്ര നൈർമ്മ്യല്ല്യമായി ഇതേപോലരനുഭവം എഴുതുവാൻ... വളരെ വിരളമായെ , പലർക്കും സാധിക്കുകയുള്ളൂ...!


    ‘ദി എക്സ്ട്രാഡിനറി മദർ ഹുഡ് , എന്ന പുസ്തകത്തിൽ പറയുന്നത് ജീവിവർഗ്ഗത്തിലെ എല്ലാ പെറ്റമ്മന്മാർക്കും.പോറ്റമ്മന്മാർക്കുമൊക്കെ ,തങ്ങളുടെ കുഞ്ഞുങ്ങളെ പല ഭീകരസാഹചര്യങ്ങളീൽ നിന്നും സംരംക്ഷിക്കുന്ന വേളകളിൽ ഒരു പ്രത്യേക പവ്വർ കൈവരും എന്നാണൂ...!

  23. ---------- said...
    This comment has been removed by the author.
  24. അക്ഷരപകര്‍ച്ചകള്‍. said...

    ശ്രീയുടെ ബാല്യകാല സ്മരണ വലരെ നന്നയിരിക്കുന്നു. അമ്മമാര്‍ അല്ലെന്കിലും അങ്ങിനെയാണു ശ്രീ. നമ്മള്‍ നമിക്കണം അവരെ. എഴുത്തു തുടരൂ.ആശംസകള്‍

  25. വിനുവേട്ടന്‍ said...

    ശ്രീയുടെ നിഷ്ക്കളങ്കത നിറഞ്ഞ ഓരോ പോസ്റ്റും കാണുമ്പോൾ മനസ്സ് കുളിരും... ഒരു ഗ്രാമീണനായ എനിക്ക് ആ ലാളിത്യം ശരിയ്ക്കും അനുഭവിച്ചറിയാൻ കഴിയുന്നു...

    ഇതേ ശൈലിയുമായി മുന്നേറിക്കൊണ്ടേയിരിക്കുക... എല്ലാവിധ ആശംസകളും...

  26. ശ്രീ said...

    Echmu ചേച്ചീ...
    വളരെ നന്ദി, ചേച്ചീ.

    ajith...
    അതെ മാഷേ.
    വായനയ്ക്കും കമന്റിനും നന്ദി.

    Harinath ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി, മാഷേ.

    വീ കെ മാഷേ...
    വളരെ ശരി. നന്ദി, മാഷേ.

    MyDreams ...
    അതെ, ലോകമെത്ര മാറിയാലും അമ്മമാരുടെ സ്വഭാവം എന്നും ഇതേ പോലെ ഒക്കെ തന്നെ ആയിരിയ്ക്കും.

    Muralee Mukundan ...
    വായനയ്ക്കും കമന്റിനും ഈ പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി, മാഷേ.

    അമ്പിളി...
    നന്ദി. ഒരിയ്ക്കല്‍ കൂടി ഇവിടെ വന്നതില്‍ സന്തോഷം.

    വിനുവേട്ടാ...
    എഴുതുന്നത് അതേ രീതിയില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നു എന്നറിയുന്നത് വളരെ സന്തോഷം തരുന്നു.
    പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

  27. മുകിൽ said...

    അമ്മമാരുടെ ശരിയായ ധൈര്യം കാണണമെങ്കില്‍ മക്കള്‍ക്കു ആപത്തു വരുന്നതു കാണണം. അതു മൃഗമാണെങ്കിലും മനുഷ്യനാണെങ്കിലും വര്‍ഗ്ഗം അമ്മയാണെങ്കില്‍ പ്രകടനം ഒരുപോലെ!

    നല്ല എഴുത്തു, ശ്രീ.
    സ്നേഹത്തോടെ.

  28. ജിമ്മി ജോൺ said...

    മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ ഈ ലോകത്തിൽ മറ്റെന്തുണ്ട്, അല്ലേ..

    ‘കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ‌കുഞ്ഞ് താൻ’ എന്ന് പറയുന്നത് വെറുതെയല്ല.

    ഏറെക്കാലങ്ങൾക്ക് ശേഷം ശ്രീയുടെ ഒരു നല്ല രചന കൂടെ കാണാൻ സാധിച്ചതിൽ സന്തോഷം..

  29. Manoraj said...

    എച്മുകുട്ടി പറഞ്ഞത് പോലെ ഒരു അമ്മക്ക് ആ സമയത്ത് അതേ ചെയ്യാന്‍ കഴിയൂ. അതല്ലെങ്കില്‍ ഒരമ്മ അതേ ചെയ്യൂ. അന്നേരം മറ്റൊന്നും ആ മനസ്സില്‍ ഉണ്ടാവില്ല.

  30. കിരണ്‍ said...

    അമ്മ സ്റ്റാര്‍ തന്നെ :-) അമ്മയ്ക്കൊരുമ്മ :)

  31. ചിതല്‍/chithal said...

    ഗംഭീരമായി ശ്രീ. നല്ല കഥ.
    കൊരട്ടി റെയിൽവേ ഗേറ്റും മുകളിലുള്ള നാഷനൽ ഹൈവേയും വളരെ സുപരിചിതമാണു്. കൊരട്ടി പടിഞ്ഞേറേ അങ്ങാടിയിലുള്ള ഒരു കൂട്ടുകാരന്റെ വീട്ടിലേക്കു പോകാൻ അസംഖ്യം തവണ ആ ഇടവഴിയിൽ (കുറുക്കുവഴികളിലും) കൂടി നടന്നിട്ടുണ്ടു്. ഒരു കൊല്ലം കൊരട്ടി പള്ളിപ്പെരുന്നാളിനും കൂടിയിട്ടുണ്ടു്.

  32. Unknown said...

    വരാൻ വൈകി ശ്രീ...
    അമ്മയുടെ സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണെങ്കിലും
    നല്ലൊരോർമ്മ വരച്ചിട്ടു....

    എന്നാലും അന്ന് തീരണ്ടതാ അല്ലേ ???

  33. കുഞ്ഞൂസ്(Kunjuss) said...

    അമ്മസ്നേഹം അനുഭവിച്ചു തന്നെ അറിയണം... എത്ര സുന്ദര മായിട്ടാണ് ആ സ്നേഹത്തെ ശ്രീ വരച്ചിരിക്കുന്നത്... ശ്രീയുടെ ഈ ഹൃദയ നൈര്‍മല്യവും ആര്‍ദ്രതയും ഉള്ളം കുളിര്‍പ്പിക്കുന്നു...

  34. Sabu Hariharan said...

    ഈ ലക്കം 'ഇരിപ്പിടം' (മനോരാജ്‌ എഴുതിയത്‌) വായിച്ചപ്പോഴാണ്‌ ഈ പോസ്റ്റിനെ കുറിച്ചറിഞ്ഞത്‌. നേരിട്ട്‌ കാണുന്നതു പോലെയുണ്ടായിരുന്നു. അമ്മയ്ക്ക്‌ ആയുസ്സും ആരോഗ്യം ഈശ്വരൻ നൽകട്ടെ (എല്ലാ അമ്മമാർക്കും). പുതിയ പോസ്റ്റിടുമ്പോൾ ദയവായി ഒന്നറിയിക്കൂ - sabumhblog@gmail.com. ആശംസകൾ.

  35. ശ്രീ said...

    മുകിൽ...
    വളരെ സന്തോഷം, ചേച്ചീ.

    ജിമ്മി ജോൺ ...

    കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം ജിമ്മിച്ചായാ.

    Manoraj ...
    നന്ദി, വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം മാഷേ.

    Kiran KR ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി. :)

    ചിതല്‍/chithal ...
    നന്ദി മാഷേ. ആ സ്ഥലങ്ങള്‍ പരിചിതമായ ഒരാള്‍ക്ക് ഈ സാഹചര്യങ്ങള്‍ കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്നു തോന്നുന്നു, അല്ലേ? :)

    sumesh vasu ...
    വൈകിയിട്ടൊന്നുമില്ല ട്ടോ.
    സത്യം! അന്ന് തീരണ്ടതായിരുന്നു :)

    കുഞ്ഞൂസ്(Kunjuss) ...
    വളരെ സന്തോഷം, ചേച്ചീ. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

    Sabu M H ...
    നല്ല വാക്കുകള്‍ക്ക് നന്ദി, മാഷേ.
    ഈ പോസ്റ്റ് ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തിയ മനോരാജ് മാഷിനും നന്ദി.

  36. പട്ടേപ്പാടം റാംജി said...

    ഇരിപ്പിടത്തില്‍ കണ്ടാണ് ഇവിടെ എത്തിയത്‌.
    ഇത്തവണ നല്ലൊരു കഥ പോലെ ഓര്‍മ്മകള്‍ പകര്‍ത്തി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭയവും പകപ്പും കാരണം ഒന്നും ചെയ്യാന്‍ കഴിയാതെ വരികയാണ് സംഭാവിക്കാറുള്ളത്.
    നന്നായിരിക്കുന്നു.
    പോസ്റ്റ്‌ ചെയ്യുന്നത് അറിയാന്‍ കഴിയുന്നില്ല. മെയില്‍ ചെയ്‌താല്‍ നന്നായിരുന്നു.

  37. kARNOr(കാര്‍ന്നോര്) said...

    കൊള്ളാം ട്ടാ :) ഇത്ര ഗ്യാപ്പില്ലാതെ പൂശിക്കോളൂ അടുത്ത പോസ്റ്റ് :)

  38. ജോയ്‌ പാലക്കല്‍ - Joy Palakkal said...

    ബാല്യകാല സ്മരണ....
    അതിമനോഹരമായ ഒരു ചിത്രം!!!
    ഹൃദയംനിറഞ്ഞ ആശംസകള്‍!!

  39. Prabhan Krishnan said...

    അമ്മയ്ക്ക് പ്രണാമം..!
    കുട്ടിക്കാലം മനസ്സിലെത്തിച്ച പോസ്റ്റ്.
    ആശംസകള്‍ നേരുന്നു, ശ്രീ..!

    ആനയ്ക്ക് തോട്ടി പോലെ, എരുമയ്ക്ക് സൂര്യമാര്‍ക്ക് കുട ഉത്തമം.ല്ലേ..?
    സസ്നേഹം..പുലരി

  40. ജ്വാല said...

    നല്ല ഒഴുക്കുള്ള അവതരണം, ഭാവുകങ്ങള്‍,

    "അതുമല്ലെങ്കില്‍ ഏതെങ്കിലും ട്രെയിനോ ബസ്സിനോ ഞാന്‍ അട വച്ചാലോ എന്ന് അമ്മയ്ക്ക് പേടി!"

    എന്താണ് ഈ അട, ഞങ്ങളുടെ നാട്ടില്‍ കോഴിക്ക് അട വെക്കാറുണ്ട്, അത് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ വേണ്ടി ആണ്, പിന്നെ പാലട, അരിയട, ശര്ക്കരയട, ത്രിചേരി അട, സമൂലമട എന്നിങ്ങനെ പല രീതിയില്‍ അട കേട്ടിട്ടുണ്ട്, ഇതെങ്ങനെയാ ട്രെയിന്‍, ബസ്സ്‌ എന്നിവയുമായി ബന്ധം വരുന്നത്

  41. ശ്രീ said...

    പട്ടേപ്പാടം റാംജി ...
    വായനയ്ക്കും കമന്റിനും നന്ദി മാഷേ.
    (മെയിലയച്ച് ആരെയും പോസ്റ്റ് ഇടുന്ന കാര്യം അറിയിയ്ക്കാന്‍ മടിയാണ് മാഷേ. വിളിച്ചു വരുത്തി നിരാശപ്പെടുത്തേണ്ടല്ലോ) :)

    kARNOr(കാര്‍ന്നോര്) ...
    വളരെ സന്തോഷം:)

    ജോയ്‌ പാലക്കല്‍ - Joy Palakkal...
    ഒരുപാടു നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം മാഷേ.

    പ്രഭന്‍ ക്യഷ്ണന്‍ ...
    നന്ദി മാഷേ.
    അതെയതെ, പണ്ടത്തെ സൂര്യമാര്‍ക്ക് കുട ആയിരുന്നു അത്.

    ജ്വാല ...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    എന്തു കൊണ്ട് 'അട വയ്ക്കുക' എന്ന ഒരു ശൈലി നിലവില്‍ വന്നു എന്നറിയില്ല. ഞങ്ങളുടെ നാട്ടിലൊക്കെ തമാശയ്ക്ക് പറയുന്ന ഒരു വാക്കാണ് അത്. വണ്ടിയ്ക്ക് അട വയ്ക്കുക എന്ന് വച്ചാല്‍ വണ്ടിയുടെ അടിയില്‍ പോകുക എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ.
    [കോഴിയ്ക്ക് അട വയ്ക്കുക എന്നതും പായസങ്ങളുടെ അടയുമെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട്, കേട്ടോ]

  42. Jyothi Sanjeev : said...

    shree njan entha parayande ? oro thavana shreeyude post vaayikkumbozhum enikku shreeyude nishkalankathayaanu ettavum kooduthal ishtapedaarullathu. valare nalla post.

  43. niDheEsH kRisHnaN @ ~അമൃതംഗമയ~ said...

    എഴുത്ത് നന്നായി ട്ടോ

  44. തിരുവല്ലഭൻ said...

    kandittorupadu nalayathu kondu vannathan. pazhaya kakshikalil chilarokkeye michamullu

  45. Akbar said...

    അമ്മിഞ്ഞപ്പാല് പോലെ മാതൃ സ്നേഹവും എത്ര നിഷ്ക്കപടം. മകന് അപകടം പറ്റുമ്പോള്‍ ഏതു അമ്മയും സ്വന്തം ജീവന്‍ മറക്കും. ശ്രീയുടെ നീര്‍മ്മിഴിപ്പൂക്കളില്‍ ഓര്‍മ്മകള്‍ക്ക് എന്നും നിത്യ വസന്തം. ശ്രീക്കും അമ്മയ്ക്കും സ്നേഹത്തോടെ.

  46. aboothi:അബൂതി said...

    പണ്ട് എന്നെ നയ്സരിയിലേക്ക് അയല്‍പക്കത്തെ മുതിര്‍ന്ന കുട്ടികള്‍ കൊണ്ടാക്കിയ കാര്യം ഓര്മ വരുന്നു.. :)

  47. കാസിം തങ്ങള്‍ said...

    മാതൃസ്നേഹത്തിനു പകരം വെക്കാനെന്തുണ്ടുലകത്തില്‍.

    വളരെ ഹൃദ്യമായി എഴുത്ത് ശ്രീ.

  48. sreee said...

    ശ്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് നല്ല ചന്തം. ഇപ്പോഴും ശ്രീ ആ കുട്ടി തന്നെയെന്ന് തോന്നി.

  49. mayflowers said...

    അതാണ്‌ മക്കളോടുള്ള സ്നേഹം..
    മക്കള്‍ക്ക്‌ വേണ്ടി ജീവന്‍ ത്യജിക്കാനും അമ്മമാര്‍ തയ്യാറാകും.
    പക്ഷെ,എത്ര മക്കളുണ്ടാകും അമ്മമാര്‍ക്ക് വേണ്ടി ജീവന്‍ പോയിട്ട്,ഒരു ദിവസമോ ഒരു മണിക്കൂറോ ഒഴിവാക്കാന്‍??

  50. drpmalankot said...

    നല്ല ഓര്‍മ്മക്കുറിപ്പ്‌, ശ്രീ. അമ്മയെ കുറിച്ച് ഞാന്‍ പറഞ്ഞത് നോക്കൂ:
    http://drpmalankot0.blogspot.com/2012/12/blog-post_25.html

  51. ശ്രീ said...

    Jyothi Sanjeev...
    പ്രോത്സാഹനത്തിന് വളരെ നന്ദി ചേച്ചീ...
    Nidheesh Krishnan ...
    സ്വാഗതം, വളരെ നന്ദി.
    തിരുവല്ലഭൻ ...
    വളരെ ശരിയാണ് മാഷേ. പലരും എഴുത്തൊക്കെ നിര്‍ത്തിയ മട്ടാണ് :(

    Akbar മാഷേ...
    വളരെ നന്ദി

    aboothi:അബൂതി ...
    പഴയ ഓര്‍മ്മകളിലേയ്ക്കു മടങ്ങാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

    കാസിം തങ്ങള്‍ ...
    സത്യമാണ് മാഷേ

    sreee ...
    വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും വളരെ നന്ദി, ചേച്ചീ.

    mayflowers ...
    സത്യമാണ് ചേച്ചീ.

    ഡോ. പി. മാലങ്കോട് said...
    അമ്പതാം കമന്റിനു നന്ദി, മാഷേ. ആ പോസ്റ്റ് വായിച്ചു, ലിങ്കിനു നന്ദി.